Tuesday 26 March 2024

കെ എൻ എച്ച് 036 ( നോവൽ)

ഒന്ന്
നെയ്യാർ ചരിത്ര കോണ്ഗ്രസ്.

സായകം.

സായകം

    അപ്പനൊരു ഫ്രീക്കൻ പയ്യന്റെ ബൈക്കിൽ നിന്നിറങ്ങിവരുന്നതു കണ്ട് കല്പനയും അനുരാഗും വരാന്തയിൽ അമ്പരന്ന് നിന്നു.ഫ്രീക്കന്മാരെയോ മുരളുന്ന തരം ബൈക്കുകളോ അപ്പനൊരിക്കലും  ഇഷ്ടപ്പെട്ടിരുന്നില്ല.അതുമാത്രമല്ല പെൻഷനും വാങ്ങിച്ച്,മാസന്തോറുമുള്ള ആശുപത്രിപ്രാന്തും കഴിഞ്ഞ് ചൂടൻ വഴിയിലൂടെ നടന്ന് വിയർത്തു കുളിച്ച് വീട്ടിലേക്ക് തെറികളോടെ വന്നുകയറുമ്പോൾ, ഇതേ മകനും മരുമകളും കിടപ്പുമുറിയിലോ അടുക്കളയിലോ ചെന്നൊളിച്ചിരിക്കലാണ് പതിവ്.
      അയാളുടെ ഭാര്യ മരിച്ചതിനുശേഷം അതങ്ങനെയാണ്.അപ്പന്റെ തെറികളും വിയർപ്പിന്റെ  ദുർഗന്ധവും വീട്ടിനുള്ളിൽ നിറഞ്ഞുനിൽക്കും.അനുരാഗിനെ അമർത്തിപ്പിടിക്കാൻ കല്പനയും എട്ടുവയസുകാരനായ കുട്ടിയും അത്രയേറെ പ്രയാസപ്പെടും.ഒടുവിൽ മകനെ കെട്ടിപ്പിടിച്ചു കരയുന്ന കല്പന അപ്പന്റെ തോർച്ചയും കാത്തുകിടക്കുമ്പോൾ അനുരാഗ് അമർഷത്തിന്റെ സിഗരറ്റുകൾ വലിച്ചുതള്ളും.അമ്മയ്ക്ക് പകരം അപ്പൻ ചത്തുപോയിരുന്നെങ്കിലെന്ന ചിന്ത പുകയിൽ മണക്കും.  
     തിളക്കമുള്ള പേപ്പറിൽ തീർത്ത വാലുനീണ്ട ഒരു പട്ടവും,മയിൽപ്പീലി കെട്ടിയ ഓടക്കുഴലും. നനഞ്ഞ മുണ്ടിൽ കെട്ടിപ്പിടിച്ചിരുന്ന ചിപ്പിയും മണൽത്തരികളും അപ്പൻകൊണ്ട കടലിനെ കാണിച്ചു തരുന്നുണ്ട്.വാർധക്യമില്ലാ ചിരിയുള്ള ചുണ്ടിൽ പതിവില്ലാത്ത മൂളിപ്പാട്ടിനൊപ്പം ഇന്ന് അപ്പന്റെ ഉടലാകെ തിരിച്ചറിയാൻ കഴിയാത്ത ഏതോ പൂവിന്റെ  ഗന്ധവുമുള്ളതായി അനുരാഗ് ശ്രദ്ധിച്ചു.
       അനുരാഗിന്റെ പിടിവിട്ട കുട്ടി പട്ടത്തിന്റെ നേർക്ക് കൈ നീട്ടി.ഓടക്കുഴൽ മാത്രം കൊടുത്തിട്ട് ഇത് പിന്നീടെന്ന് അപ്പൻ പട്ടവും ഒരു പുരികവും ഉയർത്തിപ്പിടിച്ചു.കുട്ടി പട്ടത്തിന്റെ നീണ്ട വാലിൽ ഒന്നു തൊട്ടു.അപ്പൻ ആ വാലുമപ്പോൾ ഉയർത്തിവച്ചു.കുട്ടി രണ്ടു വട്ടം ഉയർന്നു ചാടി. സ്വപ്നത്തിലെങ്കിലും ഇങ്ങനെയുള്ള രംഗങ്ങളൊന്ന് കാണാൻ എന്നോ കാത്തിരുന്ന കല്പനയെ അപ്പനപ്പോൾ നോക്കി. 'കുടിക്കാനിത്തിരി വെള്ളം താ പെണ്ണേ...'? അവൾ ഒരു ചിരിയെ കൂട്ടുപിടിച്ച് അടുക്കളയിലേക്ക് ഓടി.എന്നിട്ടും, വഴിയിൽ നാലഞ്ച് തുള്ളി കണ്ണീര് ഉരുണ്ടുവീണു.മടിയിലിരിക്കുന്ന കുട്ടിക്കുവേണ്ടി ഓടക്കുഴലിൽ പാട്ടുണ്ടാക്കുന്ന അപ്പനെ അനുരാഗ് പിന്നെയും പിന്നെയും നോക്കി.
      "നീയെന്താ ഇതിനൊരു ഇണയെ ഇട്ടുകൊടുക്കാത്തത്" കണ്ണാടിപ്പാത്രത്തിലെ വർണമീനിന്റെ ഒറ്റയാൻ നില്പിലേക്ക് നോക്കിയുള്ള അപ്പന്റെ ആ പറച്ചിൽ മടിയിലിരുന്ന കുട്ടിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല."ഇതെടുത്ത് ഞാൻ തോട്ടിലെറിയും"മേശയിൽ ഒന്നോ രണ്ടോ തുള്ളി വീണതിന് അപ്പൻ നിന്നു തുള്ളിയതോർത്ത കുട്ടി,ചെവിയുടെ പിന്നിൽ അന്ന് വീണ മുറിവിന്റെ പൊരിക്കയിൽ തൊട്ടുനോക്കി.
        അതിഥികളിലെ ചെറിയകുട്ടിയായിരുന്നാലും ചെരുപ്പിട്ടകത്തേക്ക്‌ വന്നാൽ പൊട്ടിത്തെറിക്കുന്ന, വാതിലിന്റെ എല്ലാ മൂലയിലും മൂർച്ചയുള്ള ഒരു മണൽത്തരിക്കും വഴക്കിനും കാലുരയ്ക്കുന്ന അപ്പൻ, പാഞ്ചാരമിഠായിപോലെ മണലിൽ പൊതിഞ്ഞ ചെരുപ്പുകൾ കാലിൽ അലസമായി ഇളക്കിക്കൊണ്ട്, കുട്ടിയോട് ഇനി വാങ്ങിക്കാനുള്ള മീനിന്റെ നിറത്തെക്കുറിച്ച് നെറ്റിയിൽ ഉമ്മവെച്ചു ചോദിക്കുന്ന രംഗം, ഇനിയുമങ്ങോട്ട് വിശ്വാസം വന്നിട്ടില്ലെന്ന സത്യം അനുരാഗിന്റെ മുഖത്ത് വായിച്ചെടുക്കാം. 
        വെള്ളം മേശപ്പുറത്ത് വച്ചിട്ട് മാറിനിന്ന കല്പനയോട് 'അതിങ്ങെടുത്ത് താ പെണ്ണേന്ന്..'അപ്പന്റെ കൈ നീട്ടൽ.കല്പനയുടെ കണ്ണു നിറഞ്ഞത്, അനുരാഗും ശ്രദ്ധിച്ചു.മകൻ പ്രണയിച്ച് ഒപ്പം കൂട്ടിയ പെണ്ണിനോട് കഴിഞ്ഞ പത്തുവർഷമായി അപ്പൻഡാമിൽ കെട്ടിനിന്ന ഓരുള്ള ആ അയിത്തവെള്ളം ഒറ്റപ്പകലിൽ ഇതെങ്ങോട്ടാണ് പൊട്ടിയൊഴുകിപ്പോയത്.?.അപ്പനിൽ ആ പൂവിന്റെ മണമപ്പോൾ ഇരട്ടിച്ചു.
        ആശുപത്രി പ്രാന്തുള്ള അപ്പൻ ആദ്യമായിട്ടാണ് ഗുളികയോ മരുന്നോ ഇല്ലാതെ വീട്ടിലേക്ക് വരുന്നത്.എല്ലാ മാസവും രണ്ടാം തീയതി ഉച്ചവെയിലിന് മുൻപ് അപ്പനെ അനുരാഗ് ആശുപത്രിയിൽ കൊണ്ടുവിട്ടിരിക്കണം.ഇല്ലാത്തതും സംശയമുള്ളതുമായ ഓരോ രോഗലക്ഷണങ്ങൾ പറഞ്ഞ് ഗുളികയും മരുന്നുകളും വാങ്ങിക്കൂട്ടും.ഒരു ഡോക്ടർ വിസമ്മതിച്ചാൽ അടുത്ത ഡോക്ടറെ കണ്ടുപിടിക്കും.വൈകുവോളം ആശുപത്രിയിൽ ചുറ്റിത്തിരിയും.ഐ.സി.യു.വിന്റെയും മോർച്ചറിയുടെയും മുന്നിൽച്ചെന്ന് പ്രിയപ്പെട്ട ഒരാൾ ഉള്ളിലുള്ളതുപോലെ കാത്തു നിൽക്കും. ചിലർക്ക് കൂട്ടിരിക്കും.        
       തിരികെ വിളിക്കാനുള്ള അനുരാഗിന്റെ വരവ് അല്പം വൈകിയാൽ വെയിലോ മഴയോ വകവെക്കാതെ വീട്ടിലേക്ക് നടക്കും.എത്ര നിർബന്ധിച്ചാലും വണ്ടിയിൽ കയറില്ല.അനുരാഗ് ബൈക്കുമായി ഒപ്പം നടക്കാൻ തുടങ്ങിയാൽ റോഡരികിൽ ഒറ്റ ഇരുപ്പാണ്.ആ ബൈക്ക് കണ്ണിൽ നിന്ന് മറഞ്ഞിട്ടല്ലാതെ അപ്പൻ എഴുന്നേൽക്കില്ല.അതിന്റെയെല്ലാം ചേർത്തിട്ടാകും വീട്ടിലെത്തിയാൽ അന്നത്തെ പെയ്ത്ത്.
         അപ്പനും കുട്ടിയും ടി.വിയുടെ നിയന്ത്രണത്തിന് തർക്കിക്കുന്നതും,കുട്ടി ജയിക്കുന്നതും കണ്ട് അനുരാഗ് അടുക്കളയിലേക്ക് നടന്നു.അരിയാൻ വച്ചിരിക്കുന്ന തക്കാളിയുടെ മിനുസത്തിലേക്ക് അയാൾ  വിരലോടിച്ചു.അടുപ്പിലേക്ക് വിറക് തിരുകി വയ്ക്കുന്ന കൂട്ടത്തിൽ കല്പനയുടെ ചിരിപൊട്ടി.  'നിങ്ങളുടെ അപ്പന് ഇതെന്തുപറ്റിയെന്ന്'തക്കാളിയുടെ കൂട്ടത്തിലേക്ക് രണ്ട് പച്ചമുളകിനെ ചെക്കു വച്ച് കല്പനയുടെ ചോദ്യം.'എനിക്കറിയാമോ..?'എന്ന് പച്ചമുളകിൽ കുനുകുനെ അരിഞ്ഞിട്ട ഉത്തരം. നാലായി മുറിഞ്ഞ തക്കാളിയുടെ ഒരു കഷ്ണം അനുരാഗിന്റെ ചുണ്ടിലേക്ക് വച്ചിട്ട് കല്പനയുടെ ചിരി. അത്ഭുതം കണ്ടുവിയർത്ത അനുരാഗിന്റെ  മൂക്കിൽ കല്പനയുടെ ചുംബനമൊത്തപിടുത്തം. 
     'മുടിയെല്ലാം വെളുത്ത് ഞാനങ്ങ് വയസനായല്ലേ പിള്ളേരേ..?'തക്കാളിയുടെ ഒരു കഷ്ണമെടുത്ത് വായിലിട്ട അപ്പൻ അവരെയൊന്നു നോക്കി.അടുക്കളയുടെ ശരീരത്തിനും അന്നേരം ആ പൂവിന്റെ മണം.'ഇതാരാണ് ഇവിടേക്ക് വന്നതെന്ന്..' അടുപ്പുകളും അപ്പന്റെ നേർക്ക് തുറിച്ചുനോക്കി.
ഒരു ഉരുളൻ പാത്രം എനിക്കിതൊന്നും സഹിക്കാൻ വയ്യെന്ന് ഉരുണ്ടടിച്ച് വീണു.അനുരാഗിന്റെ മൂക്കിലിരുന്ന കല്പനയുടെ പിടുത്തമയഞ്ഞു.അപ്പന്റെയപ്പോഴുള്ള ചിരി അടുപ്പിനെയും വാശിപിടിപ്പിച്ചു. 'അപ്പനിപ്പോ ചിരിച്ചതല്ലേന്ന്..' അനുരാഗ് സ്വയംനുള്ളി വിശ്വസിക്കാൻ ശ്രമിച്ചു. ഓടക്കുഴലോടെ കല്പന കുട്ടിയെ എടുത്തു.അവന്റെ കവിളിലിട്ട അനുരാഗിന്റെ ചുംബനത്തിൽ പാതി കല്പനയ്ക്കും കിട്ടി. അതുകണ്ട കുട്ടിയുടെ ചിരി കുഴലിലൂടെ ഒഴുകി വീണു. അപ്പനിറങ്ങിപ്പോയപ്പോൾ പൂവിന്റെ മണത്തെ പേടിച്ച് ഒളിച്ചോടിയ അടുക്കളയുടെ മണവും തിരികെച്ചെന്നു.
      അപ്പന്റെ മൂന്നാമത്തെ ചവിട്ടിലും ബൈക്ക് ഉണരുന്നില്ല.'അപ്പനിതെന്തു കരുതിയാണെ'ന്ന ചോദ്യവുംകൊണ്ട് അനുരാഗ് മുറ്റത്തേക്ക് വന്നു.ബൈക്കിന്റെ വേഗഞരമ്പിൽ കൈമുറുക്കുന്ന അപ്പനെ നോക്കി അനുരാഗ് ചിരിക്കാൻ ശ്രമിച്ചു.അപ്പന്റെ മുഖത്ത് ആവേശം നിറഞ്ഞു നിന്നു. തക്കാളിയുടെ ചുവപ്പ് ബാക്കി നിന്ന കത്തി,അനുരാഗ് പിന്നിലേക്ക് മറച്ചു.അനുരാഗിന്റെ മുഖത്തും,  മുറ്റത്ത് ഊരിയിട്ടിരുന്ന പുത്തൻ ചെരുപ്പിലേക്കും അപ്പൻ ചിരിയോടെ നോക്കി.
        'നീ, ഇതും എടുത്തിട്ടോണ്ട് നടന്നേക്കരുത്..'ഭൂതകാലത്തിലെന്നോ അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്.അതിൽ അമ്മയും അപ്പനും എത്രയോ ചിരിച്ചിരുന്നു.അനുരാഗിന് കൈവീശിയിട്ട് അപ്പൻ പോയി.അപ്പന്റെ കാലിലെ തന്റെ ചെരുപ്പ് അനുരാഗ് ശ്രദ്ധിച്ചിരുന്നില്ല.മേശയിലിരുന്ന പട്ടത്തിന്റെ വാലിലും അയാൾ വെറുതേ മണപ്പിച്ചു.കല്പനയുടെ നോട്ടത്തിൽ അയാൾ ചൂളിപ്പോയി. കുട്ടിയും ഓടി വന്ന് പട്ടത്തിന്റെ വാലിൽ ഉമ്മവച്ചു.'അപ്പനിന്ന് വല്ലാത്തൊരു മണമില്ലേ..? 'അനുരാഗിന്റെ ചോദ്യം കല്പനയിൽ എത്തിയില്ല.വൈകിട്ട് പട്ടം പറത്തണമെന്ന അപ്പന്റെ വാഗ്ദാനത്തെ കുട്ടി വാതോരാതെ വിശദീകരിക്കുകയായിരുന്നു.അമ്മ അതല്ലേ കേൾക്കു.
      ഉച്ചയൂണിന്റെ രുചിയിലിരുന്ന ആറു കണ്ണുകൾ വാതിലിലെത്തിയ അപ്പനിലേക്ക് ചെന്നു. അനുരാഗിന്റെ കണ്ണ് കറുപ്പിട്ട മുടിയിലും മീശയിലും നിന്നു.ബിരിയാണിപ്പൊതിയുടെ മണം പിടിച്ചായി കല്പനയുടെ കണ്ണിന്റെ പോക്ക്,കവറിനുള്ളിൽ ഇണയോട് ചിരിക്കുന്ന മീനിന്റെ നിറം മാത്രമാണ് കുട്ടി കണ്ടത്.ആവേശത്തിൽ അപ്പനോട് ചാരിനിന്ന കുട്ടിയുടെ ചുണ്ടിലെ തക്കാളിക്കറിനിറം മുണ്ടിലൊട്ടി. ഒരലർച്ച പ്രതീക്ഷിച്ചിരുന്നവരുടെ മുന്നിലേക്ക് കുട്ടിയെ കോരിയെടുത്ത് വരുന്ന അപ്പൻ സ്വപ്നത്തിലാണെന്നേ തോന്നു.ബിരിയാണിപ്പൊതി മുന്നിലേക്ക് നീക്കിവച്ചത് തനിക്കല്ലെന്ന് ഉറപ്പിച്ച കല്പനയോട് 'ചൂടാറും മുമ്പത് തിന്ന് പെണ്ണേന്ന്..'മീനിന്റെ കെട്ടഴിക്കുന്ന അപ്പന്റെ ശാസന. 
      കിണറിനോട് ചേർന്ന മേൽമൂടിയില്ലാത്ത മറപ്പുരയിൽ പഴയൊരു സിനിമാഗാനം കേൾക്കുന്നു. പരിസരമാകെ ആ പൂവിന്റെ മണം.കുളികഴിഞ്ഞ അപ്പന്റെ വരവും കാത്ത് പട്ടവും പിടിച്ചിരിക്കുന്ന കുട്ടി.അനുരാഗിന്റെ നില്പിൽ ഇപ്പോഴും ആകുലതകൾ.കല്പനയുടെ ചുണ്ടിൽ പാട്ടിനൊത്ത ചിരി.കുളി കഴിഞ്ഞു വന്ന അപ്പന് അനുരാഗിനൊപ്പം യൗവ്വനം.ആ മുഖത്തെ ചിരി ഇനിയും വിശ്വസിക്കാമോ എന്ന മട്ടിൽ അനുരാഗ്.വീടിനാകട്ടെ ഏറെക്കാലം അമർത്തിപ്പിടിച്ചിരുന്ന എന്തൊക്കെയോ നോവുകൾ തുറന്നു വിട്ടതിന്റെ ആശ്വാസം. 
       മുറ്റം വിട്ടുപോകുന്ന വെയിലെനോടും ചാരുകസേരയിൽ കിടന്ന അപ്പന് ചിരി.ദൂരെ മടിച്ചു നിൽക്കുന്ന സന്ധ്യയോട് കയറി വന്നോളൂ എന്ന വിളി.മടിയിലൂടെ ഊർന്നു കിടക്കുന്ന പട്ടത്തിന്റെ വാലും,അത് പറത്താൻ വാശിപിടിച്ച്  ഉറങ്ങിപ്പോയ കുട്ടിയുടെ കാലുകളും.എടുക്കാനായി കൈ നീട്ടിയ കല്പനയെ ഞെട്ടിച്ച് കിടപ്പുമുറിയിലേക്ക് കുട്ടിയെ തോളിലിട്ട് നടക്കുന്ന അപ്പൻ.കുട്ടിയുടെ ഓരത്ത് ഓടക്കുഴലും ഒതുക്കി വയ്ക്കുന്ന കല്പന.അപ്പനപ്പോൾ അവളുടെ നെറ്റിയിൽ തൊട്ടു. നിലത്ത്‌ വീണുകിടന്ന പട്ടം കൈവരിയിലേക്ക് ഒതുക്കിവയ്ക്കുന്ന അനുരാഗപ്പോൾ ഒന്നു വിതുമ്പി.
      വീണ്ടും ചാരുകസേരയിൽ വന്നിരുന്ന അപ്പന്റെ മടിത്തട്ട് അനുരാഗിനെ കൊതിപ്പിച്ചു. മടിക്കുത്തിൽ വച്ചിരിക്കുന്ന കനമുള്ള പൊതിയോട് ഭൂതകാല രുചിയും കൗതുകവും.പക്ഷേ
പുറത്തെടുത്ത പണക്കെട്ടിനോട് നിരാശ.അപ്പൻ കൈവരിയുടെ ചുവരിൽ തൊട്ടു.ഈ 'വീടിനൊരു നല്ല നിറം തേയ്ക്കണം...'കഴിഞ്ഞ ദിവസങ്ങളിൽ വന്ന അതിഥി വീട് നിറം തേയ്ക്കാനായയെന്ന അഭിപ്രായം പറഞ്ഞതും, വഴക്കുണ്ടായതും, വീടുവിട്ടുപോകാൻ തുടങ്ങിയതും മകന്റെ ചിന്തകളിൽ ഇഴഞ്ഞു നടക്കുന്നുണ്ടാകാമെന്ന് അപ്പൻ ചിന്തിച്ചു.അനുരാഗിന്റെ പോക്കറ്റിലേക്ക് ആ തുകയും തിരുകിയിട്ട് മുറിയിലേക്ക് നടക്കുന്ന അപ്പന്റ ചോദ്യത്തിന് ചിരിക്കാതിരിക്കാൻ കല്പന ഒരുപാട് ശ്രമിച്ചു.
      "നിന്റെ ഒരുടുപ്പ് വേണം, നാളെയെനിക്ക് ആശുപത്രിയിൽ പോകാനാണ്."അലമാരയിൽ നിറഞ്ഞിരുന്ന ഉടപ്പുകൾ സകലതും പരാതിയിട്ടും അപ്പനുള്ള ഉടുപ്പിലവർക്ക് തൃപ്തിവരുന്നില്ല.കല്പന, മഞ്ഞപ്പൂക്കളുള്ള ഏറ്റവും പുതിയ ഉടുപ്പെടുത്തു.'അതല്ല പെണ്ണേ ആ ചുവന്ന പൂക്കളുള്ളത് താ...' വാതിലിൽ കാത്തു നിന്ന അപ്പന്റെ വാക്കുകൾ രണ്ടാളെയും സമ്മതിപ്പിച്ചു.ചുവന്ന പൂക്കളുള്ള ഉടുപ്പ് മേശയിൽ വിരിച്ചിട്ട് തേപ്പുപെട്ടിയിൽ ചൂട് നോക്കുന്ന അപ്പനെ,അനുരാഗ് വാതിലിന്റെ വിടവിലൂടെ നോക്കി.അപ്പന്റെ നിറമില്ലാത്ത ഉടുപ്പുകളെ അനുരാഗ് ഓർത്തു,കരച്ചിലടക്കാൻ ശ്രമിക്കുമ്പോൾ കല്പന കെട്ടിപ്പിടിച്ചു.
     മുകളിലേക്കുള്ള പടികളുടെ ഇടനാഴിയിലിരുന്ന് മദ്യഗ്ളാസ് നിറയ്ക്കുന്ന അനുരാഗിന്റെ മുന്നിൽ രഹസ്യം കണ്ടെത്തിയ അപ്പന്റെ നില്പ്.അനുരാഗിന്റെ ചുണ്ടിലിരുന്ന സിഗരറ്റും ആ ഗ്ലാസ്സുമായി അപ്പൻ മുകളിലേക്ക് നടന്നു.മണിക്കൂറൊന്നായിട്ടും കൈവരിയിൽ വച്ചിരിക്കുന്ന മദ്യത്തിൽ ഒരല്പവും തീരുന്നില്ല.സിഗരറ്റ് കൈവരിയിലിരുന്ന് എരിഞ്ഞു തീർന്നു.അപ്പന്റെ ഒറ്റയാൻ നില്പിലേക്ക് കല്പനക്ക്  ചെല്ലാൻ തോന്നി.അയയിലെ ഉണങ്ങിയ തുണികൾ അവളെ കൈ നീട്ടി തടഞ്ഞു.' അപ്പനെന്താ പറ്റിയത്..'കല്പന ഓരോ തുണിയോടും കുടഞ്ഞു ചോദിച്ചു.അപ്പനിലെന്തോ ഒരു 'മണമ്മാറ്റ' മുണ്ടെന്നവരും പറയാൻ ശ്രമിച്ചു.ആകാശം പെട്ടെന്ന് ചുവന്നു തുടുക്കാൻ തുടങ്ങി.        
       'എന്റെ ചെറുക്കൻ പണ്ട് ആ നടനെപ്പോലെ മുടിനീട്ടി നടന്നതാണ്..'അപ്പന്റെ നീണ്ട വിരലിലൂടെ കല്പന മതിലിനപ്പുറത്തെ ചുവരിൽ ഒട്ടിച്ചുവച്ചിരുന്ന നടന്റെ മുഖത്തെ ചുവപ്പ് നോക്കി നിന്നു.
     'മേശയിൽ ആ സിനിമയുടെ ടിക്കറ്റിരിപ്പുണ്ട് പെണ്ണേ..' അപ്പന്റെ വാക്കിനെക്കാൾ വേഗത്തിൽ തുണികളുമായി പടികളിറങ്ങിപ്പോകുന്ന കല്പന അനുരാഗിന്റെ ഇരിപ്പിനെ ഒന്നുലച്ചു.ടിക്കറ്റും നീട്ടിപ്പിടിച്ചു നിൽക്കുന്ന കല്പനയുടെ വിടർന്ന മുഖത്ത് അപ്പൻ പറഞ്ഞിരിക്കാനിടയുള്ളവ അനുരാഗ് വായിച്ചു.മുറ്റത്ത് തനിക്കുപകരം ചെടികൾക്ക് നനയ്ക്കുന്ന അപ്പനെ ഒന്ന് നോക്കിയിട്ട് കല്പന കുളിമുറിയിലേക്ക് പോയി.ജമന്തിയുടെ വിത്തുകൾ ചെടിയുടെ ചുവട്ടിലേക്ക് വിതറി നിൽക്കുന്ന അനുരാഗിനെ അപ്പൻ രഹസ്യമായി അടുത്തേക്ക് വിളിച്ചു.' ഒറ്റക്കൊമ്പനാകാനാണോ ഭാവം...' അനുരാഗിന്റെ മുഖത്ത് നാണം.'സ്‌നേഹം പങ്കിടാൻ സമ്മതിക്കില്ലെ'ന്ന് ഉറക്കെ കരഞ്ഞുകൊണ്ട്  ഉണർന്നെണീറ്റു വന്ന കുട്ടി അവരെ 'എന്നെ വന്ന് എടുത്തോന്ന്' നോക്കി. 
     ചാരുകസേരയിൽ അത്രയും സുന്ദരമായി കിടക്കുന്ന അപ്പനെ അനുരാഗ് വളരെ കൊല്ലങ്ങൾക്ക് മുൻപാണ് കണ്ടിട്ടിട്ടുണ്ടാവുക.കുട്ടി തൊട്ടുവിളിച്ചിട്ടും പൂർത്തിയാകാത്ത ചിരിയുള്ള സ്വപ്നത്തിലുമായിരുന്നു അപ്പൻ.കസേരയുടെ കൈപ്പിടിയിൽ ആ വിരലുകൾക്ക് റേഡിയോയിലെ പാട്ടിന്റെ താളം.ഗേറ്റിന് പുറത്തേക്ക് ബൈക്കിനെ തള്ളിനീക്കി,ആദ്യ ചവിട്ടിൽ അതുണർന്നു.അപ്പൻ ഏറ്റവും ബഹളം കൂട്ടിയിരുന്നത് ബൈക്കിന്റെ പേരിലാണ്,ദേഷ്യം കൂട്ടാൻ അനുരാഗ് ഒന്നുരണ്ടു വട്ടമെങ്കിലും വേഗഞരമ്പിൽ പിരികേറ്റി ഒച്ചയുണ്ടാക്കുമായിരുന്നു.
    അപ്പൻ,നെറ്റിയിലേക്ക് വീണ മുടിയൊതുക്കിയതാണോ,തങ്ങളുടെ നേർക്ക് കൈ വീശിയതാണോ, തീയേറ്റർ വരെയും കല്പനയുടെ ചിന്ത അതായിരുന്നു.'മക്കളെ കടലുകാണാൻ പറഞ്ഞുവിട്ടിട്ട് ആത്മഹത്യ ചെയ്യുന്ന അപ്പന്റെ കഥ' സിനിമയിൽ കണ്ടതുമുതൽ അനുരാഗിന്റെ ആകുലതകൾ ആ വഴിക്കായി.തണുപ്പിലും വിയർക്കാൻ തുടങ്ങിയ ഭർത്താവിന്റെ കൈയിൽ കല്പനയുടെ പിടുത്തം. ഉറക്കത്തിലായിരുന്ന മകനെയും തോളിലിട്ടിറങ്ങിയ ദമ്പതികൾക്ക് ഇടവേളയ്ക്ക് ശേഷം നഷ്ടമായ തിരശീലയിലെ കഥയെക്കാൾ അപ്പന്റെ തിരക്കഥയിലേക്ക് കുതിക്കാനായിരുന്നു വേഗം.
      "അപ്പനിന്ന് ഒരു പ്രത്യേക മണമുണ്ടായിരുന്നു." "ഇഷ്ടം വരുമ്പോൾ മണക്കുന്നതാവാം" വീട്ടിലേക്കുള്ള വഴിയിൽ ആ ദമ്പതികൾ അത്രയേ മിണ്ടിയുള്ളൂ.
     അപ്പന്റെ മുറിയിലെ വെളിച്ചത്തിന്റെ സന്തോഷം പറമ്പിലേക്കും വ്യാപിക്കുന്നു.അപ്പനൊരിക്കലും ജനാലകൾ തുറന്നിടാറില്ല.ആ മുറിയിലെപ്പോഴും നല്ല ഇരുട്ടായിരിക്കും.ഓർമ്മകളിലെല്ലാം ഒരു ഗുഹയിൽ നിന്നും  ഇറങ്ങിവരുന്ന,കയറിപ്പോകുന്ന അപ്പൻ.അപ്പന്റെയും മുറിയുടെയും ഉള്ളുകണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.ആ മുറിയിൽ നിന്നാണ് വെളിച്ചത്തിന്റെ ഒരു കുതിച്ചൊഴുകൽ. വീട്ടിനുള്ളിലേക്ക് കയറാൻ മടിച്ച കല്പന,ഉറങ്ങുന്ന കുട്ടിയെ തോളിൽക്കിടത്തി മുറ്റത്ത് നിന്നു. ജനാലയുടെ സമീപത്തേക്ക്,താൻ പലതവണ ആഗ്രഹിച്ച 'അപ്പന്റെ മരണം' ഒളിഞ്ഞു നോക്കാനുള്ള അനുരാഗിന്റെ പൂച്ചനടപ്പ്.            
         കട്ടിലിന്റെ തലഭാഗത്തിരുന്ന റേഡിയോ നേർത്ത ശബ്ദത്തിൽ പാടുന്നുണ്ട്.അപ്പന്റെ ഉറക്കവും ചിരിയുള്ള മുഖവും കുറച്ചുനേരമങ്ങനെ നോക്കി നിൽക്കണമെന്ന് അനുരാഗിന് തോന്നി.ആ ചിരിയിൽ 'ഒളിനോട്ടക്കാരാ നിന്നെ ഞാൻ കണ്ടെന്ന' ഭാവം. 
      ചുവന്ന പൂക്കളുള്ള ഉടുപ്പിന് ചേർന്ന കസവുള്ള മുണ്ട് കസേരയിൽ മടക്കി വിരിച്ചിരിക്കുന്നു, ഒപ്പം ഏറ്റവും പുതിയ കൈലേസ്, താഴെയായി തുടച്ചു വൃത്തിയാക്കിയ ചെരുപ്പ്.മേശയിൽ പഴയ വാച്ച്. മുറിയിലാകെ ആ പൂവിന്റെ മണം.എന്നിട്ടും കുരുക്കിടാനുള്ള കയറോ മൂർച്ചയുള്ള ഒരു കത്തിയോ മുറിയിൽ കണ്ടെത്തുമെന്ന തോന്നൽ അനുരാഗിന്റെ ഉള്ളിലപ്പോഴും തീരാതെ നിന്നു.
       മുറി തുറന്ന് കുട്ടിയെ കിടത്തിയപ്പോഴുണ്ടായ അപ്പന്റെ ചുമകൾക്ക്.'സിനിമ പൂർത്തിയാക്കാതെ പോന്നോ പിള്ളേരേന്നുള്ള' വയസ്സൻ പരിഭവമായി രണ്ടാൾക്കും തോന്നി.കല്പന മേലുകഴുകി ഇറങ്ങിവന്നപ്പോഴുണ്ടായ ചുമയെ, തനിക്കുമാത്രമുള്ള രസികൻ ഓർമ്മപ്പെടുത്തലായി അനുരാഗും കേട്ടു.അവർക്കപ്പോൾ ഒന്നിച്ച് ചിരിക്കാൻ തോന്നി.അപ്പന്റെ റേഡിയോ അവരെയോർത്ത് അല്പം ഉറക്കെപ്പാടി.അവർ ഉറക്കെയുറക്കെ ചുംബിക്കാൻ തുടങ്ങി.ആ പൂവിന്റെ മണത്താൽ വീടിനപ്പോൾ ഭ്രാന്തുണരുന്നത്, ഉള്ളിലെന്നോ പതിയിരിക്കാൻ തുടങ്ങിയ ഒരു കള്ളൻ തിരിച്ചറിഞ്ഞു.
    എത്ര വിളിച്ചിട്ടും ഉണരാൻ മടിക്കുന്ന അപ്പൻ മരിച്ചുപോയെന്ന് സമ്മതിക്കാൻ അനുരാഗിന് കഴിഞ്ഞില്ല.കുളിപ്പിച്ചശേഷം ഒരുക്കി വച്ചിരുന്ന തുണികളെല്ലാമുടുപ്പിച്ച് അപ്പനെ ആമ്പുലൻസിൽ കിടത്തി. അനുരാഗിന്റെ മടിയിലിരുന്ന കുട്ടി, അപ്പന്റെ മുഖത്തും ഉമ്മറത്ത് തൂക്കിയിരുന്ന പട്ടത്തിന്റെ ഇളകുന്ന വാലിലേക്കും നോക്കി.അനുരാഗിന്റെ അണഞ്ഞ ഇരിപ്പുകണ്ട കല്പന, കൂടിനിന്നതിൽ ഒരാളെ വീടേല്പിച്ച് ആമ്പുലൻസിലേക്ക് കയറി.അവൾക്കപ്പോൾ അപ്പനെ പൂവു മണത്തു.കരഞ്ഞു വീഴാതിരിക്കാൻ അനുരാഗിനെ തന്റെ തോളിലേക്ക് ചായ്ച്ചുപിടിച്ചു.ആശുപത്രിയിലേക്കുള്ള വഴിയിൽ അപ്പനെ പതിവായി ഇറക്കിവിടുന്ന ഭാഗത്ത് വണ്ടിയെന്നു പതുങ്ങി.അപ്പന്റെ കാല് അനുരാഗിന്റെ തുടയിൽ തൊട്ടു.'എന്തേ ഇറക്കി വിടുന്നില്ലേ..'ന്നുള്ള ചോദ്യം ആ മുഖത്ത്.
       ആശുപത്രിയുടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ വാതിലിൽ പ്രതീക്ഷയോടെ നിന്നിരുന്ന ചുവന്ന സാരിയുടുത്ത ഒരു സ്ത്രീ ആമ്പുലൻസിന്റെ വരവും കണ്ടു.അതിൽ നിന്നിറങ്ങിയ അനുരാഗിന്റെ രൂപത്തെ അവർ കൗതുകത്തോടെ നോക്കി.അപ്പന്റെ ശരീരം പുറത്തേക്കിറക്കിയപ്പോൾ, ആ സ്ത്രീ തിടുക്കത്തിൽ അതിന്നടുത്തേക്ക് വന്നു.അനുരാഗ് ശവമഞ്ചത്തിന്റെ വേഗത കുറച്ചു.സ്ത്രീ വണ്ടിയിൽ തൊട്ടു.അത് നിന്നു.അവർ അപ്പന്റെ മുഖം കണ്ടു.
        ആ സ്ത്രീ അനുരാഗിന്റെ കൈയിൽ തൊട്ടു.അനുരാഗ് അവരോട്‌ ചിരിച്ചു.അവർക്കും അതേ പൂവിന്റെ മണമായിരുന്നു.അവർ അപ്പന്റെ ശരീരത്തിന് ഇടതുഭാഗം ചേർന്ന് ആ ചെറിയ കൂട്ടത്തെ അനുഗമിച്ചു.അജ്ഞാതമായ ആ പൂവിന്റെ മണമപ്പോൾ കല്പനയ്ക്കും ബോധ്യമായി...


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

മാരുതീയം

മാരുതീയം.
    "പവനാ,നീ ആ എണ്ണൂറെടുത്ത് നമ്മുടെ വീട്ടിൽച്ചെന്ന്, ഒരുടുപ്പുമായിട്ട് ജില്ലാശുപത്രിയുടെ മോർച്ചറിവരെ വരാമോ.?"തിരിച്ചൊന്നും ചോദിക്കാനായില്ല,അമ്പോറ്റിസാറ് ഫോൺ കട്ടാക്കി.എന്നും ചിരികളോടെയാണ് ആ വിളിയവസാനിക്കുക.ഇന്ന് ശബ്ദത്തിലൊരു പതർച്ച.ഞാനാണെങ്കിൽ വിലയുള്ള കുറച്ചു കല്യാണക്കുറി പ്രത്യേകമടിപ്പിച്ച്,ആദ്യവിളി എന്റെ സാറിനെത്തന്നെയാകണമെന്ന് കൊതിച്ചിരിപ്പാണ്.
   വീട്ടിൽച്ചെന്ന് വിളിക്കണമെന്നുണ്ട്.സാറിന്റെ ഭാര്യ,നാൻസിഫിലിപ്പും ആ കാവൽപ്പട്ടി കൈതയും സമ്മതിക്കില്ല.ഇനി തമ്മില് കണ്ടാൽ ഒന്നുകിൽ കൈത അല്ലെങ്കിൽ ഞാൻ,ഒരാളേ ജീവനോടെ കാണൂ.നാൻസിയെ നേരിടാനുള്ള ചങ്കൂറ്റമെനിക്കില്ല.അവൾ! ആ പന്ന ഒരുത്തിയാണ് സാറിൽനിന്നുള്ള ഒളിച്ചോട്ടങ്ങൾക്കും എടുപിടീന്നുള്ള ഈ കല്യാണത്തിനും കാരണം.ആ സാറിനോട് പറ്റില്ലെന്ന് പറയാൻ എനിക്കാവില്ല.
    'പവനൻ സാറിന്റെ സ്റ്റെപ്പിനിയെന്നും,സാറിനെ ഊറ്റിയാണ് ജീവിക്കുന്നതെന്നും' ചിലര് പറയും. 
കുടിച്ച് ബോധംകെട്ട സാറിനെ എടുത്തോണ്ടങ്ങ് ചെല്ലുമ്പോൾ നാൻസിയും കൈതയും ചിരിക്കും, മുറുകും.എനിക്കാരെയും ബോധിപ്പിക്കാനില്ല.കുഞ്ഞുന്നാളുതൊട്ടേ സാറെന്നെ കാണുന്നതാ.
നീല മാരുതി എണ്ണൂറ് എന്റെ വീടിന്റെ മുന്നിലെത്തുമ്പോഴെല്ലാം'പവനാ നീയും, അമ്പോറ്റിയെപ്പോലെ  സാറാകണ'മെന്ന് വലയുണക്കുന്ന അപ്പന്റെ കണ്ണുകളും പറയും.
   ആദ്യകുറി കൊടുത്തിട്ട് ആ കൈപിടിച്ചെന്റെ തലയിൽ വയ്ക്കണം.കാലിൽ തൊട്ട് പറ്റിപ്പോയതിന് ഉള്ളിലെങ്കിലും മാപ്പുപറയണം.താലിപണിയിക്കാനുള്ള തുകയിൽ ഒരു പങ്ക് അവകാശമായി വാങ്ങിക്കണം.സാറെന്നല്ല,അപ്പനെന്നാണ് തെളിയാതെ ഈ കുറിയുടെ പുറത്തും,മായാതെ എന്റെ അകത്തുമുള്ളത്. 
    ഒരുകാലത്ത് 'സാറൊപ്പിട്ട ഊണു'കഴിച്ച കൂട്ടത്തിലാണ് ഞാനും.നല്ല ചക്രമുള്ള പിള്ളേരുടെ  കോളേജിൽ,സാറ് തുണ്ടുപേപ്പറിലിടുന്ന ഒരൊപ്പുകാണിച്ച് ഊണും മീനും തിന്നുന്നോരുണ്ടായിരുന്നു. 'സാറിന്റെ മോനല്ലേന്ന്..' വിളമ്പുകാരൻ നായര് തമാശിച്ച ദിവസം വ്യക്തമായോർക്കുന്നു.എന്റെ അപ്പനെ പുറംകടലിലിട്ട് കപ്പലുകാര് വെടിവച്ചുകൊന്നിട്ട് അന്ന് കൃത്യം ഒരു വർഷം.വിളമ്പുകാരുടെ അടിവാങ്ങിക്കൂട്ടിയ എന്നെ,കെട്ടിപ്പിടിച്ച് ഉമ്മ തന്ന സാറിനെ എങ്ങനെയാണ് നിരസിക്കുക..?
   "നിനക്ക് ഡിഗ്രി പറ്റൂല,നമുക്ക് ഐടിഐയില് ചേരാം."അഡ്മിഷനാക്കിയതും വർക്ക്ഷോപ്പിൽ കയറ്റിവിട്ടതും സാറാണ്.ഞങ്ങളെ കൂട്ടരാണ് സാറും.എന്റപ്പന്റെ കറുപ്പും പൊക്കവും ആ ചിരിയും. ചേർത്തുപിടിക്കുമ്പോൾ അപ്പന്റെ മണം,ഞങ്ങടെ കടലിന്റെ തണുപ്പ്.
    എന്റെ വീട്ടീൽനിന്ന് കഷ്ടിച്ച് ഒരരക്കിലോമീറ്റർ നടന്നാൽ സാറിന്റെ വീടായി.സാറിന്റെ വീടെന്ന് ഞങ്ങളാരും പറയില്ല.തുറയിലെ സകലതും വേലിയേറ്റങ്ങളിൽ ആ പറമ്പിലേക്കൊഴുകും.ഒന്നിച്ച അടുപ്പും കിടപ്പും,സാറിന്റെ സാക്ഷരതയും.കാറ്റിട്ട് തട്ടുന്ന വാതിലും ജനാലയും 'ഞങ്ങളെന്തിനെന്ന്' തമ്മിൽപ്പറയുന്ന ഒരു വീട്.ഞാനും എണ്ണൂറും സാറിന്റെ ഒറ്റവിളിയിൽ കണ്ടീഷനാകും.എന്നിട്ടും ആ പന്നകളെ കരുതി ഇന്നലെയും വഴിയിൽ കിടന്ന സാറിനെ തിരിഞ്ഞുനോക്കാതെ പോന്നു.
   എന്റെ സാറിന്റെ ജീവിതം തുലച്ചത് നാൻസിയാണെന്നേ ഞാൻ പറയൂ.കോളേജിൽ സാറായിരുന്നു താരം.പിള്ളേരെല്ലാം ഇംഗ്ലീഷ് കടലിലേക്ക് ചാടിയിറങ്ങും.ആ കാറ്റിന്റെ ദിക്കിലേക്ക് കുട്ടികളുടെ പായ്ക്കപ്പലോട്ടം.കരയിലെ സാറന്മാരതുകണ്ട് കൊതിച്ചുനിൽക്കും.മാർക്കാന്റെണിയുടെ നെടുങ്കൻ പ്രസംഗം ഞാനും അഭിനയിച്ച് തട്ടിവിടുമ്പോൾ വർക്ക്ഷോപ്പിലുള്ളോരും പറയും 'നിന്റെ സാറിനെ സമ്മതിക്കണമെന്ന്'.
    മൂന്നോ നാലോ സിനിമയിൽ തലകാണിച്ച ഗ്ളാമറിൽ നാൻസി കോളേജിലും താരമായി.
സാറ് നാടകത്തിന്റെ ഉസ്താദാണ്.അവളെ നായികയാക്കി.സർവകലാശാലയിലും നാടകം ഒന്നാമത്. അവരെപ്പോഴാണ് പ്രേമിച്ചത്? ഇനി പ്രേമിച്ചോ.?എനിക്കറിയില്ല.അവൾക്ക് വിലപ്പെട്ട ഒരു കളിപ്പാട്ടം സ്വന്തമാക്കിയ ആഘോഷം.ഞങ്ങള്, ഒപ്പിട്ട ഊണുകാർക്ക് കല്ലുകടി. 
    നാൻസിയുടെ വീട്ടുകാർ ഇളകിവന്നതിന്റെ അടുത്ത ദിവസം കോളേജ് പിള്ളേര് ആ കെട്ടുനടത്തി. അതിന് മുന്നേ നാൻസിയും കൈതയും സാറിന്റെ വീട്ടിൽക്കേറിയങ്ങ് താമസം തുടങ്ങിയിരുന്നു. തുറയാകെ ഇളകിമറിയേണ്ട കെട്ടായിരുന്നു ഞങ്ങളുടെ സാറിന്റേത്, എന്നിട്ടോ.?
    പ്രേമമെന്നുകേട്ട ഫിലിപ്പ് മുതലാളി,ഇരട്ടക്കുഴലുമായി നാൻസിയുടെ നേരെ നിന്നു.അന്നോളം പറമ്പില് വെട്ടിയും കിളച്ചും നിന്ന മിണ്ടാപ്രാണിയായ കൈത,മുതലാളിയെ ചവിട്ടിയിട്ടു.നാൻസിയുടെ കൈയുംപിടിച്ച് സാറിന്റെ വീട്ടിൽ വന്നുകയറി.കൈതയുടെ തോളിന് താഴെ,അന്ന് മുതലാളിക്ക് ഉന്നംതെറ്റിയ ഒരുണ്ടയും തുന്നിക്കെട്ടിയതിന്റെ അടയാളവും.സാറിന്റെ പറമ്പിൽ കൂര കെട്ടി വയ്പ്പും തീനും.ആ കാവൽപ്പട്ടിയുടെ കണ്ണുവെട്ടിച്ച് ആരും വീട്ടിൽ കയറില്ല.തുറന്നിട്ട വീടിന് ഉരുക്കൻ ഗേറ്റ് വന്നു.തുറതിന്ന കൂറ്റൻ തിരയിലും ഞങ്ങള് സ്‌കൂളിൽ കൊതുകുകടിയോടെ കിടന്നു.
     ഉരുക്കൻ ഗേറ്റ് തുറന്നു കിടക്കുന്നു.ഞാനും എണ്ണൂറും സംശയിച്ചു.മോർച്ചറിയിൽ കൈതയുടെ പ്രേതത്തിനാണോ സാറ് കൂട്ടിരിക്കുന്നത്.?ചത്ത കൈത.ഓർക്കുമ്പോൾ വല്ലാത്ത സന്തോഷം.
ഈ പരിസരത്ത് അവനില്ലെന്ന് ഗേറ്റിന്റെ മൗനം.തുറന്നു കിടക്കുന്ന വീടിനും അത് സമ്മതം.ഞങ്ങൾ ഉള്ളിലേക്ക് ഇഴഞ്ഞുകയറി.പോർച്ചിൽ നാൻസിയുടെ ഹോണ്ടാസിറ്റിക്ക് തുറിച്ചുനോട്ടം.എണ്ണൂറൊന്ന് ചൂളി.'പേടിക്കാതെടാന്ന്' ആക്സിലിൽ ഞാൻ കാലമർത്തി.എണ്ണൂറ് മുരണ്ടു.
     നാൻസിയെ അടുത്ത കാലത്തൊന്നും എണ്ണൂറിനുള്ളിൽ കണ്ടിട്ടില്ല.എടുപ്പുകുതിരകണക്കുള്ള അവളിരുന്നാൽ കൊള്ളാത്തതെന്തോ അമർത്തിവച്ചപോലെയാണ്.ഹോണ്ടാസിറ്റിയുടെ സീറ്റിൽ തലയിണയിട്ടാലെ സാറിനും പൊക്കംകിട്ടൂ.വെളുത്തുതുടുത്ത ഹോണ്ടാസിറ്റിയുടെ വിശാല ഉള്ളോ, വലിച്ചോണ്ട് പോകുന്ന കരുത്തോ എണ്ണൂറിനില്ലല്ലോ.പിൻസീറ്റിനെ കെട്ടിപ്പിടിച്ച് സാറ് കിടക്കും. ഞാനും മാരുതിയും വീട്ടിലേക്ക് എടുക്കും.
     മുകളിലെ മുറിയിൽ ഫാനുകൾ കാറ്റേ കാറ്റേന്ന് തിരിയുന്ന ശബ്ദം.നാൻസി വായനയിലാകും. ഞാൻ സാറിന്റെ മുറിയിലേക്ക് നടന്നു.ഈ വീട് ഒറ്റനിലയായിരുന്നു.അവളത് ഇരുനിലയിലാക്കി. ജീവിതമങ്ങനെ രണ്ടുതട്ടിൽ.ഞാൻ പലതവണ ചോദിച്ചിട്ടുണ്ട്.അപ്പോഴെല്ലാം സാറ് ചിരിക്കും, കുടിക്കും ചുമയ്‌ക്കും.ഈ മുറിയിലൊളിക്കും.കൈതയുള്ളപ്പോൾ സാറിന് മിണ്ടാട്ടമില്ല.ആംഗ്യങ്ങളും കുടിയും.ബീഡി കടിച്ചുപിടിച്ച് മുകളിലെ നില നോക്കി അവൻ്റെ ഒരു നില്പ്.
     ഈ മുറിയെനിക്ക് പൂർണമായറിയാം.സാറിനെ വലിച്ചിഴച്ച് കട്ടിലിലേക്ക് കിടത്തുമ്പോൾ നാൻസിയും കൈതയും കൈയുംകെട്ടി നോക്കിനിൽക്കും.ഞാനിറങ്ങിയാൽ അവന്റെ ഗേറ്റടപ്പുണ്ട്. ഉരുക്കൻ അഴികൾക്കിടയിലിട്ട് എന്നെ ചതയ്ക്കുന്നപോലെ.ഗേറ്റ് വേദന വിളിച്ചുകൂവും.തിരിഞ്ഞു നോക്കാത്ത എന്റെ വേഗനടത്തം.
   കട്ടിലിൽ മുഷിഞ്ഞ പുതപ്പും പുസ്തകങ്ങളും.അലമാരയിൽ അലക്കിയ ഉടുപ്പുകളും പൊട്ടിക്കാത്ത  കുപ്പിയും.കൈതയുടെ ശവത്തിന് ഒരുടുപ്പ്.അവൻ തന്നെയാണ് ചത്തത്, ഉറപ്പിച്ചു. വെള്ളയിൽ നീലവരയുള്ള ഉടുപ്പിട്ട് കൈതയുടെ ശരീരം.ഉടുപ്പിൽ ഞാൻ മണപ്പിച്ചതോ ഉമ്മവച്ചതോ? വേഗം പുറത്തേക്കിറങ്ങണം,നാൻസി അറിയരുത്.എന്നിട്ടും മുകളിലേക്ക് നോക്കിപ്പോയി.കൈത ചത്തുകിടക്കുമ്പോൾ അവളങ്ങനെ വായിച്ചിരിക്കുമോ? കരഞ്ഞുറങ്ങിയോ.? 
   പുറത്ത് മണ്ണും ഇരുമ്പും ഉമ്മ വയ്ക്കുന്ന ശബ്ദം.'ആണ്ടവരേന്നുള്ള...'തമിഴൻ‌ കരച്ചിൽ.കൂരയുടെ മുന്നിൽ ശവക്കുഴിവെട്ടുന്ന കൈത.സാറിന് ഇന്നും അനാഥശവം കിട്ടിയിട്ടുണ്ടാകും.ഈ പറമ്പിൽ മൂന്നോ നാലോ എണ്ണത്തിനെ ദഹിപ്പിക്കാനും കുഴിച്ചിടാനും അനുവദിച്ചിട്ടുണ്ട്.നിരാശ തോന്നി. വരയനുടുപ്പ് കൈയിലിരുന്ന് ഞെരിഞ്ഞു.കൈതയുടെ കണ്ണിൽപ്പെട്ടാൽ.?ശരീരത്തിന് ഒരു വിറ, വിയർപ്പ്.ഉടുപ്പിൽ  മുഖം തുടച്ചു.വീടിനുനേരെ പാഞ്ഞുവരുന്ന തെറിയും കല്ലുകളും.ഞാൻ എണ്ണൂറിനടുത്തേക്ക് ഓടി.കൈത കണ്ടു.
    കഴുത്തിന് വെട്ടുകത്തി ചേർത്ത് കൈതയെന്നെ എണ്ണൂറിന് പുറത്തേക്ക് വലിച്ചിട്ടു.പുല്ലുവിരിപ്പിൽ ഞങ്ങളുരുണ്ടു.വെട്ടുകത്തിയുള്ള കൈ ഞാൻ നിലത്ത് ചേർത്തുപിടിച്ചു.മുറുക്കാൻ കറയുള്ള പല്ലുകൾ എന്റെ കഴുത്തിനോട് ആഞ്ഞുവരുന്നു.മുഖത്തേക്ക് ചുവപ്പൻ കറ തെറിച്ചു.എണ്ണൂറിന്റെ താക്കോലുകൊണ്ട് ഞാനവന്റെ കഴുത്തിലും കണ്ണിലും പലതവണ കുത്തി.
    രക്തമൊലിക്കുന്നു.കൈത പതറി.ആ തക്കത്തിന് ചവിട്ടിത്തെറിപ്പിച്ചു.എണ്ണൂറ് എന്നെയും എടുത്തിട്ട് നിരത്തിലേക്ക് കുതിച്ചു.ഒരു കണ്ണും പൊത്തിപ്പിടിച്ച്,മറ്റേ കൈയിൽ വെട്ടുകത്തിയുമായി അവൻ പിന്നാലെ പായുന്നത് എണ്ണൂറ് ഇടം കണ്ണിൽ കാണിച്ചു തരുന്നു. 
    എണ്ണൂറും ഞാനും മോർച്ചറിയിലെത്തി.ഞങ്ങൾക്ക് കിതപ്പ് മാറുന്നില്ല.ഒരു കല്യാണക്കുറി പിൻസീറ്റിലേക്ക് വച്ചു.ഇനിയത് നേരിട്ട് പറയാൻ കഴിയില്ല.സാറ് അതുവഴിയാണല്ലോ കയറുന്നത്. കാണട്ടെ.കൊതിച്ചിരുന്ന ആ വിളിയും കൈത വിലക്കിയിരിക്കുന്നു.സാറ് കാറിലേക്ക് ഓടിവരുന്നു. എണ്ണൂറിന്റെ കണ്ണിൽ നോക്കി ഞാൻ മുഖം തുടച്ചു.നടന്നതൊന്നും പറയണ്ടെന്ന് എണ്ണൂറ്.ഒന്നും സംഭവിച്ചില്ലെന്ന് ഞാനും.ഒന്ന് പറഞ്ഞാൽ പിന്നെന്തൊക്കെ പറയേണ്ടതായി വരും.?
     ചോരക്കറയോടെ സാറ് മുൻസീറ്റിലേക്ക്‌ കയറി.ഞാൻ നീലവരയൻ ഉടുപ്പ് നീട്ടി.ഇട്ടിരുന്ന ഉടുപ്പ് പിൻസീറ്റിലേക്ക് ഊരിയെറിഞ്ഞു.എന്റെ കുറിമറഞ്ഞു.' ഒഴിയെടാ..'സാറിന്റെ വാക്കുകൾക്ക് പിശുക്ക്.എണ്ണൂറിന്റെ ഉള്ളിൽ ഒരു കുപ്പിയും ഗ്ലാസ്സുമുണ്ടാകും.ഡാഷ് ബോഡിലെ ഗ്ളാസ് നിലത്തിട്ട് സാറിന്റെ കാലിൽ ഞാനൊന്ന് തൊട്ടു.മാപ്പ് മാപ്പ്.ഉള്ളിലാവർത്തിച്ചപ്പോൾ ആശ്വാസം. 
    "എന്തു വള്ളിക്കെട്ടും പിടിച്ചാണ് മോർച്ചറിയിൽ.?".ഒഴിക്കുമ്പോഴെല്ലാം ഞാൻ സ്വാതന്ത്ര്യമെടുക്കും. സാറിന് മൗനം.വള്ളിക്കെട്ടുകളുടെ ആശുപത്രി സാധ്യതകൾ ചിന്തിച്ചു.തുറയിലെ ഒരു കെട്ടിന് വിറക് കയറ്റിമറിഞ്ഞ എണ്ണൂറിനെ വർക്ക്ഷോപ്പിൽ കൊണ്ടിട്ടത് ഓർത്തു.കൈതയെ മറക്കാനും ശ്രമിച്ചു. ഇനിയൊരു ശവം കിട്ടിയാൽ മാരുതികൾ ആമ്പുലൻസിന്റെ വേഷവും കെട്ടും.എണ്ണൂറിന്റെ മുഴച്ച ഗിയറിൽ സമ്മതിപ്പിക്കാൻ മുറുക്കെപ്പിടിച്ചു.
    കുടിച്ചത് തികട്ടിവന്നു.സാറെന്നെ നോക്കി.ഞങ്ങൾക്കൊട്ടും ചേരാത്തത് മൗനമാണ്.
ഇന്ന് സാറിന്റെ കറുപ്പൻ ചുണ്ടിന് കൂട്ടായിട്ടൊരു വിറയും.സാറിന്റെ നോട്ടം മോർച്ചറിയിലേക്കായി. ഞാൻ ആ കൈയിലിരുന്ന ഗ്ളാസുവാങ്ങി അടുത്തത് നിറയ്ക്കാൻ തുടങ്ങി.
    "നാൻസി അബദ്ധം കാണിച്ചെട പവനാ.ഇവിടെത്തിക്കും മുമ്പ്..."പിന്നീട് പറഞ്ഞതെല്ലാം ഇംഗ്ലീഷിലായിരുന്നു.എന്റെ കൈയിലിരുന്ന കുപ്പിയും ഗ്ലാസ്സും വിറകളോടെ ചുംബിക്കാൻ തുടങ്ങി. സാറത് പിടിച്ചുവാങ്ങി വായിലേക്ക് കമഴ്ത്തി.
     വിറയമർത്താൻ ഞാൻ സ്റ്റിയറിംഗിൽ മുറുക്കെപ്പിടിച്ചു.നെറ്റിയതിനെ ചാരി.എണ്ണൂറു കരഞ്ഞു. ഞെട്ടലോടെ നെറ്റിയുയർത്തി.നാൻസിയുടെ മരണത്തിലെന്റെ ഓഹരി.?സാറിന്റെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല.എണ്ണൂറിന്റെ മടിയിലൂടെ ഞാൻ ഭയന്നതിന്റെ വിയർപ്പൊഴുകി. 
    "അവളെ നീ തന്നെ കൈപ്പറ്റണം.കൈതയെ കുഴിവെട്ടാനാക്കിയാണ് ..." പുറത്തേക്കി‌റങ്ങാൻ കഴിയുന്നില്ല.സാറെന്നെ തള്ളിയിറക്കി.എണ്ണൂറിന്റെ മുൻഭാഗത്ത് റബ്ബറിട്ടുവച്ചിരുന്ന വിലകുറഞ്ഞ കല്യാണക്കുറികളിലേക്ക് സാറിന്റെ കൈകൾ നീളുന്നതു കണ്ടു.മോർച്ചറിയിലേക്ക് നടന്നതാണോ ഓടിയതോ? തടഞ്ഞുവീഴാൻ തുടങ്ങി,ഒരു പോലീസുകാരൻ താങ്ങി.അയാൾക്ക് എന്റെ മുഖം.
    മോർച്ചറിയുടെ പരിസരമാകെ നാൻസിയുടെ ബന്ധുക്കൾ.ആമ്പുലൻസിൽ കയറാനാവശ്യപ്പെട്ട പോലീസുകാരൻ ഒപ്പിട്ടചോറ് തിന്ന കുട്ടിയെന്നുറപ്പിച്ചു.അയാളിൽ സാറിനുവേണ്ടി ചെയ്യുന്നതിന്റെ ആവേശം.ബന്ധുക്കൾക്ക് പകയുള്ള നോട്ടം.ആംബുലൻസിൽ ഞാനും നാൻസിയും.ഒപ്പം കയറാൻ തുടങ്ങിയ ബന്ധുവിനെ പൊലീസുകാരൻ വിലക്കി.മുന്നിലും പിന്നിലും പൊക്കമുള്ള കാറുകളുടെ അകമ്പടി.ഉള്ളിൽ തുറിച്ചുനോട്ടങ്ങൾ.വളരെ പിന്നിൽ നീല എണ്ണൂറ്.സാറിന്റെ ഇന്ധനത്തിനൊത്ത് എണ്ണൂറിനും പൂസൻതാളം.
    നാൻസിയുടെ മുഖത്തു നോക്കാൻ ഭയം തോന്നിയില്ല.കുഴിവെട്ടുന്ന കൈതയെ ഓർത്തപ്പോൾ ഉള്ളിൽ വൃത്തികെട്ടൊരു ചിരി വന്നു.ആ വയസ്സൻ പട്ടിയുടെ കാവലില്ലാത്ത ഇവളുടെ മുഖത്തൊന്ന് പൊട്ടിക്കാൻ തോന്നി.ഇതിനെല്ലാം കാരണമായ ആ നശിച്ച ദിവസമോർത്ത് ആമ്പുലൻസിന്റെ വെളിയിലേക്ക് കാർക്കിച്ചുതുപ്പി.
    കോളേജിൽ നാൻസിയെ ഞാൻ നോക്കിനിന്നിട്ടുണ്ട്,സിനിമാതാര പരിഗണന.സാറിന്റെ മുന്നിലെപ്പോഴും അവളുണ്ടാകും.കല്യാണത്തിന് സാറെന്നെ ചേർത്തു നിർത്തിയപ്പോൾ ഒന്നിച്ചുള്ള ഫോട്ടോയും.സാറിനെ മുറിയിലേക്ക് ചുമക്കുമ്പോൾ സെറ്റിയിൽ കിടന്നുള്ള വായന.സാറിന്  കമ്പനികൊടുക്കുമ്പോൾ പുറത്തേക്കോ അകത്തേക്കോ ഭംഗിയായി ഒരുങ്ങിയിറങ്ങുന്ന നാൻസി. കൈതയുടെ കാവലുകടന്ന് എന്റെ നോട്ടങ്ങൾ നീണ്ടുവാഴില്ല.  
    നാൻസിയോടധികമൊന്നും മിണ്ടിയിട്ടില്ല.ഹോണ്ടാസിറ്റിയുടെ ഒരാവശ്യത്തിന് വിളിച്ചു.പണിയിൽ കൈതയും സഹായിയായി നിന്നു.'ശരിയായോന്ന്'പലതവണ ചോദിച്ചു.കാറിന്റെ ടയറുകൾ ഞെക്കിയും പിതുക്കിയും പരിശോധന.അവൾ ചിരിച്ചു,ഞാനും.കൂരയിലേക്ക് നടക്കുന്ന കൈത ഒരു തവണ തിരിഞ്ഞു നോക്കി.ചെമ്പരത്തിയുടെ മുഴുത്ത കൊമ്പിൽ ഒറ്റവെട്ട്.കാലിലൂടെ എനിക്കൊരു ഭയപ്പെരുപ്പ്.
   സാറിനെ മുറിയിലാക്കി വരുമ്പോഴെല്ലാം 'ഇതിരിക്കട്ടെ'ന്ന് അമ്പതോ നൂറോ നാൻസി പോക്കറ്റിൽ തിരുകും.നിരസിക്കാനാകാതെ കൈയിൽ പിടിക്കും.കുഞ്ഞൻ പിടിവലി,തർക്കം, ചിരി.വാതിലിന്റെ മറവിലെ കൈതയെ ഞാൻ നോക്കും.അവന്റെ മുറുകൽ എനിക്കുമാത്രം കേൾക്കാം.പേടിപ്പിക്കുന്ന ശബ്ദത്തിലടയുന്ന ഗേറ്റ്.ഓടുന്ന താളത്തിലെന്റെ നടത്തം.കടലിന്റെ കിതപ്പ്.
    നാൻസിയത് ചെയ്യുമെന്നു കരുതിയതല്ല.എനിക്ക് തെറ്റിയിട്ടില്ല.കൈതയ്ക്ക് കുറ്റക്കാരനായി കാണാനുള്ള രംഗങ്ങളുണ്ടായി,അതാണ് സത്യം.അന്നാണവൻ്റെ വെട്ടുകത്തിയുള്ള കാത്തിരിപ്പും, എന്റെ ഒളിച്ചോട്ടങ്ങളും തുടങ്ങിയത്.ആംബലൻസ് കുലുങ്ങി,നാൻസിയുടെ തണുപ്പിൽ ഞാൻ തൊട്ടു.ആ ഓർമ്മകളും ഒരു ഛർദ്ദിയും തൊണ്ടയോളമെത്തി. 
   എണ്ണൂറും സാറും മീൻ വിറ്റോണ്ടിരുന്ന പെണ്ണിന്റെ മുകളിലേക്ക് ചെന്നുകയറി.സകലരും കൈവച്ച ശേഷമാണ് ഞാനെത്തിയത്.സ്‌കാനിംഗും ചിലവിന് നല്ലൊരു തുകയും ചേർത്ത് ഒരുവിധം ഒതുക്കി. സാറിന്റെ കഴുത്തിലെ മാലയൂരിക്കൊടുത്താണ് സ്റ്റേഷനിൽ നിന്ന് എണ്ണൂറിനെ ഊരിയെടുത്തത്.
വൈകിട്ട്‌ വർക്ക്ഷോപ്പിൽ സാറിന്റെ വക കുപ്പിയും ക്ലാസും.മേസ്തിരിയും പണിക്കാരും സാറിന്റെ 'ഗ്ളാസി'ലിരുന്ന് ഒഥല്ലോയെ നേരിട്ട് കണ്ടു,പഠിച്ചു.
    മുറിയിലേക്ക് വലിച്ചിഴച്ചുപോകുമ്പോൾ സാറിന്റെ ചുണ്ടിൽ മാർക്കാന്റണിയുടെ പ്രസംഗം.
ചുവന്ന തലമുടിക്കാരിയുടെ പടമുള്ള പുസ്തകവുമായി സെറ്റിയിൽ കിടന്ന നാൻസിയുടെ ചിരി. ഞാൻ വാതിലിൽ കൈതയെ തിരഞ്ഞു.ഇരുട്ടവനെ ബുദ്ധിപൂർവ്വം ഒളിപ്പിച്ചു.ഞാനും ചിരിച്ചു. മുഷിഞ്ഞ പുതപ്പിനിടയിലേക്ക് ഇഴഞ്ഞുകയറുന്ന സാറിനെ ഞാനല്പനേരം നോക്കിനിന്നു.  
    ആ പ്രസംഗത്തിന്റെ ബാക്കിയും ചുണ്ടിലിട്ടു വന്ന എന്നെ നാൻസി മുകളിലേക്ക് വിളിച്ചു.ഉടുപ്പിന്റെ കുടുക്കുകൾ വലിച്ചു പൊട്ടിച്ച് കട്ടിലിലേക്ക് തള്ളിയിട്ടപ്പോൾ എനിക്കു വിറച്ചു.ചോപ്പൻ ചുണ്ട്
മുഖത്തേക്കടുപ്പിച്ചപ്പോൾ നിലവിളിച്ചു.നാൻസിയും തലമുടി ചുവപ്പിച്ചിരുന്നു.മിനിറ്റുകൾ, നാൻസിയുടെ ശ്രമങ്ങൾ.ഏതോ നിമിഷങ്ങളിൽ ഞാനും.? അതിനെനിക്ക് കഴിയില്ലല്ലോ.കരഞ്ഞത് കൈത കേട്ടിട്ടുണ്ടാകും.  
   "എണീറ്റ് പോടാ,നീ സാറിന്റെ പതിപ്പാണ്.."നാൻസി കട്ടിലിൽ ചാരിയിരുന്നു.എന്റെ മുഖത്തേക്ക് 
ആ പുസ്തകം വലിച്ചെറിഞ്ഞു.ഞാൻ പുറത്തേക്കിറങ്ങി.കൈത,കൈയിലെ വെട്ടുകത്തി.തീയുള്ള ബീഡി മുഖത്തേക്ക് തുപ്പി.മുരൾച്ച.തുറയിലേക്ക് പറക്കാൻ ഉടുപ്പെനിക്ക് ചിറകായി.കൈതയുടെ ഒരു വെട്ട് ഏതു നിമിഷവും.നാൻസിയുടെ മണം, മുടിയിലെ ചുവപ്പ്.കൈതയുടെ കിതപ്പ് വീടിന് വെളിയിലെത്തിയോ.? ഇരുട്ടുകയറ്റിവച്ച വളളങ്ങളിൽ രാത്രി ഒളിച്ചുകിടന്നു.പുലിമുട്ടിനറ്റത്തുചെന്ന് അപ്പനോട് ഉറക്കെ കരഞ്ഞു.സാറിൽ നിന്നെത്രകാലം ഒളിച്ചോടുമെന്ന് തിരകളുടെ ചോദ്യം. 
     ആംബുലൻസിന്റെ പുറത്തേക്ക് ഞാൻ വീണ്ടും കാർക്കിച്ചു തുപ്പി.
സത്യമുള്ള ഉപ്പുക്കാറ്റ്, തുപ്പലെന്റെ മുഖത്തേക്ക് തെറിപ്പിച്ചു.നാൻസിയുടെ മുഖത്ത് വിളർച്ചയുള്ള കുറ്റസമ്മതം.
     കവലയിൽ ആംബുലൻസ് അല്പനേരം സംശയിച്ചു.ഇടത്തേക്ക് കടലും ഞങ്ങളുടെ വീടും, വലത്തേക്ക് കരയും നാൻസിയുടെ വീട്ടുകാരും.കാറിൽ നിന്നിറങ്ങിയ അവളുടെ ബന്ധുക്കൾ ആമ്പുലൻസിലേക്ക് ഇരച്ചുകയറി.ഡ്രൈവർക്കൊപ്പമിരുന്നവൻ കരയെന്ന് വഴി കാണിക്കുന്നു. വലത്തേക്ക്, മുന്നിൽ നീങ്ങിയ കാറുകളുടെ സിഗ്നൽ.ഞങ്ങൾക്കൊപ്പം കയറിയവന്റെ നോട്ടം തൊണ്ടയിലിട്ട് എന്റെ വാക്കുകൾ തടഞ്ഞു.നാൻസിയെ തൊട്ട കൈ ഞാൻ പിൻവലിച്ചു.പിന്നിൽ എണ്ണൂറ് കിതച്ചോടി വരുന്നുണ്ട്.വലിയ കാറുകൾ സുരസകണക്കെ കുള്ളൻ മാരുതിയെ തടയുന്നു.
    വലിയ ഗേറ്റിനുള്ളിലേക്ക് ആംബുലൻസ് കയറിച്ചെന്നു.മടങ്ങി വരവിൽ നാൻസി ഒന്നു കുലുങ്ങി. വെളുത്ത് പൊക്കമുള്ള ആളുകൾ പറമ്പിൽ ചിതറിനിൽക്കുന്നു.ആമ്പുലൻസിലേക്ക് ശവപ്പെട്ടി ചുമക്കുന്ന ഒരു സംഘം.മുന്നിലൊരു വലിയ മനുഷ്യൻ.ഇരട്ടക്കുഴൽ നോട്ടം.അയാൾ എന്നെ പുറത്തേക്ക് വലിച്ചിട്ടു.നാൻസിയുടെ കവിളിൽ തൊട്ടു,കൈയുയർത്തി.ആ സംഘം അവളെ ശവപ്പെട്ടിയിലേക്ക് അടച്ചു.കരച്ചിലുകളോ നിലവിളിയോ ഇല്ല.പാതിരിസംഘവും അടക്കത്തിന് കാത്തുനിൽക്കുന്നു.പെട്ടി അവിടേക്ക് നീങ്ങി.ഞാൻ, ഓടിച്ചെന്ന് ആ മനുഷ്യന്റെ കാലിൽ വീണു.
    എടുത്തെറിയുന്നപോലെ ഗേറ്റിന് പുറത്തേക്ക് ഞാൻ തെറിച്ചു.റോഡരികിൽ നിരത്തി നിർത്തിയ വിലകൂടിയ വണ്ടികളിലേക്ക് എണ്ണൂറ് പാഞ്ഞുകയറി.തല്ലാനുള്ള ആവേശത്തിൽ ബന്ധുക്കൾ സാറിനെ പുറത്തേക്ക് വലിച്ചെടുക്കുന്നു.ആദ്യകൈ വീഴുന്നതിന് മുമ്പ് ഞാനെത്തി.മുഖത്ത് വീണ അടിയും തെറികളും വാങ്ങി.നിലത്തേക്ക് ചൂണ്ടി അവർ പറഞ്ഞതെല്ലാം അനുസരിച്ചു.സാറിനെ എണ്ണൂറിന്റെ പിൻസീറ്റിൽ കിടത്തി.ഛർദ്ദിയും ഇംഗ്ലീഷിലുള്ള തെറികളും.കല്യാണക്കുറിയിൽ സാറിന്റെ കാലുകൾ.എണ്ണൂറിനോട് മടക്കമെന്ന ഗിയറിട്ടു.  
    ഗേറ്റ് ഞങ്ങളെ കാത്തു കിടന്നു.പൂർത്തിയായ കുഴിയിലേക്ക് കാലുകൾ ഇറക്കിവച്ചിരുന്ന് പല്ലിട കുത്തുന്ന കൈത.എണ്ണൂറിൽ നിന്നിറങ്ങിയ സാറ് നാൻസിയുടെ പുസ്തകങ്ങളും തുണിയുമായി ആ കുഴിയിലേക്ക് വാശിപോലെ നടക്കുന്നു.ചിലതെല്ലാം പുല്ലുവിരിപ്പിൽ ഊർന്നുവീഴുന്നു.വെട്ടുകത്തി മുറുക്കെപ്പിടിച്ച് തലകുനിച്ചു നിൽക്കുന്ന കൈത.സാറിനെ ആ വെട്ടുകത്തി?.ഭയത്തോടെ ഞാൻ കുഴിക്കരികിലേക്ക് നടന്നു.
       സാറ് പല തവണ പോയിവന്നു.കുഴിയുടെ കുറച്ചുഭാഗം നിറഞ്ഞു.ഏറ്റവും മുകളിൽ ചുവന്ന തലമുടിയുള്ള പെണ്ണിന്റെ ആ പുസ്തകം.എണ്ണൂറ് രക്തക്കറയുള്ള ആ ഉടുപ്പിനെ ഓർമ്മിപ്പിച്ചു. കുറിയും ഉടുപ്പിൽ പൊതിഞ്ഞെടുത്തു.ചുവന്ന തലമുടിക്കാരിയുടെ ഇടതുവശത്ത് ആ കുറി ചെന്നുവീണു.അവൾക്ക് പകയുള്ള നോട്ടം.ഞാനൊന്ന് ചൂളി.
    മോർച്ചറിയിൽ പോലീസുകാരനേല്പിച്ച നാൻസിയുടെ ആഭരണങ്ങൾ സാറിന് നീട്ടി.വിരലുകൊണ്ട് പൊതിയിലമർത്തിയ ശേഷം ഉടുപ്പിന്റെ പോക്കറ്റിലേക്ക് വച്ചു.ഇളം ഇരുട്ട്, കുഴിയിലേക്ക് ഞങ്ങളുടെ നിഴലുകളെ തള്ളിയിട്ടു.കൂനിപ്പിടിച്ചിരുന്ന കൈതയുടെ നിഴലിനെ ഒറ്റയാക്കി ഞങ്ങൾ കയറിപ്പോന്നു. ഗ്ലാസ്സുകളിൽ നിറച്ചത് സാറാണ്.'കൈതേന്ന്...' നീട്ടിയുള്ള ഒരു വിളി.ആർത്തിപിടിച്ച മണ്ണ് കുഴിയിലെ രഹസ്യങ്ങളിലേക്ക് ചാടിവീഴുന്ന ശബ്ദം.കൈതയുടെ കരച്ചിലും കുഴിയിൽ നിറയുന്നു.
    വരാന്തയിൽ ചാരിയിരിക്കുന്ന സാറിന്റെ കൈയിൽ വിലകുറഞ്ഞ കല്യാണക്കുറി."നീ അതിനെ നന്നാക്കിയെടുക്കണം."കുറിയിലേക്ക് നോക്കി എണ്ണൂറിനെ ചൂണ്ടിയുള്ള സാറിന്റെ ശബ്ദത്തിന് പതർച്ച.ഞാൻ കൈയിൽ തൊട്ടു.എന്നെ മുഖമുയർത്തി നോക്കി.കുറിയിലൊരു അക്ഷരത്തെറ്റ് കണ്ടെത്തി വട്ടമിട്ടു.മുഖത്തിനിയും പറയാൻ ബാക്കിയുണ്ട്. 
    പറമ്പിലാകെ കൂര കത്തുന്നതിന്റെ വെളിച്ചം.പുല്ലുവിരിപ്പിൽ ഊർന്നുകിടന്നതെല്ലാം തീയിലേക്ക് അലർച്ചയോടെ വലിച്ചെറിയുന്ന കൈത.ഞങ്ങളതും നോക്കിയിരുന്നു.മുകൾനിലയിൽ, ജാലകങ്ങളിലെ കണ്ണാടിയിലും ഹോണ്ടാസിറ്റിയുടെ മുഖത്തും കൂരകൾ കത്തുന്നുണ്ട്.കരച്ചിലിൽ തെറികൾ കൊരുത്ത് ആ വീടിന് നേർക്ക് കൈതയുടെ തോറ്റംപാട്ട്.എണ്ണൂറിന്റെ മുഖത്ത് ഇരുട്ട്.
    തലക്കെട്ടഴിച്ച് വിയർപ്പുതുടച്ച് ഞങ്ങളുടെ നേർക്ക് വരുന്ന കൈത.വെട്ടുകത്തിയുടെ തിളക്കം. ചുണ്ടിൽ അണഞ്ഞ ബീഡി.എന്റെ നേർക്ക് മുറിഞ്ഞ കണ്ണിന്റെ നോട്ടം.ഞാൻ തൂണിന്റെ മറവിലേക്ക് മാറി. ഞാനൊഴിച്ചുവച്ചത് കൈത കുടിച്ചു.കാർക്കിച്ചു തുപ്പി.ചുണ്ട് വിട്ടുപോകില്ലെന്ന്, പതഞ്ഞ തുപ്പൽ വാശിപിടിച്ചു.തോർത്തിലേക്ക് അത് തുടച്ചു.     
   ആഭരണങ്ങളുടെ പൊതി സാറ് എന്റെ മുന്നിലേക്ക് നീക്കിവച്ചു.വെട്ടുകത്തി അതിനരികിലായി വച്ചിട്ട് കൈത ചിരിക്കാൻ ശ്രമിച്ചു.ഞാനുണ്ടാക്കിയ മുറിവുകളിൽ രക്തമൊലിക്കുന്നു. മുകൾനിലയിലെ ഇരുട്ടിലേക്ക് കൈത അല്പനേരം നോക്കി.ചുണ്ടിലിരുന്ന ബീഡിക്ക് തീകൊടുത്തു. കൈതയും എരിയുന്നു.എന്റെ നേർക്ക് കൈ നീട്ടി.ഞാൻ അനങ്ങിയില്ല.പുക ഊതിവിട്ട ചുണ്ടിൽ ചിരിയുടെ കറ.കൈത ഹോണ്ടാസിറ്റിയുടെ മുഖത്തെ കണ്ണീരും തുടച്ചു.ഗേറ്റിനെ ഒന്നു തൊട്ടു. ആഭരണപ്പൊതിയിലെത്തിയ എന്റെ കൈ.വലിയ പൊള്ളൽ.           
        "കൈതേ..."
        "ആണ്ടവൻ വേണ്ടിക്കെട്ടും"ഗേറ്റിലേക്ക് നടന്ന കൈതയും,വരാന്തയിൽ കിടന്ന സാറും ആ മൂന്ന് വാക്കിൽ മുറിഞ്ഞു.കൈത നിരത്തിനറ്റത്ത് ബീഡിവെട്ടമായി.ഗേറ്റ് കടലിനു നേർക്ക് ചിരിക്കുന്നു. എനിക്കിത്തിരി ധൈര്യം വന്നു.തുറക്കാരും വരിവരി വരും.ഞാൻ സാറിന്റെ തോളിൽ കൈവച്ചു.
      "പവനാ, നീ വരണം വിളിക്കണം.ചത്താലെടുത്ത് കുഴിച്ചിടണം."ഗ്ലാസ്സിലുള്ളത് തീർത്തിട്ട് സാറെന്നെ കെട്ടിപ്പിടിച്ചു.
      "ഒപ്പം ജീവിക്കാനുള്ള പെണ്ണിനെപ്പറ്റി നിനക്കുവല്ലതും അറിയുവോടാ..?" സാറിന്റെ കരച്ചിൽ ഞാനാദ്യം കാണുകയാണ്.എനിക്കെന്തോ ഒരു വെറുപ്പുതോന്നി.നാൻസിയെ കൊല്ലിച്ചത് ആരുടെ അറിവില്ലായ്മയാണ്.? പഠിപ്പിക്കാനെളുപ്പമാണ് പാടാനല്ലേ പാട്.എനിക്ക് ചോദ്യങ്ങളുണ്ടായി.   
    കല്യാണക്കുറിയിൽ നിന്നും കീറിയെടുത്ത ഒരു തുണ്ടുപേപ്പറിൽ സാറെന്തോയെഴുതി ഒപ്പിട്ടു തന്നു. ചിതറിയ ഇംഗ്ലീഷ് വാക്കുകൾ.കപ്പൽ വിളക്കിന്റെ ചുവട്ടിലിരുന്നത് വായിക്കാൻ ശ്രമിച്ചു.ചുമച്ചും കുടിച്ചും തന്നിലേക്ക് ഒളിച്ചോടിയവന്റെ തത്വചിന്ത.കാറി വന്ന തുപ്പൽ ഞാനൊതുക്കി. 
     നാൻസിക്കുവേണ്ടി സാറിനോട് ചിലത് ചോദിക്കണമെന്നു കരുതി വീട്ടിലേക്ക് നടന്നു. വളരാത്ത സാറും എണ്ണൂറും അതാ! കടലിലേക്ക് പാഞ്ഞുപോകുന്നു.ശവത്തിലിടാൻ ഞാനെടുത്ത നീലവരയൻ ഉടുപ്പ് കണ്ടു.എനിക്ക് തികട്ടിവന്ന ചോദ്യങ്ങളെ ഉരുക്കൻ ഗേറ്റിന്റെ മൗനത്തിലേക്ക് ആ പെണ്ണിന്റെ  ആഭരണങ്ങൾക്കൊപ്പം ഛർദ്ദിച്ചു വച്ചു.! 

കെ.എസ്.രതീഷ്
Ratheesh.amets09@gmail.com
9497456636

ബദറുത്താര.

ബദറുത്താര.
    ബദ‌റുവിനെ ആശ്വസിപ്പിക്കാനാകാതെ കടൽ ദുഃഖിച്ചു.ചില മനുഷ്യരെ സാന്ത്വനിപ്പിക്കാൻ വൻകടലുകൾക്കും കഴിയാതെയാകും.രോഗികളായിരുന്ന ഉമ്മയും ഏക സഹോദരിയും ഒന്നിച്ചാത്മഹത്യചെയ്ത ഒരു വീട്,മടങ്ങിയെത്തിയ ആ പ്രവാസി.അവനോട് തോൽവി സമ്മതിച്ച കടൽ ഉപദേശിത്തിരകളെ മടക്കിവിളിക്കുകയായിരുന്നു.
    തന്റെ ഒട്ടും ഭംഗിയല്ലാത്ത ഭാഗത്തെ,പായൽപ്പിടിച്ച ഒരു പാറയിൽ മൂന്നാം ദിവസവും ഏകനായിരിക്കുന്ന ആ മനുഷ്യനോട് കടലിനും കൗതുകമായി.കടല് കഥകളെല്ലാം ചോദിച്ചു. കരച്ചിലടക്കി അവനത് പറഞ്ഞു.ആശ്വാസശ്രമങ്ങൾ കടൽ ഏതാണ്ടവസാനിച്ചു.കാറ്റ് വായിച്ചോണ്ടിരുന്ന കഥാസമാഹാരത്തിൽ നിന്നും കിട്ടിയ ജീവരഹസ്യത്തിന്റെ ആവേശത്തിൽ കടൽ പെട്ടെന്ന് അവന്റെ അരികിലേക്ക് ഒരു വൃദ്ധത്തിരയായിച്ചെന്നു.
    "സകല ആകുലതകളോടെയും ഇവിടെ ജീവിച്ചിരിക്കാനല്ലേ നമുക്ക് കഴിയൂ.?"പിൻവാങ്ങിയ തിരയിൽ ഒരല്പം ബദറുവിന്റെ മറുപടിക്ക് തളംകെട്ടിക്കിടന്നു.തിരയോട് 'ശരി'യെന്ന് സമ്മതിച്ച മട്ടിൽ അവൻ കടലിലേക്ക് നടന്നു.ബാല്യം പിന്നിടാത്ത തിര അവന്റെ കാലിൽ മണലോടെ കെട്ടിപ്പിടിച്ചു. തൊട്ടപ്പുറത്തെ ഒരു ദൃശ്യത്തിലേക്ക് ചൂണ്ടിക്കാണിച്ചിട്ടത് തുള്ളിച്ചാടി ഇറങ്ങിപ്പോയി.
     ഹൃദയാകൃതിയുള്ള ചുവന്ന ബലൂണുകൾ കൈയിൽ പിടിച്ചിരുന്ന് കടലിലേക്ക് ഛർദ്ദിക്കുന്ന ഒരു  പെൺകുട്ടി.കുട്ടിയുടെ മുതുക് തടവിക്കൊടുത്ത് ഒപ്പമിരിക്കുന്ന സ്ത്രീ.അവരുടെ കൈയിലും ബലൂണുകളും വായുനിറച്ച കോമിക്ക് രൂപങ്ങളുമുണ്ട്.ഛർദ്ദിയുടെ ആയത്തിൽ കുട്ടി തിരയിലേക്ക് മൂക്കുകുത്തി.ആ തക്കത്തിൽ കാറ്റിനൊപ്പം പ്രണയനിറമുള്ള ബലൂണുകൾ ഒളിച്ചോടി.തിരകോരി
കുട്ടിയുടെ മുഖം കഴുകുമ്പോഴും സ്ത്രീയുടെ നോട്ടങ്ങൾ പറന്നകലുന്ന ഹൃദയാകൃതികളിലാണ്. വികൃതിത്തിരകൾ അവരെ നനയ്ക്കുന്നുണ്ട്.
    ബദറു പാറയിലേക്ക് വന്നിരുന്നു.പാറക്കൂട്ടത്തിൽ തൂറാനിരിക്കുന്ന കുട്ടിക്ക് ആ സ്ത്രീ കാവൽ നിൽക്കുന്നു.അവൾ ബദറുവിനെ നോക്കി.കുട്ടിയെ കണ്ടിരുന്ന അവന്റെ കണ്ണുകൾ പിൻവാങ്ങി. സ്ത്രീയും കുട്ടിയും നടന്നുമുന്നിലെത്തി.ബദറു അവരോട് ചിരിച്ചു.കുട്ടിയുടെ ഏന്തിവലിഞ്ഞ നടപ്പ്, അവന് തന്റെ സഹോദരിയെ ഓർമ്മവന്നു.ഇടതുകാലിൽ ചെറിയ ഏന്തൽ, മുടന്തലായും ഒരുവശം തളർന്ന കിടപ്പായും ആ സഹോദരിക്കൊപ്പം വളർന്നിരുന്നു.
    ബദറുവിനെ സ്ത്രീ അല്പസമയം നോക്കിനിന്നു,ചിരിച്ചു.ഒരു തിര അവരെയും ബദറുവിനെയും ഒന്നിച്ച് നനച്ചു.അസ്തമയം കാത്തുനിന്ന ചുവപ്പൻ ആൾത്തിരയിലേക്ക് കയറിപ്പോകുന്ന അവൾ പലവട്ടം തിരിഞ്ഞു നോക്കി.കാറ്റിൽ ഉയർന്നു നിൽക്കുന്ന കോമിക്ക് രൂപങ്ങൾ ആൾക്കൂട്ടത്തിലൂടെ അവരുടെ നടപ്പിന്റെ ദിശകാണിക്കുന്നു.
    "അത് നിന്റെ താരയല്ലേ.?"വെളുത്തുപതഞ്ഞ ഒരു ചെറുപ്പക്കാരിത്തിര ബദറുവിനോട് സംശയം ചോദിച്ചു."കണ്ണിന്റെ തിളക്കവും ചുരുണ്ട മുടികളും ഓർക്കുന്നില്ലേ.?'അജ്ഞന കണ്ണെഴുതി,ആലില താലിചാർത്തി..'യെന്ന സിനിമാപ്പാട്ടുള്ള എട്ടാം ക്ലാസുകാരി.നിന്റെ അസുഖക്കാരിപ്പെങ്ങൾക്ക് മധുരം കൊണ്ടുവന്നിരുന്ന താരാബേക്കറി ഉടമയുടെ മകൾ."ഓർമ്മകൊണ്ട് ബദറുവിന്റെ മുഖം ആകാശം കണക്കെ ചുവന്നു.
     തിരയ്ക്ക് ആവേശം കയറി,പാറയുടെ ചുറ്റും നൃത്തം ചവിട്ടി."മീനാക്ഷി വിലാസം സ്‌കൂളിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നീ ആവശ്യപ്പെട്ടപ്പോൾ പാടിയവൾ.'എന്തുചെയ്യുന്നുവെന്ന്..' ചോദിച്ചപ്പോൾ ഗ്രൂപ്പ് വിട്ടവൾ.അവളുടെ മുഖച്ചിത്രത്തിൽ ചുവന്ന ബലൂണുകൾ കണ്ടതല്ലേ..?"പിന്നെ വന്ന തിരകളും ഓരോരൊ ഓർമ്മകൾ കൊണ്ടിട്ടു.അവന്റെ മുഖത്തൊരു ചിരി.കടൽ ചെറുപ്പക്കാരിത്തിരയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.
    "അതേ.!" തിരകളിൽ കൈമുക്കി ബദറു സമ്മതിച്ചു.'ആൾക്കൂട്ടം താരയെ വിഴുങ്ങിയല്ലോ' നിരാശനായ ഒരു തിര ആകുലപ്പെട്ടു.ഉയർന്നു നിൽക്കുന്ന കോമിക്ക് രൂപങ്ങളെ നോക്കി ആൾക്കൂട്ടത്തിനിടയിലൂടെ ബദറു നടന്നു.മടങ്ങുന്ന സ്ത്രീകളുടെ കൈയിൽ കുട്ടികളുണ്ട്, ചിലരിൽ ബലൂണുകളും.ആർക്കും ഏന്തിവലിവോ,തന്നിലേക്ക് തിരിഞ്ഞുനോട്ടമോ ഇല്ല.അവൻ തിരികെ നടന്നു.മുഖമിരുണ്ട കടലിനെ നോക്കി.'മടിച്ചിരിക്കരുതെന്ന്.' ഒരു തിര പാറയോടെ അവനെ നനച്ചു.
     തിളക്കമുള്ള കണ്ണും നിറയെ മധുരങ്ങളുമായി വരുന്ന താരയെക്കുറിച്ച് തിരകൾ ചോദിച്ചുകൊണ്ടേയിരുന്നു."താര വന്നോ? താര ജിലേബി തന്നോ?"ഒരു തിര സഹോദരിയുടെ ഭാഗം ചോദിച്ചപ്പോൾ അവൻ വിതുമ്പി.കടൽക്കരയിൽ ബദറുവും കാല്പാടുകളും ബാക്കിയായി.കരക്കാറ്റ് തിരകളെ തള്ളിമാറ്റി,അവനെ കരയിക്കരുതെന്ന് ആവശ്യപ്പെട്ടു.ബദറു കാറിനരികിലേക്ക് നടന്നു.
   കാറിനുള്ളിലും കടലിന്റെ മണം.കാലിൽ കെട്ടിപ്പിടിച്ചു വന്ന മണൽ ഉരഞ്ഞുരഞ്ഞ് വേദനിപ്പിച്ചു. കലികയറിയ തിരകൾ കടിച്ച റോഡിന്റെ,പൊട്ടിയടർന്ന ചുമലിലൂടെ ബദറു കാറോടിക്കാൻ തുടങ്ങി.
താരയും മീനാക്ഷിവിലാസം സ്‌കൂളും മധുരങ്ങളും അന്നത്തെ ആ ബദറൂദ്ദീനും ചേർന്ന് കാറിന്റെ വേഗം നിയന്ത്രിക്കുന്നു. 
    മഞ്ഞവെളിച്ചം വീഴുന്ന തെരുവിന്റെ ഒരറ്റത്തെ കാത്തിരിപ്പുകേന്ദ്രത്തിൽ അതാ താരയും കുട്ടിയും. ബദറുവിന്റെ സന്തോഷം,കാറിന്റെ മുഖത്തും.തൂണിൽ ചാരിയിരുന്ന് ഉറക്കം തൂങ്ങുന്ന കുട്ടി. ബൈക്കിലിരുന്ന യുവാക്കൾ താരയോട് തർക്കിക്കുന്നു.ഒരുത്തൻ കൈയിൽപിടിച്ചു വലിക്കുന്നു.
'മാറിപ്പോകിനെടാന്ന്' കാറിന്റെ അലർച്ച.ബൈക്കുകൾ ഓടിക്കളഞ്ഞു.കാറിനെ സ്നേഹത്തോടെ താര നോക്കി.കടലിന്റെ മണമപ്പോൾ ഇരട്ടിച്ചു.
    ബദറു കാറു നിർത്തി,ചിരിച്ചു.താരയും ചിരിച്ചു.'വീട്ടിലേക്കാണോ?'ചോദ്യം പൂർത്തിയാവും മുൻപ്  കുട്ടിയോടെ താര പിൻസീറ്റിലേക്ക് കയറി.കാറ്റുപോയ ഒരു കോമിക്ക് രൂപം അന്ത്യശ്വാസത്തിൽ മുൻസീറ്റിൽ പറന്നുവീണു.കാറിന്റെ മേൽക്കൂരയിൽ മുട്ടിനിൽക്കുന്ന ബലൂണുകൾ.പറഞ്ഞു തീർക്കാനുള്ള വിശേഷങ്ങൾ ബദറുവിൽ തിളച്ചുപൊങ്ങി.ചിലത് ചിരിക്കൊപ്പം ശബ്ദമില്ലാതെ തൂവി.
     "ആ മരുന്നുകടയുടെ മുന്നില് നിർത്ത് സാറേ..?"സാർ'വിളിയിൽ ബദറു വറ്റിപ്പോയി.
ചോദിക്കാതെ പോക്കറ്റിൽ കൈയിട്ടെടുത്ത പേഴ്‌സുമായി മെഡിക്കൽ ഷോപ്പിലേക്ക് ഓടുന്ന താര. 'തന്നെ തിരിച്ചറിഞ്ഞില്ലേ'?കടലിന്റെ മണവും അവന്റെ സംശയവും അവൾക്ക് പിന്നാലെ ഓടി.     
     മടിയിലേക്ക് വന്നുവീണ ഗർഭനിരോധന ഉറയുടെ പാക്കറ്റ്.കുട്ടിയെ മരുന്ന് കഴിപ്പിക്കുന്ന താര. രംഗങ്ങളൊന്നും ദഹിക്കാത്ത കാറിനും ബദറുവിനും മൗനം.മുൻസീറ്റിൽ വായ തുറന്നു കിടക്കുന്ന പേഴ്‌സിലേക്ക് അവൻ നിരാശയോടെ നോക്കി.കുട്ടിയെ കിടത്തിയിട്ട് പേഴ്‌സുമായി അവൾ വീണ്ടും പുറത്തിറങ്ങി നിന്നു.
    "കണക്കെല്ലാം പിന്നെപ്പറയാം സാറേ,കുടിക്കാനെന്തെങ്കിലും..?"മദ്യക്കടയിലേക്ക് നോക്കി താരയുടെ ചോദ്യം.വരിനിൽക്കുന്ന ഒരുത്തനോട് അവൾ കുശലം പറഞ്ഞു ചിരിക്കുന്നു.കാറിലേക്ക് അയാളുടെ ചരിഞ്ഞ നോട്ടം.പേഴ്‌സ് നെഞ്ചിൽ ചേർത്തു പിടിച്ചിട്ടുണ്ട്.ബദറുവിന്റെ ഉള്ളറിഞ്ഞ കാറ് മുരണ്ടു. തട്ടുകടക്കാരന് ഭക്ഷണത്തിനുള്ള തുകയും കൊടുത്ത് 'ദാ,വന്നേന്ന്..' താരയുടെ വേഗനടപ്പ്.
    പൊതികളിൽ വെന്തമണങ്ങൾ."വേഗം പോ സാറേ, കുളിച്ച് വല്ലതും കഴിച്ചിട്ടുവേണം." 
'ഇത് താരയല്ലേ?'ബദറു കടലിനെ നോക്കി.കടല് മണത്തോടെ ഇറങ്ങിപ്പോയി.കുട്ടിയെ മടിയിൽ കിടത്തി ദോശ കഴിപ്പിക്കുന്ന താര.തിന്നതിന്റെ ബാക്കി കവിളിലൂടെ ഒഴുകിവരാറുള്ള സഹോദരിയെ അവനോർത്തു.താര, കുട്ടിയുടെ കവിൾ സാരിത്തലപ്പിന് തുടച്ചു.ദോശമണമുള്ള കൈകൊണ്ട് വീട്ടിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നു.പെട്ടെന്നുള്ള വളവുകൾ, അപരിചിതന്റെ മുഖമുള്ള തെരുവ്.കോമിക്ക് രുപത്തിന്റെ പുറത്തുകിടന്ന തടിയൻ പേഴ്‌സ് അവനെ പോയകാലം ഓർമ്മിപ്പിച്ചു.
     പ്രവാസപ്പെട്ടിരുന്ന വാപ്പയുടെ മയ്യിത്തിന് കൂട്ടുവന്നവരുടെ ഒറ്റച്ചോദ്യം.നഷ്ടത്തിന് പണമോ തൊഴിലോ? ഇരുപതിന്റെ പക്വതയിൽ ബദറു തൊഴിലിന് തലകുലുക്കി.ഉമ്മയും സഹോദരിയും അതേയെന്ന് കരഞ്ഞു.കടലിന് മീതെ പറന്നുപോയിട്ട് ഒന്നരഡസൻ വർഷങ്ങൾ.മീനാക്ഷിവിലാസം ഗ്രൂപ്പിൽ  ബദറുവിന്റെ സ്മൈലികൾക്ക് മറുചിരിപോലും കിട്ടില്ല.താര തിരിച്ചറിയാത്തതിൽ തെറ്റെന്തെന്ന് കൊഴിഞ്ഞ മുടിയും കാലവും തെളിഞ്ഞ നെറ്റിയിൽ അവൻ തടവി.കുട്ടി തിന്നതിന്റെ ബാക്കിയിൽ താര ചവയ്ക്കുന്ന ശബ്ദം.കാറ് ഒരു സിനിമാപ്പാട്ട് മൂളിനോക്കി.ബദറു പേഴ്‌സിനെ പോക്കറ്റിലേക്ക് ഒളിപ്പിച്ചു.
     "ആ പോസ്റ്റിന്റെടുത്ത് ചവിട്ടിക്കോ സാറെ,അതിന്റെ ബൾബ് ഞാനെറിഞ്ഞുപൊട്ടിച്ചിട്ടുണ്ട്.!'
ബദറു ചിന്തകൾക്കും ബ്റേക്കിട്ടു."അതാണ് വീട്, ഇറയത്തെ വെളിച്ചമണയുമ്പോൾ കേറിവന്നോ" കുട്ടിയെ തോളിലിട്ട് ,മരുന്നും ഭക്ഷണപ്പൊതികളും വിരലിൽ തൂക്കിനിന്ന് താരയുടെ ചിരി.കാശുള്ള കസ്റ്റമറെ കിട്ടിയ രതിപ്പെണ്ണിനൊത്ത നടപ്പ്."അതെടുക്കാൻ മറക്കരുത്"തിരികെവന്ന് കവിളിൽ നുള്ളിപ്പറഞ്ഞിട്ടും അവന് അനക്കമില്ല.അവളുടെ മൂക്കുത്തിയിൽ പച്ചക്കല്ലിന്റെ തിളക്കം. നിരോധിന്റെ പാക്കറ്റിൽ, പ്രണയക്കുന്നിലേക്ക് കൈകോർത്ത്‌ നടക്കുന്ന ഇണകളുടെ നിഴൽച്ചിത്രം   
    വെളിച്ചമണഞ്ഞു.നിരോധിന്റെ പാക്കറ്റ് മടിയിൽ നിന്നൂർന്നുപോയി.ബദറുവിന്റെ നടപ്പിന് നോവൻ താളം.തുടലിലിട്ടിരുന്ന മെലിഞ്ഞ പെൺപട്ടി നിലത്ത് വീണ് അവന്റെ നേർക്ക് കാലുയർത്തി.അവൻ വാതിലിൽ തൊട്ടു.തുറവി സമ്മതിച്ച് അതിന്റെ മൂളൽ.ഇരുമ്പൻ അലമാരയുടെ കണ്ണാടിയിൽ സ്വയം നോക്കി.എട്ടാം തരക്കാരൻ ബദറുദീനെ ഈ രൂപത്തിൽ നിന്നും കണ്ടെത്താനാകുന്നില്ല.
      നിലത്തെ പായയിൽ കമഴ്ന്നു കിടന്നുറങ്ങുന്ന കുട്ടി.കുഴിഞ്ഞമെത്ത ആഡംബരമായ കട്ടിൽ. കാറ്റ് നിറയ്ക്കാനുള്ള ബലൂണുകൾ,വെളുത്ത ഒരു നൂലുണ്ട.പാതി നിർമ്മിച്ച ഒരു പട്ടം.മേശപ്പുറത്ത് പാതിയുണങ്ങിയ തുണികൾ.മുറിയുടെ നീല നിറത്തിന് മഞ്ഞ ചാലിക്കുന്ന ബൾബ്.ഫാനിന്റെ കറക്കം, കുട്ടിയുടെ ഉറക്കം,വലിവിന്റെ ഒരേ താളങ്ങൾ.
    കട്ടിലിന് ചേർത്തിട്ട ടീപ്പോയിൽ മരുന്നുകളും റേഡിയോയും.താരയിൽ പാട്ടുണ്ട്.ബദറുവിന്റെ മുഖത്ത് ആശ്വാസം.പിൻവാതിലിലൂടെ കുളി കഴിഞ്ഞ താര വന്നു.ചിരട്ടയിൽ മെഴുകുതിരി വെട്ടം അണയാതെ പിടിച്ചിട്ടുണ്ട്.വെള്ളയിൽ വയലറ്റ് പൂക്കളുള്ള മാക്സി.വാസന സോപ്പിന്റെ മണം.
പാതിയുണങ്ങിയ തുണികൾ അവൾ കട്ടിലിലേക്ക് മാറ്റിയിട്ടു.റേഡിയോ തിരിച്ചു.ആർ.ജെപ്പെണ്ണ്  'പ്രണയാനുഭവങ്ങൾ' ചോദിക്കുന്നു.പൊതികളഴിച്ചു."സാറെന്തെങ്കിലും തിന്നതാണോ.?"ബദറു തല കുലുക്കി.
    "ഇന്നൊന്നും വിറ്റില്ല,കൊച്ചിന് വയ്യ.നാലഞ്ചണ്ണം നശിച്ച കടലുകൊണ്ടുപോയി."ബദറു ചുവരിലെ വിവാഹ ഫോട്ടോയിൽ നോക്കിയിരുന്നു.താരയും മീശയില്ലാത്ത സുന്ദരൻ മുഖക്കാരനും.മേശയുടെ കീഴിലിരുന്ന കുപ്പിവെള്ളം താര എടുത്തു.'അപരിചിതനാരെന്ന്?' എത്തിനോക്കിയ കഴുത്തിലെ നൂലൻ താലിമാലയെ അവൾ പിന്നിലേക്ക് തള്ളിവിട്ടു.       
     മുട്ട പൊരിച്ചത് ഉള്ളിൽ വച്ച ദോശ,താര ബദറുവിന്റെ ചുണ്ടിലേക്ക് നീട്ടി.മോതിര വിരലിൽ വിവാഹ മോതിരമുണ്ടായിരുന്നെന്ന് മഞ്ഞിച്ച അടയാളം."ടെൻഷനൊന്നും വേണ്ട സാറേ,കൊച്ചിന്റെ കമ്മലും മരുന്നിന്റെ കാശും തട്ടിപ്പറിച്ച് മൂന്ന് കൊല്ലം മുന്നേ അങ്ങേര് മുങ്ങിയതാ...."താര വിവാഹം ആൽബം തുറന്നു.പൊങ്ങിവന്ന വിതുമ്പലവൾ കുപ്പിവെള്ളത്തിൽ കലർത്തി കുടിച്ചു.മുളക് കടിച്ച് ബദറുവിന് കണ്ണെരിഞ്ഞു.അവനും കുപ്പിവെള്ളത്തിന് കൈ നീട്ടി.   
    അടുക്കളയിലെ ഇരുട്ടിൽ വായ കുലുക്കുഴുഞ്ഞ് തുപ്പുന്ന ശബ്ദം.ഗ്ലാസ്സിൽ വെള്ളവുമായി താര ബദറുവിന്റെ മുന്നിൽ നിന്നു."ഉമ്മകൾ നീറും.."അടുക്കള വാതിലിനോട് ചാരി അവൻ മുറ്റത്തേക്ക് തുപ്പി.തെങ്ങിന്റെ ചുവട്ടിലെ ഒറ്റമൂട് മുല്ലയിൽ നിന്നും പൂക്കൾ പൊട്ടിക്കുന്ന താരയെ ബദറു നോക്കി. പെൺപട്ടിയുടെ വാലാട്ടം നിലച്ചിട്ടില്ല.താര തിന്നതിൽ പങ്ക് അതിന്റെ മുന്നിലിരിക്കുന്നു.
     'പോയിട്ട് വാ സാറേ...'പായൽനിറമുള്ള കുളിമുറിയിലേക്ക് താര ചൂണ്ടി.ഉയർത്തിക്കെട്ടിയ അലക്കുകല്ലിൽ ബദറു കുറച്ചുനേരമിരുന്നു.ആകാശമേൽക്കൂരയിൽ നക്ഷത്രങ്ങൾ.ചുവരുകൾക്ക് പായൽത്തണുപ്പ്.ഏങ്ങലുകൾ കുളിമുറിയുടെ തകരവാതിൽ തകർത്ത് പുറത്തേക്കോടി. താരയോട് തന്നെ അവതരിപ്പിക്കാനുള്ള വാക്കുകൾ അവൻ ഉള്ളിൽ ഊതിവീർപ്പിച്ചു.വെള്ളത്തിന്റെ തണുപ്പ് ബദറുവിനെ ഇക്കിളിയാക്കി.ചിരട്ടയിലൂന്നിയ മെഴുകുതിരി വെട്ടത്തിൽ താര കാത്തുനിന്നു.
     'ആദ്യമായിട്ടാണോ..?'താര ബദറുവിന്റെ വിരലുകൾ കോർത്ത് പിടിച്ചു."ഞാനുമങ്ങനെ സ്ഥിരമായിട്ടില്ല,തീറ്റക്കും കൊച്ചിന്റെ മരുന്നിനും പിന്നെ എനിക്കും വല്ലാതെ മുട്ടുമ്പോൾ ഒരാളെ.." അവർ അടുക്കളപ്പടിയിലിരുന്നു.താര അവനെ കെട്ടിപ്പിടിച്ചു,ഉമ്മ വച്ചു.അവരെ നോക്കിയുള്ള മെഴുകുതിരിച്ചിരി തണുപ്പൻ കാറ്റ് കെടുത്തിക്കളഞ്ഞു.കൈകോർത്തു പിടിച്ച് ഇരുട്ടിലൂടെ കട്ടിലിലേക്ക് നടന്നു.നിരോധിന്റെ പാക്കറ്റിലെ ചിത്രം ബദറുവോർത്തു.താര അവന്റെ പോക്കറ്റിൽ തപ്പി.'എടുത്തില്ലല്ലേ..?'അവൻ മറുപടി പറഞ്ഞില്ല.അവൾ ചിരിച്ചു, അവനും.  
    മുല്ലപൂത്ത് കിടക്കുന്ന കട്ടിൽ.റേഡിയോയുടെ പ്രണയ ഗീതം.ബദറുവിലേക്ക് പടരുന്ന താരയുടെ കൈവള്ളി.ബദറുവിന്റെ ചുണ്ട് താരയുടെ നെറ്റിയോട് 'ബദറുദ്ദീനാണെന്ന' രഹസ്യം പറഞ്ഞു.താര അത് കേട്ടില്ല.കഴുത്തിൽ വാസനസോപ്പിന്റെ മണം.     
    പെട്ടെന്ന്, കുട്ടി ഛർദ്ദിക്കാൻ തുടങ്ങി.കണ്ണുകൾ വികസിച്ച് ശരീരം വളഞ്ഞു.‌ ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്നു.ഇരുമ്പൻ അലമാരയിൽ മുഖം അമർത്തി കരയുന്ന താര.ഛർദ്ദിയിൽ ചോരനിറം കലരുന്നു.കുട്ടിയെ തോളിലേക്ക് കോരിയിട്ട് ബദറു മുറ്റത്തേക്കിറങ്ങി.പെൺപട്ടി എഴുന്നേറ്റ് നിന്നു വാലാട്ടി.
    ഇരുട്ടിലും മീശയില്ലാത്ത സുന്ദരൻ മുഖം ബദറു തിരിച്ചറിഞ്ഞു.അയാളുടെ കൈയിലിരുന്ന വിറകു കഷ്ണം ആക്രമിക്കാനുള്ളതല്ലെന്ന് വിറ വിളിച്ചു പറയുന്നു.പെൺപട്ടി അയാളോട് കുരച്ചു.മുന്നിൽ കയറിനിന്ന താര അയാളെ നെഞ്ചിൽ തള്ളിമാറ്റി.അവർ കാറിലേക്കോടി.
    ബദറുവിന്റെ ഉടുപ്പിലൂടെ ഒലിച്ചിറങ്ങുന്ന ഛർദ്ദി കൈയിൽ വാങ്ങുന്ന താര.കാറിന്റെ പിൻസീറ്റ് അടഞ്ഞു.കുട്ടി വീണ്ടും ഛർദ്ദിക്കുന്നു.താരയിൽ തിടുക്കം.ബദറു വണ്ടിനിർത്തി അയാളെ നോക്കി. വിറകുകഷ്ണം വലിച്ചെറിഞ്ഞ് അയാൾ മുൻ സീറ്റിലേക്ക് കയറിയിരുന്നു.ഉള്ളിലാകെ ഛർദ്ദിയും സിഗരറ്റും കുഴഞ്ഞ മണം.അയാളിരിക്കുന്ന സീറ്റിൽ കാറ്റുപോയ കോമിക്ക് രൂപത്തിന്റെ കരച്ചിൽ. ബദറു ഗ്ലാസ്സുകൾ തുറന്നിട്ടു,നിരോധിന്റെ പാക്കറ്റ് സീറ്റിനടിയിലേക്ക് തള്ളിമാറ്റി.     
    അത്യാഹിത വിഭാഗത്തിന് മുന്നിലെ വഴുവഴുപ്പൻ ബഞ്ചിൽ അയാൾ സുഖമായി ഉറങ്ങുന്നു.
ബദറുവിന് ഉറക്കം വന്നില്ല.ഓരോരൊ ആവശ്യങ്ങൾക്കായി വാതിലിന്റെ കരച്ചിലിനൊപ്പം താരയും പുറത്തേക്ക് വരുന്നുണ്ട്.ഉറക്കത്തോടെ വഴുതി നിലത്തേക്കിരുന്ന അയാൾ ബദറുവിനോട് ചിരിച്ചു.  ചായ കുടിക്കുമ്പോൾ അയാൾ മാറിനിന്ന് പുകവലിച്ചു.
     അയാൾ,അടുത്ത ഉറക്കത്തിനുള്ള തയാറെടുപ്പിലാണ്.ഉടൻ അടക്കേണ്ട തുക ചിരിചേർത്ത് പ്രഖ്യാപിച്ചിട്ട് നേഴ്‌സുപെണ്ണ് അകത്തേക്ക് തലവലിച്ചു.തുകയെഴുതിയ കടലാസ് ബഞ്ചിന്റെ ഒത്ത നടുവിലിരുന്നു.അയാൾ ബദറുവിനെ നോക്കി.പൂജ്യങ്ങളുടെ പെരുക്കങ്ങൾ പേഴ്‌സിൽ നിന്ന് കൃത്യമായി എണ്ണിയെടുക്കുന്ന ബദറു .'ഇതേത് കണക്കിലെന്ന്'പേഴ്‌സ് ഉള്ളുതുറന്നു.ലാഭനഷ്ടങ്ങൾ  തിട്ടപ്പെടുത്താനാകാത്ത ചിലതുമുണ്ടെന്ന് തുകൽ പേഴ്‌സിന്റെ നാവടപ്പിച്ചു.
         കടലാസും എണ്ണിത്തിട്ടമാക്കിയ സംഖ്യയും തട്ടിപ്പറിക്കുന്ന ആയത്തിൽ സ്വന്തമാക്കിയ അയാൾ വരാന്തയുടെ മറ്റേ അറ്റത്തേക്ക് നടന്നു.ഒപ്പമെഴുന്നേറ്റ ബദറുവിനെ'ഞാനില്ലേ..'യെന്ന നോട്ടത്തിൽ തടഞ്ഞു.
    ബദറുവിനെ ഉറക്കം തൊട്ടു.വഴുക്കൻ ബഞ്ചിന്റെ കൈയിൽ അവൻ തല ചേർത്തു. "ആ തുകയിതുവരെ അടച്ചില്ലേ..?"ഇത്തവണ ദേഷ്യത്തിലായിരുന്നു നേഴ്‌സുപെണ്ണിന്റെ കല്പന.മുന്നിൽ നിൽക്കുന്ന താരയുടെ മുഖത്ത് ആകുലത.പേഴ്‌സിന്റെ ഉള്ളുതൊട്ട്,വരാന്തയുടെ മറ്റേ അറ്റത്തേക്ക് ബദറു നോക്കി.'നടന്നതെനിക്ക് മനസിലായെന്ന്' താരയുടെ വീഴ്ചപോലുള്ള ഇരിപ്പ്.വഴുക്കൻ ബഞ്ചും കരഞ്ഞു.
     പണമടയ്ക്കുന്ന കൗണ്ടറിന്റെ മുന്നിൽ അയാൾ ചുരുട്ടിയെറിഞ്ഞിരുന്ന കടലാസ് താര എടുത്തു.
ചായ കുടിക്കുമ്പോൾ ബദറു മീശയില്ലാത്ത ആ മുഖം തിരയുന്നുണ്ടായിരുന്നു.പൊടികലങ്ങിയ ചായ ദൂരേക്കൊഴിച്ച് 'ഇനിയവനെ തിരയേണ്ടെന്ന്' താര ബദറുവിനെ തൊട്ടു.വഴുക്കൻ ബെഞ്ചിൽ നിന്നൂർന്ന് പോകാതിരിക്കാൻ അവളവനെ കൈകോർത്തുപിടിച്ചിരുന്നു.ക്ഷമ പറയാൻ തുടങ്ങി, 'വേണ്ടെന്ന്' ബദറു അവളുടെ തോളിൽ താളം പിടിച്ചു. 
    കുട്ടി ഉണർന്ന വിവരം പറഞ്ഞ നേഴ്‌സിന്റെ മുഖത്ത് സുഖവിവരം. കുഞ്ഞൻ തുകയുടെ കണക്കും വാങ്ങിക്കാനുള്ള മരുന്നിന്റെ കുറിപ്പടിയും.തൂക്കുപാത്രവുമായി വന്ന താരക്ക് ബദറു പേഴ്‌സ് നീട്ടി. അവൾ മടിച്ചു.അവർ ക്യാന്റീനിലേക്ക് നടന്നു.താര കഴിക്കുന്നത് നോക്കി ബദറു ഇരുന്നു.
     ലോഡ്ജ് മുറിയിൽ കുളി കഴിഞ്ഞു വന്ന ബദറു കുട്ടിക്ക് കൂട്ടിരുന്നു.മുറിയുടെ താക്കോലിനൊപ്പം നീട്ടിയ പേഴ്‌സ്,ഒട്ടും മടിക്കാതെ അവൾ വാങ്ങി നെഞ്ചിൽ ചേർത്തു.
     താരയ്ക്ക് വിലകുറഞ്ഞ ചുരിദാറും ചേർച്ചയില്ലാത്ത ദുപ്പട്ടയും.ബദറു ചിരിച്ചു.ലോഡ്ജ് മുറിയുടെ താക്കോലും പേഴ്‌സും വഴുക്കൻ ബഞ്ചിൽ നടുക്ക് വച്ച് അവൾ മറ്റേ അറ്റത്തേക്ക് നീങ്ങിയിരുന്നു. ബദറുവിന്റെ നോട്ടങ്ങളിൽ നിന്ന് താര കണ്ണൊളിപ്പിക്കുന്നു.കുനിഞ്ഞ ഇരുപ്പ്,വിതുമ്പലിന്റെ കടുക് പൊട്ടൽ.വാതിലിനെ കരയിച്ച് അകത്തേക്കുപോയ താരയെ,വൈകുവോളം പുറത്തേക്ക് കണ്ടില്ല. കുട്ടിയുടെ അരികിൽ തലകുനിഞ്ഞ ആ ഇരിപ്പിലേക്ക് അവൻ എത്തിനോക്കിയിട്ട്, മുറിയിലേക്ക് നടന്നു.
     ഉറങ്ങിയെഴുന്നേറ്റപ്പോൾ ബദറുവിന് ഉന്മേഷം തോന്നി.ഛർദ്ദി മണമുള്ള ഉടുപ്പ് മാറ്റി,കുളിച്ചു.
മുറി ഒഴിഞ്ഞു.കുട്ടിക്കും ഒരുടുപ്പ് വാങ്ങി,മൂന്നാൾക്ക് കഴിക്കാനുള്ളതും പൊതിഞ്ഞു.ആശുപത്രി വഴിയിൽ ബദറുവിന്റെ ചുണ്ടിൽ താരയുടെ പാട്ട് വന്നു,ചിരികളും.
     പടികളിൽ കാത്തുനിൽക്കുന്ന താരയും കുട്ടിയും.അവളുടെ കൈയിലിരുന്നാടുന്ന ബില്ലിന് ബദറു കൈനീട്ടി.കടലാസിലുള്ള അവളുടെ പിടി അയയുന്നില്ല.ഒരറ്റം കീറിയ ബില്ലിൽ കൗണ്ടറിലെ പെണ്ണിന് ചിരി.കാറിലേക്ക് കയറാനും മടിക്കുന്നു.'ഞങ്ങൾ നടന്നുപോകാമെന്ന്' കുട്ടിയെ ചേർത്ത് പിടിക്കുന്ന താര.'വന്നു കയറൂവെന്ന' ബദറുവിന്റെ നില്പ്.'എന്താണ് പ്രശ്നമെന്ന്' ആളുകളുടെ നോട്ടം. 
     കാറിനുള്ളിൽ കുട്ടിയുടെ ചിരിയും തലേന്ന് വീണ'പൊട്ടും പൊടിയും'ഒതുക്കാനുള്ള താരയുടെ ശ്രമങ്ങൾ.കാറിന്റെ മേൽക്കൂരയിലപ്പോഴും മുട്ടിനിൽക്കുന്ന ഒരു ചുവപ്പൻ ബലൂൺ.കണ്ണാടിയിൽ കുനിഞ്ഞ മുഖം.തുണികളും ഭക്ഷണപ്പൊതിയും പിന്നിലേക്ക് നീട്ടി.പെട്ടെന്നുള്ള ഡിസ്ചാർജ്ജിന്റെ പരിഭവത്തിലൂടെ സംഭാഷണം തുടങ്ങാനായിരുന്നു ബദറുവിന്റെ നീക്കം.
    കാറിനുള്ളിലേക്ക് റോഡിന് വലതുവശം നിറഞ്ഞ കടലിന്റെ മൂളിപ്പാട്ടും മണവും കയറിവന്നു.
ഛർദ്ദിമണം മാറി കടലിന്റെ മണം.പറയാൻ വൈകരുതെന്ന് നിലത്ത് കിടന്ന നിരോധിന്റെ പാക്കറ്റും ഓർമ്മിപ്പിച്ചു.ബദറു അതിനെ കാലുകൊണ്ട് തൊട്ടു.കുനിഞ്ഞെടുത്ത് മുന്നിലെ സീറ്റിലിട്ടു.താര അതിലേക്ക് മുഖമുയർത്തി നോക്കി.
   "ഇവിടെ നിർത്താമോ..?"ബദറു പറയാനാഞ്ഞതും കാറും താരയുടെ ചോദ്യത്തിൽ നിന്നു.
വളരെ തിടുക്കത്തിൽ ആൾക്കൂട്ടത്തിലേക്ക് അവൾ നടക്കുന്നു.കാറ്റുപോയ ആ കോമിക്ക് രൂപം കുട്ടി മുറുക്കെപ്പിടിച്ചിട്ടുണ്ട്.കാറിനുള്ളിൽ മുട്ടിനിന്ന ബലൂണുകൾ മണലിൽ ഓടാൻ ശ്രമിക്കുന്നു
കാലുകൾ പതിയുന്നതിന് അനുവദിക്കാതെ അവൾ കുട്ടിയെ വലിക്കുന്നു.ഓട്ടത്തിന്റെ താളമുള്ള നടപ്പ്.ഒരു തവണ 'തിരിഞ്ഞു നോക്കാത്തതെന്തെന്ന് ?' കടലും ബദറുവും തമ്മിൽ ചോദിച്ചു.
     ബദറു കാറൊതുക്കി പാറയുടെ അരികിലേക്ക് നടന്നു.കൗതുകമുള്ള ചെറുപ്പക്കാരൻ തിര പാഞ്ഞുവന്നു.പാറയും കടന്ന് ഏറെ മുന്നിലേക്ക് ചെന്ന് ആരെങ്കിലുമുണ്ടോയെന്ന് നോക്കി.ബദറു തിരയുടെ ഉള്ളിലായി.താരയുടെ കഥ പറയെന്ന് രഹസ്യമായ തിരച്ചോദ്യം.അവന്റെ കരച്ചിലുകണ്ട് തിര വേഗം പിന്നോട്ടാഞ്ഞു.പ്രായമുള്ള ഒരു തിര കയറിവന്നു.തണുപ്പൻ മണലിട്ട് ബദറുവിന്റെ കാലുകൾ പുതപ്പിച്ചു.കടലിന്റെ നേർക്കവൻ ഉമ്മയെ വിളിച്ചുകരഞ്ഞു.
    പിൻപോക്കറ്റിലിരുന്ന പേഴ്സിനെ പാറയെന്ന് ഞെരിച്ചപ്പോൾ ഒറ്റുകൊടുത്തെന്ന് കുറ്റസമ്മതം നടത്തി.ബദറു അതിനെ പുറത്തെടുത്തു.താര 'ബദറുദ്ദീനെ'തിരിച്ചറിഞ്ഞതിന്റെ രേഖകൾ അവൻ കടലിന് കൊടുക്കാനാഞ്ഞു.തീരമില്ലാത്തവരുടെ നിരവധി പലായനങ്ങൾക്ക് സാക്ഷിനിന്ന കാറ്റ് അവനെ ശാസിച്ചു.
      വാത്സല്യമുള്ള ഒരു തിര ബദറുവിനെ മുട്ടോളം നനച്ചു.പാറയുടെ ചുറ്റും വളർന്ന് കെട്ടിപ്പിടിച്ചു. സൂര്യനെ കുഴിച്ചിട്ട് ആളുകൾ മടങ്ങുന്നു.താരയെ ഒപ്പം കൂട്ടണമെന്നുറച്ച ബദറു വളരെ വേഗം ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറി.
     താരയെ വിളിച്ചുറക്കെക്കരയുന്ന ബദറുവിനെ ഒരാളും തിരിഞ്ഞു നോക്കിയില്ല.ഉപേക്ഷിക്കപ്പെട്ട  കോമിക്ക് രൂപങ്ങൾ തിരയോടൊപ്പം കടലിലേക്ക് ഇറങ്ങിപ്പോകുന്നു.താരയെ ഓർത്ത് ബദറുവിന് ഭയം തോന്നി.ആ കോമിക്ക് രൂപങ്ങൾക്ക് പിന്നാലെയും അവനോടി.മുങ്ങിത്തുടങ്ങിയ ഒന്നിനെ വലിച്ചെടുത്തു.കടലിനോടവൻ കയർത്തു.'ഞാനെന്തുചെയ്‌തെന്ന്' കടലിനപ്പോൾ കരച്ചിലും വന്നു.
    താര എറിഞ്ഞുപൊട്ടിച്ച പോസ്റ്റ് തിരഞ്ഞ് ബദറു കാറോടിച്ചുകൊണ്ടേയിരുന്നു.അവളെ കണ്ടെത്തിയ കാത്തിരിപ്പുകേന്ദ്രത്തിൽ നിന്ന്,അപരിചിതന്റെ തുറിച്ചുനോട്ടമുള്ള തെരുവിലൂടെ കടലിന്റെ മുന്നിൽ പലവട്ടം നിരാശയോടെ മടങ്ങി വന്നു.പാറയിൽ ഒന്നിരിക്കാമെന്ന് ചിന്തിക്കുന്ന അവനോട് 'ഒരുതവണകൂടെ പോയിനോക്കെന്ന്' തിരകളും കാറ്റും ആവശ്യപ്പെട്ടു.
   മരുന്നിന്റെ കുറിപ്പടിയിൽ താര പൊതിഞ്ഞു വച്ച,പച്ചക്കല്ലൻ മൂക്കുത്തിയും നൂലൻ താലിമാലയും ബദറു കണ്ടില്ല.തിര തിന്ന റോഡ് 'അവനെയുംകൊണ്ട് വീട്ടിൽപ്പോടാന്ന്..'കാറിനെ കുഴിയിലിറക്കി ഉപദേശിച്ചു.കാറ് റോഡിനോട് വഴക്കിട്ട് മുന്നോട്ടാഞ്ഞു.
      താരയിലേക്ക് വഴിയറിയാത്ത അവരെ നോക്കി കത്തിനിന്ന വഴിവിളക്കുകൾ ചിരിക്കാനും കളിയാക്കാനും തുടങ്ങി.കടലപ്പോൾ മരിച്ച തിരകളോടെ കറുത്ത നിറമായി. 

കെ.എസ്.രതീഷ്
Ratheesh.amets09@gmail.com
9497456636       
              
       

ഒറ്റാൾത്തെയ്യം..!

ഒറ്റാൾത്തെയ്യം..!

  "എനിക്ക് ഭ്രാന്തൊന്നുമില്ല സാറെ, ഈ കഥ ആരോടെങ്കിലുമൊന്ന് പറയണമായിരുന്നു.." 
ദേഷ്യപ്പെട്ട് ഞാനെഴുന്നേറ്റപ്പോൾ കസേരകൾ പിന്നിലേക്ക് വീണു.ഡോക്ടറുടെ മുഖത്തെ ചിരി മാറി. വെളിയിൽ എന്നെ കാത്തിരിക്കുന്ന സഹപ്രവർത്തകർ കാണാതെ ഞാൻ ആ ആശുപത്രിയുടെ വെളിയിലേക്ക്  ഇറങ്ങിയോടുകയായിരുന്നു.
     ജോമിയുടെ വീടിനെക്കുറിച്ചുള്ള പരാതികളിൽ കോർപ്പറേഷന്റെ അന്വേഷണ റിപ്പോർട്ട് എന്റെ മേശയിൽ വന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.എന്റെ സ്ഥാനത്ത് നിങ്ങളായാലും ചിലപ്പോൾ അങ്ങനെയുണ്ടാകും.നഗര ഹൃദയത്തിൽ ആളൊഴിഞ്ഞ് കാടുപിടിച്ച ആ ഇരുനില വീട്, ലഹരിവിൽപ്പനയുടെ പേരിലും മാലിന്യം അനാശാസ്യം എന്നിങ്ങനെ പത്രങ്ങളിൽ പലതവണ ഇടംപിടിച്ചതാണ്.അതിനെക്കുറിച്ച് അന്വേഷിച്ച എന്റെ ജീവനക്കാരൻ നല്ല ഭാവനയുള്ളവനാണ്. അയാളുടെ റിപ്പോർട്ട് ഞാനെന്റെ ഭൂതകാലത്തോട് കൂട്ടിവായിക്കുകയായിരുന്നു.
   ആ റിപ്പോർട്ടിലെ മുഖ്യ കക്ഷിയായ ജോമിക്ക് ഒരിക്കൽ ഞാൻ ആരൊക്കെയോ ആയിരുന്നു. അതോർത്തിട്ടാകും ഒരിത്തിരിനേരം നഗരസഭയുടെ സെക്രട്ടറി ഞാനാണെന്നത് മറന്ന് ഓഫീസ് വരാന്തയിലൂടെ എന്തൊക്കെയോ വിളിച്ചുകൂകിക്കൊണ്ട് ഓടി.ഔദ്യോഗിക വാഹനത്തിൽ എന്നെ ഭ്രാന്താശുപത്രിയിൽ എത്തിച്ചവർ ഇപ്പോൾ ഈ നഗരം മുഴുവൻ തിരയുന്നുണ്ടാകും.
   മണ്ണിലുറച്ചുപോയ ഗേറ്റ് എത്ര ശ്രമിച്ചിട്ടും എനിക്ക് തുറക്കാൻ കഴിയുന്നില്ല.ഈ ഇരുനില വീടും, ഉടമയായ ജോമിയും എനിക്കാരാണെന്നും ഞാനെന്തിനാണ് ഇവിടെയിപ്പോൾ വന്നതെന്നുമൊക്കെ ചോദിച്ചാൽ കൃത്യമായൊരു മറുപടി തരാനൊന്നും കഴിയില്ല.പക്ഷേ, അന്ന് ജോമിയെ ഞാൻ ഒപ്പം കൂട്ടണമായിരുന്നു.എങ്കിൽ ഈ വീടിനും അവനും ചിലപ്പോൾ ആ ദുരന്തം സംഭവിക്കുമായിരുന്നില്ല.
     വീട്ടിലേക്ക് മതില് ചാടിയ ഞാൻ,വീണത് തീയിലായിരുന്നു.ആരോ ചവറുകൂനയ്ക്ക് തീയിട്ടതാകും. ചൂടുതട്ടിയപ്പോൾ ടൈലുകൾ പാകി പുല്ലുകയറാത്ത മുറ്റത്തേക്ക് ഓടിമാറി.വീടിന്റെ വാതിലുകളും ജനാലകളും ഇളകിത്തൂങ്ങിയിട്ടുണ്ട്.ചരിച്ചുവാർത്ത് ഓടുപാകിയ മേൽക്കൂരയിലൂടെ ഈഞ്ചവള്ളികൾ പിടിച്ചുകയറിയിരിക്കുന്നു.തീയേറ്റ് വള്ളിയിലെ ഇലകൾക്കും വാട്ടം.വീടിന്റെ ചുവരിനോട് ചാരിയിരിക്കുന്ന ജോമിയുടെ ദ്രവിച്ചുതുടങ്ങിയ ബൈക്ക്.വള്ളിയുടെ ഒരു പിടുത്തം അതിലുമുണ്ട്.റിപ്പോർട്ടിൽ വായിച്ചതുപോലെ മാലിന്യകൂമ്പാരത്തിന് രൂക്ഷമായ ഗന്ധം.തീപിടിച്ച ഭാഗത്ത് അണയ്ക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്.
   വീട്ടിനുള്ളിലാകെ സിഗരറ്റും സിറിഞ്ചും മദ്യക്കുപ്പികളും.മേശയിലെ വാഴയിലയിൽ ഊണിന്റെ ബാക്കി.നടുവിൽ ഉരുകിത്തീർന്ന മെഴുകുതിരി.ഒരു കുത്ത് ചീട്ട്.നിലത്ത് തുറന്നിരുന്ന കുടിവെള്ളത്തിന്റെ കുപ്പിയിൽ പതഞ്ഞ മഞ്ഞിച്ച മൂത്രം.ചുവരുകൾക്കും മൂത്രഗന്ധം.സെറ്റിയിൽ ഗർഭനിരോധന ഉറയുടെ പൊട്ടിച്ച ഒരു പാക്കറ്റ്.ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഒന്ന് ജനാലയുടെ അഴിയിൽ കുരുങ്ങിക്കിടക്കുന്നു.പടിയിൽ ഒലിച്ചിറങ്ങിയ ശുക്ല നനവ്.ലൈറ്റ് തെളിക്കാൻ ശ്രമിച്ചു, അതിന്റെ ആയുസ്സും വിശ്ചേദിക്കപ്പെട്ടിരുന്നു.പൈപ്പിനുള്ളിലൂടെ വീടിന്റെ അന്ത്യശ്വാസം.ഈ വീട് ജോമിയുള്ളപ്പോഴും ഏകദേശം ഇങ്ങനെയായിരുന്നു.ഞാനാണതിനെ അന്ന് മാറ്റാൻ ശ്രമിച്ചത്. 
     മതിലിന്റെ അപ്പുറത്ത് ഒറ്റയൊറ്റയായ ചെറിയ മുറികളിൽ ഉച്ചത്തിലുള്ള ഹിന്ദി സംഭാഷണങ്ങൾ കേൾക്കുന്നു.പരിചിതമല്ലാത്ത ഭക്ഷണത്തിന്റെ മണങ്ങളും പുകയും അവിടെ ഉയരുന്നു.അതിലെ ഒരു മുറിയിലാണ് ഞാൻ വാടകയ്ക്ക് താമസിച്ചിരുന്നത്.അന്നൊക്കെ അസൂയമൂത്ത് നോക്കിനിന്ന ജോമിയുടെ വീടിനെക്കുറിച്ചോ അവനുണ്ടായ ദുരന്തത്തെപ്പറ്റിയോ ഒരു ജീവനക്കാരന്റെ ഭാവനയിലൂടെ വായിച്ചറിയേണ്ടതില്ലല്ലോ.അതെന്റെയും അനുഭവമല്ലേ..?
    എനിക്ക് പറയാനുള്ളത് വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ്.ഞാനന്ന് ഈ നഗരത്തിലെ ഒരു തീയേറ്ററിൽ ടിക്കറ്റ് കീറാൻ നിൽക്കുന്ന കാലം.ജീവിക്കാനായി സകല വേഷങ്ങളും കെട്ടി ഏതാണ്ട് കരപറ്റുമെന്ന് തോന്നിത്തുടങ്ങിയ സമയം.സർവീസ്‌ കമ്മീഷന്റെ മൂന്നോ നാലോ റാങ്ക് പട്ടികയിൽ സുരക്ഷിതമായ ഇടം.ജോലി ഉറച്ച ഒന്നുരണ്ട് അഭിമുഖങ്ങൾ.ഉടനേ സർക്കാരിന്റെ ഭാഗമാകും എന്ന പ്രതീക്ഷയും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും.അതിലുള്ളതാണ് ജോമിയുടേത് പോലുള്ള വീടും.
    കാലത്തിനൊപ്പം നടക്കാനറിയാത്ത എന്റെ മുതലാളിക്കും ആ തീയേറ്ററിനും ഒരു ഹിറ്റും ചിലവ് കാശും കിട്ടിയ കാലം മറന്നു.പാതിരാപ്പടത്തിന് ആള് തീരെ കുറവായിരിക്കും മിക്കവാറും ആ ഷോ  ഉണ്ടാകാറില്ല.ടിക്കറ്റിന് വരി നിന്നുമടുക്കുന്ന നാലഞ്ചാളുകൾ ഇത്തിരിനേരം കാത്തിട്ട് മുതലാളിയെ തെറിയും പറഞ്ഞങ്ങ് പോകും.തീയേറ്ററു പൂട്ടി ഞാനും മുറിയിലേക്ക് നടക്കും.
     അങ്ങനെയുള്ള ദിവസങ്ങളിലാണ് ജോമിയെ ഞാൻ കാണുന്നത്.പാതിരാപ്പടത്തിന് മാത്രമേ അവൻ വരാറുള്ളു.ഷോ കഴിഞ്ഞാലും കസേരയിൽ നീണ്ടുകിടന്നുറങ്ങുന്ന അവനെ തട്ടിയുണർത്തി വിടാനുള്ള സെക്കുരിറ്റിയുടെ ശ്രമങ്ങൾക്ക് ഞാനും കൂട്ടുപോകും.ഞങ്ങളങ്ങനെ പരിചിതരായി.ഒരേ പടത്തിന് ടിക്കറ്റെടുത്ത്,അതേ സീറ്റിൽ മുഷിപ്പൻ വേഷത്തിൽ മദ്യമണവുമായി ഉറങ്ങുന്ന ചെറുപ്പക്കാരൻ.വിളിച്ചുണർത്തുമ്പോൾ നിരവധി തവണ ക്ഷമ പറഞ്ഞിട്ട് ബൈക്കുമായി തീയേറ്റർ വിടും.അവനെ ഗേറ്റുവാച്ചർ ചീത്ത വിളിക്കുന്നതും പ്രാകുന്നതും കൗതുകത്തോടെ ഞാൻ കണ്ടുനിന്നിട്ടുണ്ട്.
    തീയേറ്ററുകൾ സമരത്തിലായിരുന്ന ദിവസത്തെ പകലുറക്കം കഴിഞ്ഞാണ് ജോമി എന്റെ അയൽക്കാരനാണെന്ന് തിരിച്ചറിയുന്നത്.ഒരു ബീഡിയും വലിച്ച് അപ്പുറത്തെ വലിയ വീട്ടിലേക്ക് അസൂയമൂത്തങ്ങനെ നോക്കുന്ന ഞാൻ.രണ്ടാമത്തെ നിലയിൽ നിന്നുകൊണ്ട് സിഗരറ്റുപുക അയൽക്കാരുടെ വീടിനുനേർക്ക് ഊതിവിടുന്ന ഒരു ചെറുപ്പക്കാരൻ.തീയേറ്ററിൽ നിന്നും സ്ഥിരമായി ഞങ്ങൾ വിളിച്ചുണർത്തിവിടുന്ന അതേ നരച്ച ജീൻസിന്റെ ഉടുപ്പും കറുത്ത പാന്റുമാണ് വേഷം. ബീഡി എന്നെ ചുമപ്പിച്ചു.ജോമിയെന്നെ കാണട്ടെയെന്ന് ഞാൻ ഒന്നുകൂടെ ചുമച്ചു.പരസ്പരം ചിരിച്ചു. എന്റെ കൈ അവിടേക്ക് പരിചിത ഭാവത്തിൽ ഉയർന്നു.അവന്റെ മുഖത്തും ചിരി.
    മുറിയിൽക്കയറി മൂന്നാമത്തെ പുക വിട്ടതേയുള്ളു പുറത്ത് ജോമിയുടെ ബൈക്കിന്റെ മുഴക്കം. ഒറ്റമുറിയുടെ വാതിൽ അവനുവേണ്ടി തുറന്നു.മുഷിപ്പൻ ഗന്ധവും സിഗാർ ചിരിയുമായി അവൻ  വന്നു.തീയേറ്ററുകൾ സമരത്തിലാണെന്ന് ഞാനപ്പോൾ പറഞ്ഞില്ലെങ്കിൽ അന്നുരാത്രിയും അവൻ സിനിമയ്ക്ക് പോകുമായിരുന്നു.ജോമി സിഗരറ്റ് നീട്ടി.ഞാൻ ബീഡിയണച്ച് മേശയുടെ വലിപ്പിലേക്ക് വച്ചു.സിഗരറ്റുകൾ തമ്മിൽ വളരെ നേരം കത്തിച്ചിരിച്ചു.ഞങ്ങൾ ഏറെയൊന്നും മിണ്ടിയില്ല.ജോമി എന്റെ കട്ടിലിൽ അല്പനേരം കിടന്നു.ഇറങ്ങിപ്പോയിട്ടും മുഷിപ്പൻ ഗന്ധം വിരിപ്പിൽ ബാക്കിയുണ്ടായിരുന്നു.
    ഊണിന്റെ പൊതിയഴിക്കാൻ കൈ കഴുകി വരുമ്പോൾ ജോമി മുകളിലെ നിലയിൽ അടുത്ത സിഗരറ്റിലായിരുന്നു.'കഴിച്ചോ'യെന്ന കൈയാംഗ്യത്തിന് പൊതിതുറക്കും മുൻപ് ആ മുഷിപ്പൻ മണം  വീണ്ടുമെന്റെ മുറിയിലെത്തി.അവന്റെ കഴുകാത്ത കൈ ഊണുപൊതിയിൽ പെരുമാറുന്നത് കുറ്റബോധത്തോടെ നോക്കിയിരുന്നു.കറുത്ത നഖമുള്ള വിരലുകൾ ചോറിൽ വച്ചെന്നെ തൊടാൻ ശ്രമിക്കുന്നുണ്ടോ?.ഇലയും പേപ്പറും സ്വന്തം പറമ്പിലേക്ക് വലിച്ചെറിഞ്ഞ ജോമിയുടെ മുഖത്ത് ചിരി. അവൻ കട്ടിലിൽ മറന്നുവച്ച സിഗരറ്റിൽ ഞാൻ ആ രാത്രി കഴിഞ്ഞു.
     ഒറ്റപ്പൊതിയിൽ രണ്ടു നേരം കഴിയേണ്ട എനിക്ക് ജോമിയുടെ കൈ, വിശപ്പുള്ള ബാധ്യതയായി. വരരുതെന്ന് പറയാനോ,പൊതിക്കുള്ള പണം ചോദിക്കാനോ കഴിയുന്നില്ല.ഊണിനിരിക്കാൻ വിളിക്കാതെയുള്ള വരവും തുടങ്ങി.ആ ബൈക്കിന്റെ പതിവ് ചാരിയിരുപ്പ് ഒറ്റമുറിയുടെ മുന്നിലായി. അതിനുമപ്പുറം എന്നെ തൊടാൻ മാത്രമാണ് അവന്റെ വിരലുകൾ ചോറിൽ പതുങ്ങുന്നതെന്ന് തോന്നും.അന്നു ഞാൻ വീട്ടുക്കാരെക്കുറിച്ച് ചോദിച്ചു.അവന്റെ കൈ നിലച്ചു.കട്ടിലിലേക്ക് കമഴ്ന്നു വീണു.തൊണ്ടയിൽ മുള്ളുകുടുങ്ങിയപോലെ ഞാനും ഏറെനേരമിരുന്നു.
    കൈകഴുകി വരുമ്പോൾ ജോമി പകുതിയെരിഞ്ഞ സിഗരറ്റ് എനിക്ക് നീട്ടി.മടിയോടെയെങ്കിലും ഞാനത് വാങ്ങി.തലകുനിച്ചിരുന്ന് വീട്ടുകാര്യങ്ങൾ പറഞ്ഞു.കമ്പനിയിലെ അപകടത്തിൽപ്പെട്ട് ഇല്ലാതായ അപ്പൻ.ആത്മഹത്യ ചെയ്ത വിഷാദിയായ അമ്മ.അനുജന്റെ മനസിനെ താളം തെറ്റിച്ച ആ മരണങ്ങൾ.സെല്ലിനുള്ളിലെ അവന്റെ ചികിത്സ.കാട് കയറിയ ആ വീടും ആരോടും മിണ്ടാനാകാത്ത താനും.ആ കഥ കേൾക്കണ്ടായിരുന്നു എന്നെനിക്ക് തോന്നി.എന്തു പറഞ്ഞ് അവനെ ആശ്വസിപ്പിക്കാമെന്നാതായി എന്റെ അടുത്ത ചിന്ത.
     അടുത്ത ദിവസങ്ങളിൽ തീയേറ്ററുകൾ തുറക്കുന്ന വാർത്ത പറഞ്ഞപ്പോൾ ജോമിയൊന്ന് ചിരിക്കാൻ ശ്രമിച്ചു.സിഗരറ്റിന്റെ ഒടുവിലെ ശ്വാസം ഒരല്പം ഇഷ്ടത്തോടെ ഞാൻ അവനു നീട്ടി.ഒരു ചുംബനം പോലെയാണ് അവനത് വാങ്ങിയത്.
    ഒരുതവണ പാതിരാപ്പടത്തിനുള്ള വരിയിൽ ജോമി മാത്രം.ഞാൻ കാര്യം പറഞ്ഞപ്പോൾ എന്നെ നോക്കിയൊന്ന് ചിരിച്ചു.തീയേറ്ററടച്ച് റൂമിലേക്ക് നടക്കുമ്പോൾ ഗേറ്റിന് വെളിയിൽ എന്നെയും കാത്ത് ആ ബൈക്ക് നില്പുണ്ടായിരുന്നു.പിന്നെയത് പതിവായി.ടിക്കറ്റെടുത്ത് എന്നെയും കാത്തു നിൽക്കുന്ന ജോമിയെ എങ്ങനെയാണ് ഗേറ്റുവാച്ചർ ചീത്ത വിളിക്കുക?.അവർ തമ്മിൽ സിഗരറ്റ് കൈമാറാൻ തുടങ്ങിയതും ഞാൻ കണ്ടു. 
    തീയേറ്ററിന്റെ ആധാരം പലിശക്കാരന്റെ പേരിലായ കാലത്താണ് എന്റെ നില പിന്നെയും പരുങ്ങലിലായത്.മുറിയുടെ വാടക പലതവണ മുടങ്ങി.ഫയൽവാൻ ഹോട്ടലിന്റെ വലിയ പൊതി രണ്ടോ മൂന്നോ നേരമായി കഴിക്കാനും തുടങ്ങി.രാത്രികളിൽ വിശന്ന് കിടക്കുമ്പോൾ അപ്പുറത്ത് പാതിരാപ്പടവും കഴിഞ്ഞുവരുന്ന ജോമിയുടെ ബൈക്കിന്റെ മുരൾച്ച കേൾക്കാം.ഞാനപ്പോൾ അവനെ ഉള്ളിലഞ്ചാറ് തെറിവിളിക്കും.ആവർത്തിച്ചവൻ കാണുന്ന സിനിമാടിക്കറ്റിന്റെ തുകയും എന്റെ ഊണുപൊതിയുടെ വിലയും തമ്മിലുള്ള കണക്കുകൾ കൂട്ടും. 
     പൊതിയഴിക്കുന്ന ഉച്ചകളിൽ ഇരുനില കെട്ടിടത്തിലേക്ക് നോക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും.നോക്കിയാൽ, ചിരിച്ചാൽ, എന്റെ അത്താഴം ജോമിയിൽ ദഹിക്കും.വരരുതെന്ന് പ്രാർത്ഥിക്കും.അതിനൊന്നും കാത്തുനിൽക്കാതെ ആ ബൈക്കും ജോമിയും എന്റെ പങ്കിൽ ചാരിയിരുന്നു.ഒരുതവണ അവൻ കട്ടിലിൽ നിന്നെഴുന്നേറ്റ് പോയപ്പോൾ നൂറിന്റെ രണ്ട് നോട്ടും കുറച്ചു നാണയങ്ങളും മുഷിപ്പൻ മണത്തിന്റെ ഒപ്പം കിട്ടി.പിന്നെയെന്നും അതുകിട്ടുമെന്ന് ഞാൻ ഉള്ളിൽ കണക്കുകൂട്ടി.  
    പൊതിയിൽ ജോമിയെടുക്കുന്ന ഉരുളകൾ ഞാൻ എണ്ണും.അന്നെന്തോ പന്തികേട് തോന്നി. ഒരുരുളയും അവന്റെ വായിലേക്ക് പോകുന്നില്ല.ഒടുവിൽ ചോറിലൂടെ നൂണുവന്ന അവന്റെ വിരൽ എന്നെപ്പിടിച്ചു.വെറുപ്പോടെ ഞാൻ കൈ പിൻവലിച്ചു.വായിൽ വന്ന തെറിയെല്ലാം വിളിച്ചു. എച്ചിലോടെ മുഖത്തൊന്നു പൊട്ടിച്ചു.കട്ടിലിൽ വീണുകിടന്ന് കരച്ചിലായിരുന്നു അവന്റെ മറുപടി. മുറിയുടമ ഒഴിപ്പിക്കലിന് അന്ത്യശാസനം തന്നതിന്റെ സംഘർഷത്തിലായിരുന്നു ഞാനും.
   സഹോദരൻ ജോഷിയുടെ പിറന്നാളും അവരുടെ അപ്പന്റെ ഓർമ്മ ദിവസവുമായിരുന്നു അന്ന്.  ഊണിനിട്ട ഇലയുടെ മുന്നിൽ അപ്പന്റെ വരവും കാത്തിരുന്ന ജോഷിയെപ്പറ്റിയും തളർന്നു വീണ അമ്മയെപ്പറ്റിയും അവൻ ആവർത്തിച്ചുകൊണ്ടിരുന്നു.'നമുക്കവനെ കാണാൻ പോയാലോ?'യെന്ന ചോദ്യത്തിന് ജോമിയുടെ കരച്ചിൽ നിന്നു.എനിക്കൊരു സിഗരറ്റ് തന്നു.
     തീയേറ്ററിന്റെ മുതലാളി ഉപേക്ഷിച്ച ജീവിതവിജയമെന്ന തടിച്ച പുസ്തകമാണ് ഞാൻ തലയിണയായി വച്ചിരുന്നത്.ഞാനവന് ജീവിതവിജയം കൊടുത്തു.പിന്നെയുള്ള ദിവസങ്ങളിൽ ഭ്രാന്തൻ വായനയായിരുന്നു.മുറിയുടമ എന്റെ ഉടുപ്പിന് കുത്തിപ്പിടിച്ചപ്പോഴും ജോമി വായനയിലാണ്. തൊട്ടപ്പുറത്തെ ആ വലിയ വീട്ടിലെ ഒരു മുറി തരാൻപോലും തോന്നാത്ത വായന.പുസ്തകം പിടിച്ചു വാങ്ങി എറിഞ്ഞുകളയാൻ തോന്നി.വിരിപ്പിൽ വീണു കിടന്ന നാണയങ്ങൾ പോക്കറ്റിലേക്ക് മടക്കുന്ന ജോമിയെക്കണ്ട് മുറിയുടമ എന്നെ പുറത്തേക്ക് വലിച്ചിറക്കി.    
    ജോമി ജീവിതവിജയവുമായി വീട്ടിലേക്ക് പോയി.ഒരു ബാഗിലെ തുണികളും കട്ടിലിന്റെ വിരിപ്പുമേ എനിക്ക് എടുക്കാനുണ്ടായിരുന്നുള്ളൂ.അന്നും ജോമി രണ്ടാമത്തെ നിലയിൽ അതേ നില്പ്. വീട്ടിനുള്ളിലേക്ക് കയറിയിട്ടും അവൻ ഇറങ്ങി വരുന്നില്ല.വാതിലുകളും ജനാലകളും തുറന്നിട്ടിരിക്കുന്നു.അകത്തെ കുളിമുറിയിൽ പൈപ്പ് പൊട്ടിയൊഴുകുന്നു.കറങ്ങുന്ന ഫാനുകൾ, അണയാത്ത ലൈറ്റുകൾ.ഒഴിഞ്ഞ മദ്യക്കുപ്പികൾ.ചുവന്ന വെളിച്ചം കത്തിനിൽക്കുന്ന ടി.വി.ഞാൻ മുകളിലേക്ക് കയറാൻ തുടങ്ങിയതാണ്,ജോമിയപ്പോൾ പടികളിറങ്ങിവരുന്നു.സിഗരറ്റിന്റെ പാക്കറ്റ് തന്നിട്ട് ബൈക്കുമായി എങ്ങോട്ടോ പോയി.ഒരു ചൂലുമായി ആ വീടിനെ ഞാൻ ഒരുക്കിയെടുക്കാൻ തുടങ്ങി.
     ചാക്കിലാക്കിയ മദ്യക്കുപ്പികൾ നൂറ്റമ്പത് രൂപയ്ക്കുണ്ടായിരുന്നു.അഴിച്ചിട്ടിരുന്ന ഉടുപ്പുകളുടെ പോക്കറ്റിൽ ചില്ലറകൾ.അടുപ്പിന്റെ സമീപത്തിരുന്ന് കഴിച്ച ഇലയുടെ ഭാഗത്ത് പത്തിന്റെ നോട്ടുകൾ. അലമാരയുടെ ഒരറയിൽ കുറച്ച് ആഭരണങ്ങൾ.തൊട്ടപ്പുറത്ത് സിഗരറ്റിന്റെ കവർ കീറി, വായിച്ച ഭാഗം‌ അടയാളമായി വച്ചിട്ടുള്ള ജീവിതവിജയം.
    ഉച്ചയോടെ വീട് വൃത്തിയായി.ചിതറിക്കിടന്ന തുക ആയിരത്തോളമായി.മുകളിലെ മുറികൾ തുറക്കാൻ കഴിഞ്ഞില്ല.ജോമി സ്ഥിരമായി നിൽക്കുന്ന ഭാഗത്ത് സിഗരറ്റു കുറ്റികൾ മാത്രം. അപ്പന്റെയും അമ്മയുടെയും വലിയ ചിത്രങ്ങൾ,അതിന് മുന്നിൽ ഒരു പഴയ വാച്ചും താലിമാലയും മൊബൈൽ ഫോണും.ജീവിതത്തിലാദ്യമായി ഞാൻ മൊബൈൽ ഫോണിൽ തൊട്ടു.കള്ളനല്ല ഒരു സാധാരണ മനുഷ്യൻ കയറിയാലും ഇതെല്ലാം കൊണ്ടുപോകാവുന്നതേയുള്ളൂ.
    ഉച്ചയ്ക്ക് വലിയ ഊണുപൊതിയുമായി കാത്തിരുന്നിട്ടും ജോമി വന്നില്ല.ഇറച്ചിയും ചേർത്ത് പകുതി ഞാൻ കഴിച്ചു.ഒരു കുഞ്ഞുറക്കം കഴിഞ്ഞിട്ട് മുറ്റം മറച്ചുപിടിച്ച കാട് വെട്ടിയൊതുക്കി തീയിട്ടു.വീടും പറമ്പും ഒരു കുഞ്ഞൻ കാട് വിഴുങ്ങിയിരിക്കുന്നു.ഗേറ്റിനോട് ചേർന്നുനിന്ന കടലാസ് ചെടിയുടെ നീണ്ട മുടി വെട്ടി.ജോമിയുടെ തലയും അതേ കോലാമായിരുന്നു.അതും വെട്ടിക്കണമെന്ന് ഞാൻ ചിന്തിച്ചു.എന്നിലൂടെ വീടും അവനും നന്നാകുന്നത് ഓരോ സിഗരറ്റിലും സ്വപ്നം കണ്ടു.   
      ഏഴിനോട് അടുപ്പിച്ചാണ് ജോമി വന്നത്, ഞാൻ വാർത്ത കാണുകയായിരുന്നു.ഒന്നും മിണ്ടാതെ  അവൻ മുകളിലേക്ക് പോയി.എട്ടുകഴിഞ്ഞപ്പോൾ താഴേക്ക് വന്ന് സിഗററ്റ് നീട്ടി.പോകാനൊരുങ്ങി യപ്പോൾ ഞാനും ബൈക്കിലേക്ക് കയറി.അത് നഗരം ഞെരുക്കിയ ഒരു തീയേറ്ററായിരുന്നു. അതിന്റെ ഭാവിയും എനിക്കൂഹിക്കാൻ കഴിഞ്ഞു.തീയേറ്ററുകളിൽ ഇടം കിട്ടാത്ത ഒരു സിനിമ. ചിതറിയിരിക്കുന്ന മനുഷ്യർ.കസേരയിലേക്ക് കാലുകൾ നീട്ടി വച്ച് ജോമിയുടെ സുന്ദരൻ ഉറക്കം.
ഇടവേള കഴിഞ്ഞപ്പോൾ ഞാനും ഉറങ്ങിപ്പോയി.സെക്കുരിറ്റിക്കാരൻ എന്നെയാണ് തട്ടിവിളിച്ചത്. ജോമി എന്റെ കൈയിൽ കോർത്ത് പിടിച്ചിരുന്നു.ഞാൻ ജോമിയെ ഉണർത്തി.ആ ഗേറ്റുവാച്ചർ ഞങ്ങളെ തെറിവിളിക്കുന്നുണ്ടായിരുന്നു.അന്നുമുതൽ എനിക്കും അതേ  മുഷിപ്പൻ മണമായി.
     ജീവിതവിജയവും വായിച്ചിരിക്കുന്ന ജോമിയുടെ മുഖമാണ് അടുത്ത ദിവസം കണികണ്ടത്. ബൈക്കിലേക്ക് കയറിയ ജോമിയെ ഞാൻ തടഞ്ഞു.
     "ഈ കാട് നമുക്ക് വെട്ടണം വീട് കാണാൻ കഴിയുന്നില്ല"
     "വീട് കാണാതിരിക്കാനാണ് ഞാൻ ആ കാട് വളർത്തിയത്"ജോമിയുടെ കണ്ണുകൾ നിറഞ്ഞു. അന്നുരാത്രിയും അതേ തീയേറ്റർ,സിനിമ, ഉറക്കം, തെറികൾ.
       "നമുക്കൊന്ന് ജോഷിയെ കാണാൻ പോയാലോ..?"മടങ്ങിയെത്തിയപ്പോഴുള്ള എന്റെ ചോദ്യം പൂർത്തിയാക്കാൻ ജോമി അനുവദിച്ചില്ല.കെട്ടിപ്പിടിച്ച് ഒപ്പം കിടന്നു.ജോഷിയെപ്പറ്റി സംസാരിച്ച് ഞങ്ങൾ സിഗരറ്റു മറന്നു.ജോമിയന്ന് ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.ജീവിത വിജയത്തിന്റെ ഒടുവിലെ ഭാഗത്ത് സിഗരറ്റിന്റെ കവർ അടയാളമിരിക്കുന്നത് കണ്ടു.  
    അതിരാവിലെ കുളിച്ചൊരുങ്ങിനിൽക്കുന്ന ജോമിയെ ഞാൻ പലതവണ നോക്കി.ഇരു കവിളിലും നുണക്കുഴി.മുഖത്ത് 'കുളിച്ചു വാ,നമുക്ക് പോകണം'എന്ന ചിരി.എനിക്കായി വച്ചിരുന്ന ബനിയന്റെയും ജീൻസിന്റെയും അതേ നിറമാണ് ജോമിയുടെ ഉടുപ്പിനും.സഞ്ചികളിൽ തുണികളും മധുരങ്ങളും.പുറത്ത് കഴുകി വൃത്തിയാക്കിയ ബൈക്ക്.ആ മുഷിപ്പൻ മണത്തിന് ഞാൻ മൂക്ക് നീട്ടി. കുളിമുറിയുടെ കോണിൽ ഊരിയിട്ട നരച്ച ജീൻസും ഉടുപ്പും പുറത്തേക്ക് തെറിച്ച നാണയങ്ങളും. സോപ്പ് വച്ചിരുന്ന ഭാഗത്ത് നനഞ്ഞ ഒരു സിഗരറ്റ്.
     ആശുപത്രിയുടെ ഗേറ്റിൽ വച്ച് ഒരു മഞ്ഞ കാർഡിനൊപ്പം തുണിയും മധുരങ്ങളും ഒരു തുകയും ജോമിയെന്നെ ഏല്പിച്ചു.കാർഡിൽ അതേ നുണക്കുഴികളുള്ള ജോഷി.എന്നെ ആശുപത്രിയുടെ ഉള്ളിലേക്ക് അവൻ തള്ളിവിട്ടു.ഡോക്ടർ ആ കാർഡ് വാങ്ങി എന്നെയും ഗേറ്റിലേക്കും മാറിമാറി നോക്കി.മതിലിൽ ചാരിവച്ച ബൈക്കിൽ സിഗരറ്റിന്റെ അറ്റത്ത് ജോമിയുണ്ട്.മധുരങ്ങളും തുണികളും മേശയിൽ വച്ചിട്ട് ഞാൻ ഡോക്ടറുടെ പിന്നാലെ സെല്ലിലേക്ക് നടന്നു.നിർബന്ധിച്ചിട്ടും ആ മനുഷ്യൻ തുക വാങ്ങിയില്ല.വെളിച്ചമില്ലാത്ത ആ സെല്ലിലെ നിലത്ത് കീറിയ ഒരു വാഴയില. അതിനുപിന്നിൽ നഗ്നനായി കണ്ണടച്ചിരുന്ന് ചിരിക്കുന്ന ജോഷി.ഞാൻ ഡോക്ടറെ നോക്കി.
    ഡോക്ടർ എന്റെ തോളിൽ കൈയിട്ട് ഓഫീസിലേക്ക് നടന്നു."ജോഷി ഉടുപ്പിട്ടു,മധുരങ്ങൾ കഴിച്ചു, കണ്ണുതുറന്നു,നിന്നോട് ചിരിച്ചു.ഇതൊക്കെയാണ് താൻ ജോമിയോട് പറയേണ്ടത്,അവനെയും ഇവിട്ടിട്ട് നോക്കാനാവില്ല."ഡോക്ടർ പറഞ്ഞതിലുമേറെ കഥകൾ ഞാൻ ജോമിക്ക് വിശദീകരിച്ചു. സെല്ലിനുള്ളിലെ ആ വാഴയിലയിൽ വിഭവങ്ങളൊരുക്കി.മടക്കയാത്രയിൽ അവൻ ബൈക്കിന്റെ താക്കോലെനിക്ക് നീട്ടി.വീട്ടിലെത്തുവോളം എന്നെ കെട്ടിപ്പിടിച്ചിരുന്ന ജോമി പാടുകയായിരുന്നു. ഒന്നോ രണ്ടോ തവണ കഴുത്തിൽ ഉമ്മ തന്നു.മട്ടൻ ബിരിയാണിയും വാങ്ങിയാണ് ഞങ്ങളന്ന് വീട്ടിലേക്ക് വന്നത്.
   കഴിക്കുന്നതിനിടയിൽ ജോഷി അവന്റെ ചേട്ടനെ തിരക്കിയ കഥ ഞാൻ പറഞ്ഞു.ജോമിയുടെ ചുണ്ടിലെ പാട്ട് പെട്ടെന്ന് നിന്നു.നുണക്കുഴി മാഞ്ഞു.തീയേറ്ററിലേക്ക് എന്നെ കൂട്ടാതെയാണ് അവനന്ന് പോയത്.രണ്ടു ദിവസം അവനെ കണ്ടതേയില്ല.മുറിയുടെ ഉടമ ഗേറ്റിനരികിൽ വന്നുനിന്ന് സർക്കാരിന്റെ ഉത്തരവുമായി പോസ്റ്റുമാൻ എന്നെത്തിരയുന്ന വിവരം പറഞ്ഞു.അയാളുടെ വണ്ടിയിൽച്ചെന്ന് അത് ഒപ്പിട്ടു വാങ്ങി.ആ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ക്ലർക്കായിട്ടായിരുന്നു നിയമനം.
    "അവനൊന്നും നമ്മൾക്ക് പറ്റിയ കേസല്ല.മരുന്നും കുത്തിക്കേറ്റി തള്ളയെ ആ വീട്ടിൽ കെട്ടിത്തൂക്കിയതാണ്.അത് കണ്ട ചെറിയ ചെക്കനെ ഭ്രാന്തിന്റെ ആശുപത്രിയിൽ കൊണ്ടിട്ട്. അവനെല്ലാം മറ്റേപ്പണിയുടെ ആളാണ്."അശ്ളീല ചിരിയിൽ മുറിയുടമ അഭ്യുദയകാംക്ഷിയായി. ഞാനും അയാളോട് ചിരിച്ചു.
    എന്റെതെല്ലാം പൊതിഞ്ഞെടുത്തിറങ്ങും മുൻപ് ജീവിതവിജയത്തിൽ നന്ദിയെന്നു കുറിച്ചു, അടിയിൽ ഒപ്പിട്ടു.ജോമി ഏൽപ്പിച്ച തുകയിൽ ഓഫീസിനോട് ചേർന്ന് നല്ല മുറിയെടുത്തു.മുഷിപ്പൻ മണം ഞാൻ ഓർക്കാതെയായി.ഒരു വെള്ളിയാഴ്ചത്തെ സായാഹ്‌ന പത്രത്തിലാണ് ആ വാർത്ത ഞാൻ വായിച്ചത്.'ലഹരിയിൽ യുവാവ് സ്വയം തീകൊളുത്തി..'നുണക്കുഴിയുള്ള പരേതന്റെ ചിത്രം കണ്ടദിവസവും എനിക്കിതേ കുളിരും ചെറിയ പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്.  
     മുറികളിലിപ്പോഴും വാഴയിലകളും ഭക്ഷണത്തിന്റ ബാക്കിയും ചിതറിക്കിടക്കുന്നു.അവന്റെ
മുഷിപ്പൻ മണം ഇപ്പോഴും വീട്ടിനുള്ളിൽ പതുങ്ങിനിൽക്കുന്നുണ്ട്.മുകളിലുള്ള മുറിയിലെ വാതിലുകൾ പൊളിഞ്ഞു കിടക്കുന്നു.ജോമി നിൽക്കാറുള്ള ഭാഗത്ത് ഈഞ്ചവള്ളി പടർന്ന് ഇരുട്ട് വീഴുന്നു.അപ്പന്റെ ഫോട്ടോ ഈർപ്പം തട്ടി മാഞ്ഞിരിക്കുന്നു.അതിന്റെ പിന്നിൽ കിളിയുടെ കൂട്. അമ്മയുടെ ചിത്രം നിലത്തു കിടക്കുന്നു.വാച്ചും മാലയുമിരുന്നിടത്ത് ഒരു ഒഴിഞ്ഞ ലൈറ്റർ. മേശവലിപ്പിൽ 'ജീവിതവിജയത്തിന്റെ' മഞ്ഞിച്ച് കുത്തഴിഞ്ഞ കിടപ്പ്.ആദ്യ താളിൽ ഞാനിട്ട കറുത്ത നന്ദിയും ഒപ്പും മായാതെയുണ്ട്.
      ഈഞ്ചവള്ളികൾ വലിച്ചുമാറ്റി, വെയിലും വെളിച്ചവും മടിയോടെ അകത്തേക്ക് വന്നു. മതിലിനപ്പുറത്ത് എന്നെ ആകാംക്ഷയോടെ നോക്കുന്ന അയൽവാസിത്തലകൾ.സിഗരറ്റിന്റെ പുക ജോമിക്ക് പകരം അവരുടെ നേർക്ക് ഊതിവിട്ടു.കുപ്പികളും സിറിഞ്ചും ഗർഭനിരോധന ഉറകളും പെറുക്കിമാറ്റി.അടുക്കളവഴി ഒരു ചേര പുറത്തേകിഴഞ്ഞുപോയി.കാടിന്റെ തലകൾ വീട്ടിനുള്ളിലേക്ക് 'ഞാൻ ആരെന്ന്' എത്തിനോക്കുന്നു.ഒരു ഇരുമ്പുവടികൊണ്ട് ആ തലകളിൽ ആവേശത്തോടെ തല്ലാൻ തുടങ്ങി.കവറുകളിൽ നിറഞ്ഞ  അയൽ മാലിന്യങ്ങൾ തിരിച്ചെറിഞ്ഞു. ചിലതെല്ലാം തെറികളോടെ മടങ്ങിവന്നു.മറ്റുചിലർ കുറ്റം സമ്മതിച്ചു.
     അടിച്ചൊതുക്കിയ കാട്ടുതലകൾക്ക് ഞാൻ തീകൊടുത്തു.നിലവിളികളും പുകയും,  അയൽവീടുകൾ ഞെട്ടിയുണർന്നു.തീകെടുത്താനുള്ള വണ്ടിയുടെ മുഴക്കം.ഗേറ്റ് വലിച്ചുതുറന്ന് പാഞ്ഞുവരുന്നവരുടെ ആക്രോശം.ജോമിയുടെ വിളികേട്ട ഞാൻ മുകളിലെ നിലയിലേക്ക് ഓടിക്കയറി.ജീവിതവിജയവും വായിച്ചിരിക്കുന്ന അവൻ എനിക്ക് ചിരിയുള്ള സിഗരറ്റ് നീട്ടി..!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

നിറം

നിറം.
             "തവിട്ടു പശുവിൻ വെളുത്ത പാല് കുടിച്ചതിൽപ്പിന്നേ,   
              കറുത്ത രാത്രി ഈ നിറമെല്ലാം ഓർത്തു കിടന്നു ഞാൻ."
                              (ഞങ്ങളിറങ്ങാൻ നേരം മണ്ടേല ബിനു പാടിയത്)
  അതിർത്തി ഗ്രാമമായ പന്തയിലുണ്ടായ കറുപ്പുയുദ്ധമോ,നിറവെറിയുടെ ഇരകളായി ഞങ്ങള് മൂന്നു പിള്ളേര് എട്ടാം തരത്തിൽ പഠിപ്പു നിർത്തിപ്പോയതോ ഒരു ചരിത്രത്തിന്റെയും ഭാഗമല്ല.
      ഞങ്ങളെന്നു പറഞ്ഞാൽ കരിമൻ ഷിബുവെന്നു വിളിക്കുന്ന ഞാനും,മണ്ടേല ബിനുവും കാംബ്ലി വിനോദും.കുറേ വർഷങ്ങൾക്ക് മുമ്പ് ഈ നാട്ടിൽ പരാജയപ്പെട്ടുപോയ ഒരു യുദ്ധത്തിന്റെപോലും രഹസ്യമോ കാരണങ്ങളോ നിങ്ങളൊരിക്കലും അറിയാനുമിടയില്ല,പിന്നയല്ലേ ഞങ്ങള് മൂന്ന് കറുപ്പൻ പിള്ളേര് മനംനൊന്ത് സ്‌കൂളിൽ നിന്നും ഇറങ്ങിപ്പോയ കാര്യം.
    ഞാനത് ചുരുക്കിപ്പറയാം.കാരണം,സമാനമായ ഒരു വിപ്ലവത്തിനാണ് ഈ രാത്രിയിൽ ഞാനും കാംബ്ലിയും ചങ്ങാതിയായ മണ്ടേല ബിനുവിന്റെ തലയിൽതൊട്ട് സത്യം ചെയ്തിറങ്ങിപ്പുറപ്പെട്ടത്. ഈ സംഭവം പ്രാദേശിക പേജിൽ ഒരു കോളം വാർത്തയോ പോലീസ്‌ കേസോ ആയേക്കാം.
     പന്തപ്പള്ളിയിലെ പെരുന്നാളിന് പതിവായി ക്രിസ്തു ചരിതം നാടകമുണ്ട്.ആ തവണ, പൊന്നും മൂരും കുന്തിരുക്കവുമായി വരുന്ന രാജാക്കന്മാരാക്കാമെന്ന് ഇടവക വികാരി ഞങ്ങൾക്ക് വാക്കാൽ ഉറപ്പുതന്നു.പകരമായി കാട് വെട്ടിച്ചു,കല്ലറ വൃത്തിയാക്കി,കാന കോരിച്ചു.എന്നിട്ടോ, നിറം പോരാന്ന് കാരണം പറഞ്ഞ് അതേ വികാരിയച്ചൻ ഞങ്ങളെ ഇടയന്മാരാക്കി സ്റ്റേജിന്റെ ഏറ്റവും പിന്നിലാക്കി. അതും പോരാഞ്ഞിട്ട് എന്നെയും മണ്ടേലയേയും ഡബിൾ റോളിൽ കള്ളന്മാരാക്കി ക്രിസ്തുവിന്റെ ഇടത്തും വലത്തും ക്രൂശിച്ചു.നാടകം നന്നായി,നല്ല കൈയടിയായിരുന്നു.
     പക്ഷേ അതിലെ ചില രംഗങ്ങൾ ഞങ്ങൾക്കു മാത്രമല്ല,ഞങ്ങളെ രാജാക്കന്മാരായി കാണാൻ ഒരുങ്ങി വന്ന കറുമ്പികളായ മൂന്ന് തള്ളമാർക്കും വലിയ നീറ്റലായി.അതാണ് വിപ്ലവകരമായ കറുപ്പുയുദ്ധത്തിന്റെ കാരണം.
    ഇപ്പോൾ അരയ്ക്ക് കീപ്പോട്ട് തളർന്ന് കിടക്കുന്ന മണ്ടേല ബിനു,അന്ന് രാത്രി ദാസൻ പട്ടാളത്തിന്റെ ഇരട്ടക്കുഴൽ അടിച്ചു മാറ്റി.വെളുത്ത മാതാവിന്റെ രൂപക്കൂടിന് പിന്നിൽ ഒളിച്ചു നിന്ന് ഇടവക വികാരിയുടെ നെഞ്ചുനോക്കി കാഞ്ചി വലിച്ചു.ഉന്നമില്ലാത്തവർ വിട്ട ഉണ്ട, പള്ളി മുറ്റത്തെ വലിയ കാട്ടത്തിയുടെ നെഞ്ചിലോ,പള്ളിയുടെ തിരുനെറ്റിയിലോ അതിനും പിന്നിലെ തെമ്മാടിക്കുഴിയിലോ കാണും.
      തോക്കുണ്ടായിട്ടും തോറ്റുപോയ ഞങ്ങൾ അന്നോടെ പള്ളി വിട്ടു.കറുത്ത ചട്ടയുള്ള ബൈബിളും വലിച്ചെറിഞ്ഞു.കറുപ്പുയുദ്ധമെന്ന് ഞങ്ങൾ മാത്രം പരസ്പരം ഇപ്പോഴും കുടിക്കാനിരിക്കുമ്പോൾ പറഞ്ഞു ചിരിക്കുന്നത് ഇതിനെയാണ്.
     ഈ സംഭവം ഞാൻ 'കറുപ്പുയുദ്ധ'മെന്ന പേരിൽ ഒരു കഥയാക്കി, പതിപ്പുകളിൽ അയച്ചിട്ടുണ്ട്. അച്ചടിച്ചു വന്നോന്നൊന്നും എനിക്കറിഞ്ഞുടാ.എനിക്കിങ്ങനെ ഓരോന്ന് നോവുമ്പോഴും തോന്നുമ്പോഴും ഒറ്റ എഴുത്തെഴുതും.ആ കഥകളിൽ എന്തിരിക്കുന്നു എന്നൊന്നും ചോദിക്കരുത്, ഞാനതിൽ നൊന്തിരിക്കുന്നുണ്ട്.ചിലപ്പോഴിതും എഴുതിപ്പോകും.ഇനി,നിറവെറിയും ഞങ്ങളുടെ ഭാവി തിരിച്ചുവിട്ടതും പഠിപ്പു നിർത്തലുമുള്ള ആ നോവൻ കഥ പറയാം.
      ഇരുപത് കൊല്ലം മുമ്പുള്ള ഒരോണക്കാലത്താണ് ഞങ്ങൾ മൂന്നും ഒടുവിലത്തെ സ്‌കൂൾ പരീക്ഷയെഴുതിയത്.ആഗ്രഹമുണ്ടായിട്ടും അന്നോടെ തീർന്നു സ്‌കൂളും പഠിപ്പും പരീക്ഷകളും.
അതിന്റെ കാരണക്കാരനായ പപ്പനാഭൻ സാറിന്റെ മോന്തയ്ക്ക് ഒന്നെങ്കിലും പൊട്ടിക്കണമെന്ന് മണ്ടേല ബിനുവിന് ഒരാഗ്രഹം.മൂത്രക്കുഴലിലെ പഴുപ്പ് നോക്കി അവൻ കരഞ്ഞോണ്ടിരുന്നു.അവന്റെ മോളും പെണ്ണും വന്ന് എത്തി നോക്കി.ഞാനും കാംബ്ലിയും രാത്രിയാണെന്നോ, പപ്പനാഭൻ നാട്ടിലെ പ്രമാണിയാണെന്നോ ചിന്തിച്ചില്ല.മണ്ടേലയക്ക് വേണ്ടി അയാളെ തല്ലാനുറപ്പിച്ച് ഇറങ്ങിയങ്ങ് നടന്നു.
      മണ്ടേല സ്‌കൂളിൽ നിന്നിറങ്ങി അവന്റെ അപ്പന്റെ വഴിക്ക് തെങ്ങിന്റെ മുകളിൽ കയറി. വീണ്, നട്ടെല്ലു തകർന്ന് കിടപ്പിലുമായി.കാംബ്ലി പാറപൊട്ടിക്കണ കമ്പനിയിലായി.കോർപ്പറേഷന്റെ ചവറു കോരണ കരാർ പണിയ്ക്ക് ഞാനിപ്പോഴും പോകുന്നുണ്ട്.
    എല്ലാ ശനിയും വൈകിട്ട് ഒരരക്കുപ്പിയും കുറച്ചു വീട്ടു സാധനങ്ങളും വാങ്ങി,ഞങ്ങള് മണ്ടേലയുടെ വീട്ടില് കൂടും.യുദ്ധമുൾപ്പെടെ പഴയതെല്ലാം ഓർക്കും ചിരിക്കും.അവന്റെ പെണ്ണിനും മോൾക്കും അതിലൊന്നും ഒരെതിർപ്പുമില്ല.സത്യത്തിൽ ആഴ്ചയിൽ ഞങ്ങള് കൊണ്ടുകൊടുക്കണതിലാണ് ആ മൂന്നും, ജീവൻ പിടിച്ചു നിർത്തണത്.
    ഒന്ന് വലിക്കാനും കുടിക്കാനും ഞങ്ങളുടെ വരവും കാത്ത് കിടക്കുന്ന മണ്ടേല,ഇന്ന് ഒരു തുള്ളി തൊടുന്നില്ല.മൂത്രം പോകാനിട്ടിരുന്ന കുഴലിൽ പഴുപ്പും ചുവപ്പും.ഉടനെങ്ങാനും ചത്തു പോകുമോന്ന് അവന് പേടി.അതിന് മുമ്പ് അവന് ആ പപ്പനാഭനോട് പകരം വീട്ടണം.
      പാറപൊട്ടിച്ചും വളയം പിടിച്ചും തഴമ്പിച്ച കാംബ്ലിയുടെ കൈപിടിച്ച് മണ്ടേല ഒറ്റച്ചോദ്യം.
"ആ പപ്പനാഭനിട്ട് നീ നല്ലൊരണ്ണം പൊട്ടിക്കോടാ..."എന്നോടും അങ്ങനെ ചോദിച്ചു.ഞാനെന്ത് പറയാൻ.ഈ മണ്ടേലയുടെ മോളും എന്റെ ചെറുക്കനും കാംബ്ലിയുടെ ഇരട്ട പെണ്പിള്ളേരും അതേ സ്‌കൂളിലാണ് പഠിക്കുന്നത്.അതുമാത്രമല്ല, പപ്പനാഭൻ ഇപ്പോഴതിന്റെ മാനേജരാണ്.എന്നിട്ടും കാംബ്ലി സമ്മതിച്ചു.അവനങ്ങനെ വെറും വാക്ക് പറയൂല, ചെയ്യുമെന്ന് പറഞ്ഞാ ചെയ്യും.പന്തയിലെ ഒരുത്തനും അവന്റെ നേർക്ക് നിക്കൂല.കാംബ്ലിയുടെ കൈയീന്ന് ശരിക്കൊന്ന് കിട്ടിയാൽ പപ്പനാഭൻ വീണ് ചാവും, അതാണ് എന്റെ പേടി.
     മണ്ടേലയുടെ തലയിൽ തൊട്ട് സ‌ത്യോം ചെയ്ത്,തലയിണയുടെ കീഴിൽ അഞ്ഞൂറിന്റെ നോട്ടും വച്ചിട്ട് ഞങ്ങളിറങ്ങി.കാംബ്ലിയുടെ നടപ്പിന് പ്രതികാര വേഗം.
        "ഇടക്കിടെ ഞാൻ നിങ്ങളെ വിളിക്കും'ഫോണിനെ ചെവിയിൽ ചേർത്തു പറഞ്ഞിട്ട്, മണ്ടേല നാലിലോ മൂന്നിലോ പഠിപ്പിച്ച നിറപ്പാട്ട് മൂളുന്നു.
   'തവിട്ടു പശുവിൻ വെളുത്ത പാല് കുടിച്ചതിൽ പിന്നേ,
   കറുത്ത രാത്രി ഈ നിറമെല്ലാം ഓർത്തു കിടന്നു ഞാൻ.'
       "കാംബ്ലി,നീ പപ്പനാഭനെ തല്ലാൻ പോവേണാ.?"ചോദ്യത്തിന്റെ നേർക്ക് അവന്റെ നോട്ടം കണ്ടിട്ട് എനിക്ക് പേടിയായി.ഇരുട്ടിലൂടെ ഞങ്ങളുടെ രണ്ട് ബീഡികൾ മിണ്ടാതെ നീറി.ഇപ്പഴില്ലെങ്കിലും, ഒരിക്കെലെനിക്കും പപ്പനാഭൻ സാറിനെ തല്ലണമെന്നു തോന്നീട്ടുണ്ട്.
      എട്ട് സിയിലെ പിൻബഞ്ചിൽ, പുറത്ത് മഴപെയ്യുന്നതും മരം പെയ്യുന്നതും ഞങ്ങള് മൂന്നും നോക്കിയിരിക്കും.ഇല്ലാത്ത പുസ്തകങ്ങളെക്കാൾ വെയില് പൂത്ത മൈതാനവും ബിഗ് സ്‌ക്രീനുള്ള  ജനാലയും,രുചിയുള്ള കഞ്ഞിപ്പുരയുമാണ് കൗതുകമുള്ള പാഠങ്ങൾ ഞങ്ങൾക്ക് പഠിപ്പിച്ചത്.
     ഓണം വരുന്നതിന് മുമ്പ്,സ്‌കൂളിന്റെ മുറ്റത്ത് തുമ്പികളെത്താൻ തുടങ്ങിയ ഒരു ദിവസം.
പി.റ്റി പിരീഡിൽ വെസ്റ്റിൻഡീസ് ടീമിനുവേണ്ടി ഇന്ത്യക്കാരന്മാരെ അടിച്ചു പരത്തിയ ക്ഷീണത്തിൽ കാംബ്ലി നല്ല ഉറക്കമായിരുന്നു.ഞങ്ങള് മൂന്നും ഒറ്റ ടീമിലേ നിൽക്കൂന്നുള്ള വാശി കാരണം ക്ലാസിലെ മറ്റുപിള്ളേര് ഞങ്ങളെ വെസ്റ്റ് ഇൻഡീസാക്കി.ഞങ്ങളങ്ങ് സമ്മതിച്ചുകൊടുത്തു,അവര് ഇന്ത്യൻ ടീം.
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ വെള്ളപ്പാറ്റ കൃഷ്‌ണകുമാർ ഞങ്ങളുടെ ക്ലാസിന്റെയും ലീഡറാണ്.
       ബെൽബോട്ടം പാന്റും ലാമ്പി സ്‌കൂട്ടറും,നെറ്റിയിൽ വീണ മുടിയിൽ കിളിക്കൂടുമുള്ള പപ്പനാഭന്റെ ബന്ധുവായ കൃഷ്ണകുമാറിനെ ലീഡറാക്കാൻ സാറന്മാർ കാണിച്ച വേലകൾ കറുപ്പുയുദ്ധത്തിൽ എഴുതിയിട്ടുണ്ട്.പക്ഷേ ഞങ്ങളുടെ നിറം നോക്കിയാണ് ടീമിനെ വെസ്റ്റിൻഡീസ് ആക്കിയതെന്നും, പിള്ളേരെല്ലാം നിർത്താതെ കൂവിയതെന്നും ഞങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ,സംശയമാണ്.
     കറുത്ത ബോർഡിന്റെ മുന്നിൽ കരഞ്ഞോണ്ട് ഞങ്ങളുടെ നേർക്ക് വിരല് ചൂണ്ടി നിൽക്കുന്ന കൃഷ്ണകുമാറും,പള്ളിവാള് പോലെ ചൂരലുപിടിച്ച് ഉറഞ്ഞ് തുള്ളുന്ന പപ്പനാഭൻ സാറും. ഞങ്ങൾക്കാദ്യമൊന്നും കാര്യം മനസിലായില്ല.ക്ലാസിന് മുന്നിൽ പിടിച്ചു നിർത്തി ലളിതാംബിക ടീച്ചറും കുഞ്ഞാലി സാറും ചേർന്ന് ഞങ്ങളുടെ സഞ്ചികൾ തപ്പുകയാണ്.പിള്ളേരുടെയും, ജനാലകൾ വഴി മറ്റു ടീച്ചർമാരുടെയും ആണി നോട്ടങ്ങളും ഞങ്ങളെ കറുപ്പൻ ബോർഡിൽ ക്രൂശിച്ചു.
     ദേഹ പരിശോധനയ്ക്ക് ഞങ്ങളെ സ്റ്റോർ മുറിയിലേക്ക് കൊണ്ടുപോയി.അടിനിക്കറിടാൻ മടിയുള്ള മണ്ടേല മുണ്ടഴിക്കാൻ വിസമ്മതിച്ചു.പപ്പനാഭന്റെ ചൂരൽ  ഭദ്രകാളി തോറ്റം പാടി.മുൻവശം പൊത്തി നിൽക്കുന്ന മണ്ടേലയുടെ കരിന്തുടയിൽ ചോരപ്പാട്.മൂന്നാളുടെയും കരിഞ്ചന്തി വിടവുകളിൽ തെളിവെടുപ്പിനായി ചൂരലു പാമ്പ് ഇഴഞ്ഞു കയറി.പപ്പനാഭന്റെ ചിരി.ഞങ്ങള് ഒന്നിച്ചു കരഞ്ഞു.സഞ്ചിയിലും കീശയിലും കൈയിട്ടവർക്ക് ആകെ കിട്ടിയത് വെള്ളരി മാങ്ങയുടെ പകുതിയും, കൊപ്രപ്പൂള് പേപ്പറിൽ പൊതിഞ്ഞ ഉപ്പും പിന്നെ മൂന്ന് കാന്താരി മുളകും.
      കാരണമറിഞ്ഞപ്പോഴും ഞങ്ങൾക്ക് ഒരു വിഷമവും തോന്നിയില്ല.സ്റ്റാമ്പിന് പിരിച്ച പൈസ നൂറ്റിമുപ്പത് രൂപ,കൃഷ്ണകുമാറിന്റെ ബാഗിൽ കാണാനില്ല.ആ പിരിവ്, മൂന്നാളിൽ ആകെ കൊടുത്തത് ഞാൻ മാത്രം.ക്ലാസിലെ വേറെ ഒരാളെയും അവർ സംശയിച്ചില്ല എന്നതായിരുന്നു ഞങ്ങളെ ഏറ്റവും നീറ്റിയത്.പപ്പനാഭന്റെ വഴിയിൽ കള്ളക്കുഴിയും കുപ്പിച്ചില്ലും നിറച്ചു.ലാംബി പക്ഷെ വഴിമാറിപ്പോയി.
      പിറ്റേ ദിവസം പേപ്പറിൽ പൊതിഞ്ഞു വച്ചിരുന്ന തുക കൃഷ്ണകുമാർ വീട്ടിൽ മറന്നു വച്ചിരുന്ന കാര്യവും ഞങ്ങളറിഞ്ഞില്ല.ലളിതാംബിക ടീച്ചറിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെക്കുറിച്ചുള്ള പ്രസംഗം കേട്ട് ഡെസ്കിനടിയിലേക്ക് തലകുനിച്ചിരുന്ന കാംബ്ലി,അവരെയും പപ്പനാഭനേയും ചേർത്ത് കുറേ ചീത്ത വിളിച്ചു.മുണ്ടുയർത്തി കരിന്തുടയിലെ ചൂരൽപ്പാടിൽ പതിയെ തടവി.
     അന്നുമുതൽ സ്കൂളിലോട്ട് പോകണ്ടാന്ന് കരുതിയിരുന്നതാണ്.പക്ഷേ പരീക്ഷയ്ക്കിടയിൽ ഇന്ത്യക്കാരുമായിട്ടുള്ള ഫൈനൽ മാച്ചുള്ളോണ്ട് പരീക്ഷ എഴുതിയെന്ന് വരുത്തി.ഞങ്ങള് ഫൈനൽ കളിയിലും തോറ്റു.തുട പൊട്ടി ഒഴുകിയ കാംബ്ലി പനി പിടിച്ചു കിടപ്പിലായിപ്പോയി.പിള്ളേരെല്ലാം കൂവി.       അവസാന പരീക്ഷയുടെ തലേന്ന് രാത്രി പപ്പനാഭൻ ചത്തു കിടക്കുന്നത് ഞാൻ സ്വപ്നം കണ്ടത്  പറഞ്ഞു ചിരിച്ചോണ്ടാണ് സ്‌കൂള് വിട്ടുപോന്നത്.അതിന് ശേഷമിന്നാണ് പപ്പനാഭന്റെ കാര്യങ്ങൾ ഞാനും ചിന്തിച്ചത്.വലിയ ഗേറ്റിന്റെ മുന്നിൽ കൈകൾ മുറുക്കിപ്പിടിച്ചു നിൽക്കുന്ന കാംബ്ലി.
    നാട്ടിലെ ഏറ്റവും വലിയ വീട്  വെളിച്ചംകെട്ടുനിൽക്കുന്നത് കണ്ടിട്ട് കാംബ്ലിക്ക് നിരാശ തോന്നി. "പപ്പനാഭനും വീട്ടുകാരും ഇല്ലാതെ വരുവോടാ".ഞങ്ങൾ തമ്മിൽ നോക്കി.ഗേറ്റിന് താഴില്ല.കാറുകളും കിടപ്പുണ്ട്.നാലഞ്ച് പണിക്കാരെങ്കിലും ആ വീട്ടുമുറ്റത്ത് എപ്പോഴും കാണുന്നതാണ്.കാംബ്ലിയുടെ കൈ പിടിക്കാൻ പാങ്ങുള്ള ഒറ്റൊരുത്തനും അതിലും കാണില്ല.എന്റെ ഭയങ്ങളെ ഞാൻ തിരുത്തി. "അളിയാ പപ്പനാഭനെ പൊട്ടിച്ചാടാ..."ഫോണിന്റെ മറുതലയിൽ മണ്ടേലയുടെ ചിരി.ഞങ്ങളും തമ്മിൽ ചിരിച്ചു.മണ്ടേലയക്ക് അപ്പോഴും നിറങ്ങളുടെ പാട്ടു തന്നെയാണ്. 
      ഗേറ്റ് ചവിട്ടിത്തുറന്ന കാംബ്ലി,പാറ പൊട്ടിക്കുന്ന ശബ്ദത്തിൽ ചീത്ത വിളിക്കാൻ തുടങ്ങി.അയൽ വീടുകളുടെ ഞെട്ടി ഉണരൽ.ഞാനും വിട്ടു കൊടുത്തില്ല.പപ്പനാഭന്റെ സകല പൂർവ്വികരെയും നിരത്തി നിർത്തി തുണിയഴിപ്പിക്കാൻ തുടങ്ങി.കല്ലെടുത്ത് മുകളിലെ നിലയിലെ കണ്ണാടിയിലേക്ക് ഒരു ബൗണ്സർ.കാംബ്ലി ചെടിച്ചട്ടികളെ മടല് ബാറ്റിന് ബൗണ്ടറി കടത്തുന്നു.പെട്ടെന്നവൻ മുണ്ടഴിച്ചിട്ട്  തിരിഞ്ഞു നിന്ന് ചന്തി വിടർത്തി ഒറ്റ ഡയലോഗ്.
     "പപ്പനാഭാ നായിന്റെ മോനെ, നോക്കെടാ ഈ വെടവിലെങ്ങാനും നിന്റെ സ്റ്റാമ്പിന്റെ പൈസ ഉണ്ടോന്ന്.."എനിക്ക് അവന്റെ നില്പുകണ്ടു ചിരിയാണ് വന്നത്.ചിരിയമർത്തി,ഞാനും അനുകരിച്ചു. അരയിൽ കെട്ടിപ്പിടിച്ചിരുന്ന നിക്കറഴിക്കാൻ ഞാൻ പ്രയാസപ്പെടുന്നത് കണ്ടിട്ട് കാംബ്ലി അടുത്ത ഡയലോഗ് കാച്ചി. 
      "ഞങ്ങളെ ജീവിതം കളഞ്ഞത് നീയാടാ പപ്പനാഭാ,അന്ന് പൈസ തിരിച്ചു കിട്ടിയപ്പോൾ നിനക്ക് ക്ഷമ പറയാൻ തോന്നിയോടാ പുല്ലേ.!അല്ലെങ്കിലും കറുത്ത ഞങ്ങളിലാണല്ലോ കള്ളലക്ഷണവും എല്ലാവനും കളവ് മുതല് തിരയാനുള്ള ഇടവും."ആ പറച്ചിലുകേട്ട് ഞാൻ മുണ്ടെടുത്ത് ഉടുത്തു.ഒരു പൂച്ചട്ടികൂടെ വീടിന്റെ ഇറയത്തേക്ക് വലിച്ചെറിഞ്ഞിട്ട് ഞങ്ങളോരോ ബീഡി കത്തിച്ച്,ആരു വന്നാലും ഇടിക്കാൻ തയാറായി നിന്നു.ഒരു ബൾബ് പോലും തുറിച്ചു നോക്കുന്നില്ല.ഞങ്ങൾ വീടിന്റെ അരികിലേക്ക് നടന്നു.
      വാതിൽ തുറന്നു കിടക്കുന്നു.ഉള്ളിൽ നിന്നും വാർദ്ധക്യം ബാധിച്ച കരച്ചിലുകൾ.തിരികെ നടക്കാൻ തുടങ്ങിയ എന്നെ കാംബ്ലി വീട്ടിനുള്ളിലെ ഇരുട്ടിലേക്ക് പിടിച്ചുവലിച്ചു.വീട്ടിനുള്ളിലാകെ മണ്ണെണ്ണ മണം.കാംബ്ലി എന്റെ ചുണ്ടിലിരുന്ന് ചിരിക്കുന്ന ബീഡി വലിച്ചെറിഞ്ഞു.വെളിച്ചത്തിനായി ഞാൻ ചുവരിലൂടെ കൈ പരതി.ആ രംഗം കാണാൻ വയ്യെന്ന് രണ്ടോ മൂന്നോ തവണ ശ്രമിച്ചിട്ടാണ് നീണ്ട‌ ലൈറ്റ് തെളിഞ്ഞു നിന്നത്.
     മുറിയുടെ ഒത്ത നടുക്ക് കെട്ടിപ്പിടിച്ചിരുന്ന് വിറയ്‌ക്കുന്ന പപ്പനാഭൻ സാറും ഭാര്യയും.രണ്ടാളും കത്തിപ്പിടിക്കാൻ പാകത്തിന് മണ്ണെണ്ണയിൽ നനഞ്ഞിട്ടുണ്ട്.ഇനിയും ബാക്കിയിരിക്കുന്ന കനാസിൽ നീല നിറം.തൊട്ടുമുന്നിൽ ആർത്തി പിടിച്ച തീപ്പെട്ടി.പൊതിഞ്ഞു വച്ച ഭക്ഷണം.പപ്പനാഭൻ സാറിന്റെ ഭയം കണ്ടിട്ട് മുഖം വിടരുന്ന കാംബ്ലിയുടെ നേർക്ക് ഞാൻ ഒരു തവണ നോക്കി.
     തീപ്പെട്ടിയുടെ നെഞ്ചിൽ കാംബ്ലി ചവിട്ടി.തീ ഒളിപ്പിച്ച കറുത്ത തലയൻ തിരിക്കുഞ്ഞുങ്ങളെ അത് ഛർദ്ദിച്ചു.ഞാൻ കൊണ്ടുവന്ന വെള്ളം എന്തിനെന്ന് അവന്റെ ചോദ്യം.വാങ്ങി നിലത്തേക്ക് ഒഴിച്ചു. കന്നാസ് മാറ്റി വച്ചു.കാംബ്ലി അവരെ സെറ്റിയിലേക്ക് ഇരുത്തി.മുന്നിലായി ഞാനും ഇരുന്നു.
   മണ്ടേലയുടെ വിളി വരുന്നുണ്ട്.ഞാൻ ഫോണിന്റെ സ്‌ക്രീൻ കാംബ്ലിയുടെ മുഖത്തിന് നേരെ പിടിച്ചു. കാംബ്ലിയുടെ മുഖത്ത് ഗൗരവം.ഫോണും വാങ്ങി പുറത്തിറങ്ങി നിന്ന് മണ്ടേലയോട് സംസാരിക്കുന്നു. പപ്പനാഭൻ സാറിന്റെ നേർക്ക് ബാല്യം മറക്കാത്ത ഞാൻ കൈകൂപ്പിപ്പോയി.സാറും എന്നോട് കൈ കൂപ്പി.
     ഞാൻ പപ്പനാഭൻ സാറിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു.ഞങ്ങളോട് ഒരിക്കലും ചിരിച്ചിട്ടില്ലാത്ത
സാറിനിപ്പോഴും അതേ ദുഷിച്ച മുഖം.വിറയ്ക്കുന്ന ഭാര്യയെ പപ്പനാഭൻ കൈയിൽ മുറുക്കെ പിടിക്കുന്നു.ഭാര്യയുടെ കരച്ചിൽ  പൊട്ടിയടർന്നു വീണു.അതു കേട്ടാണ് കാംബ്ലി ഉള്ളിലേക്ക് വന്നത്. "ചാവാൻ പോണെങ്കിൽ അങ്ങ് ചത്താപ്പോരെ എന്തിന് മോങ്ങണത്.?" കാംബ്ലിയോട് എനിക്കപ്പോൾ ദേഷ്യം തോന്നി.
      "മണ്ടേലയക്ക് വേണ്ടി നിങ്ങൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കണമെന്നേ ഞങ്ങൾക്കുള്ളൂ."പകയുടെ പൂർവ്വ വിദ്യാർത്ഥിക്കഥ കാംബ്ലി പാറപൊട്ടിക്കുന്ന താളത്തിൽ പറഞ്ഞു.ഉഗ്രസ്ഫോടനത്തിൽ വീണ
ആ കഥ പപ്പനാഭൻ സാറിന് ഓരോർമ്മയുമില്ലെന്ന് ആ മുഖം കണ്ടാലറിയാം.ഭർത്താവിന്റെ പൂർവ്വ വിദ്യാർത്ഥികൾ തല്ലാൻ വന്നിരിക്കുന്നു.അതു മാത്രമായിരിക്കും ഭാര്യയ്ക്കും മനസിലായത്. ഒരുപക്ഷേ ആ കഥ ഞാനാണ് പറഞ്ഞതെങ്കിൽ ചിലപ്പോൾ..?
     മണ്ടേലയുടെ വിളി വന്നപ്പോൾ കാംബ്ലി കട്ട് ചെയ്തു."ഞങ്ങള് കൊറേ എണ്ണത്തിനെ പലപ്പോഴായി കൊന്നതല്ലേ എന്നിട്ടിപ്പോൾ സ്വയം ചാവാനെന്തുണ്ടായി..?"കാംബ്ലിയുടെ ഡയലോഗ് എനിക്കിഷ്ടമായി.ഇതു ഞാൻ കഥയാക്കിയാൽ ഉറപ്പായും ഇതേ വാക്കുകൾ തന്നെയാകും ഇപ്പോൾ എഴുതുക.
    മുന്നിൽ പൊതിഞ്ഞു വച്ചിരുന്നത് കാംബ്ലി തുറന്നു.പൊരിച്ച മീനിന്റെ കറുപ്പ്.നിലത്തിരുന്ന് അത് കഴിക്കാൻ തുടങ്ങി.സാറിന്റെ ഭാര്യ ഭക്ഷണ മേശയിലിരുന്ന വെള്ളം കാംബ്ലിയുടെ മുന്നിലേക്ക് നീക്കി വച്ചു. 
      പഠിച്ച വർഷവും അപ്പന്റെ പേരും അക്കാലത്തെ പലതും ഞാൻ പറഞ്ഞിട്ടും സാറിന് തിരിച്ചറിയാൻ കഴിഞ്ഞില്ല.എട്ടിൽ സ്കൂള് വിട്ടുപോയ കാരണക്കാരൻ താനാണെന്ന് ആദ്യമായി കേട്ടതു പോലെ പപ്പനാഭൻ കുനിഞ്ഞിരുന്നു.പൊതിയിൽ ബാക്കിയിരുന്നത് ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞിട്ട് കാംബ്ലി കൈകഴുകി മുണ്ടിൽ തുടച്ചു.ഒതുക്കിപ്പിടിച്ച മുണ്ടുമായി അവർക്ക് മുന്നിൽ ചെന്നിരുന്നു.കാംബ്ലി അവരെ തല്ലുമോ.?ഞാൻ ഭയന്നു.
     "ചാവാൻ തോന്നിയതെന്തിന്..?ആ ചോദ്യത്തിന് അവർ മുഖാമുഖം നോക്കി.ഭാര്യ
വീണ്ടും കരയാൻ തുടങ്ങി.പപ്പനാഭൻ അകത്തു ചെന്ന് വേഷം മാറി വന്നു.ഒറ്റ മുണ്ടും മുറിക്കൈയൻ ബനിയനും.ഭാര്യയും അകത്തേക്ക് പോയി.കുളിമുറിയിൽ ശബ്ദങ്ങൾ.
      "വാ, നമുക്ക് പുറത്തിരിക്കാം."മുറ്റത്തിട്ടിരുന്ന കസേരകൾ നിവർത്തി വച്ച് ഞങ്ങളിരുന്നു.ചാഞ്ഞു നിന്ന ഒരു മാവിന്റെ കൊമ്പിൽ പിടിച്ച് ഇരുട്ടിലേക്ക് നോക്കി പപ്പനാഭൻ സാറ് ഒരേ നില്പാണ്.കാംബ്ലി ബീഡിക്ക് തീ കൊടുത്തു.സാറിന്റെ മുന്നിൽ വലിക്കാൻ എനിക്ക് മടിതോന്നി.
      "എനിക്കും ബീഡി താടോ.."കൈ നീട്ടി നിൽക്കുന്ന പപ്പനാഭൻ സാറിനെ ഞാൻ അത്ഭുതത്തോടെ നോക്കി.കാംബ്ലി ബീഡി കൊടുത്തു, ഞാനതിന് തീയും.സാറ് നിന്ന് പുകഞ്ഞു.
    ഓരോ പുകയിടവേളയിലും സാറ് മരിക്കാനാഞ്ഞ കഥ ഞങ്ങൾ കാത്തിരുന്നു."നിങ്ങളുടെ പേരെന്തെന്നാ പറഞ്ഞത്..?"അറ്റന്റെൻസ് വിളികേട്ട എട്ടാം ക്ളാസുകാരന്റെ അതേ ആവേശത്തിൽ ഞാൻ  മറുപടി കൊടുത്തു.
     "ഇവൻ വിനോദ്, കാംബ്ലി വിനോദെന്ന് വിളിക്കും.ഞാൻ ഷിബു.ഞങ്ങള് എട്ട് സിയിൽ സാറിന്റെ ക്ളാസിലായിരുന്നു.ഇനി ഒരാളുള്ളത് ബിനു.ക്ലാസ് നമ്പർ 8, തളർന്ന് കിടപ്പാണ്. സാറിന് ഓർമ്മയുണ്ടോ...?എട്ടിൽ ഞങ്ങള് പഠിപ്പു നിർത്തി."ഞങ്ങളാരും ആ ഓർമ്മയിലില്ലെന്ന് നെറ്റിയിലെ ചുളിവും നീണ്ട പുകയും സമ്മതിച്ചു.മരത്തിന്റെ കൊമ്പിൽ ബീഡി കുത്തിയണച്ചു.കസേരയിൽ ഞങ്ങൾക്ക് അഭിമുഖമായി വന്നിരുന്നു.സാറിന്റെ ചുണ്ടിൽ മറ്റൊരു കഥയുണ്ടെന്ന് മുഖത്തെ ചുവപ്പ്.
     "എന്റെ മോൻ ഒരു അബദ്ധത്തിൽ ചാടിയെടാ.ഞങ്ങൾക്ക് അവൻ ഒന്നേയുള്ളൂ.ബാങ്കില് ഒപ്പം ജോലി ചെയ്യണ ഒരു പെണ്ണിനെ വിശ്വസിച്ചു.അവള് ഒരു വലിയ തുക ബാങ്കീന്ന് മോഷ്ടിച്ചു.ഇപ്പൊ അവനെയും പോലീസ് തിരയുന്നു.അവള് രാജ്യം വിട്ടെന്നാ കേൾക്കുന്നത്.എല്ലാം ഇവന്റെ തലയിൽ. അങ്ങനെയെങ്ങാനും കാണാൻ ഇടവന്നാൽ ഞങ്ങള് പിന്നെ ജീവിച്ചിരിക്കണോ.." മുറ്റത്തേക്ക് ഇറങ്ങിവന്ന ഭാര്യയുടെ കൈയിൽ കട്ടൻ കാപ്പി.അവരുടെ കരച്ചിലും മുടിയും തോർന്നിട്ടില്ല.
      കാംബ്ലി ബീഡി മാറ്റി പിടിച്ച് കാപ്പി എടുത്തു.ഞാൻ വേണ്ടെന്ന് പറഞ്ഞു."എന്നും ഇരുട്ടാകുമ്പോൾ ഇത്തിരി ചോറു വാങ്ങിക്കാൻ അവൻ വരും.എന്നിട്ട് സ്കൂളിന്റെ പിന്നിലെ ഗോഡൗണിൽ ചെന്നു കിടക്കും.ഇന്ന് നിങ്ങളെ കണ്ടിട്ട് ഓടിക്കളഞ്ഞു."സാറിന്റെ നോട്ടം ഗേറ്റിന് പുറത്തേക്ക് നീണ്ടു.
     "എന്റെ പേടി ആ ചെറുക്കൻ വല്ല അബദ്ധോം കാണിക്കോന്നാ."മരത്തിന്റെ ചരിഞ്ഞ കൊമ്പിൽ സാറ് തല ചാരി നിന്നു.കാംബ്ലി സാറിന്റെ തോളിൽ തൊട്ടു. 
      "ഇതിനൊക്കെ ചാവാനാണെങ്കിൽ ഞങ്ങളൊക്കെ എന്നോ ചത്ത് തീർന്നേനെ.സാറ് ചെന്ന് തീറ്റ പൊതിഞ്ഞെട്.ഞങ്ങള് കൊണ്ടുകൊടുക്കാം.ചെറുക്കനോട് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങാൻ പറ." മടക്കിയുടുത്ത മുണ്ടഴിഞ്ഞ്, വിനയപൂർവ്വം നിൽക്കുന്ന കാംബ്ലിയോട് എനിക്ക് ഇഷ്ടം കൂടി. പപ്പനാഭൻ സാറ് കാംബ്ലിയെ കെട്ടിപ്പിടിച്ചു.
     അകത്തേക്കു പോയ സാറ് ഒരു കുപ്പിയുമായി വന്നു.മൂന്നാമത് റൗണ്ടിൽ സാറിന് മണ്ടേലയോട് സംസാരിക്കണമെന്നു വാശി.കാംബ്ലി എന്നോട് തലകുലുക്കി.ഫോണുമായി ഇരുട്ടിലേക്ക് മാറി നിന്നിട്ട് വന്ന സാറ് എന്റെ തോളിൽ കൈയിട്ടു.ഫോണ് എന്റെ പോക്കറ്റിൽ വച്ചു.മുഖത്ത് ആശ്വാസം.എന്റെ ചുണ്ടിലെ ബീഡിയെടുത്ത് വലിക്കാനും തുടങ്ങി.മണ്ടേലയക്ക് സംഭവിച്ച കാര്യങ്ങൾ ചോദിച്ച് നെടുവീർപ്പിട്ടു.ഞാൻ കുടിച്ചു വച്ച ഗ്ലാസ്സിൽ പപ്പനാഭൻ സാറ് അടുത്ത റൗണ്ട് ഒഴിച്ചു.
    ഞങ്ങളുടെ പിള്ളേരുടെ കാര്യങ്ങൾ തിരക്കി.കാംബ്ലിയുടെ ഇരട്ടകളെ സാറിനറിയാം.കളിയാക്കിയ സാറിനെതിരേ സ്‌കൂളിൽ പരാതി കൊടുത്തതും മാനേജരുടെ മുറിയിലേക്ക് തള്ളി കയറിയതുമായ പെണ്കുട്ടികളെ സാറ് നന്നായി ഓർക്കുന്നു.കാംബ്ലിയുടെ മുഖത്ത് അഭിമാനം.
      "അന്ന് അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങള് വിളിച്ച ഈ തെറിയൊക്കെ വളരെ കുറഞ്ഞുപോയെന്നേ ഞാനും പറയൂ.രണ്ടെണ്ണം പൊട്ടിയ്ക്കാൻ തോന്നിയാൽ അതിനും മടിക്കരുത്." പപ്പനാഭൻ സാറിന്റെ ശബ്ദത്തിൽ കരച്ചിലുകലർന്നു.സാറിന്റെ കാലുകൾക്ക് ഉറയ്ക്കാ താളം.അര ഒതുങ്ങിയ ഒഴിഞ്ഞ മദ്യക്കുപ്പി ഉരുണ്ട് വീണു.ഭംഗിയുള്ള ആ കുപ്പി എനിക്ക് വീട്ടിലേക്ക് കൊണ്ടുപോകണമെന്നു തോന്നി.പപ്പനാഭൻ സാറ് മരത്തിന്റെ കൊമ്പിൽ രണ്ട് കൈകളും പിടിച്ചു.
     "തല്ലിക്കോടാ,ഒട്ടും മടിക്കണ്ട"ഞങ്ങളുടെ മുന്നിൽ കുനിഞ്ഞു നിന്ന സാറിന്റെ മുണ്ട് അഴിഞ്ഞു വീണു.വെളുത്ത ചന്തിയുടെ വിടവ്.ചൂരലെടുക്കാൻ എന്റെ കൈ വികൃതിയായി ചിന്തിച്ചു.സാറിന്റെ മുണ്ട് കാംബ്ലി വാരിചുറ്റിക്കൊടുക്കുന്നത് കണ്ടാണ്,ഭാര്യ വന്നത്.ഭക്ഷണപ്പൊതി ഞങ്ങൾക്ക് നീട്ടി. സാറ് ഇരുട്ടിലേക്ക് നോക്കിയിരുന്നു.കാംബ്ലി പുറത്തേക്ക് നടന്നു.ഞാൻ ആ പൊതി വാങ്ങി. മകനുവേണ്ടി അവരെന്ന തൊട്ടു.എനിക്ക് അമ്മയെ ഓർമ്മ വന്നു.
      പൊതിയ്ക്ക് നല്ല ചൂട്, ഞാൻ കൈമാറ്റിപ്പിടിച്ചു.നിരത്തിലെ ഇരുട്ട് ഞങ്ങളെ വിഴുങ്ങുവോളം സാറിന്റെ ഭാര്യ ഗേറ്റും ചാരി നിൽക്കുന്നുണ്ടായിരുന്നു.ഫോണ് എന്റെ പോക്കറ്റിൽ കിടന്ന് വിറച്ചു.
'ആ ചെറുക്കനെ രക്ഷിക്കണം'മണ്ടേലയുടെ വാക്കുകളിൽ ഗൗരവം.ഞാൻ ഫോണിന്റെ ടോർച്ച് തെളിച്ചു.വെളിച്ചം വേണ്ടെന്ന് കാംബ്ലി വിരൽ കാണിച്ചു.
       സ്‌കൂളിന്റെ മതില് ചാടി ഗോഡൗണിലേക്ക് നടന്ന ഞങ്ങൾ മൈതാനത്തിന്റെ നടുക്കെത്തി. ഞാനിത്തിരി നേരം പിച്ചിൽ നിന്നു.ക്രീസിൽ കാംബ്ലിയും മറുവശത്ത് മണ്ടേലയും ബാറ്റിംഗിന് നിൽക്കുന്നതായി കണ്ടു.സ്‌കൂളിന്റെ ഉള്ളിൽ നിന്നും വെസ്റ്റ്ഇൻഡീസ് ടീമിനെതിരായ കൂവലുകൾ. കൃഷ്ണകുമാറിന്റെ ആദ്യ ബോളിൽ കാംബ്ലിയുടെ വക കൂറ്റൻ സിക്സർ.പന്ത് സ്‌കൂളിന്റെ മുകളിലൂടെ പാഞ്ഞു.കൂവലുകൾ നിലച്ചു. വിരലുകൾ നാവിനടിയിൽ തിരുകി വിസിലടിക്കുന്ന എന്നെ,കാംബ്ലി ശബ്ദം താഴ്ത്തി തെറി വിളിച്ചു.ഞാൻ ചിരിച്ചു.
      ഗോഡൗണിന് പിന്നിലെ ഇരുട്ടിൽ നിന്നും അലറിക്കരഞ്ഞുകൊണ്ട് പപ്പനാഭൻ സാറിന്റെ മകൻ ഓടാൻ തുടങ്ങി,ഭക്ഷണപ്പൊതിയുമായി ഞങ്ങളും അവന്റെ പിന്നാലെ പാഞ്ഞു. 

കെ.എസ്.രതീഷ്
Ratheesh.amets09@gmail.com
9497456636
         
                   

ലാസ്റ്റ് ബെൽ

ലാസ്റ്റ് ബെൽ..!
മൂന്നാമത്തെ പിരീഡിൽ ഞാൻ കഥ പറയാൻ തുടങ്ങി..
   "മണ്ണാങ്കട്ടയും കരിയിലയും ചങ്ങാതിമാരായിരുന്നു.അവരൊന്നിച്ച് കാശിക്ക് പോകാൻ തീരുമാനിച്ചു..."
   മുൻനിരയിലിരുന്ന കൊച്ചുപെണ്ണ് സഞ്ചിക്കുള്ളിൽ വച്ചിരുന്ന തോക്ക് വലിച്ചെടുത്ത് എന്റെ നെറ്റിയ്ക്ക്  കാഞ്ചിവലിച്ചു.നിലത്ത് വീണ് പിടയുന്ന എന്നോട് ആ കൊച്ചുപെണ്ണ് കരച്ചിലടക്കി....
   "കാശി ഞങ്ങളെയല്ലേ,മാഷിന്റെ പള്ളി വേറെയല്ലേ.വെറുതേ എന്തിനാ ഞങ്ങളെ കാശിയെ..."
   ക്ലാസ് മുറിയുടെ മൂലകളിൽ കുട്ടികൾ പലപല സംഘങ്ങളായി,വേറെ വേറെ വഴിയിലൂടെ തെരുവിലേക്കിറങ്ങി.ഒന്നിന്റെ നേതാവ് ആ കൊച്ചുപെണ്ണായിരുന്നു.കൂട്ടത്തിൽപ്പെടാത്ത 
ഒരു കറുത്ത കുട്ടി മാത്രം ഡസ്കിൽ തലതാഴ്‌ത്തി എനിക്കും കഥയ്ക്കും വേണ്ടി എങ്ങിയേങ്ങിക്കരഞ്ഞു...!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636