Wednesday, 16 March 2016

കഥ ചില പരിസ്ഥിതിലോല മനുഷ്യർ

പരിസ്ഥിതിലോല മനുഷ്യർ...!

അച്ചാമ്മ മരിച്ചതിന്റെ പിറ്റെന്നാണ് എന്റെ അപ്പനും മരിച്ചത്. തന്നെ നന്നങ്ങാടിയിൽ മറവും ചെയ്യണമെന്നും അല്ലെങ്കിൽ താവാങ് മാതൃക സ്വീകരിക്കണമെന്നും മരിച്ചുകിടന്ന മുറിയുടെ ചുവരിൽ എഴുതിയിരുന്നു.

അമ്മയുടെ മൺചട്ടിയിലെ മീൻ വാങ്ങൽ നിർത്താനാണത്രേ അപ്പൻ ചട്ടിപൊട്ടിച്ചുകളഞ്ഞത് ഹസനിക്ക എല്ലാ പെണ്ണുങ്ങൾക്കും കറുത്തകവറിൽ മീനിട്ട് നൽകുമ്പോൾ അച്ചാമ്മ മാത്രം പിച്ചച്ചട്ടിയുമായ് നിൽക്കും മീനിന്റെ കണ്ണുകൾ കാണാനുള്ള കൊതികൊണ്ട് അപ്പനും ഈ അപമാനം സഹിക്കാറുണ്ടായിരുന്നു.
അപ്പന്റെ ചട്ടിപ്പരിഭവത്തിന് അച്ചാമ്മ കൊടുത്ത മറുപടി ഇതായിരുന്നു...

"നീ എന്റെ പറമ്പായ പറമ്പെല്ലാം ഒന്നു കറങ്ങിവാ ഒരൂ പ്ലാസ്റ്റിക്ക് തുണ്ടെങ്കിലും ഉണ്ടോടാ ഗീരീശാ....!"

അമ്മാമ്മ പ്രകൃതിവാദിയും കമ്മൂണിസ്റ്റുമായിരുന്നു.
സ്വന്തം മകനെ കാളയോടൊപ്പം വച്ചുകെട്ടി നിലം ഉഴുത, മക്കളെക്കാൾ മരത്തിനെ സ്നേഹിച്ച, ഭൂപാലന്റെ മകൾ വസുധ, വയലു നികത്തി ആശുപത്രി കെട്ടാൻ ഒരു വമ്പൻ കമ്പനി വന്നപ്പോൾ നിരാഹാരം കിടന്ന മൂന്നുപേരിൽ ഒരാൾ, ഒടുവിൽ ഒരാൾക്ക് ഗൾഫിൽ പോകാൻ വിസയും മറ്റേ ആൾക്ക് ആശുപത്രിയിൽ ജോലിയും കിട്ടിയപ്പോൾ നമ്മുടെ സഖാവ് പാർട്ടിയാഫീസിൽ പോയി തെറിയും വിളിച്ച് രാജിവച്ചിറങ്ങിപ്പോന്നു. വസുധയുടെ മൂത്ത പുത്രനാണെന്റെ അപ്പൻ ഗീരീശൻ. തന്റെ അപ്പന്റെ മുഖമാണ് ഗിരീശനെന്ന് അമ്മാമ്മ എപ്പൊഴും പറയാറുണ്ടായിരുന്നുത്രേ.

പാർട്ടിയുടെ ബാങ്കിൽ നിന്നെടുത്ത ലോൺ ജപ്തിയായപ്പോഴാണ് ഗീരിശനെ ഷാപ്പുമുതലാളിയുടെ മകളെക്കൊണ്ട് കെട്ടിക്കുന്നത് അതിൽ ജനിച്ചമകളാണ് ഞാൻ "ആനി" എന്നാണ് അമ്മ പേരിട്ടതെങ്കിലും അമ്മാമ്മയുടെ മുഖമുള്ള എന്നെ അപ്പൻ "ഹരിത" എന്ന് വിളിച്ചു. അമ്മയുടെ വീട്ടുകാർ നിലം നികത്തി വീടുവയ്ക്കാൻ തുടങ്ങിയപ്പോൾ, കാർഷികലോണെടുത്ത് കാറുവാങ്ങാൻ നിർബ്ബന്ധിച്ചപ്പോൾ  അപ്പൻ ഞങ്ങളെയും കൊണ്ട് മലബാറിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോന്നു ഒരു മലയാളം വാദ്യാരായിരുന്നു അപ്പൻ. സ്കൂളിൽ പരിസ്ഥിതി ദിനത്തിന് നട്ട വൃക്ഷത്തൈ ഒടിച്ചുകളഞ്ഞ കുട്ടിയെ തല്ലിയതിന് അപ്പൻ ഒരു നടപടി നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് അച്ചാമ്മ മരിച്ച വിവരമറിയുന്നത്. വീട്ടിലെത്തിയ അപ്പൻ കൂറ്റൻ ഗേറ്റിനുമുന്നിൽ പകച്ചു നിന്നുപോയ് വൃക്ഷങ്ങൾക്കിടയിൽ ഒരു സ്വർഗം എന്നായിരുന്നു അപ്പൻ പറഞ്ഞിട്ടുള്ളത് ഇതിപ്പോ ചുറ്റുമതിലുവരെ ടൈൽ പതിച്ച ഒരു കൊട്ടാരം അമ്മ കിടപ്പിലായിട്ട് ആറുകൊല്ലമായി ഇതിനിടയിൽ അപ്പൻ നാട്ടിലേക്ക് വന്നിട്ടില്ല ഞാനും. അച്ചാമ്മയുടെ ശരീരത്തിനരികെ അപ്പൻ ഇരുന്നു...

പാർട്ടിയുടെ കൊടി പുതപ്പിച്ചിരിക്കുന്ന ശരീരത്തിൽ നിരവധി സംഘടനകളുടെ റീത്തുകൾ നിറയെ പാർട്ടിക്കാർ. ഞാനും അമ്മയും അടുക്കളയിൽ ഇരിക്കുമ്പോഴാണ് അപ്പന്റെ ശബ്ദം കേട്ടത്...

"ആരാടാ നായ്ക്കളേ ഈ കൊടി പുതപ്പിച്ചത് ഇതെന്നാ പോളിസ്റ്റർ കൊടിയോ?  അമ്മ നിന്നെയൊക്കെ വെറുത്തതല്ലേ..?..ഇതെന്താ പ്ലാസ്റ്റിക്ക് റീത്തോ...ഈ പെട്ടിയിലെന്താ പ്ലാസ്റ്റിക്ക് കോട്ടിംഗ് വലിച്ചുമാറ്റെടാ..."

അപ്പൻ റീത്തുകൾ വലിച്ചെറിയുന്നു, കൊടി വലിച്ചുകീറുന്നു, പെട്ടിയുടെ ഉള്ളിൽ നിന്നച്ചാമ്മയെ പുറത്തെടുക്കുന്നു,
ഒടുവിൽ എളേപ്പനും കുറേ ആളുകളും കൂടെ അപ്പനെ പിടിച്ച് ഒരു മുറിയിലിട്ടു പൂട്ടി....

"അവന് പ്രാന്താണ് മരപ്രാന്ത് വലിയ തന്ത   ഭൂപലന്റേം ഈ തള്ളേടേം പ്രാന്ത്...ഇത് പാരമ്പര്യാ"

എളേപ്പൻ ഇതുപറഞ്ഞിട്ടെന്നെ തുറിച്ചുനോക്കി എനിക്ക് കരച്ചിൽ വന്നു. അപ്പനെ പൂട്ടിയിട്ട മുറിയുടെ ജാലകത്തിലൂടെ ഞാനെത്തിനോക്കി നിലത്തു കമഴ്ന്നു കിടന്ന് അപ്പൻ കരയുന്നു...

"എന്റമ്മയെ പ്ലാസ്റ്റിക്ക് പെട്ടിലടക്കല്ലടാ..
നന്നങ്ങാടി കൊണ്ടുവാടാ...
ഇല്ലെങ്കിൽ മുറിച്ച് ആറ്റിലെറിയടാ....തവാങ് തവാങ്..."

ഞാൻ പൊട്ടിക്കരഞ്ഞു അപ്പൻ എണീറ്റുവന്ന് എന്നെ തൊട്ടുപറഞ്ഞു...

"മോളേ നീയെങ്കിലും പറ
മോളേ പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് വിനാശമുണ്ടാക്കരുത് പ്രകൃതിയുടെ താളം തെറ്റും"

ഒന്നും മനസ്സിലായില്ലായെങ്കിലും കരഞ്ഞുകൊണ്ട് ഞാൻ തലയാട്ടിക്കൊടുത്തു.
എന്നിട്ട് എന്റെ മുത്തുമാലയും കാതിൽ കിടന്ന പ്ലാസ്റ്റിക്ക് സ്റ്റഡും വലിച്ചെടുത്തു മാലപൊട്ടിച്ചപ്പോൾ എനിക്ക് ശ്വാസം മുട്ടി.
"കാലമാടാ കുട്ടിയെ കൊല്ലല്ലേ"ന്നും പറഞ്ഞ അമ്മ എന്നെ പിടിച്ചുമാറ്റി.
അപ്പന്റെ കരച്ചിൽ പിറ്റേന്ന് പുലരുവോളമുണ്ടായിരുന്നു...

ഇരുപത്തിയൊന്ന് കൊല്ലം കഴിഞ്ഞിരിക്കുന്നു ഇന്ന്  

"നാടിന്റെ 
  പ്രിയ സഖാവിനൊപ്പം മകനും യാത്രയായ്"

പഴയ പത്രവാർത്ത അമ്മ കാണിച്ചു തന്നപ്പോൾ ഇതൊക്കെ നിങ്ങളോട് പറയണം എന്നു തോന്നി. കൂടാതെ നെൽ വയൽ തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കുന്ന സംഘത്തിലെ കമ്മീഷണറാണ്

റിപ്പോർട്ട് എഴുതുന്നപേനയിലേക്ക് നോക്കിയപ്പോൾ
അപ്പൻ ഉള്ളിലിരുന്നു പറയുന്നതുപോലെ തോന്നി.

."..ഇന്ന് കുട്ടികൾ വലിച്ചെറിയണ ഒരു റുപ്യേടെ പേന നശിക്കാൻ നൂറുവർഷമെങ്കിലും വേണം ഹരിക്കുട്ടി ഓർത്തു നോക്കിയേ ഓരോ ദിവസ്സവും കേരളത്തിൽ എന്തോരം പേനകൾ വലിച്ചെറിയുന്നുണ്ടാകും..നമുക്കീ മഷിനെറയ്ക്കണ പേന മതി വീണ്ടും വീണ്ടും ഉപയോഗിക്കാല്ലോ വലിച്ചെറിയണത് വേണ്ടമോളൂ...."

അപ്പൻ പറഞ്ഞുകൊണ്ടേയിരുന്നു....

റിപ്പോട്ടിന്റെ അടിയിൽ ഹരിതാ ഐ എ എസ് എന്നെഴുതി,
അനുമതി നിഷേധിക്കുന്ന റിപ്പോർട്ട് അവസ്സാനിപ്പിച്ചു.

രതീഷ് കെ എസ്സ്
ജി എച്ച് എസ് എസ് എടക്കര.

Tuesday, 15 March 2016

കഥ മുള്ളലിന്റെ മണം...!

മുള്ളലിന്റെ മണം..!

അയാൾക്ക് മൂത്രത്തിനെ മണം ഇഷ്ടമായിരുന്നു.

പാതിരാത്രി കിടക്കയിൽ മുള്ളിയ മകനെ ഭാര്യ വിവസ്ത്രനാക്കി 
ശകാരിക്കുകയായിരുന്നു...
കിടക്കയിൽ മുള്ളുന്നത് കാരണം നിലത്ത് പ്രത്യേകം വിരിച്ചാണ് കിടത്താറുള്ളത് മിക്കവാറും അയാളും കുഞ്ഞുമകനോടൊപ്പം കിടക്കും....

മകനെ കിടത്തി ഭാര്യ ഉറങ്ങിയപ്പോൾ അയാൾ പതിയെ വിളിച്ചൂ...

"മോനൂട്ടാ ഇങ്ങു വാ...."

വിളികാത്തുകിടന്നപോലെ ആ കുഞ്ഞുവരാൽ അയാളുടെ നെഞ്ചിൽ ഇഴഞ്ഞുകേറി .

"മോൻ മുള്ളിയോ...?"

"ഉം ഞാൻ പേടിച്ചുപോയപ്പാ കിസ്ണയിലെ പാമ്പില്ലേ എയഞ്ഞ് എയഞ്ഞ് മോനെ പിയിക്കാൻ ബന്ന് "

കൊച്ചുടീവിയിൽ ലിറ്റിൽ കൃഷ്ണയിലെ കാളിയനെ പേടിച്ചായിരുന്നു ഇത്തവണ...

നെഞ്ചിൽ  മകൻ ഉറങ്ങി അയാൾ ഓർമ്മകളിലേക്ക് ഉണരുകയായിരുന്നു..

ആരാണ്  അനാഥാലയത്തിൽ എത്തിച്ചതെന്നറിയില്ല  ഓർമ്മകളുടെ തുടക്കമവിടെയായിരുന്നു. അവിടുത്തെ രേഖകളിൽ മൂന്നരവയസ്സിൽ നാട്ടുകാർ എത്തിച്ചുവെന്നുമാത്രം...

അമ്മ അച്ഛൻ തുടങ്ങിയതെല്ലാം മൂത്രം പോലെ ചില ഗന്ധങ്ങൾ മാത്രം..സ്ഥാപനത്തിലെ നൂറോളം കുട്ടികളിൽ ഏറ്റവും ഇളയത് ആരെങ്കിലും എടുത്തു നടക്കും ചിലർ കുളിപ്പിക്കും...
എപ്പൊഴോ ഉറങ്ങും കരച്ചിലിനവിടെ വിലകുറഞ്ഞ സ്വീകരണമായതിനാൽ കരയാൻ എപ്പഴോ മറന്നിരുന്നു...
സ്കൂളിൽ ചേർക്കാൻ പരുവമാവാത്തതിനാൽ ഊണുറക്കത്തിനപ്പുറം മറ്റൊരു ചര്യയില്ലായിരുന്നു...
പുല്പായയ്ക്കും പച്ചപുതപ്പിനും ഇരുണ്ട ഏതോ നിറമുള്ള നിക്കറിനും ബട്ടനുകൾ സ്വതന്ത്രമായ ഉടുപ്പിനും മൂത്രത്തിന്റെ നിറമായിരുന്നു അവനുമാത്രമല്ല അവന്റെ തരക്കാർക്കെല്ലാം...
മുള്ളീ മുള്ളീ...ഇതായിരുന്നു പേരുപോലും.

പതിയെ വളരുകയായിരുന്നു സ്വപ്നത്തിൽ തന്നെ ഭയപ്പെടുത്തുന്നവയെ പരാജയപ്പെടുത്തിക്കൊണ്ട് എൽ പി സ്കൂളിൽ അവനിഷ്ട സ്ഥലം അരമതിലിനപ്പുറം പെണ്ണും ആണും മത്സരിച്ചു മുള്ളുന്ന പൊതുവിടമായിരുന്നു...

അനാഥാലയത്തിലും അകത്തെ കക്കൂസിനോട് ചേർന്ന മുറിയിൽ കിടക്കാനായിരുന്നു ഇഷ്ടം..
യൂ പി സ്കൂളിലേക്ക് കടന്നപ്പോഴും മുള്ളൽ മണം തേടൽ രഹസ്യമായിത്തുടർന്നു.

അടുക്കളയിൽ നിൽക്കുന്ന വയസ്സൻ തന്നെ ചേർത്തുനിർത്തിയതെന്തിനെന്ന് അറിയില്ല കുറച്ചുകഴിഞ്ഞ് തന്റെ നിക്കറിൽ വീണ ദ്രാവകത്തിന് മൂത്രം കലർന്നമറ്റൊരു ഗന്ധമായിരുന്നു..

സ്കൂളിൽ നിന്നു മാങ്ങപൊട്ടിച്ച ചേട്ടന്മാരെക്കുറിച്ച് മാഷോട് പറഞ്ഞതിന് അവർ തന്ന "ശിക്ഷ" തോർത്തുകൊണ്ട് കൈയും കാലും കെട്ടി ചുറ്റും നിന്ന് ദേഹം മുഴുവൻ പുണ്യാഹം തളിക്കലായിരുന്നു...

പത്താം തരം പാസ്സായി അനാഥാലയത്തിൽ പടിക്കുപുറത്താകുമ്പോൾ സഹായിക്കാൻ വന്ന ഹോട്ടലുടമ തന്ന കക്കൂസ്സിനടുത്തമുറിയും  ഡിഗ്രി പഠിക്കുമ്പോൾ ജോലി ചെയ്ത ബസ്സിന്റെ "പാർക്കിംഗ് ഏര്യയും മൂത്രത്തിന്റെ മണമുള്ളതായിരുന്നു...

എം എ യും ബി എഡും പാസ്സായി ജോലി കിട്ടിയിട്ടും അയാൾ തീവണ്ടി സിനിമാശാല തുടങ്ങിയ ടോയിലറ്റുകളിൽ വല്ലതെ സമയം ചിലവാക്കി.

ഇന്ന്  മുള്ള്യാനെയും എടുത്തു നടക്കുമ്പോൾ അവളും പറയാറുണ്ട്....

"മൂത്രനാറീട്ട് വയ്യാ....
ആ മുണ്ടെങ്കിലും ഒന്ന് മാറ്റൂ"

ഇതൊന്നും കേട്ടഭാവം നടിക്കാത്ത അയാൾക്കറിയില്ലായിരുന്നു
ബസ്സ്റ്റാൻഡിലെ മൂത്രപ്പുരയിൽ മരിച്ചുകിടന്ന അമ്മയുടെ മണമായിരുന്നു തേടിക്കൊണ്ടിരുന്നതെന്ന്...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Monday, 14 March 2016

കഥ സുജാത ടീച്ചറുടെ റിപ്പബ്ലിക്...

സുജാത ടീച്ചറുടെ റിപ്പബ്ലിക്ക്...!

"നിനക്കെന്താടാ ഇവളുമായിട്ട് എടപാട്"
ബാലൻ ചേട്ടന്റെ ചോദ്യവും വഴിതടഞ്ഞവരുടെ തല്ലും ഒന്നിച്ചായിരുന്നു  ടീച്ചറെ അവർ തൊട്ടില്ല ബോധം പോകും മുന്നേ പോലീസ് ജീപ്പ് വരുന്നതും, എന്റെ ബൈക്ക് ഓടയിലേക്ക് വീഴുന്നതും കണ്ടു.

അമ്മൂമ്മ പറഞ്ഞ അറിഞ്ഞത് ടീച്ചറേം  അഡ്മിറ്റ് ആക്കീന്ന്...ബോധം തെളിഞ്ഞിട്ടില്ലപോലും അതിനവർ ടീച്ചറെ...? എനിക്കൊന്നും വ്യക്തമായില്ല...

ഒരു ജൂൺ മാസത്തിലാണ് ടീച്ചർ വന്നത് വിരമിച്ച ഗോപാലന്മാഷിന്റെ ഒഴിവിൽ തുറന്നുപറയാല്ലോ ഞാൻ പോലും ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങീരിക്കുന്നു.
ക്ലാസിലെ രഹസ്യാന്വേഷണവിഭാഗം മീനാക്ഷിയാണ് പറഞ്ഞത് സ്ഥലം മാറിവന്ന പുതിയ എസ് ഐ യുടെ ഭാര്യയാണ് നമ്മുടെ സുജാത ടീച്ചർ...
കുറച്ചുകാലം പിന്നെ ടീച്ചർ തന്നെ ചർച്ചാ വിഷയം പരിസ്ഥിതിദിനത്തിലെ മരം നടീലും കലോത്സവത്തിലെ ഡാൻസും നാടകോം സ്പോർട്സ് ദിനത്തിലെ ടീച്ചറുടെ ജീൻസും...പറഞ്ഞാൽ ഒത്തിരിയുണ്ട്....സ്കൂളിലെ വായിനോക്കി മാഷുന്മാരെല്ലാം ആ ടീച്ചറുപിന്നാലെ തന്നെ പിന്നെ ക്ലാസിലെ ചെക്കന്മാരെ പറയണോ..

ഇതിനിടയിൽ മാതാപിതാക്കളില്ലാത്തവർക്ക് കിട്ടണ സ്നേഹതീരം സ്കോളർഷിപ്പിന് അപേക്ഷകൊടുത്തപ്പോ എന്റെ വീട്ടുകാര്യം തിരക്കി  എല്ലാവരുടെയും മുന്നിൽ വച്ച് ചേർത്ത് പിടിക്കാൻ കാണിച്ച മനസ്സ്  അന്നുമുതൽ ഒരു പൊതിച്ചോറായ് തുടർന്നു.

നമ്മുടെ 'മുലച്ചി' മൃഥുലയെ ദേവൻ മാഷ് കേറിപ്പിടിച്ചതും ആ കാര്യം ടീച്ചർ കൈകാര്യം ചെയ്തതും മാഷ് സ്ഥലം മാറ്റം വാങ്ങി വയനാട് പോയതും മിക്കവർക്കും അറിയാം മൃഥുല രഹസ്യമായ് എന്നോട് പറഞ്ഞത് ടീച്ചർ ദേവൻ മാഷിനെ  തല്ലീത്രേ മാപ്പു പറയിച്ചുപോലും.

അന്ന് റിപ്പബ്ലിക്ക് ദിനത്തിൽ ടീച്ചറുപറഞ്ഞോണ്ട് മാത്ര ഞാനും പോകാന്ന് ചിന്തിച്ചത് ബസ് കാത്തുനിന്ന എന്നെ നിർബ്ബന്ധിച്ച് സ്കൂട്ടറിൽകയറ്റി സ്കൂളിൽ വന്നപ്പോ പത്തിരുപത് കുട്ടികൾ പിന്നെ ആ പ്യൂൺ ബാലനും
പതാക കെട്ടാനും, പൂക്കൾ നിറയ്ക്കാനും, ഞാനായിരുന്നു മുന്നിൽ.
ചടങ്ങിൽ എന്നെക്കൊണ്ട് പതാക ഉയർത്തിച്ചതും, ലഡു വിതരണം ചെയ്യിച്ചതും എനിക്ക് സ്വപ്നമായിട്ടാണ് തോന്നിയത് ,
അന്ന് ടീച്ചർ പറഞ്ഞ സന്ദേശം മനസിലായില്ല എങ്കിലും ഓർക്കുന്നു...
"നാം റിപ്പബ്ലിക്ക് ആകേണ്ടത് വീടുകളിൽ നിന്നാണ്..."

പിറ്റേദിവസ്സം ബെഞ്ചിന്റെ കാലൂരി സുധീറിന്റെ തലതല്ലിപ്പൊട്ടിച്ച എന്റെ കവിളത്ത് ടീച്ചർ തല്ലി ആരൊക്കെ ചോദിച്ചിട്ടും സുധീറിനെ തല്ലിയവിവരം പറഞ്ഞില്ല സുജാത ടീച്ചറോട് പോലും.
ആ നായിന്റമോൻ ഇന്നലെ രാത്രി ടീച്ചറെ ഓർത്താണത്രേ.......

പിന്നെ
എനിക്ക് ജാമ്യം നിന്നതും വിനോദയാത്രയ്ക്ക് പണം തന്നതും വിടവാങ്ങൽ ചടങ്ങിൽ എന്റെ പേരെടുത്ത് പറഞ്ഞതും ഇപ്പൊഴും മങ്ങാത്ത കാഴ്ച്ചകളാ...

പരീക്ഷതോറ്റ് ഫാബ്രിക്കേഷനുപോയതും പിന്നെ ഗൾഫിൽ പോകാൻ അവസരം വന്നപ്പോൾ ടീച്ചറെ അറിയിക്കൻ പോയതും എസ് ഐ എന്നെ ചോദ്യം ചെയ്തതും ഇപ്പൊഴും മുന്നിലുണ്ട് .

ഗൾഫീന്ന് പലതവണ വിളിച്ചിട്ടും ടീച്ചറെ കിട്ടീലാ എസ് ഐ തന്നില്ല എന്നതാ സത്യം ലീവിനു വന്നപ്പോൾ ഒരു സാരിയും സ്പ്രേയും എസ് ഐ യ്ക്ക് ഒരു ഫോണും കൊണ്ടു കൊടുത്തു.....

പുതുതായ് വാങ്ങിയ ബൈക്ക് പൂജിക്കാൻ അമ്പലത്തിൽ കയറാൻ തുടങ്ങുമ്പോഴാണ്

"നീ തന്ന വാക്കു മറന്നോ..? വണ്ടി വാങ്ങിയാൽ എന്നെയും കൊണ്ട്.... ഇപ്പൊ നീ എന്നെ വീട്ടിലെത്തിക്ക് സ്കൂളിൽ പോകാൻ വൈകി...."

സുജാത ഉടുത്തിരിക്കുന്നത് ഞാൻ സമ്മാനിച്ച സാരി...
വീടെത്താൻ ഒരു കിലോമീറ്റർ ദൂരത്തുവച്ചാ അവർ ഞങ്ങളെ തടഞ്ഞത് ഇല്ലാ അവർ ടീച്ചറെ തൊട്ടിട്ടുപോലും ഇല്ലാ...

പിന്നെങ്ങനെ തലമുടി കരിഞ്ഞൂ...
മുഖത്ത് ഇത്രയും വലിയ മുറിവ് കാലിന്റെ ഓടിവ്....
ബോധമില്ലാതെ കിടക്കുന്ന ടീച്ചറിനെയും ജനാലയിൽ കൈ ചേർത്ത് നിന്ന് സിഗരറ്റ് വലിക്കുന്ന എസ് ഐ യേയും ഞാൻ മറക്കാൻ ശ്രമിച്ചു....

എനിക്ക് ആ റിപ്പബ്ലിക്ക് ദിനം ഓർക്കാനാണിഷ്ടം....
കൊടിമരച്ചുവട്ടിൽ നിന്ന് സുജാത ടീച്ചർ പറയുകയായിരുന്നു...
"നാം റിപ്പബ്ലിക്ക് ആകേണ്ടത് വീടുകളിൽ നിന്നാണ്..."

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Sunday, 13 March 2016

കഥ - അധിവർഷത്തെ ആത്മഹത്യകൾ

അധിവർഷത്തെ ആത്മഹത്യകൾ....!!
(20-02-2016)

ആ മനുഷ്യൻ ഇതെന്നോടുപറഞ്ഞത് ഒരു കഥയുടെ രൂപത്തിലായിരുന്നു.

"ഫെബ്രുവരി 29 നാലുവർഷത്തിലൊരിക്കലായതിനാൽ ഈ മരണം നിങ്ങൾക്ക് സൗകര്യം പോലെ മറക്കാനാകും"

ഞാൻ ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നു ഇൻഷുറൻസും ചില ബാധ്യതകളും മാത്രമായിരുന്നു എഴുതാനുണ്ടായിരുന്നത്, ഒടുവിൽ എന്റെ സീലു സഹിതം പച്ച മഷികൊണ്ട് ഒരൊപ്പും ചേർത്തൂ, സുരക്ഷിതമായ് ടേബിളിനു പുറത്തുവച്ച് പറന്നുപോകാതിരിക്കാൻ വിവാഹഫോട്ടോയും മുകളിൽ കയറ്റിവച്ചു.

വാർത്തകളിലും സിനിമയിലും പിന്നെ കഥകളിലും മാത്രമേ ആത്മഹത്യ പരിചയമുള്ള എനിക്ക് വ്യക്തമായ പ്ലാനുകളൊന്നും ഉണ്ടായിരുന്നില്ലാ അല്ലെങ്കിലും ഈ ലോകത്തിന്റെ ഓരോകോണിലും അവസ്സരങ്ങളുടെ ഒരു നിരതന്നെയില്ലേ..?

അവളുടെ പ്രസവം കഴിഞ്ഞ് ഞാനാദ്യം കാണിച്ച സാഹസം മൂന്ന് കസ്സേര ചേർത്തുവച്ച് കോൺക്രീറ്റിൽ പതിപ്പിച്ച കമ്പിയിൽ തൊട്ടിൽ കയറിട്ടതാണ്..പിന്നെ അതു ബലമായ് കെട്ടിയതും അഴിഞ്ഞുപോകാതിരിക്കാൻ രണ്ടറ്റവും ഉരുക്കിയതും,തിരുവോണത്തിന് വാങ്ങിയ കള്ളിമുണ്ട് കെട്ടിയതും ഓർത്തപ്പോൾ അതിൽ തൂങ്ങിയാടാൻ എനിക്ക് തോന്നീലാ.

റബ്ബറിന്റെ വിലയിടഞ്ഞകാലത്ത് പഴയ താമസ്സക്കാർ ഈ വീടെനിക്കൊഴിഞ്ഞ് തന്നപ്പോൾ ഷീറ്റ് ഉറയാൻ ഉപയോഗിക്കുന്ന ആസിഡ് പിന്മുറിയിൽ ഉപേക്ഷിച്ചുപോയിരുന്നു അതിന്റെ മൂടി തുറന്നപ്പോഴാണോർത്തത് മകൻ എടുക്കാതിരിക്കാൻ ഞാൻ തന്നെ എന്നോ ഒഴിച്ചുകളഞ്ഞിരുന്നു. അല്ലെങ്കിലും എനിക്കും റബ്ബറിനും വല്ലാതെ വിലയിടിഞ്ഞിരിക്കുന്നു,റബ്ബറിന്റെ പേരിൽ സമരങ്ങൾ നടക്കുന്നെന്ന് കേട്ടു.

പുഴയോരത്തെ ഈ വീടെടുക്കാൻ തന്നെ കാരണം നീന്തലറിയാം എന്നൊരഹങ്കാരത്തിലാണ് അല്ലെങ്കിലും പുഴയ്ക്ക് എന്റെ അമ്മയുടെ നിറമാണ് നാലുവയസ്സുകാരനെ വെള്ളത്തിൽ നിന്നും പൊക്കിയെടുത്ത പിറ്റേന്നുമുതൽ നീന്തൽ പഠിപ്പിച്ച അമ്മയെ ഓർമ്മിപ്പിക്കാറുണ്ട് ഓരോ ആഴങ്ങളും. 

തിരക്കിട്ട മരണവേഗത്തിന്റെ നാലും കൂടിയ ജംഗഷനിലേക്ക് കാറോടിച്ചെത്തിയിട്ടും എന്നെക്കാത്ത് ഒരു ശകടാസ്സുരന്മാരും ഉണ്ടായിരുന്നില്ല പരമാവധിവേഗത്തിൽ കാറോടിച്ചിട്ടും ജീവിതത്തിന്റെ സിഗ്നലുകൾ കൃത്യമാകുന്നു , നിറഗർഭിണിയായിരുന്നവളെ കുഴിയും ചെളിയും നിറഞ്ഞ റോഡിലൂടെ ആശുപത്രിയിലെത്തിച്ച സൂക്ഷ്മത എന്നെ വിട്ടുപോകുന്നില്ല.

നാട്ടിലേക്കുള്ള യാത്രയിൽ പലപ്പോഴും തീവണ്ടിയാഫീസിലെ വിജനതയും ഒരിക്കലും ചേരാത്ത തീവണ്ടിപാതയിലൂടെ ഉടലറ്റുപോകുന്ന എഞ്ചിനുകളും എന്നെ കൊതിപ്പിക്കാറുണ്ട്, എന്റെ മോന് തീവണ്ടി വല്ലാത്ത ഇഷ്ടമായിരുന്നു സമാന്തരമായ് നീങ്ങുന്ന പാളങ്ങളെ തമ്മിൽ ചേർത്ത്  നീങ്ങുന്ന തീവണ്ടികൾ.

ഒടുവിൽ ഒന്നൊറ്റെയ്ക്കിരിക്കാൻ സ്കൂളിലെത്തിയപ്പോൾ  വിടപറയലിന്റെ വിങ്ങലുമായ് എന്റെ കുട്ടികൾ പരീക്ഷച്ചൂടിൽ.

"ന്റെ മാഷേ നിങ്ങളിനിയെങ്കിലും ഇതിലൊന്ന് എഴുതിത്താ"

നീട്ടിപ്പിടിച്ച ഓർമ്മപ്പുസ്തകവുമായ് ഖദീജ.

ഓഫീസിലേക്ക് നടക്കുന്നതിനിടയിൽ ആ ഓർമ്മപ്പുസ്തകത്തിൽ ഞാൻ കുറിച്ചിട്ടു.

"ജീവിത വിജയാശംസകൾ"

അപ്പോഴേക്കും ഈ അധിവർഷത്തിന്റെ മധ്യാഹ്നം പിന്നിട്ടിരുന്നു.

രതീഷ് കെ എസ്സ്
ജി എച്ച് എസ് എസ് എടക്കര.

Friday, 11 March 2016

കവിത ഒരു കുടുംബത്തിൽ പിറന്ന കവിത

ഒരു
കുടുഃമ്പത്തിൽ പിറന്ന കവിത.!

മാതാവ്,
അതിർത്തികൾ
പലതവണ മാറ്റിവരച്ച ഭൂപടം.

പിതാവ്,
ദരിദ്രരാജ്യത്തിന്റെ
വിരൂപനായ സ്വേശ്ചാധിപതി.

സഹോദരങ്ങൾ,
ഇരുതലമൂരിയുടെ
ഇരു ചിരികൾ.

ഭാര്യ,
ചോരുന്ന വീടിന്റെ
ഇറയത്തെ
ചിതൽപ്പുറ്റ്.

പുത്രൻ,
മടക്കം കൊതിച്ചവന്റെ
കൊക്കിലുടക്കിയ
ചിരിച്ചൂണ്ടൽ.

ഞാൻ,
കാലം തെറ്റിവന്ന
പെയ്യാത്ത മഴക്കാറ്...!

രതീഷ് കെ എസ്

Wednesday, 9 March 2016

കവിത ശ്രി ശ്രി

ശ്രീ ശ്രീ...!

"യമുനാനതീരത്തെ
സാംസ്കാരിക
അശ്രീകരം....!!

രതീഷ് കെ എസ്

Monday, 7 March 2016

കവിത മണി

മണി...!

മണി
ബെല്ലുകൾ മാതിരിയല്ല
നിലച്ചാലും
ഉള്ളിൽ
മുഴങ്ങുന്നുണ്ടാകും...!!

രതീഷ് കെ എസ്സ്