Saturday, 16 December 2017

ഒരിടത്തൊരിടത്ത് മോസ്കോയെന്ന

ഒരിടത്തൊരിടത്ത്
മോസ്കോയെന്നൊരു പാർട്ടിസ്ഥാനിൽ..!!

" എതിരഭിപ്രായം പറയുന്നെങ്കിൽ നിങ്ങൾ ഭയക്കേണ്ടത് വിപ്ലവത്തിന്റെ തോലണിഞ്ഞ ഫാസിസ്റ്റുകളെയാണ്..!"

"പുഷ്കിൻ, മോസ്കോ വീട് 13 വാർഡ് 6)

ഭൂമിമലയാളത്തിൽ ഒരു ഗ്രാമത്തിന്. മോസ്കോയെന്ന് പേരുണ്ടാവുക. സ്വന്തമായി ഭരണഘടനയും കൊടിയുമുണ്ടായിരിക്കുക, സമീമപ്രദേശങ്ങൾക്ക് പോളണ്ട്, ലാറ്റ്വിയ, ലിത്വാനിയ, ഉക്രൈൻ എന്നൊക്കെ പേരുവരിക. അതിനെച്ചുറ്റി ബൊളിവിയയെന്നൊരു കാട് വളരുക. ഇതൊന്നും നിങ്ങൾക്ക് സങ്കല്പിക്കാൻ പോലുമാകില്ല. എന്നാൽ എനിക്കോ ഇവിടെ ജീവിക്കുന്ന ഒരു കുഞ്ഞിനോ ഇതൊക്കെ അത്ര സങ്കല്പമൊന്നുമല്ല....

മോസ്കോയിലെ പതാകയിലെ കുതിരയുടെ നിറമെന്തെന്ന് എന്റെ മൂന്ന് വയസുകാരനായ സഹോദരി പുത്രനോട് ചോദിക്കൂ. നിങ്ങളെ അവൻ അത്ഭുതപ്പെടുത്തും കൂടാതെ ഞങ്ങളുടെ ദേശീയഗാനം കേട്ടതായി ഭാവിച്ച് ഇടതുകൈ നെറ്റിയിൽ ചേർത്ത് അവൻ അനങ്ങാതെ നിൽക്കും...

ഇതൊന്നുമല്ല ഞാനിവിടെ പറയാൻ വന്ന വിഷയം...
ഞങ്ങളുടെ പാർട്ടിയാഫീസും, വായനശാലയും, സഹകരണബാങ്കും കോടതി സീൽ വച്ച് പൂട്ടിയിരിക്കുന്നു. അതിന് കാരണക്കാരനായതോ...മോസ്കോയുടെ സ്ഥാപക നേതാവ് ഹോചി മിൻ നാടാരുടെ ചെറുമകനും, ഒരുകാലത്ത്  പാർട്ടിയുടെ തിളരക്തവുമായിരുന്ന പുഷ്കിൻ നാടാർ. ഇന്ന് അതിന്റെ പേരിൽ കരിദിനമാചരിക്കുകയാണ്. സദ്ദാമിന്റെ മരണത്തിനായിരുന്നു ഞങ്ങളുടെ  അവസാനത്തെ കരിദിനം. ഗൗരിലങ്കേഷിന്റെ മരണദിനത്തിൽ ഞങ്ങളുടെ പാർട്ടി സംഘടിപ്പിക്കുന്ന തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതാമത്തെ ഹർത്താലായിരുന്നു...ഇതാ പതിനായിരം തികയ്ക്കാൻ പോകുന്നു..ട്രോട്സികയൻ ചായക്കടയും, ബാരിയൻ ബാർബർ ഷോപ്പും, ക്യാപ്പിറ്റർ മലഞ്ചരക്ക് വ്യാപരവും അടഞ്ഞുതന്നെ.  കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള തപാലാഫീസ് പെൻഷൻ വിതരണത്തിന്റെ പശ്ചാത്തലത്തിൽ ജനഹിതം മാനിച്ച് തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചു....

എന്റെ പൂർവ്വികരിൽ നിന്ന് മോസ്കോയെക്കുറിച്ചറിഞ്ഞ ചിലതുണ്ട്...
കാൺപൂർ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവിതാംകൂറിൽ നിന്ന് പുറപ്പെട്ടവരെ തീവണ്ടിയാഫീസിന്റെ എതിർവശത്തുള്ള ചവറുകൂനയിൽ ചവിട്ടിനിന്ന് അഭിവാദ്യമർപ്പിക്കാൻ ഹോചി മിൻ നാടാരുടെ നേതൃത്വത്തിൽ മോസ്കോ സംഘമുണ്ടായിരുന്നു...
പുലർച്ച മൂന്ന് മണിക്ക് പുറപ്പെട്ട കാൽനട സംഘം അഭിവാദ്യമർപ്പിച്ച്, രാത്രി ഏഴ് മുപ്പതിനാണ് പാർട്ടിയാഫീസിലെത്തിയത്...

അടുത്ത വാരത്തിലാണ് മോസ്കോയുടെ ആദ്യ രക്തസാക്ഷിയുണ്ടായത്. മോസ്കോയുടെ തെക്ക് കബനി നദിയുടെ അക്കരെയാണ് പോളണ്ട് പഞ്ചായത്ത്. പോളണ്ടിലെ പോളച്ചൻ മൊതലാളിയുടെ മകൻ ബോംബൈയിൽ നിന്ന് ബസിറങ്ങിയത് മോസ്കോ കവലയിലായിരുന്നു.പട്ടാളക്കാരനായ മാത്തന്റെ തോക്കും, പെട്ടികളും പോളണ്ടിലെ പോളച്ചന്റെ പടിവാതിലുവരെ ചുമന്നെത്തിച്ചത്  ചുമട്ടുതൊഴിലാളിയായ ഗോഡ്സെയായിരുന്നു...കൂലിക്ക് പകരം ഒരു ചക്കയും അല്പം വോഡ്കയും കൊടുത്തു. സമ്മതമില്ലെന്ന് പറഞ്ഞ് തർക്കിച്ച ഗോഡ്സേയുടെ നെഞ്ചിൽ തോക്ക് ചേർത്തു മാത്തൻ അലറി...

കരഞ്ഞു നിലവിളിച്ച് ആറരകിലോമീറ്റർ ചക്കയും തലയിൽ വച്ച് ഓടിയ ഗോഡ്സേ പുഷ്കിൻ നാടരുടെ മുന്നിൽ കമഴ്ന്നടിച്ചുവീണു...പുഷ്കിൻ നാടാരാകട്ടെ പോളച്ചന്റെ വീട്ടിലെത്തി മാത്തനെ ബലം പ്രയോഗിച്ച് വിളിച്ചിറക്കി പെട്ടിയും പ്രമാണവും അവന്റെ തലയിൽ കയറ്റിവച്ച് മോസ്കോവരെ നടത്തിച്ചു. അപമാനം സഹിക്കാനാകാതെ
മാത്തൻ മടങ്ങിപ്പോയി കബനി നദിയിൽ ചാടി ആത്മഹത്യചെയ്തു...

ഇരുട്ടിന്റെ മറവിൽ മോസ്കോ കവലയിൽ വച്ച് വസൂരി പ്രതിരോഗകുത്തിവയ്പ്പിന്റെ പോസ്റ്ററൊട്ടിക്കുകയായിരുന്ന ഹോചിമിൻ നാടാരെ പോളണ്ടിലെ പോളച്ചൻ വളർത്തുന്ന പോക്കിരികൾ
കുത്തിമലർത്തിയാണ് പകതീർത്തത്.. മോസ്കോയുടെ ധീര രക്തസാക്ഷിയ്ക്കായി ഇന്നും കവലയിൽ രക്തസാക്ഷിമണ്ഡപവും പ്രതിമയും ഉണ്ട്.. കബനി നദിയിൽ പോളണ്ടിനെയും മോസ്കോയേലും ബന്ധിപ്പിക്കുന്ന തുർക്കിപ്പാലം അന്ന് തകർക്കപ്പെട്ടതാണ്. ഇന്നും അതിന്റെ നിർമ്മാണം നടന്നിട്ടില്ല.

കോടതിയുടെ നടപടിയായി പാർട്ടിയാഫീസും മറ്റും പൂട്ടുമ്പോൾ ആ പ്രതിമയിൽ ചാരി പുഷ്കിൻ നില്പുണ്ടായിരുന്നു. തീപ്പൊരിയെന്ന നാട്ടിൽ ഏറെ പ്രചാരമുള്ള പത്രത്തിൽ പുഷ്കിൻ, ഗോർബെച്ചോവ് എന്ന്  പേരുമാറ്റാനുള്ള ഗസറ്റ് ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്...
ഞങ്ങൾ യുവാക്കളെ സെക്രട്ടറിയുൾപ്പെടുള്ളവർ തടഞ്ഞില്ലായിരുന്നെങ്കിൽ അന്നവിടെ ഒരു കൊലപാതകം നടക്കുമായിരുന്നു....
സൈബർ ലോകത്തും, വാർത്തകളിൽ പുഷ്കിൻ നിറഞ്ഞു നിന്നതിനാൽ അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മോസ്കോ ഭരണത്തിന്റെ തലയിലാകും. അത് ഭൂമിമലയാളത്തിന്റെ ഭരണത്തെയും ബാധിക്കും. ഇല്ലെങ്കിൽ പത്തോ അറുപതോ വെട്ടുകൊടുത്ത് ബൊളിവിയയിൽ പോയി താമസിക്കാമായിരുന്നു. പാർട്ടിതന്നെ നടത്തിവരുന്ന ക്വാറികളിൽ ഏതെങ്കിലും ഒന്നിൽ സൂപ്പർ വൈസറുടെ ജോലി ഉറപ്പ്...

കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലത്തത്തെ മോസ്കോ ഭരണകൂടത്തിന്റെ നിലപാടുകൾ ഞങ്ങൾക്കറിയാം...കേന്ദ്രത്തിൽ കെ എഫ് സി ചിക്കൻ കേന്ദ്രങ്ങൾ നടത്തുന്ന ഗോർക്കിഭട്ട് പതിനാലരയേക്കറിൽ വളർന്നുകിടക്കുന്ന കോഴിഫാം തുടങ്ങിയത് ഈ മോസ്കോയിലല്ലേ. വികസനത്തിന് ഒരെതിരും ഉണ്ടാകില്ലെന്നെന്ന് ഗോർക്കിക്ക് ഉറപ്പായിരുന്നു...നദിയിൽ കോഴിമാലിന്യം താള്ളിയെന്ന പേരിൽ ചില തീവ്രവാദികൾ എതിർത്തപ്പോൾ പാർട്ടി നിലപാട് ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു...
നദിയിൽ ആഫ്രിക്കൻ മുഷികളെ വളർത്തി അത് പരിഹരിക്കാമെന്നും...ഫാമിൽ ജോലി ചെയ്യുന്ന പതിമൂന്ന് കുടുംബങ്ങൾ വിലപ്പെട്ടതാണെന്നും പതിനാറ് പേജുള്ള റിപ്പോർട്ട്  പാർട്ടി സെക്രട്ടറി വിശദീകരിക്കുമ്പോൾ ഞാൻ വികാരവാനായി...
പിറ്റേ ദിവസം പുഴയിൽ ആഫ്രിക്കൻ മുഷികൾ വളരാൻ തുടങ്ങി...
അടുത്ത വർഷം മുതൽ ഫാമിൽ വിറ്റുതുടങ്ങിയ
ആഫ്രിക്കൻ മുഷിയും നാട്ടുകാർ  ധാരാളം തിന്നാൻ തുടങ്ങി....
പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി തീവ്രവാദികൾ ബൊളിവിയയിലെ ക്വാറികൾക്ക് തടസമുണ്ടാക്കിയപ്പോൾ അവിടെയും പാർട്ടിയിടപെട്ടു. ലാവോസിയയിലെ ബ്രാഞ്ച് കമ്മറ്റിയംഗം വി. ലാസാറിനെ അതിന്റെ നടത്തിപ്പ് ഏല്പിച്ചു...പ്ലീനം ഗ്രൂപ്പോഫ് കമ്പനീസിന്റെ ഭവന പാർപ്പിട നിർമ്മാണ  പദ്ധതികൾക്ക് വി.ലാസർ മെറ്റലും പാറകളും എത്തിക്കാൻ തുടങ്ങി...പ്ലീനം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ വിയറ്റ്നാമിലെ ബാങ്കുമായി ലിങ്ക് ചെയ്തിരുന്നു...അതിനെല്ലാം ഒരു എട്ടിന്റെ പണിപോലെ  ലാറ്റ്വിയയിലെ പാർട്ടി ശത്രുവായ  ലത്തീഫിനെ കൂട്ടുപിടിച്ച് പുഷ്കിൻ ഈ കോടതിവിധി നേടിയെടുത്തത്...മോസ്കോ പാർട്ടിയാഫീസും, വിയറ്റ്നാം കവലയിലെ പാർട്ടി നിയന്ത്രണമുള്ള ബാങ്കും, ലാവോസിലെ വായനശാലയും ഉൾപ്പെട്ട അൻപത്തൊയെന്ന് സെന്റ് പുഷ്കിനവകാശപ്പെട്ടതാണെന്ന് കോടതി വിധിച്ചിരിക്കുന്നു...

ഭൂമിമലയാളത്തിന്റെ ഭരണം മോസ്കോ  പാർട്ടിപിന്തുണയ്ക്കുന്ന ഒന്നായതിനാൽ പ്രവർത്തകരായ ഞങ്ങൾക്ക്...
സമാധാനകാലമായിരുന്നു. കേന്ദ്രത്തെ എതിർത്തും, ഭൂമിമലയാളത്തെ പുകഴ്ത്തിയും ട്രോളുകളുണ്ടാക്കുക. പാർട്ടിപത്രത്തിന്റെ പ്രതിമാസ ടാർജറ്റ് തികയ്ക്കുക....അടുത്തിടെ ആകെയുണ്ടായ പ്രശ്നം പുന്നപ്രയിൽ അറുപത്തിനാലിന് ശേഷം തരിശായിക്കിടന്നവയൽ പാർട്ടിയേറ്റെടുത്ത് കൃഷിയിറക്കി അതിൽ നേതാക്കൾ പരവതാനിയിൽ നിന്ന് എറിഞ്ഞവിത്തുകളിൽ പകുതിയും നല്ല നിലത്തായിരുന്നില്ല വീണത്. അത് തീപ്പൊരിയിൽ ചിത്രം സഹിതം വാർത്തവന്നു...
ഫോട്ടോ ഗ്രാഫറായ അനല്പൻ പിള്ളയെ അടുത്തദിവസം പഞ്ചായത്തിന്റെ വാർഷികറിപ്പോർട്ട് അവതരണം കവർ ചെയ്യാൻ വന്നപ്പോൾ ഞങ്ങൾ തല്ലി, ക്യാമറ എറിഞ്ഞുടച്ചു
....ആ സംഭവും, പരവതാനിയിലെ വിത്തെറിയലും സൈബറിൽ ട്രോൾ മഴതീർത്തു...ഒടുവിൽ പാർട്ടി ഇടപെട്ട് അനല്പന് ചൈനീസ് നിർമ്മിത ക്യാമറ വാങ്ങിക്കൊടുത്ത് കേസും വഴക്കും ഒത്തുതീർക്കുകയായിരുന്നു...
അടുത്ത ദിവസം തന്നെ പുന്നപ്രയുടെ വടക്കേ മൂലയിൽ നിലം സ്വാഭാവികമായി നികന്നുവന്ന സ്ഥലത്തു നിർമ്മാണം തുടങ്ങിയ മോസ്കോ ആയുർവേദിക്ക് ക്ലിനിക്കിന്റെ ചിത്രം തീപ്പൊരിയുടെ ഒന്നാം പേജിൽ നിറഞ്ഞു നിന്നു...

രണ്ടു ദിവസം കഴിഞ്ഞ് എന്റെ ചിത്രവും തീപ്പൊരിപത്രത്തിൽ പ്രത്യക്ഷപ്പെട്ടു..നാല്പത്തിയാറാം മോസ്കോ സമ്മേളനത്തിൽ പങ്കാളിയ്ക്ക് വിശ്വാസമാകാം എന്ന നിലപാട് സ്വീകരിക്കുന്നതിന് മുന്നേ ഞങ്ങളിൽ ഭൂരിപക്ഷവും വിശ്വാസങ്ങളിൽ പെട്ടിരുന്നു...
വിശ്വോത്തര തീർഥാടനകേന്ദ്രങ്ങളിലേക്ക് മോസ്കോയിൽ നിന്ന് വാഹന സർവീസുകൾ പോലും തുടങ്ങിക്കഴിഞ്ഞു...
അതിനിടയിലാണ് "കാനോൻ" ഫെലോഷിപ്പ് കൂട്ടായ്മയിലെ ചർച്ചിൽ ബ്രദറിനെയും വിശ്വാസികളെയും ഉക്രൈനിലെ വർഗീയവാദികൾ ശബ്ദമലിനീകരണം എന്നപേരിൽ ആക്രമിച്ചത്...പരിക്കേറ്റവശനായി മൂക്കിലുടെ രക്തമൊഴുകി വഴിയിൽ കിടന്ന ചർച്ചിലിലെ നല്ലശമര്യക്കാരനെപ്പോലെ ആശ്യ്പത്രിയിലേക്ക് കൊണ്ടുപോകുന്ന എന്റെ ചിത്രമായിരുന്നു...
തീപ്പൊരി  അടിക്കുറിപ്പോടെ പ്രസിദ്ധികരിച്ചത്...
പിറ്റേന്ന് പരുക്കുകളോടെ ചർച്ചിൽ സുവിശേഷം പ്രസംഗിച്ചു...
ഞങ്ങൾ കേന്ദ്രത്തിന് ചുറ്റും മനുഷ്യമതിൽ തീർത്തു...
ഉക്രൈൻ പോരാളികൾ ഞങ്ങളെക്കണ്ട്
പിൻവാങ്ങി.അതിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ കാനോൻ ഉൾപ്പെട്ട വാർഡിൽ എന്നെ മത്സരിപ്പിക്കാനായിരുന്നു. പാർട്ടിയുടെ ലക്ഷ്യം. കാനോനിലെ പ്രസംഗം കേട്ട് മനുഷ്യമതിൽ തീർക്കാനെനെത്തിയ നല്ലൊരുശതമാനം ആളുകളും ചർച്ചിലിന്റെ നേതൃത്വത്തിൽ കബനി നദിയിലിറങ്ങി സ്നാനമേറ്റ് വിശ്വാസജീവിതം സ്വീകരിച്ചു.

ഞാൻ പിന്നെയും എവിടേക്കോ നിങ്ങളെക്കൊണ്ടുപോകുന്നു...
കോടതി മോസ്കോപാർട്ടിയാഫീസ്  സീൽ വച്ചതിനുശേഷം പുഷ്കിനെ ആരും കണ്ടിട്ടില്ല. വീടും പറമ്പും ജപ്തിയാകുമെന്ന് ഉറപ്പായപ്പോഴാണ് പാർട്ടിയിൽ നിന്ന് അവധിയെടുത്ത് സർക്കാർ വാദ്യാരുപണിയ്ക്കായി അയാൾ മലബാറിലേക്ക് തീവണ്ടികേറിയത്. എന്നിട്ട് മടങ്ങിവന്ന് ഈ ചതിചെയ്യുമെന്ന് ആരും കരുതിയില്ല...
വീട് ജപ്തിക്കുവന്ന ബാങ്ക് തന്റെ പേരിലാക്കിയ വിരുതൻ.

കോടതിയിൽ നിന്നുകിട്ടിയ റിപ്പോർട്ട് പൂട്ടിക്കിടക്കുന്ന പാർട്ടിയാഫീസിന്റെ മുന്നിലെ യോഗത്തിൽ വച്ച് വൈക്കം ബഷീർ വായിച്ച് കേൾപ്പിച്ചു...ഈ മോസ്കോയിലെ പാർട്ടിയാഫീസും ബാങ്കും വായനശാലയും സ്ഥിതിചെയ്യുന്ന ഭൂമി. പുഷ്കിന്റെ പൂർവ്വികനായ ഹോചീമിൻ നാടാരുടേതാണ്. പാരമ്പര്യസ്വത്ത് കൈമാറ്റ നിയമപ്രകാരം നിലവിലെ അവകാശി പുഷ്കിൻ എന്ന ഗോർബെച്ചേവ് നാടാരാണ്.യോഗത്തിന്റെ ഒടുവിൽ പുഷ്കിനെ അനുനയിപ്പിക്കാൻ ഞാനുൾപ്പെട്ട ഒരു ടീം രൂപീകരിക്കാൻ തീരുമാനിച്ചു...ഉക്രൈൻ ലാറ്റ്വിയ, പോളണ്ട് എന്നിവിടങ്ങളിൽ മാറി മാറി താമസിക്കൻ തുടങ്ങിയ പുഷ്കിനെ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കാനോനിൽ ഇടയ്ക്ക് വരാറുള്ള പുഷ്കിന്റെ മകളും എന്റെ കാമുകിയുമായ ലിസിയോട് സംസാരിക്കാൻ ചർച്ചിൽ ബ്രദർ അനുവദിച്ചുമില്ല...
വാർഡ് ആറിലെ
പതിമൂന്നാം വീട് അടഞ്ഞുകിടന്നു. വാതിലിൽ നിങ്ങൾ ആദ്യം വായിച്ചവാക്യവും എഴുതിയിരുന്നു..അന്വേഷണ ടീമിനോടുള്ള അതൃപ്തി പാർട്ടിയുടെ രഹസ്യയോഗത്തിൽ പലരും വ്യക്താക്കി...

ഇതിനിടയിലാണ് പുഷ്കിനെ പാർട്ടി ഉന്മൂലനം ചെയ്തെന്ന് ലിസി പോലീസിൽ പരാതിപ്പെട്ടത്.
അതിന് അനുകൂലമായ വാർത്തകളും വീടിന്റെ മുന്നിലെ വാചകവും തീപ്പൊരിയിൽ വന്നു...ആദ്യമായി മോസ്കോയിൽ കേന്ദ്രഭരണപാർട്ടിയുടെ യോഗം നടന്നു. മോസ്കോ കവലയിൽ അവർ കൊടിയും നാട്ടി..
ഭൂമിമലയാളത്തിന്റെ ഭരണസഭയിൽ പുഷ്കിൻ തിരോധാനം പ്രതിപക്ഷം ആയുധമാക്കി...കേന്ദ്രത്തോട് അവർ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു...മോസ്കോയിലെ നേതൃത്വം അറസ്റ്റുചെയ്യപ്പെട്ടു...ഭൂമിമലയാളത്തിൽ ഭരണപ്രതിസന്ധിയുണ്ടായി. ആഭ്യന്തരമന്ത്രിയുടെ കോലം മോസ്കോ കവലയിൽ കത്തിച്ചു.
ആ നാളുകളിൽ ലിസി എന്റെ പ്രണയം വലിച്ചെറിഞ്ഞു.
ഞാൻ മരണത്തെക്കുറിച്ചുപോലും ചിന്തിച്ചു.

അതിനിടയിലാണ് മലബാറിലെവിടെയോ പുഷ്കിനുണ്ടെന്ന് പാർട്ടിക്ക് രഹസ്യവിവരം കിട്ടിയത്..മുഖത്ത് ഒരു കറുത്ത മറുകുള്ളതിനിലാൽ പുഷ്കിനാണോ എന്ന് ചാരന്മാർക്ക് വ്യക്തായി തിരിച്ചറിയാൻ കഴിഞ്ഞില്ലത്രേ....
ഞാൻ മലബാറിലേക്ക് പോന്നു..തീവണ്ടിയിറങ്ങി ചായകുടിക്കാൻ കയറിയ ഹോട്ടലിൽ വച്ചു തന്നെ ഞാൻ പുഷ്കിനെ കണ്ടെത്തി അദ്ദേഹം എന്നെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി, ശരിയാണ് ഇടതു കവിളിൽ അയാൾ വരച്ച മറുകുകാരണം അയാളാകെ മാറിയിരിക്കുന്നു....
മുറിയിലെത്തിയതും അയാൾ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു.
ഞാനും പ്രത്യഭിവാദ്യം ചെയ്തു..കുളിച്ചുവന്ന എനിക്ക് അയാൾ ഇരിക്കാൻ പാർട്ടിയുടെ പത്രം വിരിച്ചു തന്നു..
പിന്നെ കഥപറയാൻ തുടങ്ങി.

നാടിനെയും പാർട്ടിയേയും ജീവനെക്കാൾ സ്നേഹിച്ച് കടക്കെണിയിലായതും. സ്വന്തം പാർട്ടിതന്നെ ജപ്തിചെയ്യാൻ വന്നതും പറഞ്ഞപ്പോൾ അയാൾ ദീർഘമായി നിശ്വസിച്ചു.മലബാറിലിരിക്കുമ്പോഴും അയാളുടെ ആത്മാവ് മോസ്കോ കവലയിലായിരുന്നു. അവിടേക്ക് മടങ്ങിപ്പോകാൻ വല്ലാതെ കൊതിച്ചു...
അങ്ങനെയാണ് വാദ്യാന്മാരുടെ ആശയാനുകൂല സംഘടനയിൽ ചേർന്നതും അഹോരാത്രം സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തതും...എന്നിട്ടും നാട്ടിലേക്കുള്ള സ്ഥലമാറ്റപ്പട്ടികയിൽ അയാളെ ഉൾപ്പെടുത്തിയില്ലത്രേ. അത് ചോദിക്കാൻ യോഗത്തിൽ സംസാരിച്ചതിന് അവിടുത്തെ പാർട്ടിക്കാർ പൊതിരെ തല്ലുകയും അധിക്ഷേപിച്ച് ഇറക്കിവിടുകയും ചെയ്തു...അന്ന് കണ്ണീരോടെ മടങ്ങിവന്ന് ഒരാൽമരചുവട്ടിലിരിക്കുമ്പോഴാണ് ബോധോദയമുണ്ടായത്...ഹോചിമിൻ നാടാരുടെ പരമ്പരയ്ക്ക് പാർട്ടിയിലെ സ്ഥാലം ബോധ്യപ്പെടുത്തിക്കൊടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്.
അതിന് ലാറ്റ്വിയയിലെ ലത്തീഫിനെ കൂട്ടുപിടിച്ചതിൽ വേദനയുണ്ടെങ്കിലും കുറ്റബോധമില്ല....

ഞാൻ എണിറ്റു നിന്നു, അദ്ദേഹം എന്നെ ചേർത്തു നിർത്തി, എന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു...
ഒരു കത്തിയെടുത്ത് എന്റെ നേർക്ക് നീട്ടി, ഞാനത് ജാലകത്തിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു.

പിറ്റേന്ന് ബാംഗ്ലൂരിലേക്കുള്ള തീവണ്ടിയിലുരുന്ന് തന്റെ സ്വത്തെല്ലാം മോസ്കോയിലെ തെക്കേയറ്റത്തുള്ള മാനിഫെസ്റ്റോ ഓർഫണേജിന് ദാനം ചെയ്തവിവരം പുഷ്കിൻ എന്നോട് പറഞ്ഞിട്ടും.
പാർട്ടിയുടെ ഗ്രാസ് റൂട്ട് പ്രവർത്തനത്തിന്റെ ഭാഗമാണ് മാനിഫെസ്റ്റോ ഓർഫണേജെന്ന് ഞാൻ അയാളോട് പറഞ്ഞില്ല...

ബാംഗ്ലൂർ വഴി മ്യാന്മാറിലെ  കപിലവസ്തുവിലേക്ക്  ഞങ്ങൾ വിമാനം കയറി.
അവിടുന്ന്
ബോധഗയയിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ ഞങ്ങൾക്കൊപ്പം മോസ്കോയിൽ നിന്ന് പുറപ്പെട്ട ഒരു  നായയുമുണ്ടായിരുന്നു...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Thursday, 7 December 2017

സുചിത്രാംഗ കമ്മീഷൻ...!!

*സുചിത്രാംഗ കമ്മീഷൻ.!!*

"നിങ്ങൾക്ക് എന്നെക്കുറിച്ച് ഒന്ന് എഴുതിക്കൂടേ കഥയ്ക്കല്ലാ നല്ലൊരു നോവലിനുള്ള കഥയുണ്ട്..." അവസാനകഥയുടെ പ്രൂഫ് മധു എനിക്കുതരുമ്പോൾ സുചിത്രടീച്ചർ അയാളുടെ ബൈക്കിന് പിന്നിലിരുന്ന് പറഞ്ഞു....
മധുഎന്നെനോക്കി ഒരുപാട്ടുപോലെ ചിരിച്ചു....

*സുചിത്രവിജ്ഞാപനം*

അതേ,
ശുദ്ധരിൽ ശുദ്ധൻ താങ്കള് തന്നെ എടുത്താൽ മതീട്ടോ, ഞാൻ അമർത്തിയൊന്ന് മൂളി, കേട്ടുനിന്നവരൊക്കെ എന്നെ നോക്കിചിരിച്ചു. സുചിത്രടീച്ചർ റാങ്ക്ഫയലുകളുമായി ലൈബ്രറിക്കുള്ളിലേക്ക് പോയി. അടുത്തിടെയായി ടീച്ചറിന്റെ പെരുമാറ്റത്തിൽ ചിലപൊരുത്തക്കേടുകളുണ്ട്...

എച്ച് എസ് ഏയുടെ റാങ്ക്ലിസ്റ്റിൽ ഒരിടം കിട്ടാത്തതും, എന്നാൽ താൻസഹായിച്ച അന്ധയായ പെണ്ണിന് ഒന്നാം റാങ്ക് കിട്ടിയതും ടീച്ചറിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞ പന്ത്രണ്ട് കൊല്ലായി ഈ സ്കൂളിൽ മലയാളത്തിന്റെ രണ്ട് സീനിയർ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നു. എത്രപരസ്യം കൊടുത്താലും ഈ മലമൂട്ടിലേക്ക് സുചിത്രാമംഗലശ്ശേരിയല്ലാതെ  ഒറ്റൊരാൾ വരാറില്ല.. കഴിഞ്ഞ മൂന്ന് വർഷായി ഞാൻ നിയമിതനായിട്ട്. ഒരാഴ്ച്ചമുൻപ് റാങ്കുകാരിവന്നിരുന്നു സുചിത്രടീച്ചർക്ക്  ഒരു സ്വർണമേതിരവും കൊടുത്തു. അവരത് സ്നേഹത്തൊടെ നിരസിച്ചു...

"എന്തേലും കിട്ടൂന്ന് കരുതീട്ടല്ല ആ പെണ്ണിനെ സഹായിച്ചത്, അതൊക്കെ വാങ്ങ്യാപ്പിന്നെ എനിക്കെന്താ ഒരു വില..." മടക്കിയ സ്വർണത്തെക്കാൾ തിളക്കം തോന്നി അവരുടെ  ആ വാക്കുകൾക്ക്. പക്ഷേ  ഒരു ഗ്രാമിന്റെ വിലകൊടുക്കാൻ പോലും സ്റ്റാഫ് റൂമിൽ ആരും  തയാറായില്ല...

"അഹങ്കാരം ആ ജാതീടെ ഗൊണാ..." ആരോ കമന്റ് പാസാക്കി.

"ഇനി ഈ ഹയർസെക്കന്ററീടെ ഒരു അപേക്ഷയിട്ടിട്ടുണ്ട് മൂന്ന് മാസം കഴിഞ്ഞാൽ പരീക്ഷയാ, കഴിഞ്ഞകുറേ കൊല്ലായി പഠിപ്പിക്കണ സ്ഥാപനല്ലേന്ന് കരുതി, ഇടയ്ക്ക് ഇട്ടേച്ചുപോകാൻ തോന്നണില്ല. അല്ലേൽ ഞാൻ കളഞ്ഞിട്ട് പോകുമായിരുന്നു. ഇനി ഈ ജീവിതത്തിൽ ഒരു നോട്ടിഫിക്കേഷനും ഞാൻ കാത്തിരിക്കണില്ല, ഈ ജാതികാരണം വയസ്സിനൊരാനുകൂല്യോം കിട്ടാനില്ല. ഇതുവരെ ഒരു ലിസ്റ്റിലും കയറാനും പറ്റീട്ടില്ല...

അല്ലെങ്കിലും ഞങ്ങൾക്കെന്ത് വിലയാ ഇവിടെ ഒപ്പിടണത് പറ്റുബുക്ക് പോലെ മറ്റൊരു രജിസ്റ്റർ, അതൊന്നല്പം വൈകിയാൽ കൂലിപോയി, അതിനിടയിൽ ദേ ഇപ്പൊ ശനീം എടുത്തുകളഞ്ഞു. ഹർത്താലും ശനീം ഞായറും അവധികഴിഞ്ഞാൽ വിരലിലെണ്ണാവുന്ന ദിവസ്സേല്ലേയുള്ളു...അവധീന്ന് കേട്ടാലേ ഇപ്പൊ ഒരീസത്തെ കൂലിയെക്കുറിച്ചുള്ള ആധിയാണ്. ഈ സ്കൂളിന്റെ എല്ലാപണിയും ഞങ്ങൾക്ക് പതിച്ചു തന്നൂന്ന് തോന്നും ചിലതൊക്കെ കേട്ടാൽ.

നിങ്ങൾക്കൊക്കെ എന്ത് സുഖാ പതിനഞ്ച് ലീവും പിന്നെ മറ്റേ ലീവുകളും, അടുത്തിടെ നിന്റെ ഭാര്യപെറ്റതിനും കിട്ടിലേ പത്ത് ദിവസം. അതുകൊണ്ട് കാര്യായിട്ടാ പറയണത്. ക്ലാസിനല്ലാതെ ഒന്നിനും ഞാനിനി വരൂലാ ഇല്ലേങ്കിൽ ഞാനിത് ഇട്ടേച്ചും പോകും എന്റെ അവസാന ശ്രമായിത്..."

"മംഗലശ്ശേരി നായരെന്താ ഇത്ര കലിപ്പിൽ..." ലാബ് അസിസ്റ്റന്റ് പുഷ്പലത ചിരിച്ചോണ്ട് ലൈബ്രറിയ്ക്കുള്ളിലേക്ക് പോയി.

"കേട്ടില്ലേ അവരടെ പുച്ഛം, അടുത്തിടെ അവൾക്കും കിട്ടും, ടീച്ചർ കോട്ടയിൽ പ്രമോഷൻ, അതും ജാതീന്റെ പേരിലല്ലേ...?, അതിന്റെയാ. ഇവിടെ കുട്ടികൾക്ക് പോലും ശരിക്കറിയാം താൽക്കാലികം ആരാ സ്ഥിരം ആരാന്നൊക്കെ. അല്ലാ ഇക്കാലത്ത് ആർക്കാ അല്പം ജാതിയില്ലാത്തത് തനിക്കും ഏതോ ജാതിന്റെ പേരിലല്ലേ കിട്ടിയത്. എന്നിട്ടോ ലോകത്തില്ലാത്ത കമ്മൂണിസ്സോം വിളമ്പും. അതുകൊണ്ട് എന്റെ ജാതിയെ കളിയാക്കണ ആ  കവിത ഞാൻ പഠിപ്പിക്കൂലാ.

ജാതീടെ പേരിലെ സംവരണം മാറ്റൂന്ന് പത്രത്തിൽ കണ്ടിരുന്നു അത് വല്ലേം നടന്നാൽ മതിയായിരുന്നു...ഇവിടെ എന്നെപ്പോലുള്ളോർക്ക് ആകെ  മംഗലശ്ശേരീന്നും നായരെന്നുമുള്ള ഈ ഏച്ചുകെട്ടലുകളേയുള്ളു സമ്പാദ്യം....നീ ആ ജയകാന്തന്റെ കാര്യോന്ന് ഓർത്തേ അയാൾക്കും ഭാര്യയ്ക്കും ജോലിയുണ്ട്, ജാതീടെ പേരിൽ മക്കൾക്ക് സ്റ്റൈഫന്റും ഇപ്പൊ അതിലെ ആ പെണ്ണിന് മെഡിസിന് അഡ്മിഷനും കിട്ടി അല്പം നെറല്ലാതെ എന്ത് കുറവാ അവർക്കുള്ളത് എന്നിട്ടും സംവരണം അവർക്ക് തന്നെ..ദിവസക്കണക്കിൽ കിട്ടണ ഈ നാന്നുറ്റിഅൻപത് രൂപയിലാ എന്റേം മാധുവേട്ടന്റേം ബഡ്ജറ്റിന്റെ താളം..."

ടീച്ചർ ഗൈഡിൽ ഭരണഘടനയെക്കുറിച്ച് വായിക്കുമ്പോൾ...
ഞാൻ 'നായരേ ഭാവൻ തന്നെ ശുദ്ധരിൽ ശുദ്ധനും' മൂളിക്കൊണ്ട് ഇറങ്ങിനടന്നു...

*ചിത്രപരീക്ഷയിലെ*
*ഉത്തരസൂചികൾ*

പരീക്ഷയുടെ രണ്ടു മുന്നേ സുചിത്രടീച്ചർ സ്കൂളിൽ നിന്ന് പോയി. ബുദ്ധിപൂർവ്വം ഒഴിവാക്കീന്ന് പറയുന്നതാകും ശരി. ജയകാന്തന്റെ അനിയന്റെ  ഭാര്യ മലയാള എം. എ.ക്കാരിയാണെന്നറിഞ്ഞതുമുതൽ ഒഴിഞ്ഞിരുന്ന് പഠിക്കുന്ന സുചിത്രടീച്ചറെ വേണ്ടാതായി. അവസാന ചാൻസല്ലേ ? വീട്ടിലിരുന്ന് മുഴുവൻ സമയോം നോക്കണതല്ലേ നല്ലതെന്നൊക്കെ ഞാനും പറഞ്ഞപ്പോൾ അവർ നിർത്തിപ്പോയി. പാഠഭാഗങ്ങളൊക്കെ ഏകദേശം തീർത്തതുകൊണ്ട് പുതുതായിവന്ന വനജയ്ക്ക് സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റുകളിടാൻ ഒത്തിരി സമയം കിട്ടീന്ന് പറയാം...
എതിർ വശങ്ങളിലിരുന്ന് മുഖത്ത് നോക്കാതെ ചാറ്റ്ബോക്സിൽ ഞങ്ങളൂറിചിരിച്ചു. ഗൾഫിൽ നിന്ന് ജയകാന്തന്മാഷിന്റെ അനിയൻ അയച്ച പെർഫ്യൂം മറ്റാരുമറിയാതെ അവർ എനിക്ക് തന്നു...

"മാഷിന്റെ കൈവശമുള്ള ഗൈഡുംകുറിപ്പുകളും എനിക്ക് തരാമോ, എന്റെ കൈയിലുള്ളതൊക്കെ കഴിഞ്ഞു..." വഴിയിൽ വച്ച് മധുവിന്റെ പിന്നിലിരുന്ന് സുചിത്രടീച്ചർ ചോദിച്ചതിനാലാണ്.അന്ന് വൈകിട്ട് അവരുടെ വീട്ടിലേക്ക് പോയത്. മധുവിന്റെ അമ്മ എന്നെ സ്വീകരിച്ചു. അടുക്കളയിൽ കുഴലുകൊണ്ട് അടുപ്പിൽ ഊതുന്നശബ്ദം.
സുചിത്ര ടീച്ചറുടേതെന്ന് ഞാനുഹിച്ചു....

"ഗ്യാസ് തീർന്നിട്ട് നാലായി, മധൂനും അവൾക്കും ഒരു മൈൻഡ് ഇല്ല അവൾക്കും ഈ വീട് ഇങ്ങനെയിട്ട്  പുകയ്ക്കാനാ അവൾക്കും ഇഷ്ടം..." അവർ ഒരു ചുമവരുത്തി ഞാനായിട്ട് കുറച്ചില്ല ഒന്ന് ഞാനും ഒപ്പിച്ചു...

സുചിത്രടീച്ചർക്കൊപ്പം പുകമണവും അടുക്കളവിട്ടിറങ്ങിവന്നു. പുകഞ്ഞ ഒരു കട്ടൻ ചായയും. നെറ്റിയിൽ ഊർന്ന് കിടക്കുന്ന ചുരുണ്ട മുടിയിഴകളിൽ ചാരം മഞ്ഞുപോലെ പറ്റിനിൽക്കുന്നു....

"ഗ്യാസ് തീർന്നല്ലേ..." ഞാൻ പറഞ്ഞതൊന്നും മൈൻഡ് ചെയ്യാതെ ബുക്കുകൾ വാങ്ങി മുറിക്കുള്ളിൽ വച്ച്. ഒഴിഞ്ഞഗ്ലാസ് ടേബിളിൽ വാങ്ങി  വച്ചു. മടങ്ങാൻ തുടങ്ങിയ എന്റൊപ്പം ഗേറ്റുവരെ വന്നു....

"...ന്റെ ഗ്യാസ് മിക്കവാറും തീരൂട്ടോ. നിറച്ച രണ്ട് കുറ്റി അകത്ത് അച്ഛന്റെ മുറിലുണ്ട്. ഗൾഫ്കാരൻ മോനെ നാട്ടിലെത്തിച്ച വരുമാനമില്ലാത്ത മരുമകൾ വിറകുണ്ടാക്കി കത്തിച്ചാൽ മതീന്നാ ഉത്തരവ്. മധുവേട്ടൻ ഗൾഫ്കാരനായിരിക്കണത അച്ഛനിഷ്ടം. അടിമമകളായിരിക്കണതാ അമ്മയ്ക്കിഷ്ടം..ന്റെ കഷ്ടകാലത്തിന് മധുവേട്ടന് മഞ്ഞയുടെ പ്രശ്നോം മടങ്ങിപ്പോകാൻ കഴിയണൂല്ലാ...എനിക്കും മക്കൾക്കും വേറാരാ..ഈ പറമ്പ് മുഴുവനും നടന്ന് വിറകുണ്ടാക്കി വച്ചുവിളമ്പിയാലും ആർക്കും രുചിയില്ല. ഒരാൾക്ക് ഒന്ന് മറ്റൊരാൾക്ക് വേറൊന്ന്..ഞാൻ ജോലി തീർത്ത് പഠിക്കാനിരിക്കണത് കണ്ടാൽ രണ്ടാൾക്കും കലിയിളകും. എന്തുവന്നാലും പരീക്ഷയ്ക്ക് രണ്ടാഴ്ച്ചമുന്നേ ഞാനെന്റെ വീട്ടിൽ പോകും മക്കളെ മധുവേട്ടൻ നോക്കട്ടേ...തിരികെപ്പോകാൻ മധുവേട്ടനും നോക്കണുണ്ട്. ഈ ജോലികിട്ട്യാൽ പിന്നെ ഞങ്ങളെവിട്ട് മധുവേട്ടന് മരുഭൂമിപ്പോയി പണിയേണ്ടിവരൂലല്ലോ..? "

മധുവിന്റെ ബൈക്ക് ശബ്ദം അടുത്തുവന്നു..ഗേറ്റിൽ നിൽക്കണ ഞങ്ങളെ നോക്കി ചിരിച്ചു...

"മാഷേ ആ ഹിന്ദി സിനിമേടെ ടിക്കറ്റ് വേണ്ടായിരുന്നോ...?" ഞാൻ ടിക്കറ്റിന്റെ കാശെടുക്കാൻ തുടങ്ങിയപ്പോൾ എന്നെത്തടഞ്ഞു..'അത് ഞാൻ വേറൊരു ഫാമിലിക്ക് കൊടുത്തൂന്ന്' പറഞ്ഞത് എനിക്കും സുചിത്രടീച്ചർക്കും വിശ്വാസായില്ല...

മധു വീട്ടിലേക്ക് കയറുമ്പോൾ

"ദേ കണ്ടില്ലേ മധുവേട്ടന് കച്ചോടം ചെയ്യാനറിയില്ല..." സുചിത്രടീച്ചറും അകത്തേക്ക് പോയി. എന്റെ പേഴ്സിനുള്ളിലൊരു തുക  നീറിത്തുടങ്ങി....

*ദാമ്പത്യത്തിന്റചുരുക്കപ്പട്ടിക*

നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക്ചെയ്യാൻ അക്ഷയസെന്ററീൽ എത്തുമ്പോൾ മധു, ദേവിവിലാസം ഹോട്ടലിലെ ഊണുപൊതി തുറക്കുകയായിരുന്നു.

"ഊണിപ്പൊ ഹോട്ടലീന്നാ എന്താ വീട്ടിൽ പോയില്ലേ...? " ഞാൻ പപ്പടത്തിന്റെ ഭാഗം എടുത്തു. പൊതിമാറ്റിവയ്ക്കാൻ തുടങ്ങിയ മധുവിനെ ഞാൻ തടഞ്ഞു....

" മാഷ് വന്നതിന്റെ രണ്ടാം ദിവസം അവള് കുട്ടികളേം എന്നേം തനിച്ചാക്കി വീട്ടിൽ പോയി. കുട്ടികളുടെ കാര്യാ കഷ്ടം. എനിക്ക് ഗൾഫിൽ ഇതൊക്കെ ശീലായതല്ലേ. അമ്മ എന്തേലും ശര്യാക്കും. രണ്ടാളും മിണ്ടാതെ കഴിച്ചോളും. അവർക്ക് അവളുടെ ശീലാ.

പോണതിന്റ തലേന്ന് ഒരു ചെറിയ വഴക്കുണ്ടായി. ചിത്ര പഠിക്കാനിരിക്കുവായിരിന്നു. അച്ഛൻ പറമ്പിലെ പണിക്കാർക്ക് വെള്ളം ചോദിച്ചു. ടേബിളിൽ ഉണ്ടായിട്ടും  അവൾ എടുത്ത് കൊടുക്കണം..അവൾ എണീറ്റില്ല. അമ്മയെടുത്ത് കൊടുത്തെങ്കിലും അന്ന് അതായി പുകില്. പറമ്പിൽ പണിചെയ്യണോന് കിട്ടും സ്കൂളിൽ ചെന്ന് പഠിപ്പിച്ചാലെന്നും പറഞ്ഞ് അമ്മതുടങ്ങി...അയലത്തെ
വർഷോപ്പ് സുഗുണന്റെ പെണ്ണ് വർഷേടെ കാലുകഴുകി വെള്ളം കുടിക്കെടീന്ന് അമ്മ പറഞ്ഞു.വർഷേടെ മഹത്വം വിളമ്പണതിനിടയിൽ,
ചിത്ര മുറീന്ന് ഇറങ്ങിവന്നു..

" അതേ, അമ്മേടെ അയൽക്കാരി മാതൃകാ മരുകൾ പത്ത് പാസായിട്ടില്ല. എനിക്ക് ഒരു പീ ജിയും നെറ്റും ഉണ്ട്. നിങ്ങടെ വർഗത്തിൽ ഒരാളുണ്ടോ ഈ യോഗ്യതയുള്ളത്..." ചിത്രേടെ ശബ്ദം.ഞാനന്നുവരെ ഉയർന്ന് കേട്ടിട്ടില്ലാട്ടോ...തുടന്ന് അമ്മായീം മരുമോളും തർക്കായി. ഞാനവളെ എന്തൊക്കെയോ പറഞ്ഞു...പിറ്റേന്ന് എല്ലാരും ഉണരും മുന്നേ മക്കളുടെ ടിഫിൻ വരെ റെഡിയാക്കീട്ട് ഇറങ്ങിപ്പോയതാ.
ഫോൺ പോലും കൊണ്ടുപോയിട്ടില്ല.

ഞാനും മക്കളും രണ്ടീസം മുന്നെ അവിടെ പോയിട്ടും മുറീന്ന് ഇറങ്ങിവന്നില്ല. ഈ വാശി നന്നായീന്നാ എന്റെ തോന്നൽ അന്ന് മറ്റേ റാങ്ക് ലിസ്റ്റിൽ ഇല്ലാന്നറിഞ്ഞ് എത്ര രാത്രിയാന്നോ കരഞ്ഞ് കരഞ്ഞ്...
എനിക്കിതിലെന്താ ചെയ്യാനാകുക. രണ്ട് കൂട്ടരുടേം എടേൽ കിടന്ന് ഞാനും മക്കളും...

കുഞ്ഞുങ്ങൾക്ക് അപ്പുപ്പന്റേം അമ്മുമ്മേടെം സ്നേഹം കിട്ടണം. ഞാൻ അച്ഛന്റെകൂടെ വേണം എന്നൊക്കെപ്പറഞ്ഞ് വീടുമാറണതിനെ എതിർത്തത് ചിത്രതന്യാ....
എന്നിട്ട് എല്ലാ താളങ്ങളെല്ലാം തെറ്റിച്ച് അവളിറങ്ങിപ്പോയി.."
മധു കൈകഴുകിവന്ന് കംബ്യൂട്ടറിന്റെ മുന്നിലിരുന്നു....

"എല്ലാ ദുഃഖവും എനിക്കുതരു...
എന്റെ പ്രിയസഖി പോയ്...ചുമ പാട്ടിന്റെ തടഞ്ഞു.
കഫം തുപ്പാൻ മധുപുറത്തിറങ്ങിയപ്പോൾ. ടിക്കറ്റ് കാശ് ടേബിളിൽ വച്ച് ഞാനും പുറത്തിറങ്ങി...

'സുമംഗലീ നീ പോയ് വരൂ ജീവിതസുഖങ്ങൾ നിന്നെ തഴുകട്ടേ..."
മധു പാട്ടിന്റെ ബാക്കിവരികൾ വരികൾ ഓർക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു..പി എസ് സിയുടെ
ചുരുക്കപ്പട്ടികയിൽ സുചിത്രയുടെ പേരെഴുതിചേർക്കാൻ മധുവിന്റെ വിരഹഗാനം വെമ്പുന്നത് പോലെ തോന്നി..

*വെന്തൊരഭിമുഖം*

തൊഴിൽ വാർത്തയിലെ ഉത്തരസൂചികയിൽ ശ്രദ്ധപതിഞ്ഞപ്പോഴാണ് സുചിത്രടീച്ചറെ ഓർമ്മവന്നത് . ഇന്നലെ പതിനാറായിരുന്നു. ഫോണെടുത്ത് വിളിക്കുമ്പോൾ മറുതലയ്ക്കൽ മധു. പിന്നെ വല്ലാത്തമൗനം. ഒരു പാട്ടോടെ അല്ലാതെ മധു ഫോണിൽ സംസാരിച്ചില്ല. ഏതോ പാട്ടിന്റെ തുടക്കമാണെന്ന് കരുതി ഞാനും മിണ്ടാതെ നിന്നു.
പിന്നെ ഫോൺ കട്ടായി...

ഞാൻ പിന്നെയും വിളിച്ചു. "ആശുപത്രീലാ മാഷേ പിന്നെ വിളിക്കാം..." മധുഫോൺ കട്ടാക്കി. അന്ന് വൈകിട്ട് വീണ്ടും വിളിച്ചു..

"എന്താ, എന്താപറ്റിയത്. ആർക്കാ അസുഖം..."

" ഒന്നുല്ലാ മാഷേ ചിത്രയ്ക്ക്  എന്തോ ഒരു പ്രശ്നം , പതിനഞ്ചിന് നീതുന്റെ സ്കൂളിൽ കലോത്സവായിരുന്നു. ഇത്തവണ ചിത്രയില്ലാത്തോണ്ട് ഒന്നിനും ചേർന്നില്ല. അവളുണ്ടെങ്കിൽ എന്തേലും മൂന്ന് ഐറ്റം പഠിപ്പിക്കുമായിരുന്നു. അമ്മാവൻ ഫോൺ ചെയ്തപ്പോൾ നീതു കരഞ്ഞോണ്ട് എന്തോ പറഞ്ഞു.കൊച്ചിന്റെ കരച്ചിൽ കേട്ട് ,അതിയാൻ ഫോൺ സുചിത്രയ്ക്ക് കൊടുക്കാൻ വാതിലിൽ മുട്ടിയപ്പോൾ , അവളുവാതിൽ തുറന്നില്ല. അതായി പിന്നെ വഴക്ക് അതിയാൻ അവളുടെ പുസ്തകമെല്ലാം വാരിപ്പുറത്തെറിഞ്ഞു. പിറ്റേന്ന് ഒരുങ്ങിയിറങ്ങാൻ നേരത്ത് 'നിന്റെ പി.എസ്. സി പ്രാന്ത് തീർത്ത് തരാടീ'ന്നുമ്പറഞ്ഞ്  മുറി പുറത്തുനിന്ന് പൂട്ടി. തൊട്ടടുത്ത കോയിക്കൽ സ്കൂളിലായിരുന്നു. ടെസ്റ്റ്. അവസാനബെല്ലുവരേം അലമുറയിട്ട് കരഞ്ഞൂന്നാ അമ്മായിപറഞ്ഞത്. പരീക്ഷ തീർന്ന ബെല്ലുകേട്ടപ്പോൾ മുറി തുറന്നുകൊടുത്തു...അന്ന് അത്താഴത്തിനൊന്നും അവൾ  ചെന്നില്ല. രാത്രി സ്കൂളിൽ ബെല്ലടികേട്ട് പന്തികേട് തോന്നിയ അയൽക്കാരൻ പിയൂൺ സുരേന്ദ്രൻ ചേട്ടനാണ് ആദ്യം കണ്ടത്. ഇരുട്ടത്ത് ചിത്ര എട്ടുബിയിൽ ഇരുന്ന് മേശയിലും ചുവരിലും കറുത്തവൃത്തങ്ങൾ വരയ്ക്കുന്നു.

ഇന്ന് രാവിലെയും വീട്ടിൽ നിന്നിറങ്ങിയോടി സ്കൂൾ ഗേറ്റിൽ പിടിച്ച് കുലുക്കണത് കണ്ട്. അവരിവിടെ എത്തിച്ചത്. ഇപ്പൊ ഉറക്കാണ്.പി എസ് സി എഴുതാൻ പറ്റാത്തേന്റെ ഷോക്കാന്നാ ഡോ: ബെറ്റ്സി പറഞ്ഞത്. ഇനീപ്പോ പലതും അഭിമുഖീകരിക്കേണ്ടിവരൂന്നും പറഞ്ഞു....

*നിയമനോത്തരവ്*...

മധുന്റെ ഫോൺ അല്പം ആകാംക്ഷയോടെയാണ് ഞാനെടുത്തത്..
മാഷേ നിങ്ങള് സെന്റാറിലേക്കൊന്ന് വരാമോ...നിങ്ങൾക്ക് അന്ന്  പോസ്റ്റിംഗ് കിട്ടിയപ്പോഴുള്ള അഡ്വൈസിന്റെ കോപ്പിയും അപ്പോയിന്മെന്റിന്റെ കോപ്പിയും ഒന്ന് കരുതണേ...
ഞാൻ എത്തുമ്പോൾ മധു പൊതിച്ചോറയിക്കുന്നു...

" ആഹാ ഞാൻ നല്ല സമയത്താണല്ലോ..." മധു കഴിക്കാൻ ക്ഷണിച്ചു.

"ഹോട്ടലിലെ അല്ല ചിത്രയുണ്ടാക്കിയതാ മാഷേ. അവളെ കഴിഞ്ഞ മാസം കൊണ്ടുവന്നു. ഇപ്പൊ തികച്ചും നോർമ്മലാ. എങ്കിലും പഴയതുപോലെ സംസാരിക്കണൊന്നുമില്ല. എപ്പോഴും തൂങ്ങിപ്പിടിച്ചിരിപ്പാ. അല്ലെങ്കിൽ നിർത്താതെ എന്തേലും ചെയ്യും.ഇടയ്ക്ക് ഷോർട്ട് ലിസ്റ്റ് വന്നാ എന്നാ ഇന്റർവ്യൂന്നൊക്കെ ചോദിക്കും. ഇതിപ്പൊ നിങ്ങടെ പഴേ ലിസ്റ്റൊന്ന് പ്രിന്റെടുത്ത്  എഡിറ്റാക്കിയാൽ മതിയല്ലോ..അഡ്വൈസും ,ഓർഡറും പേരുമാറ്റിയൊന്ന് അടിച്ച് വയ്ക്കാം. ഇനി മരുന്നൊന്നും വേണ്ടെന്നാ ഡോക്ടർ പറഞ്ഞത്...

അടുത്ത ആഴ്ച്ച ഞാനും പോകാൻ തീരുമാനിച്ചു മരുഭൂമിതന്നാ ഇതിലും....

"തിരികേ ഞാൻ വരുവെന്ന വാർത്ത കേൾക്കാനായി..."
മധു പാട്ടിന്റെ വരികൾ മൂളി.
അന്നാണ് മധുവിനെ അവസാനമായിക്കണ്ടത്...
പിന്നെ ഇന്നലേം ഫേസ്ബുക്ക് മെസഞ്ചറിൽ വന്നു...

"പറ മാഷേ നിങ്ങളാ കഥയെങ്ങാനും എഴുതിയോ.. ?"

"ഇല്ലാട്ടോ, നടന്നതൊക്കെ ചിലപ്പോൾ എഴുതണോന്ന് കരുതി ഓർക്കാറുള്ളത് സത്യാ..."

"വേണ്ടാട്ടോ മാഷേ..."

"ഉം"

മധുവിന്റെ ചാറ്റ് മെസ്സഞ്ചർ ഓഫ് ലൈനായി.

ഞാൻ,
വാട്സ് ആപ്പിൽ ടൈപ്പ് ചെയ്ത കഥയുടെഭാഗം വേഗം ഡിലീറ്റ് ചെയ്തു...!!

കെ എസ് രതീഷ്
( ഗുൽമോഹർഒന്ന്