Tuesday, 22 February 2022

എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്..!

എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്..!

     'എല്ലാരും ചൊല്ലണ്,എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന് കരിങ്കല്ലാണ്..'മാർത്തയോട് ചിരിച്ചുള്ള സെക്രട്ടറിയുടെ പാട്ട് സഹകരണ ബാങ്കിന്റെ ശാഖയിൽ പ്രണയതാളമുണ്ടാക്കി. നെറ്റിയിൽ കൈചേർത്ത് മാർത്തയുടെ ചരിഞ്ഞ നോട്ടത്തിൽ'ദയവായി ഇതൊന്ന് നിർത്തോന്ന്..' നാണം കലർന്നുള്ള ചോദ്യം.പത്തുമണിയുടെ പതിവു ചായയിൽ പരിപ്പുവടയുടെ മൊരിഞ്ഞ എരിവുചേർത്ത്,ശമ്പളം കൂട്ടിക്കിട്ടിയതിന്റെ സന്തോഷം വിളമ്പുകയായിരുന്നു തൂപ്പുകാരി മയിലമ്മ.
        മാർത്തയുടെ ഫോണിലപ്പോൾ മയിലമ്മയുടെ മകൻ സെൽവൻ,കോളേജിലെ തിരഞ്ഞെടുപ്പിനിടയിൽ കുത്തേറ്റു മരിച്ചതിന്റെ ഫോട്ടോയുള്ള വാർത്തയും,നാലരയോടെ ശരീരം വീട്ടിലെത്തിക്കുമെന്ന സന്ദേശവും വന്നു.മാർത്ത എഴുന്നേൽക്കാൻ പലതവണ ശ്രമിച്ചിട്ടും, കഴിഞ്ഞില്ല.ചിലപ്പോഴെല്ലാം അവൾക്കങ്ങനെയാണ്.
      മാർത്ത,ഫോണിന്റെ സ്‌ക്രീൻ സെക്രട്ടറിയുടെ മുഖത്തിന് നേരെ പിടിച്ചു.കരച്ചിലിന്റെ ശ്രുതിയിൽ പാട്ട് നിന്നു.ചായ ഊതിക്കുടിച്ച് ലോക്കറിന്റെ ഇടതുവശത്തെ ചുവരിനോട് ചാരിയിരിക്കുന്ന മയിലമ്മ മറ്റു ജീവനക്കാരെപ്പോലെ അവരുടെ പാട്ടും പ്രണയവും ശ്രദ്ധിക്കുന്നുണ്ട്.ഈ പ്രണയം താലിയിൽ മുറുകാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒരാൾ മയിലമ്മയായിരുന്നു.
        മയിലമ്മയെ പിന്നിലിരുത്തി ആർക്കും മുഖം കൊടുക്കാതെ,വളരെ തിടുക്കത്തിൽ വീട്ടിലേക്ക്  മാർത്ത വണ്ടി തിരിച്ചു.സെൽവന്റെ മരണം ബാങ്കിലെ വേറൊരാളും അറിഞ്ഞിരുന്നില്ല.പ്രണയമുള്ള സെക്രട്ടറിയുടെ പാട്ടും,കരള് കല്ലാക്കിയ വഴക്കാളി മാർത്തയുടെ  ഇറങ്ങിപ്പോക്കും.അയൽക്കാരി മയിലമ്മയുടെ കൂട്ടുപോക്കും.ബാങ്കിനും മടുത്തുതുടങ്ങിയ പതിവ് രംഗങ്ങളാണത്.മാർത്തയെ മകളായി കരുതുന്ന മയിലമ്മക്ക് അങ്ങനെയല്ലാതെ മറ്റൊരു ചിന്തയും വരാനിടയില്ല.
       നിരത്തിന്റെ അലറിക്കരഞ്ഞ പോക്കിനിടയിലും മാർത്തയുടെ വിങ്ങലുകൾ മയിലമ്മ അറിയുന്നുണ്ടായിരുന്നു.തോളിലിരുന്ന മെലിഞ്ഞ വിരലുകൾ സാഹചര്യങ്ങളറിയാതെ 'പോട്ടെടീ പെണ്ണേന്ന്..'പതിവ് ആശ്വാസം പറയുന്നു.
       പിന്നിലിരുത്തിയുള്ള യാത്രകളിൽ മയിലമ്മയുടെ സിഗ്നലുകൾ മാർത്തക്കറിയാം. കഴുത്തിലേക്ക് നിശ്വാസങ്ങൾ ചൂടോടെ വീണാൽ മുന്നിലൊരു കുഴിയുണ്ടാകും.തോളിലെ പിടുത്തം മുറുകിയാൽ മുന്നിലോ പിന്നിലോ ഒരു ലോറിയോ ബസ്സോ വരുന്നുണ്ട്‌.ദേഹത്തോട് നെഞ്ചുരയാൻ തുടങ്ങിയാൽ 'സ്പീഡ് കുറയ്ക്ക് പെണ്ണേന്ന്..'സാരിമാറിയ അരക്കെട്ടിലേക്കുള്ള വിരലിന്റെ കുത്ത് 'അങ്ങോട്ടല്പം മാറ്റി നിർത്തെടീന്ന്' ഓർമ്മിപ്പിക്കും.ഇക്കിളിയോടെ നിർത്തിക്കൊടുക്കണം.
      മയിലമ്മയുടെ നേർത്തവിരൽ രണ്ടുവട്ടം ശ്രമിച്ചിട്ടും ഇത്തവണ ഇക്കിളിയുണ്ടായില്ല.മൊബൈൽ  കടയുടെ തൊട്ടുമുന്നിലായി മാർത്ത വണ്ടി നിർത്തിക്കൊടുത്തു. 
       "ഇതെന്ത് പെണ്ണേ,നിനക്കിപ്പോ ഇക്കിളിയും ചത്താ"മയിലമ്മ മാർത്തയെ ഒന്നിരുത്തിനോക്കി. അവർ മൊബൈൽ കടയുടെ പടികൾ കയറുമ്പോൾ,മാർത്തയിലേക്ക് സെൽവൻ വന്നു.ഒരു ഫോണിനു വേണ്ടി പാതി എഞ്ചിനീയറായ ചെറുക്കൻ "വാങ്ങിത്തരാൻ പറ ചേച്ചീന്ന്..' എത്രയാണ് പിന്നാലെ നടന്നത്.ശമ്പള ദിവസത്തെ കുത്തും ഇക്കിളിയും എണ്ണൂറെന്നെണ്ണിയുള്ള തിരിച്ചടവുകളും കൃത്യമാണ്.കേൾക്കാനും വിളിക്കാനുമുള്ളവൻ ജീവിതത്തിന്റെ പരിധിക്ക് പുറത്തായിരിക്കുന്നു.
     കടക്കാരൻ കൊടുത്ത രസീതി പേഴ്‌സിലാക്കി ബ്ലൗസിനുള്ളിലേക്ക് തിരുകിയിട്ട് 'പോട്ടെ പോട്ടെന്ന്' താളമുള്ള രണ്ട് കുത്ത്.ഒന്നിക്കിളിപ്പെട്ട് മയിലമ്മയ്ക്ക് മുന്നിൽ പിടികൊടുക്കാതിരിക്കാൻ വല്ലാതെ ആഗ്രഹിച്ചിട്ടും മാർത്തയ്ക്ക് കഴിഞ്ഞില്ല.
       "തോന്നുമ്പോ തോന്നുമ്പോ ഇറങ്ങിയോടാൻ നിന്റെപ്പൻ ചാക്കോയുടെ വീടല്ലാല്ലോ,പാർട്ടിക്കാരെ  ബാങ്കാണ്.എപ്പഴുമെപ്പഴും കൂടെ ഓടാൻ ഈ വയസിയെത്തന്നെ കൂട്ടിക്കോണം.." മാർത്തയുടെ കഴുത്തിലേക്ക് മയിലമ്മ ചൂടൻ നിശ്വാസങ്ങൾ പെയ്യിച്ചിട്ടും ചെളിനിറഞ്ഞ ഒരു കുഴിയിലൂടെ വണ്ടിയിറങ്ങിക്കയറി.
     ആൽമരത്തിന്റെ മണ്ടയിൽ കെട്ടിപ്പിടിച്ചിരുന്ന ഒരു കോളാമ്പി രക്തസാക്ഷിപ്പാട്ടിൽ വിതുമ്പുന്നു.
'സെൽവൻ അനുശോചന'ആവേശത്തിൽ മുദ്രാവാക്യങ്ങളും എങ്ങുനിന്നെക്കെയോ ഉയരുന്നുണ്ട്. വണ്ടി വെട്ടിത്തിരിച്ച മാർത്ത നിരത്തിന് എതിരേയുള്ള കാട്ടുവഴിയിലേക്ക് പാഞ്ഞു.
      നാലരവരെയെങ്കിലും ആ കൊള്ളിയാൻ വാർത്ത മയിലമ്മയുടെ കാതിൽ വീഴരുത്, ആവേശക്കമ്മറ്റിക്കാർ ചുവരുകളിൽ പതിപ്പിക്കുന്ന സെൽവൻ (21) ആദരാഞ്ജലികളിൽ കണ്ണുമുട്ടരുത്.സെക്രട്ടറിയുടെ ഇല്ലാത്ത കുറ്റങ്ങൾ മാർത്ത വാതോരാതെ പറഞ്ഞു.'മകളെ കേൾക്കുന്ന മയിലമ്മയെ'പുലിനിറമുള്ള ലോറിക്കും പേടിപ്പിക്കാൻ കഴിയാത്തത് മാർത്ത ശ്രദ്ധിച്ചു. കുറ്റം പറച്ചിലിഭിനയത്തിൽ അവൾക്ക് തൃപ്‌തി തോന്നി.
     കാടിനോട് ചേർന്ന പാതയിലായപ്പോൾ മയിലമ്മ അവളോട് അത്രയും ചേർന്നിരുന്നു. തോളിലിരുന്ന വിരൽത്തുമ്പിൽ സെക്രട്ടറിയുടെ പാട്ടിന്റെ താളം.മരിച്ചവരെ ചുമന്നുപോകുന്നതിലും എത്ര മടങ്ങ് ഭാരമാണ് ആ വാർത്ത മറച്ചുവച്ച് അവരുടെ പ്രിയപ്പെട്ടവരുമായി പോകുന്നത്.? മാർത്ത ചിന്തിച്ചു.ചുറ്റുമുള്ള സകലരും 'കൊണ്ടുപോകുന്നവന്റെ' കണ്ണുവെട്ടിച്ച് അപ്രിയ സത്യം വിളിച്ചു പറയാൻ തക്കം പാർക്കുമ്പോൾ ആ ഭാരമെത്രയിരട്ടിക്കുന്നു.?
       'സെക്രട്ടറിയോട് എനിക്കും ഇഷ്ടമുണ്ട്'ഉള്ളിൽ വന്ന സെൽവനെ മാറ്റിനിർത്താൻ മാർത്ത ശ്രമിച്ചു.മയിലമ്മയപ്പോൾ ഉറക്കെയുറക്കെ ചിരിച്ചു.മാർത്തയുടെ കഴുത്തിൽ ഉമ്മവച്ചു.വയറ്റിൽ കുത്തി.മാർത്ത ഇക്കിളികൾ അഭിനയിച്ചു.പക്ഷേ ആ ഉമ്മകൾ പൊള്ളിക്കുന്നു.
        കാട്ടുപാതയും മാർത്തയും ആളൊഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു.വൈകിയേ വീട്ടിൽ എത്താറുള്ളൂവെങ്കിലും ഇറങ്ങിപ്പോക്കിന്റെ ദിവസങ്ങളിൽ അവരെ കൊണ്ടുപോകുന്നത് ആ വഴിയാണ്.മാർത്തയുടെ താളം കൃത്യമായി അറിയുന്ന മയിലമ്മ ഈ യാത്രയും ആസ്വാദിക്കാനുറച്ച വിധത്തിൽ ഏറ്റവും ചേർന്നിരുന്നു.
       കാട്ടുപാത ചൂണ്ടിക്കാണിക്കുന്ന ആദ്യ കവലയിലാണ്,മാർത്തയുടെ അപ്പൻ ചാക്കോയുടെയും മയിലമ്മയുടെ കെട്ടിയോനായ നാഗപ്പന്റെയും ചിരിയിട്ടുവച്ചിട്ടുള്ള സ്മാരകവും വായനശാലയും. അവിടെയാകും മാർത്തയുടെ വണ്ടി ഇനി നിൽക്കാൻ പോകുന്നതെന്നും മയിലമ്മയുടെ ഉള്ളിലുണ്ട്. ഇന്നും തെളിയിക്കപ്പെടാത്ത ആ ഇരട്ടക്കൊലയുടെ കഥയും പിന്നീട് സംഭവിച്ചതുമെല്ലാം കൂട്ടിക്കെട്ടി, അതുവഴി വരുന്നവരെയെല്ലാം വിളിച്ചുനിർത്തി,ഒരു കഥാപ്രസംഗം കണക്കെ ആ നരച്ച സ്മാരകം ഗമയിലെപ്പോഴുമിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. 
        "ഇരുപത്തിയൊന്ന് വർഷം മുമ്പാണ് ആ ഇരട്ടക്കൊലപാതകം.ഏതു രാഷ്ട്രീയത്തിലെന്നറിയില്ല. കൊല്ലുന്നതല്ലല്ലോ ജീവിക്കാനുള്ള വഴി കാണിക്കേണ്ടതല്ലേ രാഷ്ട്രീയം.മാർത്തയുടെ അപ്പന്  വരയായിരുന്നു പണി.തുണിക്കടയ്ക്കും ഹോട്ടലിനും മുടിവെട്ടുകടയ്ക്കും നിറമുള്ള പേരുകളിട്ടത് ചാക്കോയാണ്.ഒപ്പം ഒരു പൂവോ,സുന്ദരമായ ഒരു മുഖമോ വരച്ചുവയ്ക്കും.കട്ടൻ കുടിക്കുമ്പോൾ ഇത്തിരി രാഷ്ട്രീയവും പറയും.നിഴലുപോലെ നടന്നിരുന്ന നാഗപ്പൻ അന്നു രാത്രിയിലും സ്ഥാനാർത്ഥിയുടെ ബോർഡുറപ്പിക്കാൻ കൂടി.നേരം ചുവന്നു വെളുത്തപ്പോൾ രണ്ടാളുടെയും ഈച്ചയരിച്ച ശരീരത്തിൽ കൊടികൾ പുതച്ചിരുന്നു.ആ സ്ഥാനാർത്ഥി ജയിച്ചു,ആരോഗ്യമുള്ള മന്ത്രിയുമായി.."
       "അന്ന് ദേ, ആ മാർത്തയ്ക്ക് വയസ് ഒൻപതേ ആയിട്ടുള്ളൂ.മയിലമ്മയുടെ വയറ്റിൽ സെൽവൻ ചെറുക്കൻ,കുരുത്തിട്ട് നാലേനാലു മാസം.ചാക്കോയുടെ പെണ്ണായ റാഹേലിന്റെ ഉയർന്ന വയറ്റിൽ തടവിത്തടവി കുഞ്ഞാവയെ കാത്തിരിക്കുന്നത് മാർത്തയ്ക്കും പതിവായിരുന്നു. എല്ലാവർക്കും കാത്തിരിപ്പും പ്രതീക്ഷയും.ആ രാത്രി, ഏതോ കത്തികൾ,കഴിഞ്ഞു എല്ലാം തീർന്നു.."
     "റാഹേല് അന്നുമുതൽ ആരോടും മിണ്ടിയിട്ടില്ല.അലസിപ്പോയ കുഞ്ഞിനായി ഉടുപ്പുകൾ തുന്നിക്കൂട്ടിക്കൊണ്ട് ഒരേ ഇരിപ്പ്.പെറ്റപെണ്ണുങ്ങൾ അതെല്ലാം വാങ്ങിക്കൊണ്ടുപോകും.ഒറ്റമുറി വീട്ടിൽ മയിലമ്മ സെൽവനെ പെറ്റു.അവൻ നടന്നതും വളർന്നതും മാർത്തച്ചേച്ചിയുടെ പാവാടയിൽ തൂങ്ങിയാണ്.അനുശോചനയോഗങ്ങൾ,കേസ്,വഴക്ക്.ഒരു ചടങ്ങിലും മയിലമ്മയോ റാഹേലോ ചെന്നിരുന്നില്ല.പഠിപ്പ് കഴിഞ്ഞ മാർത്തയ്ക്ക് ബാങ്കിലെ ജോലി കിട്ടാനും ഞങ്ങളാണ് കാരണം.."
       "അന്ന് ഈ നാട്ടുകാരുടെ വകയായി പിരിഞ്ഞു കിട്ടിയ വലിയ തുക മയിലമ്മയും റാഹേലും വാങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു.ചാക്കോയും നാഗപ്പനും എന്നും ഓർക്കപ്പെടട്ടെയെന്ന് കമ്മറ്റിക്കാരും അങ്ങ് തീരുമാനിച്ചു.അങ്ങനെയാണ് ഞങ്ങൾ ഈ വെയിലും മഴയുംകൊണ്ട് ഇപ്പഴും നിൽക്കുന്നത്.എന്നിട്ടോ അവരുടെ സ്വന്തക്കാര് പോലും അതോർക്കണില്ലല്ലോ..."
     കഥ പറഞ്ഞു തീർന്നപ്പോൾ, സ്‌മാരകത്തിന്റെ ചുണ്ടിൽ മയിലമ്മയോട് മരിപ്പ് പറയാനുള്ള ഒരുക്കം.മാർത്ത അതിന്റ നേർക്ക് പല്ലിറുമി.'മിണ്ടിപ്പോകരുതെന്ന്..' ചുണ്ടത്ത് വിരലുകൾ ചേർത്തു കാണിച്ചു.സ്‌മാരകം 'ഇവളിതെന്തു ഭാവിച്ചെന്ന'കണക്കിന് നിന്നു.
       "നിന്നെപ്പോലെ ആഘോഷിക്കാനും വീരവാദം മുഴക്കാനും ആളുള്ളോണ്ടല്ലേ,പിന്നേം പിന്നേം ഈ പിള്ളേർക്ക് കൊല്ലാനും ചാവനും തോന്നണത്" മാർത്തയുടെ ശബ്ദമിടറിയപ്പോൾ സ്മാരകത്തിന് 'അയ്യെടാ'ന്നായിപ്പോയി.വായപൂട്ടി നിൽക്കുന്ന വായനശാലയുടെ നേർക്ക് മാർത്ത നടന്നു.മയിലമ്മ അപ്പോഴും സ്മാരകത്തിന്റെ ചുവട്ടിലെ കാട്ടുപച്ചകൾ പിഴുതുമാറ്റുന്നുണ്ട്.സ്‌മാരകം മയിലമ്മയെ നോക്കിയിട്ട് തലകുനിച്ച് നിന്നു.
      മാർത്ത വായനശാലയുടെ മുഖത്ത് തൊട്ടു.വേദനയുടെ തുരുമ്പ് പൂട്ടിന്റെ ഉള്ളിൽ പടരുന്നുണ്ട്. സ്മാരകത്തിനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച കാട്ടുവള്ളികളെ മയിലമ്മ അടർത്തിമാറ്റി.ഉള്ളിലപ്പോൾ നാഗപ്പന്റെ മുഖത്ത് 'എന്തോന്നാടി മയിലേന്നുള്ള...'ശൃംഗാരം.ചാക്കോയുടെ കണ്ണാടിക്കൂടും പൊട്ടിയടർന്നിട്ടുണ്ട്, മഴവെള്ളത്തിലെ കൂത്താടികൾ ആ ചിരിയെ മുക്കിക്കളയുന്നു.അതൊന്നും കാണാൻ വയ്യാതെ മയിലമ്മ വായനശാലയുടെ അടുത്തേക്ക് പോയി.       
      ജനാല വഴി പടർന്നുകയറിയ വള്ളികൾ മാറ്റുന്ന മയിലമ്മയെ മാർത്ത പിടിച്ചുവലിച്ചു."ചത്തു പോയൊരെ കഥയും പറഞ്ഞ് ഉള്ളും പൂട്ടിവച്ച് ഇവരിങ്ങനെ നിക്കട്ടെ നമ്മക്ക് പോകാം." മറന്നുപോയ ഒരു കാര്യം ഓർമ്മിപ്പിക്കാനെന്നോണം ഒരു അരണ മാർത്തയെ എത്തിനോക്കി.മക്കളെ സുരക്ഷിതയിടത്തിലേക്ക് മാറ്റുന്ന പൂച്ചപ്പെണ്ണ് അരണയെ കൊതിയോടെയും നോക്കി.ഒന്നിനേയും 'കൊല്ലരുതെന്ന്' മയിലമ്മ അതിനോട് ഓർമ്മിപ്പിച്ചു.
        "എന്റെ സെൽവനുള്ളപ്പോൾ എങ്ങനെ കിടന്നതാ."ആ പേര് കേട്ടിട്ട് പുസ്തകങ്ങളെല്ലാം സത്യം വിളിച്ചു പറയാനുള്ള തിടുക്കത്തിൽ ചിറകടിക്കുന്നതായി മാർത്തയ്ക്ക് തോന്നി.അവൾ വണ്ടിയുടെ നേർക്ക് വേഗത്തിൽ നടന്നു.'ഒന്നു ചിരിച്ചിട്ടു പോടീന്ന്.'പറയാൻ തുടങ്ങിയ ചാക്കോയുടെ മുഖത്തുപോലും നോക്കിയില്ല.പുസ്തകങ്ങൾ സെൽവനെയോർത്ത് കരഞ്ഞു.  
      "എന്റെ സെൽവനെപ്പറ്റി കേട്ടപ്പോൾ നിനക്കെന്തടീ ഇത്ര കലി.അവനെപ്പോലെയല്ലേ എനിക്ക് നീയും.."മയിലമ്മ ഓടിവന്ന് പിന്നിലിരുന്നു.സ്മാരകവും വായനശാലയും 'ഞങ്ങളെന്ത് പിഴച്ചെന്ന്' തമ്മിൽ നോക്കി.അവരുടെ വണ്ടി കാട്ടുപാതയിലേക്ക് കയറിപ്പോയി.
      'നിൽക്കാൻ എനിക്കൊട്ടും നേരമില്ലെന്ന്' കാടിനോട് ഭാവിച്ച് പാഞ്ഞൊഴുകുന്ന പുഴയുടെ തീരത്ത് മാർത്ത വണ്ടിനിർത്തി.അവരുടെ മുന്നിലെ പാറകളിൽ തട്ടി ചോദ്യച്ചുഴികളുള്ള പുഴ 'ഇന്നാരോടാണ് ഇവള് വഴക്കിട്ടതെന്ന്'? കുശലവും ചോദിച്ചു.'നീ നിന്റെ പാട്ടിന് പോടീന്ന്..' മയിലമ്മ അതിലേക്ക് കല്ലെടുത്തിട്ടു.
      'നാടാകെ ചൊല്ലണ് നാട്ടാരും ചൊല്ലണ് കാടാണ് കരളിലെന്ന്,കൊടുങ്കാടാണ്..'സെക്രട്ടറിയുടെ താളത്തിൽ മയിലമ്മ ചിരിച്ചു.ആ മടിയിലേക്ക് മാർത്ത കിടന്നു.നെറ്റിയിൽ വീണുകിടന്ന ഒരു മുടി പിഴുത് തണുപ്പൻ കാറ്റിനോട് ' ഈ നരച്ചരഹസ്യം'കൊണ്ടുപോയി കളയുവോന്ന് മയിലമ്മ ചോദിച്ചു.    ഉള്ളിൽ മരിച്ചുകിടക്കുന്ന സെൽവൻ കരച്ചിലായിട്ട് വീണുപോകുമോയെന്നു പേടിച്ച്, സെക്രട്ടറിയുടെ കുറ്റങ്ങൾ വീണ്ടും വീണ്ടും പറയാനാണ് മാർത്തയ്ക്ക് തോന്നിയത്.മയിലമ്മ അതും ശ്രദ്ധയോടെ കേട്ടു.
      "എനിക്കും സെൽവനും നിന്റേല് ചില ഉത്തരവാദിത്തങ്ങളുണ്ട്.പെണ്ണുകാണാൻ വന്നോട്ടാന്ന് എന്റെ ചെറുക്കനോടാണ് സെക്രട്ടറി ഇന്നലെയും വിളിച്ചുചോദിച്ചത്.ജാതിയാ മതോ അവര് നോക്കാണില്ലല്ലോ.? കാണാനും കൊള്ളാം,ദൂഷ്യങ്ങളുല്ലാ.പിന്നെന്ത് പെണ്ണേ നിനക്ക്..?"മയിലമ്മ പറയുന്നവ തനിക്കും അറിയുന്നതാണെന്ന് മാർത്ത ചിന്തിച്ചു.സെക്രട്ടറി തന്നോട് പ്രണയം പറഞ്ഞത് തെളിമയോടെയായിരുന്നു.
       മാർത്തയുടെ കരച്ചിൽ വീണ് മയിലമ്മയുടെ മടിത്തട്ട് പുതഞ്ഞു.ഉച്ചസൂര്യന്റെ ഒരു വെള്ളിനൂല് 
മാർത്തയുടെ നെറ്റിയിൽ വീണത് മയിലമ്മ സാരികൊണ്ട് മറച്ചു.മാർത്തയുടെ മുടിയിഴകളിൽ വാത്സല്യം തിരയുന്ന മയിലമ്മയുടെ വിരലുകൾ 'ഉറങ്ങിക്കോ ഉറങ്ങിക്കോ'എന്നാവർത്തിച്ചു.
     നാഗപ്പനും മയിലും പ്രണയത്തിന്റെ മൂലധനവുമായി ഈ നാട്ടിലേക്ക് വന്നതും.ഓല ചരിച്ച് ഒരു കൂരകെട്ടാൻ ഭൂമിയിൽ പങ്ക് ചാക്കോ കൊടുത്തതും.മയിലമ്മ ഭൂതമണമുള്ള കഥക്കെട്ടഴിക്കാൻ തുടങ്ങി. 'എന്റെമ്മയുടെ വയറ്റിലും കുഞ്ഞാവയുണ്ടല്ലോന്ന്..'മയിലമ്മയുടെ ഗർഭത്തിനെ പുള്ളിപ്പാവാടക്കാരി വെല്ലുവിളിക്കുന്ന രംഗമായപ്പോൾ മാർത്തയൊന്ന് ഇളകി.മായിലമ്മ അവളുടെ കവിളിൽ നുള്ളി.
      "സെൽവൻ അവധിക്ക് വരുമ്പോ,പെണ്ണുകാണാൻ വരാൻ ഞാനിന്നു സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്.പണ്ടെല്ലാം അവരെ ജാതിക്കാര് നമ്മളെ തൊടുവോ പെണ്ണേ.."മയിലമ്മ മാർത്തയുടെ വയറ്റിൽ ഒന്ന് കുത്തി.ഇക്കിളിയില്ലാതെ അവൾ എഴുന്നേറ്റിരുന്നു.മുഖം ചുവന്നു,ചുണ്ടുകൾ വിറച്ചു.
       "കെട്ടാനായാലും വെട്ടാനായാലും ഇപ്പോഴും നമ്മളെ ജാതീന്ന് മാത്രല്ലേ അവർക്ക് ആളുകളെ കിട്ടണത്"മയിലമ്മ മാർത്തയെ മടിയിലേക്ക് വലിച്ചു കിടത്തിയിട്ട് തോളിൽ ഒരടി കൊടുത്തു.
       "സെക്രട്ടറി പാടുമ്പോലെ കല്ലും കാടുമൊന്നുമല്ല ഈ പെണ്ണിന്റെ കരള് കട്ടിയിരുമ്പാണ്.." 
മാർത്തയുടെ കരച്ചിലിന്റെ ആഴത്തിൽ മയിലമ്മയ്ക്ക് പന്തികേട് തോന്നി.പുഴയോർമ്മിപ്പിക്കുന്ന  ചോദ്യച്ചുഴിയിലേക്ക് മയിലമ്മ സംശയത്തോടെ നോക്കിയിരുന്നു.നെറ്റിയിൽ ആശ്വാസമിട്ട ഒരുമ്മ കൊടുത്തു.മയിലമ്മയുടെ വയറ്റിൽ മാർത്ത ചുറ്റിപ്പിടിച്ചു.മരങ്ങളുടെ ഇടയിലൂടെ സൂര്യനിട്ട വെള്ളി വര മാർത്തയുടെ നെഞ്ചിന് കുറുകേ വാളായി വീഴുന്നു.മയിലമ്മ അത് കൈവിരിച്ച്  തടഞ്ഞു.
      മയിലമ്മ മാർത്തയെ എഴുന്നേല്പിച്ചിരുത്തി.ചോറിന്റെ പൊതികൾ എടുത്തുവച്ചു.ചുഴികളിൽ കൈമുക്കി രണ്ടാളും കഴുകി.ഒരു കുമ്പിൾ വെള്ളമെടുത്ത് മാർത്തയുടെ മുഖം കഴുകാൻ തുടങ്ങിയ മയിലമ്മയുടെ കൈകൾ നെറ്റിയിൽ ചേർത്തുപിടിച്ച്, അവൾ വീണ്ടും കരഞ്ഞു.വെള്ളത്തിലേക്ക് കാലുകളാഴ്‌ത്തി അവർ കുറേനേരം തണുത്തിരുന്നു.മാർത്തയുടെ കാലിൽ 'ഇനി ഉള്ളതങ്ങ്  പറയുന്നതല്ലേ നല്ലതെന്ന്..' പുഴ തോണ്ടിക്കൊണ്ടിരുന്നു.
        അക്കരെ നിന്ന ഒരു ജീപ്പ് മരിപ്പ് വിളിച്ചു പറയുന്നത് കേട്ടപ്പോൾ മാർത്ത ധൃതിയിൽ എഴുന്നേറ്റു. പുഴയിലേക്ക് വീഴാനാഞ്ഞപോലെ മയിലമ്മയെ കെട്ടിപ്പിടിച്ചു.'വെറുതേയെന്നെ കൊതിപ്പിച്ചല്ലോ പെണ്ണേന്ന്..'തമാശയും പറഞ്ഞിട്ട് പുഴ ഒഴുകിപ്പോയി.അതു കണ്ട ജീപ്പ് 'ഇത് മരിപ്പ് ഒളിപ്പിക്കാനുള്ള അഭിനയമല്ലേന്നാണ്..'ചിന്തിച്ചത്.മാർത്ത ജീപ്പിന്റെ നേർക്ക് കാർക്കിച്ചു തുപ്പി.
       ചോറിൽ വിരലൂന്നി അക്കരേക്ക് നോക്കിയിരിക്കുന്ന മാർത്തയുടെ തുടയിൽ മയിലമ്മ ഇടതു കൈവീശി ഒന്ന് തല്ലി.അച്ചാറും ചമ്മന്തിയും കുഴച്ച എരിവുള്ള ഒരുരുള മാർത്തയ്ക്ക് നീട്ടി.പിന്നെയും  കണ്ണൊഴുകി വരുന്നത് കണ്ടിട്ട് മയിലമ്മ വീണ്ടും കൈയോങ്ങി.ഉള്ളു തികട്ടി വന്ന വാർത്തയെ സ്വയം ഉരുളയിട്ട് മാർത്ത അടച്ചുവച്ചു.പൊതികളിൽ ബാക്കിയിരിക്കുന്നത് പാറയിൽ തുറന്നു വച്ചു. ഒരുപിടി വാരി പുഴയിലിട്ടു.വറ്റൊന്നും കൊണ്ടുപോകാതെ കാക്കയും മീനുകളും മാറിനിൽക്കുന്നു.  
      "റാഹേലിനെപ്പറ്റിയാണെങ്കിൽ നമ്മുടെ സെൽവന്റെ കുട്ടികൾക്കും ഉടപ്പുകൾ വേണോല്ലോ.." മയിലമ്മ മാർത്തയുടെ ഉള്ളുവായിക്കാൻ ശ്രമിച്ചു.പുഴയുടെ കരപറ്റി വന്നിരുന്ന കൊറ്റികൾക്കും മാർത്തയുടെ മിണ്ടാട്ടം.മയിലമ്മ അവയേയും കല്ലെടുത്തെറിഞ്ഞു.പെട്ടെന്ന് ചോറു പൊതിയിലേക്ക് നാലഞ്ചു കാക്കകൾ പാറി വന്നിരുന്നു.ഒപ്പം മാർത്തയുടെ ഫോണിലേക്ക് ആ സന്ദേശവും.
'സെൽവനെ എത്തിച്ചു,ഇവിടെ ഒരുക്കങ്ങൾ തുടങ്ങി...'
      മാർത്ത എഴുന്നേറ്റ് മയിലമ്മയുടെ നേർക്ക് കൈ നീട്ടി.അവരുടെ ഭാരക്കുറവ് മാർത്തയെ അത്ഭുതപ്പെടുത്തി.അവൾ അവരെ കെട്ടിപ്പിടിച്ചു.നെറ്റിയിൽ പലതവണ ഉമ്മവച്ചു.അവരുടെ യാത്ര ബാക്കിയാക്കിയ മുറിപ്പാടുകളിൽ കാട്ടുപാത ഏറ്റവും ദുഃഖത്തോടെ നോക്കി.
      വഴിനീളെയുള്ള ആളുകൾ അവരുടെ വരവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആമ്പുലൻസിന്റെ വെളുപ്പും,വീട്ടുമുറ്റത്ത് വലിച്ചുകെട്ടിയ ടാർപ്പയുടെ നീലയും,നിരത്തിയിട്ട കസേരകളുടെ ചുവപ്പും 'സെൽവൻ മരിച്ച് കിടക്കുമ്പോൾ നീയിതെവിടെയായിരുന്നു' എന്നെല്ലാം ചോദിക്കുന്നുണ്ട്.മയിലമ്മ ഗേറ്റിനു മുന്നിലേക്ക് പിടഞ്ഞിറങ്ങി.
      വീട്ടിനോട് ചേർന്ന മതിലിൽ ഒട്ടിച്ചിരുന്ന ചിത്രങ്ങൾ മയിലമ്മ കണ്ടു.മാർത്തയെ കണ്ണുനിറച്ചൊന്ന് നോക്കി.എന്തൊക്കെയോ വിളിച്ചു പറഞ്ഞു.അവളുടെ കവിളിൽ മാറിമാറി അടിച്ചു.പെണ്ണുങ്ങൾ ഓടിവന്ന് മയിലമ്മയെ അകത്തേക്ക് കൊണ്ടുപോയി.ഗേറ്റിനരുകിൽ നിന്ന സെക്രട്ടറിക്ക് മാത്രമേ റോഡിലേക്ക് വീണുകിടന്ന മാർത്തയെ മനസിലായുള്ളൂ.അയാൾ വണ്ടി മതിലിനോട് ചാരിവച്ചു. മാർത്തക്ക് നേരെ കൈ നീട്ടി.അവൾ തന്റെ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.ജനാലയിലൂടെ ചിതയൊരുക്കൽ കാണുന്ന റാഹേലിന്റെ കൈയിലപ്പോഴും കറുത്ത പുള്ളിയുള്ള കുഞ്ഞുടുപ്പ്.
     മാർത്തയെക്കണ്ട് റാഹേല് അല്പം നീങ്ങി നിന്നു.ഒരുക്കിവച്ച ചിതക്കപ്പുറത്തെ കസേരയിൽ തളർന്നിരിക്കുന്ന സെക്രട്ടറി.മയിലമ്മയുടെ കരച്ചിലിന് ചിലരുടെ കോറസ്.സെക്രട്ടറി ജനാലയോളം വന്നു.'അവനെ എടുക്കാനായി,ഒന്നു കാണണ്ടേ മാർത്തേ...'ഒട്ടും താളമില്ലാത്ത ചോദ്യം.നാഗപ്പനെ പുതപ്പിച്ച അതേ നിറത്തിൽ പൊതിഞ്ഞ സെൽവനുമായി കരയില്ലെന്ന് വാശിയുള്ള ചുമട്ടുകാർ. മയിലമ്മയുടെ കൈ ചിതയിലേക്ക് നീട്ടിപ്പിടിക്കാൻ ധാരാളം കണ്ണുകൾ.
     ചിതയേക്കാൾ വീര്യത്തിൽ ചെറുപ്പക്കാരുടെ മുദ്രാവാക്യത്തിള.ബഹളങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന സെക്രട്ടറി,റീത്തുകൾ പ്ലാവിന്റെ ചുവട്ടിലേക്ക് ചാരിവയ്ക്കുന്നു.ഇരുപത്തിയൊന്നിൽ നിന്ന് പൂജ്യത്തിലേക്ക് സെൽവന്റെ ചിത കത്തിയിറങ്ങുന്നു.ചിതയുടെ അതേ പതിപ്പ് ഉള്ളിലുള്ള മയിലമ്മ വീടിന്റെ വരാന്തയിൽ ചാരിയിരിക്കുന്നു.നോട്ടം മാർത്തയുടെ ജനാലയിൽ മുട്ടുന്നു.
      സെൽവനെ ഒരുനോക്ക് കാണാൻ നിന്ന പ്ലാവിന്റെ ഒരു കൊമ്പ് ആർത്തലച്ച് കരയുന്നു. മയിലമ്മയുടെ തൊട്ടപ്പുറത്തിരിക്കുന്ന റാഹേൽ മുറിയിൽ നിന്നിറങ്ങിപ്പോയത് എപ്പോഴാണ്.?സമാധാനം പറയുന്നവരോട് റാഹേലിന്റെ വകയായി 'മറുപടികൾ'.മുഖത്ത് സന്ദർഭത്തിന് ചേരാത്ത തരം ചിരിയുണ്ടോ..?
     ചിതയുടെ ആവേശം ചോരുന്നതിനനുസരിച്ച് പറമ്പിലേക്ക് ഇഴഞ്ഞുവരുന്ന ഇരുട്ട്.പ്ലാവിന്റെ കൊമ്പുകൾക്ക് കരച്ചിൽ നിലച്ചു.ചിതയിപ്പോൾ എരിക്കുന്നത് നാലോ മൂന്നോ വയസിനെയാകാം. കട്ടൻ ചായയുമായി നിൽക്കുന്ന സെക്രട്ടറിയുടെ അരികിൽ ഒന്നുരണ്ടാളുകൾ മാത്രം.റാഹേലിന്റെ തോളിൽ ചാരിയുള്ള മയിലമ്മയുടെ ഇരിപ്പ്.റാഹേലിന് മറുപടി പറയാനോ കേൾക്കാനോ ആരുമില്ല, മുഖത്ത് ചേരാത്ത ആ ചിരിയുമില്ല.
      സെക്രട്ടറിയുടെ ഉടുപ്പിന്റെ വെളുപ്പ് മാത്രമേ ഇപ്പോൾ കാണുന്നുള്ളൂ.ചിത പൂജ്യത്തിലേക്ക് കത്തിത്തീരുന്നു.പറമ്പിനെ മുഴുവനും ഇരുട്ട് തിന്നുതീർത്തു.മയിലമ്മ റാഹേലിന്റെ മടിയിൽ തലവച്ച് കിടക്കുന്നു.മഞ്ഞിച്ച ബൾബിന്റെ വെളിച്ചത്തിൽ കുഞ്ഞുടുപ്പിലൂടെ റാഹേലിന്റെ സൂചിയോട്ടങ്ങൾ കാണാം.മാർത്ത അടുക്കളയിലേക്ക് പോകണമെന്നാഗ്രഹിച്ചു.എഴുന്നേൽക്കാൻ കഴിയുന്നില്ല. ജനാലയുടെ കമ്പികളിൽ തൂങ്ങി അല്പനേരം നിന്നു.ചുവരുകളിൽ താങ്ങി അടുക്കളയിലെത്തി. 'തണുപ്പെന്നു' പറഞ്ഞ ചോറിനെ വെള്ളമൊഴിച്ച് ചൂടാക്കി.പാത്രങ്ങളിലേക്ക് പകർന്ന് മയിലമ്മയുടെ വീട്ടിലേക്ക് നടന്നു.
     ചിതയുടെ ആത്മാവ് അപ്പോഴും എരിയുന്നുണ്ട്.ഗേറ്റിനെച്ചാരിനിൽക്കുന്ന സെക്രട്ടറി, പാത്രങ്ങളുമായി വന്ന മാർത്തയ്ക്ക് കടന്നുപോകാൻ അല്പം ഒതുങ്ങി നിന്നു."അവനെ വന്നൊന്ന് കാണാമായിരുന്നില്ലേ.."സെക്രട്ടറിയുടെ വെളുപ്പൻ ഉടുപ്പിന് ചുളിവുകളും പുകചുറ്റിയ മണവും, ശബ്ദത്തിന് വല്ലാത്ത പതർച്ചയും പരിഭവവും.
      "ചില മരണങ്ങൾ കൂട്ടക്കൊലകളാണ്, ആരെയാണ് ഇനി കാണേണ്ടത്."മൂന്ന് പെണ്ണുങ്ങളെയും മാറിമാറി നോക്കിയിട്ട്, കണ്ണുകൾ കവിഞ്ഞൊഴുകാൻ തുടങ്ങിയ സെക്രട്ടറിയെ മാർത്തയ്ക്കപ്പോൾ കെട്ടിപ്പിടിക്കണമെന്ന് തോന്നി.റാഹേൽ കഞ്ഞി 'കുടിക്കെന്ന്' നിർബന്ധിക്കുന്നു.കുഞ്ഞുടുപ്പ് പിടിച്ചിരുന്ന കൈകൊണ്ട് മയിലമ്മ നിരസിക്കുന്നു.
      മതിലിൽ ചാരിയിരുന്ന്, ഇരുട്ടിന്റെ നിറമുള്ള മൂന്ന് പെണ്ണുങ്ങളെയും, കത്തിത്തീർന്ന ചിതയേയും നിരാശയോടെ നോക്കുന്ന സെക്രട്ടറിയോട്'....എന്തിന്ന് നോക്കണ്, എന്തിന്ന് നോക്കണ് ചന്ദീരാ നീ ഞങ്ങളെ, അയ്യോ ചന്ദീര നീ ഞങ്ങളെ..' എന്നെല്ലാം പാടാനാണ് മാർത്തക്കപ്പോൾ തോന്നിയത്. സെക്രട്ടറി എഴുന്നേറ്റ് മുണ്ട് കുടഞ്ഞുടുത്തു.രണ്ടു ചുവട് ചിതയുടെ നേർക്ക് നടന്നു.അല്പനേരം എന്തൊക്കെയോ ചിന്തിച്ചു നിന്നു.സാവധാനം പുറത്തേക്ക് നടന്നു.
        തലകുനിഞ്ഞ്,കണ്ണുകളും തുടച്ച് നിരത്തിലേക്ക് വണ്ടി തിരിക്കുന്ന സെക്രട്ടറിയോട് പ്രണയം തുറന്നു പറയാൻ ഇനിയും വൈകരുതെന്ന് ഗേറ്റുവരെ വന്ന മാർത്തയും തീരുമാനിച്ചിട്ടുണ്ടാകും...!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636



 
 

Thursday, 3 February 2022

തന്തക്കിണർ

തന്തക്കിണർ.

      അങ്ങനെയാണ് പറമ്പിന്റെ കിഴക്കേമൂലയിലെ മൂടാനിട്ടിരുന്ന ആ കിണർ പുതുക്കിയെടുക്കാൻ ഞാനങ്ങ് തീരുമാനിച്ചത്.മുപ്പതുവർഷമായി വീട്ടിലെ സകല മാലിന്യങ്ങളും,പഞ്ചായത്ത് റോഡിന്റെ  കരാറുകാരൻ കൊണ്ടടിച്ച മണ്ണുമായി ഇനിയും കുറച്ച് തൊടികളേ നിറയാനുള്ളു.അത്രയുമായ ഒരു കിണർ വൃത്തിയാക്കിയെടുക്കുന്നത് വെളിപാട് കിട്ടിയിട്ടോ വെള്ളത്തിനോ വേണ്ടിയാണെന്ന് കരുതരുത്‌.അതെന്റെ ഒളിച്ചോട്ടമാണ് വെറും ഇരുപതുമീറ്റർ അപ്പുറത്തെ സ്വന്തം വീട്ടിൽ നിന്നുള്ള ഒളിച്ചോട്ടം.ഭാര്യയേയും കുട്ടിയേയും നേരിടാനുള്ള ഭയം.അതിനെപ്പറ്റി വിശദമായി പറഞ്ഞിട്ടാകാം, എന്റെ അച്ഛൻ വെട്ടിയ ആ കിണറിന്റെ ചരിത്രവും വർത്തമാനവും.

       ഊണുമേശയിലെ പൂപ്പാത്രത്തിൽ ചാരിവച്ചിരുന്ന മൊബൈലിൽ കാർട്ടൂണും നോക്കി ചോറ് തിന്നുകയായിരുന്നു എന്റെ കുട്ടി.മീനൊളിപ്പിച്ച ഒരുരുളയും നീട്ടിപ്പിടിച്ച്‌ 'തിന്നുമോനെ തിന്നുമോനെ'  എന്ന താളത്തിൽ എന്റെ ഭാര്യ.ആവർത്തിച്ചു കാണുന്ന വഷളൻ രംഗത്തിൽ കലി കയറിയ ഞാൻ കുട്ടിയുടെ തലയിൽ 'തിന്നെടാന്ന്..' ഊക്കിന് ഒരു തട്ട്.കുട്ടിയുടെ നെറ്റി മേശയുടെ കണ്ണാടി വക്കിന് തട്ടി ഒരു പൊട്ട്.മൂക്കിന്റെ പാലവും ചോറുചവച്ച വായും കടന്ന് കരച്ചിലിനും മഞ്ഞഉടുപ്പിനും ചുവപ്പൻ നിറം കൊടുത്ത് അതാ പോകുന്നു ചോരനൂല്.മുണ്ടിന്റെ അറ്റംകൊണ്ട് ഇളംചോര ഒപ്പുന്ന ഞാൻ. ഐസുകട്ടകൾ തുണിയിൽ പൊതിഞ്ഞു വച്ച്, ചോര നിർത്തുന്ന ഭാര്യ.കുട്ടിയെ തോളിലിട്ട് കവലയിലെ ആശുപത്രിയിലേക്ക് വണ്ടി വിടുന്ന ഞങ്ങൾ.

         'ഉടൻ മഹാദേവി ഇടത്തുകൈയാൽ അഴിഞ്ഞ വാർപ്പൂങ്കുഴൽ ഒന്നൊതുക്കി, ജ്വലിച്ച കൺകൊണ്ടൊരു നോക്കു നോക്കി'.എട്ടാം ക്ളാസിലെ വള്ളത്തോളിന്റെ വരികളുടെ ശില്പഭംഗി എനിക്കപ്പോഴാണ് പൂർണബോധ്യം വന്നത്.ജീവിതത്തിലാദ്യമായി എനിക്കവളെ നോക്കാൻ പേടി തോന്നി.ചെറിയൊരു കാര്യത്തിന് നൂറ് വാക്കെങ്കിലും ചിലവാക്കുന്ന അവൾ ശ്വാസം വിടാൻപോലും മടിക്കുന്നു.കുട്ടിയുടെ കരച്ചിൽ അല്പം തോർന്നു.രക്തത്തിനെ കട്ടപിടിപ്പിക്കുന്ന വൈറ്റമിനെക്കുറിച്ച് ഞാൻ ചിന്തിച്ചു.ഭയംകൊണ്ട് ഏതോ ക്ലാസിൽ ആരോ പഠിപ്പിച്ച 'കെ'ട്ട ഉത്തരം പോലും ഓർമ്മവന്നു. വണ്ടിയാകട്ടെ, കുട്ടിക്കുവേണ്ടി എന്നെയിട്ട് ഓടിക്കുന്നത് പോലെ നിരത്തിലൂടെ പാഞ്ഞു.

        "മുത്തേ നീ കളിച്ചപ്പോൾ വീണതെന്നേ ഡോക്ടറോട് പറയാവൂട്ടോ,ഇല്ലെങ്കിൽ അവര് നിന്റെ അപ്പനെ...."കുട്ടിയെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച ഭാര്യ, രഹസ്യമായി എന്റെ ഭാവിയോർത്ത് ഉപദേശിക്കുന്നു.ഞാൻ തല കുനിച്ചു. 
        "ഉം" കുട്ടിയുടെ സമ്മതത്തിനൊപ്പം ഉള്ളിലെങ്ങോ ബാക്കികിടന്ന ഒരു ഏങ്ങലും പുറത്തുവന്നു. 
        'നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം സത്യം പറയുവാൻ ശക്തിയുണ്ടാകണം'. ആശുപത്രിയുടെ മതിലിനോട് ചേർന്നിരിക്കുന്ന എന്റെ പ്രൈമറി വിദ്യാലയത്തിന്റെ തുരുമ്പൻ മഞ്ഞഗേറ്റ് പഴയൊരു പ്രാർത്ഥന ഗാനം ഓർമ്മിപ്പിക്കാൻ ശ്രമിച്ചു.ആശുപത്രിക്ക് തണലുവിരിച്ചു നിന്ന ഉറക്കംതൂങ്ങി മരത്തിന്റെ ചുവട്ടിൽ ഞാൻ വണ്ടി ഒതുക്കിനിർത്തി.
        "കൊണ്ടുപോയിട്ട് വാ,കൊന്നാൽ പാപം,തിന്നാലേ..."അവൾ സീറ്റിൽ നിന്നിറങ്ങിയില്ല.
        "ഓടിക്കളിക്കുമ്പോൾ ഊണ് മേശയിൽ ടപ്പോന്ന് മുട്ടിയതാ"ചോദിക്കാതെ പറയുന്ന, കുട്ടികളുടെ ഉത്തരങ്ങളിൽ ചില അസ്വാഭാവികതകളുണ്ടല്ലോ.ഡോക്ടർ എന്നെയും മുറിവിന്റെ ആഴത്തിലേക്കും നോക്കി.ഒന്നേ രണ്ടേ കറുത്ത നൂലിട്ട തുന്നൽ.മൂന്നേ നാലേ ഗുണന ചിഹ്നത്തിൽ വെളുത്ത ഒട്ടിപ്പ്. അഞ്ചേ ആറേ, രണ്ടുവീതം മൂന്നുനേരം ചുവന്ന ഗുളികകൾ.ഏഴിന്റന്ന് വന്ന് തുന്നലെടുക്കണം. ഡോക്ടറുടെ താളം ഞാൻ ശ്രദ്ധിച്ചു.

       "സ്കാൻചെയ്തു നോക്കണം." പേപ്പറിൽ ഡോക്ടർ അതിന് കുറിക്കുമ്പോൾ കുട്ടി പിന്നെയും പറഞ്ഞു. 
        "ഓടിക്കളിക്കുമ്പോൾ ഊണുമേശയിൽ എന്റെയീ തലചെന്ന് ടപ്പോന്ന് ഒറ്റമുട്ട്.." ഇത്തവണ ആ 'ടപ്പോയിൽ' ഡോക്ടർ വീണു.
         "ഇനി ഓടുമ്പോൾ സൂക്ഷിക്കണം." കുട്ടി ചിരിച്ചു,ഡോക്ടറും ചിരിച്ചു.എന്റെ ചിരിയങ്ങനെ മരിച്ചു.കുറിപ്പുകളെഴുതിയ കടലാസ് ഡോക്ടർ എനിക്കു നീട്ടി.
        "ഒന്നരാടം ഒട്ടിക്കണം പഴുക്കാതെ നോക്കണം.കുട്ടികളാണ് കളിക്കും,തീരെയങ്ങ് മുതിരരുത്.." മാമ്പഴത്തിന്റെ ചിത്രമുള്ള കവറിൽ പൊതിഞ്ഞ മിഠായികൾ കുട്ടിക്കും എനിക്കും ഡോക്ടർ തന്നു. 'വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും...'ഡോക്ടർ മാമ്പഴക്കവിത ഓർമ്മിപ്പിച്ചു.തല കുനിഞ്ഞ്, കുട്ടിയെ തോളിൽ കിടത്തി ഡെറ്റോൾ മണമുള്ള ആ വരാന്തയിലൂടെ ഞാൻ നടന്നു.മാമ്പഴരുചിയുള്ള മിഠായി വായിൽക്കിടന്ന് കുട്ടിയുടെ പല്ലിനോട് എനിക്കെതിരെ വൻ ഗൂഢാലോചനകൾ ഉണ്ടാക്കുന്നു. 

       ഐസ്ക്രീം കടയോട് ചേർത്ത് ഞാൻ വണ്ടി നിർത്തി.തൊട്ടപ്പുറത്തെ പോലീസ്‌ സ്റ്റേഷനിൽ മഞ്ഞയിൽ കറുപ്പുള്ള ചുവരെഴുത്ത് 'കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്' ഞാനതിനെ സന്ദർഭത്തിൽ ചേർത്ത് വൈകാരികമായി വായിച്ചു.കുട്ടിയുടെ ചുണ്ടിൽ ക്രീം പുരണ്ട കൊതിമാത്രം.ഭാര്യയുടെ മുഖത്ത് മുറിവിന്റെ ആഴവും പരിഹാസവും.എത്ര വാങ്ങിക്കൂട്ടിയിട്ടും എനിക്കും കുട്ടിക്കും മതിവരുന്നില്ല.വീട് വല്ലാത്തൊരു വേദനയോടെ അവരെ കാത്തുനിന്നു. കുട്ടിയുടെ കവിളിൽ വാതില് ഒന്നുതൊട്ടു,എന്നെ ദേഷ്യത്തിൽ തടഞ്ഞു.
       ചീരചേർത്ത ചോറിന്റെ ചുവന്ന ഉരുളയും നീട്ടി ഭാര്യ പിന്നെയും ഇരുന്നു.പൂപ്പാത്രത്തിലേക്ക് ഞാനെന്റെ ഫോണും ചാരിവച്ചിട്ട് വായന മുറിയിൽ കയറി വാതിൽ മുറുക്കിയടച്ചു.കസേരയിൽ അഴിച്ചിട്ടിരുന്ന രക്തക്കറയുള്ള എന്റെ മുണ്ട് വലിച്ചുകെട്ടിയ സ്‌ക്രീനുകണക്കെ അടിയും കരച്ചിലും രക്തവും മാത്രമുള്ള ഫ്ളാഷ് ബാക്ക് രംഗങ്ങൾ ആവർത്തിച്ചു കാണിക്കുന്നു.പത്രക്കടലാസിൽ പൊതിഞ്ഞെടുത്ത ആ മുണ്ടുമായി ഞാൻ കിണറ്റിലേക്ക് നടന്നു.

      റോഡ് കരാറുകാരന്റെ ടിപ്പറു തട്ടി,കിണറിന്റെ കൈവരിയുടെ ഒരു തുണ്ട് മുറിഞ്ഞിരിക്കുന്നു.മഴ വീണ് കെട്ടിക്കിടക്കുന്ന കിണറ്റിലെ വെള്ളത്തിൽ തവളയും മക്കളും കളിക്കുന്നു.മുണ്ട് വെള്ളത്തിൽ വീണിട്ടും ചുവപ്പ് മായുന്നില്ല.അമ്മത്തവള അതിന്റെ പുറത്തിരുന്ന് 'മഴ വരാൻ പോണേന്ന്'കരഞ്ഞു ഞാനും കരഞ്ഞു.അവൾ ചവറുതട്ടാൻ വരുമ്പോഴെല്ലാം ആ ചുവപ്പ് കാണും, ഇല്ലാ അതിനി ചിലപ്പോൾ മാഞ്ഞുപോകില്ല.അതിരിൽ നിന്ന ഒരു കൊന്നക്കമ്പ് ഒടിച്ചെടുത്ത് മുണ്ടിനെ കോർത്തു. ചുരുട്ടിയെടുത്ത് അപ്പുറത്തെ പൂച്ചെടിക്കാട്ടിലേക്ക് എറിഞ്ഞു.കിണറ്റിന്റെ തൂണിൽ ചരിയങ്ങനെ ഇരുന്നപ്പോഴാണ് തന്തക്കിണറിനെ പുതുക്കിയെടുക്കാമെന്ന ചിന്ത എനിക്കു വന്നത്.

       മുറിവ് ഊറിക്കൂടും,തുന്നലിന്റെ പാടുകളുംമായും.കാലമുള്ള മറവിവന്ന് ദുഷിച്ച ആ രംഗങ്ങളും കുട്ടിയിൽ മായ്ക്കും അതുവരെ എനിക്ക് ഈ കിണറ്റിലേക്ക് ഇറങ്ങിനിൽക്കാം.മുൻകോപികൾക്ക് കിണറുവെട്ടോളം മറ്റൊരു മികച്ച രക്ഷാവഴിയില്ലല്ലോ.
     ഈ കിണറിന് എന്നെക്കാൾ ആറര വയസിന്റെ ഇളപ്പമാണ്.എന്റെ അച്ഛൻ വെട്ടിയത്. വെട്ടുകല്ലിലും കടുപ്പമുള്ള പാര് മണ്ണിലും വെട്ടിവെട്ടി വെള്ളം കാണിച്ച വാശി.അതും പോരാത്തതിന് ഒരാൾക്ക് കിടക്കാൻ പാകത്തിന് വീതിയുള്ള അരച്ചുവര് കെട്ടിയതും,ഉരുണ്ടുമിനുസമുള്ള തൂണുകളുണ്ടാക്കിയതും കണ്ണീരുവെള്ളം കോരിച്ചുമന്നതും,കുളിപ്പിച്ചതും,ഓർത്തോർത്ത് ഞാൻ നടന്നു.കിണറുകളുടെ നിത്യകാമുകനായ പൊന്നുമണി മേസ്തിരിയുടെ വീട് എന്നെ നോക്കി ചിരിച്ചു. വാക്കിൽ ഉറപ്പുകൾ കരാറുകൾ.നാളെ കാലത്ത് കൃത്യം എട്ടിന് മൂന്നാള് പണിക്ക് വരും.ഒരു തുക പൊന്നുമണി മുൻകൂർ വാങ്ങി,മകളുടെ കുട്ടിക്ക് പനിയാണ് പോലും.

      കിണറ്റിന്റെ സമീപം പിന്നെയും കുറേനേരമിരുന്നു.വീട്ടിലെ വിളക്കുകൾ ഇനിയും തെളിഞ്ഞിട്ടില്ല. കിണറിന്റെചുറ്റുമുള്ള കാടുകൾ പിഴുതുമാറ്റി.പണ്ടെന്നോ നട്ട ഒരു പനിനീർപ്പൂവിന്റെ വയസൻ മൂട് എന്നെ കുത്തിയിട്ട് പരിഭവിച്ചു.പരന്ന അലക്കുകല്ല്,ചെറിയ ഇരിപ്പുകല്ല്.പൂച്ചെടിക്കാട് വീണ്ടും തെളിഞ്ഞപ്പോൾ അതാ,അവിടെ ചോരക്കറയുള്ള മുണ്ട് പൂച്ചകണക്കെ പതുങ്ങുന്നു.വീട്ടിലേക്കുള്ള ഒറ്റയടിപ്പാതയുടെ ഇരുവശവും വൃത്തിയാക്കാനിരുന്നു.വർഷങ്ങളായി ഒളിവിൽ കഴിയുന്ന ചീവിടുകൾ വീടിന്റെ പിന്നിലൊരു വിളക്ക് തെളിഞ്ഞെന്ന് കാണിച്ചുതന്നു.അടുക്കള വാതിലുവഴി അകത്തേക്ക് കയറിയപ്പോൾ ഊണുമേശയിൽ കാത്തിരുന്ന ഭാര്യ കിടപ്പുമുറിയിലേക്ക് പോയി. മേശപ്പുറത്ത് രുചിമരിച്ച അത്താഴം അടക്കിയിരിക്കുന്നു.കുട്ടിക്കുവേണ്ടി സാക്ഷിനിന്ന പൂപ്പാത്രം എറിഞ്ഞുടയ്ക്കാൻ തോന്നി.

        വീട്ടിനുള്ളിൽ നിറഞ്ഞുനിന്ന വാക്കുകളും ചിരിയും ആ അടിയോടെ ഇറങ്ങിപ്പോയിരിക്കുന്നു. അവളുടെ മുഖത്ത് നോക്കാൻ കഴിയുന്നില്ല.കുട്ടി ഏതുനേരവും ഉറക്കമാണ്.ചിലപ്പോഴെല്ലാം ഒരു ഭയന്ന നോട്ടം എന്റെ നേർക്കയക്കുന്നുണ്ട്.വായനാ മുറിയിൽ ചെന്നിരുന്ന് കിണറ്റിൻ്റെ പുതുക്കൽ പദ്ധതിയിട്ടു.മൂന്നാള് ആയിരത്തി ഇരുന്നൂറ് വീതം ഏഴുദിവസം നല്ലൊരു തുകയാണ്.കയർ,കപ്പി, തൊട്ടികൾ,മോട്ടോർ അങ്ങനെ വാടക ഇനങ്ങൾ.കുടിവെള്ളം,ഊണ് ഒന്നിനും ആരും വീട്ടിലേക്ക് വരാത്ത വിധം ക്രമീകരിക്കണം.പൊന്നുമണിയെ കുറച്ചു തുകയും ഏല്പിക്കണം 
         
       കഴിക്കാനിരുന്നപ്പോൾ ആ പൂപ്പാത്രവും എന്നെ തുറിച്ചുനോക്കുന്നതായി തോന്നി.വിശപ്പില്ല, ഉറങ്ങാനായി കിടപ്പുമുറിയിലേക്ക് കയറാനും തോന്നിയില്ല.ശബ്ദം നിരോധിച്ച ടീവിയും നോക്കി ഏറെനേരം സെറ്റിയിൽ കിടന്നു.അവരുണരും മുമ്പ് വീട്ടിൽ നിന്നിറങ്ങാം.അലാറം ക്രമീകരിച്ചു. അടുപ്പിനോട് ചേർന്നുനിന്നാൽ കിണറ്റിന്റെ കരയിൽ പണികൾ നടക്കുന്നത് ഭാര്യയ്ക്ക് കാണാൻ കഴിയുമല്ലോ.എന്നിട്ടും ഞാൻ ഉറങ്ങിപ്പോയി.ടീ വി, ഭാര്യ ഉണർന്നപ്പോൾ അണച്ചിട്ടുണ്ടാകും. പൂപ്പാത്രത്തിന്റെ സമീപത്തായി ചില്ലുഗ്ലാസ്സിൽ ചായയുണ്ട്.അതുമെടുത്ത് കിണറ്റിന്റെ കരയിലേക്ക് നടന്നു.

     കിണറ്റിനുള്ളിൽ നിന്ന് തൊട്ടിയിലേക്ക് കല്ലും മണ്ണും കോരിനിറയ്ക്കുന്ന പൊന്നുമണിയെ എനിക്കറിയാം.എണ്ണയിട്ട കപ്പിയിൽ ശബ്ദമില്ലാതെ വലിച്ചുകയറ്റുന്ന ഊമ മമ്മേനിയേയും അറിയാം. കോരിവച്ചത് കയറിലെ കൊളുത്തിൽ നിന്നൂരി വേഗത്തിൽ ദൂരേക്ക് തട്ടുന്ന ആ  ചെറുപ്പക്കാരൻ ആരാണ്.?അവനുടുത്തതിരിക്കുന്ന രക്തക്കറയുള്ള മുണ്ട് എന്റേതല്ലേ.?കിണറ്റിനുള്ളിൽ നിന്ന് അടുത്ത തൊട്ടിക്കൊപ്പം എന്റെ സംശയങ്ങൾക്കുള്ള ഉത്തരവും കയറിവന്നു.            
        "ആളെ മനസ്സിലായാ ഇത് നമ്മളെ ലാസറ് മേസ്തിരിയുടെ മോനാണ്.." ചെറുപ്പക്കാരൻ എന്നെനോക്കി അതേന്ന് ചിരിച്ചു.
        "ലാസറിനെ ഈ ചെറുക്കൻ ഇന്നലെ ശരിക്ക് പൂശി."കിണറ്റിൽ നിന്ന് ചിരിച്ചുകൊണ്ട് പൊന്തിവന്ന 'തന്തേത്തല്ലി'ക്കഥകേട്ട് മമ്മേനിപോലും ശബ്ദമില്ലാതെ ചിരിച്ചു.എനിക്കുള്ളിപ്പോൾ ഒരു ഭയം കയറി.
        "അങ്ങെര് പണി സൈറ്റിൽ വെള്ളവുമടിച്ച് വന്നിട്ട് ആൾക്കാരെ മുന്നിൽ വച്ച് എന്റെ തലയിൽ ഒരടി, മുഴക്കോല് പിടിച്ചുവാങ്ങി മുട്ടിനുതാഴെ നാലഞ്ചെണ്ണം ഞാനും കൊടുത്തു.."ചെറുപ്പക്കാരൻ ചെളികുഴഞ്ഞ മണ്ണ് മതിലിനോട് ചേർത്ത് തട്ടിയിട്ടു.അവന്റെ കരുത്തൻ മസിലുകളിൽ ഞാൻ പേടിയോടെ നോക്കി.മമ്മേനിയുടെ ചിരി അപ്പോഴും നിശബ്ദമായി വരുന്നുണ്ട്.ഞാൻ വീട്ടിലേക്ക് നോക്കി അടുപ്പിന്റെ സമീപം ഭാര്യ നിൽക്കുന്നു.പുറത്തെ വാതിലിൽ കിണറിന്റെ ഭാഗത്തേക്ക് നോക്കിനിൽക്കുന്ന കുട്ടിയുടെ നെറ്റിയിലെ ഗുണന ചിഹ്നവും കാണാം.

     അടുത്ത തൊട്ടിയിൽ ചെളികുഴഞ്ഞു വന്നത് ഇളംപ്പച്ച നിറമുള്ള കളിപ്പാട്ടമായിരുന്നു.കുട്ടിക്ക് കൗതുകം കഴിഞ്ഞതും ചിറക് പൊട്ടിയതുമായ ഒരു തത്ത.ചെളിയിൽ നിന്നെടുത്ത് ഞാനതിനെ തടവിനോക്കി,മമ്മേനിയുടെ നോട്ടം കണ്ടപ്പോൾ  മാറ്റിയിട്ടു.
       "ഇങ്ങനെ ഏതെങ്കിലും പ്ലാസ്റ്റിക് കിട്ടിയാൽ മാറ്റിയിടണം.." ചെറുപ്പക്കാരൻ സമ്മതമെന്ന് തലകുലുക്കി.വീട്ടിലേക്ക് നടക്കുമ്പോൾ കുട്ടി വാതിലിൽ നിൽക്കുന്നുണ്ട് കൈയിൽ ലാസറിനെ തല്ലിയ 'മുഴക്കോലുണ്ടോ'.ചായ കൊണ്ടുവന്ന ഗ്ളാസ് കിണറിന്റെ കൈവരിയിൽ മറന്നുവച്ചത് എടുക്കാനായി ഞാൻ തിരികെ നടന്നു.ഒരു തവണ കൂടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കി.ഇല്ല, വാതിലിൽ കുട്ടിയില്ല,കൈയിൽ ലാസറിന്റെ മുഴക്കോലുമില്ല.വെറും തോന്നൽ, ഭയപ്പെട്ട തോന്നലുകൾ.ചെറുപ്പക്കാരൻ ഗ്ലാസ്സിലേക്ക് നോക്കി 
       "അത് തണുത്തിട്ടുണ്ടാകും". ബാക്കിയുള്ള ചായ ഒഴിച്ചുകളഞ്ഞിട്ട് ഞാൻ വീട്ടിലേക്ക് നടന്നു.

        കുളി കഴിഞ്ഞു കാപ്പികുടിക്കാൻ ചെല്ലുമ്പോൾ പൂപ്പാത്രത്തിന്റെ അടുത്ത് ഫോണില്ല.കുട്ടി സ്വയം വാരിക്കഴിക്കുന്നു.എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു,പക്ഷേ അത് പുറത്തുവന്നില്ല.കഴിച്ചെന്നു വരുത്തിയിട്ട് ഞാൻ കിണറ്റിന്റെ അടുത്തേക്ക് നടന്നു.
      അതിനുള്ളിലിപ്പോൾ ചെറുപ്പക്കാരനാണ്.അടർന്നുവീണിരുന്ന കിണറിന്റെ കൈവരിക്കെട്ട് അടുക്കിവച്ചിരിക്കുന്നു.ഒരു പാറക്കല്ലിൽ ചുറ്റിക പതിയുന്ന ശബ്ദം.ഒപ്പം ചെറുപ്പക്കാരന്റെ നാടൻ പാട്ട്.കാലംചെയ്ത വീട്ടുപകരണങ്ങളും പ്ലാസ്റ്റിക്കും തുണികളും ചെളിയിൽ നിന്നും മാറ്റിയിടുന്ന മമ്മേനി.അമ്മയുടെ മരണവും,പഴയ വീട് പുതുക്കിയെടുക്കാൻ നടത്തിയ ശ്രമങ്ങളും മാറ്റിയിട്ട പല വസ്തുക്കളും ഓർമ്മിപ്പിച്ചു.പാറക്കല്ലുകൾ ചെറിയ കഷ്ണങ്ങളായി കയറിവരുന്നു. പൊന്നുമണിയുടെ വലിയിൽ കപ്പിയിൽ നിന്ന് നേർത്ത മൂളലുകൾ,താഴെ അതിനെ മറികടന്ന് നാടൻ പാട്ടിന്റെ താളം.

     ഉച്ചഭക്ഷണത്തിനാണ് ചെറുപ്പക്കാരൻ കയറി വന്നത്.ഞാൻ അവനെ വെറുതെ നോക്കിയിരുന്നു. കാലിൽ ഒന്നുരണ്ട് ഭാഗങ്ങളിൽ മുറിവ്.
       "അത് കുപ്പികൾ പൊട്ടിയതാണ്" മുണ്ടിലേക്ക് ചെറുപ്പക്കാരൻ രക്തക്കറ തുടച്ചു.മമ്മേനി മാറ്റിയിട്ടതിലേക്ക് ഞാൻ നോക്കി.പൊട്ടിയ ഗ്ലാസുകൾ,ബിയർ ബോട്ടിലുകൾ,പഴയ ടെലിവിഷൻ സെറ്റ്. ഊണുകഴിഞ്ഞിറങ്ങുന്ന പൊന്നുമണിയുടെ കാലിൽ ചാക്ക് ചെരുപ്പുപോലെ കെട്ടിയിരുന്നു. പഴയ ഷൂസുകൾ കളയാനായി വച്ചത് ഇവർക്ക് നൽകാൻ ഞാനാഗ്രഹിച്ചു.

        കിണറിന്റെ അടർന്നു വീണ ഭാഗങ്ങളിൽ ഞാൻ തൊടുന്നത് കണ്ടപ്പോൾ ചെറുപ്പക്കാരൻ ചിരിച്ചു.
      "അത് ഞാൻ കെട്ടിത്തരാം, ഒരിത്തിരി സിമന്റ് മതി." ഞാൻ ഇതുവരെ അതിനുള്ള തുക വിലയിരുത്തിയില്ലല്ലോ എന്നോർത്തു.ചെറുപ്പക്കാരൻ ഊക്കിൽ വിലിച്ചുകയറ്റുന്നത് അഴുകിയ ഇലകളും കറുത്തവെള്ളവും.കപ്പി വല്ലാതെ കരയുന്നു.എനിക്ക് ആ കരച്ചിൽ ഭൂതകാലത്തിലെങ്ങോ ഓർമ്മയുണ്ട്.മമ്മേനിയപ്പോഴും മൂടാനിട്ട പഴയ ഓർമ്മകളെ ചികഞ്ഞു വയ്ക്കുകയാണ്.ഭൂതചിത്രം ഉള്ളിൽ തെളിഞ്ഞപ്പോൾ തിടുക്കത്തിൽ ഞാൻ വീട്ടിലേക്ക് നടന്നു,അല്ല ഓടുകയായിരുന്നു.

      അടുത്ത ദിവസം കുട്ടിയുടെ നെറ്റിയിലെ ഒട്ടിപ്പ് അതികചിഹ്നമായി.ഞാൻ കിണറിന്റെ അരികിലേക്ക് നടക്കുമ്പോൾ അവൻ എന്നെയെന്ന് മുട്ടിനടന്നുപോയി.ഭാര്യ ഏതോ കറിയുടെ രുചിനോക്കുകയായിരുന്നു.അടുക്കള വഴി ഒരു വയർ കിണറ്റിലേക്ക് എടുത്തിരിക്കുന്നത് ശ്രദ്ധിച്ചു. തെളിഞ്ഞു തുടങ്ങിയ വെള്ളമാണിപ്പോൾ മോട്ടോറിൽ ഘടിപ്പിച്ച കുഴലുകൾ പുറത്തേക്ക് തള്ളുന്നത്.പ്ലാസ്റ്റിക്കു സാധനങ്ങൾ വലിയ ചാക്കുകളിൽ നിറച്ചിരിക്കുന്നു.കറന്റിന്റെ ബന്ധം ഒഴിവാക്കാൻ വീട്ടിലേക്ക് നടക്കുന്ന മമ്മേനിയുടെ മുഖത്ത് കച്ചവടച്ചിരി.അയാൾ മടങ്ങിവരുമ്പോൾ ഒരു ജാറിൽ കട്ടൻക്കാപ്പിയും, ഗ്ലാസ്സുകളും.

     പഴയ സ്‌കൂൾ ബാഗ്,കുടകൾ, തുകൽച്ചെരിപ്പ്‌ കയറിവരുന്നവരിൽ പലതിനും എന്നെ പരിചയമുണ്ട്.അവയുടെ കഥയോർത്ത് കൈവരിയിൽ ഞാനിരുന്നു.പൊന്നുമണി കയറിവന്ന് ഒരു ബീഡിനേരവും കട്ടൻക്കാപ്പിയും.അതിനിടയിൽ കിണറ്റിലേക്ക് മമ്മേനിയുടെ ഇറങ്ങിപ്പോക്കുപോലും ആരുമറിഞ്ഞില്ല.പഴകിയ ഓർമ്മകൾ കുന്നുകൂടുകയാണ്.ഇപ്പോൾ കയറിവന്ന വീഡിയോക്കാസറ്റ് ഒരിക്കൽ ഞാൻ അത്രയും രഹസ്യമായി കിണറ്റിലേക്ക് എറിഞ്ഞതാണ്.പിന്നെ വന്നവ പലതും എന്റെ യൗവ്വനത്തിന്റെ ഗൂഡശേഷിപ്പുകളാണ്.വലിച്ചുകയറ്റുന്ന ചെറുപ്പക്കാരനെ ഞാനൊന്നു നോക്കി.അവനുമാത്രമായിരിക്കും അതെല്ലാം എളുപ്പത്തിൽ വെളിപ്പെടാൻ ഇടയുള്ളത്.വീട്ടിലേക്ക് നടക്കുമ്പോൾ കാപ്പിക്കപ്പുകളും ജാറും പൊന്നുമണി ഓർമ്മിപ്പിച്ചു.അത് വാങ്ങാനായി ഭാര്യ കൈനീട്ടയപ്പോൾ ഗ്ലാസ്സുകൾ തമ്മിൽ മുട്ടിച്ചിരിച്ച് എന്റെ വിറ അവളെയും അറിയിച്ചു.

    അന്നു രാത്രി ഞാൻ തീവണ്ടിയിൽക്കയറി ഒരു യാത്രപോയി.എവിടേക്ക് ?അങ്ങനെ ലക്ഷ്യമൊന്നും എനിക്കുണ്ടായിരുന്നില്ല.പക്ഷേ രണ്ടാമത്തെ ദിവസം വീട്ടിലേക്ക് പോരാനും,കിണറുകാണാനും ആഗ്രഹം തോന്നി.അടുത്ത പുലരിയിൽ തീവണ്ടി എന്നെ നാട്ടിലെ സ്റ്റേഷനിൽ തുപ്പിവച്ചു.ഇഷ്ട നിറമുള്ള ഹൽവകൾ കൈമാറുമ്പോൾ ഭാര്യ എന്നെ അല്പനേരം രൂക്ഷമായി നോക്കി നിന്നു.എന്നിട്ട് കുട്ടിയും അവളും ഒന്നിച്ചിരുന്നു അതെല്ലാം കഴിച്ചു.ഞാൻ വായനമുറിയിൽ കയറി വെറും നിലത്ത് കിടന്നു.  

      അടുത്ത ദിവസം കുട്ടിക്ക് സമാന്തരമായ രണ്ടുവരിയുള്ള‌ ഒട്ടിപ്പായിരുന്നു.പൂപ്പാത്രം നിലത്ത് ഉടഞ്ഞുകിടന്നത് ചൂലുമായി ഭാര്യ വൃത്തിയാക്കുന്നു.ഒരിറ്റ് കുറ്റബോധവും കുസൃതിച്ചിരിയുമായി കുട്ടി എന്നെ ഒരു തവണ നോക്കി.കാപ്പി നിറച്ച ജാറും കപ്പുകളും അവളെന്നെ ഓർമ്മിപ്പിച്ചു. മോട്ടോറിലെ കുഴലുവഴി പുറത്തേക്ക് തള്ളുന്നത് നല്ല തെളിഞ്ഞ വെള്ളം.ഒടിഞ്ഞ കസേരയും പഴയ ക്ളോക്കും അതിൽ കഴുകുന്ന മമ്മേനിയുടെ ചിരിയിലും തെളിച്ചം.കറന്റ് ഒഴിവാക്കാൻ ചെറുപ്പക്കാരൻ വീട്ടിലേക്ക് നടക്കാൻ തുടങ്ങിയതും അത് നിന്നു.അടുക്കള വാതിലിൽ നിന്ന് 'ഞാനത് ചെയ്തെന്ന്' അവരോട്‌ കൈവീശുന്ന ഭാര്യ.കിണറ്റിലേക്കുള്ള വഴിയുടെ പകുതിയോളം വന്നുനിൽക്കുന്ന കുട്ടി.കപ്പിയുടെ കരച്ചിൽ ഏറെനേരം നീണ്ടുനിന്നിട്ടാണ് ചെളിയും വെള്ളവും കയറിവരുന്നത്.
       "രണ്ട് ദിവസം എവിടായിരുന്നു? അങ്ങറ്റമെത്തി,നാളെ നമ്മളിത് തീർക്കും' ചെറുപ്പക്കാരന്റെ വലിക്ക് വല്ലാത്ത വേഗം.കാപ്പിക്കപ്പ് കൈമാറുപ്പോൾ എനിക്ക് വിറച്ചില്ല,ഇടതുകൈ ഭാര്യയെ തൊടുകയും ചെയ്തു.
         "നാളെ തുന്നലെടുക്കാൻ ഞാനും മോനും പോകാം.പാടൊന്നും വീഴരുതെന്നാണ്..."അവളുടെ വാക്കുകൾക്ക് ആദ്യരാത്രിയുടെ അതേ കുളിര്.എന്നിട്ടും ഞാൻ കുളിമുറിയിലേക്ക് ഓടി,കരഞ്ഞു. ഷവറിൽ പെയ്യുന്നത് കുഴൽക്കിണറിന്റെ ചൂട്.ഞാൻ കിണറിന്റെ കരയിൽ നിന്ന് കുളിക്കുന്നത് ഓർത്തു.തണുപ്പ്.

      തലയിൽ ഒട്ടിപ്പില്ലാതെ പാഞ്ഞു നടക്കുന്ന കുട്ടി.എന്റെ നോട്ടം നെറ്റിയിൽ നിന്നു.മുന്നിലേക്ക് വീണു കിടക്കുന്ന മുടികൾ ആ മുറിഞ്ഞ ഭാഗത്തെ എനിക്കു മറച്ചുപിടിക്കുന്നു.
        "അത്ര വലിയ പാടൊന്നും വീണിട്ടില്ല.."അവൾ എന്റെ നേർക്ക് നനവുള്ള കണ്ണോടെ നോക്കി. ഞാൻ കുട്ടിയെ തൊടാൻ കൈ നീട്ടി അവൻ ഭയന്ന് രണ്ടടി പിന്നോട്ട് മാറി,ഭാര്യയെ കെട്ടിപ്പിടിച്ചു. കൈയിലിരുന്ന പപ്പടം നിലത്ത് വീണു.ഞാൻ കിണറിനെ ലക്ഷ്യമാക്കി വേഗത്തിൽ നടന്നുകളഞ്ഞു.

      "അപ്പാ ഞങ്ങളും കിണറുകാണാൻ വരട്ടെ.."കുട്ടിക്കും ഭാര്യയ്ക്കും ഒരേ ചിരിയും കൗതുകവും. ഭാര്യ എനിക്കു വേണ്ടി കുട്ടിയുടെ നെറ്റിയിൽ വീണുകിടന്ന മുടിയല്പം മുകളിലേക്ക് ഉയർത്തി.ഒരു ചെറിയ ന്യൂനചിഹ്നം.അതും മുടിയിലേക്ക് ഒളിച്ച് നിൽക്കുന്നു.ഞാനും ചിരിക്കാൻ ശ്രമിച്ചു.മമ്മേനി കിണറ്റിലേക്കുള്ള വഴി വൃത്തിയാക്കിയിരിക്കുന്നു.മൂന്നാൾക്കിപ്പോൾ ഒന്നിച്ച് നടക്കാം.ഞങ്ങളുടെ  കൈകളിൽ തൂങ്ങിയ കുട്ടി കിണറുകാണാൻ ആവേശപ്പെടുന്നു.

       ചെറുപ്പക്കാരൻ കിണറിന്റെ അടർന്ന ഭാഗം ഭംഗിയായി പൂർത്തിയാക്കുന്നു.ഇപ്പോഴവിടെ മുറിവുണ്ടായിരുന്നുവെന്ന നേർത്ത തോന്നൽ മാത്രം.ഒരല്പം മഴയും വെയിലും വന്നുപോയാൽ ആ തോന്നലും ഇല്ലാതെയാകും.പരിസരമാകെ മാറി.പഴയ അലക്കുകല്ലും,തൊട്ടികുഴിയും പുനർജനിച്ചിരിക്കുന്നു.വയസ്സൻ പനിനീർക്കുറ്റിയിൽ ഒരുപൂവ് ഭാര്യ അതിനെ തൊടുന്നു.പുതിയ കയറും കപ്പിയും ഒരുക്കുന്ന പൊന്നുമണി.കുട്ടി ഒരു കുഞ്ഞ് കല്ലെടുത്ത് കിണറ്റിലേക്കെറിഞ്ഞു. ഞാനും എത്തിനോക്കി പാളകുഴിയും കടന്ന് ഭൂമിയുടെ കനിവ് അതിനെ നിറയ്ക്കുന്നു.പൊന്നുമണി കണക്ക് പറയാൻ തുടങ്ങിയപ്പോൾ ഭാര്യ കുട്ടിയുമായി വീട്ടിലേക്ക് നടന്നു.
        "ഇരുട്ടും മുമ്പ് പോന്നോളൂട്ടോ..."ഭാര്യയിട്ട വാക്കിന്റെ വളത്തിൽ ഞാനാകെ പൂക്കാൻ തുടങ്ങി.

      ഏറ്റവും ഒടുവിൽ കോരിത്തട്ടിയ കറുത്ത മണ്ണിൽ അപ്പനിട്ടിരുന്ന ആ പ്ലാസ്റ്റിക് ചെരുപ്പ് കണ്ടു. ചാക്കിലേക്ക് മമ്മേനി അതെടുത്തിടും മുൻപ് ഞാനത് മാറ്റിയിട്ടു.കോരിയെടുത്ത വെള്ളത്തിൽ മുഴക്കോല് കഴുകുന്ന ചെറുപ്പക്കാരനോട് ഞാൻ ലാസറിനെക്കുറിച്ച് ചോദിച്ചു.അയാളിൽ ഒരു ചിരി.
      "ആ തന്തയ്ക്കിപ്പം കൈയാളും പണിക്കാരികളും ഒക്കെക്കാണും ഒന്ന് വീണ് കിടക്കുമ്പോൾ ഞാനേ ഉണ്ടാവൂ.."ചെറുപ്പക്കാരൻ മുറിവ് കെട്ടിയ കിണറിന്റെ ഭാഗത്ത് ഞാൻ എന്തോ ഓർത്തിട്ട് തൊട്ടുനോക്കി.ഞാനും ചിരിച്ചു.പൊന്നുമണി അടുത്ത തൊട്ടി വെളളം കോരി പനിനീർച്ചെടിയുടെ ചുവട്ടിലൊഴിച്ചു.
     "ഇടയ്ക്കിടെ കോരിനോക്കണം ഇല്ലെങ്കിൽ കിണറിനും ശ്വാസംമുട്ടും.."ഞാൻ തലയാട്ടി

      "ഈ ചെരുപ്പിനൊപ്പം കണ്ണാടി പൊട്ടിയ ഒരു വാച്ചു കിട്ടിയിരുന്നോ..?" ചെരുപ്പിന്റെ ചെളികളഞ്ഞ് ഞാൻ കിണറിന്റെ തൂണിനോട് ചാരിവച്ചു.
      "അതൊക്കെ എന്നേ ദ്രവിച്ചുപോയിട്ടുണ്ടാകും"പൊന്നുമണിയുടെ വാക്കുകളിൽ നിസംഗത.
      "ഇല്ല"അയാളോട് എന്റെ വാക്കുകൾ അല്പം പരുക്കനായി.വീട്ടിലേക്ക് വളരെ വേഗത്തിൽ നടന്നു.
      
     കിണറ്റിനു മുകളിൽ ഇരുമ്പിന്റെ വല കെട്ടിക്കണം,മോട്ടർ വയ്ക്കണം കുളിയും കുടിയും അതിലാക്കണം.നാളെമുതൽ പണികൾ തുടങ്ങണം.അല്പനേരം ടീവിയുടെ മുന്നിലിരുന്നു.ഒരു മഴ പെട്ടെന്ന് പെയ്യാൻ തുടങ്ങി.മുറിവ് കെട്ടിയ ഭാഗത്തെ ഓർത്തപ്പോൾ ടോർച്ചുമായി കിണറ്റിന്റെ കരയിലേക്ക് ഓടി.ചാക്കുകൾ മൂടിയിട്ടാണ് ചെറുപ്പക്കാരൻ പോയത്.നനഞ്ഞുകയറി വരുമ്പോൾ അടുക്കള വാതിലിൽ തോർത്തുമായി ഭാര്യ നിൽക്കുന്നു.പിന്നിലേക്ക് മറച്ചുപിടിക്കാൻ ശ്രമിച്ച ആ ഒറ്റച്ചെരിപ്പ് അവൾ കണ്ടു.

     കിടപ്പുമുറിയിൽ ഇനിയും വെളിച്ചം കെട്ടിരുന്നില്ല.അവൾക്കും കുട്ടിക്കുമിടയിൽ എന്റെ ആ ഇടം ഒഴിഞ്ഞു കിടക്കുന്നു.വിട്ടുപോയ ഭാഗം പൂരിപ്പിക്കാൻ ഞാൻ നൂണുകയറി,കുട്ടിയുടെ നെറ്റിയിൽ പതിയെ വിരലോടിച്ചു.
      "അതൊക്കെ മായും അവനതെല്ലാം മറക്കും"ഭാര്യ എന്റെ നേർക്ക് തിരിഞ്ഞുകിടന്നു.കെട്ടിപ്പിടിച്ചു, കഴുത്തിൽ തുരുതുരാ ഉമ്മവച്ചു.

      " അമ്മ എന്നോടും ആ കിണറിന്റെ കഥ പറഞ്ഞിട്ടുണ്ട്.അച്ഛന്റെ വാച്ചിന്റെ കണ്ണാടി പൊട്ടിച്ചതും, ആ ദേഷ്യത്തിൽ പിടിച്ചുതള്ളിയതും,വീണ് നെറ്റിപൊട്ടിയതും.അമ്മ കാപ്പിപ്പൊടി ഒപ്പിയതും,തമ്മിൽ മിണ്ടാതിരുന്നതും,വീട്ടിൽ കയറാതെ അച്ഛൻ കിണറുവെട്ടാൻ തുടങ്ങിയതും.അത് പൂർത്തിയായ അന്നു രാത്രിയിലല്ലേ..."എന്റെ നെറ്റിയിലെ മുറിവിന്റെ ചാലിൽ അവൾ വിരലോടിച്ചു വീണ്ടുമെന്നെ ഉമ്മ വച്ചു.മകന്റെ നെറ്റിയിൽ ഞാനും ഒരു ഉമ്മതൊട്ടു.ഞങ്ങൾ കരഞ്ഞു.പുറത്തൊരു മഴയും നെഞ്ചിലിടിച്ച്‌ കരഞ്ഞു.അവളുടെ കാലുകൾ എന്നെ കെട്ടിപ്പിടിച്ചു.

      "അത്രയും ആഴത്തിൽ വീണതെല്ലാം എടുത്തുമാറ്റാൻ പ്രയാസമാണ്.അത് കിണറ്റിലായാലും  മനസിലായാലും.."

     കിണറ്റിലെ കപ്പിയിൽ തൂങ്ങിയാടി നിന്ന അച്ഛനെ ആഴത്തിൽ നിന്നും നാട്ടുകാർ വലിച്ചുകയറ്റുന്ന രംഗങ്ങളോർത്തപ്പോൾ ഞാനാകെ വിയർത്തുപ്പോയി.കപ്പിയുടെ കൂട്ടകരച്ചിലുകൾ ചെവിയിൽ മുഴങ്ങി.എഴുന്നേറ്റുപോകാൻ ഞാനൊന്ന് കുതറിനോക്കി.അത്രയും മുറുക്കെ ഭാര്യയെന്നെയപ്പോൾ കെട്ടിപ്പിടിച്ചു..!


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Sunday, 19 December 2021

നിർഭാഗ്യക്കുറികൾ.

നിർഭാഗ്യക്കുറികൾ..!

        'പെണ്ണുകാണൽ ശരിക്കുള്ള എന്തുകാണലാണ്.?'.ബ്രോക്കറിന്റെയും വരനായേക്കാവുന്ന മൃഗഡോക്ടറുടെയും ആർത്തിപിടിച്ച കണ്ണുകൾ അരക്കെട്ടും കടന്ന് മുകളിലേക്ക് അരിച്ചരിച്ചു കയറുമ്പോൾ,ഫേസ്ബുക്കിലെ തന്റെ വ്യാജ പ്രൊഫൈലായ 'കുഞ്ഞമ്മിണി'യിൽ പോസ്റ്റാനുള്ള ഉശിരൻ കുറിപ്പിനെപ്പറ്റി ചിന്തിക്കുകയായിരുന്നു വധു വേഷത്തിൽ നിന്ന ഭാഗ്യ.
        വരന്റെ കുറുക്കൻ നോട്ടം നെഞ്ചിൽ നിന്ന് ഭാഗ്യയുടെ മുറിച്ചുണ്ടിലേക്ക് ചാടി.അവിടെ നിന്നും നെറ്റി ചുളിച്ച് കൂകിപ്പാഞ്ഞ് പറമ്പിലൂടെ തൊഴുത്തിനും കോഴിക്കൂടിനും ഇടയിൽ ചെന്നു കിതച്ചു. അയയിൽ പെണ്ണുവീട്ടിന്റെ ആസ്തി കാണിക്കാനായി നിരത്തി വിരിച്ചിട്ടിരുന്ന,വെള്ളം തോരാത്ത റബ്ബർ ഷീറ്റുകളെ കിലോക്കണക്കിന് എണ്ണാൻ ശ്രമിക്കുന്ന വരനെക്കണ്ട് ഭാഗ്യക്കും ചിരിപൊട്ടി. 
         'പേരെങ്കിലും ചോദിക്കെ'ന്ന ബ്രോക്കറിന്റെ നടുവിരലൻ തോണ്ടല് ഷീറ്റെണ്ണങ്ങൾ തെറ്റിച്ച് മൃഗഡോക്ടറെ വീട്ടിലേക്ക് തെളിച്ചുകയറ്റി.
    'പേര്..' അയാളുടെ കണ്ണുകൾ ഭാഗ്യയുടെ കഴുത്തുവരെ എത്തിയിട്ട് ചോദിച്ചു.
    'ഭാഗ്യ...' മുറിച്ചുണ്ടിന്റെ ഇടയിലൂടെ 'ഫാ'യുടെ കാറ്റ് പുറത്തേക്ക് ശൂന്ന് തെറിച്ചു.ആ കാറ്റിൽ പറന്നുപോയ 'വരൻ' അയയിൽക്കിടന്ന ഷീറ്റുകൾ വീണ്ടും ഒന്നേന്ന് എണ്ണാൻ തുടങ്ങി.കിലോക്കിന്ന് വിലയെത്ര? ദിവസവും കിട്ടുന്ന ഷീറ്റെത്ര.? മന:കണക്കിലാക്കി തുക കണ്ട് ആസന്നഭാവിയെ ഭദ്രമാക്കി പെട്ടിയിൽ വച്ചു.
      "എനിക്ക് രണ്ടും പെണ്ണാണ്.ഒരുത്തി ബാംഗ്ളൂരിൽ പഠിക്കാൻ പോയതാ.രണ്ടിനേം എന്റേല് തന്നിട്ട് ഇവരെ തള്ള നേരത്തേപോയി.ഇവൾക്ക് ജോലിയുണ്ടാക്കി, മറ്റോളെയും ഒരു കരപറ്റിക്കണം. എന്നിട്ടൊന്ന്..?."അച്ഛന്റെ വിരസൻ ഡയലോഗിലും,ചുവരിൽ പതിഞ്ഞിരിപ്പായ അമ്മയിലേക്കുള്ള നാടകീയ നോട്ടവും കണ്ടിട്ട് ഭാഗ്യയ്ക്ക് ഇത്തവണ എന്തോ ഒരു വെറുപ്പുണ്ടായി.ഭാവിയിലേക്ക് നല്ല കണ്ണുള്ള വരൻ നിരാശയോടെയാണെങ്കിലും അയയിലെ റബ്ബറും, ആ പറമ്പും ഭാഗ്യഭവ്യമാർക്ക് തുല്യമായി പകുത്തുകാണണം.
        കീറച്ചുണ്ടുള്ള ചേച്ചിയെ വിട്ട് അനുജത്തിയെ നോക്കാമെന്ന് ബ്രോക്കറിലൂടെ കയ്പ്പൻ സന്ദേശങ്ങൾ വീട്ടിലേക്ക് പലതവണ കയറിവന്നു.അങ്ങനെയാണ് ബ്രോക്കറും അച്ഛനും ഭാഗ്യയുടെ  അനുജത്തിയായ ഭവ്യക്ക്, വരുന്നവരെല്ലാം 'പെണ്ണുകണ്ട്' തീരുംവരെ അകത്തെ മുറിയിൽ തടവ് വിധിച്ചത്.മുറിയുടെ പാതി ചാരിയ ജനാലയുടെ മറവിലെ 'ബാംഗ്ളൂരിൽ' നേർത്തചിരിയുമായി ഭവ്യയുണ്ടാവും.ഭാഗ്യയപ്പോഴും അച്ഛന്റെ അരികിൽ വരന്മാരുടെ പ്രണയമുള്ള നോട്ടങ്ങൾക്ക് പ്രതീക്ഷയറ്റ് കാത്തുനിൽക്കും.  
        പറമ്പിന്റെ നാലതിരും മേഞ്ഞിട്ട് വന്ന മൃഗഡോക്ടറുടെ കണ്ണ് ഭാഗ്യയുടെ കാലുവഴി വീണ്ടും ഇഴഞ്ഞു കയറാൻ തുടങ്ങി.സ്വർണമാലകൾ തൂക്കിനോക്കി,സാരിയുടെ വില നിർണയിക്കാൻ കഴിവില്ലല്ലോ എന്ന് ദുഃഖിതനുമായി.ഇത്തവണ ചുണ്ടിന്റെ പിളർപ്പ് വഴി ചുവരിലെ പരേതയായ 'അമ്മായി'യിലേക്കാണ് കയറിപ്പോയത് അവരുടെ ചുണ്ടിലെത്തിയപ്പോൾ ഒന്നു നിന്നു.ഫോട്ടോയുടെ അരികിൽ ആകുലതയോടെ കാത്തിരുന്ന ഒരു കറുത്ത പല്ലി അയാളുടെ നേരെ 'എഴുന്നേറ്റ് പോടാ നാറീന്ന്' പരുക്കൻ വാലുചുഴറ്റി.
       കണ്ണിലേക്ക് ഒരുവട്ടമെങ്കിലും നോട്ടമെത്തുമെന്ന് കാത്തുനിന്ന ഭാഗ്യക്ക് കലികയറി തന്റെ മുറിയിലേക്കു നടന്നു.'ഒളിവിൽ' കഴിയുന്ന ഭവ്യയുടെ വാതിലിൽ കൈമുറുക്കി രണ്ടു തവണ ഇടിച്ചു. ഭവ്യ ഭയന്നു.അച്ഛനും ബ്രോക്കറും ആ തക്കത്തിന് ചായയുമായി മുറ്റത്തേക്കിറങ്ങി.ബ്രോക്കർ മൃഗഡോക്ടറോട് 'ഉറപ്പിച്ചിരുന്നോന്ന്'കണ്ണിറുക്കി.കവലയിലെ ഇരുനില വീടും കടമുറിയും ഭാഗ്യയുടെ വിഹിതമാക്കുന്ന ചർച്ചയിലാണവർ.വേണമെങ്കിൽ മൃഗഡോക്ടർക്ക് അവിടെയൊരു മെഡിക്കൽ സ്റ്റോറിടാമല്ലോ..?.ജനാലയിലൂടെ അവർ നിൽക്കുന്ന ഭാഗത്തേക്ക് ഭാഗ്യ കാർക്കിച്ചു തുപ്പി.അവൾ
ഹോസ്റ്റലിലേക്ക് പോകാനുള്ള ബാഗുമായി ഭാവി വരന്റെ മുന്നിലെ കസേരയിൽ വന്നിരുന്നു. 
         കൊഴുത്ത പാലൊഴിച്ച ചായയിലെ ഒടുക്കത്തെ തുള്ളിയും നാവിലേക്കിറ്റിച്ച് ചില്ലുഗ്ലാസ് ടീപ്പോയിലേക്ക് വയ്ക്കാനൊരുങ്ങുന്ന മൃഗഡോക്ടറുടെ മുഖത്ത് ചിരി.ഭാഗ്യ അയാളുടെ കവിളിൽ വിരലുകൾ കുത്തിപ്പിടിച്ചു.വിറയുള്ള ചുവപ്പൻ ചുണ്ടിൽ ഉഗ്രനൊരുമ്മ വച്ചുകൊടുത്തിട്ട് 'എന്തേലും കുറവ് തോന്നുന്നുണ്ടോടാ...?' എന്നൊന്ന് ചോദിക്കാനാണ് തുടങ്ങിയത്.പക്ഷേ, 'നിനക്ക് വല്ലാത്ത ചാണകത്തിന്റെ മണമാണ് അതോണ്ട് എനിക്ക് നിന്നെ ഒട്ടുമിഷ്ടമായില്ല.'എന്നൊരു കലക്കൻ ഡയലോഗുമാത്രം കാച്ചിയിട്ട് പുറത്തിറങ്ങി.ബ്രോക്കറും അപ്പനും തങ്ങളുടെ നേർക്ക് വരുന്ന വധുവേഷത്തെ അന്തം വിട്ടങ്ങനെ കണ്ടുനിന്നു.
         'ഇനി ഇയാൾക്ക് ഇതിന്റെ പേരിൽ അഞ്ചിന്റെ പൈസ കൊടുത്തേക്കരുത്' അച്ഛന്റെ കവിളിൽ ഭാഗ്യ ഒരുമ്മ കൊടുത്തു.ചിരിയോടെ മുന്നോട്ട് വന്ന ബ്രോക്കറിന്റെ നെഞ്ചിൽ പതിയെ ഒന്ന് തള്ളി. നിരത്തിലേക്ക് വേഗത്തിൽ നടന്നു.ആ പോക്കിനിടയിൽ ഇരുനില വീടിന്റെ താക്കോൽക്കൂട്ടം കൈയിലിട്ട് കറക്കി അച്ഛന്റെ നേരെ കാണിച്ചിട്ട് 'ഞാൻ ചെലപ്പം ഇനിമുതൽ അവിടേക്ക് താമസം മാറ്റും'എന്ന ഭാവത്തിൽ ചിരിച്ചു.ആ നേരത്ത് ഭാവി വരന്റെ 'എല്ലാംപോയെന്നുള്ള' ആ നില്പ് ഭാഗ്യ തീർച്ചയായും തിരിഞ്ഞുനിന്നൊന്ന് കാണണമായിരുന്നു. 
         " ഞാൻ എന്നെയും കെട്ടി പുതിയ ജീവിതം തുടങ്ങുന്നു." ബസ്സു കാത്തുനിൽക്കുന്നതിനിടയിൽ കുഞ്ഞമ്മിണിയിൽ പുതിയ പോസ്റ്റിട്ടു.പുത്തൻ സാരിയിൽ ഒരു സെൽഫിയും ചേർത്തു.മുഖം, ചുവന്ന ഹൃദയചിഹ്നമിട്ട് മറച്ചു.ലൈക്കുകളുടെ കുത്തൊഴുക്ക്.ആരാധകരും നിരവധി വിവാഹ വാഗ്ദാനങ്ങളും നിറഞ്ഞു കിടപ്പുള്ള ആ പ്രൊഫൈലിൽ സത്യമായിട്ടുള്ളത് മുഖചിത്രത്തിലെ കണ്ണുകൾ മാത്രമാണ്.
         സാമൂഹ്യ സാംസ്കാരിക വിഷയങ്ങളിൽ കുഞ്ഞമ്മിണിയുടെ പ്രതികരണങ്ങൾക്ക് ലൈക്കും ഷെയറുകളും കുന്നുകൂടും.കമന്റുകളായി ചർച്ചകൾ നീളും.ആരാധന മൂത്ത് കുഞ്ഞമ്മിണിയെ കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ച് നിരാശരായി കഴിയുന്ന കാമുകന്മാരും സൈബർ സി.ഐ.ഡികളും സൗഹൃദക്കൂട്ടത്തിലുണ്ട്.ഭാഗ്യ കമന്റുകൾ വായിച്ചു.പെണ്ണുകാണലാണോ..?.പല വിധത്തിലുള്ള ഒരേ ചോദ്യങ്ങൾ..
        ഈ ബോറൻ പരിപാടി ഭാഗ്യ പലതവണ വേണ്ടെന്ന് വച്ചതാണ്.ഒരു തവണ കാണാൻ വന്ന അദ്ധ്യാപകൻ ഭാഗ്യയുടെ ചുണ്ടിൽ നിന്ന് ഭവ്യയിലേക്ക് ചാടിയിട്ട് അവളുടെ കരളിൽ നിന്നിതുവരെ    ഇറങ്ങിപ്പോയിട്ടില്ല.ഭവ്യയും 'സാറിനെയേ' കെട്ടൂ എന്ന ഒറ്റനിൽപ്പ്.ചേച്ചിയെ നിർത്തി അനുജത്തിയെ കെട്ടിക്കില്ലെന്ന് അച്ഛൻ.അങ്ങനെയാണ് മൃഗഡോക്ടർക്ക് മുന്നിലും ചെന്നുനിന്നത്. ഇനിയിപ്പോ അച്ഛന്റെ വാശി കീശയിൽ ഇരിക്കട്ടെ.തനിക്ക് താനും കവലയിലെ പുരക്ക് തൂണും കുഞ്ഞമ്മിണി യുടെ തീരുമാനം ഭാഗ്യയും ഉറപ്പിച്ചു.
     കുഞ്ഞമ്മിണിയെ പൂട്ടിവച്ചു.മൃഗഡോക്ടർ കവിളും കൂർപ്പിച്ച് 'ന്റമ്മോന്നുള്ള' ഇരിപ്പോർത്ത് ഭാഗ്യ ചിരിച്ചു.ബസ് കാത്തുനിന്ന സകലരും അവളുടെ ചിരിയും വിറയ്ക്കുന്ന മുറിയൻ ചിറിയും'അയ്യടാന്ന്' നോക്കി.അമ്മ മണമുള്ള ചുവപ്പൻ ബസ് പാഞ്ഞുവന്ന് എന്റെ 'കൊച്ചിനെ നീയൊക്കെ കണ്ണുവച്ചത് മതിയെന്ന്' സകലരോടും വഴക്കിട്ടു.വാ പെണ്ണേന്ന് നീട്ടിവിളിച്ച് മടിയിലിരുത്തി ഒറ്റപ്പോക്കങ്ങ് പോയി. തുറിച്ചുനോക്കിയ ഒരുത്തിയുടെ മുഖത്തേക്ക് 'തൂഫൂ.ന്ന്' ഒരു കുട്ട കറുത്ത പുകയും വിട്ടു.    
        കണ്ടക്ടർ, വനിതാ ഹോസ്റ്റൽ മുക്കിലേക്ക് ഒരു ടിക്കറ്റ് കീറി നീട്ടി.സുന്ദരനായ അയാളുടെ നോട്ടത്തിൽ നിന്നും, ചുരിദാറിന്റെ ഷാളുകൊണ്ട് തന്റെ ചുണ്ടിനെ പൊത്തിപ്പിടിക്കണമെന്ന് ഭാഗ്യക്ക് തോന്നിയില്ല.കണ്ടക്ടർ ഭാഗ്യയുടെ കണ്ണിലേക്ക് നോക്കി.കണ്ണുകളോട് പ്രണയമുള്ള അയാൾ പിന്നെയും പിന്നെയും നോക്കി.ബാക്കിയുള്ള നാലര രൂപ കൊടുക്കാൻ  മറന്നുനിന്ന അയാളോട്  ഭാഗ്യ ചിരിച്ചു.അവരെ മാത്രം ശ്രദ്ധിക്കുന്ന ഒരു പെണ്ണിന് ഭാഗ്യയുടെ കണ്ണുകളോടും ഉടുത്തിരുന്ന സാരിയോടും അസൂയയുണ്ടായി.കുഞ്ഞമ്മിണിയുടെ മനസിലപ്പോൾ സകല പ്രണയമനുഷ്യരോടും പറയാനുള്ള പുതിയൊരു പോസ്റ്റ് വിരിഞ്ഞു.
       "കണ്ണിലേക്ക് നോക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ പ്രണയിക്കാനാരംഭിക്കുന്നു."ഭാഗ്യ,സ്റ്റോപ്പിൽ ഇറങ്ങിപ്പോയിട്ടും 'പോകാം പോകാമെന്ന'പതിവ് മണിയടിക്കാനും ആ കണ്ടക്ടർക്ക് മറന്നുപോയി. അയാളുടെ മുഖത്തു പടർന്ന പ്രണയനൈരാശ്യം മുന്നിലിരിക്കുന്ന മറ്റൊരു യുവതിയാണ് ആദ്യമായി വായിച്ചെടുത്തത്.അവൾ കണ്ടക്ടർക്ക് വേണ്ടിയും ബെല്ലിന്റെ പയറുവള്ളിയിൽ രണ്ടുവട്ടം വലിച്ചു. സുന്ദരനായ കണ്ടക്ടറപ്പോൾ നിലതെറ്റി റോഡിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ചു..              
    ഹോസ്റ്റൽ മുറിയിലേക്ക് നടക്കുന്ന ഭാഗ്യയോട് 'കാര്യമെന്തായെടീ'ന്ന ഭാവത്തിൽ വാർഡൻ എതിരേ നിന്നു.അവരെ അവൾ ചിലപ്പോഴൊക്കെ 'അമ്മ'യെന്ന് വിളിക്കുമായിരുന്നു.ആൺമക്കൾ ഉപേക്ഷിച്ചുപോയപ്പോൾ ജോലി രാജിവച്ച് വീടും പറമ്പും വിറ്റ്, കാട്ടുമുക്കിൽ കൂറ്റൻ മതിലുകളുള്ള വനിതാഹോസ്റ്റലുണ്ടാക്കിയ അവരോട്, താമസക്കാരിപ്പെണ്ണുങ്ങൾക്കും ഏതാണ്ട് അങ്ങനെയാണ്. അതിലേറ്റവും ഇഷ്ടമുള്ളത് ഈ മുറിച്ചുണ്ടത്തിക്കാണ്.
        ഓരോ പെണ്ണുകാണലും തോറ്റുവരുമ്പോൾ ഭാഗ്യയെ മടിയിൽ കിടത്തി ഒരാശ്വസിപ്പിക്കൽ പതിവാണ്.ഭാഗ്യയ്ക്ക് ആകെയൊന്ന് കരയാൻ തോന്നുന്നത് അപ്പോഴാണ്‌.അവരാകട്ടെ മീശയില്ലാത്ത,പാട്ടുപാടുന്ന പോലീസുകാരനുമായുള്ള ഒരു ഡസൻ ദാമ്പത്യ വർഷങ്ങളുടെ കഥകൾ അവൾക്കുവേണ്ടി തുറന്നുവയ്ക്കും.
       വാർഡനെ പരിഗണിക്കാതെ മുകളിലെ മുറിയിലേക്കുള്ള മരപ്പടികൾ കയറുമ്പോൾ ഭാഗ്യയ്ക്ക് ഉള്ളിലൊരു നീറ്റലുണ്ടായി.മുറിക്കാരികളെല്ലാം ഒഴിഞ്ഞുപോയ ഈ തണുപ്പൻ അവധിക്കാലത്തും തനിക്കുവേണ്ടിമാത്രമാണ് അവരിങ്ങനെ കാവൽ ഭൂതത്തിന്റെ കോലംകെട്ടുന്നത്.അതോർത്ത്
തിരിച്ചിറങ്ങിവന്ന് മൂന്നാമത്തെ പടിയിൽ നിന്ന് ഒരു ചിരി ചേർത്ത് വിളിച്ചു പറഞ്ഞു..           
       'മൃഗഡോക്ടർക്ക് ഇരുനില കെട്ടിടത്തിലാണ് കണ്ണ്,ചാണകം നാറിക്ക് റബ്ബറിനോടുപോലും കിലോക്കണക്കിനുണ്ട് സ്നേഹം.ഞാനങ്ങ് വേണ്ടെന്നു വച്ചു'.
       മുകളിലേക്ക് നടക്കുമ്പോൾ ഭാഗ്യ പതിവില്ലാതെ കിതച്ചു.അവസാന പടിയിൽ ഒന്നു വിതുമ്പി. മുറിയടച്ച് 'സിംഗിൾ' കട്ടിലിന്റെ താഴെ ഇരിക്കുമ്പോൾ വാർഡന്റെ മുട്ട് കേട്ടു.എഴുന്നേറ്റ് തുറക്കാൻ ഭാഗ്യയ്ക്ക് തോന്നിയില്ല.മരപ്പടികളിലൂടെ ഇറങ്ങിപ്പോകുന്ന വാർഡന്റെ നോവുതാളത്തിനെ നിലത്ത് ചെവിചേർത്ത് അവൾ കേൾക്കുന്നുണ്ടായിരുന്നു.പടികളിറങ്ങുമ്പോൾ പതിവായി തലചുറ്റി വീഴുന്ന ആ സ്ത്രീക്ക് ഭാഗ്യയെ ചുറ്റിപ്പിടിച്ചുള്ള നടപ്പ് അത്രയേറെ ഇഷ്ടമായിരുന്നു.അപ്പോഴെല്ലാം ആ പെണ്ണിന്റെ നെറ്റിയിൽ അവർ നിറയെ ഉമ്മ വയ്ക്കും.അവൾക്കപ്പോൾ അവരെ അമ്മമണക്കും.
      നിലത്തങ്ങനെ കിടന്ന ഭാഗ്യ അല്പനേരം ഉറങ്ങി.കൂറ്റൻ ഗേറ്റിന്റെ അടഞ്ഞ കരച്ചിലാണ് അവളെ ഉണർത്തിയത്.നാലുമണിയായൽ അത് പൂട്ടും,പിന്നെ അകത്തേക്ക് കാണണമെങ്കിൽ ആകെയുള്ള കിളിവാതിൽ മാത്രം.നിലത്ത് മുട്ടുകുത്തിയിരുന്നാൽ അകത്ത് വട്ടുകളിക്കുന്ന,തുണിവിരിക്കുന്ന ചെടി നനയ്ക്കുന്ന,അതുമല്ലെങ്കിൽ ചുമ്മാ നടക്കുന്ന പെണ്ണുങ്ങളുടെ കൊലുസുകളും കാണാം. 
       പഠിക്കാനോ പണിക്കോ പോയതിൽ ഒന്നെങ്കിലും വൈകിയാൽ അവരുടെ ഫോണിലേക്കുള്ള വാർഡന്റെ 'എവിടെത്തി? എവിടെത്തി.?'വിളികൾ തുടങ്ങും.അവരിങ്ങ് വന്നെത്തുവോളം ചരൽ വിരിച്ച മുറ്റത്ത് ആകുലതയുള്ള ഉലാത്തൽ.ഇതുനോക്കി മറ്റുപെണ്ണുങ്ങൾ ചിരിയടക്കും.വൈകി വന്നുകയറുന്ന പെണ്ണിനെ അവർ മുള്ളിൽ നിർത്തും.അന്ന് ആ പെണ്ണിന്റെ മുറിയിലാണ് വാർഡന്റെ കിടപ്പ്.അമ്മ മണമുള്ള എണ്ണതേപ്പിക്കലും കുളിപ്പിക്കലും തീറ്റിക്കലും ഉപദേശങ്ങളും പിന്നെ പ്രാർത്ഥനയും മറ്റുപെണ്ണുങ്ങൾ അസൂയയോടെ അതു കാണും.വൈകി വരാത്തതിൽ അവരെല്ലാം ഖേദിക്കും.
        ഭാഗ്യ കൊച്ചമ്മിണിയെ തുറന്നു വച്ചു.വാർഡനെക്കുറിച്ച് എന്തെന്നെഴുതും.? അതും ചിന്തിച്ചായി കിടപ്പ്.അത്രയും പ്രിയപ്പെട്ട ഒരാൾ ഇറങ്ങിപ്പോകുമ്പോൾ....'പകുതിയോളം എഴുതിയിട്ട് അത് മായ്ച്ചുകളഞ്ഞു.ഹോസ്റ്റൽ വിടുന്ന കാര്യം വാർഡന്റെ മുന്നിൽ അവതരിപ്പിക്കേണ്ട വാക്കുകളുടെ ഭാരം ഉള്ളിലിട്ടു തൂക്കിനോക്കി.ബാഗിലേക്ക് തുണികൾ നിറയ്ക്കുമ്പോൾ ഇറങ്ങിപ്പോക്കിന് പറ്റിയ ഒരു പോസ്റ്റ് ഭാഗ്യയുടെ മനസിൽ വന്നു..
     "ഇറങ്ങിപ്പോകാൻ തീരുമാനിച്ചാൽ പ്രിയപ്പെട്ടവരോട് വിശദീരിക്കാൻ നിൽക്കരുത്, പോകുക അത്രതന്നെ.." എല്ലാം പൊതിഞ്ഞുകെട്ടി ഇറങ്ങി ഒറ്റപ്പോക്ക്.വൈകാതെ അഭിനയിക്കാനുള്ള രംഗങ്ങളെല്ലാം ഭാഗ്യ ഉറപ്പിച്ചു.
       ജനാലയോട് ചേർന്ന് നിന്നപ്പോൾ ഒരു തണുത്ത കാറ്റ് വന്ന് ഭാഗ്യയുടെ കവിളിലെ നനവിൽ തൊട്ടു.ഇരുമ്പൻ ജനാലക്കമ്പിക്ക് മരവിച്ച തണുപ്പ്.തൊട്ടപ്പുറത്ത് ഹോസ്റ്റൽ മതിലിനും നിരത്തിനും ഇടയിൽ മരക്കൂട്ടങ്ങളാണ്.ഒരു പ്ലാസ്റ്റിക്ക് കുപ്പിയിലേക്ക് കുന്നിക്കുരുകൾ പെറുക്കുന്ന അഞ്ചോ ആറോ വയസുള്ള പുള്ളിപ്പാവാടക്കാരി.ഹോസ്റ്റലിലെ 'പഠിക്കുന്ന' പെണ്ണുങ്ങളും ചിലപ്പോഴെല്ലാം അങ്ങനെ പെറുക്കുന്നത് കണ്ടിട്ടുണ്ട്.കുന്നിക്കുരുകൾ കണ്ടെടുക്കുമ്പോൾ അവളുടെ ആവേശം പകർത്താൻ ഫോണിലെ ക്യാമറ തുറന്നു.ആ പുൽച്ചാടിപ്പെണ്ണ് കുഞ്ഞമ്മിണിയുടെ ക്യാമറയെ പല തവണ ഇടംമാറിയിരുന്ന് പറ്റിച്ചു.
        ഭൂമിയിലേക്ക് കൂറ്റൻ വേരിറക്കി നിരത്തിനെ മറച്ചുപിടിച്ച ഒരു പേരാലിനും മതിലിനുമിടയിൽ ഭാഗ്യയെ നോക്കി ചിരിക്കുന്ന ഒരുത്തൻ.ഒരു കൈ മരത്തിന്റെ വേരിലും മറ്റേകൈ ഉടുമുണ്ടിനെ വകഞ്ഞു മാറ്റി തുറിച്ചുനിൽക്കുന്ന അവന്റെ മുൻവേരിലും പിടിച്ചിരിക്കുന്നു.മുൻവേരിനെ അവൻ ഒരു പ്രത്യേക താളത്തിൽ ചലിപ്പിക്കുന്നു.അപ്പുറത്ത് ഭാഗ്യക്കുറികൾ നിരത്തിവച്ച ചെറിയ ബോർഡ്.  അയാൾ ആകാശത്തേക്ക് കണ്ണുകൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട് ,അതോ അവളുടെ നേർക്കോ..?. അയാളുടെ അപ്പോഴത്തെ ചിരി ഭാഗ്യയ്ക്ക് തീരെ അപരിചിതമായിരുന്നു.ബോർഡിലിരുന്ന് അവളെ തുറിച്ചുനോക്കുന്ന നിർഭാഗ്യക്കുറികൾ 'കേറിപ്പോടി കേറിപ്പോടി'ന്ന താളത്തിലാണ് ഇളകുന്നത്.
        അലറി വിളിക്കാനാണ് ആദ്യം ഭാഗ്യയ്ക്ക് തോന്നിയത്.തൊട്ടപ്പുറത്ത് കുന്നിക്കുരുവിലേക്ക് പറന്നുനടക്കുന്ന ആ കുഞ്ഞിക്കിളി ഈ രംഗമെങ്ങാനും കണ്ടാൽ..? ഭാഗ്യയിലെ കുഞ്ഞമ്മിണി ഉണർന്നു.ആ രംഗങ്ങൾ വീഡിയോയിലാക്കി തത്സമയം പ്രതികരിക്കുന്നവരുടെ ലോകത്തേക്ക് കടത്തിവിട്ടു.തൊട്ടപ്പുറത്ത് കുഞ്ഞിന്റെ അപകടവും, പെണ്ണിന്റെ നേർക്കുള്ള 'പ്രദർശനവും' ഒപ്പിയെടുത്തു.മുറിയിൽ വിരിച്ചിട്ട ബ്രാ, ചീപ്പ് കമ്മൽ തുടങ്ങിയ പെണ്ണടയാളങ്ങളും തെളിവിനായി പകർത്തി. 'ഈ രോഗത്തിന് തല്ലിനപ്പുറം മറ്റൊന്നും ചെയ്യാനില്ല.'പെൺശബ്ദവും കലർത്തി. ചുവപ്പൻ തലയുള്ള കോപസ്മൈലികൾ,ലൊക്കേഷൻ ചോദിക്കുന്ന ആങ്ങള കമന്റുകൾ,പങ്കു വയ്ക്കലുകൾ.അവന്റെ ചിരിയും വേരുകുലുക്കവും അതാ ശമനതാളത്തിലേക്ക് മാറുന്നു. കുന്നിക്കുരുപ്പെണ്ണിന്റെ കുപ്പിയും പാതിയോളം നിറഞ്ഞു.     
       നിരത്തിലൂടെ ആളുകൾ ഓടിക്കൂടുന്നതും,പേരാലിന്റെ അപ്പുറത്തേക്ക് വേരുകുലുക്കനെ വന്നവർ വലിച്ചിഴക്കുന്നതും ആ കുന്നിക്കുരുപ്പക്ഷി ഉറക്കെയുറക്കെ കരയുന്നതും കണ്ടിട്ടാണ് ഭാഗ്യ കുഞ്ഞമ്മിണിയെ അവസാനിപ്പിച്ചത്.അവൾ കട്ടിലിലിരുന്ന് കിതച്ചു.ആകാശം നോക്കിയുള്ള ആ ചിരി അവളുടെ ഉള്ളിൽ തികട്ടി വന്നു.കുളിമുറിയിൽ ചെന്ന് പല തവണ അവന്റെ മുഖത്തേക്ക് കർക്കിച്ച് തുപ്പി.കുഞ്ഞമ്മിണിയിൽ നോട്ടിഫിക്കേഷനുകൾ പാഞ്ഞുകയറി വീഴുന്നതിന്റെ ശബ്ദം. കുളിമുറിയിൽ നിന്നിറങ്ങി, കുഞ്ഞമ്മിണിയുടെ ശബ്ദം പൂട്ടിവച്ചു.മരപ്പടികളിലൂടെ തിടുക്കത്തിൽ വാർഡൻ കയറിവരുന്ന താളം.ഭാഗ്യ കുളിമുറിയിലേക്ക് ഓടിക്കയറി ഷവറിന്റെ നേർത്ത കരച്ചിലിനെ ഉച്ചിയിലേക്ക് തുറന്നുവിട്ടു. 
       ഹോസ്റ്റലിന്റെ മുഴുവൻ മണങ്ങളും ഭാഗ്യ ബാഗിനുള്ളിലേക്ക് നിറയ്ക്കാൻ തുടങ്ങി.തുറന്നിട്ട വാതിലിനോട് ചേർന്ന് നിൽക്കുന്ന വാർഡന്റെ അനക്കങ്ങൾ അവൾ ശ്രദ്ധിച്ചില്ല.തലയിണപോലും നഷ്ടപ്പെട്ട് 'സിംഗിളായി' കിടക്കുന്ന കട്ടിലിന്റെ നഗ്‌നത കണ്ടപ്പോൾ കുഞ്ഞമ്മിണിയിൽ അതിന്റെയും  ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാനുള്ള ആഗ്രഹം തോന്നിയാണ് ഫേസ്ബുക്ക് തുറന്നത്.
     കുഞ്ഞമ്മിണി പകർത്തിയിട്ട വീഡിയോയുടെ താഴെ കമന്റുകളുടെ വേരാഴം.പങ്കുവയ്ക്കലുകൾ.  ആക്രമിക്കപ്പെട്ട അന്ധനായ ഭാഗ്യക്കുറി വിൽപ്പനക്കാരനെയും മകളെയും കുറിച്ചുള്ള സങ്കട വിവരണങ്ങൾ.പൊട്ടിപ്പോയ ലോട്ടറി ബോർഡിന്റെ സമീപത്ത് മകളെ കെട്ടിപ്പിടിച്ചു കരയുന്ന അച്ഛന്റെ നിരവധി ചിത്രങ്ങൾ.ആക്രമണ വാർത്തയും ലൈവ് വീഡിയോയുമുള്ള ലിങ്കുകൾ.വ്യാജ പ്രൊഫൈൽ വിചാരണകൾ.ഭാഗ്യക്ക് തലചുറ്റുന്നത് പോലെ തോന്നി.കട്ടിലിന്റെ മടിയിൽ തലവച്ച് കുറച്ചുനേരമിരുന്നു.ജനാലയോട് ചേർന്ന് നിന്നു.രംഗങ്ങൾ അപ്പാടെ മാഞ്ഞുപോയിരിക്കുന്നു. ആൽമരത്തിന്റെ വേരുകൾ അവളുടെ കഴുത്തിന് നേർക്ക് നീണ്ടുവരുന്നതായി തോന്നി..
         ഫോണിൽ നോട്ടിഫിക്കേഷൻ തുള്ളികൾ പെയ്തുനിറയുന്നു.കുഞ്ഞമ്മിണിക്ക്  ഉലകവലയുമായുള്ള ബന്ധം ഭാഗ്യ ഭയത്തോടെ മുറിച്ചിട്ടു.ബാഗിനെ തലയിണയാക്കി കുറച്ചുനേരം കിടന്നു.മകളെ കെട്ടിപ്പിടിച്ചു കരയുന്ന അച്ഛന്റെ ചിത്രം ഭാഗ്യയെ തുറിച്ചു നോക്കുന്നുണ്ടോ.?. കുഞ്ഞമ്മിണി പകർത്തിയ വീഡിയോ സൈബർ തുരങ്കത്തിലൂടെ എത്ര രാജ്യം പോയിട്ടുണ്ടാകും.? ഭാഗ്യയ്ക്ക് ഭയം വർദ്ധിച്ചു.ഫോൺ തുറന്ന് കുഞ്ഞമ്മിണിയെ ഒറ്റക്കുത്തിനങ്ങ് കൊന്നുകളഞ്ഞു.      
       പിന്നെയും തുറന്നുനോക്കി,ഇല്ല കുഞ്ഞമ്മിണി ഇനിയില്ല.ബാഗിനുള്ളിലേക്ക് ഒളിച്ചുവയ്ക്കും മുമ്പ് സാരിയിലുള്ള പുതിയ ഫോട്ടോ ചേർത്ത് 'ഭാഗ്യയുടെ' തനി പ്രൊഫൈലുണ്ടാക്കി.ഫോട്ടോയിൽ വീഴുന്ന കണ്ടക്ടറുടെ ചുവന്ന ഹൃദയത്തിന്റെ ആദ്യ കമന്റിനെപ്പറ്റി സങ്കൽപ്പിക്കാൻ ശ്രമിച്ചു, കഴിഞ്ഞില്ല.അവളുടെ ഉള്ളിലിരുന്ന്, കുഞ്ഞമ്മിണിയുടെ ഭൂതം നിർഭാഗ്യക്കുറികാരന്റെ ഭാഗങ്ങൾ വാദിക്കുന്നു..
      ബാഗുകളുമായി പടികളിറങ്ങി വരുന്ന ഭാഗ്യയിലുള്ള മകളെ വാർഡൻ വേദനയോടെ നോക്കിയിരുന്നു.ഒടുവിലെ താക്കോൽ ബന്ധവും മേശപ്പുറത്തിട്ട് ഗേറ്റിലേക്ക് അവൾ തലകുനിച്ച് നടക്കുമ്പോൾ അവരും പിന്നാലെ ചെന്നു.
        നിരത്തിലേക്ക് ഭാഗ്യ കാലുവച്ച ആ നിമിഷം ഗേറ്റ് അകത്തു നിന്നും ശക്തിയായി കുറ്റിയിടുന്ന ശബ്ദം.അതിനുപിന്നാലെ ഹോസ്റ്റലിന്റെ ചരൽമ്മുറ്റത്ത് തലചുറ്റിവീണ വാർഡന്റെ പതിഞ്ഞ കരച്ചിൽ.കിളിവാതിലെങ്കിലും തുറന്നുകിട്ടാൻ ഭാഗ്യ ഏറെനേരം മുട്ടി.മുട്ടുകുത്തിയിരുന്ന് താഴെയുള്ള അഴികളിലൂടെ  അകത്തേക്ക് നോക്കി കൈകളൂന്നി എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്ന വാർഡൻ. 'ഞാൻ വീണാൽ നിനക്കെന്ത്.?' ആ മറുനോട്ടത്തിൽ ബാഗിനേയും കെട്ടിപ്പിടിച്ചു കരഞ്ഞ അവൾ, ബസ്റ്റോപ്പിലേക്ക് വേഗത്തിൽ ഓടിപ്പോയി.
     തിരക്കൊഴിഞ്ഞ ആ ബസ്റ്റോപ്പിൽ അയാളും പെൺകുട്ടിയുമുണ്ടായിരുന്നു.കുട്ടിയുടെ ഭാഗത്തേക്ക് ബാഗുകൾ ഒതുക്കിവച്ച് ഭാഗ്യ അല്പം മാറിയിരുന്നു.അയാളുടെ മുഖത്തും കൈകളിലും മുറിവുകൾ, പോക്കറ്റിൽ വിറ്റുപോകാത്ത കുറച്ച് ഭാഗ്യക്കുറികൾ,മുണ്ടിലും ഇളംമഞ്ഞ പൂക്കളുള്ള ഉടുപ്പിലും ചവിട്ടുകളുടെ ചെളിനിറപ്പാടുകൾ.കാൽ വിരലിൽ നിന്നും ഇറ്റുവീഴുന്ന രക്തത്തുള്ളികൾ. 'ഇവളാണ് കാരണം ഇവളാണ് കാരണം' കുഞ്ഞമ്മിണി ഭാഗ്യയുടെ ഉള്ളിലിരുന്ന് ഒറ്റുകൊടുക്കുന്നു..
      കുപ്പിയിലെ കുന്നിക്കുരുകൾ കുലുക്കി ശബ്ദമുണ്ടാക്കിയ കുട്ടി അച്ഛനിലേക്കുള്ള ഭാഗ്യ നോട്ടങ്ങളെ തിരിക്കാൻ ശ്രമിച്ചു.ചിരിക്കാൻ തുടങ്ങിയ അവളിൽ നിന്നും നിന്ന് പരുക്കരായ രണ്ട് വില്ലൻ ചുമകൾ തെറിച്ചു വീണു.അയാൾ നടുക്കത്തോടെ ഇനിയും 'തല്ലരുതെന്ന'താളത്തിൽ എഴുന്നേറ്റ് കൈകൂപ്പി നിന്നു.
      'എവിടേക്കാണ്..?' 'ഇവിടുന്ന് ഒരിത്തിരിയെങ്കിലും ദൂരേക്ക് എത്രയും വേഗം മാറണം അത്രയേ ഉള്ളൂ.' അവർക്കിടയിൽ ചോദ്യവും ഉത്തരവും ഒറ്റശ്വാസത്തിൽ കഴിഞ്ഞു.ഭയവും ചിരിയുമുള്ള അയാളുടെ മുഖം ചോദ്യം വന്ന ദിക്കിലേക്ക് സംശയപ്പെട്ട് തങ്ങിനിന്നു.
       'ഇരിക്കു, ബസ് വരുമ്പോൾ ഞാൻ പറയാം.'തപ്പിയുറപ്പിച്ച് ഇരിക്കാനുള്ള ശ്രമത്തിൽ കുട്ടിയുടെ കുന്നിക്കുരുക്കുപ്പി അയാളുടെ കൈതട്ടി നിലത്തേക്ക് ചിതറി.കുട്ടിക്കരച്ചിലിന്റെ ആദ്യ തുള്ളികൾ വീഴുന്നതിന് മുമ്പ് തറയിൽ മുട്ടുകുത്തിയിരുന്ന ഭാഗ്യ, രക്തത്തുള്ളികളെ ഒപ്പിയെടുക്കാൻ തുടങ്ങി. 
     ഭാഗ്യക്കുറികളെ വിശറിപോലെ പിടിച്ച്,നിറഞ്ഞ ചിരിയോടെ അയാൾ കാത്തിരുന്നു.ദൂരെ നിന്നും ബസിന്റെ വരുന്നേന്നുള്ള ശബ്ദം.'ഇനിയും വിറ്റുപോകാനുള്ള ഒരു ഭാഗ്യക്കുറിയാണ് ജീവിതം.' തന്റെ പ്രൊഫൈലിൽ ഭാഗ്യ ആദ്യ പോസ്റ്റിട്ടു.
       വഴി നീളെ വീണുകിടന്ന ഇരുട്ടിലേക്ക് മയക്കമുള്ള കണ്ണുകളും തുറന്നുവച്ച്, ആളൊഴിഞ്ഞ അമ്മബസ് വന്നുനിന്നു.ബാഗുകൾ തോളിലിട്ട് ഒരുകൈയിൽ കുന്നിക്കുരുപ്പെണ്ണിനെയും ചേർത്തു പിടിച്ച ഭാഗ്യ, അയാളുടെ ചെവിയോട് ചേർന്നുനിന്ന് ജീവിതരഹസ്യംപോലെ 'ഒപ്പം പോരുന്നോ..?' എന്നുമാത്രം ചോദിച്ചു.അയാൾ ഭാഗ്യക്കുറികൾ മടക്കി പോക്കറ്റിലിട്ടു.കുട്ടിയെ അവർ സീറ്റിന്റെ നടുക്കിരുത്തി ഗ്രൂപ്പിയെടുത്തു.
       ഭാഗ്യയുടെ പ്രൊഫൈലിൽ വീഴുന്ന പുതിയ സ്റ്റാറ്റസിന് 'കൊന്നാൽ പാപം തിന്നാൽ തീരും' എന്ന്  'ഹ ഹ ഹ' ചേർത്ത് കുഞ്ഞമ്മിണി കമന്റിടും.ചുവന്ന ഹൃദയചിഹ്നമിട്ട് 'അതേടീ'ന്ന് ഭാഗ്യ മറുപടിയും കൊടുക്കും.സുന്ദരനായ ആ കണ്ടക്ടർ ഈ 'കുടുംബത്തെ' നിരാശയോടെ നോക്കുന്നുണ്ടല്ലോ.? ഇതൊന്നും എന്നോട് ചോദിക്കരുത്.അതെങ്ങനെ എനിക്കു പറയാൻ കഴിയും നിങ്ങളും ആ യാത്ര കാണുകയല്ല..? 


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Thursday, 25 November 2021

രവിവർമ്മ

       അന്ന് വളരെ വൈകിയാണ് അവൾ കിടക്കാൻ വന്നത്, അടുക്കളയിൽ എന്തൊക്കെയോ തട്ടുമുട്ടുകൾ കേട്ടിരുന്നു.വന്നിട്ടും കുറച്ചു നേരം കട്ടിലിൽ കിടന്ന് ഒരു നോവൽ വായിച്ചു.ഒടുവിൽ എന്നോട് ഒരു ചോദ്യം.
        "മാഷേ ഞാൻ മരിച്ചു പോയാൽ നിങ്ങൾ വേറെ കെട്ടുമോ..?" വളരെ വേഗത്തിൽ എന്റെ മറുപടിയുമുണ്ടായി..
         "അല്പം കൂടെ മെലിഞ്ഞ കുറച്ച് കൂടെ മുടിയുള്ള ഒരാളെ കെട്ടി ശിഷ്ടകാലം ഇതിലും സന്തോഷമായി ജീവിക്കും.."അവൾ എന്റെ നേർക്ക് തിരിഞ്ഞുകിടന്നു.ഒരുമ്മ തന്നു.വേഗത്തിൽ ഉറക്കമായി. 
       അതോടെ എന്റെ ഉറക്കം നഷ്ടമായി. ഒന്നോർത്താൽ അവൾ ഇല്ലാതെ ആയാൽ ഞാൻ വെറും പൂജ്യമാണ്.കെ എസ് രതീഷ് എന്ന കഥാകൃത്ത്, അദ്ധ്യാപകൻ, രണ്ട് മക്കളുടെ അപ്പൻ അനാഥനായ കുട്ടി എല്ലാവർക്കും താളം തെറ്റും.ഉറക്കവും കാത്ത് ഏറെ നേരം കിടന്നു.രണ്ടോ മൂന്നോ മണി ആയപ്പോൾ എഴുന്നേറ്റ് വായന മുറിയിൽ വന്നിരുന്നു.പാതി വായിച്ച നോവലിൽ കയറിനോക്കി ഒറ്റ വരിപോലും കടന്നുപോകാൻ സാധിക്കുന്നില്ല.സോഷ്യൽ മീഡിയയിൽ ചുറ്റിത്തിരിഞ്ഞു.ആകെ ഉണർന്നിരിക്കുന്നത്  ഞാൻ മാത്രമാണെന്ന് തോന്നി.വീട്ടിനുള്ളിൽ വെറുതേ നടന്നു.കിടപ്പുമുറിയിൽ ചെന്നുനോക്കി മക്കളെ കെട്ടിപ്പിടിച്ചു കിടന്നു സുഖമായി ഉറങ്ങുന്ന അവൾ. 

         കടുപ്പത്തിൽ ഒരു ചായയുണ്ടാക്കി കുടിച്ചു.പിന്നെയും വന്നിരുന്നു.കഥയുടെ കുറിപ്പുകൾ കൂട്ടിയിടുന്ന പുസ്തകത്തിൽ വെറുതെ എഴുതിനോക്കി.എന്റെ പെണ്ണു ചത്തുപോയൽ ഞാൻ എന്താകും...? അതായിരുന്നു ലക്ഷ്യം പക്ഷെ ഒരു മുഹൂർത്തത്തിൽ അതൊരു കഥയിലേക്ക് വഴുതി വീഴുകയായിരുന്നു.വളരെ വേഗം ടാബിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി.രാവിലെ എട്ടുമണിക്ക്  അതെഴുതിത്തീർന്നു.ഉച്ചയോടെ പി ടി എഫിലേക്ക് മാറ്റി.വൈകിട്ട് ഭാഷാപോഷിണിയിലേക്ക് മെയിൽ ചെയ്തു.പിറ്റേന്ന് മറുപടിയായി..ഇങ്ങനെയായിരുന്നു ആ കഥ വന്ന വഴി.

        എത്രയോ കാലം ഉള്ളിലുണ്ടായിരുന്ന ഒരു ഭയം അവളുടെ ചോദ്യത്തിൽ പൊട്ടിയൊലിച്ചു എന്നതാണ് സത്യം. എന്റെ വീട് അടുക്കള വീട്ടുമുറ്റത്തെ കോഴികൾ, അയൽക്കാരി,അപ്പുറത്തെ മതില്,ടാപ്പിങ്ങ് കാരൻ,എന്റെ ഭാര്യ മക്കൾ പിന്നെ ഞാൻ ഇവരാണ് അതിലെ കഥാപാത്രങ്ങളുടെ വേഷങ്ങൾ കെട്ടി വന്നത്..ആക്രി പെറുക്കാൻ ചെന്ന കുട്ടിക്ക് ജീവിതത്തിൽ ഏറ്റവും വിലയുള്ള എന്തോ കിട്ടിയ സന്തോഷമായിരുന്നു.ആ കഥ അച്ചടിച്ച് വന്നപ്പോഴും പിന്നീട്‌ അതേ പേരിൽ ചിന്താ ബുക്സിൽ കഥാസമാഹാരം ഉണ്ടായപ്പോഴും.ഈ കഥയുടെ ശരിയായ അവകാശി ആ ചോദ്യവും അവളുമായിരുന്നു.

     പെണ്ണു ചത്തവൻ എന്ന പേരിൽ കവിത ഉണ്ടാക്കാനുള്ള ഒരു താല്പര്യവും ഉള്ളിൽ കിടന്നതു കൊണ്ട് കഥയുടെ ഭാഷയും അല്പം കവിതയോട് ചേർന്നു പോയി.വായനക്കാരിൽ ചിലരത് പറയുകയുമുണ്ടായി..വളരെ ചുരുങ്ങിയ സമയത്തിൽ എഴുതിയത് കാരണം എഡിറ്റിംഗ് അഭാവവും പലയിടത്തും എനിക്ക് പിന്നീട്‌ വായിക്കാൻ കഴിഞ്ഞു..എന്തോ അതിൽ എനിക്ക് തിരുത്തലുകൾ വരുത്താൻ തോന്നിയില്ല,ഇനിയത് തിരുത്തുമെന്നും തോന്നുന്നില്ല..തലയിൽ ചിലന്തി വലയും ചൂടി നിൽക്കുന്ന ആ സീൻ ഞാൻ എത്ര തവണ കണ്ടതാണ്. വീടിനുള്ളിൽ തുണിവിരിക്കാൻ കെട്ടിയ അയക്കയർ എത്ര തവണ ഞാൻ പൊട്ടിച്ചതാണ്..

     എന്റെ ജീവിതത്തിൽ തൊട്ടു നിൽക്കുന്നതല്ലാതെ ഒന്നും എഴുതാൻ ശ്രമിക്കാറില്ല,അങ്ങനെ ശ്രമിച്ചതെല്ലാം പാഴായി പോയിട്ടുണ്ട്.കഥയിലെ പെണ്ണു ചത്തവൻ ഞാനാണെന്നും, എനിക്ക് സ്വയം ചികിത്സിക്കാനുള്ള വഴിയാണ് ഈ കഥയെഴുത്തെന്നുമാണ് എന്റെ ചിന്ത.പലപ്പോഴും ഞാൻ കഥയുണ്ടാക്കുമ്പോൾ വായനക്കാരുടെ ചിന്തകളെക്കുറിച്ചാണ് ഞാൻ ആകുലപ്പെട്ടിരുന്നത് പക്ഷെ ഈ കഥയിൽ എഴുതിവയോട് എന്റെ മറുപടി മാത്രമായിരുന്നു ലക്ഷ്യം.അതുകൊണ്ട് ഈ കഥ ഏറ്റവും രുചിക്കുന്നത് എനിക്കുതന്നെയാണ്, അല്ലെങ്കിൽ എന്നെപ്പോലെയുള്ള വായനക്കാരിലെ പെണ്ണുചത്തവർക്ക്.

     ആദ്യ വായനക്ക് കഥ കൊടുത്തപ്പോൾ അവളുടെ മുഖത്ത് ചിരി."ഒന്ന് പോ മാഷേ നിങ്ങൾ ഉള്ളി അരിയും ചായ ഇടും മക്കളുടെ തുണി അലക്കും."..എന്നിട്ടും എനിക്ക് തൃപ്തി വന്നില്ല എന്നതാണ്‌ സത്യം.എന്നിൽ ഇനിയും പരിഹരിക്കാൻ കഴിയാത്ത ഒരു ഭീകര പുരുഷകോയ്മക്കാരൻ പതുങ്ങിയിരിക്കുന്നുണ്ടെന്ന് തോന്നി.ഇനിയും ഇനിയും എഴുതി അത് പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്.

       കഥ കാലത്തോട് മാത്രമല്ല അവനവനോടും കലഹിക്കലാണ് എന്ന തിരിച്ചറിവാണ് എനിക്ക് തന്നത്. അതു മാത്രമല്ല തൊട്ടടുത്ത് ഇത്രയും വലിയ കഥ കിടക്കുമ്പോൾ പ്രാപ്യമല്ലാത്ത ഇടങ്ങൾ തിരഞ്ഞു പോകുന്നതിന്റെ ആയുക്തിയും ഞാൻ പഠിച്ചെടുക്കുകയായിരുന്നു.അന്നുമുതൽ എന്നെ വന്നു തൊടാത്തത് ഒന്നും എഴുതില്ലെന്ന് തീരുമാനിച്ചു. ഉള്ളിയും മാങ്ങയും ബീന്സും അരിയുന്നതിന് പുറമേ പാത്രങ്ങൾ കഴുകാനും ശ്രമിച്ചു.അവളുടെ ഭക്ഷണത്തിന് നല്ല അഭിപ്രായങ്ങൾ പറഞ്ഞു.
ഫേസ്ബുക്കിൽ അവളുടെ ബോട്ടിൽ ആർട്ടുകൾ പ്രദർശിപ്പിച്ചു. കുപ്പികൾ പെറുക്കി അവൾക്കെത്തിച്ചു. ഇന്നും ആ 'പെണ്ണുചത്തവൻ' ആകാൻ ശ്രമിക്കുന്ന അവസരങ്ങളിൽ ആ കഥയെ മരുന്നുപോലെ ഓർത്തു...

     ഒരു ചുംബനത്തോടെ ആ പുസ്തകം അവൾക്കാണ് സമർപ്പിച്ചത്.അതു മാത്രമല്ല "പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം" പ്രകാശനം ചെയ്തതും എന്റെ പെണ്ണ് തന്നെയാണ് അതും ഞങ്ങളുടെ ഏറ്റവും രുചിയുള്ള അടുക്കളയിൽ വച്ചായിരുന്നു.!!

പെൺപടം

പെൺപടം,
അഥവാ സിനിമയുടെ സുമതിയായ കാരണങ്ങൾ.

                                                                 സംഘട്ടനം.
                                                                (സി.സുമതി)
     
     മൊട്ടരാജു, ചന്ദ്രന്റെ കഴുത്തിന് കുത്തിപ്പിടിച്ച് വീടിന്റെ ചുവരിലേക്ക് ചാരിയങ്ങ് നിർത്തിയിട്ട്, നട്ടെല്ലുവേദനക്ക് കെട്ടിയിരുന്ന വലിയ ബെൽറ്റിന്റെ ഇടയിൽ ഒളിപ്പിച്ച ടാക്സിക്കാറിന്റെ താക്കോൽ വലിച്ചെടുത്തു.ആ രംഗങ്ങളും കണ്ട് മുറ്റത്തുനിന്ന വട്ടിജോസിന് 'ക്യാച്ചേന്ന്'കലക്കൻ ചിരിയോടെ എറിഞ്ഞുകൊടുത്തു.അതിനിടയിൽ ഉടുമുണ്ടഴിഞ്ഞുപോയ ചന്ദ്രന്റെ പൂർണകായ നില്പുകണ്ട് മൊട്ടരാജു നാണിച്ചു.ഒപ്പം ചന്ദ്രന്റെ വിളറിയ മുഖത്തേക്ക് ഇടതുകൈമുറുക്കി‌ ഒന്നങ്ങ് പൊട്ടിച്ചു. ഗേറ്റിന് പുറത്തേക്ക് 'അത്രയും മതിയെടാ രാജൂന്നുള്ള'വട്ടിയുടെ തൃപ്തിപ്പെട്ട നടപ്പുകണ്ട മൊട്ട, കൈയയച്ചു.പരുക്കനിട്ട സിമന്റുതറയിൽ തണ്ണിമത്തൻ കണക്കിന് പ്ളക്കോന്ന് വീണ ചന്ദ്രൻ ആഞ്ഞാഞ്ഞ് ചുമച്ചുപോയി.
      ഭീകരമായ ഒരു കരച്ചിൽ കേട്ട് മടങ്ങിവന്ന വട്ടിജോസ് കാണുന്ന സീൻ,ചന്ദ്രന്റെ പെണ്ണായ സുമതിയുടെ കാലിനുകീഴെ മൊട്ടരാജുവിന്റെ മിനുസമുള്ള തല.ബീഡി കടിച്ചുപിടിച്ചു അവന്റെ മുഖം മുറ്റത്തെ ചൂടൻ പഞ്ചാരമണലിൽ പുതയുന്നു.അവന്റെ ഇടതുകൈ ഒടിക്കാൻ പാകത്തിന് അവൾ തിരിച്ചു മുകളിലേക്ക് വച്ചിട്ടുണ്ട്.വലതുകൈ മണ്ണിൽ 'വിട് വിട് വിടേന്ന്' മുറ്റത്തിന് താളം പിടിക്കുന്നു.
       "വീട്ടിക്കേറി പന്നത്തരം കാണിച്ചാൽ, ദേ ജോസേ വണ്ടി ഞാനങ്ങ് കൊണ്ട് തരും.അങ്ങേർക്ക് നട്ടെലിന് കേട്പറ്റി ഇരിക്കുവാർന്ന്.."സുമതിയുടെ പറച്ചില് കേട്ട് മൊട്ടരാജുവിന്റെ വായീന്ന് ഷാപ്പിന്റെ തലക്കറിമണമുള്ള ഛർദ്ദി 'ഞാൻ ചത്തെടീന്ന് 'ചാടിയിറങ്ങി.സുമതി മൊട്ടയുടെ കഴുത്തിലെ ചവിട്ട് ഒന്നൂടെ അമർത്തി.നട്ടെലിന്റെ ബെൽറ്റും കൈലിയും വാരിച്ചുറ്റി ചന്ദ്രനും അവിടേക്ക് ഇഴഞ്ഞുവന്നു. മൊട്ടയുടെ കൈലിമുണ്ടിലൂടെ മൂത്രമണവും അവർക്കിടയിൽ ഒഴുകിപ്പരന്നു.
       "നീ അവനെ വിട് സുമതി.ദാ താക്കോല്, ചന്ദ്രന് വയ്യെങ്കിൽ ഇനിത്തൊട്ട് നീ ഓടിക്കോ." മൊട്ടയെ വട്ടിജോസ് ദയനീയമായി നോക്കി.താക്കോല് വാങ്ങുമ്പോൾ ചരിഞ്ഞുവീഴാൻ തുടങ്ങിയ ചന്ദ്രനെ താങ്ങിപ്പിടിച്ച് സുമതി വീടിന്റെ അരപ്ളേസിൽ കിടത്തി.ആ തക്കത്തിന് മൊട്ടരാജു കൈലിമുണ്ട് കൈയിൽ ചുറ്റിയെടുത്ത് ഗേറ്റിന് പുറത്തേക്ക് 'ഞാമ്പോണേന്ന്' വീണെണിറ്റോടി.വട്ടിജോസിന്റെ ചിരിയും അവന്റെ പിന്നാലെപോയി. 
       "അങ്ങനെയെങ്കിൽ ചന്ദ്ര, നിന്റെ പെണ്ണിന് അഗളിക്കൊള്ള റൂട്ട് പറഞ്ഞ് കൊട്.." ഇതു പറയുമ്പോഴും വട്ടിജോസ് മൊട്ടരാജു ഓടിയ ദിക്കിലേക്ക് നോക്കി ചിരിക്കുകയായിരുന്നു.ട്രാവൽ കമ്പനിയുടെ പേരുള്ള വട്ടിജോസിന്റെ കാറ് പാഞ്ഞുപോകുമ്പോൾ ചന്ദ്രന്റെ മുഖം മങ്ങിയിരുന്നു. സുമതി നട്ടെല്ലിന്റെ ബെൽറ്റ് കൃത്യമായി കെട്ടിക്കൊടുത്തു.
      ഉപ്പിട്ട കഞ്ഞിവെള്ളവും ബീഡിയുടെ കവറും അടുത്തേക്ക് നീട്ടിവച്ച് സുമതി ആ കാറിനെയൊന്ന് നോക്കി."ഇവിടുന്ന് പത്ത് മുന്നൂറ് കിലോമീറ്ററുണ്ട്. അതുമല്ല നീ, കൊണ്ടാക്കാനുള്ള ആ മൂന്നും പെഴകളാ,പത്രത്തിലൊക്കെ അവരെപ്പറ്റി വാർത്ത വന്നതാണ്.."സുമതിയുടെ ഊക്കൻ നോട്ടത്തിൽ ബീഡിയിലേക്ക് ചന്ദ്രന്റെ ചുണ്ടുകൾ ചുരുങ്ങി.കവിളിൽ നിശബ്ദത കോരിയെടുക്കാവുന്ന വലികുഴി വിരിഞ്ഞു.ഷാമ്പുവും വണ്ടി കഴുകുന്ന മഞ്ഞത്തുണിയുമായി മുഖത്തിന് നേരെ ചെന്നപ്പോൾ 'നിനക്കിത് പറ്റോ സുമതിന്ന്'ചോദിച്ച ചുവപ്പൻ കാറിന്റെ തലയിലിരുന്ന ബ്ലാക്ക് ആന്റ് വൈറ്റ് കാക്കത്തീട്ടം അവൾ ഉരച്ചുകഴുകി.
        ജയിലിന്റെ മുന്നിൽ കൊത്തിത്തിന്നാൻ തക്കംപാർത്തുനിന്ന ബന്ധുക്കൾക്കും ക്യാമറകൾക്കും കൊടുക്കാതെ കറുപ്പ് നിറമുള്ള ജീൻസിട്ട ഒരു പെണ്ണിനെ തന്റെ സാരിയിൽ പുതച്ചുമൂടിക്കൊണ്ട് സ്മിത കാറിലേക്ക് ഓടിവരുന്നത് കണ്ട സുമതി വാതിൽ തുറന്നിട്ടിട്ട് കാറങ്ങ് ഓണാക്കിനിർത്തി.
       പാഞ്ഞുവന്ന രണ്ടാളും പിന്നിലേക്ക് കയറി, വാതിലടയുന്നതിന് മുൻപ് വണ്ടി 'പോകാംപോകാന്ന്' മുന്നോട്ടാഞ്ഞു.ഇടതുവശത്തെ ബോക്സിങ് ഗ്ലസിട്ട ഗ്ളാസിന്റെ ഇടികൊണ്ട് മൈക്കും തൂക്കിവന്ന ഒരുത്തൻ ഓടയിലേക്ക് വീഴുന്നത് കണ്ടിട്ട് പിൻസീറ്റിൽ നിന്നുമാത്രമല്ല കാറിനും ആകെ ഒരു ചിരി. "കത്തിച്ച് വിട്ടോടി.."സുമതിയുടെ ഇടപെടലിൽ തൃപ്തിയുള്ള വിധം സ്മിത ഒറ്റവാക്കിൽ നിർത്തി.       
        ജീൻസിട്ട പെണ്ണ് സ്മിതയുടെ മടിയിലേക്ക് ചാഞ്ഞു.ആ പെണ്ണിന്റെ മുഖമൊന്നു കാണാനായി മുന്നിലെ ഗ്ലാസുവഴി സുമതിയപ്പോൾ ശ്രമിച്ചു.സ്മിതയുടെ കണ്ണുകളിൽ അതിനോടുള്ള വെറുപ്പു കണ്ട് സുമതി പിൻവലിഞ്ഞു.ചന്ദ്രൻ പറഞ്ഞകാര്യങ്ങൾ സുമതി തന്റെ ഉള്ളിലിട്ട് ആക്ഷൻ ത്രില്ലർ സിനിമകണക്കെ ചിത്രീകരിച്ചുനോക്കി.
                                                              
                                                                 സംവിധായിക 
                                                                     (സ്മിത)

      "ഇതെഴുതിയത് ഗിരീഷ് സാറിന്റെ ഭാര്യയാണെങ്കിൽ വേറെയെന്ത് ചിന്തിക്കാൻ.നമ്മള് തിരക്കഥ തീർത്ത് പടം തുടങ്ങുകയല്ലേ? സാറൊരു പടത്തിന് എന്തോരം ശ്രമിച്ചതാ,ഇതിപ്പോ ഈ അടുക്കളയിൽ തന്നെ അഡാറ് ഐറ്റം ഉണ്ടായിരുന്നല്ലോ..?"സ്മിതയുടെ കഥ സിനിമയാക്കാൻ വന്നവരോട് ഗിരീഷ് ചിരിച്ചെന്നുവരുത്തി.സിനിമാക്കാരുടെ വണ്ടികൾ ഗേറ്റുകടക്കുവോളം അവൾ വാതിലിൽ നിന്നു.അകത്ത്, അവർ കുടിച്ചുവച്ച ചായഗ്ലാസുകൾ വീണുടയുന്ന ശബ്ദം.
       ഒന്നരമാസമായി സാഹിത്യവേദികളിലാകെ ആ പ്രമുഖ പതിപ്പിൽ അച്ചടിച്ചുവന്ന "ശലഭൻ" എന്ന കഥയാണ് ചർച്ച.എഴുതിയ ആളിതുവരെ പൊതുവേദികളിൽ വരാത്തതും അതിൽ ഒരു സൂപ്പർ ഹിറ്റ് സിനിമയുടെ സാധ്യതകളുമാണ് ചർച്ചകളുടെ ആകെയുള്ള താളം.പക്ഷേ വീടിന്റെ ഉള്ളിലെ താളം വേറെയായിരുന്നു.
        "ആരോട് ചോദിച്ചിട്ടാണ് നീ കഥ അയച്ചത്.."ഗിരീഷ് വിറയ്ക്കുകയായിരുന്നു. അത് കേട്ടിട്ടും സ്മിത ജനാലവഴി പുറത്തേക്ക് നോക്കിനിന്നു.ഇനിയൊരു സിനിമക്കാരും ഈ വഴി വരാതിരിക്കാൻ അവളാഗ്രഹിച്ചു.അവർ വന്നുപോകുന്ന ആ നിമിഷം ഗിരീഷിന്റെ സ്വഭാവം മാറും,പതിവ് മുറകൾ തുടങ്ങും.മുടിയിൽ ചുറ്റിപ്പിടിക്കാം,പിന്നിൽ നിന്ന് ചവിട്ടാം ചിലപ്പോൾ എന്തെങ്കിലും കൊണ്ടുള്ള ഏറാകാം.ഗിരീഷിന്റെ പ്രതികരണത്തിന്റെ രീതികൾ സ്മിതക്കിപ്പോൾ പരിചിതമാണ്.അവൾ ജനാലയുടെ കമ്പിയിൽ മുറുകെപിടിച്ചു.       
       അടുത്ത നിമിഷം പിന്നിൽ നിന്ന് തലയിൽ ഒരടി,ജനാലയുടെ കമ്പിയിൽ തട്ടി സ്മിതയുടെ ചുണ്ട് മുറിഞ്ഞു."എഡിറ്റർക്ക് കത്തെഴുത്,നിന്റെ പേരിൽ ഈ അച്ചടിച്ചുവന്നത് എന്റെ കഥയാണ്. നീയത് മോഷ്ടിച്ചതാണ്.അതിനു വയ്യെങ്കിൽ നിന്റെ ഒരൊപ്പ്.."ഒരു പേപ്പറും പേനയും മേശപ്പുറത്തിട്ട്‌ ഗിരീഷ് അലറി.
        'നിന്നോട് ഞാൻ ആ കഥയുടെ ത്രെഡ് പറഞ്ഞിരുന്നു.ഇല്ലെങ്കിൽ നീയിങ്ങനെ എഴുതില്ല.' ഗിരീഷിന്റെ നടപ്പിനൊത്ത് പുലമ്പലുകൾ കൂടിക്കൂടി വരുന്നു.ജനൽ കമ്പിയിൽ ചേർത്ത് സ്മിതയുടെ കഴുത്ത് ഞെരിച്ചു.നട്ടെല്ലിന് കാൽമുട്ടുചേർത്ത ഇടി,മൂത്രത്തിൽ കലർന്നു മാസമുറയും പോയത് മറയ്ക്കാൻ ടോയിലെറ്റിലേക്ക് ഓടുന്നതിനിടയിൽ സ്മിത മൂത്രനനവിൽ തെന്നിവീണുപോയി. കട്ടിലിന്റെ അടിയിലേക്ക് ഇഴഞ്ഞു കയറാൻ ശ്രമിക്കുമ്പോൾ കൈവെള്ളയിൽ കാലുറപ്പിച്ച് ആ ഇഴച്ചിലും അയാൾ അവസാനിപ്പിച്ചു.മുതുകിൽ പേനകൊണ്ട് കുത്തിക്കൊണ്ടിരുന്നു. 
        ഒരിക്കലും സ്മിതയോട് കഥയോ എഴുത്തിനെക്കുറിച്ചോ ഗിരീഷ് മിണ്ടിയിട്ടില്ല.കഥയെന്നല്ല മറ്റൊന്നും അവളോട് മിണ്ടാറില്ല.അയാളുടെ പുസ്തകങ്ങൾ വരുന്നതുപോലും അവളറിയാറില്ല. കൂട്ടുകാരികളുമായി കഥയുടെ വളർച്ചകളെപ്പറ്റി മണിക്കൂറുകൾ സംസാരിക്കുന്ന ഗിരീഷ് ഈ അടുത്തകാലത്ത് തന്റെ ഒരു കഥയ്ക്ക് വരച്ച ഒരുത്തിയുമായി കടുത്ത പ്രണയത്തിലുമാണ്.  അയാളുടെ ഒരു കഥ ആദ്യമായി വായിക്കാൻ അവൾ ഒരിക്കൽ കൊതിച്ചിരുന്നു.ചുണ്ടിൽ ഊറിനിന്ന രക്തത്തുള്ളിയിലേക്ക് കണ്ണീരൊഴുകി വന്ന് ഉപ്പിട്ടു.അവളത് നുണഞ്ഞു.ഏതു ഗതികെട്ട നേരത്താണ് ആ കഥയെഴുതിപ്പോയതെന്ന് അവൾ സ്വയം ശപിച്ചു.
        ഒപ്പിടാൻ വച്ചിരുന്ന പേപ്പറിൽ ഒന്നു നോക്കിയിട്ട് ഗിരീഷ് സ്മിതയുട വിരലുകൾ കട്ടിലിന്റെ പടിയിലേക്ക് എടുത്തുവച്ചു.ചതയുവോളം സ്റ്റീൽ ഗ്ലാസ്സുകൊണ്ട് ഇടിച്ചു.ചൂണ്ടുവിരല് കട്ടിലിന്റെ താഴേക്ക് തെറിച്ചു വീഴുന്നത് കണ്ട നിമിഷം മുതൽ സ്മിത ഭ്രാന്തമായി ചിരിക്കാൻ തുടങ്ങി.
       മൂന്നാം ദിവസവും ആ മുറിയിൽ നിന്ന് പലതരം ചിരികൾ ഇറങ്ങി വരുന്നുണ്ടായിരുന്നു.തീയും വെളിച്ചവും കണ്ട് സംശയം തോന്നിയ അയൽവാസികളാണ് പോലീസിനെ വിവരങ്ങൾഅറിയിച്ചത്.  
       കിടപ്പുമുറിയിലെ ഫാനിൽ തലകീഴായി തൂങ്ങിക്കിടന്ന ഗിരീഷിന് ജീവൻ നഷ്ടമായിരുന്നില്ല. അഴിച്ചു നിലത്തിറക്കി,വായിൽ തിരുകിയ പ്ലാസ്റ്റിക് കവറുകൾ അഴിക്കുമ്പോഴും 'ആ കഥ എന്റെയാണെന്ന'‌ അയാളുടെ പുലമ്പലുകൾ കേട്ടിരുന്നു.മേശയിലിരുന്ന പേപ്പറിൽ രക്തം കലർന്ന വിരലടയാളവും, മുറിഞ്ഞുപോയ ആ വിരലും.ഗിരീഷിന്റെ ശരീരത്തിൽ ആകെ പേനകൊണ്ട് കുത്തിയ മുറിവുകൾ, ഒരു മൂലയിൽ കത്തിക്കരിഞ്ഞ പുസ്തകങ്ങൾ,മുറിയിൽ നിറയെ പലതരം ഒടിഞ്ഞ പേനകൾ.
        അകത്തെ ശുചിമുറിയിൽ ക്ളോസറ്റിൻ്റെ പുറത്ത് ചിരിയുടെ മുരൾച്ചകളുയുമായി സ്മിത. ചുവരിൽ ചോരയിൽ പതിപ്പിച്ച വിരലടയാളങ്ങൾ.അടർന്നുപോയ ചൂണ്ടുവിരലിന്റെ അറ്റം കറുത്തിരുന്നു.
        സിനിമയെ വെല്ലുന്ന അവരുടെ കഥ പത്രങ്ങളും വളരെ നാള് ആഘോഷിച്ചു."ആ ബാറിന്റെ മുന്നിൽ വണ്ടി ഒതുക്കിയിട്,അവിടുന്ന് ജയ കേറും."സുമതി വണ്ടി ഒതുക്കിയിട്ട് സ്മിതയെ തിരിഞ്ഞുനോക്കി വിരൽ മുറിഞ്ഞുപോയ വലതുകൈ, മടിയിൽ കിടന്നുറങ്ങുന്ന പെണ്ണിന്റെ കവിളിൽ താരാട്ടിന്റെ താളം ശീലിക്കുന്നു.
      ജയ വണ്ടിയിലേക്ക് കയറുമ്പോൾ കാറിനുള്ളിൽ മദ്യത്തിന്റെയും പെർഫ്യൂമിന്റെയും മണങ്ങൾ  തമ്മിൽ മൽസരിക്കാൻ തുടങ്ങി.മടിയിൽ കിടന്നിരുന്ന പെണ്ണ് എഴുന്നേറ്റു.ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന കുഞ്ഞുമദ്യക്കുപ്പി അവൾക്കുനേരെ നീട്ടി.സുമതിക്ക് ആ പെണ്ണിന്റെ സൗന്ദര്യത്തിൽ അസൂയ തോന്നി.ആ പെണ്ണിന്റെ പേര് ചന്ദ്രനും ഓർമ്മയുണ്ടായിരുന്നില്ല.
     "നീ വലിക്കോ, കാറിനുള്ളിൽ ഞങ്ങള് വലിച്ചാൽ നിനക്കെന്തെങ്കിലും"ജയക്ക് മറുപടിയെന്നോണം സുമതി ചിരിച്ചു.വിലകൂടിയ ഏതോ ഒരിനം സിഗരറ്റിന്റെ പാക്കറ്റ് കാറിന്റെ മുന്നിലേക്ക് വീണു. "അവര് ഭയങ്കര ക്യാഷ് ടീമാണ്..' ജയയെക്കുറിച്ച് ചന്ദ്രൻ സൂചിപ്പിച്ച കാര്യങ്ങൾ ഒരു കുഞ്ഞു വളവു തിരിഞ്ഞ് സുമതിയിലേക്ക് കയറിവന്നു.

                                                          
                                                                    പ്രൊഡ്യൂസർ 
                                                                          (ജയ)
       "പോസിറ്റീവായത് നന്നായല്ലേടി"പ്ലാന്റർ വിജയന്റെ ശബ്ദത്തിന് നല്ല പതർച്ചയുണ്ടെന്ന്‌ ഭാര്യ ജയക്ക് തോന്നി.ഗേറ്റുകൾ താഴിട്ട് പൂട്ടിയതും,കോവിഡ് രോഗികളെന്ന മുന്നറിയിപ്പ്‌ ബോർഡെഴുതി അവിടെ തുക്കിയതും,ഒരു മാസത്തേക്കെങ്കിലുമുള്ള വീട്ടുസാധനങ്ങൾ വാങ്ങിക്കൂട്ടിയതും ഇങ്ങനെയൊരു ഒളിച്ചിരിപ്പിനാണെന്നറിഞ്ഞില്ല.കോവിഡ് പരിശോധനയും,ഫോണുകളുടെ ബന്ധം മുറിച്ചുള്ള ഭർത്താവിന്റെ ഒറ്റയാൻ ഇരിപ്പും എന്തോ വലിയ ബിസിനസ് പദ്ധതിയുടെ ഒരുക്കമാണെന്നും ജയ ചിന്തിച്ചിരുന്നു.
       "അവര് നമ്മളെ കൊല്ലുമെടി,അത് വെറും അപകടമല്ല" 'അവർ' മക്കളാണെന്നും രണ്ട് ദിവസം മുൻപ് ഉണ്ടായ അപകടം ആസൂത്രിതമാണെന്നും ഊഹിക്കാൻ ജയയ്ക്ക് കഴിയും.കിടപ്പുമുറിയുടെ മൂലക്ക് കാൽമുട്ടിൽ മുഖം ചേർത്ത് കുനിഞ്ഞിരിക്കുന്ന ഭർത്താവിനോടവൾക്ക് വാത്സല്യം തോന്നി. അടുത്തു ചെന്നിരുന്നപ്പോൾ വിജയൻ അവളുടെ കഴുത്തിൽ കുട്ടികളെപ്പോലെ കെട്ടിപ്പിടിച്ചു. പതിയെ എഴുന്നേല്പിച്ച് കട്ടിലിൽ കിടത്തി.പുതപ്പിനുള്ളിലേക്ക് വിജയൻ ആ തടിച്ച ശരീരംപൂഴ്ത്തി, കരച്ചിലിന്റെ താളമുള്ള പിറുപിറുക്കലുകൾ ഇടവിട്ടിറങ്ങിവരുന്നു.
          മക്കളുടെ ഉത്സാഹത്തോടെ നടത്തിയ അപ്പന്റെ പുനർവിവാഹം.കൊട്ടാരംപോലുള്ള വീട്, വൻ  സൗകര്യങ്ങൾ, എല്ലാം ജയക്ക് കൗതുകമായിരുന്നു.അവളിലേക്കും മടുത്തു തുടങ്ങിയ സകല ബിസിനസുകളിലേക്കും ആവേശത്തോടെ കത്തിക്കയറുന്ന വിജയൻ മുതലാളി, മക്കളുടെ പ്രതീക്ഷകൾ തെറ്റിച്ചു.ബാറും തോട്ടവും ഹോട്ടലും തുടങ്ങി വലിയ ആ സ്വത്തിലേക്ക് ജയയെ ഉടമയാക്കിയ ദിവസം മുതൽ സീനുകൾ എല്ലാം മാറി.കോളേജ് അദ്ധ്യാപികയായ ഇളയ മരുമകൾ ഫോണിൽ ആരോടോ രഹസ്യമായി സംസാരിക്കുന്നത് ജയ കേട്ടിരുന്നു..
           "വൃദ്ധന്റെ പ്രണയം ചാഞ്ഞു പെയ്യുന്ന മഴ പോലെയാണെന്നല്ലേ കവിത,എന്നിട്ടും ആ കിളവൻ പൂത്തെടി.തീർക്കാനാണ് ഇവിടെത്ത പ്ലാൻ." ബിരുദമലയാളം സർട്ടിഫിക്കറ്റുള്ള ജയ കവിതയുടെ ബാക്കി വരികൾ ഓർത്തുനോക്കി.
         ചായയുടെ തിള നോക്കിനിൽക്കുമ്പോൾ പിന്നിൽ വിജയന്റെ കാൽപ്പെരുമാറ്റം.കൈയിലെ ഫയലുകളിൽ വസ്തുക്കൾ ആധാരമാക്കിയതിന്റെ രേഖകൾ.ജയ അതെല്ലാം വാങ്ങി ഫ്രിഡ്ജിന് മുകളിൽ വച്ചു.വിജയന്റെ നോട്ടം അതിൽ തന്നെ തങ്ങിനിൽക്കുന്നു.ജയ കൈയിൽ തൊട്ടപ്പോൾ വിജയന്റെ മുഖത്ത് ചിരി.കൈവരിയിൽ ഇരിക്കുന്ന വിജയന് പ്രണയത്തിന്റെ യൗവ്വനമുഖം. ഉമ്മവയ്ക്കാനടുത്തപ്പോൾ വിസ്കിയുടെ മണം.ജയ ചേർന്നുനിന്നു,അയാൾ നെറ്റിയിൽ ഉമ്മ വച്ചു. ചായ തിളച്ചുതൂവി.രണ്ടാളും ചിരിച്ചു.വിജയന്റെ ചിരിക്ക് അപ്പോഴും തിളക്കമില്ല.കവിളിൽ വെളുത്ത അമർത്തി വച്ചിരുന്ന വെളുപ്പൻ രോമങ്ങൾ പുറത്തു വന്നിരിക്കുന്നു.അവളതിൽ തലോടി.
         "വാ കുളിക്കാം."ഒന്നിച്ച് കുളിക്കുന്നത് ആദ്യമായാണ്‌.കച്ചവടത്തിനിടയിൽ ചിലപ്പോഴെല്ലാം തന്നെയും മറന്നെന്ന് ജയയ്ക്ക് തോന്നിയിരുന്നു."അവരുടെ അടുത്ത ലക്ഷ്യം നീയാണ്" ഷവറിന്റെ നൂലിഴകൾക്കിടയിൽ വിജയൻ കരഞ്ഞു.
     നനവോടെ അവർ പുറത്തിറങ്ങി.കട്ടിലിലിരിക്കുമ്പോൾ വിജയൻ വിറയ്ക്കാൻ തുടങ്ങി.തല തുവർത്തുമ്പോൾ അവളെ കെട്ടിപ്പിടിച്ചു.ഇരുവരും പുതപ്പിനുള്ളിലേക്ക് നൂണുപോകുമ്പോൾ വിറയുടെ താളം പിന്നെയും മുറുകി.പ്രണയക്കിതപ്പിനിടയിൽ തോറ്റുകൊടുക്കില്ലെന്ന് വിജയന്റെ ചുണ്ടുകൾ ആവർത്തിക്കുന്നതായി അവൾക്കു തോന്നി.തോറ്റുപോയ വിജയന്റെ കുതിപ്പിനെ ജയ പൂരിപ്പിച്ചു.വല്ലാതെ വിയർക്കാൻ തുടങ്ങിയ വിജയന്റെ നെറ്റിയിൽ പലതവണ ഉമ്മവച്ചു..
      വിജയൻ വീണ്ടും തണുക്കാൻ തുടങ്ങി.മുഖത്ത് ഭയമുള്ള ഒരു ചിരി നിൽക്കുന്നു."നമ്മൾക്ക് രോഗമില്ലെടി."വിജയന്റെ ചുണ്ടിൽ ഒരു കൗശക്കാരൻ ചിരിവന്നു,കൊഴിയും മുമ്പ് ജയ ഒപ്പിയെടത്തു. വളരെ നാളുകൾക്ക് ശേഷമാണ് വിജയൻ‌ ഇത്രയും നിശബ്ദമായി ഉറങ്ങുന്നത്. 
        ഉറക്കത്തിന്റെ ആഴം കണ്ട് ജയക്ക് ഭയമുണ്ടായി.കറുപ്പ് പടർന്ന് പാതിതുറന്ന ചുണ്ടിൽ 'നീ എന്നെ ആഴത്തിൽ പൂരിപ്പിക്കുമോ' എന്ന തണുപ്പൻ ചോദ്യച്ചിരിയുണ്ട്.അവൾ വിജയന്റെ തണുത്ത നെഞ്ചിലേക്ക് ഇനിയെന്തെങ്കിലുമുണ്ടോയെന്നു കേൾക്കാൻ ചെവിചേർത്തുനോക്കി.വയസ്സൻ കുതിര ഹൃദയക്കുളമ്പടികളെല്ലാം ഒതുക്കിവച്ചാണ് ഉറക്കം.
     ഏറ്റവും പുതിയ മുണ്ടുടുപ്പിച്ചു, കൈകാലുകൾ ഒതുക്കി, ഭംഗിയായി പുതപ്പിച്ചു.വിജയൻ കുടിച്ച വിസ്കി ഗ്ലാസ്സിൽ ഒരല്പം ബാക്കിയായി മേശയിലിരിക്കുന്നു.ഒരു ചാരുകസേരയിൽ ആ ഗ്ലാസ്സും പിടിച്ച് ജയ പുലരുവോളമിരുന്നു.
      പുറത്ത് മഞ്ഞിനെ മാറ്റി വെളിച്ചം വരുന്നതേയുള്ളൂ.ജയ ജാലകങ്ങൾ തുറന്നു.മരണത്തിന്റെ മണം ജനാലവഴി പുറത്തേക്കൊഴുകി.ഗേറ്റ് മലർക്കെ തുറന്നിട്ടു.ഫോണുകളെയെല്ലാം തൊട്ടുണർത്തി.കാത്തുനിന്നതുപോലെ ഒരു പാട്ട്, പാട്ടിനൊപ്പം തെളിഞ്ഞുവന്നത് മകന്റെ മുഖം, മറുതലയ്ക്ക് പക്ഷേ ഇളയ മരുമകളുടെ ശബ്ദം.ജയ കരച്ചിലൊതുക്കി, "തെളിവുകളുണ്ടെടീ, നീയൊക്കെ ചേർന്ന് ആ മനുഷ്യനെ കൊന്നതാണ്".
        ഗേറ്റിന് പുറത്ത് ജനക്കൂട്ടത്തിന്റെ ഇടയിൽ മക്കളുണ്ടാകും,ജയ അവർക്ക് നേരെ കാർക്കിച്ചു തുപ്പി.നക്ഷത്രങ്ങൾ കൂടുതലുള്ള ഒരു കാക്കിക്ക് ആധാരപ്പെട്ട ഫയലുകൾ കൈമാറുമ്പോൾ അവൾ പതിയെപ്പറഞ്ഞു..
        "പ്ലാന്റർ വിജയന്റെ മരണം കോവിഡോ സ്വാഭാവികമോ അല്ല‌,കൊലപാതകമാണ്" ജയ അകലം പാലിച്ചു നിൽക്കുന്ന നാട്ടുകാരെ നോക്കി ഒന്നു ചിരിച്ചു,മക്കൾക്കുവേണ്ടി നടുവിരൽ ഉയർത്തിക്കാണിച്ചു.
     സിഗരറ്റിന്റെ അറ്റത്തുള്ള ജയയുടെ തടിച്ച ചുണ്ടിൽ ആ ചിരിയിപ്പോഴുമുണ്ടെന്ന് സുമതിക്ക് തോന്നി.
           "അവിടേക്ക് കയറ്റി നിർത്ത് ഈ പെണ്ണിന് കുറച്ച് തുണിയെടുക്കണം "സിഗരറ്റിനെ ചേർത്ത് പിടിച്ച ജയയുടെ വിരൽ ചൂണ്ടിക്കാട്ടുന്നു.ആ വലിയ തുണിക്കടയുടെ കമാനത്തിൽ കല്യാണപ്പെണ്ണിന്റെ വേഷത്തിൽ നിൽക്കുന്ന സിനിമാനടിക്ക്, പിൻസീറ്റിലിരിക്കുന്ന പെണ്ണിന്റെ പകുതി ഭംഗിയില്ലെന്ന് സുമതി ചിന്തിച്ചു.കാറിന്റെ മുന്നിലെ സിഗരറ്റിലേക്ക് കൈനീട്ടുമ്പോൾ രണ്ടാൾക്കും നടുവിലൂടെ നടക്കുന്ന പെണ്ണ് സുമതിയെ ഒരു തവണ തിരിഞ്ഞു നോക്കി..
        "അവളാണ് താരം, നാളെ അവള് ജയിലേന്ന് ഇറങ്ങും എന്നിട്ടാണ് അവരെ സിനിമാപിടുത്തം തുടങ്ങുന്നത്" ചന്ദ്രൻ ആ പെണ്ണിന്റെ കഥ സുമതിയുടെ മുന്നിൽ അവസാനിപ്പിച്ചത് അങ്ങനെയാണ്.

                                                                നായിക
                                                             (ആ പെണ്ണ്)  

     അന്നു വൈകിട്ട് മൂർച്ചയുള്ളൊരു കത്തി വാങ്ങാനിറങ്ങുമ്പോൾ തന്റെ ഭാര്യയെ കൊല്ലണമെന്ന് അയാൾ ഉറപ്പിച്ചിരുന്നു.പത്രക്കടലാസിൽ പൊതിഞ്ഞ് ബാഗിനുള്ളിലേക്ക് സൂക്ഷ്മതയോടെ  ഒളിപ്പിക്കുന്നതിനിടയിൽ വിരലുകൊണ്ടതിൽ മൂർച്ചനോക്കി,അയാളുടെ മുഖത്തൊരു നിരാശ വന്നു. പക്ഷേ തുകൽ ബാഗിനുള്ളിൽ അബദ്ധത്തിൽ കത്തിമുന വീഴ്ത്തിയ ആ ഉഗ്രൻ പിളർപ്പ് അയാളെ ഓട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്.വില്പനക്കാരനെ അയാൾ ആദരവോടെ നോക്കി.പറഞ്ഞ തുക കൈമാറുമ്പോൾ അയാളുടെ വിരലിൽ തൊട്ടു.ബാഗിനുപുറത്ത് കത്തിമുനയുടെ തിടുക്കം മുഴച്ചുനിൽക്കുന്നു.അയാളതിൽ സ്‌നേഹത്തോടെ വിരലോടിച്ചുകൊണ്ടിരുന്നു.
       ഭാര്യയെ കൊല്ലാൻ മതിയായ ഒരു കാരണം മാത്രമേ കിട്ടേണ്ടതായിട്ടുള്ളൂ.കവിത വായന ഒഴികെ മറ്റൊന്നിലും അയാൾക്ക് അവളോട്‌ നീരസം തോന്നിയിട്ടില്ല.എപ്പോഴും അവളുടെ കൈയിലുള്ള പുസ്തകങ്ങളെ അയാൾ വെറുത്തിരുന്നു.ഒന്നു രണ്ട് പുസ്തകങ്ങൾ ജനാലവഴി വീട്ടിന് പിന്നിലെ ഓടയിലേക്ക് അവളറിയാതെ വലിച്ചെറിഞ്ഞിട്ടുണ്ട്.എന്നിട്ടും ആ പുസ്തകപ്പൂച്ചകൾ കൃത്യമായി അവളുടെ നെഞ്ചിലേക്കുള്ള വഴി കണ്ടുപിടിക്കുന്നു.അതുമല്ല കുളിമുറിയിലും അവൾ കവിതകൾ ചൊല്ലുന്നത് കേട്ടിട്ടുണ്ട്.
      നിർത്തിയിട്ടിരുന്ന ബസിലിരുന്ന അയാൾ എതിർ വശത്തെ വലിയ ഹോട്ടലിന്റെ മുകളിലെ ഒരു  നിലയിൽ അർദ്ധനഗ്നരായ ഒരു സ്ത്രീയും പുരുഷനും ചുംബിക്കുന്നത് കണ്ടു.ആ സ്ത്രീയുടെ കൈയിലും ഏതോ പുസ്തകമുണ്ടായിരുന്നു.അല്ല അതു തന്റെ ഭാര്യ തന്നെയല്ലേ.?.ഒരാൾക്ക് വായിക്കുന്ന ഭാര്യയെ കൊല്ലാൻ ഇതിലും വലിയ കാരണം വേറെയെന്താണ്.?'അവൾ' തന്നെ കണ്ടിട്ടാവണം അകത്തേക്ക് കയറിപ്പോയത്.ആ പുരുഷന്റെ നോട്ടം ഭയപ്പെട്ടതാണോ.?ബസ് മുന്നോട്ട് എടുത്തപ്പോൾ ബാഗിനെ കുത്തിമുറിച്ച് കത്തിമുന പുറത്തേക്ക് വന്നു.അതിന്റെ വശ്യമായ തിളക്കം 'നീയിപ്പോൾ കണ്ടത്‌ അവളെത്തന്നെയാണെന്ന്' ആവർത്തിച്ചു പറയുന്നു.അയാൾ അതിനെ അഭിനന്ദിച്ച് ബാഗിനുള്ളിലേക്ക് തിരുകിക്കയറ്റി.
       കാമുകനെയും വായിച്ച് ക്ഷീണിതയായി വരുന്ന അവളെ ഒറ്റക്കുത്തിനു തന്നെ തീർക്കാൻ സാധിക്കും, അതും വീടിന്റെ മുൻവശത്തു വച്ച്.പരപുരുഷ ബന്ധത്തോളം ഭാര്യയെ കൊല്ലാൻ മതിയായ കാരണമുണ്ടോ? ഗേറ്റ് തുറന്നു കിടക്കുന്നു.അയാൾ കാത്തിരിക്കാൻ ആഗ്രഹിച്ച
മുൻവശത്തെ അരച്ചുവരിൽ ചാരിയിരുന്ന് കവിത വായിക്കുന്ന ഭാര്യ.അവൾ അയാളുടെ ബാഗിന് കൈനീട്ടി.'കൊടുക്കരുതെന്ന്' ഉള്ളിലിരുന്ന കത്തി മുരണ്ടു.കവിതാ പുസ്തകത്തിന്റെ പുറംച്ചട്ടയിൽ ചിരിച്ച മുഖമുള്ള ചെറുപ്പക്കാരൻ, അവനെയല്ലേ ഹോട്ടലിൽ കണ്ടത്.?'തരില്ലെന്ന്' അയാൾ ബാഗിൽ പിടുത്തമുറപ്പിച്ചു.
      മേശപ്പുറത്ത്‌ ചൂടൻ ചായയിൽ ആവി പറക്കുന്നു.സത്യത്തിൽ ഒരു പെണ്ണ് കൊല്ലപ്പെടാൻ പറ്റിയ ഇടം തീൻ മേശയിലാണ്. അയാൾ ചായ ഊതിക്കുടിച്ചു.അപ്പോഴും കവിതയുമായി ഇരിക്കുന്ന അവളോട് രുചികളെക്കുറിച്ച്  തർക്കിക്കാം.വേറിട്ട രുചികൾ കുത്തിച്ചാകുന്നത് സ്വാഭാവികമല്ലേ.?
അയാൾ ചായ തീർത്തതോ മുറിയിലേക്ക് പോയതോ അവൾ അറിഞ്ഞില്ല.ബാഗും കെട്ടിപ്പിടിച്ചു കിടക്കുന്ന അയാളുടെ നെറ്റിതൊട്ടുനോക്കുമ്പോഴും അവളുടെ ഒരു കൈയിൽ കവിതാ പുസ്തകമുണ്ട്.അയാൾ തിരിഞ്ഞു കിടന്നു.അവളും ചേർന്നുകിടന്നു.
       പെണ്ണിനെ കൊല്ലാൻ ഏറ്റവും എളുപ്പത്തിൽ സാധിക്കുന്നത് കിടക്കയിൽ വച്ചുതന്നെയല്ലേ.? എത്ര സുന്ദരമാണ് അവളുടെ ഉറക്കം.ആ കവിതാ പുസ്തകം അവിടെ ഇല്ലാതിരുന്നുവെങ്കിൽ ഏറ്റവും സുന്ദരമായ ഒരു രതി സംഭവിക്കുമായിരുന്നു.അതിന് ശേഷം ഒറ്റക്കുത്തിന് തീർക്കാം. അടുക്കളയിൽ എന്തോ അപായ മണികേട്ട് എഴുന്നേറ്റ് പോകുന്ന ഭാര്യ.അവൾ കാണാതിരിക്കാൻ അയാൾ തന്റെ കത്തിമൂർച്ച തലയിണയുടെ കീഴിലേക്ക് ഒളിപ്പിച്ചു.. 
        അടുക്കളിൽ ചെന്ന് പെണ്ണിനെ കൊല്ലുക ഏറ്റവും പ്രയാസമാണ്, അവൾക്ക് പ്രതിരോധിക്കാനും തിരികെ ആക്രമിക്കാനും ഒരുപാട് വസ്തുക്കൾ കൈദൂരത്ത് കരുതിയിട്ടുണ്ടാകും.പക്ഷെ കൊല്ലപ്പെടലിന്റെ സൗന്ദര്യം ഏറ്റവും അനുഭവിക്കാൻ കഴിയുന്നത്  അടുക്കളയിൽ ചത്തു കിടക്കുന്ന ഭാര്യയെ കാണുമ്പോഴായിരിക്കും.അടുക്കളയിലേക്ക് പതിഞ്ഞ താളത്തിൽ വന്ന അയാളെ നോക്കി ഭാര്യ ചിരിച്ചു.അടുപ്പിനോട് ചേർന്ന് വൃത്തിയുള്ള ഒരു ഭാഗത്ത് ആ കവിതാ പുസ്തകമുണ്ട്.ചുണ്ടിൽ ഏതോ കവിതയുടെ താളം.അയാൾ കത്തി നീട്ടി,അതിന്റെ പിടികൊണ്ട് അവൾ ഏലക്കായ ചതച്ച് ചായയിലിട്ടു.അവൾ ഒരൽപ്പം എണ്ണയെടുത്ത് അയാളുടെ തലയിൽ തേച്ചുകൊടുത്തു. അയാളപ്പോൾ കുഞ്ഞിനെപ്പോലെ കരയാൻ തുടങ്ങി.
       അടുക്കളപ്പടിയിൽ അവൾ ഇരുന്നു, ഒപ്പം അയാളും.കത്തിയുടെ കഥ പറയാൻ അയാൾ ഒരുപാട് ആഗ്രഹിച്ചു.അവളുടെ മടിയിലേക്ക് അയാൾ തലചരിച്ചു.മുടിയിൽ ഓടി നടക്കുന്ന അവളുടെ കൈ, മറ്റേതിൽ കവിതാ പുസ്തകം.അതിലെ സുന്ദരൻ കവി അയാളുടെ മുഖത്തോട് പരിഹസിക്കുന്ന ഒരു നോട്ടമെറിഞ്ഞു.
      സന്ധ്യയായി,ഉഷസുമായി ആ ഏഴാം ദിവസവും കടന്നുപോയി.ആ കത്തി അയാളോട് വല്ലാതെ കയർക്കാൻ തുടങ്ങി.ആരെയെങ്കിലും കൊന്നേ തീരുവെന്ന് അത് ഏറ്റവും നിർബന്ധംപിടിച്ചു. 
      കൈ നാഡിയിലെ ഞരമ്പ് മുറിഞ്ഞു ചോരവാർന്ന് മരിച്ചു കിടന്ന അയാളുടെ സമീപത്ത് ഒരു കത്തുണ്ടായിരുന്നു.ആത്മഹത്യയുടെ കാരണമായി ഭാര്യയുടെ 'കവിത വായന' എന്നു മാത്രമാണ് എഴുതിയിട്ടുണ്ടായിരുന്നത്.മൂർച്ചയുള്ള ആ കത്തിയിലവളുടെ വിരലടയാളവും നിറയെ ഏലക്കായ മണവുമുണ്ടായിരുന്നു.
        ആ ആത്മഹത്യാ കുറിപ്പ് വളരെ നാളുകൾ പത്രങ്ങൾക്കും ചാനലുകൾക്കും ചർച്ചയായിരുന്നു. കവിതാ പുസ്തകത്തിന്റെ ചിത്രത്തിൽ കാണുന്ന കവി പലതവണ ചോദ്യംചെയ്യപ്പെട്ടു.വീൽ കസേരയിൽ വെറും വീടിനുള്ളിലെ വൃത്തം മാത്രമുള്ള ആ കവിക്ക് അങ്ങനെ ചെയ്യാനാകില്ലെന്ന് നിരൂപകർ പോലും വാദിച്ചു.എന്തായാലും 'ഭാര്യയെ കൊല്ലുന്നവിധം' എന്ന അയാളുടെ പുതിയ കവിതാസമാഹാരം ഇപ്പോൾ വളരെ വായിക്കപ്പെട്ടു എന്നതാണ് മറ്റൊരു വാസ്തവം.
      തുണിപ്പൊതികളുമായി വന്ന സ്മിതയും ജയയും പിന്നിലാണ് കയറിയത്.ചരിച്ചിട്ട മുൻ സീറ്റിൽ ചാരിക്കിടക്കുന്ന ആ പെണ്ണ്  വായിക്കുന്നത് വീൽവൃത്തമുള്ളവന്റെ ഏറ്റവും പുതിയ പുസ്തകമാണ്. 'പെണ്ണുങ്ങൾ പടം പിടിക്കുമ്പോളുണ്ടാകുന്നത്' പേരിന്റെ കൗതുകം സുമതിയുടെ ചിരിക്ക് ആഴം കൂട്ടി.ആ പെണ്ണ് സുമതിയെ ചിരിയോടെ നോക്കി.

                                                                ക്ളൈമാക്‌സ്
       റിസോട്ടിലേക്ക് തിരിയുന്ന കവലയിലെ കലുങ്കിന് മുകളിൽ ആ മൂന്നു പുരുഷന്മാരും കുശലം  പറഞ്ഞിരിക്കുകയായിരുന്നു.സുമതി അവരുടെ അരികിലേക്ക് വഴിചോദിക്കാനായി നിർത്തിയത് പിന്നിലിരുന്നവർക്ക് അത്ര ഇഷ്ടപ്പെട്ടില്ല.കലുങ്കിന്റെ പിന്നിൽ ശിരുവാണിപ്പുഴ അവരുടെ ഉള്ളിലെ അസ്വസ്ഥതയുടെ താളത്തിലൊഴുകി.പക്ഷേ മുന്നിലിരുന്ന പെണ്ണ് പുസ്തകം പിടിച്ചിരുന്ന കൈ പുറത്തേക്കിട്ട് കാട്ടിനുള്ളിലെ റിസോട്ടിലേക്കുള്ള വഴി അലസമായി ചോദിച്ചു.പുസ്തകത്തിന്റെ പേരുവായിച്ച്, അവളുടെ നേർക്കും പിന്നീട്‌ കാറിനുള്ളിലേക്കും പുരുഷന്മാരുടെ ആർത്തിപിടിച്ച നോട്ടം.ജയ ഒഴിഞ്ഞ ഒരു ബിയറുകുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞു.സ്മിതയപ്പോൾ സിഗരറ്റിന് തീ പിടിപ്പിച്ചു,എന്നിട്ട്‌ അവർക്കുനേരെ പൂജ്യങ്ങളുടെ ആകൃതിയിൽ പുകയൂതിവിട്ടു.
        "അത് സംഗതി കൊള്ളാം,നിങ്ങളങ്ങനെ ഒറ്റയ്ക്കുപോയാൽ ഇവിടെ പടമെങ്ങനെ ഓടും. ഞങ്ങളും വരാം"കലുങ്കിന്റെ മുകളിൽ കുന്തിച്ചിരുന്ന ചെറുപ്പക്കാരൻ തുടചൊറിഞ്ഞുചിരിച്ചു. ഒരുത്തൻ കൈലിമുണ്ടഴിച്ച് കുടഞ്ഞുടുത്തു.വേറൊരുത്തൻ കാറിനുള്ളിലേക്ക് കയറാൻ തുടങ്ങി. വാതിൽ തുറന്നിറങ്ങിയ സുമതിയുടെ തകർപ്പൻ ചവിട്ട്, കലുങ്കിലിരുന്നവൻ പുഴയിലേക്ക് തെറിച്ചുപോയി.ഒരുത്തൻ കാറിന്റെ മുന്നിലേക്കും മറ്റവൻ പിന്നിലേക്കും ഓടി. 
         മുന്നിലേക്ക് പോയവനെ പിടിക്കാനാഞ്ഞ് സുമതി കാറോടിക്കാൻ തുടങ്ങി.റിസോർട്ടിലേക്കുള്ള വഴി സൂചിപ്പിക്കുന്ന പച്ചനിറമുള്ള ബോർഡ് തെളിഞ്ഞു.കാറപ്പോൾ സുമതിയുടെ കാലിൽ അവനെ വിട്ടേക്കെടീന്ന് ഒരു യൂടേണാവശ്യപ്പെട്ടു.ഓടിക്കൊണ്ടിരുന്ന പുരുഷൻ അതിനിടയിൽ കരച്ചിലോടെ കറുപ്പൻ കാട്ടിനുള്ളിലേക്ക് ചാടിമറഞ്ഞു.നീട്ടിയ ഒരു ഹോണും കാറിനുള്ളിൽ നിന്ന് നാലൈറ്റം ചിരിയുമുണ്ടായി. 
         "നീ കൊള്ളാമല്ലോടി ഈ പടം തീരുംവരെ ഒപ്പം നിക്കാൻ എന്തുവേണം."ജയയുടെ ചോദ്യത്തിന് സുമതി ഒന്നു ചിരിച്ചു, അത്ര തന്നെ.എന്നാലും ഇവരിൽ ആരുടെ കഥ ആദ്യം സിനിമയാക്കുമെന്ന  ചന്ദ്രന്റെ സംശയം അവളുടെ മുഖത്തങ്ങനെ നിന്നു.

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636


ബ്രണ്ടൻ മക്കൾസ്..!!

ബ്രണ്ടൻ മക്കൾസ്..!

      ഇന്നത്തെ പത്രത്തിൽ,കായിക-വ്യവസായ വാർത്തകൾക്കുവേണ്ടി ആകെ ഒറ്റപ്പേജായിരുന്നു. 'റയോൻസിന് പുതുജീവൻ' 'ബ്രണ്ടൻ മക്കല്ലം വിരമിച്ചു'.ഈ തലക്കെട്ടുകൾ ഞാൻ ഫോട്ടോയാക്കി, ഞങ്ങളുടെ ആ രഹസ്യഗ്രൂപ്പിലിട്ടു.ഒരേ അപ്പന്റെ ആറു മക്കളുടെ വാട്‌സ്ആപ്പ് കൂട്ടായ്മക്ക് 'രഹസ്യഗ്രൂപ്പെ'ന്നൊക്കെ വിളിക്കാമോ എന്നൊരു സംശയം നിങ്ങളിലുണ്ടാകും.അതിന് ഞാനല്പം ചരിത്രവും വർത്തമാനവും പറയേണ്ടതായി വരും.എന്നാലേ ആ വാർത്തകളിൽ ഞങ്ങളാറിനുമുള്ള കൗതുകമെന്താണെന്ന് നിങ്ങൾക്കും ഒരുവിധമെങ്കിലും മനസ്സിലാവൂ.

      അന്ന്, തൊള്ളായിരത്തി നാല്പത്തിയേഴില് പെരുമ്പാവൂരിലെ റയോൻസ് തുണി‌ കമ്പനിക്ക് വേണ്ടിയിട്ടാണ് ഞങ്ങടെ ഈട്ടികാട് വെട്ടിത്തെളിച്ചതും മണ്ണിന്റെ നനവത്രയും നക്കിയെടുക്കുന്ന യൂക്കാലിപ്‌സ് മരങ്ങൾ പിടിപ്പിച്ചതും.കാടിന്റെ കുളിരെല്ലാം ചത്തു, ഉഷ്ണവും കണ്ണെരിവുമുള്ള കാറ്റായി.പശ്ചിമഘട്ടത്തിന്റെ ഒരറ്റത്തുള്ള ഗ്രാമമെന്നു പറയാനേ നിർവ്വാഹമുള്ളു.ഞങ്ങളിങ്ങനെ ജീവിച്ചുപൊയ്ക്കോട്ടെ.

         ഈട്ടിയും അകിലും ചന്ദനവും സർക്കാരിന്റെ ഒത്താശയോടെ വരത്തന്മാരായ കച്ചോടക്കാര്    പാണ്ടിലോറികളിൽ കടത്തിക്കൊണ്ടുപോയത് ഞങ്ങടെ മൂക്കിന്റെ താഴെക്കുടെയാണ്.അതീന്ന് എച്ചിലുകണക്കെ ഒന്നോ രണ്ടോ കഷ്ണങ്ങൾ ഈ നാട്ടുകാർക്കും കിട്ടിയിട്ടുണ്ട്.ഈട്ടിയിലെ ഒരു കസേര അല്ലെങ്കിൽ ഒരു കട്ടിളപ്പടി,ദേ എന്റെ ഈ മേശ അങ്ങനെ എന്തെങ്കിലും ഈ നാട്ടിലെ ഓരോ വീട്ടിലും കൊന്നോണ്ട്പോയ ഞങ്ങളുടെ കാടിന്റെ സ്മാരകം കണക്കിന് ചെക്കാതെ കിടപ്പുണ്ട്.
അതൊക്കെപ്പോട്ടെ.  
       
      കാടിന്റെ ഉള്ളിലെ റയോൻസ് ബംഗ്ളാവിലേക്ക് എസ്റ്റേറ്റ് മാനേജരായി തൊള്ളായിരത്തി എഴുപത്തിയെട്ടിൽ എത്തിയ ബ്രണ്ടൻ മക്കല്ലം സായിപ്പിലാണ് ഞങ്ങളാറിന്റെയും പിതൃത്വമുള്ളത്. നീലക്കണ്ണുകളും ചെമ്പൻ തലമുടിയും പിന്നെ ഈ മഞ്ഞിച്ച ശരീരവും, തുറിച്ച കണ്ണുള്ളോരോട് 'തന്തയൊന്നേന്ന്' വിളിച്ചു പറയും.ഒറ്റ വാർഡിലെ അഞ്ചു വീടുകളിൽ ഇരട്ടകൾ സഹിതം പെറ്റുവീണ ഞങ്ങൾക്ക്,അന്ന് സായിപ്പിന്റെ പ്രണയംപറ്റിയ അഞ്ച് അമ്മമാരുമാണ്.

       ഈ നാടോ ഞങ്ങളുടെ വീടോ അംഗീകരിച്ചിട്ടില്ലാത്ത ബന്ധം ഞങ്ങൾ മുതിർന്നപ്പോൾ സ്വയം കണ്ടെടുത്തതാണ്.അതിന്റെ ചാലക ഗ്രൂപ്പാണ് 'ബ്രണ്ടൻ മക്കൾസ്'.മൂത്തവൾ സൂസൻ അതിന്റെ അഡ്മിൻ,താഴെയുള്ളത് സാവി, അതിന് പിന്നാലെ ബ്രിട്ടോ,അതിന് കീഴെ ഇരട്ടകളായ ആന്റോയും സാന്റോയും,പിന്നെ ഈ ഞാൻ.ബ്രണ്ടൻ സായിപ്പ് തന്നെയാണ് നാട്ടുകാരുടെ ചിരിയെ മറികടന്ന് ഞങ്ങൾക്ക് ഇംഗ്ലീഷ് പേരുകൾ തീരുമാനിച്ചത്.ബ്രിട്ടനിലേക്ക് പറിച്ചുനടുമ്പോൾ പേരിന്റെ വേര് തടസമാകരുതെന്ന് സായിപ്പ് ഞങ്ങളുടെ അമ്മമാരോട് പറഞ്ഞുവത്രെ.അന്നത്തെ പെണ്ണുങ്ങളല്ലേ ഇങ്ങനെയൊക്കെ പറഞ്ഞാൽ വിശ്വസിച്ചുപോകും.വിശ്വാസമെപ്പോഴും ആശിക്കുന്നതിന്റെയും നമ്മളൊരിക്കലും കാണാത്തതിന്റെയും ഉറപ്പല്ലേ. 

      ഇതിനെയെല്ലാം ചരിത്രമെന്ന് ആരുമങ്ങനെ എളുപ്പത്തിൽ സമ്മതിച്ച് തരില്ലെന്നറിയാം,
അതെന്താണെന്നുവച്ചാല്,ആ വടികൊണ്ട് നല്ല അടി കിട്ടിയവന് അത് നോവുടുപ്പിട്ട ജീവിതവും കേട്ടിരിക്കുന്നവർക്ക് കെട്ടുകഥയും മാത്രമാണ്.ആ അതും പോട്ടെ.നിറം മങ്ങിയ ഭൂതകാലമുള്ളവർ വർത്തമാനത്തെ വല്ലാതെയങ്ങ് പ്രിയപ്പെട്ടുപോകുമല്ലോ. 

       സൂസന്റെ മരണമറിയിക്കാനാണ് അവളുടെ കെട്ടിയോൻ എന്നെ വിളിച്ചത്.'പന്ത്രണ്ടിന് അടക്കും നിങ്ങളെല്ലാം വരണം'.അത്രയും പറയാനേ അയാൾക്കപ്പോൾ സാധിച്ചുള്ളു.ഞാൻ രാവിലെ ഗ്രൂപ്പിലിട്ട ഫോട്ടോകൾക്ക് സാവിയുടെ കൗതുക സ്മൈലികൾ മാത്രമേ ഇപ്പഴും വന്നിട്ടുള്ളൂ. മരണം അവരോട് നേരിട്ടറിയിക്കണമെന്ന് എനിക്കുതോന്നി.കരച്ചിലിന്റെ,കണ്ണീരിന്റെ മഞ്ഞപ്പൻ സ്മൈലികളെ ഓർത്തിരുന്നപ്പോൾ നിലത്തുവീണുപോയ ഫോണിന്റെ സ്‌ക്രീനിൽ അല്പം നീണ്ട ഒരു മുറിവ് വാളാകൃതിയിൽ കടന്നുപോയിരിക്കുന്നു.

         എന്റെ വീട്ടിൽ നിന്നും പത്തുമിനിറ്റ് നടന്നാൽ അഞ്ചുപേരെയും നേരിൽ കാണാം.സൂസന്റെ വിവാഹത്തിന് പിന്നാലെയാണ് എന്റെ തൊട്ടടുത്തുണ്ടായിരുന്ന ആ വീടും സ്ഥലവും വിറ്റുപെറുക്കി അവളുടെ തള്ള ഇടുക്കിയിലുള്ള ബന്ധുവിനൊപ്പം പോയത്.സൂസന്റെ ഭർത്താവിന് പള്ളിയോട് ചേർന്ന ഒരു കടയിൽ ജപമാലയും നേർച്ച വസ്തുക്കളുടെയും വില്പനയാണ്,അതിനോട് ചേർന്നാണ് വീടും.സൂസൻ മിക്കവാറും കടയിലുണ്ടാകും.ദൈവങ്ങളോട് എനിക്കൊന്നും പറയാനില്ലെങ്കിലും മിക്കവാറും ഒരു കൂട് മെഴുകുതിരി ഞാനാവിടുന്ന് വാങ്ങും.അവളെന്നെയപ്പോൾ തൊടും,ഞങ്ങൾ ചിരിക്കും,സെൽഫിയെടുത്ത് ഗ്രൂപ്പിലിടും.ചുംബന സ്മൈലികൾ വരിവരിയായി വരും.അതുകണ്ട ആ പാവം മെഴുകുതിരികൾ കത്തിക്കത്തിച്ചിരിക്കും.

         തിടുക്കത്തിലുള്ള എന്റെ ഇറങ്ങിന്നടപ്പിൽ ഭാര്യ സംശയിച്ചു നിന്നു."ഞങ്ങളുടെ സൂസനിന്നലെ മരിച്ചുപോയെന്ന്"കരച്ചിലടക്കി തിരിഞ്ഞുനടക്കുമ്പോൾ അവളുടെ മുഖത്തൊരു പരിഹാസ സ്‌മൈലി ഉണ്ടായിരുന്നോ.? എന്റെ തോന്നലോ.?കുട്ടികളുണ്ടാകാത്തതിന് എനിക്കാണ് പ്രശ്നമെന്ന റിപ്പോർട്ട്‌ വന്നതുമുതൽ അവളുടെ മുഖത്ത് അത്തരം സ്മൈലികൾ ഞാനിപ്പോൾ ഭയക്കുന്നുണ്ട്. തൊള്ളായിരത്തി എമ്പത്തിനാലിൽ ബ്രണ്ടൻ സായിപ്പ് തന്റെ നാട്ടിലേക്ക് കപ്പലുകയറിയപ്പോൾ ആ വർഷത്തെ നവംബറുവരെ കുറിച്ചിട്ട ഡയറിയുൾപ്പെടെ നലഞ്ചെണ്ണം, എന്റെ അമ്മ ഒളിപ്പിച്ചു വച്ചു. അതാകാം എനിക്കും ഇത്തിരി കുത്തിക്കുറിക്കുന്ന സ്വഭാവമുണ്ടായത്.ഭാര്യ ചിലപ്പോൾ ഞങ്ങളുടെ രഹസ്യങ്ങൾ വായിക്കുന്നുണ്ടാകണം.
        "നിങ്ങളെല്ലാം വിത്തില്ലാത്ത ഇനം വിളകളാണല്ലോ,ഇനി അപ്പന്റെ നാട്ടിലേക്ക് ഒരു ടിക്കറ്റ്, കുറച്ചെടുത്താൽ മതിയല്ലോ..." അല്ലെങ്കിൽ അവൾ ഇങ്ങനെയൊന്നും പറയില്ലല്ലോ.
       ഒരു കാര്യംകൂടെ നിങ്ങളറിഞ്ഞിരിക്കണം.മഞ്ഞിച്ച നിറവും നീലക്കണ്ണുകളും ചെമ്പൻ തലമുടിയുമുള്ള ഞങ്ങളിൽ ഒരാൾക്കും ഇതുവരെ മക്കളുണ്ടായിട്ടില്ല.'വിത്തില്ലാത്ത ഇനം വിളകൾ' എന്ന പ്രയോഗം നിങ്ങൾകിപ്പോൾ വ്യക്തമായിട്ടുണ്ടാകുമെന്ന് തോന്നുന്നു.അതു മാത്രമല്ല ഞങ്ങളുടെ 'ബ്രിട്ടൻ റൂട്ടന്വേഷണ' പദ്ധതിയെപ്പറ്റി ഞാനെടുത്ത പി എഫ് ലോണിന്റെ കണക്കില്ലാത്ത വഴക്കിൽ അവൾക്കറിവുള്ളതാണ്.

       കവലയോട് ചേർന്നാണ് ഞങ്ങളിൽ ഇരട്ടകളുടെ 'ആൻ ആന്റ് സാൻ ' വർക്ക്ഷോപ്പ്. എന്നെക്കണ്ടതും 'അവരുടെ ഭാര്യ' വേഗത്തിൽ അകത്തേക്ക് നടന്നു.'ഇരട്ടകൾക്ക് ഒറ്റഭാര്യ'.നാട്ടിലെ സദാചാര കൗതുകങ്ങളിൽ ഉയർന്ന സ്ഥാനം ഇപ്പഴും ഇതിനാണ്.ഇരട്ട വെളുപ്പിനിടയിൽ കറുത്ത ആ പെണ്ണിന്റെ കടഞ്ഞെടുത്ത ഉടലിനെ കൂട്ടിവച്ച്,ഇവരുടെ ദാമ്പത്യത്തിന്റെ രഹസ്യ രസങ്ങളെക്കുറിച്ച് ഓർക്കുന്നവർക്ക്,പുരികമുയർന്ന് കണ്ണുകൾ പുറത്തേക്കുന്തിയ സ്മൈലിയുടെ ഭാവമായിരിക്കും.  ആ ഇരട്ടകളിൽ തൃപ്തിയുള്ള ചിരിച്ച മുഖം മാത്രമേ ഞാനെപ്പോഴും കണ്ടിട്ടുള്ളൂ. 
   
       ഞാൻ സ്‌കൂളിൽ പോകുന്ന കാലം മുതൽക്കേ ആ സ്ഥാപനത്തിന്റെ ഉടമകളായ നിലക്കണ്ണന്മാർ എന്നെ നോക്കി ചിരിക്കും.എനിക്ക് കൗതുകം തോന്നുന്നതെന്തും അവിടുന്നെടുക്കാൻ സമ്മതിക്കും. പക്ഷേ,മൂലയിൽ ചാരിവച്ചിട്ടുള്ള ബ്രണ്ടൻ സായിപ്പിന്റെ കരിനീല യെസ്ടിയിലായിരുന്നു എന്നുമെന്റെ കണ്ണുകൾ.ആ പഴയ കുതിരപ്പുറത്ത് ഗ്രീസിന്റെ മണമുള്ള അവർക്കിടയിലിരുന്ന് എന്റെ ചെമ്പൻ തലമുടി കാറ്റിന്റെ താളം പാടിയിട്ടുണ്ട്.എന്റെ സൈക്കിളിന്റെ ബ്രെക്കും ബെല്ലും എന്നും പരിശോധിച്ച് സ്‌കൂളിലേക്ക് യാത്രയാകുന്ന നിലക്കണ്ണുകളെപ്പറ്റി ഞാനോർക്കുമ്പോൾ പിന്നിൽ നിന്നും ഷട്ടറുകൾ അലറിക്കരഞ്ഞ് വീഴുന്നത് കേട്ടു.പിന്നെ കരിനീല യെസ്ടിയിൽ പാഞ്ഞു പോകുന്ന ഇരട്ടകൾ. വർക്ക് ഷോപ്പിന്റെ വാതിലും കടന്ന് കവലയോളം വന്നു നിൽക്കുന്ന ഒറ്റയായ ഭാര്യ.ഞാൻ പതിയെ ബ്രിട്ടോയിലേക്ക് നടന്നു

       വണ്ടിക്ക് ചുറ്റും കൂടിനിൽക്കുന്ന പെണ്ണുങ്ങളും, അവർക്ക് ഒത്തനടുവിലായി മീനിൽ ചിരിയിട്ട് വിൽക്കുന്ന ബ്രിട്ടോയും.ഒരുത്തി ബ്രിട്ടോയുടെ കവിളിൽ തൊട്ട് എന്തോ കുഴഞ്ഞു പറയുന്നു.മറ്റുള്ള മീൻകണ്ണികളിൽ ആകെയൊരു ചിരിയിളക്കം.ഞാൻ കാത്തുനിന്നു.സാഹചര്യത്തിന് ഒട്ടും ചേരാത്ത ഒരു ചിരിയും എന്റെ ചുണ്ടിന് പിന്നിൽ വന്നുനിന്നു.ചിരിയിൽ ചാലിച്ച പേശലുകൾ, പരിഹാരങ്ങൾ അവരുടെ പാത്രത്തിലെ  മീനുകൾക്കൊപ്പം ബ്രിട്ടോയുമിപ്പോൾ നീന്തിപ്പോകുമെന്ന് തോന്നിക്കുന്നു.

     എന്റെ അമ്മ ബ്രണ്ടൻ സായിപ്പിൽ നിന്നൊളിച്ചുവച്ച ഡയറിയിൽ അപ്പന്റെ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയുണ്ട്.അത് പകർത്തിവച്ചതുപോലെയാണ് ബ്രിട്ടോയുടെ രൂപം.മീനുമായി വീട്ടിന്റെ മുന്നിൽ വരുമ്പോൾ അമ്മയോട്  ബ്രിട്ടോ വല്ലാത്തൊരു ബഹുമാനം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.അമ്മയുടെ പാത്രത്തിൽ വീഴുന്ന സ്‌പെഷ്യൽ മീനുകളെ അയൽക്കാരിക്കൾ അസൂയയോടെ നോക്കും.അമ്മയുടെ പിന്നിൽ നിൽക്കുന്ന എന്നെ നീലക്കണ്ണുരുട്ടി പേടിപ്പിക്കും. പക്ഷേ ബ്രിട്ടോ ചിരിക്കുമ്പോഴുള്ള ഇടതുകവിളിലെ നുണക്കുഴിയില്ലേ, അതെനിക്കുമുണ്ട്.

        നാട്ടിലെ ആണുങ്ങൾക്ക് ബ്രിട്ടോയെ പേടിയാണ്.പെണുങ്ങൾക്ക് പ്രണയവും.ബ്രിട്ടോയിൽ നിന്നും ബ്രണ്ടൻ സായിപ്പ് ബാക്കിവച്ച പ്രണയം നാട്ടിൽ മീനിനൊപ്പം മണത്തു തുടങ്ങിയപ്പോൾ, അവന്റെ കെട്ടിയോൾ എങ്ങോട്ടോ ഇറങ്ങിപ്പോയി.
     പെണ്ണുങ്ങൾ ഒഴിഞ്ഞപ്പോൾ ഞാൻ മീൻവണ്ടിയോട് ചേർന്നുചെന്നു.കാര്യങ്ങളെല്ലാം കേട്ട്  നിറഞ്ഞ മീൻപെട്ടികളിലേക്ക് ബ്രിട്ടോ ഒരുതവണ നോക്കി.
      'നീ നടന്നാണോ പോണത്.?'ചെറിയ ചോദ്യത്തിന് പതർച്ച. 
      'സാവി ഇതറിഞ്ഞിട്ടില്ല' ഉത്തരവും അത്രയും ചുരുങ്ങി.വൈകി വന്ന ഒരുത്തി കൂകി വിളിച്ചു എന്നിട്ടും,മീൻതോറ്റമ്പാട്ടില്ലാതെ പാഞ്ഞുപോകുന്ന ആ വണ്ടിക്ക് പിന്നിൽ കാക്കകളെല്ലാം കരഞ്ഞ് പറക്കുന്നു.എനിക്ക് സാവിയായി നടപ്പിന്റെ ലക്ഷ്യം.

     സാവീസ് സിംഫണിയിൽ നിന്ന് ഗിത്താറിന്റെ ഭ്രാന്തൻ താളങ്ങൾ ഇറങ്ങിവരുന്നു.കക്കാരിശി
നാടകത്തിലെ താരമായിരുന്നു സാവിയുടെ അമ്മ.ബ്രണ്ടൻ സായിപ്പിന്റെ യാത്രകളിൽ പിന്നിലെപ്പോഴും ഗിത്താറുണ്ടാകും.കുറച്ചു കാലം ആ നാടകക്കാരിയുണ്ടായിരുന്നു.ആ യാത്രകളെ ഇന്നും നാടിനെ ഓർമ്മിപ്പിക്കുന്നത് സാവിയാണ്.ചില്ലുകൂട്ടിലെ പഴയ ഗിത്താറും, അമ്മയുടെ നാടക വേഷത്തിലുള്ള ചിത്രവുമാണ് സിംഫണിയിൽ കയറിച്ചെല്ലുന്നവർ ആദ്യം കാണുക.സാവിയുടെ ചെമ്പൻ മുടികളിൽ നരവീണു തുടങ്ങിയിരിക്കുന്നു.സാവിയുട ഭാര്യ,വയലിൻ തുടച്ചുവൃത്തിയാക്കുന്ന തിരക്കിലാണ്.എന്നെക്കണ്ട് അവരുടെ കവിളിൽ ചിരിക്കുഴി തെളിഞ്ഞു.സാവി, എനിക്കായി കസേരയിലേക്ക് ഗിത്താർ ബ്ലേഡ് പിടിച്ച കൈചൂണ്ടി..
       "എന്താടാ..?"
       "സൂസൻ പോയി."
       "ഉം" വയലിൻ താഴെ വച്ച് സാവിയുടെ ഭാര്യ അകത്തേക്ക് പോയി.ഞാൻ പുറത്തേക്ക് നടക്കുമ്പോൾ ഗിത്താറിന്റെ പതിഞ്ഞ താളവും ഒരു ശോകഗാനവും പിന്നാലെ വന്നു.

       സൂസന്റെ വീടിന് മുന്നിൽ ചിതറിനിൽക്കുന്ന നാലഞ്ചാളുകൾ.വെളുത്ത ഫ്രോക്കിട്ട് അവളുടെ ശാന്തമായ കിടപ്പ്.പൂക്കളുടെ ഇടയിലും അവൾക്ക് തന്നെയാണ് ഭംഗിയെന്ന് തോന്നി.നെറ്റിയിൽ ഉമ്മ വയ്ക്കുമ്പോൾ ഞാനൊന്ന് പതറി,വീഴാതിരിക്കാൻ സൂസന്റെ ഭർത്താവ് പിടിച്ചു.പുറത്തിട്ടിരുന്ന ഒരു കസേരയിലേക്ക് എന്നെ ഇരുത്തി.എന്തൊക്കെയോ ആശ്വാസ വാക്കുകൾ, ഞാനത് ഒട്ടും കേട്ടില്ല.
 ഉള്ളിലപ്പോൾ 'ജോയലേന്ന്..'സൂസന്റെ നീണ്ട വിളികൾ, ഞാനെണീറ്റ് ബാല്യത്തിലേക്ക് ഓടിപ്പോയി.

      സൂസനും ഞാനും തമ്മിൽ പതിമൂന്നു ക്രിസ്തുമസിന്റെ ദൂരമുണ്ട്.അമ്മയുടെ കൈയിൽ നിന്ന് എന്നെ വാങ്ങുമ്പോൾ അവളുടെ കുഞ്ഞുമുലയിലും ഞാനെന്റെ ചുണ്ട് മുട്ടിച്ചിട്ടുണ്ട്.അവളും ഞാനും കൂട്ടുകൂടുന്നത് സൂസന്റെ തള്ളയ്ക്കത്ര ഇഷ്ടല്ല.അവരിൽ നിന്നും എന്റെ അമ്മയിലെത്തിയ  ബ്രണ്ടൻ സായിപ്പ് തന്നെയാണ് കാരണം.തൊള്ളായിരത്തി എമ്പത്തിനാലിലെ ഭോപ്പാൽ ദുരന്തമോ, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതോ,ഒന്നുമല്ല ഈ നാടിനെ നടുക്കിയത് റയോൻസ് എസ്റ്റേറ്റുംപൂട്ടി മാനേജർ ബ്രിട്ടനിലേക്ക് പോയതും,വനംവകുപ്പിന്റെ കടുത്ത കാവലിലേക്ക് ഞങ്ങളുടെ സ്വന്തം കാട് മാറിയതുമാണ്.

       ഈ നാട്ടിലെ മനുഷ്യർക്ക് എസ്റ്റേറ്റിലെ ജോലിപോയതു മാത്രമല്ല ഉണങ്ങിയ വിറകെടുക്കാൻ പോലും ആ കാവലുകാരന്റെ സമ്മതം വേണമെന്നായി.കാട്ടിലേക്ക് കയറുന്നവരെ കാവലുകാരൻ മേലാകെ തപ്പിനോക്കും.ഒരു കുഞ്ഞു പിച്ചാത്തിപോലും അനുവദിക്കില്ല.ചിലരൊക്കെ കാവലുകാണാതെ ആറുനീന്തി കാട് കയറും വിറകുമായി തിരികെയും നീന്തും.

       ഞങ്ങടെ പറമ്പിനും കാടിനും ഒരതിരാണ്.കൊന്നപ്പത്തലും തുടലിമുള്ളും കുറുന്തോട്ടിയും ചേർന്നാണ് ഇടയിലെ വേലി. വീടിന്റെ മുറ്റമാണ് കാട്ടിലേക്കുള്ള വഴിയുടെ തുടക്കം.അവിടെ പിരമിഡ് ആകൃതിയിൽ കല്ലുകൾ അടുക്കി ജണ്ടകെട്ടിവച്ചിട്ടുണ്ട്.റയോൻസ് എസ്റ്റേറ്റ് എന്നൊരു പച്ചബോഡും. അതിന്റെ കീഴെ ഒരു ഓലപ്പന്തലിട്ട് എസ്റ്റേറ്റിൽ പണിക്കാർക്ക് മോരും ഉപ്പുമാങ്ങയും വിറ്റോണ്ടിരുന്ന എന്റെ അമ്മ,റോഡ് പണിക്ക് പോകാൻ തുടങ്ങി.ആറ്റിലിരുന്ന് കാരസോപ്പ് തേയ്ച്ച് കരിയിളക്കുന്ന അമ്മയോട് സൂസന്റെ അമ്മയും സഹതപിക്കും.

     എന്നും രാവിലെ, എന്നെ സൂസനെ ഏല്പിച്ചാണ് അമ്മമാരുടെ ആ പോക്ക്.സൂസന്റെ വീട്ടിൽ നിന്നും പത്ത് ചുവട് നടന്നാൽ കാടായി.ഞങ്ങള് കുട്ടികൾക്ക് കാവൽ നിയമങ്ങളൊന്നും ബാധകമല്ലല്ലോ. വെട്ടിപ്പഴവും ഞാവലും പറങ്കിമാങ്ങയും തിന്ന്  കാടരിച്ച് നടക്കും.സൂസനെ മാത്രം അയാൾ തപ്പി നോക്കാൻ തുടങ്ങും .അവളുടെ നാണിച്ച  ഇളക്കം കാണുമ്പോൾ ചിരിയോടെ അത് പിൻവലിക്കും. 

    കാവൽപ്പുരയിൽ ആ വിന്റേജ് മോഡൽ റേഡിയോ സിനിമാഗാനങ്ങൾ പാടിക്കൊണ്ടിരിക്കും, കാവലുകാരനും ഒപ്പം ചുണ്ടനക്കും.എന്നിട്ട് അതേ സിനിമയുടെ കഥ പറഞ്ഞുതരും.വലിയ മുഖമുള്ള ടോർച്ച് കാക്കി പാന്റ്, മുല്ലപ്പൂ സെന്റ്, അമൃതാഞ്ചൻ ബാം,നാനാ സിനിമാവാരിക.കാവലുകാരൻ ഞങ്ങൾക്ക് കൗതുകം മാത്രമായിരുന്നില്ല സുന്ദരനുമായിയിരുന്നു. എനിക്കൊരിക്കൽ  റേഡിയോയിൽ തൊട്ടുനോക്കാൻ ആഗ്രഹമുണ്ടായി.സൂസൻ വഴി  അതിന്റെ മുഖത്തെ ചക്രം ഒന്ന് തിരിക്കാൻ വരെ അയാൾ സമ്മതിച്ചു.ഏതോ സിനിമപ്പാട്ട് വന്നതും അയാൾ അതേ സിനിമയുടെ കഥ പറയാൻ തുടങ്ങി.

      ഇതിനിടയിലെപ്പഴാണ് സൂസനും കാവലും തമ്മിൽ പ്രേമിച്ചതെന്ന് എനിക്കറിയില്ല.കാട്ടിൽ ഞങ്ങളുടെ ഒരു ടൂറു പോക്കുണ്ട്.അന്നൊക്കെ നേരംവെളുക്കുംമുൻപ് ആണുംപെണ്ണും ടൂറുപോകും. ആറ്റിലിറങ്ങി ചന്തികൾ മുക്കിവച്ച് കഴുകും.ഞങ്ങൾ കുട്ടികൾക്കങ്ങനെ നേരമില്ല, മുട്ടുമ്പോൾ കുറ്റിച്ചെടികളുടെ മറവിലേക്ക് ഒറ്റയോട്ടമാണ്.എനിക്ക് ടൂറിന് സൂസൻ കൂട്ടുവരണം.കട്ടുറുമ്പും പാമ്പുമില്ലാത്ത ഒരു മൂട്ടിൽ എന്നെ ഇരുത്തിയിട്ട് അവളൊരു വിളിദൂരം മാറി നിൽക്കും.ഒന്നുരണ്ട് സ്പോട്ടുകൾ മാറിയിരുന്നാലേ എനിക്ക് മുട്ട് തീരു.ഇത്തിരി കാറ്റുംകൊണ്ട് അങ്ങനെ ഇരിക്കുമ്പോൾ അവള് ക്ഷമയോടെ കാത്ത് നിൽക്കും.സൂസാ സൂസന്ന് ടൂറിസ്റ്റ് താളത്തിൽ വിളിച്ചുവിളിച്ചങ്ങനെ ഞാനിരിക്കും.

    ഒരിക്കൽ മൂന്നാമത്തെ സ്പോട്ടിലേക്ക് മാറിയിരുന്ന ഞാനത് കണ്ടു, ഞാവലിന്റെ ചാഞ്ഞ കൊമ്പിൽ തൂങ്ങിക്കിടന്ന സൂസന്റെ പാവാടയും കാവലിന്റെ കാക്കി പാന്റും ഒരു പ്രത്യക താളത്തിൽ അനങ്ങുന്നു.ഞാൻ കരഞ്ഞു.സൂസൻ എന്റെ വായ പൊത്തിപ്പിടിച്ചു അവളുടെ ഉടുപ്പിൽ നിറയെ ഞാവലിന്റെ നിറം,മുടിയിൽ ഒരു കരിയില,കഴുത്തിൽ വിയർപ്പ്.ആറ്റിലിരുന്ന് ചന്തി കഴുകുമ്പോൾ സൂസന്റെ മഹാ ഓഫർ.."ചെക്കാ, കാവല് എന്നെ കെട്ടുമ്പോൾ ആ റേഡിയോ സത്യമായും നിനക്ക്" ഇത്രയും വലിയ സമ്മാനത്തിനടിയിൽ അവരുടെ പ്രണയം എനിക്ക്  മറച്ചുവയ്ക്കേണ്ടി വന്നു.

       ചില രാത്രികളിൽ എനിക്ക് കൂട്ടുകിടക്കാൻ സൂസൻ വരും.അന്ന് അമ്മമാര് ഓരോന്നൊക്കെ പറഞ്ഞുപറഞ്ഞ് വീടിന്റെ ഇറയത്ത് കിടക്കും.ഞാൻ ഉറങ്ങിയോന്ന് നോക്കി പിൻവാതിലിന്റെ വായപൊത്തിപ്പിടിച്ച് അവള് കാവൽപ്പുരയിലേക്ക് പോകും.ഏതോ സിനിമാപ്പാട്ടിന്റെ പശ്ചാത്തലത്തിൽ കാട് പൂത്തങ്ങനെ നിൽക്കുന്നതും,വിവാഹ വേഷത്തിൽ കാവലും സൂസനും ചിരിച്ചു നിൽക്കുന്നതും,റേഡിയോയും പിടിച്ച് അവർക്ക് മുന്നിൽ ഞാൻ നടക്കുന്നതും സ്വപ്നം കാണും.പുലരാൻ തുടങ്ങുമ്പോൾ മുല്ലപ്പൂസെന്റിന്റെ മണമുള്ള അവളുടെ കെട്ടിപ്പിടുത്തം എനിക്കറിയാം.

       എന്തിനാണ് കാവൽ അങ്ങനെ ചെയ്തത്.? ഞാവൽ മരത്തിന്റെ താഴത്തെ തടിച്ച കൊമ്പിൽ കരിനീലിച്ചങ്ങനെ കെട്ടിത്തൂങ്ങി നിന്ന കാവലിന് വേണ്ടി, ഒരു സ്ത്രീ വലിയവായിൽ കരയുന്നത് ഒരു തടിയൻ യൂക്കാലിയുടെ മറവിൽ നിന്ന ഞാനും സൂസനും കണ്ടു.അവര് കാവലിന്റെ ഭാര്യയാണോ, ആ കുട്ടികൾ കാവലിന്റെ മക്കളായിരിക്കുമോ?.എന്റെ ചോദ്യങ്ങൾക്ക് മറുപടിപോലും തരാതെ പുറുത്തിച്ചക്കയും പപ്പായയും  കാരമുള്ള് സഹിതം കടിച്ചുമുറിച്ചു  തിന്നുന്ന സൂസനെക്കണ്ട് എനിക്ക് പേടിതോന്നി.അയക്കയർ അഴിച്ച് അവളുടെ വള്ളിച്ചാട്ടങ്ങൾ ഞാൻ നൂറുവരെ എണ്ണി, പറങ്കിമാവിൽ തലകീഴായി തൂങ്ങിക്കിടന്ന സൂസൻ പറഞ്ഞു."ആ ചതിയന്റെ ഒരു വിത്ത് എന്റെ വയറ്റിലുണ്ട്  അതിനെ ഞാനിന്നു കൊല്ലും, ഇല്ലെങ്കിൽ ഞാനങ്ങ്...." സൂസൻ പാതിയിൽ നിർത്തി.ഒരു പച്ച പപ്പായക്കഷ്ണമെടുത്ത എന്നെ അവളന്ന് ആദ്യമായിട്ട് തല്ലി.

        അന്ന് രാത്രിയിയിലും സൂസൻ കാടിന്റെ നിലാവിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ, അവളറിയാതെ ഞാനും പിന്നാലെ നടന്നു.ആറിന്റെ കരയിലെ പാറപ്പുറത്തിരുന്ന്,കാറ്റിലിളകുന്ന ഞാവലിനെ നോക്കുന്ന സൂസൻ.ആറ്റിലെ ഓളങ്ങളുടെ താളത്തിൽ വിതുമ്പലുകൾ.ഞാനവളുടെ ഓരത്തിരുന്നു.പിന്നെ മടിയിലേക്ക് കിടന്നു.അവളെന്റെ നെറ്റിയിൽ ഉമ്മവച്ചു.ഒരു മലമുഴക്കി ഞങ്ങൾക്ക് വേണ്ടി ഉറക്കെയുറക്കെ കരഞ്ഞു.ഞാൻ സൂസന്റെ കണ്ണിലേക്ക് നോക്കി. 
      "സൂസാ നീ ഇതിനെ കൊല്ലണ്ട വിറകുവെട്ടി വിറ്റെങ്കിലും ജീവിക്കാം"
      "അതു കഴിഞ്ഞാ"
      "പറങ്കിയണ്ടി പറിച്ചുവിറ്റ് ജീവിക്കാം"
      "അതു കഴിഞ്ഞാ"
      "ഈ ആറ്റിലെ തിലോപ്പിയ പിടിച്ചുവിറ്റ് ജീവിക്കാം"
      "അതു കഴിഞ്ഞാ"
      "പട്ടണത്തില് ചെന്ന് മോര് വിറ്റ് ജീവിക്കാം.."
      "അതും കഴിഞ്ഞാ...." എനിക്ക് ഉത്തരം മുട്ടി, എന്റെ നെറ്റിയിൽ അവൾ വീണ്ടും ഉമ്മ വച്ചു.എന്റെ തല അവളുടെ വയറ്റിൽ അമരാതിരിക്കാൻ ഞാൻ ശ്രമിച്ചു.നിലാവിലൂടെ ഞങ്ങൾ ആ രാത്രി കാടരിച്ച് നടന്നു.തിരികെ വീട്ടിലേക്ക് എന്നെയുമെടുത്ത് അവൾ നടന്നു.'അതു കഴിഞ്ഞാ, അതു കഴിഞ്ഞാ'നൂറ്റാണ്ട് മുൻപ് ഉറക്കം നഷ്ടപ്പെട്ട ചീവിടുകളും എന്നോട് ഒരു നൂറായിരം തവണയും ചോദിച്ചു.

       കാലിലൂടെ ചോരയും ഒലിപ്പിച്ചു നിന്ന സൂസനെ ഇരുട്ട് മുറിയിൽ നിർത്തി അമ്മമാര് ചോദ്യംച്ചെയ്തു.
      "ആരെടി, ആരാണ് പെണ്ണേ, നീയൊന്ന് വാ തുറ..." സൂസൻ ആറ്റിന്റെ കരയിലെ പാറപോലെ നിന്നു.അവളുടെ തള്ള കവിളിൽ പലതവണ തല്ലി,എന്നിട്ട് ഒരു മൂലയിൽ ചെന്നിരുന്ന് നെഞ്ചിലടിച്ച് കരഞ്ഞു. 
      "മക്കളേ നീയെങ്കിലും ഒന്നു പറ.." അവരുടെ ശബ്ദം കരച്ചിലിൽപ്പെട്ടു.എന്റെ അമ്മ എന്നെയും അടുപ്പിലേക്കും മാറിമാറി നോക്കി.ആ തീയിലിരുന്ന് പഴുത്തുചുവന്ന ചട്ടുകം കണ്ടപ്പോൾ,ഞാൻ ഉള്ളതെല്ലാം റേഡിയോ നാടകം കണക്കങ്ങ് പറഞ്ഞു.സൂസൻ എന്നെയപ്പോൾ കാഞ്ഞ ഒരു നോട്ടം. 

       ആ രാത്രിയിൽ 'ദൈവ സഹായം' ഓട്ടോയിൽ അമ്മമാരുടെ നടുവിലിരുന്ന് സൂസൻ ആശുപത്രിയിലേക്ക് പോകുമ്പോൾ ഞാൻ ഈ വീട്ടിലൊറ്റയ്ക്ക് പേടിച്ചു വിറച്ചു കിടപ്പായിരുന്നു. റേഡിയോയിൽ സ്റ്റേഷൻ മാറുന്ന തരത്തിൽ ഇടയ്ക്കിടയ്ക്ക് പൊട്ടുന്ന എന്റെ കരച്ചിലിനോട് എനിക്കുതന്നെ വല്ലാത്ത വെറുപ്പു തോന്നി.രണ്ട് ദിവസം കഴിഞ്ഞപ്പോൾ കൂട്ടുകിടക്കാൻ വന്ന സൂസനോട് ഞാൻ രഹസ്യമായി ചോദിച്ചു.
      "അവരതിനെ കൊന്നാ സൂസാ..?"
      "ഇല്ലെട, കാവലിന്റെ വെറും പൊട്ട വിത്തായിരുന്ന്." ഞാൻ ചിരിച്ചു,സൂസനെന്നെ കെട്ടിപ്പിടിച്ചു.
      "അതു കഴിഞ്ഞാ അതു കഴിഞ്ഞാ..." സൂസൻ എന്നെ കളിയാക്കി.എന്നിട്ട് വയറ്റിലിക്കിളിയാക്കി.
      "ഇനിയും അവരെ കാക്കണോ." 
      "വേണ്ട" സൂസന്റെ ഭർത്താവിനോട് പകുതി ബോധത്തിൽ മറുപടി പറയുമ്പോൾ എന്റെ വയറ്റിൽ സൂസൻ ഇളക്കിവിട്ട ഇക്കിളിയും മുഖത്തെ ചിരിയും മാഞ്ഞിരുന്നില്ല.'അതു കഴിഞ്ഞാ, അതു കഴിഞ്ഞാ' സൂസനപ്പോഴും എന്റെ ചെവിയിൽ പറഞ്ഞുകൊണ്ടേയിരുന്നു.

        പള്ളിപ്പറമ്പിൽ നിർത്തിയിട്ടിരുന്ന മീൻവണ്ടിയിൽ ചാരിനിന്ന ബ്രിട്ടോ, ആമ്പുലൻസിനടുത്തേക്ക് ഓടിയോടി വരുന്നത് ഞാനും കണ്ടു.സൂസന്റെ ഭർത്താവ് 'ഒന്നു നിർത്തിക്കൊട്' എന്ന താളത്തിൽ ഡ്രൈവറെ തൊട്ടു.ആമ്പുലൻസ് മനസ്സില്ലാമനസ്സോടെ നിന്നു.ബ്രിട്ടോ സൂസന്റെ മുഖത്തേക്ക്  അല്പനേരം നോക്കിനിന്നു.കണ്ണുകൾ നിറഞ്ഞു.മുഖത്ത് തൊടാനെന്ന വിധം വണ്ടിയുടെ കണ്ണാടി വാതിലിൽ കൈവച്ചു.ചുണ്ടുകൾ നിറയെ മീനുമായി പറക്കുന്ന കാക്കകളെ കണ്ടിട്ടും വണ്ടിയിലേക്ക് നോവുതാളത്തിൽ നടക്കുന്ന ബ്രിട്ടോയെ ഞാനും സൂസന്റെ ഭർത്താവും നോക്കിയിരുന്നു. മീൻവണ്ടിക്ക് പിന്നാലെ പറക്കുന്ന കാക്കകൾ ബ്രിട്ടോയ്ക്ക് വേണ്ടിയും കരയാൻ തുടങ്ങി. 

       " എന്റെ മാതാവേ, ഇങ്ങനെ ഇവൻ മിൻ കച്ചോടം ചെയ്താൽ ഇവനെയും തിരക്കി ഏതൊക്കെ നാട്ടീന്ന് പിള്ളാര് വരുമേന്തോ" ഗ്രൂപ്പിൽ വായ പൊത്തിച്ചിരിയുടെ സ്മൈലികൾ നിറയും.ബ്രിട്ടോ കൈകൂപ്പിയ സ്മൈലികൾ കൊണ്ട് പ്രതിരോധം തീർക്കും. 

       സൂസനെ കുഴിയിലേക്ക് ഇറക്കുന്ന കയറിന്റെ ഒരറ്റത്ത് നിൽക്കുമ്പോഴാണ് കുഴിവെട്ടുകാരുമായി എന്തോ പറഞ്ഞ് തർക്കിക്കുന്ന ആന്റോയെ ഞാൻ ശ്രദ്ധിച്ചത്.ഒരുകുട്ടയിൽ നിറയെ അരളിപ്പൂവുമായി പാതിരിയുടെ പിന്നിലൂടെ നടന്ന് സകലർക്കും വിതരണം ചെയ്യുന്ന സാന്റോ ഇടക്ക് എന്നെയും ഒന്ന് നോക്കി.

        മെഴുകുതിരികളെല്ലാം കത്തിച്ചുവച്ച് അടക്കിന് കൂടിയവരെല്ലാം ശ്മശാനത്തിന് പുറത്തേക്ക് നിശ്ശബ്ദം നടക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്,തെമ്മാടി കുഴിയോട് ചേർന്ന മതിലിനുമുകളിൽ സിഗരറ്റും വലിച്ചിരിക്കുന്ന സാവി.മതിലിന് താഴെ ചാരിവച്ചിരുന്ന ഗിത്താറിന്റെ സമീപത്ത് പനിനീർ പൂവിൽ തീർത്ത ഒരു റീത്തുണ്ട്,ചുവന്ന വലിയ അക്ഷരത്തിൽ 'ബ്രണ്ടൻ മക്കൾസ്' എന്ന എഴുത്ത്. 'സാവി നീയൊന്ന് പാട്...'സൂസനതു പറഞ്ഞാൽ സാവിയുടെ വോയിസ് റെക്കോർഡ് അടുത്ത് മിനിറ്റുകളിൽ എത്തും.ചുംബനങ്ങളുടെ,കെട്ടിപ്പിടിക്കലിന്റെ, കൈയടിയുടെ സ്മൈലികൾ ഗ്രൂപ്പിൽ നിറയും.അന്ത്യഗാനത്തിന് സൂസന്റെ അനുമതിക്ക് ആളൊഴിയാൻ കാത്തിരിക്കുന്നതാകും.

       വീട്ടിലേക്ക് നടക്കുമ്പോൾ ഫോണിലേക്ക് പുതിയ നോട്ടിഫിക്കേഷനുകൾ വന്നുവീഴുന്ന ശബ്ദം.
'ബ്രണ്ടൻ മക്കൾസി'ൽ നിന്നും സൂസനെ സാവി ഒഴിവാക്കിയിരിക്കുന്നു.ഗ്രൂപ്പിന്റെ മുഖച്ചിത്രമായി വഴിനീളെ ഒട്ടിച്ചിരുന്ന 'പ്രിയ സൂസന് ആദരാഞ്ജലികളെ'ന്നെഴുതിയ ബ്ളാക്ക് ആന്റ് വൈറ്റ് പൂക്കളുടെ നടുവിലെ കളർചിത്രം.       
         സാവി 'ബ്രണ്ടൻ മക്കൾസ്'പേരിൽ കല്ലറയിൽ വച്ച റീത്തിന്റെ ഫോട്ടോയിട്ടു,ഒപ്പം കറുത്ത കൂപ്പുകൈയുടെ സ്മൈലികൾ.ബ്രിട്ടൻ യാത്രയെക്കുറിച്ച് ആന്റോയുടെ ചോദ്യം,ടിക്കറ്റ് വകയിൽ ബാങ്കിൽ ബ്രിട്ടോ നിക്ഷേപിച്ച തുകയുള്ള രസീതിയുടെ ഫോട്ടോയിട്ടു.പിന്നാലെ സാന്റോയുടെ ഷെയ്ക്ക് ഹാന്റ് സ്മൈലികൾ.ഒരു കറുപ്പൻ തമ്പുമിട്ട് എത്രയും വേഗം ഡയറിയിൽ ഇന്നത്തെ ദിവസത്തെ ഇങ്ങനെ കുറിച്ചിടാനുള്ള ആവേശത്തോടെ ഞാനോടുകയായിരുന്നു.

       'അതു കഴിഞ്ഞാൽ, അതു കഴിഞ്ഞാൽ' സൂസന്റെ പറച്ചിലും ചിരികളും ഇപ്പോഴും എന്റെ പിന്നാലെയുണ്ട്.ഞാൻ പുതിയൊരു ഡയറിയെടുത്ത് അതിരിലെ ജണ്ടയിൽ ചെന്നിരുന്ന് കാടിനെ നോക്കി ഇന്നത്തെ ദിവസം കുറിച്ചിടാൻ തുടങ്ങി.
        കസേരയിൽ ഊരിയിട്ടിരുന്ന എന്റെ ഉടുപ്പിന്റെ പോക്കറ്റിൽ സൂസന്റെ കല്ലറയിൽ നിന്നെടുത്ത ഒരുപിടി മണ്ണും,പാതികത്തിയ മെഴുകുതിരിയും അതിലിടാൻ മറന്നുപോയ പൂക്കളുമുണ്ടായിരുന്നു. അതെല്ലാം മുറ്റത്തേക്ക് കുടഞ്ഞിട്ടിട്ട് അവളും,ഇപ്പോൾ ദേ നിങ്ങളും എന്നെ എന്തിനാണിങ്ങനെ തുറിച്ചുനോക്കുന്നത്.? ഇനി ഞാനെങ്ങാനും കേറി കെട്ടിത്തൂങ്ങി ചാകുമെന്നു കരുതിയാണോ..?!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636