Monday, 8 May 2017

CRIME NO 302/2017 U/S ഈഡിപ്പസ്..!!

CRIME NO 302/2017 U/S ഈഡിപ്പസ്...!!

മുൻകൂർജാമ്യം

അടുത്തകൊല്ലത്തെ ദേശീയ അവാർഡിനായി നിർമ്മിക്കാൻ താല്പര്യപ്പെടുന്ന ലഘുസിനിമയുടെ തിരക്കഥയ്ക്ക് മുന്നേയുള്ള തിരുത്തിത്തുടങ്ങിയ കഥയാണ്. ഇതിൽ പരാമർശിക്കുന്ന കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം, ജീവിച്ചിരിക്കുന്നവരുമായോ ജയിലിൽ കഴിയുന്നവരുമായോ ഈ തിരുത്താത്ത കഥയ്ക്ക് ബന്ധമില്ല.

സീൻ ഒന്ന്
പ്രമുഖമാധ്യമസ്ഥാപനത്തിന്റെ ഗേറ്റ് ചവിട്ടിത്തുറന്ന് നായകൻ വരുന്നു. ഖദറും കറുത്തപാന്റും കണ്ണടയും തുണിസഞ്ചിയും വേഷം. വാതിലിൽ പ്രവേശിക്കും മുന്നേ ചുണ്ടിലെരിയുന്ന സിഗരറ്റ് വലിച്ചെറിയുന്നു...
ക്യാമറ അതിൽ ഫോക്കസുചെയ്യുന്നു. എരിയുന്ന നായകന്റെ മനസ് എന്ന് സൂചനയിൽ
കട്ട്.

റിസപ്ഷനിലെ പെൺക്കുട്ടി വിറയലോടെ നായകന് ശുഭദിനം പറയുന്നു. അവൾ ആരാധനയോടെ നായകനെ നോക്കുന്നു.അവളുടെ ചുണ്ടുകളിൽ ക്ലോസപ്പ്. ചീഫ് എഡിറ്ററെ കാണണമെന്ന് ആക്രോശിക്കുന്ന നായകനെ അവൾ തടയാൻ ശ്രമിക്കുന്നു. ഈ സമയം അവർ പ്രണയത്തിലാകുന്നു. ഒന്നാമത്തെ പാട്ട്.

ശബ്ദം കേട്ട് മുറിയിൽ നിന്നിറങ്ങിവരുന്ന കോട്ട് ധരിച്ച ചീഫ് എഡിറ്റർ, സമീപകാലത്തെ സിനിമകളിൽ വേശ്യാവൃത്തിയ്ക്ക് ബ്രോക്കറായി അഭിനയിച്ച് തകർത്ത ഒരു നടനെ കാസ്റ്റ് ചെയ്യണം. നായകനും എഡിറ്ററും അടുത്തടുത്ത് വരുമ്പോൾ നായികയുടെ മുഖത്തെ പിരിമുറുക്കം കാണിക്കണം. ഒടുവിലവർ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ കുരിശുവരയ്ക്കുന്ന നായികയിൽ
കട്ട്

എഡിറ്ററും നായകനും മുഖാമുഖം ഇരിക്കുന്നു. നായകന്റെ മുഖത്ത് ക്ലോസപ്പ്...
കൈയിലിരിക്കുന്ന പത്രം മേശപ്പുറത്തേക്ക് നായകൻ വലിച്ചെറിയുന്നു...

ഒരു പത്രത്തിന്റെ പിൻബലത്തിൽ  ആടിനെപട്ടിയാക്കുന്ന തന്റെ ചീഞ്ഞപത്രത്തിന്റെ നയം തിരുത്തിയില്ലെങ്കിൽ ഈ സ്ഥാപനത്തിന്റെ കവാടത്തിൽ ഗോദ്രേജിന്റെ പൂട്ട് വീഴും വരെ നിയമത്തിന്റെ ഏതറ്റവരെയും....
എന്ന ഡയലോഗ്.

എഡിറ്റർ നായകനെ നോക്കി പരിഹസിച്ച് ചിരിക്കണം. ഇന്റർ കോമിൽ കുഞ്ഞിരാമൻ ഒന്നു വരു എന്നു പറയുന്നു...മെലിഞ്ഞ് ടൈ കെട്ടിയ ഒരു ഹാസ്യനടൻ എഡിറ്ററുടെ മുന്നിൽ വിനയപ്പൂർവ്വം നിൽക്കുന്നു..
വായിച്ചുകൊടുക്കെടാ പോലീസ് റിപ്പോർട്ട് എന്ന് എഡിറ്റർ പറയുമ്പോൾ നായകന്റെ മുന്നിൽ കുഞ്ഞിരാമൻ ആസ്വദിച്ച് ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പിയിലെ റിപ്പോർട്ട് വായിക്കുന്നു.

ക്രൈം നമ്പർ 302/2017 അണ്ടർ സെക്ഷൻ....

അമ്മയെ മകൻ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തുകൊന്നു. വായന നിർത്തി കമഴ്ന്നിരിക്കുന്ന നായകനെ നോക്കി  ആംഗ്യം കാണിക്കുന്നു.
പതിനേഴുകാരനായ മകൻ മനോരോഗിയായ അമ്മയെ വീട്ടിൽ പിതാവും ഇളയകുട്ടികളും ഇല്ലാത്ത അവസരത്തിൽ ബോധം കെടുത്താനുള്ള മരുന്ന് നൽകി ബലാത്സംഗം ചെയ്തു. ഇതിനിടയിൽ ഉണർന്ന അമ്മയും മകനും  തമ്മിലുണ്ടായ മൽപ്പിടുത്തത്തിൽ   കട്ടിലിന്റെ വശത്ത് തലയടിച്ച സ്ത്രീ മരിക്കുകയായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാരെ അമ്മയ്ക്ക് ഇന്ന് കൂടുതലാണെന്ന് പറഞ്ഞ് പ്രതി കൗശലപൂർവ്വം തിരികെ അയച്ചു.തുടർന്ന് വാർന്നുപോയ രക്തം കഴുകിക്കളഞ്ഞ് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും പോസ്റ്റുമാർട്ടം കഴിഞ്ഞ് ശവം മറവു ചെയ്യുവോളം കൂടെ ഉണ്ടാകുകയും ചെയ്തു.  മനോരോഗിയായി അഭിനയിക്കാറുള്ള പ്രതിയിൽ സംശയം തോന്നിയ പോലീസ് റീപോസ്റ്റുമാർട്ടത്തിലൂടെയും. തുടർ ചോദ്യം ചെയ്യലിലൂടെയും കുറ്റം തെളിയിക്കുകയായിരുന്നു.  ഐ പി സി 302. 376 എന്നിവ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു..കൂടുതൽ പ്രതികളെക്കുറിച്ചറിയാൻ
സംഭവ സ്ഥലം സർക്കിളിന്റെ.....

നിർത്തൂ എന്ന് അലറിവിളിച്ച് നായകൻ പുറത്തേക്ക് ഇറങ്ങിയോടുമ്പോൾ ചീഫ് എഡിറ്റർ കുലുങ്ങിച്ചിരിക്കുന്നു.
റിസപ്ഷനിലെ പെണ്ണ് കണ്ണീർ തുടയ്ക്കുന്നു. നായകന്റെ മനസുപോലെ മുൻപ് വലിച്ചെറിഞ്ഞ് പുകഞ്ഞുകൊണ്ടിരിക്കുന്ന സിഗരറ്റിൽ ക്യാമറ കട്ട് ചെയ്യുന്നു...

സീൻ രണ്ട്.

സെന്റ്രൽ ജയിലിന്റെ കമാനം, നീണ്ട ഇടവഴിയിലൂടെ നായകൻ നടന്നുവരുന്നു. ഒന്ന് രണ്ട് പ്രതികളുമായി പോലീസുകാർ പോകുന്നു. തടവുപുള്ളികൾ പണിയായുധങ്ങളുമായി പോകുമ്പോൾ അവരുടെ നമ്പരുകൾ വ്യക്തായി കാണിക്കണം. സംഖ്യകൾക്ക് എന്തെങ്കിലും അർഥം സിനിമ നിരൂപകർ കണ്ടെത്തിക്കോളും..
ജയിൽ വാർഡൻ എന്ന റൂമിന്റെ വാതിൽ കാണിക്കുമ്പോൾ സെല്ലുകളുടെ നീണ്ടനിര ഒന്നിൽ മാത്രം കൈകൾ പുറത്തേക്കിട്ടിരിക്കുന്നു...
കട്ട്

നായകൻ ജയിലർക്ക് ഏതോ കത്ത് നൽകുന്നു...
ജയിലർ കത്ത് മേശപ്പുറത്തേക്കിട്ട് ഒരു പരിഹാസം കലർന്ന സ്വരത്തിൽ ഒരു പി സി യെ വിളിക്കുന്നു...
കട്ട്...

നീണ്ടവരാന്തയിലൂടെ പി സി യും നായകനും നടന്നുപോകുന്നു..സന്ദർശനമുറിയിലേക്ക് പ്രവേശിക്കുന്നു...
കട്ട്
ഒറ്റബെഞ്ചിൽ കാത്തിരിക്കുന്ന നായകൻ.  സമയം പോകുന്നു എന്ന് കാണിക്കാൻ ക്ലോക്കിന്റെ ദൃശ്യം
ഇരുമ്പ് വാതിൽ തുറക്കുന്ന ശബ്ദം, ചിരിയോടെ തുറന്നുപിടിച്ച കത്തുമായി പി.സി
കട്ട്

കത്ത് നിവർത്തിപ്പിടിച്ച് നായകൻ കത്തിൽ ഒരു യുവാവിന്റ രൂപം പശ്ചാത്തലത്തിൽ കത്തിലെ ഭാഗങ്ങൾ വായിക്കുന്നത് കേൾക്കാം...

പ്രിയപ്പെട്ട മാഷേ ആരെയും കാണാനുള്ള കരുത്തില്ല.  എനിക്ക് ഭ്രാന്താണെന്ന് ഉറപ്പായി. അവിടെ സംഭവിച്ചതിനെപ്പറ്റി എനിക്ക് ഓർക്കാൻ തന്നെ കഴിയുന്നില്ല... ഞാൻ എന്താണ് ചെയ്തത്. പറ്റിപ്പോയത് മറയ്ക്കാൻ കാട്ടിയതും പ്രശ്നായി.  അന്ന് ക്ലാസിൽ പറഞ്ഞ ഈഡിപ്പസിന്റെ കഥ സത്യമാണെന്ന് ഞാനിപ്പോൾ അറിയുന്നു. എന്നെ ജാമ്യത്തിലിറക്കാൻ അച്ഛനോട് പറയണം ആ കാലിൽ വീണ്....

കത്തിൽ കണ്ണീർ വീഴുന്നു. കത്തിലെ മുഖം മായുന്നു...
ജയിലിന്റെ വാരാന്തയിലൂടെ കത്ത് പാറിപ്പോകുന്ന ദൃശ്യം. സെല്ലിൽ നിന്ന് പുറത്തേക്ക് നീണ്ടുനിൽക്കുന്ന കൈകൾ...
കട്ട്

സീൻ മൂന്ന്
മുറ്റമാകെ കരിയിലമൂടിയ വീടിന്റെ ഗേറ്റ് പൂട്ടി തിരിയുന്ന വീട്ടുടമ. എതിരേ നിൽക്കുന്ന നായകൻ...
സംഭാഷണങ്ങൾ, വീട്ടുടമയുടെ മറുപടി...

ഞാൻ കരുതി വീട് വാങ്ങാൻ വന്നതാണെന്ന്, ഇനി ഒരു മനുഷ്യർക്കും ഇത് വേണ്ടിവരില്ല നിങ്ങളെപ്പോലെ വല്ല എഴുത്തുകാരും ഈ ഭാർഗവിനിലയത്തിലേക്ക് വന്നാലായി...
സ്വന്തം തള്ളയെ ശ്ശേ വെറുപ്പുതോന്നുന്നു...
വീട്ടുടമ വെറുപ്പോടെ നിലത്തേക്ക് തുപ്പുന്നു. നടന്നുപോകുന്നു..ഗേറ്റിൽ ചാരി നിൽക്കുന്ന നായകൻ
സിനിമയുടെ ഒരു പ്രോഡ്യുസറുടെ ഉല്പന്നമായ ഗോദ്രേജ് പൂട്ടിൽ  ക്യാമറ കട്ട് ചെയ്യുന്നു

സീൻ നാല്..
പഴകിയവീടിന്റെ പിൻ വശത്തെ ചായ്പ്പിൽ പ്രതിയുടെ പിതാവും നായകനും സംസാരിച്ചിരിക്കുന്നു. നായന്റെ കസേരയുടെ പിന്നിൽ എഴുതിയിരിക്കുന്ന ഫാമിലി പ്ലാസ്റ്റിക്ക് എന്ന പേര് വ്യാക്തായി കാണിക്കണമെന്ന് മറ്റൊരു പ്രൊഡ്യൂസർ വാശുപിടിക്കുന്നുണ്ട്. നായകനെയും പിതാവിനെയും മാറി മാറിക്കാണിക്കണം. നായകൻ പോക്കറ്റിൽ നിന്ന് വിലകൂടിയ സിഗരറ്റ് പുറത്തെടുക്കുന്നു...
രണ്ടാളും പുറത്തുവിടുന്ന പുക ഒന്നായി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്നു.
ആരോഗ്യവകുപ്പിന്റെ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് മുന്നറിയിപ്പ് സ്ക്രോൾ വിടണം കട്ടിലിനു താഴെയിരുന്ന് കളിക്കുന്ന നാലാം ക്ലാസുകാരനായ കുട്ടിയെ നോക്കി നായകൻ സിഗരറ്റ് വലിച്ചെറിയുന്നു....

പ്രതിയുടെ പിതാവ് വലിക്കുന്നു....
അദ്ദേഹം ചുമയ്ക്കുന്നു....

അഞ്ചുവർഷമായി അവളെക്കുളിപ്പിക്കുന്നതും എടുത്ത് കിടത്തുന്നതും അവൻ തന്നാ. ഇത്തവണയെന്തുപറ്റി. അവൾ ഇടയ്ക്ക് ഇങ്ങനെ ആക്രമിക്കാറുണ്ട് അങ്ങനെയാണോ അവന്റെ കഴുത്തിൽ മുറിവേറ്റത്..? അവനും ചികിത്സ തുടങ്ങിയിരുന്നു. അവളെപ്പോലെ ഉപദ്രവം ഒന്നും തുടങ്ങിയിട്ടില്ല.  എപ്പൊഴും ശാന്തമായ പ്രകൃതം ഇടയ്ക്ക് പൊട്ടിത്തെറിക്കും..പോലീസുകാർ അവളുടെ ജഡം റീപോസ്റ്റുമാർട്ടത്തിന് കൊണ്ടുപോയതിന്റെ പിറ്റേദിവസം എന്റെ മുന്നിൽ വച്ച് പറയിച്ചതൊന്നും എനിക്ക് വിശ്വസിക്കാനാകുന്നില്ല.
കട്ടിലിൽ തലയടിച്ചാണ് മരണമെന്ന് ഞാൻ റിപ്പോർട്ടിൽ വായിച്ചതാ. പിന്നെന്ത് കണ്ടെത്തലാണെന്നെനിക്കറിയില്ല...
മൂത്തവർ ജീവിച്ചിരിക്കേ ദഹിപ്പിക്കാൻ പാടില്ലെന്നല്ലേ ? അതില്ലായിരുന്നെങ്കിൽ അവനെതിരേ എന്ത് തെളിവുണ്ടാകുമായിരുന്നു.? കുഴിച്ചെടുത്താൽ കൂടുതലൊന്നും കണ്ടെത്തിയില്ലെങ്കിൽ അവർക്ക് നാണക്കേടാകുമോ എന്ന് തോന്നിയിട്ടാകും..അവൻ എല്ലാത്തിനും തലയാട്ടും അത് അവന്റെ പ്രകൃതാ..
ഒന്നരമാസം കഴിയുന്നു മാഷേ എനിക്ക് കഴിയില്ല ജാമ്യത്തിനൊന്നും. മഴയ്ക്കുമുന്നേ കയറണം എന്നുകരുതിയ പുരവിറ്റു. ഇളയപെണ്ണിനെ തൃശൂരിലെ ബാലികാമന്ദിരത്തിലാക്കി. ഈ മിണ്ടാപ്രാണിയെ എവിടേലും എത്തിക്കണം. ഇവർക്കുള്ള ഒരു സ്ഥാപനം വയനാടുണ്ടെന്ന് കേട്ടു. കിട്ടിയ കാശ് ആ പെണ്ണിന്റെ പേരിൽ ബാങ്കിലിട്ടു...

എനിക്കും പോണം,നാട്ടുകാരുടെയും ബന്ധുക്കളുടെയും നോട്ടം സഹിക്കണില്ല...
അവൻ ഇവിടെ വന്നാൽ മുഴുവട്ടനാകും.

പിതാവ് ശക്തിയായി  ചുമയ്ക്കുന്നു.
സിഗരറ്റ് വലിച്ചെറിയുന്നു.
ഫാമിലിപ്ലാസ്റ്റിക്കിന്റെ ചുവന്നകസേരയിൽ രണ്ടായിരത്തിന്റെ നോട്ടിലെ ഗാന്ധിചിത്രത്തിൽ ക്യാമറ കട്ട് ചെയ്യുന്നു...

ശുഭം...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

Thursday, 4 May 2017

ശ്മശാനത്തിലെ കണ്ണുകൾ...!!

ശ്മശാനത്തിലെ കണ്ണുകൾ...!!

മികച്ചറെസലൂഷനും, എച്ച് ഡി ക്വാളിറ്റിയും നാലു വ്യത്യസ്ഥ  ആംഗിളുകളുമായി ഞങ്ങൾ നാലരവർഷമായി ഇവിടെ കാവലിരിക്കാൻ തുടങ്ങിയിട്ട്...

"ശ്മശാനത്തിൽ സാമൂഹ്യവിരുദ്ധശല്യം"  തേഡ് ഐ എന്ന സി.സി ടിവി സ്ഥാപനമൊതലാളി നഗരസഭയ്ക്ക് കള്ളപേരുകളിൽ അയച്ചപരാതി നഗരസഭഗൗരവമായി പരിഗണിക്കുകയും, നഗരമധ്യത്തിലെ ശ്മശാനത്തിൽ ഞങ്ങളെ സ്ഥാപിക്കാൻ ഉത്തരവിറക്കുകയും ചെയ്തു.

കമ്മീഷന്റെ വലിപ്പത്തിൽ തേഡ് ഐ ആ കരാറ് നേടിയെന്ന് പറയേണ്ടതില്ല. ഇരുപത്തിരണ്ട് സെന്റ് പുരയിടത്തിൽ ഞങ്ങളെ തറച്ചു. നിങ്ങൾ നിരീഷണത്തിലാണെന്ന് എഴുതിയും വച്ചു...
ഇത് കണ്ട് ബോധ്യപ്പെട്ട എക്സിക്യുട്ടീവ് എഞ്ചിനിയർ ഡി വി ആർ (  ഡിജിറ്റൽ വീഡിയോ റെക്കോർഡർ) കണക്ട് ചെയ്യാത്തതുപോലും നോക്കാതെ ബില്ല് പാസാക്കി..അന്നുമുതൽ ഞങ്ങൾ കണ്ണു തുറന്ന് കാണുന്നതല്ലാതെ ഒന്നും വിളിച്ചു പറയാനാകുന്നില്ല...
ഇതിപ്പോൾ ഓർമ്മകളിൽ നിന്ന്  കിട്ടുന്നവ ചേർത്ത് ഒരു ചെറിയ വെളിപ്പെടുത്തൽ മാത്രം....

ക്യാമറ ഒന്ന്.

2.5 മെഗാ പിക്സലും 8 മീറ്റർ ദൂരപരിധിയും മുന്നൂറ്റി അറുപത് ഡിഗ്രി തിരിയാനും പകലിലും രാവിലും ഒരുപോലെ കാഴ്ച്ചയുള്ള പ്രവേശനകവാടത്തിന്റെ ഇടതുവശത്തെ കമാനത്തോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ബുള്ളറ്റ് വിഭാഗത്തിലെ കണ്ണാണ് ഞാൻ...

മിസ്റ്റർ ഡെത്ത് ഒറ്റമുണ്ടും മുഷിഞ്ഞ ഉടുപ്പും ഒറ്റബാഗുമായി ഇതിന്റെ ശ്മശാനത്തിന്റെ  മേൽനോട്ടത്തിനായി വരുന്നത് ആദ്യം കണ്ടത് ഞാനാണ്...പിന്നെ ആരൊക്കെ വന്നു ആരൊക്കെ പോയി, ഇതൊക്കെ ഞാനാണ് എച്ച് ഡി മികവിൽ കണ്ടത്...
ഏറ്റവും ഒടുവിൽ മിസ്റ്റർ ഡെത്തിന്റെ അതേ രൂപത്തിലുള്ള ഒരു ചെറുപ്പക്കാരൻ ഡെത്തിനെ പുതിയ കാറിൽ ഇവിടെ ഇറക്കിവിടുന്നതും ഞാൻ കണ്ടതാണ്...അല്ലെങ്കിലും കാക്കത്തീട്ടം വീണ് മങ്ങിയ കാഴ്ച്ചയെ മിസ്റ്റർ ഡെത്ത് കാർക്കിച്ച് തുപ്പിയ തുണിയുടെ നനവിനാൽ തുടച്ച് എന്റെ കണ്ണ് തെളിയിക്കുന്നതിനിടയിൽ എനിക്കെത്ര കാഴ്ച്ചകൾ നഷ്ടമായിട്ടുണ്ടാകാം...
എന്നെ തുടച്ച് വൃത്തിയാക്കിയിട്ട് മിസ്റ്റർ ഡെത്തിന്റെ ഒരു ചിരിയുണ്ട് അതാണ് അസഹനീയം....
ഒരു കവിയുടെ അഴുകിയ ശരീരം കോളേജ് വിദ്യാർഥികൾ എത്തിച്ചത് എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞ് സംസ്കാരം രാത്രിയിലേക്ക് മാറ്റിയതും ഒടുവിൽ അത് ഏതോ മെഡിക്കൽ കോളേജിന് വിറ്റതും ഗേറ്റിൽ വച്ച് കാശെണ്ണി വാങ്ങിയതും...
ഞാൻ കണ്ടതാണ്. അപ്പൊഴും എന്നെ നോക്കി ചിരിച്ച മിസ്റ്റർ ഡെത്തിനറിയാം എനിക്കൊന്നും തെളിയിക്കാനാകില്ലെന്ന്....

ക്യാമറ രണ്ട്  

3.5 മെഗാപിക്സലും 18 മീറ്റർ ദൂരപരിധിയും എച്ച് ഡി ക്വാളിറ്റിയും ഏതു ദിക്കിലേക്കും അനായാസം തിരിയാൻ കഴിവുള്ള എന്നെ ദഹിപ്പിക്കുന്ന പുകക്കുഴലിന് സമാന്താരമായി നല്ല ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ നാലരക്കൊല്ലത്തിനിടയ്ക്ക് നാലായിരത്തിലതികം സംസ്കാരങ്ങൾ ഞാൻ കണ്ടിട്ടുണ്ടാകും..മിസ്റ്റർ ഡെത്ത് ഒരിക്കലും മരിച്ചവന്റെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയിട്ടില്ല...എങ്കിലും ഓർമ്മയിൽ മറക്കാനാവാത്ത ചിലത് പറയാതിരിക്കാനും വയ്യ.

ഒന്നരവർഷം മുന്നേ വലിയൊരില്ലത്തെ  പ്രമാണിയെ ലണ്ടനിൽ നിന്നെത്തിയ മക്കൾ ദഹിപ്പിക്കാൻ ഏല്പിച്ച് നഗരത്തിലെ പ്രസിദ്ധമായ ആര്യാസ് ഹോട്ടലിൽ പോയി വിശ്രമിച്ചു...
വൈകിട്ട് തിരികെയെത്തിയവർക്ക് തലേന്ന് ഇലക്ട്രിക്ക് ബർണറിൽ കത്തിച്ചുകളഞ്ഞ ദളിത് കോൺഗ്രസ് നേതാവിന്റെ ശേഷിപ്പാണ് നൽകിയത്...ദളിത് നേതാവിന്റെ ശേഷിപ്പ് വാങ്ങാൻ ആരും എത്തിയിരുന്നില്ല. അതുമാത്രമല്ല. കുടത്തിലാക്കിയ ശേഷിപ്പ് കല്യാൺ സിൽക്സിന്റെ കവറിലിട്ട് മൂത്ത മകന് നൽകുകയും ചെയ്തു. അന്ന് രാത്രി സപ്തതികഴിഞ്ഞ ആ ശുദ്ധവെജിറ്റേറിയൻ ശരീരം ഏതോ മെഡിക്കൽ കോളേജിലേക്കു പോയി....

കേരള എക്സ്പ്രസിൽ നിന്ന് ചാടിച്ചത്ത പതിനേഴുകാരിയായ ബീഹാറിപ്പെൺകുട്ടിയ പോലീസ് സംസ്കാരിക്കാൻ ഏല്പിച്ചിട്ട് ആറാം ദിവസമാണ് അത് നടത്തിയത്...ആദ്യനാളുകളിൽ അവളുടെ ചുവന്ന് തുടുത്ത മുഖത്തേക്കു നോക്കുവാൻ മടിച്ച മിസ്റ്റർ ഡെത്ത് മൂന്നാം ദിവസം തന്റെ പ്രണയം ഒറ്റശ്വാസത്തിൽ പറഞ്ഞു. നാലാം ദിവസം ആരോവലിച്ചെറിഞ്ഞ റീത്തിലെ മുല്ലപ്പൂക്കൾ അവൾക്ക് ചുറ്റും വിതറിയശേഷം ചേർന്നുകിടന്നു.. മെഡിക്കൽ കോളേജിനുവേണ്ടി കാശുമായി എത്തുന്ന ബ്രോക്കർ എത്ര ആവശ്യപ്പെട്ടിട്ടും അവളെ വിട്ടുകൊടുത്തില്ല...
ആറാം ദിവസം ഒരു പനിനീർപ്പൂവോടൊപ്പം സ്മശാനത്തിന്റെ ഹൃദയഭാഗത്ത് അവളെ അടക്കം ചെയ്തു. മണ്ണിടുമ്പോൾ അയാൾ കരയുന്നത് അന്നത്തെ റെക്കോർഡ് സൂം ചെയ്താൽ കാണാനാകും. ക്ഷമിക്കണം...
നിങ്ങൾക്ക് അത് കാണാനാകില്ല....

ഒരുവർഷം മുന്നേ കക്കൂസ് കുഴിയിൽ വീണുമരിച്ച തമിഴന്റെ പെണ്ണും രണ്ട് മക്കളും ജഡവുമായി വന്നു. മിസ്റ്റർ ഡെത്ത് അവരോട് എന്റെ ദൂരപരിധിക്കപ്പുറം നിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മൂത്തപെണ്ണിന് മുടന്തുണ്ട് തടിച്ചിട്ടാണ്. ഇളയത് ഏതോ സ്കൂൾ യൂണിഫോം. ദഹിപ്പിക്കും മുന്നേ അവർ പോയി. പിറ്റേന്ന് ബൈക്കപകടത്തിൽ മരിച്ച ചെക്കന്റെ ശേഷിപ്പാണ് തമിഴത്തിക്ക് നൽകിയത്. കൂടെ  ഒരു പൊതിയും അത് തലേന്ന് ബ്രോക്കർ കൊടുത്ത അതേ പൊതിയായിരുന്നു.. ഇടയ്ക്കിടേ ആ ഇളയപെണ്ണ് വന്ന് കാശു വാങ്ങാറുണ്ട്....
ഒരു ദിവസം മുടന്തുള്ള പെണ്ണ് വന്ന് മിസ്റ്റർ ഡെത്തിന്റെ കാലു തൊട്ട് തൊഴുത് അടയ്ക്കയും വെറ്റിലയും നൽകി. അന്ന് ഒരു സാരിയും ഒരു പൊതിയും കൊടുക്കുന്നത് കണ്ടു....

ജ്വല്ലറിയുടെ പരസ്യം പ്രിന്റ് ചെയ്ത കവറിൽ ആരോ വലിച്ചെറിഞ്ഞ കുട്ടിയെ മിസ്റ്റർ ഡെത്ത് രണ്ടാം ദിവസമാണ് മറവുചെയ്തത്...
അതിനെ കുളിപ്പിച്ച്. പൊട്ടുതൊടിയിച്ച് ആരോ ചടങ്ങിനുപയോഗിച്ച പുളിച്ച ചോറുകൊണ്ട് ആദ്യന്നവും കൊടുത്ത് നെഞ്ചോട് ചേർത്ത് ഇരയിമ്മൻ തമ്പിയുടെ വരികളും മൂളി ശവക്കല്ലറയിൽ ഭദ്രമായി വയ്ക്കുകയായിരുന്നു...

സംസ്കാരത്തിന് വിധേയരാകുന്ന സ്ത്രീകളോട് മിസ്റ്റർ ഡെത്തിന് വല്ലാത്ത ആദരവായിരുന്നു. മെഴുകുതിരിയോ ചന്ദനമോ അവർക്ക് സൗജന്യമായിക്കൊടുക്കും

ക്യാമറ മൂന്ന്

വെറും 1.5 മെഗാപിക്സലും നാലുമീറ്റർ ദൂരപരിധിയും വെളിച്ചത്തിൽ മാത്രം കാഴ്ച്ചയുള്ള ഡ്യും വിഭാഗത്തിൽ പെട്ടതും, മി. ഡെത്തിന്റെ ഓഫീസ് കം വിശ്രമമുറിക്കകത്തു സ്ഥാപിക്കപ്പെട്ടതാണ് ഞാൻ എനിക്ക് വളരെ തുശ്ചമായ കാഴ്ച്ചകളേയുള്ളു എങ്കിലും കണ്ടവ പറയാം. സംസ്കാരത്തിനെത്തുന്നവരുടെ വിവരങ്ങൾ ചേർക്കാനുള്ള രജിസ്റ്റർ. കുടങ്ങളിൽ നിറച്ചു വച്ചിട്ടുള്ള ചിതാഭസ്മങ്ങൾ , മുറിയുടെ പകുതി കർട്ടനിട്ട്  മറച്ചുകെട്ടി പാചകവും തീറ്റയും ഉറക്കവും അവിടം  എനിക്ക് അന്യമാണ്....

ടേബിളിൽ ക്രിമേറ്ററി ഓഫീസിലേക്കുള്ള കണക്കുകൾ... ടേബിളിലെത്തിയാൽ എപ്പൊഴും  കമ്പ്യൂട്ടറിൽ ശവസംസ്കാര രീതികളെക്കുറിച്ച് ഗൂഗിളിൽ ചികഞ്ഞുകൊണ്ടിരിക്കും...
പിന്നെ ബി എ മലയാളത്തിന് മി.ഡെത്ത് പഠിച്ച മരണ സർട്ടിഫിക്കറ്റ് എന്ന നോവൽ...
വരുന്ന സുഹൃത്തുക്കളോട് താൻ ജീവാത്മക്കൾക്ക് നൽകുന്ന മോചനത്തെക്കുറിച്ചും ലോകരാജ്യങ്ങളിലും ഭാരതത്തിലുമുള്ള ശവസംസ്കാരരീതികളെക്കുറിച്ചും സംസാരിക്കും. ഒടുവിൽ വന്ന മീശയില്ലാത്ത കുറിയ മനുഷ്യനോട് തവാങ്ങിലെ രീതിയായിരുന്നു ചർച്ച ചെയ്തത്...അവിടെ മനുഷ്യശരീരം ചെറുതായിമുറിച്ച് പക്ഷിമൃഗാധികൾക്ക് എറിഞ്ഞു കൊടുക്കുമത്രേ. ഇടയ്ക്ക് കാശെടുക്കാനും വയ്ക്കാനും അലമാര തുറക്കാറുണ്ട് അതിൽ നിറയെ പൊതികളായിരുന്നു...
വായിൽ വെള്ളം നിറച്ച് എന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നതുമുതൽ നാലഞ്ച് ദിവസം എനിക്ക് നല്ല ക്ലിയർ ആയിരിക്കും...
മിക്കവാറും എനിക്ക് ചുറ്റും ഇരുട്ടാണ്...

ക്യാമറ നാല്..

5.5 മെഗപിക്സലും 25 മീറ്റർ പരിധിയും എവിടേക്കും തിരിയാൻ കഴിവുള്ള എന്നെ പൂത്തുലഞ്ഞ് നിൽക്കുന്ന ഗുൽമോഹറിന്റെ താഴെ ഒരു ഇരുമ്പ് കമ്പിയിലാണ് നിർത്തിയിരിക്കുന്നത്...
എനിക്ക് താഴെ വലിയ അക്ഷരത്തിൽ ഒറ്റുകൊടുക്കുന്ന രീതിയിലുള്ള അറിയിപ്പ് കാരണം....ബീഡി വലിക്കുന്ന സ്കൂൾ കുട്ടികൾ പോലും വരാറില്ല..സ്ഥിരം കസ്റ്റമേഴ്സുമായി വരുന്ന മൂക്കുത്തിയുള്ള പെണ്ണും ഇപ്പോൾ വല്ലപ്പോഴും മാത്രം. നാലഞ്ചുമാസം മുന്നേ ചിതയിലിരിക്കുന്നവന്റെ ഭാര്യയെ വളരെ സ്വകാര്യമായി ഒരു ബന്ധു ആശ്വസിപ്പിക്കുന്ന സീനാണ് ആകെ ഓർക്കാനുള്ളത്. അതും സേവായിട്ടില്ല ഇടയ്ക്ക് ചുവരിലെ കുറിപ്പ് കണ്ടതും...
ആശ്വസിപ്പിച്ചവന്റെ വെപ്രാളം കാണമായിരുന്നു...മി.ഡെത്തിന്റെ നേതൃത്വത്തിൽ ദഹിക്കുന്നവന്റെ ബന്ധുക്കളുടെ ദാഹം തീർക്കൽ ചടങ്ങ് മുടങ്ങാതെ ഞാൻ കാണാറുണ്ട്...ജ്വലറിയുടെ കവറിൽ കുഞ്ഞിനെ വലിച്ചെറിഞ്ഞതും...
മി.ഡെത്തിന്റെ തവാങ് മോഡൽ പരീഷണവും ഞാൻ കണ്ടു...
അതൊന്നും സേവായിട്ടില്ല.
അതിലൊന്നും കാര്യവുമില്ല..

മി.ഡെത്ത്  ആർക്കോവേണ്ടി ആരുടെയോ ചിതാഭസ്മം കൈമാറുന്നു...
തമിഴത്തിയും മുടന്തുള്ള പെണ്ണും കാത്തു നിൽക്കുന്നു... സൂം ചെയ്താൽ
മുടന്തുള്ള പെണ്ണ് ഗർഭിണിയാണെന്ന് കാണാം...

ഇതൊന്നും ഞങ്ങൾ സേവ് ആക്കിയിട്ടില്ല നിങ്ങളും മറന്നേക്കൂ...
ആ ഹാർഡ് ഡിസ്ക്ക് നിറയെ കവിതകളാണ്
രാത്രിയിൽ അതിൽ നിന്ന് വയലാറിന്റെ ആത്മാവിലൊരു ചിത ഉറക്കെ ഞങ്ങൾ നാലാളും കേൾക്കാറുണ്ട്....!!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

Friday, 28 April 2017

കവിയും പെണ്ണും കവിത

കവിയും പെണ്ണും..!

കവി
മണ്ണിനെയെഴുതുമ്പോൾ
പെണ്ണ്,
അമരവള്ളികൾക്ക് തടംനനച്ചു.
പെണ്ണരങ്ങുകൾക്കവൻ.  പിന്നണിപാടുമ്പോൾ,
ആണടിവസ്ത്രവും അലക്കുകല്ലും അവൾക്കരികിലായിരുന്നു.
വിശപ്പിന്റെ വിശുദ്ധയുദ്ധമവൻ നയിക്കുമ്പോൾ,
വറ്റിയമുലയിലെ തന്റെ ഇളയകുഞ്ഞിനവൾ താരാട്ടുപാടി.
പ്രാണയത്ത ഉത്തമഗീതങ്ങളാക്കിയപ്പോൾ,
ചുളിവില്ലാ കിടക്കയിലെ മറ്റേ തലയിണയവൾ ആർത്തിയോടെ പ്രാപിച്ചു.
സമരം അനീതികൾക്കെതിരായനേരം,
ന്യായവിലക്കടയിൽ അവൾ
നീണ്ടനിരയുടെ വെയിൽത്തലപ്പിലായിരുന്നു.
ബന്ധങ്ങൾക്ക് വിലയിടുമ്പോൾ,
അവളെഴുത്തുമുറിയിൽ പടർന്ന
ചിതലും ചിലന്തിവലയും തട്ടി.
നിങ്ങൾക്ക് ഒന്നുമറിയില്ല...
കവി
എഴുത്തിന്റെ വലിയലോകത്താണ്
പെണ്ണ് തന്റെ ചെറിയലോകത്തും...!!

(* എന്റെ പെണ്ണേ നീ ആണെന്റെ ലോകം..)

രതീഷ് കെ എസ്
( ഗുൽമോഹർ 009)

Saturday, 22 April 2017

അനുരാഗകരിക്കിൻ...

അനുരാഗകരിക്കിൻ..!

           ഈക്കിക്കിതമ്പലത്തിൽ (6-4), ടിക്കറ്റ് ശേഖരണത്തിൽ ( 11-6), തവളയേറിൽ (5-5)   ചങ്കും ചക്രേം (5 -4)  സ്വയംവര മത്സരങ്ങളിലെല്ലാം ദയനീയമായി പരാജയപ്പെട്ട സജാദ് ഉ പ്രഖ്യാപിച്ചു
" ഇനി റസീന നിന്റെ പെണ്ണാ;നീ അവളെ നിക്കാഹ് കഴിക്കണം"  അവൻ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു.

പാർട്ടിയാഫീസിന്റെ മുന്നിൽ നിന്ന സഖാവ് ബാപ്പുട്ടിയെ ഞങ്ങൾ തടഞ്ഞുനിർത്തി....
   " എനിക്ക് റസീനയെ നിക്കാഹ് കയിപ്പിച്ച് തരണം"

ചരിത്രത്തിൽ ആദ്യമായി,
കാമുകിയോട് പ്രണയം പറയുന്നതിനും മുന്നേ, വോട്ടവകാശം നേടാൻ ഇനിയും പത്തുവർഷം ബാക്കി നിൽക്കേ അവളുടെ ഉപ്പയോട് നിക്കാഹിനാവശ്യപ്പെട്ട കാമുകൻ എന്ന  ഖ്യാതി എന്റെ പേരിലായി. ഭാവിമരുമകനെ എടുത്തുയർത്തി, കീഴ്പ്പോട്ടു പോയ നിക്കറിന്റെ അഭാവത്തിൽ പുല്ലിംഗം ദർശിക്കുകയും, അവന്റെ അടിവയറ്റിൽ ഉമ്മവച്ച് തോളിലിരുത്തി  അമ്മയെ ഏൽപിക്കുകയും ചെയ്ത അമ്മായിയപ്പൻ എന്ന ഖ്യാതി സഖാവ് ബാപ്പുട്ടിയും നേടി.

    അമ്മയോടൊപ്പം മീൻ വാങ്ങാനെത്തിയപ്പോൾ റസീനയുണ്ടായിരുന്നു..
ഞാനും അമ്മയും വരുന്നത് കണ്ട് അവൾ തന്റെ ഇളയ കുഞ്ഞിനെയുമെടുത്ത് മാറിനിന്നു. വറുക്കാനും കറിവെക്കാനും ഫ്രിഡ്ജിലലങ്കരിക്കാനും അമ്മവാങ്ങി. രണ്ടായിരത്തിന്റെ ചില്ലറ ആ മീങ്കാരൻ താങ്ങാനായില്ല മടങ്ങിവരുവോളം കാത്തുനിന്നു...

" എന്നാ നാട്ടിലെത്തിയത് ?"
"രണ്ടീസായി"
"പുറത്തെങ്ങും ഇറങ്ങാറില്ലേ "
"യാത്രാ ക്ഷീണമായിരുന്നു "
"ഇപ്പ മലപ്പുറത്താണല്ലേ"

അതേന്ന്,പറഞ്ഞ് ഞാനവളെ നോക്കി, അരക്കെട്ടിൽ തിരുകിയിരുന്ന മാക്സി താഴേക്ക് വലിച്ചിട്ട് അടിവശം പിഞ്ഞി തുടങ്ങിയ കരിമ്പനടിച്ച പാവാട അവൾ മറച്ചു.
റസീന എന്നെ നോക്കി ചിരിച്ചു. ഇപ്പോഴും അവൾ ഭംഗിയായി ചിരിക്കാറുണ്ട്.

  ഈ ചിരി സ്വന്തമാക്കാൻ മൂന്ന് ബിയുടെ പുറകിൽ മൺകൂനയുണ്ടാക്കി ഈർക്കിൽ കുഞ്ഞായി ഒടിച്ച് ഒളിപ്പിച്ച് ഈക്കിക്കി തമ്പലം, സ്കൂൾ വിട്ട് വീട്ടിലേക്കുള്ള ഒന്നര കിലോമീറ്റർ നടത്തത്തിൽ ടിക്കറ്റ് ശേഖരണം, ആറ്റിൽ കുളിക്കുന്നതിനിടയിൽ പരന്ന കല്ലുകൊണ്ട് ആറ്റിലേക്കുള്ള തവളയേറ്, ചേച്ചിയുടെ സമ്പാദ്യത്തിൽ നിന്ന് കട്ടെടുത്ത ഇരുപത് പൈസ തുട്ട് പെരുവിരലിൽ വച്ച് ചങ്കും ചക്രേം ടോസിങ്ങ്.....
ആ വലിയ വിജയങ്ങളുടെ പിന്നിലെല്ലാം ഇവളുടെ ഈ  ചിരിയായിരുന്നു...

നാലിലും അഞ്ചിലും റസീനയെ ഞാൻ പ്രേമിച്ചു...
ബാപ്പുട്ടി സഖാവിന്റെ തോളിലിരുന്ന് കിട്ടിയ.. "അങ്ങനാകട്ടേ സഖാവേ നമുക്കത് ശരിയാക്കാം "  എന്ന ഉറപ്പ്...
എന്നെ അമ്മയെ ഏല്പിക്കുമ്പോൾ പറഞ്ഞവ.

" സഖാവേ ഇന്ന് പാർട്ടിയാഫീസിൽ കമ്മറ്റിയുണ്ട് നെയ്യാറിലെ മണൽ ലോബിമാത്രമല്ല ഗൗരവമായ ഒരു നിക്കാഹിന്റെ വിഷയവും കമ്മിറ്റിയിൽ തീരുമാനിക്കാനുണ്ട്..."
അന്നുതന്നെ പാർട്ടിക്കമ്മറ്റി ഞങ്ങളുടെ നിക്കാഹ് തീരുമാനിച്ചിരിക്കണം..

അന്ന് കട്ടനും കുടിച്ച് സഖാവിറങ്ങുമ്പോൾ എനിക്ക് ലാൽസലാം പറഞ്ഞും ഇന്നും ഈ പാർട്ടിയെ വിശ്വസിക്കുന്നതിന്റെയും സ്നേഹിക്കുന്നതിന്റെയും കാരണമിതാണ്...

ഏഴാം തരത്തിലായിരുന്നു എന്റെ പ്രണയത്തിന്റെ എല്ലാ രംഗങ്ങളും. മയിൽപ്പീലികൾ പുസ്തകത്തിലിരുന്ന് വല്ലാതെ പ്രസവിക്കുന്ന കാലം..
തങ്കമണി പളനിയിൽ പോയി വന്നപ്പോൾ റസീനയ്ക്ക്  നിറവയറുള്ള ഒരു മയിൽപീലി കൊടുത്തു...
അതും ഒറ്റ കരാറിൽ ക്ലാസിൽ ആരെ കാണിച്ചാലും അവളുടെ മാങ്ങമോഷ്ടിച്ച എന്നെ മാത്രം കാണിക്കരുത്. തങ്കമണിയുടെ ബാഗിൽ നിന്നുയർന്ന  വെള്ളരിമാങ്ങയുടെ രൂക്ഷഗന്ധം എനിക്ക് സഹിക്കാനായില്ല...  റസീനയുടെ നിറവയറായി നിൽക്കുന്ന മയിൽ പീലി ഞാനൊഴികെ എല്ലാവരും കണ്ടു . ഉച്ചയ്ക്കുള്ള ഇടവേള സമയത്ത് അവഗണന സഹിക്കാനാവാതെ ഞാൻ കരഞ്ഞു...  ഒടുവിൽ സഖാവിന്റെ മകൾക്ക് കമ്മൂണിസ്റ്റും കാമുകനുമായ എന്റെ മുന്നിൽ പത്തിമടക്കേണ്ടി വന്നു. തങ്കമണിയ്ക്ക് മൂന്ന് വെള്ളരിമാങ്ങ പിഴയും...

കണക്കു പുസ്തകത്തിന്റെ സുരക്ഷിതത്തിൽ ഗർഭാലസ്യത്തിൽ മയങ്ങുന്ന  മയിൽപ്പീലി.  കാണാൻ അവസരം തന്നപ്പോൾ അതും എടുത്ത് ഞാൻ പുറത്തേക്കോടി, ബദാംമരത്തിന്റെ ഇടയിലൂടെ കാണുന്ന ആകാശത്തിന്റെ കീറുകണ്ട് മയിൽപ്പീലി പിടഞ്ഞു മരിച്ചു.
തങ്കമണി നിലത്തു വീണ് അലമുറയിട്ടു.
"എടാ പട്ടീ''ന്നുള്ള വിളി, എന്റെ തിരിഞ്ഞുനോട്ടം റസീനയുടെ കൈയിൽ നിന്നും പറന്നുവന്ന പറക്കലിന്റെ കൂർത്ത അഗ്രം, നെറ്റിയിലേറ്റ മുറിവ് ,ഇടതു കൈയിൽ മയിൽപ്പീലിയും, വലതു കൈയിൽ പൊട്ടിയ നെറ്റിയും.....
അദ്ധ്യാപകരുടെ ചോദ്യം ചെയ്യലിൽ ഞാൻ മതിലിനെ കുറ്റക്കാരനാക്കി...
റസീനയുടെ കൈകൾ ശുദ്ധമായി  ഗുണനപട്ടികയിൽ വട്ടപ്പൂജ്യം കിട്ടിയവന്റെ  നെറ്റിയിലെ വെളുത്ത  ഗുണചിഹ്നം കണ്ട് റസീന പ്രണയത്തോടെ  ചിരിച്ചു, ഞാനും.....

ആഗോളവത്കരണത്തിന്റെ ഭാഗമായി റെഡിമെയ്ഡുകൾ വ്യാപകമാകുമെന്നും, തുന്നൽ ജോലി ഈ നാട്ടിൽ ഇല്ലാതാകുമെന്നും എനിക്കറിയാം..
ആയതിനാൽ വ്യാഴാഴ്ച്ചത്തെ തുന്നൽ  ടീച്ചറിന്റെ പിരീഡ് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല പ്രതീക്ഷേധ സൂചകമായി..
സൂചിയോ മൂന്ന് രൂപയ്ക്ക് തന്ന വെളുത്ത തുണിയോ ഞാൻ കൊണ്ടു വന്നിരിന്നില്ല..

"സത്യം മനസ്സിലാക്കുന്നവരെ പാർട്ടിയെപ്പോലെ ആ
ടീച്ചറും പുറത്താക്കും". അന്ന്
പുറത്തേക്ക് പോന്നത് ഞാനും സജാദും പിന്നെ
ഇലക്ട്രിക് കമ്പി ആക്രിക്കടയിൽ വിറ്റതിന് പോലീസ് അറസ്റ്റു ചെയ്ത ഉത്തമൻ ചേട്ടന്റെ ഒറ്റ മോൻ ആദർശും. ഒഴിഞ്ഞുകിടക്കുന്ന സ്‌റ്റേജിനു പിന്നിലെ ചെന്തെങ്ങിൽ വിരൽ ചൂണ്ടി ആദർശ് പറഞ്ഞു
"അതിന്റെ വെള്ളത്തിന് തേനിനേക്കാൾ രുചിയാണ്" കൂറ്റൻ അയനി മരത്തിൽ നെഞ്ചു യരാതെ കയറാനും ഇറങ്ങാനും എനിക്ക് അന്നേപ്രാപ്തിയുണ്ടായിരുന്നു പിന്നല്ലേ പത്തടി ഉയരത്തിലെ ഈ തെങ്ങ്. എനിക്കും സജാദിനും മഹാനായ ആദർശിനും ഒന്നു വീതം മൂന്നെണ്ണം ഞാനിട്ടു. തിരികെ യിറങ്ങാൻ തുടങ്ങുമ്പോൾ എന്റെ ചന്ദന നിറമുള്ള ഉടുപ്പും പിടിച്ച് തമിഴൻ പി.ടി മാഷും ഹെഡ് മാഷ് ഗോപാലപിള്ളയും.ആ പത്തടി തെങ്ങിന്റെ മുകളിലിരുന്ന് ഒരു  സത്യം ഞാൻ മനസ്സിലാക്കി.
ഉയരങ്ങളിലെത്തുമ്പോൾ നമ്മളെ ധാരാളം ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങും മറ്റുചിലർ താഴത്തൂടെ രക്ഷപെടും...

  എന്റെ നേർക്ക് ആഞ്ഞുവീശിയ തമിഴന്റെ ചൂരലിനു നേരെ "വിശന്നിട്ടാണു മാഷേ" എന്ന സൈക്കോളജിക്കൽ മൂവ് വലിയൊരു ദുരന്തത്തിലേക്കാണ് എന്നെ വലിച്ചിട്ടത്. ഒന്നു മുതൽ ഏഴുവരെ പഠിക്കുന്ന ഇരുന്നൂറ്റി പത്ത് കുട്ടികളും, വീട്ടിലേക്ക് മാർച്ച് ചെയ്യാൻ ഒരുങ്ങി അധ്യാപകരും അസംബ്ലി ഗ്രൗണ്ടിലേക്ക്... മൈക്കിലൂടെയുള്ള അനൗൺസ്മെന്റ് കേട്ട് ആനയിക്കപ്പെട്ടു. എല്ലാവരുടെയും മുന്നിൽ ഞാനും മൂന്ന് കരിക്കും...  തമിഴൻ ഒന്നാം കരിക്കിന്റെ മൂക്ക് ചെത്തി ഒറ്റ വലിയ്ക്ക് ഞാൻ കുടിച്ചു തീർത്തു.
തമിഴൻ രണ്ടാം കരിക്കിന്റെ കണ്ണ് പൊട്ടിച്ചു, പകുതിയായപ്പോൾ ഉച്ചയ്ക്ക് തിന്ന കഞ്ഞിയും പയറും പ്രതിരോധിച്ചു. ശർദ്ധിയിലൂടെ ശരീരം പ്രതികരിച്ചു. തുടർന്ന് അരമണിക്കൂർ 'സത്യമേവ ജയതേ' എന്നവാക്യത്തിൽ ഹെഡ് മാഷ് ഉപസംഹരിച്ചു. ഞാൻ നിന്ന നിൽപ്പിൽ നന്നായിക്കളഞ്ഞു.മൂന്നാം കരിക്ക് വായപൊത്തി ചിരിച്ചു ഇരുനൂറ്റിപ്പത്ത് കുട്ടികളും...

ക്ലാസിലേക്ക് മാർച്ച് ചെയ്യുന്നതിനിടയിൽ ടോയിലറ്റിൽ കരിക്കട്ട കൊണ്ട് " ഫാത്തിമ ടീച്ചറിന്റെ മൊല വലിയ ചന്തി " എന്നെഴുതിയ കപ്യാരുടെ മോൻ എന്നെ  നോക്കി  വിളിച്ചു "കരിക്ക്". എന്റെ പേര് എല്ലാരും മറന്നു കരിക്കെന്ന് അവർ ഓർക്കാൻ തുടങ്ങി....
ഉച്ചക്കഞ്ഞി കുടിച്ച് പാത്രം കഴുകാൻ നിൽക്കുന്നതിനിടയിൽ "എടാ കരിക്കേന്ന് "പരിചിതമായ ശബദത്തിലൊരു വിളി...
അവൾ, എന്റെ  ഭാവി വധു റസീന... എനിക്ക് നിയന്ത്രിക്കാനായില്ല. മുടിയിൽ ചുറ്റിപിടിച്ച് ഒരൊറ്റ തള്ള്.കഞ്ഞിപ്പാത്രവും അവളും ദൂരേക്ക് തെറിച്ചു..
അവളുടെ നീണ്ട പാവാടയിൽ അറിയാതെ ചവിട്ടിപ്പിടിച്ചിരുന്നു. സേഫ്റ്റി പിന്നിന്റെ ബലത്തിൽ അരയിലുറപ്പിച്ചിരുന്ന പാവാട എന്റെ കാൽചുവട്ടിൽ...
കമഴ്ന്ന് കിടക്കുന്നു, അവൾ പെറ്റിക്കോട്ടിനു പകരം ഇട്ടിരുന്ന ഉപ്പയുടെ  മുറിക്കയ്യൻ  ബനിയൻ എല്ലാവരും കണ്ടു...
വല്ലാത്ത നഗ്നത...
റസീന പൊട്ടിക്കരഞ്ഞു....
ലേഖയും സംഘവും അവൾക്കു മനുഷ്യമതിൽ തീർത്തു...
,ആൺ കുട്ടികൾ  റൂമിലേക്ക് കൂക്കിവിളിച്ചു. തങ്കമണിയും സംഘവും എന്നെ തല്ലാനൊരുങ്ങുന്നു...
അന്ന് ഞാൻ ഹെഡ്മാഷിന് പാറാവുകാരനായി...

   ' FLAME 'ജ്യോതിഷവുമായി കപ്യാരുടെ മോൻ സെബാസ്റ്റ്യൻ.. എന്റെയും റസീനയുടെയും പേരുകൾ നിരത്തിയെഴുതി, പൊതുവായവ ഒഴിവാക്കി..ഒടുവിൽ M ബാക്കിയായി...
' ,എം എന്നാൽ മാര്യേജ്  ഞാൻ സഖാവ് ബാപ്പുട്ടിക്ക് മനസിൽ ഒരു ലാൽ സലാം തൊടുത്തുവിട്ടു.വസ്ത്രാക്ഷേപത്തിന്റെ സമവായ ചർച്ചകൾ സജാദിന്റെ മധ്യസ്ഥതയിലായിരുന്നു, ഒടുവിൽ ലേഖ, തങ്കമണി, റസീന എന്നിവർക്ക് ഒന്നു വീതം മൂന്ന് ബൂം ബൂം ബൂമർ ച്യൂയിംഗവും, ഒരു കവർ ചാമ്പയ്ക്കയും എന്ന കരാറിൽ ആ ചർച്ച വിജയിച്ചു.
ക്ലാസിലെ ചിത്രകാരൻ വിനീത് സി.പിയെ കൊണ്ട് ക്ലാസിലെ ബോഡിലും മതിലിലും, വരയിടാത്ത ബുക്കിലെ നടുക്ക് പേജിലും ലൗ ചിഹ്നവും തറച്ചു കേറിനിൽക്കുന്ന അമ്പും ചുവന്ന നിറത്തിൽ വരപ്പിച്ചു.... വരയിടാത്ത പേപ്പർ തങ്കമണിയിൽ നിന്ന് അവൾ പോലും മറച്ചു
എന്നെ നോക്കി അതീവ രഹസ്യമായി ചിരിച്ചു.

ഏലിയാമ്മ ജോൺ രാവിലെയും ഉച്ചയ്ക്കും അറ്റൻഡൻസ് വിളിക്കും, എഴുന്നേറ്റുനിന്ന് നെറ്റിയിൽ വിരൽ ചേർത്ത് സല്യൂട്ടിന്റെ രൂപത്തിൽ ആൺകുട്ടികൾ പ്രസന്റ് ടീച്ചർ എന്നു പറയണമെന്ന് അവർക്ക് വാശിയായിരുന്നു... പോലീസുകാരനായിരുന്നു അവരുടെ ഭർത്താവ്... 'ടൊന്റിസിക്സ്‌' എഴുന്നേറ്റ് നാട്ടിലെ വിദ്യാലയങ്ങളിലെല്ലാം ട്യൂൺ ചെയ്ത താളത്തിൽ 'പ്രസന്റ് ടീച്ചർ ' പറഞ്ഞു.ചടഞ്ഞിരുന്ന എന്റെ ചന്തിയിൽ കുറ്റി പെൻസിൽ തറഞ്ഞു കേറി.ഉത്തമന്റെ അധമസന്തതിയുടെ ഒളിപ്പോര് .കുത്തേറ്റ് മുറിഞ്ഞ ചന്തിയും പ്രതികാരാഗ്നിയുള്ള മനസുമായി ഞാൻ ഉച്ചയ്ക്ക് 'ഫോർ' എന്ന നമ്പർ ഏലിയാമ്മ ജോൺ വിളിക്കുന്നതു വരെ കാത്തിരുന്നു. ക്യാമലിന്റെ ജ്യോമട്രിപെട്ടിയിൽ രണ്ടു മുനയുള്ള കോമ്പസ് എന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. "ത്രീ'' വിളിച്ചപ്പോൾ തന്നെ കൈയ്ക്കുള്ളിൽ ഞാൻ അത് ഉറപ്പിച്ചു.' 'ഫോർ ' വിളിച്ചതും അവന്റെ ചന്തി ലക്ഷ്യം വച്ച് ബെഞ്ചിൽ ചേർത്തുവച്ചു. ഇതിനിടയിൽ റസീന എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ ഞാനെല്ലാം മറന്നു ആദർശിന്റെ കൂറ്റൻ നിലവിളി ,ഇരുമുനയുള്ള ആ ഉപകരണം ചന്തിയുടെ മാംസള ഭാഗത്ത് അപ്രത്യക്ഷമായി, ബഞ്ചിലും എന്റെ കയ്യിലും രക്തം,   സമാധാനത്തിന്റെ വെള്ളരിപ്പ്രാവായ  സുമതി ടീച്ചർപോലും...
അന്ന് ജീവിതത്തിൽ ആദ്യമായും അവസാനമായും ചൂരലുപയോഗിച്ചു.
ഗോപാലൻ മാഷ് നിർബന്ധപൂർവ്വം എഴുതിത്തന്ന ടി സി യുമായി കൊല്ലത്തേക്ക്, മക്കളില്ലാത്ത പട്ടാളക്കാരൻ മാമന്റെ ക്യാമ്പിലേക്ക് വണ്ടി കേറുമ്പോൾ സഖാവ് ബാപ്പുട്ടിയുടെ സൈക്കിളിന്റെ പിന്നിലിരുന്ന് റസീന ചിരിക്കുന്നുണ്ടായിരുന്നു.

   പട്ടാളക്യാമ്പിൽ നിന്ന് ഒരിക്കലേ എനിക്ക് നാട്ടിലെത്താൻ കഴിഞ്ഞുള്ളൂ പി.ജി പഠനകാലത്ത്.അന്നറിഞ്ഞവയൊന്നും... എന്റെ പ്രണയത്തിന് നല്ലതായിരുന്നില്ല.

മണൽ മാഫിയയുടെ കള്ളക്കേസിൽ അറസ്റ്റിലായ സഖാവ് ബാപ്പുട്ടി ജയിലിൽ തൂങ്ങി മരിച്ചു.അമ്മയുൾപ്പെടെ പാർട്ടിയിൽ നിന്നും പുറത്തുപോയ നാലഞ്ച് മൂരാച്ചി സഖാക്കൾ നിരാഹാരം കിടന്നു. റസീനയെ കെട്ടിയ ജമാൽ ദുബായിലേക്കെന്നുപറഞ്ഞ് മലപ്പുറത്തെവിടെയോ മറ്റൊരു വിവാഹം കഴിച്ച് കഴിയുന്നു. അവൾക്ക് മൂന്ന് മക്കളാണ്.

സജാദ് മീനുമായി മടങ്ങി വന്നു. ടാപ്പിംഗ് കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആദർശ് നിലത്ത് ഒറ്റക്കാലൂന്നി ലാൽസലാം പറഞ്ഞു.
സജാദ് റസീനയ്ക്ക് മീൻ കടം കൊടുത്തൂ.
അവൾ മാക്സി അരയിലേക്ക് തിരുകി അടിവശം പിന്നി തുടങ്ങിയ കരിമ്പൻ പിടിച്ച പാവാടയിലേക്ക് ഞാൻ നോക്കി.  എന്റെ വീടിന്റെ മുന്നിലെ ചെന്തെങ്ങിനെ ചൂണ്ടി  

" അയിന്റെ വെള്ളത്തിനിപ്പോഴും തേനിന്റെ രുചിയുണ്ടോ "യെന്നവൾ ചോദിച്ചു...

എന്റെ നെറ്റി പിളർന്ന് ഒരു  മയിൽപ്പീലി കാടു വളർന്നു.

രതീഷ് കെ.എസ്
(ഗുൽമോഹർ 009)