Thursday, 7 December 2017

സുചിത്രാംഗ കമ്മീഷൻ...!!

*സുചിത്രാംഗ കമ്മീഷൻ.!!*

"നിങ്ങൾക്ക് എന്നെക്കുറിച്ച് ഒന്ന് എഴുതിക്കൂടേ കഥയ്ക്കല്ലാ നല്ലൊരു നോവലിനുള്ള കഥയുണ്ട്..." അവസാനകഥയുടെ പ്രൂഫ് മധു എനിക്കുതരുമ്പോൾ സുചിത്രടീച്ചർ അയാളുടെ ബൈക്കിന് പിന്നിലിരുന്ന് പറഞ്ഞു....
മധുഎന്നെനോക്കി ഒരുപാട്ടുപോലെ ചിരിച്ചു....

*സുചിത്രവിജ്ഞാപനം*

അതേ,
ശുദ്ധരിൽ ശുദ്ധൻ താങ്കള് തന്നെ എടുത്താൽ മതീട്ടോ, ഞാൻ അമർത്തിയൊന്ന് മൂളി, കേട്ടുനിന്നവരൊക്കെ എന്നെ നോക്കിചിരിച്ചു. സുചിത്രടീച്ചർ റാങ്ക്ഫയലുകളുമായി ലൈബ്രറിക്കുള്ളിലേക്ക് പോയി. അടുത്തിടെയായി ടീച്ചറിന്റെ പെരുമാറ്റത്തിൽ ചിലപൊരുത്തക്കേടുകളുണ്ട്...

എച്ച് എസ് ഏയുടെ റാങ്ക്ലിസ്റ്റിൽ ഒരിടം കിട്ടാത്തതും, എന്നാൽ താൻസഹായിച്ച അന്ധയായ പെണ്ണിന് ഒന്നാം റാങ്ക് കിട്ടിയതും ടീച്ചറിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞ പന്ത്രണ്ട് കൊല്ലായി ഈ സ്കൂളിൽ മലയാളത്തിന്റെ രണ്ട് സീനിയർ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നു. എത്രപരസ്യം കൊടുത്താലും ഈ മലമൂട്ടിലേക്ക് സുചിത്രാമംഗലശ്ശേരിയല്ലാതെ  ഒറ്റൊരാൾ വരാറില്ല.. കഴിഞ്ഞ മൂന്ന് വർഷായി ഞാൻ നിയമിതനായിട്ട്. ഒരാഴ്ച്ചമുൻപ് റാങ്കുകാരിവന്നിരുന്നു സുചിത്രടീച്ചർക്ക്  ഒരു സ്വർണമേതിരവും കൊടുത്തു. അവരത് സ്നേഹത്തൊടെ നിരസിച്ചു...

"എന്തേലും കിട്ടൂന്ന് കരുതീട്ടല്ല ആ പെണ്ണിനെ സഹായിച്ചത്, അതൊക്കെ വാങ്ങ്യാപ്പിന്നെ എനിക്കെന്താ ഒരു വില..." മടക്കിയ സ്വർണത്തെക്കാൾ തിളക്കം തോന്നി അവരുടെ  ആ വാക്കുകൾക്ക്. പക്ഷേ  ഒരു ഗ്രാമിന്റെ വിലകൊടുക്കാൻ പോലും സ്റ്റാഫ് റൂമിൽ ആരും  തയാറായില്ല...

"അഹങ്കാരം ആ ജാതീടെ ഗൊണാ..." ആരോ കമന്റ് പാസാക്കി.

"ഇനി ഈ ഹയർസെക്കന്ററീടെ ഒരു അപേക്ഷയിട്ടിട്ടുണ്ട് മൂന്ന് മാസം കഴിഞ്ഞാൽ പരീക്ഷയാ, കഴിഞ്ഞകുറേ കൊല്ലായി പഠിപ്പിക്കണ സ്ഥാപനല്ലേന്ന് കരുതി, ഇടയ്ക്ക് ഇട്ടേച്ചുപോകാൻ തോന്നണില്ല. അല്ലേൽ ഞാൻ കളഞ്ഞിട്ട് പോകുമായിരുന്നു. ഇനി ഈ ജീവിതത്തിൽ ഒരു നോട്ടിഫിക്കേഷനും ഞാൻ കാത്തിരിക്കണില്ല, ഈ ജാതികാരണം വയസ്സിനൊരാനുകൂല്യോം കിട്ടാനില്ല. ഇതുവരെ ഒരു ലിസ്റ്റിലും കയറാനും പറ്റീട്ടില്ല...

അല്ലെങ്കിലും ഞങ്ങൾക്കെന്ത് വിലയാ ഇവിടെ ഒപ്പിടണത് പറ്റുബുക്ക് പോലെ മറ്റൊരു രജിസ്റ്റർ, അതൊന്നല്പം വൈകിയാൽ കൂലിപോയി, അതിനിടയിൽ ദേ ഇപ്പൊ ശനീം എടുത്തുകളഞ്ഞു. ഹർത്താലും ശനീം ഞായറും അവധികഴിഞ്ഞാൽ വിരലിലെണ്ണാവുന്ന ദിവസ്സേല്ലേയുള്ളു...അവധീന്ന് കേട്ടാലേ ഇപ്പൊ ഒരീസത്തെ കൂലിയെക്കുറിച്ചുള്ള ആധിയാണ്. ഈ സ്കൂളിന്റെ എല്ലാപണിയും ഞങ്ങൾക്ക് പതിച്ചു തന്നൂന്ന് തോന്നും ചിലതൊക്കെ കേട്ടാൽ.

നിങ്ങൾക്കൊക്കെ എന്ത് സുഖാ പതിനഞ്ച് ലീവും പിന്നെ മറ്റേ ലീവുകളും, അടുത്തിടെ നിന്റെ ഭാര്യപെറ്റതിനും കിട്ടിലേ പത്ത് ദിവസം. അതുകൊണ്ട് കാര്യായിട്ടാ പറയണത്. ക്ലാസിനല്ലാതെ ഒന്നിനും ഞാനിനി വരൂലാ ഇല്ലേങ്കിൽ ഞാനിത് ഇട്ടേച്ചും പോകും എന്റെ അവസാന ശ്രമായിത്..."

"മംഗലശ്ശേരി നായരെന്താ ഇത്ര കലിപ്പിൽ..." ലാബ് അസിസ്റ്റന്റ് പുഷ്പലത ചിരിച്ചോണ്ട് ലൈബ്രറിയ്ക്കുള്ളിലേക്ക് പോയി.

"കേട്ടില്ലേ അവരടെ പുച്ഛം, അടുത്തിടെ അവൾക്കും കിട്ടും, ടീച്ചർ കോട്ടയിൽ പ്രമോഷൻ, അതും ജാതീന്റെ പേരിലല്ലേ...?, അതിന്റെയാ. ഇവിടെ കുട്ടികൾക്ക് പോലും ശരിക്കറിയാം താൽക്കാലികം ആരാ സ്ഥിരം ആരാന്നൊക്കെ. അല്ലാ ഇക്കാലത്ത് ആർക്കാ അല്പം ജാതിയില്ലാത്തത് തനിക്കും ഏതോ ജാതിന്റെ പേരിലല്ലേ കിട്ടിയത്. എന്നിട്ടോ ലോകത്തില്ലാത്ത കമ്മൂണിസ്സോം വിളമ്പും. അതുകൊണ്ട് എന്റെ ജാതിയെ കളിയാക്കണ ആ  കവിത ഞാൻ പഠിപ്പിക്കൂലാ.

ജാതീടെ പേരിലെ സംവരണം മാറ്റൂന്ന് പത്രത്തിൽ കണ്ടിരുന്നു അത് വല്ലേം നടന്നാൽ മതിയായിരുന്നു...ഇവിടെ എന്നെപ്പോലുള്ളോർക്ക് ആകെ  മംഗലശ്ശേരീന്നും നായരെന്നുമുള്ള ഈ ഏച്ചുകെട്ടലുകളേയുള്ളു സമ്പാദ്യം....നീ ആ ജയകാന്തന്റെ കാര്യോന്ന് ഓർത്തേ അയാൾക്കും ഭാര്യയ്ക്കും ജോലിയുണ്ട്, ജാതീടെ പേരിൽ മക്കൾക്ക് സ്റ്റൈഫന്റും ഇപ്പൊ അതിലെ ആ പെണ്ണിന് മെഡിസിന് അഡ്മിഷനും കിട്ടി അല്പം നെറല്ലാതെ എന്ത് കുറവാ അവർക്കുള്ളത് എന്നിട്ടും സംവരണം അവർക്ക് തന്നെ..ദിവസക്കണക്കിൽ കിട്ടണ ഈ നാന്നുറ്റിഅൻപത് രൂപയിലാ എന്റേം മാധുവേട്ടന്റേം ബഡ്ജറ്റിന്റെ താളം..."

ടീച്ചർ ഗൈഡിൽ ഭരണഘടനയെക്കുറിച്ച് വായിക്കുമ്പോൾ...
ഞാൻ 'നായരേ ഭാവൻ തന്നെ ശുദ്ധരിൽ ശുദ്ധനും' മൂളിക്കൊണ്ട് ഇറങ്ങിനടന്നു...

*ചിത്രപരീക്ഷയിലെ*
*ഉത്തരസൂചികൾ*

പരീക്ഷയുടെ രണ്ടു മുന്നേ സുചിത്രടീച്ചർ സ്കൂളിൽ നിന്ന് പോയി. ബുദ്ധിപൂർവ്വം ഒഴിവാക്കീന്ന് പറയുന്നതാകും ശരി. ജയകാന്തന്റെ അനിയന്റെ  ഭാര്യ മലയാള എം. എ.ക്കാരിയാണെന്നറിഞ്ഞതുമുതൽ ഒഴിഞ്ഞിരുന്ന് പഠിക്കുന്ന സുചിത്രടീച്ചറെ വേണ്ടാതായി. അവസാന ചാൻസല്ലേ ? വീട്ടിലിരുന്ന് മുഴുവൻ സമയോം നോക്കണതല്ലേ നല്ലതെന്നൊക്കെ ഞാനും പറഞ്ഞപ്പോൾ അവർ നിർത്തിപ്പോയി. പാഠഭാഗങ്ങളൊക്കെ ഏകദേശം തീർത്തതുകൊണ്ട് പുതുതായിവന്ന വനജയ്ക്ക് സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റുകളിടാൻ ഒത്തിരി സമയം കിട്ടീന്ന് പറയാം...
എതിർ വശങ്ങളിലിരുന്ന് മുഖത്ത് നോക്കാതെ ചാറ്റ്ബോക്സിൽ ഞങ്ങളൂറിചിരിച്ചു. ഗൾഫിൽ നിന്ന് ജയകാന്തന്മാഷിന്റെ അനിയൻ അയച്ച പെർഫ്യൂം മറ്റാരുമറിയാതെ അവർ എനിക്ക് തന്നു...

"മാഷിന്റെ കൈവശമുള്ള ഗൈഡുംകുറിപ്പുകളും എനിക്ക് തരാമോ, എന്റെ കൈയിലുള്ളതൊക്കെ കഴിഞ്ഞു..." വഴിയിൽ വച്ച് മധുവിന്റെ പിന്നിലിരുന്ന് സുചിത്രടീച്ചർ ചോദിച്ചതിനാലാണ്.അന്ന് വൈകിട്ട് അവരുടെ വീട്ടിലേക്ക് പോയത്. മധുവിന്റെ അമ്മ എന്നെ സ്വീകരിച്ചു. അടുക്കളയിൽ കുഴലുകൊണ്ട് അടുപ്പിൽ ഊതുന്നശബ്ദം.
സുചിത്ര ടീച്ചറുടേതെന്ന് ഞാനുഹിച്ചു....

"ഗ്യാസ് തീർന്നിട്ട് നാലായി, മധൂനും അവൾക്കും ഒരു മൈൻഡ് ഇല്ല അവൾക്കും ഈ വീട് ഇങ്ങനെയിട്ട്  പുകയ്ക്കാനാ അവൾക്കും ഇഷ്ടം..." അവർ ഒരു ചുമവരുത്തി ഞാനായിട്ട് കുറച്ചില്ല ഒന്ന് ഞാനും ഒപ്പിച്ചു...

സുചിത്രടീച്ചർക്കൊപ്പം പുകമണവും അടുക്കളവിട്ടിറങ്ങിവന്നു. പുകഞ്ഞ ഒരു കട്ടൻ ചായയും. നെറ്റിയിൽ ഊർന്ന് കിടക്കുന്ന ചുരുണ്ട മുടിയിഴകളിൽ ചാരം മഞ്ഞുപോലെ പറ്റിനിൽക്കുന്നു....

"ഗ്യാസ് തീർന്നല്ലേ..." ഞാൻ പറഞ്ഞതൊന്നും മൈൻഡ് ചെയ്യാതെ ബുക്കുകൾ വാങ്ങി മുറിക്കുള്ളിൽ വച്ച്. ഒഴിഞ്ഞഗ്ലാസ് ടേബിളിൽ വാങ്ങി  വച്ചു. മടങ്ങാൻ തുടങ്ങിയ എന്റൊപ്പം ഗേറ്റുവരെ വന്നു....

"...ന്റെ ഗ്യാസ് മിക്കവാറും തീരൂട്ടോ. നിറച്ച രണ്ട് കുറ്റി അകത്ത് അച്ഛന്റെ മുറിലുണ്ട്. ഗൾഫ്കാരൻ മോനെ നാട്ടിലെത്തിച്ച വരുമാനമില്ലാത്ത മരുമകൾ വിറകുണ്ടാക്കി കത്തിച്ചാൽ മതീന്നാ ഉത്തരവ്. മധുവേട്ടൻ ഗൾഫ്കാരനായിരിക്കണത അച്ഛനിഷ്ടം. അടിമമകളായിരിക്കണതാ അമ്മയ്ക്കിഷ്ടം..ന്റെ കഷ്ടകാലത്തിന് മധുവേട്ടന് മഞ്ഞയുടെ പ്രശ്നോം മടങ്ങിപ്പോകാൻ കഴിയണൂല്ലാ...എനിക്കും മക്കൾക്കും വേറാരാ..ഈ പറമ്പ് മുഴുവനും നടന്ന് വിറകുണ്ടാക്കി വച്ചുവിളമ്പിയാലും ആർക്കും രുചിയില്ല. ഒരാൾക്ക് ഒന്ന് മറ്റൊരാൾക്ക് വേറൊന്ന്..ഞാൻ ജോലി തീർത്ത് പഠിക്കാനിരിക്കണത് കണ്ടാൽ രണ്ടാൾക്കും കലിയിളകും. എന്തുവന്നാലും പരീക്ഷയ്ക്ക് രണ്ടാഴ്ച്ചമുന്നേ ഞാനെന്റെ വീട്ടിൽ പോകും മക്കളെ മധുവേട്ടൻ നോക്കട്ടേ...തിരികെപ്പോകാൻ മധുവേട്ടനും നോക്കണുണ്ട്. ഈ ജോലികിട്ട്യാൽ പിന്നെ ഞങ്ങളെവിട്ട് മധുവേട്ടന് മരുഭൂമിപ്പോയി പണിയേണ്ടിവരൂലല്ലോ..? "

മധുവിന്റെ ബൈക്ക് ശബ്ദം അടുത്തുവന്നു..ഗേറ്റിൽ നിൽക്കണ ഞങ്ങളെ നോക്കി ചിരിച്ചു...

"മാഷേ ആ ഹിന്ദി സിനിമേടെ ടിക്കറ്റ് വേണ്ടായിരുന്നോ...?" ഞാൻ ടിക്കറ്റിന്റെ കാശെടുക്കാൻ തുടങ്ങിയപ്പോൾ എന്നെത്തടഞ്ഞു..'അത് ഞാൻ വേറൊരു ഫാമിലിക്ക് കൊടുത്തൂന്ന്' പറഞ്ഞത് എനിക്കും സുചിത്രടീച്ചർക്കും വിശ്വാസായില്ല...

മധു വീട്ടിലേക്ക് കയറുമ്പോൾ

"ദേ കണ്ടില്ലേ മധുവേട്ടന് കച്ചോടം ചെയ്യാനറിയില്ല..." സുചിത്രടീച്ചറും അകത്തേക്ക് പോയി. എന്റെ പേഴ്സിനുള്ളിലൊരു തുക  നീറിത്തുടങ്ങി....

*ദാമ്പത്യത്തിന്റചുരുക്കപ്പട്ടിക*

നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക്ചെയ്യാൻ അക്ഷയസെന്ററീൽ എത്തുമ്പോൾ മധു, ദേവിവിലാസം ഹോട്ടലിലെ ഊണുപൊതി തുറക്കുകയായിരുന്നു.

"ഊണിപ്പൊ ഹോട്ടലീന്നാ എന്താ വീട്ടിൽ പോയില്ലേ...? " ഞാൻ പപ്പടത്തിന്റെ ഭാഗം എടുത്തു. പൊതിമാറ്റിവയ്ക്കാൻ തുടങ്ങിയ മധുവിനെ ഞാൻ തടഞ്ഞു....

" മാഷ് വന്നതിന്റെ രണ്ടാം ദിവസം അവള് കുട്ടികളേം എന്നേം തനിച്ചാക്കി വീട്ടിൽ പോയി. കുട്ടികളുടെ കാര്യാ കഷ്ടം. എനിക്ക് ഗൾഫിൽ ഇതൊക്കെ ശീലായതല്ലേ. അമ്മ എന്തേലും ശര്യാക്കും. രണ്ടാളും മിണ്ടാതെ കഴിച്ചോളും. അവർക്ക് അവളുടെ ശീലാ.

പോണതിന്റ തലേന്ന് ഒരു ചെറിയ വഴക്കുണ്ടായി. ചിത്ര പഠിക്കാനിരിക്കുവായിരിന്നു. അച്ഛൻ പറമ്പിലെ പണിക്കാർക്ക് വെള്ളം ചോദിച്ചു. ടേബിളിൽ ഉണ്ടായിട്ടും  അവൾ എടുത്ത് കൊടുക്കണം..അവൾ എണീറ്റില്ല. അമ്മയെടുത്ത് കൊടുത്തെങ്കിലും അന്ന് അതായി പുകില്. പറമ്പിൽ പണിചെയ്യണോന് കിട്ടും സ്കൂളിൽ ചെന്ന് പഠിപ്പിച്ചാലെന്നും പറഞ്ഞ് അമ്മതുടങ്ങി...അയലത്തെ
വർഷോപ്പ് സുഗുണന്റെ പെണ്ണ് വർഷേടെ കാലുകഴുകി വെള്ളം കുടിക്കെടീന്ന് അമ്മ പറഞ്ഞു.വർഷേടെ മഹത്വം വിളമ്പണതിനിടയിൽ,
ചിത്ര മുറീന്ന് ഇറങ്ങിവന്നു..

" അതേ, അമ്മേടെ അയൽക്കാരി മാതൃകാ മരുകൾ പത്ത് പാസായിട്ടില്ല. എനിക്ക് ഒരു പീ ജിയും നെറ്റും ഉണ്ട്. നിങ്ങടെ വർഗത്തിൽ ഒരാളുണ്ടോ ഈ യോഗ്യതയുള്ളത്..." ചിത്രേടെ ശബ്ദം.ഞാനന്നുവരെ ഉയർന്ന് കേട്ടിട്ടില്ലാട്ടോ...തുടന്ന് അമ്മായീം മരുമോളും തർക്കായി. ഞാനവളെ എന്തൊക്കെയോ പറഞ്ഞു...പിറ്റേന്ന് എല്ലാരും ഉണരും മുന്നേ മക്കളുടെ ടിഫിൻ വരെ റെഡിയാക്കീട്ട് ഇറങ്ങിപ്പോയതാ.
ഫോൺ പോലും കൊണ്ടുപോയിട്ടില്ല.

ഞാനും മക്കളും രണ്ടീസം മുന്നെ അവിടെ പോയിട്ടും മുറീന്ന് ഇറങ്ങിവന്നില്ല. ഈ വാശി നന്നായീന്നാ എന്റെ തോന്നൽ അന്ന് മറ്റേ റാങ്ക് ലിസ്റ്റിൽ ഇല്ലാന്നറിഞ്ഞ് എത്ര രാത്രിയാന്നോ കരഞ്ഞ് കരഞ്ഞ്...
എനിക്കിതിലെന്താ ചെയ്യാനാകുക. രണ്ട് കൂട്ടരുടേം എടേൽ കിടന്ന് ഞാനും മക്കളും...

കുഞ്ഞുങ്ങൾക്ക് അപ്പുപ്പന്റേം അമ്മുമ്മേടെം സ്നേഹം കിട്ടണം. ഞാൻ അച്ഛന്റെകൂടെ വേണം എന്നൊക്കെപ്പറഞ്ഞ് വീടുമാറണതിനെ എതിർത്തത് ചിത്രതന്യാ....
എന്നിട്ട് എല്ലാ താളങ്ങളെല്ലാം തെറ്റിച്ച് അവളിറങ്ങിപ്പോയി.."
മധു കൈകഴുകിവന്ന് കംബ്യൂട്ടറിന്റെ മുന്നിലിരുന്നു....

"എല്ലാ ദുഃഖവും എനിക്കുതരു...
എന്റെ പ്രിയസഖി പോയ്...ചുമ പാട്ടിന്റെ തടഞ്ഞു.
കഫം തുപ്പാൻ മധുപുറത്തിറങ്ങിയപ്പോൾ. ടിക്കറ്റ് കാശ് ടേബിളിൽ വച്ച് ഞാനും പുറത്തിറങ്ങി...

'സുമംഗലീ നീ പോയ് വരൂ ജീവിതസുഖങ്ങൾ നിന്നെ തഴുകട്ടേ..."
മധു പാട്ടിന്റെ ബാക്കിവരികൾ വരികൾ ഓർക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു..പി എസ് സിയുടെ
ചുരുക്കപ്പട്ടികയിൽ സുചിത്രയുടെ പേരെഴുതിചേർക്കാൻ മധുവിന്റെ വിരഹഗാനം വെമ്പുന്നത് പോലെ തോന്നി..

*വെന്തൊരഭിമുഖം*

തൊഴിൽ വാർത്തയിലെ ഉത്തരസൂചികയിൽ ശ്രദ്ധപതിഞ്ഞപ്പോഴാണ് സുചിത്രടീച്ചറെ ഓർമ്മവന്നത് . ഇന്നലെ പതിനാറായിരുന്നു. ഫോണെടുത്ത് വിളിക്കുമ്പോൾ മറുതലയ്ക്കൽ മധു. പിന്നെ വല്ലാത്തമൗനം. ഒരു പാട്ടോടെ അല്ലാതെ മധു ഫോണിൽ സംസാരിച്ചില്ല. ഏതോ പാട്ടിന്റെ തുടക്കമാണെന്ന് കരുതി ഞാനും മിണ്ടാതെ നിന്നു.
പിന്നെ ഫോൺ കട്ടായി...

ഞാൻ പിന്നെയും വിളിച്ചു. "ആശുപത്രീലാ മാഷേ പിന്നെ വിളിക്കാം..." മധുഫോൺ കട്ടാക്കി. അന്ന് വൈകിട്ട് വീണ്ടും വിളിച്ചു..

"എന്താ, എന്താപറ്റിയത്. ആർക്കാ അസുഖം..."

" ഒന്നുല്ലാ മാഷേ ചിത്രയ്ക്ക്  എന്തോ ഒരു പ്രശ്നം , പതിനഞ്ചിന് നീതുന്റെ സ്കൂളിൽ കലോത്സവായിരുന്നു. ഇത്തവണ ചിത്രയില്ലാത്തോണ്ട് ഒന്നിനും ചേർന്നില്ല. അവളുണ്ടെങ്കിൽ എന്തേലും മൂന്ന് ഐറ്റം പഠിപ്പിക്കുമായിരുന്നു. അമ്മാവൻ ഫോൺ ചെയ്തപ്പോൾ നീതു കരഞ്ഞോണ്ട് എന്തോ പറഞ്ഞു.കൊച്ചിന്റെ കരച്ചിൽ കേട്ട് ,അതിയാൻ ഫോൺ സുചിത്രയ്ക്ക് കൊടുക്കാൻ വാതിലിൽ മുട്ടിയപ്പോൾ , അവളുവാതിൽ തുറന്നില്ല. അതായി പിന്നെ വഴക്ക് അതിയാൻ അവളുടെ പുസ്തകമെല്ലാം വാരിപ്പുറത്തെറിഞ്ഞു. പിറ്റേന്ന് ഒരുങ്ങിയിറങ്ങാൻ നേരത്ത് 'നിന്റെ പി.എസ്. സി പ്രാന്ത് തീർത്ത് തരാടീ'ന്നുമ്പറഞ്ഞ്  മുറി പുറത്തുനിന്ന് പൂട്ടി. തൊട്ടടുത്ത കോയിക്കൽ സ്കൂളിലായിരുന്നു. ടെസ്റ്റ്. അവസാനബെല്ലുവരേം അലമുറയിട്ട് കരഞ്ഞൂന്നാ അമ്മായിപറഞ്ഞത്. പരീക്ഷ തീർന്ന ബെല്ലുകേട്ടപ്പോൾ മുറി തുറന്നുകൊടുത്തു...അന്ന് അത്താഴത്തിനൊന്നും അവൾ  ചെന്നില്ല. രാത്രി സ്കൂളിൽ ബെല്ലടികേട്ട് പന്തികേട് തോന്നിയ അയൽക്കാരൻ പിയൂൺ സുരേന്ദ്രൻ ചേട്ടനാണ് ആദ്യം കണ്ടത്. ഇരുട്ടത്ത് ചിത്ര എട്ടുബിയിൽ ഇരുന്ന് മേശയിലും ചുവരിലും കറുത്തവൃത്തങ്ങൾ വരയ്ക്കുന്നു.

ഇന്ന് രാവിലെയും വീട്ടിൽ നിന്നിറങ്ങിയോടി സ്കൂൾ ഗേറ്റിൽ പിടിച്ച് കുലുക്കണത് കണ്ട്. അവരിവിടെ എത്തിച്ചത്. ഇപ്പൊ ഉറക്കാണ്.പി എസ് സി എഴുതാൻ പറ്റാത്തേന്റെ ഷോക്കാന്നാ ഡോ: ബെറ്റ്സി പറഞ്ഞത്. ഇനീപ്പോ പലതും അഭിമുഖീകരിക്കേണ്ടിവരൂന്നും പറഞ്ഞു....

*നിയമനോത്തരവ്*...

മധുന്റെ ഫോൺ അല്പം ആകാംക്ഷയോടെയാണ് ഞാനെടുത്തത്..
മാഷേ നിങ്ങള് സെന്റാറിലേക്കൊന്ന് വരാമോ...നിങ്ങൾക്ക് അന്ന്  പോസ്റ്റിംഗ് കിട്ടിയപ്പോഴുള്ള അഡ്വൈസിന്റെ കോപ്പിയും അപ്പോയിന്മെന്റിന്റെ കോപ്പിയും ഒന്ന് കരുതണേ...
ഞാൻ എത്തുമ്പോൾ മധു പൊതിച്ചോറയിക്കുന്നു...

" ആഹാ ഞാൻ നല്ല സമയത്താണല്ലോ..." മധു കഴിക്കാൻ ക്ഷണിച്ചു.

"ഹോട്ടലിലെ അല്ല ചിത്രയുണ്ടാക്കിയതാ മാഷേ. അവളെ കഴിഞ്ഞ മാസം കൊണ്ടുവന്നു. ഇപ്പൊ തികച്ചും നോർമ്മലാ. എങ്കിലും പഴയതുപോലെ സംസാരിക്കണൊന്നുമില്ല. എപ്പോഴും തൂങ്ങിപ്പിടിച്ചിരിപ്പാ. അല്ലെങ്കിൽ നിർത്താതെ എന്തേലും ചെയ്യും.ഇടയ്ക്ക് ഷോർട്ട് ലിസ്റ്റ് വന്നാ എന്നാ ഇന്റർവ്യൂന്നൊക്കെ ചോദിക്കും. ഇതിപ്പൊ നിങ്ങടെ പഴേ ലിസ്റ്റൊന്ന് പ്രിന്റെടുത്ത്  എഡിറ്റാക്കിയാൽ മതിയല്ലോ..അഡ്വൈസും ,ഓർഡറും പേരുമാറ്റിയൊന്ന് അടിച്ച് വയ്ക്കാം. ഇനി മരുന്നൊന്നും വേണ്ടെന്നാ ഡോക്ടർ പറഞ്ഞത്...

അടുത്ത ആഴ്ച്ച ഞാനും പോകാൻ തീരുമാനിച്ചു മരുഭൂമിതന്നാ ഇതിലും....

"തിരികേ ഞാൻ വരുവെന്ന വാർത്ത കേൾക്കാനായി..."
മധു പാട്ടിന്റെ വരികൾ മൂളി.
അന്നാണ് മധുവിനെ അവസാനമായിക്കണ്ടത്...
പിന്നെ ഇന്നലേം ഫേസ്ബുക്ക് മെസഞ്ചറിൽ വന്നു...

"പറ മാഷേ നിങ്ങളാ കഥയെങ്ങാനും എഴുതിയോ.. ?"

"ഇല്ലാട്ടോ, നടന്നതൊക്കെ ചിലപ്പോൾ എഴുതണോന്ന് കരുതി ഓർക്കാറുള്ളത് സത്യാ..."

"വേണ്ടാട്ടോ മാഷേ..."

"ഉം"

മധുവിന്റെ ചാറ്റ് മെസ്സഞ്ചർ ഓഫ് ലൈനായി.

ഞാൻ,
വാട്സ് ആപ്പിൽ ടൈപ്പ് ചെയ്ത കഥയുടെഭാഗം വേഗം ഡിലീറ്റ് ചെയ്തു...!!

കെ എസ് രതീഷ്
( ഗുൽമോഹർഒന്ന്

Tuesday, 21 November 2017

പെഡഗോഗി ഓഫ് പൊട്ടടിയൻ

പെഡഗോഗി ഓഫ്* പൊട്ടടിയൻ...!

"കള്ള സൂറേ യ്യ് വണ്ടി നെറ്ത്തണൊണ്ടാ, ന്റെ പൊട്ടൻ ആടെ
വീണേടക്കണ കണ്ടില്ലേന്ന്...."

അയിഷുമ്മ റഷീദിന്റെ തലമുടിയിൽ പിടിച്ചു, ആബിദയെ തല്ലാൻ കൈയോങ്ങി. റഷീദ് കാറ് റോഡിന്റവശം ചേർത്തു നിർത്തി. ആയിഷുമ്മ കോടതിവളപ്പിൽ പൊട്ടടിയൻ വീണുകിടക്കുന്നിടത്തേക്ക് ഇറങ്ങിയോടി, കൂടെയിറങ്ങാൻ തുടങ്ങിയ ഹനീഫയെ റഷീദ് തടഞ്ഞു.വാഹനം പതിയെ കോടതിവളപ്പ് വിട്ട് നിരത്തിലേക്ക് നീങ്ങി.ആബിദ കാറിന്റെ പുറകിലൂടെ നോക്കുമ്പോൾ പൊട്ടടിയനും അയിഷൂമ്മയും കോടതിവളപ്പിൽ നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിലെ ചായക്കടയിലെ ബെഞ്ചിലിരിക്കുന്നു....

'സ്റ്റെത് കോം' എന്ന വാട്സ് ആപ്പ് കൂട്ടായ്മയിൽ പൊട്ടടിയനെക്കുറിച്ചുവന്ന വാർത്തകണ്ട് ആബിദ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ചു....

"ഈ ഉമ്മാക്ക് ഇതെന്തിന്റെ കേടാന്ന്,
നാടൊട്ടുക്ക് ആ പൊട്ടന്റെ വിഷയം അറിഞ്ഞിക്കാ, സൽമ്മാന്റെ വീട്ടുകാരോട് ഇനി എന്ത് പറയും റബ്ബേ,.." അവൾ ഹനീഫയെ നോക്കി....

"..കുഞ്ഞാണിന്റെ കാര്യത്തിൽ കൊയപ്പോന്നുണ്ടാവൂലാ, ഹസ്നേടെ വാപ്പ കാര്യറിഞ്ഞ് വിളിച്ചിരുന്ന്  നിക്കാഹിന്  മുന്നേം അതങ്ങ് തീർത്താളാൻ പറഞ്ഞീനിം..."
ഹനീഫ ആബിദയെ നോക്കി....

"അളിയാക്കാ ങ്ങളത് വിടാളാ, പത്തൂപ്പത് കൊല്ലത്തെ പയ്ക്കോള്ള കഥേല്ലേന്ന്...ഓരായി ഓരെ പാടായി, ഉമ്മേനെ സൂക്ഷിച്ചോളീൻ ആ പന്ത്രണ്ടാപ്പൊട്ടന്റ പേരീന് എയ്താൻ ചാൻസൊണ്ട്, ന്നെ പീട്യേല് എറക്കീൻ കണക്കെടിപ്പിന് ആഡിറ്റര് വരേന്ന് പറഞ്ഞ്, ങ്ങള് വല്ലോം പായ്ച്ച് പീട്യേലേക്ക് പോന്നോളീൻ..."

ഹനീഫ ആയിഷാഗോൾഡ്  ബസാറിൽ ഇറങ്ങി .ആബിദ അടക്കിവച്ചിരുന്ന കരച്ചിൽ  തുറന്നുവിട്ടു...

'ആബി, യ്യ് മോങ്ങാതിരുന്നോ, അന്റെ തല തച്ചൊടയ്ക്കും ഞാൻ..."
കാറിനുള്ളിൽ പെട്ടെന്നൊരു മൗനം തലയുയർത്തി.

"ആ പൊലച്ചി മൈത്രിക്ക് സ്കൂളീന്ന് തൊടങ്ങിയതാ എന്നോടിത്ര...."

"അന്നോട് ചെലക്കാണ്ടിരിക്കാനല്ലേ ആബി പറഞ്ഞത്, ഹനീഫ പറഞ്ഞത് യ്യ് കേട്ടില്ലേ, ആയിഷാ ഗോൾഡിന്റെ പരസ്യോള്ള ഒരു പത്രത്തിലും ഈ വാർത്തവരൂലാ, സൽമ്മാന്റെ വാപ്പ അന്റെ കെട്ട്യോന്റെടുത്ത് പറഞ്ഞത് നി കേട്ടില്ലേ, വിരലോണ്ട് വീമ്പിളെക്കണ ജാതികള ഏനക്കേട് പെട്ടെന്ന് തീർന്നോളും അത് വരേ പൊരേ കുത്തിർന്നോ..."
കാറിന്റെ എഞ്ചിനൊപ്പം ആബിദയും മുരണ്ട് മുരണ്ട് ഉറങ്ങി....

ആൽമ്മരത്തിന്റെ ചുവട്ടിലെ ബെഞ്ചിലിരിക്കാതെ നിലത്ത് കുത്തിയിരുന്ന് ബന്ന് തിന്നുന്ന പൊട്ടടിയനെ നോക്കി അയിഷുമ്മ ചിരിച്ചു...
അയിഷുമ്മ ഒന്ന് ചിരിക്കാൻ പൊട്ടടിയൻ കാത്തിരിക്കും,  എന്നിട്ട് പൊകയില കറപറ്റിയ മോണ മാനം മുട്ടെ വലിച്ചുതുറക്കും..
അരമണിക്കൂർ മുന്നേ കോടതിയിൽ വാദിയും പ്രതിയുമായി നിന്നവർ ഒന്നിച്ചിരുന്ന് ചിരിച്ചുമറിയുന്നത് കണ്ട് വക്കിലന്മാർക്കും ചിരിപൊട്ടി.
അതിലൊരുത്തൻ വിളിച്ചുചോദിച്ചു...

...എന്താണുമ്മ നിങ്ങളെക്കൊണ്ട് ഏഴരലക്ഷം പിഴയടപ്പിക്കാൻ കൂട്ടുനിന്നോനോടൊരു പഞ്ചായത്ത്..."

"ഓ എന്തേനു ഒരു ലച്ചപ്രഫൂനെക്കണ്ടാ മയിസ്രേട്ടേ...നേരം ഇത്തറിം ആയിട്ടൊരു കാലിച്ചേയേന്റെ കാര്യം നോക്കാനാളൊണ്ടാന്ന്, കൊടിം തൂക്കി പൊരേ വന്ന് കൂക്കിവിളിച്ചോരൊക്കെ എവിടേനീം..."പൊട്ടടിയൻ ചിരി നിർത്തീലാ, അയിഷുമ്മേടെ കയ്യിലിരുന്ന ബന്നിന്റെ കഷ്ണം നിലത്തുവീണു, പൊട്ടടിയൻ അതെടുത്ത് വേഗം വായിലാക്കി, തന്റെ ഗ്ലാസിലെ പൊടികലർന്ന ചായ അവന്റെ ഗ്ലാസിലേക്ക് അയിഷുമ്മ ഒഴിച്ചുകൊടുത്തു...
കടക്കാരനോട് അയിഷുമ്മ വർത്താനം പറയുന്നതിനിടയിൽ, ഒരു വിറകുകൊള്ളിയും എടുത്ത് പൊട്ടടിയൻ കോടതിവളപ്പിലേക്ക് ദൂരെനിന്നു നടന്നുവരുന്ന മൈത്രിയെ ലക്ഷ്യമാക്കി ഓടി...അവൾ കോടതിവരാന്തയിലൂടെ കെട്ടിടത്തിനുള്ളിലേക്ക് ഓടി....
ഓടിയോടി പത്തിരുപത് കൊല്ലം പിന്നിലേക്കോടി....
പൊറ്റാട്ടിൻ പറമ്പിലെ ചാമ്പമരത്തിന് ചുറ്റും ഓടി, മുപ്പത് പോത്തുനിൽക്കണ തൊഴുത്തിന് ചുറ്റും ഓടി, പാതളം വരെ താഴ്ച്ചയിള്ള കിണറ്റിന് ചുറ്റും ഓടി,... പൊറ്റാട്ടിൻ മുറ്റത്ത് കൊത്തങ്കല്ലിൽ തർക്കിച്ച് ഞാൻ തള്ളിയിട്ട ആബിദേടെ കരച്ചിൽ കേട്ട് എന്നെ   ഓടിച്ചുകൊണ്ടിരുന്ന പൊട്ടടിയൻ തിരിച്ചോടി...
അയാൾ അവളെയും വാരിയെടുത്ത് വീട്ടിലേക്ക് കേറുമ്പോൾ പറങ്കിമാവിൽ ചാരിയിരുന്ന് കിതപ്പിനൊപ്പം അന്ന് ഞാൻ ഉറക്കെച്ചിരിച്ചു, കോടതിവരാന്തയിൽ  കിതപ്പിനൊപ്പം ഇന്ന്  കരച്ചിൽ വരുന്നുണ്ടെനിക്ക്...

പെരുമ്പടം കോളനീല് പൊട്ടടിയൻ ഇരുട്ട് വീണാലും ഉണ്ടാവൂലാ, പൊറ്റാട്ടിലെ അയിഷുമ്മാന്റെ അടിമേന്ന് പറയണതാവും ശരി, വെള്ളിച്ചിയമ്മായി എണിക്കുമുന്നേ ചാലിയാറ് നീന്തി പൊട്ടടിയൻ പൊറ്റാട്ടിലെ മുപ്പത് പോത്തുകളുമായി അകമ്പാടം വനത്തിൽ കേറീട്ടുണ്ടാകും, ജി യൂ പി സ്കൂളിലെ വഴീലെ തോടും ചാടിക്കടന്ന് ആബിദേം തോളിലിരുത്തി എന്റെ മുന്നിലൂടെ എക്സ്പ്രസ് വേഗത്തിൽ പോകും, പോണവഴിക്ക് എന്റെ തലയിൽ ഒരു കിഴുക്കും, ഹും...എന്നൊരാട്ടും. തോളിലിരിക്കണ അവൾക്ക് ചെരുപ്പൊരാഭരണമായപ്പോൾ എനിക്കത് വലിയൊരു സ്വപ്നമായിരുന്നു...ഓടിക്കിതച്ച് ജീ യൂ പി ലെത്തുമ്പോൾ പിള്ളാരെല്ലാം വട്ടത്തിൽ നിന്ന് അവളുടെ തട്ടത്തിലെ അത്തർ മണത്തു നോക്കണുണ്ടാകും, നീണ്ടതെങ്കിലും ചുരുണ്ടമുടിം, മെഴുക്ക് മുഖവും, വിയർത്തൊട്ടിയ ഉടുപ്പും കാരണം ക്ലാസിലെ ഒരെറ്റയെണ്ണം എനിക്ക് കൂട്ടില്ല, സ്കൂളിലെത്തിയാൽ ആബിദയ്ക്കും നൂറ് കൂട്ട്, അവളുടെ മണത്തിനെ പുകഴ്ത്തിപ്പറഞ്ഞ ആരിഫിനോട് ഒരിക്കൽ ഞാൻ പറഞ്ഞു,

"ഓൾടെ യഥാർഥമണം ചന്തീലാണ്, ബാക്കിയെല്ലാം അത്തർ പൂശീതാ..."

പൊട്ടടിയന്റെ തോളത്തെ മണം അവിടെയെങ്കിലും പറ്റിയിട്ടുണ്ടാകും എന്ന പ്രതീക്ഷയായിരുന്നു എനിക്ക്....

ഒരാഗസ്റ്റ് പതിനഞ്ചിന് കൊടിയുയർത്താൻ പോകുന്നവഴീൽ വച്ചാണ് എനിക്കും അവൾക്കും വയസറിവുണ്ടായത്...
പറങ്കിമാവിന്റെ ചുവട്ടിൽ വയറ്റിൽ കൈയമർത്തിപ്പിടിച്ച് നിലവിളിച്ച് ഞാൻ കരയുമ്പോൾ, വേദനകടിച്ചമർത്തി തോളിലിരുന്ന് അവൾ പൊറ്റാട്ടിലേക്ക് പോയി...
അവളുടെ പിന്നിലും പൊട്ടടിയന്റെ തോളിലും കറുത്തചുവപ്പ് തെളിഞ്ഞുവന്നു...പിന്നെ പൊട്ടടിയന്റെ തോൾ ഒഴിഞ്ഞു കിടന്നു, റഷീദിക്കാടെ സൈക്കിളിലും, സൽമാന്റെ സൈക്കിളിലും അവളങ്ങനെ സ്കൂളിലേക്ക് പോയപ്പോൾ...
എനിക്കൊരു മാറ്റവുമുണ്ടായില്ല, വിയർപ്പുകൊണ്ട് ക്ലാസ്മുറികളിൽ ഞാൻ അന്നും അന്യയായി...

പൊട്ടടിയന് ഒരിറ്റിരിക്കാൻ കഴിവില്ല, എപ്പൊഴും പണിയിലാകും,പാതളം വരെ താണുപോകുന്ന കിണറ്റിൽ നിന്ന് വെള്ളം കോരും, തൊഴുത്തെല്ലാം വൃത്തിയാക്കും, തെങ്ങും കവുങ്ങും ഒക്കെ കയറിയിറങ്ങും , പറമ്പ് വൃത്തിയാക്കും, അതിരിൽ കല്ലടുക്കും....വൈകിയാൽ ചാലിയാറ് നീന്തിപോത്തുകളുമായി മടങ്ങിവരും തലയിൽ ചുമട് വിറകോ, പുല്ലോ ഉണ്ടാകും...ഞങ്ങടെ കോളനിയിൽ കറണ്ട് വന്നില്ല, ആബിദേടെ കൂടിരുന്ന് കൊത്തങ്കല്ലു കളിയും വായനേം കഴിഞ്ഞ് പൊട്ടടിയന്റൊപ്പം ഞാനും കോളനിയിലേക്ക് പോകും, അയിഷുമ്മാടെ മുറീലെ ലൈറ്റ് അണഞ്ഞാൽ അടുക്കളപ്പുറത്തുചെന്ന് സൂറാബി കൊടുക്കണത് മുഴുവനും തിന്നും...
പാത്രം കഴുകി തൊഴുത്തിൽ വച്ച് ഒറ്റ നടപ്പാണ്. കൂടെയെത്താൻ പുസ്തകങ്ങളുമായി ഞാനോടും..വെള്ളിച്ചിയമ്മായി വിളക്ക് കെടുത്തീട്ടുണ്ടാകും,എന്റെ വീട്ടിലേക്ക് പിന്നെ കണ്ണടച്ചൊരോട്ടമാണ്...

കോളനീൽ പ്രമോട്ടർമാർ വന്നതുമുതൽ നിലമ്പൂരുള്ള റസിഡൻഷ്യൽ സ്കൂളിന്റെ അകത്തായി എട്ടാം ക്ലാസ് മുതലെന്റെ പഠിത്തം, ചെരുപ്പും ഉടുപ്പും സ്വന്താകാൻ തുടങ്ങി...
ആബിദ എരുമമുണ്ടയിൽ കന്യാസ്ത്രീമാർ നടത്തുന്ന ഇംഗ്ലീഷ് മീഡിയത്തിലും ചേർന്നു...

ഊണിനും ഉറക്കത്തിനുമിടയിലെ നാലം പിരീഡിൽ ഗിരിജന്മാഷാണ് അടിമത്തം നിർത്തലാക്കിയ എബ്രഹാം ലിങ്കണെക്കുറിച്ച് പറഞ്ഞത്...വെടിയേറ്റ് മരിച്ച ചരിത്രമറിയാതെ ആയിഷുമായിൽ നിന്ന് പൊട്ടടിയനെ മോചിപ്പിക്കാനുള്ള കത്തെഴുതാൻ എനിക്ക് മോഹമുണ്ടായി, ലിങ്കൺ സായ്വ് കോളനിയിൽ വരുന്നതും അയിഷുമ്മയിൽ നിന്നും.ആബിദയിൽ നിന്നും പൊട്ടടിയനെ മോചിപ്പിക്കണതും പലതവണ സ്വപ്നം കണ്ടു....പത്താം തരത്തിൽ ഫസ്റ്റ് ക്ലാസ് വാങ്ങിയപ്പോൾ ചരിത്രത്തിലെ ചിത്രങ്ങൾ എനിക്ക് വ്യക്തമായിരുന്നു...
കോളനിയിൽ ആദ്യമായി ഫസ്റ്റ്ക്ലാസ് വാങ്ങിയവൾക്ക് ആയിഷാ ഗോൾഡ് ബസാറും പ്രമോട്ടർമാരും പഞ്ചായത്തും ചേർത്തൊരുക്കിയ ചടങ്ങിൽ എനിക്ക് മാലയിട്ടുതന്നത് ആയിഷുമ്മയായിരുന്നു. ജന്മശത്രുവിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രം പിറ്റേന്ന് പത്രത്തിൽ വന്നപ്പോഴും എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല...ക്ലാസ് വാങ്ങിയ എന്നെക്കാളും ഗോൾഡ് ബസാറിനെയും.ആയിഷുമ്മയേയും ഡിസ്റ്റിംഗ്ഷൻ വാങ്ങിയ ആബിദയേയും പുകഴ്ത്താനായിരുന്നു. പ്രമോട്ടർക്കും നേരം, യോഗം തിരണതിനിടയിൽ  മൈത്രി പി ടി എന്ന് ആകെ രണ്ട് തവണ പറഞ്ഞു, പഞ്ചായത്ത് മെമ്പർ ആദിവാസീന്ന് മാത്രം...
എം ഈ എസിൽ പി ഡി സി കഴിഞ്ഞ് അവൾ മൈസൂർക്ക് ഡോക്ടറാകാൻ പോയി, ഞാൻ ആലുവായിൽ നിയമത്തിന്റെ വഴിയിലും...ഒരവധിയ്ക്ക് ആബിദേന്റെ കോളേജിൽ നിന്ന് വന്നവർ കോളനീൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, വന്നവരൊക്കെ തുണിയും മരുന്നും വിതരണം നടത്തി...സൽമാനും പൊട്ടടിയനും കുറേ ആണുങ്ങളും പുഴയിൽ ചൂണ്ടയിടാനും കാടുകയറിയിറങ്ങാനും പോയി...എല്ലാത്തിനും മുന്നിൽ പൊട്ടടിയൻ
അതിലൊരുത്തൻ എന്നോട് ഒലിപ്പിച്ച് വന്നു, നിയമത്തിന്റെ പഠനാന്ന് കേട്ടപ്പോൾ ഒരല്പം അകലം വച്ച് നിന്നു....
കോളനിയിൽ നടക്കണ ഈ മാറ്റങ്ങളൊന്നും വെള്ളിച്ചിയമ്മായീടെ പൊര അറിഞ്ഞതേയില്ല..
പതിവുപോലെ വിളക്ക് കെട്ട പുരയുടെ വരാന്തയിൽ പൊട്ടടിയൻ വന്ന് കിടക്കും, ചിലപ്പോൾ പൊറ്റാട്ടിന്റെ തൊഴുത്തിന്റെ ഒരുവശത്താകും കിടപ്പ്..
മെമ്പർ വാസവന്റെ സഹാത്താൽ അനീഷ് മഞ്ചേരിയുടെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി, ദേശീയ പാർട്ടിയുടെ സംസ്ഥാനകമ്മറ്റിയംഗം നോട്ടറി, അനീഷ് മഞ്ചേരി കേരളരാഷ്ട്രീയ രംഗത്ത് അയാളുടെ പാർട്ടിയെപ്പോലെ ചുവടുറപ്പിക്കാൻ വല്ലാതെ ശ്രമിക്കുന്നതിനാൽ കേസുകളൊക്കെ ഒത്തിരിയുണ്ടാകും, ചിലതെല്ലാം ഞാനും വാദിച്ചു...ആയിടയ്ക്കാണ് ലിങ്കണ് എഴുതാനുറച്ച കത്ത് ഓർത്തെടുത്തത് വെള്ളിച്ചിയമ്മായി ഒരാഴ്ച്ച  കിടപ്പിലായിരുന്നു.., ഒരുപരാതി എഴുതി വിരലൊപ്പ് വാങ്ങി, പൊട്ടടിയന്റെ കുറച്ച് ചിത്രങ്ങളുമായി പോലീസിൽ കൊടുത്തു. അതിന്
വഴിയിൽ വച്ച് റഷീദിക്ക....
"എച്ചിലുതിന്ന് വളർന്ന പട്ടിപ്രയോഗം" വല്ലാതെ എന്നെ പ്രകോപിപ്പിച്ചു...
കോടതീൽ ഒരു പരാതി സമർപ്പിക്കാൻ പറഞ്ഞത് അനീഷ് മഞ്ചേരിയാണ്...പോലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷണം വന്നതിനോടൊപ്പം ആ പറമ്പിൽ ഒരു കുഞ്ഞ് വീടും, പൊട്ടടിയനിൽ സാരമായ മാറ്റവും കണ്ടുതുടങ്ങി, ഹനീഫയുടെ പഴയ ഉടുപ്പും മുണ്ടും ഇട്ട് സ്റ്റേഷനിൽ വന്ന പൊട്ടടിയൻ എന്നെനോക്കി പല്ലിറുമി...
പിറ്റേന്ന് മുഖത്ത് നീരുമായി വെള്ളിച്ചിയമ്മായി എന്നെ കാണാനും വന്നിരുന്നു, അയിഷുമ്മാനെ കോടതി കേറ്റ്യാൽ പൊട്ടടിയൻ വനത്തിലെ അയണിമരത്തിൽ കെട്ടിത്തൂങ്ങി ചാവൂന്ന് പറഞ്ഞൂത്രേ....
വക്കീലാഫീസിൽ കേസ് തീർക്കാന്ന് പറയാൻ തുടങ്ങിയ എന്നോട്, ഗുമസ്ഥൻ ഗണേശൻ  പൊറ്റാട്ടിലേക്ക് അനീഷ് മഞ്ചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജാഥയെക്കുറിച്ച് പറഞ്ഞു തുടങ്ങി....കളക്ടർക്ക് പരാതികൊടുത്തതും, കോളനിയിൽ പാർട്ടിയുടെ യോഗം സംഘടിപ്പിച്ചതും, ഒന്നും ഞാനറിഞ്ഞല്ല. പിന്നീട് അതിൽ നിന്നൊന്നും മാറി നിൽക്കാനും കഴിഞ്ഞില്ല, കോളനിയുടെ രക്ഷകനായ അനീഷ്മഞ്ചേരിയുടെയും സി കെ ജാനുവിന്റെയും ചിത്രങ്ങൾക്കൊപ്പം എന്റെയും ചിത്രം അച്ചടിച്ച ഫ്ലെക്സ് കോളനിയിൽ, പാർട്ടി കൊടിമരത്തിന്റെ ചുവട്ടിൽ സ്ഥാപിച്ചു...

"ഞ്ഞി ഈടെ ഇരിപ്പാണാ, എണീറ്റ് വാ പെണ്ണെ, പൊട്ടൻ അന്നെ ഇനി ഒന്നും ചെയ്യൂലാ....യ്യ് പോയി ഒരു വണ്ടി വിളിച്ചോണ്ട് വാ...."

അയിഷുമ്മ ഇതും പറഞ്ഞ്  പൊട്ടടിയന്റെ കൈപിടിച്ച് കോടതിവളപ്പിൽ നിന്ന് പുറത്തേക്കിറങ്ങി....
കാറുമായെത്തുമ്പോൾ പൊട്ടടിയന് ബദാം കായകൾ കല്ലുകൊണ്ടിടിച്ച് പൊട്ടിച്ച് അയിഷുമ്മ  കൊടുക്കുന്നു....

മൈത്രി മുൻ സീറ്റിൽ കയറി, പൊട്ടടിയൻ കാല് കുന്തിച്ച് നിലത്തിരിക്കാൻ നോക്കി, അയിഷുമ്മ അവനെ സീറ്റിൽ ശരിക്ക് പിടിച്ചിരുത്തി,...."

"ഏയ് ലച്ചോന്നും എന്നെക്കൊണ്ട് കൂട്ട്യാ കൂടുലപെണ്ണേ,  ഒരു പന്ത്രണ്ട് സെന്റും പയേ പൊരേണ്ട്...അത് യ്യ് ഈ പൊട്ടന്റെ പേരിലാക്കിത്തരണം , അതൊന്ന് കോടതീലും ഞ്ഞീ പറയണം..."

മൈത്രി കരച്ചിലടക്കാൻ ശ്രമിച്ചു...

"അന്ന്
അറുപത്താടിലെ വെള്ളപ്പൊക്കത്തീന്ന് ഈനെ രച്ചിക്കാൻ അദ്രുമാനിക്ക നോക്കീതാ ഓര് ഒലിച്ച് പോയി, ഓരെ പോത്തുകളേം കൊണ്ട് ഈ പൊട്ടൻ പൊറ്റാട്ടിലേക്ക് കേറിവന്ന്...ഓനെന്ന് ഉമ്മാന്നും വിളിച്ചില്ല ഓനെ ഞാൻ പുള്ളേന്നും കൂട്ടീലാ..ഓനും ഞാനും വെശർത്തേന്റെ ഫലാണ് പൊറ്റാട്ടിന്റെ സ്വത്ത് അയിലൊരംശം ഓന്റെ തന്നാ അതിപ്പൊ കോടതിപറഞ്ഞാലും ഇല്ലേലും അതന്നാ....
വെള്ളിച്ചിനേം ഓനേം ആ പൊരേലാക്കണം യ്യ്,  ഓന് കാർഡൊന്നൂല്ലാ, പിന്നെങ്ങനാണ് നാളെ നേരം വെളുക്കുമ്പം മയിസ്രേട്ട് പറേണപോലെ പാസൂക്കിൽ ഏഴ് ലച്ചം ഞാനിടണത്....?"

അയിഷുമ്മ ഒന്ന് നിർത്തി

  " ഞ്ഞിള്ള കാലം  പൊട്ടന്റെ പൊരലേ വയ്പ്പുകാരിയാ പൊറ്റാട്ടിലെ ആയിഷ...അതു മത്യാവോ മാളോർക്ക്..."

കാറിന്റെ ചില്ലുകൾക്കപ്പുറത്തെ പറമ്പുകളിൽ നിറഞ്ഞു നിൽക്കുന്ന കൊഴുത്ത പുല്ലുകളിലായിരുന്നു അപ്പൊഴും പൊട്ടടിയന്റെ നോട്ടം...
അയിഷുമ്മയ്ക്കെതിരേ എബ്രഹാം ലിങ്കണെഴുതിയ കത്ത് ചെറിയ കഷ്ണങ്ങളാക്കി  പുറത്തേക്ക് പറത്തിവിടുകയായിരുന്നു
ഞാൻ...!

*പെഡഗോഗി ഓഫ് ഒപ്രസ്ഡ്
മർദ്ദിതരുടെ വിമോചനശാസ്ത്രം- പൗലോ ഫ്രയർ

കെ എസ് രതീഷ്
( ഗുൽമോഹർ 009)