Tuesday, 24 August 2021

ഹിറ്റ്ലറും തോറ്റകുട്ടികളും..!

ഹിറ്റ്‌ലറും തോറ്റകുട്ടിയും..!

    മാധവൻകുട്ടി സാറ് ഉടൻ ചെയ്യേണ്ടതായുള്ള ആത്മഹത്യയെക്കുറിച്ച് ഭാര്യ,സതി അടുക്കളയിൽ മനോരാജ്യം കാണുകയായിരുന്നു.സമീപകാലത്താണ് അവർക്ക് ഇത്തരമൊരു വിചിത്രമായ സ്വഭാവമുണ്ടായത്.പരിചിതരോ ബന്ധുക്കളോ കൊല്ലപ്പെടുകയോ അപകടങ്ങളിൽ മരിക്കുകയോ, ഇനിയതുമല്ലെങ്കിൽ ആത്മഹത്യചെയ്യുന്നതായോ ഭാവനചെയ്യും.തുടർന്ന് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെയും തന്റെയും പ്രതികരണങ്ങൾ സസൂക്ഷ്മം വിലയിരുത്തും. എന്നിട്ട് 'അയ്യോ! ഞാനിതെന്താണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.?' എന്ന മറുചിന്തയും.ഒടുവിൽ 'പരേതരുടെ' ദീർഘായുസിനായി പ്രായശ്ചിത്ത പ്രാർത്ഥനയോടെയാണ് അത് അവസാനിപ്പിക്കുക. 

    മുറ്റത്തുനിന്നും മാധവൻകുട്ടി സാറിന്റെ പതിവ് തെറിവിളികൾ കേട്ട സതി,സങ്കല്പ ചടങ്ങുകളെല്ലാം തത്കാലത്തേക്ക് നിർത്തിവച്ച്, നിരാശയുള്ള മുഖവുമായി മുൻവശത്തെ വാതിലോളം വന്നുനിന്നു.

    വ്യാഴാഴ്ച്ചകളിൽ പലതരം പപ്പടങ്ങളുമായി വിൽപ്പനക്കെത്തുന്ന മുടിനീട്ടി വളർത്തിയ ചെറുപ്പക്കാരനായ, സോളമന്റെ കഴുത്തിൽ എത്തിപ്പിടിക്കാൻ മാധവൻകുട്ടി സാർ ശ്രമിക്കുന്നു.ആ കുറുകിയ കൈകളെ തട്ടിമാറ്റി മുറ്റത്ത് നിന്നും വേഗത്തിൽ നടക്കുന്ന സോളമൻ.പുല്ലിലും മണൽവിരിച്ച വഴിയിലും തെറിച്ചുവീണ തന്റെ പപ്പടങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ട് നിരത്തിൽ ഭയത്തോടെ ഓടിമറയുന്ന ചെറുപ്പക്കാരൻ.

     നിലവിളിച്ച് ആളെക്കൂട്ടാനോ,പിടിച്ചുമാറ്റാനോ സതിക്ക് തോന്നില്ല.ആ മതിൽക്കെട്ടിനുള്ളിൽ 'സാറി'ന്റെ നിയമപ്രകാരം ജീവിക്കാൻ തുടങ്ങിയിട്ട് ഒരു ഡസൻ വർഷങ്ങൾ കഴിയുന്നു. 'സർ'പ്പേടിയിൽ അയൽക്കാരാരും കടന്നുവരാറില്ല.'പിരിവുകാരും നായ്ക്കളും പ്രവേശിക്കരുത്' ഒരു വലിയ ബോർഡ് ഗേറ്റിൽ തൂക്കിയിട്ടുണ്ട്.ഗേറ്റിൽ മാത്രമല്ല വീട്ടിലെ സകലതിലും മാധവൻകുട്ടി സാറിന്റെ അരുതുകളുടെ നീണ്ട പട്ടിക സൂക്ഷിച്ചുനോക്കിയാൽ കാണാം. അതുമാത്രമല്ല ഇതേ രംഗങ്ങൾ മാസത്തിൽ, മൂന്നിൽ കുറയാതെ സതി ആവർത്തിച്ചു കാണുന്നുണ്ട്. 'ഇന്നിര' പപ്പടക്കാരൻ സോളമനെന്നുമാത്രം,അതും സാറു മറന്ന പന്ത്രണ്ടാം വിവാഹവാർഷിക ദിനത്തിൽ.

     ഇതൊക്കെയാണെങ്കിലും മാധവൻകുട്ടി സാറിന് ഭ്രാന്തൊന്നുമില്ല.നഗരത്തിലെ ഏറ്റവും വലിയ സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്, അതിലേറെ ശാന്തിനികേതനിൽ നിന്നും ബിരുദങ്ങൾ നേടിയ പ്രതിഭയുള്ള വിദ്യാർഥിയും.വായ തുറന്നാൽ 'ശാന്തിനികേതൻ നിറങ്ങൾ' ആരുടെ മുന്നിലും ആ മനുഷ്യൻ കോരിയൊഴിക്കും.ഏറെയൊന്നും വായ തുറക്കാറില്ല എന്നതാണ്‌ മറ്റൊരു പ്രതീക്ഷ.

    ഇവരല്ലാതെ ആ കോട്ടയിൽ അല്പകാലമുണ്ടായിരുന്ന മറ്റൊരു ജീവി,എവിടുന്നോ വന്നുകയറിയ ചാരനിറമുള്ള ഒരു പട്ടിയായിരുന്നു.മാധവൻകുട്ടി സാർ കാഞ്ഞിരത്തിന്റെ പട്ട ചോറിൽ കുഴച്ചു വച്ചതും തിന്ന് ആ പാവം രണ്ടുനാൾ ഉറങ്ങിപ്പോയന്നല്ലാതെ മറ്റൊന്നുമുണ്ടായില്ല.ഒടുവിൽ ഇത്തിരി മീനിന്റെ മണമെങ്കിലും കിട്ടാതെ വന്നപ്പോൾ സതിയെപ്പോലെ ഗതികെട്ട ജീവിതത്തിന് അത് തയാറായില്ല.വീടിന്റെ പിന്നിലെ പാടവും കടന്ന് അതങ്ങ്‌ പോയി.ഒന്നോ രണ്ടോ തവണ അത് കുരച്ചു, മാധവൻകുട്ടി സാറിന്റെ അതിരിൽ മൂത്രിച്ചു.അയൽ വീടുകളിലെ മീൻമണം രുചിച്ചാണ് സതി ചില ഉച്ചനേരങ്ങളിൽ ഉണ്ണാനിരിക്കുക.മാധവൻകുട്ടി സാർ ശുദ്ധ സസ്യാഹാരിയായിരുന്നു.

    പപ്പടക്കാരൻ ഓടിയ ദിക്കിലേക്ക് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മാധവൻകുട്ടി സാർ വീട്ടിലേക്ക് കയറി.തീൻമേശയിൽ സതി ഒരുക്കിവച്ചിരുന്ന പായസത്തിന്റെ കാരണം ശ്രദ്ധിക്കാതെ ഊണുപൊതിയുമായി തിടുക്കത്തിൽ നടന്നു.നിലത്തു കിടന്ന ഒരു പപ്പടപ്പൊതി ആ പോക്കിനൊപ്പം നിരത്തിലേക്ക് ചവിട്ടിത്തെറിപ്പിച്ചു.ഗേറ്റ് ശബ്ദത്തിൽ വലിച്ചടച്ച് താഴിട്ടു.ആവർത്തിച്ചഭിനയിക്കുന്ന ദുരന്തനാടകത്തിന്റെ അന്ത്യരംഗത്തിലെന്ന പോലെ സതി നിർവികാരയായി നിന്നു.

    നിരത്തിൽ നിന്നും ഒരു ചൂടൻ കാറ്റ് കയറി വന്നത് സാറിന് പകരമായിരിക്കാം.മേശവിരിക്കും അടുക്കിവച്ചിരുന്ന വിവിധനിറമുള്ള പേപ്പറുകൾക്കും അത് ചിറക് മുളപ്പിച്ചു.മാധവൻകുട്ടി സാറിന്റെ ഏറെ പ്രിയപ്പെട്ട കാപ്പിക്കപ്പ് നിലത്തു വീണുചത്തു.സ്‌കൂളിലെ കലോത്സവത്തിന് കുട്ടികളുടെ നെഞ്ചിൽ പതിക്കുന്ന നമ്പറുകൾ എഴുതിയിരുന്ന പേപ്പറുകളാണവ.ജയിലധികാരിയെപ്പോലെ ആ നമ്പറുകൾ മാധവൻകുട്ടി സാറുതന്നെയാണ് എല്ലാ വർഷവും തയാറാക്കുന്നത്.അതിലേക്ക് നോക്കിയൊന്ന് ചിരിച്ചിട്ട്, സതി മുൻവാതിലും ചാരി അടുക്കളയിലേക്ക് പോയി.ചിതയ്ക്കരികിൽ  നിർത്തി വച്ചിരിക്കുന്ന സങ്കൽപ്പ ചടങ്ങുകൾ സാവധാനം പൂർത്തിയാക്കി.

   താനില്ലെങ്കിൽ സ്കൂളങ്ങ്‌ മുങ്ങിപ്പോകുമെന്നാണ് മാധവൻകുട്ടി സാറിന്റെ ചിന്ത.സ്‌കൂളിനും അതൊക്കെ ഇഷ്ടമാണ്.ചരിത്രത്തിൽ ഒരു ബിരുദാനന്തര ബിരുദവും അടുത്തിടെ കൂട്ടിച്ചേർത്തത്, സാമൂഹ്യശാസ്ത്രത്തിന്റെ ഒഴിവിലേക്ക് ഒരാളുടെ പ്രതിസന്ധി പരിഹരിക്കാനാണ്. അക്കാലത്തിറങ്ങിയ ഒരു സിനിമയെ അനുകരിച്ച് മാധവൻകുട്ടി സാറിന് 'ഹിറ്റ്ലർ' എന്ന പേര് ചരിത്രം പഠിപ്പിച്ചതിന്റെ ഭാഗമായി വന്നതല്ല. പ്രഥമ അധ്യാപിക സൂസന്ന ഏ.പിക്ക് പോലും മാധവൻകുട്ടി സാറിനെ പേടിയാണ്.നെറ്റിയിലേക്ക് വീണ മുടി,പഴുതാര മീശ,കുറുകിയ ശരീരം, അത്രയോളം തന്നെ നീണ്ട ആ ചൂരൽ.സാറിനെ മറികടന്ന് സ്‌കൂളിന്റെ മതിലിനടിക്കുന്ന നിറം പോലും അവിടെ തീരുമാനിക്കപ്പെട്ടിരുന്നില്ല.അങ്ങനെയും ഒരനുഭവവുമുണ്ട്.

    ഒരു ചാറ്റൽ മഴയോടൊപ്പം വന്ന കാറ്റ് മുൻവശത്തെ വാതിൽ തുറന്നിട്ടപ്പോഴാണ് സതിക്ക് മുറ്റത്ത് ചിതറിക്കിടക്കുന്ന സോളമന്റെ പപ്പടങ്ങളെക്കുറിച്ച്‌ ഓർമ്മ വന്നത്.മതിലിൽ സംശയത്തോടെ നാലഞ്ച് കാക്കകൾ, ഇല്ല ഹിറ്റ്ലറിന്റെ മുറ്റത്ത് അവയും വന്നിരിക്കില്ല.വീടിന്റെ പല കോണുകളിൽ തൂക്കിയിട്ടിരിക്കുന്ന കാക്കയുടെ പാതി ചിറക്, ഇടയ്ക്കിടെ പൊട്ടുന്ന ഓലപ്പടക്കം, പാതി ചിറകിന്റെ ഉടമയുൾപെടെ കൊല്ലപ്പെട്ട നൂറോളം കാക്കകൾ.മഞ്ഞ നിറമുള്ള കവണയുമായി ആ കുറുകിയ മനുഷ്യൻ പൂന്തോട്ടത്തിന്റെ ഒരു കോണിലുണ്ടാകുമെന്ന ഭയം അവയുടെ ചരിഞ്ഞനോട്ടങ്ങളിലുണ്ട്.  

     പപ്പടത്തിന്റെ പാക്കറ്റുകൾ അടുക്കാൻ തുടങ്ങിയപ്പോൾ ചിരിയുമായി സോളമന്റെ തല ഗേറ്റിൽ.
സതിയുടെ മറുചിരി 'താഴിട്ട ഗേറ്റിന്റെ കിളിവാതിൽ തുറന്നു കിടക്കുന്നെന്ന്' സോളമനോട് സൂചിപ്പിക്കുന്നു.മസാലരുചിയുള്ള സോളമന്റെ പപ്പടങ്ങൾ ഊണിൽ സതിക്ക് ആശ്വാസമായിരുന്നു. അടുക്കിയ കവറുകൾക്കായി സോളമൻ കൈനീട്ടി.

     "വരൂ.." സതി വീട്ടിനുളിലേക്ക് നടന്നു.കൃത്യമായ തുക നീട്ടുമ്പോൾ സോളമന്റെ നുണക്കുഴിയിൽ നിറഞ്ഞ ചിരി.
     "എന്തിനാണ് സാറ് തന്നെയും തല്ലാൻ നോക്കിയത്..?"ആ തല്ലലിൽ ഒട്ടും പുതുമയില്ലെന്നും, 'ആദ്യമായി കാണുന്ന സോളമനുമായി എന്തായിരിക്കും സാറിന്റെ പ്രശ്നം' എന്ന കൗതുകവും അവരുടെ ചോദ്യത്തിലുണ്ടായിരുന്നു..
    "സാറെന്നെയും പഠിപ്പിച്ചതാ..." സോളമന്റെ ചിരിയുടെ ആഴമല്പം കുറഞ്ഞതും,നെറ്റിയിലെ നീണ്ട മുറിവിൽ ചുളവുണ്ടായതും സതി ശ്രദ്ധിച്ചു.
    "സ്‌കൂളിലിന്ന് കലോത്സവത്തിന്റെ ടെൻഷനുണ്ടാകും അതാണ് സാറിങ്ങനെ" ഒരല്പം ആശ്വാസം, ന്യായീകരണവും ചേർത്ത്  സതി സോളമന്റെ നേർക്കയച്ചുനോക്കി..
     "ഇന്നും അതേ നശിച്ച കലോത്സവദിനമാണോ..." സോളമൻ പാതിയിൽ നിർത്തി,അവന് തൊണ്ടയിടറി.ആകാശം വല്ലാതെ കറുത്തതും അവന്റെ മുഖത്തു നിന്നും ഒരു തുള്ളി പടിയിലേക്ക് വീണതും സതി കണ്ടു.

      "ഇരിക്ക് ഇനിയിത് തോർന്നിട്ട് പോകാം."മുറ്റത്ത് 'അതേ'യെന്ന താളത്തിൽ മഴ വന്നുവീണു. സതി അടുപ്പിൽ ചായയ്ക്ക് വച്ച വെള്ളത്തിന്റെ തിളനില നോക്കി,സോളമന്റെ ഉള്ളു കണ്ടു.മഴയിലേക്ക് കണ്ണു നീട്ടിയിരിക്കുന്ന സോളമന്റെ കൈ,കവിളിലെ നനവ് മായ്ക്കുന്നത് അവർ നോക്കി. ചായയുമായി വരുമ്പോൾ നിലത്ത് പൊട്ടിക്കിടന്ന ചില്ലുകളിൽ കാലുവയ്ക്കാതെ കവച്ചു കടക്കാൻ സതി പ്രത്യേകം ശ്രദ്ധിച്ചു.ചായ വാങ്ങുമ്പോൾ സോളമന്റെ കൈ വിറയ്ക്കുന്നു.സതി അവനെ തൊട്ടു,ഒരു പുഞ്ചിരി.ആകാശത്ത് ഒരു കൊള്ളിയാൻ.കണ്ണടച്ച് വിരലുകൾ ചെവിയിൽ ചേർത്ത് കൊള്ളിയാൻ കാത്തിരിക്കുന്ന സതിയിൽ കൗമാരത്തിന്റെ മിന്നൽ.സോളമന്റെ നുണക്കുഴി മെല്ലെ വിടർന്നു.

    "സാറിന്റെ ഒപ്പം കഴിഞ്ഞിട്ടും ഇതിനെയെല്ലാം ഭയമാണോ..?" സോളമന്റെ കഥയിലേക്ക് കടന്നു ചെല്ലാൻ സതിക്ക് അതൊരു അവസരമായി.
     "അന്ന് ആ നശിച്ച കലോത്സവത്തിന് എന്താണുണ്ടായത്..?"സതി മഴയിലേക്ക് നോക്കി. സോളമന്റെ കവിളിനുള്ളിൽ കാപ്പിയുടെ ചൂട് സംശയിച്ചു നിന്നു,കണ്ണുകൾ പിന്നെയും പെയ്യുന്നു. സതി അവന്റെ നെറ്റിയിലൂടെ നീണ്ടമുടിയിൽ പതിയെ തലോടി.തൊണ്ടമുഴയിൽ തട്ടി ചൂടൻ കാപ്പി ആഴത്തിലേക്ക് ഒഴുകി.

  "ഹിറ്റ്ലർ, അതാണ് മാധവൻകുട്ടി സാറിന്റെ ഇരട്ടപ്പേര്, ഞാനൊരിക്കലും അങ്ങനെ വിളിച്ചിരുന്നില്ല." കഥയെ പ്രോത്സാഹിപ്പിക്കാൻ സതിയുടെ കണ്ണുകൾ വിടർന്നു. 'ഹിറ്റ്ലർ മാധവൻകുട്ടി ' അവരുടെ ചുണ്ടുകൾ അതാവർത്തിച്ചു.

      "അന്നും കലോത്സവത്തിന്റെ ചാർജ്ജ് സാറിനായിരുന്നു.ഞാനന്ന് പത്തില്.ഒപ്പമിരിക്കുന്ന ആരെക്കാളും മൂന്നു വയസ്സിന്റെ കൂടുതൽ പാകത എനിക്ക് വന്നിരുന്നു.എട്ടും ഒമ്പതും കടന്നുകൂടാൻ വൈകി.അന്നും ഇതേ വെള്ളിയാഴ്ച്ച തന്നെ.ഉച്ചയ്ക്ക് ഒരു മണിക്കൂർ ഇടവേള കിട്ടി. വേദിയിലെ മൈക്ക് എന്തു ശബ്ദവും വിഴുങ്ങാൻ കാത്ത് കിടക്കുന്നു.അതിൽ 'ഹിറ്റ്ലർ മാധവാന്ന്' ആരോ നീട്ടിക്കോരി ഒഴിച്ചിട്ട് ഓടിക്കളഞ്ഞു.സ്‌കൂളിന്റെ തൂണിനും അതുകേട്ട് നിർത്തലില്ലാതെ ചിരി. 

        കവിതാ മത്സരത്തിലെ അവസാനവരിയിൽ തൂങ്ങി ഞാനപ്പോൾ പത്ത് ബിയിൽ,അല്ല വേദി നമ്പർ ആറിൽ,ഞാൻ മാത്രമല്ല അവളുമുണ്ടായിരുന്നു..." സോളമൻ ഒരു കള്ളച്ചിരിയോടെ അടുത്ത കവിൾ കാപ്പിനിറച്ചു. അതിനെയും കവിളിനുള്ളിൽ അല്പനേരം നിർത്തി.സതിയുടെ നോട്ടം അവന്റെ തൊണ്ടമുഴയിലേക്ക് ഊർന്നിറങ്ങി.

     "മുഖ്യവേദിയിലെ മൈക്കിന്റെ മുന്നിലേക്ക് സൂസന്ന ടീച്ചറാണ് എന്നെയന്ന് കൊണ്ടുനിർത്തിയത്.  ഞാൻ പാടിയത് അവൾക്കു വേണ്ടിയായിരുന്നു.." സോളമൻ അടുത്ത കവിള് നിറയ്ക്കാൻ കാപ്പിക്കപ്പ് അടുപ്പിച്ചു.അരുതെന്ന് സതിയുടെ ആഗ്രഹം ചുണ്ട് പ്രാർത്ഥിച്ചു.കാപ്പിക്കപ്പ് താണു. കവിളിൽ നിറഞ്ഞു നിന്ന ആ പാട്ട് പുറത്തു വന്നു.അവന്റെ മുന്നിലപ്പോൾ പാട്ട് കേൾക്കാനുള്ള 'ഒരുവൾ' നിൽക്കുന്നതായി സതിക്ക് തോന്നി.അത്ര സുന്ദരമായിരുന്നു ആ നേരം സോളമന്റെ മുഖം. 
      "മഞ്ഞലയിൽ മുങ്ങിത്തോർത്തി, 
       മധുമാസ ചന്ദ്രിക വന്നു.
       നിന്നെമാത്രം കണ്ടില്ലല്ലോ നീ മാത്രം..."സോളമന്റെ പാട്ട് നിന്നു. ബാക്കിയുള്ള കാപ്പി ഒറ്റവലിക്ക് കുടിച്ചു.കവിളിലും തൊണ്ടയിലും കാപ്പിയുടെ വേഗത.കാപ്പിക്കപ്പ് പിടിച്ചുവാങ്ങിയ സതി അടുക്കളയിലേക്ക് ഓടി.ഒരു പാത്രത്തിൽ പപ്പടവും പൂക്കളുടെ ഡിസൈനുള്ള ഗ്ളാസു നിറയെ പായസവുമായി വന്നിരുന്നപ്പോഴും സോളമൻ കുനിഞ്ഞ അതേ ഇരിപ്പ്.സതി അവന്റെ മുഖം പിടിച്ചുയർത്തി,കണ്ണിലും ഭീകരമായ മഴ.

       "പിന്നെന്തുണ്ടായി.."സതിയുടെ വാക്കുകളിൽ പതർച്ച.
       "മൈക്ക് ഊരിയെടുത്തു, സാറെന്റെ കവിളിൽ തല്ലി."സ്‌കൂളിന്റെ തരിച്ചുള്ള നില്പും പാട്ടുകേട്ടു നിന്നവളുടെ വീഴ്ചയും സതി സങ്കല്പിച്ചുനോക്കി.പപ്പടത്തിന്റെ ഒരു പാതി അവർ സോളമന്റെ നേർക്ക് നീട്ടി.
       "തിളച്ചതല്ലേ എന്റെ പ്രായം,ഞാനും കൈ..."മഴയുടെ തണുപ്പ്.സോളമന് തല കുനിഞ്ഞു. അവന്റെ നെറ്റിയിലെ ആഴമുള്ള മുറിവിന്റെ പാടിലേക്ക് സതിയുടെ വിരലുകൾ നീണ്ടുചെന്നു..
       "ഇതെങ്ങനെ..?"
       "അതൊരിക്കൽ ജയിലിൽ വച്ച്..." വിഷയം മാറ്റാനാണ് മുറിവിലേക്ക് തിരിച്ചതെങ്കിലും,ആ കഥ അപകടകരമായ ഒരു വളവിലേക്കാണ് പോകുന്നതെന്ന് സതി ഊഹിച്ചു.
       "ക്ഷമ പറയാൻ ക്ഷയരോഗിയായ അമ്മ വന്നിട്ടും, ആരൊക്കെ പറഞ്ഞിട്ടും ഹിറ്റ്ലർ യുദ്ധം അവസാനിപ്പിക്കാൻ തയാറായില്ല.തർക്കം മൂത്തപ്പോൾ അമ്മയെ 'എടീ...'യെന്ന് വിളിച്ചത് എനിക്കും സഹിച്ചില്ല. ഞാൻ സാറിന്റെ ഉടുപ്പിൽ ചുറ്റിപ്പിടിച്ചു.ദിവസം കൃത്യമായി ഓർമ്മയില്ല.രംഗങ്ങൾ മറക്കാൻ കഴിയുന്നില്ല.അതൊരു ഇളംനീലയിൽ വെള്ളവരയുള്ള ഉടുപ്പായിരുന്നു.അന്നു തന്നെ ഞാൻ സ്കൂള് വിട്ടു..."

      സതി കൃത്യമായി ആ ദിവസം ഓർത്തെടുത്തു.തന്റെ ശരീരവും മാധവൻകുട്ടി സാറുമായി രതിസുഖമുണ്ടാക്കിയ അവസ്സാനത്തെ ദിവസം.ഓരോ തവണ താഴ്ന്നു വരുമ്പോഴും "എടീ,എടീ.." എന്ന് പുലമ്പുന്നുണ്ടായിരുന്നു.ബട്ടൻസുകൾ അടർന്നു പോയ ആ ഇളംനീല ഉടുപ്പ് മുറ്റത്തിട്ട് തീയെരിച്ചത് രതിക്ക് ശേഷമാണ്.അന്നു തുടങ്ങി രണ്ട് മുറിയിലെ കട്ടിലുകൾ,അതിൽ ചുളിവു വീഴാത്ത കിടക്കവിരികൾ, വീട്ടിനുള്ളിലേക്ക് വീശുന്ന ഭീകരമായ മൗനം.സതി ഒന്നിളകിയ ശേഷം സോളമന്റെ അരികിലേക്ക് നീങ്ങിയിരുന്നു.

     "പട്ടാളത്തിൽ ചേരാൻ ഒരു സ്വഭാവസർട്ടിഫിക്കറ്റിന് ഒരിക്കൽ കൂടെ ഞാനാ സ്‌കൂളിൽ പോയിരുന്നു.സൂസന്ന ടീച്ചർ എഴുതിത്തുടങ്ങിയ സർട്ടിഫിക്കറ്റ് ഹിറ്റ്ലർ കീറിയെറിഞ്ഞു.പിന്നീട് ഒന്നിനും ഞാനവിടെ പോയിട്ടില്ല.അമ്മ മരിച്ചപ്പോൾ ഞാൻ കരഞ്ഞു.കഞ്ചാവ് കടത്തിയ കേസിൽ ഞാനും ജയിലിലായപ്പോൾ എന്നെക്കാണാൻ ആ സൂസന്ന ടീച്ചറെയും കൂട്ടിയാണ് ഹിറ്റ്ലർ വന്നത്. എന്നെ നോക്കി അയാൾ ഉറക്കെയുറക്കെ ചിരിച്ചു.പക്ഷേ,സൂസന്ന ടീച്ചർ കരഞ്ഞു." പായസത്തിന്റെ ഗ്ളാസ് സോളമന്റെ ചുണ്ടിനു മുന്നിൽ മടിച്ചുനിൽക്കുന്നു.

       "അവളോ..?"സതിക്ക് ആ ചോദ്യം പൂർത്തിയാക്കാനായില്ല.സോളമന്റെ 'അവൾ' ഒരിക്കലും ആത്മഹത്യ ചെയ്യാതിരിക്കാനുള്ള പത്ത് കാരണങ്ങളെക്കുറിച്ച് അവർ സങ്കല്പിച്ചു.സോളമൻ പോകാനെഴുന്നേറ്റു.സതി അവനെ തടഞ്ഞു.നനഞ്ഞ കണ്ണിലും നെറ്റിയിലെ മുറിവിലും പലതവണ തൊട്ടു..
       "ഇനിയും കരയുന്നവർ വിഡ്ഢികളാണ്.എല്ലാ മാസവും വരക്കൂട്ടുമായി ശാന്തിനികേതനിലേക്ക്    ഹിറ്റ്ലറിന്റെ ഒരു പോക്കുണ്ട്, ഇത്തവണ ഋതുക്കളാണ് അവർക്ക് പ്രദർശന വിഷയം.ഒരു വാരം ഈ കോട്ടയിൽ ഞാനൊറ്റയാകും,സ്വതന്ത്രയും.സോളമൻ വരണം.ആ പാട്ട് നമുക്ക് പൂർത്തിയാക്കണം. വരുമ്പോൾ ഒരല്പം മീനും കരുതുമോ..?"

    വൈകാതെ, ഇനിയും പെയ്യുമെന്ന താളത്തിൽ മഴ തോർന്നുതുടങ്ങി.ഗേറ്റിന്റെ കിളിവാതിലൂടെ കടന്നുപോകുന്ന സോളമൻ പപ്പടത്തിന്റെ ചില പൊതികൾ മുറ്റത്തേക്ക് വിതറിയത് ഹിറ്റ്ലറിന്റെ തൃപ്തിക്കും,തന്നെ ചോദ്യംചെയ്യലിലേക്ക് ഇറക്കി നിർത്താതിരിക്കാനുമെന്ന് സതി ഉള്ളിൽ വായിച്ചു. സ്നേഹപ്പെട്ട ചിലതൊന്നും നഷ്ടങ്ങളേ ആകുന്നില്ലല്ലോ,നല്ല വിലയിരുത്തലും നടത്തി.

   ഒരു തണുത്ത കാറ്റ് അടുക്കള വാതിലിലൂടെ കയറി വീടിനെ ഇക്കിളിപ്പെടുത്തി.ചിതറിക്കിടക്കുന്ന പേപ്പറുകളിൽ മാധവൻകുട്ടി സാറിന്റെ അരുത് കണ്ടിട്ടും അവർ അടുക്കിവച്ചു.പൊട്ടിയ കപ്പിന്റെ ചില്ലുകൾ മതിലിനോട് ചേർത്തിട്ടു.സോളമനെതിരായി സാക്ഷിയാകുമായിരുന്ന ഗേറ്റിന്റെ കിളിവാതിലും പൂട്ടിയിട്ടു.നിലത്തുകിടന്ന് 'പ്രേമ ചകോരി'ന്ന് അവരെ കളിയാക്കിയ പപ്പടങ്ങളിൽ ചവിട്ടാതെ അടുക്കളയിലേക്ക് നടന്നു. 

     തോൾസഞ്ചിയും കുറേ സർട്ടിഫിക്കറ്റുകളും ഇന്നിട്ടിരുന്ന ഉടുപ്പും മുറ്റത്ത് കൂട്ടിയിട്ട് കത്തിക്കുന്ന മാധവൻകുട്ടി സാറിന്റെ ചിതയിലേക്കാണ് സതി ഇറങ്ങിച്ചെന്നത്.അയാൾ തീയുടെ മുകളിലേക്ക് കൈ നീട്ടിപ്പിടിച്ച് പ്രതിജ്ഞപോലെ എന്തൊക്കെയോ ഉറക്കെയുറക്കെ വിളിച്ചു പറയുന്നുണ്ട്.  അതിനെതിരെ മതിലിന്റെ അപ്പുറത്ത് നിന്നും കാക്കകളുടെ കോറസ്.‌

     "ഒരു പീറപ്പെണ്ണിന് മിമിക്രി കാണിക്കാൻ ഈ മാധവൻകുട്ടിയോ.അതിലും ഭേദം രാജിവെച്ചങ്ങ്‌ പോകുന്നതായിരിക്കും.കൈയടിക്കാനും ചിരിക്കാനും കുറേയെണ്ണം.ആ സൂസന്നയായിരുന്നെങ്കിൽ." ഇനിയും കത്തിത്തീരാത്ത തന്റെ പഴഞ്ചൻ തോൾസഞ്ചിയുടെ ഒരു ഭാഗം തീയിലേക്ക് നീക്കിയിട്ടിട്ട്, മാധവൻകുട്ടി സാറ് ഉറക്കെയുറക്കെ വഴക്കിടുന്നത് സ്‌കൂളിനോടോ വീടിനോടോയെന്നെ സംശയം സതിക്കുണ്ടായി.

    മാനേജർക്ക് രാജിക്കത്തു നൽകിയശേഷം, നമ്മുടെ ഹിറ്റ്ലർ മാധവൻകുട്ടി 'ഒരു പീറപ്പെണ്ണിന്റെ മിമിക്രിയെന്നും' പുലമ്പിക്കൊണ്ട് തന്റെ കട്ടിലിലേക്ക് പടയുമായി ഇരച്ചുകയറുമോ ? അതോ, ആ സ്‌കൂളിന്റെ കടുത്ത ഉത്തരത്തിൽ കെട്ടിത്തൂങ്ങിച്ചാകുമോ.?. 
       സോളമൻ പാതിയിൽ നിർത്തിയ 'കളിത്തോഴൻ' സിനിമയിലെ ആ പാട്ടിന്റെ താളത്തിന് ചീരയരിയുന്ന സതിയുടെ ഇപ്പോഴുള്ള ചിന്ത അതാണ്..!! 

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636
 


വൈദ്യരത്നം

വൈദ്യരത്നം.

      നൂറ്റിയഞ്ചിന്റെ മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ കാക്കിയും തൊപ്പിയും കണ്ടപ്പോൾ രത്നൻ ആത്മഹത്യചെയ്തിട്ടുണ്ടാകുമെന്ന് അജിതൻ ഊഹിച്ചു.രത്നന്റെ മരണമോ,ആ മുറിയിൽ നിന്നും അവന്റെ ഇറങ്ങിപ്പോക്കോ അജിതന്റെ ഉള്ളിലെപ്പോഴുമുണ്ടായിരുന്നു.വിരമിക്കൽ ദിവസത്തിന്റെ ചടങ്ങുകൾ വേണ്ടെന്ന് വാശിപിടിച്ചത് നന്നായെന്ന് അയാൾക്കപ്പോൾ തോന്നി.അല്ലെങ്കിൽ കോളേജിലെ നാലഞ്ചു പേരെങ്കിലും ഒപ്പം വരും, അവരെ സത്കരിക്കണം, ചിലപ്പോൾ ഒറ്റയാനായി ലോഡ്ജ് ജീവിതത്തിന്റെ കഥകൾ പറയേണ്ടതായും വന്നേക്കാം.അതിനെല്ലാമുപരി രത്‌നനെ  സഹമുറിയനായി കണ്ടെത്തിയാലുള്ള വിശദീകരണങ്ങൾ വേറെയും.

    "സാറിതെന്തോന്നാ ചിന്തിച്ചു നിക്കണത്? നമ്മളെ രത്‌നൻ റോഡില് വീണു കിടക്കുകയായിരുന്നു. അവന്റെ കമ്പനിക്കാരും പോലീസും വന്നിട്ടുണ്ട്, സാറുചെന്നവരോട് രണ്ട് വാക്കെങ്കിലും പറ." അലവിക്കുട്ടി അജിതനെ വാക്കിലും കൈയിലും കൊരുത്ത് നൂറ്റിയഞ്ചിന്റെ ഉള്ളിലേക്കിട്ടു.

    അകത്ത് ആയുർകമ്പനി പ്രതിനിധികളും രണ്ട് പോലീസുകാരും.കട്ടിലിൽ ചാരിയിരിക്കുന്ന രത്‌നന്റെ അരയുടെ താഴേക്ക് പുതപ്പിച്ചിട്ടുണ്ട്.മുഖത്തിന് ഒരു കോണലും കുറച്ച് മുറിവുകളും. മൂലയിൽ അടുക്കിവച്ചിട്ടുള്ള ലേഹ്യങ്ങളും തൈലവും കമ്പനിയുടെ പേരുള്ള ബാഗും പരിശോധിക്കുന്ന ഒരു ചെറുപ്പക്കാരൻ.അലവിക്കുട്ടി അജിതനെ 'ചോദിക്ക് സാറേന്ന്..' പിന്നെയും നോക്കി.മുറിയാകെ രത്നന്റെ റബ്ബർ ഷൂസ് അഴിച്ചു വച്ചതിന്റെ രൂക്ഷഗന്ധം.കട്ടിലിന്റെ അടിയിലുണ്ടായിരുന്ന തലേന്നത്തെ മദ്യക്കുപ്പി ഉരുട്ടിയെറിഞ്ഞ് ഒരു പൂച്ച പുറത്തേക്ക് പാഞ്ഞു. മരുന്നുകളും ബാഗും ബില്ലുമായി കമ്പനിക്കാർ പുറത്തേക്കിറങ്ങി.അലവിക്കുട്ടി അവരെ തടഞ്ഞു.

      "കൊറേക്കൊല്ലം നിങ്ങളുടെ മരുന്നുംകൊണ്ട് നടന്നതല്ലേ, എണീറ്റ് നിക്കാൻ കഴിയാതവന്നപ്പോൾ ഇവിടെ ഇട്ടിട്ട് പോകാനൊന്നും പറ്റത്തില്ല.എനിക്ക് വാടക തന്നോണ്ടിരുന്നത് കമ്പനിയാണല്ലോ. ഇനിയിപ്പോൾ അതൊക്കെ അങ്ങ്‌ നിർത്തിയ സ്ഥിതിക്ക് ആളെക്കൂടെ കൊണ്ടുപോണം.അതല്ലേ സാറേ ന്യായം..?" അലവിക്കുട്ടി പോലീസിനെയും അജിതനെയും ചേർത്ത് ചോദിച്ചു.അവരൊന്നിച്ച് 'അതേന്ന്' തലയാട്ടി.

      പോലീസുകാർ തൊപ്പി ശരിയാക്കി എഴുന്നേറ്റു."ബോഡി വീട്ടിലെത്തിക്കാൻ കമ്പനി ഏർപ്പാട് ചെയ്യണം" കേസുകെട്ട് തീർപ്പാക്കി ജീപ്പുവേഗത്തിൽ പുറത്തേക്ക് നടക്കുന്ന അവർക്കുനേരെ അലവിക്കുട്ടി പല്ലുകടിച്ചു.രത്നന്റെ കണ്ണിൽ ഭയം.കമ്പനിക്കാർ കട്ടിലിന്റെ കോണുകളിലായിട്ടിരുന്നു. ചെറുപ്പക്കാരൻ മാത്രം മാറിനിന്നു.രത്നന്റെ ഇടതുകൈ അപ്പോൾ നിലത്തേക്ക് വീണു.അലവിക്കുട്ടി അതെടുത്ത് പുതപ്പിനുള്ളിൽ വച്ചു.അജിതൻ അപ്പോൾ കാക്കിയൻ 'ബോഡി'പ്രയോഗത്തിന്റെ സാധുതയെക്കുറിച്ച് ചിന്തിച്ചു.

      "നാളെ ഈ ചെറുപ്പക്കാരൻ കമ്പനിവണ്ടിയുമായി വരും ,നിങ്ങള് കൂടെ.." കമ്പനിക്കരാർ അലവിക്കുട്ടി സമ്മതിച്ചു.ചെറുപ്പക്കാരൻ ബാഗും മരുന്നുകളും മൂലയിലേക്ക് വച്ചു.രത്നന്റെ നോട്ടം അലവിക്കുട്ടിയിലേക്ക് നീണ്ടു. 
      "എന്റെ വാടകയും തന്ന്, നിന്നെ വീട്ടിക്കൊണ്ടാക്കിയിട്ടേ ഞാനിവന്മാരെ വിടൂ..." കമ്പനിയുമായി താൻ ഉടമ്പടിയുണ്ടാക്കിയെന്ന് അലവിക്കുട്ടി ചിരിച്ചു.രത്നന്റെ മുഖത്തും ചിരിയുടെ വിളർച്ച.

     കഴിഞ്ഞ ദിവസം രാത്രിയിൽ, തന്നെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച രത്നന്റെ മുഖത്ത്‌ നോക്കാൻ പോലും അജിതന് കഴിഞ്ഞില്ല.ആ മുഖത്തുള്ള മുറിവുകളിൽ ആഴമുള്ള ഒന്ന് ഇസ്തിരിപ്പെട്ടികൊണ്ട് അജിതനുണ്ടാക്കിയതാണ്.ആറു വർഷമായി മുറിപങ്കിടുന്നു, ഇന്നേവരെ ഇങ്ങനെയുണ്ടായിട്ടില്ല.

      ഒരാഴ്ച മുമ്പാണ് രത്നൻ അജിതന്റെ ജോലിസ്ഥലത്തേക്ക് ബാഗും തൂക്കിച്ചെന്നത്.ലേഹ്യവും അരിഷ്ടവും തൈലങ്ങളും മേശകളിലേക്ക് നിരത്തി.തമിഴും സ്ത്രൈണതയും ചിരിയും ചേർത്ത് തകർത്ത കച്ചവടം.കുണുങ്ങിയ നടപ്പിൽ സഹപ്രവർത്തകരുടെ ഭിന്നകൗതുകം.വയറിളകിയതും ഛർദ്ദിക്കാൻ വന്നതും ചേർത്ത് പിറ്റേന്നുമുതൽ പരാതികൾ.കൈയിൽ കിട്ടിയാൽ തല്ലുമെന്ന ഭീഷണികൾ.ദ്രാഷാദിലേഹ്യം സേവിച്ച വിളർച്ചക്കാരി ആശുപത്രിയിലുമായി.കച്ചവടത്തിനിടയിൽ രത്‌നൻ വിദൂര പരിചയം പോലും കാട്ടിയില്ല, എന്നാലും കൂട്ടുപ്രതിയെന്ന തോന്നൽ അജിതനുണ്ടായി. അതെല്ലാം പറഞ്ഞു നോക്കിയിട്ടും രത്നനിൽ കൂസലില്ല.

       "നാളെയും ഞാൻ വരുന്നുണ്ട്"
       "അതൊന്നും വേണ്ട" പെട്ടെന്നാണ് ആക്രമണമുണ്ടായത്.ആറരയടിക്കാരന്റെ കൈയ്ക്കും ചുവരിനുമിടയിൽ അജിതൻ ശ്വാസം കിട്ടാതെ കുഴങ്ങി.കൈയിൽ കിട്ടിയതുകൊണ്ട് അടിച്ചതാണ്. ഈ വയസിനിടയിൽ ആദ്യമായാണ് അജിതൻ ഒരാളുമായി തല്ലുണ്ടാക്കുന്നത്.ബാഗും തൂക്കി രാത്രിയിൽ രത്നൻ ഇറങ്ങിപ്പോയതാണ്.പക്ഷേ, വെളുപ്പിന് മുറിനിറഞ്ഞ വളിനാറ്റം അടുത്ത കട്ടിലിൽ രത്നന്റെ സാന്നിധ്യമറിയിച്ചിരുന്നു.ഇന്നും രത്നന്റെ കമ്പനിറിച്ചാർജ്ജിംഗ് കേട്ടാണ് അജിതന് ഉണരേണ്ടിവന്നത്. 
     
       "ക്ളോസ് ദി നെഗറ്റീവ്, 
        റീച്ച് ദി പോസിറ്റീവ്, 
        സ്ക്രൂ ദി ഹെഡ് ആന്റ് റീഹാഷ്"ആവർത്തിച്ച് പറഞ്ഞുകൊണ്ട് മുറിയിലൂടെ എക്സിക്യൂട്ടീവ് സ്റ്റൈലിൽ നടക്കുന്ന രത്നൻ.ഒരേസമയം കസ്റ്റമറാകും വില്പനക്കാരനുമാകും.പലതരം കസ്റ്റമേഴ്‌സ് അതിൽ വിവിധ ഭാഷകൾ സംസാരിക്കുന്നവർ.ഒഴുക്കൻ താളത്തിൽ ഇംഗ്ലീഷ് തമിഴ് തെലുങ്കുകളിൽ മരുന്നുകളും,കഴിക്കേണ്ട വിധവും പഠിപ്പിക്കുന്ന എക്സിക്യൂട്ടീവ്.എത്ര നെഗറ്റീവ് കസ്റ്റമറിനെയും പോസിറ്റീവാക്കുന്ന ഉത്തരങ്ങൾ.പ്രസന്ന ഭാവം,ശബ്ദവ്യതിയാനം, ചിരി.ഒടുവിൽ പ്രോഡക്ട് നൽകി നന്ദിയും പറഞ്ഞുള്ള മടക്കം.ആ ഏകാംഗ നാടകം തീരുമ്പോൾ,വീണ്ടും റീച്ചാർജ്ജിംഗ്
      "ക്ളോസ് ദി നെഗറ്റീവ്, 
       റീച്ച് ദി പോസിറ്റീവ്, 
       സ്ക്രൂ ദി ഹെഡ് ആന്റ് റീഹാഷ്"മുഴക്കത്തിലുള്ള കൈകൊട്ടലിന്റെ അകമ്പടിയോടെ മഴയുടെ താളത്തിൽ ആ പറച്ചിൽ മുറുകി മുറുകി വരും.അതിന്റെ പാരമ്യത്തിൽ വച്ച് പെട്ടെന്ന്‌ വാതിൽ തുറന്ന് ഒറ്റപ്പോക്ക്.

     രത്നൻ കട്ടിലിന്റെ താഴേക്ക് വീഴുന്നതിന്റെ ശബ്ദത്തിലാണ് അജിതന്റെ ചിന്തകളഴിഞ്ഞത്.നേരം
വളരെ വൈകിയിരുന്നു.നാളെ രത്നനെ വീട്ടിലാക്കാൻ ഒപ്പമുണ്ടാകണമെന്ന് അജിതന് തോന്നി.താൻ ഇതുപോലെ വീണുപോയാൽ ആരാണ് തിരക്കിവരിക.? 'ബോഡി' എവിടേക്ക് കൊണ്ടുപോകും.?. ചോദ്യങ്ങളിൽ തൂങ്ങി അജിതന്റെ മനസ് പിന്നെയും യാത്ര തുടങ്ങി.

       ഞായറായാൽ രത്നൻ ലോഡ്ജിന്റെ മുറ്റവും അടിച്ചുവാരി വൃത്തിയാക്കും.ഇക്കാലത്തിനിടയിൽ വീട്ടിൽ പോകുന്നതിനെക്കുറിച്ചോ, വീട്ടുകാരെക്കുറിച്ചോ അവർ തമ്മിൽ സംസാരിച്ചിട്ടില്ല. മുറിക്കുള്ളിലും പുറത്തുമുള്ള സകല കക്കൂസും കുളിമുറിയും വൃത്തിയാക്കിയിടും.എതിർപ്പ് അവഗണിച്ച് അജിതന്റെ തുണികളും അലക്കിയിടും. ചിലപ്പോൾ അലവിക്കുട്ടിയും ഒപ്പം ചേരും.
       മൂന്നുമണിയോടെ രത്നൻ വേറെ മനുഷ്യനാകും.ഒരു കുപ്പിയും സ്വയമുണ്ടാക്കിയ ഇറച്ചിയുമായി ഒരിരുപ്പ്, ആറ് അല്ലെങ്കിൽ ഏഴിനോട് അടുപ്പിച്ച് കുപ്പി തീർക്കും.പിന്നീട്‌ കമ്പനിയുടെ കണക്കുകൾ എഴുതിക്കൂട്ടലാണ്.ബില്ലുകൾ പാസ്സായൽ ഫോണിലാകും.
         മറുപുറത്ത് മിണ്ടാനാകാത്ത ഒരാളായിരിക്കണം.ഒരു കാര്യം സംസാരിച്ച് എസ് എം എസിൽ മറുപടി വരാൻ കാത്തിരിക്കും.ചിരിയും സുരക്ഷാനിർദേശങ്ങളും ആശ്വസിപ്പിക്കലുമായി പത്തുമണി.അതും കഴിഞ്ഞാൽ മൂടിപ്പുതച്ച് കിടക്കുന്ന രത്നക്കുന്നിൽ നിന്നും കരച്ചിലുകൾ ഇറങ്ങിവരും.രത്‌നനെ കേന്ദ്രപാത്രമാക്കി എഴുതിയ 'വൈദ്യരത്നം' എന്ന കഥ, അജിതൻ മൂന്നോ നാലോ പതിപ്പുകളിലേക്കയച്ചു. മറുപടി കിട്ടാതായപ്പോൾ ഇപ്പോഴും തിരുത്തിയെഴുതുകയാണ്.

     "സാറിന് ഒറ്റയ്ക്ക് കിടത്താൻ കഴിയൂലെന്ന് എനിക്കറിയാം" കഞ്ഞിയുമായി അലവിക്കുട്ടി വന്നുകയറിയത് അജിതൻ അറിഞ്ഞില്ല.അലവിക്കുട്ടി രത്നനെ ഉയർത്താൻ ശ്രമിക്കുന്നു. 
      അഞ്ച് വർഷം ബാക്കിയുള്ളപ്പോൾ അജിതൻ സ്വയം വിരമിച്ചതിന്റെ ഒരു കാരണമിതാണ്. നടുറോഡിൽ പോലും ഓരോന്ന് ചിന്തിച്ച് നിന്നുപോകുന്നു.രണ്ട് തവണയാണ് വണ്ടി തട്ടാതെ കഴിച്ചിലായത്.പടികൾ കയറാൻ കഴിയുന്നില്ല.കുട്ടികളോട് ദേഷ്യമുണ്ടാകുന്നു. അതുമാത്രമല്ല രത്നനെ എത്രയും വേഗം മുറിയിൽ നിന്നൊഴിവാക്കി മനസിലിട്ടുവച്ച കഥകൾ പൂർത്തിയാക്കണം. ഇല്ലെങ്കിൽ അതെല്ലാം ഈ ഭ്രാന്തൻ മറവി തിന്നുതീർക്കും.ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു കഥ മതി, അല്ല ഒരു കഥയെങ്കിലും വേണം.

      "ഒന്നു കൈവയ്ക്കു സാറേ.." അലവിക്കുട്ടി കിതപ്പിനിടയിൽ അജിതനെ ക്ഷണിച്ചു.രത്നന്റെ 'ബോഡി' ഒരു കട്ടിലിൽ ഒതുങ്ങുന്നില്ല.അജിതൻ തന്റെ കട്ടിലും അതിനോട് ചേർത്തിട്ടു.അലവിക്കുട്ടി രത്നന്റെ തുണികളെല്ലാം ഒരു ബാഗിൽ തിരുകി വയ്ക്കുന്നു.ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും കൈയിൽ തടഞ്ഞ ഒരു സ്വർണ വളയിലൂടെ അലവിക്കുട്ടി രത്നനെ നോക്കുന്നു.വളയത്തിനുള്ളിലെ രത്നൻ എന്തൊക്കെയോ പറയാനും ശ്രമിക്കുന്നുണ്ട്.

     "നാളെ വണ്ടി കൊണ്ടുവരുന്നത് രത്നന് പകരം കമ്പനി പണിക്കെടുത്ത പയ്യനാണ്.ഈ സുരേഷ് ഗോപി മൂന്നുനാലു ലക്ഷം രൂപ കമ്പനിക്ക് കൊടുക്കാനുണ്ട്.."അലവിക്കുട്ടി പിന്നെയും എന്തൊക്കെയോ പറയുന്നു.
       
       സത്യത്തിൽ,രത്നനെ കണ്ടാൽ സുരേഷ് ഗോപിയുടെ ഛായയുണ്ട്.മിണ്ടിപ്പോയാൽ കിളിനാദം, ഗോപിയാൻ ഇമേജ് ഒലിച്ചുപോകും.ആക്ഷനിൽ താരമാണെന്ന് ഇന്നലെ തെളിയിച്ചു.രത്നന്റെ ചുണ്ടിലേക്ക് നീണ്ട കഞ്ഞിയിൽ അല്പം ചിരിയുപ്പും അജിതൻ ചേർത്തു.കവിളിൽ ഒലിച്ചിറങ്ങിയത് മറ്റേ കൈയുയർത്തി തുടയ്ക്കാൻ രത്നൻ ശ്രമിക്കുന്നു.
         ഒരു വശം പൂർണമായും തളർന്നിരിക്കുന്നു.രത്നൻ ഒന്നെന്ന് വിരലുയർത്തി,ഒരു ബക്കറ്റ് അലവിക്കുട്ടി കട്ടിലിന്റെ അടിയിലേക്ക് നീക്കിവച്ചു.രത്നനും ഉറങ്ങിയില്ല.അജിതൻ കഥയുമായി ഇരുന്നെങ്കിലും ഒരു വരിയും പുതിയതായി ഉണ്ടായിവന്നില്ല.മുഖ്യപാത്രത്തിന്റെ ബോഡിയും ഭാവിയും ഒരു ചോദ്യമായി.

      അലവിക്കുട്ടി വരുന്നതിന് മുമ്പ് രത്നന്റെ മുഖമൊന്ന് കഴുകാനുള്ള ശ്രമം അജിതൻ നടത്തി. കട്ടിലിനടിയിൽ വച്ചിരിക്കുന്ന ബക്കറ്റിൽ വീഴാതെ മഞ്ഞമൂത്രയട്ട തറയിലൂടെ പതിയെ ഒഴുകിവന്നു. കാറിലേക്ക് മാറ്റുമ്പോൾ അജിതനോട്, തനിക്ക് തൂറണമെന്നു പറയാനാണ് രത്നൻ ശ്രമിച്ചത്. വണ്ടിയിലിരിക്കുമ്പോൾ അജിതന്റെ നേർക്ക് രണ്ടെന്ന് വിരലുയർത്തിയത് ചെറുപ്പക്കാരനും കണ്ടു..

    "ഒറ്റ മണിക്കൂറിൽ ദേ അവിടെ എത്തും. നിങ്ങളെ സെറ്റിലാക്കി, ഈ മരുന്നുമായി കമ്പനിയിൽ ചെല്ലാനാണ് പറഞ്ഞിട്ടുള്ളത്.."രത്നൻ രണ്ടെന്നാവശ്യപ്പെട്ട വിരലുകൾ നിരാശയോടെ താഴ്‌ത്തി.

     "ക്ളോസ് ദി നെഗറ്റീവ്, റീച്ച് ദി പോസിറ്റീവ് സ്ക്രൂ ദി ഹെഡ് ആന്റ് റീഹാഷ്" ഇതാണ് നമ്മളെ കമ്പനി പഠിപ്പിച്ചത്.ചെറുപ്പക്കാരന്റെ പറച്ചിലിൽ അലവിക്കുട്ടി അത്ഭുതം കൂറുന്നു.രത്നന്റെ ചുണ്ടിൽ പരിഹാസം.അജിതന്റെ ഉള്ളിലെ കഥയിൽ തനിയാവർത്തനമുള്ള  ട്വിസ്റ്റുണ്ടായി. ചെറുപ്പക്കാരൻ കമ്പനിപ്പെരുമ ബ്രാഞ്ചുകളായും മരുന്നുകളാക്കിയും ആവേശത്തോടെ ഇറക്കിവിടുന്നു. ശമ്പളത്തിന്റെ കാര്യങ്ങളിലെത്തിയപ്പോൾ ഒരല്പം ശ്രദ്ധപാളി, വണ്ടി കുഴിയിലിറങ്ങി ഒപ്പം രത്നന്റെ വളിപൊട്ടി.ഉള്ളിൽ ആ നാറ്റം ഒന്നു കറങ്ങിയിട്ട് പുറത്തേക്കോടി.

     "വിൽവ്യാധി ബെസ്റ്റാ.."ചെറുപ്പക്കാരൻ കമ്പനി മരുന്നറിവ് തമാശയിൽ കലർത്തി വിട്ടു.
അതിനിടയിൽ രത്നന്റെ വീട്ടിലേക്ക് കമ്പനിവണ്ടി കയറിച്ചെന്നു.ഒരേ മുഖമുള്ള രണ്ടാൺകുട്ടികൾ ആദ്യവും, പിന്നാലെ വന്നത് രത്നന്റെ ഭാര്യയുമായിരിക്കും.അലവിക്കുട്ടി പുറത്തിറങ്ങി അവർക്ക് നേരെ നടന്നു.അജിതന്റെ കൈയിൽ രത്നൻ പ്രതീക്ഷയോടെ തൊട്ടു.

      "സാറേ,ഞാൻ കാര്യം പറഞ്ഞപ്പോൾ അവര് ഒരുമാതിരി..." അലവിക്കുട്ടിയുടെ ദേഷ്യം മാറിയിട്ടില്ല. വീടിന്റെ പുറകിൽ നിന്നൊരാൾ നടന്നു വരുന്നു.അതുകണ്ടിട്ട് രത്നന്റെ ചുണ്ട് അല്പംകൂടെ കോടിപ്പോയി.എന്തൊക്കെയോ പിറുപിറുക്കുന്നു.അജിതൻ ആ മനുഷ്യന്റെ അടുത്തേക്ക് നടന്നു. കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ തലയിലെ കെട്ടഴിച്ച് തോളിലിട്ട്, ചായ്പ്പിൽ തൂങ്ങിയ ഉടുപ്പെടുത്ത് അയാൾ പുറത്തേക്ക് നടന്നു.പോകുന്നതിനിടയിൽ കാറിന്റെ പിൻസീറ്റിലേക്ക് ചരിഞ്ഞൊന്ന് നോക്കി. രത്നന്റെ തല കുനിഞ്ഞു.ചെറുപ്പക്കാരൻ ഫോണിലെന്തോ തമാശകൾ ആസ്വദിച്ചു ചിരിക്കുകയായിരുന്നു.

     "ഇവിടാരെക്കാണിക്കാൻ കൊണ്ടുവന്നത്, അയാള് കുടിച്ചും പെണ്ണുപിടിച്ചും കെടന്ന ലോഡ്ജിന്റെ മുന്നിലും ഞാനെത്ര പ്രാവശ്യം വന്നിട്ടുണ്ട്. ആ മനുഷ്യൻ ഈ പിള്ളേരെയും കൊണ്ട് വന്നില്ലെങ്കിൽ എന്റെ ഗതിയെന്തായിരുന്നു..." അവർ കുട്ടികളെ തന്നിലേക്ക് ചേർത്തുനിർത്തി.

     "അച്ഛൻ ആ കലുങ്കിന്റെ മോളില്ക്കാണും ,നിങ്ങൾ ഈ വെള്ളം കൊണ്ട് കൊട്.." ഒരേ മുഖമുള്ള കുട്ടികൾ അതുമായി റോഡിലേക്ക് നടന്നു.അവർ കാറിനുള്ളിലേക്ക് നോക്കി,കണ്ണാടിയിൽ തൊട്ടു. ചെറുപ്പക്കാരൻ അവരെ നോക്കി കണ്ണുരുട്ടി.രത്നനെ അവരും കണ്ടിട്ടുണ്ടാകും.
        ആ സ്ത്രീ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി,പിന്നാലെ ഒരു കൂട്ടം തുണികൾ ബാഗോടെ വീടിന്റെ പുറത്തേക്ക് വന്നുവീണു.ചുവന്ന പട്ടുസാരിയും വിവാഹഫോട്ടോയും അജിതൻ ശ്രദ്ധിച്ചു. ചെറുപ്പകാലത്ത് രത്നൻ സുരേഷ്ഗോപിയേക്കാൾ സുന്ദരനായിരുന്നു.'മറ്റൊന്നുമാകില്ല, നിന്റെ പെണ്ണു പറയുന്നതാണ് ശരിയായ നീ' അജിതന് കഥയിലെഴുതാൻ നല്ലൊരു വരിയുണ്ടായി.

     "എന്തായി സാറെ.."അലവിക്കുട്ടി പാഞ്ഞുചെന്ന് അജിതന്റെ തോളിൽ തൊട്ടു.അവർ വണ്ടിയിലേക്ക് നടക്കുമ്പോൾ, കുടയും നെഞ്ചിൽ അമർത്തിപ്പിടിച്ച് തലകുനിഞ്ഞ ഒരു പെൺകുട്ടി നടന്നു വരുന്നു. കാറിനുള്ളിലേക്ക് അത്ഭുതത്തോടെ നോക്കുന്നു.വാതിൽ വലിച്ചു തുറക്കാൻ ശ്രമിക്കുന്നത് കണ്ട്, ചെറുപ്പക്കാരൻ പുറത്തിറങ്ങി കച്ചവടച്ചിരിയോടെ തുറന്നു കൊടുക്കുന്നു.
പെൺകുട്ടി രത്നനെ തൊട്ടു.വീട്ടിനുള്ളിൽ പാത്രങ്ങൾ വീഴുന്ന ശബ്ദം.'ഉമേന്ന്...' നീണ്ട ഒരു വിളി. പെൺകുട്ടി അകത്തേക്ക് ഓടിപ്പോയി.ചെറുപ്പക്കാരന്റെ മുഖത്ത് നിരാശ.പെൺകുട്ടിക്ക് രത്നന്റെ നിറവും ഉയരവും ഭംഗിയുമുണ്ടായിരുന്നു.

     കാറിലേക്ക് കയറിയ അലവിക്കുട്ടി എന്തൊക്കെയോ പിറുപിറുക്കുന്നു.തല കുനിച്ചിരിക്കുന്ന രത്നന്റെ മുണ്ടിലേക്ക് കണ്ണീര് വീണ് പൂക്കുന്നു.പൂക്കലിന് ഏങ്ങലുകളുടെ പശ്ചാത്തല സംഗീതം.

   "ഇനി എങ്ങനാ.? എനിക്ക് കമ്പനിയിൽ..."
   "ഫാ, പുല്ലേ വണ്ടിയെടുക്കെടാ..." അജിതൻ സുരേഷ് ഗോപിയെ അനുകരിച്ചു. 
   "അലവി, ഇനിമുതൽ നിന്റെ വാടക ഞാൻ തരും.." അലവി അത് കേട്ടോ എന്നറിയില്ല.വീടിന്റെ ഇടതുവശത്തെ ജനാലയിൽ ആ പെൺകുട്ടി ഫോണും ചെവിയിൽ ചേർത്ത് നിൽക്കുന്നു.രത്നന്റെ ബാഗിനുള്ളിൽ നിന്നും അതിന്റെ വിതുമ്പലുകൾ കേൾക്കാം..

     കമ്പനിവണ്ടി പുറത്തേക്കിറങ്ങുമ്പോൾ കലുങ്കിന് മുകളിൽ ബീഡിയും വലിച്ചിരിക്കുന്ന ആ മനുഷ്യൻ നെഞ്ചിൽ കൈ ചേർത്ത് എന്തിനാണ് എഴുന്നേറ്റ് നിന്നത്.?.കുട്ടികൾ പിന്നിലെ വയലിന് അഭിമുഖമായി ഇരിക്കുന്നു.അങ്ങ്‌ ദൂരെ അസ്തമയം.ആ മനുഷ്യൻ വെള്ളം കുടിച്ച പാത്രം കുട്ടികളുടെ ഇടയിൽ കമഴ്ത്തി വച്ചിട്ടുണ്ട്.

     വണ്ടി മൂന്നാമത്തെ വളവ് കഴിഞ്ഞപ്പോൾ രത്നനിൽ ഒന്നിടവിട്ട് കുറേ വളികളുണ്ടായി. കാറിനുള്ളിൽ തീട്ടത്തിന്റെ രൂക്ഷ ഗന്ധം നിറഞ്ഞു.രത്നൻ മുന്നിലേക്ക് കമഴ്ന്നു വീഴുന്നു.
         "തൂറിപ്പോയെന്നു തോന്നുന്നു".അജിതൻ രത്നനെ തൊട്ടുനോക്കി.തണുപ്പ്.
         "ടാ, അലവീ...." ആ വിളിയിൽ ചെറുപ്പക്കാരനും കാര്യം മനസിലായി.കമ്പനിവണ്ടി വീണ്ടും  വീടിന്റെ മുറ്റത്ത് കണ്ട ഒരേമുഖമുള്ള കുട്ടികൾ അകത്തേക്ക് കയറി നിന്നു.മതിലിനോട് ചേർന്ന ഒരിടത്ത് കൂട്ടിയിട്ട തീയിൽ ആ ചുവന്ന പട്ടിന്റെ ബാക്കി അജിതൻ കണ്ടു.വിവാഹ ഫോട്ടോയിൽ നിന്നുള്ള പുകചുറ്റിയതാകാം ആ സ്ത്രീ കണ്ണ് തുടയ്ക്കുന്നു.ആ മനുഷ്യൻ പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അജിതൻ തടഞ്ഞു നിർത്തി.

     "പോയി..."
      "ഉം" 
        ഒരു വാക്കിനും മൂളലിനുമിടയിൽ വലിയ മാറ്റങ്ങളുണ്ടായി.ആ സ്ത്രീയും മനുഷ്യനും കാറിന്റെ പിന്നിലേക്ക് വേഗത്തിൽ നടക്കുന്നു.മുഖത്ത് വിഷാദം വന്നിട്ടുണ്ട്. പെൺകുട്ടി വാതിലുവരെ വന്നിട്ട് രത്നനെ എല്ലാവരും ചേർന്ന് എടുത്തിറക്കുന്നതു കണ്ടിട്ട് വേഗത്തിൽ അകത്തേക്ക് പോയി.ഒരേ മുഖമുള്ള കുട്ടികൾ മൂക്കുപൊത്തി.ആ സ്‌ത്രീ അവരെ ഓടിച്ചുവിട്ടു.
      
      കിണറ്റിനോട് ചേർന്ന അലക്കുകല്ലിലിരുത്തി അലവിയും ആ മനുഷ്യനും രത്നനെ കുളിപ്പിക്കുന്നു. ചെറുപ്പക്കാരൻ മൂക്കുപൊത്തി കമ്പനിവണ്ടി വൃത്തിയാക്കുന്നത് കണ്ട കുട്ടികൾ ചിരിപൊത്തി നിൽക്കുന്നു.അജിതൻ ചാരിയിരിക്കുന്ന ചുവരിലെ ജനാലയുടെ അപ്പുറത്ത് ആ പെൺകുട്ടിയുടെ ഞരക്കം.ബാഗിനുള്ളിലെ രത്നന്റെ ഫോണെടുത്ത് തന്റെ പോക്കറ്റിലിട്ടിട്ട്, ജനാലയോട് ചേർന്നുനിന്ന അജിതൻ ഒന്നു ചുമച്ചു.പെൺകുട്ടി ഇറങ്ങി വന്ന് ബാഗു വാങ്ങി,അവർക്കിടയിൽ വേദനയിട്ട ഒരു നോട്ടമുണ്ടായി.തനിക്കിനി ആരെന്ന അജിതന്റെ കടം 'കഥ'യ്ക്ക് ഉത്തരമുണ്ടായോ.?
       അകത്തെ മുറിയിൽ വിരിച്ചിട്ട വാഴയിലയോട് ചേർത്ത് വിളക്ക് വയ്ക്കുന്ന ആ സ്ത്രീ.അജിതൻ പുറത്തേക്ക് നടക്കുമ്പോൾ ചെറുപ്പക്കാരന്റെ തെറികേട്ട കുട്ടികൾ വീടിന്റെ പിന്നിലേക്ക് ഓടി. ഇരുണ്ട ജനാലയോട് ചേർന്നു നിൽക്കുന്ന പെൺകുട്ടിയെ അജിതൻ വീണ്ടും വീണ്ടും നോക്കി.

    ചുവന്ന പട്ടുസാരി വെന്തുതീരാത്ത ഭാഗത്ത് ചിതയൊരുക്കാനുള്ള സ്ഥലം നിരപ്പാക്കുന്ന ആ മനുഷ്യൻ, തലയിലെ തോർത്തഴിച്ച് അജിതനോട് എന്തോ പറയാനുള്ള ശ്രമം നടത്തി.പ്രതീക്ഷിച്ച നോട്ടമെത്താതെ നിരാശനായി, നെഞ്ചിലെ ഉഷ്ണത്തിലേക്ക് ആ തോർത്തുവീശി.  

    തലകുനിച്ച് റോഡരികിലൂടെ വളരെ വേഗത്തിൽ നടക്കുന്ന അജിതന്റെ ഒപ്പമെത്താൻ അലവിക്കുട്ടി ഓടാൻ തുടങ്ങി.ചെറുപ്പക്കാരന്റെ കമ്പനിവണ്ടി എതിർദിശയിലേക്ക് നിശബ്ദമായി പോകുന്നതും അലവിക്കുട്ടി കണ്ടു.അജിതന്റെ കരച്ചിൽ നിരത്തിലേക്ക് തെറിച്ചു വീഴുന്നുണ്ട്.   
     പോക്കറ്റിൽ കിടന്ന രത്നന്റെ ഫോണിലേക്ക് അപ്പോൾ ഒരു വിളിയുടെ വിതുമ്പലിറങ്ങി വന്നു. ഉമയെന്ന പേര് വായിച്ച അജിതൻ,സ്‌നേഹത്തോടെ ആ പെൺകുട്ടിയോട് 'മോളേന്ന്' സംസാരിച്ചു തുടങ്ങി..!!

സാങ്കേതികമായ ഒരടിക്കുറിപ്പ്‌.
          പ്രിയ വായനക്കാരാ, ഈ കഥ ഞാനെഴുതിയതല്ല.നൂറ്റിയഞ്ച് വൃത്തിയാക്കുന്നതിനിടയിൽ കണ്ണാടിയുടെ പിന്നിലിരുന്ന് കിട്ടിയതാണ്.ശ്രീമാൻ അലവിക്കുട്ടിയോടും കാര്യങ്ങൾ തിരക്കി. അത്തരത്തിലൊരു സംഗതിയെക്കുറിച്ചോ,അജിതനെന്ന വ്യക്തിയെപ്പറ്റിയോ അറിയില്ല, എന്നാണ്  അദ്ദേഹം പ്രതികരിച്ചത്.നിങ്ങൾ 'വൈദ്യരത്നം' വായിക്കണമെന്ന് എനിക്ക് തോന്നി.എഴുതിയവന്റെ അടയാളപ്പെടുത്തലെന്ന നിലയിൽ ഈ പതിപ്പിലേക്ക് അയയ്ക്കുകയായിരുന്നു.
 

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

പാവാക്കൂത്ത്.!

പാവക്കൂത്ത്

   അജിത വക്കീൽ ഫോണും ചെവിയിൽ ചേർത്തുപിടിച്ച് വീടിനു പുറത്തേക്കോടി.ഗേറ്റിൽ തൂക്കിയിട്ടിരുന്ന 'അജിത ക്ളീറ്റസ് എം.എ.എൽ.എൽ.ബി' ബോർഡ് അടർത്തിയെടുത്ത് ഡോക്ടർ പട്ടിബാബുവിന്റെ പറമ്പിലേക്കെറിഞ്ഞു.കന്നിമാസത്തിനോട് കൊരുത്തുനിന്ന നായിണകളെയും പ്രണയം മൂത്തിട്ട് ഊഴം കാത്തിരുന്ന് വാലാട്ടുന്ന ആണുങ്ങളുടെയും രംഗങ്ങൾ ആസ്വദിച്ചങ്ങനെ നിൽക്കുകയായിരുന്നു പട്ടിബാബു.അവൾക്ക് അയാളോട് വെറുപ്പുതോന്നി.പക്ഷേ, ഏക അയൽക്കാരിയായ അജിത വക്കീലിന്റെ പെണ്ണേറും തിടുക്കംപിടിച്ച നടപ്പും അയാളിലാകെ താടിചൊറിഞ്ഞ ആ പതിവ് ചിരിയേ ഉണ്ടാക്കിയുള്ളൂ.

   മുറ്റത്തു വന്നുവീണ 'എം.എ.എൽ.എൽ.ബിയെ' ഡോക്ടർ പട്ടിബാബു വീടിനോട് ചേർത്തിട്ടു.
കുറച്ചപ്പുറത്ത് നഗരത്തിലേക്കുള്ള ബസും കാത്തുനിൽക്കുന്ന അജിതയെ അയാൾ നോക്കി. അവളുടെ ചുണ്ടിലെ പിറുപിറുപ്പുകളും വായിച്ചു. ഇന്നലെയും ആ വീട്ടിൽ ഒന്നിച്ചു ജീവിച്ചിരുന്ന 'അജിതാ ക്ളീറ്റസി' നെയാകാം അവൾ വലിച്ചെറിഞ്ഞതെന്ന് അയാളൂഹിച്ചു.വാലാട്ടിനിന്ന ഒരു കുഞ്ഞൻ നായയെ മടിയിലിരുത്തി തലോടിക്കൊണ്ട് സുന്ദരിയായ വക്കീലിന്റെ, ജീവിതം ഉള്ളിൽ വീണ്ടും തുറന്നുവച്ചു . 

    ഏഴെട്ടു വർഷം മുൻപാണ്, ഈ നായിണകളെക്കാൾ പ്രണയം മൂത്ത് 'മതംപൊട്ടിച്ച്' കൈകൾ കൊരുത്തുവന്ന ചെറുപ്പക്കാർ.ഒരു വക്കീലും ഒരു വാദ്യാരും.കന്നട നാട്ടിലെ ഈ അതിർത്തി ഗ്രാമം അവർക്കൊരു ഒളിത്താവളമായി.അയൽക്കാരനായി  ഭ്രാന്തൻ ഡോക്ടർ മാത്രമുള്ള നാട്ടിൽ നിന്നും അവരുടെ ടൂവീലർ നൂറും നൂറ്റിപത്തും പ്രണയവേഗത്തിൽ നഗരത്തിലേക്ക് പാഞ്ഞു.

    ആദ്യ വർഷങ്ങളിൽ അന്യോന്യം മക്കളായ നാളുകൾ.പട്ടിബാബുവിന്റെ ചികിത്‌സയിൽ പലപല മരുന്നുകൾ.അലാറം വച്ചുള്ള ഉണർച്ചകൾ.നേർത്ത തുണി സ്‌ക്രീനിന്റെ മറവിൽ അയാളുടെ നിർദ്ദേശമനുസരിച്ച വരണ്ട രതികൾ.ദേവാലയങ്ങൾ. ഒടുവിൽ ചിരികളെല്ലാംകെട്ട് ബൈക്കിന്റെ വേഗതയും കെട്ടിപ്പിടിച്ച  ഇരുപ്പുകളും കുറഞ്ഞില്ലാതെയാകുന്നതും കാണാൻ അയാളല്ലാതെ അധികമാരുമുണ്ടായിരുന്നില്ല. 

    അജിത എത്താൻ വൈകിയ ഒരു ദിവസം ക്ളീറ്റസിനാണ് രഹസ്യ അതിഥിയുണ്ടായത്, അവന്റെ അമ്മ തടിച്ചുകൊഴുത്ത വെറോണിക്ക.അവർ മകനോട് സത്യവേദപുസ്തകം തുറന്ന് നല്ല നിലത്ത് വീഴാത്ത,പാറപ്പുറത്ത് വിതച്ച വിത്തിന്റെ ഉപമകൾ പറഞ്ഞുകൊടുത്തു.മുടിയനായ പുത്രനെപ്പോലെ വീട്ടിലേക്ക് മടങ്ങി വരാൻ ഉപദേശിച്ചു. കഴിഞ്ഞ ദിവസം ബൈക്കിൽ അമ്മയെ പിന്നിലിരുത്തി പ്രണയമതം മായിച്ച് ക്ളീറ്റസ് പോയതും പട്ടിബാബുവിന്റെ മുന്നിലൂടെയാണ്.വെറോണിക്ക ക്ളീറ്റസിനെ കെട്ടിപ്പിടിച്ചിരുന്നു.അജിതയെക്കുറിച്ച് അയാൾ ഇന്നലെയും ഒരുപാട് നേരം ചിന്തിച്ചു. 

     ബസ് കാത്തിരുന്ന അജിതയ്ക്ക് തന്റെ വീടിനെ ഒന്നു നോക്കണമെന്ന് തോന്നി.ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്ന പട്ടിബാബു.അല്ലെങ്കിൽ അയാളുടെ നായ്ക്കൾ അവിടെ കയറിയിറങ്ങി നടക്കും.ആ മനുഷ്യനിപ്പോൾ തന്റെ കഥയിലേക്ക് നടക്കുകയാണെന്ന് അവളും ഊഹിച്ചു.ക്ളീറ്റസ് വീടുവിട്ട് ഇറങ്ങിയപ്പോൾ അയാളോടെങ്കിലും യാത്ര പറഞ്ഞിട്ടുണ്ടാകുമോ.? എങ്കിൽ.? പ്രതികാരമെന്നോണം അയാളുടെ ചരിത്രവും അജിത വക്കീൽ വിചാരണക്കൂട്ടിനുള്ളിലേക്ക് കയറ്റിനിർത്തി.

   കുട്ടികളില്ലാത്തതിന് വീട്ടിലേക്ക് നായ്ക്കുട്ടികളെ കൊണ്ടുവന്ന ഡോക്‌ടർ.പെയിന്റ് പണിക്കുവന്ന ചെറുപ്പക്കാരന്റെയൊപ്പം പരുക്കൻ നിറങ്ങളിലേക്ക് ഇറങ്ങിപ്പോയ ചിത്രകാരിയായ ഭാര്യ. വനത്തിനുള്ളിൽ നിന്നും വല്ല കാലത്തും ഇറങ്ങി വരുന്ന ഊരുവാസികളോട് മരുന്നിന്ന് പകരം കാരക്കയും കൂവയും മൂട്ടിക്കായും ചിലപ്പോൾ നായ്ക്കുട്ടികളെയും പ്രതിഫലം വാങ്ങിക്കുന്ന പൊട്ടൻ. നഗരവാസികൾ മിടുക്കൻ ഡോക്ടറെ തിരക്കി വന്നാലും നായ്ക്കളെപ്പേടിച്ച് ആരുമകത്തേക്ക്  ചെല്ലാറില്ല, അതിലൊന്നിലും അയാൾക്ക് ഒരു കൂസലുമില്ല..

     ക്ളീറ്റസിനൊപ്പം കിടക്കയിലും തീൻ മേശയിലും പലതവണ തന്നാൽ വിചാരണ ചെയ്യപ്പെട്ട പട്ടിബാബുവിന്റെ ദാമ്പത്യ പ്രതിചിന്തകളെ അജിത ഇറക്കിവിട്ടു.ആ രണ്ട് വീടുകളെയും അവൾ ഫോണിൽ പകർത്തി.അവളുടെ വീടിന് ക്ളീറ്റസിന്റെ വീർപ്പുമുട്ടുന്ന അതേ മുഖം.പട്ടിബാബുവിന്റെ, തുറന്നചിരിയുള്ള വീടിന് പ്രത്യേക സൗന്ദര്യമുണ്ടോയെന്ന് അവൾക്കപ്പോൾ  തോന്നി.

    നാടിനെ മുഴുവൻ വിറപ്പിച്ചുകൊണ്ട് നായ സൈന്യവുമായി ഡോക്ടറിന്റെ പ്രഭാതസായാഹ്ന സവാരികളുണ്ട്.ചികിൽസയിലായിരുന്ന കാലത്ത് 'അജിത ക്ളീറ്റസ്' ഒപ്പം നടന്നിരുന്നു.കാഷായ വേഷവും നീണ്ട താടിയും നിരനിരയായി വരുന്ന നായ്ക്കളും ചേർന്ന ചിത്രം അജിതയുടെ ഉള്ളിൽ വന്നു.പക്ഷേ ക്ളീറ്റസിന് ഒരു ദിവസം ആ നടപ്പ് ഏറ്റവും അപമാനമായി തോന്നി, മടങ്ങാമെന്ന് പറഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ 'പോടീ മച്ചി'യെന്ന അലർച്ചയും വലിയ തെറിയും.അന്നാണ് ക്ളീറ്റസിന്റെ മുഖത്ത് അജിത അവസാനമായി നോക്കിയത്.

    വാതിലും ജനാലകളും ഒരിക്കലും അടച്ചിടാത്ത മതിലോ അതിരോ ഇല്ലാത്തത പട്ടിബാബുവിന്റെ വീടും പറമ്പും.അരികു ചേർന്ന് പതുങ്ങി നിൽക്കുന്ന ഒറ്റമുറി ക്ലിനിക്ക്.ഒരു ചക്കയുമായി ഡോക്ടറെ കാത്തിരിക്കുന്ന ഒരു ഗർഭിണിപ്പെണ്ണും വീടിനോട് ചാരിയിരുന്ന് ബീഡി വലിക്കുന്ന ഊരുമൂപ്പനും.      ആ രംഗങ്ങൾ കണ്ടിട്ടാവണം അജിതയുടെ മുഖത്തപ്പോൾ ഒരു ചിരി വന്നത് അവളുടെ വീടിനത്ര ഇഷ്ടമായില്ല.പെട്ടെന്ന് ചിന്തകളിലേക്ക് പുക തുപ്പിക്കൊണ്ട് 'നഗരത്തിലേക്ക് വാടീന്ന്' വിളിക്കുന്ന ആ ബസും വന്നുനിന്നു.ബസിലിരുന്ന് ഫോണിലൂടെ  രണ്ടു വീടുകളെ താരതമ്യം ചെയ്യുമ്പോഴെല്ലാം മുഖം പൊത്തി നിന്ന സ്വന്തം വീടിനോട് മാത്രം കൂറുള്ളതായി അവൾ ഭാവിച്ചു.

    അടച്ചതും തുറന്നതുമായ വീടുകളെ മായിച്ചുകൊണ്ട് അജിതയുടെ ഫോണിലേക്ക് വള്ളിക്കെട്ട് വക്കീലിന്റെ ചില സന്ദേശങ്ങൾ വന്നുവീണു.'കാമുകനൊപ്പം പോകാൻ കുഞ്ഞിനെ കാനയിലെറിഞ്ഞ പെണ്ണിന്റെ'തായി പല പത്രങ്ങളിൽ വന്ന കഥകളും ചിത്രങ്ങളും. അവളുടെ നെറ്റിയിൽ ചുളിവുകൾ വീണു.വള്ളിക്കെട്ട് വക്കീലിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കണമെന്ന ചിന്ത അജിതയ്ക്കപ്പോൾ ആദ്യമായിട്ടുണ്ടായി.ക്ളീറ്റസ് ഇതേക്കുറിച്ചു  നിർബന്ധിച്ചപ്പോഴൊന്നും അവളിൽ ഇങ്ങനെയൊരു തോന്നലുപോലും വന്നിരുന്നില്ല..

    'അമ്മയെ കൊന്ന മകൻ' 'വൃദ്ധയെ പീഡിപ്പിച്ച പതിനാലുകാരൻ' 'നടിയെ ആക്രമിച്ച യുവാവ്'  വള്ളിക്കെട്ട് വക്കീലിന്റെ വക്കാലത്തുകൾ കുപ്രസിദ്ധമാണ്.പണവും പേരുമങ്ങനെ നിറയുന്നു. വക്കീലിന്റെ വീടിന് സദാ അടഞ്ഞുകിടക്കുന്ന വലിയ വാതിലുകളും ജനാലകളുമാണ്,ഏക മകൾ ഒരു രാത്രിയിൽ പ്രണയത്തിന്റെ നൂലിൽ തൂങ്ങി ഏതുവഴിയാണ് ഇറങ്ങിപ്പോയതെന്നറിയില്ല.മൂന്നാം ദിവസം റോഡരിൽ ഒറ്റയ്ക്ക് ചത്തങ്ങനെ കിടക്കുകയായിരുന്നു.'യുവതിയെ ബലാത്സംഗംചെയ്തു റോഡരികിൽ തള്ളിയ കാമുകനും കൂട്ടാളികളും അറസ്റ്റിൽ'. പത്രങ്ങളിൽ ആ സംഭവം അത്രയേറെ ആഘോഷമായിട്ടും കേസിന് പോകാനൊന്നും വള്ളിക്കെട്ടിനായില്ല.

   ജയിലിൽ ചെന്ന് വക്കാലത്തും വാങ്ങി, കൈത്തരിപ്പും തീർക്കാം എന്ന കൗതുകമാണ് അജിത വക്കീലിന് ഇത്തരം കേസിലുള്ള സന്തോഷങ്ങൾ.ആരും ഏറ്റെടുക്കില്ലെന്നുറച്ച കേസിന്റെ വക്കാലത്ത് ഒപ്പിടാൻ വരുന്ന വക്കീലിനോട്, ആ പ്രതി കാണിക്കുന്ന വിധേയത്വം ഭൂമിലൊരിടത്തും  കാണാനാകില്ലല്ലോ..'മകളെ പീഡിപ്പിച്ച രണ്ടാനച്ഛന്റെ അടിവയറ്റിനു കൊടുത്ത ഉഗ്രനൊരു ചവിട്ട്' ജയിലർക്കുപോലും ഇഷ്ടപ്പെട്ടു.കുഞ്ഞിനെ കാനയിൽ എറിഞ്ഞ പെണ്ണിന്റെ ഒരു പല്ലെങ്കിലും തന്റെ അടിയിൽ കൊഴിഞ്ഞു വീഴണം.അജിത വാർത്തകളിലേക്ക് ദേഷ്യത്തോടെ ഊളിയിട്ടു. പ്രതിപെണ്ണ് എറിഞ്ഞുകളഞ്ഞ ഒന്നര വയസുള്ള കുഞ്ഞിനെ പൊക്കിയെടുത്തു,വിളറിയ ആ ജഡം കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ചുവന്നു. 

    വാർത്തകളിൽ ഭീകരിയായി നിൽക്കുന്ന ആ മെലിഞ്ഞു മഞ്ഞിച്ച പ്രതിപ്പെണ്ണിനെ അജിത ഫോണിൽ വലുതാക്കി നോക്കി.എല്ലാ പത്രങ്ങളിലും നല്ല കളർ വാർത്തയാണെങ്കിലും ഭർത്താവിനെയോ കാമുകനെയോ വെളിപ്പെടുത്താതിരിക്കാൻ എല്ലാവരും ജാഗ്രത കാണിച്ചിട്ടുണ്ട്. വാർത്തയിലും വാർത്തമാനത്തിലും വിറ്റുപോകുന്നത് പെണ്ണുങ്ങളാണല്ലോ.അവളുടെ ചിന്തയോടൊപ്പം,  മുൻസീറ്റിലിരുന്ന ഇളംമഞ്ഞ സാരിയുടുത്ത സ്ത്രീയുടെ തോളിൽക്കിടന്ന ഒരു കുട്ടി, ബസിന് പുറത്തുള്ള മുഴുവൻ ലോകത്തിന്റെയും മുഖത്തേക്ക് ഛർദ്ദിച്ചു.പുളിച്ച
രണ്ടുവറ്റ് അജിതയുടെ നേർക്കും ചെന്നു.താനത് അർഹിക്കുന്നതായി അജിതയ്ക്ക് തോന്നി. 

   ഒപ്പമിരുന്ന പുരുഷൻ 'ഇതിനെ എവിടെയെങ്കിലും കൊണ്ടുകളഞ്ഞിട്ട് വിളിയെടി.. മൈ' എന്ന് പറഞ്ഞിട്ട് പിന്നിലേക്ക് നടക്കാൻ എഴുന്നേറ്റു.അജിതയുടെ വക്കീൽ വേഷം കണ്ട അയാളൊന്നു പരുങ്ങി.അജിത ബാഗിനുള്ളിൽ ഒളിച്ചു വച്ചിരുന്ന തന്റെയും ഛർദ്ദിരഹസ്യമായ നാരങ്ങയും പ്ലാസ്റ്റിക്ക് കവറും മുന്നിലെ പെണ്ണിന്റെ നേർക്ക് നീട്ടി.അവൾക്കും കുഞ്ഞിനെ കാനയിലെറിഞ്ഞ പെണ്ണിന്റെ അതേ മുഖം.അജിത പുറകിലേക്ക് നോക്കി.ആ 'കാമുകൻ' പിന്നിലെ നീണ്ടസീറ്റിൽ തന്നെയും  നോക്കി അതേയിരുപ്പാണ്.

    ഉപേക്ഷിക്കപ്പെട്ട  നിലയിൽ ആ കുട്ടിയെ കണ്ടാൽ തിരിച്ചറിയാനുള്ള  വക്കീൽ ബുദ്ധി കുട്ടിയിൽ ചില നിരീക്ഷണങ്ങൾ നടത്തി.നീണ്ട മുടിയെ റബ്ബറിട്ട് പൂട്ടിയത്‌ കൊണ്ടുമാത്രം പെൺകുട്ടിയായി തോന്നിച്ചു.കാതു കുത്തിയിട്ടുണ്ടെങ്കിലും കമ്മലില്ല.ആൺകുട്ടികളുടെ ഉടുപ്പും നിക്കറുമാണ് വേഷം. ഇടതു കണ്ണിന് വീർപ്പും പഴുപ്പിന്റെ നിറവും.കറുപ്പിനും വെളുപ്പിനുമിടയിൽ ഒരു നിറം, മൂന്നോ നാലോ വയസ്സിന്റെ ഇളപ്പം..
       വക്കീൽ നിരീക്ഷണങ്ങളെ  ഇടിച്ചുനിരത്തി ബസ് ജയിലിന്റെ സ്റ്റോപ്പിൽ നിന്നു.കുട്ടി വീണ്ടും കവറിനുള്ളിലേക്ക് ഛർദ്ദിയുള്ള തലയിട്ടു.അജിത ഫോണിൽ ആ കുട്ടിയുടെ ചിത്രം പകർത്താൻ ശ്രമിച്ചു. തിടുക്കത്തിൽ ആ സ്ത്രീയുടെ ഇളംമഞ്ഞ സാരിയുടെ അവ്യക്തമായ രൂപം മാത്രം കിട്ടി.

   ജയിലിന്റെ മുന്നിലെ സ്റ്റോപ്പിൽ അജിത ഇറങ്ങി.പിന്നാലെ ഇറങ്ങിവന്ന സ്ത്രീയുടെ കൈയിൽ കുട്ടിയുണ്ട്, ബസിനുള്ളിൽ കുട്ടിയെ ഉപേക്ഷിക്കാൻ 'കാമുകർക്ക്' പദ്ധതിയില്ല.അജിതയുടെ നേർക്ക് അവരുടെ വിളറിയ ചിരി.റോഡിന്റെ അപ്പുറത്തേക്ക് തിടുക്കത്തിൽ ഓടുന്ന 'കാമുകൻ' മരത്തിനോട് ചാരി നിന്ന് മൂത്രിക്കുന്നു.പതിവായി തന്റെ ഗേറ്റിൽ മൂത്രിക്കുന്ന ചാരനിറമുള്ള മുറിവാലൻ നായയെ അവൾക്ക് ഓർമ്മവന്നു.ഫോണിൽ ആരും അറിയാതെ ആ ദൃശ്യം പകർത്തി.സാധാരണയായി ചെയ്യുന്നതുപോലെ നയേറിന് പറ്റിയ ഒരു കല്ലെടുക്കാൻ അവളുടെ കൈതരിച്ചു.

    "വള്ളിക്കെട്ട് ആ പെണ്ണിന്റെ വക്കാലത്തുമേറ്റല്ലേ.?" സന്ദർശകരുടെ പതിവേടിൽ ഒപ്പുചേർക്കുമ്പോൾ ജയിലർ അജിതയോട് കുശലം ചോദിച്ചു.ഫോണിൽ വള്ളിക്കെട്ടിന്റെ അടുത്ത സന്ദേശം വന്നു.ജയിൽ വേഷത്തിൽ പെണ്ണിന്റെ ഒന്നുരണ്ട് ഫോട്ടോകൾ കൂടെ എടുക്കണം.
      ജയിലിലെ പാവനിർമ്മാണ യൂണിറ്റിലാണ് ആ പെണ്ണിന് ജോലിയെന്ന് പറഞ്ഞിട്ട്, ഒപ്പം വന്ന വനിതാ വാർഡൻ ഒരു ഭീകര ചിരി പാസ്സാക്കി.ഒഴിഞ്ഞ പാവയുടെ ഉള്ളിലേക്ക് മലദ്വാരത്തിലൂടെ പഞ്ഞിനിറയ്ക്കുന്ന പ്രതിപ്പെണ്ണ്.വാർഡൻ ലാത്തികൊണ്ട് പെണ്ണിന്റെ നേർത്ത കഴുത്തിന് പിന്നിൽ പതിയെ കുത്തി.അജിതയുടെ പിന്നാലെ അവൾ തലകുനിച്ച് നടന്നു.

     അജിത ഒന്നും ചോദിച്ചില്ല,ആ പെണ്ണ് ഒന്നും പറഞ്ഞില്ല.ഒരു ചായ മുന്നിൽ വച്ചിട്ട് ജയിലറാണ് തുടക്കമിട്ടത്.
     "കൊന്നതൊന്നുമല്ല വക്കീലേ, ഈ പെണ്ണിന്റെ കൈയീന്ന് വീണതാ,ഇവക്ക് ഒരുത്തന്റെ കൂടെ പ്രേമം.ഇവളെ കെട്ടിയവൻ വലിയ സാഹിത്യകാരനാണ്, ഏതുനേരവും എഴുത്തും വായനയും ചർച്ചക്ക് പോക്കും.അതിനിടയിലാണ് ഇവക്ക് പറ്റിപ്പോയത്.സംഗതി കൈയോടെ പൊക്കിയപ്പോൾ തീറ്റിപോലും കൊടുക്കാതെ ഒരുമുറിയിൽ നാലഞ്ചു ദിവസം സാഹിത്യതെണ്ടിയുടെ ആ തള്ള പൂട്ടിയിട്ടിരുന്നു.കിട്ടിയ ഗ്യാപ്പിൽ ഇറങ്ങിയോടിയപ്പോൾ കൊച്ച് കൈയീന്നങ്ങ് തെറിച്ച് പോയതാണ്. അല്ലേടി.."പെണ്ണ് തലയുയർത്തി ജയിലറെ നോക്കി, നാണവും ഭയവും നിറഞ്ഞ മുഖത്തോടെ സത്യമാണെന്ന് അജിതയോട് തലകുലുക്കി. 
     പ്രതിപ്പെണ്ണിന്റെ മേൽച്ചുണ്ടിൽ ചുവന്നുനിന്ന ഒരു രസികൻ മുറിവിനെ അജിത പ്രത്യേകം ശ്രദ്ധിച്ചു.ജയിലറുടെ ചിരിയോടെ ആ ചുണ്ടിൽ മുറിവുണ്ടാക്കിയ പ്രതികളെ അജിത തിരിച്ചറിഞ്ഞു.

      "ഈ പരുവത്തിൽ ഇവൾ ഇവിടെ 'കെടക്കണ'തല്ലേ വക്കീലേ നല്ലത്." 'കിടക്കട്ടെ' എന്നു സമ്മതിച്ച് അജിത പ്രതിപ്പെണ്ണുമായി പാവ നിർമ്മാണ യൂണിറ്റിലേക്ക് നടന്നു.'കൈവയ്ക്കല്ലേ വക്കീലേന്ന്' ജയിലറുടെ പ്രണയമുള്ള നോട്ടം പിന്നാലെയെത്തി.അജിത അതിനോട് ഒന്നിരുത്തി ചിരിച്ചു.തൊപ്പി കൈയിലെടുത്ത അയാൾ ഒരു നാണം അഭിനയിക്കാൻ ശ്രമിച്ചു.

     യൂണിറ്റിലെ പെണ്ണുങ്ങൾ എത്ര സൂക്ഷ്മതയോടെയാണ് പാവ നിർമ്മിക്കുന്നതെന്ന് അജിത  നോക്കി നിന്നു.നരച്ച തലയുള്ള ഒരുത്തിയാണ് പാവകൾക്ക് സ്വർണനിറമുള്ള ചുരുണ്ട തലമുടി തുന്നിപ്പിടിപ്പിക്കുന്നത്.തടിച്ചുരുണ്ട ഒരുത്തി തിളക്കമുള്ള ഉടുപ്പിടിയിക്കുന്നു.ഏറ്റവും ഉയരമുള്ള ഒരുത്തിയിലേക്ക് എത്തുമ്പോൾ നീല കണ്ണുകളും ചേർത്ത് ആ  ജയിൽപ്പാവക്കൂത്ത് പൂർത്തിയാവുന്നു.അജിത അറിയാതെ നിലത്തുകിടന്ന ഒരു പാവയിൽ ചവിട്ടി,അത് നിലവിളിച്ചു  അവൾ പിന്മാറി.മക്കളില്ലാത്ത പെണ്ണുങ്ങൾ പാവ നിർമ്മിക്കുമ്പോൾ ഓർക്കുന്നത് എന്തായിരിക്കും? അജിതയുടെ സ്വയം ചോദ്യം കേട്ട വാർഡൻ അത്ഭുതത്തോടെ അവളെ നോക്കി.

     "കെട്ടിയോനേം അമ്മായിയേയും കാച്ചി, കക്കൂസ് കുഴിയിലിട്ട ടീമാണ്" നരച്ച തലമുടിക്കാരിയെ ചൂണ്ടിയാണ് വാർഡനതു പറഞ്ഞത്.അതിനിടയിൽ അവർ തമ്മിലൊന്ന് ചിരിച്ചു.വാർഡൻ ഒരു പാവയെ പൊതിഞ്ഞെടുത്തു.'നിങ്ങളെ കൊച്ചിനിത് കൊട് വക്കീലേന്ന്' ചിരിയോടെ അജിതയ്ക്ക് നൽകി.ബാഗിനു പുറത്തേക്ക് 'ഞാൻ പോവൂലാന്ന്' വാശിയോടെ തള്ളിനിന്ന പാവയുടെ തല, യൂണിറ്റിലെ സകല അമ്മമാരെയും നോക്കി.ഒന്നു രണ്ട് തവണ അതിന്റെ മുഖത്ത് അജിതയുടെ കൈ ചെന്നുമുട്ടി. അപ്പോഴെല്ലാം അവൾ ഞെട്ടി. വള്ളിക്കെട്ടിന്റെ വിളികൾ രണ്ടാമതും ഫോണിൽ പൊങ്ങിവന്നു.ദേഷ്യത്തോടെ അവളതിനെ മുറിച്ചിട്ടു.   

    ബസ് സ്റ്റോപ്പിൽ നാലഞ്ചാളുകൾ കൂടി നിൽക്കുന്നുണ്ട്.ഒപ്പം ബസ്സിറങ്ങിയ ആ സ്ത്രീയുടെ കൈയിലിരുന്ന കുട്ടി ഒരു തൂണിൽ ചാരിയിരുന്ന് ഉറങ്ങുന്നത് അജിത കണ്ടു.തൊട്ടടുത്ത് തുറന്നു വച്ചിട്ടുള്ള ഭക്ഷണപ്പൊതിയിൽ ഇനിയും പകുതിദോശ ബാക്കിയുണ്ട്.അജിതയുടെ വരവിൽ ആളുകൾ മാറി നിന്നു.അതിലൊരാൾ ബാഗിനു പുറത്തേക്ക് തലയുയർത്തി നോക്കുന്ന പാവയിലേക്ക് വിരലുചൂണ്ടി.അജിതയപ്പോൾ ചുറ്റിലും ഇളം മഞ്ഞ സാരിക്കാരിയെ തിരഞ്ഞു. റോഡിനപ്പുറത്തെ മരങ്ങൾ ആ 'കാമുകരെ' മറച്ചുപിടിച്ചിട്ടുണ്ടാകുമോ? അജിത സംശയിച്ചു.. 

    അജിത കുട്ടിയെ തട്ടിയുണർത്തി,അതുകണ്ട ആളുകൾ പിരിഞ്ഞു പോകാനാരംഭിച്ചു.ഉണർന്ന കുട്ടി ഭക്ഷണപ്പൊതിയിലെ പാതി ദോശയിലേക്ക് വിരലുകൾ നീട്ടി.ചുറ്റും ആരെയോ തിരഞ്ഞ ശേഷം എരിവുണ്ടെന്ന ഭാവം മുഖത്തിട്ടു.ബാഗിനുള്ളിലെ കുപ്പിവെള്ളം അജിത തുറന്നു വയ്ക്കുന്നത് കണ്ട് കൂടിനിന്നതിൽ അവസാനത്തെ സ്ത്രീയും മറഞ്ഞു.തൂണിന്റെ അരികിലൂടെ കൈ കഴുകാൻ നീട്ടിപ്പിടിച്ച കുട്ടിക്ക് അജിത വെള്ളമൊഴിച്ചുകൊടുത്തു.ആ പാവയിലേക്ക് കുട്ടിയുടെ നോട്ടം നീണ്ടുചെന്നു. അജിതയുടെ കൈയിൽ നിന്ന് തട്ടിപ്പറിക്കുന്ന വേഗത്തിലാണ് പാവയെ വാങ്ങിയത്. കുട്ടി അതിന്റെ നീലക്കണ്ണുകളിലേക്ക് അത്ഭുതത്തോടെ നോക്കി, എന്നിട്ട് പൊട്ടിയൊലിക്കുന്ന തന്റെ ഇടതു കണ്ണിൽ സങ്കടപ്പെട്ട് വിരലുകൾ വച്ചു. 

    നല്ല ചൂടുള്ള ഒറ്റുകാരൻ കാറ്റ് അപ്പുറത്തെ ഒരു വലിയ ആൽമരത്തിന്റെ പിന്നിൽ ഇളം മഞ്ഞസാരിക്കാരിയുണ്ടെന്ന്‌‌ അജിതയ്ക്ക് തെളിവുകൊടുത്തു.അതിനടുത്തുതന്നെ 'കാമുകന്റെ' സാന്നിദ്ധ്യവും അവളൂഹിച്ചു.അവരുടെ മനസറിയാൻ അജിത കാത്തിരുന്നു.തൂണിനോട് ചാരിയ കുട്ടി പിന്നെയും ഉറക്കത്തിലേക്ക് പോയി.പാവയെ അമ്മയോളം കെട്ടിപ്പിടിച്ചിരിക്കുന്നു.പാവനോട്ടം കുട്ടിയുടെ പഴുത്ത ഇടതു കണ്ണിലേക്കാണ്.

    മരങ്ങളുടെ മറവിൽ നിന്നും അമ്മയാന്തലുള്ള ഒരെത്തിനോട്ടം അജിത കണ്ടു.കുട്ടിയെക്കുറിച്ച്    ഉറച്ച ഒരു തീരുമാനമെടുക്കാനൊന്നും പാഞ്ഞു വന്നുനിന്ന ബസ് സമ്മതിച്ചില്ല.വള്ളിക്കെട്ട് വക്കീലിന്റെ വിളികളെ ബാഗിനുള്ളിൽ കുഴിച്ചിട്ട് കുട്ടിയെ തോളിലെടുത്ത് അജിത വേഗത്തിൽ ബസിനുള്ളിലേക്ക് കയറി.ബസിനും അതങ്ങ് ഇഷ്ടപ്പെട്ടു. മരങ്ങളുടെ ഇടയിലൂടെ തലകുനിച്ചു നടക്കുന്ന അമ്മയുള്ള 'കാമുക' രംഗങ്ങളെ ആരെയും കാണിക്കാതെ വെറും രണ്ട് മണിയിൽ ആ ബസ് പോട്ടെപോട്ടേന്ന് പിന്നിലേക്ക് തള്ളിവിട്ടു.

    തോളോട് ചാരിക്കിടന്ന കുട്ടിയുടെ ചെവിയിൽ നിന്നും പഴുപ്പ് അജിതയുടെ മടിയിലേക്ക് ഒഴുകി വരുന്നുണ്ട്.വക്കീൽക്കോട്ടിലും അത് പരക്കുന്നു.അജിതയുടെ തോളിലും പഴുപ്പിന്റെ തുള്ളികൾ. തികച്ചും പരിചിതമായ ഗന്ധം.പട്ടിബാബു അടുത്തിടെ കൊണ്ടുവന്ന ചെവിയടർന്ന നായയെ അജിതയ്‌ക്ക് ഓർമ്മവന്നു..

    ക്ലിനിക്കിന്റെ മുന്നിൽ നാലാളുകൾ മാത്രം.ഒരാളുടെ കൈയിൽ ഈർക്കിലിൽ കോർത്ത് പുഴമീൻ.  കറുപ്പൻ ചിരിയുള്ള ഒരു പെൺകുട്ടി ചെവിയടർന്ന നായയെ മടിയിൽ ഇരുത്തിയിട്ടുണ്ട്, അതിന്റെ വാല് ചെണ്ടകൊട്ടുന്നു.വള്ളിക്കെട്ട് വക്കീലിന്റെ സന്ദേശങ്ങൾ അജിതയുടെ ഫോണിലേക്ക് ഒഴുകി നിറയുന്നു.ഫോണിലിറ്റുവീഴുന്ന സന്ദേശത്തുള്ളികളുടെ താളത്തിലേക്ക് കുട്ടി കൗതുകത്തോടെ നോക്കി.

    മുറ്റത്തിന്റെ ഒരു കോണിൽ ഇണ ചേരലിന്റെ മറ്റൊരു രംഗം.രതിയൂഴം കാത്തിരിക്കുന്ന കറുപ്പിൽ വെളുത്ത പുള്ളികളുള്ള നായകൾക്ക് ഒരേ സ്വരത്തിൽ വാലിന്റെ ചെണ്ടകൊട്ട്.അജിതയ്ക്ക് ചിരിവന്നു.കുട്ടിയുടെ നോട്ടം അജിതയുടെ മുഖത്തേക്കായി.അവൾ കുട്ടിയുടെ കവിളിലൊന്ന് നുള്ളി. കുട്ടി അവളോട് ഏറ്റവും ചാരിയിരുന്നു.ഇപ്പോൾ ആ പഴുപ്പിന്റെ മണമെവിടെ.? അജിത കുട്ടിയുടെ കവിളിൽ ചുംബിക്കാനെന്നവണ്ണം മൂക്ക് നീട്ടി.

     പട്ടിബാബുവിന്റെ വീടുപോലെ തന്റെ വീടിന്റെയും ജാലകങ്ങളെല്ലാം ഇനിയെന്നും തുറന്നിടണമെന്ന് അജിത തീരുമാനിച്ചു.അവൾ തന്റെ വീട്ടിനു നേർക്ക് ചരിഞ്ഞൊന്നു നോക്കി, ആ തീരുമാനത്തിൽ വീടിനും ആശ്വാസമുള്ളതായി തോന്നി.ക്ളീറ്റസിന്റെ വീർപ്പുമുട്ടുന്ന മുഖം ആ വീട്ടിൽ നിന്നും പതിയെ മായുന്നു. 
       
    വള്ളിക്കെട്ടിന്റെ ഫോൺ വിളികൾ വീണ്ടും അജിതയോട് ഭീഷണി മുഴക്കുന്നു.മുറ്റത്തിന്റെ ഒത്ത നടുവിലെത്തിയ നായിണചേരലിന്റെ ദൃശ്യങ്ങൾ അവൾ ഫോണിൽ ഭംഗിയായി പകർത്തി വളളിക്കെട്ടിന് അയച്ചശേഷം,ആ വീടിന് പുറകിലെ കാട്ടിലേക്ക് അതിനെ വലിച്ചെറിഞ്ഞു. മുഖത്തുണ്ടായ ഒരിളം ചിരിയോടെ കുട്ടിയെ എടുത്ത് ഉമ്മവച്ചു.ക്ലിനിക്കിന്റെ ഉള്ളിലേക്ക് സാവധാനം നടന്നു..! 


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636


ഓണം

എനിക്കിപ്പോഴും ആ ഓണത്തിനെ പേടിയാണ്..!!

      ഓണമാകുമ്പോൾ പത്ത് ദിവസത്തേക്ക് ഞങ്ങടെ അനാഥമന്ദിരം പൂട്ടിയിട്ടും.മക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ഇരുപത്തിയഞ്ചു പൈസയുടെ മഞ്ഞ കസർഡിൽ ഒറ്റവരി കത്ത് എഴുതിയിടാൻ വാർഡൻ ഞങ്ങളോട് ആവശ്യപ്പെട്ടും.വലിയ കറുത്ത ബോർഡിൽ ഇങ്ങനെ മാതൃക കത്ത് വാർഡൻ എഴുതി ഇട്ടേക്കും.ഞങ്ങൾ പകർത്തണം.വിലാസം ഫയൽ നോക്കി വാർഡൻ ശരിയാക്കും..

പ്രിയ രക്ഷിതാവേ
         നിങ്ങളുടെ മകൻ.......................... നെ ഓണ അവധിക്ക് കൂട്ടിക്കൊണ്ട് പോകാൻ 18/08/1998 പകൽ 10:30 ന് എത്തിച്ചേരേണ്ടതാണ്.ഓണ സദ്യയും ഒരുക്കി ഞങ്ങൾ കാത്തിരിക്കുന്നു.

    എന്ന് 
വാർഡൻ 

     ഞാൻ ദീപുവിനും സനലിനും തുടങ്ങി പത്ത് പേർക്കെങ്കിലും കത്തെഴുതിക്കൊടുക്കും.എന്റെ അക്ഷരങ്ങൾ ഉരുണ്ട് സുന്ദരമായിരുന്നു.അവസാന പരീക്ഷ ദിവസം ആർക്കും ഉറക്കം വരില്ല. എല്ലാം ഒതുക്കി 5 രൂപയുടെ റോത്തമൻസ് കവറിൽ ആക്കി വയ്ക്കും.എട്ടുമണി മുതൽ അമ്മമാർ വന്നു തുടങ്ങും.എന്റെ അമ്മ വരേണ്ടത് അങ്ങ് നെയ്യാർ ഡാമിൽ നിന്നല്ലേ മൂന്ന് ബസെങ്കിലും മാറി കയറാനുണ്ട്...
    പരീക്ഷ ഹാളിൽ ഇരുന്നാലും എനിക്ക്  ഇരുപ്പ് ഉറയ്ക്കില്ല..എങ്ങനെ എങ്കിലും എഴുതി തീർത്ത് ഒറ്റ ഓട്ടം.ഉള്ളതിൽ നല്ല ഉടുപ്പും നിക്കറും ഉണക്കി മടക്കി.മുല്ലപ്പൂവ് ഇടയിൽ തിരുകി എന്നേ വച്ചിട്ടുണ്ട്. എടുത്ത് വാസനിച്ച് ഒരുങ്ങി കുട്ടപ്പനായി ഗേറ്റിന്റെ മുന്നിൽ ഒറ്റനില്പ്...

      സദ്യയും കഴിഞ്ഞ് പലരും പോയി.ഞാൻ പ്രാർത്ഥന മുറിയുടെ ഡസ്കിന്റെ അടിയിൽ കയറി ഒളിച്ചിരുന്നു..ആരെങ്കിലും വിളിച്ചു പറയട്ടേ.. "ദേ രതീഷിന്റെ 'അമ്മ വന്നേ....രതീഷിന്റെ 'അമ്മ വന്നേ..." ഇല്ലാ ഞാൻ എണീക്കില്ല. 'അമ്മയും അവരും എന്നെ കണ്ടുപിടിക്കട്ടെ.. 

     ഇല്ല 'അമ്മ വന്നില്ല.ആ വലിയ കെട്ടിടത്തിൽ ഞാനും ഒന്നോ രണ്ട് കുട്ടികളും ആ പാചക്കാരനും ബാക്കി.ഏറ്റവും ഇഷ്ടപ്പെട്ട അടപ്രഥമനോട് പോലും എനിക്ക് ദേഷ്യം തോന്നി.ആ പത്ത് ദിവസം എനിക്ക് എന്തൊക്കെ ചെയ്യാൻ തോന്നിയിട്ടുണ്ട് കിണറ്റിൽ ചാടി അങ്ങ് ചത്താലോ..? പക്ഷെ ചാടിക്കഴിഞ്ഞ് അമ്മ വന്നാൽ..?

       ഓണം എങ്ങെനെയോ കഴിഞ്ഞു. അവധിക്ക് പോയവർ മടങ്ങി വന്നു.വീട്ടിലെ വിശേഷങ്ങൾ പറഞ്ഞ ദീപുവിനോട് ഞാൻ വെറുതേ പിണങ്ങി.ഒരാഴ്ച കഴിഞ്ഞ് വാർഡൻ എനിക്ക് മഞ്ഞ കാർഡിൽ 'അമ്മ അയച്ച  ആ കത്ത് തന്നു.

എന്റെ മോൻ രതീഷിന്,
      ഈ തിരുവോണത്തിനും അമ്മ സെക്രട്ടറിയേറ്റിന്റെ മുന്നിൽ പട്ടിണി കിടന്നു.ഈ പ്രാവശ്യം സർക്കാർ ഞങ്ങളെ ജോലിയിൽ സ്ഥിരാക്കും.അതോടെ എന്റെ മക്കളെ ഞാൻ വീട്ടിൽ കൊണ്ട് വരും..മകള് നന്നായി പഠിക്കണം.ക്രിസ്തുമസ് അവധിക്ക് 'അമ്മ എന്തായാലും വരും. 
ഉമ്മ ഉമ്മ ചക്കര ഉമ്മ.. ഒരായിരം ഉമ്മകൾ

എന്ന്
സുമംഗല .റ്റി

      ഞാൻ പിന്നെ ക്രിസ്തുവിന്റെ ജനനത്തിന് കാത്തിരിക്കും..!!


കെ എസ് രതീഷ്


അണുവെന്നെ പൂട്ടിയിട്ടതും കഥയെന്നെ തുറന്നു വിട്ടതും..!!

ആ അണുവെന്നെ പൂട്ടിയിട്ടതും ഈ കഥവന്നെന്നെ തുറന്നു വിട്ടതും..!

    നിങ്ങളെപ്പോലെ എന്നെയും കോവിഡ്‌ മഹാമാരി പിടികൂടിയിരുന്നു.എന്തുകൊണ്ടോ ഇതുവരെ  ഞാൻ പോസിറ്റീവ് ആയില്ല.അതോ അത് വന്നു പോയോ.തങ്കമ്മ നാടാത്തി പറയുന്നത് പോലെ "നമ്മക്കെക്കെ ഏത്തര പ്രാവശ്യം അത് വന്നു കാണും".എന്തായാലും രണ്ട് കുത്തി വയ്പ്പിനിടയിൽ ഞാൻ ഒരു തിരഞ്ഞെടുപ്പ് ജോലി,വാർഷിക പരീക്ഷ ജോലി,രണ്ട് മൂല്യനിർണയ ക്യാമ്പ് ഒക്കെ കടന്നുപോയി..വീട്ടിലിനി കുത്തിവയ്പ്പെടുക്കാൻ ഒരു നാലു വയസുകാരനും നാലാം ക്ലാസുകാരനും മാത്രം.ഈ അടച്ചിട്ട കാലത്തെ ഓർമ്മയിൽ ഒരുപാടനുഭാവങ്ങൾ എനിക്കുമുണ്ട്.അതിൽ വീർപ്പുമുട്ടുന്ന ഒരപ്പനും അദ്ധ്യാപകനും കഥാകൃത്തും ഫുട്‌ബോൾ പ്രേമിയും യാത്രക്കാരനും ഒക്കെയുണ്ട്.അവരോട് ചിലത് ചോദിക്കാനും പറയാനുമാണ് ഈ കുറിപ്പിനിടയിൽ ഞാനാഗ്രഹിക്കുന്നത്.

   ജോയലിന്റെയും ജോനാഥന്റെയും അപ്പന് ടെൻഷനുണ്ടെങ്കിലും ബിബിഹയുടെ കാമുകൻ ഹാപ്പിയാണ്.. 
      സംശയം വേണ്ട ജോയലും ജോനാഥനും എന്റെ മക്കളും ബിബിഹ നിയമപ്രകാരമുള്ള എന്റെ കാമുകിയുമാണ്.
       ഈ വിട് പട്ടിണിയായിപ്പോകുമോ, മക്കൾക്ക് വിശക്കുമ്പോൾ എന്തുണ്ട്.അരി തീർന്നാൽ ഇനി എന്തുചെയ്യും,നാളെയെങ്കിലും പച്ചക്കറിക്കാർ വരുമോ. ടെറസിലെ ചീര പുഴു തിന്നുമോ, കോവലിന്റെ വളളി കുരങ്ങൻ ആക്രമിക്കുമോ. ഇതി നിടയിൽ മക്കൾക്ക് പനിയോ തുമ്മലോ വന്നാൽ.? അതുമല്ല വീട്ടിനുള്ളിലെ ഓട്ടപ്പാച്ചിലിൽ അവരുടെ തലയെങ്ങാനും മുട്ടി മുറിഞ്ഞാൽ..?അമ്മയ്ക്കോ അമ്മുമ്മയ്ക്കോ എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങൾ നേരിട്ടാൽ..? അപ്പനെന്ന നിലയിൽ ഞാനന്നെല്ലാം ചിന്തിച്ചു കൂട്ടിയത്.മുടി വളർന്ന്  മുഖത്തേക്ക് വീണ കൂടികളുടെ തലമുടി ഭാര്യ ചീകിവച്ച് വെട്ടിയതു പോലെ പരിഹരിക്കാൻ കഴിഞ്ഞു..ഒറ്റ ദിവസവും ഭക്ഷണം മുടങ്ങിയില്ല നമ്മക്ക് അറിയാഞ്ഞിട്ടാണ് ചക്ക നിറഞ്ഞ ഒരു പ്ലാവ് മതി ഐസ് ക്രീം വരെ  ഉണ്ടാക്കിയെട്ടുക്കാൻ. നാലഞ്ച് കോഴിമതി ചോറിന്റെ കറിക്കും ശരീരത്തിന്റെ കാര്യത്തിനും.

    അതിരിൽ നിന്ന മുണ്ടൻ പ്ലാവിനും ബിബിഹയുടെ പത്ത് കോഴികൾക്കും, നെയ്യറിലെ നൂറായിരം മീനുകൾക്കും എന്റെ ചൂണ്ടലിനും പാത്രം കഴുകി ഒഴിക്കുന്ന നനഞ്ഞ മണ്ണിലെ ഞാഞ്ഞൂളിനും സ്തുതിയായിരിക്കട്ടെ.
 
     ഒപ്പമിരിക്കാൻ നേരമില്ലാതിരുന്ന മാഷിനും കഥാകൃത്തിനും 'ഇപ്പൊ നേരമേ ഉള്ളു' എന്നോർത്ത് ചെറിയ ഒരു ചിരി ഭാര്യയുടെ മുഖത്തുണ്ട്.അതിലേറെ ചിരിക്കാനും സംസാരിക്കാനും ഒരുപാട് നേരം. വിവാഹ വീഡിയോ രണ്ട് പിള്ളാരെ സാക്ഷിയാക്കി ലാപ്പ് ടോപ്പിൽ ഒന്നുരണ്ട് തവണ കണ്ടെന്നു പറയുമ്പോൾ നിങ്ങൾക്ക് ഊഹിക്കാല്ലോ വീട്ടിനുള്ളിലേക്ക് വ്യാപിച്ച ചിരിയുടെ ആഴം.എന്തോ പ്രണയവും രതിയും ഞങ്ങൾക്ക് തിരിച്ചു പിടിക്കാൻ ഈ അടച്ചിരുപ്പ് സഹായിച്ചു..വീടിന്റെ മുകളിൽ അമ്പതോളം ഇനം പത്തുമണിയും ഏട്ടുമണിയും പൂക്കൾ അവൾ നട്ടു വളർത്തിയത് ഞാൻ ഫോട്ടോയും വീഡിയോയുമാക്കി സ്‌കൂൾ ഗ്രൂപ്പിലിട്ടു..ഗപ്പി കുളം ഉണ്ടാക്കി കുറേ പ്രാവുകൾ വന്നു കൂടി.വഴിയിൽ കിടന്ന് ഒരു പട്ടിയും അയൽക്കാരി പൂച്ച പെറ്റിട്ട രണ്ട് പൂച്ചകളും ചേർന്ന് എന്റേതും  കൂട്ടുകുടുംബമായി..സത്യത്തിൽ വീട് ഇത്രയും വലിയ ഇതിവൃത്തമുള്ളതാണെന്ന് കോവിഡ് ബോധ്യപ്പെടുത്തിയെന്നു വേണം പറയാൻ..

    അതിനെല്ലാം അപ്പുറത്ത് നെയ്യാറ്റിലേക്ക് നാട്ടിലെ കുട്ടിയന്മാര് നീട്ടി എറിഞ്ഞ മദ്യക്കുപ്പികൾ പല പല ബോട്ടിൽ ആർട്ടായി എന്റെ വായനമുറിയിൽ എത്തിച്ച് ബിബിഹ എന്നെ ഞെട്ടിച്ച വിവരവും എനിക്ക് സമ്മതിക്കാൻ മടിയില്ല.അതുവരെയുണ്ടായിരുന്ന 'ഞാനാണ് ഈ വീട്ടിലെ വലിയ സർഗാത്മകതയുടെ മുതലാളി' എന്ന തോന്നലും അതോടെ തീർന്നു കിട്ടി...

നമ്മുടെ മലയാളം മാഷ് ആസ്വാസ്ഥനാണ്..

    ഈ കോവിഡ് കാലത്ത് സർക്കാർ ജീവനക്കാർ വല്ലാതെ ആക്രമിക്കപ്പെട്ടു.അതൊന്നും എന്നെ ബാധിച്ചില്ല.ആദ്യമൊക്കെ പത്തും പതിനൊന്നും മണിവരെ കിടക്കാൻ തോന്നി..ഒരാഴ്ച കഴിഞ്ഞപ്പോൾ വായ്ക്ക് രുചിയായി നാലു ക്‌ളാസ് എടുത്തെങ്കിൽ എന്നായി.കുട്ടികൾ വിളിയോട് വിളി "എപ്പഴാ മാഷേ സ്കൂള് തുറക്കുക".."അടുത്ത ആഴ്ച" ഞാൻ പലവട്ടം പറഞ്ഞു..കലോത്സവം ഓണം, ടൂർ, പ്രണയം,അടി അങ്ങനെ സകലതും നഷ്ടപ്പെട്ടതിന്റെ നോവാണ്..
      ഉച്ച ഉറക്കത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത ഉറക്കെ ചൊല്ലുന്നത് കേട്ട് മൂത്തമോനും അവളും ഭീകര ചിരിയായിരുന്നു.. ഞാനെന്ത് ചെയ്യാൻ എനിക്ക് ആരോടെങ്കിലും ഇതൊക്കെയൊന്ന് ചൊല്ലിയും തർക്കിച്ചും ഇത്തിരി സമയം കിട്ടിയില്ലെങ്കിൽ സംഗതികൾ പ്രതിസന്ധിയിൽ ആകുന്ന അവസ്ഥയിൽ എത്തി..

     പിന്നാലെയാണ് സർക്കാർ ജീവനക്കാർ നികുതിപ്പണം സുഖിച്ചു ജീവിക്കുന്നു എന്നൊക്കെ കേട്ട് മാഷ് അസ്വാസ്ഥനായത്.പാലു വാങ്ങാൻ നീക്കുമ്പോൾ തോമസ് മാപ്ല അത് നാലാൾ കേൾക്കെ പറഞ്ഞു..."നിങ്ങക്ക് സുഖല്ലേ വീട്ടിലിരുന്ന് തിന്നാല്ലോ.." ശ്യാമള അക്കൻ അത് ഏറ്റ് പിടിച്ചു "നമ്മളെ പിള്ളരെ കാര്യങ്ങള് എന്തരാവുവോന്തോ..." ഒപ്പം നടന്നു വന്ന ആന്റണിയും ചോദിച്ചു..."അല്ല നിനക്ക്‌ ഇപ്പം പോണ്ടല്ലേ.."പിന്നെ പാലു വാങ്ങാൻ വളരെ വൈകിയാണ് പോയത്. മുഖത്ത് മാസ്കിരുന്നത് ഇല്ലെങ്കിൽ എന്റെ ദേഷ്യവും ചുണ്ടോളം വന്ന തെറിയും സകലരും കാണുമായിരുന്നു...

    പാലും വാങ്ങി വന്നപ്പോൾ അതാ നിൽക്കുന്നു പന്തയുടെ സ്വന്തം കൊടിയേറ്റം 'ഗോപി' ആശാൻ തിരുവനന്തപുരം സിറ്റിയിലെ ഒരു ചായ അടിക്കാൻ പോകുമായിരുന്നു.ഇപ്പോൾ ആളുടെ പണി പോയി.സമ്മോവർ മറിഞ്ഞ് കൈയും മുഖവും പൊള്ളി. "ഒരു ഇരുന്നൂറ് താ സാറെ പെൻഷൻ കിട്ടീട്ട് തരാം..സർക്കാർ ജീവനക്കാരെ ആക്രമിച്ച പന്തക്കാരെ മുഴുവൻ മറന്ന് ഞാൻ ഇരുനൂറ് നീട്ടി..
പന്തയിലെ ഭൂരിഭാഗം മനുഷ്യരും നഗരത്തിലേക്ക് പണിക്ക് പോകുന്നവരാണ്.നാട് മുഴുവൻ പൂട്ടിയിട്ട കാലത്ത് അവരെല്ലാം...???

    പിന്നാലെ വന്ന ഓൺലൈൻ  ക്ലാസ് അതിന്റെ ആക്കം കൂട്ടിയെന്നു വേണം പറയാൻ. ചിലർക്ക് മാത്രം വാ തുറന്ന് ആശ്വാസം കിട്ടുന്നു.അതിലേറെ കുട്ടികൾ ഓഫ് ലൈനിൽ ആയിരിക്കുന്നു.. ഞങ്ങളുടെ പന്തയിൽ ടീവിയും ഫോണും ഇല്ലാത്തവരെ തപ്പിയിറങ്ങിയപ്പോൾ ഇത്തിരി സമാധാനം കിട്ടി..കുറച്ച് പേരെ കൂടി ഒൻലൈൻ ആക്കിയപ്പോൾ ആശ്വാസം ഇരട്ടിയായി.എന്നാലും നമ്മുടെ ഉള്ളിൽ ക്ലാസിന്റെ മുന്നിൽ നിന്ന് ഗാർജിക്കാൻ ആഗ്രഹിക്കുന്ന ഒരു മൃഗം ഉണ്ടല്ലോ..?.ഗൂഗിൾ മീറ്റ് വന്നപ്പോൾ ഇത്തിരി ആ വഴിക്ക് ഒഴുക്കി വിട്ടു.. അപ്പോഴാണ്‌ "മാഷേ നിങ്ങള് ടീച്ചർമാർ എല്ലാരും ഒന്നിച്ചു ക്ലാസ് വച്ചാൽ ഡാറ്റ തികയില്ല,അപ്പനും അമ്മയ്ക്കും പണിയുമില്ല." "ഇവിടെ ഒട്ടും റേഞ്ച് കിട്ടില്ല മാഷേ ഒരു ടവറ് വന്നാലേ"... ഇല്ല എന്നിലെ മാഷിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്‌കൂളിനേ കഴിയൂ...

വയർ ഉരുണ്ട് ഫുഡ്ബോളായി..!
      ഒരു വിധം തുറന്ന് തുടങ്ങിയപ്പോൾ വീട്ടിൽ കിട്ടിയ കെട്ടിയോനെ അങ്ങ് തീറ്റിക്കുകയാണ് അവൾ, കിറ്റ് വിതരണവും ഭക്ഷണപ്പൊതിയുമായി വാളണ്ടിയർ പിള്ളേർ നാട് നീളെ ബൈക്കിൽ പാഞ്ഞു പോകുന്നുണ്ട്..അവരില്ലെങ്കിൽ എന്റെ പന്തയിൽ വിശപ്പും ഒരുപാട് മനുഷ്യരെ തിന്നു തീർക്കുമായിരുന്നു.ഏറ്റവും സന്തോഷം തോന്നിയത് ഈ ചോറും കൊണ്ട് ഓടുന്ന പിള്ളേർ നമ്മുടെ ഫുട്‌ബോൾ മൈതാനിയിൽ ആവേശം ഉണർത്തുന്നവർ തന്നെയാണ്.പി പി ഈ കിറ്റുമിട്ട് മരുന്നടിക്കാൻ പോയവരും നഗരത്തിൽ ആളുകളെ ദഹിപ്പിക്കാൻ പോയവരുമുണ്ട്. അതിന്റെ ഫോട്ടോകൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വരുന്നുമുണ്ട്.എന്തായാലും എനിക്കും അമ്പൂരിയിൽ കോവിദ് കേന്ദ്രത്തിൽ ജോലി കിട്ടിതോടെ ഞാനും ഹാപ്പിയായി.പക്ഷേ ആ പിള്ളേരെക്കാണുമ്പോൾ നല്ല അസൂയ തോന്നുന്നുണ്ട്..പുറത്തേക്ക് എത്തിനോക്കുന്ന വയറ്റിൽ ഒന്നു തടവിക്കൊണ്ട് മൈതാനം തുറന്നെങ്കിലെന്ന് ഫുട്‌ബോൾപ്രേമി ആഗ്രഹിക്കുന്നുണ്ട്...

കഥാകൃത്തിനെ കോവിഡ് ബാധിക്കില്ലല്ലോ..?

    ഇങ്ങനെ അടച്ചിരിക്കാൻ ഏറ്റവും ഇഷ്ടം കഥാകൃത്തിനും അവന്റെ അടിമയായ വായനക്കാരനുമാണ്.ഈ കാലം അവർ അങ്ങ് ആസ്വാദിച്ചു എന്നു വേണം പറയാൻ.വാങ്ങി വച്ചതും സമ്മാനം കിട്ടിയതുമായ പുസ്തകങ്ങൾ വായിച്ച് തീർക്കുന്നു. ചവറ്റു കുട്ടിയിലിട്ട കഥയുടെ ത്രെഡ്‌ പോലും തിരിച്ചെടുത്ത് എഴുതി നോക്കുന്നു.ചിലതൊക്കെ വല്ലാതെ തൃപ്തിപ്പെടുത്തുന്ന സാഹചര്യത്തിൽ ഇനിയും അടച്ചിട്ടെങ്കിലെന്ന് ആ സ്വാർത്ഥൻ ചിന്തിക്കുന്നത് കണ്ടിട്ട് എനിക്ക് തന്നെ ഒരു ഇരുമ്പ് കമ്പിക്ക് ആ തലയിൽ ഒന്നു പൊട്ടിക്കാൻ തോന്നി.അതേ കഥാകൃത്ത് തന്നെ "അയ്യോ ഈ മനുഷ്യർ ഇനി എന്ത് കഴിക്കും അവരെ കാണാതെ ഞാനിനി എന്തോചെയ്യും" എന്നൊക്കെ ചിന്തിച്ച് ഒറ്റ വരിപോലും എഴുതാനാകാതെ കുറേ നാള് ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് കുറ്റബോധമുണ്ടായി..

   വളരെ നാള് മുൻപേ വായനയെ ഡിജിറ്റൽ വേദിയിലേക്ക് മാറ്റി നട്ട കഥാകൃത്ത് ഈ കാലത്ത് ഏറെ പ്രയാസപ്പെട്ടില്ല എന്നുവേണം പറയാൻ.ട്രൂ കോപ്പിയും wtp ലൈവും magzster ആപ്പും ചേർന്ന് വായനയിൽ കുറഞ്ഞിരിക്കാൻ സമ്മതിച്ചില്ല.സൂമും ഗൂഗിൾ മീറ്റും പിന്നെ ക്ലബ്ബ് ഹൗസിലും കക്ഷി ചേർന്നിട്ടുണ്ട്. കഥാചർച്ചകളും തർക്കങ്ങളും ഇപ്പൊ വെർച്വൽ വേദിയിലായാണ്ട് ആള് ലൈം ലൈറ്റിൽ തന്നെയാണ്.കോവിഡിന്റെ രണ്ട് തരംഗങ്ങൾക്കിടയിൽ ഒരു കഥാസമാഹാരം വന്നു.അത് അയാളുടെ ഭാര്യ അടുക്കളയിൽ വച്ച് പ്രകാശനവും നടത്തി. വീടൊക്കെ എത്ര വലിയ വേദിയാണെ ന്ന് ടിയാനിപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും..

     ജീവിതത്തെ അങ്ങനെയൊന്നും അടച്ചിടാൻ ആർക്കും കഴിയില്ലെന്ന് തോന്നിയ കാലമാണിത്. മനുഷ്യന്റെ അടിസ്ഥാന വിഷയങ്ങളിലേക്ക് തന്നെയാണ് ഇപ്പഴും സകലരും നോക്കുന്നതെന്നും, ഏറ്റവും സർഗാത്മകമായി ജീവിതത്തെ നോക്കുന്നവർക്ക് തുറന്നുകടക്കാൻ നൂറായിരം വഴിയുണ്ടെന്നും ഞാനുമിപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങി അത്ര തന്നെ..


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636  

Saturday, 26 June 2021

'ഥ'ർക്കം

'ഥ'ർക്കം.!

      വെറുമൊരു കഥയ്ക്ക് ഇത്രയും ഭീമൻ തുകയൊക്കെ സമ്മാനമായി കിട്ടിയെന്നു പറഞ്ഞാൽ എനിക്കും നിങ്ങൾക്കും ചില പുതിയകാല കഥകളെപ്പോലെ അംഗീകരിക്കാൻ പ്രയാസമുണ്ടാകും. 
പക്ഷേ സംഗതി സത്യമാണ്.ആഡംബരത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല,ആകാശത്തായിരുന്നു പുരസ്‌കാരച്ചടങ്ങ്.സമ്മാനദാനം പ്രത്യേകമായൊരുക്കിയ വിമാനത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത് എന്നർഥം.നമ്മുടെ രാജ്യത്തെ ഒരു സ്വകാര്യ കമ്പനിക്കാണ് നടത്തിപ്പിന്റെ കരാറു കിട്ടിയതെന്നും കേൾക്കുന്നു.‌ 
       മൂന്നു രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാർ.ആ തുക കൈമാറാനെത്തിയ സ്വിസ് ബാങ്കിന്റെ രണ്ടു പ്രതിനിധികൾ.പുരസ്കാര നിർണയത്തിൽ ജൂറി അംഗങ്ങളായിരുന്ന മൂന്നുപേർ.നമ്മുടെ കഥാകൃത്ത്, ടിയാന്റെ അമ്മ,ഭാര്യ,കാമുകി.വിമാനത്തിന്റെ പൈലറ്റുൾപ്പെടെ ഇരുപതുപേരിൽ താഴെമാത്രമുള്ള ഒരു സംഘം.അവരെയും വഹിച്ച് ആ ആഡംബര വിമാനം ഭൂമിയെച്ചുറ്റിക്കൊണ്ട് പതിനൊന്നര മണിക്കൂറും ഇരുപത്തിമൂന്ന് മിനിറ്റും ഏഴ് സെക്കന്റും.
     ഇപ്പോഴും നിങ്ങളുടെ മുഖത്തുള്ള ഈ അമ്പരപ്പും സംശയങ്ങളും കാണുമ്പോളെനിക്ക് തുകയുടെ വിശ്വാസ്യതയെക്കുറിച്ച് വീണ്ടും സംസാരിക്കാൻ തോന്നുന്നുണ്ട്.സ്വിസ് ബാങ്കിന്റെ പ്രതിനിധികൾ ചുവപ്പ്, തുവെള്ള,ഇളംനീല എന്നിങ്ങനെ മൂന്ന് നിറങ്ങളിലുള്ള ലക്കോട്ടുകളിലാണ് തുകയുടെ ചെക്കുകൾ കൊണ്ടുവന്നത്.ആ ഭീമൻ തുക സ്വിസ്‌ ബാങ്കിനുപോലും ഒറ്റച്ചെക്കിൽ ഒതുക്കാൻ കഴിയാത്തതാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ആ മൂന്നു ലക്കോട്ടിന്റെ പുറത്തും വീതിയുള്ള സ്വർണ റിബൺ കെട്ടിയിരുന്നു.ഒപ്പമൊരു തളികയിൽ മാലപോലെ മഞ്ഞനൂലിട്ട് വജ്രപ്പതക്കവും. 
       നമ്മുടെ രാജ്യത്തെ പത്രങ്ങളിൽ ഭൂരിഭാഗവും ഈ വിഷയം തമസ്കരിക്കുകയായിരുന്നു. അതിന്റെ പിന്നിൽ ആരൊക്കെയോ പ്രവർത്തിച്ചിട്ടുണ്ടാകും.അല്ലെങ്കിൽ ഇത്രയും ഭീമമായ തുക ഒരു രാജ്യത്തേക്ക് സമ്മാനമായിട്ടെത്തുന്നത് നയപരമായ വിഷയവുമായിരിക്കാം.എന്നിട്ടും ഒരു  മലയാള പത്രത്തിൽ ആ തുകയെക്കുറിച്ചെഴുതിയത് ഇങ്ങനെയാണ്.
      "എട്ടു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭൂമി വിലയ്ക്ക് വാങ്ങാനുള്ള തുക.അല്ലെങ്കിൽ ഏറ്റവും ജനസംഖ്യയുള്ള മൂന്നു രാജ്യങ്ങളിലെ വാക്‌സിനേഷൻ സൗജന്യമാക്കാൻ പര്യാപ്തമായ സംഖ്യ." 
      എന്നാലും നിങ്ങളുടെ സംശയം തീരില്ലെന്നറിയാം.ലോക ബാങ്ക് പാപ്പരായി പ്രഖ്യാപിച്ച നാലു രാജ്യങ്ങളുടെ പ്രതിനിധികൾ വിമാനത്താവളത്തിൽ കഥാകൃത്തിനെയും കാത്ത് കഴിഞ്ഞ പതിനൊന്നര മണിക്കൂറും ഇരുപത്തിമൂന്ന് മിനിറ്റും ഏഴ് സെക്കന്റും ഒരേ നില്പയിരുന്നു.അതിലൊരു രാജ്യം ടിയാന് പൗരത്വവും പ്രസിഡണ്ട് പദവിയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.ഒരു കഥാകൃത്ത് രാജ്യത്തിന്റെ തലവനായാൽ നന്നാകുമോയെന്ന് എനിക്കും സാരമായ സംശയമുണ്ട്.പലപ്പോഴും അവനോന്റെ വീടുപോലും നിയന്ത്രിക്കാൻ കഴിയാത്തവരാണവർ.ആയതിനാൽ ഈ ചർച്ച തത്കാലം നമുക്കിവിടെ നിർത്താം.പ്രത്യേക സുരക്ഷാസംവിധാനങ്ങളോടെ ചടങ്ങുകൾ സംഘടിപ്പിച്ച വിമാനത്തിലെ വേദിയിൽ വച്ച് ഗുരുതരമായ അവകാശത്തർക്കമുണ്ടായിരിക്കുന്നു.
       നോക്കൂ, ഞാനിത്രയും സത്യസന്ധമായി പറഞ്ഞിട്ടും കഥയിൽ നിന്നും ഇറങ്ങിപ്പോകുന്ന വായനക്കാരെ നമുക്ക് മറക്കാം.പ്രിയ സ്‌നേഹിതാ, നീ വരൂ.ലോകോത്തര കഥകളിൽ നിന്നുപോലും എത്രായിരം വായനക്കാർ ആദ്യ വരിയിലോ രണ്ടാമത്തെ ഖണ്ഡികയിലോ നിന്നിറങ്ങിപ്പോകുന്നുണ്ട്. ഹതഭാഗ്യർ അല്ലാതെന്തു പറയാൻ.?.പലപ്പോഴും ഒരു കഥയുടെ അവസാന വാക്കുവരേയും എത്താനാകുന്നത് താങ്കളെപ്പോലെ നാലഞ്ച് ശതമാനത്തിന് മാത്രമാണല്ലോ.എന്നിട്ടും എഴുതുന്നവരെ പഴിക്കലാണ് വായനാലോകത്തിന്റെ പതിവ് രീതി.എന്നാലോ വായിക്കുന്നവന്റെ പ്രതിഭയിലേക്ക് ആരുമൊട്ടും വിരലു ചൂണ്ടാറുമില്ല.
        ഈ ഹോട്ടലിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ആ പ്രശ്നപരിഹാരത്തിനായി മേശ ഒരുക്കിയിരിക്കുന്നത്.ക്ഷമിക്കു, ആവേശത്തിൽ ആ തർക്കമെന്താണെന്ന് നിന്നോട് സൂചിപ്പിക്കാൻ മറന്നുപോയിരിക്കുന്നു.
    എത്രയും വേഗത്തിൽ കഥ അച്ചടിച്ചു വരണം.വായനയുടെ വെള്ളിവെളിച്ചത്തിൽ സദാകാലവും തിളങ്ങിവിളങ്ങി നിൽക്കണമെന്ന തീവ്രവാഞ്ഛയിൽ പല എഴുത്താളർക്കും ഇങ്ങനെ സംഭവിക്കുന്നതാണ്.കാര്യകാരണങ്ങൾ ഉള്ളിലുണ്ടാകും,പക്ഷേ കഥയിടത്തിൽ ആ രംഗങ്ങൾ സുന്ദരമായി ചേർത്തു പറയാൻ വിട്ടുപോകും.നിർഭാഗ്യവശാൽ അത് കഥയുടെ മർമ്മവുമായിരിക്കും.
      കഥാകൃത്തിന്റെ ജീവിതം,പുരസ്കൃത കഥ ഇവയുടെ അവകാശത്തെക്കുറിച്ച് അമ്മ,ഭാര്യ, കാമുകിമാർക്കിടയിൽ ഭീകരമായ തർക്കം നടക്കുകയാണ്.ചില രാജ്യങ്ങളും ലോക ബാങ്കിന്റെ പ്രതിനിധികളും രാഷ്ട്രീയ ശക്തികളും മൂന്നാൾക്കും പിന്നിലുണ്ടാവാമെന്നാണ് എന്റെ ബലമായ സംശയം.അമ്മയെ പിന്തുണയ്ക്കുന്നത് ഭാരതമാണെന്നതിന് ചില സൂചനകൾ എനിക്കും കിട്ടിയിട്ടുണ്ട്.
       'ജനനി ജന്മഭൂമിശ്ച സ്വർഗാതപി ഗരീയസി' എന്നാണല്ലോ സൂക്തമായത്.ഇതിനിവിടെ പ്രസക്തിയുണ്ടോ എന്നൊന്നും ചോദിക്കരുത്.ഒരു കഥയായാൽ 'സംസ്‌കരിച്ച' ഇത്തരം നെടുങ്കണ്ടൻ ഡയലോഗുകൾ കൊണ്ടിട്ടാൽ ആന്തരിക ഗൗരവം കിട്ടുമെന്നൊരു ചിന്ത എഴുത്താളർക്ക് പണ്ടുമുതൽക്കേ ഉണ്ടല്ലോ.ഞാനും അതേ ചെയ്യുന്നുള്ളൂ.
     അതും വിട്ടേക്കു, കാമുകിയും അമ്മയും തമ്മിൽ വിമാനത്തിനുള്ളിൽ കൈയേറ്റംവരെ സംഭവിച്ചു.ആ തുകയുടെ ബലത്തിൽ വാർത്തകൾ ഭൂമിലേക്ക് ചോർന്നിട്ടില്ലെന്നു മാത്രം. നമ്മളതറിഞ്ഞിട്ടും വലിയ കാര്യമില്ലല്ലോ.നാലാളും താമസിക്കുന്ന ഹോട്ടലിലേക്ക് ഇനിയാർക്കും പ്രവേശനമുണ്ടാകില്ല.തീരുമാനമുണ്ടാകും വരെ ഈ ഹോട്ടൽ പരിസരം പ്രത്യേക സൈന്യത്തിന്റെ നിരീക്ഷണത്തിലായിരിക്കും. 
      കഥാകൃത്തും അവകാശികളും മേശക്ക് ചുറ്റുമിരുന്ന് പ്രശ്നത്തിന് പരിഹാരമുണ്ടാക്കട്ടെന്നാണ് സംഘാടകർ സന്ധിയാക്കിയത്.അവരാണ് ഈ മേശ ക്രമീകരിച്ചിരിക്കുന്നത്.ഒടുവിൽ ആർക്കൊപ്പമാണ് കഥാകൃത്ത് ഇറങ്ങിവരിക.? വിമാനത്താവളത്തിൽ കാത്തുനിന്ന സകലരും ആ ഒറ്റ പ്രതീക്ഷയിൽ ഹോട്ടലിന്റെ ചുറ്റുമുള്ള പൂന്തോട്ടത്തിന്റെ തൊട്ടപ്പുറത്ത് നിലയുറപ്പിക്കുന്നത് ജാഗ്രതയോടെ തന്നെയാണ്.
       നോക്കൂ,അത്താഴത്തിനുള്ള ആ ഇരുപ്പ് കണ്ടോ, മൂന്നു പെണ്ണുങ്ങളും കഥാകൃത്തും.തളികയിൽ വച്ചിട്ടുള്ള മൂന്നു ലക്കോട്ടും വജ്രത്തിൽ തീർത്ത പതക്കവും നിനക്ക് കാണാനാകുന്നില്ലേ.?ഇനി എന്നെപ്പോലെ നിനക്കും സ്വാതന്ത്ര്യമുണ്ട്, അവരുടെ ഇരുപ്പിലും വാക്കിലും നിനക്ക് ഇഷ്ടമുള്ളത് വായിക്കാം.ചില കഥകൾ അങ്ങനെയാണ്, വായനക്കാരനെ ഉള്ളിലേക്ക് തള്ളിവിട്ടിട്ട് എഴുത്തുകാരൻ രക്ഷപ്പെടും.പിന്നെയത് കൃത്യമായി വായിക്കേണ്ടത് അവന്റെ ബാധ്യതയാകും. ഇനി ഞാൻ ഏറെയൊന്നും സംസാരിക്കുന്നില്ല, നിന്റെ പ്രാപ്തിക്ക് നീയും എന്റെ യുക്തിക്ക് ഞാനും അതൊക്കെയും കാണട്ടെ..
      കഥാകൃത്ത് കൈയുയർത്തിയപ്പോൾ വിഷാദമുഖമുള്ള ഒരു പരിചാരകൻ ഭക്ഷണവുമായി വന്നു. ഭവ്യതയോടെ മേശപ്പുറത്ത് അതെല്ലാം‌ നിരത്തിയശേഷം അയാൾ പോയി.ഭാര്യ മാത്രം കഴിക്കുന്നതിൽ പങ്കാളിയാകാതെ ഇരിക്കുന്നത് കണ്ട കഥാകൃത്ത് വീണ്ടും കൈയുയർത്താൻ തുടങ്ങി.കാമുകിയുടെ പരിഹാസച്ചിരി കണ്ട്, മുന്നിലിരിക്കുന്ന മാംസാഹാരം തന്റെ അരികിലേക്ക് ഭാര്യ നീക്കിവച്ചു കഴിക്കാൻ തുടങ്ങി.
      വിവാഹപൂർവ്വകാലത്ത്  പ്രണയത്തിന്റെ ഭാഷയിൽ പറഞ്ഞിട്ടും സസ്യാഹാരം വെടിയാത്ത ഭാര്യയുടെ ആ നീക്കത്തിൽ കഥാകൃത്തും അത്ഭുതപ്പെട്ടു.ആഡ്യമേശയുടെ ശീലത്തിനൊത്ത് കത്തിയും മുള്ളും കൃത്യമായി ഉപയോഗിക്കുന്ന കാമുകിയിലേക്കാണ് ഇപ്പോൾ ഭാര്യയും അമ്മയും നോക്കുന്നത്.കത്തിയും മുള്ളും കൈവിട്ടിരുന്നില്ലെങ്കിലും ഇടയ്ക്ക് ആഹാരത്തിലേക്ക് കഥാകൃത്തിന്റെ നഗ്നമായ കൈ നീണ്ടു പോകുന്നതിൽ അവർക്ക് അൽപ്പം ആശ്വാസം തോന്നി.
        ഭാര്യയുടെ മുഖത്ത് ഒന്നുരണ്ട് തവണ ഛർദ്ദി തികട്ടിവന്നു.വൈകാതെ അതുണ്ടാകുമെന്ന കഥാകൃത്തിന്റെ ഭയത്തിലേക്ക് കാമുകിയുടെ ചിരി വീണുകൊണ്ടിരുന്നു.ഒരിക്കലും അമ്മയോ ഭാര്യയോ ഇതുപോലെ ഒരന്തരീക്ഷത്തിൽ ഭക്ഷണത്തിനിരുന്നിട്ടില്ലല്ലോ എന്ന ചിന്തയായിരുന്നു കഥാകൃത്തിന്.ഇതേ റാപ്പ് സംഗീതത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസവും കടൽത്തീരത്തെ ആ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഏറ്റവുമുകളിലെ തണുത്തമുറിയിൽ തനിക്കൊപ്പം കഴിഞ്ഞതോർക്കാൻ കാമുകിയുടെ ചിരിയപ്പോൾ കഥാകൃത്തിനോട് ആവശ്യപ്പെടുന്നുണ്ട്.അവൾ ആ പാട്ടിനൊത്ത് തലയിളക്കുന്നു.
       എരിവിന്റെ പിന്നണിയായി മൂക്കിലൂറി വന്ന നനവ് മേശവിരിയിൽ തുടച്ചശേഷം,എല്ലിന്റെ കുഴലിലെ മജ്ജ വായിലേക്ക് ഊറിയെടുക്കുന്ന അമ്മ.ഭാര്യയും കാമുകിയും അശ്ളീല ദൃശ്യത്തിലെന്നപോലെ അതിലേക്ക് നോക്കി.ജനിതകവും ശീലവും ചേർന്നപ്പോൾ, അമ്മയെ അനുകരിക്കാതിരിക്കാൻ കഴിയാത്ത കഥാകൃത്തിന്റെയും എല്ലാങ്കുഴലൂറൽ.കാമുകി ഒരെല്ലിൻകുഴൽ വളരെ വേഗം പാത്രത്തിൽ നിന്ന് തപ്പിയെടുത്തു.മുകളിലേക്ക് തലയുയർത്തിയ മൂന്ന് കുഴൽവിളിക്കാർ.നിരാശയോടെ തലകുനിഞ്ഞ ഭാര്യ.പുതിയ കഥകളെല്ലാം വരയുടെ സാധ്യതയെ ഗൗരവമായി ചിന്തിക്കുന്നുണ്ട്.മൂവർ സംഘത്തിന്റെ കുഴലൂറലും ഭാര്യയുടെ ഒറ്റയാൻ ഇരിപ്പും ബോധപൂർവം സൃഷ്ടിച്ചതുപോലെ തോന്നുന്നില്ലേ..?
        എല്ലിൻ കുഴലിന്റെ നിരാശയിലിരിക്കുന്ന ഭാര്യയോട് ദൂരെ നിന്ന വിഷാദമുഖമുള്ള പരിചാരകന് പോലും സഹതാപം തോന്നി.നീതിയില്ലാത്ത വിളമ്പുകാരനെ ആ ദാമ്പത്യ മനുഷ്യൻ ശപിച്ചു. കഥാകൃത്ത് ഒരിക്കലും ഭാര്യയോടൊപ്പം പോകാനിടയില്ലെന്ന് ആ മനുഷ്യനപ്പോൾ ചിന്തിച്ചിട്ടുണ്ടാകാം.അടുത്ത നിമിഷത്തിൽ ഭാര്യയുടെ ഛർദ്ദിയും അമ്മയുടെ ഏമ്പക്കവും.പിന്നാലെ കഥാകൃത്തിന്റെ ഏമ്പക്കാനുകരണവും.വാത്സല്യമുള്ള ചിരി.അമ്മയോളം കഥയുടെ അവകാശം  ഇനി മറ്റാർക്കാണ്.? കാമുകിയിലപ്പോൾ  നിരാശ രുചിയുള്ള നെടുവീർപ്പ്.
        കാമുകി കഥാകൃത്തിനെ ഒന്നു നോക്കി.ഇടതുകൈ പതിയെ ഉയർന്നു.തിളങ്ങുന്ന കണ്ണുകളുള്ള പരിചാരകൻ ഉരുട്ടുവണ്ടിയിൽ മദ്യക്കുപ്പികളുമായി വന്നു.അമ്മയുടെ നോട്ടത്തിൽ അസ്വാഭാവികമായതെന്തോ സംഭവിച്ചതുപോലെ.കാമുകിയിൽ കൂസലില്ലായ്മ.ഭാര്യക്ക് നാണം കലർന്ന മറ്റൊരു ഭാവം.കുപ്പി തുറന്ന് പാകത്തിന് പകർന്ന് അരികിലേക്ക് വച്ചിട്ട് കാമുകി കഥാകൃത്തിലേക്ക് ചാരിയിരുന്നു.ഭാര്യ,അമ്മയെ നോക്കി.കിടപ്പുമുറിയിലെ കറുത്ത കട്ടിലിന്റെ രഹസ്യയറയിൽ ഒളിപ്പിച്ചിരുന്ന 'കുപ്പിരതി' ആ മനുഷ്യൻ കാമുകിയോടും പങ്കിട്ടതിൽ ഭാര്യ അസൂയപ്പെട്ടു.മദ്യപ്പെട്ടെങ്കിലും അമ്മയുടെ അവകാശത്തിൽ നിന്നും മേൽകൈ നേടിയതിൽ കാമുകിയും ഭാര്യയും രഹസ്യമായി സന്തോഷിച്ചു. 
      "ഇവന്റെ അപ്പനും ഇങ്ങനെയായിരുന്നു.രാത്രിയാണ് സകലതും ഒപ്പിക്കുന്നത്.പുറമെ ഒട്ടും പിടിതരാത്ത,വായിക്കാൻ തീർത്തും ദുഷ്കരമായ കഥയായിരുന്നു ഇവന്റെ തന്തയും ." കഥാകൃത്തിന്റെ മുഖത്ത് ചിരി.കാമുകിക്ക് അതൊട്ടും സഹിക്കാൻ കഴിഞ്ഞില്ല. കാമുകിക്കൊപ്പമാണ് ആകെ ലഹരിപ്പെട്ടിരുന്നതെന്നാണ് അയാൾ ഏറ്റവും കഥയിറക്കിയിരുന്നത്. പ്രണയത്തിന്റെ ആധാരവും അയാളുടെ വാക്കിന്റെ ലഹരിയായിരുന്നു.
           "നിന്നിൽ മാത്രമാണ് പ്രിയമുള്ളവളെ ഞാൻ ലഹരി പിടിക്കുന്നത്."'പറഞ്ഞാൽ നുണ എഴുതിയാൽ കഥ'ഇതാണല്ലോ കഥയുന്തികളുടെ പാരമ്പര്യം.കാമുകി കഥാകൃത്തിനെ വായിച്ചതിൽ തോറ്റുപോയി അത്രതന്നെ. 
       ഉള്ളിലൂറി വന്ന അമർഷം കാമുകി അപ്പോഴും പുറത്തു കാണിച്ചില്ല.കഥാകൃത്ത് അമ്മയുടെ ഗ്ലാസിലേക്ക് മിതമായി പകർന്നു.അതിനിടയിൽ ഭാര്യയുടെ ഒഴിഞ്ഞ ഗ്ലാസ് ശബ്ദമുണ്ടാക്കാതെ മേശയിലേക്ക് വന്നിരുന്നു. കാമുകിയുടേത് അല്പം ദേഷ്യത്തോടെ മേശയിൽ ഉരഞ്ഞ് ശബ്ദപ്പെട്ടു. കാമുകി കഥാകൃത്തിൽ നിന്നും അല്പം നീങ്ങിയിരുന്നു.അപ്പോഴും മേശയിലേക്ക് ഇഴഞ്ഞു വരുന്ന പാട്ടിനെ അവൾ വെറുത്തു.
      ഭാര്യയും കാമുകിയും കൈകഴുകാനായി എഴുന്നേറ്റു.അമ്മ ഇരുന്നിടത്ത് കൈകഴുകിയൊഴിച്ചു. കുലുക്കുഴുഞ്ഞ് അടുത്തിരുന്ന ചെടിച്ചട്ടിയിലേക്ക് തുപ്പി.കഥാകൃത്തും അമ്മയെ നോക്കി ചിരിച്ചു.  പിന്നാലെ അതും അനുകരിച്ചു.ഭാര്യയും കാമുകിയും അല്പം മാറിനിന്ന് പരിഹസിച്ചു ചിരിച്ചു.
ഭാര്യയും കാമുകിയും മടങ്ങിവന്നിരിക്കാൻ തുടങ്ങിയതും, അമ്മ തന്റെ വാദങ്ങൾ ആരംഭിച്ചു.
     "ഏയ്, നീയിതെങ്ങോട്ടാണ്.? ഇനിയല്ലേ കഥയ്ക്കൊരു തീരുമാനമുണ്ടാകാനുള്ളത്.ഒന്നു നില്ക്കു ചങ്ങാതി.." കഥാകൃത്തുകളിൽ ചുരുക്കം ചില നല്ല മനുഷ്യരുണ്ടല്ലോ. ? ആ മനുഷ്യന് എന്താണ് സംഭവിക്കുന്നതെങ്കിലും കണ്ടിട്ട് പോകു.." 
   ഇങ്ങനെയൊക്കെ പറഞ്ഞിട്ടും പോകുന്നവർ പോകട്ടെ, ഓരോ കഥയുടെ ഒടുവിലെ വാക്കിലേക്കും പലപ്പോഴും ചെന്നെത്താനാകുന്നത് ഏറ്റവും തീവ്രമായി ആഗ്രഹിക്കുന്നവർക്ക് മാത്രമാണല്ലോ. ആരും കേൾക്കാനില്ലെങ്കിലും ഞാൻ കഥ പറയും,കഥ എനിക്ക് വേറിട്ട അതിജീവന സാധ്യതയാണ്. 
     തെക്കുനിന്നുള്ള ചൂടൻ കാറ്റ് എനിക്ക് അസഹ്യമാകുന്നുണ്ട്.അവരുടെ സംഭാഷണങ്ങൾ ഇപ്പോൾ അവ്യക്തമായിട്ടെ കേൾക്കാൻ കഴിയുന്നുള്ളൂ.എല്ലാവരുടെ മുഖത്തും വലിഞ്ഞു മുറുകലിപ്പോൾ മാറിയിട്ടുണ്ട്.കഥാകൃത്തിന്റെയും കാമുകിയുടെയും ചുണ്ടുകൾ സിഗരറ്റിന്റെ പുകപെറ്റ അറ്റത്താണ്. ഭാര്യയുടെ വാദങ്ങൾ കഴിഞ്ഞു.മേശയുടെ ചുറ്റും പൂർണനിശബ്ദത.വിഷാദ മുഖമുള്ള പരിചാരകൻ ചാരിയിരുന്ന് ഉറക്കമാണോ, സ്വപ്നത്തിലോ..?
     കഥാകൃത്ത് എന്തോ പറയാൻ എഴുന്നേറ്റു.തെക്കൻകാറ്റിനെ വല്ലവിധവും പ്രതിരോധിച്ച‌ ഞാൻ അവരുടെ മേശയ്ക്കു സമീപമെത്തി ചെവികൂർപ്പിച്ചു.
     "ലക്കോട്ടുകൾ നിങ്ങൾക്ക് തുല്യമായി വീതിക്കാം.നിങ്ങളുടെ ഈ തർക്കം പ്രമേയമാക്കി ഞാനൊരു പുത്തൻ കഥയെഴുതാൻ തുടങ്ങുകയാണ്. 'ഥർക്കം' എന്നാണതിന്റെ പേര്.ഞാനിന്നു മുതൽ തികച്ചും സ്വതന്ത്രമായ ഒരു ത്രെഡ് മാത്രമാണ്‌..." സിഗരറ്റിന്റെ കനത്ത പുകയുടെ ആശ്വാസത്തിൽ കഥാകൃത്ത് ആഴമുള്ള ഒരു ചിന്തയിലേക്ക് വീണു.മൂവരുടെയും മുഖത്ത് നിരാശ.
       മൂന്നു പെണ്ണുങ്ങളും മുഖത്തോട് മുഖം നോക്കി.അമ്മ ലക്കോട്ടുകൾ വീതിച്ചുനൽകി. രണ്ടുപേരുടെയും തല കുനിഞ്ഞു.ഭാര്യയുടെ കോണിൽ നിന്നൊരു വിതുമ്പലിന്റെ ശബ്ദം.അമ്മ അവളെയൊന്ന് രൂക്ഷമായി നോക്കി.കാമുകി അവളുടെ തോളിൽ പതിയെ തൊട്ടു.
      "പിടിക്കെടി ഈ പേനയുന്തിയെ.."അമ്മയുടെ അലർച്ചയെ അനുകരിച്ച് മറ്റുരണ്ടു പെണ്ണുങ്ങളും  പാഞ്ഞടുക്കുന്നു.കഥാകൃത്ത് അവരിൽ നിന്നും കുതറിമാറാൻ വല്ലാതെ ശ്രമിക്കുന്നു.പതക്കം കഴുത്തിലണിയാൻ കെട്ടിയിരുന്ന മഞ്ഞ നൂലഴിച്ച കാമുകി, അതുപയോഗിച്ച് കഥാകൃത്തിന്റെ കൈകളെ പിന്നിൽ ബന്ധിക്കാൻ ശ്രമിക്കുന്നു.അമ്മ അത് തടയുന്നു.പിടിച്ചുവാങ്ങി ബ്ലൗസിന്റെ ഉള്ളിലേക്ക് തിരുകുന്നു.പരിചാരകർ പാഞ്ഞെത്തുന്നതിന് മുൻപ് അവർ കഥാകൃത്തിനെ ഒന്നിച്ച് താഴേക്കെറിയുന്നു.അല്ല, ഇതിലൊക്കെ എനിക്കെന്തു ചെയ്യാനാകും.?.
        മൂന്നു പെണ്ണുങ്ങളും ധൃതിയിൽ പടികളിറങ്ങിപ്പോകുന്നു.അമ്മ ആ തിളങ്ങുന്ന കണ്ണുള്ള പരിചാരകനുമായി അല്പനേരം എന്തൊക്കെയോ സംസാരിക്കുന്നു.പോക്കറ്റിലേക്ക് എന്തോ തിരുകുന്നു.തികച്ചും സംശയാസ്പദമായ സംഗതികൾ.കഥയുടെ അന്ത്യത്തിൽ വായനക്കാർക്ക് ചിന്തിച്ചുകൂട്ടാൻ എന്തൊക്കെയോ അവശേഷിപ്പിക്കലായോ.?അല്ലെങ്കിൽ ഒരു കുറ്റാന്വേഷണ തുടർക്കഥയിലേക്ക് ക്ഷണിക്കുന്നതായോ മാത്രമാണ് എനിക്കു തോന്നിയത്..
       വിഷാദമുഖമുള്ള പരിചാരകൻ, കഥാകൃത്തിന് സമ്മാനിക്കപ്പെട്ട പതക്കത്തെ എച്ചിലിനൊപ്പം പാത്രത്തിലേക്ക് തട്ടിയിട്ടത് ബോധപൂർവമല്ലെന്ന് നമുക്കങ്ങനെ വിശ്വസിക്കാനാകുമോ..?ഇനി ഇതു ഞാനിവിടെ സൂചിപ്പിച്ചില്ലെങ്കിലോ ?, ആ പതക്കം നീ എന്തു ചെയ്തു.?അനാവശ്യമായി  വജ്രപ്പതക്കമെല്ലാം കഥയിൽ കൊണ്ടിടേണ്ട കാര്യമുണ്ടായിരുന്നോ.? എന്നൊക്കെ തീർത്തും കഥയില്ലാത്ത നിരൂപകച്ചോദ്യങ്ങളുണ്ടാകും.
       ഇത്രയും ഉയർന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും എടുത്തെറിയപ്പെടുന്നത് ഇനിയൊരു മഹാ കഥാകൃത്തായാൽ പോലും മരണം തീർച്ചയാണ്.നിത്യതയിലേക്കുള്ള നമ്മുടെ കഥാകൃത്തിന്റെ പറക്കലിനിടയിൽ തന്റെ പിന്നാലെ വരുന്ന രണ്ട് ലക്കോട്ടുകളുടെ നിറമെന്താണെന്നോ,മൂവരിൽ ആരാണ് തുകയേറിയ ലക്കോട്ട് വലിച്ചെറിയാതെ കൈയിൽ പ്രായോഗികമായി കരുതിയതെന്നോ തിരിച്ചറിയാനിടയില്ല.ഇനിയുള്ള കഥ അവർ പൂരിപ്പിക്കട്ടെ.കഥാകൃത്തിനൊപ്പം ഞാനുമിതാ താഴേക്ക് താഴേക്ക് പറക്കുകയാണ്.ഒരു വലിയ കൂട്ടം മനുഷ്യർ സൈന്യത്തിന്റെ പ്രതിരോധം ഭേദിച്ച് പൂന്തോട്ടവും കടന്ന് അതാ കഥാകൃത്തിന്റെ അടുത്തേക്ക് പാഞ്ഞുവരുന്നു. 
       സമകാലിക കഥകളിൽ ദൃശ്യങ്ങൾക്ക് അമിത പ്രാധാന്യം കല്പിക്കുന്നതായും,എന്നെങ്കിലും തന്റെ കഥയും ഒരു സിനിമയായിത്തീരണമെന്ന് ഒട്ടുമിക്ക കഥാകൃത്തുക്കൾക്കും പിടിവാശിയുള്ളതായും നിരൂപക ലോകത്തിന് പൊതുവെ ഒരഭിപ്രായമുണ്ട്.അത് എന്തെങ്കിലുമാകട്ടെ,ആ തർക്കത്തിലും ഞാനില്ല.അതും നിങ്ങൾക്ക്, കഥയുള്ള വായനക്കാർക്ക് മാത്രമായി വിട്ടുതരുന്നു.                   
        ഹോട്ടലിന്റെ മുന്നിൽ സൂര്യകാന്തിപ്പൂക്കളുടെ ആകൃതിയിൽ കല്ലുകൾ പാകിയ പരുക്കൻ നിലത്തേക്ക് വീണുചിതറുന്ന കഥാകൃത്തിന്റെ ചോരത്തുള്ളികളുണ്ടാകും.ആ ക്ളോസപ്പ് ദൃശ്യത്തിലെ ഏതെങ്കിലും ഒരു ഫ്രയിമിൽ ഈ കഥയുടെ സകല സാധ്യതകളും ട്വിസ്റ്റും തിരിച്ചറിയുന്ന ഒരേയൊരു ഈച്ചയായി എന്നെയും നിങ്ങൾ കാണുക..! 


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Friday, 4 June 2021

സാമ്പശിവൻ..!!

സാമ്പശിവൻ..!!

    നിങ്ങളുടെ  കഥയ്ക്കോ കഥാപ്രസംഗത്തിനോ എളുപ്പത്തിലങ്ങനെ പറഞ്ഞൊഴിയാനാവാത്ത  ഇതിവൃത്തമുള്ളതാണ്  ജീവിതം.എന്റെ മാത്രമല്ല എനിക്ക് മാതാപിതാക്കളായ മീശ ശാന്തക്കും പേന് അനിലനും ഏതാണ്ടങ്ങനെയാണ്.ഈ പേരുകൾ കേട്ടപ്പോൾ സാമ്പശിവനെഴുതിയ പ്രസിദ്ധ നോവലായ 'ദഫേദാർ' നിങ്ങൾക്ക് ഓർമ്മ വന്നില്ലേ..?അതിലെ മീശയും പേനും ശിവനും ഞങ്ങളാണ്. നോവലൊരു സിനിമയായി, അതിന് സർക്കാരിന്റെ അവാർഡും കിട്ടി.എന്നിട്ടും നാലഞ്ചുകൊല്ലം കഴിഞ്ഞാണ് ഞങ്ങളതൊക്കെ അറിയുന്നത്.'സാമ്പശിവൻ' എന്ന പേരിനെക്കുറിച്ചാണെങ്കിൽ അതിലെ 'ശിവൻ' എന്റെ ഒറ്റമൂട് അമ്മാവനായിരുന്നു,നെയ്യാറ്റിൻകര മേൽക്കോടതിയിലെ ദഫേദാർ. മറ്റവൻ 'സാമ്പൻ', അക്കാലത്ത് കൂട്ടപ്പു പനച്ചിമൂട് അമ്പൂരി കള്ളിക്കാട് ദേശങ്ങളെയെല്ലാം വിറപ്പിച്ചിരുന്ന മഹാകേഡി.

      സാമ്പന്റെ കൈവശമുള്ള ഞങ്ങളുടെ അമ്മാവന്റെ ചോദിച്ചുവാങ്ങാൻ പുറപ്പെടുകയാണ് കുടുംബത്തിലെ ഏക ആൺ‌തരിയായ ഞാൻ.ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ഞാനേതോ വില്ലാളി വീരനാണ് വീരമണികണ്ഠനാണ് എന്ന ചിന്തയൊന്നും നിങ്ങൾക്ക് വേണ്ട.ദഫേദാർ വായിച്ച ഭൂരിഭാഗത്തിനും ഞങ്ങടെ ചരിത്രമറിയാം.അതിൽ എന്റെ കഥ അത്രയൊന്നും പറഞ്ഞിട്ടില്ല. കാരണം ശിവൻമാമൻ ഈ സാമ്പന്റെ കൂടെ 'ജീവിക്കാൻ' തുടങ്ങിയപ്പോൾ ഞാൻ മായം യു പി സ്‌കൂളിൽ നാലിലോ മുന്നിലോ ആയിരുന്നു.കോടതിയിലേക്ക് സാമ്പന്റെ സൈക്കിളിന്റെ മുന്നിലിരുന്ന് അന്ന് ദഫേദാർ പോകുമ്പോൾ എന്നെ നോക്കി ചിരിച്ചിട്ടുണ്ട്.ചിലപ്പോൾ പുളിമുട്ടായി വാങ്ങാൻ പൈസയും തന്നിട്ടുണ്ട്.

       സൈക്കിളിന്റെ മുന്നിൽ മീശയില്ലാത്ത,കറുത്ത് കുറുകിയ ദഫേദാറിന്റെ ഇരുപ്പും, വട്ടപ്പൊട്ടും. ചെവിചേർന്ന് കിന്നരിച്ച്  മീശകൊമ്പൻ സാമ്പന്റെ കുറുകലും ചിരിയും.അവരുടെ ആ സവാരിയിൽ എനിക്കുപോലും‌ അയ്യയ്യേന്ന് തോന്നിയിട്ടുണ്ട്.അങ്ങനെയല്ല,നാട്ടിലെ സകലർക്കും അതുകണ്ട് ചിരിവന്നിട്ടുണ്ട്.പക്ഷേ എല്ലാവനും അപകടപ്പെട്ട ആ ചിരിയങ്ങ് തുപ്പിക്കളയും.ഇല്ലെങ്കിൽ സാമ്പനത് രക്തവുംചേർത്ത് തുപ്പിക്കും..

        ഒരിക്കെ, ഞങ്ങളെ നെയ്യാർ സ്റ്റേഷനിൽ ഒറ്റാല് ജയനെന്നൊരു എസ് ഐ പുതിയതായിട്ട് വന്നു. ബസ് കാത്തുനിക്കണ ദഫേദാറിന്റെ വട്ടക്കുറിയും കുണുങ്ങി നടപ്പും കണ്ട് ഒറ്റാലിന് ഭയങ്കര കൃമികടി.ദഫേദാറിന്റെ മുണ്ടിന് കുത്തിപ്പിടിച്ച് 'നെനക്ക് എന്തരപ്പി ഏർപ്പാട്' എന്നൊരു ചോദ്യം. ഞെരിച്ച പിടുത്തം, ദഫേദാർ പെരുവിരലിൽ നിന്നുപോയി.നാട്ടുകാർ സകലരും ചിരിയോട് ചിരി. കരഞ്ഞു നിലവിളിച്ച് ദഫേദാറിന്റെ കുണുങ്ങിയ ഓട്ടം.പിന്നല്ലേ കാര്യത്തിന്റെ കിടപ്പ് മാറിയത്. പന്തയിലെ ചന്ത ദിവസം ജീപ്പിന്റെ മുന്നിലിരുന്ന് മുറുക്കിയ ഒറ്റാലിനെ സാമ്പൻ കാലുവാരി മയിൽക്കുറ്റിയില് ഒറ്റയടി. പന്തയിലെ ജനങ്ങള് ശ്വാസംമുട്ടി നിന്നുപോയി.എന്നിട്ടോ ഒറ്റക്കേസില്ല, ആരും സാക്ഷിയില്ല, നെയ്യാറില് കൊറേക്കാലം എസ് ഐയുമില്ല..

      കേഡിയൊക്കെ ആണേലും സാമ്പൻ ജാതിയില് ഞങ്ങളെക്കാൾ ഇത്തിരി മുകളിലാണ്, അന്ന് അങ്ങനെയും ചില പ്രശ്നങ്ങളുണ്ട്.സത്യത്തിൽ രണ്ടാണുങ്ങളിങ്ങനെ ഒന്നിച്ച് ജീവിക്കുന്നതിലല്ല,    മറ്റേ ജാതി വകയിലാണ് പേനിനും മീശയ്ക്കും ചൊരുക്ക്..

      എന്റെ പ്രശ്നം വേറെയാണ്, മീശയുടെ താലിമാലയും നല്ലൊരു തുകയും അടിച്ചോണ്ട് ബോംബെയിലേക്ക് തീവണ്ടി പിടിച്ച ഞാൻ സിനിമയിലും ജീവിതത്തിലും ഒരു കുന്തവുമായില്ല.  എനിക്ക് അമരീഷ് പുരിയുടെ കണ്ണും അമിതാഭ് ബച്ചന്റെ ഉയരവുമാണ്.നാട്ടിൽ നാലാള് കൂടുമ്പോൾ എന്നെയങ്ങ്‌ അത്ഭുതത്തോടെ നോക്കും, ചിലരൊക്കെ 'സിനിമയിൽ ചെന്ന് കേറിക്കൂടെന്നൊക്കെ' അങ്ങ്‌ പ്രോത്സാഹിപ്പിക്കും.അതുംകേട്ട് ബാന്ദ്രയിൽ തീവണ്ടിയിറങ്ങി ഒറ്റമണിക്കൂറിൽ, അങ്ങ്‌ വടക്കോട്ടൊക്കെ പൊക്കവും പൂച്ചകണ്ണും വലിയ കാര്യമല്ലെന്നും ശരിക്ക് ബോധ്യപ്പെട്ടു.ഈ നാട്ടിലെ കുള്ളന്മാരുടെ വാക്കും കേട്ടിറങ്ങിപുറപ്പെട്ട എന്നെ പറഞ്ഞാൽ മതിയല്ലോ..

         ഇപ്പോഴിതാ ഈ പുറപ്പാട്.അതിന് വേറെചില കാരണങ്ങളുണ്ട്.നാടുവിട്ടപ്പോഴും പട്ടിയെപ്പോലെ മടങ്ങി വന്നപ്പോഴും മീശയെന്നെ ഒന്നും പറഞ്ഞില്ല.പേനിന് എന്റെ വീട്ടിൽ വോയിസുമില്ലല്ലോ. എനിക്കാണെങ്കിൽ എങ്ങനെയെങ്കിലും ഇവിടെ ക്ലച്ചുപിടിച്ചാൽ മതിയെന്നായി.അപ്പോഴാണ്‌ മീശ, ഈ നോവലു തന്നിട്ട് വായിക്കാൻ പറയുന്നത്.ഈ ദേശക്കാർ വായിച്ചും,സിനിമകണ്ടും കളയാത്തവരായോണ്ട്  സംഭവങ്ങൾ ആരും അറിഞ്ഞില്ലെന്ന് വേണം പറയാൻ.ഉള്ളത് മുഴുവൻ ചാവും മുൻപ് എന്റെ പേരിലാക്കാൻ കാട്ടാക്കടയിലൊരു വക്കീലിനെ കാണാൻ ചെന്ന മീശയ്ക്ക് കിട്ടിയ സമ്മാനമാണ് ഈ നോവല്.പക്ഷേ വായിച്ച് തീർന്നതും എനിക്കും സാമ്പന്റെ കഴുത്തിന് കുത്തിപ്പിടിക്കാൻ തോന്നി. അല്ലെങ്കിലും നോവലെന്ന പേരിൽ ഞങ്ങളുടെ കുടുംബചരിത്രം വിളമ്പി, സിനിമയാക്കി ഈ നാട് മുഴുവൻ കാണിക്കുക എന്നൊക്കെപ്പറഞ്ഞാൽ..

         ശാന്തയ്ക്ക് അന്നേ നല്ല മീശയുണ്ട്.നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞുമായി 'മീശേന്ന്' വിളിക്കുന്നതും കേട്ടിട്ടുണ്ട്.പക്ഷേ അനിലനെ നാട്ടുകാർ 'പേനെന്ന്' വിളിക്കാൻ തുടങ്ങിയ കാലം മുതലാണ് ആ മീശയും താടിയും ഇങ്ങനെ നാലാള് കാണേ നീണ്ടുനീണ്ട് വളരാൻ തുടങ്ങിയത്. അല്ലെങ്കിലൊരു ഒരു ചെറിയ കുറ്റി പൊങ്ങിവരുമ്പോൾ ബ്ലേഡ്‌ വളച്ച് പിടിച്ച്  വടിച്ചുകളയുന്നത് ഞാനെത്ര കണ്ടിരിക്കുന്നു.അതിന്റെ കഥയൊക്കെ 'ദഫേദാറിൽ' തുറന്നുപിടിച്ച്‌  എഴുതിയിട്ടുണ്ട്, അതാണ് ഞങ്ങളെ സംബന്ധിച്ച് അഭിമാനപ്രശ്നം.. 

     ഇനി ഈ പോക്കിന്റെ പിന്നിൽ ഇത്തിരി സാമ്പത്തികവശം കൂടെയുണ്ട്.തറവാട് വീതം വച്ചത് രണ്ടായിട്ടാണ്, അതിന്റെ നല്ല പങ്ക് അന്നേ ശാന്തയ്ക്ക് കിട്ടി.പെണ്ണും പെടകോഴിയുമില്ലാത്ത ശിവൻ മാമന് കിട്ടിയതും ശാന്ത ചുളുവിലക്ക് വാങ്ങി.കിട്ടിയ കാശും ജോലി ചെയ്തുണ്ടാക്കിയതും ചേർത്ത് മാമൻ  കൂട്ടപ്പൂ ഭാഗത്ത് കുറച്ച് ഭൂമിയും അതിന്റെ ഒത്തനടുക്ക് ഒരു വീടും വാങ്ങിയിട്ടു. 'ദഫേദാറിൽ' പറയുന്നത് സത്യമാണെങ്കിൽ ഇതിന്റെ ഏക അവകാശി ഞാനാണ്. അതുമാത്രമല്ല നോവലിന്റെ അവസാനത്തെ അദ്ധ്യായം നോക്ക്.. 'അവൻ വരും' എന്നല്ലേ പേരിട്ടിരിക്കുന്നത്. ?അല്ലാതെ എന്തേലും എഴുതിയത് കണ്ടോ..?അവനെന്നു പറഞ്ഞാൽ ഈ ഞാനല്ലാതെ വേറെ ആരെന്നാണ്.?

      അമിതാഭ് ബച്ചന്റെ പൊക്കമല്ലാതെ ഈ തടിയിൽ വേറെ ഒരു കുന്തവുമില്ലെന്ന് മീശ സമ്മതിക്കണ്ടെ. "നെന്റെ മാമന്റെ ഓഹരി നോരാകാലത്ത് ചെന്ന് ചോയിരെടാ പയ്ലേന്നും" പറഞ്ഞിട്ട് ആ തള്ള ഉമ്മറത്തെ കസേരയിൽ മീശയും തടവിത്തടവി ഒറ്റയിരുപ്പാണ്...

 പണ്ടിതുപോലെ പേനിനേം പിരികേറ്റി വിട്ടിട്ട് എന്തായി.?.
         "ഒറ്റമൂടളിയനെ ആണാപ്പെറന്ന ഒരുത്തൻ പിടിച്ചടക്കിവച്ചത് ചോദിക്കാൻ പാങ്ങില്ലെങ്കിൽ ഈ നെയ്യാറ്റില് ചാടി ചാവിനെടാ.."
         മീശേടെ വാക്കും കേട്ട പേന്, ഞങ്ങളെ വെള്ള മഹീന്ദ്ര ജീപ്പില് പന്തയിലെ നാലഞ്ച് എരപ്പാളി പൈലുകളേം കയറ്റി സാമ്പന്റെ മുന്നിൽ ചെന്ന് പോരുവിളിച്ചു.അന്ന് സാമ്പന്റെ ഇടികൊണ്ട ഒരുത്തൻ ഇപ്പഴും ചൊമച്ച്കൊരച്ച് നടക്കുന്നുണ്ട്.അതില് തൊത്തി മണിയൻ കൊറേവർഷം ഒറ്റക്കിടപ്പുകിടന്ന് ഈ അടുത്തിടെയാണ് ചത്തത്.അവന്റെ പെണ്ണ് എല്ലാ ഞായറും വീട്ടിന്റെ മുന്നിൽ വന്ന് മീശയെ നല്ല പള്ളുവിളിക്കും.ഇന്നലെയും അവള് വിളിച്ചു.പക്ഷെ വിളിക്കൊന്നും പഴയ ഉഷാറില്ലാ. ഒരു റൗണ്ട് കഴിഞ്ഞപ്പത്തന്നെ അവര് ചുമച്ച് പോയി..മീശ സ്ഥിരമായി മതിലിന്റെ പുറകിൽ വയ്ക്കണ നൂറോ അമ്പതോ രൂപയും ഇത്തിരി പലചരക്കുമെടുത്ത് കണ്ണും തുടച്ച് അവരങ്ങ്‌ പോകും..

      തൊത്തി മണിയനും കൂട്ടുസെറ്റിനും ഇതാണ് കിട്ടിയതെങ്കിൽ അവരെയും കൊണ്ടുചെന്ന പേനിന്റെ കാര്യം പറയണോ..? ചെമ്പ് പിടിയുള്ള കത്തിയും നീട്ടിപ്പിടിച്ച് നിന്ന നില്പിന് ചെവിപൊത്തി കിട്ടിയ അടി.കക്ഷി വീട് വരെ എഴഞ്ഞാണ് വന്നത്.എണീറ്റ് നിൽക്കാന്നായപ്പോൾ നാണക്കേടിന് നാട് വിട്ടു.എന്നിട്ട് നാലഞ്ച് മാസം കഴിഞ്ഞ് ഇതേപോലെ കയറി വന്നു.അന്നൊക്കെ അച്ഛന്റെ നടപ്പ് കണ്ടിട്ട് 'പേനെന്നു' വിളിക്കാൻ എനിക്കും തോന്നിയിട്ടുണ്ട്.പക്ഷേ അന്നത്തെ അതേ കത്തിയും തേച്ചുമിനുക്കി എന്റെ മുന്നിൽ വച്ചിട്ട് മാറിയിരിക്കുന്ന ഇയാളെ എനിക്ക് ശരിക്കു മനസിലാകുന്നില്ല. 

      എന്തായാലും ആ വീട്ടുവളപ്പിലെങ്കിലും ചെന്നെത്തിനോക്കാതെ എനിക്കിവിടെ കയറിവരാൻ കഴിയുമെന്ന് തോന്നുന്നില്ല.ഇനി നോവലിൽ പറയുന്ന രീതിക്ക് അതെല്ലാം എനിക്കെഴുതിത്തരാൻ കാത്തിരിക്കുന്നതാണെങ്കിലോ..?മാമന്റെ മരണത്തിനുപോലും ഈ വീട്ടീന്ന് ആരും ചെന്നിട്ടില്ല. നാട്ടീന്നും ആരും കൂടിയില്ലെന്നും,ഗേറ്റും പൂട്ടിയിട്ട് സാമ്പൻ ചിതയുണ്ടാക്കിയെന്നും വലിയ വായിൽ കരഞ്ഞെന്നുമൊക്കെയാണ് നോവലിലുള്ളത്.ഞാനാണെങ്കിൽ അക്കാലത്ത് ബാന്ദ്രയിലെ ഒരു ടയറ് കമ്പനിയിൽ അടിമപ്പണിയിലും.

       കാലം കൂട്ടിനോക്കിയാൽ സാമ്പനിപ്പം ഒരെഴുപതിനടുത്ത് മൂപ്പ് കാണും.എനിക്ക് അതിന്റെ പാതിയും അഞ്ചുംകൂടെ ചേർക്കാം.എന്നുംപറഞ്ഞ് നേരെ കേറിയങ്ങ് ചെല്ലാൻ പറ്റോ.? മൂപ്പിലാൻ മർമ്മാണിയാണ്.തൊത്തി മണിയന്റെ ഇളിക്കൂട് നോക്കിയാണ് ആ കുത്ത്.അന്നത്തെ മുടികളായ സകല വൈദ്യന്മാരും കൈയൊഴിഞ്ഞതല്ലേ.? തൊത്തിയെ വിട് നമ്മളെ പേനിന്റെ കാര്യം നിരൂവിച്ച് നോക്ക്. ഇപ്പഴും ആ ചെവിയിൽ ഒരു മൂളക്കം മാത്രം.ആ തടികൊണ്ട് ഒന്നിനും ഒക്കൂലാന്ന് മീശ പഴിക്കണതിന് കാരണം ഞാൻ തന്നെ വിസ്തരിച്ച് തരണോ..?.ഇനി കേട്ടേ തീരുന്നെങ്കിൽ പുസ്തകത്തില് കാര്യങ്ങള് എഴുതിയത് മാത്രമല്ല ആർട്ടിസ്റ്റ് മദനൻ സാറ് നല്ല നെറത്തില് വരച്ചും വച്ചിട്ടുണ്ട്.മീശ ഒരു രാത്രിയിൽ പേനിനെ കട്ടിലീന്ന് ചവിട്ടിയിട്ടതും പേന് ഇറയത്ത് കിടപ്പ്‌ തുടങ്ങിയതും അവരങ്ങനെ അറിഞ്ഞായിരിക്കും..?എന്തായാലും ഈ പോക്കും കഴിഞ്ഞ് എനിക്കുയിരുണ്ടെങ്കിൽ ഒരു കേസ്, പുസ്തകം അടിച്ചവന്റെയും സിനിമ പിടിച്ചവന്റെയും തലയില്    കേറ്റിക്കൊടുക്കും ഉറപ്പ്.ഒന്നുമില്ലേലും സ്വന്തം തള്ളയെപ്പറ്റിയല്ലേ ഇതൊക്കെ.

      ഇപ്പഴത്തെ കാലത്താണെങ്കിൽ രണ്ടാണുങ്ങൾ ഒരുമിച്ച് ജീവിക്കണത് വലിയ സംഭവോന്നുമല്ല. നമ്മള് കേൾക്കണതല്ലേ ആണുങ്ങള് തമ്മില് കെട്ടിയെന്നും പെറ്റെന്നും.പക്ഷെ അന്നൊന്നും അങ്ങനെ അല്ലല്ലോ.ഓരോന്നിനും ഓരോ നാട്ടുനടപ്പില്ലേ..?അതും നാടിനെ വിറപ്പിച്ച ഒരു കേഡിയും, കോടതിയിൽ കുന്തം വിഴുങ്ങി നിൽക്കണ ദഫേദാറും.നോവലിൽ പറയണ രീതിക്കാണെങ്കിൽ സംഗതി നടന്നത് വേറെ വഴിക്കാണ്..

       സാമ്പൻ അന്ന് കാട്ടാക്കട തങ്ക‌ച്ചൻ മുതലാളിയുടെ വലംകൈ.കേഡിയാണെന്നൊക്കെ ഒരൊഴുക്കിന് ഞാൻ തട്ടിവിട്ടതാണെങ്കിലും നാട്ടുകാരുടെ പള്ള് പാട്ടിപ്പോലും സാമ്പനൊരു പെണ്ണിന്റെ ചന്തിക്ക് തൊട്ടതായിട്ടോ, വീട് കേറിച്ചാടിയതായിട്ടോ, കൊച്ചുങ്ങളുണ്ടാക്കിയതോ കേട്ടിട്ടില്ല.നാട്ടിലുള്ള സകലതിനും അങ്ങേരോട് അറ്റആരാധന.എന്നിട്ടാ, അവളുകളെ ഒന്നു തിരിഞ്ഞ് നോക്കിയെങ്കിലെന്തര്.."അന്നൊക്കെ ഉത്തരംകോട്ട് ഉത്സവത്തിന് പെണ്ണുങ്ങള് ആനേ കാണാനല്ല വരണത്" നോവലില് ഇങ്ങനെ എഴുതിയത് ദഫേദാറ് ആയിരിക്കും.പക്ഷേ ഒള്ളതാണ് കേട്ടാ, ഉത്സവപ്പറമ്പിൽ 'ആനച്ചന്തത്തിന്' അങ്ങേര് നെളിഞ്ഞ് നിക്കണത് ഞാനും കൊച്ചിലേ കണ്ടിട്ടൊണ്ട്.. 
            
        അത്പോട്ട്, അന്ന് ഷാപ്പായ ഷാപ്പും കൂപ്പായകൂപ്പും ഈ തങ്ക‌ച്ചന് സ്വന്തം.സർക്കാരിന്റെ ലേലത്തിന് ഒറ്റ ഒരെണ്ണം വരൂല.അഥവാ വന്നാൽ തങ്കച്ചനെ കേറ്റി ഒരുത്തനും വിളിക്കൂല. അരുവിക്കര ദാസനെന്നൊരു കണ്ട്രാക്ക് ഒരിക്കെ വിളിച്ചു.പന്ത ഷാപ്പും പിടിച്ചു.തങ്കച്ചൻ ദാസനെ ഒന്ന് നോക്കി,അതേ കണ്ണോണ്ട് സാമ്പനെയും നോക്കി.അതീപ്പിന്നെ ദാസന്റെ പൊടിപോലും കണ്ടിട്ടില്ല.നെയ്യാറ്റിലെ ഏതോ കോണില് ദാസന്റെ എല്ലും മുള്ളും കാണും, ആർക്കറിയാം.അതാണ് സാമ്പനും തങ്കച്ചൻ മൊതലാളിയും തമ്മിലൊള്ള ഇരിപ്പുവശം. 

     മൈലക്കരയിലെ ഒരു കൂപ്പിന്റെ ലേലവും കഴിഞ്ഞു വന്നവഴിക്കാണ് കള്ളിക്കാട് ചന്തയിൽ കീരയും വിറ്റോണ്ടിരുന്ന സുമതിയെ തങ്കച്ചൻ കാണണത്.പരിസരത്ത് ഒറ്റ മനുഷ്യനോ മാൻജാതിയോ ഇല്ല.സാമ്പന്റോടെ 'ജീപ്പ് ചവിട്ടെടാന്ന്' തങ്കച്ചൻ കൈ കാണിച്ചു.സുമതി എണീറ്റ് നിന്ന് 'രണ്ട് കെട്ട് ചീര തരട്ടാ അണ്ണാന്ന്'ചോദിച്ചു.തങ്കച്ചന്റെ നോട്ടത്തിന് അവള് ഓരോ ചീരക്കെട്ടിന് മുല രണ്ടും മറച്ചുപിടിച്ചു.തങ്കച്ചൻ ചാടിയിറങ്ങി സുമതിയെ പൂണ്ടടക്കം ഒറ്റപ്പിടുത്തം.അവളെ കോരിയെടുത്ത് ജീപ്പിലിട്ടിട്ട് "വണ്ടിയെട്  മൈത്താണ്ടിന്ന് ഒറ്റ അലർച്ച..".സാമ്പന് അനക്കമില്ല. ജീപ്പിന്നെറങ്ങി ഒറ്റനില്പ്.തങ്കച്ചൻ വന്ന് ചെവിട്ടില് കുത്തിയിട്ടും സാമ്പൻ മിണ്ടാതെ നിന്നു.ഓടാൻ നോക്കിയ സുമതിയെ തങ്കച്ചൻ പാറക്കല്ലിന് എറിഞ്ഞിട്ടു. സുമതിയുടെ മോളിൽ കേറിക്കിടന്ന തങ്കച്ചനെക്കണ്ട് സാമ്പന്റെ കോളങ്ങ്‌ മാറി. പിന്നെയല്ലേ രസം നേരം വെളുത്തപ്പം ആളുകൾ കാണണത് എന്തര്..? തുണിയും നൂലുമില്ലാതെ ഒലട്ടി മരത്തിൽ കെട്ടിയിട്ടിരിക്കുന്ന തങ്കച്ചൻ മുതലാളിയെ..

      കൂപ്പ് ലേലംകൊണ്ട പൈസയും മോട്ടിച്ച് കടന്നെന്ന കേസ്സിൽ നെയ്യാറ്റിൻകര കോടതിയിൽ സാമ്പന്റെ പേരില് കേസ് നടക്കണ കാലത്താണ് അവര് തമ്മിൽ കാണണത്.പ്രതിക്കൂട്ടിലെ  സാമ്പന്റെ നേർക്ക് ദഫേദാർ ചിരിച്ചെന്നും,സുമതി വന്ന് സാക്ഷി പറഞ്ഞിട്ടും, മയിസ്രെട്ട് അന്നത്തെ കോടതി പിരിയുന്നത് വരെ സാമ്പനെ വരാന്തയിൽ  നിർത്തിയെന്നും,അത് നോക്കാൻ ദഫേദാറിനെ ഏല്പിച്ചെന്നും,ആ നിൽപ്പിൽ അവര് തമ്മിലങ്ങ് പ്രേമിച്ചെന്നും.സത്യാമായിട്ടും എനിക്കതൊന്നും വിശദീകരിക്കാൻ പറ്റണില്ല. നിങ്ങള് തന്നെ ആ നോവല് വാങ്ങി വായിച്ചെടുക്കാൻ നോക്ക്.

    അതും കഴിഞ്ഞാണ് പേന് മീശയുടെ വാക്കും കേട്ട് ചെന്നുകേറിക്കൊടുത്തത്.സത്യത്തിൽ സാമ്പൻ ഒതുങ്ങി കഴിഞ്ഞതാണ്.ഇല്ലെങ്കിൽ കേസ് കഴിഞ്ഞിറങ്ങി വന്ന കാലത്ത് തങ്കച്ചനെ ബാക്കി വയ്ക്കോ..?.വർമ്മസ്ഥലത്ത് ഉഷ്ണപ്പുണ്ണു പിടിച്ച് നരകിച്ചല്ലേ അങ്ങേര് ചത്തത്.പെണ്ണുങ്ങളെ ശാപം.ചൊറിഞ്ഞുചൊറിഞ്ഞ് കരയണത് വഴിയേപോണവർക്ക് കേൾക്കാമായിരുന്നു.സഹികെട്ട മക്കള് അങ്ങേരേ ഉയിരോടെ കുഴിച്ചിട്ടെന്നും പറയുന്നുണ്ട്.അതെല്ലാം നല്ല ഭംഗിയായിട്ട് അതില് വരച്ചിട്ടിട്ടുണ്ട്.അടിയും കഴിഞ്ഞ് മിറ്റത്തൂടെ ഇഴഞ്ഞ് പോണ പേനിന്റെ അരയിൽ പിച്ചാത്തി തിരുകിക്കൊടുക്കണ സാമ്പന്റെ ചിത്രം കണ്ടിട്ട് എനിക്ക് പോലും ചിരി വന്ന്.

        ദൈവപ്പുര മുക്കില് ഒരു കാറു വിളിക്കാന്നുള്ള ചിന്തയില് ഞാൻ നിൽക്കുമ്പോൾ പന്ത വഴി പോകുന്ന കൂട്ടപ്പു ബസ് വന്നു.ഒരു തുണി സഞ്ചിയിൽ ആകെ നോവലിന്റെ ഒരു പതിപ്പും, പേൻ തന്ന കത്തിയും.സീറ്റിലിരുന്നത് മുതൽ ആകെയൊരു വിറയൽ.നാലഞ്ച് സീറ്റിന്റെ മുന്നിൽ ഇരിക്കുന്ന സുമതിയുടെ ചിരി.നരച്ച തലയിൽ ഒരു കെട്ട് മുല്ലപ്പൂവ്.പന്തയിലെ ചന്ത ഇപ്പോൾ ഫുട്‌ബോൾ മൈതാനം.അവിടെ നിറയെ പിള്ളേരുണ്ട്.എന്നാലും പണ്ടത്തെപ്പോലെ അടിക്കാനും പിടിക്കാനും ഒന്നിനേം കിട്ടൂല.അതിനുള്ള കരളുറപ്പ്  ഇപ്പഴത്തെ പിള്ളേർക്ക് കാണാനും വഴിയില്ല.വഴിവക്കിൽ നിന്നൊരു പഴയ ചുമ.എന്റെ വിറ പിന്നെയും കൂടി.അന്ന്‌, പേനിന് കൂട്ടുപോയവന്റെ ചുമയുടെ അരികിൽ കഷായത്തിന്റെ വലിയ കുപ്പി..

       കൂട്ടപ്പു എത്തുന്തോറും എന്റെ ചങ്കിടിപ്പ് കൂടി.ബസിറങ്ങുന്നതിന്റെ നേരെ എതിരിൽ തങ്കം ബാർ. തങ്കച്ചൻ മുതലാളിയുടെ മക്കളാണ് അതിന്റെ നടത്തിപ്പ്. സുമതി അങ്ങോട്ട് കയറിപ്പോകുന്നത് കണ്ട എനിക്ക് കൗതുകം തോന്നി. ഞാനും കൗണ്ടറിന്റെ മുന്നിൽ ചെന്നിരുന്നു.കിട്ടിയത് രണ്ട് ലാർജ്ജ്, ഉള്ളിലാക്കിയപ്പോൾ ഒരുഷാറ് തോന്നി.സുമതി ചൂലും കോരിയുമായി കുടിയന്മാർ കക്കിയതും തുപ്പിയതും കോരുന്നു.ഇരുണ്ട വെളിച്ചത്തിൽ ചുവരിലിരുന്ന് തങ്കച്ചൻ മുതലാളിയുടെ പകയൻ ചിരി.

     ദഫേദാറിൽ പറയുന്നതനുസരിച്ചാണെങ്കിൽ കൂട്ടപ്പു കവലയിൽ നിന്നും താഴേക്ക് കാണുന്ന വഴി തമിഴ് നാടിന്റെ ഭാഗമാണ്.അതിലൂടെ നൂറുമീറ്റർ പോയാൽ 'സാമ്പാശിവം'എന്ന പേരിൽ ആ വീടും പറമ്പും.ഞാൻ സഞ്ചിയിലെ ചെമ്പുപിടിയിൽ തൊട്ടു..

    ദൂരെ നിന്ന് ആ പറമ്പ് കാണാം.കരച്ചില് പോലെ ഹാർമോണിയത്തിന്റെ പാട്ട്. അയ്യോ ഞാനത് പറയാൻ വിട്ടുപോയി, ഈ സാമ്പനും ശിവനും ചേർന്ന് ഉൽസവങ്ങളിൽ കഥാപ്രസംഗത്തിനും പോക്കുണ്ട്, ഇവിടല്ല തമിഴ് നാട്ടിലേക്ക്.ഒന്നോർത്ത് നോക്കീൻ, നാടിനെ കിടുക്കിയവൻ ആളുകളെ ചിരിപ്പിക്കാനും കഥ പറയാനും കൂട്ട് നിക്കണ്.ഇതൊക്കെ ഏതെങ്കിലും കഥയിൽ പറയാൻ പറ്റോ..?
ശിവൻ മാമനായാലും ഞാനായാലും ഇത്തിരി കലയുടെ ഏനക്കേട് ഉള്ളതാണ്.അതിന്റെ ബാക്കി കരച്ചിലായിരിക്കും ഇപ്പോൾ കേൾക്കണത്..

      വലിയ ഗേറ്റ് തുറന്നു കിടക്കുന്നു.നിറയെ പൂക്കളും മരങ്ങളും.ഗേറ്റിലും ചുവപ്പ് പൂവ് പടർന്നു കിടക്കുന്നു.മണൽ വിരിച്ചിട്ട മുറ്റത്തിന്റെ വലത് കോണിൽ ദ്രവിച്ചു തീരാറായ ആ ജീപ്പ്.പേനും പന്തയിലെ പിള്ളേരും പണ്ട് അതിലാണ് വന്നത്.എനിക്ക് പേനിന്റെ ഇഴഞ്ഞുപോക്ക് ഓർമ്മ വന്നു. നോവലിലെ ആ അദ്ധ്യായത്തിന്റെ പേര് ഈ ജീപ്പിന്റെ നമ്പരാണ്. കെ.ആർ.യു 7564. അതും നോക്കി നിന്നപ്പോൾ, മണലിൽ ഇഴഞ്ഞു നീങ്ങുന്ന പേനും,ആകാശം നോക്കിക്കിടക്കുന്ന തൊത്തി മണിയനും,വലിയ ഒരു ചുമയും കഷായക്കുപ്പിയും പിന്നേയും ഉള്ളിൽ വന്നു.വെറുതെ വന്നെന്നെല്ല ആ ആർട്ടിസ്റ്റ് മദനൻ വരച്ചുവച്ചത് പതിഞ്ഞുപോയെന്ന് പറയണതാണ് സത്യം.

    മുറ്റത്തു നിന്നാൽ ചുമരിലെ മാലയിട്ട വലിയ ചിത്രം കാണാം.വരപ്പിച്ചതാണ്.താഴെയായി ദഫേദാർ ശിവൻ, ജനനം-മരണം തീയതികൾ എഴുതിയിരിക്കുന്നു.നിറഞ്ഞു കത്തുന്ന ഒരു വിളക്ക്..

      "വാ, കേറി വാ, വന്നിരി പിള്ളേ.." ചാരുകസേരയിൽ കിടക്കുന്ന സാമ്പന്റ ക്ഷണം. സഞ്ചിക്കുള്ളിലെ കത്തിയിൽ ഞാൻ തൊട്ടു.വിറയലോടെ മുന്നോട്ട് നീങ്ങി നിന്നു.ചെമ്പ് പിടിയിൽ അമർത്തിപ്പിടിച്ചു.നോവൽ ബാക്കിയുള്ള സഞ്ചി വലിച്ചെറിഞ്ഞ് സാമ്പന്റെ നേർക്ക് അലറാൻ ശ്രമിച്ചു.

       "മര്യായിക്ക് ഞങ്ങളെ ഓഹരിയെങ്കിലും തന്നാലേയൊക്കൂ.." ഭീഷണിയും അപേക്ഷയും കരച്ചിലും കലർന്ന വാക്കുകൾക്ക് നേരെ സാമ്പന്റെ മുഖത്ത് ചിരി..

       "ഇത് പേനിന്റെ പിച്ചാത്തിയല്ലേ, നെനക്കൊന്നും ഇത്തരീമായിട്ടും നേരം വെളുത്തില്ലേടേ..?" ഞാൻ സാമ്പന്റെ നേർക്ക് പതുക്കെ നീങ്ങി.കത്തിയുടെ മുനയിൽ നിന്നും എന്റെ വിറ ഇറ്റുവീഴുന്നു..

       "ഇരിയെടാ പയ്ലേ.."നിലത്തേക്ക് ചമ്രം പിണഞ്ഞ് വീഴാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.സാമ്പൻ വേഗത്തിൽ അകത്തേക്ക് പോയി.പേനിനെപ്പോലെ ഇഴഞ്ഞെങ്കിലും വീട്ടിലെത്താൻ കഴിയുമോ..?  ഇരുന്നിടത്ത് നിന്നനങ്ങാൻ കഴിയുന്നില്ല.പേൻ തന്നയച്ച കത്തിയെവിടെ.?.തണുത്ത് വിറച്ച കത്തി കിട്ടി.അതാ തൂണിന്റെ മറവിൽ 'ദഫേദാർ' തുറന്നു കിടക്കുന്നു, അരികിൽ ആ തുണി സഞ്ചി. പെട്ടെന്ന് എന്റെ മുഖത്തേക്ക് തെറിച്ചുവീണ ഒരു ആധാരക്കെട്ട്.തലകുനിച്ച് അകത്തേക്ക് നടക്കുന്ന സാമ്പൻ..

      വീടിനുള്ളിൽ നിന്നും ഹാർമോണിയത്തിന്റെ കരച്ചിലുയരുന്നു.ഞാൻ പതുക്കെ അകത്തേക്ക്‌ ചെന്നു.കിടപ്പുമുറിയുടെ നടുവിൽ വലിയ ഒരു കട്ടിലിലിരുന്ന് പാടുന്ന സാമ്പൻ.പൂക്കളുടെ മണം.
ചുവരിലെ ചിത്രങ്ങളിൽ ഏതോ വേദികളിൽ കഥാപ്രസംഗത്തിന്റെ അവതരണം.എല്ലാത്തിനും മുന്നിൽ വട്ടപ്പൊട്ടിട്ട ദഫേദാർ.ആ ഹാർമോണിയം.പിന്നണിയിൽ സാമ്പൻ..

     കട്ടിലിനോട് ചേർന്ന മേശയിലിരിക്കുന്ന വലിയ കളർ ചിത്രത്തിൽ, മണവാളന്റെ വേഷത്തിൽ ഇരിക്കുന്ന സാമ്പൻ.പിന്നിൽ ചേർന്നുനിൽക്കുന്ന ദഫേദാർ.രണ്ടാൾക്കും കഴുത്തിൽ വലിയ ചുവന്ന പൂമാല.അരികിലായി അടുക്കി വച്ചിരിക്കുന്ന ദഫേദാറിന്റെ കുറച്ചു കോപ്പികൾ.അതിന്റെ ചുറ്റും വിതറിയ പൂക്കൾ, നിറഞ്ഞുകത്തുന്ന വിളക്ക്..

      എന്നെക്കണ്ടിട്ട്  പാട്ട് പെട്ടെന്ന് നിലച്ചു.സാമ്പൻ കട്ടിലിൽ മുട്ടുകുത്തി എന്റെ നേർക്ക് നിന്നു.ആ കണ്ണുകൾ ചുവന്നുകലങ്ങി.മീശ വിറച്ചു.ഞാൻ കത്തിയിൽ മുറുക്കിപ്പിടിച്ചു.പുറത്തേക്കുള്ള വാതിലിലേക്കും നോക്കി.

        "എല്ലാം കൊണ്ട് തിന്നോളീൻ, ഈയൊരു കട്ടിലെങ്കിലും എനിക്ക് മിച്ചമിട്ടാതി.." കരച്ചിലിന്റെ ശ്രുതിയിട്ട സാമ്പന്റെ പറച്ചിൽ.

          കട്ടിലിൽ വീണുകിടക്കുന്ന സാമ്പന്റെ ഏങ്ങിയേങ്ങിയുള്ള കരച്ചിലും, ഹാർമോണിയത്തിലെ കെട്ടിപ്പിടിത്തവും,അതിന്റെ താളത്തിൽ കട്ടിലിന്റെ ഇളക്കവും.എനിക്കതെല്ലാം കണ്ടിട്ട് ചിരിക്കണോ കരയണോന്നറിയാതായി.എത്രയും വേഗത്തിൽ പുറത്തിറങ്ങി, ചിതറിക്കിടക്കുന്ന ആധാരങ്ങളുമെടുത്ത്  വീടുപിടിക്കണമെന്നേ തോന്നിയുള്ളൂ.
 
           ചെമ്പുപിടിയിട്ട ആ കത്തി വീണുപോയിരുന്നു.അല്പം നിമിഷങ്ങൾ അതിനെ തിരഞ്ഞുനോക്കി.
തൂണിന്റെ പിന്നിലെ തുണി സഞ്ചിയെടുക്കാൻ തോന്നിയില്ല.തുറന്നു കിടന്ന 'ദഫേദാർ' കാലിൽ തട്ടിത്തെറിച്ചു.ഓട്ടത്തിനിടയിൽ ഗേറ്റിൽ പടർന്നിരുന്ന ചുവന്ന പൂവിട്ട വള്ളി ഉടുപ്പിൽ അള്ളിപ്പിടിച്ചു. എന്നിട്ടും ആ ഹാർമോണിയത്തിന്റെ കരച്ചിൽ വഴിനീളെ കേൾക്കാമായിരുന്നു.!!



കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636