Wednesday 27 September 2017

ലെങ്കൂണ്ട

ലെങ്കൂണ്ട..!!

ഏതോ ഒരു
രാമൻ
പറഞ്ഞിട്ടാണ്
ഹനുമാൻ സേനയോടൊപ്പം
'ലങ്കേശനെ,ലങ്കേഷിനെ,
ലങ്കേശ്വരനെ...
ഹോ,
എത്ര പറഞ്ഞിട്ടും ശരിയാകുന്നില്ലല്ലോ..?

കൊല്ലാൻ,കൊന്നത്, കൊല്ലുന്നത്
ശ്ശോ,
പിന്നേം തെറ്റുന്നു..

ഇതൊന്നു
ശര്യാക്കുന്നവർക്ക്
'ലെങ്കൂണ്ട' സമ്മാനം....!!

കെ എസ് രതീഷ്
(ഗുൽമോഹർ009)

Wednesday 20 September 2017

വികൃദേവി

വികൃതേവി...!!

പണ്ട് പണ്ട്,  വെള്ളപ്പാണ്ടുകൾക്കും പണ്ട്  സാഹിത്യ ചക്രവാളം മുഴുവൻ നാട്ടുരാജ്യങ്ങളായിരുന്ന കാഴത്ത് അതിന്റെ തെക്കേയറ്റത്തുള്ള ഒരെഴുത്താളൻ മൂന്ന് തീരുമാനങ്ങളെടുത്തു...
പരൻപ്രാപിയെന്ന് തന്റെ കാമുകിയോടൊപ്പം സല്ലപിച്ചിരുന്ന കൈപ്പേശിയെന്ത്രത്തിൽ പുതിയൊരു പത്തക്ക നമ്പരെടുത്ത് അത് തന്റെ ആധാറുമായി ബന്ധിപ്പിച്ചു....
സമീപത്തെ വിജ്ഞാനപോഷിണികളായ പത്തോളം വായനശാലകളിൽ ബി, സി നിലവറകളിൽ പോലും കടന്നുചെല്ലാനും, കാക്കത്തൊള്ളായിരം പുസ്തകം എടുക്കാനും സൗകര്യമുള്ള ആജീവനാന്ത അംഗത്വമെടുത്തു...ഇനി മുതൽ വികൃദേവിയെന്ന പേരിൽ നാട്ടുരാജ്യങ്ങളായി കഴിയുന്ന ആനുകാലികമാസികാദിപ്പതിപ്പുകളിൽ കവിതകളും കഥകളും അയയ്ക്കാനും തീരുമാനിച്ചു....എഴുത്താളനാകട്ടെ പലതവണ എഡിറ്റെമ്പ്രാന്മാരുടെ അന്തപ്പുരങ്ങളിലേക്ക് മേഘദൂതായും എഴുത്തോലകളായും അയച്ചിട്ടും, എഡിറ്റെമ്പ്രാന്മാരും സഹതമ്പ്രാന്മാരും പടിപ്പുരയിൽ നിർത്തിയല്ലാതെ കടത്തിവിട്ടില്ല, അവന്റെ പേരിന്റെ നിറം വലിയൊരു കുറവായിരുന്നു......

ഒരു രാത്രി അത്താഴപഷ്ണിയോടെ പടിപ്പുരയിൽ നിൽക്കുമ്പോൾ ശ്രികലയെന്നൊരുത്തി ഒരു മുഴുത്ത കവിതയുമായി അന്തപ്പുരത്തിന്റെ രഹസ്യവാതിലിലൂടെ ഒരു വിളക്കും തൂക്കിപോണതും  ചുണ്ടുതുടച്ച്, ചിരിച്ച് മടങ്ങിവരണതും കണ്ടു..പിന്നെ ശ്രീകല പേരൊക്കെമാറ്റി ഊരൊക്കെ മാറ്റി, ഉലകമറിയുന്നവളായി...എഴുത്താളൻ താനെഴുതിയതൊക്കെ കൂട്ടിയിട്ട് വലിയൊരു വെളിച്ചമുണ്ടാക്കിയപ്പോഴാണ്...
മോഹിനിവേഷം കെട്ടാൻ വെളിപാടുണ്ടായത്...

ഉടൻ വികൃദേവിയെന്ന പേരും ചൈനീസ് നിർമ്മിത കൈപേശിയെന്ത്രവും, ഒരു ഇറാനിയൻ നടിയുടെ ചിത്രവും വികൃദേവി തന്റെ സ്റ്റാറ്റസാക്കി....

വിജ്ഞാനപോഷിണിയുടെ ബീ, സി നിലവറകൾ മലർക്കെത്തുറന്ന്, പുഴപെറ്റ പുകൾപ്പെറ്റ, തങ്ങളുടെ കവിതകൾ എവിടൊക്കെ പെറ്റന്നറിയാത്തവരുടെ കവിതകളെ പേരുദോഷം വരാതെ പേരുമാറ്റി, വരികളുടെ അരികിലൊക്കെ നിറമുള്ള ചില വള്ളികൾ നാട്ടി, ചിലതിൽ ചില ചില്ലകൾ ചേർത്ത് കത്തുകളാക്കി, നാനാദിക്കുകളിലെ എഡിറ്റെമ്പ്രന്മാർക്കയച്ചുകൊടുത്തു...

തമ്പ്രാനവയൊന്ന് നോക്കി പിന്നെ വികൃദേവിപ്പെണ്ണിലും വരികളിലും ഉയരുന്ന പയോധരങ്ങളിലും മാറിമാറി നോക്കി...
തമ്പ്രാനുറക്കെചിരിച്ചു...പിന്നേം.പിന്നേം.ചിരിച്ചു, കൊട്ടാരം ചിത്രകാരന്മാരെയും ശില്പികളേയും വിളിപ്പിച്ച് ഈ കാവ്യങ്ങൾക്ക് ശില്പങ്ങളും ചിത്രങ്ങളും തീർക്കാനാജ്ഞാപിച്ചു..തലമൂത്ത ശില്പിക്ക് സംശ്യം "ഇത് പണ്ടാരോ എന്നോ...?" എന്നിട്ടും അവരുകൊത്തിവച്ചു...

എഡിറ്റെമ്പ്രാൻ ഒരു രാവിൽ വികൃദേവിപ്പെണ്ണിന്റെ കൈപേശിയിലേക്ക് സ്മൈലാദികളയച്ചു...അവളാകട്ടെ പുഷ്പവൃഷ്ടിയും...അവൾ തന്റെ കൈപേശിയിൽ നാട്ടുരാജ്യങ്ങളുടെ പേരുചേർത്ത് അവരെയെല്ലാം രേഖപ്പെടുത്തിയിരുന്നു..ധനം എഡിറ്റെമ്പ്രാൻ, ചിതയെഡിറ്റെമ്പ്രാൻ  , പുഴയെഡിറ്റെമ്പ്രാൻ...
മോഹിനിയായിരുന്നെഴുത്താളൻ ചിരിച്ചു...
പിന്നേം പിന്നേം ചിരിച്ചു...

പിന്നെ നാടുവാഴികളുടെയും, പണ്ഡിതരുടെയും പേരിൽ എഡിറ്റെമ്പ്രാന്മാർക്ക്
കത്തുകളെഴുതി,

"അരേ ദുരാചാര നൃശംസ തമ്പ്രാ...
പരാക്രമം എഴുത്താളരോടല്ലവേണ്ടൂ.."

അപ്പോഴേക്കും ആ എഡിറ്റെമ്പ്രാന്മാർ വിജ്ഞാനപോഷിണികളുടെ ബി, സി നിലവറകൾ തുറക്കാൻ ഒരുങ്ങിയിരുന്നു...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Wednesday 13 September 2017

റെഡ് ഡേറ്റാബുക്ക്

റെഡ് ഡേറ്റബുക്ക്..!!

മയിലെന്ന്
ഞാനെഴുതി കുയിലെന്ന് നീയെഴുതി.
പുലിയെന്ന് ഞാനും, എലിയെന്ന് നീയും.
പുല്ലെന്നും പൂവെന്നും ഞാനെഴുതി,
പുഴുവെന്നും പൂമ്പാറ്റയെന്നും നീ.
പുഴയെഴുതി,
മരമെഴുതി,
നിയെന്നെഴുതി,
ഞാനെന്നെഴുതി,
എന്നിട്ടും തീരാത്ത
ആ ചുവന്നുതടിച്ച പുസ്തകത്താളുകളിൽ കുഞ്ഞനെറുമ്പും, വലിയൊരു ദൈവവും പൂജ്യം വെട്ടിക്കളിക്കുന്നു...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Tuesday 12 September 2017

കവിത

ലെങ്കൂണ്ട..!!

ഏതോ ഒരു
രാമൻ
പറഞ്ഞിട്ടാണ്
ഹനുമാൻ സേനയോടൊപ്പം
'ലങ്കേശനെ,ലങ്കേഷിനെ,
ലങ്കേശ്വരനെ...
ഹോ,
എത്ര പറഞ്ഞിട്ടും ശരിയാകുന്നില്ലല്ലോ..?

കൊല്ലാൻ,കൊന്നത്, കൊല്ലുന്നത്
ശ്ശോ,
പിന്നേം തെറ്റുന്നു..

ഇതൊന്നു
ശര്യാക്കുന്നവർക്ക്
'ലെങ്കൂണ്ട' സമ്മാനം....!!

കെ എസ് രതീഷ്
(ഗുൽമോഹർ009)