Tuesday 28 July 2020

ആമുഖം

കരയാതിരിക്കാൻ ഞാനിങ്ങനെ ചിലതെല്ലാം കഥയാക്കുന്നു..!!

        നാലാമത്തെ വയസിൽ കൊല്ലത്തെ ഒരു ബാലഭവനിൽ ആരെക്കെയോ ചേർന്ന് എത്തിച്ചതുമുതൽ എനിക്ക് ഇരട്ടപ്പേരുകളുടെ പെരുമഴയായിരുന്നു.അന്നവിടെയുണ്ടായിരുന്ന സകലർക്കും ഒന്നോ രണ്ടോ ഇരട്ടപ്പേരുണ്ട്.അതിലൊന്നാണ് കഥാകൃത്ത്.        
      നെയ്യാറിലെ കറുത്ത കീറാമ്പാച്ച ചെറുക്കൻ  പറഞ്ഞതിലേറെയും മുഴുത്ത ചീങ്കണ്ണിക്കഥകൾ. കേട്ടിരുന്നവരുടെ കണ്ണിൽ അത്ഭുതരസം നിറയുമെങ്കിലും അവരാരും പൂർണ്ണമായി വിശ്വസിച്ചില്ല. അന്നുമുതൽ 'ബ്ലെണ്ടർ മുതലേന്ന്' വിളി തുടങ്ങി.അതുകേട്ട് കരയാൻ തുടങ്ങിയപ്പോൾ 'തൊട്ടാവാടി'യെന്നും പേരു വീണു. പൊക്കം കുറഞ്ഞ് 'തക്കളിയായി'. കിടന്നു മുള്ളി 'മൂത്രപ്പാണ്ടിയായി'.അതുകൊണ്ട് കഥകൾക്ക് പേരിടാൻ എനിക്ക് പ്രത്യേക ഇഷ്ടമാണ്.
ബാലഭവനിൽ ഓരോ ആൾക്കും വീണ പേരുകൾ കിറുകൃത്യമായിരുന്നു.അവർക്ക് കഥകേൾക്കണം, എനിക്ക് പറയണം.    
      സത്യത്തിൽ വീട്ടിലെ ഓർമ്മകൾ വന്നങ്ങനെ നിറയുമ്പോൾ അമ്മയെ അനിയനെ ചേച്ചിയെ അമ്മുമ്മയെ സുകുമാരൻ മാമനെയൊക്കെ  കഥാപാത്രങ്ങളാക്കി കഥകളുണ്ടാക്കും.ഇതൊക്കെ നുണകളാണെന്ന് കൂകിവിളിച്ച് കേൾവിക്കാർ പോകുമ്പോൾ പുതിയ ശ്രോതാക്കളെയുണ്ടാക്കും. ഒടുവിൽ ആരും കേൾക്കാനില്ലാത്ത അവസ്ഥയിൽ ഞാനൊറ്റക്കിരുന്ന് പറയും.അങ്ങനെ ഉള്ളിൽ തികട്ടിവരുന്ന കരച്ചിൽ ഞാനങ്ങ് മറക്കും. കെ എൻ എച്ച് നമ്പർ 0326 ന് ഇത്തിരി പ്രാന്തുണ്ടെന്ന് വാർഡന്മാർക്കും തോന്നി.ആ നമ്പറിലെ അന്തേവാസിയും അവകാശിയും ഞാനാണ് കേട്ടോ.അതും ഞാൻ പിന്നീട് കഥയാക്കിയിട്ടുണ്ട്.അവധിക്കാലത്ത് നാട്ടിൽ വന്നാലോ..? കൊല്ലത്തെ കഥകളുടെ കെട്ടഴിക്കും.    
     അച്ഛൻ കളഞ്ഞിട്ടുപോയ മൂന്നെണ്ണത്തിനെ ഒരു 'പരുവത്തിലാക്കാൻ' എന്റെ കഥാകാരിയമ്മ സഹിച്ചതൊന്നും ഞാനിന്നും കഥയാക്കി തീർന്നിട്ടില്ല.പകുതിവയറും തടവിയിരിക്കുന്ന എനിക്കു വേണ്ടി ആറ്റരികിലെ ഒറ്റമുറിയിലിരുന്ന് അമ്മ കഥകളുണ്ടാക്കും.നെയ്യാർഡാമിന്റെ പണി നടക്കുന്ന കാലത്ത് മാമനും കൂട്ടുകാരും നടത്തിയ പോരാട്ടങ്ങളുടെ കഥ.ഡാമിന്റെ ഉള്ളിൽ കൃഷിഭൂമി പോയ വേദനയിൽ ആത്മഹത്യചെയ്ത നൂറേക്കർ ജന്മിയുടെ കഥ.പുട്ടുകുടത്തിൽ ഒളിച്ചിരുന്ന മഞ്ഞച്ചേരയുടെ കഥ.കരയുന്ന പിള്ളാരെ പിടിക്കാൻ വരുന്ന പാക്കരന്റെ കഥ.വിശപ്പും കരച്ചിലും ഞാനങ്ങ് മറക്കും.അന്നൊന്നും എഴുത്തോ വായനയോ തുടങ്ങിയിട്ടില്ല. ഇന്ന് എഴുതുമ്പോൾ  അമ്മയുടെ ശൈലി കടന്നുവരുന്നു.പുട്ടുകുടത്തിൽ മഞ്ഞച്ചേരയിരുന്നാൽ ചാകുന്ന വിശപ്പിലും പുട്ടിനെപ്പറ്റി മക്കളാരെങ്കിലും ചോദിക്കുമോ.അതാണ് അമ്മയുടെ മാജിക്കൽ റിയലിസം.      
     ഇന്നും ചിലതൊക്കെ ഓർക്കുമ്പോൾ എനിക്കങ്ങ് കരച്ചിൽ വരും.അദ്ധ്യാപകൻ, രണ്ട് പിള്ളാരുടെ അച്ഛൻ, ധീരനായ ഭർത്താവ്.ഇങ്ങനെയിരുന്ന് മോങ്ങുന്നത് നാണക്കേടല്ലേ..? പറമ്പിലെ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റിയപ്പോഴും സഹിക്കാൻ കഴിഞ്ഞിട്ടില്ല.പണ്ട് മുപ്പത് റബ്ബർ മരത്തിന്റെ ചുവട്ടിൽ ചുറ്റിത്തിരിയുന്ന അമ്മയെ ഓർമ്മവന്നു..മൂന്ന് മക്കളും മുപ്പത് റബ്ബറും പ്രാസത്തിന് അപ്പുറം ആ പ്രയാസം എന്നെക്കൊണ്ട് "വീപ്പിംഗ് വുഡ്‌സ്" എഴുതിപ്പിച്ചു.സത്യത്തിൽ ഇതൊക്കെ ഉള്ളിൽ ഉറഞ്ഞ കഥകളാണ്.ഓർത്താൽ 'കണ്ണണക്കെട്ട്'  തടഞ്ഞുനിർത്താനും പ്രയാസമാണ്..
       കഴിഞ്ഞ ദിവസവും മുന്നിലിരുന്ന വിദ്യാർത്ഥിനിയെ വിവാഹം കഴിപ്പിച്ചതിന്റെ നോവാണ് 'ഞാവൽ ത്വലാഖ്' എന്ന കഥയും ആ പുസ്തകവും. ജോലി തേടിയലഞ്ഞ കാലത്ത് കശുവണ്ടിക്കമ്പനിയിൽ തൊഴിലു തന്ന മുതലാളിയുടെ ആത്മഹത്യയിൽ 'കബ്രാളും കാശിനെട്ടും' ഉണ്ടായി.'ഉങ്ങി'ലെ കൊച്ചുവേലുവും, ഉഷാർത്തവിചാരത്തിലെ കരിമനും,എനാത്ത് ബാറിലെ ബി. എഡുകാരനും,വോൾഗാ ലോഡ്ജിൽ നൂറ്റിയഞ്ചിലെ താമസക്കാരനും, ഞാനാണോയെന്നൊന്നും ചോദിക്കരുത്.പറഞ്ഞാൽ നുണയും എഴുതിയാൽ കഥയുമെന്നല്ലേ..?. ചിലപ്പോൾ നിങ്ങടെ മുന്നിലിരുന്നും കരയേണ്ടി വരും. ഇതൊക്കെ കഥയല്ല കാര്യമാണോയെന്ന സംശയം നിങ്ങൾക്കും വരും.
      സ്‌കൂളിലെ എൻ എസ് എസ് പിള്ളാരുമായി ആദിവാസി ഊരുകളിൽ കയറിയിറങ്ങിയ കാലത്ത് 'ബർശലെന്ന' കഥാപുസ്തകവും വന്നു.വിശപ്പും അവഗണനയും ശരിക്കും അനുഭവിച്ച എന്നെപ്പോലെ ദുർബലനായ ഒരാൾക്ക് അതൊക്കെ കാണുമ്പോൾ ആ വനത്തിലെ ഏതെങ്കിലും മരത്തിന്റെ തുഞ്ചത്തോ, ഇരുണ്ട ഗുഹയിലോ കയറിയിരുന്ന് വായകീറി കരയുക അല്ലെങ്കിൽ കഥയാക്കുക ഈ മാർഗങ്ങളല്ലേയുള്ളൂ.. 
      ജോലിയൊക്കെ കിട്ടി നിവർന്നു നിൽക്കാൻ തുടങ്ങിയപ്പോൾ പഴയ വീടു പൊളിച്ചു പണിയാൻ തുടങ്ങി. ആറ്റരികെയുണ്ടായിരുന്ന വീടിന്റെ ഒറ്റപ്പാളി ജനാല പുതിയ വീട്ടിലും വയ്ക്കാൻ വാശിപിടിക്കുന്ന അമ്മയെക്കുറിച്ച് കഥയെഴുതിയില്ലെങ്കിൽ പിന്നെ ഞാനെന്തു മനുഷ്യനാണ്..? 
ആ ജനാലയിലൂടെയാണ് ഞങ്ങൾ ആകാശം കണ്ടത്.അമ്മ അച്ഛനെ ഓർമ്മിക്കുന്നതും..
        പലപ്പോഴും പലരും ചോദിക്കും. എന്തിനാണിങ്ങനെ തുടരെത്തുടരെ കഥയുണ്ടാക്കുന്നതെന്ന്. എന്തോ..? എനിക്ക് അതിനൊന്നും ഉത്തരമുണ്ടാകാറില്ല.നിറയുന്ന കണ്ണും, നിറയെ ഓർമ്മകളും എന്നെക്കൊണ്ടിങ്ങനെ എഴുതിക്കുന്നതാണ്.വാസ്തവത്തിൽ കരഞ്ഞു പോകാതിരിക്കാനാണ് ഞാനിങ്ങനെ കളവുകൾ എഴുതി വയ്ക്കുന്നത്.അതിലൊക്കെ കഥയുണ്ടോയെന്നോന്നും ചിന്തിക്കാറില്ല.കേരലോത്പത്തി വായിക്കുന്ന നിങ്ങളും അതിന് വാശി പിടിക്കരുത്...!!

കെ എസ് രതീഷ്
പന്ത.
28-07-2020


Saturday 25 July 2020

കറുപ്പുയുദ്ധം.

കറുപ്പുയുദ്ധം.

"നമ്മളെ ഇരട്ടക്കുഴല് നീയങ്ങ് മറന്നല്ലേടാ ഇരുട്ടേ ?"റെജി വക്കീലിന്റെ നെഞ്ചിലേക്ക് മണ്ടേല ഉന്നം പിടിച്ചു.. 
      "പന്തപ്പള്ളിയിലെ പുൽക്കൂട്ടിന്നെറങ്ങി, സകല വെള്ളക്കാരെയും തീർക്കാനൊള്ള തോക്കൊപ്പിക്കാൻ പട്ടാളത്തിന്റെ വീട്ടിലേക്ക് നീയല്ലേടാ എന്നേം വയലൂളനേം കൊണ്ടോടിയത്.."ഏതു നിമിഷവും മണ്ടേല കാഞ്ചിവലിക്കും.റെജിവക്കീൽ വെടിയേറ്റു വീഴും.     
     വിദ്യാലയ വരാന്തയിൽ ബാല്യകാല സുഹൃത്തുക്കൾ നേരിടുന്ന രംഗത്തോട് അവിടെക്കൂടിയവർക്ക് യാതൊരു താൽപര്യവുമില്ല.റെജിവക്കീലിന്റെ നിറംവച്ചുള്ള തമാശയെ വെടിവച്ചുകൊല്ലാൻ മതിയായ കാരണമായും തോന്നിയിട്ടില്ല.അവർക്കെല്ലാം ഇംഗ്ലീഷ്മീഡിയത്തിലെ വെളുത്ത ടീച്ചറിന്റെ ക്ലാസിലെങ്ങനെയെങ്കിലും മക്കളെയിരുത്തിയാൽ മതി. 
       മലയാളം മീഡിയത്തിന്റെ വരിയിലെ മണ്ടേലയെക്കണ്ട് റെജിവക്കീലിന് ബാല്യകാലം തികട്ടി വന്നു.ചങ്ങാതിയുടെ കൊച്ചിന്റെ കവിളിൽ തൊട്ട് കറുത്തമുത്തിന്റെ പേരു ചോദിച്ചു.'ഒബാമ'യെന്നു കേട്ടപ്പോൾ വരിനിന്നവർക്കൊപ്പം റെജി വക്കീലും ഒരു അശ്ളീലച്ചിരി ഛർദ്ദിച്ചു.ആ ചിരികേട്ട് ഒബാമ ഭയന്നു.മണ്ടേല കൊച്ചിനെ ചേർത്തു നിർത്തി നെറ്റിയിൽ ഉമ്മവച്ചു.
    'നീ അതിനോടൊന്ന് വെളിച്ചത്ത് നിന്ന് ചിരിക്കാൻ പറയെടാ .ഞങ്ങളതിനെയൊന്ന് കാണട്ടെ." പെട്ടെന്നുണ്ടായ സാമൂഹ്യച്ചിരിയാക്രമണം നേരിടാനാണ് പണ്ട് തെമ്മാടിക്കുഴിയിൽ അടക്കംചെയ്തിരുന്ന വിപ്ലവത്തിന്റെ  ഇരട്ടക്കുഴലെടുത്തത്. 
      മണ്ടേലയുടെ വിരലനങ്ങി.ഇരട്ടക്കുഴലിന്റെ ഭൂതഗുഹയിൽ നിന്നും 'ഇരുട്ട്റെജീന്ന്..' വിളിപൊട്ടി. ജീവനുംകൊണ്ടു പാഞ്ഞ റെജിവക്കീൽ പന്തപ്പള്ളിയുടെ ചിതലുതിന്ന പുൽക്കൂട്ടിൽ ആട്ടിടയ വേഷത്തിൽ ഭൂതകാലജാതനായി.കളിമണ്ണിലെ കറുത്ത ക്രിസ്തു അയാളെ നോക്കിച്ചിരിച്ചു.
       ഇരുട്ട്റെജിയും വയലൂളൻ സജിയും മണ്ടേലയും ചങ്ങാതികളും പാരമ്പര്യവാശിയില്ലാത്ത ക്രിസ്ത്യാനികളുമാണ്.കപ്പലോടിവന്ന ബാസാൽ മിഷനിലെ പാതിരികൾ വെളുത്ത പാൽപ്പൊടിയും കറുത്ത വേദപുസ്തകവും ഇവരുടെ പൂർവ്വികർക്ക് വച്ചുനീട്ടി.കർത്താവിൽ പ്രിയ പേരുകളും നൽകി.മണ്ടേലയുടെ ശരിയായ പേര് ഭൂമിയിലാർക്കും വ്യക്തമല്ല.അതിന് മതിയായ രേഖകളുമില്ല. തെങ്ങുകയറ്റക്കാരൻ നെൽസൻ അവന്റെ അപ്പനാണ്.നാട്ടുകാരുടെ കാഴ്‌ച്ചയിൽ അയാളെപ്പോഴും എന്തിന്റെയെങ്കിലും മണ്ടയിലായിരിക്കും.' മണ്ടയിലെ നെൽസൻ' 'നെൻസൻമണ്ടേലയായി'. മകൻ വെറും 'മണ്ടേലയും'.
      ദക്ഷിണാഫ്രിക്കൻ വിപ്ലവവനായകനാരെന്ന 'ഫ്രഞ്ചുവിപ്ലവം' സാറിന്റെ ചോദ്യത്തിന് വെള്ളെലി സുരേഷിന്റെ മോൻ,പിൻ ബെഞ്ചിലെ മൂവർ സംഘത്തെ നോക്കി  തൊടുത്തുവിട്ടത്, അപ്പനു വിളിച്ച വേദനയോടെ മണ്ടേല കേട്ടു.പി.ടി പിരീഡിൽ മൂവർ സംഘം തല്ലുകേസിലെ പ്രതികളായി. വെള്ളെലിയുടെ മോന്റെ നെറ്റിയിൽ നീളത്തിലൊരു തിരുമുറിവും മൂന്നു തുന്നലുമുണ്ടായി.      
      പി ടി എ അംഗവും, പഞ്ചായത്ത് പ്രതിനിധിയുമായ വെള്ളലിസുരേഷിന്റെ പരാതിയുടെ സാധ്യത മുന്നിൽക്കണ്ടുണ്ടായ അടിയന്തര അദ്ധ്യാപകയോഗത്തിലാണ് ക്ലാസിലും കഞ്ഞിപ്പുരയിലും മൂത്രപ്പുരയുടെയുടെ ചുവരിലും തുടങ്ങി, ഒന്നേ പൂജ്യത്തിന് ജയിച്ച ഫുട്‌ബോളിലെത്തിനിൽക്കുന്ന  'ബ്ളാക്ക് ആന്റ് വൈറ്റ്' സംഘർഷത്തിന്റെ സാമൂഹ്യവ്യാപന രഹസ്യങ്ങൾ പുറത്തുവന്നത്. വെള്ളെലിയുടെ മോന്റെ വെളിപ്പെടുത്തലായിരുന്നു ഏറെയും.മൂന്നു തുന്നലിട്ട മുറിവിൽ സഹതാപം പുരട്ടി അവനങ്ങനെ മാപ്പുസാക്ഷിയായി.
     മുപ്പത്തിരണ്ടിൽ പതിനാറു വീതം വോട്ടുകിട്ടിയിട്ടും ഇരുട്ട്റെജിയെത്തഴഞ്ഞ് സായിപ്പ് സണ്ണിയുടെ മോനെ ക്ലാസ് ലീഡറാക്കിയതോടെയാണ് സംഘർഷത്തിന്റെയും ഗൂഡസംഘത്തിന്റെയും തുടക്കം. ഇരട്ട വരയിൽ പകർത്തിയെഴുതിയത് വിലയിരുത്തിയെടുത്ത തീരുമാനമെന്ന കോശിസാറിന്റെ വാദത്തെ,സായിപ്പുസണ്ണിയുടെ മോന്റെ വെളുപ്പും,കൂട്ടുകാരന്റെ മോനെന്ന പദവിയുമാണ് തീരുമാനത്തിന് പിന്നിലെന്ന്  വയലൂളൻ രഹസ്യമായി എതിർത്തു.മണ്ടേലയും അത് അംഗീകരിച്ചു. കോശിസാറും സായിപ്പ് സണ്ണിയും ഒന്നിച്ചിരുന്ന് പുക വലിക്കുന്നത് അവർ കണ്ടിട്ടുണ്ട്. ഇരുട്ടിന്റെ ആത്മാവ്‌ ക്രിസ്തുവിനോട് കണ്ണീർ വാർത്തു..
       ഇരുട്ടിന്റെ ബന്ധുവും അയൽക്കാരിയുമായ സുനന്ദ, സായിപ്പിന്റെ മോന് വോട്ടുചെയ്തതിന് പിന്നിൽ നിറമുള്ള പ്രണയമായിരുന്നു. ഭാവിയിലെ വെളുത്ത കുട്ടികളെ സ്വപ്നം കണ്ട് അവൾ ചുംബന രഹസ്യമായി നൽകിയ  മയിൽപ്പീലിയും നാലുവരി പ്രണയ ലേഖനവും,സായിപ്പിന്റെ മോൻ നിരസിച്ചു.
           'കറുപ്പാന്നേലും നിന്നെക്കാണാൻ എന്നാ ഐശ്വര്യ'  ചാക്കോ സാറിന്റെ മോള് ആശ്വാസം പറഞ്ഞു.
      'വോ നമ്മള് കറുത്തോര് കായില്ലാത്തോര്' സുനന്ദ പിന്നെയും പിന്നെയും വലിയവായിൽ കരഞ്ഞുകൊണ്ടിരുന്നു..                   
      വായലൂളൻ വാങ്ങിക്കൊടുത്ത ഫെയറാന്റ് ലൗലിയും തേച്ചുകിടന്ന സുനന്ദ സ്വപ്നംകണ്ടത് വെറും നാലാമത്തെ ആഴ്ച്ചയിൽ തനിക്കു വരുന്ന മാറ്റത്തിൽ വാപിളർന്ന് നിൽക്കുന്ന സായിപ്പിന്റെ മോന്റെ മുഖമാണ്.കണ്ണാടിയുടെ മുന്നിൽ ആ മധുരപ്രതികാര സ്വപ്നം അവൾ ആവർത്തിച്ച് ഓർമ്മിക്കാൻ ശ്രമിച്ചു.അഞ്ചുരൂപ പിന്നത്തെ ആഴ്ചകളിൽ പ്രതിസന്ധിയായപ്പോൾ "അതിൽ കൊച്ചുങ്ങടെ ശരീരം അരച്ച് ചേർക്കുന്നതാ പെണ്ണേന്ന്" വയലൂളൻ കണ്ടെത്തി.അന്ന് സുനന്ദ സ്വപ്നം കേട്ടത് വയലൂളന്റെ നാടൻ പാട്ടാണ്.കലോത്‌സവത്തിൽ അവർ നായികാ നായകന്മാരായി നാടകം കളിച്ചു.ഒപ്പനയിലും തിരുവാതിരയിലും സാവിത്രിടീച്ചർ തന്നെ തഴഞ്ഞതിന്റെ കാരണവും സുനന്ദക്കറിയാമായിരുന്നു.മൊഞ്ചത്തിയായി ഒപ്പനയുടെ നടുവിലിരുന്ന മണവാട്ടിയുടെ നേർക്ക് സുനന്ദ കൂകി വിളിച്ചു.തിരുവാതിര കാണാൻ മുന്നിൽ നിന്ന വയലൂളനോട് പിണങ്ങി. 
         "കറുപ്പിന് ഏഴഴകാണ്" 
          "ബാക്കി തൊണ്ണൂറ്റി മൂന്നും വെളുപ്പിന്" സുനന്ദയുടെ വാദത്തിന് വെള്ളെലിയുടെ മോന്റെ കൗണ്ടറ് കേട്ട് വെള്ളക്കാരും പാതിവെള്ളക്കാരും തലതല്ലിച്ചിരിച്ചു.സുനന്ദ മേശയിൽ തലകുനിച്ചിരുന്നു.നോവുപ്പിലിട്ട രണ്ടുതുള്ളി നിലത്തു വീണ്  അപ്രത്യക്ഷമായി.
          "അളിയാ വെളുക്കാൻ ഒരു വഴിയുണ്ട്" സായിപ്പ് സണ്ണിയെ 'ബ്ളാക്ക് ലിസ്റ്റി'ലുള്ളവർ പ്രതീക്ഷയോടെ നോക്കി.
     "ഒരു നാലു മണിക്ക് വീടിന്റെ പുറത്തിറങ്ങി നിന്നാമതി ഇത്തിരി കഴിയുമ്പോൾ നേരം വെളുക്കും" ക്ലാസിൽ ചിരിയുടെ വേലിയേറ്റം.മണ്ടേല സായിപ്പിന്റെ കഴുത്ത് കരിക്കുപോലെ തിരിച്ചു. സായിപ്പിന്റെ കരച്ചിൽ സ്റ്റാഫ് റൂമിലെ അലാറം കേൾപ്പിച്ചു.ബ്ളാക്ക് ബോർഡിൽ തിരിച്ചു നിർത്തി സകലരും കാണേ.പി ടി സാർ മണ്ടേലയുടെ കരിന്തുടയിൽ ചുവപ്പ് വരയിട്ടു.കറുപ്പിന്റെ വാദങ്ങളിൽ കരയിലെ വലിയ മൃഗമായി കരിവീരന്മാരെ നിരത്തി നിർത്തിയിട്ടും ദേവേന്ദ്രന്റെ വെളുത്ത ഒറ്റയാന്റെ തുമ്പിക്കരത്തിന്റെ പ്രഹരമേറ്റ് തരിപ്പണമായി.  
     ഫ്രഞ്ച് വിപ്ലവം സാറിന്റെ അഫ്രിക്കൻ സമരങ്ങൾ മൂവരെയും ആവേശംകൊള്ളിച്ചു. ഗാന്ധി ദക്ഷിണാഫ്രിക്കയിലെത്തിയപ്പോഴും, മണ്ടേലയുടെ ചരിത്രം കേട്ടപ്പോഴും പന്ത മണ്ടേല തലയുയർത്തിയിരുന്നു.നാട്ടിലെ വെള്ളക്കാരെയാകെ പുച്ഛത്തോടെ നോക്കി..
       മലയാളം സാറിന്റെ 'കഥകളിലെ കരിവേഷം' അവർക്കത്ര സുഖിച്ചില്ല.കറുപ്പ് ദുഃഖമാണെന്ന് പറയുന്ന കവിത നാലു മാർക്ക് കിട്ടുമെന്നുറപ്പായിട്ടും മനഃപാഠമാക്കിയില്ല..
       'മണ്ണിൽ തീർക്കുന്നവ വേവിച്ചെടുക്കണം, മനുഷ്യരെ ദൈവം മണ്ണിലല്ലേ ഉണ്ടാക്കിയത്. അങ്ങനെ വേവിച്ചപ്പോൾ കരിഞ്ഞുപോയത് കാപ്പിരികൾ.ശരിക്ക് വേകാത്തത്ത് വെളുപ്പന്മാർ അതല്ലേ അവരു വെയിലത്ത് നമ്മടെ ബീച്ചിൽ നിക്കറിട്ടു കമഴ്ന്ന് കിടക്കുന്നത്.പാകത്തിന് വെന്തതാണ് നമ്മൾ ഇന്ത്യക്കാർ. നമ്മൾ ഭാരതീയർ കറുപ്പുമല്ല വെളുപ്പുമല്ല'സന്ധി സദാചാരം വിളമ്പാൻ വന്ന എച്ച് എമ്മിന്റെ 'ഒണ്ടാക്കിയ കഥോപദേശം' രണ്ട് ടീമിനും സുഖിച്ചില്ല..
    "ത്വക്കിന് നിറം നൽകുന്നത് മെലാനിൻ അല്ലെ..? നിനക്ക് മെലാനിത്തിരി കൂടുതലാ സജീ."  ബയോളജി ടീച്ചറിന്റെ കളിയാക്കലിന് പ്രതികാരമായിട്ട് മൂത്രപ്പുരയുടെ മഞ്ഞച്ചുവരിൽ ടീച്ചറിന്റെ ബയോളജിക്കൽ രൂപം വരച്ചു.നെഞ്ചിന് നേരെ ' അവളുടെ മൊലാനിൻ' എന്നാരോ എഴുതി വച്ചു. കൈയക്ഷരത്തിന് വയലൂളന്റേതുമായി സാമ്യമുണ്ടെന്ന് വെള്ളക്കാർ ആരോപിച്ചു.പി ടി ഏ ഇടപെട്ട് മഞ്ഞനിറം ഇത്തിരി കടുപ്പത്തിൽ അടിച്ചു.പക്ഷെ ഏറെക്കാലം അത് തെളിഞ്ഞു കാണാമായിരുന്നു.
മൂവർ സംഘം മുള്ളിയിറങ്ങിയാൽ ആ ചിത്രത്തിൽ നനവ് പടരും.അടയാളപ്പെടുത്തിയത് തെളിയും.
     പുതിയ യൂണിഫോമിന് 'മോഡലായി' വയലൂളനെ സ്റ്റാഫ് റൂമിൽ വിളിപ്പിച്ചതിന്റെ ഗുട്ടൻസ് വെള്ളാക്കാർക്ക് അന്നും ഇന്നും പിടികിട്ടിയിട്ടില്ല. സരസ്വതി ടീച്ചറിന്റെ ഒരു തമാശയാണ് അതിന്റെ പിന്നിൽ..'കറുത്ത പിള്ളേർക്ക് കൂടെ ചേരുന്നോന്ന് നോക്കണം ഇല്ലെങ്കിൽ ക്ലാസ് ഇരുണ്ട ഭൂഖണ്ഡമാകും'. അതൊന്ന് പരീക്ഷിക്കാൻ വിളിപ്പിച്ച വയലൂളൻ ക്ലാസിലെ 'ഗ്ളാമർ' താരമായി.
      "വെയിലുകൊണ്ടിട്ടാ നമ്മളിങ്ങനെ കറുക്കുന്നത് കസ്തൂരിമഞ്ഞ തേച്ചാൽ വെളുക്കും."  ഇരുട്ടിന്റെ മുഖത്ത് മഞ്ഞളിന്റെ പാട്.. 
      "ഇതിലെന്നാ വെയിലാടാ കൊള്ളുന്നത്" മണ്ടേല തന്റെ നിക്കർ കീഴോട്ടിറക്കി ഒരു നഗ്നസത്യം വെളിപ്പെടുത്തി.മൂവരും വെയിലും ത്വക്കിന്റെ നിറവും തമ്മിലുള്ള ബന്ധത്തിന്റെ ആയുക്തിചിന്തിച്ചു.
       ഇരുട്ടിന്റെ പറമ്പിലെ കരിക്കു വിറ്റ് കിട്ടിയ കാശിന് മൂവരും ഇടവേളയിൽ ഇഞ്ചിസോഡ കുടിച്ചത് തെളിവായി.ലീഡറിന്റെ സഞ്ചിയിൽ നിന്നും സ്റ്റാമ്പിന്റെ പൈസ കളവുപോയി.കറുപ്പ് സർവ്വലൗകിക കള്ളലക്ഷണവും.മണ്ടേല ഒന്നാം പ്രതി, ഇരുട്ടും വയലൂളനും കൂട്ടു പ്രതികൾ. സുനന്ദയൊഴികെ മറ്റാരും അവരെ വിശ്വസിച്ചില്ല.സജികൊടുത്ത പുളിമിഠായി അവളും കഴിച്ചില്ല.      
         നെൽസൻ മണ്ടേലയെ തെങ്ങുചതിച്ചു. അയാൾ തെങ്ങിനെ കൈവിട്ടു പറന്ന് പള്ളിപ്പറമ്പിലെ അത്ര ഭംഗിയില്ലാത്ത കുഴിയിൽ ചെന്നൊളിച്ചിരുന്നു.കൃത്യം പതിനാലിന് ക്ലാസ് രജിസ്റ്ററിൽ ചുവപ്പു നിറത്തിലായ മണ്ടേല പച്ചമനുഷ്യനായി ഇറങ്ങിപ്പോയി.മൂത്രപ്പുരയിൽ "കറുപ്പ് വെറുമൊരു നിറം മാത്രമല്ലെന്ന്" ഉരുണ്ട അക്ഷരത്തിൽ എഴുതിവച്ചിരുന്നത്.എല്ലാ നിറങ്ങളും ചേർന്നതാണ് കറുപ്പെന്ന ഭൗതികശാസ്ത്ര അറിവല്ല.വരാനുള്ള കറുപ്പുയുദ്ധത്തിന്റെ കാഹളമായിരുന്നു.മണ്ടേല വലിയ ഉയരങ്ങളിലിരുന്ന് നാടിനെ പിന്നെയും നഗ്നമായി കണ്ടു.പള്ളി പ്പറമ്പിലെ പുതിയ മണ്ണട്ടിയിലെ കറുത്ത കുരിശിലേക്കു മാത്രം നോക്കാൻ മടിച്ചു. 
      ഈ സംഭവങ്ങളെല്ലാം വെറും നിസ്സാരം.കറുപ്പുയുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പെട്ടെന്നുണ്ടായ കാരണം മറ്റൊന്നായിരുന്നു.തിരുപ്പിറവി വിളിച്ചറിയിച്ച് ക്രിസ്തുമസ് കരോൾ അവസാനിക്കുന്ന രാത്രിയിൽ പള്ളിയിൽ അവതരിപ്പിക്കാനുണ്ടാക്കിയ നാടകവുമായി ബന്ധപ്പെട്ടാണത്.
      പുൽത്തൊട്ടിയിലെ ശിശുവിന് പൊന്നും മൂരും കുന്തുരുക്കവും കാഴ്ച്ചവയ്ക്കാനുള്ള മൂന്നു രാജാക്കന്മാരായി ഒരേ ഉയരമുള്ള ഇരുട്ടും വയലൂളനും മണ്ടേലയും തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണിയേശുവിന്റെ തൊട്ടടുത്ത് അതും സഭയിലെ സകലരും കാണുന്നവിധം നിൽക്കും.ഹെരോദാ രാജാവിന്റെ മൂന്നിലും പുൽക്കൂട്ടിലും അവർക്ക് ഡയലോഗുകൾ ഉണ്ട്. കന്യാമറിയായി ചാക്കോ സാറിന്റെ മോളും.ഗബ്രിയേൽ മാലാഖയായി സുനന്ദ.പക്ഷെ സഭാവികാരിയുടെ തീരുമാനം സംവിധായക വേഷത്തിലെത്തിയ കൊച്ചച്ചൻ തള്ളി.
   രാജാവിന്റെ വേഷമായി അമ്മമാരുടെ മാക്സിയും, കിരീടവും സമ്മാനവും തയാറാക്കി മൂന്നുരാജാക്കന്മാർ ഇടയ  വേഷത്തിൽ പുൽക്കൂട്ടിലെ ഒരു മൂലയിൽ അഭിനയിക്കാതെ നിന്നു. പുൽക്കൂട്ടിൽ കറുത്ത ഒരാടു പോലുമില്ല. നാട്ടുകാരിൽ ഭൂരിഭാഗവും അവരെ കണ്ടില്ല.സദസിലിരുന്ന ഇരുട്ടിന്റെ അമ്മയായ കസ്തൂരി കണ്ണു തുടച്ച് എഴുന്നേറ്റ്‌ പോയതും ആരും പരിഗണിച്ചില്ല.
        "യെഹൂദജനത്തിന്റെ രാജാവായി പിറന്നവൻ എവിടെ..?" 
        "ഞങ്ങൾ രാജ പിറവിയുടെ നക്ഷത്രം കണ്ടു. അത് ഞങ്ങളെ ഇവിടേക്ക് നടത്തി." കോറസ് ഡയലോഗ്‌ അവരുടെ ഉള്ളിൽ നിരാശപ്പെട്ട് കിടന്നലയടിച്ചു.
        സായിപ്പ് സണ്ണിയും, ക്രിസ്ത്യാനിയല്ലാത്ത വെള്ളെലിയുടെ മോനും വേറൊരുത്തനും പൊന്നു തമ്പുരാന്റെ മുന്നിൽ കാഴ്ച്ചകൾ വച്ചു നിന്നു. ജോസഫിന്റെ വേഷത്തിൽ നിന്ന കൊച്ചച്ചനെ നോക്കിയുള്ള മേരിയുടെ ചിരി ഇടയന്മാരുടെ നെഞ്ചിലൂടെ ഒരു വാളുകടത്തി വിട്ടു..
      "പുൽക്കൂട്ടിൽ നിന്ന് ഒരുത്തരും ജീവനോടെ പോകരുത്" തോക്കെടുക്കാൻ പട്ടാളത്തിന്റെ വീട് ലക്ഷ്യമാക്കി അവർ ഓടുമ്പോൾ ഇരുട്ട് ഉറക്കെ വിളിച്ചു പറഞ്ഞു..
       "പുറകിൽ നിൽക്കുന്ന മാലഖാ സുനന്ദയാ.."വയലൂളൻ പ്രണയപ്പെട്ടവളുടെ ജീവനുവേണ്ടി യാചിച്ചു.പട്ടാളത്തിന്റെ വീടിന്റെ വാതിൽ ആ തോക്കാണ്.ബോധംകെട്ടു കിടക്കുന്ന ഒറ്റയാൻ പട്ടാളം വാതിലടയ്ക്കാറില്ല.നാട്ടിലെ ഏതു നിറത്തിലുമുളള കള്ളന്മാർക്കും ആ തോക്കിനെ ഭയമായിരുന്നു.
      പള്ളിമുറ്റത്ത് മറഞ്ഞു നിന്ന് വെള്ളലിയുടെ മോനെ മണ്ടേല ചൂണ്ടിക്കാട്ടി.ആരു വെടി വയ്ക്കും..? ഉന്നം തെറ്റാതെ മാങ്ങ വീഴ്ത്തുന്ന വയലൂളനല്ലാതെ വേറാര്?. വെള്ളലിയുടെ സമീപം നിൽക്കുന്ന സുനന്ദയെക്കണ്ട്.കൊച്ചച്ചന്റെ നെഞ്ചിൽ വയലൂളൻ കാഞ്ചിവലിച്ചു.വെടിക്കെട്ടിനിടയിൽ തോക്കുപൊട്ടിയത് വേറാരും കേട്ടില്ലെങ്കിലും പള്ളിമുറ്റത്തെ കാട്ടത്തിയുടെ നെഞ്ചിൽ ഇപ്പോഴും ആ ഉണ്ടയുണ്ട്. വിറച്ചുവിയർത്ത വയലൂളനെയും താങ്ങിപ്പിടിച്ച് സെമിത്തേരിക്ക് പിന്നിലെ തെമ്മാടിക്കുഴിയിൽ തോക്ക് കുഴിച്ചിട്ടപ്പോഴാണ് മൂന്നാൾക്കും സമാധാനമായത്‌.
     ഉണ്ടയുടെ ക്ഷാമം, ഉന്നം എന്നീ സാങ്കേതിക കാരണങ്ങളാലാണ് പന്ത രാജ്യമാകെ ഇളക്കി മറിക്കുമായിരുന്ന കറുപ്പുയുദ്ധം നടക്കാതെപോയത്.അല്ലെങ്കിൽ കറുത്ത വിപ്ലവം തോക്കിൻ കുഴലിലൂടെ വരുമായിരുന്നു.
      അഡ്മിഷനെടുത്ത് പുറത്തേക്കിറങ്ങിയ റെജി വക്കീൽ, മകളുടെ കൈയിൽപിടിച്ചു.കൈകൾ തമ്മിലുള്ള  ബ്ളാക്ക് ആന്റ് വൈറ്റ് താരതമ്യം നടത്തി.പതിനൊന്നായിരം വിലയുള്ള കുങ്കുമപ്പൂവ് ഭാര്യയുടെ ഗർഭത്തിൽ  കലക്കിയതും.സ്ത്രീധനമിത്തിരി കുറഞ്ഞാലും പെണ്ണ് നിറമുള്ളത്  വേണമെന്ന വാശിയും വിജയിച്ചിരിക്കുന്നു.ഇരുട്ടുള്ള ആ ഭൂതകാലം തനിക്കിനി മറക്കാം.
       വിദ്യാലയത്തിന്റെ പൂന്തോട്ടത്തിന് നടുവിലെ ഒരു കരിങ്കൽപ്പൂവിൽ മണ്ടേല തലകുനിച്ചിരുന്നു. ഒബായുടെ ഇരട്ടക്കുഴൽ  റെജി വക്കീലിന്റെ നെറ്റിയിലേക്ക് കാഞ്ചിവലിച്ചു.
      ഇരുട്ട്റെജി വക്കാലത്തുകൾ വലിച്ചെറിഞ്ഞ് ഉള്ളിൽ കുഴിച്ചിട്ട ഇരട്ടക്കുഴൽ ലക്ഷ്യമാക്കി ഓടാൻ തുടങ്ങി...!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

Friday 24 July 2020

ആമുഖം

അവതാരിക...

ഒരു ഭ്രാന്തൻ ഭൂമിയും 22 തരം ഗുളികകളും..!!

ലിനുവിന്റെ കഥ ഭൂമിയുടെ ഭ്രാന്തിനുള്ള മരുന്നാണ്. ആരൊക്കെ എപ്പോഴൊക്കെ കഴിക്കണമെന്ന കുറിപ്പടി അതിന്റെ വരികളിൽ കണ്ടെത്താൻ കഴിയും. ചിരിയും ചിന്തയും ചിലപ്പോൾ വൈദ്യൂതി കടത്തിവിട്ടും  ബോധത്തിനുള്ളിൽ പൊട്ടിത്തെറി നടത്തി ഭൂമിയെ സ്നേഹത്തോടെ കാണാൻ വശിപിടിക്കുന്നുണ്ട് ഈ കഥകൾ..

കഥകൾ വലിപ്പം കുറഞ്ഞ് കുന്നിക്കുരുവോളമായെങ്കിലും ഭൂമി മുഴുവൻ പൊട്ടിത്തെറിപ്പിക്കുന്ന ശക്തിനേടിയ കാലതതാണ് ലിനുവിന്റെ കഥകളും വായിക്കുന്നത്.ചെറുകഥയുടെ വലിപ്പമെത്രയെന്ന് ആരോടെങ്കിലും ചോദിച്ചാൽ വാക്കെണ്ണി വരിയെണ്ണി നിൽക്കുന്നവരുണ്ട്.. പക്ഷെ ഒരു ചെറുകഥയ്ക്ക് ഭൂമിയെ വിഴുങ്ങാനുള്ള ശേഷിയുണ്ടെന്നതാണ് സത്യം.. അത് വാക്കിന്റെയോ വരിയുടെയോ എണ്ണത്തിനും വലിപ്പത്തിനും അപ്പുറമാണ്.
ഇനി ചെറുകഥയിലെന്തെല്ലാം പറയാം...? ആ ചോദ്യത്തിനും പുതു കഥ മിഴിച്ചു നിൽക്കും. പുതിയ കഥ മണക്കുന്നതാണ്, കൂകി വിളിക്കുന്നതാണ്. നിങ്ങളുടെ മുഖത്ത് തുപ്പുന്നതാണ്. ചിലപ്പോൾ കാലിൽ വീണ് കരയുന്നതും.. വായനക്കാരന്റെ ഒപ്പം ഇറങ്ങിയങ്ങ് പോകുന്നതെന്ന് സാരം..
പേരിലും പ്രമേയത്തിലും ഇത്രയും സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാലമുണ്ടോയെന്നു പോലും സംശയമുണ്ട്..ക്യാപ്സ്യൂൾ 22 വായിച്ചപ്പോൾ തോന്നിയ സന്തോഷം തലതെറിച്ച എല്ലാ സ്വാഭാവങ്ങളും ലിനുവിന്റെ വികൃതിക്കുട്ടികൾക്കുണ്ട്..

ക്യാപ്സ്യൂൾ 22 എന്ന  പേരിൽ നിന്നു തുടങ്ങട്ടെ ഭ്രാന്തൻ ലോകത്തിന് കൃത്യമായ ഗുളിക നൽകുന്നുണ്ട്. അതു തന്നെ പേരിന്റെ പ്രസക്തിയും കഥ മനുഷ്യാകുലതകൾക്കും ഭ്രാന്തൻ നിലപാടുകൾക്കും കൃത്യമായ മരുന്നായി മാറുന്നു.ഈ പേരിന്റെ കൗതുകം പിന്നാലെ വരുന്ന ഓരോ ഗുളികയിലും രുചിക്കുന്നുണ്ട് വേറിട്ട അനുഭൂതി തരുന്ന 22 കഥാഗുളികൾ...

'മരണാനന്തരം ഒരു മറുപടി പ്രസംഗം' ഇതാ നമ്മുടെ നായകൻ തനി ദൈവത്തോട് കലഹിക്കുന്നു. താൻ തായറിക്കിയ സമയപ്പട്ടിക മുഴുവൻ തെറ്റിച്ച് കിഡ്നാപ്പ് ചെയ്ത ദൈവത്തോട് തന്നെയാകട്ടെ ആദ്യ കലഹം. വാച്ചിൽ നോക്കി ജീവിക്കുന്നവർ ഈ ഗുളിക കഴിച്ചില്ലെങ്കിൽ അപകടം..
"കുഞ്ഞാവ പൊക്കിൾക്കൊടി ഗർഭപാത്രം പി ഒ" യിലേക്ക് പോകുന്ന കത്ത് വായിക്കാതിരുന്നാൽ കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ മകളെയും മാതാവായും കഴിഞ്ഞ നാളുകളിൽ നഷ്ടമായതും നഷ്ടമാക്കിയതും വ്യക്തമാകും. ഈ ഗുളിക മക്കളും രക്ഷിതാക്കളും ദിവസവും ഓരോന്ന് കഴിക്കുന്നത് നന്ന്.പ്രതികരണശേഷി നഷ്ടപ്പെട്ടവർ, മുഖംമൂടിയിട്ടവർ ഇവർക്കും ലിനു ചികിൽസ വിധിക്കുന്നുണ്ട്..അമ്മയുടെ ഉദരത്തിലേക്ക് അതിന്റെ സുരക്ഷിത ഇടത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്കാണോ അതിന് നിര്ബന്ധിക്കുന്നവർക്കണോ 'വാടകമുറി' ക്യാപ്സ്യൂൾ എന്നത് വായനക്കാരുടെ വിധിക്ക് വിടുന്നു..'മരിച്ചവന്റെ സമ്പന്നതയും' 'ഓക്സിജൻ മസ്‌കും' വേഗതയും വികസനവും നോക്കി ജീവിക്കുന്നവർക്ക് വിതരണം ചെയ്യാതെ വയ്യ..

ചുറ്റുമുള്ളതൊന്നും കാണാതെ അവനവന്റെ സുരക്ഷിത തുരുത്തുകളിൽ കഴിയുന്നവരുടെ വാ പിളർത്തി 'ഫീലിംഗ് പുച്ഛവും' 'കലികാലവും' 'ഉദ്യോഗസ്ഥന്റെ കുട്ടിയും' 'മാംസകഷ്ണവും' കഴിപ്പിച്ചെ മതിയാകു...ഇനിയും ചില ഗുളികൾ അത് നമുക്ക് സ്വയം ചിലതൊക്കെ കണ്ട് വട്ടു പിടിക്കാതിരിക്കാനുള്ളതാണ്..ഒരു തരം സ്വയം ചികിൽസ. ഇത്തിരി കരഞ്ഞാൽ, ഉറക്കെ ഒന്നു ആക്രോശിച്ചാൽ ചിലപ്പോൾ ആശ്വാസം കിട്ടും 'കള്ളന്റെ കഥയും', 'പുലരാതിരുന്നെങ്കിൽ'  എന്ന ചിന്തയും 'ഭ്രാന്തനും' ആ വഴിക്കാണ് ആർക്കും കഴിക്കാം ഒരു പാർശ്വഫലങ്ങളുമില്ല..

"വർണമില്ലാത്ത കളിപ്പാട്ടത്തിൽ" അവസാനിക്കുന്ന ഈ ഗുളികകൾ എരിവും പുളിയും കയ്പ്പും മധുരവും മാത്രമല്ല എണ്ണിയാൽ തീരാത്ത നിറങ്ങളിലുമുള്ളതാണ്.
വായനയിലും എഴുത്തിലും പുതിയ മാജിക്ക് തീർക്കാനും ജീവിതത്തിന്റെ ബാലൻസ് ഷീറ്റ് തുലനം ചെയ്യാനും കഴിയട്ടെയെന്ന് ആശംസിക്കുന്നു...

ഏറ്റവും സ്‌നേഹത്തോടെ

കെ എസ് രതീഷ്
18/06/2020
തിരുവനന്തപുരം

ശരഭമൂർത്തി..!

ശരഭമൂർത്തി..!!

          "ആ കഥ അങ്ങനെയല്ല, അതിന്റെ ക്ളൈമാക്‌സ് അങ്ങനെയാവരുത്." ഭിന്നലിംഗക്കാരായ ഒരു  കൂട്ടമാളുകൾ രാത്രി വീട്ടിലേക്കിരച്ചു കയറിവരുന്നു. ഒരു കഥാകൃത്തിനെ തോക്കു ചൂണ്ടി നിർത്തുന്നു.പ്രമുഖ പതിപ്പിലേക്ക് തയാറാക്കിയതും പൂർണമായും എഡിറ്റ് ചെയ്യാത്ത കഥയിൽ കൂട്ടമായി ചർച്ച ചെയ്തു തിരുത്തുകൾ വരുത്തുന്നു. കഥാകൃത്തിനെക്കൊണ്ട്  ഉറക്കെ വായിപ്പിച്ചിട്ട് "ഇതു തിരുത്തിയാൽ കൊന്നുകളയുമെന്ന" ഭീഷണി മുഴക്കുന്നു.പതിപ്പിന്റെ വിലാസം എഴുതിയ കവറിലാക്കിയിട്ട് ഇറങ്ങിപ്പോവുന്നു.ഇതൊക്കെ നിങ്ങൾക്ക് വിശ്വസിക്കാനാകുന്നുണ്ടോ.? പക്ഷേ കഴിഞ്ഞ രാത്രിയിൽ ഈയുള്ളവന്റെ അനുഭവമാണത്.

ആ കഥ. (അവർ തിരുത്തുന്നതിന് മുൻപ്)
                                                                   1.
ഇരുട്ടിൽ നിരത്തിയിട്ടിരിക്കുന്ന തീവണ്ടികളിൽ അയാൾ വിവേക് എക്സ്പ്രസ് ലക്ഷ്യമാക്കി നടന്നു. വണ്ടി പ്ലാറ്റ്‌ഫോമിലേക്കുവരാൻ ഇനിയും മണിക്കൂറുകളുണ്ട്.പതിവുകാർക്കായി കുളിച്ചൊരുങ്ങിക്കിടക്കുന്ന ആ രാത്രിവണ്ടിയിലേക്ക് 'ഇരിപ്പുറയ്ക്കാത്തവർ' ഒളിച്ചുചെല്ലാറുണ്ട്. മൊബൈൽ വെട്ടത്തിൽ അഴുക്കുചാലുകൾ കടന്നു.15095,എറണാകുളം-ദിബുരാഗ് വിവേക് ഏകപ്രസിന്റെ ഉരുക്കുകൈ തൊട്ടപ്പോൾ ഉള്ളുകുളിർന്നു.പാതിയടഞ്ഞ വാതിൽ, അടക്കിപ്പിടിച്ച സംസാരങ്ങൾ, ബീഡി വെട്ടങ്ങൾ, വിയർപ്പിന്റെ മണം.ഇതിനുള്ളിലെല്ലാം തന്നെപ്പോലെ ഭയന്നോടിയവരാണോ.?ഒരെലി കാലിലിക്കിളിയിട്ട് പാഞ്ഞുപോയി. പെട്ടെന്നുണ്ടാക്കിയ അലർച്ചയെ ലക്ഷ്യമിട്ടുവന്ന തെറിചേർത്ത അമ്പുകൾക്ക് തെറ്റിയില്ല. 

"പോലീസുകാരുവന്നാ എല്ലാവരെയും പൊക്കും" എരിഞ്ഞുനിന്ന ഒരു ബീഡി അപകടം മണപ്പിച്ചു.
" ഇത് ആസ്സാമിലേക്കുള്ള വണ്ടിയാണോ..?" ബീഡിയോട് രഹസ്യമായി തിരക്കി. 
"അതേ, വിവേക് എക്സ്പ്രസ്" ബീഡി ചിരിച്ചെരിഞ്ഞു. തന്നിലെ വിവേകാനന്ദനെ ബീഡിക്കാരൻ തിരിച്ചറിഞ്ഞതാണോ..?"അതേ വിവേക്." "അതേ, വിവേക് എക്സ്സ്പ്രസ്" ബീഡിയുടെ ഉത്തരം അയാൾ പല രീതിയിലും മുറിച്ചുവായിച്ചു.ഭയത്തിന്റെ പുക ഉള്ളിലേക്ക് പാഞ്ഞുകയറി. ബീഡിവെട്ടത്തിൽ നിന്നും മറ്റൊരു കൂപ്പയിലേക്ക് വേഗത്തിൽ നടന്നു.
    തടികളഴിയിട്ട ബർത്തിനും തണുപ്പ്.സഞ്ചി തലയിണയാക്കി.ചെരുപ്പുകൾ കറങ്ങിത്തുടങ്ങാത്ത ഫാനിന്റെ മുകളിൽ തിരുകി.മൊബൈൽ വെട്ടം കെടുത്തി.സഞ്ചിയിൽ തല ഉയർന്നിരിക്കുന്നു. കഴുത്തിലെ മുറിവിൽ വിയർപ്പുപ്പ് വീണുനീറി.വിട്ടെറിഞ്ഞോടിവന്ന രംഗങ്ങൾക്ക് കണ്ണിറുക്കിയടച്ചിട്ടും ബൂട്ടിന്റെ താളമുള്ള ഓർമ്മകൾ ചവിട്ടിത്തുറന്നു വന്നു..

" ഏതെങ്കിലും കേസില് നിന്നെ ഞാനങ്ങ് പെടുത്തും.ആ തന്തയും ചത്തു.അവൾക്ക് നിന്നെയിനി വേണ്ടെന്നും പറഞ്ഞല്ലോ?.വിട്ടു പൊയ്ക്കോണം. പരാതിയും കൊണ്ടുപോകാനാണ് ഭാവമെങ്കിൽ ഒരു മനുഷ്യക്കുഞ്ഞുമറിയാതെ നിന്നെ തീർക്കും.ആ കേസന്വേഷിക്കുന്നതും ഞാനായിരിക്കും." ഇൻസ്‌പെക്ടറുടെ നഖം വിവേകാനന്ദന്റെ  കഴുത്തിൽ ചുവപ്പുകലർന്നൊരു ചന്ദ്രക്കലയിട്ടു.

                                                                         2. 
പ്രഹ്ലാദൻ സാറിന്റെ ഏറെനേരത്തെ മൗനത്തിലും വിവേകാനന്ദന് മുഷിവുണ്ടായില്ല. "പേഴ്‌സണലായി ചിലത് പറയാനുണ്ട് ബാങ്കുസമയം കഴിഞ്ഞൊന്നു കാണാമോ.?"ഫോണിൽ സാറയച്ച സന്ദേശത്തിലേക്ക് വിവേകാനന്ദൻ പലതവണ നോക്കി.
           " അമ്മയില്ലാതെ വളർന്നതിന്റെ പ്രശ്നങ്ങൾ എന്റെ വിദ്യമോൾക്കുണ്ട്.വിവേകിനവളെ വിവാഹം കഴിക്കാൻ.?" പ്രഹ്ലാദൻ സാറ് കിതപ്പോടെ പറഞ്ഞൊപ്പിച്ചു.പുഞ്ചിരി ബാക്കിനിർത്തി ഇറങ്ങിപ്പോന്ന വിവേകാനന്ദന്റെയുള്ളിൽ തനിക്കാകെയുള്ള മുത്തശ്ശിയുടെ സമ്മതം വാങ്ങണമെന്നേയുണ്ടായിരുന്നുള്ളൂ. പ്രഹ്ലാദനിൽത്തൂങ്ങി, പേരക്കുട്ടിയുടെ മുടിയിഴയിൽ വിരലോടിച്ച് ആ മുത്തശ്ശിക്കഥ ഹിരണ്യകശിപുവും നരസിംഹവും ശരഭാവതാരവുമായി വളർന്നു.സന്തോഷമുണ്ടാകുമ്പോഴാണ്  അവരിങ്ങനെ കഥയുടെ വഴിക്കിറങ്ങിനിൽക്കുന്നതെന്ന് വിവേകാനന്ദനറിയാം.ഫോണിന്റെ മറുതലയിൽ പ്രഹ്ലാദൻ സാറ് ശിഷ്യന്റെ മറുപടി കാത്തിരിക്കുകയായിരുന്നു..
 
പ്രിയപ്പെട്ടവരുടെ ലോണുപാസാകുന്ന വേഗത്തിൽ വിവേകാനന്ദന് വിവാഹം,വീട്ടുമാറ്റം. പിന്നാലെ  സാമ്പത്തിക ക്രമക്കേട്, പോലീസന്വേഷണം, സാറിന്റെ ആത്മഹത്യ, മുത്തശ്ശിയുടെ മരണം റ്റാലിയാകാത്ത ബാലൻസ് ഷീറ്റുകളായി അയാളെ വീർപ്പുമുട്ടിച്ചു.തുടർച്ചയായ ആർത്തവത്തിൽ വിദ്യയും ഉള്ളുതുറന്നു."കുട്ടിയെന്നല്ല നിനക്കൊന്നുമൊരു കട്ടിമീശപോലും മുളയ്ക്കത്തില്ല.
തന്ത കയറുമായി തൂങ്ങാൻ നിന്നപ്പോൾ ചാന്തുപൊട്ടായ നിന്നെക്കെട്ടാൻ സമ്മതിച്ചെന്നെയുള്ളൂ."  വിവേകാനന്ദൻ കടപ്പെട്ട ബാങ്കിന്റെ സാമ്പത്തികവർഷത്തെ ഒടുവിലെ ദിവസങ്ങൾ നേരിടുന്ന മാനേജരായി..
     
കേസിന്റെ കാര്യത്തിനായുള്ള ഇൻസ്‌പെക്ടരുടെ വരവുകൾ വിദ്യ കാത്തിരുന്നു.കട്ടിമീശയിലേക്ക് വീഴുന്ന ആർത്തിയുള്ള നോട്ടങ്ങൾ."ഇൻസ്‌പെക്ടർക്ക് നരസിംഹത്തിലെ ലാലിന്റെ മീശയാ.." അല്പമുറക്കെയായ വിദ്യയുടെ ഉള്ള് വിവേകാനന്ദൻ കേട്ടു.പ്രഹ്ലാദൻ സാറിന് ക്രമക്കേടിൽ പങ്കില്ലെന്ന് റിപ്പോർട്ടു വന്നതിന് ശേഷവും വീടിന്റെ മുന്നിൽ ഇൻസ്‌പെക്ടരുടെ ജീപ്പുണ്ടായിരുന്നു. കട്ടിമീശയിൽ വിദ്യ, വിവേകാനന്ദനെ ചുവരിൽച്ചേർത്തുള്ള ഇൻസ്‌പെക്ടറുടെ മീശപിരിപ്പൻ ഡയലോഗും വിദ്യ ആരാധനയോടെ നോക്കി നിന്നു..

                                                                            3. 
ജീവിതം ജപ്തിചെയ്ത ഓർമ്മകളെ ദീർഘദൂര ശൗചാലയത്തിലേക്കൊഴുക്കിയ വിവേകാനന്ദൻ തീവണ്ടി പുറപ്പെടാനുള്ള വിളിച്ചുപറയൽ ശ്രദ്ധിച്ചു.വിവേക് എക്സ്പ്രസ്.വണ്ടിയുടെ പേരിലെ വിവേകം ഈ പലായന തീരുമാനത്തിലുണ്ടോ.?പ്ലാറ്റ്‌ഫോമിൽ പെയ്തവെളിച്ചത്തിൽ വണ്ടി കുളിച്ചു നിൽക്കുന്നു.പലതരം ശബ്ദങ്ങളും കയറി വരുന്നു.ശുചിമുറിതൊട്ട് ആറാമത്തെ ബെർത്തിലേക്ക് വിവേകാനന്ദൻ നടന്നു.മുകളിലേക്ക് കയറുമ്പോൾ ഫാനിന്റെ മറവിലിരുന്ന ചെരുപ്പൊരുച്ചിരിയുതിർത്തു. ശുചിമുറിയിലേക്ക് ചെരുപ്പോർമ്മിപ്പിച്ച സഹായം മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത ഇരുട്ടിൽ തള്ളിക്കളഞ്ഞ് പോയതാണ്.നല്ലശീലങ്ങൾ പലപ്പോഴും മറ്റുള്ളവന്റെ കാഴ്ച്ചയിൽ മാന്യമെന്ന് തോന്നിക്കാൻ  രൂപപ്പെടുന്നവയണോ.? ചിന്തകളും വണ്ടിയും സാവധാനം അനങ്ങി..

മറുവശത്തെ ബെർത്തിൽ ഒരു പർദ്ദാക്കാരി സുഖമായി ഉറങ്ങുന്നു.അപ്പുറത്ത് മംഗോളിയൻ മുഖമുള്ള ഒരു ചെറുപ്പാക്കാരൻ.. ഇരുമ്പുനെറ്റിന്റെ അപ്പുറത്തെ പർദ്ദാക്കാരിയുടെ ദേഹത്തുരുമിയാണ് കഴിഞ്ഞ മണിക്കൂറുകൾ കിടന്നത്.അത്തറിന്റെ വാസനയും ഉള്ളിലാക്കിയിരുന്നു. മംഗോളിയന്റെ ശ്രദ്ധ തന്നിലേക്കാണോ ? വിവേകാനന്ദന്റെ ചിരികെട്ടു.ട്രെയിൻ വേഗത്തിലായി.തുരങ്കപാതയുടെ ഇരുട്ടിലേക്ക് ഊളിയിട്ടതും ഹിന്ദിപ്പാട്ടിന്റെ റിംഗ് ടോണുണയർന്നു.രണ്ടു തവണയടിച്ചപ്പോൾ മംഗോളിയൻ പർദ്ദാക്കാരിയുടെ ബെർത്തിലേക്ക് കുരങ്ങുവേഗത്തിൽ മാറിയിരുന്നു.പർദ്ദാക്കാരി തല അവന്റെ മടിയിലേക്ക് കയറ്റി വച്ചു.ഫോണിന്റെ ഹെഡ് സെറ്റ്  പർദ്ദാക്കാരിയുടെ ചെവിയിലും മറ്റൊന്ന് മംഗോളിയനും ചേർത്തു. 

 "അതേടീ, സീനത്തേ ആ സാറന്മാരെ തട്ടിയത് ഞാനാ." പർദ്ദാക്കാരിയുടെ ഉരുമ്പരിക്കുന്ന വാക്കുകളിലേക്ക് വിവേകാനന്ദൻ നുഴഞ്ഞുകയറി. ചെവി ചരിച്ചു. മുഖത്ത് ഉറക്കമുണ്ടാക്കി.  "മാവോയിസ്റ്റോ കൂവോയിസ്റ്റോ ആരെ വേണോ പ്രതിയാക്കിക്കോട്ടെ.നിനക്കുപോലും ഞാൻ ശ്യാമയും നമ്മുടെ ബംഗാളി ബിശ്വാസുമാണ്.നിന്നോട് പർദ്ദ വാങ്ങിയത് അവൻമ്മാരെ രാത്രി കാണാൻ പോവാനായിരുന്നു.ആരു ചോദിച്ചാലും നിനക്കൊന്നും അറിയില്ല, നീയാർക്കുമൊന്നും കൊടുത്തിട്ടുമില്ല.പിന്നെ അവൻ ബിശ്വാസും കുശുവാസുമൊന്നുമല്ല.എന്നോടാവന് പ്രേമോമില്ല. നാട്ടിൽ വേറെ പെണ്ണും കൊച്ചുമുണ്ട്.എന്നെ വിളിച്ചു. മടിയിൽക്കിടന്ന് ഞാനിതാ പോകുന്നു." ട്രെയിൻ വല്ലാതെ ഇളകി.രഹസ്യം മുറിഞ്ഞു.വിവേകാനന്ദന് കാലുകളിലൂടെ ഭയമുള്ള തണുപ്പരിച്ചു കയറി.

നാടുമുഴുവൻ ചർച്ചയായ, മൂന്ന് പോലീസുകാരെ തട്ടിയ കേസിലെ പ്രതികളാണപ്പുറത്ത്. രാഷ്ട്രപതിയുടെ മെഡൽ നേടിയ തണ്ടർ ബോൾട്ടംഗവും കൊല്ലപ്പെട്ടവരിലുണ്ട്. മാവോയിസ്റ്റാക്രമണം സംശയിച്ചിരുന്ന അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത് ഈ അടുത്ത കാലത്താണ്.അസമയത്ത് നടന്നകലുന്ന പർദ്ദാക്കാരിയുടെ സി സി ടി വി ദൃശ്യം.ആ മൂന്നുപേർ ചേർന്ന ട്രസ്റ്റിന്റെ കീഴിലുള്ള കുടിവെള്ള പ്ലാന്റിൽ, ഒരാൾ മുങ്ങി മരിച്ച നിലയിലും മറ്റൊരാൾ വെടിയേറ്റും, ഒരാൾ തൂങ്ങിമരിച്ചും കണപ്പെടുകയായിരുന്നു.കമ്പനി തൊഴിലാളിയായ ബംഗാളിയാണ് പോലീസിനെ വിവരമറിയിച്ചത്.സർവീസിൽ കയറിയനാൾ മുതൽ ദയാനന്ദൻ, ശിവാനന്ദൻ, സദാനന്ദൻ എന്നിവരുടെ സൗഹൃദം, ഒന്നിച്ച് വിരമിച്ചതിന്റെ കൗതുകം, ത്രിയാനന്ദന്മാരുടെ 'ആനന്ദം ചാരിറ്റബിൾ ട്രസ്റ്റ്'.വിവേകാനന്ദന്റെ തലക്കുള്ളിൽ കഴിഞ്ഞ രാത്രികേട്ടിരുന്ന പ്രിയപ്പെട്ട ക്രൈം ഫയൽ വാർത്തകൾ എഴുതിക്കാണിച്ചു

"ട്രെയിനിലാടി, ഇടയ്ക്കങ്ങ് റേഞ്ച് പോകും നിന്നെ ചതിച്ചെന്ന് തോന്നരുത്‌..ബംഗാളീടൊപ്പം ചാടിപ്പോയ ശ്യാമ.ഈ കഥ മാത്രമേ നിനക്കുമറിയാവു.അവന്മാരുടെ കഥ നീയെങ്കിലും അറിയണമെന്നെനിക്ക് തോന്നി."ബിശ്വാസ് അടുത്ത ബെർത്തിലേക്ക് മാറിയിരുന്നു.ശ്യാമയുടെ ഫോണ് തുറന്ന് സിമ്മെടുത്ത് വായിലിട്ട് ചവച്ചു. അവൾ പറഞ്ഞതെല്ലാം വിവേകാനന്ദൻ ക്രൈം ഫയൽ രൂപത്തിലെ വാർത്തയാക്കി നോക്കി..

"നിന്റെ പെണ്ണിനെ ഞങ്ങളൊന്നും ചെയ്യൂല കരിച്ചേ, നീയൊന്നടങ്ങിക്കെടാ " പോലീസിനെ വെട്ടിച്ചുപോയ വാറ്റുകാരൻ ഏനസ്സിന്റെ പെണ്ണ്, കരിച്ച ഒമനയെ സദാനന്ദൻ പോലീസ് സെല്ലിലിട്ട് ചെയ്യുമ്പോൾ അവന്റെ പതിമൂന്നുകാരിപ്പെണ്ണിനെ ദയാനന്ദൻ പോലീസ് പുതിയൊരൈറ്റം പഠിപ്പിക്കുകയായിരുന്നു.
      ശിവാനന്ദൻ പോലീസ് കരിച്ച ഓമനയെ ചുവരിൽ ചാരി നിർത്തി "നിന്റെ കൊച്ചിന് തട്ട് ദോശ വാങ്ങാൻ നമ്മളെ ദയാനന്ദൻ സാറ് പോയെടീന്ന് .." കള്ളം പറഞ്ഞു.
       "നിന്റെ കൊച്ച് ഒറങ്ങിയെടീ" ദയാനന്ദൻ പോലീസ് കരിച്ചയെ കുനിച്ചു നിർത്തിപ്പറയുമ്പോൾ, കൊച്ചു പെണ്ണ് ഉറക്കെ വിളിക്കാതിരിക്കാൻ സദാനന്ദൻ പോലീസ് വാപൊത്തിപ്പിടിച്ചു..
         ഏനാസിനെ പിന്നീടാരും ജീവനോടെ കണ്ടില്ല .അമ്മേം മോളേം വെളുക്കും വരെ ചോദ്യം ചെയ്തിട്ടും തെളിവൊന്നുമൊത്തില്ല.ജീപ്പിൽ വീട്ടിൽ കൊണ്ടുവിട്ട ദയാനന്ദൻ പോലീസ് കൊച്ചുപെണ്ണിന് നൂറ്റി നാല്പത്തിനാല് രൂപയും ദോശയും രസവടയും കൊടുത്തു. കാടു കയറിയ ഏനാസിനെ കരടി പിടിച്ചെന്ന് പോലീസ് പറഞ്ഞു.പക്ഷെ കുളിപ്പിക്കാനെടുത്തവർക്ക് ഗുദം വഴികയറ്റിയ കമ്പിത്തുണ്ടിൽ തട്ടി കൈ മുറിഞ്ഞു.കേസുമായിപ്പോയ കരിച്ച നട്ടെല്ലുപൊട്ടി കിടപ്പിലുമായി.കൊച്ചുപെണ്ണിനെ പള്ളിക്കാര് തെക്കെങ്ങോയുള്ള ബാലികാമന്ദിരത്തിൽ  ചേർത്തു. ഏനാസിന്റെ കുഴിയിൽ മൈലാഞ്ചി വച്ചതുകൊണ്ട് കരിച്ചയുടെ കുഴിവെട്ടാൻ പോയവർക്ക് സ്ഥലം തെറ്റിയില്ല..
     
        ശ്യാമയുടെ കഥയിലെ  മൂന്നാനന്ദന്മാരിൽ ആർക്കാണ് തന്റെ കഥയിലെ വില്ലന്റെ മീശവച്ച മുഖം കൊടുക്കണമെന്നു ചിന്തിച്ചു.മുത്തശ്ശിയുടെ വിരലുകൾ മുടിയിലിഴഞ്ഞു.ഹിരണ്യകശിപുവിൽ നിന്ന് പ്രഹ്ലാദനെ രക്ഷിക്കാൻ മഹാവിഷ്ണു നരസിംഹമായി, നരസിംഹത്തിന്റെ തലകടിച്ചെടുക്കാൻ ശിവഭഗവാൻ ശരഭമൂർത്തിയായി.." ശരഭവും ശ്യാമയും ചേർന്ന പുതിയൊരവതാരത്തെയുണ്ടാക്കിയ വിവേകാനന്ദന് ഉറക്കത്തിലും ചിരിയുണ്ടായി.. 

                                                                              4.
"ഏതു വഴിക്ക് തിരഞ്ഞാലും അവന്മാർ ചത്തതിന്റെ കാരണം  കിട്ടത്തില്ല സീനത്തേ. ഒരുത്തൻ പണ്ട് നിലമ്പൂര് മാവോയിസ്റ്റുകളെ വെടി വച്ചതിന്റെ പ്രതികാരമെന്നല്ലേ ഇപ്പൊ ചിന്തിക്കണത്..? കച്ചോടത്തിൽ തമ്മിൽത്തല്ലി ചത്തതാണെന്നും വരുത്തതാനുള്ളതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.മൂന്ന് ആനന്ദന്മാരും ഞാനും  വാട്സപ്പിൽ നടത്തിയ ചാറ്റെങ്ങാനും കിട്ടിയാൽ പോലീസിന് ഒരു മസാലപ്പടം പിടിക്കാനുള്ള വകയുണ്ട്. കിളുന്ത്പെണ്ണിനു വേണ്ടി ആ കെളവന്മാർ തമ്മിൽത്തല്ലി ചത്തതെന്ന് വിചാരിച്ച് കേസ് ആ വഴിക്കും കൊറേക്കാലം പോകും. പിന്നെ ഇതെല്ലാം കഴിഞ്ഞ് എന്റെ നേർക്ക് തിരഞ്ഞാലും ഞാനാരാന്നും എവിടാന്നും  കണ്ടുപിടിക്കാൻ, പേരും വിലാസവുമില്ലാത്ത നൂറായിരം മനുഷ്യരുള്ള ഈ നാട്ടിൽ മൂക്കിട്ട് ക്ഷ, ണ്ണ  വരയ്ക്കണം..." 

        റേഞ്ചില്ലാത്ത ഒരിടത്ത് ബിശ്വാസിന്റെ ഫോണും നിലച്ചു.അവൻ നിലത്തിറങ്ങി വാതിലിലൂടെ  ഓരോ ഭാഗങ്ങളും വലിച്ചെറിയുന്നത് ശ്യാമ നോക്കി.പർദ്ദയഴിച്ച് ബാഗിനുള്ളിലേക്ക്  മാറ്റിവയ്ക്കുന്നതിനിടയിൽ തൊട്ടപ്പുറത്ത് വിവേകാനന്ദന്റെ കൂർക്കം വലിയിലേക്ക് ശ്യാമയുടെ നോട്ടം വീണു.മീശയില്ലാത്ത സുന്ദര മുഖത്തിന് പണ്ട്  കാടുകയറിയ ഏനസ്സിനോട് സാമ്യം തോന്നി. 

                                                                       5. 
സൂര്യകാന്തിത്തോട്ടത്തിന് നടുവിലൂടെ മഞ്ഞിച്ച തീവണ്ടി പാഞ്ഞു പോകുന്നു.ഉള്ളിലെ വെയിലിനും മഞ്ഞ നിറം.ഏറെ നാളുകൾക്ക് ശേഷമാണ് ഇത്രയും നേരമുറങ്ങിയത്.താഴത്തെ സീറ്റിൽ ബിശ്വാസിന്റെ തോളിൽ ശ്യാമയും ഉറക്കത്തിലാണ്.വിവേകാനന്ദൻ മുഖം കഴുകി വന്ന് അവരുടെ എതിർ വശത്തിരുന്നു.കൂപ്പയിൽ തെറ്റിയും തെറിച്ചും കുറച്ചാളുകൾ. അവർക്കെല്ലാം ബിശ്വാസിന്റെ മുഖവും നിറവും.ഫാനിന്റെ മുകളിലിരുന്ന ചെരിപ്പിളകി വീണ് ശ്യാമ ഉണർന്നു.മറ്റൊന്ന് തെറിച്ചു പുറത്തേക്കും പോയി.മൂന്നു ചിരി ഒന്നിച്ചു വിരിഞ്ഞു. ബിശ്വാസുൾപ്പെടെ ആ കൂപ്പയിലെ പലർക്കും ചെരിപ്പുകളില്ലെന്ന് വിവേകാനന്ദൻ ശ്രദ്ധിച്ചു. ഓടാൻ തുടങ്ങിയവർക്ക് ചെരിപ്പൊരു ബാധ്യതയാണെന്ന് സമാധാനിച്ചു.
            മഞ്ഞയിൽ കറുപ്പ് പുള്ളികളുള്ള ചുരിദാറിന്റെ ഉള്ളിലെ കറുത്തുമെലിഞ്ഞ ഈ പെണ്ണ്  മൂന്നു പോലീസുകരെ കൊന്നതെങ്ങനെയായിരിക്കും.? തന്റെ മൂന്ന് വിരലുകൾ ചേർത്താലത്ര വലിപ്പമേ അവളുടെ കൈത്തണ്ടക്കുള്ളു.മുഖത്തിന് ഒരു തുമ്പിയുടെ വലിപ്പം എന്നിട്ടും.?.ക്രൈം ഫയലിൽ താൻ നായകനായ കുറ്റവാളി, ഇൻസ്‌പെക്ടരുടെ നെറ്റിയിൽ ചേർത്ത തോക്കിന്റെ കാഞ്ചി വലിക്കുന്നതോർത്തു. ഇൻസ്പെക്ടരുടെ മീശവച്ച മുഖത്തെ കരച്ചിലു കണ്ടു ചിരി നിയന്ത്രിക്കുന്ന വിവേകാനന്ദനോട് ശ്യാമ സംശയത്തോടെ തിരക്കി.
                              "കേരളത്തിലെവിടെയാണ്..?"
ഉത്തരത്തിനൊരുങ്ങുമ്പോൾ ബിശ്വാസ് പെട്ടെന്ന് ചങ്ങല വിലിച്ചു.തീവണ്ടി സൂര്യകാന്തികളുടെ നടുവിൽ പെരുക്കനട്ടയായി.ഒരു ചെറിയ പൊതി ശ്യാമ വിവേകാനന്ദന് നൽകി.ഒരേ മുഖമുള്ള ആണും പെണ്ണും തോട്ടങ്ങളുടെ നടുവിലൂടെ ഒറ്റ വരിയായി നടക്കുന്നു.ഏറ്റവും പിന്നിൽ ബിശ്വാസിന്റെ ചുമലിലിരുന്ന ശ്യാമ വിവേകാനന്ദനോട് തോക്കുപോലെ കൈ ചൂണ്ടി. പൊതിയിലിരുന്ന തോക്കിൽ വിവേകാനന്ദൻ തൊട്ടു. വിയർപ്പുപ്പ് വീണ് മുറിവ് പിന്നെയും നീറി.
    ഒപ്പം പോകാനായില്ലെങ്കിലും തന്റെ കഥയെങ്കിലും പറയണമെന്നുണ്ടായിരുന്നു. ചങ്ങല വലിച്ചവരെ തിരക്കിവന്ന വന്ന മീശയില്ലാത്ത കാക്കികൾക്ക്  അങ്ങ് ദൂരെ പൊട്ടുപോലെ കാണുന്ന ശ്യാമയുടെ തലയിലേക്ക് വിവേകാനന്ദനും വിരലുകൾ തോക്കുപോലെ ചൂണ്ടിക്കാണിച്ചു.
          പെട്ടെന്ന് ഒരു കൂട്ടം കറുത്ത തുമ്പികൾ കൂപ്പയിലേക്ക് പറന്നു കയറി.അവയെ ഭയന്നിട്ടെന്നോണം തീവണ്ടിയുടെ വേഗതയും കൂടി...
                                                                                                      ( 27/04/2016)

സൂചനകൾ ( വന്നവർ ഇതിൽ തിരുത്തലുകൾ  വരുത്തിയിട്ടില്ല)

ശരഭമൂർത്തി.
പ്രഹ്ലാദനെ രക്ഷിക്കാനവതരിച്ച നരസിംഹാവതാരത്തിന്റെ കോപം ശമിപ്പിക്കാൻ വിരഭദ്രനും ഭദ്രകാളിയും ചേർന്ന് ശരഭാവതാരമുണ്ടായി.ശിവപുരണത്തിലും.നാടോടിക്കഥകളിലും പ്രചരിക്കുന്നു.വൈഷണവവാദികൾ ഈ കഥകൾ അംഗീകരിക്കുന്നില്ല.
(ചിലപ്പോൾ അവരെന്നെ തല്ലിയേക്കും)
നരസിംഹം മോഹൻലാൽ സിനിമാണെന്നും ചിലർ അവകാശമുന്നയിക്കുന്നു.അതിലെ മീശയാണ് ഈ കഥയിലെ ഇൻസ്പെക്ടക്കെന്നാണ് എന്റെ സൂചന.
          
         അടിക്കുറിപ്പ് സഹിതം ഇത്രയുമാണ്  ആ കഥയിൽ ഞാനെഴുതിയത്.സമ്മതമില്ലാതെ എന്റെ കഥയുടെ ക്ളൈമാക്‌സ് തിരുത്തിയെഴുതാൻ അവർക്കെന്താണവകാശം.? മീശയില്ലാത്ത ഒരു സുന്ദരനാണ് കഥയിൽ തിരുത്തുകൾ വരുത്തിയത്. 
          ഇതുമൊരു മനുഷ്യാവകാശ പ്രശനം തന്നെയല്ലേ..? ഇവിടെ നിയമവും കോടതിയുമുണ്ടോന്നു ഞാനൊന്നു നോക്കട്ടെ..!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636