Friday 24 August 2018

പനി

പനി..!!

"ഒരിടത്തൊരിടത്ത് വൃത്തം തെറ്റിയ ഒറ്റവരിക്കവിതയും,
ഇതിവൃത്തമില്ലാത്ത കഥയും ജീവിച്ചിരുന്നു.
വായനയില്ലായ്മയുടെ  ഒരു നിശ്ബ്ദ മുഹൂർത്തത്തിൽ
അവർ പ്രണയിക്കാൻ തുടങ്ങി,
ഇത്തിരി വെട്ടം വീഴാൻ തുടങ്ങിയ
മൂന്നായാമത്തിൽ ഒന്നായി നടക്കാനിറങ്ങി.
കഥയ്ക്ക് പനിയുണ്ടായിരുന്നു..
കവിതയ്ക്കും പനിക്കാൻ തുടങ്ങി..!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)

Thursday 9 August 2018

ഒണപ്പാട്ടുകൾ...!!

ഓണപ്പാട്ടുകൾ...!!

...വട്ടത്തിൽ പപ്പടം പൊട്ടിച്ച് ഊണാണ് ഓണമെന്ന് ഞാൻ നാലു ബിയിൽ  പറഞ്ഞപ്പോൾ
പിൻ നിരയിലിരുന്ന രണ്ട് കുട്ടികൾക്ക് ചിരിസഹിച്ചില്ല..
രണ്ടിന്റേയും കുഞ്ഞി ചന്തി നിറയെ ഞാൻ തല്ലുകൊടുത്തു...
ഓണപ്പരീക്ഷയ്ക്ക്  ജയിക്കാൻ
എല്ല കുട്ടികളും ഒരു ഓണപ്പാട്ട് എഴുതണമെന്ന് ഗൃഹപാഠവും കൊടുത്തൂ..

"പൂവേപ്പൊലി പൂവേപ്പൊലി"
പാടി കുന്നിക്കുരുവിന്റെ അറ്റത്തെ കറുപ്പുപോലുള്ള കാടിന്റെ കുട്ടി അവന്റെ  കുന്നിന്റെ മണ്ടയിലെത്തിയപ്പോൾ
അവന്റെ കാടമ്മ എസ്റ്റേറ്റ് മൊതലാളിക്കൊപ്പം കുശിനിപ്പണിക്ക്  പോയിരുന്നു...

ചെമ്പിച്ച മുടിയുള്ള തെരുവിന്റെ കുട്ടി "ആധികൾ വ്യാധികൾ ഒന്നുമില്ലാന്ന്" പാടിപ്പാടി വന്നപ്പോൾ
ഒരു ഫ്ലാറ്റിന്റെ കൂറ്റൻ മതിലിന്റെ കിഴക്കേയറ്റത്ത് അവന്റെ നാടോടിയമ്മ ദേ, വീണ്ടും പെറ്റുകിടക്കുന്നു..

മറ്റുകുട്ടികൾ "മാനുഷ്യരെല്ലാരുമൊന്നുപോലേന്ന് " പാടിപ്പാടി വീട്ടിലേക്ക് പോയി.
"ഓണമുണ്ടവയറേ ചൂളം" എന്ന്  ഞാനും ഉറക്കെപ്പാടിക്കിടന്നുറങ്ങി...!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)

Wednesday 8 August 2018

പാൽത്തൂ ജാൻവർ...!!

പാൽത്തൂ ജാൻവർ..!!

"ഗായി ഏക്ക് പാൽത്തൂ ജാൻ വർ ഹേ ഹോ ഹൈ.."
ഇതുകേട്ട് ധർണപന്തൽ മുഴുവൻ ചിരിച്ചു..
"ഗായി കാ  ദൂത്ത് മീഠാ ഹേ‌‌‌.." ഇതും പറഞ്ഞ്
നന്ദിനി ടീച്ചറിന്റെ നെഞ്ചിലേക്കുള്ള  എന്റെ നോട്ടം കൂടിയായപ്പോൾ ആണുങ്ങൾക്കും ചിരിയടക്കാനായില്ല.
ഹിന്ദിയിൽ തന്നെ ഏതോ തെറിയും പറഞ്ഞ്..
ടീച്ചർ പന്തലിന്റെ ഒരു വശത്ത് പോയിരുന്നു.

വകുപ്പിന്റെ അലംഭാവത്തെക്കുറിച്ച് മുന്നിൽ നിന്ന് പ്രസംഗിക്കുമ്പോൾ എല്ലാവരും കൈയടിക്കുന്നു.
നന്ദിനി ടീച്ചർ എന്നെ രൂക്ഷമായി നോക്കിയിരിക്കുന്നു.
ഒന്നുരണ്ടിടത്ത് പതറിയപ്പോൾ സമരത്തിന് അഭിവാദ്യം അർപ്പിച്ച് എനിക്ക് ഇരിക്കേണ്ടിവന്നു..
പിന്നെ എനിക്ക് അവിടിരിക്കാൻ തോന്നിയില്ല വേഗം ഈ ധർണ്ണ ഒന്ന് തീർന്നാൽ മതിയെന്നായി‌‌‌.

എല്ലാവരും എഴുന്നേറ്റ് പോയിട്ടും‌ അവർ ഇരുന്നിടത്തുനിന്നും അനങ്ങിയിട്ടില്ല. ആ നോട്ടംഎന്റെ നേർക്ക് തന്നെ.
ഞാൻ ഗേറ്റ് കടന്ന് ഓട്ടോസ്റ്റാന്റിൽ നിൽക്കുമ്പോൾ സമരക്കാരെ തടയാൻ അവിടുണ്ടായിരുന്ന ഒരു പോലീസുകാരന്റെ ബൈക്കിന് പിന്നിലിരുന്ന് അവർ പോകുന്നു.
തിരിഞ്ഞ് എന്നെ നോക്കുന്നുണ്ട്..

തീയേറ്ററിലേക്കുള്ള ഓട്ടോയിലും , സിനിമയ്ക്കിടയിലും
നാലുമുപ്പതിന്  ബത്തേരിക്കുള്ള  ബസിനെക്കുറിച്ചും
നാളെ പകലുവരെയുള്ള യാത്രയ്ക്ക് മുൻപ് എന്തേലും‌ കഴിച്ച് ഒരു സൈഡ് സീറ്റ് പിടിക്കുന്നതിനെക്കുറിച്ചുമായിരുന്നു...

തീയേറിലിരുന്നപ്പോൾ സമരവേദി ഇടയ്ക്ക് കയറിവന്നു..
വടക്ക് ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് തെക്കോട്ട് കിട്ടണം.
അവിടിരിക്കുന്നവർക്കാണെങ്കിൽ അവിടെന്ന് മാറാനും പറ്റൂല. നാഥനില്ലാകളരിയായ വകുപ്പിൽ ഇതിന്റെ പേരിൽ കേസും വഴക്കും തന്നെ.‌‌.
സംഘടനകാരാണെങ്കിലോ പിരിവിനല്ലാതെ ആ വഴിക്ക് വരാനുമില്ല.. പലതവണയിട്ട കരട്-മെയിൻ പട്ടികകൾ പട്ടികമാത്രമായി കിടന്നു. അവനവൻ തുരുത്തായ ഈ വകുപ്പിൽ സംഘട ശക്തിയുമില്ല..
വേറെ കുറേയെണ്ണത്തിന് സ്കൂളിനെക്കാൾ എൻട്രൻസ് കോച്ചിംഗിലാണ് താല്പര്യം അതിൽ നിന്നും കിട്ടുന്ന ലാഭത്തിൽ ഒരു പങ്ക് കാലാകാലങ്ങളായി ട്രാൻസ്ഫർ നടത്താതിരിക്കാൻ വക്കീൽ ഫീസായി ചിലവാക്കുന്നുണ്ട്.അതിനിടയിൽ  സംഘടനാ നേതാക്കളുടെ വക കൈത്താങ്ങും..ഈ പരസ്പര സഹായ സംഘത്തിനെ പൊളിക്കാനാണ് ഇത്തവണ സമരവുമായി ഇറങ്ങിയത്...

ഹെഡ് ക്വാർട്ടേഴ്സിന്റെ മുന്നിൽ ഇലയിട്ട് നിരാഹാരമിരുന്നും, പാതിരാത്രിയും പൊരിവെയിലത്തും  ക്ലാസെടുത്തും സർക്കാരിനെ ഈ പ്രശ്നങ്ങൾ അറിയിക്കാനാണ് ശ്രമം...
അതിനിടയിൽ നന്ദിനി ടീച്ചർ ക്ലാസെടുക്കുമ്പോഴാണ് ആകെ അറിയാവുന്ന ഹിന്ദി വിജ്ഞാനം ഞാൻ വച്ചു കാച്ചിയത്. എല്ലാവരും ചിരിച്ചെങ്കിലും അവരുടേത് ഒരു മറ്റേടത്തെ നോട്ടമായിപ്പോയി. ഇപ്പൊഴും ആ തിളച്ചകണ്ണുകൾ മുന്നിൽ നിൽക്കുന്നത് പോലെ...

സ്റ്റാൻഡിന് പുറകിലെ മുറുക്കാൻ കടയിൽ നിന്ന് ഒന്ന് പുകച്ച്,
ചുണ്ടിനടിയിൽ തിരുകാനുള്ളതും വാങ്ങി ബസിൽ കയറി മുപ്പത്തിരണ്ടാമത്തെ സീറ്റ് കൗണ്ടറിൽ ചെന്ന് അഞ്ചുരൂപയ്ക്ക് റിസർവ്വ് ചെയ്തു. സീറ്റിൽ എത്തുമ്പോൾ ഒരു മിനിട്ട് ഞാൻ ചത്തതുപോലായി. ചുണ്ടിനടിയിൽ തിരുകിയ *ചൈനിഖാനിയുടെ പാക്കറ്റ് വായിലേക്ക് ഇളകിവീണു.
മുപ്പത്തിമൂന്നിൽ  ഹിന്ദിക്കാരിയുടെ തുറിച്ച് നോട്ടം..

"സീറ്റ് ബുക്ക് ആക്കിയോ..? സാറിരിക്ക് ഞാനും ആനമലയ്ക്കാ, ബത്തേരീന്ന് പിന്നേം.."ഞാൻ സൈഡ് സീറ്റിനോട്
ചേർന്നിരുന്നു മൂന്നാളുടെ സീറ്റായിട്ടും അവർ ഒരു കൂസലുമില്ലാതെ എന്നെ ചേർന്ന് ഇരിക്കുന്നു...

"ദേ ആ കോപ്പൊന്ന് തുപ്പിക്കളയ്
എനിക്ക് തലചുറ്റുന്നു, നിങ്ങളൊക്കെ  ഒരു മാഷാണോ..‌"
ഞാൻ വേഗം ഉമിനീരിനൊപ്പം പുറത്തേക്ക് തുപ്പി. അവർ കുപ്പിവെള്ളം എന്റെ നേർക്ക് നീട്ടി. വാങ്ങി വായയിൽ നന്നായി നനച്ച് പുറത്തേക്ക് ആരുടെയും പുറത്ത് വീഴില്ലെന്ന് ഉറപ്പ് വരുത്തി തുപ്പിക്കളഞ്ഞു. അതിനിടയിൽ ഒരു വൃദ്ധൻ  കവറിൽ മധുരനാരങ്ങകൾ അവരെ  ഏല്പിച്ച് പുറത്തേക്ക് നടന്നു..

"അച്ഛാ, ഞാനെത്തീട്ട് വിളിക്കാം, ഞാനിനി അങ്ങ് വീട്ടിലേക്കേ വരൂ. നമുക്ക് എല്ലാം മറക്കാം..
ഇതും അവിടേക്കുള്ള മാഷാണ്, സമരത്തിന് വന്നതാ.."
വൃദ്ധൻ ദയനീയമായി എന്നെനോക്കി, ചിരി മറന്നുപോയ ഒരാളുടെ
ചിരിക്കാനുള്ള ആയാസം അയാളുടെ ചുണ്ടുകൾ പ്രകടിപ്പിക്കുന്നുണ്ട്.എങ്കിലും ആ കണ്ണുകൾക്ക് വല്ലാത്ത കരുത്ത്..

"അച്ഛനാണ്, നാല്പതിലും മകളെ സ്കൂളിലേക്ക് പറഞ്ഞയയ്ക്കാൻ ഗതികേടുള്ള അച്ഛൻ."എന്നെക്കുറിച്ച് ഒരു വിശദീകരണം കൊടുത്തത് അവരുടെ സ്വകാര്യതയിലേക്ക്  നുഴുഞ്ഞു കയറാനാണെന്ന് അവർക്ക് മനസിലായിട്ടാകണം...

"വാട്സ്പ്പിലും ഗ്രൂപ്പിലും നിറഞ്ഞ്‌ നില്പല്ലേ.  സ്കൂളിലെ മലയാളം ടീച്ചറിന്റെ കൈയിൽ നിന്ന് ഒരിക്കൽ നിങ്ങടെ ഒരു പുസ്തകോം കിട്ടി..."
തുടക്കത്തിൽ തന്നെ എന്റെ നുഴഞ്ഞുകയറ്റ ശ്രമം പാളി. അടുത്ത്
സമരത്തിന്റെ വരാൻ പോകുന്ന വിജയത്തെക്കുറിച്ചായാലോ, അതാകുമ്പോൾ സിമ്പതിക്ക് ഒരു സ്കോപ്പുണ്ട് എന്ന് ചിന്തിക്കുന്നതിനിടയിൽ അവർ അടുത്ത വെടിപൊട്ടിച്ചു...‌

"ഇന്നവിടെക്കിടന്ന് നിലവിളിക്കണതും പ്രകടനോം കണ്ടിട്ട് എനിക്ക് നിങ്ങളോടൊക്കെ സഹതാപമാ തോന്നിയത്. ഞാനിതും കൂട്ടി പന്ത്രണ്ടാമത്തെ വർഷമാ.
ഇതിനിടയിൽ ഒരാറുമാസം നാട്ടിൽ കിട്ടി ഒരു സംഘടനാ നേതാവ് പ്രിൻസിപ്പലായി വന്നപ്പോൾ എന്നെ വീണ്ടും ആനമലയ്ക്ക് തട്ടി, കഴിഞ്ഞ നാലുകൊല്ലം നടന്ന സമരത്തിലൊന്നും ഞാൻ വന്നില്ല..
എനിക്കറിയാം ഈ സമരോം തോൽക്കും.."

എനിക്ക് വല്ലാതെ ദേഷ്യം തോന്നി.
എന്റെ ഹിന്ദിപ്രയോഗം ഇവരുടെ ഉള്ളിൽ പകയായ് പുകയുന്നുണ്ടാകും..

"വിഷമിപ്പിക്കാൻ പറഞ്ഞതല്ല,
മാഷ് ഹിന്ദിപറഞ്ഞതിൽ ഉള്ള ദേഷ്യോം അല്ലാട്ടോ‌. കഴിഞ്ഞ കൊല്ലങ്ങളിൽ ഈ വകുപ്പ് ഒഴികെ എല്ലാടത്തും‌ സ്ഥലമ്മാറ്റം ഒരു കുഴപ്പവുമില്ലാതെ നടക്കുന്നുണ്ട്, ഇവിടത്തെ കാര്യം ഞാനൊന്നും പറയണ്ടല്ലോ..."
അവർ കവർ തുറന്ന് മധുരനാരങ്ങയെടുത്ത് പൊളിക്കാൻ തുടങ്ങി..അതിന്റെ മണം ബസിൽ നിറയുന്നു.
ഒന്നുരണ്ട് സീറ്റുകൾക്കപ്പുറത്ത് നിന്ന് 'ഓറഞ്ച് മാണത്തെ' പിന്തുടർന്ന് ഒരു കുഞ്ഞു വാശി ഉയരുന്നു..
ഒന്നു രണ്ടെണ്ണവുമായി അവർ അവിടേക്ക് പോയി.നിർബന്ധിച്ച് കുഞ്ഞിന്റെ അമ്മയെ ഏല്പിക്കുന്നു.അവിടെ നിന്ന് എന്തൊക്കെയോ സംസാരിക്കുമ്പോൾ ഒരു രാത്രി ഈ സീറ്റിൽ അവർക്കൊപ്പം ഉണ്ടായേക്കാവുന്ന സംഗതികളെക്കുറിച്ചായിരുന്നു എന്റെ ചിന്ത..

ബസിലെ നടുക്ക് സീറ്റിൽ സുന്ദരിയായ ഒരാളുമായി യാത്ര,
യാത്രക്കാരെ കൊതിപ്പിച്ചുള്ള  ഇരുത്തം, ചിരികൾ
മറ്റാരും കാണാതെ എന്റെ  വിരലുകളുടെ മാന്ത്രികത. ഇതൊക്കെ
എന്റെ വിചിത്ര ഭാവനകളിൽ എത്താറുള്ള ചിത്രങ്ങളാണ്...

"എന്താണിത്ര ചിന്ത, ആനപ്പാറയിൽ മാഷ് ഫാമിലിയായിട്ടാണാ...?"
ഞാൻ മറുപടി പറയാൻ‌ തുടങ്ങും മുൻപ് ഓറഞ്ചിന്റെ ഒരു കഷ്ണം എന്റെ ചുണ്ടോളം എത്തിയിരുന്നു..‌

"ഒന്നൂല്ല, അവിടെ ഒരു ലോഡ്ജിലാണ്, എല്ലാ ആഴ്ച്ചയും പോരും‌‌.." അടുത്ത അല്ലി വായിലേക്ക് തിരുകി തന്നിട്ട്

"എന്തേ, വിഷമിറക്കൽ ആഴ്ച്ചകണക്കിനാണോ...?  എന്താ ഭാര്യയ്ക്ക് ജോലിയുണ്ടോ..?"
അവർ ഓറഞ്ച് തൊലികൾ കവറിലിട്ട് മറ്റൊന്നെടുത്തു...

"ജോലിയൊന്നൂല്ല,
വീട്ടിൽ വെറുതേയിരിക്കുന്നു..‌" അവരുടെ നോട്ടത്തിൽ വീണ്ടും ഒരു പന്തികേട്

"വീട്ടിൽ വെറുതേയിരിക്കുന്ന പെണ്ണുങ്ങൾ. നിങ്ങളൊക്കെ എന്നെങ്കിലും ഒന്ന് മാറ്റിക്കാണാൻ ഞങ്ങൾ പെണ്ണുങ്ങൾക്കുള്ള ഏക ആഗ്രഹം ഈ ചിന്താഗതിയാണ്.."
ബസ് പതിയെ നീങ്ങാൻ തുടങ്ങി..
അവർ എന്റെ മടിയിലെ ബാഗെടുത്ത് മുകളിലെ കാരിയറിൽ വച്ചു. കൈയുയർത്തുമ്പോൾ മുന്നിലേക്ക് തള്ളുന്ന നെഞ്ചിൽ  എന്റെ നോട്ടം,
അവർ എന്റെ കണ്ണിലേക്ക് നോക്കി‌ പിന്നീട് കൂസലില്ലാത്ത ഒരു ചിരി ചുണ്ടിൽ വരുത്തി...

"എല്ലാ കുറുക്കന്മാരുടെയും കണ്ണ് ഇവിടെത്തന്നെ, ധർണയിൽ  ആർത്തി മൂത്തനോട്ടവും ഷോ കാണിക്കലും കണ്ടപ്പോഴേ ഉറപ്പിച്ചതാ ഇയാള് ഒരു പക്ക കോഴിയാണെന്ന്..."
അവർ കാലിൽ ഒരു സോക്സിട്ടു. തലയിൽ തണുപ്പ് കേറാത്ത വിധമുള്ള തൊപ്പിയും. അവർക്ക് എന്നെക്കാൾ ഉയരം ഞാൻ ഉയർന്നിരിക്കാൻ ശ്രമിച്ചു..
അവർ ഒരു ചിരിയോടെ അല്പം താണിരുന്നു..
ഞാൻ പുറത്തേക്ക് നോക്കി വായിൽ ഒരല്പം പെരുപ്പില്ലാതെ എങ്ങനെ നേരം  വെളുപ്പിക്കും? ചിന്ത വല്ലാതെ അലട്ടി...

എവിടേലും നിർത്തുമ്പോൾ ഒന്ന് തിരുകണം എന്നിട്ട് വായും കഴുകി കയറണം...
ഡിഗ്രിക്ക് കൂടിയ ശീലമാണ് മാറ്റാൻ പറ്റിയിട്ടില്ല.. സ്കൂളിൽ കുട്ടികളിൽ നിന്ന് അകലം പാലിക്കാൻ പ്രധാനകാരണവും ഇതാണ്..

"അതേ പെണ്ണുങ്ങളുടെ  അടുത്തിരുന്നാൽ തോന്നണ ഞരമ്പ് രോഗോന്നും ഇല്ലല്ലോ.? "
ഞാൻ ചിരിച്ചെന്ന് വരുത്തി വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു..
ബസ് ചരിയുമ്പോൾ മുന്നിലെ കമ്പിയിൽ മുറുകെ പിടിച്ച് സ്പർശനത്തിൽ പോലും ഞാൻ മാന്യനാകാൻ ശ്രമിക്കുമ്പോൾ അവർ അതിൽ ഒരു ശ്രദ്ധയും കാണിക്കുന്നില്ല. ബ്ലൂലേഡി പെർഫ്യൂമിന്റെ വാസന നിയന്ത്രണം വല്ലാതെ തെറ്റിക്കുന്നുണ്ട്..‌ പതിയെ എഴുനേറ്റ് മുൻ സീറ്റ് കാലിയാണോ എന്ന് നോക്കാൻ നടത്തിയശ്രമവും പാളി.അവർ പിന്നിലൂടെ  ബനിയനിൽ പിടിച്ച് ഇരുത്തി.

"അതേ ഒരുപാട് മാന്യനാവല്ലേ. മര്യാദയ്ക്ക് അവിടിരുന്നോണം ആണുങ്ങള് തൊടുന്നതും‌ പിടിക്കണതും  ഞങ്ങൾക്കിഷ്ടാണ്.. ഒരു താല്പര്യവും തോന്നിപ്പിക്കാതെ 
പക്ഷേ നല്ലൊരു കൂട്ടരും ഏതാണ്ട് പച്ചമാംസത്തിൽ പട്ടികടിക്കണ സുഖാണ് തരാറുള്ളത്...."
അവർ എന്നോട് കൂടുതൽ ചേർന്നിരുന്നു..

"എന്റെ സ്കൂളിലെ ഒരു സുന്ദരിക്കോതയ്ക്ക് നീ അയയ്ക്കണ വാട്സ് ആപ്പ് മെസ്സേജൊക്കെ അവള് എന്നെ കാണിക്കാറുണ്ട്,
നീ മാത്രല്ലാ എത്ര എണ്ണത്തിനെയാ അവള് മെയിന്റേൺ ചെയ്യണത്.
ഇടക്കിടെ അവൾക്ക് ചില യാത്രകളൊക്കെ ഉണ്ട്..
അത് കഴിഞ്ഞ് വന്ന് കൊതിപ്പിക്കണ തരത്തിൽ വിശദീകരിക്കും.
അത് കേട്ട് കേട്ട് ഒരു കുഴിയിൽ ഞാനും ഈയിടെ വീണൂന്ന് പറയാം..."
എനിക്ക് ചിരിക്കണമെന്നുണ്ട് പക്ഷേ ആയുധ ഇടപാട് പോലെ  ഞാൻ കരുതിയതൊക്കെ അവൾ പരസ്യമാക്കിയതിലെ അമർഷവും ജാള്യതയും  ചിരിയെ മറ്റെവിടേക്കോ വലിച്ചുകൊണ്ടുപോയി....

"അതേ എനിക്ക്  മറ്റേപ്പണിക്ക് മുട്ടി നിന്നിട്ടൊന്നുമല്ലാട്ടോ ദേ, അവള് നന്നായി പ്രോത്സാഹിപ്പിച്ചു,
പിന്നെ അവൾടെ തന്നെ ഒരു  കൂട്ടുകാരന്റെ പാട്ടും കവിതേം സുഖിപ്പിക്കലും,
അതുമല്ല അവരുടെ കൂട്ടുകൃഷിക്ക് പണമിറക്കാൻ ഒരു പങ്കാളികൂടി വേണമായിരുന്നു.
സുരക്ഷയ്ക്ക് ഒരു ടീമായി ഇറങ്ങണതാ നല്ലത്..
എനിക്കും ചില ആഗ്രഹോക്കെ ഉണ്ടായിരുന്നു. എന്റെ ഗോപന്റെ വായിൽ നിന്ന്  ഏതുനേരവും
നീ നേരത്തേ വായിൽ ഇട്ടിരുന്നില്ലേ പട്ടിക്കാട്ടം പോലെ ഒരു സാധനം അതിന്റെ നാറ്റണ്.
എനിക്കാണെങ്കിൽ ചുണ്ടേൽ ഉമ്മവയ്ക്കണത് എന്തിഷ്ടാന്നോ. ഗോപന്റെ വായീന്ന് ആ നാറ്റം ഒ ഇറങ്ങിപ്പോയ നേരോം ഇല്ല,
തൃപ്തിയായിട്ട് ഒരുമ്മപോലും..
ഒരു വാഴയ്ക്കയോ വഴുതനയോ കൊണ്ട് ചെയ്യാൻ പറ്റണൊതൊക്കയേ ഗോപേട്ടനും കാട്ടികൂട്ടാറുള്ളൂ..."

അവർ പകുതിയിൽ  നിർത്തി ബാഗിൽ നിന്ന് ഒരു ച്യുയിംഗം എടുത്ത് ഒന്നെനിക്ക് തന്നു ഒന്നു രണ്ടെണ്ണം അവരും വായിലേക്കിട്ടു.
ഞാൻ അപ്പൊഴും അവർ നടത്തിയ കൂട്ടുകൃഷിയിലെ കൂട്ടായ്മയെ ഭാവനചെയ്ത് നില്പായിരുന്നു...

" എന്റെ മൂത്തത്, ദിയ രണ്ടിലായപ്പോൾ ഇവിടെ കിട്ടിയതാ, അവിളിപ്പൊ പന്ത്രണ്ട് കഴിഞ്ഞു. എൻട്രൻസ് കോച്ചിംഗിന് എർണാകുളത്താണ്..
ദത്തൻ ഇക്കൊല്ലം പത്തും എന്നെക്കൊണ്ട് ഒരു ഗുണോം അവർക്ക് ഉണ്ടായിട്ടില്ലെന്നാ അവര് പറയണത്...
ആദ്യോക്കെ
അവധികിട്ടിയാൽ ലീവും ഒപ്പിച്ച് വീട്ടിലേക്ക് ഓടുമായിരുന്നു..
പിന്നെ ആഴ്ച്ചയിലായി,
ഇപ്പൊ മാസത്തിൽ.
ഗോപന്റെ മൂത്ത അമ്മായീടെ മോൾ ദേവിക കെട്ടും പൊട്ടിച്ച് വന്ന് നില്പുണ്ട് ദത്തനെ നോക്കാനെന്ന് പറഞ്ഞാ വന്നത്.എന്താപറയാൻ..
ഗോപൻ എനിക്ക് ബസിൽ ടിക്കറ്റ് ബുക്ക് ചെയ്ത് തരുന്നത് മുടക്കാൻ തുടങ്ങി.  ദേവിക അവധിക്ക് പോലും വീട്ടിൽ പോകാതായി അതിന് കുട്ടികളൊന്നും ഇല്ലാട്ടോ..? അവർ തമ്മിൽ നല്ല ചേർച്ചയാ..
എന്റെ മക്കളെന്ന് പറഞ്ഞാ അവൾക്ക്  ജീവനാണ്..
ഞാൻ ഇന്ന് പോരുമ്പോൾ പതിനെട്ട് തികഞ്ഞ പെണ്ണിന് അവൾ ചോറു വാരിക്കൊടുക്കുന്നത് കണ്ട് എനിക്ക് തന്നെ നിറഞ്ഞു.."
അവർ  ഒരു പുതപ്പെടുത്ത് പതിയെ പുതയ്ക്കാൻ തുടങ്ങി ഒരു ഭാഗം എനിക്കും തന്നു..

"ഇനിയങ്ങോട്ട് നല്ല തണുപ്പാണ്, ഗ്ലാസ് പിടിച്ചിട്ടോളൂ. ഞാനിപ്പൊ തണുപ്പൊക്കെ മാറ്റി നിർത്തലാ പതിവ്,
മറ്റേ കൂട്ടുകൃഷി എനിക്ക് വല്യ നഷ്ടായിരുന്നു കേട്ടോ‌.
എന്റെ ശമ്പളം ഗോപേട്ടന്റെ അകൗണ്ടിലേക്കാ പോയിരുന്നത്.
അതീന്ന് ഹോസ്റ്റൽ ഫീസും ചേർത്ത് ഒരു ഏഴോ എട്ടോ തരും അതും എനിക്ക് ചിലപ്പോൾ വേണ്ടിവരില്ല..
പിന്നെ അച്ഛന്റെ പെൻഷന്റെ പങ്ക് എല്ലാമാസവും കൈയിൽ വച്ചുതരും,
ഞാനാണ് വീട് വയ്ക്കാൻ
ലോണെടുത്തത് അതിന്റെ അടവിന്റെ സൗകര്യം പറഞ്ഞാണ് ശമ്പളം ഗോപേട്ടന്റെ അകൗണ്ടിലാക്കിയത്..
ഇങ്ങനെയൊക്കെ
മിച്ചം പിടിച്ച തുകയായിരുന്നു കൂട്ടുകൃഷിക്ക് ഇറക്കിയത്.. അവളൊപ്പിച്ച് തന്നോനാണെങ്കിൽ ഗോപേട്ടനെക്കാൾ കുളയട്ടയാ..,
ൽകഴിഞ്ഞ തവണ ഒരു സിനിമ കാണാൻ  കോഴിക്കോട് വരെ പോയതിന് അവൻ ഊറ്റിയത്  ഇരുപത്തൊന്നായിരം രൂപ..
സിനിമ മാത്രല്ല ഏതോ വല്യ ഹോട്ടലീന്ന് മൂക്ക് മുട്ടെ തിന്നു. പിന്നെ അവനും അവന്റെ കെട്ട്യോൾക്കും കുട്ടിക്കും തുണീം ചെരുപ്പും വാങ്ങി..
ഒരു രസോന്ന് പറഞ്ഞാൽ ഇതൊക്കെ ഞാൻ തന്നെ വാങ്ങിക്കൊടുത്തത് എന്നെക്കാൾ നാലുവയസ് കുറവുള്ള അവന്റെ പിറന്നാളായിരുന്നു അന്ന്.
എന്റെ മക്കൾക്കും കെട്ട്യോനും എന്റെ സെലക്ഷൻസ് ഒട്ടും പറ്റൂല. ഈ കഴിഞ്ഞ ഓണത്തിന് ദത്തൻ പോലും ഞാനെടുത്ത് കൊടുത്തത് ഇട്ടില്ല..
പിന്നെ കൂട്ടുകൃഷിക്കാരന്റെ നാലുവയസുള്ള ചെക്കൻ ഇട്ടിരുന്നത് ഞാനെടുത്തു കൊടുത്ത ഓണക്കോടിയാ.."

അവർ പുതപ്പിൽ മുഖം തുടച്ചപ്പോൾ ഞാൻ അവരുടെ കൈ മുറുക്കെപ്പിടിച്ചു...‌

"അല്ലാ നിനക്ക്  അസുഖം തുടങ്ങ്യാ"
എനിക്ക് ചിരിവന്നില്ല അവർ ചിരിച്ചിട്ട് എന്റെ കൈകൾ ചേർത്തുപിടിച്ചു.
അവർ പേഴ്സ് തുറന്ന് ഒരു ഏ റ്റി എം കാർഡ് എടുത്ത് എനിക്ക് നീട്ടി...

"ഇതാണ് എന്റെ വിവാഹമോചന രേഖ" ഞാൻ അത്ഭുതത്തോടെ അവരെ നോക്കി..

"എന്റെ അച്ഛൻ സ്ഥലം വിറ്റ് പത്തിരുപത് ലക്ഷം  എന്റേം ദിയേടേം പേരിൽ  ബാങ്കിലിട്ടുതന്നു...
അതും‌ സ്വപ്നം കണ്ട് ഗോപേട്ടൻ വലിയ ഏതോ കാറും ബുക്ക് ചെയ്തു.
അത് കിട്ടാൻ വേണ്ടിമാത്രാണ് ഗോപേട്ടൻ ഇപ്പൊ ഈ സ്ഥലമ്മാറ്റത്തിൽ ഒരിറ്റ് താല്പര്യം കാണിക്കണത്.
ഇന്നു പോരുമ്പോൾ എന്നോട്  ഏ റ്റി എം കാർഡ് ചോദിച്ചു. ഞാൻ കൊടുത്തില്ല അതിന് ബെഡ് റൂമിൽ മറ്റവളുടെ മുന്നിലിട്ട് ശരിക്ക് തല്ലിയെന്നല്ല കൊല്ലാൻ നോക്കിയെന്ന് പറയുന്നതാകും.‌‌.."
അവർ കൈകൾ എന്നെ വല്ലാതെ അർമർത്തിപ്പിടിച്ചു..
ചുണ്ടിൽ നിന്ന് ഒരു കരച്ചിൽ പുറത്ത് ചാടാൻ ആഞ്ഞ് നിൽക്കുന്നു‌‌‌‌...
ഞാൻ‌ അവരുടെ തോളിൽ ചാഞ്ഞ് ചുണ്ട് ചേർത്തു..

"അമ്മേക്കൊണ്ട് അങ്ങനേലും‌ ഞങ്ങക്കൊരു ഗുണോണ്ടാകട്ടേ‌‌...
ഇതു  പറഞ്ഞ എന്റെ മോൻ ദത്തന് പത്താം‌ ക്ലാസിൽ ഫുൾ ഏ പ്ലസ്സാട്ടോ.. "
ബസിന്റേതാണോ അവരുടേതാണോ വല്ലാതെ ഒരു വിതുമ്പലുണ്ടായി..

തൃശൂർ ചായയ്ക്ക് നിർത്തിയിട്ടും
അവർ ഇറങ്ങിയില്ല,
രണ്ടു ചായവാങ്ങി. പോക്കറ്റിലിരുന്ന ചൈനിഖാനിയുടെ പൊതി സ്റ്റാൻഡിലെ കുപ്പത്തൊട്ടിയിൽ ഇട്ടു.‌.
സിഗരറ്റ് എടുത്തെങ്കിലും വലിക്കാൻ തോന്നിയില്ല. ഞാൻ ചായ നീട്ടിയിട്ടും അവർ വാങ്ങിയില്ല. എന്നെ സൂക്ഷിച്ച് നോക്കുന്നു...

"ഇത് എന്റെ ഒരു സന്തോഷത്തിനാ, വായിൽ വയ്ക്കണ പട്ടിക്കാഷ്ടം ഇന്നുമുതൽ ഞാൻ ഉപേക്ഷിക്കുന്നു..." ചായവൽ വാങ്ങുമ്പോൾ അവരുടെ കണ്ണിൽ വല്ലാത്ത തിളക്കം.
ഞാൻ ഫാമിലിയെക്കുറിച്ച്  പറയാൻ തുടങ്ങിയതേയുള്ളൂ...

" മതി മതി..
ഫോട്ടോ സഹിതം ഞാനെല്ലാം കണ്ടിട്ടുണ്ട്.അവളെനിക്ക് എല്ലാം കാണിക്കും ഞങ്ങൾ ഒരു മുറിയിലല്ലേ..." ആ ചതിച്ചിയോട് എനിക്ക് പകമൂത്തു. ഒറ്റെയ്ക്ക്  ഒരുമുറിയിലെന്നൊക്കെ എന്നെ പറഞ്ഞ് ധരിപ്പിച്ചിരുന്നതല്ല.
ഞാനയച്ച ഫോട്ടോകളുടെ ഓർമ്മയിൽ എനിക്ക് ജാള്യതതോന്നി..‌

" പേടിക്കണ്ട ആ ഫോട്ടോകളൊക്കെ  അവൾ  നോക്കും എന്നേം കാണിക്കും ഡിലീറ്റാക്കും..
അങ്ങനെ സൂക്ഷിക്കാനാണെങ്കിൽ അവൾടെ ഫോൺ എന്നേ പൊട്ടിത്തെറിച്ചേനേ..."
ഞാൻ വശത്തെ  ഗ്ലാസ് നീക്കി, അതിനിടയിൽ നിന്ന് ഒരു കരച്ചിലുണ്ടായി, തൊണ്ടയിൽ കുരുങ്ങിയ കഫത്തോടൊപ്പം കയ്പ്പായ എന്തൊക്കെയോ  കാർക്കിച്ച് തുപ്പിയപ്പോൾ ആശ്വാസം‌ തോന്നി.

അവർ പുതപ്പുനിള്ളിലൂടെ എന്റെ  പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് കൈപ്പേശിയെടുത്ത് ചിത്രക്കൂട് തുറന്ന് നോക്കാൻ തുടങ്ങി..
മക്കളുടെയും‌ ഭാര്യയുടേയും ചിത്രങ്ങൾ വലുതാക്കി നോക്കുന്നു. ചിലതിലൊക്കെ അവരുടെ കണ്ണുകൾ വല്ലാതെ തടയുന്നു.‌‌.
പിന്നെന്തൊയോ ചോദിച്ചു.. ഉറക്കത്തിലേക്ക് വീഴുന്നതിനിടയിൽ ആ തണുത്ത കൈകൾ എന്റെ തോളിലൂടെ ചേർത്ത് പിടിക്കുന്നത് ഞാനറിഞ്ഞു..

ബത്തേരിയിൽ ചായകുടിച്ച് ഒന്നും‌ പറയാതെ ഇറങ്ങിപ്പോയപ്പോൾ അവരുടെ
ഫോൺ  നമ്പരെങ്കിലും വാങ്ങാതിരുന്നതിൽ വല്ലാതെ വേദനതോന്നി‌‌‌...

ആ ചതിച്ചി സുന്ദരിക്കോതയുടെ ഫോൺ വന്നിട്ടാണ്
ഞാൻ ആനമലയിലെ ഹോസ്റ്റലിൽ എത്തിയത്...

"പോസ്റ്റുമാർട്ടം കഴിഞ്ഞ് ബോഡി തിരിച്ചിട്ടുണ്ട്. സ്കൂളിൽ ഒരരമണിക്കൂർ വയ്ക്കാം തിരുവനന്തപുരത്തേക്ക് പോകാൻ ഒരാളെകൂടെ കിട്ടണം" സ്കൂളിന്റെ പ്രിൻസിപ്പൾ ഇൻ ചാർജ്ജ് ഉള്ള ടീച്ചറിത് പറയുമ്പോൾ കൂടെ പോകാൻ ഞാൻ തീരുമാനിച്ചിരുന്നു..
ആമ്പുലൻസിൽ ആ സുന്ദരിക്കോതയും കയറി. ഞങ്ങൾക്കിടയിലെ ഒരു വലിയ  സത്യമാണ് ഈ മരവിച്ചു കിടക്കുന്നത്...

" മാഷിനെങ്ങനെ ഈ ടീച്ചറെ അറിയാം" എനിക്ക് ഉത്തരമില്ലാത്തതുകൊണ്ട്
മറ്റൊരു ചോദ്യത്തിന് കുറച്ചു സമയം ഞാനെടുത്തു...

"പെട്ടെന്ന് ഇങ്ങനെ ഉണ്ടാവാൻ.?"  അവർക്ക് ഉത്തരങ്ങളേ ഉണ്ടായിരുന്നുള്ളു...

"വീട്ടിൽ നിന്ന് വന്ന രണ്ട് ദിവസം‌ വല്യ ചുമയും‌ ശ്വാസം‌ മുട്ടലുമായിരുന്നു. അതുകൊണ്ട് ഞാനും‌ ടീച്ചറിന്റെ റൂമിലായിരുന്നു..." മരണത്തിലും‌ അവർ കളവുകളെ രസകരമായി കൂട്ടി ചേർക്കുന്നു...

" രാവിലെ ആശുപത്രിയിൽ പോകണം എന്നു പറഞ്ഞ് ലീവെടുത്തു. ഉച്ചയ്ക്ക് വാർഡൻ വിളിക്കുമ്പോഴാണ് ഇത് ചെയ്തത് ഞാനറിയുന്നത്..."
അവർ കരഞ്ഞ് എന്റെ മുകളിലേക്ക് ചാഞ്ഞിരുന്നു.. ഞാൻ നന്ദിനി ടീച്ചറുടെ മുഖത്തേക്ക് നോക്കി.
അവർ എന്നെനോക്കി ചെറുതായി ചിരിക്കുന്നത് പോലെ തോന്നി.
രാത്രി എട്ടുമണിയോട് അടുത്തായിരുന്നു വീട്ടിൽ എത്തിയത്...

"ഗോപാ നീ പിടിക്കണ്ടെണ്ടാ, ഗോപനെ മാറ്റൂ, ദിയമോളേ നിന്റെ അമ്മപോയെടീ, ദത്താ നിന്റെ നന്ദുപോയെടാ.." ഏച്ചുകെട്ടിയ കരച്ചിലുകളും പറച്ചിലുകളും  ഉയരുന്നതിനിടയ്ക്കാണ്...

"മാറിനെടാ,
ന്റെ കുട്ടിയെ എനിക്ക് വേണം, അവളെ ഇവൻ ഇടിച്ച് കൊന്നതാ" ആ വൃദ്ധൻ ആളുകളെ വകഞ്ഞ് മാറ്റി മുന്നോട്ട് വരുന്നു.. ആരൊക്കൊയോ പിടിച്ചു തള്ളിയ ആ മനുഷ്യൻ എന്റെ മുന്നിൽ കമഴ്ന്നടിച്ചുവീണു.
പിന്നെ അവിടുണ്ടയതൊന്നും എനിക്ക് വിശ്വസിക്കാനാവണില്ല.

ഗോപനും മക്കളും ടീച്ചറുടെ ബാഗും സാധനങ്ങളും എടുത്ത് വീട്ടിലേക്ക് ഓടുന്നു. ആ വൃദ്ധൻ മകളുടെ ശരീരവുമായി  ഗേറ്റ് കടന്നു പോകുന്നു...
ഒരു ഇരുമ്പുവടിയുമായി അംഗരക്ഷനനെപ്പോലെ ഞാൻ മുന്നിൽ നടക്കുന്നു.‌.
വീടിന്റെ ഗേറ്റിന് മുന്നിൽ നിന്ന് ദത്തൻ വലിച്ചെറിഞ്ഞ കല്ല് എന്റെ നെറ്റിയിൽ കൊണ്ടു. വീണ്ടും
കല്ലുകളുങ്ങനെ ചീറിപ്പാഞ്ഞ് വരുന്നു‌‌‌. ആ സുന്ദരിക്കോതയും, ഗോപന്റെ അമ്മായീടെ മോളും ആവേശത്തോടെ കല്ലെറിയുന്നു...
മകളെയും ചുമന്ന് ഓടുന്ന ആ  വൃദ്ധനൊപ്പം എത്താൻ പോലും എനിക്കാകുന്നില്ല.
ആ സുന്ദരിക്കോതയുടെ മടിയിൽ തലവച്ച് ഗോപൻ കരയുന്നതിനിടയിൽ..
എന്നെ നന്ദിനിടീച്ചർ ഒരു മരത്തിന്റെ  ചുവട്ടിലേക്ക് ഒതുക്കിനിർത്തി.

"അപ്പൊ ടീച്ചർ ചത്തില്ലേ...?" ഇതുകേട്ട്
അച്ഛനും മകളും കുലുങ്ങി കുലുങ്ങി ചിരിക്കുന്നു..‌

"ഇല്ലെടാ പൊട്ടാ, ഞാൻ
ചത്തതുപോലെ കണ്ണടച്ച് കിടന്നതല്ലേ..." എന്നിട്ടവരെന്നെ ചേർത്തുപിടിച്ചു.
എനിക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ചിരികളങ്ങനെ വലിയ കല്ലുകൾ പോലെ ഞങ്ങളുടെ
അരികിലൂടെ ഉരുണ്ടുപോയി...

കസേരയിലെ ഉറക്കത്തിനിടയിലെ
എന്റെ ചിരികേട്ട് അടുത്തിരുന്ന മാഷിന് ചിരിവന്നു...

"നല്ല യാത്രാക്ഷീണോണ്ടല്ലേ മാഷേ..?  നിങ്ങടെ സമരത്തിന് വല്ല ഗുണോണ്ടാകോ.?"
മൂന്നാമത്തെ പിരീഡ് ക്ലാസിൽ ചെന്നപ്പോഴും ചിരിച്ചു ചിരിച്ച് മുന്നിലൂടെ ഉരുണ്ടുപോകുന്ന പാറകളുടെ ചിത്രമായിരുന്നു..‌
മുഖത്ത് വിരിയുന്ന ചിരികണ്ടിട്ട്  കുട്ടികൾക്കും ക്ലാസിലിരിക്കാൻ വല്ലാത്താ താല്പര്യമുള്ളത് പോലെ....

ഉച്ചഭക്ഷണ സമയത്ത്
പരിചയമില്ലാത്ത നമ്പരിൽ നിന്നും വന്ന സന്ദേശത്ത രസകരമായ ചിലത് വായിച്ചു..
അതിന് താഴെ നന്ദിനിയെന്ന് എഴുതിയില്ലെങ്കിലും എനിക്ക് ആളെ ഊഹിക്കാൻ  കഴിയുമായിരുന്നു..‌

അതല്ല ഇനിയെന്റെ
എന്റെ പ്രശ്നം. ഈ പറയുന്ന
ദൂരമൊന്നും  ഞാൻ കാറോടിച്ചിട്ടില്ല..? മൂന്ന് ദിവസമെന്നൊക്കെ പറഞ്ഞാൽ
നല്ല തുകയൊക്കെ ചിലവാകില്ലേ..? ഇനി  അവിടാരെങ്കിലും ഞങ്ങളെ...!!

കെ എസ് രതീഷ്, പന്ത
( ഗുൽമോഹർ 009)