Friday 25 December 2020

കരിനീല ഓർക്കിഡും ഒരു വേണുഗാനവും.

കരിനീല ഓർക്കിഡും ഒരു വേണുഗാനവും..!

     ജിയ വലിച്ചെറിഞ്ഞ ഫോണിലേക്ക് ആരോ വിളിക്കുന്നുണ്ട്.അതിനുള്ളിൽ നിന്നുള്ള വിതുമ്പലും വെളിച്ചവും തുടർച്ചയായി ഇറങ്ങിവരുന്നത് വേണു ശ്രദ്ധിച്ചു.തൊട്ടപ്പുറത്ത് മുറിയടച്ചിരുന്ന് മകളായ ജിയ സംസാരിക്കുന്നത്, അവളെക്കാണാൻ പതിവായി വരാറുള്ള പൂച്ചക്കണ്ണുകളുള്ള ചെറുപ്പക്കാരനോടാണ്.അച്ഛ്ന്റെ അവിഹിതങ്ങൾക്ക് കൂട്ടുകാരനോട് പരിഭവപ്പെടുന്ന മകൾ.
 
      മുരിങ്ങയിലകൾ മുറിയാകെ ചിതറിക്കിടക്കുന്നു.വേണുവിന്റെ മടിയിൽ നിന്നും ജിയ മുറത്തോടെ തട്ടിയെറിയുകയായിരുന്നു.ടീ.വിയിൽ നിന്നും ഏതോ സിനിമയുടെ സംഘർഷ രംഗത്തിലെ പശ്ചാത്തലസംഗീതം കേൾക്കാം.അതും നിർത്തിവച്ചിട്ട് വേണു കൈപ്പേശിയെ കാലുകൊണ്ട് തിരിച്ചിട്ടു.ഏറേറ്റ് സ്‌ക്രീനിൽ മുറിവ് വലകെട്ടിയിരിക്കുന്നു.എന്നിട്ടും വിതുമ്പലോടെ, മറുപുറത്ത് സ്പർശം കാത്തുനിൽക്കുന്നത് ലോകമറിയുന്ന ചിത്രകാരി ഭൂമികയാണെന്ന് പേരിട്ടോർമ്മിപ്പിക്കുന്നു.

    "ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്നെങ്കിൽ നിൽക്കാനും അറിയണം. ഏതുനേരവും അവിടെ ആ വരക്കാരിക്കൊപ്പമാണ്.എന്നാണ് നാട്ടുകാര് രണ്ടിനെയും പിടിച്ചുകെട്ടി. തോന്നിയ സൈറ്റിൽ കയറിയതുപോട്ടെ സ്വന്തം മോളുകൂടി  ഉപയോഗിക്കുന്ന ഫോണിൽ നിന്നും അതിന്റെ ഹിസ്റ്ററി ഡിലീറ്റാക്കാനെങ്കിലും തോന്നണ്ടേ.?" ജിയയുടെ വാക്കുകൾക്ക് ദേഷ്യത്തിന്റെ മുഴക്കം കൂടിക്കൂടി വരുന്നു.രതിവീഡിയോരസങ്ങൾ നോക്കിയിരുന്നതിന് അവളുടെ അമ്മ, ജ്യോതിയും ഒരിയ്ക്കൽ വേണുവിന്റെ മുഖത്തടിച്ചിട്ടുണ്ട്.ഒരു വാരം പിണങ്ങിക്കിടന്നിട്ടുണ്ട്. ആത്മരതി തിരഞ്ഞുപോയ വഴികൾ ഫോണിലുണ്ടാകുമെന്നും, ഏതോ പുതിയവേഷം നോക്കാൻ ഗൂഗിളിനോട് ചോദിക്കുന്ന കൂട്ടുകാർക്കിടയിൽ മകൾ അപമാനിതയാകുമെന്നും ആരുകണ്ടു ?.

          പൂച്ചക്കണ്ണുള്ള ചെറുപ്പക്കാരനെ വേണുവിനും ഇഷ്ടമാണ്.അതിന്റെ പേരിൽ മകളെയൊന്ന് സംശയിക്കാൻ പോലും അവസരം കിട്ടിയിട്ടില്ല.അച്ഛ്ന്റെ മുന്നിൽ പ്രേമം വറ്റിയ മകളുടെ നിലപാട് വന്നു വീണു. "പ്രേമമൊന്നും കഴുകിയൂറ്റി അടുപ്പിലിട്ടാൽ വെന്തു കിട്ടില്ലച്ഛ.ഒരു ജോലി ഒപ്പിച്ചിട്ട് ഈ വീടിന്റെ മുന്നിൽ വന്നാലേ, എന്റെ ഇഷ്ടംപോലും അവനറിയൂ.." ജിയ ജ്യോതിയിൽ നിന്ന് വളരെ മുന്നോട്ട് പോയിരിക്കുന്നു.ആ ചെറുപ്പക്കാരന്റെ പിറന്നാളിന് ഒരു ഉടുപ്പിനും, ഇന്റർവ്യൂവിന് പോകാ യാത്രാച്ചിലവിനും  ഭയമില്ലാതെ വേണു പണം കൊടുത്തു.

         വീടിന്റെ ചോദ്യങ്ങളെല്ലാം വേണു പുറത്ത് നിന്ന് പൂട്ടി.വർഷങ്ങളായിയുള്ള പതിവ്. അത്യാവശ്യം വന്നാൽ മറ്റൊരുത്തരം ജിയയുടെ പക്കലുണ്ട്.ഗേറ്റ് വലിച്ചടയ്ക്കുമ്പോൾ ജ്യോതി ഉള്ളിലിരുന്ന് പിറുപിറുക്കുന്നു.ഈ വീടും തന്റെ യാത്രകളും അന്നെല്ലാം ജ്യോതിയുടെ മാത്രം ഭാവനയായിരുന്നു. ഓർമ്മച്ചുവടുകളോടെ‌ വേണു നിരത്തിലേക്കിറങ്ങി നിന്നു..
      
     "മൊണ്ണ വേണുവിനെ" സാംസ്‌കാരിക വകുപ്പിലെ സൂപ്രണ്ടുവരെയെത്തിച്ചത് ജ്യോതിയാണ്. അവളുടെ നിറവയറിൽ തൊട്ട് 'ഇത് പെണ്ണാവും...' ആ വാചകം പൂർത്തിയാക്കാൻ വേണുവിനെ ജ്യോതിയന്ന് സമ്മതിച്ചില്ല.വീട്ടുകാരോട് പിണങ്ങിയ മുറപ്പെണ്ണിനൊപ്പമിറങ്ങിപ്പോന്നതും, ജോലി കിട്ടുവോളം പ്രണയം പൂർത്തിയാക്കാതെ അവൾ മാറ്റിക്കിടത്തിയതും,നഗരത്തിലെ ഒരുതുണ്ടുഭൂമി വില്പിച്ച് ഇവിടെ വീട് വച്ചതും,നല്ല നാളുകളിൽ തനിച്ചാക്കി മരിച്ചിറങ്ങിപ്പോയതും,ഓർമ്മിക്കുന്ന വേണുവിനെ ജിയ നോക്കിനിൽക്കുന്നുണ്ടായിരുന്നു."വേണൂന് ഒരു പെങ്കൊച്ചിനെയൊന്നും...." അടയുന്ന ഗേറ്റിന്റെ തുരുമ്പൻ ഹൃദയത്തിൽ നിറവയറോടെ ഇന്നുമിരിക്കുന്ന ജ്യോതിയുടെ ആത്മാവും പിറുപിറുക്കുന്നു..

     ജിയ ജ്യോതിയുടെ പുതുപ്പകർപ്പു മാത്രമാണ്.ദോശ തിരിച്ചിടാൻ ഏല്പിച്ചിട്ട് ചമ്മന്തിയിലേക്ക് പോകുന്ന ഭാര്യ.നിലം തുടയ്ക്കാൻ പറഞ്ഞിട്ട് അച്ഛൻ കഴുകിവച്ച പാത്രങ്ങളിൽ മണത്തു നോക്കുന്ന മകൾ.കുട്ടിയുടുപ്പിട്ട ആ പതിപ്പുമായി വിധുരവേഷത്തിൽ അതേ വീട്ടിൽ ഒരുഡസൻ കലണ്ടറുകളാണ് വേണു മാറ്റിയിട്ടത്.ജ്യോതിയെ തോല്പിച്ചെന്നു സ്വയമങ്ങനെ തോന്നിത്തുടങ്ങിയതായിരുന്നു.ഇല്ല.മുരിങ്ങയില നുള്ളാനേല്പിച്ചിട്ട് കൂട്ടുകാരിയുടെ പിറന്നാളാഘോഷിക്കാൻ പോയവളാണ് ഫോണും വലിച്ചെറിഞ്ഞ് മുറിയടച്ചിരുന്ന് വേണുവിചാരണ നടത്തുന്നത്..

     വീടിനെ ഒന്നുകൂടെ ഉഴിഞ്ഞ് ഗേറ്റിലെ താഴിന്റെ കരുത്ത്  ഉറപ്പ് വരുത്തി കവലയിലേക്ക് രണ്ട് ചുവട്. പരിചയമുള്ള ഓട്ടോയുടെ മുരൾച്ച പിന്നിൽ നിന്നു.പകലാണെങ്കിൽ സാംസ്കാരിക വകുപ്പ് കെട്ടിടത്തിന്റെ മുന്നിലേക്ക്, അല്ലാതെയുള്ളപ്പോൾ ഓർക്കിഡ് ഫ്‌ളാറ്റിലേക്ക്.ആ കവലയിലെ സകല ഓട്ടോക്കാർക്കും വേണുസാറിന്റെ നിലവിലുള്ള പോക്കുകളറിയാം..

      ഓട്ടോയിലൊട്ടിച്ചിരുന്ന അമ്മയും കുഞ്ഞും ചിരിച്ചു.വേണു തലചാരിവച്ചു.ജ്യോതിയുടെ ‌മണം. വശത്തെ കമ്പിയ്ക്ക് അവളുടെ തണുപ്പ്.കൈ മുറുക്കിപ്പിടിച്ചു.നിർത്തരുതെന്ന് എത്ര ആഗ്രഹിച്ചിട്ടും സീബ്രാവരകളുടെ മുന്നിൽ ഓട്ടോ നിന്നു.ചുവന്ന വിളക്കിന്റെ ഓരത്ത് സെക്കന്റുകൾ താഴേക്ക് കുതിക്കുന്നു.കറുപ്പിൽ വെള്ളവരച്ചതിൽ ചുവപ്പ് വെളിച്ചം പടർന്നിരുന്നു.പഴയൊരപകടം ഓർത്തിട്ടാകും വണ്ടികളുടേത് തനിക്കുവേണ്ടിയുള്ള കൂട്ടക്കരച്ചിലാണെന്ന് വേണുവിന് തോന്നി.

      കറുപ്പിലും വെളുപ്പിലും ചുവടുവച്ച് റോഡ് മുറിക്കുന്ന വേണുവിന് ഒരു കെട്ട് ചീരയും തോളിൽ ജിയയും.പിന്നാലെ വരുന്ന ജ്യോതിയുടെ ഇരു കൈയിലും നിറയെ വീട്ടുഭാരങ്ങളുണ്ടായിരുന്നു. നിയന്ത്രണംവിട്ട് പാഞ്ഞുവരുന്ന ഒരു മഞ്ഞത്തലയൻ ലോറി.പിന്നിൽ നിന്നും ജ്യോതിയുടെ തള്ള്. ചുവപ്പിലും കറുപ്പിലും കുഴഞ്ഞ് ജ്യോതികെട്ട സീബ്രവര.ദാമ്പത്യത്തിന്റെ ട്രാഫിക്ക് നിയമങ്ങളെല്ലാം ഒന്നോടെ തെറ്റിച്ച സ്റ്റോപ്പ്.പ്രണയത്തിന്റെ ബ്ലോക്ക്.വെളിച്ചക്കൂട്ടിൽ താഴേക്കുവീഴുന്ന നിമിഷങ്ങളിൽ വേണു കണ്ണുറപ്പിച്ചു.ശൂന്യത.ഭാവിയുടെ പച്ച തെളിയുന്നു.'മുന്നോട്ട് പോകു'വെന്ന് മറ്റുവണ്ടികൾ കൂട്ടമായി ആശ്വസിപ്പിക്കുന്നു.ഓട്ടോയിളകി.അമ്മയും കുഞ്ഞും വേണുവിനെ തള്ളി മാറ്റി.ഓട്ടോവണ്ട് ഓർക്കിഡിന്റെ മുഖത്ത് ചെന്നിരുന്നു.തേനുണ്ടാകുമോ.? പേഴ്സെടുക്കാൻ മറന്നിരിക്കുന്നു.സാരമില്ല, സാർ.പതിവ് ചിരിയോടെ ഓട്ടോക്കാരൻ പോയി..

    ഓർക്കിഡിന്റെ പതിനാലാം നിലയിലാണ് ഭൂമിക.ഒരിക്കലും അടഞ്ഞുകിടക്കാത്ത ജനാലകളും വാതിലും, അതാണ് അവരുടെ സൗന്ദര്യം.അത്രമേൽ തുറന്നിട്ടിട്ടും ചിത്രകാരി നമ്മുടെ നാട്ടിലെ രാസകഥകളുടെ ഇതിവൃത്തങ്ങളിൽ 'അഴിഞ്ഞാടി' നടക്കന്നുണ്ട്.ലണ്ടനിലെ പ്രമുഖ മ്യുസിയം ഭാര്യയുടെ ചിത്രം പരിഗണിച്ചതിൽ മനംനൊന്ത് തെംസ് നദിയിലേക്ക് ഭാര്യാസുഹൃത്തിനെ തള്ളിയിട്ടുകൊന്ന ശില്പിയായ ഭർത്താവ്, ജയിൽ വാസം,ചിത്രങ്ങൾ വിറ്റ് കേസ്സ് നടത്തുന്ന ഭാര്യ. അത് ലോകോത്തര ഇതിവൃത്തമുള്ള കഥകളുടെ നിരയിലാണ്.ഇന്ത്യയിലേക്ക് ചിത്രകാരിയുടെ വരവറിയിച്ച പത്രങ്ങളിലെ സൂചനകൾ കൂട്ടിവായിച്ച് ആരൊക്കെയോ മെനഞ്ഞെടുത്തതായിരുന്നു..
    
      മുസരിസ് ബിനാലെയിൽ ചിത്രത്തിനും ചിത്രകാരിക്കും ഒന്നിച്ച് വിലയിട്ട പ്രാഞ്ചിയൻ മുതലാളിയുടെ മൂക്കിടിച്ചു ചുവപ്പിച്ച, അവർ വില്ലത്തിയായ പോലീസ് സ്റ്റോറിക്ക് വളരെക്കുറച്ച് കലാ - സാസ്കാരിക ചെവികളിലേ പ്രചാരമുള്ളൂ.മുതലാളി മുൻകൈയ്യെടുത്ത് ആ കഥയുടെ പതിപ്പുകൾ മുഴുവനും വാങ്ങി.പിന്നെയേറെ വായിക്കപ്പെട്ടില്ല..

    ഓർക്കിഡിന്റെ പതിനാല് നിലകളിലെ വാതിലുകളിലും തൊട്ടടുത്തെ നിരത്തിലും പറഞ്ഞുപറഞ്ഞ് കരിനീലയായ നാടൻ കഥകളിൽ ചിലതെല്ലാം വേണു നേരിട്ട് കണ്ടതുമാണ്‌.ഭ്രാന്തെന്നും പണത്തിന്റെ ഹുങ്കെന്നും സദാചാരമൂല്യങ്ങൾ പുരട്ടി കഥയുണ്ടാക്കിയവർക്ക് തന്നെ അതെല്ലാം തിന്നേണ്ടി വന്നു.

     ഫ്‌ലാറ്റിലെ രണ്ട് തൂണുകളിൽ മുട്ടൊപ്പം ഉയർത്തിക്കെട്ടിയ പിരിയൻ കയറും, കുടിച്ച്‌ ലക്കുകെട്ട് കിടക്കുന്ന തമിഴനും, ഭൂമികയുടെ തുടയിലേക്ക് ചാട്ടവീശി ശീലിപ്പിക്കുന്ന കൊച്ചുപെണ്ണും രണ്ടുദിവസം മുൻപുവരെ അടുത്ത തെരുവിലുണ്ടായിരുന്നു.പെണ്ണിന്റെ താമ്പേറിന്റെ താളത്തിനൊത്ത് കയറിലെ അഭ്യാസം കാലുകളിൽ നീരുവന്ന് വീർക്കുവോളം തുടർന്നു.ഒരു ദിവസത്തേക്ക് ആയിരത്തിഅഞ്ഞൂറും കുപ്പിയും കൂലിവാങ്ങി തമിഴനും പെണ്ണും ഒന്നോ രണ്ടോ ആഴ്ചകൾ ഓർക്കിഡിൽ തമ്പടിച്ചു.താമ്പേറിന്റെ ശബ്ദശല്യങ്ങൾക്ക് അയൽവാസിപ്പരാതിയുമായി പോലീസും വന്നു.എന്നിട്ടും ചിത്രകാരിയെ ഒരുവിധം 'നടപ്പിലാക്കാൻ' ശീലിപ്പിച്ച തമിഴ് സംഘം അടുത്ത പൊങ്കലിന് വേണുവിനെ ക്ഷണിച്ചിട്ടാണ് അവിടം വിട്ടത്..

      " തെംസ് നദിക്കും മുകളിൽ വലിച്ചു കെട്ടിയ കയറിലൂടെ എനിക്കിങ്ങനെ നടന്ന് പോകണം.." വേണുവിന് ആ പറഞ്ഞതിന്റെ കാര്യമൊന്നും പിടികിട്ടിയില്ല.തമിഴന്റെ പിരിയൻ കയറും ചാട്ടയും താമ്പേറും ഒരു വിലകൊടുത്ത് ഭൂമിക വാങ്ങിയിരുന്നു.ഏറെ നിർബന്ധിച്ചപ്പോൾ ചാട്ടയും പിടിച്ച് കഴുത്തിൽ താമ്പേറും തൂക്കി വേണു നിന്നതല്ലാതെ കയറിൽ പിഴയ്ക്കുന്ന അവരെ തല്ലിയില്ല. കൊച്ചുപെണ്ണിന്റെ വേഷത്തിലെ ഭൂമികയെ നോക്കി വേണു ഉള്ളുതുറന്ന് ചിരിച്ചു.. 

    വേണുവിന്റെ ഓഫീസിലെ പ്യുണിനെ ഭൂമികയുടെ കിടപ്പുമുറിയിൽ കണ്ട ദിവസം അയാളൊന്ന് പതറി.പക്ഷെ ആ 'കഥയുടെ കിടപ്പ്' മറ്റൊന്നായിരുന്നു..
       "സാറിനവിടെ പോക്കുവരവുള്ളത് ഇവിടെ ചിലർക്കൊക്കെ അറിയാം.എന്നെ വിളിച്ചപ്പം എന്തെങ്കിലും നടക്കും എന്ന്  കരുതിയാ ഞാനങ്ങ്‌ ചെന്നത്,അവർക്ക് എന്റേന്ന് വട്ടത്തില് പുകവിടണത് പഠിക്കണോന്ന്.പത്തയ്യായിരം രൂപയും ട്രിപ്പിൾ ഫൈവിന്റെ രണ്ട് പാക്കറ്റും കിട്ടി അത്ര തന്നെ.." പ്യുണിന്റെ മുഖത്ത് ചമ്മലിന്റെ പുക രണ്ട് ദിവസം തങ്ങിനിന്നു.

     "സ്മോക്കാർട്ട് എന്റെ ശില്പിക്ക് ഇഷ്ടമല്ല.ജയിൽവാസം കഴിഞ്ഞ് ആദ്യമായി കാണുമ്പോൾ ഈ  പുകക്കുരുക്കുകൾ അവന്റെ മുഖത്തേക്ക് ഊതിവിടണം.." ഭൂമികയുടെ ദാമ്പത്യരഹസ്യകഥകളെ പുകയുടെ കുരുക്കുവഴിയിൽ വേണു വായിച്ചു.

     കാമുകന്റെ രണ്ടുവരികളെ ചിത്രമാക്കുന്ന ഭൂമിക,വൻതുകയിൽ അത് സ്വന്തമാക്കിയ ലണ്ടനിലെ വിഖ്യാത മ്യുസിയം,അതൊരിക്കലും സഹിക്കാൻ കഴിയാത്ത ഭർത്താവും ശില്പിയും, വീട്ടു തടങ്കലിൽ കിടക്കേണ്ടി വരുന്ന ചിത്രകാരി,തോക്കുമായി കാവലിരിക്കുന്ന ശില്പി, രക്ഷിക്കാൻ ശ്രമിച്ച കവിയും കാമുകനും,തെംസ് നദിയിലേക്ക് താഴ്ന്നുപോയ കാമുകന്റെ ശ്വാസം, കേസുനടത്തി രക്ഷിക്കാമെന്ന ഉറപ്പിൽ ശിൽപിയുടെ  സമ്പാദ്യങ്ങൾ എഴുതിവാങ്ങി ഇന്ത്യയിലേക്ക് പലായനം ചെയ്ത ചിത്രകാരി, ഓർക്കിഡിലെ തലയിണയുടെ പിന്നിൽ ഒളിച്ചുവച്ചിട്ടുള്ള ഒറ്റത്തിരയുള്ള നാടൻതോക്ക്.ക്രൈംത്രില്ലർ ആത്മകഥയുടെ ത്രെഡ് വേണുവിന്റെ മുന്നിൽ മാത്രമാണ് ഭൂമിക തുറന്നുവച്ചത്..

        "ശില്പിയോടോ ചിത്രകാരിയോടോ തന്റെ വായ്ത്താരിയെന്ന് ഈ നാടൻ പാട്ടുകാരൻ തീരുമാനിക്കട്ടെ..."തോക്കിനെ ചുംബിച്ച് തലയിണയുടെ പിന്നിലേക്ക് വയ്ക്കുമ്പോൾ ഭൂമിക വേണുവിനെ നോക്കി കണ്ണിറുക്കി..

     കട്ടിലിനടിയിൽ വായിൽ തുണിതിരുകി നഗ്നനായി കിടക്കുന്ന പ്രമുഖ കവിയെക്കണ്ട ദിവസം വേണുവിന് ശരിക്ക് ഭയം തോന്നി.വിട്ടയ്ക്കാൻ കാലുപിടിക്കുന്ന കവിയോട് സഹതാപവും.                 "കവിതയെന്നാൽ സ്വയം ശുദ്ധമാക്കലാണ്"അന്ന് വേണുവിനൊപ്പം കവിയെ ഭൂമിക ഇറക്കിവിട്ടു. കവലയിൽ നിന്നും ടാക്സിയിലേക്ക് കയറുമ്പോൾ ഭൂമികയെക്കുറിച്ചെഴുതിയ തന്റെ കവിത കവി വേണുവിന് കൊടുത്തു.അതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അവർ ഭ്രാന്തമായി ചിരിക്കും.പിന്നീട്‌ ഒന്നുമിണ്ടാതെ സ്ഫടികക്കുപ്പിയിലെ മീനുകളെയും നോക്കിയിരിക്കും..

     "നിങ്ങളുടേത് ഭൂമിയിലേറ്റവും നിരാശയുള്ള കണ്ണുകളാണ്."തന്റെ വകുപ്പിന് കീഴിലുള്ള മ്യുസിയം പ്രദർശനത്തിന് ആവശ്യപ്പെട്ടുവന്ന വിശ്വപ്രസിദ്ധ ചിത്രകാരിയങ്ങനെ പറഞ്ഞപ്പോൾ വേണുവിന് പ്രത്യേകതയൊന്നും തോന്നിയില്ല...

    "നിങ്ങളുടെ ചില രാത്രികൾ എനിക്കുവേണം." ചിത്രകാരിയുടെ സെക്രട്ടറി വന്ന് വരയുടെ താല്പര്യം വിശദീകരിച്ചപ്പോൾ കൗതുകമാണ് തോന്നിയത്.ആറുമാസം കഴിഞ്ഞിട്ടും വര തീർന്നില്ല. അതിനിടയിൽ സൂപ്രണ്ടിനേയും ചിത്രകാരിയേയും ചേർത്തരച്ച മസാലക്കൂട്ടിൽ ഒരുപാട് കഥകൾ വകുപ്പിൽ വെന്തിറങ്ങിയിരുന്നു.വേണു കഥയൊന്നുമറിയാതെ പ്രണയത്തിലാവുകയായിരുന്നു..

    അരണ്ട വെളിച്ചത്തിൽ ക്യാൻവാസിന് മുന്നിൽ നിൽക്കുന്ന ഭൂമിക.പതിവുപോലെ വേണു വേഷമെല്ലാം അഴിച്ചു വച്ചിട്ട് തോക്കും പിടിച്ച് ക്യാൻവാസിന് പിന്നിലെ കസേരയിൽ ചെന്നിരുന്നു. ഇന്നിത് ഉറപ്പായും പൂർത്തിയാകുമെന്ന് വേണുവിന് തോന്നി.പലപ്പോഴും തന്റെ ചിന്തകളെപ്പൊട്ടിച്ച് ഭൂമിക പെരുമാറിയിട്ടുണ്ട്.ഫ്രയിമിൽ ഇരുത്തിയിട്ട് വാതിലും പൂട്ടിയിറങ്ങിപ്പോയി മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ ട്വിസ്റ്റുകളുള്ള കഥവരെയുണ്ട്.അന്ന് ജിയമോളോട് അതുവരെയില്ലാത്ത ഒരു 'ബന്ധുമരണക്കഥ' തട്ടിവിട്ട് രക്ഷപ്പെട്ടു.ഒന്നും മിണ്ടാതെ കിടന്നുറങ്ങിപ്പോയതൊന്നും കഥകളുടെ വിഷയമാക്കാൻ കഴിവില്ലാത്ത നിമിഷങ്ങളാണ്.

     ഭൂമികയുടെ വിരലുകൾക്ക് മാന്ത്രിക വേഗം.മുഖത്ത് വികാരനിറങ്ങൾ തെളിഞ്ഞുമറയുന്നു. വേണുവിനരികിലേക്ക് നടന്നു വരുന്ന ഭൂമികയുടെ ചുണ്ടിൽ പൂർത്തിയാക്കിയെന്ന് ചിരിയുടെ നിറം. പാലറ്റിന്റെ വഴുക്കലിൽ ചവിട്ടിനിന്ന ഭൂമിക വേണുവിന്റെ നെറ്റിയിലും ചുണ്ടിലും കവിളിലും പലനിറമുള്ള നീണ്ട വിരലുകൾ പതിപ്പിച്ചു.ചുംബനനിറം പടർന്നു.വേണുവിയൻ ക്യാൻവാസിലേക്ക് പ്രണയചിത്രങ്ങൾ  നിറഞ്ഞു.അവരുടെ നിറങ്ങളേറ്റ് ആ തോക്ക് നാണിച്ചു..

    "നിങ്ങളിത്ര പ്രണയമനുഷ്യനായിരിക്കുന്നതെങ്ങനെ..?" വേണു വിങ്ങി.അവർ അയാളെ തന്റെ തോളിലേക്ക് ചാരിക്കിടത്തി.നെറ്റിയിൽ ചുംബനത്തിന്റെ ചിത്രം വരച്ചു.തോരാതെ കവിതകൾ ചൊല്ലി.അവർ കരഞ്ഞോ..? കണ്ണുകൾ തുടച്ചു.

     "നിങ്ങളെന്തുകൊണ്ടാണ് എനിക്കുവേണ്ടി കവിതകളെഴുതാത്തത്.."വേണു സ്വയമൊരു നിരാശ നിറച്ച കവിതയുടെ വരിയായി ഭൂമികയുടെ മുന്നിൽ എഴുന്നേറ്റ് നിന്നു.തൂണുകളിൽ ചേർത്തുകെട്ടിയിരുന്ന തമിഴന്റെ പിരിയൻ കയർ കാണാനില്ല.ആ ക്യാൻവാസ് ഒഴികെ അന്നോളം വീട്ടിലൊഴുകി നടന്ന സകല വസ്തുക്കളെയും പലനിറത്തിലുള്ള ചതുരപ്പെട്ടികളിൽ അടക്കിയിരിക്കുന്നു.ഓരോന്നിലും ഓരോ പൂക്കളുടെ ചിത്രം.വേണുവിന്റെ മുഖത്തുവിരിഞ്ഞ ചോദ്യപ്പൂവ് ഭൂമിക ഇറുത്തെടുത്ത് ചുണ്ടിൽ ചേർത്തു.

        "ശില്പി മരണമഭിനയിച്ച് തടവും ജീവിതവും ചാടി.ഇനി ഞാനും ഈ നാടനും കൊതിപ്പാട്ടുമായി കാത്തിരുന്നിട്ട് കാര്യമില്ല.പോവുകയാണ്.എനിക്കൊപ്പം തെംസ് നദിയിലേക്ക് വരുന്നോ കവേ...?" ഭൂമിക കിടപ്പുമുറിയിലേക്ക് കയറി,വാതിലു ചാരി.ഓർക്കിഡ് കരഞ്ഞു.വാതിലുകളാണ് ഒരു വീടിന്റെ ഏറ്റവും മനസിലാക്കാൻ പ്രയാസമുള്ള ഭാഗമെന്ന് വേണുവിന് തോന്നി.ഉടുപ്പുകളിട്ട് ക്യാൻവാസിന്റെ മുന്നിൽ വന്നുനിന്നു..

    അടഞ്ഞ വീടും തോക്കുധാരിയായ നഗ്നപുരുഷനും, ചിത്രം പൂർത്തിയായിരിക്കുന്നു.വേണു തന്റെ കണ്ണിലെ ഭീകര നിരാശ ആദ്യമായി കണ്ടു.പതിനാലാം നിലയിൽ നിന്നും ഭൂമിയിലേക്ക് ശാന്തമായി പടികളിറങ്ങിപ്പോന്നു.ഫ്‌ളാറ്റിന്റെ ഭീമൻ ഗേറ്റിനോട് ചേർന്നുനിന്ന് ഒരിക്കൽക്കൂടി പതിനാലാം സ്വർഗ്ഗത്തിലേക്ക് നോക്കി.നിലാവിൽ നനഞ്ഞ് അവിടെ ഭൂമികയുടെ ചിരി.ഓർക്കിഡിനെ വിഴുങ്ങുന്ന ഒരിരുട്ട് പതിയെ ഇറങ്ങിവരുന്നു.

    ജാനാലകൾ അടഞ്ഞ് കിടക്കുന്നു. തമിഴന്റെ പിരിയൻ കയർ ഓർക്കിഡിൽ നിന്നും ദൂരേക്ക് വലിച്ചുകെട്ടിയിരിക്കുന്നു. അതിലൂടെ അനായാസം നടന്നുപോകുന്ന ഭൂമിക.ചുണ്ടിലെരിയുന്ന സിഗരറ്റിൽ നിന്നും പുകക്കുരുക്കുകൾ മേഘങ്ങളിലേക്ക് പായുന്നു.കഴുത്തിൽ തൂക്കിയിട്ട തമ്പേറിന്റെ ശബ്ദം.അരയിൽ ഞാത്തിയിട്ട ചാട്ട. അതിന്റെ അറ്റം ഭൂമിയെ വന്നുതൊടുന്നു. മറ്റേക്കൈയിൽ നെറ്റിയോട് ചേർത്തുപിടിച്ച നാടൻ തോക്ക്.പിന്നാലെ  നിരയായി നീങ്ങുന്ന ചതുരപ്പെട്ടികൾ.ഏറ്റവും പുറകിൽ നഗ്നപുരുഷനുള്ള ക്യാൻവാസ്.കറുപ്പുടുപ്പിട്ട ആ ചലത്ചിത്രങ്ങളിലേക്ക് വേണു ഓടിക്കയറാൻ തുടങ്ങി, കിതപ്പോടെ ഏഴാമത്തെ നിലയിൽ നിന്നു..

    പെട്ടെന്ന്, മുറിവു പടർന്ന ഫോണിന്റെ സ്‌ക്രീനിൽ ചിരിയോടെ ജിയ തെളിഞ്ഞുവന്നു.ഭീകര നിശബ്ദതയിൽ തുടങ്ങി കരുത്തൻ വാക്കുകൾ പുറപ്പെട്ടു."അച്ഛനെപ്പോലെ ഒരാൾക്കൊന്നും ആ സ്ത്രീയെ...പെട്ടെന്നിങ്ങു വാ.ഞാനെല്ലാം മുറത്തിലാക്കി വച്ചിട്ടുണ്ട്. ഇത് നുള്ളിത്തീർക്കാതെ ഇന്ന് ഞാൻ ഉറങ്ങാൻ സമ്മതിക്കില്ല..." സ്നേഹക്കുരുക്കിട്ട അധികാരച്ചിരിയുടെ കിലുക്കം.ജിയയോ ജ്യോതിയോ തന്നോടിപ്പോൾ.? വേണുവിന് ശബ്ദത്തിനോട് ഭയം തോന്നി.മഴ പെയ്തു.അയാളോട് ചേർന്നിരുന്ന  ഭൂമികനിറങ്ങളെല്ലാം ഒലിച്ചിറങ്ങി..

     നനഞ്ഞ ഇരുട്ടിലൂടെ വീട്ടിലേക്ക് നടക്കാൻ തുടങ്ങുന്ന വേണു, ഓർക്കിഡിന്റെ  പതിനാലാം നിലയിൽ നിന്നുതിർന്ന നാടൻ പാട്ടിന്റെ ഒറ്റവായ്ത്താരി കേൾക്കാനിടയില്ല.പക്ഷേ അയാളുടെ കണ്ണുകൾ പെയ്യുന്നത് എനിക്ക് കാണാമായിരുന്നു..!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636