Sunday 15 March 2020

ഏനാത്ത് കോക്ടെയിൽസ്‌..!!

ഏനാത്ത് കോക്ടെയിൽസ്‌*..!!
                   "പ്രണയം തലപൊക്കിടാതെയി-
                    ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്."
                                                      (കുമാരനാശാൻ-ചിന്താവിഷ്ടയായ സീത)
      "ഞാൻ ഏനാത്ത് പോണ്.എനിക്കിനി രഘുവിനൊപ്പം ജീവിക്കാൻ കഴിയില്ല " മുറ്റത്തു നിന്ന ജാനകി രണ്ടുവരികൾ പിറുപിറുക്കുന്നുണ്ടായിരുന്നു.ഞങ്ങളുടെ എട്ടുവർഷത്തിനിടയിൽ ഇത്ര ഭീകരമായൊരു മൗനമുണ്ടായിട്ടില്ല.അസൂയപ്പെടുത്തുന്ന ദാമ്പത്യമുണ്ടായിരുന്നു.ഇന്നലെമുതൽ ഉടുത്തിരുന്ന അതേ മുഷിഞ്ഞ സാരിയിൽ, ബാഗുകളുമായി ഒറ്റനിൽപ്പാണ്.അയൽക്കാരുടെ നാവിലേക്ക് ആ കാഴ്ച്ചയെത്തുന്നതിന് മുൻപ്, ഉറക്കം വിടാത്ത മകനെ പിൻസീറ്റിലേക്കു കിടത്തി ഏനാത്തിന് വിട്ടു.പതിവില്ലാതെ എന്നെ 'മുറിച്ചിട്ട്' അവൾ പിന്നിലാണ് കയറിയിരുന്നത്. എനിക്കൊപ്പമുള്ള ഇടത്തുവശത്തെ ഇരുപ്പ് മകനുപോലും വിട്ടുകൊടുക്കാറില്ല.യാത്രകളിലെ സംഗീതത്തിനും കുളിരിനും വേഗതയ്ക്കും 'ജാനകിയൻ ടച്ച്‌'വരുത്തും.അതില്ലാതെ മുന്നോട്ട് പോകാൻ കഴിയുന്നില്ല.ആ ഒഴിഞ്ഞ ഇരുപ്പിൽ കാഞ്ചനസീതയെ 'ഞാനുരുക്കി'വച്ചു. 
         ഇന്നലെ ഏനാത്തെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ എട്ടുമണി കഴിഞ്ഞിരുന്നു.രാത്രിയാത്ര വേണ്ടെന്ന് പറഞ്ഞിട്ടും "പിറന്നാൾ സ്‌പെഷ്യൽ വേണ്ടേന്ന്" കാതിൽ രഹസ്യമായി പ്രലോഭിപ്പിച്ചത് അവളാണ്.പക്ഷേ വീട്ടിലെത്തിയപ്പോൾ തലവേദനയെന്നുപറഞ്ഞ് കേറിക്കിടന്നു.എന്റെ പിറന്നാൾ പ്രമാണിച്ച് ഗംഭീരസദ്യയും, ഉച്ചഉറക്കവും കഴിഞ്ഞാണ് പോന്നത്.ഒറ്റരാത്രി ഞങ്ങൾക്കിടയിൽ എന്തു രാമായണമാണുണ്ടായത്.?    
       പിൻകാഴ്ച്ചകളുടെ കണ്ണാടിയിൽ ജാനകിയുടെ മുനയുള്ളോരു നോട്ടം തറച്ചു നിൽക്കുന്നു. വേദനയോടെ ഞാനെന്നെ പറിച്ചെടുത്ത് നിരത്തിലേക്കിറക്കിവിട്ടു.ഏനാത്തിന് ഒന്നര മണിക്കൂർ യാത്രയുണ്ട്.തനിച്ചിരിക്കുമ്പോൾ എനിക്കുറക്കെ ചിന്തിക്കുന്ന ശീലമാണ്.അതെല്ലാം അവൾക്ക് കേട്ടാലോയെന്ന ഭയത്തിൽ പാട്ടിന്റെ ശബ്ദം കൂട്ടി വച്ചു.
         ദാമ്പത്യത്തിൽ പിഴച്ചത് അവൾക്കാണ്.ഫേസ്‌ബുക്ക് കവിയുമായുള്ള പ്രണയസംഭാഷണങ്ങൾ ഞാൻ അബദ്ധത്തിൽ കണ്ടിരുന്നു.ഞങ്ങൾക്കിടയിലെ ഏക രഹസ്യം അതു മാത്രമായിരുന്നു. പിന്നൊരിക്കൽ അവളാണ് അതൊക്കെ തുറന്നു പറഞ്ഞതും.കവി നല്ലൊരു തുകയും കുറച്ചു സ്വർണവുമായി മുങ്ങി.ഒരു ദിവസം അവർ വീട്ടിൽ വച്ച് കാണുകയും ചെയ്തു.അവളുടെ കുമ്പസാരം കേട്ട് എനിക്ക് ചിരി വന്നു.കവിയുടെ 'പ്രണയായണ'മെന്ന പുസ്തകം ഞാനിന്നും തുറന്നു നോക്കിയിട്ടില്ല.പിന്നീട്‌ അവൾ വാശിപോലെ ഫോണുപയോഗിക്കാതെയായി.വിവാഹത്തിന് ശേഷം ഒന്നരക്കൊല്ലമേ ഞങ്ങൾക്കൊപ്പം എന്റെ തളളയുണ്ടായിരുന്നുള്ളൂ.അടുക്കള വിട്ടാൽ അവർ മരുമകളുടെ മുടി വളർത്താൻ പറമ്പുകളിൽ കൈയൂന്നിയും,നീലാമരിയും തിരഞ്ഞുനടക്കും.ഈ പതിമൂന്നിന് തള്ളയുടെ ഓർമ്മയായിരുന്നു.അന്നും അവൾ കരഞ്ഞു.അവൾ വിളിക്കുന്നത് കേട്ടാണ് ഞാനവരെ 'അമ്മയെന്ന്'ശീലിച്ചത്.അവളുടെ ഡിസൈനിൽ എന്റെ വീട് പുതുക്കിപ്പണിയാനുള്ള തുക അമ്മാവന്റെ വകയായിരുന്നു.വീടിനോട് ചേർന്ന അരയേക്കറിന്റെ ഭൂവുടമയായാതിന് മൂലധനം അവളുടെ ആഭരണങ്ങളായിരുന്നു.എന്നിട്ടും ഈ 'ഇറക്കിവിടലി'ന്റെ കാരണം പിടികിട്ടുന്നില്ല.
      ഏനാത്തെ വീട് ആ വരവ് കാത്തു നിന്നതായിത്തോന്നി.അവൾ കയറിയതിന്റെ പിന്നാലെ മകനുമായിച്ചെന്ന എന്നെ അമ്മായി വാതിലിൽ തടഞ്ഞു."ഒരു കാര്യത്തിലും തർക്കമില്ല.മകന്റെ അവകാശത്തിൽ രഘുവരനെന്തു തീരുമാനിച്ചാലും ഞങ്ങൾക്ക് സമ്മതം" കഴിഞ്ഞ കാലങ്ങളിൽ ചിത്രത്തിൽ വരാത്ത അവർക്ക് അത്രയുമുറക്കെ സംസാരിക്കാൻ കഴിയുമെന്ന് എനിക്കിന്നാണ് മനസിലായത്.മകനെ അവിടെ നിർത്തി ഞാൻ മടങ്ങി.അവന്റെ ചുണ്ടിൽ കരച്ചിലെത്തിയെന്ന് കവിളിലെ മറുക് പറയുന്നുണ്ടായിരുന്നു.വിങ്ങലിന്റെ കൂട്ടുപിടിച്ച്  ഉള്ളിലേക്ക് വലിയുന്ന അതേ മറുക് എനിക്കുമുണ്ട്.വീടെന്നെപ്പിടിച്ചു തള്ളിയോ? പൂന്തോട്ടത്തിലെ പടികളിലെനിക്ക് കാൽവഴുതി.
      ഏനാത്തെ പാലമെത്തിയപ്പോൾ ബ്രഹ്മൻസാറിനെക്കണ്ടു.മിഥിലാപുരിയിലേക്കുള്ള യാത്രയാണ്. മുറുക്കിയതും മൂലക്കുരുവും തീർത്ത കറയുടെ ഭൂപടങ്ങൾ മുണ്ടിലും ഉടുപ്പിലുമുണ്ട്. എന്നുമിതേനേരത്ത് ആ ബാറിന്റെ മുന്നിൽ നിന്ന് സകലരോടും കൈനീട്ടും.വിരമിച്ചൊരു അദ്ധ്യാപകനെന്ന ചിന്തകളൊന്നും അയാൾ 'തൊട്ടുനക്കിയിട്ടില്ല'.ശിഷ്യന്മാരോട് 'ഒരു പെഗ്ദക്ഷിണ' പലവട്ടം വാങ്ങി.ഇരകളായവരുടെ പരാതിയിൽ അവിടെ 'യാചക നിരോധിതമേഖല' ബോർഡും വന്നു.അയ്യായിരവും *എം എച്ചിന്റെ ഒരു കുപ്പിയും കമ്മീഷനായിവാങ്ങി കലിയുഗത്തിലെ ജാനകി-രഘുവര പരിണയത്തിന് 'മദ്യ'സ്ഥനായ 'ബ്രഹ്മചാരി'യാണയാൾ.ഞാൻ കാറു നിർത്തി.സാറ് ഉള്ളിൽ കയറിയിരുന്നു."മിഥിലയിലേക്ക് വിട്"ചാരിക്കിടന്ന് ഒറ്റവരി.എന്റെ ജീവിതം മാറ്റിയെഴുതിയ  മിഥിലാപുരി ഫൈവ് സ്റ്റാറിലേക്ക്‌ വളർന്നു.പരിചിതമായ ഒറ്റമുഖമില്ല.ശീതീകരിച്ച നൂറ്റിയേഴിലെ മങ്ങിയവെളിച്ചത്തിൽ ഞങ്ങളിരുന്നു.
        ഇങ്ങനെപോയാൽ ഞാനും ബ്രഹ്മൻസാറും ഏനാത്തിലെ ആ ബാറും തമ്മിലുള്ള പൂർവ്വകഥകൾ നിനക്കു പിടികിട്ടില്ല.കാര്യങ്ങൾ അല്പംകൂടെ വിശദമായിപ്പറയാം.തിരക്കൊന്നുമില്ലല്ലോ.?
        രണ്ടായിരത്തിന്റെ തുടക്കത്തിൽ,ഏനാത്ത് ബി.എഡിന് ചേർന്നതോടെയാണ് സകലതിന്റെയും തുടക്കം.നമ്മുടെ പാർത്ഥൻസാറിന്റെ നളന്ദയിൽ ബി.എ മലയാളവും കഴിഞ്ഞ് നിക്കുമ്പോഴാണ് ചടയമംഗലത്ത് നിന്റെ കല്യാണത്തിന് പങ്കെടുക്കുന്നത്.സ്വർണത്തിൽ കുളിച്ച നിന്റെ പെണ്ണും, മണ്ഡപത്തിന്റെ പുറത്ത് അലങ്കരിച്ചിട്ടിരിന്ന മാരുതിയും, ബ്രോക്കർ പൊന്നുമണിയുടെ വിവരണവും കേട്ട്, വിവാഹ കമ്പോളത്തിലെ സാറന്മാരുടെ വിലയിൽ കണ്ണുതള്ളി നിന്ന എന്റെ തലയിലേക്ക് ബി.എഡ് മോഹം ഇരച്ചുകയറുകയായിരുന്നു.നിന്നെപ്പോലെ സാറാകണം, പെണ്ണുകെട്ടണം ഇതൊക്കെ സ്വന്തമാക്കണം.  
         പറങ്കിമാവും ആഞ്ഞിലിയും വിറ്റുകിട്ടിയ പതിനാലായിരവും, പുത്തനൊരു ടാപ്പിംഗ് കത്തിയുമായാണ് ഏനാത്ത് ഞാൻ ബസിറങ്ങിയത്‌.അഡ്മിഷന് പതിമൂവായിരം പുകഞ്ഞു. മൂന്നുമാസത്തെ മുൻകൂർ തുകയിൽ മുട്ടി വാടകമുറികളടഞ്ഞു.ഒപ്പം പഠിക്കുന്നവന്റെ മുറിയിൽ തൽക്കാലം ഒരു തലയിണ കിട്ടി.ആ വീട്ടുടയനായ തോമാച്ചായന്റെ മുന്നൂറ്റിയിരുപത് റബ്ബറുവെട്ടി പാലെടുത്ത് കൊടുക്കാമെന്നേറ്റു.ചെലവുകൾ പിന്നെയും ബാക്കി.അണ്ടിക്കമ്പനിയിൽ ആഴ്ച്ചയിൽ ആകെ രണ്ടു പണിയുള്ള തള്ളയോട് ചോദിച്ചാലെന്തോന്ന് കിട്ടാൻ? അവർക്ക് വലിവിനുള്ള മരുന്നിന് ഞാനെന്തേലും കൊടുത്തേ പറ്റു.തോമാച്ചായൻ വഴിയാണ് ബാറിലെ മാനേജരെ മുട്ടിയത്‌.മിഥിലാപുരിയിൽ ആദ്യ പാർട്ട് ടൈം തൊഴിലാളി നിയമിതനായി.ബി.എന്നൊക്കെ കേട്ടപ്പോൾ മാനേജർ എന്നെപ്പിടിച്ച് ബില്ലിംഗ് സെക്ഷനിലിരുത്തി.നമ്മുടെ നളന്ദയിൽപ്പോലും അക്കാലത്ത് കമ്പ്യൂട്ടർ വന്നിട്ടില്ല.ബാറിലേക്കുള്ള ലിക്വർ ഓർഡർ ടിക്കറ്റ്, എല്ലോട്ടിയെന്നും, അടുക്കളയിലേക്കുള്ള കിച്ചൻ ഓർഡർ ടിക്കറ്റ്‌ കെയോട്ടിയെന്നും.കുടിയന്മാരുടെ കിടിലൻ പേരുകൾ കേട്ട് റമ്മോ, ബ്രാൻറിയോ തിരിച്ചറിയാത്ത ഞാൻ പല അളവുകളിൽ എല്ലോട്ടിയടിച്ചു കാശ് വാങ്ങണം.വെയിറ്റർമാർക്ക് ടേബിൾ തിരിച്ച് എല്ലോട്ടി കെയോട്ടി ഓർഡറുകൾ വേറെ.. 
          കുടിയന്മാരും വെയിറ്റർമാരും ഒരുപോലെ വലഞ്ഞു.ബില്ലടിക്കാനിരിന്നത് ഇരുമ്പിന്റെ  കൂട്ടിലായതുകൊണ്ട് പലപ്പോഴും തല്ല് കിട്ടിയില്ല.കണക്കുകൂട്ടലുകളും പിഴച്ചു.ഒപ്പമിരുന്നവൻ അവസരം മുതലാക്കി.കളക്ഷൻ എണ്ണുമ്പോൾ അങ്ങോട്ട് കാശുവയ്‌ക്കേണ്ട ഗതിയായി.അഞ്ചു മുതൽ പതിനൊന്നര വരെ നിന്നാൽ ആകെ ഇരുന്നൂറ്റമ്പത് രൂപ.ക്യാഷ് കൗണ്ടറിലെ 'ഷോട്ട്' നികത്തിയാൽ പണിയെടുത്തത് പാഴ്.എന്റെ ദുരവസ്ഥ കണ്ട മാനേജർ ബാർ കൗണ്ടറിൽ കയറ്റി നിർത്തി.എല്ലോട്ടികൾ ക്രമമനുസരിച്ച് നീട്ടി വായിക്കുക.അവ കമ്പിയിൽ കോർത്തുവയ്ക്കുക. പുതിയ കുപ്പികൾ പൊട്ടിക്കാൻ സഹായിക്കുക.ഇനി ബാർമാന് ക്ഷീണം തോന്നിയാൽ ഒഴിക്കുക. കുടിക്കാത്ത,*പെഗ് മെഷർ ചരിച്ച് അളവിൽ കുറയ്ക്കാത്ത 'പാർട്ട് ടൈമിനെ' കുടിയൻമാർക്കും പ്രിയപ്പെട്ടു.പക്ഷെ ബി.എഡ് സാറന്മാരിൽ ചിലർക്ക് നിൽപ്പനടി മുടങ്ങി.മുറികളിലിരുന്ന് വെയിറ്റർമാരോട്  കടുപ്പത്തിൽ ഉത്തരവിട്ടു,ടിപ്പും കൊടുത്തു.
          തിരക്കില്ലാത്ത കൗണ്ടറിൽ വിരലുകൾക്കിടയിൽ നാലായി മടക്കിയ എല്ലോട്ടിയുമായി കാത്തുനിൽക്കുന്ന ബ്രഹ്മൻസാറിനോട് ഞാൻ കൈനീട്ടി.അയാളൊന്ന് ചിരിച്ചു. ബാർമാന്റെ നോട്ടമെന്നെ തടഞ്ഞു.പിന്നെയും ആളുകൾ വന്നുപോയിട്ടാണ് ബാർമാന്റെനേർക്ക് ബ്രഹ്മൻസാർ എല്ലോട്ടി നീട്ടിയത്.വായിച്ചുനോക്കാതെ അയാളത് കമ്പിയിൽ കോർത്തിട്ടു. പെഗ്മെഷർ വയ്ക്കുന്ന പാത്രത്തിൽ വീണിരുന്ന 'മദ്യങ്ങൾ' ഒരു ഗ്ലാസ്സിലേക്കൊഴിച്ച്  സോഡയുമായി ബ്രഹ്മൻസാറിന്റെ മുന്നിൽ വച്ചു.ഞാൻ ആ എല്ലോട്ടി മറിച്ചു നോക്കി.കല്യാണി ബിയർ,നൂറ്റിയമ്പത് രൂപ. വൃത്താകൃതിയുള്ള ആ വലിയ പാത്രത്തിലേക്ക് കുടിയന്മാരുടെ കണ്ണു വെട്ടിച്ചിറക്കുന്ന രുചികളിലൂടെ നൂറ്റിയമ്പത് സമ്പാദിക്കുന്ന വിദ്യ.ബ്രഹ്മൻസാറിന്റെ ചിരി ബാർമാന്റെ മുഖത്തും പടർന്നു.അമ്പട കച്ചവടക്കാരേയെന്ന് ഞാനും ചിരിച്ചു.പെഗ്മെഷറിന്റെ അരികിലൂടെ റമ്മും, ജിന്നും വിസ്കിയും വോഡ്കയും കുടിയന്മാരുടെ കണ്ണുവെട്ടിച്ച് പാത്രത്തിലേക്ക് വീഴ്ത്താൻ ഞാനും പഠിച്ചു. ബ്രഹ്മൻസാറിന്റെ എല്ലോട്ടി വാങ്ങി പാത്രത്തിൽ വീഴ്ത്തിയ വിവിധ രുചികൾ പകർന്നുകൊടുത്തു. പുഴുങ്ങിയ മുട്ട നൂലുകൊണ്ട് നാലായിക്കീറി കുരുമുളക് പൊടി വിതറി.'ബ്രഹ്‌മകല്യാണി'യെ  നൂറ്റമ്പതുകളാക്കുന്ന കോക്ടെയിൽ ഗൂഢാലോചനയിൽ ഞാനും കണ്ണിയായി. 
         അയ്യായിരവും എം.എച്ചിന്റെ ഫുള്ളും വാങ്ങി ഞങ്ങളുടെ കല്യാണം നടത്തിയതെന്നു പറയുമ്പോൾ ബ്രഹ്മൻസാറിനെയൊരു ദല്ലാളയി കാണരുത്.ഏനാത്ത് സ്‌കൂളിൽ സീനിയർ മലയാളം സാറാണ് കക്ഷി. *'ടീച്ചിംഗ് പ്രാക്ടീസ് 'തുടങ്ങിയ കാലത്താണ് ഞാനതിന്റെ 'ഗുണങ്ങള'നുഭവിച്ചത്. വെറുമൊരു പിരീഡു ചോദിച്ച എനിക്ക് മൂന്ന് ഡിവിഷനുകളിലെ ടൈംടേബിളും തന്നിട്ട് ഒറ്റപ്പോക്ക്. മിക്കവാറും ഒഴിഞ്ഞു കിടന്നിരുന്ന അയാളുടെ ക്ലാസുകളെ മറ്റുള്ളവർ ബഹളമെന്നും, സാറ് 'ഭാഷാവികസന'മെന്നുമാണ് വിലയിരുത്തിയിരുന്നത്.അപ്രന്റീസ്‌ പണിക്ക് ആളെക്കിട്ടിയതോടെ എല്ലാവരും ഹാപ്പി.കോക്ടെയിൽ പാർട്ടിക്ക് വരുന്ന സാറ് അതതു ദിവസത്തെ പാഠ്യഭാഗങ്ങൾ വിലയിരുത്തും, *ടീച്ചിംഗ് മാനുവൽ ഒപ്പിടും.ബാറിലെ സകലരും ആദരവോടെ നോക്കും.
       ആളൊഴിഞ്ഞ കൗണ്ടറിലിരുന്ന് റെക്കോഡുബുക്കെഴുതിയതിന് മുതലാളി 'പ്രമോഷൻ' തന്ന് റിസ്‌പ്ഷനിൽ കൊണ്ടിരുത്തി.കല്യാണിയുടെ പങ്ക് നഷ്ടമാണെങ്കിലും ക്ളൈമാക്സിലേക്ക് കടന്ന ബി.എഡിന് ആ മാറ്റം ആവശ്യമായിരുന്നു.ബ്രഹ്മൻസാർ ലഹരിയോടെ പഠനപദ്ധതി ചർച്ച ചെയ്യും. വിളക്കൊരുക്കുക, ഏമാന്മാർക്ക് സന്തോഷത്തിന്റെ കവറുകൾ, കൈമാറുക.മുറികൾ വാടകയ്ക്ക്  ക്രമീകരിക്കുക.ഫോണുകൾ അത്യാവശ്യമെങ്കിൽ മുതലാളിക്ക് കണക്റ്റ് ചെയ്യുക.ബാക്കി സമയം വായന എഴുത്ത്.കോഴ്‌സ് പൂർത്തിയാക്കിയ ദിവസം മുതലാളിയുടെ മുറിയിലേക്ക് ചെന്നു.അവിടെ വലിയ സ്‌ക്രീനിലെ ചതുരങ്ങളിൽ ബാറിന്റെ രഹസ്യദൃശ്യങ്ങളുടെ കോക്ടെയിൽ.എല്ലോട്ടിയുമായി ക്ഷമയോടെ കാത്തുനിൽക്കുന്ന ബ്രഹ്മൻസാർ,ബില്ലിന്റെ ഇരുമ്പുകൂട്, കരിന്തിരിയിൽ റിസ്‌പ്ഷൻ.
"ഇനി ഈ വഴിക്കൊക്കെ വരുമോ?" മുതലാളിയുടെ മുഖത്ത്‌ ചിരി.
"ഉം"
"വരരുത്." പിന്നൊന്നും സംസാരിച്ചില്ല.അന്നു തന്നെ നാട്ടിലേക്ക് പോന്നു.ആരോടും യാത്ര പറഞ്ഞില്ല. പക്ഷെ 'പാർട്ട് ടൈം 'വൈകുന്നതിന്റെ കാര്യം ചിലർ മാനേജരോട് തിരക്കി.ഒരു വാക്കും പറയാതെ പോന്നതിന് ബാർമാൻ ഫോണുവഴി തന്തയ്ക്ക് വിളിച്ചു.
          നമ്മളിങ്ങനെ ഗുണമില്ലാത്തതൊക്കെ പറഞ്ഞിരുന്നാൽ ശാരിയാവില്ല.ബി.എഡ് കഴിഞ്ഞിറങ്ങിയ കാലത്താണ് ബ്രഹ്മൻസാറും സർവീസിൽ നിന്ന് പിരിഞ്ഞത്.സാറിന് പെണ്ണും പെടക്കോഴിയുമില്ലല്ലോ പിരിയാൻ നേരത്ത് കിട്ടിയതു മുഴുവൻ ബാങ്കിലിട്ട് മരണംവരെ കുടിക്കാൻ തീരുമാനിച്ചു.അതും അവിടെ നിക്കട്ടെ അതുമല്ലല്ലോ നമ്മുടെ വിഷയം..                  
       അദ്ധ്യാപകപരീക്ഷയിൽ റാങ്ക് കിട്ടിയതിലും കൗതുകമായിരുന്നു നിയമന ഉത്തരവിലെ ഏനാത്ത് സ്‌കൂളിന്റെ പേര്.ആദ്യത്തെ ഒപ്പിടാൻ തുടങ്ങുമ്പോൾ ബ്രഹ്മൻസാർ കയറി വന്നു.അയാളൊന്നും മിണ്ടിയില്ല, തലകുനിച്ചിറങ്ങിപ്പോയി.നാലുമണിക്ക് ഗേറ്റിൽ കാത്തുനിൽപ്പുണ്ടായിരുന്നു. ഓട്ടോയിലെന്നെ മിഥിലയിൽക്കൊണ്ടിരുത്തി.എം എച്ചിന്റെ ഫുള്ളും വാങ്ങിപ്പിച്ചു. കുപ്പിപകുതിയായപ്പോൾ ജീവിതം മാറ്റിമറിച്ച ഓഫർ പറഞ്ഞു.പണ്ടു ഞാൻ സ്വപ്നം കണ്ടതുപോലെ കാറും സ്വർണവും കാശും, സുന്ദരിയായ പെണ്ണും.എന്റെ ഭാഗത്തോ ? സർക്കാറിന്റെ തണൽ പദ്ധതിയിലെ ഇരുമുറിവീടും, കശുവണ്ടിക്കറപറ്റിയ തള്ളയും.ഗംഭീര കല്യാണമായിരുന്നു, ചെലവുമുഴുവൻ അവളുടെ വീട്ടുകാർ.സത്യം പറയാല്ലോ ഞാനും തള്ളയും അതുവരെക്കഴിച്ച ഏറ്റവും വലിയസദ്യ അതാണ്.കല്യാണത്തിന് വാങ്ങിയ സാരികണ്ട് അവര് കരഞ്ഞുപോയി. അതൊന്നുമല്ല പറയാൻ വന്നത്. ഈ ബ്രഹ്മൻസാറിന്റെ സ്വന്തം സഹോദരിയുടെ മകളാണ് ജാനകി. അതും പോട്ടെ കല്യാണ ദിവസം ആ പരിസരത്ത് പോലും അയാൾ വന്നില്ല.പക്ഷെ ബാറില് ലഡു വിതരണം നടത്തി.
       എടാ, എനിക്കൊരു വിലാസമായതിനു പിന്നിൽ ജാനകിയാ.ഒള്ളത് പറയാല്ലോ അവളില്ലെങ്കിൽ രഘുവരൻ വട്ടപ്പൂജ്യാ.ഇതാരോടെങ്കിലുമൊന്ന് പറയണമെന്ന് ചിന്തിച്ചപ്പോഴാണ് ബ്രഹ്മൻസാർ വന്നുപെട്ടത്.സംസാരിക്കാമെന്ന് സമ്മതിച്ച് എന്നെക്കൊണ്ട് മിഥിലയിൽ മുറിയെടുപ്പിച്ചു. കുപ്പിയും വാങ്ങി ബോധംകെട്ട് കിടപ്പുണ്ട്.നീയൊന്ന് ചിന്തിച്ചു നോക്കെടാ.അന്നെന്തായിരിക്കും സംഭവിച്ചത്.?
         അവളുടെ പറമ്പ് പാട്ടത്തിനുകൊടുത്ത ആഴ്‌ച്ചയാണ് ഏനാത്തുച്ചെന്നത്.ഞങ്ങളുടെ ഓരോ വരവും അമ്മായി ആഘോഷമാക്കും.ഊണും കഴിഞ്ഞിരിക്കുമ്പോൾ അമ്മായിയപ്പൻ അവളെ പാട്ടത്തുകയേല്പിച്ചു.അവളതിൽ കുറച്ച് മാറ്റിയിട്ട് ബാക്കിയെല്ലാം എന്റെ മടിയിലേക്ക് വച്ചു. തിരികെപ്പോരാൻ ഒരുങ്ങുമ്പോൾ അവളാണ് പുതിയ കാറിന്റെ കാര്യം പറഞ്ഞത്.രണ്ട് ദിവസം മുൻപാണ് ഞാൻ പത്രത്തിൽ കാറിന്റെ പരസ്യവും നോക്കിയിരുന്നത്.ബാറിന്റെ മുന്നിലെ തിരക്കിൽ അല്പം വേഗത കുറഞ്ഞപ്പോൾ മിഥിലയിലെ മുറികളിലേക്ക് അവൾ കണ്ണെടുക്കാതെയിരുന്നത് കണ്ടു.അതിൽപ്പിടിച്ചാണ് ഞാനെന്റെ ബാർ ജീവിതം തുറന്നു വിട്ടത്.ഞാനിങ്ങനെ കഥകൾ പറയുന്ന ദിവസം അവൾക്ക് വാത്സല്യം നിറഞ്ഞ ആവേശമാണ്.ആ കഥയിൽ എനിക്ക് കിട്ടാതെപോയ എന്തെങ്കിലും സാധനം പിന്നീട് സമ്മാനമായിത്തരും.ഇതിപ്പോൾ എന്റെ ജന്മദിവസവും, അവളുടെ കൈയിൽ നല്ലൊരു തുകയും.അതൊക്കെയായിരുന്നു ബാർക്കഥയുടെ ലക്ഷ്യവും.എന്നിട്ടിപ്പോൾ.? 
        നീയിതൊന്ന് കാര്യമായി കേൾക്കണം.അന്ന് ഞങ്ങൾ മടങ്ങിവരുമ്പോൾ അവളോടും, ഇന്ന് ബ്രഹ്മൻസാറിനോടും പറഞ്ഞ കഥകൾ ഞാൻ പറയാം.ഈ പ്രശ്നോത്തരിക്ക് കൃത്യമായിട്ടുത്തരം  തരാൻ കഴിയുമെന്നാണ് എന്റെ ചിന്ത.നിന്നോടല്ലാതെ മറ്റാരോടാണ് ഞാനിതൊക്കെപ്പറയുക..?
       പട്ടാഴിയമ്പലത്തിലെ *ചന്ദനക്കുടമായിരുന്നു.പാഴ്‌സലും കിച്ചണും മെയിൻ ബാറും ചേർത്ത് ഏതാണ്ട് പത്തുലക്ഷത്തിന്റെ കച്ചവടമെങ്കിലും നടക്കും.നല്ല തിരക്കല്ലേ ? ഞാനും കൗണ്ടറിൽ നിന്നു.റമ്മിലും ബ്രാണ്ടിയിലും വേറെ രണ്ടു പേരും, വിസ്കി വോഡ്ക ജിന്ന് വിലകൂടിയാതൊക്കെ ഞാൻ, അതാകുമ്പോൾ നില്പനടിക്കാരുടെ തിരക്കൊഴിവാകും.
      നമ്മടെ തോമാച്ചായൻ *ബെക്കാർഡിയുടെ ഒരു ഫുള്ളും എല്ലോട്ടിയാക്കി രാവിലെ മുതൽ തുടങ്ങി.പൂത്തകാശുണ്ടെങ്കിലും അയാൾ ടേബിളിൽ ചെന്നിരിക്കില്ല.വരും 'ഒന്നൊഴിയെടാന്നു' പറയും, സോഡയില്ലാതെ ഒറ്റ കമത്ത്.അതിയാന്റെ മോനും ഭാര്യയും കാറപകടത്തിൽ തീർന്നതോടെ കുടിയിത്തിരി കൂടിയിട്ടുണ്ട്.ഉച്ചവരെ നാലു പെഗ് കഴിഞ്ഞു.അതിനിടയിൽ നീലക്കണ്ണുള്ള ഒരു സുന്ദരൻ ചെക്കൻ എല്ലോട്ടി നീട്ടി.*സിഗ്നേച്ചറിന്റെ മൂന്ന് പെഗ്.തീവിലയാണ്.രണ്ട് ദിവസമായിട്ട് സ്യൂട്ട് റൂമെടുത്ത് തീറ്റയും കുടിയും.ബാംഗ്ളൂരിലെ വിലാസമാണ് തന്നത്‌.ഭയങ്കര ജാഡയും.എനിക്ക് കൈ വിറച്ചു.ഒന്നു രണ്ട് തുള്ളി പ്ളേറ്റിലും വീണു.വിസ്കി വാങ്ങുന്നവർക്കുള്ള വറുത്ത കടല കൊടുത്തിട്ടും മൈൻഡില്ല.ഒരു ഐസ് ക്യൂബുമിട്ട് ടേബിൾ ചെന്നിരുന്നു.പിന്നെയും വന്നപ്പോൾ ഞാനിത്തിരി വൈകിപ്പിച്ചു.നാലഞ്ച് തുള്ളി മനഃപൂർവം പ്ളേറ്റിൽ വീഴ്‌ത്തി.അവനെന്റ തള്ളയ്ക്ക് പറഞ്ഞിട്ട് വിസ്കി മുഖത്തൊഴിച്ചു. ഒരു കൂസലുമില്ലാതെ അടുത്ത പെഗും ചോദിച്ചു.കണ്ണാകെനീറി നാലഞ്ചുതുള്ളി വായിലുമായി.
       ബാറിക്കേറി ഇമ്മാതിരി പണി കാണിച്ചാൽ അതൊക്കെ കൈകാര്യം ചെയ്യാനുള്ള സെറ്റപ്പുണ്ട്. ഇവിടെ അതിന്റെ ഫുൾ ചാർജ്ജ് പൈലിക്കായിരുന്നു.എന്റെ നിൽപ്പും ചെക്കന്റെ ഷോയും കണ്ട് പൈലി അവനെയും പൊക്കി ഇടിമുറിയുടെ ഭാഗത്തേക്ക് പോയി.അരമണിക്കൂർ കഴിഞ്ഞ് ചോരയിൽ കുളിച്ച ചെക്കൻ ഇഴഞ്ഞിഴഞ്ഞ് പുറത്തേക്കുവന്നു.പിന്നാലെ ആംബുലൻസിന്റെ ശബ്ദവും കേട്ടു.ആ ചെക്കന്റെ സിഗ്നേച്ചർ ഒരു തുള്ളികളയാതെ ഞാൻ പൈലിക്കൊഴിച്ചു. തോമാച്ചായൻ വന്ന് ആറാമത്തെ പെഗും കമഴ്ത്തി.
         മൂന്നരയ്ക്ക് ബ്രഹ്മൻസാറു വന്നപ്പോഴാണ് 'മരണ ബെറ്റിന്റെ' കാര്യമറിയുന്നത്.ഷെയറിട്ടു വാങ്ങിയ റമ്മിന്റെ കുപ്പി ഒറ്റകമഴ്‌ത്തിന് തീർക്കണം.ആ വഴിക്ക് ഒരുത്തൻ തീർന്നെന്നും, പൈലി ആ ബോഡി വലിച്ചങ്ങ് പുറത്തിട്ടെന്നും കേട്ടു.ചത്തവൻ ബ്രഹ്‌മൻസാറിന്റെ ബന്ധുവാണ്.അവന്റെ കല്യാണം കഴിഞ്ഞിട്ട് വെറും നാലു ദിവസം.ഞാനന്ന് സാറിനെക്കൊണ്ട് എല്ലോട്ടിയടിപ്പിച്ചില്ല. ചന്ദനക്കുടം പ്രമാണിച്ച് എല്ലാ സ്റ്റാഫിനും മുതലാളി വക രണ്ടു പെഗ് ഓഫറുണ്ട്. കുറേക്കാലമായി 'നീയെന്നാടാ എനിക്കൊരു പെഗ്‌ വാങ്ങിതരുന്നത് ?'സാറിന്റെ ചോദ്യമിങ്ങനെ നിൽക്കുന്നുണ്ട്. വഴിയിൽ കിടന്നത് ഗണപതിക്ക്.രണ്ട് ബെക്കാർഡി ഒഴിച്ചുകൊടുത്തു.അതിന്റെ ആവേശത്തിൽ അയാൾ കൗണ്ടറിൽ കേറിവന്നെന്നെ ഉമ്മ വച്ചുകളഞ്ഞു.കണ്ണും തുടച്ച് പുറത്തേക്ക് പോയി.
        തോമാച്ചായൻ എട്ടാമത്തെ പെഗ് കമഴ്ത്തുമ്പോഴാണ് അടുത്ത അടി പൊട്ടിയത്.പൊട്ടിച്ചു പിടിച്ച ബിയർ കുപ്പികളുമായിനിന്ന കുളക്കട പയ്യന്മാരുടെ പത്മവ്യൂഹത്തിൽപ്പെട്ട പൈലി. പാഞ്ഞുവരുന്ന ചുവപ്പ് കോട്ടിട്ട വെയിറ്റർ ഗ്യാങ്.ഞങ്ങൾ ബാർ കൗണ്ടറിന്റെ ഷട്ടർ വലിച്ചിട്ടു.അടി തുടങ്ങിയാൽ അതാണ് പതിവ്.കുളക്കട ടീമിനെ എനിക്കറിയാം.ഞാൻ താമസിക്കുന്ന കവലയിലെ പിള്ളേരാണ്.ബാറിൽ ജോലി ചെയ്യുന്ന ബി.എഡുകാരനോട് ചിലർക്ക് കൗതുകവും അസൂയയുമുണ്ടെന്ന് പറയാം.പോലീസു വന്ന് കാര്യങ്ങളൊതുക്കിയപ്പോഴാണ് കുളക്കട പയ്യന്മാരുടെ 'പൈലി ടാർജറ്റും' കഴിഞ്ഞ ചന്ദനക്കുടത്തിന്റെ കണക്കുമുള്ള കഥകളുടെ ചുരുളഴിയുന്നത്.കുളക്കട പിള്ളേർക്ക് കാര്യമായി കിട്ടിയിട്ടുണ്ട്.ബിയർ ബോട്ടിലിന്റെ പുറത്ത് കമഴ്ന്നു കിടന്ന പൈലിയെ കമ്പനി വക ജീപ്പിൽ ആശുപത്രിയിലേക്ക് മാറ്റി.മുതലാളി ടെൻഷനോടെ അങ്ങോട്ട് പോയി. 
       ഷാപ്പു നടത്തിയിരുന്ന കാലത്തും മുതലാളിയുടേ നിഴലായി പൈലിയുണ്ട്.കിണറാഴമുള്ള ടാങ്കിൽ തുണിയില്ലാതെയിറങ്ങി സ്പിരിറ്റ് കലക്കിയതും, കുടിച്ചവർക്ക് കണ്ണും ജീവനും പോയപ്പോൾ പകരക്കാരനായി ജയിലിൽ കിടന്നതും,പർച്ചേസിനുള്ള തുകകൾ വിജിലൻസ്‌ വന്നപ്പോൾ തലയിണയിൽ ഒളിപ്പിച്ചതും,വിശ്വവിഖ്യാത അടികളും ചേർത്ത് ഓരോ സ്റ്റാഫിനോടും പൈലി പറയാറുണ്ട്‌.മൂന്ന് പെഗ് കഴിഞ്ഞാൽ കുടുക്കഴിഞ്ഞ ഉടുപ്പ് മാറ്റി നെഞ്ചുപിളർന്ന ഹനുമാനെപ്പോലെ മാസ് ഡയലോഗുണ്ട് 'തലൈവർ ഇങ്കെ താണ്ടാ'.പൈലിയുടെ പോസ്റ്റാണ് രസം.ചീഫ് സെക്യുരിറ്റി ഓഫീസർ.ശമ്പളത്തിന് ഒപ്പിടുമ്പോൾ ഞാനാ കോളത്തിലേക്ക് പാളിനോക്കും.കാൽ ലക്ഷം രൂപ.
         പത്താമത്തെ പെഗ്ഗിന്  "ഇനി മതിയെന്ന്" ഞാൻ തോമാച്ചായനെ തടഞ്ഞു. ചിരിച്ചിട്ട് എന്റെ കവിളിൽ തൊട്ടു."നിർത്തി മോനേന്നു" പറഞ്ഞിറങ്ങിപ്പോയി.രണ്ട് പെഗ് ബ്രഹ്മൻസാറിന് മാറ്റിവച്ചു. ഇനി അയാള് വന്നില്ലെങ്കിൽ കാശാക്കാനും പ്ലാനിട്ടു." കുളക്കടയിലെ പിള്ളേരിളകി നിൽപ്പാണ്. നീ സൂക്ഷിക്കണം "ബ്രഹ്മൻസാറൊരു സൂചന തന്നു. ആ വഴി പോകാനുള്ളത് ഞാൻ മാത്രം. പോകാതിരിക്കാനും കഴിയില്ല.അടുത്ത ദിവസം വൈവയാണ്.എഴുതി തീർക്കാൻ ഒരുപാട് ബാക്കി. ഇറങ്ങിയപ്പോൾ അടുക്കളയിൽച്ചെന്ന് പൊറോട്ടയും ഇത്തിരി ഇറച്ചിക്കറിയുമെടുത്തു. തോമാച്ചായന്റെ മോനുപയോഗിച്ചിരുന്ന സൈക്കിളിലാണ് യാത്ര.ഏനാത്തെ പാലമെത്തിയപ്പോൾ 'കുളക്കട പിള്ളേർ' തടഞ്ഞു.കാരിയറിൽ ധൈര്യത്തിന് വച്ചിരുന്ന സോഡാക്കുപ്പി വീണുരുണ്ടു. പൈലിക്ക് പകരമുള്ളത് കിട്ടുമെന്നുറപ്പായി.ഹാൻഡിലിൽ തൂക്കിയിട്ടിരുന്ന പൊറോട്ടയും കറിയും ഒരുത്തൻ പൊട്ടിച്ചെടുത്തു. സൈക്കിൾ താഴെയിട്ട് ഞാനവന്മാരുടെ കാലിൽ വീണു കരഞ്ഞു.
      "വിട്ട് പോടാ, നീ വെറും പാർട്ട് ടൈം.ഞങ്ങക്ക് പൈലിയെ മതി" തടികഴിച്ചിലായ സന്തോഷത്തിൽ  ആഞ്ഞുചവിട്ടി.തോമച്ചായന്റെ വീടിന്റെ മുന്നിൽ ആൾക്കൂട്ടവും ആമ്പുലൻസുമുണ്ടായിരുന്നു. കുളിച്ചിട്ട് മുറിയിലിരുന്ന് എഴുതാൻ തുടങ്ങി.വൈവ കഴിഞ്ഞിറങ്ങുമ്പോൾ മതിലുകളിൽ തോമാച്ചായന് 'ആദരാഞ്ജലികൾ' നിരന്നിരുന്നു.ഞാൻ ബാറിലേക്ക് പോയി."നീയിന്ന് വരില്ലെന്ന് കരുതി.അച്ചായൻ മരിച്ചതല്ലേ" മാനേജരുടെ വാക്കുകളിൽ അതൃപ്തി.
        സത്യത്തിൽ ഇതൊക്കെയാണ് അന്നുണ്ടായത്.ഞാനവളോട് പറഞ്ഞപ്പോൾ ചെറിയ മാറ്റങ്ങള് വരുത്തി.നമ്മുടെ കഥയിൽ നമ്മളല്ലേ നായകൻ.?ബെറ്റുവച്ചു ചാത്തവന്റെ ബോഡി ചുമന്നുകൊണ്ടിട്ടത് ഞാനാണെനാക്കി.പിന്നെ നീലക്കണ്ണുള്ള ചെക്കനെന്റെ മുഖത്ത് വിസ്കി ഒഴിച്ചപ്പോൾ ആദ്യത്തെ അടി പൊട്ടിച്ചെന്നും തട്ടി.ഒരു പഞ്ച് കിട്ടാൻ അവന്റെ മുറിയിൽ മറ്റേക്കേസ് പെണ്ണുണ്ടായിരുന്നുന്നെന്നും ചേർത്തു.ഏനാത്ത് പാലത്തില്  സോഡാക്കുപ്പിയും പൊട്ടിച്ചു പിടിച്ച് "എന്നെ തൊട്ടാൽ ഒരുത്തനെയെങ്കിലും തീർക്കുമെന്ന" ഡയലോഗിലൂടെ കുളക്കട പിള്ളേരെ വിറപ്പിച്ചെന്നും പറഞ്ഞു. ഇതൊക്കെക്കൊണ്ട് എനിക്കോ അവൾക്കോ നഷ്ടമൊന്നുമില്ലല്ലോ..?
          ഈ കഥ മുഴുവൻ കേട്ട്, ചർദ്ദിച്ച ചുണ്ടും തുടച്ച് ബ്രഹ്മൻസാറ് ചൊല്ലിയ കവിതയാണ് തുടക്കത്തിൽ പറഞ്ഞത്.' ടാ രഘൂ, ദാമ്പത്യോന്ന് പറയണത്  ഒരു പാർട്ട് ടൈം ജോലിയാണ്.നിന്റെ ജാനകി വാത്മീകിയുടെ സീതയല്ല.ആശാന്റെ സീതയാടാ സീത' ഈ ഡയലോഗും വിട്ട് മിഥിലയിലെ നൂറ്റിയേഴിൽ സാറ് കിടപ്പുണ്ട്. നീ 'ആശാന്റെ സീത നൂറുവയസ് ' എന്നൊക്കെ പ്രസംഗിക്കാൻ പോകാണതല്ലേ..?.
     എന്നാപ്പറയു, ഈ കഥയിലെവിടെയെങ്കിലും അവളുണ്ടോ.?അതുമല്ലെങ്കിൽ എന്നെ ഒഴിവാക്കാൻ മതിയായൊരു കാരണമുണ്ടോ.?പണ്ട് സീതപോയപ്പം രാമൻ നോക്കിനിന്നത് പോലെ ഏനാത്തെ പാലത്തിന്റെ കൈവരിയിലിരുന്നാണ്  നിന്നെ വിളിക്കുന്നത്.ഞാനവളുടെ വീട്ടിലൊന്നൂടെ പോയിനോക്കട്ടാ.? !!

*വിവിധ മദ്യങ്ങൾ പ്രത്യേക അനുപാതം ചേർത്ത് തയാറാക്കുന്ന ലഹരി.
*മൻഷൻ ഹൗസ് ബ്രാന്റി.
*മദ്യം അളന്ന് ഒഴിക്കുന്ന ഉപകരണം.
*അധ്യാപകപഠന ഭാഗമായി സ്‌കൂളിൽ പരിശീലനം.
*ക്‌ളാസ് മുറി പാഠാസൂത്രണം.
*പട്ടാഴി അമ്പലത്തിലെ പ്രത്യേക ആഘോഷം.
*വിലയേറിയ വൈറ്റ് റം
*വിലയേറിയ വിസ്കി.


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636