Thursday 25 November 2021

രവിവർമ്മ

       അന്ന് വളരെ വൈകിയാണ് അവൾ കിടക്കാൻ വന്നത്, അടുക്കളയിൽ എന്തൊക്കെയോ തട്ടുമുട്ടുകൾ കേട്ടിരുന്നു.വന്നിട്ടും കുറച്ചു നേരം കട്ടിലിൽ കിടന്ന് ഒരു നോവൽ വായിച്ചു.ഒടുവിൽ എന്നോട് ഒരു ചോദ്യം.
        "മാഷേ ഞാൻ മരിച്ചു പോയാൽ നിങ്ങൾ വേറെ കെട്ടുമോ..?" വളരെ വേഗത്തിൽ എന്റെ മറുപടിയുമുണ്ടായി..
         "അല്പം കൂടെ മെലിഞ്ഞ കുറച്ച് കൂടെ മുടിയുള്ള ഒരാളെ കെട്ടി ശിഷ്ടകാലം ഇതിലും സന്തോഷമായി ജീവിക്കും.."അവൾ എന്റെ നേർക്ക് തിരിഞ്ഞുകിടന്നു.ഒരുമ്മ തന്നു.വേഗത്തിൽ ഉറക്കമായി. 
       അതോടെ എന്റെ ഉറക്കം നഷ്ടമായി. ഒന്നോർത്താൽ അവൾ ഇല്ലാതെ ആയാൽ ഞാൻ വെറും പൂജ്യമാണ്.കെ എസ് രതീഷ് എന്ന കഥാകൃത്ത്, അദ്ധ്യാപകൻ, രണ്ട് മക്കളുടെ അപ്പൻ അനാഥനായ കുട്ടി എല്ലാവർക്കും താളം തെറ്റും.ഉറക്കവും കാത്ത് ഏറെ നേരം കിടന്നു.രണ്ടോ മൂന്നോ മണി ആയപ്പോൾ എഴുന്നേറ്റ് വായന മുറിയിൽ വന്നിരുന്നു.പാതി വായിച്ച നോവലിൽ കയറിനോക്കി ഒറ്റ വരിപോലും കടന്നുപോകാൻ സാധിക്കുന്നില്ല.സോഷ്യൽ മീഡിയയിൽ ചുറ്റിത്തിരിഞ്ഞു.ആകെ ഉണർന്നിരിക്കുന്നത്  ഞാൻ മാത്രമാണെന്ന് തോന്നി.വീട്ടിനുള്ളിൽ വെറുതേ നടന്നു.കിടപ്പുമുറിയിൽ ചെന്നുനോക്കി മക്കളെ കെട്ടിപ്പിടിച്ചു കിടന്നു സുഖമായി ഉറങ്ങുന്ന അവൾ. 

         കടുപ്പത്തിൽ ഒരു ചായയുണ്ടാക്കി കുടിച്ചു.പിന്നെയും വന്നിരുന്നു.കഥയുടെ കുറിപ്പുകൾ കൂട്ടിയിടുന്ന പുസ്തകത്തിൽ വെറുതെ എഴുതിനോക്കി.എന്റെ പെണ്ണു ചത്തുപോയൽ ഞാൻ എന്താകും...? അതായിരുന്നു ലക്ഷ്യം പക്ഷെ ഒരു മുഹൂർത്തത്തിൽ അതൊരു കഥയിലേക്ക് വഴുതി വീഴുകയായിരുന്നു.വളരെ വേഗം ടാബിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി.രാവിലെ എട്ടുമണിക്ക്  അതെഴുതിത്തീർന്നു.ഉച്ചയോടെ പി ടി എഫിലേക്ക് മാറ്റി.വൈകിട്ട് ഭാഷാപോഷിണിയിലേക്ക് മെയിൽ ചെയ്തു.പിറ്റേന്ന് മറുപടിയായി..ഇങ്ങനെയായിരുന്നു ആ കഥ വന്ന വഴി.

        എത്രയോ കാലം ഉള്ളിലുണ്ടായിരുന്ന ഒരു ഭയം അവളുടെ ചോദ്യത്തിൽ പൊട്ടിയൊലിച്ചു എന്നതാണ് സത്യം. എന്റെ വീട് അടുക്കള വീട്ടുമുറ്റത്തെ കോഴികൾ, അയൽക്കാരി,അപ്പുറത്തെ മതില്,ടാപ്പിങ്ങ് കാരൻ,എന്റെ ഭാര്യ മക്കൾ പിന്നെ ഞാൻ ഇവരാണ് അതിലെ കഥാപാത്രങ്ങളുടെ വേഷങ്ങൾ കെട്ടി വന്നത്..ആക്രി പെറുക്കാൻ ചെന്ന കുട്ടിക്ക് ജീവിതത്തിൽ ഏറ്റവും വിലയുള്ള എന്തോ കിട്ടിയ സന്തോഷമായിരുന്നു.ആ കഥ അച്ചടിച്ച് വന്നപ്പോഴും പിന്നീട്‌ അതേ പേരിൽ ചിന്താ ബുക്സിൽ കഥാസമാഹാരം ഉണ്ടായപ്പോഴും.ഈ കഥയുടെ ശരിയായ അവകാശി ആ ചോദ്യവും അവളുമായിരുന്നു.

     പെണ്ണു ചത്തവൻ എന്ന പേരിൽ കവിത ഉണ്ടാക്കാനുള്ള ഒരു താല്പര്യവും ഉള്ളിൽ കിടന്നതു കൊണ്ട് കഥയുടെ ഭാഷയും അല്പം കവിതയോട് ചേർന്നു പോയി.വായനക്കാരിൽ ചിലരത് പറയുകയുമുണ്ടായി..വളരെ ചുരുങ്ങിയ സമയത്തിൽ എഴുതിയത് കാരണം എഡിറ്റിംഗ് അഭാവവും പലയിടത്തും എനിക്ക് പിന്നീട്‌ വായിക്കാൻ കഴിഞ്ഞു..എന്തോ അതിൽ എനിക്ക് തിരുത്തലുകൾ വരുത്താൻ തോന്നിയില്ല,ഇനിയത് തിരുത്തുമെന്നും തോന്നുന്നില്ല..തലയിൽ ചിലന്തി വലയും ചൂടി നിൽക്കുന്ന ആ സീൻ ഞാൻ എത്ര തവണ കണ്ടതാണ്. വീടിനുള്ളിൽ തുണിവിരിക്കാൻ കെട്ടിയ അയക്കയർ എത്ര തവണ ഞാൻ പൊട്ടിച്ചതാണ്..

     എന്റെ ജീവിതത്തിൽ തൊട്ടു നിൽക്കുന്നതല്ലാതെ ഒന്നും എഴുതാൻ ശ്രമിക്കാറില്ല,അങ്ങനെ ശ്രമിച്ചതെല്ലാം പാഴായി പോയിട്ടുണ്ട്.കഥയിലെ പെണ്ണു ചത്തവൻ ഞാനാണെന്നും, എനിക്ക് സ്വയം ചികിത്സിക്കാനുള്ള വഴിയാണ് ഈ കഥയെഴുത്തെന്നുമാണ് എന്റെ ചിന്ത.പലപ്പോഴും ഞാൻ കഥയുണ്ടാക്കുമ്പോൾ വായനക്കാരുടെ ചിന്തകളെക്കുറിച്ചാണ് ഞാൻ ആകുലപ്പെട്ടിരുന്നത് പക്ഷെ ഈ കഥയിൽ എഴുതിവയോട് എന്റെ മറുപടി മാത്രമായിരുന്നു ലക്ഷ്യം.അതുകൊണ്ട് ഈ കഥ ഏറ്റവും രുചിക്കുന്നത് എനിക്കുതന്നെയാണ്, അല്ലെങ്കിൽ എന്നെപ്പോലെയുള്ള വായനക്കാരിലെ പെണ്ണുചത്തവർക്ക്.

     ആദ്യ വായനക്ക് കഥ കൊടുത്തപ്പോൾ അവളുടെ മുഖത്ത് ചിരി."ഒന്ന് പോ മാഷേ നിങ്ങൾ ഉള്ളി അരിയും ചായ ഇടും മക്കളുടെ തുണി അലക്കും."..എന്നിട്ടും എനിക്ക് തൃപ്തി വന്നില്ല എന്നതാണ്‌ സത്യം.എന്നിൽ ഇനിയും പരിഹരിക്കാൻ കഴിയാത്ത ഒരു ഭീകര പുരുഷകോയ്മക്കാരൻ പതുങ്ങിയിരിക്കുന്നുണ്ടെന്ന് തോന്നി.ഇനിയും ഇനിയും എഴുതി അത് പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്.

       കഥ കാലത്തോട് മാത്രമല്ല അവനവനോടും കലഹിക്കലാണ് എന്ന തിരിച്ചറിവാണ് എനിക്ക് തന്നത്. അതു മാത്രമല്ല തൊട്ടടുത്ത് ഇത്രയും വലിയ കഥ കിടക്കുമ്പോൾ പ്രാപ്യമല്ലാത്ത ഇടങ്ങൾ തിരഞ്ഞു പോകുന്നതിന്റെ ആയുക്തിയും ഞാൻ പഠിച്ചെടുക്കുകയായിരുന്നു.അന്നുമുതൽ എന്നെ വന്നു തൊടാത്തത് ഒന്നും എഴുതില്ലെന്ന് തീരുമാനിച്ചു. ഉള്ളിയും മാങ്ങയും ബീന്സും അരിയുന്നതിന് പുറമേ പാത്രങ്ങൾ കഴുകാനും ശ്രമിച്ചു.അവളുടെ ഭക്ഷണത്തിന് നല്ല അഭിപ്രായങ്ങൾ പറഞ്ഞു.
ഫേസ്ബുക്കിൽ അവളുടെ ബോട്ടിൽ ആർട്ടുകൾ പ്രദർശിപ്പിച്ചു. കുപ്പികൾ പെറുക്കി അവൾക്കെത്തിച്ചു. ഇന്നും ആ 'പെണ്ണുചത്തവൻ' ആകാൻ ശ്രമിക്കുന്ന അവസരങ്ങളിൽ ആ കഥയെ മരുന്നുപോലെ ഓർത്തു...

     ഒരു ചുംബനത്തോടെ ആ പുസ്തകം അവൾക്കാണ് സമർപ്പിച്ചത്.അതു മാത്രമല്ല "പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം" പ്രകാശനം ചെയ്തതും എന്റെ പെണ്ണ് തന്നെയാണ് അതും ഞങ്ങളുടെ ഏറ്റവും രുചിയുള്ള അടുക്കളയിൽ വച്ചായിരുന്നു.!!

പെൺപടം

പെൺപടം,
അഥവാ സിനിമയുടെ സുമതിയായ കാരണങ്ങൾ.

                                                                 സംഘട്ടനം.
                                                                (സി.സുമതി)
     
     മൊട്ടരാജു, ചന്ദ്രന്റെ കഴുത്തിന് കുത്തിപ്പിടിച്ച് വീടിന്റെ ചുവരിലേക്ക് ചാരിയങ്ങ് നിർത്തിയിട്ട്, നട്ടെല്ലുവേദനക്ക് കെട്ടിയിരുന്ന വലിയ ബെൽറ്റിന്റെ ഇടയിൽ ഒളിപ്പിച്ച ടാക്സിക്കാറിന്റെ താക്കോൽ വലിച്ചെടുത്തു.ആ രംഗങ്ങളും കണ്ട് മുറ്റത്തുനിന്ന വട്ടിജോസിന് 'ക്യാച്ചേന്ന്'കലക്കൻ ചിരിയോടെ എറിഞ്ഞുകൊടുത്തു.അതിനിടയിൽ ഉടുമുണ്ടഴിഞ്ഞുപോയ ചന്ദ്രന്റെ പൂർണകായ നില്പുകണ്ട് മൊട്ടരാജു നാണിച്ചു.ഒപ്പം ചന്ദ്രന്റെ വിളറിയ മുഖത്തേക്ക് ഇടതുകൈമുറുക്കി‌ ഒന്നങ്ങ് പൊട്ടിച്ചു. ഗേറ്റിന് പുറത്തേക്ക് 'അത്രയും മതിയെടാ രാജൂന്നുള്ള'വട്ടിയുടെ തൃപ്തിപ്പെട്ട നടപ്പുകണ്ട മൊട്ട, കൈയയച്ചു.പരുക്കനിട്ട സിമന്റുതറയിൽ തണ്ണിമത്തൻ കണക്കിന് പ്ളക്കോന്ന് വീണ ചന്ദ്രൻ ആഞ്ഞാഞ്ഞ് ചുമച്ചുപോയി.
      ഭീകരമായ ഒരു കരച്ചിൽ കേട്ട് മടങ്ങിവന്ന വട്ടിജോസ് കാണുന്ന സീൻ,ചന്ദ്രന്റെ പെണ്ണായ സുമതിയുടെ കാലിനുകീഴെ മൊട്ടരാജുവിന്റെ മിനുസമുള്ള തല.ബീഡി കടിച്ചുപിടിച്ചു അവന്റെ മുഖം മുറ്റത്തെ ചൂടൻ പഞ്ചാരമണലിൽ പുതയുന്നു.അവന്റെ ഇടതുകൈ ഒടിക്കാൻ പാകത്തിന് അവൾ തിരിച്ചു മുകളിലേക്ക് വച്ചിട്ടുണ്ട്.വലതുകൈ മണ്ണിൽ 'വിട് വിട് വിടേന്ന്' മുറ്റത്തിന് താളം പിടിക്കുന്നു.
       "വീട്ടിക്കേറി പന്നത്തരം കാണിച്ചാൽ, ദേ ജോസേ വണ്ടി ഞാനങ്ങ് കൊണ്ട് തരും.അങ്ങേർക്ക് നട്ടെലിന് കേട്പറ്റി ഇരിക്കുവാർന്ന്.."സുമതിയുടെ പറച്ചില് കേട്ട് മൊട്ടരാജുവിന്റെ വായീന്ന് ഷാപ്പിന്റെ തലക്കറിമണമുള്ള ഛർദ്ദി 'ഞാൻ ചത്തെടീന്ന് 'ചാടിയിറങ്ങി.സുമതി മൊട്ടയുടെ കഴുത്തിലെ ചവിട്ട് ഒന്നൂടെ അമർത്തി.നട്ടെലിന്റെ ബെൽറ്റും കൈലിയും വാരിച്ചുറ്റി ചന്ദ്രനും അവിടേക്ക് ഇഴഞ്ഞുവന്നു. മൊട്ടയുടെ കൈലിമുണ്ടിലൂടെ മൂത്രമണവും അവർക്കിടയിൽ ഒഴുകിപ്പരന്നു.
       "നീ അവനെ വിട് സുമതി.ദാ താക്കോല്, ചന്ദ്രന് വയ്യെങ്കിൽ ഇനിത്തൊട്ട് നീ ഓടിക്കോ." മൊട്ടയെ വട്ടിജോസ് ദയനീയമായി നോക്കി.താക്കോല് വാങ്ങുമ്പോൾ ചരിഞ്ഞുവീഴാൻ തുടങ്ങിയ ചന്ദ്രനെ താങ്ങിപ്പിടിച്ച് സുമതി വീടിന്റെ അരപ്ളേസിൽ കിടത്തി.ആ തക്കത്തിന് മൊട്ടരാജു കൈലിമുണ്ട് കൈയിൽ ചുറ്റിയെടുത്ത് ഗേറ്റിന് പുറത്തേക്ക് 'ഞാമ്പോണേന്ന്' വീണെണിറ്റോടി.വട്ടിജോസിന്റെ ചിരിയും അവന്റെ പിന്നാലെപോയി. 
       "അങ്ങനെയെങ്കിൽ ചന്ദ്ര, നിന്റെ പെണ്ണിന് അഗളിക്കൊള്ള റൂട്ട് പറഞ്ഞ് കൊട്.." ഇതു പറയുമ്പോഴും വട്ടിജോസ് മൊട്ടരാജു ഓടിയ ദിക്കിലേക്ക് നോക്കി ചിരിക്കുകയായിരുന്നു.ട്രാവൽ കമ്പനിയുടെ പേരുള്ള വട്ടിജോസിന്റെ കാറ് പാഞ്ഞുപോകുമ്പോൾ ചന്ദ്രന്റെ മുഖം മങ്ങിയിരുന്നു. സുമതി നട്ടെല്ലിന്റെ ബെൽറ്റ് കൃത്യമായി കെട്ടിക്കൊടുത്തു.
      ഉപ്പിട്ട കഞ്ഞിവെള്ളവും ബീഡിയുടെ കവറും അടുത്തേക്ക് നീട്ടിവച്ച് സുമതി ആ കാറിനെയൊന്ന് നോക്കി."ഇവിടുന്ന് പത്ത് മുന്നൂറ് കിലോമീറ്ററുണ്ട്. അതുമല്ല നീ, കൊണ്ടാക്കാനുള്ള ആ മൂന്നും പെഴകളാ,പത്രത്തിലൊക്കെ അവരെപ്പറ്റി വാർത്ത വന്നതാണ്.."സുമതിയുടെ ഊക്കൻ നോട്ടത്തിൽ ബീഡിയിലേക്ക് ചന്ദ്രന്റെ ചുണ്ടുകൾ ചുരുങ്ങി.കവിളിൽ നിശബ്ദത കോരിയെടുക്കാവുന്ന വലികുഴി വിരിഞ്ഞു.ഷാമ്പുവും വണ്ടി കഴുകുന്ന മഞ്ഞത്തുണിയുമായി മുഖത്തിന് നേരെ ചെന്നപ്പോൾ 'നിനക്കിത് പറ്റോ സുമതിന്ന്'ചോദിച്ച ചുവപ്പൻ കാറിന്റെ തലയിലിരുന്ന ബ്ലാക്ക് ആന്റ് വൈറ്റ് കാക്കത്തീട്ടം അവൾ ഉരച്ചുകഴുകി.
        ജയിലിന്റെ മുന്നിൽ കൊത്തിത്തിന്നാൻ തക്കംപാർത്തുനിന്ന ബന്ധുക്കൾക്കും ക്യാമറകൾക്കും കൊടുക്കാതെ കറുപ്പ് നിറമുള്ള ജീൻസിട്ട ഒരു പെണ്ണിനെ തന്റെ സാരിയിൽ പുതച്ചുമൂടിക്കൊണ്ട് സ്മിത കാറിലേക്ക് ഓടിവരുന്നത് കണ്ട സുമതി വാതിൽ തുറന്നിട്ടിട്ട് കാറങ്ങ് ഓണാക്കിനിർത്തി.
       പാഞ്ഞുവന്ന രണ്ടാളും പിന്നിലേക്ക് കയറി, വാതിലടയുന്നതിന് മുൻപ് വണ്ടി 'പോകാംപോകാന്ന്' മുന്നോട്ടാഞ്ഞു.ഇടതുവശത്തെ ബോക്സിങ് ഗ്ലസിട്ട ഗ്ളാസിന്റെ ഇടികൊണ്ട് മൈക്കും തൂക്കിവന്ന ഒരുത്തൻ ഓടയിലേക്ക് വീഴുന്നത് കണ്ടിട്ട് പിൻസീറ്റിൽ നിന്നുമാത്രമല്ല കാറിനും ആകെ ഒരു ചിരി. "കത്തിച്ച് വിട്ടോടി.."സുമതിയുടെ ഇടപെടലിൽ തൃപ്തിയുള്ള വിധം സ്മിത ഒറ്റവാക്കിൽ നിർത്തി.       
        ജീൻസിട്ട പെണ്ണ് സ്മിതയുടെ മടിയിലേക്ക് ചാഞ്ഞു.ആ പെണ്ണിന്റെ മുഖമൊന്നു കാണാനായി മുന്നിലെ ഗ്ലാസുവഴി സുമതിയപ്പോൾ ശ്രമിച്ചു.സ്മിതയുടെ കണ്ണുകളിൽ അതിനോടുള്ള വെറുപ്പു കണ്ട് സുമതി പിൻവലിഞ്ഞു.ചന്ദ്രൻ പറഞ്ഞകാര്യങ്ങൾ സുമതി തന്റെ ഉള്ളിലിട്ട് ആക്ഷൻ ത്രില്ലർ സിനിമകണക്കെ ചിത്രീകരിച്ചുനോക്കി.
                                                              
                                                                 സംവിധായിക 
                                                                     (സ്മിത)

      "ഇതെഴുതിയത് ഗിരീഷ് സാറിന്റെ ഭാര്യയാണെങ്കിൽ വേറെയെന്ത് ചിന്തിക്കാൻ.നമ്മള് തിരക്കഥ തീർത്ത് പടം തുടങ്ങുകയല്ലേ? സാറൊരു പടത്തിന് എന്തോരം ശ്രമിച്ചതാ,ഇതിപ്പോ ഈ അടുക്കളയിൽ തന്നെ അഡാറ് ഐറ്റം ഉണ്ടായിരുന്നല്ലോ..?"സ്മിതയുടെ കഥ സിനിമയാക്കാൻ വന്നവരോട് ഗിരീഷ് ചിരിച്ചെന്നുവരുത്തി.സിനിമാക്കാരുടെ വണ്ടികൾ ഗേറ്റുകടക്കുവോളം അവൾ വാതിലിൽ നിന്നു.അകത്ത്, അവർ കുടിച്ചുവച്ച ചായഗ്ലാസുകൾ വീണുടയുന്ന ശബ്ദം.
       ഒന്നരമാസമായി സാഹിത്യവേദികളിലാകെ ആ പ്രമുഖ പതിപ്പിൽ അച്ചടിച്ചുവന്ന "ശലഭൻ" എന്ന കഥയാണ് ചർച്ച.എഴുതിയ ആളിതുവരെ പൊതുവേദികളിൽ വരാത്തതും അതിൽ ഒരു സൂപ്പർ ഹിറ്റ് സിനിമയുടെ സാധ്യതകളുമാണ് ചർച്ചകളുടെ ആകെയുള്ള താളം.പക്ഷേ വീടിന്റെ ഉള്ളിലെ താളം വേറെയായിരുന്നു.
        "ആരോട് ചോദിച്ചിട്ടാണ് നീ കഥ അയച്ചത്.."ഗിരീഷ് വിറയ്ക്കുകയായിരുന്നു. അത് കേട്ടിട്ടും സ്മിത ജനാലവഴി പുറത്തേക്ക് നോക്കിനിന്നു.ഇനിയൊരു സിനിമക്കാരും ഈ വഴി വരാതിരിക്കാൻ അവളാഗ്രഹിച്ചു.അവർ വന്നുപോകുന്ന ആ നിമിഷം ഗിരീഷിന്റെ സ്വഭാവം മാറും,പതിവ് മുറകൾ തുടങ്ങും.മുടിയിൽ ചുറ്റിപ്പിടിക്കാം,പിന്നിൽ നിന്ന് ചവിട്ടാം ചിലപ്പോൾ എന്തെങ്കിലും കൊണ്ടുള്ള ഏറാകാം.ഗിരീഷിന്റെ പ്രതികരണത്തിന്റെ രീതികൾ സ്മിതക്കിപ്പോൾ പരിചിതമാണ്.അവൾ ജനാലയുടെ കമ്പിയിൽ മുറുകെപിടിച്ചു.       
       അടുത്ത നിമിഷം പിന്നിൽ നിന്ന് തലയിൽ ഒരടി,ജനാലയുടെ കമ്പിയിൽ തട്ടി സ്മിതയുടെ ചുണ്ട് മുറിഞ്ഞു."എഡിറ്റർക്ക് കത്തെഴുത്,നിന്റെ പേരിൽ ഈ അച്ചടിച്ചുവന്നത് എന്റെ കഥയാണ്. നീയത് മോഷ്ടിച്ചതാണ്.അതിനു വയ്യെങ്കിൽ നിന്റെ ഒരൊപ്പ്.."ഒരു പേപ്പറും പേനയും മേശപ്പുറത്തിട്ട്‌ ഗിരീഷ് അലറി.
        'നിന്നോട് ഞാൻ ആ കഥയുടെ ത്രെഡ് പറഞ്ഞിരുന്നു.ഇല്ലെങ്കിൽ നീയിങ്ങനെ എഴുതില്ല.' ഗിരീഷിന്റെ നടപ്പിനൊത്ത് പുലമ്പലുകൾ കൂടിക്കൂടി വരുന്നു.ജനൽ കമ്പിയിൽ ചേർത്ത് സ്മിതയുടെ കഴുത്ത് ഞെരിച്ചു.നട്ടെല്ലിന് കാൽമുട്ടുചേർത്ത ഇടി,മൂത്രത്തിൽ കലർന്നു മാസമുറയും പോയത് മറയ്ക്കാൻ ടോയിലെറ്റിലേക്ക് ഓടുന്നതിനിടയിൽ സ്മിത മൂത്രനനവിൽ തെന്നിവീണുപോയി. കട്ടിലിന്റെ അടിയിലേക്ക് ഇഴഞ്ഞു കയറാൻ ശ്രമിക്കുമ്പോൾ കൈവെള്ളയിൽ കാലുറപ്പിച്ച് ആ ഇഴച്ചിലും അയാൾ അവസാനിപ്പിച്ചു.മുതുകിൽ പേനകൊണ്ട് കുത്തിക്കൊണ്ടിരുന്നു. 
        ഒരിക്കലും സ്മിതയോട് കഥയോ എഴുത്തിനെക്കുറിച്ചോ ഗിരീഷ് മിണ്ടിയിട്ടില്ല.കഥയെന്നല്ല മറ്റൊന്നും അവളോട് മിണ്ടാറില്ല.അയാളുടെ പുസ്തകങ്ങൾ വരുന്നതുപോലും അവളറിയാറില്ല. കൂട്ടുകാരികളുമായി കഥയുടെ വളർച്ചകളെപ്പറ്റി മണിക്കൂറുകൾ സംസാരിക്കുന്ന ഗിരീഷ് ഈ അടുത്തകാലത്ത് തന്റെ ഒരു കഥയ്ക്ക് വരച്ച ഒരുത്തിയുമായി കടുത്ത പ്രണയത്തിലുമാണ്.  അയാളുടെ ഒരു കഥ ആദ്യമായി വായിക്കാൻ അവൾ ഒരിക്കൽ കൊതിച്ചിരുന്നു.ചുണ്ടിൽ ഊറിനിന്ന രക്തത്തുള്ളിയിലേക്ക് കണ്ണീരൊഴുകി വന്ന് ഉപ്പിട്ടു.അവളത് നുണഞ്ഞു.ഏതു ഗതികെട്ട നേരത്താണ് ആ കഥയെഴുതിപ്പോയതെന്ന് അവൾ സ്വയം ശപിച്ചു.
        ഒപ്പിടാൻ വച്ചിരുന്ന പേപ്പറിൽ ഒന്നു നോക്കിയിട്ട് ഗിരീഷ് സ്മിതയുട വിരലുകൾ കട്ടിലിന്റെ പടിയിലേക്ക് എടുത്തുവച്ചു.ചതയുവോളം സ്റ്റീൽ ഗ്ലാസ്സുകൊണ്ട് ഇടിച്ചു.ചൂണ്ടുവിരല് കട്ടിലിന്റെ താഴേക്ക് തെറിച്ചു വീഴുന്നത് കണ്ട നിമിഷം മുതൽ സ്മിത ഭ്രാന്തമായി ചിരിക്കാൻ തുടങ്ങി.
       മൂന്നാം ദിവസവും ആ മുറിയിൽ നിന്ന് പലതരം ചിരികൾ ഇറങ്ങി വരുന്നുണ്ടായിരുന്നു.തീയും വെളിച്ചവും കണ്ട് സംശയം തോന്നിയ അയൽവാസികളാണ് പോലീസിനെ വിവരങ്ങൾഅറിയിച്ചത്.  
       കിടപ്പുമുറിയിലെ ഫാനിൽ തലകീഴായി തൂങ്ങിക്കിടന്ന ഗിരീഷിന് ജീവൻ നഷ്ടമായിരുന്നില്ല. അഴിച്ചു നിലത്തിറക്കി,വായിൽ തിരുകിയ പ്ലാസ്റ്റിക് കവറുകൾ അഴിക്കുമ്പോഴും 'ആ കഥ എന്റെയാണെന്ന'‌ അയാളുടെ പുലമ്പലുകൾ കേട്ടിരുന്നു.മേശയിലിരുന്ന പേപ്പറിൽ രക്തം കലർന്ന വിരലടയാളവും, മുറിഞ്ഞുപോയ ആ വിരലും.ഗിരീഷിന്റെ ശരീരത്തിൽ ആകെ പേനകൊണ്ട് കുത്തിയ മുറിവുകൾ, ഒരു മൂലയിൽ കത്തിക്കരിഞ്ഞ പുസ്തകങ്ങൾ,മുറിയിൽ നിറയെ പലതരം ഒടിഞ്ഞ പേനകൾ.
        അകത്തെ ശുചിമുറിയിൽ ക്ളോസറ്റിൻ്റെ പുറത്ത് ചിരിയുടെ മുരൾച്ചകളുയുമായി സ്മിത. ചുവരിൽ ചോരയിൽ പതിപ്പിച്ച വിരലടയാളങ്ങൾ.അടർന്നുപോയ ചൂണ്ടുവിരലിന്റെ അറ്റം കറുത്തിരുന്നു.
        സിനിമയെ വെല്ലുന്ന അവരുടെ കഥ പത്രങ്ങളും വളരെ നാള് ആഘോഷിച്ചു."ആ ബാറിന്റെ മുന്നിൽ വണ്ടി ഒതുക്കിയിട്,അവിടുന്ന് ജയ കേറും."സുമതി വണ്ടി ഒതുക്കിയിട്ട് സ്മിതയെ തിരിഞ്ഞുനോക്കി വിരൽ മുറിഞ്ഞുപോയ വലതുകൈ, മടിയിൽ കിടന്നുറങ്ങുന്ന പെണ്ണിന്റെ കവിളിൽ താരാട്ടിന്റെ താളം ശീലിക്കുന്നു.
      ജയ വണ്ടിയിലേക്ക് കയറുമ്പോൾ കാറിനുള്ളിൽ മദ്യത്തിന്റെയും പെർഫ്യൂമിന്റെയും മണങ്ങൾ  തമ്മിൽ മൽസരിക്കാൻ തുടങ്ങി.മടിയിൽ കിടന്നിരുന്ന പെണ്ണ് എഴുന്നേറ്റു.ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന കുഞ്ഞുമദ്യക്കുപ്പി അവൾക്കുനേരെ നീട്ടി.സുമതിക്ക് ആ പെണ്ണിന്റെ സൗന്ദര്യത്തിൽ അസൂയ തോന്നി.ആ പെണ്ണിന്റെ പേര് ചന്ദ്രനും ഓർമ്മയുണ്ടായിരുന്നില്ല.
     "നീ വലിക്കോ, കാറിനുള്ളിൽ ഞങ്ങള് വലിച്ചാൽ നിനക്കെന്തെങ്കിലും"ജയക്ക് മറുപടിയെന്നോണം സുമതി ചിരിച്ചു.വിലകൂടിയ ഏതോ ഒരിനം സിഗരറ്റിന്റെ പാക്കറ്റ് കാറിന്റെ മുന്നിലേക്ക് വീണു. "അവര് ഭയങ്കര ക്യാഷ് ടീമാണ്..' ജയയെക്കുറിച്ച് ചന്ദ്രൻ സൂചിപ്പിച്ച കാര്യങ്ങൾ ഒരു കുഞ്ഞു വളവു തിരിഞ്ഞ് സുമതിയിലേക്ക് കയറിവന്നു.

                                                          
                                                                    പ്രൊഡ്യൂസർ 
                                                                          (ജയ)
       "പോസിറ്റീവായത് നന്നായല്ലേടി"പ്ലാന്റർ വിജയന്റെ ശബ്ദത്തിന് നല്ല പതർച്ചയുണ്ടെന്ന്‌ ഭാര്യ ജയക്ക് തോന്നി.ഗേറ്റുകൾ താഴിട്ട് പൂട്ടിയതും,കോവിഡ് രോഗികളെന്ന മുന്നറിയിപ്പ്‌ ബോർഡെഴുതി അവിടെ തുക്കിയതും,ഒരു മാസത്തേക്കെങ്കിലുമുള്ള വീട്ടുസാധനങ്ങൾ വാങ്ങിക്കൂട്ടിയതും ഇങ്ങനെയൊരു ഒളിച്ചിരിപ്പിനാണെന്നറിഞ്ഞില്ല.കോവിഡ് പരിശോധനയും,ഫോണുകളുടെ ബന്ധം മുറിച്ചുള്ള ഭർത്താവിന്റെ ഒറ്റയാൻ ഇരിപ്പും എന്തോ വലിയ ബിസിനസ് പദ്ധതിയുടെ ഒരുക്കമാണെന്നും ജയ ചിന്തിച്ചിരുന്നു.
       "അവര് നമ്മളെ കൊല്ലുമെടി,അത് വെറും അപകടമല്ല" 'അവർ' മക്കളാണെന്നും രണ്ട് ദിവസം മുൻപ് ഉണ്ടായ അപകടം ആസൂത്രിതമാണെന്നും ഊഹിക്കാൻ ജയയ്ക്ക് കഴിയും.കിടപ്പുമുറിയുടെ മൂലക്ക് കാൽമുട്ടിൽ മുഖം ചേർത്ത് കുനിഞ്ഞിരിക്കുന്ന ഭർത്താവിനോടവൾക്ക് വാത്സല്യം തോന്നി. അടുത്തു ചെന്നിരുന്നപ്പോൾ വിജയൻ അവളുടെ കഴുത്തിൽ കുട്ടികളെപ്പോലെ കെട്ടിപ്പിടിച്ചു. പതിയെ എഴുന്നേല്പിച്ച് കട്ടിലിൽ കിടത്തി.പുതപ്പിനുള്ളിലേക്ക് വിജയൻ ആ തടിച്ച ശരീരംപൂഴ്ത്തി, കരച്ചിലിന്റെ താളമുള്ള പിറുപിറുക്കലുകൾ ഇടവിട്ടിറങ്ങിവരുന്നു.
          മക്കളുടെ ഉത്സാഹത്തോടെ നടത്തിയ അപ്പന്റെ പുനർവിവാഹം.കൊട്ടാരംപോലുള്ള വീട്, വൻ  സൗകര്യങ്ങൾ, എല്ലാം ജയക്ക് കൗതുകമായിരുന്നു.അവളിലേക്കും മടുത്തു തുടങ്ങിയ സകല ബിസിനസുകളിലേക്കും ആവേശത്തോടെ കത്തിക്കയറുന്ന വിജയൻ മുതലാളി, മക്കളുടെ പ്രതീക്ഷകൾ തെറ്റിച്ചു.ബാറും തോട്ടവും ഹോട്ടലും തുടങ്ങി വലിയ ആ സ്വത്തിലേക്ക് ജയയെ ഉടമയാക്കിയ ദിവസം മുതൽ സീനുകൾ എല്ലാം മാറി.കോളേജ് അദ്ധ്യാപികയായ ഇളയ മരുമകൾ ഫോണിൽ ആരോടോ രഹസ്യമായി സംസാരിക്കുന്നത് ജയ കേട്ടിരുന്നു..
           "വൃദ്ധന്റെ പ്രണയം ചാഞ്ഞു പെയ്യുന്ന മഴ പോലെയാണെന്നല്ലേ കവിത,എന്നിട്ടും ആ കിളവൻ പൂത്തെടി.തീർക്കാനാണ് ഇവിടെത്ത പ്ലാൻ." ബിരുദമലയാളം സർട്ടിഫിക്കറ്റുള്ള ജയ കവിതയുടെ ബാക്കി വരികൾ ഓർത്തുനോക്കി.
         ചായയുടെ തിള നോക്കിനിൽക്കുമ്പോൾ പിന്നിൽ വിജയന്റെ കാൽപ്പെരുമാറ്റം.കൈയിലെ ഫയലുകളിൽ വസ്തുക്കൾ ആധാരമാക്കിയതിന്റെ രേഖകൾ.ജയ അതെല്ലാം വാങ്ങി ഫ്രിഡ്ജിന് മുകളിൽ വച്ചു.വിജയന്റെ നോട്ടം അതിൽ തന്നെ തങ്ങിനിൽക്കുന്നു.ജയ കൈയിൽ തൊട്ടപ്പോൾ വിജയന്റെ മുഖത്ത് ചിരി.കൈവരിയിൽ ഇരിക്കുന്ന വിജയന് പ്രണയത്തിന്റെ യൗവ്വനമുഖം. ഉമ്മവയ്ക്കാനടുത്തപ്പോൾ വിസ്കിയുടെ മണം.ജയ ചേർന്നുനിന്നു,അയാൾ നെറ്റിയിൽ ഉമ്മ വച്ചു. ചായ തിളച്ചുതൂവി.രണ്ടാളും ചിരിച്ചു.വിജയന്റെ ചിരിക്ക് അപ്പോഴും തിളക്കമില്ല.കവിളിൽ വെളുത്ത അമർത്തി വച്ചിരുന്ന വെളുപ്പൻ രോമങ്ങൾ പുറത്തു വന്നിരിക്കുന്നു.അവളതിൽ തലോടി.
         "വാ കുളിക്കാം."ഒന്നിച്ച് കുളിക്കുന്നത് ആദ്യമായാണ്‌.കച്ചവടത്തിനിടയിൽ ചിലപ്പോഴെല്ലാം തന്നെയും മറന്നെന്ന് ജയയ്ക്ക് തോന്നിയിരുന്നു."അവരുടെ അടുത്ത ലക്ഷ്യം നീയാണ്" ഷവറിന്റെ നൂലിഴകൾക്കിടയിൽ വിജയൻ കരഞ്ഞു.
     നനവോടെ അവർ പുറത്തിറങ്ങി.കട്ടിലിലിരിക്കുമ്പോൾ വിജയൻ വിറയ്ക്കാൻ തുടങ്ങി.തല തുവർത്തുമ്പോൾ അവളെ കെട്ടിപ്പിടിച്ചു.ഇരുവരും പുതപ്പിനുള്ളിലേക്ക് നൂണുപോകുമ്പോൾ വിറയുടെ താളം പിന്നെയും മുറുകി.പ്രണയക്കിതപ്പിനിടയിൽ തോറ്റുകൊടുക്കില്ലെന്ന് വിജയന്റെ ചുണ്ടുകൾ ആവർത്തിക്കുന്നതായി അവൾക്കു തോന്നി.തോറ്റുപോയ വിജയന്റെ കുതിപ്പിനെ ജയ പൂരിപ്പിച്ചു.വല്ലാതെ വിയർക്കാൻ തുടങ്ങിയ വിജയന്റെ നെറ്റിയിൽ പലതവണ ഉമ്മവച്ചു..
      വിജയൻ വീണ്ടും തണുക്കാൻ തുടങ്ങി.മുഖത്ത് ഭയമുള്ള ഒരു ചിരി നിൽക്കുന്നു."നമ്മൾക്ക് രോഗമില്ലെടി."വിജയന്റെ ചുണ്ടിൽ ഒരു കൗശക്കാരൻ ചിരിവന്നു,കൊഴിയും മുമ്പ് ജയ ഒപ്പിയെടത്തു. വളരെ നാളുകൾക്ക് ശേഷമാണ് വിജയൻ‌ ഇത്രയും നിശബ്ദമായി ഉറങ്ങുന്നത്. 
        ഉറക്കത്തിന്റെ ആഴം കണ്ട് ജയക്ക് ഭയമുണ്ടായി.കറുപ്പ് പടർന്ന് പാതിതുറന്ന ചുണ്ടിൽ 'നീ എന്നെ ആഴത്തിൽ പൂരിപ്പിക്കുമോ' എന്ന തണുപ്പൻ ചോദ്യച്ചിരിയുണ്ട്.അവൾ വിജയന്റെ തണുത്ത നെഞ്ചിലേക്ക് ഇനിയെന്തെങ്കിലുമുണ്ടോയെന്നു കേൾക്കാൻ ചെവിചേർത്തുനോക്കി.വയസ്സൻ കുതിര ഹൃദയക്കുളമ്പടികളെല്ലാം ഒതുക്കിവച്ചാണ് ഉറക്കം.
     ഏറ്റവും പുതിയ മുണ്ടുടുപ്പിച്ചു, കൈകാലുകൾ ഒതുക്കി, ഭംഗിയായി പുതപ്പിച്ചു.വിജയൻ കുടിച്ച വിസ്കി ഗ്ലാസ്സിൽ ഒരല്പം ബാക്കിയായി മേശയിലിരിക്കുന്നു.ഒരു ചാരുകസേരയിൽ ആ ഗ്ലാസ്സും പിടിച്ച് ജയ പുലരുവോളമിരുന്നു.
      പുറത്ത് മഞ്ഞിനെ മാറ്റി വെളിച്ചം വരുന്നതേയുള്ളൂ.ജയ ജാലകങ്ങൾ തുറന്നു.മരണത്തിന്റെ മണം ജനാലവഴി പുറത്തേക്കൊഴുകി.ഗേറ്റ് മലർക്കെ തുറന്നിട്ടു.ഫോണുകളെയെല്ലാം തൊട്ടുണർത്തി.കാത്തുനിന്നതുപോലെ ഒരു പാട്ട്, പാട്ടിനൊപ്പം തെളിഞ്ഞുവന്നത് മകന്റെ മുഖം, മറുതലയ്ക്ക് പക്ഷേ ഇളയ മരുമകളുടെ ശബ്ദം.ജയ കരച്ചിലൊതുക്കി, "തെളിവുകളുണ്ടെടീ, നീയൊക്കെ ചേർന്ന് ആ മനുഷ്യനെ കൊന്നതാണ്".
        ഗേറ്റിന് പുറത്ത് ജനക്കൂട്ടത്തിന്റെ ഇടയിൽ മക്കളുണ്ടാകും,ജയ അവർക്ക് നേരെ കാർക്കിച്ചു തുപ്പി.നക്ഷത്രങ്ങൾ കൂടുതലുള്ള ഒരു കാക്കിക്ക് ആധാരപ്പെട്ട ഫയലുകൾ കൈമാറുമ്പോൾ അവൾ പതിയെപ്പറഞ്ഞു..
        "പ്ലാന്റർ വിജയന്റെ മരണം കോവിഡോ സ്വാഭാവികമോ അല്ല‌,കൊലപാതകമാണ്" ജയ അകലം പാലിച്ചു നിൽക്കുന്ന നാട്ടുകാരെ നോക്കി ഒന്നു ചിരിച്ചു,മക്കൾക്കുവേണ്ടി നടുവിരൽ ഉയർത്തിക്കാണിച്ചു.
     സിഗരറ്റിന്റെ അറ്റത്തുള്ള ജയയുടെ തടിച്ച ചുണ്ടിൽ ആ ചിരിയിപ്പോഴുമുണ്ടെന്ന് സുമതിക്ക് തോന്നി.
           "അവിടേക്ക് കയറ്റി നിർത്ത് ഈ പെണ്ണിന് കുറച്ച് തുണിയെടുക്കണം "സിഗരറ്റിനെ ചേർത്ത് പിടിച്ച ജയയുടെ വിരൽ ചൂണ്ടിക്കാട്ടുന്നു.ആ വലിയ തുണിക്കടയുടെ കമാനത്തിൽ കല്യാണപ്പെണ്ണിന്റെ വേഷത്തിൽ നിൽക്കുന്ന സിനിമാനടിക്ക്, പിൻസീറ്റിലിരിക്കുന്ന പെണ്ണിന്റെ പകുതി ഭംഗിയില്ലെന്ന് സുമതി ചിന്തിച്ചു.കാറിന്റെ മുന്നിലെ സിഗരറ്റിലേക്ക് കൈനീട്ടുമ്പോൾ രണ്ടാൾക്കും നടുവിലൂടെ നടക്കുന്ന പെണ്ണ് സുമതിയെ ഒരു തവണ തിരിഞ്ഞു നോക്കി..
        "അവളാണ് താരം, നാളെ അവള് ജയിലേന്ന് ഇറങ്ങും എന്നിട്ടാണ് അവരെ സിനിമാപിടുത്തം തുടങ്ങുന്നത്" ചന്ദ്രൻ ആ പെണ്ണിന്റെ കഥ സുമതിയുടെ മുന്നിൽ അവസാനിപ്പിച്ചത് അങ്ങനെയാണ്.

                                                                നായിക
                                                             (ആ പെണ്ണ്)  

     അന്നു വൈകിട്ട് മൂർച്ചയുള്ളൊരു കത്തി വാങ്ങാനിറങ്ങുമ്പോൾ തന്റെ ഭാര്യയെ കൊല്ലണമെന്ന് അയാൾ ഉറപ്പിച്ചിരുന്നു.പത്രക്കടലാസിൽ പൊതിഞ്ഞ് ബാഗിനുള്ളിലേക്ക് സൂക്ഷ്മതയോടെ  ഒളിപ്പിക്കുന്നതിനിടയിൽ വിരലുകൊണ്ടതിൽ മൂർച്ചനോക്കി,അയാളുടെ മുഖത്തൊരു നിരാശ വന്നു. പക്ഷേ തുകൽ ബാഗിനുള്ളിൽ അബദ്ധത്തിൽ കത്തിമുന വീഴ്ത്തിയ ആ ഉഗ്രൻ പിളർപ്പ് അയാളെ ഓട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്.വില്പനക്കാരനെ അയാൾ ആദരവോടെ നോക്കി.പറഞ്ഞ തുക കൈമാറുമ്പോൾ അയാളുടെ വിരലിൽ തൊട്ടു.ബാഗിനുപുറത്ത് കത്തിമുനയുടെ തിടുക്കം മുഴച്ചുനിൽക്കുന്നു.അയാളതിൽ സ്‌നേഹത്തോടെ വിരലോടിച്ചുകൊണ്ടിരുന്നു.
       ഭാര്യയെ കൊല്ലാൻ മതിയായ ഒരു കാരണം മാത്രമേ കിട്ടേണ്ടതായിട്ടുള്ളൂ.കവിത വായന ഒഴികെ മറ്റൊന്നിലും അയാൾക്ക് അവളോട്‌ നീരസം തോന്നിയിട്ടില്ല.എപ്പോഴും അവളുടെ കൈയിലുള്ള പുസ്തകങ്ങളെ അയാൾ വെറുത്തിരുന്നു.ഒന്നു രണ്ട് പുസ്തകങ്ങൾ ജനാലവഴി വീട്ടിന് പിന്നിലെ ഓടയിലേക്ക് അവളറിയാതെ വലിച്ചെറിഞ്ഞിട്ടുണ്ട്.എന്നിട്ടും ആ പുസ്തകപ്പൂച്ചകൾ കൃത്യമായി അവളുടെ നെഞ്ചിലേക്കുള്ള വഴി കണ്ടുപിടിക്കുന്നു.അതുമല്ല കുളിമുറിയിലും അവൾ കവിതകൾ ചൊല്ലുന്നത് കേട്ടിട്ടുണ്ട്.
      നിർത്തിയിട്ടിരുന്ന ബസിലിരുന്ന അയാൾ എതിർ വശത്തെ വലിയ ഹോട്ടലിന്റെ മുകളിലെ ഒരു  നിലയിൽ അർദ്ധനഗ്നരായ ഒരു സ്ത്രീയും പുരുഷനും ചുംബിക്കുന്നത് കണ്ടു.ആ സ്ത്രീയുടെ കൈയിലും ഏതോ പുസ്തകമുണ്ടായിരുന്നു.അല്ല അതു തന്റെ ഭാര്യ തന്നെയല്ലേ.?.ഒരാൾക്ക് വായിക്കുന്ന ഭാര്യയെ കൊല്ലാൻ ഇതിലും വലിയ കാരണം വേറെയെന്താണ്.?'അവൾ' തന്നെ കണ്ടിട്ടാവണം അകത്തേക്ക് കയറിപ്പോയത്.ആ പുരുഷന്റെ നോട്ടം ഭയപ്പെട്ടതാണോ.?ബസ് മുന്നോട്ട് എടുത്തപ്പോൾ ബാഗിനെ കുത്തിമുറിച്ച് കത്തിമുന പുറത്തേക്ക് വന്നു.അതിന്റെ വശ്യമായ തിളക്കം 'നീയിപ്പോൾ കണ്ടത്‌ അവളെത്തന്നെയാണെന്ന്' ആവർത്തിച്ചു പറയുന്നു.അയാൾ അതിനെ അഭിനന്ദിച്ച് ബാഗിനുള്ളിലേക്ക് തിരുകിക്കയറ്റി.
       കാമുകനെയും വായിച്ച് ക്ഷീണിതയായി വരുന്ന അവളെ ഒറ്റക്കുത്തിനു തന്നെ തീർക്കാൻ സാധിക്കും, അതും വീടിന്റെ മുൻവശത്തു വച്ച്.പരപുരുഷ ബന്ധത്തോളം ഭാര്യയെ കൊല്ലാൻ മതിയായ കാരണമുണ്ടോ? ഗേറ്റ് തുറന്നു കിടക്കുന്നു.അയാൾ കാത്തിരിക്കാൻ ആഗ്രഹിച്ച
മുൻവശത്തെ അരച്ചുവരിൽ ചാരിയിരുന്ന് കവിത വായിക്കുന്ന ഭാര്യ.അവൾ അയാളുടെ ബാഗിന് കൈനീട്ടി.'കൊടുക്കരുതെന്ന്' ഉള്ളിലിരുന്ന കത്തി മുരണ്ടു.കവിതാ പുസ്തകത്തിന്റെ പുറംച്ചട്ടയിൽ ചിരിച്ച മുഖമുള്ള ചെറുപ്പക്കാരൻ, അവനെയല്ലേ ഹോട്ടലിൽ കണ്ടത്.?'തരില്ലെന്ന്' അയാൾ ബാഗിൽ പിടുത്തമുറപ്പിച്ചു.
      മേശപ്പുറത്ത്‌ ചൂടൻ ചായയിൽ ആവി പറക്കുന്നു.സത്യത്തിൽ ഒരു പെണ്ണ് കൊല്ലപ്പെടാൻ പറ്റിയ ഇടം തീൻ മേശയിലാണ്. അയാൾ ചായ ഊതിക്കുടിച്ചു.അപ്പോഴും കവിതയുമായി ഇരിക്കുന്ന അവളോട് രുചികളെക്കുറിച്ച്  തർക്കിക്കാം.വേറിട്ട രുചികൾ കുത്തിച്ചാകുന്നത് സ്വാഭാവികമല്ലേ.?
അയാൾ ചായ തീർത്തതോ മുറിയിലേക്ക് പോയതോ അവൾ അറിഞ്ഞില്ല.ബാഗും കെട്ടിപ്പിടിച്ചു കിടക്കുന്ന അയാളുടെ നെറ്റിതൊട്ടുനോക്കുമ്പോഴും അവളുടെ ഒരു കൈയിൽ കവിതാ പുസ്തകമുണ്ട്.അയാൾ തിരിഞ്ഞു കിടന്നു.അവളും ചേർന്നുകിടന്നു.
       പെണ്ണിനെ കൊല്ലാൻ ഏറ്റവും എളുപ്പത്തിൽ സാധിക്കുന്നത് കിടക്കയിൽ വച്ചുതന്നെയല്ലേ.? എത്ര സുന്ദരമാണ് അവളുടെ ഉറക്കം.ആ കവിതാ പുസ്തകം അവിടെ ഇല്ലാതിരുന്നുവെങ്കിൽ ഏറ്റവും സുന്ദരമായ ഒരു രതി സംഭവിക്കുമായിരുന്നു.അതിന് ശേഷം ഒറ്റക്കുത്തിന് തീർക്കാം. അടുക്കളയിൽ എന്തോ അപായ മണികേട്ട് എഴുന്നേറ്റ് പോകുന്ന ഭാര്യ.അവൾ കാണാതിരിക്കാൻ അയാൾ തന്റെ കത്തിമൂർച്ച തലയിണയുടെ കീഴിലേക്ക് ഒളിപ്പിച്ചു.. 
        അടുക്കളിൽ ചെന്ന് പെണ്ണിനെ കൊല്ലുക ഏറ്റവും പ്രയാസമാണ്, അവൾക്ക് പ്രതിരോധിക്കാനും തിരികെ ആക്രമിക്കാനും ഒരുപാട് വസ്തുക്കൾ കൈദൂരത്ത് കരുതിയിട്ടുണ്ടാകും.പക്ഷെ കൊല്ലപ്പെടലിന്റെ സൗന്ദര്യം ഏറ്റവും അനുഭവിക്കാൻ കഴിയുന്നത്  അടുക്കളയിൽ ചത്തു കിടക്കുന്ന ഭാര്യയെ കാണുമ്പോഴായിരിക്കും.അടുക്കളയിലേക്ക് പതിഞ്ഞ താളത്തിൽ വന്ന അയാളെ നോക്കി ഭാര്യ ചിരിച്ചു.അടുപ്പിനോട് ചേർന്ന് വൃത്തിയുള്ള ഒരു ഭാഗത്ത് ആ കവിതാ പുസ്തകമുണ്ട്.ചുണ്ടിൽ ഏതോ കവിതയുടെ താളം.അയാൾ കത്തി നീട്ടി,അതിന്റെ പിടികൊണ്ട് അവൾ ഏലക്കായ ചതച്ച് ചായയിലിട്ടു.അവൾ ഒരൽപ്പം എണ്ണയെടുത്ത് അയാളുടെ തലയിൽ തേച്ചുകൊടുത്തു. അയാളപ്പോൾ കുഞ്ഞിനെപ്പോലെ കരയാൻ തുടങ്ങി.
       അടുക്കളപ്പടിയിൽ അവൾ ഇരുന്നു, ഒപ്പം അയാളും.കത്തിയുടെ കഥ പറയാൻ അയാൾ ഒരുപാട് ആഗ്രഹിച്ചു.അവളുടെ മടിയിലേക്ക് അയാൾ തലചരിച്ചു.മുടിയിൽ ഓടി നടക്കുന്ന അവളുടെ കൈ, മറ്റേതിൽ കവിതാ പുസ്തകം.അതിലെ സുന്ദരൻ കവി അയാളുടെ മുഖത്തോട് പരിഹസിക്കുന്ന ഒരു നോട്ടമെറിഞ്ഞു.
      സന്ധ്യയായി,ഉഷസുമായി ആ ഏഴാം ദിവസവും കടന്നുപോയി.ആ കത്തി അയാളോട് വല്ലാതെ കയർക്കാൻ തുടങ്ങി.ആരെയെങ്കിലും കൊന്നേ തീരുവെന്ന് അത് ഏറ്റവും നിർബന്ധംപിടിച്ചു. 
      കൈ നാഡിയിലെ ഞരമ്പ് മുറിഞ്ഞു ചോരവാർന്ന് മരിച്ചു കിടന്ന അയാളുടെ സമീപത്ത് ഒരു കത്തുണ്ടായിരുന്നു.ആത്മഹത്യയുടെ കാരണമായി ഭാര്യയുടെ 'കവിത വായന' എന്നു മാത്രമാണ് എഴുതിയിട്ടുണ്ടായിരുന്നത്.മൂർച്ചയുള്ള ആ കത്തിയിലവളുടെ വിരലടയാളവും നിറയെ ഏലക്കായ മണവുമുണ്ടായിരുന്നു.
        ആ ആത്മഹത്യാ കുറിപ്പ് വളരെ നാളുകൾ പത്രങ്ങൾക്കും ചാനലുകൾക്കും ചർച്ചയായിരുന്നു. കവിതാ പുസ്തകത്തിന്റെ ചിത്രത്തിൽ കാണുന്ന കവി പലതവണ ചോദ്യംചെയ്യപ്പെട്ടു.വീൽ കസേരയിൽ വെറും വീടിനുള്ളിലെ വൃത്തം മാത്രമുള്ള ആ കവിക്ക് അങ്ങനെ ചെയ്യാനാകില്ലെന്ന് നിരൂപകർ പോലും വാദിച്ചു.എന്തായാലും 'ഭാര്യയെ കൊല്ലുന്നവിധം' എന്ന അയാളുടെ പുതിയ കവിതാസമാഹാരം ഇപ്പോൾ വളരെ വായിക്കപ്പെട്ടു എന്നതാണ് മറ്റൊരു വാസ്തവം.
      തുണിപ്പൊതികളുമായി വന്ന സ്മിതയും ജയയും പിന്നിലാണ് കയറിയത്.ചരിച്ചിട്ട മുൻ സീറ്റിൽ ചാരിക്കിടക്കുന്ന ആ പെണ്ണ്  വായിക്കുന്നത് വീൽവൃത്തമുള്ളവന്റെ ഏറ്റവും പുതിയ പുസ്തകമാണ്. 'പെണ്ണുങ്ങൾ പടം പിടിക്കുമ്പോളുണ്ടാകുന്നത്' പേരിന്റെ കൗതുകം സുമതിയുടെ ചിരിക്ക് ആഴം കൂട്ടി.ആ പെണ്ണ് സുമതിയെ ചിരിയോടെ നോക്കി.

                                                                ക്ളൈമാക്‌സ്
       റിസോട്ടിലേക്ക് തിരിയുന്ന കവലയിലെ കലുങ്കിന് മുകളിൽ ആ മൂന്നു പുരുഷന്മാരും കുശലം  പറഞ്ഞിരിക്കുകയായിരുന്നു.സുമതി അവരുടെ അരികിലേക്ക് വഴിചോദിക്കാനായി നിർത്തിയത് പിന്നിലിരുന്നവർക്ക് അത്ര ഇഷ്ടപ്പെട്ടില്ല.കലുങ്കിന്റെ പിന്നിൽ ശിരുവാണിപ്പുഴ അവരുടെ ഉള്ളിലെ അസ്വസ്ഥതയുടെ താളത്തിലൊഴുകി.പക്ഷേ മുന്നിലിരുന്ന പെണ്ണ് പുസ്തകം പിടിച്ചിരുന്ന കൈ പുറത്തേക്കിട്ട് കാട്ടിനുള്ളിലെ റിസോട്ടിലേക്കുള്ള വഴി അലസമായി ചോദിച്ചു.പുസ്തകത്തിന്റെ പേരുവായിച്ച്, അവളുടെ നേർക്കും പിന്നീട്‌ കാറിനുള്ളിലേക്കും പുരുഷന്മാരുടെ ആർത്തിപിടിച്ച നോട്ടം.ജയ ഒഴിഞ്ഞ ഒരു ബിയറുകുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞു.സ്മിതയപ്പോൾ സിഗരറ്റിന് തീ പിടിപ്പിച്ചു,എന്നിട്ട്‌ അവർക്കുനേരെ പൂജ്യങ്ങളുടെ ആകൃതിയിൽ പുകയൂതിവിട്ടു.
        "അത് സംഗതി കൊള്ളാം,നിങ്ങളങ്ങനെ ഒറ്റയ്ക്കുപോയാൽ ഇവിടെ പടമെങ്ങനെ ഓടും. ഞങ്ങളും വരാം"കലുങ്കിന്റെ മുകളിൽ കുന്തിച്ചിരുന്ന ചെറുപ്പക്കാരൻ തുടചൊറിഞ്ഞുചിരിച്ചു. ഒരുത്തൻ കൈലിമുണ്ടഴിച്ച് കുടഞ്ഞുടുത്തു.വേറൊരുത്തൻ കാറിനുള്ളിലേക്ക് കയറാൻ തുടങ്ങി. വാതിൽ തുറന്നിറങ്ങിയ സുമതിയുടെ തകർപ്പൻ ചവിട്ട്, കലുങ്കിലിരുന്നവൻ പുഴയിലേക്ക് തെറിച്ചുപോയി.ഒരുത്തൻ കാറിന്റെ മുന്നിലേക്കും മറ്റവൻ പിന്നിലേക്കും ഓടി. 
         മുന്നിലേക്ക് പോയവനെ പിടിക്കാനാഞ്ഞ് സുമതി കാറോടിക്കാൻ തുടങ്ങി.റിസോർട്ടിലേക്കുള്ള വഴി സൂചിപ്പിക്കുന്ന പച്ചനിറമുള്ള ബോർഡ് തെളിഞ്ഞു.കാറപ്പോൾ സുമതിയുടെ കാലിൽ അവനെ വിട്ടേക്കെടീന്ന് ഒരു യൂടേണാവശ്യപ്പെട്ടു.ഓടിക്കൊണ്ടിരുന്ന പുരുഷൻ അതിനിടയിൽ കരച്ചിലോടെ കറുപ്പൻ കാട്ടിനുള്ളിലേക്ക് ചാടിമറഞ്ഞു.നീട്ടിയ ഒരു ഹോണും കാറിനുള്ളിൽ നിന്ന് നാലൈറ്റം ചിരിയുമുണ്ടായി. 
         "നീ കൊള്ളാമല്ലോടി ഈ പടം തീരുംവരെ ഒപ്പം നിക്കാൻ എന്തുവേണം."ജയയുടെ ചോദ്യത്തിന് സുമതി ഒന്നു ചിരിച്ചു, അത്ര തന്നെ.എന്നാലും ഇവരിൽ ആരുടെ കഥ ആദ്യം സിനിമയാക്കുമെന്ന  ചന്ദ്രന്റെ സംശയം അവളുടെ മുഖത്തങ്ങനെ നിന്നു.

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636


ബ്രണ്ടൻ മക്കൾസ്..!!

ബ്രണ്ടൻ മക്കൾസ്..!

      ഇന്നത്തെ പത്രത്തിൽ,കായിക-വ്യവസായ വാർത്തകൾക്കുവേണ്ടി ആകെ ഒറ്റപ്പേജായിരുന്നു. 'റയോൻസിന് പുതുജീവൻ' 'ബ്രണ്ടൻ മക്കല്ലം വിരമിച്ചു'.ഈ തലക്കെട്ടുകൾ ഞാൻ ഫോട്ടോയാക്കി, ഞങ്ങളുടെ ആ രഹസ്യഗ്രൂപ്പിലിട്ടു.ഒരേ അപ്പന്റെ ആറു മക്കളുടെ വാട്‌സ്ആപ്പ് കൂട്ടായ്മക്ക് 'രഹസ്യഗ്രൂപ്പെ'ന്നൊക്കെ വിളിക്കാമോ എന്നൊരു സംശയം നിങ്ങളിലുണ്ടാകും.അതിന് ഞാനല്പം ചരിത്രവും വർത്തമാനവും പറയേണ്ടതായി വരും.എന്നാലേ ആ വാർത്തകളിൽ ഞങ്ങളാറിനുമുള്ള കൗതുകമെന്താണെന്ന് നിങ്ങൾക്കും ഒരുവിധമെങ്കിലും മനസ്സിലാവൂ.

      അന്ന്, തൊള്ളായിരത്തി നാല്പത്തിയേഴില് പെരുമ്പാവൂരിലെ റയോൻസ് തുണി‌ കമ്പനിക്ക് വേണ്ടിയിട്ടാണ് ഞങ്ങടെ ഈട്ടികാട് വെട്ടിത്തെളിച്ചതും മണ്ണിന്റെ നനവത്രയും നക്കിയെടുക്കുന്ന യൂക്കാലിപ്‌സ് മരങ്ങൾ പിടിപ്പിച്ചതും.കാടിന്റെ കുളിരെല്ലാം ചത്തു, ഉഷ്ണവും കണ്ണെരിവുമുള്ള കാറ്റായി.പശ്ചിമഘട്ടത്തിന്റെ ഒരറ്റത്തുള്ള ഗ്രാമമെന്നു പറയാനേ നിർവ്വാഹമുള്ളു.ഞങ്ങളിങ്ങനെ ജീവിച്ചുപൊയ്ക്കോട്ടെ.

         ഈട്ടിയും അകിലും ചന്ദനവും സർക്കാരിന്റെ ഒത്താശയോടെ വരത്തന്മാരായ കച്ചോടക്കാര്    പാണ്ടിലോറികളിൽ കടത്തിക്കൊണ്ടുപോയത് ഞങ്ങടെ മൂക്കിന്റെ താഴെക്കുടെയാണ്.അതീന്ന് എച്ചിലുകണക്കെ ഒന്നോ രണ്ടോ കഷ്ണങ്ങൾ ഈ നാട്ടുകാർക്കും കിട്ടിയിട്ടുണ്ട്.ഈട്ടിയിലെ ഒരു കസേര അല്ലെങ്കിൽ ഒരു കട്ടിളപ്പടി,ദേ എന്റെ ഈ മേശ അങ്ങനെ എന്തെങ്കിലും ഈ നാട്ടിലെ ഓരോ വീട്ടിലും കൊന്നോണ്ട്പോയ ഞങ്ങളുടെ കാടിന്റെ സ്മാരകം കണക്കിന് ചെക്കാതെ കിടപ്പുണ്ട്.
അതൊക്കെപ്പോട്ടെ.  
       
      കാടിന്റെ ഉള്ളിലെ റയോൻസ് ബംഗ്ളാവിലേക്ക് എസ്റ്റേറ്റ് മാനേജരായി തൊള്ളായിരത്തി എഴുപത്തിയെട്ടിൽ എത്തിയ ബ്രണ്ടൻ മക്കല്ലം സായിപ്പിലാണ് ഞങ്ങളാറിന്റെയും പിതൃത്വമുള്ളത്. നീലക്കണ്ണുകളും ചെമ്പൻ തലമുടിയും പിന്നെ ഈ മഞ്ഞിച്ച ശരീരവും, തുറിച്ച കണ്ണുള്ളോരോട് 'തന്തയൊന്നേന്ന്' വിളിച്ചു പറയും.ഒറ്റ വാർഡിലെ അഞ്ചു വീടുകളിൽ ഇരട്ടകൾ സഹിതം പെറ്റുവീണ ഞങ്ങൾക്ക്,അന്ന് സായിപ്പിന്റെ പ്രണയംപറ്റിയ അഞ്ച് അമ്മമാരുമാണ്.

       ഈ നാടോ ഞങ്ങളുടെ വീടോ അംഗീകരിച്ചിട്ടില്ലാത്ത ബന്ധം ഞങ്ങൾ മുതിർന്നപ്പോൾ സ്വയം കണ്ടെടുത്തതാണ്.അതിന്റെ ചാലക ഗ്രൂപ്പാണ് 'ബ്രണ്ടൻ മക്കൾസ്'.മൂത്തവൾ സൂസൻ അതിന്റെ അഡ്മിൻ,താഴെയുള്ളത് സാവി, അതിന് പിന്നാലെ ബ്രിട്ടോ,അതിന് കീഴെ ഇരട്ടകളായ ആന്റോയും സാന്റോയും,പിന്നെ ഈ ഞാൻ.ബ്രണ്ടൻ സായിപ്പ് തന്നെയാണ് നാട്ടുകാരുടെ ചിരിയെ മറികടന്ന് ഞങ്ങൾക്ക് ഇംഗ്ലീഷ് പേരുകൾ തീരുമാനിച്ചത്.ബ്രിട്ടനിലേക്ക് പറിച്ചുനടുമ്പോൾ പേരിന്റെ വേര് തടസമാകരുതെന്ന് സായിപ്പ് ഞങ്ങളുടെ അമ്മമാരോട് പറഞ്ഞുവത്രെ.അന്നത്തെ പെണ്ണുങ്ങളല്ലേ ഇങ്ങനെയൊക്കെ പറഞ്ഞാൽ വിശ്വസിച്ചുപോകും.വിശ്വാസമെപ്പോഴും ആശിക്കുന്നതിന്റെയും നമ്മളൊരിക്കലും കാണാത്തതിന്റെയും ഉറപ്പല്ലേ. 

      ഇതിനെയെല്ലാം ചരിത്രമെന്ന് ആരുമങ്ങനെ എളുപ്പത്തിൽ സമ്മതിച്ച് തരില്ലെന്നറിയാം,
അതെന്താണെന്നുവച്ചാല്,ആ വടികൊണ്ട് നല്ല അടി കിട്ടിയവന് അത് നോവുടുപ്പിട്ട ജീവിതവും കേട്ടിരിക്കുന്നവർക്ക് കെട്ടുകഥയും മാത്രമാണ്.ആ അതും പോട്ടെ.നിറം മങ്ങിയ ഭൂതകാലമുള്ളവർ വർത്തമാനത്തെ വല്ലാതെയങ്ങ് പ്രിയപ്പെട്ടുപോകുമല്ലോ. 

       സൂസന്റെ മരണമറിയിക്കാനാണ് അവളുടെ കെട്ടിയോൻ എന്നെ വിളിച്ചത്.'പന്ത്രണ്ടിന് അടക്കും നിങ്ങളെല്ലാം വരണം'.അത്രയും പറയാനേ അയാൾക്കപ്പോൾ സാധിച്ചുള്ളു.ഞാൻ രാവിലെ ഗ്രൂപ്പിലിട്ട ഫോട്ടോകൾക്ക് സാവിയുടെ കൗതുക സ്മൈലികൾ മാത്രമേ ഇപ്പഴും വന്നിട്ടുള്ളൂ. മരണം അവരോട് നേരിട്ടറിയിക്കണമെന്ന് എനിക്കുതോന്നി.കരച്ചിലിന്റെ,കണ്ണീരിന്റെ മഞ്ഞപ്പൻ സ്മൈലികളെ ഓർത്തിരുന്നപ്പോൾ നിലത്തുവീണുപോയ ഫോണിന്റെ സ്‌ക്രീനിൽ അല്പം നീണ്ട ഒരു മുറിവ് വാളാകൃതിയിൽ കടന്നുപോയിരിക്കുന്നു.

         എന്റെ വീട്ടിൽ നിന്നും പത്തുമിനിറ്റ് നടന്നാൽ അഞ്ചുപേരെയും നേരിൽ കാണാം.സൂസന്റെ വിവാഹത്തിന് പിന്നാലെയാണ് എന്റെ തൊട്ടടുത്തുണ്ടായിരുന്ന ആ വീടും സ്ഥലവും വിറ്റുപെറുക്കി അവളുടെ തള്ള ഇടുക്കിയിലുള്ള ബന്ധുവിനൊപ്പം പോയത്.സൂസന്റെ ഭർത്താവിന് പള്ളിയോട് ചേർന്ന ഒരു കടയിൽ ജപമാലയും നേർച്ച വസ്തുക്കളുടെയും വില്പനയാണ്,അതിനോട് ചേർന്നാണ് വീടും.സൂസൻ മിക്കവാറും കടയിലുണ്ടാകും.ദൈവങ്ങളോട് എനിക്കൊന്നും പറയാനില്ലെങ്കിലും മിക്കവാറും ഒരു കൂട് മെഴുകുതിരി ഞാനാവിടുന്ന് വാങ്ങും.അവളെന്നെയപ്പോൾ തൊടും,ഞങ്ങൾ ചിരിക്കും,സെൽഫിയെടുത്ത് ഗ്രൂപ്പിലിടും.ചുംബന സ്മൈലികൾ വരിവരിയായി വരും.അതുകണ്ട ആ പാവം മെഴുകുതിരികൾ കത്തിക്കത്തിച്ചിരിക്കും.

         തിടുക്കത്തിലുള്ള എന്റെ ഇറങ്ങിന്നടപ്പിൽ ഭാര്യ സംശയിച്ചു നിന്നു."ഞങ്ങളുടെ സൂസനിന്നലെ മരിച്ചുപോയെന്ന്"കരച്ചിലടക്കി തിരിഞ്ഞുനടക്കുമ്പോൾ അവളുടെ മുഖത്തൊരു പരിഹാസ സ്‌മൈലി ഉണ്ടായിരുന്നോ.? എന്റെ തോന്നലോ.?കുട്ടികളുണ്ടാകാത്തതിന് എനിക്കാണ് പ്രശ്നമെന്ന റിപ്പോർട്ട്‌ വന്നതുമുതൽ അവളുടെ മുഖത്ത് അത്തരം സ്മൈലികൾ ഞാനിപ്പോൾ ഭയക്കുന്നുണ്ട്. തൊള്ളായിരത്തി എമ്പത്തിനാലിൽ ബ്രണ്ടൻ സായിപ്പ് തന്റെ നാട്ടിലേക്ക് കപ്പലുകയറിയപ്പോൾ ആ വർഷത്തെ നവംബറുവരെ കുറിച്ചിട്ട ഡയറിയുൾപ്പെടെ നലഞ്ചെണ്ണം, എന്റെ അമ്മ ഒളിപ്പിച്ചു വച്ചു. അതാകാം എനിക്കും ഇത്തിരി കുത്തിക്കുറിക്കുന്ന സ്വഭാവമുണ്ടായത്.ഭാര്യ ചിലപ്പോൾ ഞങ്ങളുടെ രഹസ്യങ്ങൾ വായിക്കുന്നുണ്ടാകണം.
        "നിങ്ങളെല്ലാം വിത്തില്ലാത്ത ഇനം വിളകളാണല്ലോ,ഇനി അപ്പന്റെ നാട്ടിലേക്ക് ഒരു ടിക്കറ്റ്, കുറച്ചെടുത്താൽ മതിയല്ലോ..." അല്ലെങ്കിൽ അവൾ ഇങ്ങനെയൊന്നും പറയില്ലല്ലോ.
       ഒരു കാര്യംകൂടെ നിങ്ങളറിഞ്ഞിരിക്കണം.മഞ്ഞിച്ച നിറവും നീലക്കണ്ണുകളും ചെമ്പൻ തലമുടിയുമുള്ള ഞങ്ങളിൽ ഒരാൾക്കും ഇതുവരെ മക്കളുണ്ടായിട്ടില്ല.'വിത്തില്ലാത്ത ഇനം വിളകൾ' എന്ന പ്രയോഗം നിങ്ങൾകിപ്പോൾ വ്യക്തമായിട്ടുണ്ടാകുമെന്ന് തോന്നുന്നു.അതു മാത്രമല്ല ഞങ്ങളുടെ 'ബ്രിട്ടൻ റൂട്ടന്വേഷണ' പദ്ധതിയെപ്പറ്റി ഞാനെടുത്ത പി എഫ് ലോണിന്റെ കണക്കില്ലാത്ത വഴക്കിൽ അവൾക്കറിവുള്ളതാണ്.

       കവലയോട് ചേർന്നാണ് ഞങ്ങളിൽ ഇരട്ടകളുടെ 'ആൻ ആന്റ് സാൻ ' വർക്ക്ഷോപ്പ്. എന്നെക്കണ്ടതും 'അവരുടെ ഭാര്യ' വേഗത്തിൽ അകത്തേക്ക് നടന്നു.'ഇരട്ടകൾക്ക് ഒറ്റഭാര്യ'.നാട്ടിലെ സദാചാര കൗതുകങ്ങളിൽ ഉയർന്ന സ്ഥാനം ഇപ്പഴും ഇതിനാണ്.ഇരട്ട വെളുപ്പിനിടയിൽ കറുത്ത ആ പെണ്ണിന്റെ കടഞ്ഞെടുത്ത ഉടലിനെ കൂട്ടിവച്ച്,ഇവരുടെ ദാമ്പത്യത്തിന്റെ രഹസ്യ രസങ്ങളെക്കുറിച്ച് ഓർക്കുന്നവർക്ക്,പുരികമുയർന്ന് കണ്ണുകൾ പുറത്തേക്കുന്തിയ സ്മൈലിയുടെ ഭാവമായിരിക്കും.  ആ ഇരട്ടകളിൽ തൃപ്തിയുള്ള ചിരിച്ച മുഖം മാത്രമേ ഞാനെപ്പോഴും കണ്ടിട്ടുള്ളൂ. 
   
       ഞാൻ സ്‌കൂളിൽ പോകുന്ന കാലം മുതൽക്കേ ആ സ്ഥാപനത്തിന്റെ ഉടമകളായ നിലക്കണ്ണന്മാർ എന്നെ നോക്കി ചിരിക്കും.എനിക്ക് കൗതുകം തോന്നുന്നതെന്തും അവിടുന്നെടുക്കാൻ സമ്മതിക്കും. പക്ഷേ,മൂലയിൽ ചാരിവച്ചിട്ടുള്ള ബ്രണ്ടൻ സായിപ്പിന്റെ കരിനീല യെസ്ടിയിലായിരുന്നു എന്നുമെന്റെ കണ്ണുകൾ.ആ പഴയ കുതിരപ്പുറത്ത് ഗ്രീസിന്റെ മണമുള്ള അവർക്കിടയിലിരുന്ന് എന്റെ ചെമ്പൻ തലമുടി കാറ്റിന്റെ താളം പാടിയിട്ടുണ്ട്.എന്റെ സൈക്കിളിന്റെ ബ്രെക്കും ബെല്ലും എന്നും പരിശോധിച്ച് സ്‌കൂളിലേക്ക് യാത്രയാകുന്ന നിലക്കണ്ണുകളെപ്പറ്റി ഞാനോർക്കുമ്പോൾ പിന്നിൽ നിന്നും ഷട്ടറുകൾ അലറിക്കരഞ്ഞ് വീഴുന്നത് കേട്ടു.പിന്നെ കരിനീല യെസ്ടിയിൽ പാഞ്ഞു പോകുന്ന ഇരട്ടകൾ. വർക്ക് ഷോപ്പിന്റെ വാതിലും കടന്ന് കവലയോളം വന്നു നിൽക്കുന്ന ഒറ്റയായ ഭാര്യ.ഞാൻ പതിയെ ബ്രിട്ടോയിലേക്ക് നടന്നു

       വണ്ടിക്ക് ചുറ്റും കൂടിനിൽക്കുന്ന പെണ്ണുങ്ങളും, അവർക്ക് ഒത്തനടുവിലായി മീനിൽ ചിരിയിട്ട് വിൽക്കുന്ന ബ്രിട്ടോയും.ഒരുത്തി ബ്രിട്ടോയുടെ കവിളിൽ തൊട്ട് എന്തോ കുഴഞ്ഞു പറയുന്നു.മറ്റുള്ള മീൻകണ്ണികളിൽ ആകെയൊരു ചിരിയിളക്കം.ഞാൻ കാത്തുനിന്നു.സാഹചര്യത്തിന് ഒട്ടും ചേരാത്ത ഒരു ചിരിയും എന്റെ ചുണ്ടിന് പിന്നിൽ വന്നുനിന്നു.ചിരിയിൽ ചാലിച്ച പേശലുകൾ, പരിഹാരങ്ങൾ അവരുടെ പാത്രത്തിലെ  മീനുകൾക്കൊപ്പം ബ്രിട്ടോയുമിപ്പോൾ നീന്തിപ്പോകുമെന്ന് തോന്നിക്കുന്നു.

     എന്റെ അമ്മ ബ്രണ്ടൻ സായിപ്പിൽ നിന്നൊളിച്ചുവച്ച ഡയറിയിൽ അപ്പന്റെ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയുണ്ട്.അത് പകർത്തിവച്ചതുപോലെയാണ് ബ്രിട്ടോയുടെ രൂപം.മീനുമായി വീട്ടിന്റെ മുന്നിൽ വരുമ്പോൾ അമ്മയോട്  ബ്രിട്ടോ വല്ലാത്തൊരു ബഹുമാനം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.അമ്മയുടെ പാത്രത്തിൽ വീഴുന്ന സ്‌പെഷ്യൽ മീനുകളെ അയൽക്കാരിക്കൾ അസൂയയോടെ നോക്കും.അമ്മയുടെ പിന്നിൽ നിൽക്കുന്ന എന്നെ നീലക്കണ്ണുരുട്ടി പേടിപ്പിക്കും. പക്ഷേ ബ്രിട്ടോ ചിരിക്കുമ്പോഴുള്ള ഇടതുകവിളിലെ നുണക്കുഴിയില്ലേ, അതെനിക്കുമുണ്ട്.

        നാട്ടിലെ ആണുങ്ങൾക്ക് ബ്രിട്ടോയെ പേടിയാണ്.പെണുങ്ങൾക്ക് പ്രണയവും.ബ്രിട്ടോയിൽ നിന്നും ബ്രണ്ടൻ സായിപ്പ് ബാക്കിവച്ച പ്രണയം നാട്ടിൽ മീനിനൊപ്പം മണത്തു തുടങ്ങിയപ്പോൾ, അവന്റെ കെട്ടിയോൾ എങ്ങോട്ടോ ഇറങ്ങിപ്പോയി.
     പെണ്ണുങ്ങൾ ഒഴിഞ്ഞപ്പോൾ ഞാൻ മീൻവണ്ടിയോട് ചേർന്നുചെന്നു.കാര്യങ്ങളെല്ലാം കേട്ട്  നിറഞ്ഞ മീൻപെട്ടികളിലേക്ക് ബ്രിട്ടോ ഒരുതവണ നോക്കി.
      'നീ നടന്നാണോ പോണത്.?'ചെറിയ ചോദ്യത്തിന് പതർച്ച. 
      'സാവി ഇതറിഞ്ഞിട്ടില്ല' ഉത്തരവും അത്രയും ചുരുങ്ങി.വൈകി വന്ന ഒരുത്തി കൂകി വിളിച്ചു എന്നിട്ടും,മീൻതോറ്റമ്പാട്ടില്ലാതെ പാഞ്ഞുപോകുന്ന ആ വണ്ടിക്ക് പിന്നിൽ കാക്കകളെല്ലാം കരഞ്ഞ് പറക്കുന്നു.എനിക്ക് സാവിയായി നടപ്പിന്റെ ലക്ഷ്യം.

     സാവീസ് സിംഫണിയിൽ നിന്ന് ഗിത്താറിന്റെ ഭ്രാന്തൻ താളങ്ങൾ ഇറങ്ങിവരുന്നു.കക്കാരിശി
നാടകത്തിലെ താരമായിരുന്നു സാവിയുടെ അമ്മ.ബ്രണ്ടൻ സായിപ്പിന്റെ യാത്രകളിൽ പിന്നിലെപ്പോഴും ഗിത്താറുണ്ടാകും.കുറച്ചു കാലം ആ നാടകക്കാരിയുണ്ടായിരുന്നു.ആ യാത്രകളെ ഇന്നും നാടിനെ ഓർമ്മിപ്പിക്കുന്നത് സാവിയാണ്.ചില്ലുകൂട്ടിലെ പഴയ ഗിത്താറും, അമ്മയുടെ നാടക വേഷത്തിലുള്ള ചിത്രവുമാണ് സിംഫണിയിൽ കയറിച്ചെല്ലുന്നവർ ആദ്യം കാണുക.സാവിയുടെ ചെമ്പൻ മുടികളിൽ നരവീണു തുടങ്ങിയിരിക്കുന്നു.സാവിയുട ഭാര്യ,വയലിൻ തുടച്ചുവൃത്തിയാക്കുന്ന തിരക്കിലാണ്.എന്നെക്കണ്ട് അവരുടെ കവിളിൽ ചിരിക്കുഴി തെളിഞ്ഞു.സാവി, എനിക്കായി കസേരയിലേക്ക് ഗിത്താർ ബ്ലേഡ് പിടിച്ച കൈചൂണ്ടി..
       "എന്താടാ..?"
       "സൂസൻ പോയി."
       "ഉം" വയലിൻ താഴെ വച്ച് സാവിയുടെ ഭാര്യ അകത്തേക്ക് പോയി.ഞാൻ പുറത്തേക്ക് നടക്കുമ്പോൾ ഗിത്താറിന്റെ പതിഞ്ഞ താളവും ഒരു ശോകഗാനവും പിന്നാലെ വന്നു.

       സൂസന്റെ വീടിന് മുന്നിൽ ചിതറിനിൽക്കുന്ന നാലഞ്ചാളുകൾ.വെളുത്ത ഫ്രോക്കിട്ട് അവളുടെ ശാന്തമായ കിടപ്പ്.പൂക്കളുടെ ഇടയിലും അവൾക്ക് തന്നെയാണ് ഭംഗിയെന്ന് തോന്നി.നെറ്റിയിൽ ഉമ്മ വയ്ക്കുമ്പോൾ ഞാനൊന്ന് പതറി,വീഴാതിരിക്കാൻ സൂസന്റെ ഭർത്താവ് പിടിച്ചു.പുറത്തിട്ടിരുന്ന ഒരു കസേരയിലേക്ക് എന്നെ ഇരുത്തി.എന്തൊക്കെയോ ആശ്വാസ വാക്കുകൾ, ഞാനത് ഒട്ടും കേട്ടില്ല.
 ഉള്ളിലപ്പോൾ 'ജോയലേന്ന്..'സൂസന്റെ നീണ്ട വിളികൾ, ഞാനെണീറ്റ് ബാല്യത്തിലേക്ക് ഓടിപ്പോയി.

      സൂസനും ഞാനും തമ്മിൽ പതിമൂന്നു ക്രിസ്തുമസിന്റെ ദൂരമുണ്ട്.അമ്മയുടെ കൈയിൽ നിന്ന് എന്നെ വാങ്ങുമ്പോൾ അവളുടെ കുഞ്ഞുമുലയിലും ഞാനെന്റെ ചുണ്ട് മുട്ടിച്ചിട്ടുണ്ട്.അവളും ഞാനും കൂട്ടുകൂടുന്നത് സൂസന്റെ തള്ളയ്ക്കത്ര ഇഷ്ടല്ല.അവരിൽ നിന്നും എന്റെ അമ്മയിലെത്തിയ  ബ്രണ്ടൻ സായിപ്പ് തന്നെയാണ് കാരണം.തൊള്ളായിരത്തി എമ്പത്തിനാലിലെ ഭോപ്പാൽ ദുരന്തമോ, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതോ,ഒന്നുമല്ല ഈ നാടിനെ നടുക്കിയത് റയോൻസ് എസ്റ്റേറ്റുംപൂട്ടി മാനേജർ ബ്രിട്ടനിലേക്ക് പോയതും,വനംവകുപ്പിന്റെ കടുത്ത കാവലിലേക്ക് ഞങ്ങളുടെ സ്വന്തം കാട് മാറിയതുമാണ്.

       ഈ നാട്ടിലെ മനുഷ്യർക്ക് എസ്റ്റേറ്റിലെ ജോലിപോയതു മാത്രമല്ല ഉണങ്ങിയ വിറകെടുക്കാൻ പോലും ആ കാവലുകാരന്റെ സമ്മതം വേണമെന്നായി.കാട്ടിലേക്ക് കയറുന്നവരെ കാവലുകാരൻ മേലാകെ തപ്പിനോക്കും.ഒരു കുഞ്ഞു പിച്ചാത്തിപോലും അനുവദിക്കില്ല.ചിലരൊക്കെ കാവലുകാണാതെ ആറുനീന്തി കാട് കയറും വിറകുമായി തിരികെയും നീന്തും.

       ഞങ്ങടെ പറമ്പിനും കാടിനും ഒരതിരാണ്.കൊന്നപ്പത്തലും തുടലിമുള്ളും കുറുന്തോട്ടിയും ചേർന്നാണ് ഇടയിലെ വേലി. വീടിന്റെ മുറ്റമാണ് കാട്ടിലേക്കുള്ള വഴിയുടെ തുടക്കം.അവിടെ പിരമിഡ് ആകൃതിയിൽ കല്ലുകൾ അടുക്കി ജണ്ടകെട്ടിവച്ചിട്ടുണ്ട്.റയോൻസ് എസ്റ്റേറ്റ് എന്നൊരു പച്ചബോഡും. അതിന്റെ കീഴെ ഒരു ഓലപ്പന്തലിട്ട് എസ്റ്റേറ്റിൽ പണിക്കാർക്ക് മോരും ഉപ്പുമാങ്ങയും വിറ്റോണ്ടിരുന്ന എന്റെ അമ്മ,റോഡ് പണിക്ക് പോകാൻ തുടങ്ങി.ആറ്റിലിരുന്ന് കാരസോപ്പ് തേയ്ച്ച് കരിയിളക്കുന്ന അമ്മയോട് സൂസന്റെ അമ്മയും സഹതപിക്കും.

     എന്നും രാവിലെ, എന്നെ സൂസനെ ഏല്പിച്ചാണ് അമ്മമാരുടെ ആ പോക്ക്.സൂസന്റെ വീട്ടിൽ നിന്നും പത്ത് ചുവട് നടന്നാൽ കാടായി.ഞങ്ങള് കുട്ടികൾക്ക് കാവൽ നിയമങ്ങളൊന്നും ബാധകമല്ലല്ലോ. വെട്ടിപ്പഴവും ഞാവലും പറങ്കിമാങ്ങയും തിന്ന്  കാടരിച്ച് നടക്കും.സൂസനെ മാത്രം അയാൾ തപ്പി നോക്കാൻ തുടങ്ങും .അവളുടെ നാണിച്ച  ഇളക്കം കാണുമ്പോൾ ചിരിയോടെ അത് പിൻവലിക്കും. 

    കാവൽപ്പുരയിൽ ആ വിന്റേജ് മോഡൽ റേഡിയോ സിനിമാഗാനങ്ങൾ പാടിക്കൊണ്ടിരിക്കും, കാവലുകാരനും ഒപ്പം ചുണ്ടനക്കും.എന്നിട്ട് അതേ സിനിമയുടെ കഥ പറഞ്ഞുതരും.വലിയ മുഖമുള്ള ടോർച്ച് കാക്കി പാന്റ്, മുല്ലപ്പൂ സെന്റ്, അമൃതാഞ്ചൻ ബാം,നാനാ സിനിമാവാരിക.കാവലുകാരൻ ഞങ്ങൾക്ക് കൗതുകം മാത്രമായിരുന്നില്ല സുന്ദരനുമായിയിരുന്നു. എനിക്കൊരിക്കൽ  റേഡിയോയിൽ തൊട്ടുനോക്കാൻ ആഗ്രഹമുണ്ടായി.സൂസൻ വഴി  അതിന്റെ മുഖത്തെ ചക്രം ഒന്ന് തിരിക്കാൻ വരെ അയാൾ സമ്മതിച്ചു.ഏതോ സിനിമപ്പാട്ട് വന്നതും അയാൾ അതേ സിനിമയുടെ കഥ പറയാൻ തുടങ്ങി.

      ഇതിനിടയിലെപ്പഴാണ് സൂസനും കാവലും തമ്മിൽ പ്രേമിച്ചതെന്ന് എനിക്കറിയില്ല.കാട്ടിൽ ഞങ്ങളുടെ ഒരു ടൂറു പോക്കുണ്ട്.അന്നൊക്കെ നേരംവെളുക്കുംമുൻപ് ആണുംപെണ്ണും ടൂറുപോകും. ആറ്റിലിറങ്ങി ചന്തികൾ മുക്കിവച്ച് കഴുകും.ഞങ്ങൾ കുട്ടികൾക്കങ്ങനെ നേരമില്ല, മുട്ടുമ്പോൾ കുറ്റിച്ചെടികളുടെ മറവിലേക്ക് ഒറ്റയോട്ടമാണ്.എനിക്ക് ടൂറിന് സൂസൻ കൂട്ടുവരണം.കട്ടുറുമ്പും പാമ്പുമില്ലാത്ത ഒരു മൂട്ടിൽ എന്നെ ഇരുത്തിയിട്ട് അവളൊരു വിളിദൂരം മാറി നിൽക്കും.ഒന്നുരണ്ട് സ്പോട്ടുകൾ മാറിയിരുന്നാലേ എനിക്ക് മുട്ട് തീരു.ഇത്തിരി കാറ്റുംകൊണ്ട് അങ്ങനെ ഇരിക്കുമ്പോൾ അവള് ക്ഷമയോടെ കാത്ത് നിൽക്കും.സൂസാ സൂസന്ന് ടൂറിസ്റ്റ് താളത്തിൽ വിളിച്ചുവിളിച്ചങ്ങനെ ഞാനിരിക്കും.

    ഒരിക്കൽ മൂന്നാമത്തെ സ്പോട്ടിലേക്ക് മാറിയിരുന്ന ഞാനത് കണ്ടു, ഞാവലിന്റെ ചാഞ്ഞ കൊമ്പിൽ തൂങ്ങിക്കിടന്ന സൂസന്റെ പാവാടയും കാവലിന്റെ കാക്കി പാന്റും ഒരു പ്രത്യക താളത്തിൽ അനങ്ങുന്നു.ഞാൻ കരഞ്ഞു.സൂസൻ എന്റെ വായ പൊത്തിപ്പിടിച്ചു അവളുടെ ഉടുപ്പിൽ നിറയെ ഞാവലിന്റെ നിറം,മുടിയിൽ ഒരു കരിയില,കഴുത്തിൽ വിയർപ്പ്.ആറ്റിലിരുന്ന് ചന്തി കഴുകുമ്പോൾ സൂസന്റെ മഹാ ഓഫർ.."ചെക്കാ, കാവല് എന്നെ കെട്ടുമ്പോൾ ആ റേഡിയോ സത്യമായും നിനക്ക്" ഇത്രയും വലിയ സമ്മാനത്തിനടിയിൽ അവരുടെ പ്രണയം എനിക്ക്  മറച്ചുവയ്ക്കേണ്ടി വന്നു.

       ചില രാത്രികളിൽ എനിക്ക് കൂട്ടുകിടക്കാൻ സൂസൻ വരും.അന്ന് അമ്മമാര് ഓരോന്നൊക്കെ പറഞ്ഞുപറഞ്ഞ് വീടിന്റെ ഇറയത്ത് കിടക്കും.ഞാൻ ഉറങ്ങിയോന്ന് നോക്കി പിൻവാതിലിന്റെ വായപൊത്തിപ്പിടിച്ച് അവള് കാവൽപ്പുരയിലേക്ക് പോകും.ഏതോ സിനിമാപ്പാട്ടിന്റെ പശ്ചാത്തലത്തിൽ കാട് പൂത്തങ്ങനെ നിൽക്കുന്നതും,വിവാഹ വേഷത്തിൽ കാവലും സൂസനും ചിരിച്ചു നിൽക്കുന്നതും,റേഡിയോയും പിടിച്ച് അവർക്ക് മുന്നിൽ ഞാൻ നടക്കുന്നതും സ്വപ്നം കാണും.പുലരാൻ തുടങ്ങുമ്പോൾ മുല്ലപ്പൂസെന്റിന്റെ മണമുള്ള അവളുടെ കെട്ടിപ്പിടുത്തം എനിക്കറിയാം.

       എന്തിനാണ് കാവൽ അങ്ങനെ ചെയ്തത്.? ഞാവൽ മരത്തിന്റെ താഴത്തെ തടിച്ച കൊമ്പിൽ കരിനീലിച്ചങ്ങനെ കെട്ടിത്തൂങ്ങി നിന്ന കാവലിന് വേണ്ടി, ഒരു സ്ത്രീ വലിയവായിൽ കരയുന്നത് ഒരു തടിയൻ യൂക്കാലിയുടെ മറവിൽ നിന്ന ഞാനും സൂസനും കണ്ടു.അവര് കാവലിന്റെ ഭാര്യയാണോ, ആ കുട്ടികൾ കാവലിന്റെ മക്കളായിരിക്കുമോ?.എന്റെ ചോദ്യങ്ങൾക്ക് മറുപടിപോലും തരാതെ പുറുത്തിച്ചക്കയും പപ്പായയും  കാരമുള്ള് സഹിതം കടിച്ചുമുറിച്ചു  തിന്നുന്ന സൂസനെക്കണ്ട് എനിക്ക് പേടിതോന്നി.അയക്കയർ അഴിച്ച് അവളുടെ വള്ളിച്ചാട്ടങ്ങൾ ഞാൻ നൂറുവരെ എണ്ണി, പറങ്കിമാവിൽ തലകീഴായി തൂങ്ങിക്കിടന്ന സൂസൻ പറഞ്ഞു."ആ ചതിയന്റെ ഒരു വിത്ത് എന്റെ വയറ്റിലുണ്ട്  അതിനെ ഞാനിന്നു കൊല്ലും, ഇല്ലെങ്കിൽ ഞാനങ്ങ്...." സൂസൻ പാതിയിൽ നിർത്തി.ഒരു പച്ച പപ്പായക്കഷ്ണമെടുത്ത എന്നെ അവളന്ന് ആദ്യമായിട്ട് തല്ലി.

        അന്ന് രാത്രിയിയിലും സൂസൻ കാടിന്റെ നിലാവിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ, അവളറിയാതെ ഞാനും പിന്നാലെ നടന്നു.ആറിന്റെ കരയിലെ പാറപ്പുറത്തിരുന്ന്,കാറ്റിലിളകുന്ന ഞാവലിനെ നോക്കുന്ന സൂസൻ.ആറ്റിലെ ഓളങ്ങളുടെ താളത്തിൽ വിതുമ്പലുകൾ.ഞാനവളുടെ ഓരത്തിരുന്നു.പിന്നെ മടിയിലേക്ക് കിടന്നു.അവളെന്റെ നെറ്റിയിൽ ഉമ്മവച്ചു.ഒരു മലമുഴക്കി ഞങ്ങൾക്ക് വേണ്ടി ഉറക്കെയുറക്കെ കരഞ്ഞു.ഞാൻ സൂസന്റെ കണ്ണിലേക്ക് നോക്കി. 
      "സൂസാ നീ ഇതിനെ കൊല്ലണ്ട വിറകുവെട്ടി വിറ്റെങ്കിലും ജീവിക്കാം"
      "അതു കഴിഞ്ഞാ"
      "പറങ്കിയണ്ടി പറിച്ചുവിറ്റ് ജീവിക്കാം"
      "അതു കഴിഞ്ഞാ"
      "ഈ ആറ്റിലെ തിലോപ്പിയ പിടിച്ചുവിറ്റ് ജീവിക്കാം"
      "അതു കഴിഞ്ഞാ"
      "പട്ടണത്തില് ചെന്ന് മോര് വിറ്റ് ജീവിക്കാം.."
      "അതും കഴിഞ്ഞാ...." എനിക്ക് ഉത്തരം മുട്ടി, എന്റെ നെറ്റിയിൽ അവൾ വീണ്ടും ഉമ്മ വച്ചു.എന്റെ തല അവളുടെ വയറ്റിൽ അമരാതിരിക്കാൻ ഞാൻ ശ്രമിച്ചു.നിലാവിലൂടെ ഞങ്ങൾ ആ രാത്രി കാടരിച്ച് നടന്നു.തിരികെ വീട്ടിലേക്ക് എന്നെയുമെടുത്ത് അവൾ നടന്നു.'അതു കഴിഞ്ഞാ, അതു കഴിഞ്ഞാ'നൂറ്റാണ്ട് മുൻപ് ഉറക്കം നഷ്ടപ്പെട്ട ചീവിടുകളും എന്നോട് ഒരു നൂറായിരം തവണയും ചോദിച്ചു.

       കാലിലൂടെ ചോരയും ഒലിപ്പിച്ചു നിന്ന സൂസനെ ഇരുട്ട് മുറിയിൽ നിർത്തി അമ്മമാര് ചോദ്യംച്ചെയ്തു.
      "ആരെടി, ആരാണ് പെണ്ണേ, നീയൊന്ന് വാ തുറ..." സൂസൻ ആറ്റിന്റെ കരയിലെ പാറപോലെ നിന്നു.അവളുടെ തള്ള കവിളിൽ പലതവണ തല്ലി,എന്നിട്ട് ഒരു മൂലയിൽ ചെന്നിരുന്ന് നെഞ്ചിലടിച്ച് കരഞ്ഞു. 
      "മക്കളേ നീയെങ്കിലും ഒന്നു പറ.." അവരുടെ ശബ്ദം കരച്ചിലിൽപ്പെട്ടു.എന്റെ അമ്മ എന്നെയും അടുപ്പിലേക്കും മാറിമാറി നോക്കി.ആ തീയിലിരുന്ന് പഴുത്തുചുവന്ന ചട്ടുകം കണ്ടപ്പോൾ,ഞാൻ ഉള്ളതെല്ലാം റേഡിയോ നാടകം കണക്കങ്ങ് പറഞ്ഞു.സൂസൻ എന്നെയപ്പോൾ കാഞ്ഞ ഒരു നോട്ടം. 

       ആ രാത്രിയിൽ 'ദൈവ സഹായം' ഓട്ടോയിൽ അമ്മമാരുടെ നടുവിലിരുന്ന് സൂസൻ ആശുപത്രിയിലേക്ക് പോകുമ്പോൾ ഞാൻ ഈ വീട്ടിലൊറ്റയ്ക്ക് പേടിച്ചു വിറച്ചു കിടപ്പായിരുന്നു. റേഡിയോയിൽ സ്റ്റേഷൻ മാറുന്ന തരത്തിൽ ഇടയ്ക്കിടയ്ക്ക് പൊട്ടുന്ന എന്റെ കരച്ചിലിനോട് എനിക്കുതന്നെ വല്ലാത്ത വെറുപ്പു തോന്നി.രണ്ട് ദിവസം കഴിഞ്ഞപ്പോൾ കൂട്ടുകിടക്കാൻ വന്ന സൂസനോട് ഞാൻ രഹസ്യമായി ചോദിച്ചു.
      "അവരതിനെ കൊന്നാ സൂസാ..?"
      "ഇല്ലെട, കാവലിന്റെ വെറും പൊട്ട വിത്തായിരുന്ന്." ഞാൻ ചിരിച്ചു,സൂസനെന്നെ കെട്ടിപ്പിടിച്ചു.
      "അതു കഴിഞ്ഞാ അതു കഴിഞ്ഞാ..." സൂസൻ എന്നെ കളിയാക്കി.എന്നിട്ട് വയറ്റിലിക്കിളിയാക്കി.
      "ഇനിയും അവരെ കാക്കണോ." 
      "വേണ്ട" സൂസന്റെ ഭർത്താവിനോട് പകുതി ബോധത്തിൽ മറുപടി പറയുമ്പോൾ എന്റെ വയറ്റിൽ സൂസൻ ഇളക്കിവിട്ട ഇക്കിളിയും മുഖത്തെ ചിരിയും മാഞ്ഞിരുന്നില്ല.'അതു കഴിഞ്ഞാ, അതു കഴിഞ്ഞാ' സൂസനപ്പോഴും എന്റെ ചെവിയിൽ പറഞ്ഞുകൊണ്ടേയിരുന്നു.

        പള്ളിപ്പറമ്പിൽ നിർത്തിയിട്ടിരുന്ന മീൻവണ്ടിയിൽ ചാരിനിന്ന ബ്രിട്ടോ, ആമ്പുലൻസിനടുത്തേക്ക് ഓടിയോടി വരുന്നത് ഞാനും കണ്ടു.സൂസന്റെ ഭർത്താവ് 'ഒന്നു നിർത്തിക്കൊട്' എന്ന താളത്തിൽ ഡ്രൈവറെ തൊട്ടു.ആമ്പുലൻസ് മനസ്സില്ലാമനസ്സോടെ നിന്നു.ബ്രിട്ടോ സൂസന്റെ മുഖത്തേക്ക്  അല്പനേരം നോക്കിനിന്നു.കണ്ണുകൾ നിറഞ്ഞു.മുഖത്ത് തൊടാനെന്ന വിധം വണ്ടിയുടെ കണ്ണാടി വാതിലിൽ കൈവച്ചു.ചുണ്ടുകൾ നിറയെ മീനുമായി പറക്കുന്ന കാക്കകളെ കണ്ടിട്ടും വണ്ടിയിലേക്ക് നോവുതാളത്തിൽ നടക്കുന്ന ബ്രിട്ടോയെ ഞാനും സൂസന്റെ ഭർത്താവും നോക്കിയിരുന്നു. മീൻവണ്ടിക്ക് പിന്നാലെ പറക്കുന്ന കാക്കകൾ ബ്രിട്ടോയ്ക്ക് വേണ്ടിയും കരയാൻ തുടങ്ങി. 

       " എന്റെ മാതാവേ, ഇങ്ങനെ ഇവൻ മിൻ കച്ചോടം ചെയ്താൽ ഇവനെയും തിരക്കി ഏതൊക്കെ നാട്ടീന്ന് പിള്ളാര് വരുമേന്തോ" ഗ്രൂപ്പിൽ വായ പൊത്തിച്ചിരിയുടെ സ്മൈലികൾ നിറയും.ബ്രിട്ടോ കൈകൂപ്പിയ സ്മൈലികൾ കൊണ്ട് പ്രതിരോധം തീർക്കും. 

       സൂസനെ കുഴിയിലേക്ക് ഇറക്കുന്ന കയറിന്റെ ഒരറ്റത്ത് നിൽക്കുമ്പോഴാണ് കുഴിവെട്ടുകാരുമായി എന്തോ പറഞ്ഞ് തർക്കിക്കുന്ന ആന്റോയെ ഞാൻ ശ്രദ്ധിച്ചത്.ഒരുകുട്ടയിൽ നിറയെ അരളിപ്പൂവുമായി പാതിരിയുടെ പിന്നിലൂടെ നടന്ന് സകലർക്കും വിതരണം ചെയ്യുന്ന സാന്റോ ഇടക്ക് എന്നെയും ഒന്ന് നോക്കി.

        മെഴുകുതിരികളെല്ലാം കത്തിച്ചുവച്ച് അടക്കിന് കൂടിയവരെല്ലാം ശ്മശാനത്തിന് പുറത്തേക്ക് നിശ്ശബ്ദം നടക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്,തെമ്മാടി കുഴിയോട് ചേർന്ന മതിലിനുമുകളിൽ സിഗരറ്റും വലിച്ചിരിക്കുന്ന സാവി.മതിലിന് താഴെ ചാരിവച്ചിരുന്ന ഗിത്താറിന്റെ സമീപത്ത് പനിനീർ പൂവിൽ തീർത്ത ഒരു റീത്തുണ്ട്,ചുവന്ന വലിയ അക്ഷരത്തിൽ 'ബ്രണ്ടൻ മക്കൾസ്' എന്ന എഴുത്ത്. 'സാവി നീയൊന്ന് പാട്...'സൂസനതു പറഞ്ഞാൽ സാവിയുടെ വോയിസ് റെക്കോർഡ് അടുത്ത് മിനിറ്റുകളിൽ എത്തും.ചുംബനങ്ങളുടെ,കെട്ടിപ്പിടിക്കലിന്റെ, കൈയടിയുടെ സ്മൈലികൾ ഗ്രൂപ്പിൽ നിറയും.അന്ത്യഗാനത്തിന് സൂസന്റെ അനുമതിക്ക് ആളൊഴിയാൻ കാത്തിരിക്കുന്നതാകും.

       വീട്ടിലേക്ക് നടക്കുമ്പോൾ ഫോണിലേക്ക് പുതിയ നോട്ടിഫിക്കേഷനുകൾ വന്നുവീഴുന്ന ശബ്ദം.
'ബ്രണ്ടൻ മക്കൾസി'ൽ നിന്നും സൂസനെ സാവി ഒഴിവാക്കിയിരിക്കുന്നു.ഗ്രൂപ്പിന്റെ മുഖച്ചിത്രമായി വഴിനീളെ ഒട്ടിച്ചിരുന്ന 'പ്രിയ സൂസന് ആദരാഞ്ജലികളെ'ന്നെഴുതിയ ബ്ളാക്ക് ആന്റ് വൈറ്റ് പൂക്കളുടെ നടുവിലെ കളർചിത്രം.       
         സാവി 'ബ്രണ്ടൻ മക്കൾസ്'പേരിൽ കല്ലറയിൽ വച്ച റീത്തിന്റെ ഫോട്ടോയിട്ടു,ഒപ്പം കറുത്ത കൂപ്പുകൈയുടെ സ്മൈലികൾ.ബ്രിട്ടൻ യാത്രയെക്കുറിച്ച് ആന്റോയുടെ ചോദ്യം,ടിക്കറ്റ് വകയിൽ ബാങ്കിൽ ബ്രിട്ടോ നിക്ഷേപിച്ച തുകയുള്ള രസീതിയുടെ ഫോട്ടോയിട്ടു.പിന്നാലെ സാന്റോയുടെ ഷെയ്ക്ക് ഹാന്റ് സ്മൈലികൾ.ഒരു കറുപ്പൻ തമ്പുമിട്ട് എത്രയും വേഗം ഡയറിയിൽ ഇന്നത്തെ ദിവസത്തെ ഇങ്ങനെ കുറിച്ചിടാനുള്ള ആവേശത്തോടെ ഞാനോടുകയായിരുന്നു.

       'അതു കഴിഞ്ഞാൽ, അതു കഴിഞ്ഞാൽ' സൂസന്റെ പറച്ചിലും ചിരികളും ഇപ്പോഴും എന്റെ പിന്നാലെയുണ്ട്.ഞാൻ പുതിയൊരു ഡയറിയെടുത്ത് അതിരിലെ ജണ്ടയിൽ ചെന്നിരുന്ന് കാടിനെ നോക്കി ഇന്നത്തെ ദിവസം കുറിച്ചിടാൻ തുടങ്ങി.
        കസേരയിൽ ഊരിയിട്ടിരുന്ന എന്റെ ഉടുപ്പിന്റെ പോക്കറ്റിൽ സൂസന്റെ കല്ലറയിൽ നിന്നെടുത്ത ഒരുപിടി മണ്ണും,പാതികത്തിയ മെഴുകുതിരിയും അതിലിടാൻ മറന്നുപോയ പൂക്കളുമുണ്ടായിരുന്നു. അതെല്ലാം മുറ്റത്തേക്ക് കുടഞ്ഞിട്ടിട്ട് അവളും,ഇപ്പോൾ ദേ നിങ്ങളും എന്നെ എന്തിനാണിങ്ങനെ തുറിച്ചുനോക്കുന്നത്.? ഇനി ഞാനെങ്ങാനും കേറി കെട്ടിത്തൂങ്ങി ചാകുമെന്നു കരുതിയാണോ..?!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636