Wednesday 21 March 2018

ശലഭൻ എഡിറ്റഡ്

ശലഭൻ...!!

അരണ്ട വെളിച്ചത്തിൽ ഫൈറൂസ് അവളുടെ വസ്ത്രങ്ങളഴിക്കുമ്പോൾ അവൻ കൈകളിൽ ചിറകുപോലെ കെട്ടിയിരുന്ന തന്റെ പുതിയ ഷാളിൽ അവൾ മൃദുവായി തലോടി, ഇളം നീലയിൽ മഞ്ഞപ്പുള്ളികളുള്ള  ഷാളിൽ ശലഭത്തിന്റെ ചിറകിൽ നിന്നുള്ളതു പോലെ പൊടി പറ്റിയതു പോലെ അവൾക്കു തോന്നി, ഒന്നമർത്തിയാൽ ആ ചിറകിനെന്തെങ്കിലും  ആയേക്കുമെന്ന് ചിന്തിച്ച് അവൾക്കതിനെ തൊടാനും ഭയം തോന്നി.
ബ്രേസിയറിന്റെ ഹുക്ക് അഴിക്കാൻ എന്നെത്തെയും പോലെ പ്രയാസപ്പെടുന്ന അവന്റെ നെറ്റിയിൽ അവൾ അമർത്തി ചുംബിച്ചു.
സാവധാനം അത്  അഴിച്ചു മാറ്റിക്കൊടുത്തു. ഫൈറൂസിന്റെ ചുണ്ടിലപ്പൊഴും
"പൂവുകൾ തോറും
പൂമ്പൊടി തേടും പൂമ്പാറ്റാ പൂന്തേനുണ്ണും പൂമ്പാറ്റ
പൂവിൻ നിറമുള്ള പൂമ്പാറ്റ" മിൻഹയെക്കൊണ്ട് സ്ഥിരം  പാടിക്കാറുള്ള  നഴ്സറി ഗാനത്തിന്റെ വരികളിലെ ഒരു കുഞ്ഞു താളം നിറയുന്നതായി തോന്നി...
നെഞ്ചിലമർന്നു കിടക്കുന്ന
അവന്റെ കവിളിലെ ചിരിയൂറിവരുന്ന ആ ചെറിയ കുഴിയിലൂടെ വിരോലോടിച്ച് നെറ്റിയിലെത്തുമ്പോൾ
ചുണ്ടിൽ നിന്ന് ആ പൂമ്പാറ്റ പ്പാട്ടിന്റെ  താളത്തിനൊപ്പം ഒരു കള്ള ചിരിയും ഇറങ്ങി വരുന്നതായി തോന്നി..കരച്ചിലിന്റെ വക്കിലെത്തിയ അവൾ അതിനെ ചുണ്ടുകൾക്കിടയിൽ  അമർത്താൻ ശ്രമിക്കുമ്പോഴേക്കും ഒരു *ഗരുഡശലഭത്തെപ്പോലെ ഫൈറൂസ് അവളുടെ ചുണ്ടുകളിൽ തന്റെ നാവെത്തിച്ചിരുന്നു.
പല്ലിന്റെ നേർത്ത പ്രതിരോധം കടന്ന് വായ്ക്കുള്ളിലെ ഈർപ്പത്തിലെന്തോ വലിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ, മേരിഗിരിയിലെ ഡോ. ഷൗക്കത്തലിയുടെ മുറിയിലിരുന്ന്  കേട്ടവയെക്കുറിച്ച് അവൾ  ചിന്തിക്കുകയായിരുന്നു.

ഒന്നരക്കൊല്ലമായി ഫൈറൂസിനെ ഷൗക്കത്തലിയുമായി കൺസൾട്ട് ചെയ്യുന്നു. മനസിൽ എന്തോ ചെറിയൊരു താളപ്പിഴ എന്നല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല.
ഹൈദ്രബാദിലെ ഡോകടറുടെ  ചങ്ങാതിയുമായിട്ടുള്ള പത്തുദിവസത്തെ  നീണ്ട പരിശോധനയ്ക്ക് ശേഷമാണ്   ഷൗക്കത്തലി അവളെ വിളിപ്പിച്ച് അതൊക്കെ പറഞ്ഞത്.. ഹൈദ്രബാദുകാരന്റെയൊപ്പം ഫൈറൂസ് പുറത്തേക്ക് നോക്കി നിന്ന് എന്തൊക്കെയോ പറയുന്നു...

"മിസ്രിയ്ക്ക് കുഞ്ഞാക്കയുടെ അടുത്തേക്ക് പോകാൻ പാടില്ലേ..? അവനെ  ഞാൻ വിളിക്കാം അവനാണെങ്കിൽ നാട്ടിലൊറ്റയ്ക്കും, ഇനിയും ഫൈറൂസുമായി ഇവിടെ ജീവിക്കുന്നത് ഒട്ടും സുരക്ഷിതമല്ല, ഈ നാട്ടിൽ നിന്ന് ഒരു മാറ്റം ചിലപ്പോൾ, രോഗിക്കും ഗുണം ചെയ്തേക്കാം, ഏറിയാൽ ഒരു നാലു മാസം, അതിനുള്ളിൽ ഫൈറൂസ് തന്റെ മനസ് ശലഭത്തിലേക്ക് പറിച്ചു വയ്ക്കും, നിന്നെക്കൊണ്ട് അപ്പോഴവനെ നിയന്ത്രിക്കാൻ കഴിഞ്ഞൂന്ന് വരില്ല, ഈ പ്രശ്നം അവന്റെയുള്ളിൽ കുട്ടിക്കാലത്തിലേ ആഴത്തിൽ പതിഞ്ഞതാണ്. നിന്റെ കുഞ്ഞാക്ക കൂടെയുണ്ടെങ്കിൽ ഒരു പക്ഷേ നിനക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കും, ജോലി കൂടെ നഷ്ടമായ സ്ഥിതിക്ക്  ഇവിടിങ്ങനെ പിടിച്ച് നിൽക്കാൻ കഴിയുമെന്ന് തോന്നണുണ്ടോ..? നിനക്കിപ്പോൾ ഒന്നര മാസായീന്നല്ലേ പറഞ്ഞത്, അതും ഇതിനിടയിൽ എങ്ങനെ അഡ്ജസ്റ്റ് ചെയ്യും..? എന്റെ കൂടെ പഠിച്ചോണ്ട് പറയണതല്ല നിന്റെ കുഞ്ഞാക്ക ഒരു പാവാണ്, കഴിയുന്നതും  വേഗത്തിൽ  അവനെ കാര്യങ്ങൾ അറിയിക്കുക..."

നിലത്ത് വീഴാൻ തുടങ്ങിയ അവളെ കസേരയിൽ അവർ താങ്ങിയിരുത്തുമ്പോഴും ഫൈറൂസ് ഇതിലൊന്നും ഇടപെടാതെ, അങ്ങ് ദൂരെയുള്ള  കുന്നുകൾക്കപ്പുറത്തേക്ക്  നോക്കി ചിരിക്കുന്നുണ്ടായിരുന്നു. തിരികെപ്പോരാൻ ഓട്ടോയിലേക്ക് കയറുമ്പോൾ..

"മിസ്രി നിന്റെയൊരു ഇലയനക്കം മതീ ഈ ശലഭത്തിന്റെ ചക്രം പൂർത്തിയാകാൻ..."
ഇതും പറഞ്ഞ് ഷൗക്കത്തലി വളരെ വേഗത്തിൽ ക്ലിനിക്കിനുള്ളിലേക്ക് നടന്നു പോയി..

"പൂവുകൾ തോറും പൂമ്പാറ്റ
പൂമ്പൊടി തേടും...
മത്സരത്തിൽ മൂന്നാം സ്ഥാനമാണെന്നറിഞ്ഞത് മുതൽ മിൻഷയെ നിർത്താതെ ചൊല്ലിക്കുകയാണ്. ആക്ഷൻ കാണിച്ച് അതിന്റെ കൈയും കാലും തളർന്നു. മിസ്രിയ ദേഷ്യപ്പെട്ടപ്പോഴാണ് അത് നിർത്തിയത്.. മിൻഷ സെറ്റിയിലേക്ക് വീഴുന്നത് പോലെ ഇരുന്നുപോയി.

ആക്ഷൻ സോംഗിനായി തയ്പ്പിച്ച ചിറകിന്റെ ഇളകിയ ഭാഗം ശരിയാക്കിക്കൊണ്ട് അവളെയും എടുത്ത് ഉയർത്തിപ്പിടിച്ച്... "അല്ലെങ്കിൽ നമുക്കിവളെ ഈ പട്ടണത്തിന്റെ മുകളിലൂടെ പറത്തിവിടാ"മെന്നും പറഞ്ഞ് ഫ്ലാറ്റിന്റെ റൂഫിലേക്ക് ഫൈറൂസ് സ്റ്റെപ്പുകൾ ഓടിക്കയറുമ്പോൾ കുഞ്ഞാക്ക വാതിലിൽ എത്തിയിരുന്നു.
കുഞ്ഞിനായി സ്റ്റെപ്പിൽ പിടിവലികൂടുന്ന മിസ്രിയയുടെ  കരച്ചിൽ കേട്ട് കുഞ്ഞാക്കയും അടുത്ത ഫ്ലാറ്റിലെ ജിമ്മൻ ചെക്കനും ചേർന്ന് മിൻഷയെ ഫൈറൂസിന്റെ കൈയിൽ  നിന്ന് പിടിച്ച് വാങ്ങിക്കുകയായിരുന്നു.. സ്റ്റെപ്പിലൂടെ ഉരുണ്ട് വീണ ഫൈറൂസിനെ ആരൊക്കെയോ ചേർന്ന് തല്ലുന്നു, ജിമ്മൻ ചെക്കന്റെ കറുത്ത ടീഷർട്ട് മാത്രം വ്യക്തം. കുഞ്ഞാക്ക മിൻഷയുമായി പടികളിറങ്ങിപ്പോകുന്നു. പടികളിറങ്ങുമ്പോൾ അവളുടെ
ഉടുപ്പിലെ ചിറകുകൾ കീറിയെറിഞ്ഞ് എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു... വേഗത്തിൽ പടികളിറങ്ങിപ്പോകുന്ന   പോകുന്ന കുഞ്ഞാക്കയുടെ പിന്നാലെ കാറുവരെ അബോധത്തിലും  അവൾ  ഓടി.
മിൻഷ പേടിച്ചു വിറച്ച് കുഞ്ഞാക്കയുടെ നെഞ്ചിൽ പറ്റിപ്പിടിച്ച് പണ്ട് മിസ്രിയ അമർന്നിരിക്കാറുള്ളതുപോലെ പിൻ സീറ്റിൽ ഇരിക്കുന്നു.

തിരികെ ഫ്ലാറ്റിലെത്തുമ്പോൾ ബാൽക്കണിയോട് ചേർന്ന ജന്നലിൽ കയറു കൊണ്ട് ഫൈറൂസിനെ കെട്ടി നിർത്തിയിരിക്കുന്നു.
എത്ര നേരം അവളവനെ നോക്കി ഇരുന്നു എന്നറിയില്ല. ഫൈറൂസ്
അവളെയും അകലെ കുന്നുകളിലേക്കും ശലഭത്തിന്റെ ചിറകടിപോലെ മാറി മാറി നോക്കുന്നുണ്ടായിരുന്നു.
മുഖത്തപ്പൊഴും വേദന കലർന്നൊരു ചിരിയുണ്ട്..
അവളെ നോക്കി പതിയെ അവൻ നാവ് പുറത്തേക്കിട്ടു. ജാറിലിരുന്ന വെള്ളം ഒരല്പം മിസ്രിയ നാവിലിറ്റിച്ചു കൊടുത്തു. അവളവനെ
പുറകിലൂടെ ചേർത്തു പിടിച്ചപ്പോൾ ഫൈറൂസിന്  രക്തത്തിന്റെയും വിയർപ്പിന്റെയും മണമായിരുന്നു.
മുഖത്തോട് മുഖം ചേർത്തു നിർത്തിയിട്ട്  ചുവരിലൂടെ ഫാനിന്റെ സ്വിച്ചിലേക്ക് നീണ്ട അവളുടെ  വിരലുകളിൽ അവൻ ഭീതിയോടെ നോക്കി.
കവിളിലും നെറ്റിയിലും ചുണ്ടിലും നല്ല ആഴത്തിലുള്ള മുറിവുകൾ. ആ ജിമ്മൻ ചെക്കന്റെ വിരലിലെ കഴുകന്റെ  ആകൃതിയുള്ള മോതിരത്തിലേതാണെന്ന് അവൾ ഉറപ്പിച്ചു.
ഇതേ മുറിവ് അവളുടെ ശരീരത്തിൽ പതിഞ്ഞിട്ട് മാസം നാലാകുന്നു.

ഈ ഫ്ലാറ്റിലേക്ക് വന്ന ദിവസം മുതൽ ഒരു അനിയനെപ്പോലെ ആ ചെക്കനുണ്ട്, ബാങ്കുദ്യോഗസ്ഥരുടെ ഒറ്റ മകൻ, ഫ്ലാറ്റ് ശരിയാക്കി തന്നത് അവന്റെ അമ്മയുടെ സുഹൃത്തു കൂടിയായ ഫൈറൂസിന്റെ പ്രൊഫസറാണ്.
അയാൾ തന്നെയാണ് കോ ഓപ്രേറ്റീവ് കോളേജിൽ എനിക്ക് ജോലി ശരിയാക്കിത്തന്നതും. അവരുടെ ഭർത്താവായ
ബാങ്ക് മാനേജരിൽ നിന്ന് പലതവണ ഫൈറൂസ് കടം വാങ്ങിയിട്ടുണ്ട്. ഒരു തവണ പോലും തിരികെ ചോദിച്ച് കണ്ടിട്ടില്ല. എന്തെങ്കിലും നല്ല ഭക്ഷണം ഉണ്ടാക്കിയാൽ 'മിൻഷക്കുട്ടീന്ന്' അവിടെ നിന്ന് നീട്ടിയൊരു വിളിയാണ്.
അല്ലെങ്കിലും മിക്കവാറും അവളുടെ കളിസ്ഥലം അവിടായിരിക്കും.

അവർക്ക് എവിടേലും കറങ്ങാൻ പോകാൻ ഒരു കളിപ്പാവ പോലെ അവളെയും ഒരുക്കി നിർത്തണം. എന്നും സ്കൂൾ ബസ് കാത്തു നിൽക്കാൻ ആ ജിമ്മൻ ചെക്കനും സമ്മതിക്കില്ല. 'മിൻഷൂന്ന്' ആ ചെക്കന്റെ വിളികേട്ടാൽ അവളും ബൈക്കിന്റെ പിന്നിലേക്ക് ചാടിക്കയറും, പിന്നെപ്പിന്നെ അവളേം എടുത്തായിരുന്നു ആ ചെക്കൻ കോളേജിലേക്ക് പോകാൻ പടികളിറങ്ങുന്നത്.
ബസ് ഫീസ് ആയിരത്തഞ്ഞൂറ് ലാഭിച്ചതിന്റെ ചിരിയിൽ ഫൈറൂസും അതൊതുക്കി.
ഒരിക്കൽ അവളെ തിരഞ്ഞ് റൂഫിൽ ചെല്ലുമ്പോൾ മുതുകിൽ അവളെയിരുത്തി ആ ചെക്കൻ പുഷ് അപ്സ് ചെയ്യുന്നു.മിസ്രിയയെ കണ്ടതും ഇരിക്കുന്നിടത്ത് ഒരല്പം സ്ഥലമുണ്ടാക്കി 'ഉമ്മച്ചീം വാ'ന്ന് അവൾ.
പൂർണ സമ്മതത്തിൽ നില ശരിയാക്കി അവനും ഉയർന്നു നിന്നു.

അവധി കിട്ടിയാൽ ഗവേഷണമെന്നൊക്കെ പറഞ്ഞ് ആ ചെക്കന്റെ ബൈക്കിന് പിന്നിലിരുന്ന് ബന്ദിപ്പൂരിലേക്കോ, മൊയാറിലേക്കോ ഫൈറൂസും ഒറ്റപ്പോക്കാണ്, പിന്നെ രണ്ട് ദിവസം ആ ചെക്കന്റെ ക്യാമറയിൽ പകർത്തിയ പൂമ്പാറ്റകളുടെ ചിത്രങ്ങൾ സിസ്റ്റത്തിലേക്ക് കോപ്പിയാക്കലും ക്രമീകരിക്കലും തന്നെയായിരിക്കും.
ആ ചെക്കനായിരിക്കും 'ഫൈറൂസിക്കാന്നും' പറഞ്ഞ് എല്ലാത്തിനും സഹായം.
പിന്നെ അവന്റെ  ഫോണിലെടുത്ത കാട് യാത്രയുടേയും, മിൻഷയുടേയും ചിത്രങ്ങളുടെ പ്രളയമായിരിക്കും.
അറിയാതെ വന്നതുപോലെ അവന്റെ ഫോട്ടോകളും അയയ്ക്കും.പലതും തുറന്നു പോലും നോക്കാറില്ല. ഫൈറൂസിന്റെ ചികിത്സ തുടങ്ങിയത് മുതൽ അവനിലും നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്.  മിൻഷയെ വല്ലാതെ ലാളിക്കാനും, മിസ്രിയയെ  ആശ്വസിപ്പിക്കാനും ശ്രമിക്കണത് കാണുമ്പോൾ.."അവനൊരു കൂടപ്പിറപ്പിനെക്കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലല്ലോ മിസ്രീന്ന് " അവന്റെയമ്മ സഹതപിക്കും.
ആദ്യമൊക്കെ അതൊക്കെ ശരിയാണെന്ന് മിസ്രിയയും  കരുതിയിട്ടുണ്ട്, ഒറ്റ വയസ് മൂപ്പുള്ള അവളോട്
"ഇത്ത ഈ മസിലിൽ ഒന്ന് തൊട്ട് നോക്ക്യേ.." എന്നൊക്കെപ്പറഞ്ഞ് വരും, ഒന്നു രണ്ടു തവണ ഉയർത്തി വച്ച കൈയിലെ മസിലിൽ തൊട്ട് അവൾ അഭിനന്ദിച്ചിട്ടുണ്ട്, ഫൈറൂസിനെ തുടക്കത്തിൽ നടക്കാനും എക്സർസൈസിനും കൂട്ടിയതല്ലാതെ ഫൈറൂസ് ഒട്ടും താല്പര്യം കാണിച്ചിട്ടില്ല. മിൻഷയെ അവളുടെ  കൈയിൽ നിന്ന് ആ ചെക്കൻ എടുക്കുമ്പോൾ അവൾക്ക്  വല്ലാതാകാറുണ്ട്.
ഒന്നു രണ്ടു വട്ടം റൂഫിലിരുന്ന് ഫൈറൂസിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. അന്ന് തേക്ക് മ്യൂസിയത്തിൽ നിന്ന് ഫൈറൂസിനെ ആശുപത്രിയിലാക്കിയെന്ന് അറിഞ്ഞിട്ട് റൂഫിലെ അലക്കാനിട്ട തുണി വേഗത്തിലെടുത്ത് ഇറങ്ങുന്നതിനിടയിൽ കരഞ്ഞുപോയ മിസ്രിയയെ  നെഞ്ചിൽ ചേർത്തു നിർത്തിയത്, ബൈക്കിന് പിന്നിലിരുത്തി
ആശുപത്രിയിലേക്കുള്ള യാത്രകൾ..

കഴിഞ്ഞ മാർച്ചിലെ ബാങ്ക് കണക്കെടുപ്പിന് "അവന് അത്താഴത്തിന് എന്തേലും കൊടുക്കണേ മിസ്രീന്ന് " സാവിത്രിമാഡം വിളിച്ചു പറഞ്ഞതും, അത്താഴത്തിന് മിൻഷ ഉറങ്ങും വരെ വരാതിരുന്നതും...പിന്നെ വന്നപ്പോഴുണ്ടായതാണ് ഇതേ കഴുകൻ മുറിവ്.  അതിനെക്കുറിച്ച് കേൾക്കാനോ പറയാനോ...
ഫൈറൂസിന്റെ ചിറകുകൾക്കുണ്ടെന്ന് തോന്നുന്നില്ല.
അതിനു ശേഷം അവൾ കറുത്ത ചിറകുള്ള ഒരു കഴുകനെ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു.

ഫൈറൂസിന്റെ കെട്ടിയ കയറുകൾ അവൾ പതിയെ അഴിച്ചു, ജനാല തുറന്നിട്ടു, ചിറകുകളിൽ കാറ്റു കിട്ടിയ ആവേശത്തിൽ മുറിയിലാകെ ഒന്നോടി നടന്നിട്ട് ബാൽക്കണിയുടെ വാതിലിൽ മുഖമടിച്ച് നിലത്തു വീണുകിടക്കുന്ന ഫൈറൂസ് ധരിച്ചിരുന്നത് ശലഭങ്ങളുടെ ഡിസൈനുള്ള അവളുടെ  പാന്റീസായിരുന്നു.
വീണുകിടക്കുന്ന അവന്റെ തല മടിയിൽ വച്ച് ചുമരിൽ ചാരി അവൾ നിലത്തിരുന്നു..നെറ്റിയിലെ മുറിവിൽ പതിയെ ചുംബിച്ചു..

ഒരു നിമിഷം കണ്ണുകളടച്ച് പൂമ്പാറ്റയ്ക്ക് പിന്നാലെ പൂച്ചെടിയുമായി പാഞ്ഞു പോകുന്ന കുഞ്ഞാക്കയുടെ മിസിക്കുട്ടിയാകാൻ ശ്രമിച്ചു..

അത്തർ അഹമ്മദിന് കണ്ണൂരിൽ ഒരുത്തിയുണ്ടെന്നറിഞ്ഞ് ജമീലത്ത് വാഴവിഷം കുടിച്ച്  ജീവൻ കളയുമ്പോൾ മിൻഷാദിന് പത്തും എളേകുട്ടി മിസ്രിയയ്ക്ക് നാലും, പിന്നെ ആ നാട്ടിൽ അത്തറിന്റെ മണമുള്ള അഹമ്മദ് വന്നിട്ടില്ല. റേഷൻ കടയിൽ ഒരു കൈസഹായിയായി തുടങ്ങിയാലും
എളേതിനെ  കോളേജിലയച്ച് പഠിപ്പിക്കും വരെ മിൻഷാദ് ജോലി ചെയ്തു. അതിനിടയിൽ റേഷൻ കടയുടെ ഒരു ലൈസൻസിയായി മാറി.

കുഞ്ഞാക്കയുടെ പിന്നിലിരുന്ന് ബി എസ് സി സൂവോളജി  പഠിക്കാനെത്തുമ്പോൾ ആദ്യം കാണുന്നത് കോളേജ് ഗേറ്റിൽ ഒരു പൂച്ചക്കണ്ണൻ സുന്ദരന്റെ ഒറ്റയാൾ സമരമായിരുന്നു.
അതും തന്റെ  സീനിയർ. കൈയിലും കഴുത്തിലും അരളി ചെടികളും തൂക്കി ഒരു വനവാസിയെപ്പോലെ തോന്നിയ അയാളെക്കണ്ട് കുഞ്ഞാക്കയും അവളും ചിരിച്ചു...

അന്ന് വൈകിട്ട് കുഞ്ഞാക്കയ്ക്ക് സമരകാരണം പറഞ്ഞു കൊടുത്തതിങ്ങനെയായിരുന്നു.
കോളേജിലെ എൻ എസ് എസ് വോളന്റിയർമാർ ശുചീകരണത്തിന്റെ ഭാഗമായി കാന്റീനോട് ചേർന്ന് നിന്ന പത്തോളം അരളിച്ചെടികൾ വെട്ടിത്തെളിച്ചിരുന്നു..അതിൽ നിറയേ ഏതോ അപൂർവ്വ പൂമ്പാറ്റകളുടെ പ്യൂപ്പയായിരുന്നു അത്രേ.
ഇക്കാക്കയുടെ മുന്നിൽ അവൾ അന്ന്  ഊണു കഴിഞ്ഞു വരുമ്പോൾ കേട്ട പ്രസംഗം അഭിനയിച്ച് കാണിച്ചു കൊടുത്തു.

" പ്രിയ ചങ്ങാതികളേ, അരിസ്റ്റോട്ടിൽ ആത്മാവ് അഥവാ സൈക്കി എന്നാണ് ശലഭങ്ങളെ വിളിച്ചിരുന്നത്. ഭൂമിയിൽ മരിച്ചു പോകുന്ന കുട്ടികളാണ് പൂമ്പാറ്റകാളായി ജനിക്കുന്നതെന്ന് ജർമ്മൻ ജനത വിശ്വസിക്കുന്നു..ഈ എൻ എസ് എസ് സേവകർ നശിപ്പിച്ചു കളഞ്ഞത് ഭാരതത്തിലെ ഇരുപത്തിയഞ്ചോളം വരുന്ന അപൂർവ്വയിനം രത്നനീലികളെയാണ്. അതിനവരെക്കൊണ്ട് മറുപടി പറയിക്കാനാണ് എന്റെ ഈ ഒറ്റയാൻ സമരം..."
കൂട്ടുകാരി ക്ലാസിൽ പോകാൻ നിർബ്ബന്ധിച്ചതു കാരണം പ്രസംഗം കേൾക്കാൻ കഴിഞ്ഞില്ലെന്ന് ഇക്കാക്കയോട് പരാതി പറഞ്ഞു. മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം ഒറ്റയാൾ സമരത്തിന് ബോട്ടണി, സൂവോളജി ഡിപ്പാർട്ട്മെന്റുകൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ചിലർ സമര വേദിയിലെത്തി.. വേദിയിലെത്തിയ മിസ്രിയയ്ക്ക് അയാൾ ഒരു ഉണങ്ങിയ അരളിച്ചെടിയുടെ കമ്പും അതിൽ തൂങ്ങി നിൽക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ശലഭവർഗത്തിലെ സുന്ദരിയായ
സുവർണ ഓക്കിലയെക്കുറിച്ച്  പറഞ്ഞു കൊടുത്തു...

അന്ന് വീട്ടിലേക്കുള്ള വഴിയിലെല്ലാം ശലഭത്തെ അവൾ വല്ലാതെ തിരഞ്ഞു..കുഞ്ഞാക്ക വന്നതോ, കഴിക്കാൻ വിളിച്ചതോ അവളറിഞ്ഞില്ല, അവളുടെ ഉള്ളിൽ പല നിറങ്ങളുള്ള  ചില ഭ്രാന്തൻ പുഴുക്കൾ പ്യൂപ്പവിട്ട് ഇറങ്ങിവരാൻ തുടങ്ങിയിരുന്നു..

സമരപ്പന്തലിൽ ആളുകൂടിയതും ഒറ്റയാന്റെ ആത്മഹത്യ ഭീഷണിയും കാരണം എൻ എസ് എസും മാനേജ് മെന്റും നൂറോളം അരളിച്ചെടികൾ നട്ടു പിടിപ്പിച്ചു...

ചെടികൾക്ക് തടം നനയ്ക്കാനും പൂമ്പാറ്റകളിലേക്ക് ചിറകടിച്ച് പോകാനും മിസ്രിയയുടെ ആവേശത്തെ കൂട്ടുകാരികളെല്ലാം കളിയാക്കുന്നതിലും അവൾക്കൊരു സുഖം തോന്നി..ആ വേനലിന് അരളിച്ചെടികളേയും അതിൽ നിറയുന്ന പൂമ്പാറ്റലോകത്തെയും അവളെ ഏല്പിച്ചാണ് ഫൈറൂസ് കോളേജ് വിട്ടത്... നിറഞ്ഞ കണ്ണോടെ അവൾ തന്റെ പ്രണയം പറയുമ്പോൾ " "സൂര്യനെ തൊട്ടുവരുന്നൊരു പൂമ്പാറ്റ നിന്റെ തോളിൽ പറന്നിരിക്കട്ടേ, അവൻ ഇന്നും നാളെയും എന്നും നിന്റെ പ്രതീക്ഷയായിരിക്കട്ടേയെന്ന " ഐറിഷ് ചിന്ത അവൾക്ക് ഒരു കുറിപ്പായിക്കൊടുത്തു..
കൂടെ നെറ്റിയിൽ പൂവുപോലുള്ള ഒരു ചുംബനവും.

കുഞ്ഞാക്ക പറഞ്ഞുറപ്പിച്ച  നിക്കാഹിന്റെ തലേന്ന് രാത്രി കുറച്ചു വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളുമായി ഫൈറൂസിന്റെ വീട്ടിലെത്തുമ്പോൾ, ഫൈറൂസും എവിടേയ്ക്കോ യാത്ര പുറപ്പെടാനൊരുങ്ങുകയായിരുന്നു.. കൂടുതൽ സംഭാഷണങ്ങൾക്കൊന്നും നിൽക്കാതെ മലബാറിന്റെ അങ്ങേയറ്റത്തെ തേക്കിന്റെ ഊരിലേക്ക് വണ്ടി കയറി..
ആ യാത്രയിലാണ് ഫൈറൂസിനെ മിസ്രിയ ശരിക്കറിയുന്നത്..

ഫൈറൂസ് വാപ്പയുടെ അനിയന്റെ വീട്ടിലെ ജീവിതം മതിയാക്കിയതിനു പിന്നിൽ  നിലമ്പൂരിലെ തന്റെ പ്രൊഫസറിന്റെ റിസർച്ച് അസിസ്റ്റ് ഓഫർ കിട്ടിയതായിരുന്നു.. ശലഭവിജ്ഞാനിയത്തിലേക്ക് പുറപ്പെടും മുൻപ് മിസ്രിയയെ അറിയിക്കാൻ ആഗ്രഹിച്ചിരുന്നു.

പൂമ്പാറ്റയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ കല്ലടയാറ്റിലെ മണലെടുത്ത കുഴിയിൽ വീണ എട്ടുവയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച്  ചെളിയിലേക്ക് താണുപോയ ഉമ്മയുടെ വിരലുകളെക്കുറിച്ചും,
ഖബറിലെ നനവുണങ്ങും മുൻപ് വീട്ടിൽ തന്നെ  തനിച്ചാക്കിപ്പോയ വാപ്പയുടെ  പച്ച മുസല്ലയെക്കുറിച്ചും  എളാപ്പായുടെ വീട്ടിലെ അധികപ്പറ്റ് ജീവിതത്തിന്റെ അരുചികളിൽ പഠനകാലത്തെക്കുറിച്ചും , ഒറ്റ സീനൊഴിയാതെ ബസിലിരുന്ന് അവൻ പറഞ്ഞു തീർത്തു.
നിലമ്പൂർ തിവണ്ടിയാഫീസിൽ അസിസ്റ്റന്റിനെ കാത്തുനിന്ന പ്രൊഫസർ ബെർണാഡ് എം തമ്പാന്, ഒരു പെണ്ണിനേം കൂട്ടിവരുന്ന അസിസ്റ്റന്റിനെ കണ്ട് ചിരിയടക്കാനായില്ല. മിടുക്കനായ തന്റെ പൂർവ്വ വിദ്യാർഥിക്ക്
തേക്ക് മ്യൂസിയത്തിൽ ഒരു താൽക്കാലിക ജോലി ശരിയാക്കിയതും,  സുഹൃത്തിന്റെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു കൊടുത്തതും,
റിസർച്ച് യാത്രയ്ക്കൊപ്പം അവരുടെ വിവാഹം രജിസ്റ്റർ ചെയ്തതും ആ  മനുഷ്യനായിരുന്നു.

ഒരു പരാഗണത്തിന്റെ  വേഗത്തിൽ ഫൈറൂസിന്റെ താൽക്കാലിക ജോലി സ്ഥിര നിയമനമായി, അവർ നഗരത്തിന്റെ നടുവിലെ ഈ ഫ്ലാറ്റിലേക്കു മാറി.
ജീവിതത്തിലേക്ക് ഒരു കുഞ്ഞ് പൂമ്പാറ്റ  കടന്നുവന്നു..

ശലഭലോകത്തെ വിട്ട് പ്രൊഫ ബെർണാർഡ് വനത്തിനുള്ളിൽ മരിച്ചു കിടന്ന വാർത്ത കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു.
ഈ മാർച്ച് അതിലും വരണ്ടതായിരുന്നു.
കഴിഞ്ഞ മാർച്ചു മുതൽ ഫൈറൂസിന്റെ മനസ് ചിലന്തിവലയിൽ പെട്ട ശലഭത്തെപ്പോലെ താളം തെറ്റുന്നതായി  തോന്നി, പെരുമാറ്റത്തിലെല്ലാം വല്ലാത്ത മാറ്റം, മിൻഷയെ പൂമ്പാറ്റ വേഷം സ്ഥിരം കെട്ടിക്കുന്നു..
വീട്ടിൽ നിറയെ ശലഭങ്ങളുടെ ചിത്രം വരച്ചിടുന്നു. കൊച്ചു ടീവിയിൽ ശലഭങ്ങളുടെ ലോകം കണ്ടിരിക്കുന്നു.
മിസ്രിയയ്ക്ക് വാങ്ങുന്ന സാരി, ബ്രാ, പാന്റീസിൽ പോലും ശലഭത്തിന്റെ ഡിസൈൻ പ്രത്യക്ഷപ്പെടാൻ തുടങ്ങി.തേക്ക് മ്യൂസിയത്തിലെ ശലഭോദ്യാനത്തിലെ ഒരിക്കലും അവധിയെടുക്കാത്ത സൂപ്പർവൈസർ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുന്നു...

വേനലിന്റ വരവിൽ പാർക്കിലെ ചെടികളെല്ലാം കരിഞ്ഞ് ശലഭോദ്യാനം പുഴു ചത്ത പ്യൂപ്പപോലെയായി. മ്യൂസിയത്തിലെ പരാതി പുസ്തകത്തിൽ ശലഭോദ്യാനം നിറയാൻ തുടങ്ങിയപ്പോൾ കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നു..

"പൂവോ പൂമ്പാറ്റയോ ഇല്ലാത്ത  ഇവിടെ എവിടാണ് നായിന്റെ മോനേ ശലഭോദ്യാനം..." എന്നാരോ മെയിൻ ഗേറ്റിന്റെ വശത്ത് എഴുതിയിട്ടത് വലിയ വാർത്തയായി, വീണ്ടും ബോഡ് ചേർന്ന് സൂപ്പർ വൈസർ എന്ന നിലയ്ക്ക് ഫൈറൂസിന് രണ്ടുമാസത്തെ സാവകാശം കൊടുത്തു. അതിന് കഴിയുന്നില്ലെങ്കിൽ ആ നാലരയേക്കറും, ബാംബൂ പാർക്കിന്റെ ഭാഗമാക്കാൻ അവർ തീരുമാനിച്ചു...

വീട്ടിൽ പോലും പോകാതെ, രാപ്പകലില്ലാതെ ശ്രമിച്ച് ചെടി വച്ചു പിടിപ്പിച്ചിട്ടും ഒരൊറ്റ ശലഭവും വന്നില്ല. ഉദ്യാനത്തിന്റെ നടുക്ക് പരസ്യമായി മൂത്രമൊഴിച്ച് *മഡ്പട്ലിംഗിനായി എത്തുന്ന പൂമ്പാറ്റകളെ കാത്തിരുന്നു..മ്യുസിയത്തിൽ സന്ദർശകർക്കായി സ്റ്റഫുചെയ്ത് സൂക്ഷിച്ചിരുന്ന അപൂർവ്വയിനം ശലഭങ്ങളുടെയും വണ്ടുകളുടെയും ശരീരം ഉദ്യാനത്തിന്റെ നടുവിൽ മറവു ചെയ്തു. ഉദ്യാനത്തിന്റെ ബോർഡിൽ നോക്കുന്നവരെപ്പോലും അയാൾ ചീത്തവിളിക്കാനും തല്ലാനും തുടങ്ങി.
അവധി ദിവസമായ ഒരു  ചൊവ്വാഴ്ച്ച പൂർണ നഗ്നനായി ദേഹം മുഴുവൻ തേൻ പുരട്ടി ശലഭങ്ങളെ കാത്തു നിന്നത്  ആരോ ഫോണിൽ വീഡിയോ ആക്കി, വാട്സ് ആപ്പിൽ അത് വൈറലാകുകയും ചെയ്തു. അന്ന് സഹപ്രവർത്തകർ ചേർന്നാണ് ക്ലിനിക്കിൽ എത്തിച്ചത്.
ബോർഡ് കൂടി പിരിച്ചു വിടുന്നത് കാത്തിരിക്കാതെ ഒരു രാജിക്കത്തെഴുതി മനേജർക്ക് പോസ്റ്റു ചെയ്തു.
അതിനുശേഷം ക്ലിനിക്കിലേക്കല്ലാതെ ഫ്ലാറ്റു വിട്ട് പുറത്തു പോയിട്ടില്ല..

നാലു തവണ ഫ്ലാറ്റിന്റെ വാടക മുടങ്ങിയിട്ടുണ്ടാകും, സെക്യുരിട്ടി നൽകിയ തുക കഴിഞ്ഞാൽ..? അടഞ്ഞു കിടക്കാത്ത അടുത്ത ഫ്ലാറ്റിന്റെ വാതിലിപ്പോൾ തുറക്കാറേയില്ല.

നിലത്ത്  ഇഴഞ്ഞു നടക്കുന്ന ഫൈറൂസ് അവളെ ഓർമ്മകളിൽ  നിന്നിറക്കിവിട്ടു.
അവൾ അവനെ കൈ നീട്ടി അരികിലേക്ക് വിളിച്ചു.
ആ ഗരുഡശലഭം അവളുടെ മടിയിലേക്ക് പതിയെ പറന്നിറങ്ങി..

കുഞ്ഞാക്ക മിൻഷയെ ചേർത്തുപിടിച്ച് പറഞ്ഞവ അവളോർത്തെടുക്കാൻ ശ്രമിക്കുമ്പോൾ..മടിയിൽ കിടക്കുന്ന ശലഭന്റെ   നാവുകൾ അവളുടെ പൊക്കിളിലെ വിയർപ്പിന്റെ നനവിലെ ഉപ്പ് വലിച്ചെടുക്കുന്നുണ്ടായിരുന്നു..

"ഇവന് മുഴുത്ത വട്ടാണ്, പണ്ട് തള്ളയെ ആറ്റിൽ തള്ളിയിട്ട് കൊന്നതിന് കൊറേക്കാലം ഊളൻ പാറയിൽ ചങ്ങലയ്ക്കിട്ടിരുന്നതാ..
നിന്റെ മൂക്കിന് താഴെ ഇവന്റെ ജോലി സ്ഥലത്ത് തുണിയില്ലാതെ കാട്ടിക്കൂട്ടിയത് പിള്ളേര് ഫോണിലും ടീവിലൊക്കെ കാണിച്ചിട്ടും നീ മാത്രം അറിഞ്ഞില്ലെന്ന് പറഞ്ഞാ ഞാൻ വിശ്വസിക്കണോ..? വെളിയാറ്റിലെ ഷൗക്കത്ത് എന്നെ വിളിച്ച് കാര്യങ്ങള് പറയാൻ വൈകിയെങ്കിൽ...ഇന്നീക്കൊച്ചിനേം ആ പ്രാന്താൻ കൊല്ലൂമായിരുന്നില്ലേ..? നിന്നെ അവൻ കൊന്ന് തിന്നോട്ടേ,
നീയെനിക്ക് പണ്ടേ ചത്തതാ, ഈ കൊച്ചിനെ ഞാൻ തരൂലാ. വല്ല ഭ്രാന്താശുപത്രിലും കൊണ്ട് ചങ്ങലയ്ക്കിട്ടിട്ട് വരാൻ തോന്നിയാൽ നീ വാ,
അല്ലേലും  തന്തേം തള്ളേം ഇല്ലാത്തതിനെ വളർത്തി പണ്ടേ എനിക്ക് നല്ല ശീലായില്ലേ..."

വയറ്റിൽ ചുണ്ടു ചേർത്ത് പാതിമയക്കത്തിലേക്ക് വീഴാൻ തുടങ്ങുന്ന, ശലഭത്തിന്റെ മുഖം കൈയിലെടുത്ത് അമർത്തി ചുംബിച്ചു..

അങ്ങു ദൂരെയെവിടെയോ അവ്യക്തമായിക്കാണുന്ന കുന്നിലേക്ക് പറന്നുപോകാൻ കൊതിക്കുന്ന അവനു വേണ്ടി, ബാൽക്കണിയുടെ വാതിൽ അവൾ മലർക്കെത്തുറന്നിട്ടു.
നീണ്ട ചിരിയോടെ കടന്നുവന്ന കാറ്റിന്റെ താളത്തിൽ ശലഭം അവൾക്ക് ചുറ്റും പറന്നു നടന്നു.
പിന്നെ പൂവുകളൊക്കെ കുന്നിറങ്ങിയ ഒരു സ്വപ്നത്തിലേക്ക് അത് പറന്നു പോയി.

തന്റെ ഉള്ളിലെപ്പൊഴോ വിരിയാൻ തുടങ്ങിയ രത്നനീലിയുടെ ഇളക്കമവൾ അറിയാൻ തുടങ്ങി...
ഉള്ളിൽ നിന്ന് ആ കുഞ്ഞൻ ശലഭത്തിന്റെ നിറം പോലെ തികട്ടി വന്ന ദ്രാവകം ജിമ്മൻ ചെക്കന്റെ ബാൽക്കണിയിൽ അലക്കിയിട്ടിരുന്ന കറുത്ത ടീഷർട്ടിലേക്ക് അവൾ നീട്ടിത്തുപ്പി.

സ്വപ്നങ്ങൾക്കായി തൊട്ടിലൊരുക്കിയ ബാൽക്കണിയിലെ  കമ്പിയിൽ തന്റെ പ്യൂപ്പയെ മിസ്രിയ സുരക്ഷിതമായി തൂക്കിയിട്ടു...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)