Thursday 19 November 2020

പറയാത്ത കഥ

ആരാധകന്റെ മരണം.


    ഇത് ഒരു മരണ കഥയാണ്. എന്റെ തന്നെ മരണത്തെപ്പറ്റിയാകുമ്പോൾ അതെനിക്ക് എന്നെങ്കിലും എഴുതാൻ കഴിയുമോ എന്നുറപ്പില്ല.എഴുതാത്ത കഥയിൽ ഇതു പറയുമ്പോൾ ഉള്ളിലെ നീറ്റൽ ഇത്തിരി കുറഞ്ഞാലോ എന്നതാണ്..

     കൊല്ലത്തെ അനാഥാലയത്തിൽ ഒരവധിക്കാലത്ത് കുട്ടികൾ എല്ലാവരും നാട്ടിലേക്ക് പോയി. എനിക്കും നാലഞ്ചു പേർക്കും കൂട്ടിക്കൊണ്ടുപോകാൻ ആരെങ്കിലും വരുമെന്ന കാത്തിരിപ്പ് മടുത്ത് തുടങ്ങിയിരുന്നു. അവധിക്കാലം മന്ദിരത്തിന്റെ നിയമങ്ങൾ ഒക്കെ മാറും എത്രത്തോളം വേണമെങ്കിലും ഉറങ്ങാം, തളർന്ന് വീഴുവോളം കളിക്കാം, കുളിക്കാതിരിക്കാം. ഉടുപ്പോ നിക്കറോ ഒരു നിർബന്ധിത നിയമങ്ങളും ഇല്ല.ടീ വിയുടെ താക്കോൽ എപ്പോഴും മേശപ്പുറത്ത് ആസ്വാദനം കാത്ത് കിടക്കും.എല്ലാം മടുക്കുമ്പോൾ പുതിയ കൗതുകം അങ്ങനെയാണ് ഒറ്റ അലമാരയുടെ വലിപ്പത്തിലുള്ള മന്ദിരത്തിന്റെ വായനാമുറിയിൽ ഞാൻ ചെന്നത്.     

   ആ വഴിക്ക് ആരും സാധാരണയായി വരില്ല അവിടെയിരുന്ന് കരഞ്ഞാൽ 'തൊട്ടാവാടിയെ' ആരും കാണില്ല.വീടും നെയ്യാറും ഒക്കെ ഓർമ്മയിൽ വന്നപ്പോൾ ചില്ലലമാരയിൽ മുഖം ചേർത്ത് കരഞ്ഞു. കരച്ചിൽ കേൾക്കാൻ ആളില്ലെങ്കിൽ അതിനും ഒരു സുഖമുണ്ടാകില്ല.അലമാര വലിച്ചു തുറന്ന് കഥയുടെ ഭാഗത്തെ മൂന്നാമത്തെ പുസ്തകം എടുത്തു. എഴുത്തുകാരനെയും എന്റെ പേരിനെയും ഒരേ താളത്തിൽ പറഞ്ഞുനോക്കി, അക്ഷരങ്ങളുടെ എണ്ണവും കൃത്യം.ആ കഥാസമാഹാരം തൊട്ട് ഞാനങ്ങ് സ്വയം പ്രഖ്യാപിച്ചു."പഠിച്ചു വളർന്ന് ഒരു കഥാകാരനാകും, കരയുന്ന കുട്ടികൾക്ക്  വേണ്ടി ഒരുപാട് കഥകളെഴുതും."

     ആകെ വായിച്ചത് മൂന്നു കഥകൾ. അപ്പോഴേക്കും അതിന്റെ ത്രില്ലും പോയി.ആ കഥാകാരന്റെ ഏറ്റവും പുതിയ ആരാധകനായി ഞാൻ മാറിക്കഴിഞ്ഞു.അടുത്ത് വർഷത്തെ മലയാള പാഠാവലിയുടെ ഉള്ളിൽ അയാളുടെ പേരും കഥയും കണ്ട് എനിക്ക് സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു.എത്ര തവണ ആ കഥവായിച്ചെന്നറിയില്ല.'ഉറക്കെ വായിക്കേടാന്ന്' മേശയിൽ ചൂരൽ മുട്ടിച്ച് വാർഡൻ വിരട്ടുമ്പോഴും ഞാനാകഥയിൽ മാത്രമായിരിക്കും.തങ്കമണിയെന്ന ആദ്യ കാമുകിതന്ന മയിൽപ്പീലി, പാരീസ് മിഠായിയുടെ കവർ, കളഞ്ഞു കിട്ടിയ രണ്ടുരൂപാ നോട്ട് ഇതൊക്കെ വയ്ക്കാൻ ആ പതിനേഴാമത്തെ പേജിൽ ആ കഥയുടെ സ്ഥാനത്തല്ലാതെ മറ്റൊരു സുരക്ഷിതയിടവും ഞാൻ കണ്ടില്ല.

    പത്തും പന്ത്രണ്ടാം ക്ലാസും കഴിഞ്ഞ് ബി.എ മലയാളത്തിലേക്ക് ചെന്നത് ആ കഥയെ കാണാം എന്നൊക്കെ കരുതിയാണ്.വ്യാകരണവും ചീരാമനും ചേർന്ന് കഥയെഴുതാനുള്ള എന്റെ ആഗ്രത്തെ കുഴിച്ചിട്ടെന്നു പറഞ്ഞാൽ മതിയല്ലോ. എം.എയിലും കഥയില്ല കഥാകാരനുമില്ല.ഞാനൊട്ട് കഥയെഴുതിയുമില്ല.ബി.എഡ് പാസായി കൊല്ലത്തെ സ്‌കൂളിൽ പഠിപ്പിക്കുമ്പോഴാണ് പുസ്തകത്തിൽ അയാൾ എനിക്കുവേണ്ടി കാത്തു കിടന്നത്. ആ കഥയെപ്പോലെ മറ്റൊരു പാഠവും ഞാനീ ജീവിതത്തിൽ പഠിപ്പിച്ചിട്ടില്ല.അക്കാലത്ത് എന്റെ ആദ്യ കഥ അച്ചടിച്ചു വന്നു. ആദ്യശമ്പളത്തിൽ അയാളുടെ മൂന്നു പുസ്തകങ്ങൾ സ്വന്തമാക്കിയപ്പോൾ എനിക്ക് വന്നു കയറിയ ആവേശം.    

    എന്നെങ്കിലും ഇയാളെയൊന്ന് കാണണം വിരലിൽ ഒന്നുമ്മവയ്ക്കണം.ഹയർസെക്കൻഡറിയിൽ ജോലി കിട്ടി മലബാറിൽ കഥാകാരന്റെ നാട്ടിൽ വന്നപ്പോഴും ആവേശം ചോർന്നില്ല. സഹപ്രവർത്തകയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്യാൻ വന്ന ആ മനുഷ്യൻ എന്റെ അരികിലൂടെ വേദിയിലേക്ക് നടക്കുന്നു.പരുക്കൻ ശബ്ദതത്തിലുള്ള പ്രസംഗത്തിന്റെ ഉള്ളിൽ നിറച്ച് പോന്നു.ക്ലാസ് മുറിയിൽ ഞാനത് അനുകരിക്കാൻ ശ്രമിച്ചു.എത്ര വേദികളിൽ പിന്നെയും കണ്ടു. ഒരിക്കലും മിണ്ടിയില്ല.ഒരിക്കൽ എന്റെ ഒരു കഥ വായിച്ച്‌ ആ മനുഷ്യൻ അഭിപ്രായങ്ങൾ കുറിക്കും, എന്നെ അഭിനന്ദിക്കും. വാശിയായി.ഫേസ്ബുക്കിലും അയാൾക്ക് പിന്നാലെ പാഞ്ഞു.
    
     ഒന്നിനുപിന്നാലെ മറ്റൊന്ന് കഥകൾ അച്ചടിച്ചു വരാൻ തുടങ്ങി.മൂന്നാമത്തെ കഥാസമാഹാരവും 'കഥാകൃത്ത്' എന്നു ചിലർ തിരിച്ചറിയാനും തുടങ്ങി. കഥയോടൊപ്പം എഫ് ബിയിൽ കഥകളെ വിശകലനം ചെയ്യുന്ന കോളവും ഞാൻ തുടങ്ങി.പ്രിയ കഥാകാരനെങ്കിലും ഓണപ്പതിപ്പിൽ വന്ന ഒന്നിനും കൊള്ളാത്ത കഥയെ ഞാൻ വിമർശിച്ചു.കഥയുടെ ചാർച്ചാവേദികളിൽ എന്നെയും ചിലർ വിളിക്കാൻ തുടങ്ങി. 
    
    കാസർഗോഡ് നെഹ്റു കോളേജിൽ കഥാചർച്ചയിലെ ഒരു സെക്ഷനിൽ ആ മനുഷ്യന്റെ പേരും കണ്ടപ്പോൾ ഒരു കൂട്ടം ആഗ്രഹങ്ങൾപെയ്തു . ഒന്നു തൊടണം രണ്ടു വാക്ക് സംസാരിക്കണം ഒപ്പം ഒരു ഫോട്ടോ.അതിഥികളെ തമാസിപ്പിക്കുന്ന ലോഡ്ജിൽ യുവ കഥാകൃത്തുകളുടെ ഒരു വലിയ കൂട്ടം.ഒരു വലിയ ഒഴുത്തുകരൻ വന്ന് 'ഇയാൾ ആ രതീഷല്ലേന്ന്' ചോദിച്ച് ചേർത്തു നിർത്തിയപ്പോൾ യുവ കഥാകൃത്തുകളുടെ അസൂയ നിറഞ്ഞ നോട്ടം.എനിക്കപ്പോഴും അടുത്ത മുറിയിലെ പരുക്കൻ ശബ്ദവുമായിരുന്നു ചെന്നുതൊടാനുണ്ടായിരുന്നത്..

  അതാ ആ മനുഷ്യൻ വാതിൽ തുറന്നിറങ്ങി വരുന്നു.വലിയ എഴുത്തുകാരൻ എന്റെ വിരലിൽ കോർത്തു പിടിച്ച്‌ അയാൾക്ക് പരിചയപ്പെടുത്തി. "ഇത് രതീഷ് പുതിയ പ്രതീക്ഷ തരുന്ന ചില കഥകളുണ്ട്."പ്രിയ കഥാകാരൻ എന്തു പറയുമെന്ന ആവേശം എനിക്ക്.യുവ കഥാകൃത്തുക്കളുടെ ചുറ്റുമുള്ള നില്പ്. 
         "രതീഷോ അങ്ങനെ കഥാകാരനുണ്ടോ ഞാൻ കേട്ടിട്ടില്ലല്ലോ.." ആരൊക്കെ ചിരിച്ചെന്ന് എനിക്കറിയില്ല. ഞാൻ വളരെവേഗം മുറിയിലേക്ക് പോയി.ടോയിലെറ്റിലെ കണ്ണാടിയിൽ വെറുതെ നോക്കി നിന്നു.ചർച്ചകൾ എല്ലാം കഴിഞ്ഞു.മുറിയിലേക്ക് വന്ന് ബാഗുമെടുത്ത് എത്രയും വേഗം നാട്ടിലേക്ക് തീവണ്ടി കയറണം.പക്ഷെഅടുത്ത മുറിയിൽ നിന്നും മദ്യത്തിൽകുളിച്ചിറങ്ങിവന്ന പരുക്കൻ  വാക്കുകൾ എന്നെ കൊന്നു കളഞ്ഞു. 

    'അവനെ എനിക്കറിയാം.വായിച്ചിട്ടുമുണ്ട്.ഓണപ്പതിപ്പിലെ എന്റെ കഥയെക്കുറിച്ച് അവന്റെ ഒരു അഭിപ്രായം.ഞാനൊക്കെ എഴുതിത്തുടങ്ങിയപ്പോൾ ഇവനെക്കുറിച്ച് ഇവന്റെ തന്ത ചിന്തിച്ചു കാണുമോ.ഞാൻ എഡിറ്റ് ചെയ്ത പുസ്തകത്തിൽ പോലും ഇവനെ ഉൾപ്പെടുത്തിയിട്ടില്ല.അതല്ലേ ഞാനവനെ ഒന്ന് ഇരുത്തിയത്..."

    അന്ന് എഫ്ബിയിൽ ആ മനുഷ്യനെ ഒഴിവാക്കി, നിധിപോലെ പുസ്തകങ്ങൾ പിന്നീട് സ്‌കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.ആ മനുഷ്യൻ വരുന്ന ചടങ്ങുകളിൽ പോകാതെയായി. പാഠപുസ്തകത്തിൽ അയാളെ കണ്ടുമുട്ടാൻ ഇടവരരുത് എന്ന ഒറ്റ ആഗ്രഹം മാത്രമേയുള്ളൂ..

      ഈ കഥ ഞാനിനി പറയുമെന്നും തോന്നുന്നില്ല.ഉള്ളിൽ മരിച്ചവരെക്കുറിച്ച് ഞാനെന്തു കഥ പറയാനാണ്..?


കെ എസ്. രതീഷ്
9497456636