Friday 25 December 2015

കവിത എന്റെ ആകാശം

എന്റെ ആകാശം..!

എന്റെ
ആകാശത്തിന്റെ
ഒരു തുണ്ടാഗ്രഹിച്ചപെണ്ണേ
നിന്റെ
ചിറകിൽ രാഗമുണ്ടെങ്കിൽ
ഈ ആകാശത്തിന്റെ
അവകാശി
നീയാണ്.....!!

രതീഷ് കെ എസ്സ്

കഥ - മഞ്ഞുവീണെരിയുന്ന കനലുകൾ.

"മഞ്ഞുവീണെരിയുന്ന കനലുകൾ...!!

"മാഷിക്കാരോടെങ്കിലും പ്രണയമുണ്ടായിട്ടുണ്ടോ..."

ക്യാമ്പ് ഫയറിന്റെ ഒടുവിലത്തെ  നിമിഷങ്ങളിൽ ശ്രീക്കുട്ടിയുടെ ചോദ്യം  ഉണർത്തുപാട്ടായിരുന്നു

"വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കുവൊരുവട്ടം.."
ഏതോ കുട്ടി പാടുന്നുണ്ടായിരുന്നു
പലരും പാതിമയക്കത്തിൽ
ചിലർ മൈതാനത്തിന്റെ പുൽമ്മെത്തയിൽ സുഖനിദ്രയിലും
എന്റെ മുന്നിൽ തിളക്കമുള്ള അവളുടെ കണ്ണുകൾ മാത്രം  ഈ ചോദ്യത്തിനെന്ത് മറുപടിയെന്നറിയാൻ ചിലരും നിലാവും മഞ്ഞും ഡിസംബറും എന്നെ പലതും പറയാൻ പ്രേരിപ്പിച്ചു
എൽ പി സ്കൂളിന്റെ മതിൽക്കെട്ടിലും ഹൈസ്കൂളിന്റെ വരാന്തയിലും..
കോളേജിന്റെ വായനശാലയിലും
വിരിഞ്ഞ പ്രണയത്തിന്റെ ചിത്രങ്ങൾ വിവരിക്കാൻ തുടങ്ങി
ഞാൻ അങ്ങനെയാണ് കുട്ടികളുടെ മുന്നിൽ എന്തും തുറന്നുപറയാൻ എനിക്കിഷ്ടായിരുന്നു...

"ശ്രീക്കുട്ടിക്കറിയോ പ്രണയം ഒരുതരം മാജിക്കാണ് സത്യമായ പ്രണയം ജീവിതത്തിൽ
ഒരിക്കലേ ഒരാൾക്ക് അറിയാനാകൂ ആ അനുഭൂതി മരണംവരെ മറക്കില്ല  തിരിച്ചറിയാതെ പോകുന്നവയാണേറെയും
ഈ നിലാവിൽ പ്രണയമുണ്ട്
ഈ മഞ്ഞിൽ പ്രണയമുണ്ട്.
നോക്കൂ പുൽനാമ്പിനെ എത്ര നനയ്ക്കുന്നൂവെന്ന്..."

ഇഷ്ടഭക്ഷണം കിട്ടിയ കുട്ടിയെപ്പോലെ ആർത്തിയോടെ ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു...

പിന്നെയും കുട്ടികളെന്തൊക്കെയോ കലാപരുപാടികൾക്ക് കൈയ്യടിക്കുന്നുണ്ടായിരുന്നു ശ്രീക്കുട്ടിമാത്രം എന്റെ മുന്നിൽ തെളിഞ്ഞ വിളക്കുപോലെ
ഞാൻ അനുവിനെക്കുറിച്ചവളോട് പറഞ്ഞു
ഞാൻ നീതുവിനെക്കുറിച്ചവളോട് പറഞ്ഞു
ഞാൻ റസീനയെക്കുറിച്ചവളോട് പറഞ്ഞൂ
സബിത, ടീനാകുര്യൻ, ദിവ്യ...
ഇതൊക്കെ കേട്ടൊരു നിലാവുപോലെ അവൾ ചിരിക്കുന്നുണ്ടായിരുന്നു.

"പിന്നെന്താ മാഷവരെയാരെയും കെട്ടാതിരുന്നത്...?"

എന്റെ ഉത്തരം
എന്റെ മുന്നിലൊരു ചോദ്യമായ്....
സ്വരം താഴ്ത്തിയവളോട് മാത്രം പറഞ്ഞു...

"ശ്രീക്കറിയോ ഇതിൽ പലരെയും എന്റെ പ്രണയമറിയിച്ചിട്ടുപോലുമില്ല അറിയക്ക്തെപോകുന്ന പ്രണയം അതൊരു വല്ലാത്ത നോവാണ്
നോക്കിയേ ഈ പുൽ നാമ്പിലെന്നപോലെ എരിയുന്ന കനലിലും മഞ്ഞ് വീഴുന്നുണ്ട് പക്ഷെ ..."

"കഴിഞ്ഞ മൂന്നുകൊല്ലമായ് ഞാൻ മാഷിനെ പ്രണയിക്കുന്നു"

എരിയിന്ന കനലിൽ നോക്കിയിരുന്ന്...
ഇതുപറയുമ്പോൾ ശ്രീക്കുട്ടികരയുകയായിരുന്നു.

അവളുടെ കണ്ണിൽ നിന്നാണ് ഈ ഭൂമിയാകെ
നിലാവ് പരക്കുന്നതെന്ന് എനിക്കു തോന്നി...

" പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോവിളിച്ചൂ....
മണ്ണിൽ വീണുടയുന്ന തേൻ കുടത്തെ കണ്ണുനീരെന്നും വിളിച്ചൂ...."
ഏതോ ഒരു പെൺകുട്ടി പാടുന്നുണ്ടായിരുന്നു..
വല്ലാത്ത ഒരു തണുപ്പെന്നിലുറഞ്ഞുകൂടി
അപ്പൊഴും ഹൃദയഭാഗത്ത്
കൂട്ടിയിട്ട കനലിൽ മഞ്ഞു വീഴുന്നുണ്ടായിരുന്നു..
മഞ്ഞു വീണ് കനലുകൾ എരിഞ്ഞുകൊണ്ടേയിരുന്നു...!!

രതീഷ് കെ എസ്സ്

ഏകലവ്യൻ കവിത

ഏകലവ്യൻ...!

ഞാൻ
'ഏക'നായത്
വിരൽ മുറിച്ചപ്പോഴല്ലാ
ഉള്ളിൽ
പണിതുയർത്തിയ
നിന്റെ
വിഗ്രഹമുടഞ്ഞപ്പോഴാണ്...!!

രതീഷ് കെ എസ്സ്

Friday 18 December 2015

കവിത വിദൂഷകന്റെ കത്ത്

ഒരു വിദൂഷകന്റെ കത്ത്....!

പ്രിയരെ
ഉറക്കെചിരിക്കാൻ
വിധിക്കപ്പെട്ട വിദൂഷകനാണ്
ഞാൻ..
എന്റെ
ചിരിക്കുന്ന തലയെവിടെയോ
മുറിഞ്ഞുപോയിരിക്കുന്നു
ഇനിയും ഉറയ്ക്കാതെ  ഉറഞ്ഞുപോയൊരു ബുദ്ധിയുണ്ട്
ഇരട്ടികാഴ്ച്ചയുള്ള ഇടതുകണ്ണ്..
പുഴുക്കുത്തേറ്റ നാവ്
മണങ്ങൾ മറന്ന മുക്ക്
ഇടതുചെവിയിൽ ചില കരച്ചിലുകൾ അടഞ്ഞിരുപ്പുണ്ട്
വലതിൽ ഒരു കടുക്കനും
നെറികേടിന്റെ മൂന്നായ് പിരിഞ്ഞ ദേശമുണ്ട് നെറ്റിയിൽ
കവിളിൽ പതിഞ്ഞ വിരല്പാടുകൾ നോക്കി നീ വരിക.
കഴുത്തിൽ മുറിഞ്ഞ ഭാഗത്ത് ഒരു വരണ്ട ചിരി
ഉണങ്ങി നിൽക്കുന്നെങ്കിൽ അതു ഞാനാണ്
"കരളെരിഞ്ഞാലും
ചിരിക്കുക "
വിദൂഷകധർമ്മം മറന്ന
എനിക്കെന്തീനീ തല
വിശപ്പുള്ള
ഒരുവനു കൊടുക്കുക
ചിരി ഔഷധമാണത്രേ

രതീഷ് കെ എസ്സ്

Wednesday 16 December 2015

ഡിസംബറിൽ കുട്ടി

ഡിസംബറിലെ കുട്ടി.....!!
( ഒരു നുണക്കഥ)

തോമസ്സിന്റെയും ഏലിക്കുട്ടിയുടെയും രണ്ടൂപെണ്മക്കളും മാലാഖമാരെപ്പോലെ സുന്ദരികളായിരുന്നു
ഇളയവൾ മറിയ ആദികുറുബാന സ്വീകരിച്ച നാളുകളായിരുന്നു...
അത് ഞാനായിരുന്നു
തന്റെ വീട്ടിൽ ലൂസിച്ചേച്ചി മുറിക്ക് പുറത്തിറങ്ങാതായതും അപ്പൻ ജോലിക്ക് പോവാത്തതും അമ്മ എപ്പോഴും ദേഷ്യപ്പെടുന്നതും എന്തിനാണെന്നെനിക്ക്  വ്യക്തമായില്ല
അന്നൊരു ഡിസംബറിൽ അമ്മയും ചേച്ചിയും കയറിയമുറിയിൽ നിന്ന് അടക്കിപ്പിടിച്ച കരച്ചിലും ശകാരവും വന്നതും അകത്തുനിന്ന് കഴുകിയിട്ട തോർത്ത് എടുത്തുവരാൻ എന്നോട് ആവശ്യപ്പെട്ടതും വീടിനുള്ളിലെ കക്കൂസ്സുമുറിയിൽ
അമ്മഎന്തോ കുത്തിക്കളയുന്നതും
എന്നോട്  വെള്ളമൊഴിക്കാൻ പറഞ്ഞതും
ശക്തിയായ് ഒഴിക്കുന്ന വെള്ളത്തിൽ ഒരു നീലക്കണ്ണ് ഒരു നോക്ക് കാണാനേ എനിക്കായുള്ളൂ.

അന്നു രാത്രിമുതൽ ആ നീലക്കണ്ണുകൾ ഞാൻ സ്വപ്നം കാണാൻ തുടങ്ങി
എന്റെ വയറ്റിലെന്തോ ഇളകുന്നതുപോലെയും
പൊക്കിളിന് താഴെ ഒരു കുഞ്ഞു കാല്പാടുകണ്ടു കൊച്ചികപ്പൽശാലയിലെ ഉയർന്ന ഉദ്ദ്യോഗസ്ഥൻ ലൂസിച്ചേച്ചിയെ കെട്ടിപ്പോയ ദിവസ്സവും ആ നീലക്കണ്ണുള്ള കുട്ടി എന്റെ മുറിയിൽ ഓടിക്കളിക്കുന്നതായ് തോന്നി.

അന്നൊരു ഡിസംബർ 25 ആയിരുന്നു...
ലൂസിയേച്ചിയും കെട്ട്യോനും വിരുന്ന വന്ന ദിവസ്സം
വേദനതുടങ്ങിയിരുന്നു
അവരെനിക്ക് തൊഴുത്തിൽ ഇടമുണ്ടാക്കി
വൈക്കോലിലേക്ക് ഞാനവനെ പെറ്റിട്ടൂ
ചാക്കിൽ പൊതിഞ്ഞ്
പൊക്കിൾക്കൊടി മുറിച്ചവന് പാലുകൊടുക്കാൻ പറഞ്ഞത് ലൂസിയായിരുന്നു അപ്പനും
അമ്മയ്ക്കും ലൂസിയ്ക്കും കറുത്ത ചിറകുമുളച്ചിരുന്നു...
എന്റെ വെളുത്ത ചിറകിൽ രക്തക്കറ പുരണ്ടിരുന്നു..
എന്റെ മുലയിൽ നിന്നും കാനായിലെ കല്യാണവീട്ടിൽ വിളമ്പിയ വീഞ്ഞ്
കുടിക്കുന്നതിനിടയിൽ
മുലയിൽ  ദംഷ്ട്രകളാഴ്ത്തി.......!!

രതീഷ് കെ എസ്സ്

അധികപ്പറ്റ് കവിത

അധികപ്പറ്റ്....!

പാൽമണം മാറാത്ത
മുലയടത്തീട്ടമ്മ....
ഇരുളിൽ ഭയന്നിട്ട് ഭൂതത്തിൻ
മുഖത്തേക്ക് മൂത്രിച്ചപ്പോളച്ഛൻ...
മുപ്പിളതർക്കത്തിൽ മുഖത്തായ്...
നഖമേറ്റചേച്ചിയും...
കളിവഞ്ചിയിൽ തോറ്റനുജനും
ഉറക്കെപ്പറഞ്ഞൂ...

അധികപ്പറ്റ്...

നാലാംതരത്തിലെ
മൂലയിൽ നിർത്തിട്ടാ മാഷിന്റെ ചൂരലും...
മഷിത്തണ്ട് മോഹിച്ചെന്നെപിരിഞ്ഞെരാദ്യത്തെ പ്രണയവും
തൊടിയിലെതേന്മാവിൽ
കണ്ണിമാങ്ങ വീഴ്ത്തുമ്പോൾ
പൊടിമീശക്കാരന്
മുറിബീഡികിട്ടുമ്പോൾ...
അമ്പലമുറ്റത്തെന്നെ എമ്പ്രാന്തിരികണ്ടപ്പോൾ
വരണമാല്യത്തിലവളെന്നെ വിറ്റപ്പോൾ..
മറ്റൊരു ചൂടിനായ്
ഞാനും തിരിക്കുമ്പോൾ
പിതൃതർപ്പണത്തിലും നിലതെറ്റി വന്നപ്പോൾ...
ഒടുവിലീ തെരുവിന്റെ മൂലയിലിന്നെന്റെ ഉടലിലൊരല്പം ഈ പട്ടി തിന്നുമ്പോൾ...
ഞാനൊരധികപ്പറ്റായിരുന്നു..!!

രതീഷ് കെ എസ്സ്

Tuesday 15 December 2015

വിഷമുള്ള ഒരുതരം മധുരക്കിഴങ്ങ്...

"വിഷമുള്ള ഒരു തരം മധുരക്കിഴങ്ങ്....!

വണ്ടി വീട്ടിലേക്കുള്ള കവലയിലെത്തിയപ്പോൾ..

"ഒന്നു നിർത്തിയേ...
അതു നിങ്ങൾക്ക് ഞാൻ എടുത്ത ഉടുപ്പല്ലേ  ഉടുപ്പല്ലേ..."

'അതേന്നു' മാത്രം പറഞ്ഞ് വീട്ടിലേക്ക് വണ്ടി വിട്ടൂ....
ചെന്നു കയറിയയുടനെ അവൾ അലമാരയിലെല്ലാം.
പരതുന്നുണ്ടായിരുന്നൂ...

"എന്താമോളെ വന്നതുമുതൽ നീ  ഈ നോക്കുന്നത് എന്തെങ്കിലും....."

"ഞാൻ മാഷിന്റെ ഒരു പുതിയ ഉടുപ്പ് വച്ചിട്ടുണ്ടായിരുന്നു...
ഇളം നീല നിറത്തിൽ ചെറിയ കള്ളികളുള്ള.."

"എടാ...ഒരീസ്സം..
ആ രാജേഷ് വന്നാർന്നൂ...
എവിടുന്നോ തല്ലും വാങ്ങിയാ വരവ്...
അയയിൽ ഞാൻ ഉണങ്ങാൻ ഇട്ടിരുന്ന ആ പുതിയ ഉടുപ്പും എടുത്തിട്ട് നിക്കുന്നൂ
പാലുകാരന് കൊടുക്കാൻ വച്ചിരുന്ന 300 രൂപയും എടുത്തൂന്നാ തോന്നണത്...
ചോദിക്കാൻ ചെന്നപ്പോ അവന്റെ കൂട്ടുകാരന്റെ ഉടുപ്പാന്ന് പറഞ്ഞ് ഒറ്റ പോക്ക്.."

" വൃത്തികെട്ട വർഗ്ഗം ഞാൻ എത്ര ഇഷ്ടത്തോടെ മാഷിന് എടുത്ത ഉടുപ്പാന്നമ്മയ്ക്കറിയോ..
യെന്തിനാ അതെടുക്കാൻ പോയത്..
ഞാൻ തേച്ചു വച്ചിട്ട് പോയതല്ലേ....നാശം.."

അമ്മ അടുക്കളയിൽ
അവൾ നിർത്താതെ പെയ്യുന്ന മഴപോലെ...

"അമ്മേ...
ഞാനിപ്പ വരാം അല്ലെങ്കിലും വൃത്തികേടുകാണിക്കുന്നതിന് പരിധിയില്ലേ..."

"നീ വഴക്കിനൊന്നും പോണ്ടാ..
ഇന്നലെയും ആരോ കൂട്ടം ചേർന്ന് തല്ലീന്നാ കേക്കണത്"

ഉള്ളിൽ അപ്പൊഴും
ഭാര്യ പറഞ്ഞ ദൃശ്യമായിരുന്നു..
റോഡരികിൽ വെള്ളമടിച്ച് ആരോ കിടക്കുന്നൂ...

നാട്ടിലെത്തിയ ഒരു തമിഴൻ സുഗന്ധിചേച്ചിയെ വിവാഹം ചെയ്തു..
രണ്ടു കുട്ടികളായപ്പോൾ അവരെ ഉപേക്ഷിച്ചു..
അവരുടെ പട്ടിണിമുതലാക്കി ഒരുപാടുപേർ രാത്രിയാശ്വാസം തേടി..
ഒരു രണ്ടാം കെട്ടുകാരനോടൊപ്പം അവർ നാടു വിട്ടപ്പോൾ
ഇടിഞ്ഞു വീഴാറായ കുന്നിൻ പുറത്തെ വീടും പത്തുവയസ്സുകരനും കിടപ്പിലായ മുത്തശ്ശിയും
അവനാണിന്ന്..
നടുറോഡിൽ കമഴ്ന്നു കിടക്കുന്നത്.

ആരെന്തുപറഞ്ഞാലും
അവനോട് ദേഷ്യപെടാൻ പോലും ആകില്ലാ എന്നതാ സത്യം....

വേനലവധികൾ മാത്രമണെന്റെ നാടിന്റെ ഓർമ്മകൾ...
മരം കയറാൻ ചൂണ്ടലിടാൻ സൈക്കിളോടിക്കാൻ നീന്താൻ അവനാണെന്റെ ഗുരു..പുസ്തകത്തിന്റെ ഭാരമില്ലാത്ത എന്നും അവധിയുള്ള അവനോടെനിക്കസ്സൂയയായിരുന്നൂ...
അവനൊരിക്കലും ഭൂമി ഉരുണ്ടിട്ടില്ലാ...
അവൻ മരത്തീന്ന് വീണത് കൈതെറ്റിയതായിരുന്നൂ..
ഗുരുത്വാകർഷണമായിരുന്നില്ലവെയിൽ ചൂട് കൂടുമ്പോൾ..
വീടുകളിൽ നിന്നും ശാസന കേൾക്കാം..
ക്രിക്കറ്റ് കളിയുടെ രസചരട് പൊട്ടിച്ച്...
എല്ലാരും പിരിഞ്ഞു പോയാലും..
രാജേഷിന് ഒരു കുലുക്കവുമുണ്ടാകില്ലാ...
മരച്ചിനിതോട്ടത്തിൽ നിന്നും തോണ്ടിയെടുത്ത കപ്പയും തിന്ന്...
വരിക്കമാവിന്റെ ചുവട്ടിലുണ്ടാകും....
ഒരു വിളിയും അവനായിട്ട് ഉയർന്നിട്ടില്ലാ...

അമ്മയും ചേച്ചിയും കുളത്തൂപ്പുഴ കല്യാണത്തിന് പോയതിനാൽ...
ഞാനൊറ്റയ്ക്കായ്....
മധുരക്കിഴങ്ങുകടിച്ച് അവന്റെ വരവ്...
എന്റെ വീടിത്രയും ഞാനിഷ്ടപ്പെട്ടിട്ടില്ലാ.

"എടാ...
നെനക്കീ കെഴങ്ങിഷ്ടായാ..
നീ യിത് ചുട്ട് തിന്നിട്ടൊണ്ടാ
വേണോങ്കി കൂടെ വാ..."

രാജേഷ് വിളിച്ചാ ഏതുകാട്ടിലേക്കും പോകും...
അത്ര വിശ്വാസ്സായിരുന്നു..

മുങ്ങിത്തൊടീൽ കളിക്കുമ്പോൾ....
ക്രിക്കറ്റിൽ ഔട്ട് ആകുമ്പോൾ
ബിജുവിനേം വിനോദിനേം തല്ലാൻ
അവൻ എന്റെ ഒപ്പമായിരുന്നൂ..

താർ ഷീറ്റും ഓലയും മറച്ചുകെട്ടിയ ഷെഡ്...
മഴയുണ്ടായിരുന്നു..
എന്നെ അവിടെ ഇരുത്തീട്ട്
എങ്ങോട്ടോ മറഞ്ഞൂ...
കഴുകിയ കുറച്ച്
മധുരക്കിഴങ്ങുമായ് വന്ന് അടുപ്പിൽ തീകൂട്ടി ചുട്ടെടുക്കുന്നതും മുളകുചമ്മന്തിയുണ്ടാക്കുന്നതും നോക്കിയിരുന്നൂ...
വട്ടയിലയിൽ വിളമ്പിയതിന്റെ
ചൂടും എരിവും കാരണം..
കണ്ണു നിറഞ്ഞു...

"എടാ.തമിഴാ...
പന്നീടെ മോനെ ഇറങ്ങിവാടാ..."
ജോണി  മാപ്ലേടെ ശബ്ദാർന്നു...
ഞാൻ ആകെ പേടിച്ചു..
അകത്തുകേറിവന്ന്..
അവന്റെ കഴുത്തിന് പിടിച്ചു...
അപ്പൊഴാ എന്നെ കണ്ടത്..

"എന്താ നേഴ്സ്സമ്മേടെ മോൻ ഇവിടെ..?
ഞാൻ നിന്റമ്മേ കാണട്ടെ..."

എന്നിട്ടവനെ
നിലത്തിട്ട് തല്ലി...
എന്നിട്ട് നാഭിക്ക് തൊഴിച്ചു തെങ്ങിൽ തലപിടിച്ചിടിച്ചു...
ഞാൻ ഉറക്കെ കരഞ്ഞുപോയ്..
അവൻ ഓടിവന്ന് എന്നെ ചേർത്ത് പിടിച്ചൂ..

"രതീഷേ
ഇതൊന്നും എനിക്ക് ഏക്കൂലാ..
ഞാൻ ഇന്നലേം ഉടുമ്പിനെ തിന്നതാ...നീ വാ മാപ്ലേടെ
വെളേന്ന് പറിച്ചതാ...."

എന്നെപ്പിടിച്ച് ഇലയുടെ മുന്നിലിരുത്തീട്ട്...
അവനും ഇരുന്നു അറിയാതെ മൂത്രമൊഴിച്ചുപോയ് ആ പാവം..

"ആ മാപ്ല
വാശി തീർത്തതാ...
അവരുടെ മോൾടെ കുളുമുറീൽ.ആരോ എത്തിനോക്കിപോലും ഞാനാണെന്നാ എല്ലാരും പറയണെ...
ആ കപ്യാരുടെ മോനാ ഞാൻ കണ്ടതാ
ഒരീസ്സം അവരുടെ അടുക്കളേക്കേറി ചോറെടുത്തു തിന്നു വിശന്നിട്ടാടാ...
ഈ തള്ള എനിക്കൊന്നും തരൂലാ..
സത്യായിട്ടും അത് ഞാനല്ലടാ..
പിന്നെ പള്ളീ കത്തിച്ച മെഴുകുതിരിയെടുക്കണത് ഞാൻ തന്നാ
അതോണ്ട്..ഇപ്പൊ എന്തര് ഒണ്ടായാലും ഞാൻ തന്നെ കുറ്റക്കരൻ....."

ഒരു കുംബസാരത്തിന്റെ വലിപ്പമുണ്ടായിരുന്നു...

"എങ്ങോട്ടാ  മാഷേ...
പെരുനാളാ വരണത് മറക്കല്ലേ..."
കപ്യാർ വർക്കിയാർന്നൂ...

ആ രാജേഷിന്റെ ശല്യം വല്ലാതെ കൂടുന്നു...
വീട്ടിന്ന് ഒരുടുപ്പും പാലിന്റെ കാശും എടുത്തുന്ന അമ്മ പറയുന്നത്..."

"നിങ്ങള് പേടിക്കണ്ട...
ഞാനും ഉപദേശീടെ മോനും
പിന്നെ പള്ളീലെ ചെക്കന്മാരെല്ലാം..
അടിച്ചു നൂത്തിട്ടുണ്ട്....
പിന്നല്ലാതെ..
ഇന്നാള് ഈർക്കിലിട്ട് വഞ്ചീന്ന് കാശെടുത്തൂ...
നമ്മടെ ഇരുത്തടം അച്ചനെ അവൻ തെറിവിളിച്ചൂ.....ഇന്നലെ നമ്മടെ കുരിശ്ശടിയിൽ മൂത്രമൊഴിച്ചൂ..
ദോ കെടക്കണകെടപ്പ് കണ്ടാ ചത്തിട്ടില്ല...തമിഴന്റെ മോൻ..."

ഞാൻ അവിടെ ചെല്ലുമ്പോൾ......
അവൻ ഒരു ബീഡിയും വലിച്ച്..
എന്നെ നോക്കി ചിരിക്കുന്നു..
ചുറ്റും നോക്കീട്ട് ഞാൻ അടുത്തിരുന്നപ്പോൾ
ഷോക്കേറ്റപ്പോലെ എണീറ്റു മാറിനിന്നൂ...

രക്തവും മൂത്രവും മദ്യവും കലർന്ന ഗന്ധം
അവിടെ പരക്കുന്നു...

"നിനക്കുമാത്രമായിട്ടെന്താ എന്നോടിത്ര...
സ്നേഹം..
എണീറ്റു പോടാ...
അല്ലെങ്കിൽ നീ എനിക്കെന്തെങ്കിലും താ...
പച്ചയ്ക്കാ ആ നായിന്റെ മക്കൾ എന്നെ കൊല്ലാൻ നോക്കിയത്..."
എന്റെ നേർക്ക് കൈ നീട്ടി  താടാ വല്ലതും വാങ്ങിക്കുടിച്ച്  വേദനയൊന്ന് മാറ്റട്ടെ..."

അഞ്ഞൂറിന്റെ നോട്ട് പോക്കറ്റീന്ന് എടുത്ത് നടന്നുപോയപ്പോൾ...
ആ ഇളം നീല ഉടുപ്പിന്റെയും പാലിന്റെയും കാര്യമോർക്കാനായില്ലാ
വീട്ടിലെത്തി കട്ടിലിൽ ഒറ്റ കിടപ്പായിരുന്നു...

"എന്താ മാഷേ വഴക്കിട്ടോ..?
ഞാനൊന്നും മിണ്ടീല

കമഴ്ന്ന് കിടന്ന...
എന്റെ തലമുടിയിൽ തടവിക്കൊണ്ട്....
അമ്മ
അവൾ കേൾക്കാതെ പറഞ്ഞു...
"നിനക്കത് കഴിയോ..
ഇരട്ടകളെപ്പോലെ  കഴിഞ്ഞതല്ലേ...."

രതീഷ് കെ എസ്

Monday 14 December 2015

കവിത കന്യാചർമ്മം...

"കന്യാചർമ്മം "

"നേർത്തതെങ്കിലും
പൊട്ടാതിരിക്കാൻ..
അവളെത്രമിണ്ടാതിരിക്കണം
അവളേക്കൾ
അതുപൊട്ടാതിരിക്കേണ്ടത്..
ആരുടെയൊക്കയോ...?

"വിശ്വാസ്സവും
വിലയിരുത്തലും
വിധികളും നേർത്തപാളിയിലായിരുന്നു'
പൊട്ടാത്തപാളികൾക്ക്
ഇരുവശവും..
ഒരു വിശ്വാസിയും
ഒരു  മനുഷ്യനും
മറഞ്ഞു നില്പുണ്ട്..

ചടുലമായൊന്നിളകിയാൽ
ആർത്തലച്ചൊന്ന് പെയ്താൽ
പൊട്ടും...
മനുഷ്യരുണ്ടാകും

തകർക്കാനൂക്കുള്ളവരെ
ദേവലയങ്ങളിൽ തടവറതീർത്ത്
കാവലിരുത്തി....

പിന്നാലെവന്നവർക്കെല്ലാം
വാളും ത്രിശൂലവും തോക്കും
യാത്രയയ്പ്പൊരുക്കി...

"അസഹിഷ്ണമായ"
നോവാണ്
കന്യാചർമ്മം പൊട്ടുമ്പോൾ
എങ്കിലും
പൊട്ടാതെ വയ്യല്ലോ...
ഈ കന്യകയ്ക്ക്
മക്കളുണ്ടാകണ്ടേ
മനുഷ്യരുണ്ടാകണ്ടോ...??

രതീഷ് കെ എസ്സ്

Saturday 12 December 2015

കവിത

നീ മരിച്ചാൽ...!!

ഞാൻ
മരിച്ചാൽ നീ ഉറക്കെ
പാടുമോ..?
കണ്ണീർമുത്തുകളാൽ
ഒരു താജ്മഹൽ...?
ഒരുവരി
കവിതയെങ്കിലും...?

ആ കണ്ണിൽ
പ്രതീക്ഷയുടെ ഒരു കടൽ
അലറിവരുന്നതുകണ്ട്...

സ്വർണനാണയങ്ങൾ
ഇട്ടുകൂട്ടിയ
കുടുക്കപോലെ
അവളും
ആ പ്രണയവും
വീണുമരിച്ചൂ.....!!

രതീഷ് കെ എസ്സ്

Thursday 10 December 2015

രാത്രി

രാത്രി....!!

'ഏറെ
അസത്യങ്ങൾ
നിറഞ്ഞ
കവിതയാണ്...!!

രതീഷ് കെ എസ്സ്

Monday 7 December 2015

കവിത പ്രത്യേക അറിയിപ്പ്

ഒരു പ്രത്യേക അറിയിപ്പ്...!

ചെന്നൈ
പ്രളയക്കെടുതിയിൽ
ഒളിവിലായിരുന്ന
ദൈവങ്ങൾ
തിരിച്ചുവന്നൂ...

ഉഷപൂജ 6:25
പ്രഭാതകുറുബാന 6:30
സുബ്ഹി 6:35

കുറിപ്പ്

*വിശ്വാസികൾ അതതു കുഴിമാടങ്ങളിൽ മാത്രം
പ്രവേശിക്കുക
*മരിച്ചവർക്കായും പ്രത്യേക പ്രാർഥന...!!

രതീഷ് കെ എസ്സ്

Sunday 6 December 2015

അനുഭവം ആൺപ്രസവം.

"ആൺപ്രസവം....!!

പുരുഷന് പ്രസവവേദനയറിയില്ലാ എന്നു പറയുന്നവരോട് ഇതെന്റെ ജീവിതമാണ്...

ജനു 30, 2012, കാരക്കോണം മെഡിക്കൽ കോളേജിൽ ലേബർ റൂമിൽ ഭാര്യയേ
തലേന്ന് രാത്രി 12  മണിക്ക് പ്രസവവേദന തുടങ്ങിയതാ അവളുടെ കരച്ചിൽ പുറത്ത് കേൾക്കാമായിരുന്നു...
പിതാവാകുന്നതിന്റെ എല്ലാ ആകാംക്ഷയും ആകുലതയും നിറഞ്ഞ നിമിഷങ്ങൾ...
എന്റെ അമ്മയും അമ്മായിയും ചിരിയും വർത്തമാനങ്ങളും...

പിന്നെ വേറെ ഗർഭിണികൂടെ ലേബർ റൂമിലാക്കിയതിനാൽ ഒരു വൃദ്ധയും അവിടെ ഉണ്ടായിരുന്നു...
എന്റെ വെപ്രാളം കണ്ടിട്ടാകാം..
പത്തുപെറ്റവളെ പേറ്റുനോവിന്റെ അഹങ്കാരത്തിൽ അവർ ചിരിക്കുന്നുണ്ടായിരുന്നു...

ലേബർ റൂം ടീ വിയിൽ മാത്രം പരിചയമുള്ള എനിക്ക് വാതിലിനു വെളിയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ് ഒരു മാലാഖ പ്രത്യക്ഷയാകുന്നതും "ബിബിഹയുടെ ആരെങ്കിലും "
എന്ന ചോദ്യവും കാതോർത്തിരുന്നു...
ഒന്നുണ്ടായില്ലാ...
1,2,3,4,5,6 നേരം പുലരുന്നത് ഞാൻ നേരിട്ട് കണ്ടൂന്ന് പറഞ്ഞാ മതീല്ലോ...

ഇതിനിടയിൽ നല്ലൊരുറക്കം കഴിഞ്ഞ്...
അമ്മ അമ്മായിമാർ ചായ കുടിക്കാനും പോയീ...
എനിക്കാണെങ്കിൽ....
ഒരു സമാധാനവുമുണ്ടായില്ലാ..

"സ്വന്തമായ് ഒരാളില്ലാത്തവന്റെ വേദന അവനേ അറിയൂ...
അതു ശരിക്കും അറിഞ്ഞൊരാളെന്ന നിലയിൽ ഞാൻ സനാഥനാകാൻ കാത്തിരുന്നു.."

പോയവർ കൊണ്ടുവന്ന 'ചായവെള്ളം" കുടിച്ചൂന്ന് വരുത്തി...

9,10 ,11,12 വാതില്പടിയിൽ ആ മാലാഖ വന്നില്ലാ

ഇതിനിടയിൽ
ഡോക്ടറാകാൻ പഠിക്കുന്ന ജന്തുക്കൾ ലേബർ റൂമിൽ ചെരുപ്പിട്ട് കയറിപ്പോകുന്നത് വെറുപ്പോടെ ഞാൻ നോക്കി നിന്നു..

വാതിൽ തുറക്കുമ്പോഴെല്ലാം അവളുടെ കരച്ചിൽ എന്നെ ഭ്രാന്തനാക്കി...
മനസ്സിൽ അണുബാധയും ഒരു പാട് തെറികളും പെറ്റുപെരുകി...

12:00  മണി
ആ മാലഖ തലമാത്രം പുറത്തേക്കിട്ട്...

"ആരാ ബിബിഹയുടെ ഭർത്താവ് അകത്തേക്ക് വരൂ.."

ചെരുപ്പൂരിയെറിഞ്ഞ്
അകത്തേക്ക് ഒരോട്ടമായിരുന്നു...
ഡോക്ടറാകാൻ പഠിക്കുന്നവരുടെ നടുവിൽ ടേബിളിൽ കറുത്ത് പകുതി മൂടിയ അവളുടെ ശരീരം കണ്ട് നടുങ്ങി....
പതിയെ ഞരക്കം കേട്ടപ്പോൾ ഒരാശ്വാസവും
കണ്ണു നിറഞ്ഞൊഴുകിയിരുന്നു..
ശരീരം തണുത്ത് വിറങ്ങലിച്ച്...
എന്റെ കയ്യിൽ ചേർത്ത് പിടിച്ചപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയ്...

'മിസ്റ്റർ രതീഷല്ലേ...
ഞങ്ങൾ പരമാവധി ശ്രമിച്ചു കുട്ടി പുറത്തേക്ക് വരുന്നില്ലാ..
ഇനി സർജ്ജറിയേ..."

"ഇന്നലെ രാത്രി തുടങ്ങിയതല്ലേ നീയൊക്കെ എന്തു മൈരാ ചെയ്യുന്നത്..
നിനക്കൊന്നും പഠിക്കാനല്ല..."

ഞാൻ എന്തൊക്കെയോ പൊട്ടിത്തെറിച്ചു..
ചില ആണുങ്ങൾ വന്ന് എന്നെ പുറത്തുകൊണ്ടുപോയ്...

ബഞ്ചിലിരുന്നിട്ടും എന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു...
12:44
അതേ തല വീണ്ടും പുറത്തുവന്നൂ...
"രതീഷിനെ വിളിക്കുന്നൂ..."

ഞാൻ ചെല്ലുമ്പോൾ എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു..
ഡോ; യാഡ്ലി തങ്കത്തിന്റെ കയ്യിൽ ഒരു ചോരക്കുഞ്ഞും..

"രതീഷ്  ഇതാ തന്റെ കുട്ടി"

ഡോക്ടറും മറ്റുള്ളവരും ചിരിയടക്കാൻ...ശ്രമിക്കുന്നുണ്ടായിരുന്നു...
പാതിമയക്കത്തിൽ അവളും..

നാളുകൾക്ക് ശേഷം പതിവ് കുത്തിവയ്പ്പിനായ്..
ഡോകടറെ കാണാനെത്തിയപ്പോഴും ആ ചിരിയുണ്ടായിരുന്നു...

എന്നെ കണ്ടയുടനെ സഹപ്രവർത്തകരോട് ഡോ തങ്കം പറഞ്ഞു...
"23 വർഷത്തെ കരിയറിൽ എന്നെ ലേബർ റൂമിൽ ചീത്തപറഞ്ഞത് ഈ അച്ഛനാ.."

ജാള്യം മറയ്ക്കാൻ പ്രയാസ്സപ്പെട്ട എന്നോട് പറഞ്ഞു....

"സി സി ടീവിയിലൂടെ ലേബർ റൂമിന് പുറത്ത് തന്റെ പ്രസവ വേദന ഞാൻ കണ്ടിരുന്നു
ഒരാൺ പ്രസവം......"

ഇന്നും ലേബർ റൂം കണ്ടാൽ എനിക്ക് പ്രസവ വേദന തുടങ്ങും...!

രതീഷ് കെ എസ്സ്

Saturday 5 December 2015

കവിത - എന്റെ കവിതയിൽ....

എന്റെ കവിതയിൽ...

ഞാൻ
വിളപ്പിൽ ശാലയിലെ
കുരീപ്പുഴയിലെ
മാലിന്യം കൊണ്ടിടും

പിന്നെ
പിഴച്ചു പെറ്റ പെണ്ണിനെക്കൊണ്ട്
പുളിച്ച തെറിവിളിപ്പിക്കും..

പുലരുവോളം
ഭോഗിച്ച് ഒരു കൊച്ചു പെണ്ണിന്റെ രക്തക്കറപ്പറ്റിയ
പെറ്റിക്കോട്ട്
കൊണ്ടിടും.

വയറുകീറിയെടുത്ത
ആ കുട്ടിയുടെ
നിലവിളികേൾപ്പിക്കും...

പള്ളിയിലും
അമ്പലത്തിലും..
മദ്രസ്സയിലും
വ്യഭിചാരശാലയിലും കിടന്ന ഗർഭനിരോധന ഉറകൾ
ശേഖരിച്ച്
കത്തിക്കും...

സ്കൂളിന്റെ
കഞ്ഞിമാത്രം കുടിച്ചു
തളർന്നുറങ്ങിയ
കുട്ടിയുടെ
തീട്ടം കൊണ്ടിടും

എന്റെ
കാവ്യലോകത്തെ
പ്രജാപതി
ഞാനാ ഞാൻ മാത്രം...!!

രതീഷ് കെ എസ്സ്

Thursday 3 December 2015

കവിത - അഹല്യ

"അഹല്യ...!

ആ പാതയ്ക്കെപ്പൊഴും
ഓരോ നിറമായിരുന്നു...
വാതില്പടിയിലൊരുവൾ മാലകോർത്തിരിപ്പുണ്ടായിരുന്നു...

ഒരിക്കാലാരും കാണാതെ
ഞാനൊരു പനിനീർപ്പൂവിറിത്തു...
ആ വഴിയെന്നെ ഭ്രമിപ്പിച്ചേയിരുന്നു....

"പൂക്കളിഷ്ടമാണല്ലേ..."
മുറ്റത്തുപൂവിരിച്ചവൾ മുഖമുയർത്താതെ ചോദിച്ചു

"ആ പൂവ് നിനക്കായ് ഞാൻ കരുതിവച്ചതായിരുന്നു.."

"ഈ വഴിക്കെന്നുമെന്തേ ഓരോ നിറങ്ങൾ....?
എനിക്ക് ഭ്രമമാണ് പൂക്കൾ

"ഞാനഹല്യയാണ്...
ഇതാശ്രമമാണ് നീ വരുമെന്നുറപ്പായിരുന്നു....
ഞാനിന്നു മുടിയിലും പൂവിരിച്ചു....
പൂക്കളരച്ച് കുറിയിട്ടൂ...
ഇന്ന്
വസന്തമാണ്..."

ചിരി നിറഞ്ഞ അവളുടെ   കവിളിൽ
ഒരു കടലുണ്ടായിരുന്നു...
കരയിൽ ഒരു തോണിയും
തുഴഞ്ഞ് തുഴഞ്ഞ്
ഞാനില്ലാതെയായ്....
പിന്നെ
അവൾ  അഹല്യയായ്...!!!

രതീഷ് കെ എസ്സ്

Wednesday 2 December 2015

കവിത - നടത്തം..!

നടത്തം...!

മെത്തപ്പുറത്തൂന്ന്
മർക്കടമുഷ്ടി ചുരുട്ടിവീശി
ഒറ്റ നടത്തമായിരുന്നു
വയറൊഴിക്കാൻ

പിന്നിട്ടവരൊക്കെ വയറില്ലാത്തവർ....

മുറ്റമടിക്കണ ഖദീജ
പത്രമെറിയണ പയ്യൻ
ടാപ്പിംഗ് കത്തി വിശി നടക്കണ ഗോപി
പയ്യിന്റെ പിന്നാലെ പോണ കൊച്ചൂഞ്ഞ്
പൂക്കടയിലെ ശാന്തേച്ചി
പാൽക്കാരൻ ശങ്കുണ്ണിയേട്ടൻ...
മേസ്ത്രിയും ബംഗാളി സംഘവും
ലോറിക്ലീനർ തമിഴൻ
അങ്ങനെ......

പരിഹാരം തേടണം
ബോധിവൃക്ഷചുവട്ടിലെ
ചായക്കടയിൽ....
മെലിഞ്ഞൊട്ടിയ വയറുമായ്
പറ്റു തീർക്കാതെ
"എട്ടു" കാശിന്റെ ചായകിട്ടാതെ ബുദ്ധൻ
എന്റെ
നിറവയർ നോക്കി
"വയറാണിന്നെനിക്കും"...!

രതീഷ് കെ എസ്സ്