Sunday 23 September 2018

പീലിക്കുഞ്ഞ്...!!

പീലിക്കുഞ്ഞ്...!!

ജപ്തി നോട്ടീസിന്റെ അടിയിൽ മൂന്നാം‌ തവണയും മാനേജർ പീലിക്കുഞ്ഞെന്ന്  എഴുതിയത് കണ്ട് അസിസ്റ്റന്റ് പെൺകുട്ടിക്ക് അത്ഭുതം തോന്നി.
ഓഫീസ് കാര്യങ്ങളിൽ ഇത്ര കണിശതയുള്ള  മാനേജരിൽ  നിന്ന് ഇങ്ങനെയുണ്ടാതിലും , ദേഷ്യപ്പെട്ട് മുറിയിൽ നിന്ന് തന്നെ  പുറത്താക്കിയതും
ഓർത്തപ്പോൾ  നോട്ടീസിന്റെ പകർപ്പ് വീണ്ടും മേശപ്പുറത്ത് വയ്ക്കാൻ
ക്യാഷ് കൗണ്ടറിലെ ഗണേശനോട് അവൾ സഹായം ചോദിച്ചു.
ഗണേശൻ മാനേജരുടെ മന:സാക്ഷി കൂട്ടിരിപ്പുകാരനാണ്,
അതുമല്ല അവളോട് ഗണേശന് ഒരിറ്റ് പ്രണയവുമുണ്ട്..

വൈകിട്ട് ബാങ്ക് പൂട്ടി  പുറത്തേക്കിറങ്ങുമ്പോൾ
മാനേജർ കാറിന്റെ താക്കോൽ ഗണേശനു നേരെ നീട്ടി..

"നാളെ ഞായറല്ലേ ഗണേശാ, നീ
നാട്ടിൽ നിന്ന്  ഈ കാറിൽ വന്നാ മതി.
ഇതേ കാറല്ലേ നീയും ബുക്ക് ചെയ്തത്
ഒന്ന് ഓടിച്ചു നോക്കാല്ലോ.?
എന്നെ തൃശൂരുള്ള ശാന്തി ക്ലിനിക്കിൽ  ഇറക്കിയാൽ മതി."

ഇതുകേട്ട്
ഗണേശന് അത്ഭുതവും സന്തോഷവും അടക്കാനായില്ല..
കാറ് ബാങ്കിന്റെ ഗേറ്റിന് പുറത്തേക്കിറങ്ങുമ്പോൾ സെക്യുരിറ്റിയെ ഷട്ടറിന്റെ താക്കോലേല്പിച്ച് മാനേജരും അതിൽ കയറി..

"സാറേ,
ആ ക്ലിനിക്ക് എനിക്കറിയാം,
അത് പ്രാന്തിനെ ചീകിത്സിക്കണ സ്ഥലല്ലേ..? സാറെന്താ അവിടെ."

അപ്പോഴേക്കും വണ്ടി നിരത്തിലേക്ക് കടന്നു.
സിഗ്നലിൽ സാവധാനം നിന്നു...

"അവിടെ ആരെക്കാണാനാ സാറേ ?, സാറിന് ഇന്നെന്താ പറ്റിയത് ?
സാറ് പുറത്താക്കിയെന്നും പറഞ്ഞ് ആ പെണ്ണ് ഭയങ്കര കരച്ചിലായിരുന്നു.."

സിഗ്നലിൽ പ്രകാശം ചുവപ്പ് മാറി പച്ചയായി,
മാനേജർ കണ്ണാടിയിലൂടെ ഗണേശനെ നോക്കി..

" ആ കുട്ടിക്ക് ആകെ വിഷമമായല്ലേടാ..? ഇന്ന് എടുത്ത ജപ്തിക്കേസ് എനിക്ക് അറിയുന്ന ആളുകളുടേതാടോ.
അതിലൊരാളെ കാണാനാണ് ഈ തൃശൂർ യാത്ര.
നീ ഇതാരോടും പറയണ്ടാട്ടോ,
ആ പെണ്ണിനെ
ഞാൻ നാളെ വിളിച്ചോളാം.."

ബാങ്കിലെ
മാനേജരെന്നതിനെക്കാൾ അയാൾ  എല്ലാവർക്കും ഒരു മൂത്ത സഹോദരനായിരുന്നു..
പ്രമോഷൻ നേടി ഇവിടേക്ക് വന്ന്
ഒന്നര വർഷത്തിനിടയിൽ ചെറുപ്പക്കാരനായ ജീവനക്കാർക്കിടയിൽ അയാൾ രൂപപ്പെടുത്തിയ
കുടുംബാന്തരീക്ഷത്തിന് ഒരല്പം താളപ്പിഴയുണ്ടായത് ഇന്നാദ്യമായിരിക്കും..

"അതൊക്കെ അല്പം
പഴയ കഥകളാണ്, നിനക്ക് ബോറടിക്കൂലെങ്കിൽ പറയാം.."

ഗണേശൻ വണ്ടി റോഡിന്റെ വശം ചേർത്ത് നിർത്തി..

"സാറേ നിങ്ങള് മുൻപിൽ വന്നിരിക്ക് എന്നിട്ട് പറഞ്ഞോളീൻ.
സാറിന്നിത്തിരി ടെൻഷനിലാണെന്ന് ബാങ്കിലെ എല്ലാവർക്കും തോന്നീട്ടുണ്ട്..‌"

മാനേജർ മുൻ സീറ്റിൽ കയറി, ഏ‌ സി അല്പം കൂട്ടി വച്ചു..

"കഥപറയാം,
നി കേൾക്കണില്ലെന്ന് തോന്നിയാൽ ഞാനങ്ങ് നിർത്തും.."
ഗണേശൻ സ്റ്റീരിയോ നിർത്തി, കാറിന്റെ വേഗതയും കുറച്ചു..

.... പീലിക്കുഞ്ഞെന്ന് അവനെ എന്റെ നാട്ടുകാര് വിളിക്കണ പേരാണ്,
അവന്റെ അപ്പൻ മാത്യൂസിച്ചായൻ ഞങ്ങടെ പള്ളീലെ കപ്യാരായിരുന്നു..
അതിയാനെ പോലും  അച്ചൻകുഞ്ഞെന്നാ കരിക്കോട്ടക്കാര് വിളിച്ചിരുന്നത്..
ത്രേസ്യച്ചേടത്തിക്കും അച്ചൻ കുഞ്ഞിനും അവൻ ഒറ്റവിത്തായിരുന്നു.
അവരുടെ വകയിലെ സേവ്യറാശാൻ ആയിടയ്ക്കാണ്  പാലക്കാട്ട് നിന്ന് ഒരു പെണ്ണിനെ അടിച്ചോണ്ട് വന്നത്.
നമ്മളിന്ന് ജപ്തിക്ക് നോട്ടീസ് ഉണ്ടാക്കിയ തുണിക്കടയുടെ പരസ്യം കണ്ടിട്ടുണ്ടോ.? നമ്മുടെ ഫയലിൽ ഉണ്ട്.
ആ കടയുടെ മുകളിൽ റ്റാന്റക്സ് മാക്സിയുടെ പരസ്യത്തിലെ മോഡലായി നടി സുമലതയെ വരച്ചത് ഈ  സേവ്യറാശാനാണ്..
അതിയാൻ അടിച്ചോണ്ട് വന്ന പെണ്ണും ഏതാണ്ട് സുമലതയെപ്പോലെ തന്നാ..
ആ ചിത്രം വരച്ചിരിക്കുമ്പോഴാണ് സേവ്യറാശാൻ വഴുതി താഴെ വീഴുന്നത്... പത്മചേച്ചിയെ കൂട്ടിക്കൊണ്ട് വന്നിട്ട് രണ്ടാഴ്ച്ചയേ ആയിരുന്നുള്ളൂ.
എന്തോ ചെയ്യാൻ നമ്മുടെ പീലിക്കുഞ്ഞിന്റെ അപ്പനൊക്കെ ചേർന്നാണ് ആശുപത്രിയിലൊക്കെ കൊണ്ടുപോയത്...

അന്ന് ഞാനും പീലിക്കുഞ്ഞും ആറിലാണെന്നാ തോന്നണത്.ഞങ്ങളെ വരയ്ക്കാനൊക്കെ ആശാൻ പഠിപ്പിക്കുമായിരുന്നു‌..
പീലിക്കുഞ്ഞെന്നാൽ ആശാന് ജീവനായിരുന്നു.‌‌ അവനും ഏതാണ്ട് അങ്ങനാ..

അരയ്ക്ക് കീഴ്പ്പോട്ട് തളർന്ന് കുറേക്കാലം സേവ്യർ ഒറ്റക്കിടപ്പായിരുന്നു.
പിന്നെ ഞങ്ങടെ പള്ളിക്കാരും പാർട്ടിക്കാരും ചേർന്ന് പീലിക്കുഞ്ഞിന്റെ അപ്പൻ കൊടുത്ത അഞ്ച് സെന്റില് ഒരു വീടുണ്ടാക്കിക്കൊടുത്തു.
ആ തുണിക്കടയിൽ കുറച്ചുകാലം‌ പത്മച്ചേച്ചി ജോലിയ്ക്കും‌ പോയിരുന്നു..

"നിനക്ക് ബോറാവണൊണ്ടോ ഗണേശാ..."
ഗണേശൻ വണ്ടി ഒരു ഹോട്ടലിനോട് ചേർത്തുനിർത്തി.

"എന്റെ സാറേ കഥയിങ്ങനെ സുഖം പിടിച്ച് വരുകയായിരുന്നു എടയ്ക്കിങ്ങനെ ചോദിക്കല്ലേ..‌" അവർ
ചായകുടിച്ചിറങ്ങുമ്പോൾ മാനേജർ വണ്ടിയുടെ ഗ്ലാസ് തുറന്നിട്ട് പുകവലിച്ചു..‌

"അപ്പോ സാറിന് ഈ ശീലോക്കെ ഉണ്ടോ ?" ഗണേശൻ കാറിന്റെ വേഗത അല്പം കൂട്ടി..

" ഇടയ്ക്ക് ടെൻഷൻ കൂടുമ്പോൾ ഒന്നോ രണ്ടോ വലിക്കും, ഗണേശന് പോകാൻ  തിടുക്കമുണ്ടോ. അതില്ലെങ്കിൽ നമുക്ക് എവിടേലും കുറച്ചുനേരമിരുന്ന്  സംസാരിച്ചാലോ...?"

കാറ് ഗാന്ധിപ്പാർക്കിന്റെ വശത്ത് നിർത്തി. അവർ ഉള്ളിലേക്ക് നടന്നു..
കായലിന്റെ അഭിമുഖമായി തിരക്കു കുറഞ്ഞ ഒരു ഭാഗത്തെ സിമന്റ് ബെഞ്ചിൽ  അവർ ഇരുന്നു...

" പീലിക്കുഞ്ഞ് ഒരു നൂറ് തവണയെങ്കിലും പത്മചേച്ചിയുടെ കഥ എന്നോട് പറഞ്ഞിട്ടുണ്ട്, അവൻ പറയുന്നത് പോലെ പറഞ്ഞേലേ ഗണേശനും വ്യക്തമാകൂ‌‌‌.."
ഗണേശൻ ചിരിച്ചു...

....പള്ളിയിലെ ക്രിസ്തുവിന്റെ തിരുഹൃദയം വരച്ചത് നമ്മുടെ സേവ്യറാശാനാ,
പള്ളിയിൽ കയറാത്ത സേവ്യറാശാനെക്കൊണ്ട് തിരുരൂപം വരപ്പിച്ചതിൽ കമ്മറ്റിക്കാർക്കെല്ലാം എതിർപ്പായിരുന്നു..
ഇതിന് മുൻപ്
ഏതോ ഒരു അച്ചൻ കർത്താവിനെ വരയ്ക്കാൻ നോക്കിയതാണ് കർത്താവിനെപ്പോയിട്ട് കാൽച്ചുവട്ടിലെ ആട്ടിൻ കുഞ്ഞിന്റെ മുഖം പോലും  ശരിയായില്ല..
തലയ്ക്ക് മുകളിലെ പ്രാവിനെക്കണ്ട്  പീലിക്കുഞ്ഞിന്റെ അപ്പൻ കോഴിയാണോ എന്ന് ആ അച്ചനോട് അറിയാതെ ചോദിച്ചുപോയി..

പിന്നെ നാട്ടുകാരെല്ലാം ചെന്ന് കാലുപിടിച്ചിട്ടാണ് സേവ്യറാശാൻ കർത്താവിന്റെ രൂപം തിരുത്തി വരച്ചത്..
എന്നിട്ടോ ഒടുവിലെ ദിവസം അൾത്താരയിലിരുന്ന് ആശാനും‌ കൂട്ടുകാരനും ചാരായം‌ കുടിച്ചതിന് കമ്മറ്റിക്കാരിൽ ആരോ എന്തോ പറഞ്ഞതിന്റെ പേരിൽ ആശാൻ നിർത്തിപ്പോയി ഇന്നും ഒരു ആടിന്റെ രൂപം  പൂർത്തിയായിട്ടില്ല..
അതിലേക്ക് ആരും നോക്കില്ല കർത്താവിന്റെ രൂപത്തിന് എന്ത് തേജസ്സാന്നോ..
വിശ്വാസികള് കണ്ണെടുക്കാതെ നോക്കി നിന്നുപോകും.
പീലിക്കുഞ്ഞ് പറയുന്നത്
സേവ്യറാശാൻ കർത്താവിനെ വരച്ചത് അവന്റെ അപ്പൻ അച്ചൻ കുഞ്ഞിനെ മനസിൽ വച്ചെന്നാണ്..
സത്യാണ് പീലിക്കുഞ്ഞിന്റെ അപ്പനെക്കാണാൻ എന്താണ്ട്  കർത്താവിനെപ്പോലെ തന്നെയുണ്ട്‌.‌ കുറുബാന കേട്ട് നിൽക്കുമ്പോൾ
എനിക്കും അങ്ങനെ തോന്നിട്ടുണ്ട്
അവനോട് ഈ രഹസ്യം‌ പത്മചേച്ചി പറഞ്ഞതാണത്രേ..

സേവ്യറാശാൻ വീണതിന് ശേഷം പീലിക്കുഞ്ഞ് ഏതു നേരവും ആ വീട്ടിൽ തന്നെയാ..
ചൂണ്ടലിടാൻ
മണ്ണെര വെട്ടാൻ ഞങ്ങള് പത്മചേച്ചീടെ അടുക്കളപ്പുറത്ത് ചെല്ലുമ്പോൾ, മുറ്റത്ത് കുന്തിച്ചിരുന്ന്
പാത്രം‌ കഴുകണ ചേച്ചിയെ നോക്കി അവനിരിപ്പുണ്ടാകും..
മുട്ടൊപ്പം കയറ്റി വച്ചേക്കുന്ന മാക്സി ഞങ്ങളെ കാണുമ്പോൾ ചേച്ചി താഴ്ത്തി വയ്ക്കും..
കൂടെ വരണ എല്ലാവനും മണ്ണിരയെക്കാൾ നോക്കണത് അവരെയാ..
അത് പീലിക്കുഞ്ഞിന് നല്ലതുപോലെ അറിയാം.
ചേച്ചി താഴ്ത്തീലെങ്കിൽ ഞങ്ങള്
ആ സീൻ മറച്ചുപിടിച്ച് അവന്റെ ഒരു  നില്പുണ്ട്‌‌‌..
ആട്ടിൽ കൂട്ടിൽ പത്മചേച്ചിയുടെ  ആട്ടിക്കുട്ടി തള്ളയാടിന്റെ പിന്നിൽ കയറാൻ ശ്രമിക്കുന്ന സീൻ കണ്ട് ഞങ്ങൾ ചിരിക്കുന്നത് കാണുമ്പോൾ അവന് കലി കയറും.
പത്മചേച്ചീടെ ആടിനേം‌ ഞങ്ങൾ പീലിക്കുഞ്ഞേന്നാ വിളിക്കണത്..

ചൂണ്ടയിടാനൊന്നും
പീലിക്കുഞ്ഞ് ഞങ്ങളൊപ്പം കൂടുല. എന്നാൽ വൈകിട്ടെത്തെ കൂട്ടക്കുളിയിൽ അവൻ വരും...
ഞങ്ങളപ്പോൾ മുട്ടൊപ്പം വെള്ളത്തിലിരുന്ന് ഒരു കൈപ്പണിയുണ്ട്
അത്  പ്രപഞ്ചത്തിൽ ഒരിടത്തുമില്ലാത്ത മത്സരമാണ്..
എന്നും ജയിക്കുന്നത് ഞങ്ങളെക്കാൾ മൂന്ന് ക്ലാസ് മൂപ്പുള്ള അമ്പോറ്റീന്ന് വിളിക്കുന്ന ജയകൃഷ്ണനായിരുക്കും.
വെള്ളത്തിന്റെ അടിയിൽ നിന്ന് നൂലുപോലെ  പൊങ്ങിവരുന്ന ദ്രാവകം പരല് കൊത്തിവലിക്കും..
ആ സമയം അവന്റെ മനസിൽ തെളിയുന്ന രൂപത്തെക്കുറിച്ച് അമ്പോറ്റി വളരെ രഹസ്യമായി എന്നോട് പറഞ്ഞിട്ടുണ്ട്...

"ദേ ടാ ഈ പരല് മിക്കവാറും‌ ന്റെ കുട്ടികളെ പെറ്റുകൂട്ടും..
പക്ഷേ പീലിക്കുഞ്ഞിന്റെ കുട്ടികളെ പ്രസവിക്കണത് മിക്കവാറും നമ്മടെ സുമലതയായിരിക്കും..."

അമ്പോറ്റി ഇത് പറഞ്ഞതും പീലിക്കുഞ്ഞ് ഒരു പാറക്കല്ലെടുത്ത് ഒറ്റയേറായിരുന്നു.
പീലിക്കുഞ്ഞ് പിന്നീട് എന്നോടല്ലാതെ ആ കൂട്ടത്തിലെ ഒറ്റൊരുത്തനോടും മിണ്ടീട്ടില്ല..

അമ്പോറ്റിയെ എറിഞ്ഞെങ്കിലും‌ പീലിക്കുഞ്ഞിന്റെ ഉള്ള് എനിക്കല്ലേ അറിയൂ.
സേവ്യറാശാന്റെ  കൂട്ടുകാര് എർണാകുളത്ത് നിന്ന് കാണാൻ വരുന്ന ദിവസം
പത്മചേച്ചീം‌ അവനും ചേർന്ന് ആശാനെ ഒരു  കുളിപ്പിച്ചൊരുക്കലുണ്ട്.. അവരെത്തിയാൽ
പിന്നെ പാട്ടും കുടിയും വരയും  തീറ്റയുമൊക്കെയായിരിക്കും.
ചിലർ അന്നവിടെ  ബോധം കെട്ട് കിടക്കും.
അന്ന് നമ്മുടെ പീലിക്കുഞ്ഞിന് ഉറക്കം വരില്ല.
അതുകഴിഞ്ഞ് ഒന്നു രണ്ട് ദിവസം അവൻ പത്മചേച്ചിയോട് മിണ്ടാനും പോകില്ല.
കൂട്ടത്തിലൊരാളുണ്ട് മുടിയൊക്കെ നീട്ടിവളർത്തിയ പാട്ടുകാരൻ അയാളും പത്മചേച്ചിയും‌ തമ്മിൽ എന്തോ ഉണ്ടെന്നാ അവന്റെ സംശയം..
അയാളെക്കാണാൻ ഏതോ സിനിമാ നടനെപ്പോലെയാ. അവര് തമ്മിലാണെങ്കിൽ വല്ലാത്ത ചേർച്ചയും..

ഒരു ദിവസം പത്രത്തിൽ വന്ന ഒരു വാർത്തയും ഉയർത്തിപ്പിടിച്ച് പുഴക്കരയിലൂടെ അവൻ ഓടിയത് കാണേണ്ട
കാഴ്ച്ചയായിരുന്നു.‌‌.അവനന്ന്
സന്തോഷം കൊണ്ട് ശ്വാസം മുട്ടിപ്പോയി.
നമ്മുടെ മുടി നീട്ടിയ പാട്ടുകാരനെ ഏതോ വനത്തിലിട്ട് ആരൊക്കെയോ വെടിവച്ചു കൊന്നത്രേ..
അതിനടുത്ത ദിവസങ്ങളിൽ സേവ്യറാശാന്റെ കൂട്ടുകാരൊക്കെ വന്ന് അവിടെ യോഗം ചേർന്നു...
പാട്ടും വരയും ഒന്നുമുണ്ടായില്ല...
അന്നാരും അവിടെ കിടന്നില്ല,
അന്നു രാത്രി പച്ച ജീപ്പിൽ തോക്കുകളുമായി വന്നവർ  പത്മചേച്ചിയേയും സേവ്യറാശാനെയും ചോദ്യം ചെയ്തു. അതിലൊരാൾ സേവ്യറാശാന്റെ വയറ്റിൽ ചവിട്ടി, പത്മചേച്ചിക്കും‌ അടികിട്ടി
പീലിക്കുഞ്ഞിനെ പിറ്റേന്ന് സ്റ്റേഷനിലേക്കും വിളിപ്പിച്ചു...

സ്റ്റേഷനിൽ നിന്ന്  പീലിക്കുഞ്ഞ് നേരെ പോയത് സേവ്യറാശാന്റെ വീട്ടിലേക്കാണ്.
അവൻ ചെന്ന് കയറുമ്പോൾ രണ്ടാളും പരസ്പരം‌ മുഖത്തും കൈയിലും ബ്രഷുകൊണ്ട് നിറം തേയ്ക്കുന്നു..
സേവ്യറാശാന്റെ നെഞ്ചിലിരുന്ന ചെറിയ ബോർഡിൽ ആ നീണ്ടമുടിയുള്ള പാട്ടുകാരന്റെ അപൂർണ ചിത്രമുണ്ട്..
പത്മചേച്ചിയുടെ കണ്ണിൽ നിന്നൊഴുകിയ തുള്ളിയിൽ ബ്രെഷ് നനച്ച് സേവ്യറാശാൻ നീല നിറത്തിലേക്ക് മുക്കി..
രണ്ടാളെയും മാറിമാറി നോക്കി പീലിക്കുഞ്ഞിനും വല്ലാണ്ടായി. സേവ്യറാശാന്റെ  മൂത്രകവറിൽ ആകെ ചുവപ്പ് നിറം...

"ഈ  ആശാന് നീ തരേണ്ട ഗുരുദഷിണ എന്താന്നറിയോടാ പീലീ. ഞാൻ പോയാൽ പത്മേ നീ നോക്കിക്കോണം."

സേവ്യറാശാന്റെ വാക്കുൾക്ക് പീലി അതേന്ന് തലയാട്ടി.
ബ്രെഷിലെ നീലനിറത്തിൽ സേവ്യറാശാൻ അവന്റെ മുഖത്ത് രണ്ട് വരയിട്ടു..

" പത്മേച്ചിയെ ഞാൻ പോറ്റിക്കോളാം ആശാനേ."

" ന്നാ എനിക്കിന് ചത്താലും പ്രശ്നോല്ല"
ഈ വരികൾക്കിടയിൽ അവിടത്തെ കണ്ണിരെല്ലം ചിരിയായി മാറ്റിവരച്ചു..

സേവ്യറാശാൻ ചിരിച്ചു.
പത്മേച്ചിയുടെ കണ്ണും തോർന്നു. ബ്രെഷ് മഞ്ഞയിൽ മുക്കി പീലിക്കുഞ്ഞിന്റെ മുഖത്ത് സേവ്യറാശാൻ പിന്നേം വരകളിട്ടു..
പിന്നീടുള്ള ദിവസങ്ങളിൽ പീലിടപ്പനും പത്മേച്ചിയും  സേവ്യറാശാനെയും‌ താങ്ങി ആശുപത്രികളിലേക്ക് മാറി മാറി ഓട്ടമായിരുന്നു.
മൂത്രം പോകാനിട്ട റ്റ്യൂബിന്റെ മുകളിലേക്ക് പഴുപ്പ് കയറാൻ തുടങ്ങിയിരുന്നു.
കണ്ണ് മങ്ങാൻ തുടങ്ങിയിരിക്കുന്നു...

അതിനിടയിൽ തുണിക്കടയിലെ പോക്കും പത്മേച്ചി നിർത്തി,
പള്ളീന്നും, പാർട്ടീന്നും പിന്നെ ഏതൊക്കെയോ സമിതിക്കാരും‌ അരിക്കിറ്റ് കൊണ്ടുവരും.
ഏല്ലാത്തിനും‌  അച്ചൻ കുഞ്ഞ് തന്നെയായിരുന്നു എടപാട്..

അതല്ല രസം, പോറ്റാന്ന് സമ്മതിച്ചത് മുതൽ
നമ്മുടെ പീലീടെ മട്ടും ഭാവോം‌ ഒക്കെ മാറിന്നേ..
അച്ചൻ കുഞ്ഞിന്റെ പെങ്ങടമോൻ സൈമൺ പീലീടെ മുറിയിലിരുന്ന് ബൈനാക്കുലറിലീടെ പത്മചേച്ചി ആറ്റിൽ  കുളിക്കണത് നോക്കി മുണ്ടിന്റടീൽ കൈയും കേറ്റി നിന്നത് കണ്ട്..
തന്നെക്കാൾ മൂത്തതായിട്ടും പീലി സൈമണെ തല്ലാനോടിച്ചു. സൈമൺ പിന്നെ ആ വഴി വന്നിട്ടില്ല...
അതു എന്നോട് പറയുമ്പോൾ അവന്റെ മുഖത്ത് രക്ഷകന്റെ ഭാവം ഇങ്ങനെ തെളിഞ്ഞ് വരും..
പിന്നെ പിന്നെ എനിക്കുപോലും പത്മചേച്ചിയെ നോക്കാൻ പാടില്ലെന്നായി.
സുമലതയുടെ തൂവാനത്തുമ്പികൾ ടീവിയിൽ കണ്ട ദിവസം

"നമ്മടെ പത്മേച്ചിയെപ്പോലുണ്ടല്ലേടാ..
മോഹൻലാൽ ആളു വേന്ദ്രനാട്ടോ  മൊതലാക്കുന്നത് കണ്ടോ..."

എന്ന് ഞാൻ പറഞ്ഞതിന്റെ അന്ന്‌ പീലി രണ്ട് സുപ്രധാന തീരുമാനങ്ങളെടുത്തു. ഇനിമേലിൽ അവൻ മോഹൻലാൽ  ചിത്രങ്ങൾ കാണില്ല,
അമ്പോറ്റിയോട് ശത്രുതയുണ്ടെങ്കിലും അവനുൾപ്പെടുന്ന മമ്മൂട്ടി ഗ്യാങിൽ ചേരും..

പീലിക്കുഞ്ഞേന്ന്
പത്മചേച്ചി ഒരു ആറുമണിമുതൽ വിളി തുടങ്ങും..
അതിനുമുൻപ് പഠിക്കാനുള്ളതൊക്കെ തീർത്ത്, ഒരുങ്ങി കാത്തിരിക്കും. വിളികേട്ടാൽ ഒരല്പം പൗഡർ കൂടിയിട്ട് ഇരുട്ടിലൂടെ ഒറ്റനടത്തമാണ്‌.
രാത്രിയുള്ള ഗുളിക കഴിച്ചാൽ  സേവ്യറാശാൻ ഉറങ്ങിപ്പോകും,
കിണറ്റിന്റെ കരയിൽ പത്മേച്ചിയ്ക്ക് കുളിക്കാൻ അവൻ കൂട്ട് നിൽക്കും..
ഇതിനിടയിൽ അവനോട് പത്മേച്ചി ഭാവിയെക്കുറിച്ചെല്ലാം ചോദിക്കും.
അവന്റെ മറുപടി കേട്ട് കുലുങ്ങി ചിരിക്കും.
സേവ്യറാശാൻ ഉറങ്ങിയെങ്കിൽ കട്ടിലിന് താഴെ പായവിരിച്ച് കിടക്കും.‌

സേവ്യറാശാൻ ഉറങ്ങിപ്പോകരുതേന്ന് പ്രാർഥിച്ചാണ് നമ്മുടെ പീലിക്കുഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്നത്..
അതിന്റെ പിന്നിൽ അതീവ രഹസ്യ ഗുട്ടൻസുണ്ട്..
ഉറക്കം വരാതിരുന്നാൽ ആശാൻ സിഗരറ്റ് വലിച്ച് കൂട്ടും...
പുക കൊണ്ട് പീലിക്കുഞ്ഞ് വല്ലാതെ ചുമയ്ക്കും.
ഈ ചുമയൊപ്പിക്കാൻ  കഴിഞ്ഞാൽ പീലിക്കുഞ്ഞിനൊപ്പം
പത്മേച്ചിയുടെ അന്നത്തെ കിടത്തം‌ അകത്തെ മുറിയിലാക്കും.
എങ്കിലേ അവന് കെട്ടിപ്പിടിക്കാനൊക്കത്തൊള്ളു..

അങ്ങനെ ചുമയൊത്ത് കിട്ടിയ ഒരു ദിവസം, സുമലതയുടെ പരസ്യത്തിലെ അതേ നിറമുള്ള ചുവപ്പ് മാക്സിയിട്ടിരുന്ന പത്മേച്ചിയെ അവൻ കെട്ടിപ്പിടിച്ചൊരുമ്മകൊടുത്തു..
അന്ന് കിടക്കുമ്പോൾ അവൻ പത്മേച്ചിയുടെ കൈയെടുത്ത് തന്റെ നിക്കറിൽ മുഴച്ച് നിൽക്കുന്നിടത്ത് വച്ചതും, പത്മേച്ചി ചിരിച്ചതും മാത്രമേ എന്നോട് പറഞ്ഞിട്ടുള്ളു.
പക്ഷേ എന്തൊക്കെയോ നടന്നിട്ടുണ്ട് ഉറപ്പ്.

അതിനടുത്ത ആഴ്ച്ചയിലാണ് നമ്മുടെ  പീലിക്കുഞ്ഞിന്റെ ആത്മഹത്യാശ്രമം,   പത്മേച്ചി ചർദ്ദിക്കുന്നത് കണ്ട് എന്താന്ന് തിരക്കിയ പീലിക്കുഞ്ഞിനോട്..

നീയല്ലേ എന്നെ ഗർഭിണിയാക്കിയതെന്ന് പറഞ്ഞത്രേ..
ഇനി ഈ നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കൂന്നും പറഞ്ഞ് അവൻ വാഴയ്ക്ക് ഇടണ വളവും എടുത്ത്
പില്ലാഞ്ഞിപാറയുടെ മുകളിൽ കേറിപ്പോയിരുന്നു‌.‌‌.
ഞാനാണ് ഓടിച്ചെന്ന് പത്മചേച്ചിയോട് വിവരം പറഞ്ഞത്..
ആടിന് തൊട്ടാവാടി എടുക്കാൻ പോയ പത്മേച്ചി അവനെ കണ്ടില്ലായിരുന്നെങ്കിൽ..
പീലിക്കുഞ്ഞ് അന്ന് ചത്തേനേ..

അവനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച വഴിയായിരുന്നു സൂപ്പർ അടിയിൽ തിരുകിയിരുന്ന അടച്ചില എടുത്ത് അതിലെ രക്തക്കറ കാണിച്ച് പത്മേച്ചി അവനോട് പറഞ്ഞു...

" ടാ പീലിക്കുഞ്ഞേ, നമ്മളെ കൊച്ച് പോയെടാ, ദേ അത് ഉള്ളിൽ കിടന്ന് ചത്തോണ്ടാ ഈ ചോപ്പ് നിറം." 
പിന്നെ നീ പോയാൽ എനിക്കീ ഭൂമിയിൽ ആരൊണ്ടെടാന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു.. ഞാൻ കാണുമ്പോൾ തൊട്ടാവാടിയും ചുമന്ന് അവൻ മുന്നിലും ചേച്ചി പിന്നിലുമായി വരുന്നുണ്ടായിരുന്നു...

അന്ന് പീലിക്കുഞ്ഞെടുത്ത ഒരടിയന്തിര തീരുമാനമെടുത്തിരുന്നു..‌
താൻ പത്ത് പാസായാൽ ഉടൻ സേവ്യറാശാൻ സ്വർഗത്തിലേക്ക് വിളിക്കാൻ കർത്താവിനോട് മുട്ടിപ്പായി പ്രാർഥികുക.
അതിന് മുൻപ് അബദ്ധത്തിൽ പോലും പത്മേച്ചിയെ ഗർഭിണിയാക്കാതിരിക്കുക..

ഞങ്ങളെട്ടാം ക്ലാസിലേക്ക് കയറിയപ്പോഴാണ്.
സേവ്യറാശാൻ പോയത്
പീലിക്കുഞ്ഞിനെ വിളിക്കാൻ അച്ചൻകുഞ്ഞ് സ്കൂളിൽ വന്നിരുന്നു.
മരണദിവസം സേവ്യറാശാന്റെ കൂട്ടുകാർ കുറേ വന്നിരുന്നു..‌ശരീരം ആശുപത്രിക്കാർക്ക് കൊടുത്തു. ഞങ്ങൾക്കത് പുതിയ അറിവായിരുന്നു.
അന്ന് വീടിന്റെ ചുവരുമുഴുവൻ ആശാന്റെ ചിത്രങ്ങൾ വരച്ചിട്ടു..
ഏറ്റവും‌ നന്നായി വരച്ചത് പത്മേച്ചി തന്നെ, പക്ഷേ ഒരാളും വര പൂർത്തിയാക്കിയില്ല.
നമ്മുടെ പീലിയും ആശാനെ വരയ്ക്കാൻ നോക്കിയിരുന്നു.
കഴിയാഞ്ഞിട്ടാകണം അതിനുതാഴെ സേവ്യറെന്ന് ഇംഗ്ലീഷിൽ അക്ഷരത്തെറ്റോടെ എഴുതിയിട്ടു.

അന്നുമുതൽ നമ്മുടെ പീലിക്കുഞ്ഞ് പത്മചേച്ചിയോടൊപ്പം ജീവിക്കാൻ‌ തുടങ്ങി.
രാവിലെ അവനെ സ്കൂളിൽ ഇറക്കിയിട്ടാണ് പത്മേച്ചിയും കടയിലേക്ക്  പോകണത്..
ആ വരവ് കാണാൻ അമ്പോറ്റിയും ടീമും ഗേറ്റിൽ നിരന്ന് നിൽക്കും..
അതുകാണുമ്പോൾ പീലിക്കുഞ്ഞ് അല്പം കൂടെ ചേർന്നിരിക്കും..

എട്ടാം ക്ലാസിലെ ക്രിസ്തുമസ് പരീക്ഷയുടെ തലേന്ന്..
പീലിക്കുഞ്ഞിന്റെ അമ്മ കരഞ്ഞ് നിലവിളിച്ച് വന്ന് അവനേം വിളിച്ച് ബസ്  കയറി അമ്മവീട്ടിലേക്ക് പോയി.
അച്ചൻ കുഞ്ഞ് അവിടെച്ചെന്ന് കരഞ്ഞു കാലുപിടിച്ചിട്ടും
ത്രേസ്യച്ചേടത്തി പോരാൻ കൂട്ടാക്കിയില്ല..
അപ്പന്റൊപ്പം പോകാനിറങ്ങിയ പീലിക്കുഞ്ഞിനെ അമ്മേടെ അനിയൻ തല്ലി,
അച്ചൻ കുഞ്ഞിനേം‌ തല്ലി.
സ്കൂളൊക്കെ മാറ്റാൻ ശ്രമിച്ചു. അതിനിടയിലാണ് പത്മേച്ചി ആത്മഹത്യ ചെയ്തത്.
അതിന്റെ കാരണമൊന്നും അവനിതുവരേം അറിയില്ല..

പക്ഷേ പത്മേച്ചി തൂങ്ങിയതറിഞ്ഞ് സ്കൂളിൽ നിന്ന് പീലിക്കുഞ്ഞ് ഓടിയ ഓട്ടം കരിക്കോട്ട സ്കൂളിലെ ഒരാളും മറക്കൂല.
സ്കൂള് മുഴുവൻ
അവന്റെ പിന്നാലെ ഓടി, 
ഓടിച്ചെന്ന് വീട്ടിൽ കയറിയ അവൻ ഒറ്റയിരുപ്പായിരുന്നു‌.
തൂങ്ങി നിക്കണ പത്മേച്ചീടെ ഒരു കാലിൽ മലത്തിന്റെ മഞ്ഞനിറം മറ്റേതിൽ ചോരയുടെ ചുവപ്പ്.
രണ്ടും നിലത്ത് തളം കെട്ടി നിൽക്കുന്നു..
ചുവരിൽ പീലിക്കുഞ്ഞിന്റെ പൂർത്തിയാക്കാത്ത ചിത്രം
അടിയിൽ
" പത്മേയോട് പൊറുക്കെടാ പീലീന്ന് " എഴുത്തും...

അന്നുമുതലാണ് നമ്മുടെ പീലിക്കുഞ്ഞിന് ഈ പ്രശ്നം.
വർഷം പത്തുമുപ്പത് കഴിഞ്ഞെങ്കിലും മാറ്റോന്നുല്ല..
അവനെക്കുറിച്ചുള്ള ഓർമ്മകളിങ്ങനെ വന്നതുകൊണ്ടാണ് ഗണേശാ ഞാൻ പതറിപ്പോയത്...

"ഗണേശാ നമുക്ക് ഇനി  പോയാലോ.?" ഗണേശന്റെ കണ്ണ് നിറഞ്ഞിരുന്നു. കാറിലിരുന്ന് ഗണേശൻ ചോദിച്ചു..

"പീലിക്കുഞ്ഞിനെ കാണാൻ ഞാനും വരട്ടാ സാറേ.."
മാനേജർ ചിരിക്കാൻ‌ ശ്രമിച്ചു..

" വേണ്ടെടാ അവനിപ്പൊ നോർമ്മലാ, ഇങ്ങനെ ആരെങ്കിലും കാണാൻ‌ ചെന്നാൽ വിഷമമാകും,
ഇന്ന് ഞാൻ അവന്റൊപ്പം കൂടും,
ഇടയ്ക്ക് ഞങ്ങളിങ്ങനെ കൂടാറുള്ളതാ വരയും, പാട്ടും‌ ഒക്കെയായി ഒരു രാത്രി,
നീ കഴിയുമെങ്കിൽ തിങ്കൾ ഈ വഴിക്ക് വരൂ.
ബാങ്കിലേക്ക് ഒന്നിച്ച് പോകാം.."

ശാന്തിക്ലിനിക്കിന്റെ മുറ്റത്ത് മാനേജരെ ഇറക്കി,
ഗണേശൻ പോകുന്ന  വഴിയിൽ ബാങ്കിലെ  പെൺകുട്ടിയെ  ഫോണിൽ വിളിച്ചു.

"സാറിന്നിത്തിരി ടെൻഷനിലാടീ, നീ വിഷമിക്കണ്ടാ"

"സാറെനിക്ക് സോറിയെന്ന് മെസ്സേജ് അയച്ചെന്ന "
അവളുടെ മറുപടി കേട്ട് ഗണേശന് കണ്ണു നിറഞ്ഞു..

ക്ലിനിക്കിനുള്ളിലേക്ക് കയറുമ്പോൾ സീനിയർ ഡോക്ടർ മാത്രമേയുണ്ടായിരുന്നുള്ളു‌.. മാനേജരെക്കണ്ട് അയാൾ ആകാംഷയോടെ ചോദിച്ചു.

"എന്താ പീലിക്കുഞ്ഞേ പിന്നേ പ്രശ്നായോ, ഇന്ന് ഇനി കഥകേൾക്കാൻ ഈ ഞാൻ മാത്രമേയുള്ളൂ..."
മാനേജർ ചിരിച്ചു.

" കുഴപ്പമില്ല ഡോക്ടറേ
ഇവിടേക്കുള്ള യാത്രക്കിടയിൽ എന്റെ ബാങ്കിലെ സ്റ്റാഫിനോട് കഥ വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്..."
ഡോക്ടറുടെ മുഖത്തെ നിരാശകണ്ട് മാനേജർ വിശദമാക്കി.

" പേടിക്കണ്ട ഡോകടറേ,
ഇത്തവണ കഥപറഞ്ഞത് പീലിക്കുഞ്ഞിന്റെ കൂട്ടുകാരന്റെ ആംഗിളിലാണ്
പിന്നെ അവന്റെ
മാനേജർ ഫിലിപ്പ് മാത്യുവാണ് പീലിക്കുഞ്ഞെന്ന് ഈ ജന്മം അവനൊന്നും ഊഹിക്കാൻ കഴിയൂല.."

പീലിക്കുഞ്ഞും ഡോക്ടറും ചിരിച്ചു.

" ഇനി നിനക്ക്  വരയ്ക്കണമല്ലേ,
നിന്റെ മുറിയിൽ ക്യാൻ വാസിരിപ്പുണ്ട്, ചിസിലിൽ ഒന്നുറപ്പിക്കുമ്പോഴേക്കും പെയിന്റൊക്കെ ശരിയാക്കി ഞാനും വരാം, കുറേ ആയി പീലിക്കുഞ്ഞിന്റെ കഥ കേട്ടിരുന്ന് വരച്ചിട്ട് ,
ഇന്നെങ്കിലും‌ സുമലതയെ പൂർത്തിയാക്കുവോടാ...?"

കെ എസ് രതീഷ്, പന്ത
( ഗുൽമോഹർ 009)

Wednesday 19 September 2018

നോ...!!

നോ...!!

എനിക്കും‌ ഭാര്യയ്ക്കും‌ കിട്ടണ ശമ്പളവും, അമ്മായീടെ പെൻഷനും കൊണ്ടാണ് എന്റെ കുടുംബം കഴിയണത്..
വീടുവച്ചത്, കാറുവാങ്ങിയത്, ഒക്കെ ഇതീന്ന് തന്നാ...

അതീന്നിപ്പോ
കണ്ട നാട്ടുകാരെ സഹായിക്കാൻ
അത് പത്ത് തവണയായി ഒരുമാസ ശമ്പളം
കൊടുക്കണോന്ന് പറഞ്ഞാൽ, അതുമല്ലെങ്കിൽ
പി എഫീന്ന് എടുക്കാൻ  പറഞ്ഞാൽ നിങ്ങളു പറ
പിടിച്ചു പറിയല്ലേന്ന്..

അതുമല്ല ഇത്തവണ സ്കൂളീന്ന് ഞങ്ങടെ  മക്കൾക്ക് കിട്ടിയ അരി ഒരു വകയ്ക്ക് കൊള്ളില്ല..
അതുകൊണ്ട് വെണ്ടയ്ക്ക അക്ഷരത്തിൽ നോ എന്നെഴുതി.
ഞാൻ മാത്രോല്ല ഭാര്യയും അമ്മായിയും...!!

കെ എസ് രതീഷ്, പന്ത
( ഗുൽമോഹർ 009)