Wednesday 5 September 2018

"അകത്തേക്ക് തുറക്കുന്ന ജന്നൽ"

" ചെവര്"

"അയ്നിപ്പഴ് എന്തര് ചെവരില് ഇത്തിപ്പോരം വെടിച്ചില് വീണാ കൊറച്ച് ചാന്ത് തേച്ച് ശരിയാക്കിക്കൂടേ..?
എടാ പെലപയ്ലേ‌ നെന്റെ ആർത്തി എന്ന് തീരൂടാ.
ഇങ്ങനെ ആളുകളെ പറ്റിക്കണ പൈസകൊണ്ട് നെന്റെ കൊച്ചിനെ ചീൽസിക്കാനല്ലേ തെകയൂ...."

ഞാനിറങ്ങി വരുമ്പോൾ റോഡിലെ പോസ്റ്റിൽ ചാരി വിനോദും, സഹായിയായി വന്ന ചെക്കനും ഇരിക്കുകയായിരുന്നു...
എന്നെക്കണ്ടതും പണിസാധനങ്ങളുമായി അവർ എഴുന്നേറ്റു..

"ന്റെ സാറേ ഞാനെന്തരാണ് നിങ്ങളെ പറ്റിക്കണത്, ദോ മാമി പറയണത് കേട്ടില്ലേ..?"
അയാൾ വീടിന്റെ പുറകിലേക്ക് നടന്നു. പോകുന്നവഴി
കൂടെവന്ന ചെക്കനോട് എന്തൊക്കെയോ പറയുന്നുണ്ട്...

"നിന്നാണെ സതീശാ ഈ പെല പൈലിന്റെ വാക്കും കേട്ട്, ആ ചെവരീന്ന് ജന്നലപ്പടി എളക്കിയാപ്പിനെ  ഒരു നിമിഷം ഞാൻ ഇവിടെ നിക്കൂല..."
കൈയിലിരുന്ന ചൂല് നിലത്തേക്ക് വലിച്ചെറിഞ്ഞ് വാതിൽ വലിച്ചടച്ച് അമ്മ മുറിയിലേക്ക് കയറിപ്പോയി..

"പണിക്കാരൊക്കെ ഒണ്ടങ്കിൽ നിന്റെ മറ്റോളെക്കൊണ്ട് തീറ്റിയൊണ്ടാക്കണം, ഒരു തുള്ളി പച്ചവെള്ളം എന്റെ കൈയീന്ന് കിട്ടൂന്ന് ഒരുത്തരും കരുതണ്ട..." മുറിക്കുള്ളിൽ നിന്ന് വിളിച്ചുപറഞ്ഞു...

അമ്മയെ ഞാനൊരിക്കലും ഇങ്ങനെ കണ്ടിട്ടില്ല..‌. ഈ ഗോപന്റെ കാര്യവും, ഹാർട്ടിന് പ്രശ്നമുള്ള അയാളുടെ  മകളെക്കുറിച്ചും എന്നും പ്രാർഥിക്കുന്നതും കേട്ടിട്ടുള്ളതാണ്...
ഒരു പക്ഷേ എന്റെ മക്കളെക്കാൾ ഗോപന്റെ മൂന്നാം ക്ലാസുകാരിയാകും‌ അമ്മയ്ക്കൊപ്പം കൂടുതൽ സമയം ചിലവഴിച്ചിട്ടുണ്ടാകുക.
അകത്ത് മുറിയിൽ നിന്ന് പതിവ് പാട്ടിന്റെ വരികൾ ഇറങ്ങിവരുന്നു...

"ആരുമില്ല നീയൊഴികേ
പാരിലെൻ പ്രിയാ,
ഈ പാരിലെൻ പ്രിയാ.
നീറി നീറി വേദനമൂലം നിറയുന്നെൻ മാനസം..."

എനിക്ക് ചിരിവന്നു.
അയൽ വക്കത്ത്  കല്യാണത്തിന് വിളിച്ചില്ലെങ്കിൽ,
ആഗ്രഹിച്ച സാരി വാങ്ങിയില്ലെങ്കിൽ അമ്മയ്ക്ക് ഈ പാട്ട് പതിവാണ്... വരികളിലെ
"ആരുമില്ലാ നീയൊഴികെ", "നീറി നീറി വേദന" ഈ വാക്കുകൾ ആവർത്തിച്ച് പാടും...
ഞാൻ അടുക്കളയിൽ ചെന്ന് പാത്രങ്ങളൊക്കെ ഇളക്കി നോക്കി, ഒന്നും തയാറായിട്ടില്ല..‌
ഭാര്യ മക്കളുമായി തന്റെ വീട്ടിലേക്ക് പോകാൻ ഇന്നലെ രാത്രിയേ അനുമതി നേടിയിരുന്നു...

"എളേതിന്റെ പനി ഈ പൊടിയിൽ കിടന്നാൽ കൂടേയുള്ളു..."
ഇനി അടുത്തത് അവളുടെ  വീട്ടിലേക്ക് പോകാൻ അനുവാദം ചോദിക്കലായിരിക്കുമെന്ന് എനിക്കുറപ്പാണ്...

"നീ രണ്ട് ദിവസം ഇവരുമായി നിന്റെ വീട്ടിൽ നിൽക്ക് പൊടിയൊക്കെ മാറിയിട്ട് ഞാൻ വരാം..‌"
ആ സമയം മുതൽ അവൾ ഒരുക്കം തുടങ്ങിയതാണ്, ഇനിയിപ്പോൾ അമ്മയുടെ ഈ മാറ്റം അവളുടെ യാത്രയെ തടസ്സമാകുമോ എന്ന ആകുലതയോടെ അവൾ എന്നെ നോക്കി.
മൂത്തകുട്ടി ബാഗും ചുമന്ന് പുറത്തിറങ്ങിക്കഴിഞ്ഞു....

"മക്കള് ചെന്ന് അച്ചാമ്മയോട് പോണെന്ന് പറഞ്ഞിട്ട് വാ..." അവളും പ്രതിസന്ധി മറികടക്കാൻ വളരെ നയപരമായി ഇടപെടുന്നു.
മക്കൾ വാതിലിൽ തട്ടും മുൻപ് അമ്മ ഇറങ്ങിവന്നു, ഇളയതിനെ എടുത്ത് ഉമ്മവച്ചു,
മറ്റവനെ തലയിൽ തൊട്ടു...

"മറ്റൊള്ളോര് കഷ്ടപ്പെട്ടത് ഒണ്ടാക്കിയത്  പൊളിക്കണത് കാണാൻ നിക്കാതെ മക്കള് പോണേണാ."
മക്കളെ നോക്കി അമ്മയിത് പറയുമ്പോൾ എന്റെ ഭാവം എന്താകുമെന്ന് കാണാൻ അവൾ ഒരു ചെറിയ ചിരിയോടെ എന്നെ നോക്കി.
ആ ചിരി അമ്മ കാണുകയും ചെയ്തു...

" എന്തരിനെടീ ഇത്ര ഇളക്കിക്കാൻ, നെന്റെ വാക്കും കേട്ടായിരിക്കും പെങ്കോന്തൻ ഈ നെഗളിക്കണത്, പിള്ളേ ഇന്നും കൂടി, നോക്കീട്ട് കുളിപ്പിച്ചാമതി. പോണേക്കെ കൊള്ളാം.. നെന്റെ മാപ്ലയ്ക്ക് ഒരു തുള്ളി വെള്ളം ഞാൻ ഈ കൈയ്യോണ്ട് അനത്തൂന്ന് നിരീക്കണ്ട..."

അവളുടെ ചിരിമങ്ങി എന്നെ ഒന്ന് നോക്കിയിട്ട് കാറെടുത്ത് വളരെ വേഗം ഓടിച്ചുപോയി.
പതിവുപോലെ മുത്തശ്ക്ഷിയെ  കുട്ടികൾക്ക് കൈവീശിക്കാണിക്കാൻ അവൾ വണ്ടിയുടെ ഗ്ലാസുകൾ താഴ്ത്തിയില്ല...
അത് എന്നെ കാണിക്കാനായിരിക്കും. കാറുപോയ ദിശയിലേക്ക് ഏറെനേരം അമ്മ കൈവീശി നിന്നു...

"അയ്യേ ഇതെന്തര് ജാതികള് കൊച്ച്ങ്ങളേം പൂട്ടി സൂക്ഷിക്കോ...?" 
പെട്ടെന്ന് അകത്തെ മുറിയിൽ ചുവര് പൊളിക്കാൻ തുടങ്ങിയതിന്റെ ശബ്ദം...

"എടാ കോവാ നീ പൊളിക്കണതിന്റെ ചാന്തും‌, കട്ടേം‌ പൊടിം
അവിടെ കെടക്കും,
ഒന്നീ നീയും നിന്റെ സാറും കൂടി അത് തൂത്ത് കളയും അല്ലെങ്കി നിന്റെ സാറിന്റെ പെണ്ടാട്ടി,
ഞാൻ *തൊറപ്പേൽ തൊടൂലെന്നല്ല ഒന്നിനും വരൂല..‌"

അമ്മ ഇത്തവണ മറ്റൊരു മുറിയിലേക്ക് കയറിപ്പോയി.
കുട്ടിക്കാലത്ത് സ്ഥിരം കേൾക്കാറുള്ള മറ്റൊരു പാട്ട് ഇറങ്ങിവന്നു‌‌‌‌.

"ഇമ്മാനുവേലേ നല്ലിടയാ വേഗം വരേണമെൻ പ്രാണപ്രിയ..
ഇഹത്തിലും പരത്തിലും ഓരോ നിമിഷവും നീമാത്രമെൻ അഭയം.." 
പാട്ട് ഇടയ്ക്കിടെ മുറിയുന്നുണ്ട്, ചുമ അമ്മയെ വല്ലാതെ അലട്ടുനുണ്ട്.‌‌‌
ഓരോ തവണ ചുമയ്ക്കുമ്പോഴും അമ്മ പറയും..
"ചില്ലറ ഇടിയാണാ, ആ കണ്ടങ്കാലൻ തന്നത്, ദൈവമേ പിള്ളാരെ വയർ നെറയ്ക്കാൻ, എന്തരെങ്കിലും ചോദിച്ചാൽ.

എപ്പോൾ ചുമച്ചാലും പറഞ്ഞു തുടങ്ങുന്ന
ഈ കഥ ഒരിക്കലും അമ്മ ഒ മുഴുമിപ്പിക്കാറില്ല, അതിനെ സഹായിക്കാനെ‌ന്നപോലെ
വരിവരിയായി ചുമകളങ്ങനെ കാത്തുനിൽക്കും...

വലിയ മഴപെയ്യുന്ന
നാളുകളിലും അമ്മ ഈ പാട്ടായിരുന്നു പാടിയിരുന്നത്...
കോഴിചേർക്കുന്നത് പോലെ  അമ്മ ഞങ്ങളെ ചേർക്കും.
പ്രർഥന കഴിയുമ്പോൾ മഴയും തോർന്ന് തുടങ്ങും.
മഴയോളം പ്രാർഥന നീളുന്നതാണോ ? പ്രാർഥനയോളം മഴ ചുരുങ്ങുന്നതാണോ?  പ്രാർഥനയിൽ ഒരിക്കലും വിശ്വസിക്കാത്ത ഞാൻ അന്ന് പലതവണ ചിന്തിച്ചിട്ടുണ്ട്...
ചിന്ത അവസാനിക്കും മുൻപ് ഉറങ്ങിയിട്ടുണ്ടാകും...

രണ്ട് മുറി,
മൺകട്ട കെട്ടിയ  ആറ്റരികത്തെ ആ വീട് അച്ഛൻ അന്ന് കെട്ടിയത്,
വാറ്റുകലങ്ങളും, ശർക്കരയും സൂക്ഷിക്കാനായിരുന്നു..അന്ന് ഞങ്ങള് അച്ഛന്റെ വീട്ടിലായിരുന്നു... അമ്മ
ഇടികൊണ്ട് ആശുപത്രിയിലായി അവിടെന്ന് ഇവിടേക്ക്  മടങ്ങിയ ഞങ്ങൾക്ക്   ചാരയപ്പുര ഞങ്ങടെ വീടായിമാറി..
രണ്ട് വാതിലുകൾ, ഒരു ജന്നാല,
നടുച്ചുവരിൽ ഒരു കട്ടിള.
ചുവരിൽ അടിച്ചുറപ്പിച്ച,
മൂന്ന് പലകകൾ.
"വെൽക്കം" എന്നും, "ഹാപ്പിയെന്നും" പ്ലാസ്റ്റിക്കിൽ‌ വരിഞ്ഞ രണ്ട് കസേരകൾ. ഉപ്പിടുന്ന ചെറിയ ചുവപ്പ് ബക്കറ്റ്, ജനാലയിൽ നിന്ന് ഒരു ചുവരിൽ അടിച്ചുറപ്പിച്ച ഒരു കമ്പിലേക്ക് വലിച്ചു കെട്ടിയ മൂന്ന് അയകൾ..
ഇത്രയും സൗകര്യങ്ങളിലേക്ക്,
ഒരു വൈകിയ സമയം വനത്തിൽ നിന്ന് ശേഖരിച്ചു വന്ന വിറകിന്റെ പുറത്ത് കയറ്റിവന്ന ആരോ കൊടുത്ത ഒരാട്ടുകല്ല്, അമ്മിക്കകല്ല്, മൂന്ന് പാത്രങ്ങൾ..
എത്രപെട്ടെന്നാണ് ആ ഇരു മുറി മൺ ചുവരുകൾ വീടായതെന്നറിയില്ല.. പാത്രങ്ങളും കലങ്ങളും ഏറെയില്ലാത്തതിനാൽ കളിക്കാൻ ധാരളം സ്ഥലമുണ്ടായിരുന്നു...

രണ്ട് വാതിലുകളും‌ ഇടച്ചുവരിൽ ഒരു കട്ടിളയും...
പുറത്തെ വാതിലിൽ അരിവാളും നിറകതിരും‌ ഏതോ പാർട്ടിക്കാരുടെ ഓഫീസ് മുറിയാണെന്ന് തോന്നിപ്പിക്കും, അച്ഛന്റെ ചങ്ങാതിമാരിൽ ആരെങ്കിലും  ചാരയം അകത്തു ചെന്നപ്പോൾ വരച്ചതാകും..
പുറത്തേക്കുള്ള വാതിലിൽ ഞങ്ങൾക്ക് കരിക്കട്ടകൊണ്ട് വരയ്ക്കാൻ..
നടുക്കുള്ള കട്ടിളയിൽ വിശക്കുമ്പോൾ അടുപ്പിലേക്ക് നോക്കിയിരുന്ന് കരയാനും.

ഇരുമുറിയെങ്കിലും ഇരട്ടപ്പാളിയുള്ള ഒറ്റ ജന്നായയായിരുന്നു ആ വീടിന്..
മഴയോ വെയിലോ കടന്നു വരാതിരിക്കാൻ ഫാക്ടം ഫോസ് 20:20:0:15 എന്ന പരസ്യമുള്ള ചാക്കുകൊണ്ട് മറച്ചിരുന്നു..
അതിന്റെ അകവശമാണ് ഓർമ്മയിൽ ഏറ്റവും ചിട്ടയോടെയുള്ളത്..

ഇടതുവശത്ത് മഞ്ഞ ഫ്രെയിമുള്ള ഇരു കണ്ണാടി, അങ്കണവാടിയിൽ
"മണ്ടൻ തവളേ മിണ്ടാതിരിയെട തൊണ്ട തുറകാതേ" എന്ന പാട്ടുപാടിയതിന് എനിക്ക് സമ്മാനമായി കിട്ടിയതാണ്..
ഇന്നും അമ്മ എന്റെ മക്കളോട് ആ കണ്ണാടിക്കഥ ഓർമ്മിപ്പിക്കാറുണ്ട്..
"എപ്പൊഴും എപ്പൊഴും‌ മമ്മി ഇതിൽ നോക്കി ഒരുങ്ങണ്ടാ, വല്ലപ്പോഴുംനോക്കിയാ മതി..." 
അന്ന് ഞാൻ പറഞ്ഞതിന്റെ അതേ താളത്തിൽ അമ്മ ആവർത്തിക്കും...

വലതുവശത്ത് ഒരു വളഞ്ഞ കമ്പിയിൽ കുടുംബ കോടതി വിധിച്ച അമ്മയുടെ ജീവനാംശത്തിന്റെ മണിയോഡർ രസീതികൾ തൂങ്ങിക്കിടക്കും.
അതിന്റെ താഴെ  ഒന്നുരണ്ട് കൊല്ലം‌ മുൻപുള്ള
ഒരു കലണ്ടർ  അതിൽ ക്രിസ്തുവിന്റെ തിരുഹൃദയമുള്ള ചിത്രം..
അതിൽ പൽ നൂലുകളിൽ കോർത്തിട്ട സൂചികൾ.
നടുവിലെ പടിയിൽ തറച്ച ആണിയിൽ ഞങ്ങളുടെ തലയിൽ പേൻ വേട്ട നടത്തുന്ന ഇരുവശത്തും പല്ലുകളുള്ള ചീർപ്പ് ഉൾപ്പെടെ മൂന്ന് തരം ചീപ്പുകൾ..
ഒന്നു രണ്ട് പൊട്ടുകൾ.
തെങ്ങിൽ തീർത്ത അഴികളിൽ വൃത്തിയായി മടക്കിയിട്ട സാരികൾ, ബ്ലൗസുകൾ..
സാരികളുടെ ഇടതുവശത്തെ പടിക്കും ചുവരിനും‌ ഇടയിൽ സൂക്ഷിച്ചു വച്ചിട്ടുള്ള മടക്കി വയ്ക്കുന്ന കത്തി....
അഴികളിൽ നിന്ന് മൂന്ന് അയയ്കൾ, അതിൽ മൂന്നാളും മൂടിയും‌ മുള്ളിയും തകർക്കുന്ന പുതപ്പ്,
ഉടുപ്പുകൾ,

അതിനു താഴെ ഭാവിയിൽ ഞങ്ങളെന്നെങ്കിലും വീടുവച്ചാൽ അലമാരയും വാതിലും ജനാലയും കട്ടിലും സെറ്റിയും സ്വപ്നം കണ്ട് സൂക്ഷിച്ചിട്ടുള്ള മൂന്ന് മുറിച്ചിട്ട യൂക്കാലിൽ തടികൾ...

അതിന്റെ പുറത്ത് അമ്മയുടെ ക്രിസ്തീയ ഗീതങ്ങളുടെ കീറിപ്പറിഞ്ഞ പുസ്തകം.
താളുകളില്ലെങ്കിലും, വരികളെല്ലാം‌ അറിയാമെങ്കിലും പ്രാർഥനയ്ക്ക് മുൻപ് അമ്മ അതെടുത്ത് നിവർത്തിവയ്ക്കും...

"പ്രിയ മണാളനേ ശാലേമിൻ പ്രിയനേ..."
ഇതായിരുന്നു എന്റെ ഇഷ്ടഗാനം മടിയിൽ കിടന്ന് ഞാൻ ആവശ്യപ്പെടും..

അവിടെ ചുവരിൽ നിന്ന് ജനാല ഇളകി വീഴുന്ന ശബ്ദം.
അമ്മയുടെ പാട്ട് പെട്ടെന്ന് നിലച്ചു.
അടുക്കളയുടെ പിന്നിൽ ഗോപൻ മേസ്തിരിയും‌ സഹായിയും‌ പത്തുമണിക്കുള്ളത് കഴിക്കാൻ ഇരിക്കുന്നു...
അമ്മ അടുക്കളയിൽ നിന്ന് രണ്ട് ഗ്ലാസുകളിൽ കട്ടൻ ചായയുമായി പുറത്തേക്ക് ഇറങ്ങുന്നു..
ഞാൻ വീണ്ടും എന്റെ മുറിയിലേക്ക് കയറി

ആ മുറിയിലുരുന്നാൽ‌ അടുക്കള വാതിലിൽ ഇരുന്ന് ഗോപനുമായി സംസാരിക്കുന്ന അമ്മയെ വ്യക്തമായി കാണാം... പുറത്തുനിന്ന് ഗോപന്റെ ശ്ബ്ദം കേൾക്കാം

"മാമീ, നിങ്ങളൊന്നും  തിന്നാത്തത്തെന്ത്"

" എടേ  കോവാ നീ കൊണ്ടുവന്നതും‌ പെലോളി ആടിക്കൊണ്ട് പോ,
നീ മാമീ കൂമിന്നൊന്നും വിളിക്കണ്ട, നെന്റെ പൂശലൊക്കെ സാറിന്റൊടെ മതി..."
അമ്മയ്ക്ക് അങ്ങനെ പറയാൻ സ്വാതന്ത്ര്യമുള്ളത് പോലെ....

" നെന്റെ പിള്ളയ്ക്ക് എങ്ങനൊണ്ട്"

" ഓ എന്തര് പറയാൻ മാമീ, ഇന്നലേം‌ രാത്രി ജന്നലാശുപത്രീല്* എടുത്തോണ്ട് ഓടി, പിള്ളയ്ക്ക് രാത്രിയായപ്പം സ്വാസം‌ കിട്ടണില്ല.. പിന്നെ മാമി തന്ന പ്രാർഥിച്ച യെണ്ണയൊക്കെ ഇട്ടപ്പം മാറി..."
ഗോപന്റെ ശബ്ദത്തിൽ ഒരിടർച്ച കണ്ടിട്ടാകണം അമ്മ വിഷയം മാറ്റാൻ ശ്രമിച്ചു....

"അതെക്കെപ്പോട്ട് എന്റെ ജന്നല് ഇപ്പൊ അവിടെ ഇരുന്നാ എന്തരായിരുന്ന് കൊഴപ്പം...."
ഗോപൻ ഞാനുണ്ടോയെന്ന് ചുറ്റും നോക്കി അമ്മയുടെ അടുത്തേക്ക് കസേര നീക്കിയിട്ടു.
പതിയെ പറയാൻ തുടങ്ങി.. ചുവരുകൾ കടന്നു പോകുന്ന എന്റെ കണ്ണിനെയും‌ ചെവിയേയും കുറിച്ച് അയാൾക്ക് എന്തറിയാം...?

"നിങ്ങളാണെ മാമീ, അന്നേ ഞാൻ പറഞ്ഞില്ലേ ഈ പഴേത് വയ്ക്കണ്ടാന്ന്‌,  എനിക്കറിയായിര്ന്ന് സാറിത് മാറ്റിക്കൂന്ന്.
ഇതിന്റെ മോളില് ഒരു നെലേം കൂടെ വന്നാൽ ഈ ജന്നല് താങ്ങൂല,
എനിക്ക് പണികള് കിട്ടാൻ വേണ്ടീട്ടല്ല.
എന്റെ കൊച്ചിനൊള്ള മരുന്ന് കാശ് എങ്ങനേങ്കിലും കർത്താവ് തരും..."

ഞാൻ ഇറങ്ങിവരുന്നത് കണ്ട് അമ്മ പതിയെ എഴുന്നേറ്റ് മാറിനിന്നു...
ഗോപന്റെ സഹായി ഇളക്കിയിട്ട ജന്നാല പെട്ടെന്ന് മറിച്ചിട്ടു...

" എടേ കോവാ ഈ പയ്ലിന്റെ തലേലിട്ട് ഞാൻ കൊട്ടിക്കൊടുക്കും, "
അമ്മ പതിയെ ജന്നൽ നിവർത്താൻ ശ്രമിച്ചു.
പയ്യൻ പതിയെ ഉയർത്തി വച്ചുകൊടുത്തു...
പൈപ്പിൽ നിന്ന് ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അമ്മ ജന്നാല കഴുകാൻ തുടങ്ങി...

" സാറേ നിങ്ങൾക്ക് വെശപ്പൊന്നും ഇല്ലേ, റോട്ടീപ്പോയി വല്ലതും കഴിച്ചിട്ട് മാമിക്കും എന്തെരെങ്കിലും‌ വാങ്ങിക്കൊടുക്കിൻ..
അവരിന്ന് പച്ചവെള്ളം കഴിച്ചിട്ടില്ല..
ഇതൊര് പന്ത്രണ്ടാവമ്പം തീരും‌, ആ പുതിയത് എടുത്ത് വച്ച് എശകളും അടച്ച് തേച്ച് വിട്ടാമതി..."

ഞാൻ അകത്തേക്ക് പോകുമ്പോൾ അമ്മ ഗോപനോട് വഴക്കിടുന്നു.
അവരുടെ സംഭാഷണം‌ കേട്ട് നിൽക്കാൻ വല്ലാത്തൊരിഷ്ടം തോന്നി...

" ടേയ് നീ നെന്റാവശ്യത്തിന് പെലോളിയാടിയല്ല, പൊളിച്ച് തള്ളിയല്ല, കിട്ടണത് വാങ്ങി പിള്ള പോയാമതി...എന്നെ തീറ്റിക്കണ്ട‌
കേട്ടാ. നെനക്ക് പഞ്ചായത്തീന്ന് വീടെക്കെ കിട്ടിയല്ലേ...?"

" നിങ്ങളിതെന്തരെന്നെ മാമീ, സാറ് കേട്ടാ പങ്കം‌ തന്നെ,
നിങ്ങളെന്നെ സത്യായിട്ടും പള്ള്കള് വിളിക്കണന്നല്ലേ സാറ് വിചാരിക്കൂ.. വീടെക്കെ കിട്ടിയത് നേര് തന്നെ
*വാനം കെട്ടിയിട്ടിട്ടോണ്ട്
ഇനി തടിപ്പണികൾക്ക് പൈസവേണ്ടേ.? ഒരാശാരിയെ ഇരുത്തണോങ്കിൽ രൂവ എത്രവേണം?
*കൊത്തപ്പണിയൊക്കെ ജോലിയില്ലാത്ത ദെവസങ്ങളിൽ ഞാൻ തന്നെ ചെയ്യും,
ആ കൊച്ചിനെ നല്ലൊരു കൂരേൽ കെടത്തിട്ട് ചത്താ മതിയായിര്ന്ന്.."

" അതൊക്കെ നടക്കും കോവാ, ഞങ്ങള് അതിലും‌ കഷ്ടത്തിലല്ലേ കഴിഞ്ഞത്.
അല്ലാ,
നിന്റെ സാറെക്കെ എന്തര് വിചാരിച്ചാലും എനിക്കെന്തരെടേ.
അവനൊക്കെ ഈ ജന്നലീക്കൂടെ പൊറത്തോട്ടല്ലേ നോക്കീട്ടൊള്ളു, എന്നെങ്കിലും അകത്തോട്ട് നോക്കീട്ടൊണ്ടാ....."

ഞാൻ വേഷം‌ മാറി പുറത്തേക്കിറങ്ങുമ്പോൾ. ജന്നാല കഴുകിക്കഴുകി അമ്മ പാടുന്നു...അതിന്റെ വരികൾ ഗോപന്റെ സഹായിയും മൂളുന്നുണ്ട്....
അമ്മ അവനെ നോക്കി ചിരിക്കുന്നു...

"എൻ പ്രിയനെപ്പോൽ സുന്ദരനായ്
ആരെയും ഞാനുലകിൽ‌
കാണുന്നില്ല മേലാലും
ഞാൻ കാണുകയില്ല...."

കവലയിലേക്ക് നടക്കുന്നതിനിടയിൽ ആ പാട്ടിനെക്കുറിച്ച് ഓർത്തു...
ഈ പാട്ട് മിക്കവാറും ആരെങ്കിലും‌ അമ്മയെ "അവരാധം" പറയുമ്പോൾ പാടുന്നതാണ്..
( പ്രിയ ഭാഷാസ്നേഹികളേ നിങ്ങളുടെ അപരാധം എന്ന വാക്കിനോട് സാമ്യം തോന്നുമെങ്കിലും, ഈ അവരാധത്തിന് ഭരത്താവ് ഉപേക്ഷിച്ച ഒരുത്തിയുടെ സദാചാര മര്യാദകളുടെ സീമകളോളം വലിപ്പമുണ്ടെന്ന് മനസിലാക്കണം)

പട്ടിനു മുൻപ് അമ്മ പറഞ്ഞ "ജനാലായിലൂടെ പുറത്തേക്ക് നോക്കൽ " എത്ര ആലോചിച്ചിട്ടും അർഥം‌ തിരിയുന്നില്ല..

എന്നാൽ‌ ഏറ്റവും‌ ആകാംഷയോടെ ആ ജന്നാലയിലൂടെ പുറത്തേക്ക് നോക്കി നിന്ന അനുഭവം ഓർമ്മയിൽ വരികയും ചെയ്തു...
അത് അന്നൊരു തിരുവോണത്തിനായിരുന്നു.
പ്രൈമറി ഹെൽത്ത് സെന്ററിൽ അമ്മ മഹിളാപ്രവർത്തക ആയിരുന്ന കാലം. മാസം‌ കിട്ടുന്ന നാന്നൂറ്റമ്പത് രൂപയ്ക്ക് അഞ്ചും ആറും മാസം‌ കാത്തിരിക്കേണ്ടി വന്നപ്പോഴാണ് 
സെക്രട്ടറിയേറ്റ് പടിക്കൽ തിരുവോണപ്പട്ടിണിയിരിക്കാൻ അമ്മയും കൂട്ടരും പദ്ധതിയിട്ടത്...
രാവിലെ ഓരോ കുറ്റിപ്പുട്ടും‌ പുഴുങ്ങിത്തന്ന് വാതിലും‌ പുറത്തുന്ന് പൂട്ടി ഒരു ഉത്തരവും തന്നു...‌

" മൂന്നെണ്ണവും പുറത്തിറങ്ങിപ്പോകരുത്, ചത്തില്ലെങ്കിൽ ഞാൻ വരും, വരണത് വരെ  ഒരിടത്തും ചെന്ന് തെണ്ടിത്തിന്നണ്ട.."

അനിയനും ചേച്ചിയും‌ അപ്പോൾ മുതൽ കരച്ചിലായിരുന്നു...
പിന്നിലെ വാതിൽ തുറക്കാമെങ്കിലും ഞങ്ങൾ ഒരു തവണപോലും ശ്രമിച്ചില്ല..
ഉച്ചകഴിഞ്ഞപ്പോൾ കുപ്പിയിൽ ഇരുന്ന പഞ്ചസ്സാരയും‌, പകുതി തേങ്ങയും, പുളിയും ഞങ്ങൾ തിന്നു....
പിന്നെ ജന്നലിന്റെ ചാക്ക് പതിയെ ഉയർത്തി പുറത്ത് വഴിയിലേക്ക് നോക്കി നില്പായി...
ആകാശം ഇരുണ്ട് തുടങ്ങിയപ്പോൾ കരച്ചിലിന്റെ വക്കിലെത്തി....
ദൂരെനിന്ന് നടന്നുവരുന്ന വെള്ളസാരികണ്ട് ഞങ്ങളുടെ കരച്ചിലിന്റെ അണപൊട്ടി, ജന്നലിലൂടെ കൈയിലിരുന്ന ബന്നിന്റെ പൊതി എനിക്ക് തന്നു.
തിന്നുന്നതിനിടയിൽ പുറത്ത് തുണികരിയുന്ന മണവും ഗന്ധവും വന്നപ്പോൾ പിൻ വാതിൽ തുറന്ന് പുറത്തേക്ക് ഓടി.
വാതിലിൽ ചാരിയിരുന്ന് കരയുന്ന അമ്മ, കത്തിക്കരിഞ്ഞ സാരിയും, നാട്ടിലെ ഗർഭിണികളെയും കുട്ടികളെയും‌ കുറിച്ച് മഹിളാ പ്രവർത്തക എന്ന നിലയിൽ ശേഖരിച്ച വിവരങ്ങളും...

അന്ന് വലിയ മഴയായിരുന്നു..
രാതി ജനലിൽ കയറി നിന്ന് അമ്മ പുല്ലിന്റെ ഇടയിലൂടെയുള്ള ചോർച്ച അമ്മിക്കല്ലിൽ അടപ്പായി ഉപയോഗിച്ചിരുന്ന പാളകൊണ്ട് അടച്ചു... 
വലിയ കാറ്റടിച്ചപ്പോൾ
നേരം വെളുക്കുവോളം ഞങ്ങൾ പുറത്തിറങ്ങിയിരുന്നു..‌

പിറ്റെന്ന് ഞണ്ടിന്റെ ആകൃതിയിൽ വിരലുള്ള കൈപ്പള്ളിയപ്പുപ്പൻ വന്ന് പുതിയ *പുല്ലിട്ട് മേഞ്ഞു തന്നു...
അന്ന് ഞാൻ ഇറക്കിയ ഒരു പ്രസ്താവന അമ്മ ഇന്നും‌ പറയാറുണ്ട്...
അമ്മ മാത്രമല്ല കൈപ്പളളിയപ്പുപ്പന്റെ
മകനായ ഈ ഹോട്ടൽ നടത്തണ മധുവും.

"ഞാൻ വലുതായാൽ രണ്ട് നെലയുള്ള വീടൊണ്ടാക്കും‌, മുകളിലെ നില അമ്മയ്ക്ക് ഇടയ്ക്കിടയ്ക്ക് തൂറാൻ ഇറങ്ങാതിരിക്കാൻ ഒരു ചെറിയ ഗ്ലാസിൽ വെള്ളവും‌ ചെറിയ ചിരട്ടയിൽ ചോറും കൊടുക്കൂ..."
എനിക്ക് തന്നെ അതൊക്കെ ഓർത്ത്  ചിരിവരുന്നു....

രണ്ട് നിലപൂർത്തിയായിട്ടില്ല,
ഒന്നാം‌ നിലയിലാണെങ്കിൽ ആളുകൾ ഏറ്റവും കാണുന്ന മുന്നിലെ  മുറിയിൽ
ആ പഴയ ജന്നൽ പിടിപ്പിച്ചിരിക്കുന്നു.
ഞാൻ ജോലി സ്ഥലത്തായിരുന്നു.
അതിപ്പോൾ ഇരട്ടിപ്പണിയായി...

അവിടെ പണികൾ പൂർത്തിയാക്കിയിട്ടുണ്ടാകുമെന്നോർത്തപ്പോൾ രണ്ട് പൊതി ബിരിയാണിയും വാങ്ങി വീട്ടിലേക്ക് നടന്നു...
ഗോപൻ പണി സാധനങ്ങൾക്കൊപ്പം ജന്നാലയും സൈക്കിളിൽ കെട്ടി വച്ചിരിക്കുന്നു. എന്നെക്കണ്ട് രണ്ടാൾക്കും വലിയ ചിരി..
ഞാൻ ശമ്പളം കൊടുക്കാൻ തുടങ്ങിയപ്പോൾ. ഗോപൻ തടഞ്ഞു...

"ആ പയ്യന് എന്തെരെങ്കിലും‌ കൊട് സാറേ, എന്റെ കൂലിയക്കെ ഞാനും‌ മാമീം തമ്മിലൊള്ള ഏർപ്പാട്കള്..."

നിർബ്ബന്ധിച്ച് പോക്കറ്റിലേക്ക് തിരുകാൻ ശ്രമിക്കുമ്പോൾ..
ഇന്നലെ ഞാൻ അമ്മയ്ക്ക് സാരിവാങ്ങിക്കാൻ  കൊടുത്ത പൊതി അവന്റെ പോകറ്റിൽ.
എന്നിട്ടും‌ ഒരു തുക വച്ചു....

"നോക്കീൻ സാറേ നിങ്ങള് ജന്നലിൽ അടിക്കാൻ വാങ്ങിവച്ച പൊയിന്റാണ് മാമി എനിക്ക് തന്ന്...
ഈ പഴേ ജന്നലും തന്ന്" 
ഞാൻ ചിരിച്ചപ്പോഴാണ്‌ ഗോപന്റെ മുഖത്തെ അസ്വസ്ഥത മാഞ്ഞത്....

അമ്മ ചൂലുമായി പണിനടന്ന മുറി വൃത്തിയാക്കുമ്പോൾ.
അതേ താളത്തിൽ പഴയ ഒരു പാട്ട് ഇറങ്ങിവന്നു...

"മൽ  പ്രിയനേ
എൻ പ്രാണ നായകനേ എപ്പോൾ വരും
എൻ കണ്ണീർ തുടച്ചീടുവാൻ അങ്ങയിൽ ആശ്വസിപ്പാൻ...."

അമ്മയുടെ പാട്ടുകളിലെല്ലാം
"പ്രിയൻ"
എന്ന വാക്ക് എത്ര തവണ വരുന്നെന്ന് ഞാൻ  ചിന്തിച്ചിരിക്കുമ്പോൾ
ഹാളിൽ  തൂക്കിയിരുന്ന,
അച്ഛന്റെ മരണത്തിന് ശേഷം  വരപ്പിച്ച
ചിത്രം അമ്മ മുറിയിലേക്ക് കൊണ്ടുപോയി....!!

കെ എസ് രതീഷ്, പന്ത
( ഗുൽമോഹർ 009)

No comments:

Post a Comment