Tuesday 26 January 2016

കഥ പാറ്റേൺ ലോക്ക്

പാറ്റേൺ ലോക്ക്....!

മിഥുൻ സുമ ദാമ്പത്യത്തിന് കുട്ടികൾ മൂന്ന്,
വർഷം പതിമൂന്ന്. വീട്ടിലെ ഒറ്റപ്പെടലിനെക്കുറിച്ച് പറയാൻ തുടങ്ങിയത് മൂന്നാമത്തെകുട്ടിയെ ഒന്നാം തരത്തിൽ ചേർത്തതു മുതലാണ്...
"ആളൊഴിഞ്ഞ അമ്പലത്തിൽ ജീവനുള്ളമുർത്തിയായ് തോന്നുന്നൂ..."

പണ്ട് സുമയോട് മിഥുൻ പറഞ്ഞ വാക്കുകളോർത്തു...

"ദേവി നിന്റെ പൂജാരിയാകാൻ അടിയനെ....!"

ഓഫീസിലും വീട്ടിലും മിഥുന്റെ മുന്നിൽകമ്പ്യൂട്ടറുണ്ടാകും ഒന്നാം ക്ലാസുകാരനുപോലും തീ പിടിച്ച തിരക്ക്

വീടിന്റെ ഇതിവൃത്തത്തിനപ്പുറം കഥയില്ലാത്തതായ് സുമയ്ക്ക് തോന്നി
ജർമ്മനിയിലെ നാത്തൂൻ കൊടുത്തുവിട്ട സ്മാർട്ട് ഫോണുകളിൽ ഒന്ന് തനിക്കുള്ളതായിരുന്നു ഒൻപതാം ക്ലാസുകാരിയും ഒന്നാം ക്ലാസുകാരനും ഗെയിം പഠിച്ചതും കളിക്കുന്നതും അതിൽത്തന്നെ....

മിഥുന്റെ ഫോണിൽ പാറ്റേൺ ലോക്കുണ്ട് ഫേസ്ബുക്കുണ്ട് വാട്സാപ്പുണ്ട് ആർക്കും
തുറക്കാനാകില്ല...

ആരോഗ്യമാസികയിലാണ് "സൈബർ പ്രണയവും വീട്ടമ്മമാരും" എന്ന ലേഖനം വായിച്ചത് അന്നുതന്നെ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി " ഗീത "
എന്ന പേരിൽ...
മിഥുനോട് പറഞ്ഞപ്പോൾ ഒരു ചിരിയിലൊതുക്കി രണ്ട് ദിവസ്സം കഴിഞ്ഞപ്പോൾ തുറന്നുനോക്കി എത്ര അപേക്ഷകൾ ചിലർ ഫോട്ടോയും സന്ദേശവും സഹിതം അശ്ലീല ചുവയുള്ള ചിലതും എങ്കിലും പരിചിത മുഖങ്ങൾ തേടാൻ ഒരു പൂതി...ചിലതു സ്വീകരിച്ചു എഴുത്തുകാരായിരുന്നു ഏറെയും
"ജീവൻ ഒരു നിലാവ്"എന്ന പ്രൊഫൈലിൽ ഏറെ നേരം അവൾ സഞ്ചരിച്ചു ലൈക്കുകൾ കമന്റുകൾ സന്ദേശങ്ങൾ..
തനിക്ക് നഷ്ടമായ വാക്കുകൾ നിറഞ്ഞ കവിതയായിരുന്ന് ജീവൻ

"കുട്ടികളെപ്പൊഴും ഫോണിലാ ഒരു ലോക്ക് ഇട്ടുകാണിച്ചുതരൂ"
മിഥുൻ അലസ്സമായ്
ലോക്ക് ഇടുന്ന രീതി പറഞ്ഞു കൊടുത്തപ്പോൾ സുമ അതീവശ്രദ്ധാലുവായ്
മിഥുൻ ഒരാഴ്ച്ച ടൂറ് പോയദിവസ്സം  നിലാവുള്ള രാത്രിയിൽ
പിൻ വാതിൽ അടയ്ക്കാൻ മറന്ന സുമ
ചുറ്റുപിണഞ്ഞ വള്ളിപോലെ
ഒരു പുതിയ  പാറ്റേൺ ലോക്കിട്ടു.

രതീഷ് കെ എസ്സ്

Saturday 23 January 2016

കവിത അനോമിലികൾ

അനോമിലികൾ....!!

ചെറുമീനിനിത്തിരി ഗുണമേറുമൊന്നൊരാ തന്ത്രമിനിയില്ലാ
മീൻ കാരന്റെ കുടിശ്ശിക
മെലിഞ്ഞ കുപ്പിയിയിലെ പാലും
എന്റെ മാക്സിയൻ കട്ടനും തമ്മിലെന്ത്...?
നിക്ഷേപമില്ലാത്ത മുറ്റത്ത് പയറുവള്ളിപോലെ പെൺപൈതൽ
വീട് പഴയതാ വീട്ടുടമയും
പുതുക്കിയ വാടക മാത്രം
തവണവ്യവസ്ഥ പെറ്റ
കട്ടിലിനു കിടക്കപ്പൊറുതിയില്ല
അത്താണികൾ തേടി
അതിഭാരങ്ങളും
ചിരിച്ച ബാന്ധവങ്ങളും
തൊഴിലില്ലാ പയ്യൻ രാത്രിയിലാക്രമിച്ചേക്കാം..
നാലാളുകൂടിയാൽ
ഞാൻ തന്നെ ശത്രു
കടക്കെണിയിൽ അവളെടുത്തസാരിയിൽ ഒരു കുരുക്കുണ്ട്
ടയറുപൊട്ടിയ സൈക്കിളിൽ
പുത്രൻ
അനോമിലികൾ
അനോമിലികൾ
വർദ്ധിച്ച് പുറത്തിറങ്ങാതെ
ഞാനും...!!

അടിക്കുറിപ്പ്

അവാർഡ് കമ്മിറ്റിക്ക്..
ഇതു വിലാപഗീത വിഭാഗത്തിലാണ്.

വായനക്കർക്ക്
അനോമിലി ഈ ജീവനക്കാരന്റെ രഹസ്യമാണ്.

രതീഷ് കെ എസ്സ്

Tuesday 19 January 2016

ജാതിക്കോളം കവിത

ജാതിക്കോളം..!!

ദളിത്
ദളിത് രോഹിത്ത്
ദളിത് വിദ്യാർഥി
ദളിത് ഗവേഷകൻ
ഫ...ചെറ്റകളേ
ഞാൻ ദളിതനല്ലാ...
മനുഷ്യൻ...
ഇത്തവണ പെരുവിരലല്ലാ...
ഗുരുക്കന്മാരേ
ഈ കയറിന്റെ അറ്റം പിടിക്കൂ
അതിൽ
നീ എഴുതിചേർത്ത
ദളിത് കഴുത്തുണ്ട്...!!

രതീഷ് കെ എസ്സ്

Monday 18 January 2016

കഥ എക്സിക്യൂട്ടീവ് മരണം

ഒരു എക്സിക്യൂട്ടീവ് മരണം..!

"ആ തമിഴത്തിയേയും മക്കളേയും  കൊന്നത് ഞാനാണ്..."

ഷവറിന്റെ താഴെ ആരും കേൾക്കാത്ത ശ്ബ്ദത്തിൽ ഭിത്തിയിൽ ഇടിച്ച് കരഞ്ഞൂ..

"എടാ ഈ ഹോട്ടലിൽ കയറി ഒരു ചായ കുടിക്കാൻ വേണം നൂറ് രൂപ..."

ട്രൈനർ മെഹബൂബ്  ഇതു പറഞ്ഞ ദിവസ്സം മനസ്സിൽ കുറിച്ചിട്ടത ഒരു ദിവസ്സം ഇവിടെ രാജാവിനെപ്പോലെ കഴിയണം...

ഓർഫണേജിന്റെ പടികളിറങ്ങുമ്പോൾ  ഒരു ബി എ മലയാളം സർട്ടിഫിക്കറ്റും ഒരു പഴയ ബാഗും മാത്രമേ ഉണ്ടായിരുന്നുള്ളൂ...
ഒരു സുഹൃത്താണ് കിരൺ ഫാർമ്മയിൽ മെഡിക്കൽ റപ്പിന്റെ അവസ്സരം കാണിച്ചുതന്നത് സരസ്വതി നാവിൽ വല്ലാതെ വിളയാടിയതുകൊണ്ട്  എന്നെ തിരഞ്ഞെടുക്കാൻ താമസ്സമുണ്ടായില്ലാ മൂന്ന് ദിവസ്സത്തെ മെഹബൂബ് ഇക്കയുടെ കൂടെ പരിശീലനം പിന്നെ ആ മനുഷ്യൻ തന്ന സൈക്കിളിൽ മാസത്തെ ടാർജറ്റ് തികയ്ക്കാൻ നെട്ടോട്ടം..
രോഗികളെക്കാൾ ദ്രോഹികളാണ് മരുന്ന് കമ്പനികളെന്ന് പെട്ടന്ന് മനസ്സിലായി മലേഷ്യൻ സിംഗപൂർ ട്രിപ്പുകളും ഷുസ്സും കോട്ടും പെർഫ്യൂമും സമ്മാനപ്പെരുമഴതീർത്ത് വമ്പന്മാർ മാർക്കറ്റ് കയ്യടക്കുന്നൂ...
ഒരു പേനയും കുറിപ്പുബുക്കും  എന്റെ കമ്പനി വെറും പരൽമീനായിരുന്നു...
എങ്കിലും കണ്ണീരിൽ ചാലിച്ചു ഞാൻ പറഞ്ഞ കഥകളിൽ വീണ് വൈദ്യന്മാർ എന്റെ സാമ്പിളും മേശപ്പുറത്ത് സ്ഥാനം നൽകി....
പതിയെ എന്റെ ഗ്രാഫുയരുന്നത് മാസാരംഭത്തിലെ മീറ്റിംഗുകൾ സാക്ഷ്യപ്പെടുത്തി...
കമ്പനിയുടെ ഏര്യാമാനേജർ ഒരു പുതിയ ഷർട്ടും ഒരു ജോഡി ഷൂസ്സും ബെൽറ്റും ബാഗും തന്ന് തോളിൽ തട്ടിപ്പറഞ്ഞൂ...

"ഇതാണ് ഞാൻ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്.."

എന്തായാലും കമ്പനിയ്ക്ക് എന്നെ ബോധിച്ചു എന്നുറപ്പായി...അസൂയ നിറഞ്ഞ നോട്ടങ്ങൾ കരഹസ്തത്തിലെ മരവിപ്പ് ഇതൊക്കെ എനിക്ക് കിട്ടിയ അംഗീകാരങ്ങളാണെന്ന് മെഹബൂബിക്കാ ഓർമ്മിപ്പിച്ചു ഇക്കയുടെ പഴയ ബൈക്ക് തവണ വ്യവസ്ഥയിൽ ഞാൻ വാങ്ങി....
ടാർജറ്റിന്റെ കപടമുഖം തിരിച്ചറിഞ്ഞപ്പോൾ അതെന്റെ കഴുത്തോളം എത്തിയിരുന്നൂ..
ഞാൻ വളരുന്നതോടൊപ്പം കിരൺഫാർമ്മ എന്ന സുരസ്സ വായും വലുതാക്കി...
ഇനി എനിക്കാകില്ലാ എന്നൊരവസ്ഥ വന്നുപെട്ടൂ...
അപ്പൊഴും സുരസ്സ വളർന്നുകൊണ്ടേ.....

ലക്ഷ്മി ക്ലിനിക്കിൽ ഞാൻ പോയിരുന്നത് ടാർജറ്റ്...
തികയ്ക്കാനായിരുന്നില്ലാ...
വിജയൻ ഡോക്ടർ എന്റെ മരുന്ന് എഴുതാറുമില്ലാ...
ഫാർമ്മസ്സിയിലെ നിത്യയെ കാണാതിരിക്കാനും എനിക്കായിരുന്നില്ലാ....
എപ്പൊ പ്രണയം തോന്നിയെന്ന് ചോദിക്കരുത്
ഞാനങ്ങ് പ്രണയിക്കുകയായിരുന്നു...
അവളുടെ അച്ഛന്റെ മരിച്ച്  മൂന്നാം ദിവസ്സം അതു പറയാതിരിക്കാനും എനിക്കായില്ലാ...
ഇപ്പൊ അതൊന്നുമല്ലാ പ്രശ്നം
അവൾക്ക് വിവാഹ ആലോചനകൾ വരുന്നു ജോലിക്കാരെയാണ് നോക്കുന്നത് എന്റെ കാര്യം പറഞ്ഞപ്പോൾ..

"വീടും വീട്ടുകാരും ഇല്ലെങ്കിലും സഹിക്കാം ഒരു സ്ഥിര ജോലിയെങ്കിലും ഉണ്ടോടി...."

പാർക്കിന്റെ ബെഞ്ചിലിരുന്ന് അമ്മയുടെ വാക്കുകൾ പറയുമ്പോൾ അവൾക്ക് കരച്ചിൽ സഹിക്കാനായില്ലാ...
അവളുടെ അപ്പനും മറ്റൊരു ആയുർവേദകമ്പനിയുടെ റെപ്പായിരുന്നു....

ആഗസ്റ്റ് പതിനാറിന് അവളുടെ നിശ്ചയം കഴിഞ്ഞ ദിവസ്സമായിരുന്നു എനിക്ക് പ്രമോഷൻ കിട്ടിയത്...
എന്റെ കീഴിലും പത്തുപേർ ഞാനും പരിശീലകൻ മെഹബൂബ് ഇക്ക ജോലി വിട്ടുപോയി പുതുതായി ചേർന്ന ചെക്കന്
പഴയ ബൈക്ക് ഞാനും വിറ്റൂ...
പുതിയ ചെക്കന്മാരുടെ മുന്നിൽ ടാർജറ്റ് കീറാമുട്ടിയാകുന്നു...
ഗ്രാഫ് താഴുന്നൂ സോണൽ മാനേജർ അരുൺ വിളിപ്പിച്ചൂ

"...താങ്കളിൽ നിന്നും ഇതു പ്രതീക്ഷിക്കുന്നില്ല അടുത്ത തവണ ഞാൻ വിളിപ്പിക്കേണ്ടിവന്നാൻ മെഹബൂബിന്റെ ശിഷ്യനല്ലേ പറയാതെ അറിയാമല്ലോ..."

പുതുതായ് ചേർന്ന എം ബി എ ക്കാരൻ ചെക്കന് പരിശീലനം കൊടുക്കുന്നതിനിടയിൽ ഞാൻ മെഹബൂബ് ആയി...

"എടാ മോനെ ഈ ഹോട്ടലിൽ കയറി ഒരു ചായ കുടിക്കാൻ നൂറ് രൂപാ വേണം..."

"ഒന്ന് പോ ചേട്ടാ ഞങ്ങൾ ഫ്രെണ്ട്സ് സ്ഥിരം പാർട്ടികൂടാറുള്ള പ്ലേസ്സാ...."

ഞാനെവിടെയോ തോറ്റിരിക്കുന്നൂ...

പിറ്റെന്ന്
ഒരു ടാക്സിപിടിച്ച് ഇവിടെ വന്നത് ആത്മഹത്യ ചെയ്യാനായിരുന്നു
ഏറ്റവും വിലകൂടിയ സ്യൂട്ട് ഏറ്റവും മുന്തിയ ഭക്ഷണം
ഏറ്റവും മുന്തിയ മദ്യം....
ഒടുവിൽ എന്റെ എക്സിക്യുട്ടീവ് മരണം....
വിഷം ചേർത്ത ബിരിയാണികഴിക്കാനാ ശീലമില്ലാതിരുന്ന മദ്യം ആവശ്യപ്പെട്ടത്...
ആദ്യം തന്നത് കഴിച്ചതേ ഓർമ്മയുള്ളൂ....
പിന്നെ നേരം വെളുത്ത് പത്രവും ആയി റൂംബോയ് വന്നപ്പോൾ...
കണ്ട വാർത്തയാണെന്നെ ഞെട്ടിച്ചത്...

"പ്രമുഖ ഹോട്ടലിലെ ജീവനക്കാരിയും കുടുഃബവും ആത്മഹത്യ ചെയ്തു..."

ഹോട്ടലിന്റെ പേരും
റൂം വൃത്തിയാക്കാൻ വന്ന  തമിഴത്തിയേയും എനിക്ക് വ്യക്തമായും ഓർമ്മയുണ്ട്....!

രതീഷ് കെ എസ്സ്

Friday 15 January 2016

കവിത സീതയുടെ പ്രൊഫൈൽ

സീതയുടെ പ്രൊഫൈൽ..!

പടിയിറങ്ങിപ്പോയ
പാർവ്വതിയ്ക്ക് പതിനെട്ടായിരുന്നു
'മുഖം' വ്യാജമായിരുന്നൂ
പെരുവെള്ളമ്പോലെ
പ്രണയം പ്രളയം
സർഗാത്മം സ്ത്രൈണം
വരാലുപോലെ..
മുഖമില്ലാത്ത മുലക്കച്ചയില്ലാത്ത ആമുഖം
പിന്നെ
ആദ്യമഴത്തുള്ളിയുടെ
നൂൽബന്ധമറ്റ
രഹസ്യപ്രയാണങ്ങൾ
വഴിതെറ്റിവന്ന വസന്തം
രോഗികൊതിച്ചപാൽ
പൂച്ചകണ്ണടയ്ക്കുമ്പോലെ

രോഗി നീയോ ഞാനോ..?
വേനൽമഴ വീഴ്ത്തിയ
മഞ്ഞപൂക്കൾ മുറ്റത്ത് കരിയുന്നു
വേഴാമ്പലിന്റെ കരച്ചിൽ

വ്യാജമുഖമുണ്ടാക്കണം
ഇരുപ്പുപലകയിൽ
അഴകിയരാവണനെക്കുറിച്ചസീതയാകട്ടെ ഈ മുഖം
ഇനി സീതയുടെ  പ്രൊഫൈൽ......!!

രതീഷ് കെ എസ്

Wednesday 13 January 2016

കവിത - ചിരിമരണം

ചിരിമരണം...!

മരണത്തിന്
തെളിഞ്ഞു ചിരിച്ചമുഖമാണ്
ചിരിയുറഞ്ഞാണ്
മരണമുണ്ടായത്
ചിരിയെത്രവിധം
മരണമത്ര തരം
പുഞ്ചിരി "സ്വാഭാവിക"മരണമ്പോലെ..
നിയതിതൻ മുന്നിൽ
നിലതെറ്റിവിണവന്റെ
ആത്മാഹൂതി പരിഹാസ്സമല്ലേ
കൊലച്ചിരികളെന്നും
കേട്ടൂ...
മരിച്ചവർക്കെല്ലാം
ചിരിച്ചമുഖമായിരുന്നു

കൂടെ നടന്നവൻ
കുതികാലിട്ടവൻ
കാടം കൊണ്ടവൻ
പിഴച്ചുപോയവൾ
ഇനി ഈ മരണം ചിരിപ്പിക്കുന്നതാരെ....

ഹേ
ശവമഞ്ചക്കാര
ആത്മഹത്യചെയ്യാൻ
കൊതിയാകുന്നു....!!

രതീഷ് കെ എസ്

Saturday 2 January 2016

പെൺകലണ്ടർ കവിത

പെൺകലണ്ടർ...!

കിടപ്പുമുറിയുടെ
തിരുമുറിവിലായിരുന്നു
ആ   കലണ്ടർ.....
തെറ്റാത്തകള്ളികളിൽ
തെറ്റിക്കാതെ ചിലത്
മാസമുറ
പാൽ പത്രം മീൻ
ചോർന്നുപോയ ഗ്യാസ്
മകന്റെ ഫീസ്
വിവാഹം
കുളിപതിനാറുകൾ
ആതിരകൾ
നോമ്പുകൾ
കണ്മഷി പടർന്നത്
കറിക്കത്തികൊണ്ടത്
വേദനകൾ തുന്നിക്കെട്ടുന്ന സൂചിയൊളിപ്പിച്ചത്
ചുവപ്പുകള്ളികൾക്ക്
കാഠിന്യമുള്ള
ഒന്നീന്ന്
ഒന്നേന്ന് തുടങ്ങുന്ന
ഉദായാസ്തമയങ്ങൾ
ക്രമംതെറ്റിയുള്ള
സ്വയം ക്രമീകൃതമായതും

ഒടുവിൽ
മകന്റെ പുസ്തകത്തിന്
പുറംചട്ടയാകാനും
പുകഞ്ഞകൊള്ളികളിൽ
തീ പടർത്താനും

അതേ
കിടപ്പുമുറിയുടെ
തിരുമുറിവായിരുന്നു ആ
കലണ്ടർ....!!

രതീഷ് കെ എസ്സ്