Saturday 27 January 2018

ഓട്ടൽ കുടുംബശ്രീ ( മിനിക്കഥ)

ഓട്ടൽ കുടുംബശ്രീ..!!
( മിനിക്കഥ)

വേളങ്കണ്ണിയിൽ പോയി എളേതിനെ മൊട്ടയടിക്കാൻ അപ്പൻ നേർന്നൂന്ന് പറഞ്ഞ് അവള് പോയിട്ട് മാസം  രണ്ടാകുന്നു.
അന്നുമുതൽ പോറ്റിമാഷിനൊപ്പം എന്റെ അന്നം ഓട്ടല് കുടുംബശ്രീലായി.

"സൈഫൂന്റെ പെണ്ണിന്റെ കൈപ്പുണ്യോം, ആ ഓട്ടലിന്റെ വൃത്തീം അതല്ലേ ഞാൻ അവിടെ കൂടണത്, എടയ്ക്കെടയ്ക്ക് വയറ്റിളക്കം വരൂലാ ഡീസന്റായിപ്പറഞ്ഞാൽ ഡിസൻട്രിന്ന്..."

പോറ്റിമാഷ് നാട്ടിൽ പോയപ്പോൾ ഞാനൊറ്റയ്ക്കായി. എത്രവൈകിയാലും ഞങ്ങൾക്കുള്ള ചോറ് മാറ്റിവയ്ക്കും..

രാവിലെ ചെന്നാൽ യൂണിഫോമിൽ മനാഫും സിയാഫും ക്യാഷിന്റെ അടുത്തുണ്ടാകും കൗണ്ടറിന്റെ ചാർജ്ജ് ബസ് വരുവോളം അവർക്കാണ്, സൈഫൂന് സപ്ലേയറുടെയും,ചായക്കാരന്റെയും ചാർജ്ജ് കർട്ടണിട്ടുമറച്ച അടുക്കളയുടെ ഇരുട്ടിലേക്ക് തുറക്കുന്ന ഒരു ഗുഹയിൽ നോക്ക് സൈഫു ഓർഡർ കൊടുക്കും, അകത്തെ അടുപ്പിന്റെ തീയുടെ വെളിച്ചവും, കടുക്,മുളക് വറുക്കുന്നതിന്റെ മണവും, പുകയും, പിന്നെ പാത്രങ്ങളുടെ കലപിലയും.

ഉച്ചയ്ക്കാണെങ്കിൽ,ക്യാഷിലും സപ്ലേയറുടെയും ചായക്കാരന്റെയും ഭാഗം സൈഫൂന് തന്നെ.
വല്യ തിരക്കുണ്ടാകില്ല മൂന്ന് മേശയും പന്ത്രണ്ട് കസ്സേരയും ഭൂരിഭാഗവും ഒഴിഞ്ഞ് കിടക്കും. മനാഫും സിയാഫും സ്കൂളിലാകും, ഗുഹയിൽ അപ്പൊഴും തീയെരിയുന്നുണ്ടാകും, മണവും പുകയും ഉണ്ടാകും..
രാത്രി എല്ലാം ശാന്തം ഒഴിഞ്ഞ ടേബിളിൽ മനാഫും സിയായും പഠിക്കുന്നുണ്ടാകും. സൈഫു ടീവി വോളിയം കുറച്ച് വാർത്തകാണും. ഗുഹയിൽ നിന്ന് പാത്രങ്ങൾ കരയുന്ന ശബ്ദമിറങ്ങിവരും.

ഇതിപ്പോൾ ആരെയും കാണുന്നില്ല, ഞാനും അല്പം വൈകി. അതാ കർട്ടൺ മറനീക്കി സൈഫൂന്റെ പെണ്ണ് ഗുഹാവാസി...

"കാക്കയും പിള്ളേരും പഷ് ഷോയ്ക്ക് ആദി സില്മ കാണാ പോയിക്കണ്. ങ്ങളെ ചോറ് കയ്പ്പിച്ച്, ഇതും മോറി, അല്പം ഉള്ളിയരിയാനേള്ളൂ.
നാളെ ങ്ങളെ കെട്ട്യോളു വരൂന്ന് ഇക്ക പറയ്ണ കേട്ടല്ലാ ശര്യാണാ..."

ഞാൻ ചിരിച്ചു. അവർ എന്റെ മുന്നിലിരുന്ന് തട്ടം ശര്യാക്കി...

" ഇക്കാക്ക് ആദിം കണ്ട് നടന്നാമതി കുടുംബശ്രീന്നെടുത്ത ലോണിന്റെ ആധീലാ ഞമ്മൾ...കോപ്രേറ്റീവീന്ന് ഒരു ലോണെടുക്കാൻ ങ്ങളെ ശമ്പളത്തിന്റെ പേപ്പർ തരോന്ന് ചോദിക്കാൻ ഇക്ക പറഞ്ഞക്കണ്.
ഓര്ക്ക് നാണക്കേടാന്ന്.  ഞാനല്ലേ എടുത്തത് ഞാൻ തന്നല്ലേ തീർക്കേണ്ടതും..."

ക്യാഷ് കൗണ്ടറിലിരുന്ന് കീറിയ പത്തിന്റെ  നോട്ട് ഒട്ടിക്കുകയായിരുന്നു. അവർ..

"തിങ്കൾ മറ്റേ പേപ്പർ എത്തിക്കാട്ടോ..."

ഊണിന്റെ കാശ് കൊടുക്കുമ്പോൾ അവരെന്റെ വിരലിൽ തൊട്ടോ...?
ഞാനും...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Wednesday 24 January 2018

അപേക്ഷ (കവിത)

അപേക്ഷ..!!

പ്രിയ
സ്നേഹിതാ
എന്നെ നിങ്ങൾ,
സന്മാർഗികളുടെ
വഴിയിലും,
വരിയിലും,
നടക്കാനോ
നിൽക്കാനോ പറയരുത്
എനിക്ക്
നാശത്തിലേക്കുള്ള
വിശാലമായ
പാതയിലൂടെ കൈവീശി
പൂർണ സന്തോഷത്തോടെ  നടക്കാനാണിഷ്ടം...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Tuesday 16 January 2018

ഒരു വെജിറ്റേറിയൻ പട്ടി...!!

ഒരു വെജിറ്റേറിയൻ പട്ടി...!!

...യാലയിലേക്ക് പോകാനാണ് എന്റെ പദ്ധതി, ഇരുന്നൂറ്റി എൺപത്തിയൊന്ന് നോട്ടിക്കൽ മൈലുകൾക്കപ്പുറത്ത് ഒരു സുൽത്താനെയും ഭയപ്പെടാതെ ഞാൻ കഴിയും...
നിങ്ങൾക്ക് ഞാൻ വെറും പേനകാക്കയായിരിക്കും ജന്തുലോകത്ത് കൊവെർഡ്സ് സ്പ്ലെൻഡഡ്.കാവതികാക്കയെന്നോ, ബലിക്കാക്കയെന്നോ അല്പജ്ഞാനികൾ വിളിച്ചേക്കാം...

  വനജ ടീച്ചർക്ക് ഞാൻ ടി രമണിയാണ്. പണ്ടൊരിക്കൽ എച്ചില്പാത്രം കൊത്തിയെടുക്കാൻ ശ്രമിച്ച എനിക്ക്, പാത്രങ്ങൾ മോഷ്ടിക്കുന്ന ഒരു വേലക്കാരിയുടെ പേരുതരികയായിരുന്നു. കൃത്യമായിപ്പറഞ്ഞാൽ  മൂന്നരക്കൊല്ലമായി ഞാനീ കുടുംബത്തിലെ ഒരംഗമായിട്ട്. സുൽത്താനെ ഭയന്ന്, എനിക്കെത്തിച്ചേരാൻ കഴിയാത്തൊരിടത്തേക്ക് അവർ നാടുവിട്ടുപോകുമ്പോൾ ഞാനെന്തിന് ഇവിടെ കഴിയണം...
പോറ്റിമാഷിന് ഇനി രക്ഷയില്ല വനജടീച്ചറെ കയറ്റിവിട്ട് മടങ്ങിവരാനേ കഴിയു. ഇതുവായിക്കുന്ന ആർക്കെങ്കിലും ഭയമില്ലാതെ എഴുതാൻ കഴിഞ്ഞാൽ ഒരു കഥയാക്കിക്കോളൂ. ഒരു കൂവലുപോലെ ഞാനറിയുന്നവ പറയാം അവർക്കുവേണ്ടി ഞാനത്രയെങ്കിലും ചെയ്യണ്ടേ...അഞ്ച് മുപ്പതിന് കൊച്ചി കൊളമ്പോ കപ്പലിൽ എനിക്ക് യാത്രയാകണം..

   സൂറാബിയുടെ മരണശേഷം കുഞ്ഞൈമ്മദ് ഹാജിക്ക് ജീവിതത്തോട് തന്നെ ഒരു മടുപ്പാണ്. കഴിഞ്ഞ മാസം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഈ അറുപത്തിയഞ്ചുകാരന്റെ വിശേഷങ്ങൾ നിങ്ങൾക്കറിയില്ലേ.? നടുകണ്ടീൽ മലഞ്ചരക്ക് വ്യാപരകേന്ദ്രത്തിന്റെ ഉടമയുടെ വീട്ടിലും കടയിലും നിറയെ പക്ഷികളും മൃഗങ്ങളുമാണ്.മകൾ ഹലീമയ്ക്ക് മീനിനോടാണ് പ്രണയം,
ഹാറൂണിന് നായ്ക്കളോടും.ഇത് പത്രത്തിലും ടീവിയിലും നിറഞ്ഞു. നടുകണ്ടീൽ സ്റ്റോറിൽ അങ്ങാടിക്കുരുവികളെ വളർത്തുന്ന ഹാജിയുടെ വിചിത്രസ്വഭാവം വാർത്താ ചാനലുകളിലൂടെ ഒരുപക്ഷേ നിങ്ങളും കണ്ടിട്ടുണ്ടാകും.
ഹാജിയുടെ  മാതൃക ആ  തെരുവ് മുഴുവൻ അനുകരിച്ചു..ഭർത്താവിനോടൊപ്പം ഹലീമ വൈകാതെ ദുബായിലേക്ക് വിമാനം കയറി.
അതിന്റെ അടുത്ത വർഷം ഹാറുണിനും വിസയടിച്ചുവന്നതോടെയാണ്. സുൽത്താനെന്ന രാജപാളയം വേട്ടനായ  ഹാജിയുടെ മുന്നിൽ ഒരു ചോദ്യമായത്..അല്ലെങ്കിലും ഹാറൂണിന്റെ പട്ടിപ്രേമം ഹാജിയാർക്കും അത്ര താല്പര്യമുണ്ടായിരുന്നോ എന്ന് സംശയമുണ്ട്.

കുഞ്ഞൈമ്മദിന്റെ പക്ഷിപ്രേമം വാരാന്ത്യപ്പതിപ്പിൽ സ്പെഷ്യൽ ഫീച്ചറായി വന്നപ്പോൾ ഏറ്റവും സന്തോഷിച്ചതാകട്ടേ ചങ്ങാതിയും ലക്ഷ്മീവിലാസം യൂ പി സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത അദ്ധ്യാപകനും, സഹപാഠിയുമായിരുന്ന പോറ്റിമാഷായിരുന്നു. വാരാന്ത്യപ്പതിപ്പും മടക്കി ഡയറിയിൽ വച്ച്. കുന്നത്തുകാൽ പോലീസ് സ്റ്റേഷനിൽ കയറി തലേദിവസം വീട്ടിൽ നടന്ന മോഷണശ്രമത്തെക്കുറിച്ച് പരാതിയും കൊടുത്ത്, കള്ളന്മാരെയും അവരുപേക്ഷിച്ച വടിവാളും കണ്ട് ഭയന്ന് പനിപിടിച്ച വനജയ്ക്ക്  കവലയിലെ മെഡിക്കൽ സ്റ്റോറിൽ നിന്നും ഗുളികയും വാങ്ങി. ഹാജിയുടെ കടയിലെത്തി. സുൽത്താന്റെ കാര്യത്തിൽ തലപുകഞ്ഞിരിക്കുന്ന ഹാജിയുടെ മുന്നിൽ പതിപ്പ് വച്ചു കൊടുത്തു...
വനജയുടെ പനിയും മോഷണശ്രമവും പറഞ്ഞു തീരാൻ കാത്തിരിക്കും മുന്നേ, ഹാജി സുൽത്താനെ പോറ്റിമാഷിന് ഓഫർ ചെയ്തുകഴിഞ്ഞു. പഴയ ശിഷ്യനായ കുന്നത്തുകാൽ എസ് ഐ പറഞ്ഞ കാര്യങ്ങളും കൂടെ ഓർത്തപ്പോൾ. ആ ഓഫർ നിരസിക്കാൻ പോറ്റിമാഷിനുമായില്ല.ആ ദിവസം തന്നെ സദ്ഗമയിലെ കാവൽക്കാരനായി സുൽത്താൻ അധികാരമേറ്റു..അരിയിറക്കിയ ലോറിയിൽ കൂടുസഹിതം സുൽത്താനെ ഹാജി  എത്തിച്ചുകൊടുക്കുകയായിരുന്നു...

പോറ്റിമാഷിന്റെ അയൽക്കാരനും പെറ്റ്സ് ഷോപ്പുടമയുമായ അബേൽ ആന്റണിക്ക് രാജപാളയത്തെ പുകഴ്ത്താനേ സമയമുണ്ടായിരുന്നുള്ളു..കൂർത്തവാലും നീണ്ടകാലും വെളുത്തനിറവും തൂക്കവും യജമാനഭക്തിയും വേട്ടമികവും അവതരിപ്പിച്ച് തീറ്റയിലെത്തിയപ്പോൾ പോറ്റി- വനജദമ്പതികൾക്ക് ഞെട്ടലുണ്ടായി. അടുക്കളപ്പണിക്ക് നിൽക്കുന്ന മുടന്തിപ്പെണ്ണ് ജയന്തിക്കുപ്പോലും മത്സ്യമാംസങ്ങൾ പോയിട്ട് മുട്ടപോലും സഹിക്കില്ല. ഇവിടെ സുൽത്താന്റെ കൂട്ടിൽ തിന്നു തീർത്ത ബിരിയാണിയിലെ എല്ലിൻ കഷ്ണങ്ങൾ അവശേഷിക്കുന്നു.
എൽദോസിന്റെ ഹോട്ടലിനെ മനസിൽ ധ്യാനിച്ച് രണ്ടാളും ആശ്വസിച്ചു.തുടർദിനങ്ങളിൽ എൽദോസിന്റെ ഹോട്ടലിലെ സസ്യേതരകുട്ടുകൾ സദ്ഗമയിലേക്കും എത്തി..

വർഷത്തിൽ ഒരിക്കൽ ഒരുമാസം നീണ്ടുനിൽക്കുന്ന ഒരു ക്ഷേത്രസന്ദർശനം വനജ ടീച്ചർക്കുണ്ട്.
കൂടെ ജോലിചെയ്ത ചിലരും,കുറച്ച് ബന്ധുക്കളും..ആ സമയങ്ങളിലാണ് പോറ്റിമാഷ്  പോറ്റിമാഷിനുള്ളിലെ മറ്റൊരാളെ  സ്വയം കയറൂരിവിടുന്നത്.കൂട്ടുകാരുമൊത്ത് യാത്രകൾ, ആബേലാന്റണിയൊപ്പം മദ്യസേവ, ഉച്ചവെയിലുവരുവോളം ഉറക്കം. സുൽത്താന്റെ കാര്യം മറന്നുപോയിരുന്നു. ജയന്തിയും അത്തരം അവസരങ്ങളിൽ ബന്ധുവീടുകളിലേക്ക് എന്തെങ്കിലും മുടന്തൻ ന്യായം കണ്ടെത്തി പോകാറുണ്ട്..
ഇത്തവണ സുൽത്താന്റെ കാര്യമോർത്ത് പോറ്റിമാഷ്  യാത്രകളുടെ നീളം കുറച്ചു..ഒരുദിവസം ആബേലിന്റെ അളിയന്റെ വക 'വിദേശിയെ' പാനം ചെയ്ത് സമയം ഏറെയായി, ക്ഷേത്രത്തിൽ നിന്ന് നേരെ ആബേലിന്റെ വീട്ടിലേക്കായിരുന്നു പോയത്..
ആബേൽ,
നടപ്പിന്റെയും നാവിന്റെയും താളം പിഴച്ചുതുടങ്ങിയ പോറ്റിമാഷിനെ പടിക്കലോളം കൊണ്ടുചെന്നാക്കി. വീട്ടിലേക്കുള്ള താളം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ പോറ്റിമാഷിന്റെ പൊതിയിലേക്ക് സുൽത്താൻ ചാടിവീണു. വിഷ്ണുത്തുകാവിലെ പഞ്ചാമൃതത്തിന് വിശപ്പുകാരനണം   നെയ്ച്ചോറിനെക്കാൾ രുചിതോന്നി.
നിലത്ത് തൂണിൽ ചാരിയിരുന്ന്, പോറ്റിമാഷ് ചിരിയോട് ചിരിയായിരുന്നു..അരണയുടെയും പല്ലിയുടേയും ഒരിക്കൽ എന്റെ നേർക്കും കുരച്ചുചാടിയ സുൽത്താന്റെ പരാക്രമം എനിക്കല്ലേ അറിയൂ..

പോറ്റിമാഷ് പിന്നെ ഒരു ജ്ഞാനമാർഗം അവതരിപ്പിക്കുന്നതുപോലെ സുൽത്താനോട് സംസാരിക്കാൻ തുടങ്ങി....

"എടോ സുൽത്താനെ നിനക്ക് നിന്റെ ചരിത്രമറിയാഞ്ഞിട്ടാണ്, ഈ രാജ്യത്തിന്റെ പൈതൃകം നിന്നെപ്പോലെ അവകാശപ്പെടാവുന്ന മറ്റൊരു പട്ടിയും ഈ നാട്ടിലില്ല, വിരുതുനഗറിലെ നിന്റെ പൂർവ്വികർ ബ്രീട്ടിഷുകാരോട് കർണാട്ടിക്ക് യുദ്ധത്തിൽ വീരസ്വർഗം പൂകിയവരാണ്, രണ്ടായിരത്തിയഞ്ചിൽ നിന്നെ തപാൽ മുഖമാക്കി ഈ രാജ്യം ആദരിച്ചതാണ്..ആ നിന്നെ ആ കുഞ്ഞൈമ്മദും അവന്റെ  മോനും സുൽത്താനാക്കി, ചത്തതും ചീഞ്ഞതും തിന്നുന്ന ഒരു വൃത്തികെട്ട മൃഗമാക്കി, നീ ഉണരണം, നിന്നിലെ ബോധമുണരണം.നിന്നെ നീയല്ലാതാക്കിയത് കടൽ കടന്നുവന്ന ആ കൂട്ടരാണ്, നീയാണ് രാജ്യത്തിന്റെ ഭാവി, നീയുണർന്നാൽ ഈ നാടുണർന്നു. ഇന്നുമുതൽ നീ സുൽത്താനല്ല, ബി.ജെ  പ്രാതാപ് രാജാണ്...."

പോറ്റിമാഷ് പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു. സുൽത്താൻ ന്റെ ചുറ്റും
ഒരു പ്രകാശവലയം വന്നു നിറയുന്നതുപോലെ എനിക്കുതോന്നി..
പോറ്റിമാഷിന്റെ തല തന്റെ ശരീരത്തിലേറ്റി സുൽത്താൻ കിടന്നു..

ഇളം വെയിലിന്റെ ചൂടുതട്ടി പോറ്റിമാഷുണരുമ്പോൾ, സൂര്യനഭിമുഖമായി ഇരുകാലിലുയർന്ന് നിൽക്കുന്ന സുൽത്താനെയാണ് കാണുന്നത്...
എൽദോസിന്റെ ഹോട്ടലിൽ നിന്ന് ഇറച്ചിചേർത്ത് ചോറുകൊണ്ടുവന്ന് വച്ചിട്ടും അതിലേക്കൊന്ന് നോക്കാൻ സുൽത്താൻ തയാറായില്ല..ജയന്തി മുടന്തി മുടന്തിക്കൊണ്ടുവച്ച അവിയലുകലർന്ന ചോറ് ആർത്തിയോടെ തിന്നുന്നത് കണ്ട് പോറ്റിമാഷിന് അത്ഭുതം തോന്നി...

കൂട്ടുകാരികൾക്കൊപ്പം പടിപ്പുരകടന്നുവന്ന, വനജ ടീച്ചർക്ക് ചുറ്റും വല്ലാത്ത സ്നേഹത്തോടെ സുൽത്താൻ ഓടിനടന്നു.പ്രസാദപ്പൊതിയിൽ നിന്ന് നിലത്തുവീണ ഉണ്ണിയപ്പം ഒറ്റച്ചാട്ടത്തിന് അകത്താക്കി..
സുൽത്താനിതെന്തുപറ്റിയെന്ന് ചോദിച്ച വനജടീച്ചറോട്,

"ഞാൻ ബി എസ് പ്രാതാപാണെന്ന്" സുൽത്താൻ തിരുത്തിയത് കേട്ട് അവർ മോഹാലസ്യപ്പെട്ട് വീണു. ജയന്തി അടുക്കളയിലേക്ക് ഏന്തിവലിഞ്ഞോടി. പോറ്റിമാഷ് വനജടീച്ചറെ കട്ടിലിൽ കിടത്തുന്ന തിരക്കിലായിരുന്നു.. ഉച്ചയ്ക്ക് ജയന്തിയുടെ ഉച്ഛത്തിലുള്ള നിലവിളികേട്ട് രണ്ടാളും മുറ്റത്തിറങ്ങുമ്പോൾ ഗേറ്റ്കടന്ന് മുന്നിലെ മൺപാതയിലൂടെ  ജയന്തി ഓടിപ്പോകുന്നതും. ക്രൂരമായ കുരയോടെ അവളെ ഓടിച്ച സുൽത്താനെയും കണ്ടു. കൂട്ടിനുമുന്നിൽ തൈരുചേർത്ത ചോറിൽ പിൻ കാലുകൊണ്ട് മണ്ണ് തെറിപ്പിക്കുന്നതിനിടയിൽ സുൽത്താൻ പറഞ്ഞു...

".അവൾക്ക്  ഒരു മഞ്ഞിച്ച നിറമുണ്ടെന്നേയുള്ളൂ, പതിഞ്ഞമുക്കും, ചുരുണ്ടമുടിയും, ആ വിരലുകളും കണ്ടാലറിയാം ഈ പറമ്പിൽ കേറ്റാൻ കൊള്ളാത്ത ഇനമാണ്..."

സുൽത്തൻ പിൻ കാലുകൊണ്ട് ജയന്തിയുടെ ചോറ്റിൽ മൺകൂനയുണ്ടാക്കിയിരുന്നു...
വനജടീച്ചർക്ക് വീണ്ടും തലചുറ്റലുണ്ടായി...

പിന്നീടുണ്ടായതൊന്നും നിങ്ങളാരും വിശ്വസിക്കുമെന്ന് തോന്നണില്ല, എങ്കിലും പറയാതിരിക്കുന്നത് നന്നല്ലല്ലോ...?
യോഗാ പരിശീലനം, മനോവാണിയിലെ ആത്മീയസന്ദേശങ്ങൾ ശ്രദ്ധിക്കൽ, അങ്ങനെ സുൽത്താന്റെ പൂർണനിയന്ത്രണത്തിലേക്ക് സദ്ഗമയ നീങ്ങുകയായിരുന്നു..
പ്രഭാതഭക്ഷണത്തിനൊപ്പം,
"ഈ നാടിന്റെ ശുദ്ധീകരണത്തിനും,സംസ്കൃതിയുടെ മടങ്ങിവരവിനും ഉതകുന്നവിധം ഈ സദ്ഗമയെ മാറ്റിയെടുക്കേണ്ടതുണ്ട്, അതിന് നിങ്ങൾ എന്നോട് സഹകരിച്ചേ മതിയാകൂ..." എതിർത്തൊന്നും മിണ്ടാനാകാത്ത വിധം പോറ്റി-വനജദമ്പതികളിരുന്നു പോയി.

അതിനിടയിൽ പെൺപാളയവുമായി ഗേറ്റുകടന്നുവരുന്ന ആബേലാന്റണിയെ പോറ്റിമാഷ് ഭയത്തോടെ നോക്കി, സുൽത്താന്റെ പ്രതികരണമെന്താകുമായിരുന്നു എന്നദ്ദേഹത്തിനറിയില്ലല്ലോ...പെൺപാളയം പതിനെട്ടടവ് പയറ്റിയിട്ടും സുൽത്താൻ ധ്യനത്തിലെന്നപോലെ ഒറ്റയിരുപ്പിരുന്നുകളഞ്ഞു..നഷ്ടബോധത്തോടെ ആബേലാന്റണിയും പെൺപാളയവും മടങ്ങുമ്പോൾ കണ്ണുതുറക്കാതെ സുൽത്താൻ വ്യക്തമാക്കി....

" ഈ പുത്തൻ കൂറ്റുകാർക്ക് കൈസറിനെയും, ടൈഗറിനെയും ജാക്കിയേയും പെറ്റുകൂട്ടാൻ നമ്മുടെ വിത്തുകകളിനി പാകമാകരുത്. കഴിഞ്ഞകാലങ്ങളിൽ
നമ്മുടെ ശേഷണത്തിന് നാം കാരണമായതുപോലെ നമ്മുടെ പോഷണത്തിലാകണം ഇനി ശ്രദ്ധ, ഇല്ലെങ്കിൽ ശതമാനക്കണക്കിലും നമ്മൾ പിന്നിലാകും..."...

അടുത്ത ദിവസത്തേത് ഇതിലും ഭീകരമായിരുന്നു. റോഡിലൂടെ പാഞ്ഞുപോയ ഒരു ബൈക്കിനെ തട്ടി സുൽത്താൻ കിടക്കുന്നു. യാത്രക്കാരായ കുട്ടികൾ അബോധാവസ്ഥയിലും, പോലീസ് സ്റ്റേഷനിൽ നിന്നും, ആശുപത്രിയിൽ നിന്നും കിട്ടിയ ബില്ലുകൾ അടച്ചുതീർത്ത് വരുമ്പോൾ, സുൽത്താൻ കിടക്കുകയായിരുന്നു...പോറ്റിമാഷിനെക്കണ്ടതും മുറിവേറ്റ ധീരനായ യോദ്ധാവിനെപ്പോലെ സുൽത്താൻ എണീറ്റുനിന്നു....

" ഒന്നെങ്കിലും തീർന്നോ, അവന്മാരെ എനിക്കറിയാ ബ്രദേഴ്സ് ബീഫ് സ്റ്റാളിന്റെ ഉടമകളാ, ആ നശിച്ചവീട്ടിലായിരിക്കുമ്പോൾ, അവർക്കും എനിക്കും കൊന്ന പാപത്തിന്റെ പങ്കുമായി വരാറുണ്ടായിരുന്നു...തിന്നപാപത്തിന്റെ പങ്ക് കൊന്നുതീർക്കാനാണ് ഞാൻ ശ്രമിച്ചത്..." ഇ വനജടീച്ചർ വാപൊത്തി കിടപ്പുമുറിയിലേക്കോടി, മിണ്ടാനാകതെ നിന്ന പോറ്റിമാഷോട്,
മനോവാണികേൾക്കാൻ റേഡിയോ ഓൺചെയ്യാൻ ആജ്ഞാപിച്ചു.

അന്ന് രണ്ടും കല്പിച്ച് ഒരു പരീക്ഷണമെന്ന നിലയിലാണ്, സുൽത്താന്റെ
ചോറിനുള്ളിൽ അല്പം മാംസ കഷ്ണം  ഒളിപ്പിച്ചത്..പിന്നീട് നടന്നത് തികച്ചും നാടകീയ മുഹൂർത്തങ്ങളായിരുന്നു.സുൽത്താൻ പോറ്റിമാഷിന്റെ കാൽക്കൽ വീണ് യാജനാസ്വരത്തിൽ ഈ നാടിന്റെ ആത്മാവിനെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും വാദിച്ചു...
ഒടുവിൽ കണ്ണിൽ കോപം നിറയുന്നത് കണ്ട് പാത്രത്തോടെ കുഴിച്ചിടാൻ വനജടീച്ചർ തയാറായി..

ആബേലിന്റൊപ്പമിരുന്ന് പോറ്റിമാഷ് വൈകിയപ്പോൾ വീട്ടിൽ വനജടീച്ചർ ഉരുകുകയായിരുന്നു..
മുറ്റത്ത് അസ്വസ്തതയോടെ നടക്കുകയും, ഇടയ്ക്ക് വനജടീച്ചർക്ക് നേരെ ചില ചോദ്യങ്ങളുയർത്താനും തുടങ്ങി....

"ഈ നാട്ടിൽ ഭൂരിപക്ഷത്തിനും ദേശസ്നേഹമില്ല, രാജ്യദ്രോഹികളെക്കൊണ്ട്  നിറഞ്ഞ നാട്ടിൽ നമ്മുടെ സംഘശക്തിയും ചോർന്നുവരുന്നു, ഈയവസരത്തിൽ പോറ്റിയെപ്പോലൊരു മനുഷ്യൻ ജാഗ്രതകാണിക്കാതിരിക്കുന്നത് അധർമ്മമല്ലേ..?" പടിപ്പുരയിൽ നടത്തത്തിന് അപൂർവ്വമായി സംഭവിക്കുന്ന താളപ്പിഴയുമായി പോറ്റിനിൽക്കുന്നത് കണ്ട് കിണറ്റിൽ കരയിലേക്ക് കൊണ്ടിരുത്തി തലതണുപ്പിക്കാൻ സുൽത്താൻ ആജ്ഞാപിച്ചു...

അത്താഴത്തിനുപോലും നിൽക്കാതെ മൂന്നാളും ഉറക്കത്തിലേക്ക് പോയി, മകനെ ഒന്നറിയിക്കാനാകാത്തവിധം ഫോൺ ബന്ധം വിശ്ചേദിച്ചതും, പത്രക്കാരനെ പലതവണ വിരട്ടിയതും, വായനശാല ഉത്ഘാടനം ചെയ്യാനെത്തിയ കവിയെ കടിച്ചുകുടഞ്ഞതും എന്തിനാണെന്ന് ഞങ്ങൾക്കേ അറിയൂ.പോറ്റി- വനജദമ്പതികളുടെ ചിന്തകൾ പോലും സുൽത്താന്റെ തടവിലായിരുന്നു.

പാതിരാത്രിയിൽ തന്റെ നേർക്ക് തിരിഞ്ഞ്  തിളങ്ങുന്ന ആ കണ്ണുകൾ കണ്ട് പോറ്റി, എണിറ്റുനിന്നുപോയി, പുറത്തേക്കിറങ്ങിയ കണ്ണുകൾക്ക് പിന്നാലെ പോറ്റിയും അനുഗമിച്ചു.
നിലാവത്ത് സുൽത്താൻ പത്മാസനത്തിലിരുന്നു.

" ഈ നാടിന്റെ നവീകരണത്തിന്റെ കേന്ദ്രമായി ഉടൻ ഈ സദ്ഗമയ മാറും, മിസ്റ്റർ പോറ്റിയാകും മുഖ്യകാർമ്മികത്വം വഹിക്കുന്നത്, പദ്ധതികൾ ആസൂത്രണ ചെയ്യാനും നിർദ്ദേശങ്ങൾക്കും,ക്രമീകരണത്തിനുമുള്ള സംഘം ഉത്തരേന്ത്യയിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞു. ഉടൻ വനജയുമായുള്ള ബന്ധം.അറുത്തെറിയണം. അവർ ക്യാനഡയിൽ അവരുടെ പുത്രിയോടൊപ്പം കഴിയട്ടേ..കാര്യങ്ങൾ ഉടൻ നീക്കണം, യാത്രയ്ക്ക് മുൻപ് അവരിതറിയരുത്, എങ്കിൽ എനിക്കവരെ...." ഭയത്തിന്റെ ചില കുത്തുകളിട്ട് സുൽത്താൻ നിർത്തി...

"നാളെ ജയന്തിയുടെ കുട്ടർ ചിലപ്പോൾ ഈ വീട്ടിലേക്ക് വന്നേക്കാം, അവരെ പ്രതിരോധിക്കാൻ ഞാൻ ഒരു സംഘം തയാറാക്കിയിട്ടുണ്ട്, ഗേറ്റിന് പുറത്ത് വ ച്ച് താങ്കൾക്ക് പേശിത്തീർക്കാൻ ആയില്ലെങ്കിൽ ബാക്കി ഞങ്ങൾക്കുവിട്ടേക്കൂ..."

ഇരുട്ടിൽ തിളങ്ങുന്ന ഒരു കൂട്ടം കണ്ണുകളുടെ അടുത്തേക്ക് സുൽത്താൻ ഗൗരവത്തിൽ ഇറങ്ങിപ്പോയി...
പിറ്റേന്ന് വൈകിവന്ന പോറ്റിമാഷോട് ചില ചിതറിയ ചോദ്യങ്ങൾ മാത്രമേ സുൽത്താൻ ചോദിച്ചുള്ളു...

"പേപ്പറുകൾ ശരിയായോ..? എന്ന് ശരിയാകും? എന്നാണ് പുറപ്പെടേണ്ടത്..?" മറുപടിയും ചിതറിയതായിരുന്നു...

" വൈകാതെയുണ്ടാകും, കാര്യങ്ങൾ ദ്രുതഗതിയിൽ നീങ്ങുന്നു..."

കിടപ്പുമുറിയുടെ വാതിലിൽ പോറ്റിമാഷിന്റെ കാൽപ്പെരുമാറ്റം കേൾക്കാൻ കാതോർത്ത് കിടക്കുകയായിരുന്നു വനജടീച്ചർ...
വന്നപാടെ ബനിയനുള്ളിൽ നിന്നെടുത്ത വിമാനടിക്കറ്റുകൾ കണ്ട് എനിക്ക് ഭയവും സന്തോഷവുമുണ്ടായി. സുൽത്താനിൽ നിന്ന് അവർ രക്ഷാമാർഗം കണ്ടെത്തിയിരിക്കുന്നു...കട്ടിലിനടിയിൽ ക്രമീകരിച്ചുവച്ച ചെറിയബാഗിലേക്ക് വനജ ടീച്ചർ രേഖകൾ സുരക്ഷിതമാക്കിവച്ചു..കൊച്ചിയിൽ നിന്ന് പന്ത്രണ്ടായിരം കിലോമീറ്ററുകൾക്കപ്പുറമുള്ള ക്യാനഡയിലേക്ക്, മുക്കാൽ ലക്ഷത്തിന്റെ ടിക്കറ്റ് ഇരട്ടിവിലയ്ക്ക് വാങ്ങിവന്നിരിക്കുകയാണ്.പോകട്ടേ പോയി രക്ഷപെടട്ടേ...അത്രയും ദൂരം എനിക്കാകില്ലല്ലോ? അതുമല്ല അവിടെന്താകും കാലവസ്ഥ?
എനിക്ക് അതിജീവിക്കാനുമാകുമെന്നുറപ്പില്ല...

രാത്രി രണ്ടോടുപ്പിച്ചാണ്, ആ കണ്ണുകൾ കട്ടിലിനടിയിൽ ഞാൻ കണ്ടത്...
ഉറപ്പ് സുൽത്താന്റെ ലക്ഷ്യം പോറ്റിയുടെ ടിക്കറ്റുതന്നെ..ഇതൊന്നും അറിയാതെ ഇലയനക്കമുണ്ടാക്കാതെ ആ ദമ്പതികൾ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ...
മുറ്റത്ത് മറ്റൊരുകോണിൽ ഉറക്കം നടിച്ചു കിടക്കുന്ന ആ ശ്വാനയോഗിയുടെ അകക്കണ്ണിലെ തിളക്കം എനിക്ക് കാണാമായിരുന്നു....

മുപ്പത്തിമൂന്ന് വർഷത്തെ പ്രണയത്തെ പിരിച്ചുകൊണ്ട് കനേഡിയൻ വിമാനം പറന്നകന്നിട്ടുണ്ടാകും.
ഉത്തരേന്ത്യയിൽ നിന്നെത്തിയ സംഘം നിമിഷങ്ങൾക്കുള്ളിൽ പണിതുടങ്ങിയിരിക്കുന്നു.
വെളിച്ചം കടക്കാതിരിക്കാൻ എല്ലാ ഭാഗങ്ങളും സീലുചെയ്യാൻ തുടങ്ങുന്നു.എല്ലാത്തിനും.മേൽനോടായി സുൽത്താൻ ഓടിനടക്കുന്നു..

എനിക്കിപ്പോൾ ഈ ഇലട്രിക്ക് കമ്പിയിലിരുന്ന് കാണാനാകുന്നുണ്ട്.. തലകുനിഞ്ഞ് ആ കയറിവരുന്നത് പോറ്റിമാഷാണ്..
മുന്നിലൂടെ ഇരുകാലിൽ നടക്കുന്നത് സുൽത്താനും..
കുനിഞ്ഞ് കുനിഞ്ഞ്. പോറ്റിമാഷ് നാലുകാലിൽ നടക്കാൻ തുടങ്ങിയത് ഒരുനോക്കേ ഞാൻ കണ്ടുള്ളൂ..
വിദേശങ്ങളിലേക്കുള്ള
കപ്പലുകൾ കൃത്യസമയം പാലിക്കാറുള്ളത് ഞാനോർത്തു...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)