Wednesday 13 January 2021

ചിന്ത ബുക്സ് ആമുഖം

                 ഒരു കഥയിലെന്തിരിക്കുന്നു.? ഞാനതിൽ നൊന്തിരിക്കുന്നു.

      ഉഗ്രനൊരു നുണ പറഞ്ഞാണ് അമ്മ ആ ചെറുക്കനെ കൊല്ലത്തെ അനാഥാലയത്തിൽ കൊണ്ടാക്കിയത്.നാലു നേരം മീങ്കറി കൂട്ടി ചോറ്‌, പുട്ടിന്റെ ഒപ്പം ഒരു പാത്രത്തിന്റെ വലിപ്പമുള്ള പപ്പടം,ശക്തിമാന്റെ സീരിയലുള്ള കളർ ടീ.വി,ടൈകെട്ടി യൂണിഫോമും ഇംഗ്ലീഷ് പഠിപ്പിച്ച് പോലീസാക്കുന്ന ബസുകളുള്ള സ്‌കൂളും.ആറ്റരികെയുള്ള പുല്ലുമേഞ്ഞ ഒറ്റ മുറിയിലിരുന്ന് അമ്മ പറഞ്ഞതിൽ പകുതിയോളം കല്ലുവച്ച നുണകളോ കഥകളോ ആയിരുന്നു. അവിടെ എന്നും പാതിവിശപ്പേയുണ്ടായിരുന്നുള്ളൂ, പക്ഷേ ആലയത്തിലെ പത്തെഴുപത്തിരണ്ട് പേർക്കും അമ്മയെ കാണണം വീട്ടിൽ പോകണം എന്നൊക്കെയുള്ള മുഴുനീറ്റലായിരുന്നു..

      വഴിയേ പോകുന്നവരെല്ലാം അവരുടെ ആരെങ്കിലും ആയിരിക്കുന്നുമെന്ന് സകലരും  ഗ്രില്ലിന്റെ ഉള്ളിൽ നിന്ന് കൊതിക്കും.നാലു നാലര വയസുള്ള കൂരിക്കാസ് ചെറുക്കന് ജനാലയിലൂടെ പുറത്തേക്ക് നോക്കാൻ പോലും എത്തില്ലായിരുന്നു.അഞ്ചിലും എട്ടിലും പഠിക്കുന്ന അണ്ണന്മാര് അവനോട്  കഥപറയും വീടും വീട്ടുകാരും നിറയുന്ന കഥകൾ.അങ്ങനെ എന്നുമുതലോ മൂത്രമണമുള്ള ആ ചെറുക്കനും അവനിലും ചെറുതുകളോട് കഥ പറയാൻ തുടങ്ങി.
    
      നെയ്യാറും ചീങ്കണ്ണിയും പന്തയെ കിടുക്കി വിറപ്പിക്കുന്ന കമ്യുണിസ്റ്റ് സുകുമാരൻ മാമനും, നൂറേക്കറിന്റെ ജന്മിയായ അമ്മാമ്മയുടെ നന്ദിനിപ്പശുവും,എന്നും രുചിയൻ മാങ്ങ കിട്ടുന്ന കോട്ടൂർകോണം മാവും ചേർന്ന് കഥയോട് കഥയായി.കഥയെല്ലാം തീർന്നപ്പോൾ നുണ ചേർത്ത് പുതിയ കഥയുണ്ടാക്കി.എന്നാൽ സത്യമെന്താണെന്നൊ..? ഈ ചെക്കന്റെ അമ്മയ്ക്ക് നാലോ അഞ്ചോ വയസുള്ള കാലത്ത് നെയ്യാർഡാമിന്റെ പണി നടന്ന് വീടും വയലും നാന്ദിനിപ്പശുവും  മുങ്ങിപ്പോയെന്നും, അപ്പൂപ്പന് ഭ്രാന്തുപിടിച്ച് കെട്ടിത്തൂങ്ങി ചത്തെന്നും ആ ഭ്രാന്തിന്റെ പാരമ്പര്യം അവനും അവന്റെ സുകുമാരൻ മാമനുമുണ്ടെന്ന് നമ്മളോർക്കണം..
      
      അവന്റെ കഥകൾ ആദ്യമൊന്നും ആരും എളുപ്പത്തിൽ സമ്മതിച്ചു കൊടുത്തില്ല, പിന്നെപ്പിന്നെ അവർക്കാർക്കും 'നുണ' കണ്ടെത്താൻ കഴിയാത്ത രീതിയിൽ അവനതിനെ മിനുക്കി.ഇതിനെല്ലാം അവന്റെ ഗുരു ആരാണെന്നാ നിങ്ങടെ വിചാരം.?പുട്ട് ചോദിച്ച കൊതിയൻ  ചെറുക്കനോട് പുട്ടുകുടത്തിൽ മഞ്ഞച്ചേരയിരുന്നതറിയാതെ പുട്ടുണ്ടാക്കിയ അമ്മയും, തിന്ന് ചത്തു പോയ മക്കളുടെയും കഥ പറഞ്ഞ് പുട്ട് പ്രതിസന്ധി ഈസിയായി കടന്നുപോയ വിജയമ്മ.അതു മാത്രമോ ഐസ്ക്രീം കഴിച്ചാൽ കുട്ടികൾ മയങ്ങി വീഴുമെന്നും ഐസ്ക്രീംകാരൻ കരളും കണ്ണും കുത്തിയെടുക്കുമെന്നുമുള്ള അധോലോകക്കഥ ആ അമ്മ അഭിനയിച്ചു പറഞ്ഞാൽ ആരെങ്കിലും അതിന് വേണ്ടി കരയുമോ..? പത്ത് ജയിച്ചാൽ മോതിരവും സ്വർണവാച്ചും കെട്ടി, ഗ്രൂപ്പ്‌ ഫോട്ടോയും എടുക്കാമെന്ന് വാഗ്ദാനം നൽകി, 25 പൈസയുടെ കാർഡിലൂടെ ആ ചെറുക്കനെ സ്ഥിരമായി പ്രേരിപ്പിച്ച ടീമാണ്..

       ഓണവും ക്രിസ്തുമസും വന്ന് ഒട്ടുമിക്ക കുട്ടികളും വീട്ടിലേക്ക്‌ പോയാലും ആ കൂരിക്കാസ് ചെറുക്കനെ വിളിക്കാൻ ആ അമ്മ വരില്ല.അവര് അന്നൊക്കെ ഏതോ അച്ചായന്റെ വീട്ടിലെ അടുക്കളയിൽ കണ്ണീരും ചേർത്ത് ക്രിസ്‌തുമസ്‌‌ കേക്കുകളുണ്ടാക്കുകയായിരുന്നു.ഡിസംബറിലെ തണുപ്പൻ രാത്രികളിൽ ആ വലിയ കെട്ടിടത്തിന്റെ ഇരുട്ട് മുറിയിലിരുന്ന് അവൻ നാട് നിറയെ പൂത്ത് കിടക്കുന്ന 'ചൊടക്കും' നെയ്യാറ്റിലെ 'കൊർണകളും', ചായക്കട സായിപ്പിന്റെ 'തീറ്റയും' രസവടയും ചേർത്ത് അവനോട് തന്നെ കഥ പറയും. ഇല്ലെങ്കിൽ അവനറിയാം കരച്ചിൽ വരും.കരഞ്ഞാൽ ആരും കേൾക്കാനില്ലാന്ന് മാത്രമല്ല, ഏങ്ങി ഏങ്ങി ശ്വാസം മുട്ടും അത്രതന്നെ..
       
        അവധിയും കഴിഞ്ഞ് വരുന്ന കൂട്ടുകാരോട് പറയാൻ ബാക്കി സമയം പുതിയ കഥയുണ്ടാക്കാൻ തുടങ്ങും.ഓരോ വർഷവും വരുന്ന പുതിയ കുട്ടികളോട് അല്ല പുതിയ നമ്പറുകളോട്, ഒരു കാര്യം വിട്ടുപോയി അവിടെ  പേരുകൾക്ക് വലിയ പ്രസക്തിയില്ല കേട്ടോ. ഓരോരുത്തരും ഓരോ നമ്പറുകളുണ്.നമ്മുടെ ആ കരിമൻ ചെറുക്കൻ 'KNH 0326'. ഉടുപ്പിന്റെ കോളറിലും നിക്കറിന്റെ പോക്കറ്റിലും ചോറിന് വരി നിൽക്കുന്ന പാത്രത്തിലും ഗ്ലാസ്സിലും, ട്രെങ്ക്പെട്ടിയിലും ചെരുപ്പിലും എന്നുവേണ്ട  അവനോന്റെ കിങ്ങിണിയിൽ പോലും ഈ നമ്പർ എഴുതിവയ്ക്കും.അങ്ങനെയുള്ള ആ ചെറുക്കൻ ഈ നമ്പറിന്റെ പേരിൽ കഥയുണ്ടാക്കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..

     ഇതൊക്കെ ഉള്ളിൽക്കിടക്കുന്ന അവനോട് നാലാം ക്ലാസിലെ സാറ് ഭാവിയിൽ നീ ആരാകും എന്ന് ചോദിച്ചാൽ, നെയ്യാറിലെ എസ് ഐ ആയി, അവനെയും അമ്മയേയും കളഞ്ഞിട്ട് പോയ അപ്പനെ കണ്ടുപിടിച്ച്  'കുറുക്കിന്' രണ്ടിടി കൊടുക്കും എന്നൊക്കെയല്ലേ പറയൂ..? അതുകേട്ട് ചിരിച്ചുപോയ അദ്ധ്യാപകനെ എത്രകാലം കഴിഞ്ഞാലും ഇപ്പോൾ അവനൊരു അദ്ധ്യാപകനായാലും അതൊക്കെ  സമാന സാഹചര്യങ്ങളിൽ ഓർക്കാതിരിക്കുമോ..?. ഇങ്ങനെ നുണ അതിജീവനമാക്കിയവന് ഏറ്റവും നല്ല തൊഴിൽ അദ്ധ്യാപനം തന്നെയാണ്‌.തന്റെ മലയാളം ക്ലാസ് മുറിയിൽ ഒരു കോട്ടുവായ് പോലും കയറി വരാത്തവിധം പിളളരെ കരയിക്കാനും ചിരിപ്പിക്കാനും എത്രയെത്ര നുണകളാണ് ആവർത്തിച്ച് പറഞ്ഞ് സത്യമാക്കുന്നത്.അതിനെ ചിലപ്പോൾ സാഹിത്യഭാഷയിൽ കഥയെന്നോ എഡിറ്റിംഗ് എന്നോ പറഞ്ഞേക്കാം..

    ഇതൊന്നുമല്ല കേട്ടോ, അന്നൊക്കെ വലിയ അണ്ണന്മാരും അടുക്കളയിൽ ജോലിക്ക് നിന്ന മാമനും ഇണതേടി വരുമ്പോൾ ചന്തിയിൽ സ്വയം പുണ്ണുണ്ടാക്കി രക്ഷപ്പെട്ട ചെറുക്കനാണോ ഭാവനയും ചേർത്ത് കഥയുണ്ടാക്കാൻ പ്രയാസം. അവിടെ നിന്ന് പുറത്താക്കിയിട്ടും കൊല്ലം പട്ടണത്തിൽ തട്ടുകടയിലും ബസിലും ഹോട്ടലിലും സ്റ്റേഷണറിക്കടയിലും ബാറിലും കശുവണ്ടി കമ്പനിയിലും പണിയെടുത്ത് ബി എഡ് വരെ ഒപ്പിച്ചതൊക്കെ നിങ്ങൾക്ക് വെറും കഥയാണെന്ന് തോന്നും. പക്ഷെ അവന് അതൊക്കെ അവന് അനുഭവങ്ങളുടെ ഫിക്സഡ് ഡെപ്പോസിറ്റാണ്.നെറ്റ് പരീക്ഷ ഫീസ് അടയ്ക്കാൻ രാത്രിയിൽ തമിഴൻ കൂട്ടുകാരന്റെ ഒപ്പം സെപ്ടിക്ക് ടാങ്ക് ക്ളീൻചെയ്യാൻ പോയത് ആദ്യമായി പ്രണയമുണ്ടായവളുടെ വീട്ടിലായിപ്പോയാൽ എന്തായിരിക്കും നിങ്ങടെ അവസ്ഥ? ഇക്കാലത്തെ പിള്ളേർക്ക്  കെട്ടിത്തൂങ്ങിച്ചത്തുകളയാൻ അതൊക്കെ മതി..പിന്നെ അതൊക്കെ കഥയാകുമോ? എന്തിനാ ഇങ്ങനെ കഥയാക്കുന്നത് ? എന്നൊക്കെ ചോദിച്ചാൽ ആ ചെറുക്കാൻ വാദിക്കുന്നത്  ഇങ്ങനെയാണ് 

     "കരഞ്ഞു പോകാതിരിക്കാനാണ് ഞാൻ കഥ പറയുന്നത്. കഥ പറയുമ്പോഴാണ് ഞാനിപ്പോഴും അനാഥനല്ലെന്ന് തോന്നുന്നത്.കേൾക്കുന്നവർക്ക് എന്തു തോന്നിയാലും എനിക്കിങ്ങനെ നുണ പറയാനാണിഷ്ടം. യുക്തിഭദ്രമായ നുണകളാണ് എനിക്ക് സത്യം.അതുമാത്രമല്ല കേട്ടോ,
ചിലതൊക്കെ കാണുമ്പോൾ വേറെ ചിലതെല്ലാം ഓർക്കുമ്പോൾ എനിക്കങ്ങ്‌ കരച്ചിൽ വരും. ഏങ്ങാൻ തുടങ്ങിയാൽ ശ്വാസം മുട്ടും.ജോയലിന്റെയും ജോനാഥന്റെയും അപ്പൻ, ബിബിഹയുടെ ധീരനായ ഭർത്താവ്, പിന്നെ ഒരു സ്‌കൂളിന്റെ സ്വന്തം രതീഷ്  മാഷ് ആകെ നാണക്കേടാവില്ലേ..? അതുകൊണ്ട് ഞാനതെല്ലാം കഥയാക്കും.."

       എനിക്ക് കരയാൻ മതിയായ കാരണങ്ങൾ ഇല്ലാതാകുന്ന കാലത്ത് ഈ കഥകഴിയും. അതുവരെ ഈ കഥയിൽ എന്തിരിക്കുന്നെന്നും നിങ്ങൾ ചോദിക്കരുത്.ഞാനതിൽ നൊന്തിരിക്കുന്നുണ്ട്.!!

കെ എസ് രതീഷ്
05-12-2020
പന്ത.


Tuesday 12 January 2021

സൂക്ഷ്മജീവികളുടെ ഭൂപടം..!!

സൂക്ഷ്മജീവികളുടെ ഭൂപടം..!

       കണ്ണുകൾ ചുവപ്പിച്ച ഒരു ജീപ്പും,അലറിക്കരഞ്ഞ അമ്പുലൻസും ഉലയൻകുന്നിന്റെ പളളയിലേക്ക് കേറിവന്നു.അതുവിട്ടിറങ്ങിയ കാക്കികളും കൊറ്റികളും കുന്നിന്റെ മണ്ടയിലിരിക്കുന്ന തന്റെ വീടിനുനേരെയാണ് പറക്കുന്നതെന്നു കണ്ട ഐപ്പ്,റബ്ബറുക്കത്തിയും ഹെഡ്ലൈറ്റും വലിച്ചറിഞ്ഞ് മുല്ലയാറ്റിലേക്കോടി.
          അറ്റകൈയ്ക്ക് ആറ്റിൽച്ചാടിയ ഉലയൻകുന്നുകാരെ അത്രയെളുപ്പമൊന്നും പോലീസിന്  കിട്ടില്ല.മുങ്ങിക്കളഞ്ഞ വാറ്റുകാരെപ്പോലും ആറ് ഒറ്റുകൊടുത്തിട്ടില്ല.പക്ഷേ നാലാമത്തെ ചുവടിൽ ഐപ്പ് ചുമച്ചു,കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുൻപ് ഒരു റബ്ബറിന്റെ അരക്കെട്ടിൽപ്പിടിരുന്നുപോയി.  ആ ഇരിപ്പിടത്തിലേക്ക് ചില കൊറ്റികൾ വിരലുചൂണ്ടിക്കാട്ടി,കാക്കികളെല്ലാം അവിടേക്ക് കുതിച്ചു. മരത്തീന്ന് പിടുത്തംവിടാത്ത ഐപ്പിന്റെ തൊണ്ടപൊട്ടിയിയൊഴുകിയ നിലവിളികൾ ഔതമാപ്ലയുടെ തോട്ടത്തിലൂടെ ഉലയൻകുന്നിന്റെ ശരീരമാകെ‌ പടർന്നുകയറി.
            "മക്കാ മിന്നാ, എടിയേയ് പിച്ചീ, ഡേയ് പൊന്നാ...വെക്കന്ന് വരീൻ..."
കിതച്ചോടിയെത്തിയ ഐപ്പിന്റെ കരച്ചിലറിഞ്ഞ്, തുടലും കെട്ടിപ്പിടിച്ച് ഉറങ്ങിയ ചൊകപ്പൻ മിന്നലും, വരിക്കപ്ലാവില സ്വപ്നം കാണുന്ന വെളുമ്പി പിച്ചിയും എഴുന്നേറ്റ് നിന്നു.മിന്നല് തെറികൾ കോർത്ത് കുരച്ചു.അടുത്ത തോട്ടത്തിലെ മുഴുത്ത ഒരു റബ്ബറു പെണ്ണിന്റെ തുടയിലൂടെ തഞ്ചത്തിന് കത്തിയോടിക്കുന്ന പൊന്നൻ, 'ഐപ്പണ്ണന്റെ' കരച്ചില് കയറിവന്ന വഴിക്ക് വെട്ടുകത്തിയും ചൂണ്ടിപ്പിടിച്ചോടി.

                "ആരെടാ തായക്കെട്ടികളെ നമ്മളെ ഐപ്പണ്ണന്റെ മേത്ത് തൊട്ടത്.."
ആറടിപ്പൊക്കമുള്ള ഒരു കാക്കിയെ കാലുപിടിച്ച്‌ നടത്തിക്കൊണ്ടിരിക്കുന്ന കറുപ്പൻ ബൂട്ട് അതിന്റെ മറുപടി ചവിട്ടിപ്പറഞ്ഞു.ഇടത് നെഞ്ചുംതടവി റബ്ബറിന്റെ തടത്തിൽ എഴുന്നേറ്റിരിക്കാൻ ശ്രമിച്ച പൊന്നന്റെ നേരെ മറ്റൊരു കാക്കിക്ക്, പിരിച്ചുവച്ച മീശക്കാടിന്റെ അടിയിൽ നിന്നും ഒരുഗ്രൻ പുലിവാൽച്ചോദ്യം കുതിച്ചുചാടി..
            "എവ്‌ട്രാ നിന്റെ മാസ്‌ക്ക്, എവന്റൊടെ നെനക്ക് നേരിൽ സമ്പർക്കോണ്ട ..?" പൊന്നൻ  തലത്തോർത്തഴിച്ച് മുഖത്തിട്ടു.ഇല്ലെന്ന് പാതിമനസോടെ തലകുലുക്കി.ഒരു മരത്തിന്റെ വേരിലേക്ക് അവന്റെ കണ്ണുകൾ ചെന്നുമുട്ടിനിന്നു.വേരുകൾ ചോദ്യരൂപത്തിൽ വളഞ്ഞു.

     കൊറ്റികളിൽ സഹതാപവും കാക്കികൾക്ക് കലിയും നിറഞ്ഞു കത്തി.ഐപ്പിന്റെ നിലവിളി പതിഞ്ഞുപതിഞ്ഞില്ലാതായി.മിന്നലിന്റെ കരുത്തൻ കുരയിലേക്ക് നക്ഷത്രത്തിളക്കമുള്ള  ഒരു കാക്കി അസ്വസ്ഥതയുടെ നോട്ടമുണ്ട വിട്ടു.കമഴ്ന്നുകിടന്നു കുതറിയ ഐപ്പിനെ അവർ കൈയുംകാലും കെട്ടിവരിഞ്ഞ് ആമ്പുലൻസിലേക്കിട്ടു.അപ്പോഴും ഐപ്പിന്റെ നോട്ടം പൊന്നനിൽ പതിഞ്ഞു നിൽക്കുന്നു.കാക്കികൾ ക്രമം തെറ്റിക്കാതെ കൂട്ടിലേക്ക് കയറി.ആ ധൈര്യത്തിൽ പൊന്നൻ ഓടിച്ചെന്ന് ആമ്പുലൻസിൽ ഒന്നെത്തിനോക്കി.അവർ തമ്മിൽ കണ്ടു.
              "ഡെയ് പൊന്നാ.."
              "നിങ്ങക്ക് എന്തരെന്നേ ഐപ്പണ്ണാ..?"ഒരു കൊറ്റിക്ക് കണ്ണുനിറഞ്ഞു.കെട്ടിപ്പിടിച്ചു നിന്ന ആ വിളികളിലൊന്നിനെ അടർത്തിയെടുത്ത് ആമ്പുലൻസ് തിരക്കൻ വഴിയിലേക്ക് ഓരോട്ടം വച്ചു. ഐപ്പിനെ വിഴുങ്ങിയ ആമ്പുലൻസിന്റെ അട്ടഹാസം ഉലയൻകുന്നിനെ ഭയപ്പെടുത്തി.കാണാൻ വന്നവർ പിരിഞ്ഞുപോകുമ്പോൾ തമ്മിൽ കൃത്യമായ ഒരകലമുണ്ടാകുന്നത്‌ പൊന്നൻ കണ്ടു. "ഐപ്പിനെ ഇന്നെങ്ങാനും നീ കണ്ടാ ? ഐപ്പിനെ നീ തൊട്ടാ ? നീ ഐപ്പിന്റെ..." അവര് തമ്മിൽ പലതും വിളിച്ചു ചോദിക്കുന്നു.എല്ലാവരും ഐപ്പിനെ തള്ളിപ്പറഞ്ഞു.
       
     പൊന്നന്റെ നെഞ്ചിന് നോവ് കനംവച്ചു.വെട്ടിവച്ച മരത്തിന്റെ പാൽക്കരച്ചിലെല്ലാം ചിരട്ടയിൽ വീഴാതെ പലവഴി പാഞ്ഞു.ഔതമാപ്ല ഐപ്പിനെ തെറിയും വിളിച്ച് വിരലുകൊണ്ട് ചാലുവലിച്ച് നടന്നു.പാലെടുത്ത് തലേന്നത്തെ ഷീറ്റടിച്ച്‌ ഉണക്കാൻ വിരിച്ചിട്ട് പൊട്ടിച്ച ഉടങ്കൊല്ലിയും  കപ്പയുമായിരുന്നിട്ടും പൊന്നാനുത്സാഹം തോന്നിയില്ല.ഐപ്പിന്റെ റൂട്ടുമാപ്പിൽ താൻപെട്ട കാലം ഉള്ളിൽ നിറഞ്ഞുവന്നു.അതിന്റെ സമ്പർക്കപ്പട്ടിക ഓർത്തെടുക്കാൻ തുടങ്ങി..

    അന്നൊരു വെളുപ്പിന് മൂത്രമൊഴിക്കാൻ മുട്ടിയ പൊന്നന്, അമ്മയായ മയിലിന്റെ അപ്പുറത്ത് ആരോ കിടക്കുന്നതായി തോന്നി.പിന്നീട്‌ ഉറക്കം വന്നില്ല.നേരം വെളുക്കാൻ കാത്തുകിടന്നു. ഇടയ്ക്കിടെ മയിലിനെ കെട്ടിപ്പിടിക്കുന്ന അയാളുടെ കൈ, പൊന്നന്റെ വയറുവരെ നീണ്ടു.പരുക്കൻ വിരലിൽ തൊട്ടുതൊട്ട് ഉലയൻകുന്നിലെ സകലരുടെയും മുഖമോർത്തുനോക്കി.ആരാരും പിടികൊടുത്തില്ല.പച്ചീർക്കിലും ചെവിയിൽ തിരുകി ഉമിക്കരിപറ്റിയ ചിറികൊണ്ട് ചിരിയും തുപ്പിയിട്ട് ആറ്റിലേക്ക് നടക്കുന്ന ഐപ്പിനെ പൊന്നനറിയാം.അവൻ ചിരിച്ചു.ഐപ്പ് അന്നത് കണ്ടില്ല.

        ഉലയൻ കുന്നിൽ ആകെ നാലഞ്ച് വീടേയുള്ളൂ.അതെല്ലാം ഔതയുടെ തോട്ടത്തിലെ പണിക്കാരാണ്.പൊന്നന്റെ അപ്പനായിരുന്നു മെയിൻ മേശിരി.പുകപ്പുരയിലേക്ക് വിറക് കേറ്റുമ്പോൾ അണലി കടിച്ചു.കൊറേക്കാലം ഔതമാപ്ലയുടെ  ഔദാര്യം കിട്ടിയ, മൂന്നാള് കിടക്കുന്ന കട്ടിലിൽ പഴുത്തുപുഴുത്ത് ഒരേ കിടപ്പുകിടന്നു.പിന്നൊരു ദിവസം ആ കട്ടിൽ വീട്ടിന്റെ മുറ്റത്ത് കഴുകിച്ചാരി വച്ചിരിക്കുന്നത് കണ്ടു.അപ്പനെ പരതുന്നതിനിടയിൽ ഒരു കാര്യം ശ്രദ്ധിച്ചു, വീട്ടിന്റെ പുഴുങ്ങിയമണം മാറിയിരിക്കുന്നു.അന്ന് പൊന്നന് നാലോ അഞ്ചോ പ്രായം കാണും.ഐപ്പണ്ണൻ വീട്ടിന് പിന്നിൽ ഒരു തെങ്ങുവയ്ക്കുന്നു.മയിലമ്മ ചൂതമീൻ നന്നാക്കുന്നു.പൊന്നന് ചൂതമീനിന്റെ കണ്ണുകൾ ഭയങ്കര ഇഷ്ടമായിരുന്നു.ഉച്ചയ്ക്കുള്ള തീറ്റയ്ക്കിടെ മീനിന്റെ തല  പൊന്നന്റെ പാത്രത്തിലങ്ങോട്ട് കോരിവയ്ക്കാൻ മയിലിനോട് ഐപ്പ് കണ്ണുകാണിച്ചു.ഐപ്പിന്റെ കൈയിൽ തലവച്ച് ഇരുവശത്തായി പൊന്നനും മയിലും അന്നു രാത്രിമുതൽ കിടന്നു..

         ഐപ്പണ്ണൻ വെട്ടിയമരത്തിന് പാലെടുക്കാനും, ഷീറ്റുടിക്കുമ്പോൾ കറക്കിക്കൊടുക്കാനും മയില് പോകുമ്പോൾ പൊന്നൻ ഔതയുടെതോട്ടത്തിലെ മുള്ളുവേലിയിൽ പടർന്ന കദളിക്കായും കാട്ടുകോവലും തിന്നുനടക്കും.മയിലിന്റെ വിളി കേട്ട് 'ഐ‌പ്പണ്ണാന്ന്' അവനും വിളിക്കാൻ തുടങ്ങി. ഐപ്പ് പൊന്നനെ നോക്കി ചിരിക്കാനും ചിലപ്പോഴൊക്കെ എടുത്ത് നടക്കാനും തുടങ്ങി. 

      ഏഴാം ക്ലാസിലെ മൂന്നാമത്തെ പിരീഡിൽ ഔതയുടെ തോട്ടത്തിലേക്ക് പൊന്നനിറങ്ങിയോടിയത് ഹിന്ദി സാറിനെപ്പേടിച്ചല്ല.'തൂ'റാൻ പോയതാണ്.തോട്ടത്തിലെ ആൾക്കൂട്ടത്തിൽ നിന്നും മാറി തല കുനിഞ്ഞിരിക്കുന്ന ഐപ്പണ്ണനും മുള്ളുവേലിക്കല്ലിൽ തലകൊരുത്ത് നിൽക്കുന്ന മയിലമ്മയും.  പൊന്നനന്ന് വലിയ വായിൽ കരഞ്ഞു.നിലത്ത് വീണുരുണ്ടു.മുള്ളുവേലിക്കല്ലിൽ ഒഴുകിപ്പോയ രക്തത്തിൽ നോക്കിയവർ മയിലിന്റെ കാലിൽപ്പറ്റിയ തീട്ടം കണ്ടില്ല.അതിൽ വഴുക്കിവീണാണ് മയില് തലയടിച്ച്‌ ചത്തതെന്ന് വയറിളകിപ്പോയ ഐപ്പിനുമാത്രമറിയാം.അതിന്റെ മുകളിൽ കരിയില വാരിയിട്ടുപോയതോർത്ത് കുനിഞ്ഞിരിക്കുന്ന അയാൾക്ക് കരച്ചില് വന്നുകാണും.മയിലിന്റെ കുഴിയിൽ കുരിശുനാട്ടിയ ഐപ്പ് പൊന്നന്റെ വീട്ടിലെ മുരിങ്ങമരം അന്നുരാത്രി വെട്ടിനിലത്തിട്ടു.

    ചാവിന്റെ മൂന്നാമത്തെ ദിവസം കടുംവെട്ട് തുടങ്ങിയ ഒരു റബ്ബറിന്റെ തടിയിൽ പൊന്നന്റെ കൈയിലൊരു കാച്ചിയ കത്തി പിടിപ്പിച്ച് ഐപ്പ് ചിലതെല്ലാം ഓർമ്മിപ്പിച്ചു...
      "അകത്തെ തടിയിൽ തട്ടല്ല്.പാല് ചെരട്ടേല്  വെരലുവച്ച് വരച്ച് വിടണം.മരത്തിന്റെ മൂട്ടിൽ തൂറല്ല്, തൂറിയാ കരിയിലയിട്ട് മൂടല്ല്".ഉടുത്തിരുന്ന ഒറ്റമുണ്ട് പൊന്നൻ പുതക്കാൻ തുടങ്ങിയ നാളുവരെ അയാളവനെ കെട്ടിപ്പിടിച്ചു കിടന്നു.ഐപ്പ് അറുന്നൂറും അവൻ ആയിരവും മരംവെട്ടാൻ വളർന്നകാലത്ത് ഇറയത്ത് കിടന്ന അയാൾ കുന്നിന്റെ മണ്ടയിലെ തന്റെ വീട്ടിലേക്ക് കയറിപ്പോയി. ഇലയനക്കമുള്ള എല്ലാ രാത്രികളിലും മിന്നല് താഴെയുള്ള ഒറ്റപ്പൊന്നന് വേണ്ടി കുരച്ചോണ്ടിരുന്നു. ഐപ്പ് പൊന്നനെ എപ്പോഴും ഓർത്തോണ്ടിരുന്നു.

           "നിങ്ങള് എവിടേര്ന്ന് ഐപ്പണ്ണ,വെട്ടാൻ നല്ല പരുവമാര്ന്നല്ലാ..?"
           "നമ്മളെ ഓന്തിന് ഒട്ടും വയ്യെട, കഞ്ഞിയും കാപ്പിയുമനത്തി രണ്ട് നാള് അവിടെ നിന്ന്.." ചീലാന്തിയിലെ  ഓന്ത് ഓമനയ്ക്ക് പഴയ തിരക്കൊന്നുമില്ല.ആയ കാലത്ത് വീട്ടുമുറ്റത്തെ എല്ലാ തെങ്ങിന്റെ മൂട്ടിലും ബീഡികൾ കത്തിനിൽക്കും.അവളാരെയും പിണക്കിയിട്ടില്ല.മയില് ചത്തകാലത്താണ്‌ ഐപ്പിന്റെ ബീഡിയും  തെളിഞ്ഞത്.ഓന്തിന്റെ നട്ടെല്ലിന് ചെറിയ ഏന്തിവലിവ് തുടങ്ങിയ കാലം.കത്തിനിന്ന ബീഡികളിൽ ചിലതൊക്കെ കെട്ടു.പിന്നെപ്പിന്നെ ഏതു നേരത്തും ഐപ്പിന് ചെല്ലാമെന്നതായി.ഈയിടെയായി ഐപ്പ് മാത്രമാണ് തോട്ടിന് കുറുകെയിട്ട  കുലുക്കമുള്ള ഒറ്റത്തെങ്ങിന്റെ പാലം കടന്ന് ചെല്ലാറുള്ളൂ.വെളിച്ചത്തിൽ,അതും മാസത്തിൽ ഒന്നോ രണ്ടോ തവണ..

           "നിങ്ങക്കെന്നെക്കൊണ്ട് എന്തര് കിട്ടണ്ന്നെ ഐപ്പണ്ണാ..?"
           "ചെലക്കാതെ  എന്തരെങ്കിലും മൂഞ്ചാൻ താടി.." ഓന്തും ഐപ്പും തമ്മിൽ മിക്കവാറും ഇത്രയേ മിണ്ടു.ഓന്ത്‌ ഉള്ളത് വിളമ്പും,ഒന്നിച്ചിരുന്നു തിന്നും.
           "ഇപ്പഴത്തെ പനികള് പേടിച്ചാരിക്കും ഒരുത്തനും..."കത്തി നിൽക്കുന്ന ബീഡിമാറ്റിയ ഐപ്പിന്റെ നോട്ടം കണ്ട ഓന്ത് പറഞ്ഞു‌തുടങ്ങിയത് വിഴുങ്ങും.ഏന്തിവലിഞ്ഞ് അകത്തേക്ക് പോകും..
            "ഒരു പയല് കിടക്കണ് ഇല്ലെങ്കിൽ നിന്നേം കൊന്ന് ഞാൻ ജയിലിൽ പോവാര്ന്ന്.."ഐപ്പ് പ്രണയം പ്രഖ്യാപിക്കും.ഓന്ത് ഐപ്പിന്റെ നെഞ്ചിലേക്ക് കയറിക്കിടന്ന് നിറം മാറും..
    
     ആ വരവിൽ ഓന്തിന്റെ പനിച്ചകിടപ്പുകണ്ട് ഐപ്പിന് നൊന്തു.മരുന്നെന്തെങ്കിലും വാങ്ങാൻ കവലവരെ ചെന്നപ്പോൾ കടയെല്ലാം അടച്ചിരിക്കുന്നു.വഴിയിൽ നിന്ന കാക്കികൾ ലാത്തി വീശിയെറിഞ്ഞു.ഐപ്പ് ഒറ്റത്തടി പാലം വരെ ഓടി.നവരയിലയും കുരുമുളകും കരിപ്പെട്ടിയും ചേർത്ത് കാപ്പിയിട്ടു. മുണ്ടിന്റെ അറ്റം കീറി നനച്ച് അവളുടെ നെറ്റിയിലിട്ടു കൊടുത്തിട്ട് തോട്ടിന്റെ വരമ്പിലെ പടുതകെട്ടിയ കക്കൂസിൽ ആകാശം നോക്കിയിരുക്കുമ്പോഴാണ് ഇതുപോലെ കാക്കികളും കൊറ്റികളും ഓന്തിന്റെ വീട്ടിലേക്ക് ചീറിപ്പാഞ്ഞ് വന്നത്.ഓന്തിനെ എടുത്ത് പുറത്തു വച്ച് കവറിൽ പൊതിഞ്ഞെടുക്കുമ്പോൾ തോട്ടുവരമ്പിലൂടെ ഐപ്പ് ഓടിക്കളഞ്ഞു.അതു കാണാൻ വന്നവരിൽ ആരോ കാക്കികളോട് വിളിച്ചു പറഞ്ഞു. 
        "ഓടിപ്പോണത് ഉയലൻകുന്നിലെ ഐപ്പാണ്, ഓന്തും ഐപ്പും ഇപ്പഴും കട്ടക്ക് പ്രേമത്തിലാണ്" അതുകേട്ട് ഒരു കൊറ്റി,നാണത്തോടെ ഐപ്പിന്റെ പേര് ഓന്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ  കൊരുത്തുവച്ചു. 

    ഉച്ചക്ക് വാട്ടുകപ്പയിൽ മീനിന്റെ ചാറൊഴിച്ചപ്പോൾ പൊന്നന് മിന്നലിന്റെ കുരകൾ ഓർമ്മവന്നു. കുന്നിന്റെ മണ്ടയിൽ കുരയൊന്നും കേൾക്കാനില്ല.ഇത്തിരി ചോറും ചേർത്ത് കുഴച്ച്, പിച്ചിക്ക് പ്ലാവിന്റെ നാലു കൊമ്പും വെട്ടിയിട്ട് ഐപ്പിന്റെ വീട്ടിലേക്ക് നടന്നു.കവറുടുപ്പിട്ട മരുന്നുതളിക്കുന്ന നാലഞ്ചു ഭൂതഗണങ്ങൾ എന്തൊക്കെയോ പിറുപിറുത്ത് കുന്നിറങ്ങി വരുന്നു.അതിലൊരുത്തൻ പൊന്നന്റെ നേർക്ക് മുഴുത്ത തെറിചേർത്ത് നാശിനി ചീറ്റി.കഴുത്തിലിട്ട തോർത്തെടുത്ത് പൊന്നൻ മൂക്കും വായും മൂടി.

      തലയറ്റ് കിടക്കുന്ന മിന്നലിനെ പൊന്നൻ കുഴിച്ചിട്ടു.തലപോയില്ലെങ്കില് പിച്ചിയെ വാറ്റുകാർക്ക് കൊണ്ടുപോകാൻ അവൻ സമ്മതിക്കില്ലായിരുന്നു.കുഴച്ചുകൊണ്ടുവന്ന ചോറ്, പൊന്നൻ ആ കുഴിയിലിട്ടു.വാറ്റുകാർക്ക് ഐപ്പണ്ണനും കൂട്ടായിരുന്നു.സർക്കാരുപോലും മത്സരിക്കാൻ ഇല്ലല്ലോ, അവർക്കിപ്പോൾ നല്ല കോളാണ്.ഉലയൻ കുന്നിലേക്ക് പേരറിയാത്ത വണ്ടികൾ വന്ന് വാറ്റും നിറച്ച് പോകുന്നു.ഈ ഒറ്റക്കാര്യത്തിലേ പൊന്നനും മിന്നലിനും ഇഷ്ടക്കേടുള്ളൂ.കുന്നിറക്കത്തിൽ തന്റെ പിന്നാലെ മിന്നലിന്റെ മൂളലും വാലാട്ടലുമുണ്ടെന്ന് പൊന്നന് തോന്നി.ഓതയുടെ തോട്ടത്തിന്റെ വടക്കേ മൂലയിൽ നിന്നും പിച്ചിയുടെ നിറമുള്ള വാറ്റുപുക ഉയരുന്നുണ്ട്.. 

          "ഐപ്പ് വെട്ടണതിലും അഞ്ചെണ്ണം കൂടിയല്ലാടേ പൊന്നാ.." ഔതയുടെ വാക്കിലെ അപകടം തിരിച്ചറിഞ്ഞ പൊന്നൻ പിറ്റേന്ന് കത്തിയൊന്ന് പിടിച്ചു.ഷീറ്റ് ആറെണ്ണം കുറവ്.നഷ്ടം വന്നാൽ  ശ്വാസമുട്ടുള്ള ഔതയുടെ ഗരുഡൻ മാസ്ക്കുകണ്ട് പൊന്നന് ചിരി വന്നു.പണിക്കാർക്കെല്ലാം അന്ന് തുണിയിൽ തച്ച മുഖംമൂടികൾ കിട്ടി.  
          "എല്ലാവനും തമ്മിൽ അകന്നകന്ന് നിന്നോണം, കാരസ്സോപ്പിട്ട് കുളിക്കണം.."ഔതയുടെ ആജ്ഞയോട് തോന്നിയ ദേഷ്യത്തിന് ഷീറ്റുപുരയിൽ വച്ചിരുന്ന സോപ്പ്, പൊന്നൻ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു.പണിക്കാരിൽ ആരോ അത് ഔതക്ക് ഒറ്റു കൊടുത്തു..

     പത്താംനാള് ഐപ്പിനെ കൊണ്ടുവിടാൻ വന്ന ആമ്പുലൻസിൽ ഡ്രൈവർ മാത്രമേയുള്ളൂ.കൊറ്റി നിറം, കറുപ്പൻ ബൂട്ട്, പക്ഷേ മുഖത്ത് വിരിഞ്ഞു നിൽക്കുന്ന ബീഡിയുടെ ചിരി.പായും പുതപ്പും കവറുകളുമായി ഐപ്പ് ഇറങ്ങിവരുവോളം കാത്തുനിന്നു.ഒന്നുതൊടാൻ ഓടിവന്ന പൊന്നനെ ഐപ്പ് തടഞ്ഞു.

     " ഒരു കുരുവുമില്ലെങ്കിലും ആറേഴു ദെവസം ഒറ്റയ്ക്ക് കെടക്കണം പൊന്നാ, എന്നിട്ടേ പൊറത്തെറങ്ങാവൂ ,നീ ഇത് കണ്ടാ..." കൈയിൽ പതിച്ചിരിക്കുന്ന ആശുപത്രിസീല് ഐപ്പ് പൊന്നന് ഉയർത്തിക്കാണിച്ചു..
     "നീയിത്തിരി മീനും വാങ്ങി അയണിമരത്തിന്റെ മൂട്ടില് വച്ചിട്ട് രണ്ട് ചൂളം വിട്ടാ മതി,മിന്നലിനും എനിക്കും അതില്ലെങ്കിൽ ഒക്കൂല..." ഐപ്പ് കുന്നിന്റെ മണ്ടക്ക് നോക്കി.പൊന്നനൊന്നും പറയാൻ തോന്നീല.കുന്നും ഒന്നും മിണ്ടിയില്ല.
       "മക്കാ മിന്നാ, എടിയേയ് പിച്ചീ ഞാൻ വന്നേന്ന്.." അയാളുടെ നടത്തത്തിന് വേഗം കൂടി. പൊന്നന്റെ ഉള്ള് നൊന്തു.അവൻ മുല്ലയാറ്റിനെ നോക്കിനിന്നു.

     "ഓന്തിനെ ജെ സി ബിക്ക് തോണ്ടിയാണ് കുഴിച്ചിട്ടത്.കുഴിയിലും അവക്ക് കൂട്ട് കെടക്കാൻ നാലോ മൂന്നോ എണ്ണത്തിനെ ഒപ്പമിട്ടിട്ടുണ്ട്.അവരാധിച്ചി.." ഐപ്പ് കാർക്കിച്ച് തുപ്പി.കണ്ണുകൾ തുടച്ചു. 
      "നിന്നേം എന്റെ പിളളരേം നോക്കാൻ അവളെ കൊണ്ട് വന്ന് നിർത്താന്ന് നിരൂവിച്ചതായിര്ന്ന്. കുഴിയിലും വല്ലവനേം കെട്ടിപ്പിടിച്ചു കെടക്കട്ടെ.അല്ലെങ്കിലും അവക്ക് ഏന്തിവലിഞ്ഞ് ഈ കുന്ന് കേറിവരാനൊന്നും ഒക്കൂല..."

    കടല് മീനിന്റെ വരവൊക്കെ നിന്നിട്ട് മാസങ്ങളാകുന്നു.മുത്തങ്ങയരച്ച ചമ്മന്തികൂട്ടിയും ഉലയൻകുന്നുകാര് കപ്പതിന്നു.ആറ്റിന്റെ തീരത്ത് നാലഞ്ച് മണിക്കൂർ കുത്തിയിരുന്ന് കിട്ടിയ ആറ്റുവാളയും കൂരിയും ഈർക്കിലിൽ കൊരുത്ത് ഔതയുടെ പറമ്പിലെ ഒരു മൂട് കപ്പയും പിഴുത് അയണിമരത്തിന്റെ മൂട്ടിൽ നിന്ന പൊന്നൻ പത്താമത്തെ ചൂളംവിട്ടു. മറുപടിക്ക് സഹികെട്ട് കപ്പമൂടും തോളിലിട്ട് ഐപ്പണ്ണന്റെ വീട്ടിലോട്ട് കേറിച്ചെന്ന പൊന്നൻ ആ മുറ്റത്തമ്പമ്പോന്നങ്ങ്‌ നിന്നുപോയി...
     
     "നിങ്ങളിതെന്തര് കാണിച്ചു വച്ചന്നേ ഐപ്പണ്ണാ." ഉലയൻകുന്നിനെ മുഴുവനും ഞെട്ടിച്ച പൊന്നന്റെ നിലവിളികൾ പള്ളിമണിയിൽ തലയടിച്ചു.മരണമണിയുടെ താളത്തിൽ അവൻ കുന്നിറങ്ങിയോടി. നിർത്തിവച്ച ടാപ്പിംഗ് കത്തിയിൽ വീണുകിടക്കുന്ന ഐപ്പും,വഴിവെട്ടി വിട്ടതുപോലെ മിന്നല് കിടന്ന കുഴിയിലേക്ക് വന്നുനിറഞ്ഞ ചോരക്കറയും ചേർന്ന ചിത്രം തനിക്ക് പിന്നാലെ വരുന്നതായി പൊന്നന് തോന്നി.റബ്ബറുകൾ അവനെ മാറിമാറി തടഞ്ഞുനിർത്തിനോക്കി,ആ അമ്മമരങ്ങൾക്ക് അതിനൊന്നും കഴിഞ്ഞില്ല.. 

      കുന്നിന്റെ പള്ളയിലെ ഔതയുടെ ബംഗ്ലാവിന് മുന്നിൽ അകലം പാലിച്ച് നിന്ന ആളുകളുടെ കൈയിൽ  പലനിറ റീത്തുകൾ വിരിഞ്ഞു.കടലുതാണ്ടിയ ഓതയുടെ മക്കളൊന്നും വരുന്നില്ല. അല്ലെങ്കിലും അവരൊന്നും ഈവഴിക്ക് വരാറേയില്ല.വിമാനങ്ങളെല്ലാം പേടിച്ചുപനിച്ച് കിടക്കുന്നതുകൊണ്ട് ഇനിയിപ്പോൾ അതോർത്ത് നാട്ടുകാരും പരിഭവിക്കില്ല.പളളിമണിയുടെ വലിഞ്ഞുമുറുകിയ കരച്ചിൽ ഐപ്പിനുവേണ്ടിയായിരുന്നില്ല.അതോർമ്മിപ്പിച്ച് പഞ്ചായത്ത് കിണറ്റിന്റെ ചുവരിലിക്കുന്ന ഔതയ്ക്ക് ബ്ളാക് ആന്റ് വൈറ്റ് ചിരി.മടങ്ങുന്നവരുടെ കണ്ണുകളിൽ ഭയം.അവരെല്ലാം ആറ്റിലിറങ്ങി കൈയും കാലും ഉരച്ചുരച്ച്‌ കഴുകി.
       "ഐപ്പണ്ണാ യെന്റെ ഐപ്പണ്ണാ.." പൊന്നൻ മുള്ളുവേലികൾ ചാടി, ആറ്റിൽ വീണുകിടന്നു.അവൻ കരഞ്ഞു.മുല്ലയാറ്റിന്റെ മുല നനഞ്ഞു.

       ആറ്റിന്റെ കരപറ്റിനിന്ന റബ്ബറിൽ കെട്ടിപ്പിടിച്ചു കരഞ്ഞ പൊന്നനോട് "ഞാനിപ്പം നിന്റെ ഐപ്പണ്ണനെയെടുത്ത് കുഴിച്ചിടും നീ കാണാൻ വര്ണാ.." കുന്നു കയറാൻ തുടങ്ങിയ ഒരു ജെ സി ബി ഉരുക്കൻ ശബ്ദത്തിൽ അവന്റെ നേർക്ക് വിളിച്ചുചോദിച്ചു.പൊന്നൻ അതിന്റെ പിന്നാലെയും കരഞ്ഞോണ്ടോടി.
       
     ഐപ്പിനെ കുഴിച്ചിടാനെത്തിയ ഭൂതഗണങ്ങൾ  ഒരു കവറുടുപ്പ് പൊന്നനുവേണ്ടി നീട്ടി.അവൻ കരഞ്ഞു. മിന്നലിന്റെ കുഴിയോട് ചേർത്ത് ജെ സി ബി വിരലുകൾ താഴ്‌ത്തി.കുഴിയിലേക്ക് ഐപ്പിനെ പതിയെ തള്ളിയിട്ടു.ജെ സി ബിയുടെ കൈ വിറച്ചു,അത് നിലവിളിച്ചു.അവിടേക്ക് ഓടാൻ തുടങ്ങിയ പൊന്നനെ ഭൂതഗണത്തിലെ ഒരുത്തൻ പിടിച്ചുതളളി.എന്നിട്ടും കുഴിയുടെ വക്കോളം ചെന്നുനിന്നു. കമഴ്ന്നുവീണു കിടക്കുന്ന പൊതിഞ്ഞുകെട്ടിയ ഐപ്പിനെ കണ്ടു.കൂനകൂട്ടിയ ഭാഗത്ത് അവൻ ഒരു കുരിശിന്റെ കമ്പും കുഴിച്ചിട്ടു..

       മുതുകിൽ നാശിനി നിറച്ച ഭൂതഗണങ്ങളെല്ലാം ഒന്നിച്ചുചീറ്റി.കുഴിമൂടുന്ന ജെ സി ബിയും പൊന്നനും തലതാഴ്ത്തി നിന്നങ്ങനെ നനഞ്ഞു."പോണ് പൊന്നാ,ഞാനിപ്പം വെറും കുഴിവെട്ടിയായി.." പൊന്നനതിന്റെ കവിളിൽ തൊട്ടു.കുന്നിറങ്ങുന്ന ജെ സി ബിയ്ക്കും നോവുതാളം.ആ ഇരുമ്പനു പിന്നാലെ ഭൂതഗണങ്ങളും പോയി.കൊറേക്കാലത്തേക്ക് ഉലയൻകുന്നങ്ങ്‌ പൂട്ടിയിടുവാന്ന് പഞ്ചായത്തംഗമായ ഒരു നീലജീപ്പ് ഗൗരവത്തിൽ വിളിച്ചറിയിക്കുന്നു.

      മയിലിന്റെ ശവക്കല്ലറയിൽ പൂത്തുനിന്ന തുളസിച്ചെടിക്ക് പൊന്നന്റെ നൊന്ത ഇരിപ്പിനോട് വല്ലാതെ മനസിടിഞ്ഞു.അതിരിലെ മുരുക്കിനെ കെട്ടിപ്പിടിച്ചു കിടന്ന കരിമുണ്ടൻ കുരുമുളക് അവന്റെ തൊണ്ടയിലൂടെ എരിവ് കലർത്തിവിട്ടു.ചുമകളുടെ വെള്ളിടി മുഴക്കത്തിൽ ചോരനാരുള്ള കഫക്കൂണുകൾ മുറ്റത്തെല്ലാം വിരിഞ്ഞു.കട്ടിലിനോട് ഒന്ന് ചാരിയതേയുള്ളൂ ഉറക്കം വന്നുവിളിച്ചു. ഉള്ളിൽ മിന്നലിന്റെ കുരകൾ തുടർച്ചയായി കേട്ടു.ഐപ്പണ്ണന്റെ ഉമിക്കരിച്ചിറിയുടെ ചിരി പതിയെ കുന്നിറങ്ങിവരുന്നുണ്ട്.മുതുകിൽ വംശനാശത്തിന്റെ നാശിനിനിറച്ച ഭൂതഗണങ്ങൾ ഉത്സാഹത്തോടെ പൊന്നന്റെ വീട്ടിലേക്ക് പുറപ്പെട്ടു..!!

കെ എസ് രതീഷ്
Ratheesh.amets09@gmail.Com
9497456636 


അഭിമുഖം

*കഥയെക്കുറിച്ച് കഥയ്ക്കുള്ളിലെ രതീഷിനെക്കുറിച്ച് എന്താണ് അഭിപ്രായം..?

     കഥ എനിക്ക് അതിജീവനത്തിന്റെ വഴിയാണ്. ഈ കാലാത്തോട് അടിച്ചു നിൽക്കാൻ എനിക്ക്‌ ആരോഗ്യമില്ല. അങ്ങനെയെങ്കിൽ അതിനെയെല്ലാം കഥായാക്കിയാൽ ആരും തല്ലാനും വരില്ല. നേരിടാനുള്ള എല്ലാത്തിനെയും ഞാൻ വില്ലൻ വേഷം കെട്ടിക്കും എന്റെ ഭാര്യ,എഡിറ്റർമാർ, നാട്ടിലെ എസ് ഐ , വകുപ്പ് മേധാവി തുടങ്ങി ഒരു വലിയ നിര തന്നെയുണ്ട്.. കഥയിലെ രതീഷ് നാലു വയസിൽ അനാഥാലയത്തിൽ തുടങ്ങി ഇന്ന് ഗസറ്റഡ്‌ പദവിയിൽ തുടരുന്ന ഒരു കഥാപാത്രമാണ്. ആ ബാല്യം തന്നെ ഇനിയും എഴുതി തീർന്നിട്ടില്ല.കെ എൻ എച്ച്, കറുപ്പ് യുദ്ധം,ഞാവൽ ത്വലാഖ് എന്നൊക്കെ കഥ എഴുതിയപ്പോൾ പലരും ചോദിച്ചു. ഇതൊക്കെ അനുഭവമാണോ എന്നൊക്കെ..

*എങ്കിൽ ഞാനും ചോദിക്കുന്നു ഇതൊക്കെ ജീവിതവുമായി..?

    പറഞ്ഞാൽ നുണ എഴുതിയാൽ കഥ എന്നല്ലേ..? നാട്ടിൽ കാണുന്നതും കേൾക്കുന്നതും നമ്മുടെ ഉള്ളിലും വന്ന് മുട്ടും.അതിലേക്ക് നുണ മുഴുവൻ ഉരുക്കി ഒഴിച്ച് കഥയുണ്ടാക്കും.അതിൽ പതുങ്ങിയിരിക്കുന്ന ഞാനുണ്ട് തീർച്ച.ഞാനല്ലാതെ എനിക്കെങ്ങനെ കഥയുണ്ടാക്കാൻ കഴിയും.  ചിലപ്പോൾ നുണയും അനുഭവും ഏറിയും കുറഞ്ഞും ഇരിക്കും അത്ര തന്നെ....

*ബാല്യം അത്ര പ്രതിസന്ധിയിൽ ആയിരുന്നോ? എഴുത്തിനെ എങ്ങനെ പിന്തുണയ്ക്കുന്നു..?

   ഒരു പക്ഷെ എന്റെ സമകാലികർക്ക് ലഭിക്കാത്ത ഒരു വലിയ മൂലധനമാണ് എനിക്ക് ബാല്യം. നാലര വയസിൽ കൊല്ലത്തെ ബാലഭവനിൽ എത്തി പതിനാറു വർഷം ഓർക്കുമ്പോൾ ഇന്നും കണ്ണ് നിറയും കരഞ്ഞ് പോകാതിരിക്കാൻ അതിനെയൊക്കെ കഥയാക്കും.ഇന്നും എത്ര വലിയ പ്രശ്നങ്ങനാൽ ഉണ്ടായാലും എനിക്കതൊന്നും കാര്യമായി തോന്നാറില്ല. എന്തേലും നിസാര വിഷയങ്ങളിൽ ആളുകൾ ആത്‍മഹത്യ ചെയ്യുന്നത് കാണുമ്പോൾ അമർഷവും തോന്നുന്നത് ഇങ്ങനെയാണ്..കഥയുടെ നിർമ്മിതിയിൽ ഇരിക്കുമ്പോൾ അനുഭവങ്ങളുടെ ഭാണ്ഡവും ചുമന്ന് ആ പഴയ രതീഷ് വന്നു നിൽക്കും. അതുകൊണ്ട് കൂടെയാണ് എന്റെ കഥയിൽ ഞാനിങ്ങനെ കൂടുതൽ കാണപ്പെടുന്നത്.. എന്റെ കരുത്ത് സ്ഥിര നിക്ഷേപം ആ ബാല്യം തന്നെയാണ്...

*എഴുത്തുകാർ സാമൂഹ്യ/രാഷ്ട്രീയ ഇടപെട്ടലുകളിൽ എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത്..? 

     കഥാകൃത്തും മനുഷ്യൻ തന്നെയാണ് ചിലർ ക്ക് അവരേതോ അപൂർവ്വ ജീവിയായി തോന്നുന്നു എന്നു മാത്രം. നാട്ടുകാർ അതൊന്നും വക വയ്ക്കുന്നില്ല എന്നകാര്യം കഥാകൃത്തും തിരിച്ചറിയുന്നില്ല..അവനവന്റെ രാഷ്ട്രീയം എഴുത്തിൽ പ്രതിഫലിക്കാതെ വയ്യല്ലോ. രതീഷ് എന്ന കഥാകൃത്ത് ചിലപ്പോഴൊക്കെ തികഞ്ഞ മാവോയിസ്റ്റായി തോന്നിയിട്ടുണ്ട്. രതീഷ് എന്ന അദ്ധ്യാപകൻ അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുമുണ്ട്..

*താങ്കളിലെ അദ്ധ്യാപകനെയണോ കഥാകൃത്തിനെയണോ ഏറെ ഇഷ്ടം..?

      രണ്ടുമല്ല കേട്ടോ എന്നിലെ പിതാവിനെയാണ് എനിക്കിഷ്ടം. കഥാകൃത്ത് അല്പം റിബലും. നാട്ടിലെ സകല മനുഷ്യരും തന്നെ തിരിച്ചറിയണമെന്നും തന്നെത്തേടി പുരസ്കാരങ്ങളും പ്രസാധകരും വരണമെന്നും എപ്പോഴും ആഗ്രഹിക്കുന്നവനാണ്. ഒരു നല്ല ആത്മരതീഷ്. അദ്ധ്യാപകൻ വെറും സാധു. പിതാവിനും കഥാകൃത്തിനും ജീവിക്കാനും എഴുതാനും വേണ്ടി ആത്മാർഥമായി അധ്വാനിക്കുന്നു..

*അദ്ധ്യാപകന് എഴുത്തിൽ റോളില്ലേ..?
        അങ്ങനെ ചോദിച്ചാൽ കഥാകൃത്തിന്റെ അടിമയാണെന്ന് പറയാം. വായിപ്പിക്കുന്നു. എഡിറ്റ് ചെയ്യിക്കുന്നു. പതിപ്പുകൾ,പുസ്തകങ്ങൾ വാങ്ങിക്കാൻ ജോലി ചെയ്യിക്കുന്നു..സ്റ്റാഫ് റൂമിലെ സമയത്തെ പ്പോലും ഈ കഥാകൃത്ത് കൈയേറ്റം ചെയ്യുന്നുണ്ട്.തികഞ്ഞ അടിമ ജീവിതം.

*കഥയും കുടുംബവും..?
     എത്ര ആട്ടിയോടിച്ചാലും എന്റെ കഥയിലേക്ക് വലിഞ്ഞുകയറി വരുന്ന ഒരു കുടുംബമാണ് എനിക്കു ള്ളത്..ഒരു പക്ഷെ എന്റെ പ്രിയപ്പെട്ട കഥകൾ കണ്ടെത്തണം എന്നു പറഞഞ്ഞാൽ അതിലെല്ലാം അവരുണ്ടാകും...പിന്നെ എഴുത്തിന്റെ മുറിയിലേക്ക് പോയാൽ കട്ടനും തന്ന് മക്കളെ മാറ്റി നിർത്തുന്ന ഭാര്യയാണ്.പിന്നെ ഒറ്റയ്ക്ക് സംസാരിക്കുന്നതും ഉറക്കത്തിൽ ചിരിക്കുന്നതും എഴുന്നേറ്റ് നടക്കുന്നതും അവരും എന്റെ നാട്ടുകാരും ഭ്രാന്തായി കരുത്തിയിട്ടില്ല...
"ആ കടവത്തിന്റെ മോന് പ്രാന്തല്ല ലവൻ കഥ എഴുതണതായിരിക്കും" നാട്ടുകാർ തമ്മിൽ ഇങ്ങനെയൊരു സംഭാഷണം നടന്നിട്ടുണ്ടാകും..ജോലി സ്ഥലത്ത് "ആ മാഷിരുന്ന് എന്തേലും കുത്തിക്കുറിക്കട്ടെ നമ്മക്കും അഭിമാനമല്ലേ" എന്നും പറയുന്നുണ്ടാകും...

* കഥാസാഹിത്യലോകത്തെക്കുറിച്ച് എന്തൊക്കെയാണ് ചിന്തകൾ..ആരെയെങ്കിലും മോഡലാക്കി..? എഴുത്തിടത്തിലെ പ്രതിസന്ധികൾ..?

       ലോകത്തിൽ ഏറ്റവും ഗംഭീര കഥകളുടെ ഭൂമികയാണ് മലയാളം.ഉതുപ്പാന്റെ കിണർ മരപ്പാവകൾ, ശബ്ദിക്കുന്ന കലപ്പ കടൽത്തീരത്ത് ഇവയോട് ഒപ്പം നിൽക്കുന്ന ഒരു ലോക കഥ കാണിച്ചു തരൂ.ബഷീർ, കാരൂർ പത്മരാജൻ ഇവരൊക്കെ ആയെങ്കിൽ എന്നൊക്കെ തോന്നാറുണ്ട്.
പക്ഷെ എന്നിലെ കഥാകൃത്ത് പലപ്പോഴും കൊമ്പത്തെ എന്തൊക്കെയോ ആകണം എന്ന് ചിന്തിക്കുന്ന അത്യാഗ്രഹിയാണ്..സാഹിത്യലോകത്ത് എന്താ പ്രതിസന്ധി അതൊരു സൂപ്പർ മാർക്കറ്റാണ് താൽക്കാലിക പരസ്യം കൊണ്ട് ചിലതൊക്കെ വിറ്റ് പോകും പക്ഷെ ബ്രാന്റ് ആയി മാറാൻ കലക്കൻ ഐറ്റം തന്നെ എത്തിക്കണം..എത്ര മാത്രം എഴുത്തുകാരാണ് ഇവർക്ക് ഒപ്പം പിടിച്ചു നിൽക്കാൻ കഥയെ ദിവസവും പുതുക്കുക മാത്രമേ ചെയ്യാനുള്ളു...
പിന്നെ എഴുത്തിൽ വലിയ പാരമ്പര്യമോ രാഷ്ട്രീയ/പ്രാദേശിക പിന്തുണയോ ഇല്ലല്ലോ അതുകൊണ്ട് സ്വാഭാവികമായും നേരിടുന്ന അവഗണന ഇകഴ്‌ത്തൽ, ഗ്യാങ് ആക്രമണം ഒക്കെ ഉണ്ടായിട്ടുണ്ട്..
പക്ഷെ എനിക്കിതൊക്കെ ഒരു കൊമ്പറ്റീഷൻ സ്പിരിറ്റാ...

*കഥകളിൽ പെണ്ണും മണ്ണും നിറയുന്നുണ്ടല്ലോ..?
     രണ്ടിനെയും വല്ലാതെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. രണ്ടിനോടും ഈ നാടും ഞാനും നീതി പുലർത്തുന്നതായി തോന്നിയിട്ടില്ല. പിന്നെ കഥയിലെങ്കിലും എനിക്കവരെ സംരക്ഷിക്കാൻ കഴിയുമോ എന്നു ശ്രമിക്കുന്നു.. ഞാനുൾപ്പെടെ സ്കലരോടും അതുറക്കെ വിളിച്ചു പറയാൻ ഒരു ശ്രമം.

*ശലഭൻ, ഞാവൽ ത്വലാഖ്, ബർശല് ഈ പേരിടലിലെ കൗതുകങ്ങൾ..?

   നമ്മൾ എത്ര കഥയുണ്ടാക്കി എന്നല്ല പുതിയ എത്ര വാക്കുകൾ ഉത്പാദിപ്പിച്ചു എന്നത് വലിയ ഒരു വിഷയമാണ്. ബഷീറിനെ വായിക്കു അത്ഭുതപ്പെട്ടുപോകും. ഇക്കാര്യത്തിൽ ആ മുറിബീഡി കക്കയാണ് എന്റെ വെളിച്ചം. പിന്നെ ബർശല് എന്നൊക്കെ കേൾക്കുമ്പോൾ ഒരു കൗതുകം തോന്നില്ലേ..? ആ കൗതുകം വായനക്കാരന്റെ ഉള്ളിലേക്ക് നീട്ടിയെറിയുന്ന ചൂണ്ടയാണ്.അതിൽ കുരുക്കി കഥയുടെ ക്ളൈമാക്സ് വരെ വലിക്കണം. അതൊരു രസാ...

*കഥാമൽസരങ്ങളിൽ, പുരസ്‌ക്കാരങ്ങളിൽ ഇടയ്ക്ക് പേര് കണല്ലോ..? പുതിയ പുസ്തകങ്ങൾ..?

   നിലവിലെ സാഹചര്യത്തിൽ എന്നെപ്പോലെയുള്ള എഴുത്തുകാർക്ക് കഴിവ് തെളിയിക്കാൻ പറ്റിയ സാധ്യതയാണ് കഥാ മൽസരങ്ങൾ.സുതാര്യമായ ഇത്തരം ഇടങ്ങളിൽ അംഗീകാരം കിട്ടുമ്പോൾ എഴുത്തിന് പുതിയ ഊർജ്‌മായി മാറുന്നു..."പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം" ചിന്ത ബുക്സ് പുതിയ കഥാസമഹാരം വരുന്നുണ്ട്..

*കഥയല്ലാതെ മറ്റെന്തൊകെ..?

     ചൂണ്ടയിടും, മീൻ വളർത്തൽ, പ്രാവ്, പട്ടി പൂച്ച ഒക്കെയുണ്ട്..കഥയെഴുത്തിനെക്കാൾ ചൂണ്ടയിടാനാണ് എനിക്കിഷ്ടം.

*വലിയ സ്വപ്നം..?
             ഉതുപ്പാന്റെ കിണർ, മരപ്പാവകൾ  പോലെ ഒരു കഥയുണ്ടാക്കി മറിച്ചുപോകണം. എന്റെ മക്കളുടെ മക്കൾ ക്ലാസ് മുറിയിൽ അത് പഠിക്കണം. എന്നിട്ട് അവർ ഉള്ളിൽ പറയണം ഇതെന്റെ അപ്പൂപ്പനെഴുതിയതാണ്....

നന്ദി
വളരെ സ്നേഹം.