Friday 24 February 2017

കഥ ഷാജീസ് ലൈറ്റ് ആന്റ് സൗണ്ട്സ്

ഷാജീസ്
ലൈറ്റ് ആന്റ് സൗണ്ട്സ്...!!

അമ്പൂരി പന്തറൂട്ടിൽ കണ്ടംതിട്ടയിലെ ഷാജീസ് ലൈറ്റ് ആന്റ് സൗണ്ട്സ് പണ്ട് വീനസ് സൗണ്ട്സ് എന്നാണറിയപ്പെട്ടിരുന്നത്. 

ഷാജിയുടെ അച്ഛൻ ബൈക്കിടിച്ചുമരിച്ച് കൃത്യം ഇരുപത്തിയഞ്ചാം ദിവസമാണ് എന്റെ കൈയിൽ പെയിന്റുതന്നിട്ട് എന്നെഴുതെടാന്ന് അവൻ പറഞ്ഞത് അന്ന് ഞാൻ പന്ത്രണ്ടാം ക്ലാസിലായിരുന്നു. ഇംഗ്ലീഷിലെ വലിയ അക്ഷരത്തിൽ  ഷാജീസ് ലൈറ്റ് ആന്റ് സൗണ്ട്സ്  എന്നെഴുതിവച്ചു...

വീനസ് സൗണ്ട്സിലെ കോളാമ്പിയിലൂടെയാണ്  നാട്ടിലെ വിവാഹോം മരണോം   ഉത്സവോം എന്നുവേണ്ട എല്ലാം നാട്ടുകാരറിഞ്ഞത്. പഞ്ചായത്ത് തിരഞ്ഞെടുപ്പും, മന്ത് രോഗത്തിന്റെ അറിയിപ്പും അങ്ങനെ വീനസിന്റെ ഡേറ്റിനനുസരിച്ച് കല്യാണതീയതികൾ വരെ നിശ്ചയിച്ചിട്ടുണ്ട്,

നാട്ടിലെ ക്രിക്കറ്റ് ക്ലബ്ബിന്റെ  സ്പോൺസർ  വീനസ് സൗണ്ട്സ് ആയിരുന്നു. മടലും യൂക്കാലി പലകയും കൊണ്ട് ക്രിക്കറ്റുകളിച്ചിരുന്ന ഞങ്ങൾ മായം സൗപർണിക, കള്ളിക്കാട് സൂപ്പർബോയ്സ് തുടങ്ങിയ ടീമുകളോട് കളിച്ചു ജയിച്ചത് വീനസ് സൗണ്ട്സ് സ്പോൺസർ ചെയ്ത ബാറ്റുകൊണ്ടാണ്.

എന്റെ ശബ്ദം ആദ്യമായി  എക്കോ രൂപത്തിലായത് ഷാജി അവന്റെ അച്ഛനോട് പറഞ്ഞ് ഒപ്പിച്ചുതന്ന അവസരമായിരുന്നു.  നാട്ടിലെ ആദ്യത്തെ ക്ഷീരകർഷക സഹകരണ സംഘം ഈ കെ. നായനാർ വന്ന്  ഉത്ഘാടനം ചെയ്ത ചടങ്ങുകഴിഞ്ഞ് മൈക്ക് അഴിക്കുന്നതിനിടയിൽ  നാലാം ക്ലാസിലെ ചങ്ങാതിയായ എന്റെ ആഗ്രഹം ഷാജി സാധിപ്പിച്ചു തന്നത്..

"ഹലോ ചെക്ക് മൈക്ക് ടെസ്റ്റിംഗ് രതീഷ് " ഇതും പറഞ്ഞിട്ട് വേദിയിൽ നിന്നിറങ്ങിയ ഞാൻ ഷാജിയെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു...
നെയ്യാറിന്റെ ഓളപരപ്പിലൂടെ  വനത്തിനുള്ളിലേക്ക് പാഞ്ഞുപോയ "ആ ചെക്ക് ഹലോ ചെക്ക് " നാട്ടിലെ ആരും കേട്ടില്ലെങ്കിലും എന്റെ കൂട്ടുകാരി മീനു കേട്ടിരുന്നു. പിറ്റേന്ന് ക്ലാസിൽ വച്ച് "രതീഷിന്നലെ മൈക്കിലൂടെ എന്തേലും പറഞ്ഞിരുന്നാ ഞാൻ കേട്ടല്ലാ..." അപ്പോൾ ഞാനനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലാട്ടോ. ഷാജിയുടെ ഭാഗ്യമോർത്ത് ഞാൻ അസൂയപ്പെട്ടു.

എന്റെ വീടുകഴിഞ്ഞ് കൃത്യം ആറാമത്തെ വിട് ഷാജിയുടേതാണ്.  എന്നും രാത്രി അവിടെ വഴക്കുണ്ടാകും ശാന്തേടത്തി മൂന്ന് മക്കളേം കൊണ്ട് സഹോദരന്റെ വീട്ടിലേക്ക് പോയാലും ചീത്തവിളി തീരില്ല...പിന്നെ നേരം വെളുക്കും വരെ സിനിമാ പാട്ടുകൾ കേൾക്കാം. ഉച്ചത്തിൽ വയ്ക്കും ആരെങ്കിലും ചോദ്യം ചെയ്താൽ പിന്നെ അവരോടായി വഴക്ക്. പിറ്റേന്ന് രാവിലെ ശാന്തേടത്തിയും മക്കളും വരും. തലേന്നത്തെ പുകിലൊന്നും ഓർമ്മപോലും ഇല്ലാത്തതുപോലെ ആ മനുഷ്യൻ വീനസിലേക്ക് പോകും.

  ആറാംക്ലാസുമുതൽ    എന്റെ പഠനം കൊല്ലത്തായിരുന്നു.  പത്താം തരത്തിലെ   വേനലവധിയ്ക്ക് വന്നപ്പോൾ ഷാജി വീനസിലെ അസിസ്റ്റന്റ് ആയിമാറിയിരിക്കുന്നു.
എട്ടാം തരത്തിൽ അവർ പഠിത്തം  നിർത്തിയ വിവരം ഞാനപ്പഴാണ് അറിയുന്നത്.. എന്നെ ബി എസ് എ സൈക്കിളിന്റെ മുന്നിലിരുത്തി ആനന്ദവല്ലീശ്വരം അമ്പലത്തിന്റെ പിന്നിലെ വഴിയിൽ വച്ച് മീനുവുമായി സംസാരിക്കാൻ അവസരം ഒരുക്കിത്തന്നത് അവനാ. കൂടാതെ മീനൂന്റെ കൂട്ടുകാരി ആരതിയിൽ ഷാജിയ്ക്കൊരു കണ്ണുണ്ടായിരുന്നെന്ന വിവരം മീനുപറഞ്ഞാണ് ഞാനറിയുന്നത്..

പ്ലസ്ടൂ പരീക്ഷകഴിഞ്ഞ അവധിയ്ക്ക് കുട്ടമല ടോപ്പ് സ്റ്റാറുമായുള്ള ക്രിക്കറ്റ് മത്സരത്തിനിടയിൽ വച്ചാണ് ഷാജിയുടെ അച്ഛൻ ബൈക്ക് തട്ടി മരിച്ചവിവരം അറിയുന്നത് സ്ഥലത്ത് എത്തുമ്പോൾ "പന്ത പൂജ്യം കി മി  " എന്നെഴുതിയ മൈൽക്കുറ്റിയിൽ തലയടിച്ച് ചോരവാർന്ന് കിടക്കുകയായിരുന്നു അവന്റെ അച്ഛൻ ബൈക്കോടിച്ചിരുന്ന ചെക്കനെ ആരൊക്കെയോ ചേർന്ന് നന്നായി പെരുമാറിയിരിക്കുന്നു. ആമ്പുലൻസ് വന്നപ്പോൾ ശരീരവും എടുത്തുകേറ്റി എന്നോടും ആ ചെക്കനോടും കേറാൻ പറഞ്ഞു. ആശുപത്രിയിൽ പോകുന്നതിനിടയിൽ ടൗണിലെ  ബൂത്തിൽ നിന്ന് ആ ചെക്കനെക്കൊണ്ട് വീട്ടിലേക്ക് ഫോൺ വിളിപ്പിച്ചു. കുറച്ചുകഴിഞ്ഞ് ആമ്പുലൻസിന്റെ പിന്നാനെ ഒരു പുതിയ മാരുതികാറ് വരുന്നുണ്ടായിരുന്നു. അതിൽ നിന്നും ഒരാൾ ആമ്പുലൻസിൽ കയറിയിട്ട് ആ  ചെക്കനെ കാറിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു. പോസ്റ്റുമാർട്ടം കഴിയുന്നതിനിടയിൽ ഷാജി പറഞ്ഞതാണ്

"...ആ പന്നൻ രാവിലെ മുതൽ മുഴുത്തഫോമിലാ ചെക്കന്റെ ബൈക്കിനുമുന്നിൽ ചാടിയതാകും. അവനാണെങ്കിൽ ലൈസൻസ് പോലും ഇല്ല. അതിനെ കൊലയ്ക്ക് കൊടുത്തിട്ട് എനിയ്ക്കെന്തു കിട്ടാൻ, ജീവിച്ചിരുന്നപ്പോൾ ഞങ്ങൾക്ക് സമാധാനം തന്നിട്ടില്ല ചത്തിട്ട് ഒരാളുടെയും സമാധാനം കളയണ്ട അതാ ഞാൻ അളെ മാറ്റിയത്"

മരണത്തിനും ചടങ്ങിനും വീനസിന്റെ ലൈറ്റും സൗണ്ടും തന്നെയായിരുന്നു. ഷാജി തന്നെ അത് ഒറ്റയ്ക്ക് സെറ്റു ചെയ്തു...

...എടാ എനിക്ക് അവരൊരു മൂന്നര ലക്ഷം തന്നു കുറച്ച് സാധനോം ജനറേറ്ററും അവളുമാർക്ക് രണ്ട് വളയും പിന്നെ ഓരോ മാലയും തള്ളയ്ക്ക് നല്ലൊരു സാരിയും വാങ്ങി, ദാ പെയിന്റ് നീ ഇംഗ്ലീഷിൽ ഷാജീസ് ലൈറ്റ് ആന്റ് സൗണ്ട്സ്  എന്നൊന്ന് എഴുതിത്താ..."

അന്നെഴുതിയത് ഇന്നും മാഞ്ഞിട്ടില്ല...ഞാൻ അവധിക്കാലങ്ങളിൽ മാത്രമായതിനാൽ മീനൂന് വേറെ പ്രണയമായി. ആരതി ഒരുത്തന്റൊപ്പം പോയി വയറ്റിൽ ഒന്നായപ്പൊ അവളെ വീട്ടിൽ കൊണ്ടാക്കീട്ട് അവൻ മുങ്ങി.ആരതിയെ ഇപ്പൊഴും തനിക്ക് ഇഷ്ടാണെന്നും സ്വീകരിക്കാൻ തയാറാണെന്നും ഷാജി പറഞ്ഞു.

നെയ്യാർഡാമിന്റെ കൈവരിയിലിരുന്ന് ഞങ്ങൾ ഇതൊക്കെ  സംസാരിക്കുമ്പോൾ,  ഒരു ചെക്കനും പെണ്ണും റിസർവ്വോയറിലേക്ക് എടുത്തുചാടി. എന്റെ വെപ്രാളം കണ്ടിട്ട് ഷാജിയ്ക്ക് ചിരിയാണുവന്നത് എന്നിട്ട് നീന്തിച്ചെന്ന് രണ്ടിനേം രക്ഷപെടുത്തി. അതിന്റെ പേരിൽ പഞ്ചായത്തിന്റെ വക സ്വീകരണമൊക്കെയുണ്ടായിരുന്നു...

ഇതിനിടയിൽ മൂത്തപെങ്ങളുടെ വിവാഹം അവൻ നടത്തിയിരുന്നു. ഇളയതിനെ കെട്ടിക്കാൻ കൊല്ലത്ത് ജോലിയായിരുന്ന എന്നെക്കൊണ്ട് ഒരു ലോൺ എടുപ്പിച്ചു. കല്യാണത്തിനിടാൻ സ്വർണം കൊടുക്കാമെന്നേറ്റ ജുവല്ലറിക്കാരന്റെ വീട്ടിൽ മരണം നടന്നതിനാൽ എന്റെ ഭാര്യയുടെ ആഭരണങ്ങൾ തലേന്ന് രാത്രിവന്നു വാങ്ങിയിരുന്നു. പിറ്റേന്ന് എല്ലാം തിരിച്ചേൽപ്പിക്കുകയും ഒരു കുഞ്ഞുമോതിരം ഭാര്യകൊടുക്കുകയും ചെയ്തു.

ആ ഓണത്തിന് അവന്റെ വീട്ടിൽ പോയപ്പോഴാണ് മറ്റൊന്നറിഞ്ഞത് ഇളയതിന്റെ വിവാഹം കഴിഞ്ഞപിറ്റേന്ന് അവന്റെ അമ്മയെ മോശമായ ഒരു സാഹചര്യത്തിൽ കാണാനിടയായതും ശാന്തേടത്തി  ആത്മഹത്യചെയ്തതും.

ഷാജീസ് ലൈറ്റ് ആന്റ് സൗണ്ട്സ് പിന്നെ കുറേക്കാലം തുറന്നിട്ടില്ല...
അതിന് മറ്റൊരു കാരണവുമുണ്ട് പലിശക്കാരൻ ജഗദീശന്റെ മോൻ സുധീഷുമായി  ബൈക്കിൽ പോകുന്നതിനിടയിൽ സുധീഷിന്റെ ബാഗിൽ നിന്ന് പോലീസ്  കഞ്ചാവ് പിടിച്ചു. സുധീഷിനെ ജഗദീശന്റെ പലിശകാശ് രക്ഷിച്ചു. പകരം ഒരു രാത്രികൊണ്ട്  എല്ലാകുറ്റവും പോലീസ്  ഷാജിയെക്കൊണ്ട് സമ്മതിപ്പിച്ചു.

നാലരവർഷം ജയിലിൽ കിടന്നു. ഈ കാലത്തും ഷാജീസ് ലൈറ്റ്സ് ആന്റ് സൗണ്ട്സ് തുറന്നില്ല....
കുറ്റം സമ്മതിപ്പിക്കാൻ പോലീസുകാർ നടത്തിയ ശ്രമത്തിനിടയിൽ ഷാജിയ്ക്ക് സ്വന്തം  ശബ്ദവും വെളിച്ചവും ഇല്ലാതായിരുന്നു.  മുന്നിൽ നിൽക്കുന്ന എന്നെപ്പോലും അവനിപ്പോൾ കാണാനോ കേൾക്കാനോ കഴിവില്ല...

ഞാനെഴുതിയതും മങ്ങിതുടങ്ങിരിക്കുന്നു.
ആരതിയുടെ മകൻ  കരിക്കട്ടകൊണ്ട് ഞാനെഴുതിയ ഷാജീസ് ലൈറ്റ് ആന്റ് സൗണ്ട്സ് തെളിയിക്കാൻ ശ്രമിക്കുന്നു...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

Sunday 19 February 2017

പ്രകാശന ചടങ്ങ്.

കീരന്റെ പുസ്തകപ്രകാശനം..!!

ആദ്യകഥാസമാഹരം എത്ര നൊന്തുപെറ്റതായിരുന്നു. അതൊന്ന് നാലാളുടെ മുന്നിൽ വച്ച് തുറന്നുകാണിക്കാൻ ആരുടെയൊക്കെ കാലുപിടിച്ചു. കഥാലോകത്തെ വിശ്വവിഖ്യാമുക്കുകളിൽ പലരെയും വിളിച്ചു, ചിലരെ നേരിൽ  കണ്ടു, ചിലർക്കൊക്കെ വായശാലകൾ തീറെഴുതികൊടുത്ത പവറായിരുന്നു...

ഏറ്റവും ഒടുവിൽ സുഗന്ധിയെഴുതിയ കരങ്ങളെ തന്നെ അതിനു തീരുമാനിച്ചു പെണ്ണെഴുത്തിന്റെ കരുത്തുകളെയും വേദിയിൽ ഉറപ്പിച്ചു, നോട്ടീസും ഫേസ്ബുക്ക് പോസ്റ്റും വാട്സ് ആപ്പ് ഷെയറും വീഡിയോ പ്രമോയും എന്തൊക്കെയായിരുന്നു...

അമ്മായിയമ്മേടേ പതിനാലാമത്തെ അളിയന്റെ ചിറ്റപ്പന്റെ മോനും കണ്ണിൽ കരടു വീണതിനാൽ വരാനാകില്ലെന്ന് ഒരു മഹതി, ലോക്കൽ സെറ്റപ്പിലൊന്നും താല്പര്യമില്ല ഒൺലി ജ്ഞാനപീഠം മാത്രമേ ഉള്ളൂവെന്ന് മറ്റൊരുത്തി  ഒടുവിൽ   ആസ്മ രോഗിയായ പ്രകാശകനും വരില്ലെന്ന് മേഘസന്ദേശമയച്ചു...ഫോൺ പോലും എടുക്കാതെ പ്രസാധകനും കൂറുമാറി...

സത്യം പറയാല്ലോ ഈ പുസ്തകമെല്ലാം കൂട്ടിയിട്ട് കത്തിച്ച് ഇവരുടെ പേരെഴുതി വച്ചിട്ട് ചത്തുകളഞ്ഞാലോന്ന് തോന്നിയതാ...

" ഓ പിന്നേ ഈ പേനയുന്തികളാണോടാ നിന്നെ പ്രകാശിപ്പിക്കേണ്ടത് ? വഴീലു നിക്കണ ഒരാളെ വിളിച്ചോണ്ട് പോയി അങ്ങ് പ്രകാശിപ്പിക്കണം  അല്ലെങ്കിൽ നീയങ്ങ് സ്വയം പ്രകാശിക്കണം..."

എന്റെ പ്രിയ ബാർമേറ്റിന് നന്ദി...

ഒന്നോർത്താൽ അതല്ലേ ശരി.? അങ്ങനെയാണ് ആദ്യമായി എന്റെ ഒരു കഥ പ്രമുഖ പതിപ്പിൽ വന്നതിന് കാരണക്കരനായ കീരനെക്കുറിച്ച് ചിന്തിച്ചത് ഉടനേ പടുക്കയുടെ സമീപ പ്രദേശവാസിയായ എഴുത്തുകാരൻ സുഹൃത്ത് ഷിഫാ സക്തറിനോട് കാര്യം പറഞ്ഞത് ഭക്ഷണം പോലും പൂർത്തിയാക്കാതെ ഷിഫ കാറുമെടുത്ത് പൂളക്കാം പെട്ടി ആദിവാസികോളനിയിലേക്ക് വിട്ടു... കീരൻ കാടുകേറാൻ തയാറായി നിൽക്കുന്നു. കാര്യം പറഞ്ഞപ്പോൾ രണ്ടുവിരലുയർത്തി ഇരുന്നൂറെന്ന് ആവശ്യപ്പെട്ടു ഉടുപ്പും മുണ്ടും വൃത്തിയുള്ളത് തിരഞ്ഞെടുത്ത് കാറിന്റെ മുൻസീറ്റിലിരുന്ന് കീരൻ പ്രകാശന നഗരിയിലെത്തി..

വേദിയിലും സദസിലും ആളെത്തും മുന്നേ പ്രകാശകൻ എത്തിയിരിക്കുന്നു. വല്ലാത്ത ധൈര്യം തോന്നി എനിക്ക്...

"കീരനെക്കുറിച്ച് ഈ മാഷ് കഥയെഴുതീട്ടോ...."

"എപ്പൊ തമ്പിരാനേ ചതിച്ചോ..."
ഷിഫയുടെ തമാശയ്ക്ക് കീരന്റെ പ്രതികരണം എന്റെ സകല ആകുലതകളും ഇല്ലാതെയാക്കി...

അദ്ധ്യക്ഷൻ അവതാരകർ ആശംസകർ...
എല്ലാരും വന്നു കീരനെ ഞാൻ എന്റെ മുന്നിൽ ഇവർക്കെല്ലാം ഒത്തനടുക്കിരുത്തി...
സ്വഗതം പറഞ്ഞപ്പോൾ എണീറ്റില്ല...ഞാൻ തൊട്ടപ്പോൾ കൈയടിച്ചു...കിട്ടിയ  വെളുത്തപൂവിന്റെ  ഇതളുകൾ ഇളക്കി  പോക്കറ്റിലാക്കി...പ്രകാശനം നടത്തുമ്പോൾ ഒട്ടിച്ചുവച്ചതെല്ലാം ഭംഗിയായി കീറി പുസ്തകം  എന്റെ  ഏട്ടൻ റഹ്മാൻ കിടങ്ങയത്തിന് കൊടുത്തു...ഫോട്ടോയിൽ നോക്കി ഭംഗിയായി ചിരിച്ചു...
പ്രസംഗിക്കാൻ മടി അല്ലെങ്കിലും ആ ചിരിക്കപ്പുറം എന്തു പ്രസംഗം...

അദ്ധ്യക്ഷ പ്രസംഗം  കഴിഞ്ഞപ്പോൾ എന്നെ തിരിഞ്ഞു നോക്കി..
അവതാരകന്റെ പ്രഭാഷണം കഴിഞ്ഞപ്പോൾ പോട്ടേന്ന് ആംഗ്യത്തിലൂടെ  ചോദിച്ചു...
കൂടുതൽ ഇരുത്തിയാൽ എണിറ്റ് ഓടുമെന്ന് ഉറപ്പായപ്പോൾ ഞാൻ എണിറ്റൂ കീരന് സന്തോഷായീ..

പോക്കറ്റിൽ കുറച്ച് കാശുവച്ചപ്പോൾ ഇരുന്നൂറ് മതിയെന്ന് പറഞ്ഞു...
സുഹൃത്തിന്റൊപ്പം എന്റെ കാറിൽ കീരനെ കയറ്റിവിട്ടു...

ബിവറേറിജിന്റെ മുന്നിൽ നിന്ന് പൈന്റും വാങ്ങി ഊരിലെത്തും മുന്നേ പോക്കറ്റിൽ കിടന്ന വെളുത്തപൂവിന്റെ ഇതളും ചേർത്ത് കുടിച്ചകീരനെക്കുറിച്ച് ചങ്ങാതി പറഞ്ഞപ്പോൾ എനിക്ക് തോന്നിയത്...

  എന്റെ സ്വന്തം  കീരനെ  പകരക്കാരനാക്കിയ ഞാനെത്ര പൊട്ടനാണ്...
കീരനല്ലേ അർഹൻ ?
കീരൻ  ഉള്ളിൽ വല്ലാതെ നിറഞ്ഞ് ഞാൻ  പ്രകാശിതനായി...!!

രതീഷ് കെ എസ്
( ഗുൽമോഹർ009)

Sunday 12 February 2017

കഥ ഞാൻ ആ മനുഷ്യന് ദൈവമെന്ന് പേരിട്ടു

ആ മനുഷ്യന്
ഞാൻ ദൈവമെന്ന് പേരിട്ടു..!!
(കഥാഭാസം)

ഞാൻ ഒരിക്കലും ദൈവവിശ്വാസിയല്ലാട്ടോ, കഴിഞ്ഞകാലങ്ങളിൽ
തിരുപിറവികളില്ലാത്തതും, വിശ്വാസപ്രമാണിയല്ലാത്തതും, ആർത്തവത്തെ ഭയക്കാത്തതും തലമുടി കണ്ടാൽ ഹാലിളകാത്തതും, നേർച്ചകളിൽ നോമ്പുകളിൽ പ്രീതിപ്പെടാത്തതുമായ  ഒരു ദൈവത്തെക്കുറിച്ച് തിരഞ്ഞിട്ടുണ്ട്...

ഒടുവിലാണ് ആ മനുഷ്യന് ഞാൻ ദൈവമെന്ന് പേരിട്ടത്..
വീടില്ലാത്തവരെ, വീട്ടുകാരില്ലത്തവരെ അനാഥരെന്ന് വിളിക്കാം അനാഥാലയം പുറം തള്ളിയവരെക്കുറിച്ച് ആരെന്തുവിളിക്കും...?

നാലുവയസ്സെന്നാണെന്നെന്റെ ഓർമ്മ..
വിശപ്പിനപ്പുറം ബുദ്ധിയുറച്ചിരുന്നില്ല...

"വലുതായാൽ നീ ആരാകുമെടാ...?"

". എനിക്ക് പോലീസാകണം  എന്നിട്ട്
എന്റെ അപ്പനെ എനിക്ക് ഓടിച്ചിട്ട് പിടിച്ച് കണക്കുചോദിക്കണം"
എന്നുത്തരം പറഞ്ഞവന്റെ പിതൃത്വത്തെക്കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടാകുമോ...?

ഇരുട്ട് കൂട്ടുള്ള ഇടനാഴികളിൽ സ്വപ്നങ്ങൾക്ക് വലിയ നിറമില്ലായിരുന്നു. യൂണിഫോമിന്റെ മടക്കിത്തയ്ച്ച ഭാഗം ഇളക്കി ഇടുമ്പോഴും, നിക്കറിന്റെ ബക്കിളുപൊട്ടിതെറിക്കുമ്പോഴും, പുതിയകാവ് ആമ്പലത്തിന്റെ മുന്നിൽ നിന്ന്   അളവിന് ചെരിപ്പ് മോഷ്ടിക്കുമ്പോഴുമാണ് വളരുന്നു എന്ന തോന്നലുണ്ടാകുന്നത്...

എല്ലാ പുസ്തകങ്ങളും ഒന്നിച്ചു കിട്ടിയപ്പോഴാണ് ഞാൻ പത്താം ക്ലാസുകാരനായത്...
ആദ്യമായി എന്റെ ചിത്രം അച്ചടിച്ച സർട്ടിഫിക്കറ്റും പിന്നെ അനാഥമന്ദിരത്തിന്റെ ചുവരിൽ എന്റെ പേരും അതിനോട് ചേർന്ന് മാർക്കും എഴുതിവച്ചപ്പോഴാണ് ആദ്യമായി വിജയിച്ചതോന്നലുണ്ടായത്...

കൂട്ടുകാരന്റെ സൈക്കിൾ കണ്ടിട്ടാണ് വീട്ടുകാരെന്ന തോന്നലുണ്ടായത്. അതിവേഗത്തിൽ സൈക്കിൾ ചവിട്ടിയാണ് ആ അമർഷം തീർത്തത്...

ലൈഫ് ബോയി സോപ്പിന്റെ വാസനകുറഞ്ഞ പതയിൽ ബ്ലേഡ് ഉപയോഗിച്ച് മൂക്കിനുതാഴത്തെ ചെമ്പൻ രോമങ്ങൾ വടിച്ചുകളഞ്ഞതിനിടയിലാണ് ഞാൻ യുവാവായത്...

എന്റെ പൊതിച്ചോറ്  കൂട്ടുകാരൻ അറപ്പോടെ തുപ്പിയപ്പോഴാണ് ഞാൻ ദുരഭിമാനിയായത്. വിശന്നിരിക്കാൻ ശീലിച്ചത്. അങ്ങനെയൊരിക്കൽ തലചുറ്റിവീണപ്പോഴാണ് ആ മനുഷ്യനെ കണ്ടത് കാറിൽ കേറിയത് ,ഏ സി യുടെ കാറ്റ് കൊണ്ടത് , ഞണ്ടിനെ തിന്നാമെന്നാറിഞ്ഞത്...
'ഈ ഗേറ്റ് ഒരിക്കലും പൂട്ടില്ലാട്ടോ..."എന്ന്  ആ മനുഷ്യൻ മറുപടി പറഞ്ഞത്.

മന്ദിരത്തിലെ കുട്ടികൾക്ക് വിളമ്പിയ
സാമ്പറിൽ മുറിബിഡി കിട്ടീട്ടും ഞാനൊന്നും പറഞ്ഞില്ല...
ഒടുവിൽ കുടിച്ചിട്ട് മെക്കിട്ട് കേറിയപ്പോഴാൾ  ഞാൻ മന്ദിരത്തിലെ അടുക്കളക്കാരനെ തല്ലി....
അന്നാണ് ഞാൻ തെമ്മാടിയായത്...
തീറ്റ തന്ന കൈയ്ക്ക് കൊത്തിയവനെ പുറത്താക്കാൻ മാനേജരായ പാതിരി പറഞ്ഞതിന്റെ അന്നാണ് തിരുസഭയുടെ മുറ്റത്ത് ഞാൻ മൂത്രിച്ചത്...

"ആയിരത്തിമുന്നൂറിന് ഒരു പാചകക്കാരനെ എവിടെന്ന് കിട്ടുമെടാ നീ പോകാതിരുന്നാൽ ബാക്കി എഴുപത് പേരും പട്ടിണിയാകും" എന്ന് സത്യം പറഞ്ഞ് കണ്ണു നിറഞ്ഞിരുന്ന ശാന്തരാജ് മാഷിനോടോ, ആത്മഹത്യചെയ്യല്ലേ മോനേന്ന് പറഞ്ഞ ദാവീദ് മാഷിനോടോ എനിക്ക് ഇപ്പൊഴും ഒരു പരിഭവും തോന്നിയിരുന്നില്ല....

പിന്നെ ഞാനെന്ത് ചെയ്യും തകരപ്പെട്ടിയും തൂക്കി തീവണ്ടിപ്പാളത്തിലൂടെ നടന്ന എന്നെ ആ തമിഴൻ പോർട്ടർ പച്ചക്കൊടികൊണ്ട് തല്ലീലായിരുന്നെങ്കിൽ ഓർക്കുമ്പോൾ ചിരിവരുന്നു...
അജ്ഞാത മൃതദേഹങ്ങളുടെ വാർത്തകൾ ഇപ്പൊഴും ഞാൻ ഭീതിയോടെയാണ് വായിക്കാറുള്ളത്....

ആ മനുഷ്യന്റെ വാതിൽ തുറന്നു തന്നെ കിടന്നു....
കുപ്പിഗ്ലാസിൽ ആദ്യായി ചായ കുടിച്ചത്...
കഥകളൊക്കെ കണ്ണിൽ നോക്കി കേട്ടിരുന്നത്, ഒറ്റമുറിവീട് വാടകയ്ക്കെടുത്ത് തന്നത് , ഭക്ഷണം തന്നത്, തൊഴിലിടങ്ങൾ കാണിച്ചു തന്നത്, സമ്പാദിക്കാൻ പഠിപ്പിച്ചത്, ആർത്തിയോടെ പലതും നേടിയത്...

ഇന്നും
ചെറ്റത്തരത്തിന്റെ lപാപബോധത്തിലും ആ മനുഷ്യൻ ഇതൊന്നും അറിയല്ലേ എന്നു മാത്രമാണ് ഞാൻ ഭയക്കുന്നത്...

ഇനി നീ പറയൂ ആ മനുഷ്യന് ഞാൻ ദൈവമെന്ന് പേരിട്ടതിൽ തെറ്റുണ്ടോ..?

രതീഷ് കെ എസ്
( ഗുൽമോഹർ 009)

Thursday 2 February 2017

കഥ കുഴിയാനക്കാലം...

കുഴിയാനക്കാലം..!!

മകന്റെ
നാലാം പിറന്നാളാഘോഷം കഴിഞ്ഞിറങ്ങിയ മാമൻ പറഞ്ഞു....

"നിനക്കെന്താടാ ഈ വഴിയൊന്ന് കോൺക്രീറ്റ് ചെയ്താല്. നാടോടുമ്പോൾ നടുവേ ഓടാത്ത നീയൊക്കെ കുഴിയാനകളാ..."

"അതേ ഈ  കഥ ഇവിടെ നിർത്തിക്കോളൂട്ടോ.
അല്ല ചങ്ങാതി നിങ്ങൾക്ക് ഉളുപ്പുണ്ടോ ? ഇങ്ങളെ കെട്ട്യോളും മൊയന്ത് കുട്ട്യോളും പിന്നെ അഞ്ചാറു പെണ്ണുങ്ങളുമല്ലാതെ മറ്റെന്താ തന്റെ കഥകളിലുള്ളത്...?"

"ന്റെ ഷുക്കൂറിക്കാ ക്ഷമിക്കീൻ, ഇത്തവണ കഥേല് ഒരാനേണ്ട്..."

"ആനേ...?"

"ഉം ആന, കുഴിയാന.."

"ന്തേ ബഷീറിന്റെ വഴിക്കാ..?"

"ആ വഴിക്കിനി പോയിട്ടെന്തിനാ...?"

"എന്നാ പറയീൻ..."

"..മാമന് ഇതൊക്കെ  പറയാല്ലോ റബ്ബറിന്റേം പലിശേടേം കാശിങ്ങനെ വന്നുകേറേല്ലേ. ഈ മുറ്റം ആയിരം സ്കൊയർ ഫീറ്റ് കട്ടപതിച്ചതിന് തന്നെ നാല്പത്തി മൂവായിരം ആയി, അതും മഴപെയ്താൽ മുറ്റത്തെ ചെളി വീട്ടിൽ കേറുന്നതും, പുതുമഴവീണാലുയരുന്ന മണ്ണിന്റെ മണം, മണ്ണ് തിന്ന കാലം ഓർപ്പിക്കുന്നതും..വീടിന്റെ ചുവരിലും കാറിലേക്കും മണ്ണ് തെറിക്കുന്നതും, അടുത്ത വീട്ടിലെ പൂച്ച മുറ്റത്തു വന്ന് മാന്തി തൂറിവയ്ക്കുന്നതും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളുണ്ടായിരുന്നു അതിന്റെ പിന്നിൽ, അതിനിടയിലാ ഇടിത്തീപോലെ ഈ പ്രശ്നമുണ്ടായത്....

"കുയ്യാനേ കാണണം..."

ഇതുകേട്ട്
അവൾ അടുക്കളയിലെ സുരക്ഷിത വലയത്തിലേക്ക് പാഞ്ഞുപോയി..
കുഴിയാനയെ കിട്ടാതെ ഇടഞ്ഞ ഈ കുഞ്ഞനാന  അടങ്ങുമെന്ന് തോന്നണില്ല...
വിരലിൽ തൂങ്ങി അല്പം മണ്ണവശേഷിക്കുന്നു വിറകുപുരയുടെ പിന്നിലൂടെ നടന്നു..നാലഞ്ചുകുഴികളുണ്ടെങ്കിലും ഈർക്കിലുകൊണ്ട് കുറേ തിരഞ്ഞിട്ടും ഒന്നിനേം കണ്ടു കിട്ടീല.   കുഴിയാനേ കാണാനുള്ള ആവേശത്തിൽ അവനും...

പണ്ടാണെങ്കിൽ ഈ തറവാടിന്റെ നാലുവശത്തും നിറയെ കിടങ്ങുകളായിരുന്നു...
തലയിലെ പേനുകൾ തീർക്കാൻ എന്റെ മൂത്തവൾ പേൻ കൊല്ലി ചീർപ്പും ഒരീർക്കിലുമായി അവിടെ ഇരിക്കും.  ഒരു പേനിന് ഒരാന  എന്നായിരുന്നു കണക്ക് തലയിലെ പേൻ തീരുവേളം ആനയുടെ കിടങ്ങിലൂടെ അവൾ എനിക്കുവേണ്ടി വേട്ടതുടരും. ഒരിക്കൽ അവൾ പിടിച്ചുതന്ന ആനകളെ നടരാജ്  ജ്യോമട്രി പെട്ടിയിലാക്കി സ്കൂളിൽ കൊണ്ടുപോയതും മീനാക്ഷി ടീച്ചർ കഞ്ഞിപ്പുരയുടെ സമീപത്തെ കിടങ്ങുകളിൽ വിടാൻ പറഞ്ഞതും തല്ലിയതും ഓർമ്മകളാണ്.

അടുക്കളചുവരിനോട് ചേർന്നുപോലും മണ്ണിൽ നനവില്ല...വെള്ളം കൃത്യമായി സെപ്ടിക്ക് ടാങ്കിലേക്ക് ഒഴുക്കുന്നുണ്ട്...
പണ്ട് അവിടെ കിളച്ച് മണ്ണിരപിടിച്ച് ചൂണ്ടലികോർത്ത് സിലോപ്പിയ പിടിച്ച്....

"അപ്പാ കുയ്യാനെവിടേ...."

ഓർമ്മകൾക്കിടയിൽ ഈ കുഞ്ഞനാന  ഇടഞ്ഞു നിൽക്കുന്നു...

മുറ്റത്തെ തൊമ്മൻ പുളിച്ചിമാവും , അയണിമരവും, ചെന്തെങ്ങും മുറിച്ചു മാറ്റിയാണ് പൂക്കളുടെ ഡിസൈനിൽ മുറ്റത്ത് ടൈൽ പതിച്ചത് ഇല്ലെങ്കിൽ അതിന്റെ  ചോട്ടിൽ തിരയാമായിരുന്നു...
ഒരുകാലത്ത്
അമ്മയും അമ്മായിമാരും കൂടിയിരുന്നു വർത്താനം പറഞ്ഞിരുന്ന തൊമ്മൻ പുളിച്ചി, വയറിളകുവോളം മുളകുപൊടി ചേർത്തു തിന്ന തൊമ്മൻ പുളിച്ചി വീണത് കണ്ണിമാങ്ങകളുമായാണ്. പിന്നെ കുടുംബക്കാർ മാങ്ങാക്കറികൂട്ടി പഴങ്കഞ്ഞി കുടിച്ചത് തമ്മിൽ മിണ്ടാതെ  മതിലുകൾക്കപ്പുറമിരുന്നായിരുന്നു....

"അപ്പാാ....കുയ്യാന..."
കുഞ്ഞാനയ്ക്ക് മദം പൊട്ടിത്തുടങ്ങി.

ഐ പാട് തുറന്ന് നെറ്റിലൂടെ സോയിൽ എലിഫെന്റ് , മഡ് എലിഫെന്റ് എന്നൊക്കെ അടിച്ചു നോക്കി.  കുഴിയാനയ്ക്ക് ഗൂഗിളിന്റെ മണ്ണിൽ കിടങ്ങുണ്ടോ എന്നു തിരഞ്ഞു...
ഒടുവിൽ കറുത്ത കൊമ്പുള്ള ഒരാനയുടെ ചിത്രം ഇമേജിൽ നിന്നും തിരഞ്ഞെടുത്ത് സൂം വലുതാക്കി  അവന് കാണിച്ചുകൊടുത്തു....

"വൗ കുയ്യാനാ വൗ..." കുഞ്ഞനാനയ്ക്ക് സന്തോഷം സഹിക്കാനായില്ല മേമ്പൊടിയ്ക്ക് ഒരു കഥയും...

"പണ്ട് പണ്ട് പണ്ട് ഈ മുറ്റത്തൊക്കെ കുഴിയാനകൾ മേഞ്ഞു നടന്നിരുന്നു. മണ്ണിരകളും കുഴിയാനകളും തമ്മിൽ പൊരിഞ്ഞ യുദ്ധമായിരുന്നു.എന്നും ഈ മുറ്റത്ത് നാലഞ്ചു കുഴിയാനയെങ്കിലും ചത്തുകിടക്കും. മോന്റെ മിനി മിൾട്ടിയ ഗെയിം  ഇല്ലേ ? അതുപോലെ. ഒടുവിൽ ഞാനും നിന്റെ മുത്തച്ഛനും ചേർന്ന് ഈ കട്ടകൾ കൊണ്ടുവന്ന് ഇവിടെ പശതേച്ച് ഒട്ടിച്ചതിൽ പിന്നെ നമ്മുടെ മുറ്റത്ത് യുദ്ധം ഇല്ലാതായി  ഇപ്പൊ ഇവിടെ ഒരു പ്രശ്നോം ഇല്ലാട്ടോ...."

അവൻ മുറ്റത്തിറങ്ങി മതിലിനോട് ചേർന്ന് ഇളകിയ ഒരു ടൈലിൽ കമ്പുകൊണ്ട് പതിയെ ഉയർത്താൻ ശ്രമിച്ചു..

അതിളകിമാറി...
ഉള്ളിൽ നിന്നും വൈക്കം മുഹമ്മദ്
ബഷീർ ഉയിർത്തെണീറ്റു.. നാട്ടിലെ കുട്ടികളെല്ലാം മതിൽ പൊളിച്ച് എന്റെ വീട്ടിലേക്ക് ഓടിക്കൂടി...
അവർ കഥകേൾക്കാൻ തുടങ്ങി. മാങ്കോസ്റ്റീന്റെ ചുവട്ടിലിരുന്നു ബഷീർ കഥകൾ പറഞ്ഞു...

മണ്ണിരകളും ചിതലും കുഴിയാനകളും വീട്ടിലേക്ക് മാർച്ചുചെയ്തു.
മദം പൊട്ടിയ ഒരു കുഴിയാനയുടെ പുറത്തിരുന്ന് മകൻ പാഞ്ഞു വന്നു...
ആന എന്നെ വലിച്ച് നിലത്തിട്ട് ചവിട്ടി...
എന്റെ തലയോട്ടി തകർന്ന് രക്തം ടൈലുകളുടെ ഇടയിലൂടെ ഊർന്നിറങ്ങി...
ആ നനവിൽ കരുത്തുനേടിയ മണ്ണിരകൾ ആർത്തു...

"ലോകമേ തറവാട്
നമുക്കീ പുൽകളും പുഴുക്കളും കൂടിത്തൻ....!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)