Friday 24 February 2017

കഥ ഷാജീസ് ലൈറ്റ് ആന്റ് സൗണ്ട്സ്

ഷാജീസ്
ലൈറ്റ് ആന്റ് സൗണ്ട്സ്...!!

അമ്പൂരി പന്തറൂട്ടിൽ കണ്ടംതിട്ടയിലെ ഷാജീസ് ലൈറ്റ് ആന്റ് സൗണ്ട്സ് പണ്ട് വീനസ് സൗണ്ട്സ് എന്നാണറിയപ്പെട്ടിരുന്നത്. 

ഷാജിയുടെ അച്ഛൻ ബൈക്കിടിച്ചുമരിച്ച് കൃത്യം ഇരുപത്തിയഞ്ചാം ദിവസമാണ് എന്റെ കൈയിൽ പെയിന്റുതന്നിട്ട് എന്നെഴുതെടാന്ന് അവൻ പറഞ്ഞത് അന്ന് ഞാൻ പന്ത്രണ്ടാം ക്ലാസിലായിരുന്നു. ഇംഗ്ലീഷിലെ വലിയ അക്ഷരത്തിൽ  ഷാജീസ് ലൈറ്റ് ആന്റ് സൗണ്ട്സ്  എന്നെഴുതിവച്ചു...

വീനസ് സൗണ്ട്സിലെ കോളാമ്പിയിലൂടെയാണ്  നാട്ടിലെ വിവാഹോം മരണോം   ഉത്സവോം എന്നുവേണ്ട എല്ലാം നാട്ടുകാരറിഞ്ഞത്. പഞ്ചായത്ത് തിരഞ്ഞെടുപ്പും, മന്ത് രോഗത്തിന്റെ അറിയിപ്പും അങ്ങനെ വീനസിന്റെ ഡേറ്റിനനുസരിച്ച് കല്യാണതീയതികൾ വരെ നിശ്ചയിച്ചിട്ടുണ്ട്,

നാട്ടിലെ ക്രിക്കറ്റ് ക്ലബ്ബിന്റെ  സ്പോൺസർ  വീനസ് സൗണ്ട്സ് ആയിരുന്നു. മടലും യൂക്കാലി പലകയും കൊണ്ട് ക്രിക്കറ്റുകളിച്ചിരുന്ന ഞങ്ങൾ മായം സൗപർണിക, കള്ളിക്കാട് സൂപ്പർബോയ്സ് തുടങ്ങിയ ടീമുകളോട് കളിച്ചു ജയിച്ചത് വീനസ് സൗണ്ട്സ് സ്പോൺസർ ചെയ്ത ബാറ്റുകൊണ്ടാണ്.

എന്റെ ശബ്ദം ആദ്യമായി  എക്കോ രൂപത്തിലായത് ഷാജി അവന്റെ അച്ഛനോട് പറഞ്ഞ് ഒപ്പിച്ചുതന്ന അവസരമായിരുന്നു.  നാട്ടിലെ ആദ്യത്തെ ക്ഷീരകർഷക സഹകരണ സംഘം ഈ കെ. നായനാർ വന്ന്  ഉത്ഘാടനം ചെയ്ത ചടങ്ങുകഴിഞ്ഞ് മൈക്ക് അഴിക്കുന്നതിനിടയിൽ  നാലാം ക്ലാസിലെ ചങ്ങാതിയായ എന്റെ ആഗ്രഹം ഷാജി സാധിപ്പിച്ചു തന്നത്..

"ഹലോ ചെക്ക് മൈക്ക് ടെസ്റ്റിംഗ് രതീഷ് " ഇതും പറഞ്ഞിട്ട് വേദിയിൽ നിന്നിറങ്ങിയ ഞാൻ ഷാജിയെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു...
നെയ്യാറിന്റെ ഓളപരപ്പിലൂടെ  വനത്തിനുള്ളിലേക്ക് പാഞ്ഞുപോയ "ആ ചെക്ക് ഹലോ ചെക്ക് " നാട്ടിലെ ആരും കേട്ടില്ലെങ്കിലും എന്റെ കൂട്ടുകാരി മീനു കേട്ടിരുന്നു. പിറ്റേന്ന് ക്ലാസിൽ വച്ച് "രതീഷിന്നലെ മൈക്കിലൂടെ എന്തേലും പറഞ്ഞിരുന്നാ ഞാൻ കേട്ടല്ലാ..." അപ്പോൾ ഞാനനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലാട്ടോ. ഷാജിയുടെ ഭാഗ്യമോർത്ത് ഞാൻ അസൂയപ്പെട്ടു.

എന്റെ വീടുകഴിഞ്ഞ് കൃത്യം ആറാമത്തെ വിട് ഷാജിയുടേതാണ്.  എന്നും രാത്രി അവിടെ വഴക്കുണ്ടാകും ശാന്തേടത്തി മൂന്ന് മക്കളേം കൊണ്ട് സഹോദരന്റെ വീട്ടിലേക്ക് പോയാലും ചീത്തവിളി തീരില്ല...പിന്നെ നേരം വെളുക്കും വരെ സിനിമാ പാട്ടുകൾ കേൾക്കാം. ഉച്ചത്തിൽ വയ്ക്കും ആരെങ്കിലും ചോദ്യം ചെയ്താൽ പിന്നെ അവരോടായി വഴക്ക്. പിറ്റേന്ന് രാവിലെ ശാന്തേടത്തിയും മക്കളും വരും. തലേന്നത്തെ പുകിലൊന്നും ഓർമ്മപോലും ഇല്ലാത്തതുപോലെ ആ മനുഷ്യൻ വീനസിലേക്ക് പോകും.

  ആറാംക്ലാസുമുതൽ    എന്റെ പഠനം കൊല്ലത്തായിരുന്നു.  പത്താം തരത്തിലെ   വേനലവധിയ്ക്ക് വന്നപ്പോൾ ഷാജി വീനസിലെ അസിസ്റ്റന്റ് ആയിമാറിയിരിക്കുന്നു.
എട്ടാം തരത്തിൽ അവർ പഠിത്തം  നിർത്തിയ വിവരം ഞാനപ്പഴാണ് അറിയുന്നത്.. എന്നെ ബി എസ് എ സൈക്കിളിന്റെ മുന്നിലിരുത്തി ആനന്ദവല്ലീശ്വരം അമ്പലത്തിന്റെ പിന്നിലെ വഴിയിൽ വച്ച് മീനുവുമായി സംസാരിക്കാൻ അവസരം ഒരുക്കിത്തന്നത് അവനാ. കൂടാതെ മീനൂന്റെ കൂട്ടുകാരി ആരതിയിൽ ഷാജിയ്ക്കൊരു കണ്ണുണ്ടായിരുന്നെന്ന വിവരം മീനുപറഞ്ഞാണ് ഞാനറിയുന്നത്..

പ്ലസ്ടൂ പരീക്ഷകഴിഞ്ഞ അവധിയ്ക്ക് കുട്ടമല ടോപ്പ് സ്റ്റാറുമായുള്ള ക്രിക്കറ്റ് മത്സരത്തിനിടയിൽ വച്ചാണ് ഷാജിയുടെ അച്ഛൻ ബൈക്ക് തട്ടി മരിച്ചവിവരം അറിയുന്നത് സ്ഥലത്ത് എത്തുമ്പോൾ "പന്ത പൂജ്യം കി മി  " എന്നെഴുതിയ മൈൽക്കുറ്റിയിൽ തലയടിച്ച് ചോരവാർന്ന് കിടക്കുകയായിരുന്നു അവന്റെ അച്ഛൻ ബൈക്കോടിച്ചിരുന്ന ചെക്കനെ ആരൊക്കെയോ ചേർന്ന് നന്നായി പെരുമാറിയിരിക്കുന്നു. ആമ്പുലൻസ് വന്നപ്പോൾ ശരീരവും എടുത്തുകേറ്റി എന്നോടും ആ ചെക്കനോടും കേറാൻ പറഞ്ഞു. ആശുപത്രിയിൽ പോകുന്നതിനിടയിൽ ടൗണിലെ  ബൂത്തിൽ നിന്ന് ആ ചെക്കനെക്കൊണ്ട് വീട്ടിലേക്ക് ഫോൺ വിളിപ്പിച്ചു. കുറച്ചുകഴിഞ്ഞ് ആമ്പുലൻസിന്റെ പിന്നാനെ ഒരു പുതിയ മാരുതികാറ് വരുന്നുണ്ടായിരുന്നു. അതിൽ നിന്നും ഒരാൾ ആമ്പുലൻസിൽ കയറിയിട്ട് ആ  ചെക്കനെ കാറിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു. പോസ്റ്റുമാർട്ടം കഴിയുന്നതിനിടയിൽ ഷാജി പറഞ്ഞതാണ്

"...ആ പന്നൻ രാവിലെ മുതൽ മുഴുത്തഫോമിലാ ചെക്കന്റെ ബൈക്കിനുമുന്നിൽ ചാടിയതാകും. അവനാണെങ്കിൽ ലൈസൻസ് പോലും ഇല്ല. അതിനെ കൊലയ്ക്ക് കൊടുത്തിട്ട് എനിയ്ക്കെന്തു കിട്ടാൻ, ജീവിച്ചിരുന്നപ്പോൾ ഞങ്ങൾക്ക് സമാധാനം തന്നിട്ടില്ല ചത്തിട്ട് ഒരാളുടെയും സമാധാനം കളയണ്ട അതാ ഞാൻ അളെ മാറ്റിയത്"

മരണത്തിനും ചടങ്ങിനും വീനസിന്റെ ലൈറ്റും സൗണ്ടും തന്നെയായിരുന്നു. ഷാജി തന്നെ അത് ഒറ്റയ്ക്ക് സെറ്റു ചെയ്തു...

...എടാ എനിക്ക് അവരൊരു മൂന്നര ലക്ഷം തന്നു കുറച്ച് സാധനോം ജനറേറ്ററും അവളുമാർക്ക് രണ്ട് വളയും പിന്നെ ഓരോ മാലയും തള്ളയ്ക്ക് നല്ലൊരു സാരിയും വാങ്ങി, ദാ പെയിന്റ് നീ ഇംഗ്ലീഷിൽ ഷാജീസ് ലൈറ്റ് ആന്റ് സൗണ്ട്സ്  എന്നൊന്ന് എഴുതിത്താ..."

അന്നെഴുതിയത് ഇന്നും മാഞ്ഞിട്ടില്ല...ഞാൻ അവധിക്കാലങ്ങളിൽ മാത്രമായതിനാൽ മീനൂന് വേറെ പ്രണയമായി. ആരതി ഒരുത്തന്റൊപ്പം പോയി വയറ്റിൽ ഒന്നായപ്പൊ അവളെ വീട്ടിൽ കൊണ്ടാക്കീട്ട് അവൻ മുങ്ങി.ആരതിയെ ഇപ്പൊഴും തനിക്ക് ഇഷ്ടാണെന്നും സ്വീകരിക്കാൻ തയാറാണെന്നും ഷാജി പറഞ്ഞു.

നെയ്യാർഡാമിന്റെ കൈവരിയിലിരുന്ന് ഞങ്ങൾ ഇതൊക്കെ  സംസാരിക്കുമ്പോൾ,  ഒരു ചെക്കനും പെണ്ണും റിസർവ്വോയറിലേക്ക് എടുത്തുചാടി. എന്റെ വെപ്രാളം കണ്ടിട്ട് ഷാജിയ്ക്ക് ചിരിയാണുവന്നത് എന്നിട്ട് നീന്തിച്ചെന്ന് രണ്ടിനേം രക്ഷപെടുത്തി. അതിന്റെ പേരിൽ പഞ്ചായത്തിന്റെ വക സ്വീകരണമൊക്കെയുണ്ടായിരുന്നു...

ഇതിനിടയിൽ മൂത്തപെങ്ങളുടെ വിവാഹം അവൻ നടത്തിയിരുന്നു. ഇളയതിനെ കെട്ടിക്കാൻ കൊല്ലത്ത് ജോലിയായിരുന്ന എന്നെക്കൊണ്ട് ഒരു ലോൺ എടുപ്പിച്ചു. കല്യാണത്തിനിടാൻ സ്വർണം കൊടുക്കാമെന്നേറ്റ ജുവല്ലറിക്കാരന്റെ വീട്ടിൽ മരണം നടന്നതിനാൽ എന്റെ ഭാര്യയുടെ ആഭരണങ്ങൾ തലേന്ന് രാത്രിവന്നു വാങ്ങിയിരുന്നു. പിറ്റേന്ന് എല്ലാം തിരിച്ചേൽപ്പിക്കുകയും ഒരു കുഞ്ഞുമോതിരം ഭാര്യകൊടുക്കുകയും ചെയ്തു.

ആ ഓണത്തിന് അവന്റെ വീട്ടിൽ പോയപ്പോഴാണ് മറ്റൊന്നറിഞ്ഞത് ഇളയതിന്റെ വിവാഹം കഴിഞ്ഞപിറ്റേന്ന് അവന്റെ അമ്മയെ മോശമായ ഒരു സാഹചര്യത്തിൽ കാണാനിടയായതും ശാന്തേടത്തി  ആത്മഹത്യചെയ്തതും.

ഷാജീസ് ലൈറ്റ് ആന്റ് സൗണ്ട്സ് പിന്നെ കുറേക്കാലം തുറന്നിട്ടില്ല...
അതിന് മറ്റൊരു കാരണവുമുണ്ട് പലിശക്കാരൻ ജഗദീശന്റെ മോൻ സുധീഷുമായി  ബൈക്കിൽ പോകുന്നതിനിടയിൽ സുധീഷിന്റെ ബാഗിൽ നിന്ന് പോലീസ്  കഞ്ചാവ് പിടിച്ചു. സുധീഷിനെ ജഗദീശന്റെ പലിശകാശ് രക്ഷിച്ചു. പകരം ഒരു രാത്രികൊണ്ട്  എല്ലാകുറ്റവും പോലീസ്  ഷാജിയെക്കൊണ്ട് സമ്മതിപ്പിച്ചു.

നാലരവർഷം ജയിലിൽ കിടന്നു. ഈ കാലത്തും ഷാജീസ് ലൈറ്റ്സ് ആന്റ് സൗണ്ട്സ് തുറന്നില്ല....
കുറ്റം സമ്മതിപ്പിക്കാൻ പോലീസുകാർ നടത്തിയ ശ്രമത്തിനിടയിൽ ഷാജിയ്ക്ക് സ്വന്തം  ശബ്ദവും വെളിച്ചവും ഇല്ലാതായിരുന്നു.  മുന്നിൽ നിൽക്കുന്ന എന്നെപ്പോലും അവനിപ്പോൾ കാണാനോ കേൾക്കാനോ കഴിവില്ല...

ഞാനെഴുതിയതും മങ്ങിതുടങ്ങിരിക്കുന്നു.
ആരതിയുടെ മകൻ  കരിക്കട്ടകൊണ്ട് ഞാനെഴുതിയ ഷാജീസ് ലൈറ്റ് ആന്റ് സൗണ്ട്സ് തെളിയിക്കാൻ ശ്രമിക്കുന്നു...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment