Friday 20 September 2019

ത്രെഡ്...!!

ത്രെഡ്...!!

"സാഹിത്യലോകത്ത്‌ പേരോ വേരോയില്ലാത്ത നിങ്ങളെഴുതിയ ഒരു കഥ രൂപം മാറി മറ്റൊരിടത്ത് അച്ചടിച്ച്  വരുന്നതിന് പിന്നിൽ,
സൂത്രക്കാരനായ ഒരു എഡിറ്ററും ക്രൂരനായ ഒരു കഥാകൃത്തും തമ്മിലുള്ള  സൗഹൃദത്തിന്റെ കഥയുണ്ട്.."

          (ഒരു ആരോപണം. മെയ് 21/2019 ന് കൊലചെയ്യപ്പെട്ട കഥാകൃത്ത്)

നിങ്ങൾക്ക് പരേത്മാവിൽ വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും ഞാനിപ്പോൾ അതിൽ അടിയുറച്ച് വിശ്വസിക്കുന്നു. "ഒരു തെറ്റ്' എന്നപേരിൽ എഴുതിയ കുറിപ്പ് ഇപ്പോൾ 'ത്രെഡ്' എന്ന് മാറ്റിയെഴുതാൻ സംഗതി വന്നല്ലോ..?
ഇതിന്റെ പിന്നിൽ കൊലചെയ്യപ്പെട്ട കഥാകൃത്തിന്റെ ആത്മാവ് തന്നെ.
കാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് മുൻപ്
ഇത് വായിക്കുന്ന നിങ്ങളോട് ചില പ്രധാനപ്പെട്ട കാര്യങ്ങൾ സൂചിപ്പിക്കുന്നത് നന്നായിരിക്കുമെന്നെനിക്ക് തോന്നുന്നു..

1.മെയ് 21 ന് ഞാൻ ഒരു കഥാകൃത്തിനെ കൊന്നു.

2.ഞാനുൾപ്പെടെ നാലു പേർക്ക് പരമാവധി ശിക്ഷ കിട്ടുന്ന വിധം ഒരു കേസ് നടത്താൻ നിങ്ങൾ തയാറാകണം.

3.അധോലോകം ഉൾപ്പെടെ എല്ലാ പത്രാധിപർക്കും ഞാൻ ഈ കുറിപ്പ് അയച്ചിട്ടുണ്ട്
അവർ ചിലപ്പോൾ ഒരു കഥയായി അച്ചടിക്കാൻ സാധ്യതയുണ്ട്..

സൂചനകൾ ഇനിയുമുണ്ട്
ഒരു പക്ഷെ ബോറൻ ആഖ്യാനമുള്ള ഒരു കഥയുടെ  ആദ്യഭാഗത്തു നിന്നെന്നപോലെ നിങ്ങൾ ഇറങ്ങിപ്പോയാൽ ആ കഥാകൃത്തിന്റെ അന്ത്യത്തിന് കാരണക്കാരായവർ രക്ഷപ്പെടും.
നോക്കു വെറുമൊരു ഗുണ്ടയായ എനിക്ക്  എഴുത്തിൽ  ഇത്രയൊക്കെ സൂക്ഷ്മത പുലർത്താൻ സാധിക്കുന്നുല്ലോ..?
ഇതൊക്കെകൊണ്ടാണ് ഗതികിട്ടാത്ത കഥാകൃത്തിന്റെ ആത്മാവ് എന്നെക്കൊണ്ട് എഴുതിക്കുന്നതാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്..

അധോലോകത്തിന്റെ ഗോഡൗണിൽ വച്ച്  ആ കഥാകൃത്തിന്റെ വയറ്റിൽ ഞാൻ കത്തിയിറക്കുമ്പോൾ ഒരു തുള്ളികണ്ണീരോ നിലവിളിയോ ഉണ്ടായിട്ടില്ല. എന്റെ മുഖത്ത് അയാളുടെ കണ്ണുകൾ ഉറച്ചു നിന്നു..

" നിങ്ങളുടെ അതേ പേരിൽ നീതിമാനായ ഒരു കഥാകൃത്ത് ജീവിച്ചിരുന്നു." അയാളുടെ ഒടുവിലെ  വാക്കുകളിൽ ഞാനാകെ തകർന്നുപോയി. ആദ്യാമായിട്ടാവും മരണപ്പെട്ടവന്റെ മുന്നിൽ  കൊല്ലുന്നവൻ തോറ്റു പോകുന്നത്..
രണ്ട് ദിവസം കഴിഞ്ഞിട്ടാണ് എനിക്ക് ആ ശരീരം ദഹിപ്പിക്കാൻ കഴിഞ്ഞത്. ഷെർലക്ക് ബുദ്ധിയുള്ള നൂറ്  പൊലീസുകാർ വന്നാലും ഒരു  തെളിവും കിട്ടാതെ കാര്യങ്ങൾ  നിസാരമായി കൈകാര്യം ചെയ്തിട്ടുള്ള  എനിക്കാണ് ഇത്തരമൊരനുഭവമെന്നോർക്കണം..

നിങ്ങളുടെ മുന്നിൽ എനിക്കിങ്ങനെ മറഞ്ഞു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
അക്ഷര നഗരിയിലെ തിരക്കുള്ള ഗുണ്ടാ നേതാവാണ് ഞാൻ. സാംസ്കാരിക ക്വട്ടേഷനുകൾ ചെയ്യാൻ പ്രത്യേക വാസനയുള്ള എന്നെ വക്കീൽ വിളിപ്പിച്ചു. എഴുത്തുകാർ, ചിത്രകാരന്മാർ, ശില്പികൾ ഇവരെ കൈകാര്യം ചെയ്യാൻ എനിക്കെന്തോ പ്രത്യേക കൗതുകമുണ്ട്..
നിങ്ങൾക്ക് എന്നെ കൂടുതൽ മനസിലാകാൻ ചില കാര്യങ്ങൾ കൂടെ ഓർമ്മിപ്പിക്കാം..

അടുത്തിടെ ഒരു പരിസ്ഥിതി വാദിയായ ചിത്രകാരനെ കൈകാര്യം ചെയ്ത കേസിൽ ഞാൻ പ്രതിയായിരുന്നു. വയൽ നികത്തി റിസോർട്ട് പണിത ഒരു രാഷ്ട്രീയകാരനു വേണ്ടി ആ ക്വട്ടേഷൻ എന്നെ ഏല്പിച്ചത് ഇതേ വക്കീലുതന്നെ. സമരം ചെയ്ത മറ്റു പ്രകൃതിസ്നേഹികൾ ഒന്നര ലക്ഷം വീതം വാങ്ങി സമാധാനത്തോടെ പിരിഞ്ഞ് പോയിട്ടും ഇയാൾക്ക് കുലുക്കമില്ല.
അഞ്ച് ലക്ഷത്തിൽ കുറഞ്ഞ് ഒരു വിട്ടു വീഴ്ച്ചയ്ക്കും തയാറല്ലത്രേ.
എന്റെ ഇടപെടലിൽ ഒറ്റ ലക്ഷത്തിന് വഴങ്ങി.
രൂപ അമ്പതിനായിരം എന്റെ പോക്കറ്റിൽ. സമരപന്തലിന്റെ പിന്നിലെ കണ്ടൽക്കാട്ടിൽക്കിടന്ന് പ്രകൃതിവാദി വാങ്ങിയ ഇടി വച്ചു നോക്കിയാൽ  ആ ഒരു ലക്ഷം ഏതെങ്കിലും ആയുർവേദ കേന്ദ്രത്തിൽ  എത്തും..

വേറൊന്നുകൂടെ പറയാം നിങ്ങൾക്കും എനിക്കും  അതിത്തിരി കൗതുകമുള്ള സംഗതിയാണ്.
അടുത്തിടെ വിവാദമായ പുസ്തകം
ഓർക്കുന്നുണ്ടോ..? ദൈവങ്ങളെയൊക്കെ തെറി പറഞ്ഞ ഒരു ഐറ്റം.
ആ എഴുത്തുകാരനെ അജ്ഞാത  മതതീവ്രവാദികൾ കൈയേറ്റം ചെയ്തുവെന്ന വാർത്ത വന്നിരുന്നു ശ്രദ്ധിച്ചിട്ടുണ്ടോ..? വാസ്തവത്തിൽ ആ അജ്ഞാത മത തീവ്രവാദി ഞാനാണ്. ഒറ്റ മാസം കൊണ്ട് ഇരുപത് പതിപ്പ് വിറ്റുപോയ ആ പുസ്തകം ഈ നാട്ടിലെ ശരാശരി വായനക്കാരനു പോലും ഓർമ്മാവരാതിരിക്കില്ല..ഈ കുറിപ്പിന്റെ ഇത്രയും ഭാഗം വരെ എത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ പോലും ആ പുസ്തകം വായിച്ചിട്ടുണ്ട് തീർച്ച.
ഇനി ഇതിലെ കൗതുകം പറയട്ടെ തന്നെ തല്ലാൻ വക്കീലുവഴി എന്നെ ഏർപ്പാടാക്കിയത്  ആ എഴുത്തുകാരൻ തന്നെയായിരുന്നു.
തെരുവിൽ കിടന്ന് നാലഞ്ച് അടിവാങ്ങിയെങ്കിലെന്ത് അക്കാദമി അവാർഡിന് വരെ ആ പുസ്തകം പരിഗണിക്കപ്പെട്ടില്ലേ...?
എത്ര ചർച്ചകൾ പ്രതിഷേധ സദസുകൾ നിങ്ങളും ഏതെങ്കിലും സദസിൽ പോയിട്ടുണ്ടാകുമല്ലേ...?
അറബി വാക്കുകൾ പഠിച്ചു, തല്ലിനിടയിൽ ആളുകൾ കേൾക്കെ വിളിച്ചുപറഞ്ഞു, നീളൻ കുപ്പായവും തൊപ്പിയുമൊക്കെയായി  സ്റ്റണ്ട്  അഭിനയിച്ചു. എനിക്കും അത് പുതിയ  അനുഭവമായിരുന്നു. ഞങ്ങൾ ക്വട്ടേഷൻ പണിക്കാരുടെ പ്ലാനുകൾ  ആ എഴുത്തുകാരന്റെ മാസ്റ്റർപ്ലാനിന്റെ മുന്നിൽ  വെറും നിസാരം..

ഏല്പിച്ച പണികളെല്ലാം കൃത്യമായി ചെയ്തതു കൊണ്ടാണ് ഈ കേസിനും വക്കീൽലെന്നെ വിളിപ്പിച്ചത്. അവരുടെ  ഫ്‌ളാറ്റിലെത്തുമ്പോൾ അധോലോകം പത്രാധിപരും അയാളുടെ സുഹൃത്തും,  വക്കീലും,  കഥാകൃത്തും ഏതോ വിഷയത്തിൽ കാര്യമായ തർക്കം നടക്കുന്നുണ്ടായിരുന്നു. വക്കീൽ എന്നോട് ഇരിക്കാൻ ആംഗ്യം കാണിച്ചു. പത്രാധിപർ എന്നെ വന്ന് പരിചയപ്പെട്ടു. സുഹൃത്ത് എനിക്ക് നീല നിറത്തിലുള്ള വിസ്കി ഒഴിച്ചു..
പക്ഷേ  അവരുടെ ശ്രദ്ധമുഴുവൻ  വക്കീലിന്റെ  അനുനയിപ്പിക്കൽ ശ്രമത്തിലായിരുന്നു.
അഞ്ചുമിനിറ്റ് ആയിക്കാണും  വക്കീൽ ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് വന്നു.
അവർ  മൂന്നാളും കുറച്ച് മാറി നിന്ന് എന്തൊക്കെയോ പറയുന്നു. വീണ്ടും വിസ്കിയിലേക്ക് വീഴുന്ന എന്റെ നോട്ടം കണ്ടിട്ട് പത്രാധിപർ, എടുക്കുക കുടിക്കുക സന്തോഷിക്കുക എന്നൊക്കെ ആർഥ്മുള്ള ഒരു ചിരിയയച്ചു...

ഞാൻ കഥാകൃത്തിനെ നോക്കി അയാൾ ആകെ അസ്വസ്ഥനാണ്.മടിയിലെ തുണി സഞ്ചിയിൽ  അമർത്തിപ്പിടിച്ചിരിക്കുന്നു.പോക്കറ്റിൽ നിന്ന് ഒരു ബീഡിയെടുത്ത് വലിക്കുന്നു...

"മറ്റു വഴിയില്ല ഭായ് ഇവരൊക്കെ പത്തിരുപത് വർഷം കൊണ്ടുണ്ടാക്കിയ ഇമേജിനാണ് ആ ചെറ്റ വില പറയുന്നത്." വക്കീലെനിക്ക് അത്യാവശ്യം  നല്ലൊരു തുക ഉറപ്പിച്ചു ,ഒരാഴ്ച്ചത്തെ  സമയവും.
ഫ്‌ളാറ്റിൽ നിന്ന് ഞാനും കഥാകൃത്തും ഒന്നിച്ചാണ് ഇറങ്ങിയത്. ഹസ്തദാന സമയത്ത് എന്റെ പേര്‌ ചോദിച്ചു.എന്റെ പേരുകേട്ട് അയാൾ ചിരിച്ചു, ഞാനും..നല്ല നിലാവ് പോലുള്ള ചിരി..

സാധാരണ ഏറ്റെടുക്കുന്ന കേസുകളുടെ ഭൂതവും ഭാവിയും തിരഞ്ഞ് പോകാത്തതാണ്. എങ്കിലും ഫൈനൽ തുക സെറ്റിൽ ചെയ്യുന്ന ദിവസം വക്കീലിന്റെ വീട്ടിൽ വച്ച് കഥാകൃത്തിനെക്കുറിച്ച് എനിക്ക് ചോദിക്കേണ്ടി വന്നു.വക്കീലെന്നെ സംശയരൂപത്തിൽ നോക്കി. പിന്നീട് അയാളുടെ കണ്ണുകൾ നനഞ്ഞു. ആയാളും ആകെ അസ്വസ്ഥനായിരുന്നു. മേശയിൽ നീലനിറമുള്ള അതേ വിസ്കിയുടെ പകുതിയായ കുപ്പി.
അതിൽ നിന്ന് പകർന്നതുമായി വക്കീൽ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ഒന്നും മിണ്ടുന്നില്ല.
ഒന്നുരണ്ട് തവണ ഞാനും ഗ്ളാസ് നിറച്ചു.
ഞാനെഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ തിരിഞ്ഞു നോക്കാതെ എന്നോട് ഇരിക്കാൻ ആംഗ്യം കാണിച്ചു. അതേ നിൽപാണ് എന്നെപ്പോലെ വക്കീലിനും കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ട് തീർച്ച. പതിവില്ലാതെ വക്കീലിന്റെ വീട്ടിൽ ആളനക്കമില്ലാതായിരിക്കുന്നു..
അതേക്കുറിച്ച് എന്തെങ്കിലും ചോദിക്കാൻ വേണ്ടി ഞാൻ മനസിൽ വാക്യങ്ങൾ ഒരുക്കിയെടുത്തു. ചോദ്യത്തിന്റെ ഔചിത്യം ഉറപ്പിക്കാൻ അകത്തേക്ക് ഞാനായച്ച നോട്ടം വക്കീലിന്റെ കണ്ണിൽപ്പെട്ടു..

"എന്റെ മോൾക്ക് ഇത്തിരി സാഹിത്യ താല്പര്യമുണ്ട് ഇടുക്കിയിൽ ഒരു ക്യാമ്പിന് പോയതാ,അവളും കൂട്ടുപോയി" എന്റെ ഉള്ളിൽ കഥാകൃത്തിന്റെ ഒടുവിലെ ചിരി തെളിഞ്ഞു. മേശപ്പുറത്ത് വായിച്ച് കമഴ്ത്തി വച്ചിരിക്കുന്ന കഥാകൃത്തിന്റെ പുസ്തകം 'പണയം വച്ച വീടുകൾ'. ഞങ്ങളുടെ ഓപറേഷനുകളിലെ ഒരു രീതിയാണത്. പണികൊടുക്കുന്ന ആളുകളുടെ എന്തെങ്കിലും ചിലത് തെളിവായി സൂക്ഷിക്കും.സംഗതി നടന്നുവെന്നതിന് തെളിവായിട്ടാണ് ഞാനെടുക്കുന്നതെങ്കിലും വക്കീലിന്റെ താൽപര്യം പണി ഏല്പിച്ചവർക്ക് പിന്നൊരിക്കൽ അതുവച്ച് പണികൊടുക്കാൻ തോന്നിയാലോ എന്നാകും..

പണികൊടുക്കാൻ പൊക്കിയ ദിവസം കഥാകൃത്തിന്റെ തുണി സഞ്ചിയിൽ കോഴിക്കോട്ടെ ഏതോ പ്രസാധകൻ അച്ചടിച്ച 'പണിതീരാത്ത വീടിന്റെ' നാലു കോപ്പി, മുന്നൂറ്റി അറുപത് രൂപ,വക്ക് പൊട്ടിയ ഫോണ്, ഏതോ ശില്പശായിൽ പങ്കെടുത്ത് കിട്ടിയ ഒരു കുറിപ്പ് പുസ്തകം ഇതൊക്കെയേ ഉണ്ടായിരുന്നുള്ളു..
പണിതീരത്ത വീടിന്റെ ഒരു കഥ ഞാൻ വായിക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല.വക്കീൽ കമഴ്ത്തി വച്ചിരിക്കുന്ന പുസ്തകം നോക്കിയിട്ട് ഇനി അതിന്റെ ഏതാനും പേജുകളെ ബാക്കിയുള്ളൂ..
കഥയൊന്നും എനിക്കത്ര മനസിലായില്ല.
കുറിപ്പ് പുസ്തകത്തിൽ ഒടുവിൽ എഴുതിയത് നിങ്ങൾക്ക് വേണ്ടി എഴുതാം ഒരുപക്ഷേ ഈ കേസിന്റെ നടത്തിപ്പിന് സഹായമായാലോ..?

"അപഹരിക്കപ്പെട്ട കഥകൾക്ക് ഒരു കോടതിയിലും നീതി ലഭിക്കില്ല."

"എഴുത്തുകാരനല്ലാതെ മറ്റാർക്കും അത് മനസിലാക്കാനും കഴിയില്ല"

"ഈ കഥാലോകത്തെ ഒരിക്കലും വിശ്വസിക്കരുത്, അവരോളം സ്വാർത്ഥതയുള്ള ഒരു വിഭാഗമുണ്ടോ.?
"
"കഥ കൊണ്ടുവേണം ഇതിനോക്കെ മറുപടി കൊടുക്കാൻ"

"അപഹരിക്കപ്പെട്ട കുട്ടികൾ"  അതിനൊക്കെ താഴെ  ഇങ്ങനെയൊരു തലവാചകം എഴുതി വരയിട്ട് വച്ചിരുന്നു..

വക്കീലെന്റെ തോളിൽ കൈവച്ചപ്പോഴാണ്.
വിസ്കിയും പിടിച്ച് ജനാലയിലൂടെ ഞാനും പുറത്തേക്ക് നോക്കി നിൽക്കുന്നത് ബോധ്യം വന്നത്. വക്കീലിന്റെ മുഖത്ത് പതിവില്ലാതെ ഒരു ആർദ്രത..

"അധോലോകത്തിന്റെ വിശേഷാൽ പതിപ്പ് നീ കണ്ടിട്ടുണ്ടോ..? " കഥാകൃത്തിനെക്കുറിച്ചാണ് വക്കീൽ പറഞ്ഞ് തുടങ്ങിയതെന്ന് തിരിച്ചറിയാൻ കുറേ സമയം വേണ്ടിവന്നു. പിന്നെപ്പറഞ്ഞതും മസിലാക്കാൻ കഴിഞ്ഞില്ല..

"അധോലോകത്തിന്റെ പത്രാധിപനൊരു വേന്ദ്രനാ. അയാളുടെ വിശേഷാൽ പതിപ്പിൽ ഏതൊക്കെ കഥ ആരോക്കെ എഴുതണമെന്ന് വളരെ മുന്നേ തീരുമാനിക്കും. എഴുത്തിലെ വലിയ മൂന്ന് കൊമ്പന്മാർക്ക് ഒരു കഥ തരണമെന്നും പറഞ്ഞ് കത്തും കാശുമായി മുഖചിത്രം ഷൂട്ട് ചെയ്യാനുള്ള ഒരു ക്യാമറമാനെ അയയ്ക്കും. പിന്നെ ഏതെങ്കിലും വിവാദ താരത്തിന്റെ അഭിമുഖം.പ്രമുഖ നിരൂപകരുടെ ക്വാട്ടയിൽ ഒന്നോ രണ്ടോ കഥ.
അത് കഴിഞ്ഞ് പത്ത് കഥകൾക്കുമുള്ള ത്രെഡ് അയാൾ തന്നെ കൊടുക്കും അതിന് പറ്റിയ എഴുത്ത് വലയം അയാൾക്കുണ്ട്...
ഇതിലൊരു സംഗതിയുണ്ട് ഈ എഴുത്തുകാർക്ക് പോലും അറിയില്ല. അധോലോകത്തിൽ അച്ചടിക്കാൻ ലോകാത്തിന്റെ നാനാകോണുകളിൽ നിന്ന് പലർ അയച്ചുകൊടുത്ത കഥകളുടെ ജീനുകളാണ് വിതരണം ചെയ്യപ്പെട്ടതെന്ന്.. "
മനസിലാകാത്തത് പോട്ടെ, ഇതൊക്കെ എങ്ങനെ ഓർമ്മിച്ചെഴുതാൻ കഴിഞ്ഞെന്നുപോലും  വിശദീകരിക്കാൻ കഴിയില്ല..എന്റെ ഇരുപ്പുകണ്ട് വക്കീൽ അല്പം ലൈറ്റാക്കി..

"നമ്മുടെ കഥാകൃത്ത് അധോലോകത്തിൽ അച്ചടിക്കാൻ അയച്ച ഒരു കഥയുടെ ഉള്ളിലെ ഐറ്റം എഡിറ്റർ ചങ്ങാതിയായ ഒരാൾക്ക് കൊടുത്തു. കക്ഷിയെ നീ അറിയും.
അന്ന് അവിടെയുണ്ടായിരുന്നു. നിനക്ക് വിസ്കി ഒഴിച്ച..ആയാളൊരു പ്രവാസിയാ, സ്വർണക്കച്ചവടവും എഴുത്തും എങ്ങനെ കൊണ്ടു പോകുന്നു എന്നൊന്നും അറിയില്ല. നാട്ടിൽ കാഞ്ഞിരപ്പള്ളിയാ സ്ഥലം.
വർഷത്തിൽ ഒന്നോ രണ്ടോ തവണ ഇന്ത്യയിൽ വന്നാലായി. ബിനാമിവഴി ഒരു ട്രസ്റ്റ് ഉണ്ടാക്കി അതിന്റെ തന്നെ സാഹിത്യ അവാർഡ് ഒപ്പിച്ച ആളാണ് കക്ഷി.. വിശേഷാൽ പതിപ്പിൽ തന്റെ കഥയുടെ പകർപ്പ് കണ്ടതും കഥാകൃത്തിന് ആകെ കലിപ്പായി...

ഇത് വായിക്കുന്നവർക്ക് അത്ര സംശയം തോന്നില്ല.
നമ്മുടെ കഥാകൃത്തിന്റെ കഥയിൽ ഇറച്ചി കഴിക്കുന്ന ഒരു ആട്, കല്യാണ പന്തലിന്റെ എച്ചിൽ കൂനയിൽ അത് സ്ഥിരമായി ആഹരിക്കുന്നു,  നാട്ടിൽ ഒരു പത്തുവയസുകാരി കാണാതെയാകുന്നു. അവളുടെ ചുവന്ന പുള്ളിപ്പാവാട ആടിന്റെ സമീപം കിട്ടുന്നു.ഇറച്ചിയുടെ രുചി അറിഞ്ഞ ആട് മനുഷ്യമാംസം കഴിക്കുമെന്ന് കിംവദന്തി ഉണ്ടാകുന്നു.നാട്ടുകാർ തല്ലിക്കൊല്ലുന്നു..
പ്രവാസിയുടെ കഥയിൽ ഒരു പശു അതും കാഞ്ഞിരപ്പള്ളിയിലെ  ഏതോ പ്രത്യേക ബ്രീഡ്..
ഹോട്ടലുകാരനായ ഉടമ കൊണ്ടുവരുന്ന എച്ചിലിൽ ഇറച്ചി കഴിക്കുന്നു. ഹോട്ടൽ കാരന്റെ മകനെ കാണാതാകുന്നു.. തൊഴുത്തിൽ നിന്ന് കുട്ടിയുടെ ഒരു ചെരിപ്പ് കിട്ടുന്നു.കിംവദന്തികൾ പ്രചരിക്കുന്നു.. ബീഫ് ബീരാന് പശുവിനെ വിൽക്കുന്നു...

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഇതിനെക്കുറിച്ച് ശരിക്ക് എഴുതി. അധോലോകത്തിന്റെ എതിർ ടീം ചെറിയ പിന്തുണയൊക്കെ കൊടുത്തു..
ഇത് ചർച്ചയാകും നാറ്റക്കേസാകും എന്നൊക്കെ തോന്നിത്തുടങ്ങിയപ്പോൾ നുമ്മടെ പ്രവാസിയും രംഗത്ത് വന്നു. ഇതിനിടയിൽ കഥാകൃത്ത് ഒരു ഏതോ ഒരു വക്കീലിനെക്കൊണ്ട് എഡിറ്റർക്കും പ്രവാസിക്കും എതിരെ നോട്ടിസ് അയപ്പിച്ചു..
കളി കൈവിട്ട് പോകുമെന്നായപ്പോഴാണ് നമ്മളെ വന്ന് കണ്ടത്.." വക്കീലിന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. കസേരയിൽ ഒന്ന് ചാരി മുകളിലേക്ക് നോക്കിയിരുന്നു. വീണ്ടും മൗനത്തിലേക്ക് പോകുമോയെന്ന് ഞാൻ ചിന്തിച്ചു..

"കേസ് ഒത്തു തീർക്കാൻ പ്രവാസി കുറച്ച് കാശൊക്കെ ഓഫർ ചെയ്തിരുന്നു. പക്ഷെ
കഥാകൃത്തിന്റെ ഡിമാന്റ് കലക്കനായിരുന്നു..
'വർഷത്തിൽ തന്റെ മൂന്ന് കഥയെങ്കിലും പതിനായിരകണക്കിന് കോപ്പികൾ വിറ്റുപോകുന്ന അധോലോകത്തിൽ അച്ചടിക്കണം, അധോലോകത്തിന്റെ പ്രസാധക സംരഭം വഴി ഉടൻ ഒരു കഥാസമാഹാരം ഇറക്കാനും സഹായിക്കണം.'
അവന്മാർക്ക് അതങ്ങ് സമ്മതിച്ചാൽ മതിയായിരുന്നല്ലോ..? ഇതിപ്പോ നമ്മളെയും പെടുത്തി..."

വക്കീൽ പെട്ടെന്ന് ടോയിലേറ്റിലേക്ക് പോയി. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ്  തിരികെ വന്നത്. വക്കീലിന്റെ മൗനം എന്നെ വല്ലാതെ ഭയപ്പെടുത്തി.എന്റെ പ്രശ്നങ്ങൾ തുറന്നങ്ങ് പറഞ്ഞാലോ എന്നാലോചിച്ചു. പക്ഷെ മുഖത്ത് പോലും നോക്കാതെ വക്കീലിന്റെ അടുത്ത ചോദ്യം ഒരു ഗുണ്ടയോട് ലോകത്തിൽ ഇതുവരെ ഒരാളും ചോദിക്കാത്തത്...

"കഥ വായിക്കാറുണ്ടോ..?" 
വക്കീലിന്റെ കണ്ണ് നിറഞ്ഞു. വിശേഷാൽ പതിപ്പും കഥയും അതിന്റെ കാര്യങ്ങളും പറഞ്ഞതു തന്നെ എനിക്ക് ദഹിക്കുന്നില്ല പിന്നെയാണ് വായന.
"അയാളുടെ വിശപ്പിന്റെ വിശുദ്ധപുസ്തകം  എന്നൊരു കഥയുണ്ട് അതു വായിച്ച് ഞാനും മകളും കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞുപോയി,
മൂന്ന് ദിവസം അവളോ ഞങ്ങളോ ഒന്നും കഴിച്ചില്ല. ക്യാമ്പിലേക്ക് പോകാനിറങ്ങിയപ്പോൾ അവൾ പറഞ്ഞ വാക്കുകൾ....." വക്കീലിന് വാക്കുകൾ തടയാൻ തുടങ്ങി. ഉറക്കെ കരഞ്ഞു. എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ കഥാകൃത്തിന്റെ സഞ്ചി വക്കീൽ എന്നെ ഏല്പിച്ചു...

"ഇതും എവിടെയെങ്കിലും കൊണ്ട് നശിപ്പിക്കണം."
വാതിലിൽ വച്ചു തന്നെ സഞ്ചി തുറന്ന് നോക്കി, അതിൽ കുറേ നോട്ടു കെട്ടുകൾ.
ഞാൻ വക്കീലിനെ നോക്കി..

"അത്, ആ കഥാകൃത്തിന്റെ രക്തത്തിന്റെ വിലയാണ് നിനക്ക് വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ അതും ചേർത്ത് നശിപ്പിച്ചുകളയൂ..."
മിണ്ടാതെ ഞാൻ പുറത്തിറങ്ങി.വക്കീൽ വാതിലോളം വന്നു. ഞാൻ തിരിഞ്ഞ് ചോദിച്ചു...

"എന്റെ  അതേ പേരിൽ ഏതെങ്കിലും കഥാകൃത്തുക്കളുണ്ടായിരുന്നതായി വക്കീലിന് അറിയോ....?" അതിനും വലിയ കരച്ചിലായിരുന്നു മറുപടി.. പ്രിയപ്പെട്ടവരെ ഒന്നും നശിപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വക്കീൽ  നാടുവിട്ടുപോയി,
രണ്ടു ദിവസം കഴിഞ്ഞ് എന്റെ വിലാസത്തിൽ ഒരു കത്ത് വന്നു. അതിന്റെ വിശദീകരണമൊന്നും എനിക്ക് തരാൻ കഴിയുന്നില്ല.അതിലെ വരികൾ അതുപോലെ കുറിക്കാം...

കഥാകൃത്തുകൾക്ക് ചില നിർദ്ദേശങ്ങൾ..

1. കഥ അച്ചടിക്ക് അയയ്ക്കുമ്പോൾ ഒരു തെളിവ് സൂക്ഷിക്കുക.
(മെയിൽ വിലാസം വഴി അയയ്ക്കുന്നത് അഭികാമ്യം)

2. കഥ അച്ചടിച്ച് വരുന്ന പതിപ്പിന്റെ പ്രതിഫലം കൈപറ്റിയ രസീതി, ബാങ്ക് വിവരങ്ങൾ എന്നിവയോടൊപ്പം ആ പതിപ്പിന്റെ രണ്ട് കോപ്പിയും, മുൻപും പിൻപും വരുന്ന രണ്ട് ലക്കങ്ങളും സൂക്ഷിക്കുക.

3. അതേ പതിപ്പിലെ മറ്റു സൃഷ്ടികളുടെ കർത്താക്കളുമായി സൗഹൃദം സ്ഥാപിക്കുക.

4. നവ മാധ്യമങ്ങളിലും മറ്റും പ്രസിദ്ധിപ്പെടുത്തി, പരമാവധി വായനക്കാരുടെ ശ്രദ്ധ ഉറപ്പിക്കുക.

വക്കീലിന്റെ തിരോധാനം ഒരുമാസത്തോളം വാർത്തയായി.സഞ്ചിയിലെ തുകയുമായി പുസ്തകത്തിലെ വിലാസം നോക്കി
പ്രായശ്ചിത്തമെന്നതു പോലെ കഥാകൃത്തിന്റെ വീട്ടിൽ ഞാൻ പോയിരുന്നു.
കമ്യുണിസ്റ്റ് പച്ച കയറിയ ഒരു വീടിന്റെ അടിസ്ഥാനമല്ലാതെ മറ്റൊന്നും അവിടെയില്ല.
പതിനാലുകാരനായ ബുദ്ധിക്കുറവുള്ള മകനെ ഒരു ദിവസം  കാണാതാകുകയായിരുന്നു വത്രേ..

പിന്നീട് എന്റെ ദിവസങ്ങൾ അതി ഭീകരമായിരുന്നു.. ഉറങ്ങാനായി കണ്ണടച്ചാൽ ഒരു പേന പാഞ്ഞ് വരുന്നത് പോലെ തോന്നും.
പിന്നെ കഥാകൃത്തിന്റെ അവസാനത്തെ ചിരി.
ഒരു വാരികയിലെ  മനശാസ്ത്രജ്ഞനോട് ചോദിക്കാം എന്ന പംക്തിയിൽ നിരവധി കത്തുകളെഴുതി. അതിലെ ഫോണിൽ വിളിച്ച് നേരിൽ ചെന്നു കണ്ടു.
ആ ഡോക്ടരാണ് എന്റെ പേരിൽ ഒളിച്ചിരിക്കുന്ന ആ കഥാകൃത്തിനെ എനിക്ക് വെളിപ്പെടുത്തിയത്.
വായനശാലയിൽ ചെന്ന് അയാളുടെ കഥകൾ ചോദിച്ചു വാങ്ങി വായിച്ചു തീർത്തു.
അയാളുടെ ഒരു കഥയിൽ നിന്നാണ്‌ എനിക്ക് ഈ ആശയം തോന്നിയത്..

എല്ലാം തുറന്നു പറഞ്ഞ് ഒരു കത്തെഴുത്തുക. നിയമത്തിന് മുന്നിലെ ശിക്ഷ ഏറ്റു വാങ്ങുക.
പ്രിയ സുഹൃത്തേ എന്റെ പേരും വിലാസവും
ഈ കുറിപ്പിന്റെ മറുപുറത്തുണ്ട്.
അവിടെ എന്റെ കിടപ്പുമുറിയിൽ അയാളുടെ സഞ്ചിയും ആ തുകയും തെളിവായി  വച്ചിട്ടുണ്ട്..
ഒരു ചോദ്യം കൂടെ ചേർക്കട്ടെ
എന്റെ പേരുള്ള ആ കഥാകൃത്തിന്റെ ഏതെങ്കിലും കഥ നിങ്ങൾ വായിച്ചിട്ടുണ്ടോ..?

(മറുപുറം)

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)

Sunday 1 September 2019

ടി.വി(റ്റെയിൽ ഓഫ്....)

ടീ.വി, ദി ടെയിൽ ഓഫ് ടൂ വി..!!

                                                                      ഒന്ന്.

     "പഴയതായാലും മതി, നീ എനിക്കൊരു ടീ.വി വാങ്ങിത്തരണം" ഒരു തുക വേണുവിനെ ഏല്പിച്ച്, ആർക്കും മുഖം കൊടുക്കാതെ തന്റെ മുറിയിലേക്ക് പടികയറിപ്പോകുന്ന വീണച്ചേച്ചിയുടെ വിരലിന്റെ തണുപ്പിൽ വേണുവിന് ഭയം തോന്നി..  

       വീണയുടെ വിരലുകൾക്കെന്നും ചൂടാണ്.ആ ചൂടിലാണ് വേണു വിരിഞ്ഞത്.കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ നെഞ്ചിന്റെ ചൂട്,പിൻകഴുത്തിൽ വീഴുന്ന നിശ്വാസത്തിലെ ചൂട്, ഉമ്മ പതിപ്പിക്കുമ്പോൾ ചുണ്ടിന്റെ ചൂട്,സ്‌കൂളിലേക്ക് നടത്തുമ്പോൾ കൈത്തഴമ്പിന്റെ ചൂട്.വീണച്ചൂടിന്റെ പര്യായങ്ങൾ വേണുവിനത്രയും മനഃപാഠമാണ്.

      മുകളിലെ നിലയിലെ ചേച്ചിയുടെ മുറിയിലേക്ക് മറ്റൊരു ടെലിവിഷൻ വാങ്ങാൻ മാത്രമുള്ള സംഗതികളൊന്നും അന്നവിടെ നടന്നിട്ടില്ല.ഭർത്താവിന്റെ അവിവാഹിതയായ ചേച്ചിയായിട്ടല്ല വീണയെ, ചിത്ര പരിഗണിക്കുന്നതും.വീട്ടിലേക്ക് കയറി വന്ന നാളിൽ ചേച്ചിയമ്മയുടെ കാലിൽ തൊട്ടാണ് അനുഗ്രഹം വാങ്ങിയത്.വേണുവിനെ അനുകരിച്ച് തുടങ്ങിയ 'ചേച്ചിയമ്മ' വിളി പിന്നീടവൾക്ക്  'അമ്മയായി' വളർന്നു.

         കഴിക്കാൻ വിളിച്ചപ്പോൾ കാർട്ടൂണിൽ ലയിച്ചിരുന്ന ചിത്തിരമോളോട് ദേഷ്യം തോന്നിയപ്പോൾ ടീ.വിയണച്ചുപോയതാണ് ചിത്ര.വീണയുടെ മടിയിലിരുന്നാണ് ചിത്തിര കാണുന്നതെന്ന് അവൾ ശ്രദ്ധിച്ചില്ല.കണ്ണാടിയുടെ മുന്നിൽ, മീശയിലെ നരവീണ ഒരു രോമം തിരയുന്ന വേണുവിനെ അമർത്തിയൊന്ന് നോക്കിയിട്ട്,വീണ മുറിയുടെ വാതിലടച്ചപ്പോൾ ചിത്ര കുഴങ്ങി.തട്ടിവിളിച്ച്  പല തവണ ക്ഷമ ചോദിച്ചിട്ടും മറുപടി കിട്ടാതായപ്പോൾ അടുക്കളയിൽ നിന്നും പ്രഷർ കുക്കറിനൊപ്പം ചിത്രപ്പെട്ട നേർത്ത വിതുമ്പലുകളും ഇറങ്ങിവന്നു..

     "എനിക്ക് പഴേത് ഏതെങ്കിലും മതി, പൈസ തെകയൂലെങ്കിൽ ദേ, ഈ വള നീ വിറ്റോ.വാങ്ങാൻ പോവുമ്പോൾ നിന്റൊപ്പം ഞാനും വരും.."വിവാഹനാളിൽ ചിത്ര കൊടുത്ത വളയാണത്.പിന്നെയും ചില ഏങ്ങലുകൾ വീണയുടെ പിന്നാലെ 'ചെയ്യല്ലേന്ന്' പാഞ്ഞുചെന്നു.

     "ദേ, ഈ പെണ്ണിനോട് മോങ്ങാതിരിക്കാൻ പറ വേണൂ, ഇനി  ഈ നിറഞ്ഞ വീട്ടിൽ ഒരു മൂളലെങ്കിലും കേട്ടാല് ഞാനെവിടെയെങ്കിലും എറങ്ങിപ്പോകും.അയ്യേ, ഈ പെണ്ണിനിതെന്താ, എനിക്ക്  കളർ ടീ.വി ഇഷ്ടല്ലാന്ന് അറിയില്ലേ..?എന്റെ മുറിയിൽ ഒരു ടീ.വി വയ്ക്കണോന്ന് തോന്നി അത്രേയുള്ളൂ.അത് ഞാനെന്റെ കൊച്ചിനോട് പറഞ്ഞ്. നീ, എനിക്കെന്തെങ്കിലും കഴിക്കാൻ താ പെണ്ണേ.." 

     ചിത്ര മുഖം തുടച്ചു.ആർക്കെങ്കിലും ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോൾ ചിത്രയ്ക്കുള്ള സന്തോഷം  വീണയ്ക്കറിയാം.വീണ, ചിത്രയുടെ മുടിയിൽ തൊടുന്നു.ചിത്രയുടെ നുണക്കുഴിയിൽ  നിന്നും അടുപ്പിലെ ചൂടൻ കല്ലിലേക്ക് ദോശമാവ് വീണ് പൊരിയുന്നു.പ്രിയപ്പെട്ട മുലകൾക്കിടയിലെ  മഞ്ഞുരുക്കം കണ്ടിട്ടാണ്, വേണുവിന്ന് ബാങ്കിലേക്ക് തിരിക്കാൻ ഒരുങ്ങിയത്.എന്നിട്ടും മീശയിലെ വെളുപ്പൻ മുടി അന്നുമങ്ങനെ രക്ഷപ്പെട്ടു.

     "അല്ലെങ്കിൽ ഈ വള വിയ്ക്കണ്ട, ചിത്രക്കുട്ടി തന്നതല്ലേ " മേശയിൽ ഊരിവച്ചിരുന്ന വള വീണയിടുന്നത് കണ്ട്, ചിത്രയുടെ സ്‌പെഷ്യൽ ചിരി ദോശക്കല്ലിലേക്ക് അടുത്ത തവി മാവിനൊപ്പം വിരിഞ്ഞു..

     "നമ്മക്ക് ഈ പെണ്ണിന്റെ മാമന്റെ കടേന്ന് ടീ.വി വാങ്ങിക്കാം.അതാവുമ്പം പൈസ കൊറച്ച് കിട്ടും. അല്ലെങ്കിൽ ഇവളെ പറ്റില് വാങ്ങിക്കാം.ബ്ലാക്കാന്റ് വൈറ്റാ എനിക്കിഷ്ടം അതിപ്പ കിട്ടോടാ വേണൂ.?" മുലകൾക്കിടയിലെ പരിഭവത്തിന്റെ അവസാന മൂടൽമഞ്ഞും വീണ മാറ്റുന്നതും, ചിത്രയുടെ ചിരിയിൽ തട്ടി ദൂരേക്ക് പാറിപ്പോകുന്നതും കണ്ടിട്ടാണ് വേണുവിന്റെ കാറ് ഗേറ്റ് കടന്നത്. ബാങ്കിന്റെ മരത്തണലിലേക്ക് കാറിനെ പിന്നോട്ടിടാൻ തുടങ്ങുമ്പോൾ വേണുവിന്റെ ഓർമ്മകളും പിന്നിലേക്ക് പോയി.

                                                                        രണ്ട്

     "സ്ത്രീധനോന്ന് പറയണതിപ്പോ നാട്ട് നടപ്പല്ലേ..? നാലേക്കറെന്ന് പറഞ്ഞാൽ കൊറേ ഉണ്ട് വേണൂ. നമ്മളെ സ്ഥലത്തിന്റെ നൂറെരട്ടിവരും.ആ വീട്ടീന്നക്കെ ഒരു ബന്ധം കിട്ടിയാൽ പിന്നെ നമ്മക്കും ഒരു വിലാസമായില്ലേടാ ?."ബ്രോക്കറിനൊപ്പം ചിത്രയെ പെണ്ണുകാണാനിറങ്ങുമ്പോൾ വേണുവിനെ വീണ ഓർമ്മിപ്പിച്ചത് ഇത്രമാത്രം.അതുറപ്പിക്കാൻ വന്നപ്പോൾ വീണ പറഞ്ഞതുകേട്ട് ചിത്രയുടെ വീട്ടുക്കാരും ഞെട്ടി..

      "ചെറുക്കന്റെ വീട്ടിൽ കെട്ടിച്ചുവിടാത്ത ഒരു ചേച്ചിയൊണ്ടെന്ന് കരുതി നിങ്ങക്ക് പ്രയാസം തോന്നരുത്.എനിക്കിനി ആണുംതൂണും പറ്റൂല.അതുമല്ല ഈ ചെറുക്കനെ വിട്ട് പോവാനും ഒക്കൂല. അവന്റെ പിള്ളേരേം നോക്കി,നിങ്ങളെ മോൾക്ക് വല്ലതും തിന്നാനും ഒണ്ടാക്കിക്കൊടുത്ത് ഒരു വേലക്കാരിയെപ്പോലെ ഈ മൂലയില് കഴിഞ്ഞോളും.ദോ നിങ്ങളെ കൊച്ചിന് എന്തെങ്കിലും വിഷമം തോന്നിയാ ഏതെങ്കിലും വാക്കിന് ഞാനങ്ങ് പോവും." ചിത്രയ്ക്ക് പ്രസവ കാലത്തുപോലും ചേച്ചിയമ്മയെ വിട്ട് പോകാൻ തോന്നിയില്ല.ആശുപത്രിയിൽ മറ്റാരെയും വീണ അടുപ്പിച്ചതുമില്ല. നാലരയായിട്ടും ചിത്തിരയെ നിലത്തു വയ്ക്കുന്നത് തന്നെ അപൂർവ്വം..

     ഇടപാടുകാർക്കായി ബാങ്കിൽ സ്ഥാപിച്ച ടീ.വിയിലെ സിനിമയിൽ ഫ്‌ളാഷ് ബാക്ക്, ബ്ളാക്ക് ആന്റ് വൈറ്റിൽ കാണിക്കുന്നു.ബ്ലാക്ക് ആന്റ് വൈറ്റിൽ എല്ലാ നിറവും നീറ്റലുമുണ്ടെന്ന് വേണുവിനപ്പോൾ തോന്നി.

        ഉച്ചയ്ക്ക് ലീവ് എഴുതിവച്ചിട്ട് വേണു വീട്ടിലേക്കിറങ്ങി.ടൗണിൽ ചിത്രയുടെ മാമന്റെ കടയിൽ കയറി ടി.വിയുടെ വില ചോദിച്ചു.ബ്ലാക്ക് ആന്റ് വൈറ്റ് ടീ.വി ചോദിച്ചപ്പോൾ സെയിൽസ് പെണ്ണിന്റെ മുഖത്ത് പരിഹാസച്ചിരി.മാറിനിന്ന ചിത്രയുടെ മാമനോട് വേണുവിന്റെ വിശദീകരണം.തന്നോട് ടീ.വി ചോദിച്ചയാൾ മുതലാളിയുടെ ബന്ധുവാണെന്നറിഞ്ഞ സെയിൽസ് പെണ്ണിന്റെ മുഖത്ത് ചുവപ്പൻ ആകുലത.വേണുവിന്റെ ചിരിയിൽ ആ പെണ്ണിന്റെ ദീർഘനിശ്വാസങ്ങൾ.പകർന്നാട്ടമുള്ള നിരവധി ടീ.വികളിൽ  നോക്കിനിന്ന്‌ വേണു ഭൂതകാലം കാണുകയാണ്..

                                                                        മൂന്ന്.

     ടീ.വികാണൽ വീണക്കും വേണുവിനും ജീവനായിരുന്നു.വിജയൻ മാമന്റെ വീട്ടിലും ടീ.വിയില്ല. അന്ന് നാട്ടിലാകെ ഒന്നോ രണ്ടോ സെറ്റേയുള്ളു.വൈകിട്ട് സകലരും ടീവികാണാമ്പോക്കുണ്ട്. ഭർത്താവ്  കളഞ്ഞിട്ടു പോയപ്പോൾ ആറ്റിൽ ചാടിച്ചത്ത സഹോദരിയുടെ രണ്ട് പിള്ളേരെയും ഏറ്റെടുത്തതിന്റെ പുണ്യം വിജയന് കിട്ടുമായിരിക്കും,പക്ഷേ അവറ്റകളെ അടിമപ്പണി ചെയ്യിക്കുന്ന വിജയന്റെ പെണ്ണ് സുമതിയ്ക്കോ..?

      ദൂരദർശനിലെ മഴവില്ലിന്റെ വേലിയുള്ള സ്റ്റേഷൻ തുറക്കും മുൻപ് അനിയനെ കുളിപ്പിച്ചൊരുക്കി വരുന്ന വീണയുടെ ചിരിയ്ക്ക് വാതിൽ തുറന്നു കൊടുക്കുന്നത് പഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് മനോഹരൻ സാറായിരിക്കും.വാതിലിൽ മുട്ടുന്നതിന് പകരം സ്റ്റേഷൻ തുറക്കാനുള്ള ദൂരദർശൻ താളം പുറത്തുനിന്ന് വേണു അനുകരിക്കും.അവന്റെ കവിളിൽ മനോഹരൻ സാറ് തലോടും.വീണ അതുനോക്കി ചിരിക്കും.അത്രയൊന്നും ഓർക്കാനില്ലെങ്കിലും ഓരോ ദിവസവും പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ വീണയ്ക്ക് കാണാപ്പാഠമാണ്..

    ബാങ്കിൽ നിന്ന് ക്ഷീണിച്ചെത്തുന്ന മനോഹരൻ സാറിന്റെ ഭാര്യ രമണിയ്ക്ക് ചായയും കഴിക്കാനും ഒരുക്കിവച്ച് വീണ ടീ.വിയുടെ മുന്നിലെ നിലത്ത് വന്നിരിക്കും.വേണു നിരങ്ങി വന്ന് ചേച്ചിയുടെ ചൂടുള്ള മടിയിലേക്ക് കയറും.വീണയ്ക്ക് നഷ്ടമായ കാഴ്ച്ചകൾ വേണു പറയും..

       ചലത്ച്ചിത്രഗീതങ്ങൾ തീരുന്നത് വരെ മാത്രമേ വേണുവിന് ഉറങ്ങാതിരിക്കാൻ കഴിയു.
ഭൂതലപ്രക്ഷേപണം കഴിഞ്ഞാൽ മണ്ണെണ്ണവിളക്കും മറുകൈയിൽ വേണുവിനെയും പിടിച്ച് മൺവഴിയിലെ കരിയിലപോലും അനക്കാതെ വിജയന്റെ അടുക്കള വഴി വീട്ടിലേക്ക് കയറുന്ന വീണയ്ക്ക് മാമൻ ഉറങ്ങിക്കാണണമെന്ന പ്രാർത്ഥനയെ ഉണ്ടാകു.ഇല്ലെങ്കിൽ തെറിയും അടിയും ഉറപ്പ്.വേണുവിന് തല്ല് വീഴാതിരിക്കാൻ വീണ ശ്രദ്ധിക്കും.വിജയനും അത് ശ്രദ്ധിക്കുന്നതിലെ കാരണമെന്തായിരിക്കും.?ഡി.ഡി രണ്ടിലെ ഹിന്ദി സിനിമയുള്ള വെള്ളിയാഴ്‌ച്ചകളിൽ തോളിൽക്കിടക്കുന്ന വേണുവുമായി വീണ കുഞ്ഞൻ വഴിയിൽ വല്ലാതെ കിതയ്ക്കും.. 

     വേണുവിനെ കൂട്ടാതെ ടീ.വി കാണാൻ പോകാൻ സുമതി സമ്മതിക്കില്ല.എത്ര വൈകി കിടന്നാലും അഞ്ച് മണിക്കെഴുന്നേറ്റ് വീണ ജോലി ചെയ്താൽ മതി.ടീ.വി കാണാൻ വന്നതിന്റെ പേരിൽ വിജയൻ വന്ന് ചീത്ത വിളിക്കുന്നതൊന്നും രമണിയ്ക്ക് ഒരു പ്രശ്നമല്ല.അടിച്ചീല വയ്‌ക്കേണ്ട കാലത്ത് കൃത്യം ഏഴു ദിവസവും ജനാലയിലൂടെ മാത്രമേ ടീ.വി കാണാൻ പാടുള്ളൂ.പുറത്തെ അടുപ്പിലായിരിക്കണം തീ കത്തിക്കേണ്ടത്.ആ നാളുകളിൽ ഷേപ്പേഴ്സിന്റെ പരസ്യം കാണിക്കുമ്പോൾ മനോഹരൻ സാറ് വീണയെ നോക്കി ചിരിക്കും.വേണു പരസ്യത്തിലെ ഇംഗ്ലീഷ് വാക്കുകൾ ചേർത്ത് അനുകരിക്കും.

     "പൂൾ, റെക്ടാഗിളിൽ ആകണം.സോറി ബോസ് റെക്ടാങ്കിൽ പഴയതായില്ലേ" അർത്ഥമറിയില്ലെങ്കിലും അനിയന്റെ ഇംഗ്ലീഷുകേട്ട് വീണയുടെ ഉള്ളിൽ കുളിര് നിറയും...

     വീണയുടെ പേരിലുള്ള മൂന്നര സെന്റിൽ  ഒരു വീടിനപേക്ഷ കൊടുത്തതും,കൂടെ നിന്ന് പൂർത്തിയാക്കിയതും മനോഹരൻ സാറായിരുന്നു.അത്യാവശ്യം സാധനങ്ങൾ  ഇസ്റാൾമെന്റിൽ വിജയനും ഏർപ്പാട് ചെയ്തു.ബാങ്കിലെ പാർട്ട് ടൈം മീനിയൽ സ്റ്റാഫിൽ തൂപ്പുകാരിയായി കയറാൻ രമണിയും സഹായിച്ചു.

     വേണുവിനെയും സുമതിയുടെ മോൻ പഠിക്കുന്ന ടൈകെട്ടുന്ന സ്‌കൂളിൽ അയയ്ക്കാൻ വാശി വീണയ്ക്കായിരുന്നു.വേണുവിന്റെ നാള് ചേർത്ത് 'രേവതി നിലയ'മെന്ന്  വീട്ടിന് പേരിട്ടു.മുൻ വശത്തെ വാതിൽപ്പടിയിൽ ക്യൂട്ടെക്‌സുകൊണ്ട് അതെഴുതിവച്ചതിന്റെ അന്നാണ് സുമതിയും വീണയും തമ്മിൽ വലിയ വഴക്ക് നടന്നത്. 

    "തള്ളേ കൊല്ലണ നാളല്ലേ നിനക്ക്, ചെറുക്കൻ ഇരുന്ന് തിന്നണ രേവതിയാ.." സുമതി ഓരോ തവണ പറയുമ്പോഴും വീണയുടെ ഉള്ളിൽ കറുപ്പും വെളുപ്പുമായി കുറേ ചിത്രങ്ങൾ വരും. വേണുവിന് സുമതിയുടെ മകളെക്കാൾ ഇംഗ്ലീഷിന് ഏട്ടു മാർക്ക് കിട്ടിയതായിരുന്നു സുമതിയുടെ ശ പ്രശ്നം.ടീ.വിയെക്കുറിച്ച് അഞ്ച് വാചകം ഇംഗ്ലീഷിൽ മനോഹരൻ സാറിനെക്കൊണ്ടെഴുതിച്ച് അവനെ പിടിച്ചിരുത്തി വീണ പഠിപ്പിച്ചിരുന്നു.ചേച്ചിക്കുവേണ്ടി എത്ര പഠിക്കാനും വേണുവും തയാറായിരുന്നു.

    വിജയന്റെ വീട്ടിൽ പന്ത്രണ്ടിഞ്ചിന്റെ ബി.പി.എൽ ടീ.വി വാങ്ങിയ ദിവസം വീണ ഒരുപാട് കരഞ്ഞു. ചേച്ചിയും അനിയനും കാണാൻ ചെന്നിരുന്നപ്പോൾ 'മോൾക്ക് പഠിക്കാനുണ്ടെന്ന്' പറഞ്ഞ് അതണച്ചുകളഞ്ഞു.ദ്രുവം സിനിമയിൽ, മന്നാടിയാർ ഗൗതമിയോട് എന്തോ ചോദിക്കുന്ന സമയത്തായിരുന്നു അത്.ചലച്ചിത്രഗീതത്തിൽ 'കറുകവയൽക്കുരുവി' കേൾക്കുമ്പോഴെല്ലാം വീണയ്ക്ക് കണ്ണു നിറയും.. 

    മനോഹരൻ സാറിന്റെ വീട്ടിൽ കളർ ടീ.വിയായി.പഴയ ടീ.വിയും ആറായിരവും കൊടുത്തിട്ടാണ് ഭൂതത്തിന്റെ പരസ്യമുള്ള ഒനീഡ ടീ.വിയാക്കിയത്.അതിന്റെ കാർബോഡ് പെട്ടി തുണി വയ്‌ക്കാനെന്നും പറഞ്ഞ് വേണുവിനെക്കൊണ്ട് വീണ ചോദിപ്പിച്ചു.വീണ രമണിയോടും ചോദിച്ചു, പക്ഷേ കിട്ടിയില്ല...

     "ഞാൻ പഠിച്ച്  ജോലി കിട്ടുമ്പോൾ ചേച്ചിക്ക് ഒനീഡ  വാങ്ങിത്തരും" വേണുവിന്റെ കവിൾ നിറയെ  അവൾ ഉമ്മ വച്ചു.കുഞ്ഞുകവിള് ചൂടുതട്ടി പുകഞ്ഞു.

     ശനിയാഴ്‌ച്ചത്തെ പ്രതികരണം പരിപാടി കണ്ടപ്പോഴാണ് ആ വിലാസത്തിലേക്ക്  ഒരു കത്തയയ്ക്കാൻ അവർക്കു തോന്നിയത്. പ്രതികരണം, കെയർ ഓഫ് ഓഡിയൻസ് റിസർച്ച് ഓഫീസർ, ദൂരദർശൻ കേന്ദ്രം.വേണു വിലാസം എഴുതിയെടുത്തു.അന്നാണ് സ്വന്തം വിലാസത്തെപ്പറ്റി ആദ്യമായി വീണ ഓർത്തതും.ഉരുണ്ട് ഭംഗിയുള്ള  അക്ഷരത്തിൽ വേണു കത്ത് തയാറാക്കി.

     വേണു, 'കെയർ ഓഫ് വീണ', രേവതി നിലയം.എന്ന വിലാസം ചുണ്ടിന് താഴെ  കാക്കപ്പുള്ളിയുള്ള ആ അവതാരക പറയുന്നതും,അതുകേട്ട് സുമതി വായതുറന്നിരിക്കുന്നതും,ഓർത്തപ്പോൾ വീണയ്ക്ക് ചിരിവന്നു.ചിരിക്കുന്ന ചേച്ചിയെ നോക്കി വേണുവും ചിരിച്ചു.

     വ്യാഴാഴ്ച്ച സ്റ്റേഷൻ തുറക്കാൻ മൂന്ന് മിനുട്ട് വൈകിയതും, ദ്രുവം സിനിമയിലെ 'കറുകവയൽ കുരുവി'എന്ന പാട്ട് പകുതിയിൽ നിർത്തിയതും സൂചിപ്പിച്ച്, കാർഡിന്റെ അടിയിൽ വീണ ആന്റ്  വേണു എന്നെഴുതി, ഒപ്പുമിട്ട ഇരുപത്തിയഞ്ച് പൈസയുടെ മഞ്ഞ കാർഡ് അവർ ചുവപ്പൻ തപാൽ പെട്ടിയെ തീറ്റിച്ചൂ.ആ വിലാസം ലോകം അംഗീകരിക്കുന്നത് കാണാൻ,എത്രയും വേഗം ശനിയാകാൻ കാത്തിരുന്നു..

    വെള്ളിയാഴ്ച ഡൽഹിറിലേയിലെ പാതിരാപ്പാടം കാണുന്നതിനിടയിൽ വീണയുടെ മടിയിൽ കിടന്ന വേണുവിന്, തന്റെ ചേച്ചി കുളിരു കയറിയത് പോലെ ഇളകുന്നതും,കസേരയിലിരിക്കുന്ന  മനോഹരൻ സാറിന്റെ കാലുകൾ ചേച്ചിയുടെ വയറ്റിന്റെ ഭാഗത്ത് പത്തി വിടർത്തി നിൽക്കുന്നതും കണ്ടു ചിരിവന്നു.അനിൽ കപ്പൂറിന്റെ മിസ്റ്റർ ഇന്ത്യ പകുതിയാകും മുമ്പ് വേണുവങ്ങ് ഉറങ്ങിപ്പോയി..

      രമണിക്ക് കിടന്നാൽപ്പിന്നെ ആരെങ്കിലും പിടിക്കാതെ എഴുന്നേൽക്കാൻ കഴിയാത്ത രോഗമായിരുന്നു.വേദന സഹിക്കാതെ വരുമ്പോൾ ഉറക്കഗുളികകൾ മനോഹരൻ സാറാണ് അവരുടെ തലയുയർത്തി മടിയിൽ വച്ച് വെള്ള മൊഴിച്ച് കൊടുക്കുന്നത്.അന്നും രമണി വേദനകൊണ്ട് കരഞ്ഞു, ഗുളിക ചെന്നുറക്കി.രാത്രി വീണയെ ചേർന്നുകിടക്കുമ്പോൾ  മനോഹരൻ സാറിന്റെ മുല്ലപ്പൂസെന്റ് വേണുവിന് വാസനിച്ചു..

     അന്ന് രമണിയെത്താൻ വളരെ വൈകി.ടീവിയിൽ പ്രതികരണം പരിപാടി തുടങ്ങിയപ്പോഴാണ് ക്ഷീണത്തോടെ അവർ കയറിവന്നത്‌.കവിളിൽ കാക്കപ്പുള്ളിയുള്ള അവതാരക പ്രേക്ഷകരുടെ പ്രതികരണമുള്ള പോസ്റ്റ് കാർഡ് വായിക്കാനായി കൈയിലെടുത്തു.ശ്വാസമടക്കി വേണു കാത്തിരുന്നു.ഇതിനിടയിൽ വീണച്ചേച്ചിയും മനോഹരൻ സാറും അകത്തെ മുറിയിലേക്ക് കയറിയതൊന്നും വേണു ശ്രദ്ധിച്ചില്ല.അവരുടെ ചിരികൾ ടീ.വിയേക്കാൾ ശബ്ദം കുറച്ചിരുന്നു.

     ടീ.വിയണച്ച് വീണയെ മുടിയിൽ ചുറ്റിപ്പിടിച്ച് രമണി പുറത്തേക്ക് തള്ളി.പിന്നിലെ ഇരുട്ടിൽ  അഴിഞ്ഞുപോയ മുണ്ട് നേരെയാക്കാൻ പ്രയാസപ്പെടുന്ന മനോഹരൻ സാറ്.ഇരുട്ടിലൂടെ വേണുവിന്റെ കൈയും പിടിച്ച് വീണ വേഗം നടന്നു.ഒന്നു രണ്ടിടത്ത് വേണുവിന്റെ കാല് തട്ടിമുറിഞ്ഞു. പ്രതികരണം പരിപാടിൽ ആ കത്ത് വായിച്ചോ ? അറിയില്ല.വേണുവിന്റെ നോവ് അതായിരുന്നു.

    പിന്നീട്, വീണ ടി.വി കാണാറില്ല.ചിത്തിരയുടെ നിർബന്ധത്തിന് ഇന്നും ഒപ്പമിരുന്നുകൊടുക്കും, ഉറക്കത്തി നിടയിലും മൂളും.വേണുവും ചിത്രയോട്  ഏറ്റവും ദേഷ്യപ്പെട്ടിട്ടുള്ളത് 'അതിന്റെ ശബ്ദമൊന്ന് കുറയ്ക്കെടീ'ന്നാണ്...

            വേണുവിനെ ബാങ്ക് ടെസ്റ്റെഴുതിപ്പിക്കാൻ വീണയ്ക്കായിരുന്നു വാശി.രമണിയുടെ ബാങ്കിലെ തൂപ്പുജോലിയും കളഞ്ഞ് അച്ചാറുകമ്പനിയിൽ ചേർന്നതു മുതൽ വീണയ്ക്ക് ശരീരത്തിൽ ചൂടിനൊപ്പം നീറ്റലും തുടങ്ങി.വേണുവിന് ജോലി കിട്ടിയപ്പോൾ അത് നിർത്തി.ജോലി രാജിവെച്ച രമണി, 'രേവതി നിലയത്തിൽ' വന്ന ദിവസം വീണ വീട്ടിലു ണ്ടായിരുന്നില്ല.എവിടെയാണെന്ന്, വേണുവിന്റെ മുഖത്തെ അസ്വാസ്ഥ്യം രമണി ശ്രദ്ധിച്ചു.തന്നെ ഇന്നൊരുദിവസം വീണയുടെ മുറിയിൽ കിടത്തണമെന്ന് ആവശ്യപ്പെട്ട രമണിക്ക് ഉറക്കഗുളിക കൊടുത്തത് വേണുവായിരുന്നു..

     "അവര് രണ്ട് ദിവസം കഴിഞ്ഞേ വരൂ, ഗുരുവായൂരിൽ ചെന്നൊരു താലിയിടുന്ന കാര്യം എന്നോട് പറഞ്ഞിരുന്നു.." ഉറക്കത്തിലേക്ക് വീഴും  മുൻപ് രമണി വേണുവിനെ സമാധാനിപ്പിച്ചു..

        ഉറക്കത്തിന്റെ ഒരു ഇടവഴിയിലൂടെ രമണി മരണപ്പെട്ടി‌റങ്ങിപ്പോയി.അവരെക്കാത്ത് ഒരു ദിവസം ശീതീകരിച്ച പെട്ടിയിലും കിടന്നു.ചടങ്ങുകൾക്ക് ഒന്നിനും വേണു മുടക്കം വരുത്തിയില്ല.മൂന്നാം ദിവസം വീണ ഒറ്റസംഖ്യയായി മടങ്ങിവന്നു.മങ്ങിയ ബ്ലൗസിന്റെ പിന്നിലിരുന്ന ഒരു കുഞ്ഞുതാലി വേണുവിനോട് മനോഹരമായ ആ വാനപ്രസ്ഥ കഥ പറഞ്ഞു..

                                                                            നാല്.

     ടീ.വി വാങ്ങിക്കാൻ വീണ പോയില്ല.വേണുവിനൊപ്പം ചിത്രയെ ഒരുക്കിവിടാൻ വീണ വല്ലാതെ ഉത്സാഹം കാണിച്ചു.ഒരു പാത്രത്തിൽ പലഹാരങ്ങളുമായി വീണയുടെ മടിയിലെ ചിത്തിര എതോ  കാർട്ടൂണിൽ ലയിച്ചിരിക്കുന്നു.കണ്ണടച്ച് സെറ്റിയിൽ ചാരിയിരിക്കുന്ന വീണ.വളയുള്ള ഇടതുകൈ ചിത്തിരയെ ചുറ്റിപ്പിടിച്ചിട്ടുണ്ട്..

     "കഴിയണതും ഒനീഡ തന്നെ ഒപ്പിക്കണെ അങ്കിളെ,അമ്മയ്ക്ക് ബ്ളാക്ക് ആന്റ് വൈറ്റാണിഷ്ടം" ചിത്ര ഫോണിൽ പറഞ്ഞിരുന്നിട്ടും ആ 'ഭൂത'കാലമുള്ള കമ്പനിയുടേത് കിട്ടിയില്ല.

     "തിരിച്ചയയ്ക്കാൻ ഗോഡൗണിൽ കൊണ്ടിട്ടതാണെങ്കിലും കണ്ടീഷനാ മോളെ,എനിക്ക് നിന്റെ പൈസയൊന്നും വേണ്ട.ഇതിനു പക്ഷേ റിമോട്ടൊന്നും പറ്റൂല.. "പായ്ക്ക് ചെയ്യുമ്പോൾ ചിത്രയോട് മാമൻ ചിരിച്ചു.ചിത്ര വേണുവിനോട് നാണം വീണ് ചാരി.അതിനിടയിൽ ഒരുവട്ടം സെയിൽസ് പെണ്ണ് ദമ്പതികളെ അസൂയപ്പെട്ട് നോക്കി.മുറിയിൽ കൊണ്ടുവച്ച് ടീ.വി സെറ്റുചെയ്ത കടയിലെ ചെക്കന് വീണ ഒരു തുക പോക്കറ്റിൽ നിർബന്ധിച്ചു വച്ചുകൊടുക്കുന്നത് വാതിൽ നിന്ന വേണു കണ്ടു.

      ചിത്തിരയെ ഉറക്കാനായി ചിത്ര രാരീരത്തിൽ തുടങ്ങി.വേണുവും അതേ താളത്തിൽ വീണയുടെ മുറിയിലേക്ക് പടികയറി.നിലത്ത് ടീ.വിയിലേക്ക് നോക്കിയിരിക്കുന്ന വീണ.അത് ഓൺ ചെയ്തിട്ടില്ല.  നിഴലിന്റെ നിറമുള്ള സ്‌ക്രീനിൽ വീണയുടെ രൂപം.പിന്നിൽ ഒഴിഞ്ഞ് കിടക്കുന്ന കസേരയും അതിനും പിന്നിൽ അടഞ്ഞ ഒരു വാതിലും അവ്യക്തമായി കാണാം.വേണുവിനോട് വീണ ചിരിച്ചു.തന്റെ അടുത്ത് വന്നിരിക്കാൻ അവളാംഗ്യം കാണിച്ചു.ടീ.വിയുടെ സ്വിച്ചിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ വീണ അവനെ നിലത്ത് കൈതട്ടി തടഞ്ഞു..

      "അതങ്ങനെ തുറന്നുവച്ചാൽ വേറാരൊക്കയോ ചിന്തിക്കുന്നതല്ലേ കാണാൻ പറ്റു, നോക്കൂ, ആ ഇളം ഇരുട്ടിൽ ഇപ്പോൾ നമുക്കിഷ്ടമുള്ളതെല്ലാം കാണാമ്പറ്റും..." വേണു നിരങ്ങിയിരുന്ന് അവളുടെ മടിയിൽ  തലവച്ചുകിടന്നു.തന്റെ മുടിയിഴകളിലൂടെ വാത്സല്യവേഗത്തിൽ നൂണുപോകുന്ന വിരലുകളിലേക്ക് വീണച്ചൂട് മടങ്ങിവന്നിരിക്കുന്നത് വേണുവറിഞ്ഞു.പിന്നിലെ കസേരയിൽ എന്നോ പടർന്ന മുല്ലപ്പൂവിന്റെ വാസനയും കെട്ടിപ്പിടിച്ച ഒരു തണുപ്പൻ കാറ്റ് അവരുടെ ഇടയിലേക്ക് പതിയെ വന്നു...!!


കെ എസ് രതീഷ്

Ratheesh.amets09@gmail.com

9497456636