Saturday 30 April 2016

കവിത മെയ്ദിനയോഗം

മെയ്ദിന'യോഗം.'..!!

വയലിൽ കെട്ടിയുയർത്തിയ
വേദിയിൽ
വെയിലുകാരണം
തൊഴിലാളിനേതാവ്
പ്രസംഗിക്കാൻ
കൂട്ടാക്കിയില്ല
മാറ്റിവച്ച "യോഗം" പഞ്ചനക്ഷത്രബാറിന്റെ
ശീതീകരിച്ചവേദിയിൽ
ഗംഭീരമാക്കി...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Friday 29 April 2016

മിനിക്കഥ നൂറുശതമാനം...!!

നൂറു ശതമാനം..!

രാത്രി പന്ത്രണ്ടുകഴിഞ്ഞിരുന്നു..
ഫോൺ ശബ്ദിക്കുന്നത് കേട്ട് കുഞ്ഞുണർന്നാലോ എന്നു ഭയന്നു പുറത്തിറങ്ങി...

"മാഷേ ഇതു ഞാനാ റാഫി, കൊല്ലത്ത് റെയിവ്വേസ്റ്റേഷനീന്നാ വിളിക്കണത് ഞാൻ പോകുവാ മാഷേ. കാര്യങ്ങളൊക്കെ അറിഞ്ഞില്ലേ ഞാൻ മാത്രാ തോറ്റത്. നൂറു ശതമാനം പോയീന്നും പറഞ്ഞ് അവരെന്നെ കൊന്നില്ലാ എന്നേ ഉള്ളൂ രാവിലെ മുതൽ നിർത്താത്ത തെറിവിളികളാ. കണക്കിനാ മാഷേ തോറ്റത്.
ഞാൻ ഗുജറാത്തിൽ മാമയുടെ ടയർ കമ്പനിയിൽ പോകുവാ. അടുത്തവർഷം വന്ന് ഒന്നൂടെ എഴുതണം. ഇനി നാട്ടിൽ നിൽക്കാൻ വയ്യാ അവിടെ ചെന്നിട്ട് വിളിക്കാം. എനിക്ക് ഇതൊക്കെപ്പറയാൻ മാഷല്ലാതെ മറ്റൊരാളില്ലാന്നറിയാല്ലോ"

നൂറുശതമാനം പരാജയപ്പെട്ട എനിക്കുറങ്ങാൻ ആയില്ല....
അവനെതിരേ ഞാൻ പറഞ്ഞവാക്കുകൾ കരിയുന്ന ടയറിന്റെ മണമ്പോലെ മൂക്കിലെത്തി...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Wednesday 27 April 2016

കവിത കവിതയുടെ ജഡം

കവിതയുടെ ജഡം...!!

ഇന്നലെ
വിശന്നലഞ്ഞ തെരുവുപട്ടി
കറുത്തൊരുടലു
കടിച്ചുപുറത്തിട്ടു.
കരിവീട്ടികാതലുപോലൊരു
കവിത.
കവി പിടിയിലായി,

"ഹൃദയത്തിലിട്ടു മതിവരുവോളം
ഭോഗിച്ചുകൊന്നു കുഴിച്ചിട്ടതാണ്.
ഇവളിൽ മതത്തിന്റെ മദമുണ്ട്
ഇവൾക്കൊരു രാഷ്ട്രീയമുണ്ട്
അതെന്നെ
കൊന്നുതിന്നും മുന്നേ
ഞാനവളെ  കുഴിച്ചിട്ടു..!
ഇന്നലെ
എന്റെ വെളുത്തകവിതകളുടെ നൂലുകെട്ടായിരുന്നു.
ഒരാളെയും നുള്ളിനോവിക്കാത്ത പളുങ്കുമണിയൊത്തവൾ.
അത് ഈ
കൊടിച്ചിപ്പട്ടികറിയില്ലല്ലോ...?"

രതീഷ് കെ. എസ്
ജി എച്ച് എസ് എസ് എടക്കര.

അനുഭവക്കുറിപ്പ്

ഫോട്ടോസ്റ്റാറ്റെടുത്ത ഭാഗ്യക്കുറികൾ......!!

മലപ്പുറം.ആർ ടി ഓ ഓഫീസിൽ പൂരത്തിനുള്ള ആളുണ്ടായിട്ടും അവൻ എന്റെ മുന്നിൽ തന്നെ വന്നു.

വിഷുബംബറും നീട്ടിപ്പിടിച്ച് ഒറ്റ ആജ്ഞ
" ചേട്ടനൊന്ന് എടുത്തേ"
ശ്രദ്ധിക്കാതിരുന്ന എന്റെ മടിയിലേക്ക് അതു വച്ചു ഞാൻ അതു തിരിച്ചുകൊടുത്തു. രൂക്ഷമായി എന്നെ നോക്കി ഒറ്റപ്പറച്ചിലായിരുന്നു.

" അറിയാല്ലോ ഇന്ന് റിസൾട്ടുവന്നു , ഇനി അഡ്മിഷൻ, പുസ്തകം, യൂണിഫോം , എല്ലാത്തിനും കൂടെ വല്ലാത്ത ചിലവുണ്ട് എന്റെ അപ്പനിതൊന്നും താങ്ങത്തില്ല  റിസൾട്ട് കൈയിലുണ്ട് കാണിക്കാം..."

ലോട്ടറി സൂക്ഷിക്കുന്ന ബാഗിൽ നിന്നും റിസൾട്ടിന്റെ ഒരു കോപ്പി എന്റെ കൈയിൽ തിരുകി.

വിപിൻ മാധവ്
( സ്കൂളൊന്നും പറയുന്നില്ല മലപ്പുറം ആർ ടി ഓ യിൽ ചെല്ലു അവൻ നിങ്ങളെ തേടിവരാതിരിക്കില്ല)
ബി ബി പ്ലസ് എ എ ...സി...

ഞാൻ ഇരുന്നൂറു രൂപ കൊടുത്തു ടിക്കറ്റ് വാങ്ങാൻ മറന്നു .

ഞാൻ ഭൂതക്കലത്തിലൊന്നിൽ കൊല്ലം ബസ്സ്റ്റാൻഡിലെ കൈരളി ലക്കി സെന്റർ ഉടമ തന്ന വിഷുബംബർ വിറ്റുനടക്കുകയായിരുന്നു.

അവൻ പിന്നെയും പലരുടെ മുന്നിലും ടിക്കറ്റു വിൽക്കുന്നു എങ്കിലും ആ  റിസൾട്ട്കാണിക്കുന്നില്ല എങ്ങനെയായിരിക്കും എന്റെ ഭൂതകാലം അവൻ ചികഞ്ഞെടുത്തത്....???

ആർ ടി ഒ യുടെ ഇൻസ്പെക്ഷൻ റിപ്പോട്ട് തന്നിട്ട് പേഴ്സ് തുറക്കാൻ പോലും ഇടനിലക്കാരൻ  സമ്മതിച്ചില്ല ഇവർക്കൊക്കെ ഇതെന്തുപറ്റി...??

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Tuesday 26 April 2016

കവിത നിക്കാഹ്

നിക്കാഹ്...!

നിങ്ങളല്ലേ ഉസ്താദേ
എന്റെ
തുടയിൽ മുറിവുണ്ടാക്കീയത്
പള്ളിപ്പറമ്പിൽ പാത്തുമ്മ
വിളിച്ചുപറഞ്ഞതുകേട്ട്

പാത്തുമ്മയുടെ
ഉസ്താദ് ചിരിച്ചു
ഉപ്പുപ്പ ചിരിച്ചു
ഉപ്പ ചിരിച്ചു
വാപ്പ ചിരിച്ചു
മാമയും എളേപ്പയും ഇക്കയും ചിരിച്ചു.
പാത്തുമ്മയ്ക്ക് ചിരിവന്നില്ല.

നിക്കാഹ്
ഉസ്താദ്  44
പാത്തുമ്മ 14
ശൗവ്വൽ 10:30
ഉപചാരപൂർവ്വം ബന്ധുക്കൾ..!

രതീഷ് കെ എസ്.
ജി എച്ച് എസ് എടക്കര.

Friday 22 April 2016

കഥ പെങ്ങളെന്ന കുഞ്ഞപകടം

പെങ്ങളെന്ന കുഞ്ഞപകടം..!!

മലപ്പുറം മൂല്യനിർണയ ക്യാമ്പിൽ നിന്ന് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ക്ലാസ് സംഘടപ്പിക്കുന്ന ബ്ലോക്ക് ഓഫീസിലെത്താൻ വെറും ഒരു മണിക്കൂർ. വളരെ സാവകാശം ഓ എൻ വി കവിതകളും കേട്ട് ഞാനും സുഹൃത്ത് വിൻസെന്റും. എടവണ്ണ, കുന്നുമ്മൽ തിരിയുമ്പോഴാണ് അതുണ്ടായത് ഒരു ലോറിയുടെ പിന്നിലൂടെ അമിതവേഗത്തിൽ പാഞ്ഞുവന്ന ബൈക്ക് എന്റെ കാറിൽ തട്ടി തെറിച്ചു പത്തുവയസ്സുതോന്നിക്കുന്ന പെൺകുട്ടിയും ഒരു പതിനേഴുകാരനും. കാറു നിർത്തിയിറങ്ങുമ്പോഴേക്കും, നാട്ടുകാർ അവരെ വണ്ടിയിൽ കയറ്റിയിരുന്നു...!

പിന്നെ നാട്ടുകാരുടെയും  യാത്രക്കരുടെയും വിശദീകരണങ്ങൾ വിലയിരുത്തലുകൾ ആകെ ടെൻഷൻ.  പോലീസ് സ്റ്റേഷനിൽ അറിയിച്ചു അവരും വന്നു. തെറ്റ് ബൈക്കിലിരുന്നവരുടെ പോലീസ് കാറുമാറ്റിയിട്ട് ആശുപത്രിയിലേക്കുപോയി, പിന്നീട് അറിയിച്ചു കുട്ടിക്ക് കുഴപ്പമില്ല കാറിന്റെ കേടുപാടുകൾ തീർക്കാൻ എന്തെങ്കിലും വാങ്ങിക്കോളൂ.

ഇൻഷുറൻസ് കമ്പനിക്കാർ വന്ന് കാറിനെ ക്രെയിനിൽ കയറ്റാൻ തുടങ്ങുമ്പോഴാണ് അവർ വന്നത്. ഒരു പൊടി മീശക്കാരനും ഒരു ബന്ധുവും.

എനിക്ക് ദേഷ്യം വന്നിട്ട് അവന്റെ ഷർട്ടിൽ കയറിപ്പിടിച്ചു. ആ മനുഷ്യൻ തടയാൻ ശ്രമിച്ചു. കാറിന്റെ നഷ്ടം തരണമെന്ന് ഞാൻ പറഞ്ഞു. ആ പയ്യന്റെ കണ്ണു നിറയുന്നത് കണ്ടു. പോലീസ് സ്റ്റേഷനിൽ ഒരു ഒത്തു തീർപ്പിനായ് എത്തുമ്പോൾ ആ പൊടിമീശക്കാരൻ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

സ്റ്റേഷനിലെ ഭീഷണികൂടെ ആയപ്പോൾ അവനു നിയന്ത്രിക്കാനായില്ല. ഇൻഷുറൻസ് കിട്ടാൻ പോലീസിന്റെ ഒരു കത്തും വാങ്ങി പുറത്തിറങ്ങിയ  എന്നോട് അവനെന്തോ പറയാനുള്ളതുപോലെ. "ചേട്ടന്റെ ഫോൺ നമ്പർ തരുമോ..?"
ആ വിളി ഒരനുകമ്പയുണർത്താൻ പര്യാപ്തമായിരുന്നു.

എന്നെ പരിചയപ്പെടുത്തിയപ്പോൾ അവനു പരിഭ്രമം കുറഞ്ഞതുപോലെ, കൂടെ വന്ന ബന്ധു പറഞ്ഞത് തീരെ ഇഷ്ടായില്ല...

"തള്ളയും തന്തയും ചത്തതുമുതൽ ഇവർ എന്റെ കൂടെയാ സാറേ എനിക്ക് പെയിന്റ് പണിയാ ബൈക്കീൽ പോവല്ലേന്ന് പറഞ്ഞാ കേൾക്കൂല...
ആ പെണ്ണിനാ എളക്കം കൂടുതൽ"

ആ മനുഷ്യൻ പോയപ്പോൾ അവൻ രഹസ്യായ് പറഞ്ഞു

"മാഷേ ഞങ്ങൾക്കാരൂല്ലാ  സെക്കന്റ് വാങ്ങിയ വണ്ടിയാ..അവൾക്ക് ഇപ്പൊത്തന്നെ അവൾക്ക് കറങ്ങാൻ പോണം എന്നുപറഞ്ഞപ്പോൾ പെയിന്റ് അടിച്ചോണ്ടിരിന്നിടത്തൂന്ന് ഒന്നുരണ്ട് കിലോമീറ്റർ ഒന്ന് ഓടിച്ച് വരാന്നേ കരുതിയുള്ളു അതിപ്പൊ വിനയായി..."

ഇതുകേട്ട് സുഹൃത്തിന്റെ ബൈക്കിൽ നിലമ്പൂരിൽ ക്ലാസും കഴിഞ്ഞ് സർവീസ് സെന്ററിൽ പോയി ഒപ്പും ഇട്ടുകൊടുത്തപ്പോഴാണ് അവനെ ഒന്നു വിളിക്കാൻ തോന്നിയത്...ആ കുട്ടിയെ അഡ്മിറ്റാക്കിയ ആശുപത്രിയിലെത്തുമ്പോൾ,ആ പെങ്ങളും ആങ്ങളയും കട്ടിലിലെന്തോ പറഞ്ഞ് ചിരിക്കുന്നു...എന്നെക്കണ്ട് ചിരി നിർത്തി, ഞാനും ഗൗരവം വിട്ടില്ല. ഞാൻ കാശുചോദിക്കാനായിരുന്നു തുടങ്ങിയത്. കഴിഞ്ഞില്ല....

ബൈക്കിനുപുറകിൽ ഇരു കൈകളും വിടർത്തി ചിരിച്ചുള്ള അവരുടെ പാഞ്ഞുവരവും....

കാറിലെ സ്റ്റീരിയോയിൽ ഓ എൻ വി യുടെ....

പെങ്ങളാണിവൾ....
എന്നവരികളും.

ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ ഞാൻ കേട്ടൂ....

"മിന്നൂസേ നീ ഒറ്റയൊരുത്തിയാ എന്നെ വഷളാക്കുന്നത്..."
പിന്നാലെ കൊലുസ്സിന്റെ താളത്തിൽ ഒരു ചിരിയും...!!!

രതീഷ് കെ എസ്.
ജി എച്ച് എസ് എസ്
എടക്കര.

കവിത ശ്രുതി

മരണത്തിന്റ ശ്രുതി..!!

ഇനിയും
വിശപ്പുസഹിക്കാൻ വയ്യ
ഞാൻ
മരിക്കുന്നു..!
എന്ന്,
നിങ്ങളുടെ 'മരണ'ത്തിന്റെ ശ്രുതി
ഒൻപതാം തരം..!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര

(വിശപ്പു സഹിക്കാതെ ആത്മഹത്യചെയ്ത പേരവൂരിലെ ആദിവാസി സഹോദരിക്ക് കണ്ണിർ പ്രണാമം..🙏🏻)

Thursday 21 April 2016

കവിത പാറക്കിണറുകൾ..

ലാത്തൂരിലെ
പാറക്കിണറുകൾ...!!

വീടിനുമുകളിലെ
സംഭരണിയിൽ നിറഞ്ഞൊഴുകിത്തീരുന്നു,
മണിക്കൂറൊന്നായി മകൾ
ഷവറിനു ചുവട്ടിലാണ്,
നായയേയും പുതിയ വാഹനവും കഴുകിത്തുടച്ചുകഴിഞ്ഞു,
അടുക്കളത്തോട്ടം നനച്ച്, കിണറ്റിനുചുവട്ടിലെ തെങ്ങിന്
ഭാര്യ നനയ്ക്കുന്നു,
ഗൗളിപത്രത്തിന്റെ
ഇളനീരു സ്വപ്നം കണ്ട് ഞാനും.

അങ്ങ്,
എന്റെ വീടിന്റെ വടക്കേ ദിക്കിൽ
അങ്ങ്, ലാത്തൂരിൽ
കുടിവെള്ളത്തിനു വെടിയേറ്റുചത്തവന്റെ
ഒറ്റമകൻ
കണ്ണീർ നനച്ച്
പാറപൊട്ടിച്ച്
കിണറുകുഴിക്കുന്നു....!!

രതീഷ് കെ എസ്.
ജി എച്ച് എസ് എസ് എസ്
എടക്കര.

Sunday 17 April 2016

കഥ വായ്നാറിപ്പെണ്ണ്...!!

വായ്നാറിപ്പെണ്ണ്...!!

മലയളം സാർ,
ജി എച്ച് എസ് എസ് എടക്കര, എടക്കര പി. ഒ.
      ഈ വിലസത്തിൽ കത്തുവന്നാൽ എനിക്കല്ലാതെ മറ്റാർക്കാണ് പ്രിൻസിപ്പൽ തരിക.

  മെയ് മാസത്തിന്റെ അവസാന ആഴ്ച്ചയിൽ വന്ന കത്ത് എനിക്കു തരുമ്പോൾ പ്രിൻസിപ്പലിന്റെ മുഖത്ത് നല്ലൊരു ചിരിയുണ്ടായിരുന്നു. പുതിയ ബാച്ചിനെ സ്വീകരിക്കാനും പതിനൊന്നാം തരക്കാരെ പന്ത്രണ്ടാം തരക്കാരെന്ന് മാറ്റിവിളിക്കാനും സ്കൂളിന്റെ അന്തരീക്ഷം തയാറായി നിൽക്കുന്നു.

   മലയാളം രജിസ്റ്റർ തന്നിട്ട് പ്രിൻസിപ്പൽ പറഞ്ഞൂ: 
" എച്ച് ഒൺ ബിയിലെ രാധ പി എസിന്റെ പേരുവെട്ടിക്കോ മാഷേ അവൾ ടി സി വാങ്ങിപ്പോയി..". പേരുവെട്ടൽ  സ്ഥിരം ചടങ്ങായതിനാൽ കാര്യമയി ശ്രദ്ധിക്കാതെ സ്റ്റാഫ് റൂമിലെത്തി.

      പത്തുമണിക്ക് കിട്ടുന്ന കട്ടൻ  കുടിക്കുന്നതിനിടയിലാണ് മേശപ്പുറത്ത് അലസമായ് കിടക്കുന്ന പ്രിൻസിപ്പൽ തന്ന കത്തിന്റെ കാര്യം ശ്രദ്ധിച്ചത് കത്ത് പ്രിൻസിപ്പൽ പൊട്ടിച്ചിരിക്കുന്നു. വരയിട്ട പേപ്പറിൽ ആകെ മൂന്നു വരികൾ.

പ്രിയപ്പെട്ട മലയാളം സാർ,

     രാധ എഴുതുന്നത്, ഹാപ്പി ബെർത്ത് ഡേ റ്റൂ യൂ (MAY 30) . ഇനി നമ്മൾ കാണില്ല. എന്റെ വായ് നാറ്റം മാറൂലാ, എനിക്ക് വിശപ്പും തീരൂല, ഈ ശവം ഇനി സ്കൂളിൽ  വരൂല സത്യം സത്യം സത്യം...

           എന്ന്,
           രാധ  പി .എസ്
           എച്ച് റ്റൂ ബി
       
      
      പതിനൊന്നാം തരത്തിന്റെ അവസാന ഘട്ടത്തിലാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത് സ്റ്റാഫ് റൂമിൽ സി ഇ മാർക്കു കിട്ടാൻ കുട്ടികൾ കാട്ടുന്ന തിരക്കിലൊന്നും പെടാതെ മാറിനിൽക്കുന്ന കറുത്ത് ഉയരമുള്ള പെൺകുട്ടി.

     ഇംഗ്ലീഷിന്റെ മാഷ് ഓരോരുത്തരെയും അടുത്തുവിളിച്ച് അഭിമുഖം നടത്തുന്നു. ഒടുലവളുടെ ഊഴം കഴിഞ്ഞപ്പോഴാണ്  മാഷിന്റെ കമന്റുയർന്ന്,

      "ഈ മിനിയുടെ വായ്നാറ്റം ഒറ്റകുട്ടികൾ അതിനെ അടുപ്പിക്കില്ല  എപ്പൊഴും എന്തേലും ചവച്ചോണ്ടിരിക്കും അല്ലേ പുറകിൽ കിടന്നുറങ്ങും ഇതൊക്കെ എന്തിനാ ഇങ്ങോട്ടുവരുന്നത്..."

      പിന്നെ രാധയായി ചർച്ചാവിഷയം ക്ലാസിലെ പഞ്ചാരക്കുട്ടൻ അഫ്സലിനെ ചീത്തവിളിച്ചത്,അനീനയുടെ ബാഗിൽ നിന്നും കാശെടുത്തത്, ഒറ്റയ്ക്കുള്ള നടത്തം, മലയാളമൊഴികേ എല്ലാ വിഷയത്തിനും തോറ്റത് അവർക്ക് പറയാൻ ഏറെയായിരുന്നു.  എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഞാനതുവരെ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം.

      അടുത്ത ദിവസത്തെ  ക്ലാസിൽ ചുംബനത്തെക്കുറിച്ച് പറയേണ്ടിവന്നപ്പോൾ,

" ഞാൻ രണ്ടുനേരം പല്ലുതേയ്ക്കാൻ തുടങ്ങിയത് വിവാഹത്തിനു ശേഷമാ...."
ഇതു കേട്ടു ക്ലാസ്സിൽ കുട്ടികൾ അടക്കിയും പൊട്ടിയും ചിരിക്കാൻ തുടങ്ങി. അതിലൂടെ വായ്നാറ്റവും മറ്റും പറയാനായിരുന്നു ഉദ്ദേശ്യം കടമ്മനിട്ടയുടെ
"എങ്കിലും തവവായനാറ്റമിതസഹ്യമാം നമ്മളന്യോന്യം പിരിഞ്ഞിരിക്കാം"
എന്നവരികളും ചൊല്ലി പിന്നെ വ്യക്തിശുചിത്വം പറഞ്ഞു. ചുംബനവും വായ്നാറ്റവും ചേർത്തുപറഞ്ഞത് പലരും സ്വീകരിച്ചെന്നു മുഖഭാവങ്ങൾ വ്യക്തമാക്കി.

    അടുത്ത ദിവസം ക്ലാസിലെത്തുമ്പോഴും
"മാഷേ ഇന്നലേം രണ്ടുതവണ പല്ലുതേച്ചോ..?" കമന്റുകളുയരുന്നുണ്ടായിരുന്നു. അന്നു ക്ലാസ്സുകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ക്ലാസിലെ ബുദ്ധിജീവി ആര്യ പുസ്തകമുമായ് അടുത്തു വന്നു

" ന്റെ മാഷേ ആ രാധ പി എസിന്റെ നാറ്റം സഹിക്കൂലാട്ടോ എപ്പൊഴും ഓൾക്ക് സംശയങ്ങളാ. അവൾ ഉണർന്നിരിക്കണത് കാണുന്നത് മാഷിന്റെ ക്ലാസിലാ, ഇനിയെപ്പൊഴാ  മലയാളം ? നാളെ മലയാളമുണ്ടോ ? എന്നും പറഞ്ഞ് പിന്നാലെ കൂടും"

ഒരു ചിരിയും ചിരിച്ച് നടന്നുപോകുന്നതിനിടയിൽ ആര്യയോട് പറഞ്ഞു:

"ആ സാധനത്തിനുവേണ്ടിയാ ഞാനും ഇതൊക്കെ ഇന്നലേം ഇന്നും  പറഞ്ഞത് സ്റ്റാഫ് റൂമിൽ വന്നാൽ എന്റെ ടേബിളിന്റെ മുന്നീന്ന് മാറൂല ശവം"

ക്ലാസുകൾ,
വിടവാങ്ങൽ ചടങ്ങുകൾ, പരീക്ഷകൾ കഴിഞ്ഞു.
രാധ പരീക്ഷയെഴുതീലെന്നും കേട്ടു...

മൂർച്ചയുള്ള    ചുവന്ന പേനകൊണ്ട് രാധയുടെ പേരു ഞാൻ വെട്ടിമാറ്റി..!
രാധയുടെ അളിഞ്ഞുപോകാത്ത ജഡം പൊതിഞ്ഞ കത്ത് ഞാനിപ്പൊഴും മേശവലിപ്പിൽ സൂക്ഷിക്കുന്നു...!!

രതീഷ് കെ. എസ്.
ജി എച്ച് എസ് എസ്
എടക്കര.

Saturday 16 April 2016

കവിത സമാധാനത്തിന്റെ ഭൂപടം

സമാധാനത്തിന്റ ഭൂപടം..!

എട്ടിൽ പഠിക്കണ
പൊട്ടൻ മനൂന്റെ
കാച്ചിലിന്റെ രൂപത്തിലുള്ള
ഭൂപടത്തിൽ
കാശ്മീരുണ്ടായിരുന്നില്ല
അതിരുകൾ പലതും തുറന്നിട്ടിരിക്കുന്നു.
ഗാന്ധിയനും,
ചരിത്രാദ്ധ്യാപകനുമായ ഞാൻ
ദീർഘമായ് നിശ്വസിച്ചു.
അതിരുകളില്ലാത്ത രാജ്യം
മനൂന് ഏ പ്ലസ്
മനുപാസ്സായി........!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Friday 8 April 2016

മൗനം എന്താണെന്നോ...? കവിത

മൗനം എന്താണെന്നോ....?

ഇനിയും
കണ്ടെത്താ ഭൂഖണ്ഡം.
മറുകരയിലെത്താത്ത, വറ്റിയപുഴയിലെ വീതികുറഞ്ഞപാലം.
മരണത്തിന്റെ ഉടമ്പടിയുള്ള ഭാരതയുദ്ധം.
പകൽ നക്ഷത്രം,
പാതിചാരിയ വാതിൽ,
ഒറ്റാലിലെ നക്ഷത്രമത്സ്യം,
വിധവയുടെ ചുളിവ് വീഴാത്ത കിടക്കവിരി,
ആന ചത്തവന്റെ തോട്ടി,
വിണ്ടുകീറിയ പാടത്തെ മണ്ണിര,

നമ്മുടെ മൗനം അടവിരിഞ്ഞ്
കദ്രുപുത്രന്മാർ ജനിച്ചിരിക്കുന്നു.
ഭ്രാന്തിന്റെ നിശാഗന്ധിമണം പരക്കുന്നു
ബുദ്ധനെത്തേടി ഒരു
ബോധിവൃക്ഷം തണൽ വിരിക്കുന്നു.

മൗനം നമ്മുടെ മരണം തന്നെ......!!

രതീഷ് കെ എസ്.

Tuesday 5 April 2016

നഷ്ടം...കവിത

നഷ്ടം...!!

അപ്പൻ
കർഷകനെന്നുപറയാൻ
മടിക്കുന്ന മകൻ
മകന്
കൃഷിപാഠം നൽകാൻ
മറന്ന അപ്പൻ....!!

രതീഷ് കെ എസ്സ്

കവിത പ്രണയത്തിന്റെ രണ്ടടിപ്പാത...!!

പ്രണയത്തിന്റെ രണ്ടടിപ്പാത..!!

"ശരി
ഞാൻ പറഞ്ഞതും
തെറ്റ്
നീ പറഞ്ഞതും
ഇനി നിന്റെ ഊഴം
പൊരുത്തക്കേടിന്റെ
ഈ പുഴയെന്നു വറ്റും
അടിയിൽ
നമ്മുടെ
പ്രണയത്തിന്റെ
രണ്ടടിപ്പാതയുണ്ടല്ലോ.....!!

രതീഷ് കെ എസ്.