Saturday 20 February 2021

ചോദ്യം..

ബഹുമാനപ്പെട്ട സർ..

      കേരളത്തിന്റെ സുരക്ഷിത ഭാവിയെക്കുറിച്ച് ഏറെ ഗൗരവമായി ചിന്തിച്ച കാലമാണിത്. 
രണ്ടു കാര്യങ്ങളിലാണ് ഞാൻ ഏറ്റവും സന്തോഷിക്കുന്നത് ഒരു സർക്കാർ വിദ്യാലയത്തിലെ  അദ്ധ്യാപകൻ എന്ന നിലയിൽ  തൊഴിലിടത്തെ ഏറ്റവും സൗന്ദര്യവും സൗകര്യവുമുള്ളതാക്കി തീർത്ത് എന്റെ അഭിമാനവും, പൊതുവിദ്യാലയത്തിലെ  മകന്റെ  പിതാവ് എന്ന നിലയിൽ ആ സ്ഥാപനത്തെ ലോകോത്തര നിലവാരത്തിലാക്കി എന്റെ ആശങ്കകളും പരിഹരിച്ചിരിക്കുന്നു. അതോടൊപ്പം എന്റെ ചില ആകുലതകൾ വളരെ വിനയത്തോടെ ഓർമ്മിപ്പിക്കാതെ വയ്യ.

       ആധുനിക വിദ്യാഭ്യാസ സംവിധാനത്തിലൂടെ കടന്നുവരുന്ന കുട്ടികളിൽ പോലും മതം ജാതി നിറം തുടങ്ങി അനാരോഗ്യ വേർതിരിവുകൾ കൂടിക്കൂടി വരുന്നുണ്ട്.ഇത് പരിഹരിക്കാൻ ഏറ്റവും നല്ല മാർഗം,കലാകായിക വിദ്യാഭ്യാസത്തിലൂടെ മാനസികാരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്നതാണ്.പക്ഷേ പലപ്പോഴും ഭൂരിപക്ഷം വിദ്യാലയങ്ങളിലും കലാകായിക അദ്ധ്യാപകരുടെയും ലൈബ്രറിയുടെ ചുമതലകൾ വഹിക്കേണ്ടവരുടെയും ഭാഗം ഒഴിഞ്ഞ് കിടക്കുന്നത് എന്റെ ഭീതിക്ക് ആക്കം കൂട്ടുന്നു.മാനസിക ശാരീരിക ആരോഗ്യമുള്ള ഒരു തലമുറയിലാണ് ഈ നാടിന്റെ ഭാവിയെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.കലയും എല്ലാം മറന്നുള്ള കളികളും കണ്ണ് തുറപ്പിക്കുന്ന വായനയുമാണ്  വർഗ്ഗീയ കലാപങ്ങളെ പ്രതിരോധിക്കാൻ നാട്ടിലെ ജനതയെ പ്രാപ്തരാക്കുന്നത്. ഈ നാടിന്റെ ഭാവിയെക്കരുതി പ്രസ്തുത വിഷയത്തിൽ സർക്കാരിന്റെ സജീവശ്രദ്ധ പതിഞ്ഞുകാണാൻ ഏറ്റവും ആഗ്രഹിക്കുന്നു.

നന്ദി
കെ എസ് രതീഷ്
അദ്ധ്യാപകൻ 
ജി എച്ച് എസ് എസ് നെയ്യാർഡാം 

വീടുമുതൽ വീടുവരെ.

വീടു മുതൽ വീടുവരെ.

  "ഈ ഭൂമിയിലൊരാളുമറിയാതെ ആ നിമിഷങ്ങൾ നമുക്കൊന്നിച്ചു കട്ടെടുക്കണം" ബാങ്കുലോക്കറിനുള്ളിൽ തന്നോടിങ്ങനെ കവിത പറയാൻ പ്രണയിക്കുന്നവനുമാത്രമേ സാധിക്കു. സുന്ദരനായ മാനേജർ ഇന്നലെയും സൂചിപ്പിച്ച രഹസ്യങ്ങൾ ഹെലൻ പലതവണ ഓർത്തുനോക്കി. ന്യായമാണ്, തനിക്കും അതിനോടിപ്പോൾ നല്ല ആഗ്രഹമുണ്ട്.  
      
       പച്ചയിൽ വെളുത്ത പൂക്കളുള്ളസാരി ഹെലൻ തോളിലൂടെ ചേർത്തുവച്ചു.മാനേജർക്ക് പച്ചപ്പ് ഇഷ്ടമാണ്.ബോബൻ അവസാനമായി സമ്മാനിച്ച സാരിയാണിത്.വെള്ളപുതച്ച് ബോബന്റെ  തണുപ്പൻ വരവിനുശേഷം നിറങ്ങളെല്ലാം ഹെലൻ ഒന്നോടെ ഉപേക്ഷിച്ചതാണ്.ജനാലവഴി അമ്മായിയപ്പൻ,ക്രിസ്തുദാസിന്റെ 'ഇതെന്തുപറ്റിയെന്ന' അത്ഭുതച്ചോദ്യം കണ്ണാടിയിൽ വന്നുവീണത് ഹെലൻ കണ്ടുനാണിച്ചു.'ഇതെങ്ങനെയുണ്ട് മനുഷ്യാന്നുള്ള' അവളുടെ മറുപടിക്കണ്ണിനോട് പ്രതികരിക്കാതെ, രോമമില്ലാത്ത നെഞ്ചും തടവിയിട്ട്, വേഗത്തിൽ നടക്കുന്ന അയാളോട് ഹെലന് വീണ്ടും സഹതാപമുണ്ടായി.
    
    അമ്മായിയപ്പനും, തന്റെ ഭർത്താവായ ബോബനും ഓരുപോലെ മരുഭൂമിയിൽ ജീവിതം തുലച്ചവരാണ്.ഇഷ്ടങ്ങളെ ഒന്നെത്തിനോക്കാൻ ധൈര്യമില്ലാത്തവരും.പക്ഷേ മറ്റുള്ളവർക്കായി വാക്കുകളും വസ്ത്രങ്ങളും കണ്ടെടുക്കുന്നതിലെ പ്രണയവും സൗന്ദര്യവും അപാരമാണ്.ഹെലന് കണ്ണൊന്ന് നീറി.കണ്ണാടിയുടെ ഇടതുകോണിലിരുന്ന ഒരു പച്ചയൻ പൊട്ട് അവളുടെ നെറ്റിയിൽ ഉമ്മവച്ചിട്ട് 'വേഗം ഒരുങ്ങി വാ പെണ്ണേന്ന്' ആശ്വസിപ്പിച്ചു.സാരി ഞൊറിഞ്ഞു കുത്താൻ സഹായിച്ച തണുപ്പൻ പിന്ന് വയറ്റിൽ ഇക്കിളിയിട്ടു.ക്രിസ്തുദാസ് അവളെ ബാസ്റ്റോപ്പിൽ എത്തിക്കാൻ ഒരുങ്ങുന്നതിന്റെ കോലാഹലങ്ങൾ മുറ്റത്ത് കേൾക്കാം.
       
     ബോബന്റെ മരണംവരെയും ക്രിസ്തുദാസ് അപ്പനായിരുന്നു, വെറും അമ്മായിയപ്പനുമായിരുന്നു. 
പിന്നെയാണ് തനി‌ മനുഷ്യനായത്.മകന്റെ വിവാഹത്തിന് കൂടാൻ തലേന്നാണ് ക്രിസ്‌തുദാസ് നാട്ടിൽ വിമാനമിറങ്ങിയത്‌.അടുത്ത ദിവസം തന്നെ അതിയാന്റെ ഭാര്യ നാലഞ്ചിനം അച്ചാറുകൾ പൊതിഞ്ഞുകെട്ടി മടക്കബാഗിൽ വച്ചു.അടുത്ത വരവിൽ ചെറുമകന്റെ നാലാമത്തെ പിറന്നാളാഘോഷം കഴിഞ്ഞ് ബോബനോടൊപ്പം ആറേഴിനം അച്ചാറുകളുമായി അയാൾ വീണ്ടും വിമാനംകയറി.ഹെലന് ഇളം നിറങ്ങളിൽ വിധവവേഷം ഇണങ്ങിത്തുടങ്ങിയതിന് ഒരു കൊല്ലം മുൻപാണ് ക്രിസ്‌തുദാസിന്റെ പ്രവാസാർത്തി രക്തത്തിന്റെ  വാശിപിടിച്ച സമ്മർദ്ദത്തിൽ തട്ടി മുടങ്ങിയത്.അപ്പോഴും മാങ്ങകൾ കീറിയുണക്കി പിറുപിറുപ്പോടെ അച്ചാറൊരുക്കുന്ന തന്റെ അമ്മായിയമ്മക്കാണ് പ്രവാസാർത്തിയെന്ന് ഹെലൻ ഉറപ്പിച്ചു.. 
        
       "സൂക്ഷിച്ചോ, നിന്റെ കുഞ്ഞിനെയും അച്ചാറിലാക്കി ഇവളേതെങ്കിലും നാട്ടിലേക്ക്  കയറ്റിവിടും" മകന് പാസ്‌പോർട്ടില്ലേന്ന അമ്മായിച്ചോദ്യത്തിൽ തലതാഴ്ത്തി നിന്ന ഹെലനെ, ക്രിസ്തുദാസ് മാറ്റിനിർത്തി തമാശകലർത്തി ഉപദേശിച്ചു.അവർ ശബ്ദമില്ലാതെ ചിരിച്ചു.അന്നും അമ്മായി അമ്പഴങ്ങ അരിയുന്നതുകണ്ട്, മകനോട്  മുറിയിലിരിക്കാൻ ഹെലൻ വാശിപിടിച്ചു.അച്ചാറുകളിൽ നനവുപടർന്ന് പൂപ്പലിന്റെ കാടുവളരാൻ ക്രിസ്തുദാസ് പ്രാർത്ഥനകഴിച്ചു.
     
      "നിന്നെ അറിയിച്ചില്ലന്നേയുള്ളൂ,ബാങ്കില് ബോബനും പണിയുറച്ചതാ,എന്നിട്ടും അവളവനെ എന്റൊപ്പം തള്ളിക്കയറ്റിവിട്ടു.മറുത്തൊരു വാക്ക് അവനും പറഞ്ഞില്ല"അടുക്കള കൈവരിയിലിരുന്ന് മുരിങ്ങയില നുള്ളുന്ന ക്രിസ്തുദാസിന്റെ കുമ്പസാരത്തിനോട് ഹെലൻ ഒരല്പം എണ്ണയെടുത്ത് ചീനച്ചട്ടിയിലൊഴിച്ചു.ഒരു തൈലമണം മുടന്തിമുടന്തി അവർക്കിടയിൽ വന്നിരുന്നു.അല്പം സമയം അവരുടെ വാർത്തമാനത്തിന്റെ കടുക് പൊട്ടിയില്ല.അടുപ്പിലിരുന്ന മുക്കുടിക്കലത്തിൽ തോർത്തുമുക്കിയ ക്രിസ്തുദാസ്, തൈലം പുരണ്ട ഭാര്യക്കഴുത്തിൽ ഒപ്പുന്നത് നോക്കി ചീനച്ചട്ടിയിൽക്കിടന്ന കടുകും പൊട്ടിച്ചിരിച്ചു.പിടലി തിരിക്കാൻ കഴിയാത്ത അമ്മായിയുടെ പിന്നിൽ നിന്ന് അയാളുടെ ഗോഷ്ഠികൾക്കുളള  ചിരികളൊക്കെ കറിവേപ്പിലയിൽ പൊതിഞ്ഞ് ഹെലൻ ചീനച്ചട്ടിയിലെറിഞ്ഞു.
       
     "നിനക്കും കൊച്ചിനും കഴിയാനുള്ളത് ഞങ്ങളുണ്ടാക്കിയിട്ടുണ്ട്.വീട്ടിലിരിക്കാനും കൂട്ടുകിടക്കാനും എനിക്കോ നിന്റെ കെട്ടിയോനോ ഒത്തിട്ടില്ല.ആകാശം വഴി പോണ വിമാനംപോലും നിന്റെ ചെറുക്കന്റെ കണ്ണേൽപ്പെട്ടേക്കരുത്.എന്നും ഇതുപോലെ ഉടുത്തൊരുങ്ങി സുഖിച്ചു ജീവിച്ചോണം." ക്രിസ്തുദാസിന്റെ വാക്കുകളിൽ ഹെലൻ മഴവില്ലുകണ്ടു. 

      "ബാങ്കീന്നെല്ലാരും ഒരു പാലുകാച്ചലിന് പോകുന്നുണ്ട്, ഇന്നിത്തിരി വൈകും" ശുഭകാര്യങ്ങളോട് തർക്കിക്കുന്ന പഞ്ഞമാസത്തിലെ ഗൃഹപ്രവേശം ക്രിസ്‌തുദാസ് ഗൗനിച്ചില്ല.മരുമകളെയും വിഴുങ്ങി ഏമ്പക്കവും വിട്ടോടുന്ന ശകടാസുരൻ കണ്ണിൽ നിന്നും മറയുവോളം കാത്തുനിന്നു.ഒരോ കുഞ്ഞൻ കുഴിയിലും സുരക്ഷിത താളത്തിൽ  ബൈക്കിറക്കുന്ന ക്രിസ്തുദാസിനെ മതിയോളം രുചിക്കാത്ത അമ്മായിയെക്കുറിച്ചായിരുന്നു വികൃതിക്കാറ്റ് പിന്നിലേക്ക് പിടിച്ചുവലിച്ച മുടിയൊതുക്കുമ്പോഴും ഹെലന്റെ ചിന്ത.

    അടുക്കളയിലും അയക്കോലിലും സിനിമശാലയിലും ക്രിസ്തുദാസിന്റെ ഉള്ളിലെ തനിമനുഷ്യൻ കുതറിയോടാൻ ശ്രമിക്കുന്നത് ഹെലൻ കണ്ടിട്ടുണ്ട്.തൈലമണമുള്ള പെണ്ണിലെ അതൃപ്തിയും, സങ്കല്പഭാര്യാഗുണങ്ങൾ ഹെലനിൽ കണ്ടെത്തി 'പെണ്ണായാൽ ഇങ്ങനെയെന്ന്...' പലയാവർത്തി
അഭിനന്ദിക്കുന്നതും എന്തിനാണെന്ന് ആർക്കും മനസിലാക്കാൻ കഴിയും.അപ്പോഴെല്ലാം ബോബൻ കിടപ്പുമുറിയിൽ പതിപ്പിച്ച മരുഭൂമിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഒറ്റയാൻ മരത്തിന്റെ ചിത്രം ഹെലന് ഓർമ്മവരും. 

   ഉറപ്പായും മറ്റൊരു മനുഷ്യനും ഈ ബസിലെവിടെയോ ഉണ്ടാകും.നനവുള്ള കണ്ണുകൾ തന്റെ ഈ മാറ്റം കോരിനിറയ്ക്കുന്നുണ്ടാകും.ഹെലൻ ബസിനെ കണ്ണുകൊണ്ടുഴിഞ്ഞു.നോട്ടപ്രദക്ഷിണം കണ്ടക്ടറുടെ ചിരിയിൽ മുട്ടി നിന്നു.തന്റെ പിന്നിലേക്ക് കണ്ടക്ടറുടെ 'നാണപ്പൻ ചിരി 'ചെന്നത് ശ്രദ്ധിച്ചാലറിയാം അവൾ തിരയുന്ന മനുഷ്യൻ പിൻസീറ്റിലുണ്ട്.ആ അജ്ഞാത കാമുകൻ ഹെലന്റെ നിഴലായി വീണിട്ട് മൂന്നാം വർഷമാകുന്നു..

     ബാങ്കിലേക്കുള്ള യാത്രയിൽ മടുപ്പില്ലാതെ ആ മനുഷ്യനുണ്ട്.നീണ്ടമൂക്കിന് താഴെ രണ്ടോമൂന്നോ രോമങ്ങൾ വെള്ളികെട്ടിയ മീശയുടെ കീഴിൽ പതുങ്ങുന്ന ചിരി.മുഴുനീളൻ കൈയുള്ള ഉടുപ്പ് നാലോ മൂന്നോ മടക്കുകൾ.നെറ്റിയിൽ നിന്ന് പിന്നിലേക്ക് നീണ്ടു നിവർന്ന് കിടക്കുന്നമുടി.തോളിലേക്ക് പടരുന്ന മുടിത്തിര.തനിക്ക് മാത്രം കാണാവുന്ന വിധം അകത്തേക്ക് കെട്ടിയ വാച്ച്.വിരലുകൾക്ക് മുകളിൽ എഴുന്നേറ്റ് നിൽക്കുന്ന രോമം.കഴുത്തിലെ മുഴയിൽ തൊടാൻ നെഞ്ചിൽ വിളഞ്ഞു മറിഞ്ഞു വീണിട്ടുള്ള മുടിക്കാട്,അഗ്രം കൂർത്തു വെളുത്ത നഖം,ചുണ്ടിന്റെ മധ്യത്തിന് നേരിയ കറുപ്പ്, വിടർന്ന ചെവിയിൽ വെയിലേറ്റ പ്രണയച്ചുവപ്പ്.

    അയാളെ ഓരോ അണുവിലും പിന്തുടരുന്നത് താനല്ലേ.? ഹെലന്  ചിരിവന്നു.പിൻസീറ്റിലെ കണ്ണിൽ നുണക്കുഴി പതിയുമോയെന്ന ചിന്തയിൽ ഹെലൻ മുഖം കുനിച്ചു.തലചാരിയ കമ്പിയിൽ മുറുകെപ്പിടിച്ചിരുന്ന അയാളുടെ കൈയിലേക്ക് ഒരു മുടിനൂല് പിഴുതുപോയി.?അതോ ബോധപൂർവം ചെയ്തതാണോ.? കൊഴിഞ്ഞു വീണ മുല്ലപ്പൂവും അയാൾക്ക് കിട്ടിയിട്ടുണ്ടാകുമോ.? അയാൾ ഹൃദയഭാഗത്ത് മുടിയും മുല്ലപ്പൂവിന്റെ അസ്ഥിയും സൂക്ഷിക്കുമോ.?ഓർമ്മകളിൽ പുഷ്പിച്ചു നിൽക്കുന്ന പ്രണയകാലത്തിന്റെ ഭാഗമാണയാൾ.വെറും പഴഞ്ചൻ.പ്രണയിക്കാൻ മാത്രമേ അറിയൂ. നേരിയ തിരിഞ്ഞു നോക്കലിൽ ലഭിക്കുമായിരുന്ന,കാമുകിഗന്ധം ആവാഹിക്കുന്ന ഒരുവന്റെ ബ്ളാക് ആന്റ് വൈറ്റ് ചിത്രം ഹെലന്റെ മനസ് നിരസിച്ചു.

   ആ മനുഷ്യൻ കണ്ടക്ടറുടെ ചങ്ങാതിയായിരിക്കണം.ബാക്കിയുള്ള ചില്ലറക്കുരുക്കിട്ട് പലപ്പോഴും ആ സഹയാത്രികരെ തമ്മിൽ ചേർത്തുകെട്ടും.പരസ്പരം വാങ്ങാനോ കൊടുക്കാനോ കഴിഞ്ഞിട്ടില്ല. ഒരു ചിരിയിൽ ചില്ലറപ്രശ്നങ്ങളൊതുക്കി ഹെലൻ ബാങ്കിലേക്ക് കയറും.അപ്പോൾ റോഡിന്റെ മറുവശത്ത് ഒരു സിഗരറ്റിന്റെ ആത്മാവിന് അയാൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നുണ്ടാകും.ബാങ്കു സമയം കഴിഞ്ഞാൽ ഹെലന്റെ മടക്കയാത്ര.അയാൾ പുകഞ്ഞുകത്തി കാത്തു നിൽക്കും.മുന്നിലോ പിന്നിലോ ഇരുന്നോ നിന്നോ ഒരു നോട്ടം വന്നു തൊടും.ഒറ്റയാനായി സിഗരറ്റിനെ ചുംബിച്ചു നടന്നു പോകുന്നതല്ലാതെ അന്നേവരെ ഒറ്റവരിപ്രണയത്തിൽ വിപ്ലവ മുന്നേറ്റങ്ങളൊന്നുമുണ്ടായില്ല..

   ബാല്യത്തിലെ സുഹൃത്ത്..? കോളേജ് കാലത്തെ പ്രണയം.? വിവാഹനിശ്ചയം വരെയെത്തിയ ബന്ധുവായ വരൻ.? എന്നും തന്റെ സീറ്റിലെത്തിയാൽ, ആ മനുഷ്യനെ തന്റെ പോയകാലത്തോട് ബന്ധിപ്പിക്കാൻ കഴിയുന്ന ഓർമ്മകളെ ഹരിച്ചും ഗുണിച്ചും ഹെലൻ കുറച്ചു നേരമിരിക്കും.ഒന്നിനും കൃത്യമായ ഉത്തരമുള്ള തുകയുണ്ടാക്കാൻ കഴിയാതെ വരുമ്പോൾ മനക്കണക്കിലെ സംഖ്യ വെറും പൂജ്യമാക്കി,ബാങ്കിന്റെ കണക്കിലേക്ക് ഓടിപ്പോകും.

   ഹെലന്റെ കൗണ്ടറിനു മുന്നിൽ നീണ്ടുവളർന്ന  മനുഷ്യപ്പുഴു ദേഷ്യത്തോടെ ഒന്നനങ്ങി.മറ്റൊന്നിലും നേരമില്ലാത്ത ഹെലന്റെ മുന്നിൽ ഇങ്ങനെ പതിവില്ലാത്തതാണ്.മറ്റു 'ബാങ്കികൾ' അതിനുള്ള കാരണങ്ങൾ അവളുടെ മുഖത്തും മുല്ലപൂത്ത മുടിയിലും നിറംവന്ന സാരിയിലും തിരഞ്ഞു തുടങ്ങി. ഒന്നു രണ്ട് ഇടപാടുകാരോട് അവളും ക്ഷമപറഞ്ഞു.മാനേജരുടെ മുറിയിലേക്കും ക്ഷിപ്രകോപിയായ ഒരു പരാതി പാഞ്ഞുകയറി.ഉലകവലയുടെ ശക്തിയെ കുറ്റപ്പെടുത്തി മാനേജർ സ്ഥിതിഗതികൾ ശാന്തമാക്കി.മാനേജർ അടുത്തു വന്നപ്പോൾ അവളുടെ നെറ്റിയിലെ ഒരു വിയർപ്പുതുള്ളി മേശപ്പുറത്തെ പേപ്പറിനുള്ളിൽ ചാടിയൊളിച്ചു.

 "ടെൻഷനൊന്നും വേണ്ട..?"മാനേജരുടെ ഒറ്റവാക്കിൽ എന്തു പിഴവുണ്ടായാലും ഒപ്പമുണ്ട് എന്ന ധ്വനിയുണ്ട്.കൊച്ചുകള്ളൻ.അങ്ങനെ തന്നെയാണ് വേണ്ടത്.കൂട്ടുത്തരവാദത്തിന്റെ കരുത്തിലാണ് ഓരോ മോഷണപദ്ധതിയും വിജയിക്കുന്നത്.       

     ഇടവേളയ്ക്ക് ഒരു ബാങ്കി വന്ന് സാരിയിൽ തൊട്ടു.വിരലിൽ മയിൽ മുദ്രകാട്ടി കേമമെന്ന് ചിരിച്ചു. 
ഓരോ ബാങ്കിയും വീട്ടിലേക്ക് പിരിയുമ്പോൾ ഹെലന്റെ വിറയും മാനേജരുടെ ചിരിയും കൂടുതൽ തെളിയുന്നു.അമീർഖാന്റെ അതേ ചിരിയാണ്.മീശയില്ലാത്ത ഇയാളോട് രോമപ്രേമിയായ തനിക്കെങ്ങനെ.? മീശയില്ലാത്ത ചുംബനത്തിന്റെ രുചിയെന്താണ്.?ഹെലന്റെ കവിളിൽ പൂത്ത 'നാണക്കുഴി'യിൽ ചോദ്യമീനുകൾ നീന്താൻ തുടങ്ങി . 

     ഏ ടി എമ്മിൽ തുക നിറയ്ക്കുമ്പോൾ, ഹെലൻ മാനേജരുടെ വേഗം കൗതുകത്തോടെ നോക്കി.
'ഇല്ലെങ്കിൽ നമുക്കിടയിൽ ഇടപാടുകാർ വിളിച്ചുകയറിവരും.' മാനേജരുടെ ജാഗ്രതയിൽ ഹെലന് പിന്നെയും കൗതുകം.അയാൾ സുന്ദരൻ മോഷണത്തിനുള്ള പഴുതുകളെല്ലം അടയ്ക്കുന്നു.

   ഹെലൻ കാറിൽ കയറുമ്പോൾ എതിർ വശത്തെ കടയിൽ സിഗരറ്റിന്റെ നോട്ടത്തിൽ സംശയപ്പുക ഉയരുന്നുണ്ട്.സ്റ്റീരിയോ അതൊക്കെ മറക്കെന്ന് അവളോട് ഗസലുകൾ മൂളി.കാറിന്റെ ഉള്ളിൽ നിറയെ മാനേജർ മണം.പത്താം നിലയിലെ ഫ്‌ളാറ്റിന്റെ നിറം,ജനാലയിലൂടെ ദൂരെയുള്ള കടൽച്ചിത്രം, മുറിയുടെ തണുപ്പ്, ചുവരിലെ വെളുത്ത കുതിരകൾ,വീടുകൾ സ്വർഗ്ഗമാകുന്നതങ്ങനെയാണ്.

    സോഡാക്കുപ്പിയിൽ നിന്നും ടപ്പേന്ന് ആത്മാവ് പുറപ്പെട്ടുപോയത് കേട്ട് ഹെലൻ ഞെട്ടി. പരിചിതമല്ലാത്ത മണം.മാനേജർ ലഹരി നിറഞ്ഞ സ്ഫടിക പാത്രത്തിൽ ഉമ്മയിട്ടു. 
    "എനിക്ക് മുല്ലപ്പൂവിന്റെ വാസന ഇഷ്ടമല്ല." വസ്ത്രങ്ങൾ വിട്ടു വന്ന മാനേജരെ ഒന്നു നോക്കിയിട്ട് മുടിയിൽ തിരുകിയ മുല്ലപ്പൂവിട്ടസങ്കല്പങ്ങളെല്ലാം ഹെലൻ മേശപ്പുറത്ത് അഴിച്ചുവച്ചു.

   മാനേജർക്ക് പുതപ്പിനുള്ളിൽ വെറും നോട്ടെണ്ണൽ യന്ത്രത്തിന്റെ വികാരാവേശം. പ്രണയപ്പെട്ട് അഴിച്ചുവച്ചതെല്ലാം എടുത്തണിഞ്ഞ് കെട്ടിടക്കുന്നിൽ നിന്നിറങ്ങിയോടാൻ ഹെലനു തോന്നി. വാക്കിലെ  കവിത മാനേജരുടെ ശരീരമെഴുത്തിൽ കാണുന്നില്ല.കിതപ്പു മാറിയ യന്ത്രമനുഷ്യൻ കുളിച്ചിറങ്ങി വന്നു.

   "ഫ്‌ളാറ്റിന്റെ തൊട്ട് മുൻപിൽ ഓട്ടോ കിട്ടും, മുപ്പത് രൂപ" പല്ലുകൾകടിച്ചമർത്തി മാനേജരുടെ വഴുവഴുപ്പുള്ള മണം കുളിമുറിയിൽ  രണ്ടു തുള്ളി കണ്ണീരിലും മഞ്ഞിച്ച മൂത്രത്തിലും ഹെലൻ ഒഴുക്കിവിട്ടു.

   "താൻ തന്നെ ബാസ്റ്റോപ്പിൽ കൊണ്ടുവിടണം." കാറിന്റെ പിന്നിലിരുന്ന ഹെലന്റെ മടക്കം തീർത്തും നിശ്ശബ്ദമായിരുന്നു.കാറിനുള്ളിലെ മാനേജരുടെ മണം വന്നു തൊടാതിരിക്കാൻ വശങ്ങളിൽ ഗ്ളാസ് തുറന്നുവച്ചു.സ്റ്റീരിയോ ബാങ്കിന്റെ ഷെയറുകൾ കുത്തനെ ഇടിഞ്ഞ വാർത്ത മാനേജരെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നു.
     
     ബസ്റ്റോപ്പിൽ ആ സിഗരറ്റ് 'പുകഞ്ഞുകാത്ത്' നിൽക്കുന്നുണ്ട്.വീടുകളിലേക്ക് മടങ്ങുന്നവരുടെ തിരക്കിൽ സീറ്റ് കിട്ടിയില്ല.മുഖത്തോട് മുഖം വന്നിട്ടും അയാളിൽ ചിരിയില്ല. കുനിഞ്ഞ മുഖത്തേക്ക് മുടിത്തിര വീണുചിതറുന്നു.ഹെലന് വെറുതെ ദേഷ്യമുണ്ടായി.നോട്ടത്തിന്റെ പോലും കരുത്തില്ലാത്ത അയാളുമായി എനിക്കെന്ത്.?ചില്ലറപ്രശ്നമില്ലാത്ത കൃത്യമായ തുക ടിക്കറ്റിനായി ഹെലൻ കൈയിൽ മുറുക്കെപ്പിടിച്ചു.പച്ചസ്സാരിയിൽ കണ്ണു വയ്ക്കുന്ന ഒരു വൃദ്ധയുടെ സെറ്റുപല്ലിനോട് അവൾ ചിരിച്ചു.

   വിരലിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന തീരെ ചുബിക്കാത്ത സിഗരറ്റ് 'സഹയാത്രികൻ' ഓടയിലേക്ക് വലിച്ചെറിഞ്ഞ് ഇരുട്ടിലേക്ക് നടക്കുന്നതൊന്നും ഹെലൻ കാര്യമായി ശ്രദ്ധിച്ചില്ല.പിൻഭാഗം ഉയരമുളള ക്രിസ്തുദാസിന്റെ പുതിയ ബൈക്കും ഹെലന് ഇഷ്ടമായില്ല.'ഇന്ന് വാങ്ങിയതാണ് നല്ല പുള്ളിംഗ്'
അയാൾ പിന്നെയും പിന്നെയും ഭ്രാന്തൻ യുവാവാകുന്നതിൽ അവൾക്ക് ഭയം തോന്നി.

" ആ വീടെങ്ങനെയുണ്ട് ? "
"ഒരു കാഴ്ചബംഗ്ലാവുപോലെ" 
"ആ മുല്ലപ്പൂവെവിടെ ?" 
" വീണുപോയി"മാനേജരുടെ മേശപ്പുറത്ത് വച്ച്, തെറ്റിപ്പോയ ആ ഉത്തരം അവളോർത്തു.പൂവിനോട് അയാൾ എന്തൊക്കെ ചെയ്തിട്ടുണ്ടാകും.?വീടെത്തുംവരെ അവൾ പിന്നെയൊന്നും‌ മിണ്ടിയില്ല.       
 
     ക്രിസ്തുദാസിന്റെ ഉള്ളിൽ നിന്നും ഒരു മൂളിപ്പാട്ട് നിരത്തിലേക്ക് ഇറങ്ങിയോടി,ചെറിയ കുഴികളിൽ ചെറുപ്പക്കാരൻവണ്ടി ചാടിയിറങ്ങി വെള്ളം തെറിപ്പിച്ചു,പേടിപ്പിക്കുന്ന വേഗത കാട്ടി,കിതപ്പുള്ള വണ്ടികളോട് 'വഴിമാറിനെടാന്ന്' ചീറി..

    കുളിക്കാനിറങ്ങിയ അമ്മ,അലക്കുകല്ലിലിരുന്ന് നിലാവുനനയുന്നത് കണ്ട മകൻ പതിവില്ലാതെ ചിരിച്ചു.ഇരുട്ടുവീണുകറുത്ത വാഴയിലയിൽ ആകാശം ചന്ദ്രനെ വിളമ്പിവച്ചിരിക്കുന്നത് കാണുന്ന ഹെലനോട് തണുപ്പുചത്ത വെള്ളം കുളിമുറിയിൽ കൊണ്ടുവച്ചത് ക്രിസ്തുദാസ് ഉരുക്കൻ മസിലുകൾ കാട്ടി ഓർമ്മിപ്പിച്ചു.ഹെലനെന്തോ പറയാൻ തുടങ്ങിയതും അയാൾ വീട്ടിനുള്ളിലേക്ക് തിരക്കിട്ടു കയറിപ്പോയി.
     അതേസമയം രൂപക്കൂട്ടിന്റെ മുന്നിലെ അമ്മായിയിൽ നിന്നും നിത്യകന്യമാതാവിന്റെ ജപമാലകൾ വാർദ്ധക്യ താളത്തിൽ ഇറങ്ങിവരുന്നത് കേട്ട, ഹെലനിൽ തണുത്തൊരു ചിരിയുണ്ടായി മരിച്ചു.

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636