Sunday 30 July 2017

പുത്തൻ കുരിശേന്തികൾക്ക്...

പുത്തൻ കുരിശേന്തികൾക്ക്...!
( രക്ത സാക്ഷികൾക്കും ബലിദാനികൾക്കും)

ഓശനകഴിഞ്ഞ്
ആഴ്ച്ചവട്ടത്തിലൊന്നാം നാൾ
നിന്റെ ക്രൂശുമരണമുണ്ടാകും.
ഈ രക്തത്തിലെനിക്ക് പങ്കില്ലെന്നുപറഞ്ഞവനും*
ഹെരോദാവും കുഞ്ഞാടിന്റെ മാംസത്തിനൊപ്പം ഒരേ മേശയിലിരിക്കും.
അവർ എഴുത്താണികളെടുത്ത്  പഴയപുതിയ* നിയമങ്ങളെഴുതിക്കും..
പഴയതിൽ അവരുടെ ചരിത്രവും, പുതിയതിൽ നിന്റെ ക്രൂശും വർണിക്കപ്പെടും...
നിനക്കുവേണ്ടി പാതനിരപ്പാക്കാൻ* താലത്തിൽ വച്ചൊരു തലയുയർത്തും...
പുൽക്കൂടൊരുക്കും,
അന്ധനും ബധിരനും മരിച്ചവനും നിന്റെ വിളിയിൽ ഉയർന്നെന്ന് കഥയുണ്ടാക്കും...
ഒടുവിൽ നിന്നെയവർ കുരുത്തോലവിരിച്ച് കഴുതപ്പുറത്തേറ്റി യെരുശലേമിലെത്തിക്കും..
മൂന്നുവട്ടം നിന്നെ രക്ഷിക്കാൻ നിന്റെ അമ്മ മറിയ വളർത്തിയ കോഴികൾ കൂകും...*
ഓശാനവിളിയിൽ മനം മയങ്ങിയ നീയതുകേൾക്കില്ല...
ഒപ്പം നിന്നവൻ മുപ്പതിന് നിന്നെ ചുംബിച്ചൊറ്റുകൊടുക്കും.
നിന്റെ അപ്പം തിന്നവർ നിന്നെ ക്രൂശിക്കാനാർക്കും...
ഗദശമനയിൽ* വിലാപ്പുറത്തെ അവസാനതുള്ളിയും അവരൂറ്റിയെടുക്കും...
യെഹൂദന്മാർക്ക് രാജാവെന്നെഴുതിവയ്ക്കും.*
രക്തത്തിന് വലിയൊരു സാക്ഷ്യമുണ്ടല്ലോ...?
ഒറ്റുകൊടുത്തവന്റെ
മുപ്പത് തട്ടിയെടുത്ത് നിനക്ക് രക്തനിലമൊരുക്കും..*
വലിയൊരുകല്ലുരിട്ടിവയ്ക്കും...
മൂന്നാം നാളിൽ നീയുയർത്തെന്നും അവർക്ക്പ്രത്യക്ഷരായെന്നും വിശ്വാസികളോട് പറയും...
നിന്റെ ശിഷ്യന്മാർ ക്രൂശെടുക്കാൻ തയാറാകും...
വിശ്വാസം വല്ലാതെ വളരുമ്പോൾ...
ജനനവും മരണവും ഉയിർപ്പും അവരാഘോഷിക്കുമ്പോൾ...

പഴയ പുൽക്കൂട്ടിൽ
തിരശീല രണ്ടായിക്കീറിയ* നിന്നെപ്പെറ്റൊരമ്മ...
ഒരു കുഞ്ഞാടിനെയോർത്ത് കരയും...
ഇനിയും കുരിശേന്തികളുണ്ടാകാതിരിക്കാൻ,
അവർ ദിവ്യഗർഭങ്ങളോട് പതുക്കെപ്പറയും...!!

അടിക്കുറിപ്പുകൾ...

* പീലാത്തോസും ഹെരോദാവും ക്രിസ്തുവിനെ ക്രൂശിച്ചതിലൂടെ ശത്രുത മറന്നു..

* പുതിയ പഴയനിയമങ്ങൾ അടങ്ങിയ ബൈബിൾ

* സ്നാപകയോഹന്നാന്റെ കഥ നർത്തകിയ്ക്കായി തലമുറിച്ചു. യേശുവിന്റെ വരവ് വിളിച്ചു പറഞ്ഞത് യോഹന്നാനായിരുന്നു...

* ക്രിസ്തുവിനെ ഒറ്റുകൊടുക്കും മുന്നേ മൂന്നുവട്ടം കോഴികൂകി

* ക്രിസ്തുവിനെ ക്രൂശിച്ച മല

*ക്രിസ്തുവിനെ അടക്കം ചെയ്ത നിലം, യൂദാസിന് കിട്ടിയ കാശുകൊടുത്ത് വാങ്ങിയത്...

* ക്രൂശിൽ ക്രിസ്തുമരിച്ചപ്പോൾ യെരുശലേമിലെ തിരശീല രണ്ടായിക്കീറി...

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Thursday 27 July 2017

ചങ്ക് ഫ്രെണ്ട്സ്

ചങ്ക് ഫ്രെണ്ട്സ്...!!
(മിനിക്കഥ)

"ആരതി, ഇരുപത് വയസ്സ്." എന്ന് പബ്ലിക്ക് ടോയിലെറ്റിന്റെ ചുവരിലെഴുതിയിട്ട് അതിനു താഴെ എന്റെ ചങ്ക് ഫ്രെണ്ടിന്റെ ഫോൺ നമ്പരും  എഴുതിവച്ചു...

എന്നിട്ടിന്നലെ രാത്രിമുതൽ എന്റെ കൂട്ടുകാരും ബന്ധുക്കളുമുൾപ്പെടെ അമ്പതോളം ആളുകൾ ആരതിയല്ലേന്നും പറഞ്ഞ് എന്റെ ഫോണിലേക്ക് വിളിയോട് വിളി.....

രാവിലെ എണീറ്റു വന്ന എന്റെ മുഖത്തുനോക്കി അവൻ, ഞാൻ അവന്റെ മുഖത്തുനോക്കി ചിരിക്കാൻ കരുതിവച്ചിരുന്ന അതേ ചിരി ചിരിക്കുന്നു..
തെണ്ടി....!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Thursday 20 July 2017

കള്ളിക്കൊലുസ്സുകൾ..

കള്ളിക്കൊലുസുകൾ..!!
(മിനിക്കഥ കെ എസ് രതീഷ്)

"കറുത്ത
മുത്തുകളുള്ളതും,നടക്കുമ്പോൾ കുലുങ്ങിച്ചിരിക്കുന്ന വെള്ളി കൊലുസ്സുകൾ വാങ്ങിക്കൊടുത്തപ്പോൾ അവളെന്നെ കെട്ടിപ്പിടിച്ച് പലയാവർത്തി ചുംബിച്ചു...
എന്റെ സ്വകാര്യ ചാറ്റ് ഏര്യയിലേക്ക് അവൾ കടന്നു  വരുന്നത് എനിക്കറിയാനാണ് ഇളകുന്ന ഈ കള്ളക്കൊലുസുകളെന്ന് അവളറിഞ്ഞതേയില്ല, കൊലുസ്സിന്റെ പേരിലെ  ചുംബനങ്ങൾ കഴിയുന്നുമില്ല......!!

കെ. എസ്. രതീഷ്
( ഗുൽമോഹർ009)

പോലീസ്ഥാനിലേക്കുപോയ കുട്ടികൾ

പോലീസ്ഥാനിലേക്ക് പോയ കുട്ടികൾ..!!

രാജ്യമുള്ളോൻ ഞാൻ
വെളുത്തനിറം നീണ്ടമുടി നീലക്കണ്ണുകൾ കലാകാരൻ...
നാട്ടുരാജാവിന്റെ യന്ത്രത്തോക്ക് കാണാനില്ലത്രേ...
രാത്രിയുടെ മറവിന്നവരെന്നെ കൊണ്ടുപോയി...
കക്കയത്തെ സത്യാബെഞ്ചിൽ ഒരു നാരായണന്റെ പുലികളികൾ....
ഒളിച്ചുകളിക്കുന്ന  എന്നെത്തിരഞ്ഞൊരച്ഛൻ.

വിനയമുള്ളോൻ ഞാൻ
കറുത്തനിറം, നീണ്ടമുടി,നീലക്കണ്ണുകൾ..
നാട്ടുരാജാവിന്റെ കിരീടത്തിലെ ചുവന്നമുത്ത കാണാനില്ലത്രേ...
പകലിലെന്റെ പെണ്ണിൻ  മുന്നീന്നവരെന്നെ കൊണ്ടുപോയി...
പാവറട്ടി, ആണ്മുലക്കണ്ണ് പീനൽക്കോഡിലെ മായക്കാഴ്ച്ചകൾ...
ഉയിരിട്ടൂഞ്ഞാലാടിയ എന്നെ അച്ഛൻ കുളിക്കാൻ വിളിക്കുന്നു...

പോലീസ്ഥാനിലേക്ക്
പോകല്ലേ കുഞ്ഞേ....
മുടിനീട്ടി വളർത്തല്ലേ കുഞ്ഞേ...
നീ
മുടിവെട്ടി തൊപ്പി തിരുകി, അരകെട്ടിയുറപ്പിച്ച്, ബൂട്ടിട്ട് ഭൂമിയുടെ നാഭിയിൽ ഉറച്ചു നിന്നിട്ട്...
തോക്കുചൂണ്ടിപ്പറയുക...
*"മൃദുഭാവേ ദൃഡകൃത്യേ"...

രാജ്യമുള്ളോനും..
വിനയമുള്ളോനും പ്രളയമാകുന്നുണ്ട് ....
*നിങ്ങൾ ഞങ്ങടെ കുരുത്തമക്കളെ ചുട്ടുതിന്നില്ലേ...

നിങ്ങളോർക്കുക..
നിങ്ങളോർക്കുക...
നിങ്ങളെങ്ങനെ നിങ്ങളായെന്ന്....!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Monday 17 July 2017

ഉഷാർത്തവിചാരം...

ഉഷാർത്തവിചാരം...!!
( കഥ കെ എസ് രതീഷ്)

പ്രതിമാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു. പരാതിക്കാരനുമായി യാതൊരുവിധമുൻ വൈരാഗ്യങ്ങളോ, പ്രതിയെക്കുറിച്ച് സ്റ്റേഷൻ പരിധിയിൽ കേസുകളോ ഇല്ല...റൈട്ടർ പ്രതിയെ ജാമ്യത്തിലെടുക്കാൻ വന്ന ചങ്ങാതി കാണെയാണ് റിപ്പോട്ടിന്റെ ഈ ഭാഗം എഴുതിയത്. എന്നിട്ടിപ്പോൾ ജാമ്യം കിട്ടാത്തവിധം റിപ്പോട്ടിൽ തിരുത്തൽ വരുത്തണമെന്ന് എസ് ഐ വാശിപിടിക്കുന്നു...റിപ്പോട്ടിന്റെ താഴെ കരിമനെന്നെഴുതിയിടത്ത് രണ്ടുവെട്ടും ചോദ്യചിഹ്നവും ഇട്ട് മടക്കിത്തന്നു...

'കരിമന്റെ പിന്നിലെ ചോദ്യം അവിടെ നിൽക്കട്ടേ, അത് പ്രതിയ്ക്കും കരിമനും മാത്രമറിയുന്ന രഹസ്യങ്ങൾ.....

കരിമനിപ്പോൾ പഴയ കറുപ്പൊന്നുമില്ല. ഉഷയിപ്പോഴും വിളറിവെളുത്ത മഞ്ഞനിറം തന്നെയാണ്...

കരിമന്റേം ഉഷേടേം തെറിച്ച ചരിത്രം

"ലാസർ ചത്തേന്റെ മൂന്നിന്റന്നല്ലേ ആ അറുവാണിച്ചി മേരി ലൂയിസിന്റൊപ്പം കെടന്നത്. അവൾടെ മോളേം ലൂയിസ് തിന്നും അവനാരാ മോൻ..." ഉഷയുടെ കുടുംബചരിത്രം കരിമൻ കേട്ടറിഞ്ഞത് അമ്മാമ്മേടെ നാവിൽ നിന്നിങ്ങനെയാണ്.

വെള്ളരിമാവിന്റെ മുകളിലിരുന്ന്, വിളഞ്ഞ ഒരെണ്ണം കടിച്ച് പാതി കൊടുത്തിട്ട് ഉഷപറഞ്ഞു...
"ആ തള്ളേക്കെട്ടി ലൂയിയെ ഞാൻ കുരിടാൻ തീറ്റിക്കും ഇല്ലെങ്കിൽ ഞാൻ തിന്നും..."
ഉഷയുടെ കാലിലൂടെ ചോരയൊലിച്ചിറങ്ങുതുകണ്ട് കരിമൻ തലചുറ്റിവീണു...ഉറരുമ്പോൾ അമ്മാമ്മ തെറിപ്പാട്ട് പാടുന്നു... നായിക ഉഷതന്നെ

" പലവനെ നെരങ്ങീടെ മോൾടൊപ്പം കറങ്ങരുതെന്ന് പറഞ്ഞാ ചെറക്കൻ കേക്കൂല, ഒറ്റ വീഴ്ച്ച മതീല്ലോ തൊലഞ്ഞ് തീരാൻ, അവളാണെങ്കിൽ ആരെ കേറണം എന്നും പറഞ്ഞാ നടപ്പ്..."

പിന്നൊരിക്കൽ പൊട്ടക്കിണറ്റിന്റെ കരയിൽ നിന്നുകിട്ടിയ ബീഡിയും തീപ്പട്ടിയും കരിമനും ഉഷയും വെറുതേ കത്തിച്ചു. ഇതുകണ്ട മുള്ളൻ സുരേഷ് , കരിമന്റെ ചേട്ടൻ അനിരുദ്ധനോട്  പറഞ്ഞുകൊടുത്തു. ഉഷയ്ക്ക് അനിരുദ്ധനോട് പ്രണയമായിരുന്നു. അതിനുള്ളത് മുള്ളന് കിട്ടി അത് പിന്നെപ്പറയാം...

പിറ്റേന്ന് തൊഴുത്ത് വൃത്തിയാക്കാൻ വന്ന മേരിയ്ക്ക് അമ്മാമ്മയുടെ വകയിങ്ങനെ...

എടി നിന്റെ മോൾക്ക് കഴപ്പെങ്കിൽ വല്ല മുള്ളുമുരിക്കിലും കേറ്റ്, ലാസർ വീണ് ചത്തത് പോലെ തന്നെയാ, ലൂയിസിന്റേം ഗതി, കഞ്ചാവ് കേസാണ് ജയിലിടിഞ്ഞാ പൊറത്ത് വരൂലാ...മര്യാദയ്ക്ക് ആ മരങ്കേറിയെ വെലക്കിക്കോ..."

ഇതൊക്കെയാണെങ്കിലും ആ ഓണത്തിന് കരിമനും ഉഷയ്ക്കും കിട്ടിയത് കരിനീല ഉടുപ്പുകൾ, ലക്കിത്തിരഞ്ഞെടുപ്പിൽ ഉഷയ്ക്ക് സ്റ്റമ്പറിന്റെ റബ്ബർ ബോളും , കരിമന് ഒരു സെറ്റ് സ്ലൈഡും....
അതൊക്കെ വിധിയ്ക്കൊത്ത ചരിത്രത്തിന്റെ തെറിച്ച ഭാഗങ്ങൾ മാത്രം.

കരിമന്റെ ഉഷാനുരുദ്ധന്മാർ.

ഉഷയ്ക്ക് അനിരുദ്ധനോട് അടക്കാൻ പറ്റാത്ത പ്രണയമായിരുന്നു...ഏതുനേരവും
"അനിയേട്ടനെപ്പറ്റി പറയെടാ കരിമാന്ന്" പറഞ്ഞോണ്ടിരിക്കും..കരിമനും അതിഷ്ടായിരുന്നു...വായനശാല പാരലൽ കോളേജ്  വീട് ഈ ഭ്രമണപഥത്തിനപ്പുറം ഒരിക്കലും കടക്കാത്ത അനിരുദ്ധനിതറിഞ്ഞിട്ടേയില്ല...കരിമൻ ഉഷേടത്തീന്ന് ഉള്ളിൽ വിളിക്കാൻ തുടങ്ങിയിരുന്നു...ഉഷപറഞ്ഞതനുസരിച്ച് അലക്കാനിട്ടിരുന്ന അനിരുദ്ധന്റ മുറിക്കയ്യൻ ബനിയൻ കരിമൻ കട്ടെടുത്ത് കൊടുത്തു. അതും മൂക്കിൽ ചേർത്ത് കുറേ നേരമിരിക്കണത് കണ്ട് കരിമൻ ചിരിയോട് ചിരിയായിരുന്നു..
ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ "ഐ ലൗ യു അനിൽ" എന്ന്  കരിമൻ എഴുതിക്കൊടുത്ത പേപ്പറും ബ്രായ്ക്കുള്ളിൽ ഒളിപ്പിച്ച് അവസരം കാത്ത് നടന്നു...ഒടുവിൽ വിയർപ്പിൽ കുതിർന്ന് അതില്ലാതായീന്നല്ലാതെ കൊടുക്കാൻ ഉഷയ്ക്ക് കഴിഞ്ഞില്ല...കരിമൻ പിന്നേം എഴുതിക്കൊടുത്തു...വായനശാലയിലെ പലബുക്കുകളിലും അവർ വച്ചു...അനിരുദ്ധൻ ആ ബുക്കേതെങ്കിലും എടുക്കാൻ മനസുരുകി പ്രാർഥിച്ചു... ഒളിച്ചുനിന്ന് നോക്കി...ഒന്നുമുണ്ടായില്ല..

ഹോം വർക്ക് ചെയ്യാത്തതിന് കരിമന്റെ ബുക്ക് മഴവെള്ളത്തിലേക്ക് വിജയന്മാഷ് വലിച്ചെറിഞ്ഞു...മാഷിന്റെ വീട്ടിലേക്കുള്ള വഴിയിൽ കുഴികുത്തി കുപ്പിച്ചില്ലു നിറച്ച് ഈർക്കിലും കരിയിലയും കൊണ്ട് മൂടി അവർ മാഷിനെ കാത്തിരുന്നു...
മാഷിനെ കാണാതായപ്പോൾ കെട്ട്യോൻ കളഞ്ഞിട്ടുപോയ മാജിദതാത്തയുടെ വീടിന്റെ ഓടിളക്കി അവനെ അവൾ ഒരു കാര്യം കാട്ടിക്കൊടുത്തു...അരണ്ടവെളിച്ചത്തിൽ വെള്ളേം വെള്ളേം തുണിക്കിടയിൽ ഒളിച്ചിരുന്ന വിജയന്മാഷെന്ന കരടിക്കുട്ടനെ കരിമൻ കണ്ടു...
കരിമനേം ഉഷയേയും മാജിദതാത്തയും കണ്ടു...പിന്നെ ഓരോതവണ ബുക്ക് വലിച്ചെറിയുമ്പോഴും, തല്ലുകൊള്ളുമ്പോഴും കരിമന്റെ ഉള്ളിൽ ആ കരടിക്കുട്ടൻ ഉയർന്നുതാഴ്ന്നുകൊണ്ടിരുന്നു....

ഇതിനിടേൽ ഭരണിക്കാവ് സ്കൂളിൽ തന്നെ അനിരുദ്ധന് ജോലികിട്ടി. സ്കൂൾ മാനേജർ ചാക്കോടെ മോൾ ലീനയുമായി കല്യാണോം തീരുമാനിച്ചു...അന്ന് കുളത്തിൽ പതിവിലും നേരം ഉഷ മുങ്ങിയിരുന്നു...കണ്ണ് വല്ലാതെ ചുവന്നിട്ടാണ് കയറിയത്. ആ മാസത്തിൽ മേരി ചിട്ടിക്കാരൻ തമിഴന്റൊപ്പം നാടുവിട്ടു..ഉഷയൊറ്റയ്ക്കായി...കരിമന്റെ വീട്ടിലെ മേരിയുടെ  പണിയായിരുന്നു ആശ്രയം . ലീന ഗർഭിണിയായേന്റന്ന് വീട്ടിലൊരുക്കിയ ബിരിയാണിക്കും ഇറച്ചിക്കും ഒരു ചരുവം നിറയെ ഉള്ളിയരിഞ്ഞിട്ടും ഉഷയുടെ കണ്ണ് നിറഞ്ഞില്ല...തൊഴുത്തിൽ നിന്ന മണിച്ചിപശൂന്റെ എറച്ചി കഴുകണതിന്റെ  ഇടയിൽ ഒന്നു രണ്ട് തവണ കണ്ണു തുടയ്ക്കണത് കരിമൻ ശ്രദ്ധിച്ചു...ആൻസിമോൾ ജനിച്ച് ഇരുപത്തിയെട്ട് കെട്ടിന് കരിവള ഇട്ട് കരിമനോട് പോലും മിണ്ടാതെ ഉഷയിറങ്ങിപ്പോയി....

ഉഷയുടെ കറുത്ത പ്രസവം  

വനത്തിനുള്ളിലെ ഫോറസ്റ്റ് ഓഫീസിനോട് ചേർന്ന പ്ലാന്റേഷനിൽ മരതൈകൾക്ക് കവർ നിറയ്ക്കാൻ പോയതിനിടയ്ക്കാണ് ആരൊക്കെയോ ചേർന്ന് ഉഷയുടെ വയറു നിറച്ചത് , വയർ വല്ലാതെ നിറഞ്ഞപ്പോൾ ചർദ്ദിക്കാൻ തുടങ്ങി...ചർദ്ദിയെക്കുറിച്ച് കരിമൻ ചോദിച്ചിട്ടും വിളറിയിയ മൗനമായിരുന്നു മറുപടി,
അതിനുള്ള മഹാവാക്യം അമ്മാമ്മ പറഞ്ഞതിങ്ങനെ....
"അമ്മവേലിചാടിയാൽ മോള് മതിലു ചാടൂല്ലോ..." നാട്ടിലെ ഒരു ഗർഭിണിയേയും, ഹെൽത്ത് സെന്ററിലെ ഹെഡ് നേഴ്സായ കരിമന്റെ അമ്മയ്ക്ക് അവഗണിക്കാനാകുമായിരുന്നില്ല...ഉഷ ഇരട്ടപ്രസവിക്കുവോളം മരുന്നും ഗുളികയും, കരിമന്റെ കൈകളിലൂടെ ഹെഡ് നേഴ്സ് എത്തിച്ചു...ഇരട്ടപെറ്റൂന്ന് കേട്ടപ്പോഴും. അമ്മാമ്മ തന്റെ സരസ്വതീവിലാസം പ്രകടിപ്പിച്ചു.
" ഇനിപ്പോ ആ അവരാധിച്ചിക്ക് വിറ്റുതിന്നാൻ രണ്ട് പെണ്ണായല്ലോ.." കരിമന് പല്ലുഞെരിച്ച് പ്രതികരിക്കാനേ അറിഞ്ഞിരുന്നുള്ളൂ..വയറ്റിള്ളക്കം വന്ന് ഒന്ന് ചത്തപ്പോഴും അമ്മാമ്മ പറഞ്ഞു...
". ആ മറുത  ഞെക്കി കൊന്നതായിരിക്കും വല്ലോനും രാവാക്കിന് കേറിവന്നപ്പോൾ കൊച്ച് കരഞ്ഞുകാണും..." കരിമൻ കതക് വലിച്ചടച്ച് പ്രതികരിച്ചു....
ഇരുപത്തെട്ടിന് ചേട്ടത്തിയമ്മേടെ പെട്ടിയിൽ നിന്ന് കരിവളയും കണ്മഷിയും ഒരു പൗഡറും കട്ടെടുത്ത്  , ഉഷയുടെ പുരയിലേക്ക് പോയി നൂലുകെട്ട് കരിമനാണ് നടത്തിയത് . കുളിപ്പിച്ച് ഒരുക്കി കവിളിലിട്ട കുത്ത് ഒന്ന് വ്യക്തായി കാണുന്നുപോലുമില്ല.
അവൾക്ക് അരുന്ധതിയെന്ന് പേരുമിട്ടു. അരുന്ധതിക്ക് കരിമന്റെ നിറമായിരുന്നു...
ഉഷയ്ക്ക് അനിരുദ്ധനിൽ മകളുണ്ടായാൽ ആ പേരിടാൻ ആഗ്രഹിച്ചിരുന്നു...

ഉഷയുടെ രാഷ്ട്രീയ സമരങ്ങൾ....

"മുടീന്ന് വിടെടാ മൈരേ ഇല്ലെങ്കിൽ നിന്റെ കുരുരണ്ടും ഞാൻ പൊട്ടിക്കും.." മുള്ളൻ സുരേഷ് അലറിക്കരഞ്ഞ് നിലത്തുവീണ്. വേലിചാടി ഓടിയത് കരിമനും ഉഷയും നോക്കി ചിരിച്ചുകുഴഞ്ഞു....

സ്കൂളിൽ നിന്ന് വരുന്നവഴി ജീപ്പിന്റെ പിന്നിലെ സീറ്റിലിരുന്ന്, അതിൽ തൂങ്ങി നിക്കണ ഉഷയോട് കരിമൻ വർത്താനം പറയുന്നതിനിടയിൽ ദാസൻ മേസ്തിരി, ഉഷയുടെ നെഞ്ചോട് ചേർന്ന ഭാഗത്തെ കമ്പിയിൽ അല്പം കേറ്റിപ്പിടിച്ചതും ഉഷകടിച്ചതും, മേസ്തിരിയുടെ കാലിൽ ചവിട്ടിയതും, ജീപ്പ് കുഴിയിൽ ചാടികുലുങ്ങിയതും, കരിമൻ അവളുടെ പാവാടയിലൂടെ ചർദ്ദിച്ചതും ഒരുമിച്ചായിരുന്നു...മേസ്തിരി പ്ലാസ്റ്ററിട്ട് നടക്കുന്നത് കാണുമ്പോൾ കരിമനും ഉഷയും മുഖാമുഖം നോക്കും...മേസ്തിരി തലകുനിച്ച് പോകും...

ഈ എം എസ് ഭവനപദ്ധതിയിൽ ചേർത്ത് വീട് ഒന്ന് നന്നാക്കാൻ തുക അനുവദിക്കാത്തതിനാൽ ആ കൊല്ലം ഉഷകമ്മൂണിസ്റ്റ് പാർട്ടി വിട്ടു...മാറിവന്ന ഭരണ സമിതി ഉണ്ടാക്കിയ കക്കൂസ് ലിസ്റ്റിൽ നിന്നും തന്നെ ഒഴിവാക്കിയ മെമ്പറോടുള്ള അരിശം മൂത്ത് കോൺഗ്രസും വിട്ടു...റംസാൻ കിറ്റ് വിതരണം ചെയ്തതിന്റെ ബാക്കിവന്ന അരിയും സാധനങ്ങളും അലവിക്കുട്ടി ഉസ്താദ് ഉഷയ്ക്ക് കൊടുത്തു. അതിൽ പിന്നെയാണ് അവൾ മുസ്ലീം ലീഗായത്...അത് ജഗദീശന്റെ കടയിലിരുന്ന് കപ്പയും ബീഫും തിന്ന് ഉറക്കെ പറയുകയും ചെയ്തു...ഇടക്കാല തിരഞ്ഞെടുപ്പിൽ വനിതാ വാർഡിൽ നിന്ന മാജിദതാത്തയ്ക്ക് വേണ്ടി വിജയന്മാഷിന്റെ പിന്നിൽ നിന്ന് വോട്ടും ചെയ്തു...

ഉഷയുടെ റേഷൻ ഷോപ്പുപരോധം....

"ടാ ഉലഹന്നാനേ നാറീ, ഉള്ള ചൊവപ്പ് കർഡെല്ലാം നിന്റെ മറ്റവളുമാർക്ക് കൊടുത്തിട്ട് എനിക്ക് വെള്ളകാർഡാ, ഇതിലെന്തരെടാ പട്ടീ ന്യായം, ഞാനും എന്റെ പെണ്ണും കഞ്ഞികുടിച്ച് കെടക്കണ്ടേ..."

ഇതുകൂടാതെ ഉലഹന്നാന്റെ പരാതിയിൽ ഇനിയുമുണ്ടായിരുന്നു. കോളറിൽ കുത്തിപ്പിടിച്ച്, ത്രാസിലിരുന്ന അഞ്ഞൂറിന്റെ കട്ടകൊണ്ട് നെഞ്ചിൽ ഇടിച്ചു...മണ്ണെണ്ണപ്പാട്ട തട്ടിയിട്ടു. തീപ്പെട്ടിയുരച്ചിട്ട് കത്തിച്ചു....

പരാതിയിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത്, എസ് ഐ യുടെ അമ്മായിയപ്പനും രാഷ്ട്രപതിയുടെ മെഡൽ നേടിയ വിരമിച്ച ഹെഡ്മാസ്റ്റൻ വിജയന്മാഷായിരുന്നു.
ഉഷയെ നക്സലാക്കാനാണ്  നീക്കങ്ങൾ....

കരിമൻ റൈട്ടർ...

കരിമൻ വെട്ടിക്കളഞ്ഞ റിപ്പോട്ടിന്റെ താഴെ സ്വന്തം പേരിനുപകരം കുട്ടിക്കാലത്തെ വട്ടപ്പേര് ചേർത്തതും, സുഹൃത്തിനെ വിളിച്ചുവരുത്തി ജാമ്യത്തിലിറക്കാൻ ഏർപ്പാട് ചെയ്തതും എന്തിനായിരുന്നു...

എസ് ഐ പറഞ്ഞതിപ്പൊഴും കരളിൽ മുഴങ്ങുന്നുണ്ട്, റൈട്ടർ റൈട്ടറുടെ പണിചെയ്താൽ പോരേ...
കാക്കിയുരിഞ്ഞെറിഞ്ഞ് ഒന്ന് കരിമനാകാൻ തോന്നി....

1.സ്മാർത്തവിചാരം നമ്പൂതിരി സമുദായത്തിൽ സ്തീകൾക്ക് കുറ്റവിചാരണ...
2 വാഴയ്ക്കിടുന്ന രാസവ

കെ എസ് രതീഷ്
(ഗുൽമോഹർ 009)

Thursday 6 July 2017

മിനുട്ടുകൾക്കുള്ളിലെ വാട്സ് ആപ്പ് സന്ദേശങ്ങൾ..

"മിനുട്ടുകൾക്കുള്ളിലെ രണ്ട് വാട്സ് ആപ്പ് സന്ദേശങ്ങൾ...!!

4:30
ഭാര്യ.
ചീര ഒരു കെട്ട് ,
ഉപ്പ് ഒരു കവർ,
മീൻ അഴുകിയത് വേണ്ട,
തേങ്ങ കുലുക്കി നോക്കി വാങ്ങിക്കണം,
ഇനിയെന്തെങ്കിലുമ്മുണ്ടെങ്കിൽ വിളിക്കാം...

4:31
കാമുകി.
പൊന്നേ നീ എവിടാ,
അല്പം തിരക്കിലായിരുന്നു,
ലൗ യു
ചക്കര ഉമ്മ,

4:32
ഒരാൾക്ക് ഉം, എന്നും
മറ്റേയാൾക്ക്,
ഉമ്മയെന്നും മറുപടി നൽകി...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Monday 3 July 2017

അക്വാലൈഫ്...!!

അക്വാലൈഫ്...!!

പ്രിയ ഭർത്താക്കന്മാരേ, നിങ്ങളിലാരെങ്കിലും ഭാര്യയോട് കളവുപറഞ്ഞ് ഗോവയിലേക്ക് ടൂറുപോകുന്നെങ്കിൽ, കഴിയുന്നതും സ്വന്തം വാഹനം ഉപയോഗിക്കാതിരിക്കുക നിങ്ങൾ  നാടിന്റെ അതിരുകടക്കാൻ കാണിക്കുന്ന വ്യഗ്രതയിൽ വാഹനത്തിന് വേഗത കൂടാനും, സദാജാഗ്രത പാലിക്കുന്ന ട്രാഫിക്ക് ക്യാമറകളിൽ പകർത്തപ്പെടാനും, ട്രഫിക്ക് നിയമങ്ങൾ തെറ്റിച്ചതിന്റെ രേഖാമൂലമുള്ള തെളിവും പിഴയും, നിങ്ങൾ ഒരു കല്യാണചടങ്ങിൽ പങ്കെടുക്കാൻ പോയ അവസരത്തിൽ, തപാൽ ശിപായി വീട്ടിൽ കൊണ്ടുവരാനും..  നിങ്ങളുടെ ഭാര്യ ഒപ്പിട്ട് കൈപ്പറ്റാനും സാധ്യതയുണ്ട്. ആയതിനാൽ ജാഗ്രതപാലിക്കുക. ഇത്തരത്തിൽ വെറും വീട്ടമ്മയായ അവർ നിങ്ങളുടെ മേൽ കർശന നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്താനും...ചിലപ്പോൾ കഥകൾ എഴുതാനും തുടങ്ങിയേക്കാം...

നോക്കൂ സഹിത്യത്തിൽ ഇത്രയും നല്ലൊരു പുരസ്കാരം ലഭിച്ചിട്ടും, ആകെ ആകുലതകളോടെ എനിക്ക് സർക്കാർ ബസിന്റെ ആൾത്തിരക്കിലിരുന്ന് യാത്രചെയ്യേണ്ടിവരുന്നത് നിങ്ങൾ കാണുന്നില്ലേ...

ഇതൊന്നും ഞാൻ  വരുത്തിവച്ചതല്ല...എന്റെ ആഫീസിലെ ക്ലർക്കും സ്ഥലത്തെ പ്രധാനദിവ്യനുമായ ശ്രീമാൻ ശങ്കരങ്കുട്ടിയുടെ പേരിലുള്ളതാണ്, രണ്ടു മിനിട്ടിൽ കൂടുതൽ ആ മാന്യദേഹത്തോടു നിങ്ങൾ മിണ്ടിപ്പോയാൽ ഒന്നുകിൽ ഏതെങ്കിലും ബാറിന്റെ ഇരുട്ടിലേക്കോ, അല്ലെങ്കിൽ നിങ്ങളുടെ നാലരസെന്റ് പുരയിടത്തിന്റെ ആധാരത്തിലേക്കോ  അയാൾ കൂട്ടിക്കൊണ്ടുപോകും..
രണ്ടായാലും ആ മഹാത്മാവിന്റെ കീശയിലേക്ക് നല്ലൊരോഹരി വീഴാനിടയാകും... ഗോവയിലെ ഒരൂ കൂൾബാർ എന്റെ പേരിൽ വാങ്ങിത്തരാമെന്നും കൂട്ടത്തിൽ ഫെനിയെന്ന ഒരു തരം മദ്യം രുചിക്കാമെന്നുമുള്ള വാഗ്ദാനങ്ങളിലാണ് ഈയുള്ളവൻ വീണുപോയത്...ഒരിക്കൽ ഒരു ചങ്ങാതിയുടെ മകന്റെ ടീഷർട്ടിൽ പ്രിന്റ് ചെയ്തിട്ടുള്ള ചിത്രത്തിലല്ലാതെ ഞാൻ ഗോവ കണ്ടിട്ടേയില്ല...എങ്കിലും നിരവധിതവണ ആ വാഗ്ദത്ത ഭൂമിയിലേക്ക് സ്വപ്നയാത്ര നടത്തിയിട്ടുണ്ട്...ലൊട്ടുലൊടുക്ക് കഥകളെഴുതി ചിലപതിപ്പുകളിൽ വന്നതിന്റെ നാട്യത്തിൽ നിൽക്കുന്ന എന്നെ ഒരു മഹാസാഹിത്യകാരനായി ചിത്രികരിക്കാനും, യാത്രകളിലൂടെ ഉണരുന്ന കഥാനുഭവലോകം എന്ന മോഹവാക്യത്തിൽ വീഴ്ത്താനും ശ്രീ ശങ്കരാചാര്യർക്ക് കഴിഞ്ഞു....എന്തുപറയാൻ  തീയേറ്ററിൽ   ദേശിയഗാനത്തിലെ "ഭാരതഭാഗ്യവിതാത" എന്ന വരികൾ മൂന്നാവർത്തിചൊല്ലി ദേശസ്നേഹം വല്ലാതെ വെളിപ്പെടുത്തിയ ആ മഹാന്റെ പ്രസ്ഥാവനകളിൽ ആരാണു വീണുപോകാത്തത്, അതും വില്ലേജ് ആഫീസറായി ഈ ഓണം കേറാമൂലയിൽ എത്തിച്ചേർന്ന എന്നെപ്പോലൊരാൾ..

  മീനിയൽ സർവീസ് ജീവനക്കാർക്കുവേണ്ടി നടത്തിയ കഥാമത്സരത്തിൽ  എന്റെ ചുവപ്പുനാടയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചവിവരം പറഞ്ഞപ്പോൾ അവളൊന്ന് അമർത്തിമൂളി.....
ബാഗിൽ നിന്നും കാറിന്റെ താക്കോലെടുത്ത് വിരലിലിട്ട് കറക്കിയശേഷം ഒറ്റശ്വാസത്തിൽ പറഞ്ഞവാക്കുക എന്റെ   സുമയുടേതാണെന്ന് വിശ്വസിക്കാനാകുന്നില്ല....

"...ഇനിമുതൽ യാത്രകളെല്ലാം ബസിലാക്കിക്കോളൂ നല്ല അനുഭവങ്ങളുണ്ടാകും, അവാർഡുതുക എത്രാ ആയാലും എനിക്ക് ഒരു ജീൻസിന്റെ ചുരിദാറും, തുടയുടെ അതേ നിറത്തിലുള്ള ലെഗിൻസും , അല്പം ഉയർന്ന ഒരു ചെരുപ്പും വാങ്ങിക്കണം, വൈകിയാണു വരുന്നതെങ്കിൽ എന്നെ വിളിക്കാൻ നിൽക്കരുത് ഇന്നുമുതൽ ഞാനും ചിലതൊക്കെ എഴുതാൻ പോകുകയാണ്, കറിക്കരിയാനുള്ളതിനാലാണ് ഞാൻ  ഇതുവരെ നിങ്ങളെപ്പോലെ കഥകളൊന്നും  എഴുതാത്തത്.. എന്റെ തൂലികാനാമം സീമയെന്നാണ്, ഇനി ഈ വീട്ടിൽ ഞാൻ സീമയെന്ന് അറിയപ്പെടും......."

....യേണ്ടി തിരുട്ട് മുണ്ടോം, തിറുമ്പി തിറുമ്പി ഫോൺ പണ്ണിട്ടേയിറുക്കേ...നീ അന്ത ചേരനില്ലയാ അന്ത ഒക്ക ഓത്ത പുണ്ടാമോൻ, അതാ കളവാണിക്കിട്ടേ പോയി നിമ്മതിയാ പടുത്തുക്കോ..നാൻ കൊച്ചിക്ക് പോണേണ്ടി യേൻ സന്തനത്തിക്കിട്ടേ പോണേണ്ടീ....തിറുമ്പിവരേ മാട്ടേണ്ടി..."

ലെഗിൻസ് ചിന്തകളിൽ നിന്നും എന്റെ മുൻ സീറ്റിലിരുന്ന്  ഭാര്യയോട് ഫോണിൽ കലഹിക്കുന്ന തമിഴൻ  വിളിച്ചുണർത്തി....അല്ലെങ്കിലും ഈ തമിഴന്മാർ ധീരന്മാരാണ്.
അയാൾ   സൂര്യകാന്തിപൂക്കൾ വിരിയുന്ന നാട്ടിലെ പൊണ്ടാട്ടിയോട് കലഹിക്കുന്നു..

പ്രിയപ്പെട്ട അയൽക്കാരാ നിനക്ക് അഭിവാദ്യങ്ങൾ ഞാൻ സീറ്റിൽ നിന്നുയർന്ന് അയാളെ നോക്കി...അയാൾ എന്നെയും നോക്കി, തെറ്റിദ്ധരിച്ചിട്ടാകാണം...
പിന്നീടുള്ള പോർവിളികളുടെ പ്രസക്തഭാഗങ്ങൾ പലതും കേൾക്കാവുന്ന പരിധിയിലായിരുന്നില്ല....

ഞാൻ വീണ്ടും എന്റെ ചുവപ്പുനാടയിലേക്ക് നീണ്ടു,...

മുഖ്യമന്ത്രിയുടെ ഒറ്റവാക്കിലാണ് ഞാൻ ഈ  കഥഞാനെഴുതിയത്, " ഓരോഫയലും ഓരോ ജീവിതങ്ങളാണ് എന്ന പ്രപഞ്ച സത്യം 
....ആത്മഹത്യചെയ്ത ഭർത്താവിന്റെ പേരിലുള്ള കാർഷിക വായ്പ്പ എഴുതിത്തള്ളണമെന്നും, വിധവപെൻഷൻ അനുവദിക്കണമെന്നും പറഞ്ഞ് വില്ലേജോഫീസിൽ വരുന്ന സുന്ദരിയായ ഒരു മുപ്പത്രണ്ടുകാരിയും..മടുത്തുതുടങ്ങിയ ദാമ്പത്യം വേർപെടുത്തിയ  വില്ലേജ് ഓഫീസറും തമ്മിൽ പ്രണയത്തിലകുന്ന ചുവപ്പുനാട...
തികച്ചും ശുഭപര്യവസിയായ കഥ..നമ്മുടെ ക്ലർക്കും കലാസാംസ്കാരിക രംഗത്തെ അതികായനുമായ ശ്രീ ശങ്കരാചാര്യൻ ഇതുവായിച്ച് എന്റെ മുന്നിൽ തൊഴുകൈകളോടെ നിന്നതും, എന്നെ ഏതോ ചേതൻ ഭഗതുമായി താരതമ്യം ചെയ്തതുമാണ്...എന്നിട്ടും  എന്റെ ഭാര്യ അതൊന്ന് വായിക്കാൻ തയാറായില്ല...
അവാർഡ് തുകയ്ക്ക് ചെരുപ്പും ഉടുപ്പും വാങ്ങിക്കൊടുക്കണമത്രേ. ഹും വായിക്കാതെ വളഞ്ഞുപോയ വർഗം...

....നീ വരുമേണ്ടി, യേൻ കാലടിപക്കം വറും, അന്ത നാൾ, അന്ത നാൾ യെനിക്ക് തിരുവിഴാമാതിരി....

ഹാവൂ ആ തമിഴ് ധീരന്റെ കലഹം വീണ്ടും ധൈര്യം തരുന്നു....

ഇടതുവശത്തിരിക്കുന്ന വൃദ്ധ ദമ്പതികൾക്ക് ഇതത്ര പിടിച്ചമാതിരിയില്ല...അമ്പതിനോടടുത്ത ഒരു സ്ത്രീയും അതിലും പ്രായമുള്ള രണ്ടാണുങ്ങളും..നടുവിലിരിക്കുന്നയാൾ നല്ല ഉറക്കത്തിലാണ് അയാളുടെ മുഖത്ത് മാസ്ക് ധരിച്ചിട്ടുണ്ട്, ഇടയ്ക്ക് ശക്തിയായി ചുമയ്ക്കുന്നു.. രണ്ടഗ്രങ്ങളിലെ സ്ത്രീയും പുരുഷനും ആ നെഞ്ച് തടവിക്കൊടുക്കുന്നു അവരുടെ കണ്ണുകൾ തമ്മിലിടയുന്നു.ചിരിക്കുന്നു...

പെട്ടെന്ന് നടുവിലെ രോഗി ശർദ്ധിക്കുന്നു...അറ്റത്തിരുന്ന വൃദ്ധൻ മാറി എന്റടുത്തേക്കിരുന്നു.
എങ്കിലും ശ്രദ്ധമുഴുവൻ അവിടെത്തന്നെ....

."..ന്റെ ചങ്ങാതിയാണ്,ഇപ്പോ അല്പം കൂടുതലാ, എന്തു ചെയ്യാൻ വിധി, അവൾക്കിനി ആരുണ്ടെന്നോർത്താണ് എന്റെ വിഷമം.ഇവളോട് അന്നേ ഞാൻ പറഞ്ഞതാ ഈ മാറാരോഗിയെ കെട്ടരുതെന്ന്...ഞാൻ കെട്ടാനും തയാറായിരുന്നു..
അവളുടെ ഒരു പ്രേമം എന്നിട്ടെന്തായി...ഇന്നും ഈ ഒറ്റാന്തടി മാത്രമല്ലേയുള്ളൂ...ഇവർക്ക് ആശ്വാസമായിട്ട്....." അയാൾ വീണ്ടും ആ സീറ്റിലേക്ക് പോയി ഇപ്പോൾ ആ സ്ത്രീ നടുവിലും അവർ ഇരുവശത്തുമായി..പുറത്തെ കാറ്റേറ്റ് രോഗി ഉറങ്ങിക്കഴിഞ്ഞു....
അയാൾ അവരുടെ കൈകൾ കോർത്ത് പിടിച്ചു...

എന്റെ 'ചുവപ്പുനാടയിലെ' ഭാസ്കരൻ നായരും ദേവകിയെ  ചേർത്തു നിർത്തുന്ന രംഗമുണ്ട്....അതുവായിച്ച് ഓഫീസിലെ  സ്വീപ്പർ മെറ്റിൾഡയുടെ നാണം കാണണമായിരുന്നു...

പിൻ നിരയിലിരിക്കുന്ന ചെറുപ്പക്കരന്മാർ പെട്ടെന്ന് നിശബ്ദരായി....

"അളിയാ ട്രീസ വിളിക്കുന്നു...."

"സ്പീക്കറിലിടെടാ കോപ്പേ..."

"മിണ്ടല്ല് മിണ്ടല്ല്...
ഞാനവളെ സുഖിപ്പിക്കണത് കേൾപ്പിച്ച് തരാം...."

"ഹായ് മോളൂ....എല്ലാരും എവിടെപ്പോയി ഇല്ലെങ്കിൽ നീ ലാൻഡ് ഫോണിൽ നിന്ന് വിളിക്കൂലല്ലോ...."

എത്ര ചെവികൂർപ്പിച്ചിട്ടും ബസിന്റെ ഇരമ്പൽ കാരണം കേൾക്കാൻ പറ്റിയില്ല....
ആ ഭാഗ്യവാന്മാർ ആവേളം സുഖിക്കുന്നുണ്ട് നിശബ്ദമായിട്ടുള്ള അവന്മാരുടെ ചേഷ്ടകൾ എന്നെ ആകെ കൊതിപ്പിച്ചു.....

എങ്കിലും ചുവപ്പുനാടയിൽ ഭാസ്കരൻ നായർക്ക് പതിഞ്ഞ ശബ്ദത്തിൽ ദേവകി ഫോണിലൂടെ പാടിക്കൊടുത്ത "അഞ്ജനകണ്ണെഴുതി ആലിലതാലിചാർത്തി..." ആ പാട്ടിന്റെ പടിക്കൽ പോലും എത്തില്ല ഇതൊന്നും... അതെഴുതുമ്പോൾ ഞാനറിഞ്ഞ കുളിര് ഹാവൂ....
നീയൊന്നും നാലുമൊബൈലിൽ കൂടിവിളിച്ചാലും കിട്ടില്ലെടാ ന്യൂ ജെനുസുകളേ....ദേവകിയേയും ഭാസ്കരനേയും സൃഷ്ടിച്ച മഹാകഥാകാരനാ ഈ പറയുന്നത്.....

അവൾക്കിത്രപെട്ടെന്ന് മാറ്റം വരാൻ എന്റെ ഗോവൻ യാത്രയാകുമോ കാര്യം.. അതോ മോളിയുമായുള്ള എന്റെ മാജിക്കൽ റിയലിസ്റ്റ് പ്രണയം അറിഞ്ഞിട്ടുണ്ടാകുമോ...
ശ്രീ ശങ്കരൻ ഒരിക്കൽ കൊണ്ടുവന്ന ലാറ്റിനമേരിക്കക്കാരന്റെ നോവലുവായിച്ചതിൽ പിന്നെയാണെനിക്കിത്തരം ചിന്തകളുണർന്നത്....
സാഹിത്യത്തിൽ ശങ്കരന്റെ തന്ന സ്റ്റഡിക്ലാസും, അവാർഡ് ചിന്തകളുമാണ്  എന്നെ ഇങ്ങനെയൊക്കെ    ചിന്തിക്കാൻ പ്രേരിപ്പിച്ചത്

.ഓഫീസിന്റെ മുൻ വശത്ത് ഒരിക്കൽ വിൽക്കാൻ വച്ചിരുന്ന അക്വേറിയം അതാണെല്ലാത്തിനും മറ്റൊരു കാരണം അല്ലെങ്കിലും ഞങ്ങളെഴുത്തുകാർക്ക് ഇത്തരം മസൃണവികാരങ്ങളേറുമല്ലോ...?
   ...ഉരുണ്ടഭരണിയിൽ മൂന്നുജോഡി മീനുവാങ്ങി,  വെള്ളാരങ്കല്ലും, അതിന്റെ ഭക്ഷണവുമാറ്റി വീട്ടിലെത്തുമ്പോൾ അവൾക്കും സന്തോഷമായി...മൂന്നാം ദിനം വെളുത്ത മോളിയുടെ ഭർത്താവ് ചത്തുമലച്ച് കിടക്കുന്നു...കണ്ണീരുമൊലിപ്പിച്ച് വാലുകൾ വിറപ്പിച്ച്..ഞാനിട്ട തീറ്റയിൽ ശ്രദ്ധിക്കാതെ മോളിപ്പെണ്ണ് ഒറ്റനിൽപ്പാണ്...മറ്റു ദമ്പതികൾ ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്ക് തീറ്റ കൈമാറുന്നു... ഞാൻ എന്റെ ചുണ്ട് ആ സ്ഫടിക പാത്രത്തോട്  ചേർത്തുവച്ചു...മോളി എന്റെ അരികിലേക്ക് നീങ്ങിവന്ന് ഒരുമ്മ തന്നിട്ട് സന്തോഷത്തോടെ ജലപോരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഭക്ഷണം ലക്ഷ്യമാക്കി നീന്തി....

ഭാര്യ പറഞ്ഞിട്ടാണ് ഞാൻ ഭരണിയിൽ  വെള്ളത്തിൽ ഇടുന്ന ഒരു തരം ചെടിയിട്ടത് അന്ന് മോളിയുടെ സന്തോഷം കാണണമായിരുന്നു...
ഇത്തവണ അവൾ ചുണ്ടുമായി എന്റെ നേർക്കുവന്നു...ഞാൻ മോളിയെ അമർത്തി ചുംബിച്ചു...

അന്നു രാത്രി വല്ലാത്ത മഴയായിരുന്നു...മകനെ അവൾ നേരത്തേ ഉറക്കി, എന്റെ വാതിലിൽ ഒന്നുരണ്ട് തവണ വന്നു നോക്കിയിട്ടുപോയി... ഞാൻ  ഭാസ്കരൻ നായരും ദേവകിയും അ
അദ്യമായി  സന്ധിക്കുന്ന രംഗങ്ങളെഴുതിക്കൊണ്ടിരിക്കുകയായിരുന്നു...
ദേവകിയുടെ മടിയിൽ തലവച്ച് ഭാസ്കരൻ നായർ തളർന്നുകിടക്കുമ്പോൾ എനിക്കും ഉറക്കം വന്നു...

എന്റെ ചുണ്ടിൽ  തണുപ്പേറ്റപ്പോൾ ഞാനുണർന്നു...
അവൾ മോളി, തന്റെ ജലജീവിതം വലിച്ചെറിഞ്ഞ് എന്നെ തേടിവന്നിരിക്കുന്നു.
ഞങ്ങൾ മഴയിലേക്കിറങ്ങി, പിന്നെ സമീപത്തെ പുഴയിലൂടെ ഒരു കടലോളം നീന്തി, കരയിൽ ഞാൻ തളർന്നു കിടന്നു....
പിന്നെ എന്നും രാത്രികളിൽ  മഴപെയ്തു. അവൾ മകനുമായി ഉറങ്ങുന്നതുകാത്ത്..
ചുവപ്പുനാടയിൽ കുരുങ്ങി ഞാനിരുന്നു...
മഴയും പുഴയും വൻകരകളും തേടി ഞാൻ മോളിയോടൊപ്പമലഞ്ഞു...

ഇന്ന് രാവിലെ എന്റെ മോളി ചത്തുമലച്ച് കിടക്കുന്നു....എനിക്കുറപ്പുണ്ട് ഇത് കൊലപാതകമാണ് അവൾ നേരിട്ടോ....നാലുവയസുകാരനെ കൂലിക്കെടുത്തോ...?

ഭാസ്കരൻ നായരുടെയും ദേവകിയുടെയും വിവാഹം രജിസ്റ്റർ ചെയ്തുകൊടുത്തു...
ശുഭം എന്നെഴുതി കഥ അവാർഡ് കമ്മിറ്റിക്ക്  പോസ്റ്റ് ചെയ്തു...
അവാർഡും കിട്ടിയ വിവരം ശ്രീ ശങ്കരൻ ഓഫീസിൽ ആഘോഷമാക്കി....

ഞാനും ആ തമിഴനും ഒരേ സ്റ്റോപ്പിലാണിറങ്ങിയത്...
അവാർഡ് ദാനചടങ്ങിന്റെ വേദി നിറയെ ആളുകൾ
രണ്ടും മൂന്നും സ്ഥാനം നേടിയവർ സകുടുംബം എത്തിയിരിക്കുന്നു.....
രണ്ടും സ്ത്രീകൾ അവരുടെ കാര്യങ്ങൾ തിരക്കാൻ ഭർത്താക്കന്മാർ ഓടിനടക്കുന്നു.....

ഞാൻ ഒന്നാം സ്ഥാനത്ത് പുരസ്കാരം കാത്തിരുന്നു...
എങ്കിലും മനസ് നിറയെ നീലജീൻസ് ടോപ്പിന്റെയും തുടയുടെ നിറമുള്ള ലെഗിൻസിന്റെയും വിലയെക്കുറിച്ചുള്ള ആധിയായിരുന്നു....

എല്ലാത്തിലുമുപരി ഇതൊക്കെ ധരിച്ച്  അവളെഴുതാൻ പോകുന്ന  കഥയെക്കുറിച്ചും...!!

കെ എസ് രതീഷ്
( ഗുൽമോഹർ009)