Thursday 20 July 2023

എല്ലാമാകുന്നത് ചെയ്താലും മടിക്കേണ്ട കല്യാണമിതുമൂലം....
      രാമായണം എന്റെ ഉള്ളിലെ വലിയ ഇരുട്ടിനെ മായിച്ചുകളഞ്ഞ രംഗത്തിലെ വരികളാണ്.വലിയ നിരാശകൾ നേരിട്ട്  ജീവിതത്തിൽ പലയിടങ്ങളിലും വീഴാനാഞ്ഞ സമയങ്ങളിൽ ഞാൻ എന്നോട് പലതവണ പറയുന്ന ഒരു ചിന്തയും രംഗവും.ഒരു പോലെ രണ്ട് എളിയ മനുഷ്യരായ രാമന്റെയും  എന്റെയും ജീവിതം ഈ ഒറ്റ വരിയിലും രംഗത്തിലും മാറിപ്പോവുകയാണ്.സീത എന്ന വലിയ സമ്പത്ത് രാമന്റെ അകത്തേക്കും ഒന്നുമില്ലാത്തവൻ എന്ന തോന്നൽ എന്നിൽ നിന്ന് പുറത്തേക്കും പോയ ഭാഗം.    
     രാമായണത്തിന്റെ കാമ്പ് എന്നെനിക്ക് ഉറപ്പിച്ചു തോന്നിയിട്ടുള്ള വരികളാണ് .
മിഥിലയിലേക്ക്,സീതയിലേക്ക് രാമൻ എത്തിച്ചേരുന്ന ഭാഗം.രാമന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം.എന്നാൽ ആ തീരുമാനത്തിലേക്ക് രാമൻ എത്തിച്ചേരുന്ന രീതിയാണ് എന്നെ ഏറ്റവും ചിന്തിപ്പിച്ചത്.
    അഹന്തയിൽ പെറ്റുവീണ എന്നെപ്പോലെ ഒരു ശരാശരി മനുഷ്യൻ ഓരോ തീരുമാനങ്ങളിലേക്കും പ്രവർത്തിയിലേക്കും എത്ര അപക്വമായിട്ടാണ് ചെന്നു നിൽക്കുന്നതെന്നും,ബാധിക്കപ്പെടുന്നതെന്നും കൃത്യമായി ബോധ്യപ്പെട്ട ഭാഗം.അഹന്ത ബാധിച്ച കൃമികളുടെ ഉള്ളിലേക്ക് തീക്കനൽ വാരി എരിയുന്ന രാമായണകാരന്റെ കിടിലൻ രംഗം.
     സീതയെ നേടാൻ ചന്ദ്രശേഖരന്റെ വില്ല് 'എടുക്കാമോ'? 'കുലയ്ക്കാമോ'? എന്നൊക്കെ ആകുലപ്പെടാൻ രാമനെപ്പോലെ ഒരാൾക്ക് ഒരു കാര്യവുമില്ല.എടുക്കുക വലിച്ചൊടിക്കുക അത്ര തന്നെ.എന്നാൽ നേരിടാൻ പോകുന്ന ലളിതമായ പരീക്ഷയുടെ മുന്നിലും ഏറ്റവും വിനയത്തോടെ നിൽക്കുന്ന രാമൻ എന്നെ അത്ഭുതപ്പെടുത്തിയെന്നു മാത്രമല്ല,ഉള്ളിലെ അമിത ആത്മവിശ്വാസമുള്ള എന്നിലെ ഒരുത്തനെ ഇന്നും ചോദ്യം ചെയ്യുന്നുണ്ട്.
     അതിനും അപ്പുറം രാമന്റെ ജീവിതം മാറ്റി മറിക്കാൻ  കാരണമായ ഈ ഭാഗത്ത് എന്നെ ഇനിയുമിനിയും ചിന്തിപ്പിക്കുന്ന മറ്റൊരു സംഗതിയാണ് നിങ്ങളും അറിയേണ്ടത്.മുനിയുടെ മുഖത്ത് നിന്നും "എല്ലാമാകുന്നത് ചെയ്യുക മടിക്കരുത് ഇതിലൂടെ നിനക്ക് നല്ലതേ വരാനുള്ളു." 
എന്ന വാക്കുകൾ കേൾക്കുന്ന രാമനെ "ആകുന്നത്"എന്ന പ്രയോഗം ഏതു തരത്തിലാകും പ്രവർത്തിച്ചിട്ടുണ്ടാവുക..? "നിന്നാൽ ആകുന്നത്" എത്ര വലിയ വാശിയാണ് അയാളിൽ കൊളുത്തിയത്.?
       പ്രതീക്ഷകളാൽ നെയ്യുന്നതാണല്ലോ ഓരോ വ്യക്തിയുടെയും ജീവിതം.എനിക്കും നിനക്കും രാമനും അത് തന്നെയാണ്.നമ്മുടെ മുന്നോട്ടുള്ള നടത്തത്തിൽ ചന്ദ്രശേഖരന്മാർ വലിയ 'വില്ലുവിളികളായി' മുന്നിലേക്ക് വരികയും ചെയ്യും.ആ നേരത്ത് തന്നോട് തന്നെ ഏറ്റവും കൂടുതൽ തവണ പറയേണ്ട ചിന്തയാണ് ഇത്.നിന്റെ ഭാവി സുന്ദരമാണ്, കല്യാണമാണ് ഇനി വരാനുള്ളത് എന്ന് സ്വയം ഉറപ്പിക്കാനുള്ള മന്ത്രം.'എല്ലാം ആകുന്നത്' എന്ന പ്രയോഗം ഒരേ വ്യക്തിയുടെ അഹന്തയെ നിഗ്രഹിക്കുന്നതും വലിയ ഉറപ്പോടെ വീണിടത്തു നിന്ന് എഴുന്നേറ്റ് പോകാൻ തീ പിടിപ്പിക്കുന്നതുമാണ്..
    'എല്ലാമാകുന്നത്' എന്ന പ്രയോഗം പിന്തിരിഞ്ഞോടിയ ആരും വിജയിച്ചിട്ടില്ലല്ലോ എന്ന വലിയ സത്യവും. ഒരു പക്ഷെ പരാജയം സമ്മതിച്ച്  തിരികെ തടക്കുന്നതിന് മുന്നേ ഇനി എന്തെങ്കിലും ബാക്കിയാക്കിയോ? എന്ന സ്വയം വിമർശനത്തിന്റെ വഴിയും ഓർമ്മിപ്പിക്കുന്നു.
     മടുപ്പ് കൂടാതെ ഇന്നും ഞാൻ നടക്കുന്നുവെങ്കിൽ അതിന് പിന്നിൽ, അല്ല എന്റെ ഉള്ളിൽ എല്ലാം ആകുന്നത് നീ ചെയ്യണം മടിക്കാതെ എന്ന വരികളും രാമനിലേക്ക് വന്ന കല്യാണവുമാണ്.വലിയ വിജയം കണ്ട് ജനം മാറ്റൊലിപ്പെടാനും വിസ്മയപ്പെടാനും കാത്തിരിക്കുന്നു. എല്ലാമാകുന്നത് ചെയ്താലും മടിക്കേണ്ട....!

കെ എസ് രതീഷ്
9497456636