Tuesday 24 August 2021

ഹിറ്റ്ലറും തോറ്റകുട്ടികളും..!

ഹിറ്റ്‌ലറും തോറ്റകുട്ടിയും..!

    മാധവൻകുട്ടി സാറ് ഉടൻ ചെയ്യേണ്ടതായുള്ള ആത്മഹത്യയെക്കുറിച്ച് ഭാര്യ,സതി അടുക്കളയിൽ മനോരാജ്യം കാണുകയായിരുന്നു.സമീപകാലത്താണ് അവർക്ക് ഇത്തരമൊരു വിചിത്രമായ സ്വഭാവമുണ്ടായത്.പരിചിതരോ ബന്ധുക്കളോ കൊല്ലപ്പെടുകയോ അപകടങ്ങളിൽ മരിക്കുകയോ, ഇനിയതുമല്ലെങ്കിൽ ആത്മഹത്യചെയ്യുന്നതായോ ഭാവനചെയ്യും.തുടർന്ന് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെയും തന്റെയും പ്രതികരണങ്ങൾ സസൂക്ഷ്മം വിലയിരുത്തും. എന്നിട്ട് 'അയ്യോ! ഞാനിതെന്താണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.?' എന്ന മറുചിന്തയും.ഒടുവിൽ 'പരേതരുടെ' ദീർഘായുസിനായി പ്രായശ്ചിത്ത പ്രാർത്ഥനയോടെയാണ് അത് അവസാനിപ്പിക്കുക. 

    മുറ്റത്തുനിന്നും മാധവൻകുട്ടി സാറിന്റെ പതിവ് തെറിവിളികൾ കേട്ട സതി,സങ്കല്പ ചടങ്ങുകളെല്ലാം തത്കാലത്തേക്ക് നിർത്തിവച്ച്, നിരാശയുള്ള മുഖവുമായി മുൻവശത്തെ വാതിലോളം വന്നുനിന്നു.

    വ്യാഴാഴ്ച്ചകളിൽ പലതരം പപ്പടങ്ങളുമായി വിൽപ്പനക്കെത്തുന്ന മുടിനീട്ടി വളർത്തിയ ചെറുപ്പക്കാരനായ, സോളമന്റെ കഴുത്തിൽ എത്തിപ്പിടിക്കാൻ മാധവൻകുട്ടി സാർ ശ്രമിക്കുന്നു.ആ കുറുകിയ കൈകളെ തട്ടിമാറ്റി മുറ്റത്ത് നിന്നും വേഗത്തിൽ നടക്കുന്ന സോളമൻ.പുല്ലിലും മണൽവിരിച്ച വഴിയിലും തെറിച്ചുവീണ തന്റെ പപ്പടങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ട് നിരത്തിൽ ഭയത്തോടെ ഓടിമറയുന്ന ചെറുപ്പക്കാരൻ.

     നിലവിളിച്ച് ആളെക്കൂട്ടാനോ,പിടിച്ചുമാറ്റാനോ സതിക്ക് തോന്നില്ല.ആ മതിൽക്കെട്ടിനുള്ളിൽ 'സാറി'ന്റെ നിയമപ്രകാരം ജീവിക്കാൻ തുടങ്ങിയിട്ട് ഒരു ഡസൻ വർഷങ്ങൾ കഴിയുന്നു. 'സർ'പ്പേടിയിൽ അയൽക്കാരാരും കടന്നുവരാറില്ല.'പിരിവുകാരും നായ്ക്കളും പ്രവേശിക്കരുത്' ഒരു വലിയ ബോർഡ് ഗേറ്റിൽ തൂക്കിയിട്ടുണ്ട്.ഗേറ്റിൽ മാത്രമല്ല വീട്ടിലെ സകലതിലും മാധവൻകുട്ടി സാറിന്റെ അരുതുകളുടെ നീണ്ട പട്ടിക സൂക്ഷിച്ചുനോക്കിയാൽ കാണാം. അതുമാത്രമല്ല ഇതേ രംഗങ്ങൾ മാസത്തിൽ, മൂന്നിൽ കുറയാതെ സതി ആവർത്തിച്ചു കാണുന്നുണ്ട്. 'ഇന്നിര' പപ്പടക്കാരൻ സോളമനെന്നുമാത്രം,അതും സാറു മറന്ന പന്ത്രണ്ടാം വിവാഹവാർഷിക ദിനത്തിൽ.

     ഇതൊക്കെയാണെങ്കിലും മാധവൻകുട്ടി സാറിന് ഭ്രാന്തൊന്നുമില്ല.നഗരത്തിലെ ഏറ്റവും വലിയ സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്, അതിലേറെ ശാന്തിനികേതനിൽ നിന്നും ബിരുദങ്ങൾ നേടിയ പ്രതിഭയുള്ള വിദ്യാർഥിയും.വായ തുറന്നാൽ 'ശാന്തിനികേതൻ നിറങ്ങൾ' ആരുടെ മുന്നിലും ആ മനുഷ്യൻ കോരിയൊഴിക്കും.ഏറെയൊന്നും വായ തുറക്കാറില്ല എന്നതാണ്‌ മറ്റൊരു പ്രതീക്ഷ.

    ഇവരല്ലാതെ ആ കോട്ടയിൽ അല്പകാലമുണ്ടായിരുന്ന മറ്റൊരു ജീവി,എവിടുന്നോ വന്നുകയറിയ ചാരനിറമുള്ള ഒരു പട്ടിയായിരുന്നു.മാധവൻകുട്ടി സാർ കാഞ്ഞിരത്തിന്റെ പട്ട ചോറിൽ കുഴച്ചു വച്ചതും തിന്ന് ആ പാവം രണ്ടുനാൾ ഉറങ്ങിപ്പോയന്നല്ലാതെ മറ്റൊന്നുമുണ്ടായില്ല.ഒടുവിൽ ഇത്തിരി മീനിന്റെ മണമെങ്കിലും കിട്ടാതെ വന്നപ്പോൾ സതിയെപ്പോലെ ഗതികെട്ട ജീവിതത്തിന് അത് തയാറായില്ല.വീടിന്റെ പിന്നിലെ പാടവും കടന്ന് അതങ്ങ്‌ പോയി.ഒന്നോ രണ്ടോ തവണ അത് കുരച്ചു, മാധവൻകുട്ടി സാറിന്റെ അതിരിൽ മൂത്രിച്ചു.അയൽ വീടുകളിലെ മീൻമണം രുചിച്ചാണ് സതി ചില ഉച്ചനേരങ്ങളിൽ ഉണ്ണാനിരിക്കുക.മാധവൻകുട്ടി സാർ ശുദ്ധ സസ്യാഹാരിയായിരുന്നു.

    പപ്പടക്കാരൻ ഓടിയ ദിക്കിലേക്ക് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മാധവൻകുട്ടി സാർ വീട്ടിലേക്ക് കയറി.തീൻമേശയിൽ സതി ഒരുക്കിവച്ചിരുന്ന പായസത്തിന്റെ കാരണം ശ്രദ്ധിക്കാതെ ഊണുപൊതിയുമായി തിടുക്കത്തിൽ നടന്നു.നിലത്തു കിടന്ന ഒരു പപ്പടപ്പൊതി ആ പോക്കിനൊപ്പം നിരത്തിലേക്ക് ചവിട്ടിത്തെറിപ്പിച്ചു.ഗേറ്റ് ശബ്ദത്തിൽ വലിച്ചടച്ച് താഴിട്ടു.ആവർത്തിച്ചഭിനയിക്കുന്ന ദുരന്തനാടകത്തിന്റെ അന്ത്യരംഗത്തിലെന്ന പോലെ സതി നിർവികാരയായി നിന്നു.

    നിരത്തിൽ നിന്നും ഒരു ചൂടൻ കാറ്റ് കയറി വന്നത് സാറിന് പകരമായിരിക്കാം.മേശവിരിക്കും അടുക്കിവച്ചിരുന്ന വിവിധനിറമുള്ള പേപ്പറുകൾക്കും അത് ചിറക് മുളപ്പിച്ചു.മാധവൻകുട്ടി സാറിന്റെ ഏറെ പ്രിയപ്പെട്ട കാപ്പിക്കപ്പ് നിലത്തു വീണുചത്തു.സ്‌കൂളിലെ കലോത്സവത്തിന് കുട്ടികളുടെ നെഞ്ചിൽ പതിക്കുന്ന നമ്പറുകൾ എഴുതിയിരുന്ന പേപ്പറുകളാണവ.ജയിലധികാരിയെപ്പോലെ ആ നമ്പറുകൾ മാധവൻകുട്ടി സാറുതന്നെയാണ് എല്ലാ വർഷവും തയാറാക്കുന്നത്.അതിലേക്ക് നോക്കിയൊന്ന് ചിരിച്ചിട്ട്, സതി മുൻവാതിലും ചാരി അടുക്കളയിലേക്ക് പോയി.ചിതയ്ക്കരികിൽ  നിർത്തി വച്ചിരിക്കുന്ന സങ്കൽപ്പ ചടങ്ങുകൾ സാവധാനം പൂർത്തിയാക്കി.

   താനില്ലെങ്കിൽ സ്കൂളങ്ങ്‌ മുങ്ങിപ്പോകുമെന്നാണ് മാധവൻകുട്ടി സാറിന്റെ ചിന്ത.സ്‌കൂളിനും അതൊക്കെ ഇഷ്ടമാണ്.ചരിത്രത്തിൽ ഒരു ബിരുദാനന്തര ബിരുദവും അടുത്തിടെ കൂട്ടിച്ചേർത്തത്, സാമൂഹ്യശാസ്ത്രത്തിന്റെ ഒഴിവിലേക്ക് ഒരാളുടെ പ്രതിസന്ധി പരിഹരിക്കാനാണ്. അക്കാലത്തിറങ്ങിയ ഒരു സിനിമയെ അനുകരിച്ച് മാധവൻകുട്ടി സാറിന് 'ഹിറ്റ്ലർ' എന്ന പേര് ചരിത്രം പഠിപ്പിച്ചതിന്റെ ഭാഗമായി വന്നതല്ല. പ്രഥമ അധ്യാപിക സൂസന്ന ഏ.പിക്ക് പോലും മാധവൻകുട്ടി സാറിനെ പേടിയാണ്.നെറ്റിയിലേക്ക് വീണ മുടി,പഴുതാര മീശ,കുറുകിയ ശരീരം, അത്രയോളം തന്നെ നീണ്ട ആ ചൂരൽ.സാറിനെ മറികടന്ന് സ്‌കൂളിന്റെ മതിലിനടിക്കുന്ന നിറം പോലും അവിടെ തീരുമാനിക്കപ്പെട്ടിരുന്നില്ല.അങ്ങനെയും ഒരനുഭവവുമുണ്ട്.

    ഒരു ചാറ്റൽ മഴയോടൊപ്പം വന്ന കാറ്റ് മുൻവശത്തെ വാതിൽ തുറന്നിട്ടപ്പോഴാണ് സതിക്ക് മുറ്റത്ത് ചിതറിക്കിടക്കുന്ന സോളമന്റെ പപ്പടങ്ങളെക്കുറിച്ച്‌ ഓർമ്മ വന്നത്.മതിലിൽ സംശയത്തോടെ നാലഞ്ച് കാക്കകൾ, ഇല്ല ഹിറ്റ്ലറിന്റെ മുറ്റത്ത് അവയും വന്നിരിക്കില്ല.വീടിന്റെ പല കോണുകളിൽ തൂക്കിയിട്ടിരിക്കുന്ന കാക്കയുടെ പാതി ചിറക്, ഇടയ്ക്കിടെ പൊട്ടുന്ന ഓലപ്പടക്കം, പാതി ചിറകിന്റെ ഉടമയുൾപെടെ കൊല്ലപ്പെട്ട നൂറോളം കാക്കകൾ.മഞ്ഞ നിറമുള്ള കവണയുമായി ആ കുറുകിയ മനുഷ്യൻ പൂന്തോട്ടത്തിന്റെ ഒരു കോണിലുണ്ടാകുമെന്ന ഭയം അവയുടെ ചരിഞ്ഞനോട്ടങ്ങളിലുണ്ട്.  

     പപ്പടത്തിന്റെ പാക്കറ്റുകൾ അടുക്കാൻ തുടങ്ങിയപ്പോൾ ചിരിയുമായി സോളമന്റെ തല ഗേറ്റിൽ.
സതിയുടെ മറുചിരി 'താഴിട്ട ഗേറ്റിന്റെ കിളിവാതിൽ തുറന്നു കിടക്കുന്നെന്ന്' സോളമനോട് സൂചിപ്പിക്കുന്നു.മസാലരുചിയുള്ള സോളമന്റെ പപ്പടങ്ങൾ ഊണിൽ സതിക്ക് ആശ്വാസമായിരുന്നു. അടുക്കിയ കവറുകൾക്കായി സോളമൻ കൈനീട്ടി.

     "വരൂ.." സതി വീട്ടിനുളിലേക്ക് നടന്നു.കൃത്യമായ തുക നീട്ടുമ്പോൾ സോളമന്റെ നുണക്കുഴിയിൽ നിറഞ്ഞ ചിരി.
     "എന്തിനാണ് സാറ് തന്നെയും തല്ലാൻ നോക്കിയത്..?"ആ തല്ലലിൽ ഒട്ടും പുതുമയില്ലെന്നും, 'ആദ്യമായി കാണുന്ന സോളമനുമായി എന്തായിരിക്കും സാറിന്റെ പ്രശ്നം' എന്ന കൗതുകവും അവരുടെ ചോദ്യത്തിലുണ്ടായിരുന്നു..
    "സാറെന്നെയും പഠിപ്പിച്ചതാ..." സോളമന്റെ ചിരിയുടെ ആഴമല്പം കുറഞ്ഞതും,നെറ്റിയിലെ നീണ്ട മുറിവിൽ ചുളവുണ്ടായതും സതി ശ്രദ്ധിച്ചു.
    "സ്‌കൂളിലിന്ന് കലോത്സവത്തിന്റെ ടെൻഷനുണ്ടാകും അതാണ് സാറിങ്ങനെ" ഒരല്പം ആശ്വാസം, ന്യായീകരണവും ചേർത്ത്  സതി സോളമന്റെ നേർക്കയച്ചുനോക്കി..
     "ഇന്നും അതേ നശിച്ച കലോത്സവദിനമാണോ..." സോളമൻ പാതിയിൽ നിർത്തി,അവന് തൊണ്ടയിടറി.ആകാശം വല്ലാതെ കറുത്തതും അവന്റെ മുഖത്തു നിന്നും ഒരു തുള്ളി പടിയിലേക്ക് വീണതും സതി കണ്ടു.

      "ഇരിക്ക് ഇനിയിത് തോർന്നിട്ട് പോകാം."മുറ്റത്ത് 'അതേ'യെന്ന താളത്തിൽ മഴ വന്നുവീണു. സതി അടുപ്പിൽ ചായയ്ക്ക് വച്ച വെള്ളത്തിന്റെ തിളനില നോക്കി,സോളമന്റെ ഉള്ളു കണ്ടു.മഴയിലേക്ക് കണ്ണു നീട്ടിയിരിക്കുന്ന സോളമന്റെ കൈ,കവിളിലെ നനവ് മായ്ക്കുന്നത് അവർ നോക്കി. ചായയുമായി വരുമ്പോൾ നിലത്ത് പൊട്ടിക്കിടന്ന ചില്ലുകളിൽ കാലുവയ്ക്കാതെ കവച്ചു കടക്കാൻ സതി പ്രത്യേകം ശ്രദ്ധിച്ചു.ചായ വാങ്ങുമ്പോൾ സോളമന്റെ കൈ വിറയ്ക്കുന്നു.സതി അവനെ തൊട്ടു,ഒരു പുഞ്ചിരി.ആകാശത്ത് ഒരു കൊള്ളിയാൻ.കണ്ണടച്ച് വിരലുകൾ ചെവിയിൽ ചേർത്ത് കൊള്ളിയാൻ കാത്തിരിക്കുന്ന സതിയിൽ കൗമാരത്തിന്റെ മിന്നൽ.സോളമന്റെ നുണക്കുഴി മെല്ലെ വിടർന്നു.

    "സാറിന്റെ ഒപ്പം കഴിഞ്ഞിട്ടും ഇതിനെയെല്ലാം ഭയമാണോ..?" സോളമന്റെ കഥയിലേക്ക് കടന്നു ചെല്ലാൻ സതിക്ക് അതൊരു അവസരമായി.
     "അന്ന് ആ നശിച്ച കലോത്സവത്തിന് എന്താണുണ്ടായത്..?"സതി മഴയിലേക്ക് നോക്കി. സോളമന്റെ കവിളിനുള്ളിൽ കാപ്പിയുടെ ചൂട് സംശയിച്ചു നിന്നു,കണ്ണുകൾ പിന്നെയും പെയ്യുന്നു. സതി അവന്റെ നെറ്റിയിലൂടെ നീണ്ടമുടിയിൽ പതിയെ തലോടി.തൊണ്ടമുഴയിൽ തട്ടി ചൂടൻ കാപ്പി ആഴത്തിലേക്ക് ഒഴുകി.

  "ഹിറ്റ്ലർ, അതാണ് മാധവൻകുട്ടി സാറിന്റെ ഇരട്ടപ്പേര്, ഞാനൊരിക്കലും അങ്ങനെ വിളിച്ചിരുന്നില്ല." കഥയെ പ്രോത്സാഹിപ്പിക്കാൻ സതിയുടെ കണ്ണുകൾ വിടർന്നു. 'ഹിറ്റ്ലർ മാധവൻകുട്ടി ' അവരുടെ ചുണ്ടുകൾ അതാവർത്തിച്ചു.

      "അന്നും കലോത്സവത്തിന്റെ ചാർജ്ജ് സാറിനായിരുന്നു.ഞാനന്ന് പത്തില്.ഒപ്പമിരിക്കുന്ന ആരെക്കാളും മൂന്നു വയസ്സിന്റെ കൂടുതൽ പാകത എനിക്ക് വന്നിരുന്നു.എട്ടും ഒമ്പതും കടന്നുകൂടാൻ വൈകി.അന്നും ഇതേ വെള്ളിയാഴ്ച്ച തന്നെ.ഉച്ചയ്ക്ക് ഒരു മണിക്കൂർ ഇടവേള കിട്ടി. വേദിയിലെ മൈക്ക് എന്തു ശബ്ദവും വിഴുങ്ങാൻ കാത്ത് കിടക്കുന്നു.അതിൽ 'ഹിറ്റ്ലർ മാധവാന്ന്' ആരോ നീട്ടിക്കോരി ഒഴിച്ചിട്ട് ഓടിക്കളഞ്ഞു.സ്‌കൂളിന്റെ തൂണിനും അതുകേട്ട് നിർത്തലില്ലാതെ ചിരി. 

        കവിതാ മത്സരത്തിലെ അവസാനവരിയിൽ തൂങ്ങി ഞാനപ്പോൾ പത്ത് ബിയിൽ,അല്ല വേദി നമ്പർ ആറിൽ,ഞാൻ മാത്രമല്ല അവളുമുണ്ടായിരുന്നു..." സോളമൻ ഒരു കള്ളച്ചിരിയോടെ അടുത്ത കവിൾ കാപ്പിനിറച്ചു. അതിനെയും കവിളിനുള്ളിൽ അല്പനേരം നിർത്തി.സതിയുടെ നോട്ടം അവന്റെ തൊണ്ടമുഴയിലേക്ക് ഊർന്നിറങ്ങി.

     "മുഖ്യവേദിയിലെ മൈക്കിന്റെ മുന്നിലേക്ക് സൂസന്ന ടീച്ചറാണ് എന്നെയന്ന് കൊണ്ടുനിർത്തിയത്.  ഞാൻ പാടിയത് അവൾക്കു വേണ്ടിയായിരുന്നു.." സോളമൻ അടുത്ത കവിള് നിറയ്ക്കാൻ കാപ്പിക്കപ്പ് അടുപ്പിച്ചു.അരുതെന്ന് സതിയുടെ ആഗ്രഹം ചുണ്ട് പ്രാർത്ഥിച്ചു.കാപ്പിക്കപ്പ് താണു. കവിളിൽ നിറഞ്ഞു നിന്ന ആ പാട്ട് പുറത്തു വന്നു.അവന്റെ മുന്നിലപ്പോൾ പാട്ട് കേൾക്കാനുള്ള 'ഒരുവൾ' നിൽക്കുന്നതായി സതിക്ക് തോന്നി.അത്ര സുന്ദരമായിരുന്നു ആ നേരം സോളമന്റെ മുഖം. 
      "മഞ്ഞലയിൽ മുങ്ങിത്തോർത്തി, 
       മധുമാസ ചന്ദ്രിക വന്നു.
       നിന്നെമാത്രം കണ്ടില്ലല്ലോ നീ മാത്രം..."സോളമന്റെ പാട്ട് നിന്നു. ബാക്കിയുള്ള കാപ്പി ഒറ്റവലിക്ക് കുടിച്ചു.കവിളിലും തൊണ്ടയിലും കാപ്പിയുടെ വേഗത.കാപ്പിക്കപ്പ് പിടിച്ചുവാങ്ങിയ സതി അടുക്കളയിലേക്ക് ഓടി.ഒരു പാത്രത്തിൽ പപ്പടവും പൂക്കളുടെ ഡിസൈനുള്ള ഗ്ളാസു നിറയെ പായസവുമായി വന്നിരുന്നപ്പോഴും സോളമൻ കുനിഞ്ഞ അതേ ഇരിപ്പ്.സതി അവന്റെ മുഖം പിടിച്ചുയർത്തി,കണ്ണിലും ഭീകരമായ മഴ.

       "പിന്നെന്തുണ്ടായി.."സതിയുടെ വാക്കുകളിൽ പതർച്ച.
       "മൈക്ക് ഊരിയെടുത്തു, സാറെന്റെ കവിളിൽ തല്ലി."സ്‌കൂളിന്റെ തരിച്ചുള്ള നില്പും പാട്ടുകേട്ടു നിന്നവളുടെ വീഴ്ചയും സതി സങ്കല്പിച്ചുനോക്കി.പപ്പടത്തിന്റെ ഒരു പാതി അവർ സോളമന്റെ നേർക്ക് നീട്ടി.
       "തിളച്ചതല്ലേ എന്റെ പ്രായം,ഞാനും കൈ..."മഴയുടെ തണുപ്പ്.സോളമന് തല കുനിഞ്ഞു. അവന്റെ നെറ്റിയിലെ ആഴമുള്ള മുറിവിന്റെ പാടിലേക്ക് സതിയുടെ വിരലുകൾ നീണ്ടുചെന്നു..
       "ഇതെങ്ങനെ..?"
       "അതൊരിക്കൽ ജയിലിൽ വച്ച്..." വിഷയം മാറ്റാനാണ് മുറിവിലേക്ക് തിരിച്ചതെങ്കിലും,ആ കഥ അപകടകരമായ ഒരു വളവിലേക്കാണ് പോകുന്നതെന്ന് സതി ഊഹിച്ചു.
       "ക്ഷമ പറയാൻ ക്ഷയരോഗിയായ അമ്മ വന്നിട്ടും, ആരൊക്കെ പറഞ്ഞിട്ടും ഹിറ്റ്ലർ യുദ്ധം അവസാനിപ്പിക്കാൻ തയാറായില്ല.തർക്കം മൂത്തപ്പോൾ അമ്മയെ 'എടീ...'യെന്ന് വിളിച്ചത് എനിക്കും സഹിച്ചില്ല. ഞാൻ സാറിന്റെ ഉടുപ്പിൽ ചുറ്റിപ്പിടിച്ചു.ദിവസം കൃത്യമായി ഓർമ്മയില്ല.രംഗങ്ങൾ മറക്കാൻ കഴിയുന്നില്ല.അതൊരു ഇളംനീലയിൽ വെള്ളവരയുള്ള ഉടുപ്പായിരുന്നു.അന്നു തന്നെ ഞാൻ സ്കൂള് വിട്ടു..."

      സതി കൃത്യമായി ആ ദിവസം ഓർത്തെടുത്തു.തന്റെ ശരീരവും മാധവൻകുട്ടി സാറുമായി രതിസുഖമുണ്ടാക്കിയ അവസ്സാനത്തെ ദിവസം.ഓരോ തവണ താഴ്ന്നു വരുമ്പോഴും "എടീ,എടീ.." എന്ന് പുലമ്പുന്നുണ്ടായിരുന്നു.ബട്ടൻസുകൾ അടർന്നു പോയ ആ ഇളംനീല ഉടുപ്പ് മുറ്റത്തിട്ട് തീയെരിച്ചത് രതിക്ക് ശേഷമാണ്.അന്നു തുടങ്ങി രണ്ട് മുറിയിലെ കട്ടിലുകൾ,അതിൽ ചുളിവു വീഴാത്ത കിടക്കവിരികൾ, വീട്ടിനുള്ളിലേക്ക് വീശുന്ന ഭീകരമായ മൗനം.സതി ഒന്നിളകിയ ശേഷം സോളമന്റെ അരികിലേക്ക് നീങ്ങിയിരുന്നു.

     "പട്ടാളത്തിൽ ചേരാൻ ഒരു സ്വഭാവസർട്ടിഫിക്കറ്റിന് ഒരിക്കൽ കൂടെ ഞാനാ സ്‌കൂളിൽ പോയിരുന്നു.സൂസന്ന ടീച്ചർ എഴുതിത്തുടങ്ങിയ സർട്ടിഫിക്കറ്റ് ഹിറ്റ്ലർ കീറിയെറിഞ്ഞു.പിന്നീട് ഒന്നിനും ഞാനവിടെ പോയിട്ടില്ല.അമ്മ മരിച്ചപ്പോൾ ഞാൻ കരഞ്ഞു.കഞ്ചാവ് കടത്തിയ കേസിൽ ഞാനും ജയിലിലായപ്പോൾ എന്നെക്കാണാൻ ആ സൂസന്ന ടീച്ചറെയും കൂട്ടിയാണ് ഹിറ്റ്ലർ വന്നത്. എന്നെ നോക്കി അയാൾ ഉറക്കെയുറക്കെ ചിരിച്ചു.പക്ഷേ,സൂസന്ന ടീച്ചർ കരഞ്ഞു." പായസത്തിന്റെ ഗ്ളാസ് സോളമന്റെ ചുണ്ടിനു മുന്നിൽ മടിച്ചുനിൽക്കുന്നു.

       "അവളോ..?"സതിക്ക് ആ ചോദ്യം പൂർത്തിയാക്കാനായില്ല.സോളമന്റെ 'അവൾ' ഒരിക്കലും ആത്മഹത്യ ചെയ്യാതിരിക്കാനുള്ള പത്ത് കാരണങ്ങളെക്കുറിച്ച് അവർ സങ്കല്പിച്ചു.സോളമൻ പോകാനെഴുന്നേറ്റു.സതി അവനെ തടഞ്ഞു.നനഞ്ഞ കണ്ണിലും നെറ്റിയിലെ മുറിവിലും പലതവണ തൊട്ടു..
       "ഇനിയും കരയുന്നവർ വിഡ്ഢികളാണ്.എല്ലാ മാസവും വരക്കൂട്ടുമായി ശാന്തിനികേതനിലേക്ക്    ഹിറ്റ്ലറിന്റെ ഒരു പോക്കുണ്ട്, ഇത്തവണ ഋതുക്കളാണ് അവർക്ക് പ്രദർശന വിഷയം.ഒരു വാരം ഈ കോട്ടയിൽ ഞാനൊറ്റയാകും,സ്വതന്ത്രയും.സോളമൻ വരണം.ആ പാട്ട് നമുക്ക് പൂർത്തിയാക്കണം. വരുമ്പോൾ ഒരല്പം മീനും കരുതുമോ..?"

    വൈകാതെ, ഇനിയും പെയ്യുമെന്ന താളത്തിൽ മഴ തോർന്നുതുടങ്ങി.ഗേറ്റിന്റെ കിളിവാതിലൂടെ കടന്നുപോകുന്ന സോളമൻ പപ്പടത്തിന്റെ ചില പൊതികൾ മുറ്റത്തേക്ക് വിതറിയത് ഹിറ്റ്ലറിന്റെ തൃപ്തിക്കും,തന്നെ ചോദ്യംചെയ്യലിലേക്ക് ഇറക്കി നിർത്താതിരിക്കാനുമെന്ന് സതി ഉള്ളിൽ വായിച്ചു. സ്നേഹപ്പെട്ട ചിലതൊന്നും നഷ്ടങ്ങളേ ആകുന്നില്ലല്ലോ,നല്ല വിലയിരുത്തലും നടത്തി.

   ഒരു തണുത്ത കാറ്റ് അടുക്കള വാതിലിലൂടെ കയറി വീടിനെ ഇക്കിളിപ്പെടുത്തി.ചിതറിക്കിടക്കുന്ന പേപ്പറുകളിൽ മാധവൻകുട്ടി സാറിന്റെ അരുത് കണ്ടിട്ടും അവർ അടുക്കിവച്ചു.പൊട്ടിയ കപ്പിന്റെ ചില്ലുകൾ മതിലിനോട് ചേർത്തിട്ടു.സോളമനെതിരായി സാക്ഷിയാകുമായിരുന്ന ഗേറ്റിന്റെ കിളിവാതിലും പൂട്ടിയിട്ടു.നിലത്തുകിടന്ന് 'പ്രേമ ചകോരി'ന്ന് അവരെ കളിയാക്കിയ പപ്പടങ്ങളിൽ ചവിട്ടാതെ അടുക്കളയിലേക്ക് നടന്നു. 

     തോൾസഞ്ചിയും കുറേ സർട്ടിഫിക്കറ്റുകളും ഇന്നിട്ടിരുന്ന ഉടുപ്പും മുറ്റത്ത് കൂട്ടിയിട്ട് കത്തിക്കുന്ന മാധവൻകുട്ടി സാറിന്റെ ചിതയിലേക്കാണ് സതി ഇറങ്ങിച്ചെന്നത്.അയാൾ തീയുടെ മുകളിലേക്ക് കൈ നീട്ടിപ്പിടിച്ച് പ്രതിജ്ഞപോലെ എന്തൊക്കെയോ ഉറക്കെയുറക്കെ വിളിച്ചു പറയുന്നുണ്ട്.  അതിനെതിരെ മതിലിന്റെ അപ്പുറത്ത് നിന്നും കാക്കകളുടെ കോറസ്.‌

     "ഒരു പീറപ്പെണ്ണിന് മിമിക്രി കാണിക്കാൻ ഈ മാധവൻകുട്ടിയോ.അതിലും ഭേദം രാജിവെച്ചങ്ങ്‌ പോകുന്നതായിരിക്കും.കൈയടിക്കാനും ചിരിക്കാനും കുറേയെണ്ണം.ആ സൂസന്നയായിരുന്നെങ്കിൽ." ഇനിയും കത്തിത്തീരാത്ത തന്റെ പഴഞ്ചൻ തോൾസഞ്ചിയുടെ ഒരു ഭാഗം തീയിലേക്ക് നീക്കിയിട്ടിട്ട്, മാധവൻകുട്ടി സാറ് ഉറക്കെയുറക്കെ വഴക്കിടുന്നത് സ്‌കൂളിനോടോ വീടിനോടോയെന്നെ സംശയം സതിക്കുണ്ടായി.

    മാനേജർക്ക് രാജിക്കത്തു നൽകിയശേഷം, നമ്മുടെ ഹിറ്റ്ലർ മാധവൻകുട്ടി 'ഒരു പീറപ്പെണ്ണിന്റെ മിമിക്രിയെന്നും' പുലമ്പിക്കൊണ്ട് തന്റെ കട്ടിലിലേക്ക് പടയുമായി ഇരച്ചുകയറുമോ ? അതോ, ആ സ്‌കൂളിന്റെ കടുത്ത ഉത്തരത്തിൽ കെട്ടിത്തൂങ്ങിച്ചാകുമോ.?. 
       സോളമൻ പാതിയിൽ നിർത്തിയ 'കളിത്തോഴൻ' സിനിമയിലെ ആ പാട്ടിന്റെ താളത്തിന് ചീരയരിയുന്ന സതിയുടെ ഇപ്പോഴുള്ള ചിന്ത അതാണ്..!! 

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636
 


വൈദ്യരത്നം

വൈദ്യരത്നം.

      നൂറ്റിയഞ്ചിന്റെ മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ കാക്കിയും തൊപ്പിയും കണ്ടപ്പോൾ രത്നൻ ആത്മഹത്യചെയ്തിട്ടുണ്ടാകുമെന്ന് അജിതൻ ഊഹിച്ചു.രത്നന്റെ മരണമോ,ആ മുറിയിൽ നിന്നും അവന്റെ ഇറങ്ങിപ്പോക്കോ അജിതന്റെ ഉള്ളിലെപ്പോഴുമുണ്ടായിരുന്നു.വിരമിക്കൽ ദിവസത്തിന്റെ ചടങ്ങുകൾ വേണ്ടെന്ന് വാശിപിടിച്ചത് നന്നായെന്ന് അയാൾക്കപ്പോൾ തോന്നി.അല്ലെങ്കിൽ കോളേജിലെ നാലഞ്ചു പേരെങ്കിലും ഒപ്പം വരും, അവരെ സത്കരിക്കണം, ചിലപ്പോൾ ഒറ്റയാനായി ലോഡ്ജ് ജീവിതത്തിന്റെ കഥകൾ പറയേണ്ടതായും വന്നേക്കാം.അതിനെല്ലാമുപരി രത്‌നനെ  സഹമുറിയനായി കണ്ടെത്തിയാലുള്ള വിശദീകരണങ്ങൾ വേറെയും.

    "സാറിതെന്തോന്നാ ചിന്തിച്ചു നിക്കണത്? നമ്മളെ രത്‌നൻ റോഡില് വീണു കിടക്കുകയായിരുന്നു. അവന്റെ കമ്പനിക്കാരും പോലീസും വന്നിട്ടുണ്ട്, സാറുചെന്നവരോട് രണ്ട് വാക്കെങ്കിലും പറ." അലവിക്കുട്ടി അജിതനെ വാക്കിലും കൈയിലും കൊരുത്ത് നൂറ്റിയഞ്ചിന്റെ ഉള്ളിലേക്കിട്ടു.

    അകത്ത് ആയുർകമ്പനി പ്രതിനിധികളും രണ്ട് പോലീസുകാരും.കട്ടിലിൽ ചാരിയിരിക്കുന്ന രത്‌നന്റെ അരയുടെ താഴേക്ക് പുതപ്പിച്ചിട്ടുണ്ട്.മുഖത്തിന് ഒരു കോണലും കുറച്ച് മുറിവുകളും. മൂലയിൽ അടുക്കിവച്ചിട്ടുള്ള ലേഹ്യങ്ങളും തൈലവും കമ്പനിയുടെ പേരുള്ള ബാഗും പരിശോധിക്കുന്ന ഒരു ചെറുപ്പക്കാരൻ.അലവിക്കുട്ടി അജിതനെ 'ചോദിക്ക് സാറേന്ന്..' പിന്നെയും നോക്കി.മുറിയാകെ രത്നന്റെ റബ്ബർ ഷൂസ് അഴിച്ചു വച്ചതിന്റെ രൂക്ഷഗന്ധം.കട്ടിലിന്റെ അടിയിലുണ്ടായിരുന്ന തലേന്നത്തെ മദ്യക്കുപ്പി ഉരുട്ടിയെറിഞ്ഞ് ഒരു പൂച്ച പുറത്തേക്ക് പാഞ്ഞു. മരുന്നുകളും ബാഗും ബില്ലുമായി കമ്പനിക്കാർ പുറത്തേക്കിറങ്ങി.അലവിക്കുട്ടി അവരെ തടഞ്ഞു.

      "കൊറേക്കൊല്ലം നിങ്ങളുടെ മരുന്നുംകൊണ്ട് നടന്നതല്ലേ, എണീറ്റ് നിക്കാൻ കഴിയാതവന്നപ്പോൾ ഇവിടെ ഇട്ടിട്ട് പോകാനൊന്നും പറ്റത്തില്ല.എനിക്ക് വാടക തന്നോണ്ടിരുന്നത് കമ്പനിയാണല്ലോ. ഇനിയിപ്പോൾ അതൊക്കെ അങ്ങ്‌ നിർത്തിയ സ്ഥിതിക്ക് ആളെക്കൂടെ കൊണ്ടുപോണം.അതല്ലേ സാറേ ന്യായം..?" അലവിക്കുട്ടി പോലീസിനെയും അജിതനെയും ചേർത്ത് ചോദിച്ചു.അവരൊന്നിച്ച് 'അതേന്ന്' തലയാട്ടി.

      പോലീസുകാർ തൊപ്പി ശരിയാക്കി എഴുന്നേറ്റു."ബോഡി വീട്ടിലെത്തിക്കാൻ കമ്പനി ഏർപ്പാട് ചെയ്യണം" കേസുകെട്ട് തീർപ്പാക്കി ജീപ്പുവേഗത്തിൽ പുറത്തേക്ക് നടക്കുന്ന അവർക്കുനേരെ അലവിക്കുട്ടി പല്ലുകടിച്ചു.രത്നന്റെ കണ്ണിൽ ഭയം.കമ്പനിക്കാർ കട്ടിലിന്റെ കോണുകളിലായിട്ടിരുന്നു. ചെറുപ്പക്കാരൻ മാത്രം മാറിനിന്നു.രത്നന്റെ ഇടതുകൈ അപ്പോൾ നിലത്തേക്ക് വീണു.അലവിക്കുട്ടി അതെടുത്ത് പുതപ്പിനുള്ളിൽ വച്ചു.അജിതൻ അപ്പോൾ കാക്കിയൻ 'ബോഡി'പ്രയോഗത്തിന്റെ സാധുതയെക്കുറിച്ച് ചിന്തിച്ചു.

      "നാളെ ഈ ചെറുപ്പക്കാരൻ കമ്പനിവണ്ടിയുമായി വരും ,നിങ്ങള് കൂടെ.." കമ്പനിക്കരാർ അലവിക്കുട്ടി സമ്മതിച്ചു.ചെറുപ്പക്കാരൻ ബാഗും മരുന്നുകളും മൂലയിലേക്ക് വച്ചു.രത്നന്റെ നോട്ടം അലവിക്കുട്ടിയിലേക്ക് നീണ്ടു. 
      "എന്റെ വാടകയും തന്ന്, നിന്നെ വീട്ടിക്കൊണ്ടാക്കിയിട്ടേ ഞാനിവന്മാരെ വിടൂ..." കമ്പനിയുമായി താൻ ഉടമ്പടിയുണ്ടാക്കിയെന്ന് അലവിക്കുട്ടി ചിരിച്ചു.രത്നന്റെ മുഖത്തും ചിരിയുടെ വിളർച്ച.

     കഴിഞ്ഞ ദിവസം രാത്രിയിൽ, തന്നെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച രത്നന്റെ മുഖത്ത്‌ നോക്കാൻ പോലും അജിതന് കഴിഞ്ഞില്ല.ആ മുഖത്തുള്ള മുറിവുകളിൽ ആഴമുള്ള ഒന്ന് ഇസ്തിരിപ്പെട്ടികൊണ്ട് അജിതനുണ്ടാക്കിയതാണ്.ആറു വർഷമായി മുറിപങ്കിടുന്നു, ഇന്നേവരെ ഇങ്ങനെയുണ്ടായിട്ടില്ല.

      ഒരാഴ്ച മുമ്പാണ് രത്നൻ അജിതന്റെ ജോലിസ്ഥലത്തേക്ക് ബാഗും തൂക്കിച്ചെന്നത്.ലേഹ്യവും അരിഷ്ടവും തൈലങ്ങളും മേശകളിലേക്ക് നിരത്തി.തമിഴും സ്ത്രൈണതയും ചിരിയും ചേർത്ത് തകർത്ത കച്ചവടം.കുണുങ്ങിയ നടപ്പിൽ സഹപ്രവർത്തകരുടെ ഭിന്നകൗതുകം.വയറിളകിയതും ഛർദ്ദിക്കാൻ വന്നതും ചേർത്ത് പിറ്റേന്നുമുതൽ പരാതികൾ.കൈയിൽ കിട്ടിയാൽ തല്ലുമെന്ന ഭീഷണികൾ.ദ്രാഷാദിലേഹ്യം സേവിച്ച വിളർച്ചക്കാരി ആശുപത്രിയിലുമായി.കച്ചവടത്തിനിടയിൽ രത്‌നൻ വിദൂര പരിചയം പോലും കാട്ടിയില്ല, എന്നാലും കൂട്ടുപ്രതിയെന്ന തോന്നൽ അജിതനുണ്ടായി. അതെല്ലാം പറഞ്ഞു നോക്കിയിട്ടും രത്നനിൽ കൂസലില്ല.

       "നാളെയും ഞാൻ വരുന്നുണ്ട്"
       "അതൊന്നും വേണ്ട" പെട്ടെന്നാണ് ആക്രമണമുണ്ടായത്.ആറരയടിക്കാരന്റെ കൈയ്ക്കും ചുവരിനുമിടയിൽ അജിതൻ ശ്വാസം കിട്ടാതെ കുഴങ്ങി.കൈയിൽ കിട്ടിയതുകൊണ്ട് അടിച്ചതാണ്. ഈ വയസിനിടയിൽ ആദ്യമായാണ് അജിതൻ ഒരാളുമായി തല്ലുണ്ടാക്കുന്നത്.ബാഗും തൂക്കി രാത്രിയിൽ രത്നൻ ഇറങ്ങിപ്പോയതാണ്.പക്ഷേ, വെളുപ്പിന് മുറിനിറഞ്ഞ വളിനാറ്റം അടുത്ത കട്ടിലിൽ രത്നന്റെ സാന്നിധ്യമറിയിച്ചിരുന്നു.ഇന്നും രത്നന്റെ കമ്പനിറിച്ചാർജ്ജിംഗ് കേട്ടാണ് അജിതന് ഉണരേണ്ടിവന്നത്. 
     
       "ക്ളോസ് ദി നെഗറ്റീവ്, 
        റീച്ച് ദി പോസിറ്റീവ്, 
        സ്ക്രൂ ദി ഹെഡ് ആന്റ് റീഹാഷ്"ആവർത്തിച്ച് പറഞ്ഞുകൊണ്ട് മുറിയിലൂടെ എക്സിക്യൂട്ടീവ് സ്റ്റൈലിൽ നടക്കുന്ന രത്നൻ.ഒരേസമയം കസ്റ്റമറാകും വില്പനക്കാരനുമാകും.പലതരം കസ്റ്റമേഴ്‌സ് അതിൽ വിവിധ ഭാഷകൾ സംസാരിക്കുന്നവർ.ഒഴുക്കൻ താളത്തിൽ ഇംഗ്ലീഷ് തമിഴ് തെലുങ്കുകളിൽ മരുന്നുകളും,കഴിക്കേണ്ട വിധവും പഠിപ്പിക്കുന്ന എക്സിക്യൂട്ടീവ്.എത്ര നെഗറ്റീവ് കസ്റ്റമറിനെയും പോസിറ്റീവാക്കുന്ന ഉത്തരങ്ങൾ.പ്രസന്ന ഭാവം,ശബ്ദവ്യതിയാനം, ചിരി.ഒടുവിൽ പ്രോഡക്ട് നൽകി നന്ദിയും പറഞ്ഞുള്ള മടക്കം.ആ ഏകാംഗ നാടകം തീരുമ്പോൾ,വീണ്ടും റീച്ചാർജ്ജിംഗ്
      "ക്ളോസ് ദി നെഗറ്റീവ്, 
       റീച്ച് ദി പോസിറ്റീവ്, 
       സ്ക്രൂ ദി ഹെഡ് ആന്റ് റീഹാഷ്"മുഴക്കത്തിലുള്ള കൈകൊട്ടലിന്റെ അകമ്പടിയോടെ മഴയുടെ താളത്തിൽ ആ പറച്ചിൽ മുറുകി മുറുകി വരും.അതിന്റെ പാരമ്യത്തിൽ വച്ച് പെട്ടെന്ന്‌ വാതിൽ തുറന്ന് ഒറ്റപ്പോക്ക്.

     രത്നൻ കട്ടിലിന്റെ താഴേക്ക് വീഴുന്നതിന്റെ ശബ്ദത്തിലാണ് അജിതന്റെ ചിന്തകളഴിഞ്ഞത്.നേരം
വളരെ വൈകിയിരുന്നു.നാളെ രത്നനെ വീട്ടിലാക്കാൻ ഒപ്പമുണ്ടാകണമെന്ന് അജിതന് തോന്നി.താൻ ഇതുപോലെ വീണുപോയാൽ ആരാണ് തിരക്കിവരിക.? 'ബോഡി' എവിടേക്ക് കൊണ്ടുപോകും.?. ചോദ്യങ്ങളിൽ തൂങ്ങി അജിതന്റെ മനസ് പിന്നെയും യാത്ര തുടങ്ങി.

       ഞായറായാൽ രത്നൻ ലോഡ്ജിന്റെ മുറ്റവും അടിച്ചുവാരി വൃത്തിയാക്കും.ഇക്കാലത്തിനിടയിൽ വീട്ടിൽ പോകുന്നതിനെക്കുറിച്ചോ, വീട്ടുകാരെക്കുറിച്ചോ അവർ തമ്മിൽ സംസാരിച്ചിട്ടില്ല. മുറിക്കുള്ളിലും പുറത്തുമുള്ള സകല കക്കൂസും കുളിമുറിയും വൃത്തിയാക്കിയിടും.എതിർപ്പ് അവഗണിച്ച് അജിതന്റെ തുണികളും അലക്കിയിടും. ചിലപ്പോൾ അലവിക്കുട്ടിയും ഒപ്പം ചേരും.
       മൂന്നുമണിയോടെ രത്നൻ വേറെ മനുഷ്യനാകും.ഒരു കുപ്പിയും സ്വയമുണ്ടാക്കിയ ഇറച്ചിയുമായി ഒരിരുപ്പ്, ആറ് അല്ലെങ്കിൽ ഏഴിനോട് അടുപ്പിച്ച് കുപ്പി തീർക്കും.പിന്നീട്‌ കമ്പനിയുടെ കണക്കുകൾ എഴുതിക്കൂട്ടലാണ്.ബില്ലുകൾ പാസ്സായൽ ഫോണിലാകും.
         മറുപുറത്ത് മിണ്ടാനാകാത്ത ഒരാളായിരിക്കണം.ഒരു കാര്യം സംസാരിച്ച് എസ് എം എസിൽ മറുപടി വരാൻ കാത്തിരിക്കും.ചിരിയും സുരക്ഷാനിർദേശങ്ങളും ആശ്വസിപ്പിക്കലുമായി പത്തുമണി.അതും കഴിഞ്ഞാൽ മൂടിപ്പുതച്ച് കിടക്കുന്ന രത്നക്കുന്നിൽ നിന്നും കരച്ചിലുകൾ ഇറങ്ങിവരും.രത്‌നനെ കേന്ദ്രപാത്രമാക്കി എഴുതിയ 'വൈദ്യരത്നം' എന്ന കഥ, അജിതൻ മൂന്നോ നാലോ പതിപ്പുകളിലേക്കയച്ചു. മറുപടി കിട്ടാതായപ്പോൾ ഇപ്പോഴും തിരുത്തിയെഴുതുകയാണ്.

     "സാറിന് ഒറ്റയ്ക്ക് കിടത്താൻ കഴിയൂലെന്ന് എനിക്കറിയാം" കഞ്ഞിയുമായി അലവിക്കുട്ടി വന്നുകയറിയത് അജിതൻ അറിഞ്ഞില്ല.അലവിക്കുട്ടി രത്നനെ ഉയർത്താൻ ശ്രമിക്കുന്നു. 
      അഞ്ച് വർഷം ബാക്കിയുള്ളപ്പോൾ അജിതൻ സ്വയം വിരമിച്ചതിന്റെ ഒരു കാരണമിതാണ്. നടുറോഡിൽ പോലും ഓരോന്ന് ചിന്തിച്ച് നിന്നുപോകുന്നു.രണ്ട് തവണയാണ് വണ്ടി തട്ടാതെ കഴിച്ചിലായത്.പടികൾ കയറാൻ കഴിയുന്നില്ല.കുട്ടികളോട് ദേഷ്യമുണ്ടാകുന്നു. അതുമാത്രമല്ല രത്നനെ എത്രയും വേഗം മുറിയിൽ നിന്നൊഴിവാക്കി മനസിലിട്ടുവച്ച കഥകൾ പൂർത്തിയാക്കണം. ഇല്ലെങ്കിൽ അതെല്ലാം ഈ ഭ്രാന്തൻ മറവി തിന്നുതീർക്കും.ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു കഥ മതി, അല്ല ഒരു കഥയെങ്കിലും വേണം.

      "ഒന്നു കൈവയ്ക്കു സാറേ.." അലവിക്കുട്ടി കിതപ്പിനിടയിൽ അജിതനെ ക്ഷണിച്ചു.രത്നന്റെ 'ബോഡി' ഒരു കട്ടിലിൽ ഒതുങ്ങുന്നില്ല.അജിതൻ തന്റെ കട്ടിലും അതിനോട് ചേർത്തിട്ടു.അലവിക്കുട്ടി രത്നന്റെ തുണികളെല്ലാം ഒരു ബാഗിൽ തിരുകി വയ്ക്കുന്നു.ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും കൈയിൽ തടഞ്ഞ ഒരു സ്വർണ വളയിലൂടെ അലവിക്കുട്ടി രത്നനെ നോക്കുന്നു.വളയത്തിനുള്ളിലെ രത്നൻ എന്തൊക്കെയോ പറയാനും ശ്രമിക്കുന്നുണ്ട്.

     "നാളെ വണ്ടി കൊണ്ടുവരുന്നത് രത്നന് പകരം കമ്പനി പണിക്കെടുത്ത പയ്യനാണ്.ഈ സുരേഷ് ഗോപി മൂന്നുനാലു ലക്ഷം രൂപ കമ്പനിക്ക് കൊടുക്കാനുണ്ട്.."അലവിക്കുട്ടി പിന്നെയും എന്തൊക്കെയോ പറയുന്നു.
       
       സത്യത്തിൽ,രത്നനെ കണ്ടാൽ സുരേഷ് ഗോപിയുടെ ഛായയുണ്ട്.മിണ്ടിപ്പോയാൽ കിളിനാദം, ഗോപിയാൻ ഇമേജ് ഒലിച്ചുപോകും.ആക്ഷനിൽ താരമാണെന്ന് ഇന്നലെ തെളിയിച്ചു.രത്നന്റെ ചുണ്ടിലേക്ക് നീണ്ട കഞ്ഞിയിൽ അല്പം ചിരിയുപ്പും അജിതൻ ചേർത്തു.കവിളിൽ ഒലിച്ചിറങ്ങിയത് മറ്റേ കൈയുയർത്തി തുടയ്ക്കാൻ രത്നൻ ശ്രമിക്കുന്നു.
         ഒരു വശം പൂർണമായും തളർന്നിരിക്കുന്നു.രത്നൻ ഒന്നെന്ന് വിരലുയർത്തി,ഒരു ബക്കറ്റ് അലവിക്കുട്ടി കട്ടിലിന്റെ അടിയിലേക്ക് നീക്കിവച്ചു.രത്നനും ഉറങ്ങിയില്ല.അജിതൻ കഥയുമായി ഇരുന്നെങ്കിലും ഒരു വരിയും പുതിയതായി ഉണ്ടായിവന്നില്ല.മുഖ്യപാത്രത്തിന്റെ ബോഡിയും ഭാവിയും ഒരു ചോദ്യമായി.

      അലവിക്കുട്ടി വരുന്നതിന് മുമ്പ് രത്നന്റെ മുഖമൊന്ന് കഴുകാനുള്ള ശ്രമം അജിതൻ നടത്തി. കട്ടിലിനടിയിൽ വച്ചിരിക്കുന്ന ബക്കറ്റിൽ വീഴാതെ മഞ്ഞമൂത്രയട്ട തറയിലൂടെ പതിയെ ഒഴുകിവന്നു. കാറിലേക്ക് മാറ്റുമ്പോൾ അജിതനോട്, തനിക്ക് തൂറണമെന്നു പറയാനാണ് രത്നൻ ശ്രമിച്ചത്. വണ്ടിയിലിരിക്കുമ്പോൾ അജിതന്റെ നേർക്ക് രണ്ടെന്ന് വിരലുയർത്തിയത് ചെറുപ്പക്കാരനും കണ്ടു..

    "ഒറ്റ മണിക്കൂറിൽ ദേ അവിടെ എത്തും. നിങ്ങളെ സെറ്റിലാക്കി, ഈ മരുന്നുമായി കമ്പനിയിൽ ചെല്ലാനാണ് പറഞ്ഞിട്ടുള്ളത്.."രത്നൻ രണ്ടെന്നാവശ്യപ്പെട്ട വിരലുകൾ നിരാശയോടെ താഴ്‌ത്തി.

     "ക്ളോസ് ദി നെഗറ്റീവ്, റീച്ച് ദി പോസിറ്റീവ് സ്ക്രൂ ദി ഹെഡ് ആന്റ് റീഹാഷ്" ഇതാണ് നമ്മളെ കമ്പനി പഠിപ്പിച്ചത്.ചെറുപ്പക്കാരന്റെ പറച്ചിലിൽ അലവിക്കുട്ടി അത്ഭുതം കൂറുന്നു.രത്നന്റെ ചുണ്ടിൽ പരിഹാസം.അജിതന്റെ ഉള്ളിലെ കഥയിൽ തനിയാവർത്തനമുള്ള  ട്വിസ്റ്റുണ്ടായി. ചെറുപ്പക്കാരൻ കമ്പനിപ്പെരുമ ബ്രാഞ്ചുകളായും മരുന്നുകളാക്കിയും ആവേശത്തോടെ ഇറക്കിവിടുന്നു. ശമ്പളത്തിന്റെ കാര്യങ്ങളിലെത്തിയപ്പോൾ ഒരല്പം ശ്രദ്ധപാളി, വണ്ടി കുഴിയിലിറങ്ങി ഒപ്പം രത്നന്റെ വളിപൊട്ടി.ഉള്ളിൽ ആ നാറ്റം ഒന്നു കറങ്ങിയിട്ട് പുറത്തേക്കോടി.

     "വിൽവ്യാധി ബെസ്റ്റാ.."ചെറുപ്പക്കാരൻ കമ്പനി മരുന്നറിവ് തമാശയിൽ കലർത്തി വിട്ടു.
അതിനിടയിൽ രത്നന്റെ വീട്ടിലേക്ക് കമ്പനിവണ്ടി കയറിച്ചെന്നു.ഒരേ മുഖമുള്ള രണ്ടാൺകുട്ടികൾ ആദ്യവും, പിന്നാലെ വന്നത് രത്നന്റെ ഭാര്യയുമായിരിക്കും.അലവിക്കുട്ടി പുറത്തിറങ്ങി അവർക്ക് നേരെ നടന്നു.അജിതന്റെ കൈയിൽ രത്നൻ പ്രതീക്ഷയോടെ തൊട്ടു.

      "സാറേ,ഞാൻ കാര്യം പറഞ്ഞപ്പോൾ അവര് ഒരുമാതിരി..." അലവിക്കുട്ടിയുടെ ദേഷ്യം മാറിയിട്ടില്ല. വീടിന്റെ പുറകിൽ നിന്നൊരാൾ നടന്നു വരുന്നു.അതുകണ്ടിട്ട് രത്നന്റെ ചുണ്ട് അല്പംകൂടെ കോടിപ്പോയി.എന്തൊക്കെയോ പിറുപിറുക്കുന്നു.അജിതൻ ആ മനുഷ്യന്റെ അടുത്തേക്ക് നടന്നു. കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ തലയിലെ കെട്ടഴിച്ച് തോളിലിട്ട്, ചായ്പ്പിൽ തൂങ്ങിയ ഉടുപ്പെടുത്ത് അയാൾ പുറത്തേക്ക് നടന്നു.പോകുന്നതിനിടയിൽ കാറിന്റെ പിൻസീറ്റിലേക്ക് ചരിഞ്ഞൊന്ന് നോക്കി. രത്നന്റെ തല കുനിഞ്ഞു.ചെറുപ്പക്കാരൻ ഫോണിലെന്തോ തമാശകൾ ആസ്വദിച്ചു ചിരിക്കുകയായിരുന്നു.

     "ഇവിടാരെക്കാണിക്കാൻ കൊണ്ടുവന്നത്, അയാള് കുടിച്ചും പെണ്ണുപിടിച്ചും കെടന്ന ലോഡ്ജിന്റെ മുന്നിലും ഞാനെത്ര പ്രാവശ്യം വന്നിട്ടുണ്ട്. ആ മനുഷ്യൻ ഈ പിള്ളേരെയും കൊണ്ട് വന്നില്ലെങ്കിൽ എന്റെ ഗതിയെന്തായിരുന്നു..." അവർ കുട്ടികളെ തന്നിലേക്ക് ചേർത്തുനിർത്തി.

     "അച്ഛൻ ആ കലുങ്കിന്റെ മോളില്ക്കാണും ,നിങ്ങൾ ഈ വെള്ളം കൊണ്ട് കൊട്.." ഒരേ മുഖമുള്ള കുട്ടികൾ അതുമായി റോഡിലേക്ക് നടന്നു.അവർ കാറിനുള്ളിലേക്ക് നോക്കി,കണ്ണാടിയിൽ തൊട്ടു. ചെറുപ്പക്കാരൻ അവരെ നോക്കി കണ്ണുരുട്ടി.രത്നനെ അവരും കണ്ടിട്ടുണ്ടാകും.
        ആ സ്ത്രീ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി,പിന്നാലെ ഒരു കൂട്ടം തുണികൾ ബാഗോടെ വീടിന്റെ പുറത്തേക്ക് വന്നുവീണു.ചുവന്ന പട്ടുസാരിയും വിവാഹഫോട്ടോയും അജിതൻ ശ്രദ്ധിച്ചു. ചെറുപ്പകാലത്ത് രത്നൻ സുരേഷ്ഗോപിയേക്കാൾ സുന്ദരനായിരുന്നു.'മറ്റൊന്നുമാകില്ല, നിന്റെ പെണ്ണു പറയുന്നതാണ് ശരിയായ നീ' അജിതന് കഥയിലെഴുതാൻ നല്ലൊരു വരിയുണ്ടായി.

     "എന്തായി സാറെ.."അലവിക്കുട്ടി പാഞ്ഞുചെന്ന് അജിതന്റെ തോളിൽ തൊട്ടു.അവർ വണ്ടിയിലേക്ക് നടക്കുമ്പോൾ, കുടയും നെഞ്ചിൽ അമർത്തിപ്പിടിച്ച് തലകുനിഞ്ഞ ഒരു പെൺകുട്ടി നടന്നു വരുന്നു. കാറിനുള്ളിലേക്ക് അത്ഭുതത്തോടെ നോക്കുന്നു.വാതിൽ വലിച്ചു തുറക്കാൻ ശ്രമിക്കുന്നത് കണ്ട്, ചെറുപ്പക്കാരൻ പുറത്തിറങ്ങി കച്ചവടച്ചിരിയോടെ തുറന്നു കൊടുക്കുന്നു.
പെൺകുട്ടി രത്നനെ തൊട്ടു.വീട്ടിനുള്ളിൽ പാത്രങ്ങൾ വീഴുന്ന ശബ്ദം.'ഉമേന്ന്...' നീണ്ട ഒരു വിളി. പെൺകുട്ടി അകത്തേക്ക് ഓടിപ്പോയി.ചെറുപ്പക്കാരന്റെ മുഖത്ത് നിരാശ.പെൺകുട്ടിക്ക് രത്നന്റെ നിറവും ഉയരവും ഭംഗിയുമുണ്ടായിരുന്നു.

     കാറിലേക്ക് കയറിയ അലവിക്കുട്ടി എന്തൊക്കെയോ പിറുപിറുക്കുന്നു.തല കുനിച്ചിരിക്കുന്ന രത്നന്റെ മുണ്ടിലേക്ക് കണ്ണീര് വീണ് പൂക്കുന്നു.പൂക്കലിന് ഏങ്ങലുകളുടെ പശ്ചാത്തല സംഗീതം.

   "ഇനി എങ്ങനാ.? എനിക്ക് കമ്പനിയിൽ..."
   "ഫാ, പുല്ലേ വണ്ടിയെടുക്കെടാ..." അജിതൻ സുരേഷ് ഗോപിയെ അനുകരിച്ചു. 
   "അലവി, ഇനിമുതൽ നിന്റെ വാടക ഞാൻ തരും.." അലവി അത് കേട്ടോ എന്നറിയില്ല.വീടിന്റെ ഇടതുവശത്തെ ജനാലയിൽ ആ പെൺകുട്ടി ഫോണും ചെവിയിൽ ചേർത്ത് നിൽക്കുന്നു.രത്നന്റെ ബാഗിനുള്ളിൽ നിന്നും അതിന്റെ വിതുമ്പലുകൾ കേൾക്കാം..

     കമ്പനിവണ്ടി പുറത്തേക്കിറങ്ങുമ്പോൾ കലുങ്കിന് മുകളിൽ ബീഡിയും വലിച്ചിരിക്കുന്ന ആ മനുഷ്യൻ നെഞ്ചിൽ കൈ ചേർത്ത് എന്തിനാണ് എഴുന്നേറ്റ് നിന്നത്.?.കുട്ടികൾ പിന്നിലെ വയലിന് അഭിമുഖമായി ഇരിക്കുന്നു.അങ്ങ്‌ ദൂരെ അസ്തമയം.ആ മനുഷ്യൻ വെള്ളം കുടിച്ച പാത്രം കുട്ടികളുടെ ഇടയിൽ കമഴ്ത്തി വച്ചിട്ടുണ്ട്.

     വണ്ടി മൂന്നാമത്തെ വളവ് കഴിഞ്ഞപ്പോൾ രത്നനിൽ ഒന്നിടവിട്ട് കുറേ വളികളുണ്ടായി. കാറിനുള്ളിൽ തീട്ടത്തിന്റെ രൂക്ഷ ഗന്ധം നിറഞ്ഞു.രത്നൻ മുന്നിലേക്ക് കമഴ്ന്നു വീഴുന്നു.
         "തൂറിപ്പോയെന്നു തോന്നുന്നു".അജിതൻ രത്നനെ തൊട്ടുനോക്കി.തണുപ്പ്.
         "ടാ, അലവീ...." ആ വിളിയിൽ ചെറുപ്പക്കാരനും കാര്യം മനസിലായി.കമ്പനിവണ്ടി വീണ്ടും  വീടിന്റെ മുറ്റത്ത് കണ്ട ഒരേമുഖമുള്ള കുട്ടികൾ അകത്തേക്ക് കയറി നിന്നു.മതിലിനോട് ചേർന്ന ഒരിടത്ത് കൂട്ടിയിട്ട തീയിൽ ആ ചുവന്ന പട്ടിന്റെ ബാക്കി അജിതൻ കണ്ടു.വിവാഹ ഫോട്ടോയിൽ നിന്നുള്ള പുകചുറ്റിയതാകാം ആ സ്ത്രീ കണ്ണ് തുടയ്ക്കുന്നു.ആ മനുഷ്യൻ പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അജിതൻ തടഞ്ഞു നിർത്തി.

     "പോയി..."
      "ഉം" 
        ഒരു വാക്കിനും മൂളലിനുമിടയിൽ വലിയ മാറ്റങ്ങളുണ്ടായി.ആ സ്ത്രീയും മനുഷ്യനും കാറിന്റെ പിന്നിലേക്ക് വേഗത്തിൽ നടക്കുന്നു.മുഖത്ത് വിഷാദം വന്നിട്ടുണ്ട്. പെൺകുട്ടി വാതിലുവരെ വന്നിട്ട് രത്നനെ എല്ലാവരും ചേർന്ന് എടുത്തിറക്കുന്നതു കണ്ടിട്ട് വേഗത്തിൽ അകത്തേക്ക് പോയി.ഒരേ മുഖമുള്ള കുട്ടികൾ മൂക്കുപൊത്തി.ആ സ്‌ത്രീ അവരെ ഓടിച്ചുവിട്ടു.
      
      കിണറ്റിനോട് ചേർന്ന അലക്കുകല്ലിലിരുത്തി അലവിയും ആ മനുഷ്യനും രത്നനെ കുളിപ്പിക്കുന്നു. ചെറുപ്പക്കാരൻ മൂക്കുപൊത്തി കമ്പനിവണ്ടി വൃത്തിയാക്കുന്നത് കണ്ട കുട്ടികൾ ചിരിപൊത്തി നിൽക്കുന്നു.അജിതൻ ചാരിയിരിക്കുന്ന ചുവരിലെ ജനാലയുടെ അപ്പുറത്ത് ആ പെൺകുട്ടിയുടെ ഞരക്കം.ബാഗിനുള്ളിലെ രത്നന്റെ ഫോണെടുത്ത് തന്റെ പോക്കറ്റിലിട്ടിട്ട്, ജനാലയോട് ചേർന്നുനിന്ന അജിതൻ ഒന്നു ചുമച്ചു.പെൺകുട്ടി ഇറങ്ങി വന്ന് ബാഗു വാങ്ങി,അവർക്കിടയിൽ വേദനയിട്ട ഒരു നോട്ടമുണ്ടായി.തനിക്കിനി ആരെന്ന അജിതന്റെ കടം 'കഥ'യ്ക്ക് ഉത്തരമുണ്ടായോ.?
       അകത്തെ മുറിയിൽ വിരിച്ചിട്ട വാഴയിലയോട് ചേർത്ത് വിളക്ക് വയ്ക്കുന്ന ആ സ്ത്രീ.അജിതൻ പുറത്തേക്ക് നടക്കുമ്പോൾ ചെറുപ്പക്കാരന്റെ തെറികേട്ട കുട്ടികൾ വീടിന്റെ പിന്നിലേക്ക് ഓടി. ഇരുണ്ട ജനാലയോട് ചേർന്നു നിൽക്കുന്ന പെൺകുട്ടിയെ അജിതൻ വീണ്ടും വീണ്ടും നോക്കി.

    ചുവന്ന പട്ടുസാരി വെന്തുതീരാത്ത ഭാഗത്ത് ചിതയൊരുക്കാനുള്ള സ്ഥലം നിരപ്പാക്കുന്ന ആ മനുഷ്യൻ, തലയിലെ തോർത്തഴിച്ച് അജിതനോട് എന്തോ പറയാനുള്ള ശ്രമം നടത്തി.പ്രതീക്ഷിച്ച നോട്ടമെത്താതെ നിരാശനായി, നെഞ്ചിലെ ഉഷ്ണത്തിലേക്ക് ആ തോർത്തുവീശി.  

    തലകുനിച്ച് റോഡരികിലൂടെ വളരെ വേഗത്തിൽ നടക്കുന്ന അജിതന്റെ ഒപ്പമെത്താൻ അലവിക്കുട്ടി ഓടാൻ തുടങ്ങി.ചെറുപ്പക്കാരന്റെ കമ്പനിവണ്ടി എതിർദിശയിലേക്ക് നിശബ്ദമായി പോകുന്നതും അലവിക്കുട്ടി കണ്ടു.അജിതന്റെ കരച്ചിൽ നിരത്തിലേക്ക് തെറിച്ചു വീഴുന്നുണ്ട്.   
     പോക്കറ്റിൽ കിടന്ന രത്നന്റെ ഫോണിലേക്ക് അപ്പോൾ ഒരു വിളിയുടെ വിതുമ്പലിറങ്ങി വന്നു. ഉമയെന്ന പേര് വായിച്ച അജിതൻ,സ്‌നേഹത്തോടെ ആ പെൺകുട്ടിയോട് 'മോളേന്ന്' സംസാരിച്ചു തുടങ്ങി..!!

സാങ്കേതികമായ ഒരടിക്കുറിപ്പ്‌.
          പ്രിയ വായനക്കാരാ, ഈ കഥ ഞാനെഴുതിയതല്ല.നൂറ്റിയഞ്ച് വൃത്തിയാക്കുന്നതിനിടയിൽ കണ്ണാടിയുടെ പിന്നിലിരുന്ന് കിട്ടിയതാണ്.ശ്രീമാൻ അലവിക്കുട്ടിയോടും കാര്യങ്ങൾ തിരക്കി. അത്തരത്തിലൊരു സംഗതിയെക്കുറിച്ചോ,അജിതനെന്ന വ്യക്തിയെപ്പറ്റിയോ അറിയില്ല, എന്നാണ്  അദ്ദേഹം പ്രതികരിച്ചത്.നിങ്ങൾ 'വൈദ്യരത്നം' വായിക്കണമെന്ന് എനിക്ക് തോന്നി.എഴുതിയവന്റെ അടയാളപ്പെടുത്തലെന്ന നിലയിൽ ഈ പതിപ്പിലേക്ക് അയയ്ക്കുകയായിരുന്നു.
 

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

പാവാക്കൂത്ത്.!

പാവക്കൂത്ത്

   അജിത വക്കീൽ ഫോണും ചെവിയിൽ ചേർത്തുപിടിച്ച് വീടിനു പുറത്തേക്കോടി.ഗേറ്റിൽ തൂക്കിയിട്ടിരുന്ന 'അജിത ക്ളീറ്റസ് എം.എ.എൽ.എൽ.ബി' ബോർഡ് അടർത്തിയെടുത്ത് ഡോക്ടർ പട്ടിബാബുവിന്റെ പറമ്പിലേക്കെറിഞ്ഞു.കന്നിമാസത്തിനോട് കൊരുത്തുനിന്ന നായിണകളെയും പ്രണയം മൂത്തിട്ട് ഊഴം കാത്തിരുന്ന് വാലാട്ടുന്ന ആണുങ്ങളുടെയും രംഗങ്ങൾ ആസ്വദിച്ചങ്ങനെ നിൽക്കുകയായിരുന്നു പട്ടിബാബു.അവൾക്ക് അയാളോട് വെറുപ്പുതോന്നി.പക്ഷേ, ഏക അയൽക്കാരിയായ അജിത വക്കീലിന്റെ പെണ്ണേറും തിടുക്കംപിടിച്ച നടപ്പും അയാളിലാകെ താടിചൊറിഞ്ഞ ആ പതിവ് ചിരിയേ ഉണ്ടാക്കിയുള്ളൂ.

   മുറ്റത്തു വന്നുവീണ 'എം.എ.എൽ.എൽ.ബിയെ' ഡോക്ടർ പട്ടിബാബു വീടിനോട് ചേർത്തിട്ടു.
കുറച്ചപ്പുറത്ത് നഗരത്തിലേക്കുള്ള ബസും കാത്തുനിൽക്കുന്ന അജിതയെ അയാൾ നോക്കി. അവളുടെ ചുണ്ടിലെ പിറുപിറുപ്പുകളും വായിച്ചു. ഇന്നലെയും ആ വീട്ടിൽ ഒന്നിച്ചു ജീവിച്ചിരുന്ന 'അജിതാ ക്ളീറ്റസി' നെയാകാം അവൾ വലിച്ചെറിഞ്ഞതെന്ന് അയാളൂഹിച്ചു.വാലാട്ടിനിന്ന ഒരു കുഞ്ഞൻ നായയെ മടിയിലിരുത്തി തലോടിക്കൊണ്ട് സുന്ദരിയായ വക്കീലിന്റെ, ജീവിതം ഉള്ളിൽ വീണ്ടും തുറന്നുവച്ചു . 

    ഏഴെട്ടു വർഷം മുൻപാണ്, ഈ നായിണകളെക്കാൾ പ്രണയം മൂത്ത് 'മതംപൊട്ടിച്ച്' കൈകൾ കൊരുത്തുവന്ന ചെറുപ്പക്കാർ.ഒരു വക്കീലും ഒരു വാദ്യാരും.കന്നട നാട്ടിലെ ഈ അതിർത്തി ഗ്രാമം അവർക്കൊരു ഒളിത്താവളമായി.അയൽക്കാരനായി  ഭ്രാന്തൻ ഡോക്ടർ മാത്രമുള്ള നാട്ടിൽ നിന്നും അവരുടെ ടൂവീലർ നൂറും നൂറ്റിപത്തും പ്രണയവേഗത്തിൽ നഗരത്തിലേക്ക് പാഞ്ഞു.

    ആദ്യ വർഷങ്ങളിൽ അന്യോന്യം മക്കളായ നാളുകൾ.പട്ടിബാബുവിന്റെ ചികിത്‌സയിൽ പലപല മരുന്നുകൾ.അലാറം വച്ചുള്ള ഉണർച്ചകൾ.നേർത്ത തുണി സ്‌ക്രീനിന്റെ മറവിൽ അയാളുടെ നിർദ്ദേശമനുസരിച്ച വരണ്ട രതികൾ.ദേവാലയങ്ങൾ. ഒടുവിൽ ചിരികളെല്ലാംകെട്ട് ബൈക്കിന്റെ വേഗതയും കെട്ടിപ്പിടിച്ച  ഇരുപ്പുകളും കുറഞ്ഞില്ലാതെയാകുന്നതും കാണാൻ അയാളല്ലാതെ അധികമാരുമുണ്ടായിരുന്നില്ല. 

    അജിത എത്താൻ വൈകിയ ഒരു ദിവസം ക്ളീറ്റസിനാണ് രഹസ്യ അതിഥിയുണ്ടായത്, അവന്റെ അമ്മ തടിച്ചുകൊഴുത്ത വെറോണിക്ക.അവർ മകനോട് സത്യവേദപുസ്തകം തുറന്ന് നല്ല നിലത്ത് വീഴാത്ത,പാറപ്പുറത്ത് വിതച്ച വിത്തിന്റെ ഉപമകൾ പറഞ്ഞുകൊടുത്തു.മുടിയനായ പുത്രനെപ്പോലെ വീട്ടിലേക്ക് മടങ്ങി വരാൻ ഉപദേശിച്ചു. കഴിഞ്ഞ ദിവസം ബൈക്കിൽ അമ്മയെ പിന്നിലിരുത്തി പ്രണയമതം മായിച്ച് ക്ളീറ്റസ് പോയതും പട്ടിബാബുവിന്റെ മുന്നിലൂടെയാണ്.വെറോണിക്ക ക്ളീറ്റസിനെ കെട്ടിപ്പിടിച്ചിരുന്നു.അജിതയെക്കുറിച്ച് അയാൾ ഇന്നലെയും ഒരുപാട് നേരം ചിന്തിച്ചു. 

     ബസ് കാത്തിരുന്ന അജിതയ്ക്ക് തന്റെ വീടിനെ ഒന്നു നോക്കണമെന്ന് തോന്നി.ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്ന പട്ടിബാബു.അല്ലെങ്കിൽ അയാളുടെ നായ്ക്കൾ അവിടെ കയറിയിറങ്ങി നടക്കും.ആ മനുഷ്യനിപ്പോൾ തന്റെ കഥയിലേക്ക് നടക്കുകയാണെന്ന് അവളും ഊഹിച്ചു.ക്ളീറ്റസ് വീടുവിട്ട് ഇറങ്ങിയപ്പോൾ അയാളോടെങ്കിലും യാത്ര പറഞ്ഞിട്ടുണ്ടാകുമോ.? എങ്കിൽ.? പ്രതികാരമെന്നോണം അയാളുടെ ചരിത്രവും അജിത വക്കീൽ വിചാരണക്കൂട്ടിനുള്ളിലേക്ക് കയറ്റിനിർത്തി.

   കുട്ടികളില്ലാത്തതിന് വീട്ടിലേക്ക് നായ്ക്കുട്ടികളെ കൊണ്ടുവന്ന ഡോക്‌ടർ.പെയിന്റ് പണിക്കുവന്ന ചെറുപ്പക്കാരന്റെയൊപ്പം പരുക്കൻ നിറങ്ങളിലേക്ക് ഇറങ്ങിപ്പോയ ചിത്രകാരിയായ ഭാര്യ. വനത്തിനുള്ളിൽ നിന്നും വല്ല കാലത്തും ഇറങ്ങി വരുന്ന ഊരുവാസികളോട് മരുന്നിന്ന് പകരം കാരക്കയും കൂവയും മൂട്ടിക്കായും ചിലപ്പോൾ നായ്ക്കുട്ടികളെയും പ്രതിഫലം വാങ്ങിക്കുന്ന പൊട്ടൻ. നഗരവാസികൾ മിടുക്കൻ ഡോക്ടറെ തിരക്കി വന്നാലും നായ്ക്കളെപ്പേടിച്ച് ആരുമകത്തേക്ക്  ചെല്ലാറില്ല, അതിലൊന്നിലും അയാൾക്ക് ഒരു കൂസലുമില്ല..

     ക്ളീറ്റസിനൊപ്പം കിടക്കയിലും തീൻ മേശയിലും പലതവണ തന്നാൽ വിചാരണ ചെയ്യപ്പെട്ട പട്ടിബാബുവിന്റെ ദാമ്പത്യ പ്രതിചിന്തകളെ അജിത ഇറക്കിവിട്ടു.ആ രണ്ട് വീടുകളെയും അവൾ ഫോണിൽ പകർത്തി.അവളുടെ വീടിന് ക്ളീറ്റസിന്റെ വീർപ്പുമുട്ടുന്ന അതേ മുഖം.പട്ടിബാബുവിന്റെ, തുറന്നചിരിയുള്ള വീടിന് പ്രത്യേക സൗന്ദര്യമുണ്ടോയെന്ന് അവൾക്കപ്പോൾ  തോന്നി.

    നാടിനെ മുഴുവൻ വിറപ്പിച്ചുകൊണ്ട് നായ സൈന്യവുമായി ഡോക്ടറിന്റെ പ്രഭാതസായാഹ്ന സവാരികളുണ്ട്.ചികിൽസയിലായിരുന്ന കാലത്ത് 'അജിത ക്ളീറ്റസ്' ഒപ്പം നടന്നിരുന്നു.കാഷായ വേഷവും നീണ്ട താടിയും നിരനിരയായി വരുന്ന നായ്ക്കളും ചേർന്ന ചിത്രം അജിതയുടെ ഉള്ളിൽ വന്നു.പക്ഷേ ക്ളീറ്റസിന് ഒരു ദിവസം ആ നടപ്പ് ഏറ്റവും അപമാനമായി തോന്നി, മടങ്ങാമെന്ന് പറഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ 'പോടീ മച്ചി'യെന്ന അലർച്ചയും വലിയ തെറിയും.അന്നാണ് ക്ളീറ്റസിന്റെ മുഖത്ത് അജിത അവസാനമായി നോക്കിയത്.

    വാതിലും ജനാലകളും ഒരിക്കലും അടച്ചിടാത്ത മതിലോ അതിരോ ഇല്ലാത്തത പട്ടിബാബുവിന്റെ വീടും പറമ്പും.അരികു ചേർന്ന് പതുങ്ങി നിൽക്കുന്ന ഒറ്റമുറി ക്ലിനിക്ക്.ഒരു ചക്കയുമായി ഡോക്ടറെ കാത്തിരിക്കുന്ന ഒരു ഗർഭിണിപ്പെണ്ണും വീടിനോട് ചാരിയിരുന്ന് ബീഡി വലിക്കുന്ന ഊരുമൂപ്പനും.      ആ രംഗങ്ങൾ കണ്ടിട്ടാവണം അജിതയുടെ മുഖത്തപ്പോൾ ഒരു ചിരി വന്നത് അവളുടെ വീടിനത്ര ഇഷ്ടമായില്ല.പെട്ടെന്ന് ചിന്തകളിലേക്ക് പുക തുപ്പിക്കൊണ്ട് 'നഗരത്തിലേക്ക് വാടീന്ന്' വിളിക്കുന്ന ആ ബസും വന്നുനിന്നു.ബസിലിരുന്ന് ഫോണിലൂടെ  രണ്ടു വീടുകളെ താരതമ്യം ചെയ്യുമ്പോഴെല്ലാം മുഖം പൊത്തി നിന്ന സ്വന്തം വീടിനോട് മാത്രം കൂറുള്ളതായി അവൾ ഭാവിച്ചു.

    അടച്ചതും തുറന്നതുമായ വീടുകളെ മായിച്ചുകൊണ്ട് അജിതയുടെ ഫോണിലേക്ക് വള്ളിക്കെട്ട് വക്കീലിന്റെ ചില സന്ദേശങ്ങൾ വന്നുവീണു.'കാമുകനൊപ്പം പോകാൻ കുഞ്ഞിനെ കാനയിലെറിഞ്ഞ പെണ്ണിന്റെ'തായി പല പത്രങ്ങളിൽ വന്ന കഥകളും ചിത്രങ്ങളും. അവളുടെ നെറ്റിയിൽ ചുളിവുകൾ വീണു.വള്ളിക്കെട്ട് വക്കീലിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കണമെന്ന ചിന്ത അജിതയ്ക്കപ്പോൾ ആദ്യമായിട്ടുണ്ടായി.ക്ളീറ്റസ് ഇതേക്കുറിച്ചു  നിർബന്ധിച്ചപ്പോഴൊന്നും അവളിൽ ഇങ്ങനെയൊരു തോന്നലുപോലും വന്നിരുന്നില്ല..

    'അമ്മയെ കൊന്ന മകൻ' 'വൃദ്ധയെ പീഡിപ്പിച്ച പതിനാലുകാരൻ' 'നടിയെ ആക്രമിച്ച യുവാവ്'  വള്ളിക്കെട്ട് വക്കീലിന്റെ വക്കാലത്തുകൾ കുപ്രസിദ്ധമാണ്.പണവും പേരുമങ്ങനെ നിറയുന്നു. വക്കീലിന്റെ വീടിന് സദാ അടഞ്ഞുകിടക്കുന്ന വലിയ വാതിലുകളും ജനാലകളുമാണ്,ഏക മകൾ ഒരു രാത്രിയിൽ പ്രണയത്തിന്റെ നൂലിൽ തൂങ്ങി ഏതുവഴിയാണ് ഇറങ്ങിപ്പോയതെന്നറിയില്ല.മൂന്നാം ദിവസം റോഡരിൽ ഒറ്റയ്ക്ക് ചത്തങ്ങനെ കിടക്കുകയായിരുന്നു.'യുവതിയെ ബലാത്സംഗംചെയ്തു റോഡരികിൽ തള്ളിയ കാമുകനും കൂട്ടാളികളും അറസ്റ്റിൽ'. പത്രങ്ങളിൽ ആ സംഭവം അത്രയേറെ ആഘോഷമായിട്ടും കേസിന് പോകാനൊന്നും വള്ളിക്കെട്ടിനായില്ല.

   ജയിലിൽ ചെന്ന് വക്കാലത്തും വാങ്ങി, കൈത്തരിപ്പും തീർക്കാം എന്ന കൗതുകമാണ് അജിത വക്കീലിന് ഇത്തരം കേസിലുള്ള സന്തോഷങ്ങൾ.ആരും ഏറ്റെടുക്കില്ലെന്നുറച്ച കേസിന്റെ വക്കാലത്ത് ഒപ്പിടാൻ വരുന്ന വക്കീലിനോട്, ആ പ്രതി കാണിക്കുന്ന വിധേയത്വം ഭൂമിലൊരിടത്തും  കാണാനാകില്ലല്ലോ..'മകളെ പീഡിപ്പിച്ച രണ്ടാനച്ഛന്റെ അടിവയറ്റിനു കൊടുത്ത ഉഗ്രനൊരു ചവിട്ട്' ജയിലർക്കുപോലും ഇഷ്ടപ്പെട്ടു.കുഞ്ഞിനെ കാനയിൽ എറിഞ്ഞ പെണ്ണിന്റെ ഒരു പല്ലെങ്കിലും തന്റെ അടിയിൽ കൊഴിഞ്ഞു വീഴണം.അജിത വാർത്തകളിലേക്ക് ദേഷ്യത്തോടെ ഊളിയിട്ടു. പ്രതിപെണ്ണ് എറിഞ്ഞുകളഞ്ഞ ഒന്നര വയസുള്ള കുഞ്ഞിനെ പൊക്കിയെടുത്തു,വിളറിയ ആ ജഡം കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ചുവന്നു. 

    വാർത്തകളിൽ ഭീകരിയായി നിൽക്കുന്ന ആ മെലിഞ്ഞു മഞ്ഞിച്ച പ്രതിപ്പെണ്ണിനെ അജിത ഫോണിൽ വലുതാക്കി നോക്കി.എല്ലാ പത്രങ്ങളിലും നല്ല കളർ വാർത്തയാണെങ്കിലും ഭർത്താവിനെയോ കാമുകനെയോ വെളിപ്പെടുത്താതിരിക്കാൻ എല്ലാവരും ജാഗ്രത കാണിച്ചിട്ടുണ്ട്. വാർത്തയിലും വാർത്തമാനത്തിലും വിറ്റുപോകുന്നത് പെണ്ണുങ്ങളാണല്ലോ.അവളുടെ ചിന്തയോടൊപ്പം,  മുൻസീറ്റിലിരുന്ന ഇളംമഞ്ഞ സാരിയുടുത്ത സ്ത്രീയുടെ തോളിൽക്കിടന്ന ഒരു കുട്ടി, ബസിന് പുറത്തുള്ള മുഴുവൻ ലോകത്തിന്റെയും മുഖത്തേക്ക് ഛർദ്ദിച്ചു.പുളിച്ച
രണ്ടുവറ്റ് അജിതയുടെ നേർക്കും ചെന്നു.താനത് അർഹിക്കുന്നതായി അജിതയ്ക്ക് തോന്നി. 

   ഒപ്പമിരുന്ന പുരുഷൻ 'ഇതിനെ എവിടെയെങ്കിലും കൊണ്ടുകളഞ്ഞിട്ട് വിളിയെടി.. മൈ' എന്ന് പറഞ്ഞിട്ട് പിന്നിലേക്ക് നടക്കാൻ എഴുന്നേറ്റു.അജിതയുടെ വക്കീൽ വേഷം കണ്ട അയാളൊന്നു പരുങ്ങി.അജിത ബാഗിനുള്ളിൽ ഒളിച്ചു വച്ചിരുന്ന തന്റെയും ഛർദ്ദിരഹസ്യമായ നാരങ്ങയും പ്ലാസ്റ്റിക്ക് കവറും മുന്നിലെ പെണ്ണിന്റെ നേർക്ക് നീട്ടി.അവൾക്കും കുഞ്ഞിനെ കാനയിലെറിഞ്ഞ പെണ്ണിന്റെ അതേ മുഖം.അജിത പുറകിലേക്ക് നോക്കി.ആ 'കാമുകൻ' പിന്നിലെ നീണ്ടസീറ്റിൽ തന്നെയും  നോക്കി അതേയിരുപ്പാണ്.

    ഉപേക്ഷിക്കപ്പെട്ട  നിലയിൽ ആ കുട്ടിയെ കണ്ടാൽ തിരിച്ചറിയാനുള്ള  വക്കീൽ ബുദ്ധി കുട്ടിയിൽ ചില നിരീക്ഷണങ്ങൾ നടത്തി.നീണ്ട മുടിയെ റബ്ബറിട്ട് പൂട്ടിയത്‌ കൊണ്ടുമാത്രം പെൺകുട്ടിയായി തോന്നിച്ചു.കാതു കുത്തിയിട്ടുണ്ടെങ്കിലും കമ്മലില്ല.ആൺകുട്ടികളുടെ ഉടുപ്പും നിക്കറുമാണ് വേഷം. ഇടതു കണ്ണിന് വീർപ്പും പഴുപ്പിന്റെ നിറവും.കറുപ്പിനും വെളുപ്പിനുമിടയിൽ ഒരു നിറം, മൂന്നോ നാലോ വയസ്സിന്റെ ഇളപ്പം..
       വക്കീൽ നിരീക്ഷണങ്ങളെ  ഇടിച്ചുനിരത്തി ബസ് ജയിലിന്റെ സ്റ്റോപ്പിൽ നിന്നു.കുട്ടി വീണ്ടും കവറിനുള്ളിലേക്ക് ഛർദ്ദിയുള്ള തലയിട്ടു.അജിത ഫോണിൽ ആ കുട്ടിയുടെ ചിത്രം പകർത്താൻ ശ്രമിച്ചു. തിടുക്കത്തിൽ ആ സ്ത്രീയുടെ ഇളംമഞ്ഞ സാരിയുടെ അവ്യക്തമായ രൂപം മാത്രം കിട്ടി.

   ജയിലിന്റെ മുന്നിലെ സ്റ്റോപ്പിൽ അജിത ഇറങ്ങി.പിന്നാലെ ഇറങ്ങിവന്ന സ്ത്രീയുടെ കൈയിൽ കുട്ടിയുണ്ട്, ബസിനുള്ളിൽ കുട്ടിയെ ഉപേക്ഷിക്കാൻ 'കാമുകർക്ക്' പദ്ധതിയില്ല.അജിതയുടെ നേർക്ക് അവരുടെ വിളറിയ ചിരി.റോഡിന്റെ അപ്പുറത്തേക്ക് തിടുക്കത്തിൽ ഓടുന്ന 'കാമുകൻ' മരത്തിനോട് ചാരി നിന്ന് മൂത്രിക്കുന്നു.പതിവായി തന്റെ ഗേറ്റിൽ മൂത്രിക്കുന്ന ചാരനിറമുള്ള മുറിവാലൻ നായയെ അവൾക്ക് ഓർമ്മവന്നു.ഫോണിൽ ആരും അറിയാതെ ആ ദൃശ്യം പകർത്തി.സാധാരണയായി ചെയ്യുന്നതുപോലെ നയേറിന് പറ്റിയ ഒരു കല്ലെടുക്കാൻ അവളുടെ കൈതരിച്ചു.

    "വള്ളിക്കെട്ട് ആ പെണ്ണിന്റെ വക്കാലത്തുമേറ്റല്ലേ.?" സന്ദർശകരുടെ പതിവേടിൽ ഒപ്പുചേർക്കുമ്പോൾ ജയിലർ അജിതയോട് കുശലം ചോദിച്ചു.ഫോണിൽ വള്ളിക്കെട്ടിന്റെ അടുത്ത സന്ദേശം വന്നു.ജയിൽ വേഷത്തിൽ പെണ്ണിന്റെ ഒന്നുരണ്ട് ഫോട്ടോകൾ കൂടെ എടുക്കണം.
      ജയിലിലെ പാവനിർമ്മാണ യൂണിറ്റിലാണ് ആ പെണ്ണിന് ജോലിയെന്ന് പറഞ്ഞിട്ട്, ഒപ്പം വന്ന വനിതാ വാർഡൻ ഒരു ഭീകര ചിരി പാസ്സാക്കി.ഒഴിഞ്ഞ പാവയുടെ ഉള്ളിലേക്ക് മലദ്വാരത്തിലൂടെ പഞ്ഞിനിറയ്ക്കുന്ന പ്രതിപ്പെണ്ണ്.വാർഡൻ ലാത്തികൊണ്ട് പെണ്ണിന്റെ നേർത്ത കഴുത്തിന് പിന്നിൽ പതിയെ കുത്തി.അജിതയുടെ പിന്നാലെ അവൾ തലകുനിച്ച് നടന്നു.

     അജിത ഒന്നും ചോദിച്ചില്ല,ആ പെണ്ണ് ഒന്നും പറഞ്ഞില്ല.ഒരു ചായ മുന്നിൽ വച്ചിട്ട് ജയിലറാണ് തുടക്കമിട്ടത്.
     "കൊന്നതൊന്നുമല്ല വക്കീലേ, ഈ പെണ്ണിന്റെ കൈയീന്ന് വീണതാ,ഇവക്ക് ഒരുത്തന്റെ കൂടെ പ്രേമം.ഇവളെ കെട്ടിയവൻ വലിയ സാഹിത്യകാരനാണ്, ഏതുനേരവും എഴുത്തും വായനയും ചർച്ചക്ക് പോക്കും.അതിനിടയിലാണ് ഇവക്ക് പറ്റിപ്പോയത്.സംഗതി കൈയോടെ പൊക്കിയപ്പോൾ തീറ്റിപോലും കൊടുക്കാതെ ഒരുമുറിയിൽ നാലഞ്ചു ദിവസം സാഹിത്യതെണ്ടിയുടെ ആ തള്ള പൂട്ടിയിട്ടിരുന്നു.കിട്ടിയ ഗ്യാപ്പിൽ ഇറങ്ങിയോടിയപ്പോൾ കൊച്ച് കൈയീന്നങ്ങ് തെറിച്ച് പോയതാണ്. അല്ലേടി.."പെണ്ണ് തലയുയർത്തി ജയിലറെ നോക്കി, നാണവും ഭയവും നിറഞ്ഞ മുഖത്തോടെ സത്യമാണെന്ന് അജിതയോട് തലകുലുക്കി. 
     പ്രതിപ്പെണ്ണിന്റെ മേൽച്ചുണ്ടിൽ ചുവന്നുനിന്ന ഒരു രസികൻ മുറിവിനെ അജിത പ്രത്യേകം ശ്രദ്ധിച്ചു.ജയിലറുടെ ചിരിയോടെ ആ ചുണ്ടിൽ മുറിവുണ്ടാക്കിയ പ്രതികളെ അജിത തിരിച്ചറിഞ്ഞു.

      "ഈ പരുവത്തിൽ ഇവൾ ഇവിടെ 'കെടക്കണ'തല്ലേ വക്കീലേ നല്ലത്." 'കിടക്കട്ടെ' എന്നു സമ്മതിച്ച് അജിത പ്രതിപ്പെണ്ണുമായി പാവ നിർമ്മാണ യൂണിറ്റിലേക്ക് നടന്നു.'കൈവയ്ക്കല്ലേ വക്കീലേന്ന്' ജയിലറുടെ പ്രണയമുള്ള നോട്ടം പിന്നാലെയെത്തി.അജിത അതിനോട് ഒന്നിരുത്തി ചിരിച്ചു.തൊപ്പി കൈയിലെടുത്ത അയാൾ ഒരു നാണം അഭിനയിക്കാൻ ശ്രമിച്ചു.

     യൂണിറ്റിലെ പെണ്ണുങ്ങൾ എത്ര സൂക്ഷ്മതയോടെയാണ് പാവ നിർമ്മിക്കുന്നതെന്ന് അജിത  നോക്കി നിന്നു.നരച്ച തലയുള്ള ഒരുത്തിയാണ് പാവകൾക്ക് സ്വർണനിറമുള്ള ചുരുണ്ട തലമുടി തുന്നിപ്പിടിപ്പിക്കുന്നത്.തടിച്ചുരുണ്ട ഒരുത്തി തിളക്കമുള്ള ഉടുപ്പിടിയിക്കുന്നു.ഏറ്റവും ഉയരമുള്ള ഒരുത്തിയിലേക്ക് എത്തുമ്പോൾ നീല കണ്ണുകളും ചേർത്ത് ആ  ജയിൽപ്പാവക്കൂത്ത് പൂർത്തിയാവുന്നു.അജിത അറിയാതെ നിലത്തുകിടന്ന ഒരു പാവയിൽ ചവിട്ടി,അത് നിലവിളിച്ചു  അവൾ പിന്മാറി.മക്കളില്ലാത്ത പെണ്ണുങ്ങൾ പാവ നിർമ്മിക്കുമ്പോൾ ഓർക്കുന്നത് എന്തായിരിക്കും? അജിതയുടെ സ്വയം ചോദ്യം കേട്ട വാർഡൻ അത്ഭുതത്തോടെ അവളെ നോക്കി.

     "കെട്ടിയോനേം അമ്മായിയേയും കാച്ചി, കക്കൂസ് കുഴിയിലിട്ട ടീമാണ്" നരച്ച തലമുടിക്കാരിയെ ചൂണ്ടിയാണ് വാർഡനതു പറഞ്ഞത്.അതിനിടയിൽ അവർ തമ്മിലൊന്ന് ചിരിച്ചു.വാർഡൻ ഒരു പാവയെ പൊതിഞ്ഞെടുത്തു.'നിങ്ങളെ കൊച്ചിനിത് കൊട് വക്കീലേന്ന്' ചിരിയോടെ അജിതയ്ക്ക് നൽകി.ബാഗിനു പുറത്തേക്ക് 'ഞാൻ പോവൂലാന്ന്' വാശിയോടെ തള്ളിനിന്ന പാവയുടെ തല, യൂണിറ്റിലെ സകല അമ്മമാരെയും നോക്കി.ഒന്നു രണ്ട് തവണ അതിന്റെ മുഖത്ത് അജിതയുടെ കൈ ചെന്നുമുട്ടി. അപ്പോഴെല്ലാം അവൾ ഞെട്ടി. വള്ളിക്കെട്ടിന്റെ വിളികൾ രണ്ടാമതും ഫോണിൽ പൊങ്ങിവന്നു.ദേഷ്യത്തോടെ അവളതിനെ മുറിച്ചിട്ടു.   

    ബസ് സ്റ്റോപ്പിൽ നാലഞ്ചാളുകൾ കൂടി നിൽക്കുന്നുണ്ട്.ഒപ്പം ബസ്സിറങ്ങിയ ആ സ്ത്രീയുടെ കൈയിലിരുന്ന കുട്ടി ഒരു തൂണിൽ ചാരിയിരുന്ന് ഉറങ്ങുന്നത് അജിത കണ്ടു.തൊട്ടടുത്ത് തുറന്നു വച്ചിട്ടുള്ള ഭക്ഷണപ്പൊതിയിൽ ഇനിയും പകുതിദോശ ബാക്കിയുണ്ട്.അജിതയുടെ വരവിൽ ആളുകൾ മാറി നിന്നു.അതിലൊരാൾ ബാഗിനു പുറത്തേക്ക് തലയുയർത്തി നോക്കുന്ന പാവയിലേക്ക് വിരലുചൂണ്ടി.അജിതയപ്പോൾ ചുറ്റിലും ഇളം മഞ്ഞ സാരിക്കാരിയെ തിരഞ്ഞു. റോഡിനപ്പുറത്തെ മരങ്ങൾ ആ 'കാമുകരെ' മറച്ചുപിടിച്ചിട്ടുണ്ടാകുമോ? അജിത സംശയിച്ചു.. 

    അജിത കുട്ടിയെ തട്ടിയുണർത്തി,അതുകണ്ട ആളുകൾ പിരിഞ്ഞു പോകാനാരംഭിച്ചു.ഉണർന്ന കുട്ടി ഭക്ഷണപ്പൊതിയിലെ പാതി ദോശയിലേക്ക് വിരലുകൾ നീട്ടി.ചുറ്റും ആരെയോ തിരഞ്ഞ ശേഷം എരിവുണ്ടെന്ന ഭാവം മുഖത്തിട്ടു.ബാഗിനുള്ളിലെ കുപ്പിവെള്ളം അജിത തുറന്നു വയ്ക്കുന്നത് കണ്ട് കൂടിനിന്നതിൽ അവസാനത്തെ സ്ത്രീയും മറഞ്ഞു.തൂണിന്റെ അരികിലൂടെ കൈ കഴുകാൻ നീട്ടിപ്പിടിച്ച കുട്ടിക്ക് അജിത വെള്ളമൊഴിച്ചുകൊടുത്തു.ആ പാവയിലേക്ക് കുട്ടിയുടെ നോട്ടം നീണ്ടുചെന്നു. അജിതയുടെ കൈയിൽ നിന്ന് തട്ടിപ്പറിക്കുന്ന വേഗത്തിലാണ് പാവയെ വാങ്ങിയത്. കുട്ടി അതിന്റെ നീലക്കണ്ണുകളിലേക്ക് അത്ഭുതത്തോടെ നോക്കി, എന്നിട്ട് പൊട്ടിയൊലിക്കുന്ന തന്റെ ഇടതു കണ്ണിൽ സങ്കടപ്പെട്ട് വിരലുകൾ വച്ചു. 

    നല്ല ചൂടുള്ള ഒറ്റുകാരൻ കാറ്റ് അപ്പുറത്തെ ഒരു വലിയ ആൽമരത്തിന്റെ പിന്നിൽ ഇളം മഞ്ഞസാരിക്കാരിയുണ്ടെന്ന്‌‌ അജിതയ്ക്ക് തെളിവുകൊടുത്തു.അതിനടുത്തുതന്നെ 'കാമുകന്റെ' സാന്നിദ്ധ്യവും അവളൂഹിച്ചു.അവരുടെ മനസറിയാൻ അജിത കാത്തിരുന്നു.തൂണിനോട് ചാരിയ കുട്ടി പിന്നെയും ഉറക്കത്തിലേക്ക് പോയി.പാവയെ അമ്മയോളം കെട്ടിപ്പിടിച്ചിരിക്കുന്നു.പാവനോട്ടം കുട്ടിയുടെ പഴുത്ത ഇടതു കണ്ണിലേക്കാണ്.

    മരങ്ങളുടെ മറവിൽ നിന്നും അമ്മയാന്തലുള്ള ഒരെത്തിനോട്ടം അജിത കണ്ടു.കുട്ടിയെക്കുറിച്ച്    ഉറച്ച ഒരു തീരുമാനമെടുക്കാനൊന്നും പാഞ്ഞു വന്നുനിന്ന ബസ് സമ്മതിച്ചില്ല.വള്ളിക്കെട്ട് വക്കീലിന്റെ വിളികളെ ബാഗിനുള്ളിൽ കുഴിച്ചിട്ട് കുട്ടിയെ തോളിലെടുത്ത് അജിത വേഗത്തിൽ ബസിനുള്ളിലേക്ക് കയറി.ബസിനും അതങ്ങ് ഇഷ്ടപ്പെട്ടു. മരങ്ങളുടെ ഇടയിലൂടെ തലകുനിച്ചു നടക്കുന്ന അമ്മയുള്ള 'കാമുക' രംഗങ്ങളെ ആരെയും കാണിക്കാതെ വെറും രണ്ട് മണിയിൽ ആ ബസ് പോട്ടെപോട്ടേന്ന് പിന്നിലേക്ക് തള്ളിവിട്ടു.

    തോളോട് ചാരിക്കിടന്ന കുട്ടിയുടെ ചെവിയിൽ നിന്നും പഴുപ്പ് അജിതയുടെ മടിയിലേക്ക് ഒഴുകി വരുന്നുണ്ട്.വക്കീൽക്കോട്ടിലും അത് പരക്കുന്നു.അജിതയുടെ തോളിലും പഴുപ്പിന്റെ തുള്ളികൾ. തികച്ചും പരിചിതമായ ഗന്ധം.പട്ടിബാബു അടുത്തിടെ കൊണ്ടുവന്ന ചെവിയടർന്ന നായയെ അജിതയ്‌ക്ക് ഓർമ്മവന്നു..

    ക്ലിനിക്കിന്റെ മുന്നിൽ നാലാളുകൾ മാത്രം.ഒരാളുടെ കൈയിൽ ഈർക്കിലിൽ കോർത്ത് പുഴമീൻ.  കറുപ്പൻ ചിരിയുള്ള ഒരു പെൺകുട്ടി ചെവിയടർന്ന നായയെ മടിയിൽ ഇരുത്തിയിട്ടുണ്ട്, അതിന്റെ വാല് ചെണ്ടകൊട്ടുന്നു.വള്ളിക്കെട്ട് വക്കീലിന്റെ സന്ദേശങ്ങൾ അജിതയുടെ ഫോണിലേക്ക് ഒഴുകി നിറയുന്നു.ഫോണിലിറ്റുവീഴുന്ന സന്ദേശത്തുള്ളികളുടെ താളത്തിലേക്ക് കുട്ടി കൗതുകത്തോടെ നോക്കി.

    മുറ്റത്തിന്റെ ഒരു കോണിൽ ഇണ ചേരലിന്റെ മറ്റൊരു രംഗം.രതിയൂഴം കാത്തിരിക്കുന്ന കറുപ്പിൽ വെളുത്ത പുള്ളികളുള്ള നായകൾക്ക് ഒരേ സ്വരത്തിൽ വാലിന്റെ ചെണ്ടകൊട്ട്.അജിതയ്ക്ക് ചിരിവന്നു.കുട്ടിയുടെ നോട്ടം അജിതയുടെ മുഖത്തേക്കായി.അവൾ കുട്ടിയുടെ കവിളിലൊന്ന് നുള്ളി. കുട്ടി അവളോട് ഏറ്റവും ചാരിയിരുന്നു.ഇപ്പോൾ ആ പഴുപ്പിന്റെ മണമെവിടെ.? അജിത കുട്ടിയുടെ കവിളിൽ ചുംബിക്കാനെന്നവണ്ണം മൂക്ക് നീട്ടി.

     പട്ടിബാബുവിന്റെ വീടുപോലെ തന്റെ വീടിന്റെയും ജാലകങ്ങളെല്ലാം ഇനിയെന്നും തുറന്നിടണമെന്ന് അജിത തീരുമാനിച്ചു.അവൾ തന്റെ വീട്ടിനു നേർക്ക് ചരിഞ്ഞൊന്നു നോക്കി, ആ തീരുമാനത്തിൽ വീടിനും ആശ്വാസമുള്ളതായി തോന്നി.ക്ളീറ്റസിന്റെ വീർപ്പുമുട്ടുന്ന മുഖം ആ വീട്ടിൽ നിന്നും പതിയെ മായുന്നു. 
       
    വള്ളിക്കെട്ടിന്റെ ഫോൺ വിളികൾ വീണ്ടും അജിതയോട് ഭീഷണി മുഴക്കുന്നു.മുറ്റത്തിന്റെ ഒത്ത നടുവിലെത്തിയ നായിണചേരലിന്റെ ദൃശ്യങ്ങൾ അവൾ ഫോണിൽ ഭംഗിയായി പകർത്തി വളളിക്കെട്ടിന് അയച്ചശേഷം,ആ വീടിന് പുറകിലെ കാട്ടിലേക്ക് അതിനെ വലിച്ചെറിഞ്ഞു. മുഖത്തുണ്ടായ ഒരിളം ചിരിയോടെ കുട്ടിയെ എടുത്ത് ഉമ്മവച്ചു.ക്ലിനിക്കിന്റെ ഉള്ളിലേക്ക് സാവധാനം നടന്നു..! 


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636


ഓണം

എനിക്കിപ്പോഴും ആ ഓണത്തിനെ പേടിയാണ്..!!

      ഓണമാകുമ്പോൾ പത്ത് ദിവസത്തേക്ക് ഞങ്ങടെ അനാഥമന്ദിരം പൂട്ടിയിട്ടും.മക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ഇരുപത്തിയഞ്ചു പൈസയുടെ മഞ്ഞ കസർഡിൽ ഒറ്റവരി കത്ത് എഴുതിയിടാൻ വാർഡൻ ഞങ്ങളോട് ആവശ്യപ്പെട്ടും.വലിയ കറുത്ത ബോർഡിൽ ഇങ്ങനെ മാതൃക കത്ത് വാർഡൻ എഴുതി ഇട്ടേക്കും.ഞങ്ങൾ പകർത്തണം.വിലാസം ഫയൽ നോക്കി വാർഡൻ ശരിയാക്കും..

പ്രിയ രക്ഷിതാവേ
         നിങ്ങളുടെ മകൻ.......................... നെ ഓണ അവധിക്ക് കൂട്ടിക്കൊണ്ട് പോകാൻ 18/08/1998 പകൽ 10:30 ന് എത്തിച്ചേരേണ്ടതാണ്.ഓണ സദ്യയും ഒരുക്കി ഞങ്ങൾ കാത്തിരിക്കുന്നു.

    എന്ന് 
വാർഡൻ 

     ഞാൻ ദീപുവിനും സനലിനും തുടങ്ങി പത്ത് പേർക്കെങ്കിലും കത്തെഴുതിക്കൊടുക്കും.എന്റെ അക്ഷരങ്ങൾ ഉരുണ്ട് സുന്ദരമായിരുന്നു.അവസാന പരീക്ഷ ദിവസം ആർക്കും ഉറക്കം വരില്ല. എല്ലാം ഒതുക്കി 5 രൂപയുടെ റോത്തമൻസ് കവറിൽ ആക്കി വയ്ക്കും.എട്ടുമണി മുതൽ അമ്മമാർ വന്നു തുടങ്ങും.എന്റെ അമ്മ വരേണ്ടത് അങ്ങ് നെയ്യാർ ഡാമിൽ നിന്നല്ലേ മൂന്ന് ബസെങ്കിലും മാറി കയറാനുണ്ട്...
    പരീക്ഷ ഹാളിൽ ഇരുന്നാലും എനിക്ക്  ഇരുപ്പ് ഉറയ്ക്കില്ല..എങ്ങനെ എങ്കിലും എഴുതി തീർത്ത് ഒറ്റ ഓട്ടം.ഉള്ളതിൽ നല്ല ഉടുപ്പും നിക്കറും ഉണക്കി മടക്കി.മുല്ലപ്പൂവ് ഇടയിൽ തിരുകി എന്നേ വച്ചിട്ടുണ്ട്. എടുത്ത് വാസനിച്ച് ഒരുങ്ങി കുട്ടപ്പനായി ഗേറ്റിന്റെ മുന്നിൽ ഒറ്റനില്പ്...

      സദ്യയും കഴിഞ്ഞ് പലരും പോയി.ഞാൻ പ്രാർത്ഥന മുറിയുടെ ഡസ്കിന്റെ അടിയിൽ കയറി ഒളിച്ചിരുന്നു..ആരെങ്കിലും വിളിച്ചു പറയട്ടേ.. "ദേ രതീഷിന്റെ 'അമ്മ വന്നേ....രതീഷിന്റെ 'അമ്മ വന്നേ..." ഇല്ലാ ഞാൻ എണീക്കില്ല. 'അമ്മയും അവരും എന്നെ കണ്ടുപിടിക്കട്ടെ.. 

     ഇല്ല 'അമ്മ വന്നില്ല.ആ വലിയ കെട്ടിടത്തിൽ ഞാനും ഒന്നോ രണ്ട് കുട്ടികളും ആ പാചക്കാരനും ബാക്കി.ഏറ്റവും ഇഷ്ടപ്പെട്ട അടപ്രഥമനോട് പോലും എനിക്ക് ദേഷ്യം തോന്നി.ആ പത്ത് ദിവസം എനിക്ക് എന്തൊക്കെ ചെയ്യാൻ തോന്നിയിട്ടുണ്ട് കിണറ്റിൽ ചാടി അങ്ങ് ചത്താലോ..? പക്ഷെ ചാടിക്കഴിഞ്ഞ് അമ്മ വന്നാൽ..?

       ഓണം എങ്ങെനെയോ കഴിഞ്ഞു. അവധിക്ക് പോയവർ മടങ്ങി വന്നു.വീട്ടിലെ വിശേഷങ്ങൾ പറഞ്ഞ ദീപുവിനോട് ഞാൻ വെറുതേ പിണങ്ങി.ഒരാഴ്ച കഴിഞ്ഞ് വാർഡൻ എനിക്ക് മഞ്ഞ കാർഡിൽ 'അമ്മ അയച്ച  ആ കത്ത് തന്നു.

എന്റെ മോൻ രതീഷിന്,
      ഈ തിരുവോണത്തിനും അമ്മ സെക്രട്ടറിയേറ്റിന്റെ മുന്നിൽ പട്ടിണി കിടന്നു.ഈ പ്രാവശ്യം സർക്കാർ ഞങ്ങളെ ജോലിയിൽ സ്ഥിരാക്കും.അതോടെ എന്റെ മക്കളെ ഞാൻ വീട്ടിൽ കൊണ്ട് വരും..മകള് നന്നായി പഠിക്കണം.ക്രിസ്തുമസ് അവധിക്ക് 'അമ്മ എന്തായാലും വരും. 
ഉമ്മ ഉമ്മ ചക്കര ഉമ്മ.. ഒരായിരം ഉമ്മകൾ

എന്ന്
സുമംഗല .റ്റി

      ഞാൻ പിന്നെ ക്രിസ്തുവിന്റെ ജനനത്തിന് കാത്തിരിക്കും..!!


കെ എസ് രതീഷ്


അണുവെന്നെ പൂട്ടിയിട്ടതും കഥയെന്നെ തുറന്നു വിട്ടതും..!!

ആ അണുവെന്നെ പൂട്ടിയിട്ടതും ഈ കഥവന്നെന്നെ തുറന്നു വിട്ടതും..!

    നിങ്ങളെപ്പോലെ എന്നെയും കോവിഡ്‌ മഹാമാരി പിടികൂടിയിരുന്നു.എന്തുകൊണ്ടോ ഇതുവരെ  ഞാൻ പോസിറ്റീവ് ആയില്ല.അതോ അത് വന്നു പോയോ.തങ്കമ്മ നാടാത്തി പറയുന്നത് പോലെ "നമ്മക്കെക്കെ ഏത്തര പ്രാവശ്യം അത് വന്നു കാണും".എന്തായാലും രണ്ട് കുത്തി വയ്പ്പിനിടയിൽ ഞാൻ ഒരു തിരഞ്ഞെടുപ്പ് ജോലി,വാർഷിക പരീക്ഷ ജോലി,രണ്ട് മൂല്യനിർണയ ക്യാമ്പ് ഒക്കെ കടന്നുപോയി..വീട്ടിലിനി കുത്തിവയ്പ്പെടുക്കാൻ ഒരു നാലു വയസുകാരനും നാലാം ക്ലാസുകാരനും മാത്രം.ഈ അടച്ചിട്ട കാലത്തെ ഓർമ്മയിൽ ഒരുപാടനുഭാവങ്ങൾ എനിക്കുമുണ്ട്.അതിൽ വീർപ്പുമുട്ടുന്ന ഒരപ്പനും അദ്ധ്യാപകനും കഥാകൃത്തും ഫുട്‌ബോൾ പ്രേമിയും യാത്രക്കാരനും ഒക്കെയുണ്ട്.അവരോട് ചിലത് ചോദിക്കാനും പറയാനുമാണ് ഈ കുറിപ്പിനിടയിൽ ഞാനാഗ്രഹിക്കുന്നത്.

   ജോയലിന്റെയും ജോനാഥന്റെയും അപ്പന് ടെൻഷനുണ്ടെങ്കിലും ബിബിഹയുടെ കാമുകൻ ഹാപ്പിയാണ്.. 
      സംശയം വേണ്ട ജോയലും ജോനാഥനും എന്റെ മക്കളും ബിബിഹ നിയമപ്രകാരമുള്ള എന്റെ കാമുകിയുമാണ്.
       ഈ വിട് പട്ടിണിയായിപ്പോകുമോ, മക്കൾക്ക് വിശക്കുമ്പോൾ എന്തുണ്ട്.അരി തീർന്നാൽ ഇനി എന്തുചെയ്യും,നാളെയെങ്കിലും പച്ചക്കറിക്കാർ വരുമോ. ടെറസിലെ ചീര പുഴു തിന്നുമോ, കോവലിന്റെ വളളി കുരങ്ങൻ ആക്രമിക്കുമോ. ഇതി നിടയിൽ മക്കൾക്ക് പനിയോ തുമ്മലോ വന്നാൽ.? അതുമല്ല വീട്ടിനുള്ളിലെ ഓട്ടപ്പാച്ചിലിൽ അവരുടെ തലയെങ്ങാനും മുട്ടി മുറിഞ്ഞാൽ..?അമ്മയ്ക്കോ അമ്മുമ്മയ്ക്കോ എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങൾ നേരിട്ടാൽ..? അപ്പനെന്ന നിലയിൽ ഞാനന്നെല്ലാം ചിന്തിച്ചു കൂട്ടിയത്.മുടി വളർന്ന്  മുഖത്തേക്ക് വീണ കൂടികളുടെ തലമുടി ഭാര്യ ചീകിവച്ച് വെട്ടിയതു പോലെ പരിഹരിക്കാൻ കഴിഞ്ഞു..ഒറ്റ ദിവസവും ഭക്ഷണം മുടങ്ങിയില്ല നമ്മക്ക് അറിയാഞ്ഞിട്ടാണ് ചക്ക നിറഞ്ഞ ഒരു പ്ലാവ് മതി ഐസ് ക്രീം വരെ  ഉണ്ടാക്കിയെട്ടുക്കാൻ. നാലഞ്ച് കോഴിമതി ചോറിന്റെ കറിക്കും ശരീരത്തിന്റെ കാര്യത്തിനും.

    അതിരിൽ നിന്ന മുണ്ടൻ പ്ലാവിനും ബിബിഹയുടെ പത്ത് കോഴികൾക്കും, നെയ്യറിലെ നൂറായിരം മീനുകൾക്കും എന്റെ ചൂണ്ടലിനും പാത്രം കഴുകി ഒഴിക്കുന്ന നനഞ്ഞ മണ്ണിലെ ഞാഞ്ഞൂളിനും സ്തുതിയായിരിക്കട്ടെ.
 
     ഒപ്പമിരിക്കാൻ നേരമില്ലാതിരുന്ന മാഷിനും കഥാകൃത്തിനും 'ഇപ്പൊ നേരമേ ഉള്ളു' എന്നോർത്ത് ചെറിയ ഒരു ചിരി ഭാര്യയുടെ മുഖത്തുണ്ട്.അതിലേറെ ചിരിക്കാനും സംസാരിക്കാനും ഒരുപാട് നേരം. വിവാഹ വീഡിയോ രണ്ട് പിള്ളാരെ സാക്ഷിയാക്കി ലാപ്പ് ടോപ്പിൽ ഒന്നുരണ്ട് തവണ കണ്ടെന്നു പറയുമ്പോൾ നിങ്ങൾക്ക് ഊഹിക്കാല്ലോ വീട്ടിനുള്ളിലേക്ക് വ്യാപിച്ച ചിരിയുടെ ആഴം.എന്തോ പ്രണയവും രതിയും ഞങ്ങൾക്ക് തിരിച്ചു പിടിക്കാൻ ഈ അടച്ചിരുപ്പ് സഹായിച്ചു..വീടിന്റെ മുകളിൽ അമ്പതോളം ഇനം പത്തുമണിയും ഏട്ടുമണിയും പൂക്കൾ അവൾ നട്ടു വളർത്തിയത് ഞാൻ ഫോട്ടോയും വീഡിയോയുമാക്കി സ്‌കൂൾ ഗ്രൂപ്പിലിട്ടു..ഗപ്പി കുളം ഉണ്ടാക്കി കുറേ പ്രാവുകൾ വന്നു കൂടി.വഴിയിൽ കിടന്ന് ഒരു പട്ടിയും അയൽക്കാരി പൂച്ച പെറ്റിട്ട രണ്ട് പൂച്ചകളും ചേർന്ന് എന്റേതും  കൂട്ടുകുടുംബമായി..സത്യത്തിൽ വീട് ഇത്രയും വലിയ ഇതിവൃത്തമുള്ളതാണെന്ന് കോവിഡ് ബോധ്യപ്പെടുത്തിയെന്നു വേണം പറയാൻ..

    അതിനെല്ലാം അപ്പുറത്ത് നെയ്യാറ്റിലേക്ക് നാട്ടിലെ കുട്ടിയന്മാര് നീട്ടി എറിഞ്ഞ മദ്യക്കുപ്പികൾ പല പല ബോട്ടിൽ ആർട്ടായി എന്റെ വായനമുറിയിൽ എത്തിച്ച് ബിബിഹ എന്നെ ഞെട്ടിച്ച വിവരവും എനിക്ക് സമ്മതിക്കാൻ മടിയില്ല.അതുവരെയുണ്ടായിരുന്ന 'ഞാനാണ് ഈ വീട്ടിലെ വലിയ സർഗാത്മകതയുടെ മുതലാളി' എന്ന തോന്നലും അതോടെ തീർന്നു കിട്ടി...

നമ്മുടെ മലയാളം മാഷ് ആസ്വാസ്ഥനാണ്..

    ഈ കോവിഡ് കാലത്ത് സർക്കാർ ജീവനക്കാർ വല്ലാതെ ആക്രമിക്കപ്പെട്ടു.അതൊന്നും എന്നെ ബാധിച്ചില്ല.ആദ്യമൊക്കെ പത്തും പതിനൊന്നും മണിവരെ കിടക്കാൻ തോന്നി..ഒരാഴ്ച കഴിഞ്ഞപ്പോൾ വായ്ക്ക് രുചിയായി നാലു ക്‌ളാസ് എടുത്തെങ്കിൽ എന്നായി.കുട്ടികൾ വിളിയോട് വിളി "എപ്പഴാ മാഷേ സ്കൂള് തുറക്കുക".."അടുത്ത ആഴ്ച" ഞാൻ പലവട്ടം പറഞ്ഞു..കലോത്സവം ഓണം, ടൂർ, പ്രണയം,അടി അങ്ങനെ സകലതും നഷ്ടപ്പെട്ടതിന്റെ നോവാണ്..
      ഉച്ച ഉറക്കത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത ഉറക്കെ ചൊല്ലുന്നത് കേട്ട് മൂത്തമോനും അവളും ഭീകര ചിരിയായിരുന്നു.. ഞാനെന്ത് ചെയ്യാൻ എനിക്ക് ആരോടെങ്കിലും ഇതൊക്കെയൊന്ന് ചൊല്ലിയും തർക്കിച്ചും ഇത്തിരി സമയം കിട്ടിയില്ലെങ്കിൽ സംഗതികൾ പ്രതിസന്ധിയിൽ ആകുന്ന അവസ്ഥയിൽ എത്തി..

     പിന്നാലെയാണ് സർക്കാർ ജീവനക്കാർ നികുതിപ്പണം സുഖിച്ചു ജീവിക്കുന്നു എന്നൊക്കെ കേട്ട് മാഷ് അസ്വാസ്ഥനായത്.പാലു വാങ്ങാൻ നീക്കുമ്പോൾ തോമസ് മാപ്ല അത് നാലാൾ കേൾക്കെ പറഞ്ഞു..."നിങ്ങക്ക് സുഖല്ലേ വീട്ടിലിരുന്ന് തിന്നാല്ലോ.." ശ്യാമള അക്കൻ അത് ഏറ്റ് പിടിച്ചു "നമ്മളെ പിള്ളരെ കാര്യങ്ങള് എന്തരാവുവോന്തോ..." ഒപ്പം നടന്നു വന്ന ആന്റണിയും ചോദിച്ചു..."അല്ല നിനക്ക്‌ ഇപ്പം പോണ്ടല്ലേ.."പിന്നെ പാലു വാങ്ങാൻ വളരെ വൈകിയാണ് പോയത്. മുഖത്ത് മാസ്കിരുന്നത് ഇല്ലെങ്കിൽ എന്റെ ദേഷ്യവും ചുണ്ടോളം വന്ന തെറിയും സകലരും കാണുമായിരുന്നു...

    പാലും വാങ്ങി വന്നപ്പോൾ അതാ നിൽക്കുന്നു പന്തയുടെ സ്വന്തം കൊടിയേറ്റം 'ഗോപി' ആശാൻ തിരുവനന്തപുരം സിറ്റിയിലെ ഒരു ചായ അടിക്കാൻ പോകുമായിരുന്നു.ഇപ്പോൾ ആളുടെ പണി പോയി.സമ്മോവർ മറിഞ്ഞ് കൈയും മുഖവും പൊള്ളി. "ഒരു ഇരുന്നൂറ് താ സാറെ പെൻഷൻ കിട്ടീട്ട് തരാം..സർക്കാർ ജീവനക്കാരെ ആക്രമിച്ച പന്തക്കാരെ മുഴുവൻ മറന്ന് ഞാൻ ഇരുനൂറ് നീട്ടി..
പന്തയിലെ ഭൂരിഭാഗം മനുഷ്യരും നഗരത്തിലേക്ക് പണിക്ക് പോകുന്നവരാണ്.നാട് മുഴുവൻ പൂട്ടിയിട്ട കാലത്ത് അവരെല്ലാം...???

    പിന്നാലെ വന്ന ഓൺലൈൻ  ക്ലാസ് അതിന്റെ ആക്കം കൂട്ടിയെന്നു വേണം പറയാൻ. ചിലർക്ക് മാത്രം വാ തുറന്ന് ആശ്വാസം കിട്ടുന്നു.അതിലേറെ കുട്ടികൾ ഓഫ് ലൈനിൽ ആയിരിക്കുന്നു.. ഞങ്ങളുടെ പന്തയിൽ ടീവിയും ഫോണും ഇല്ലാത്തവരെ തപ്പിയിറങ്ങിയപ്പോൾ ഇത്തിരി സമാധാനം കിട്ടി..കുറച്ച് പേരെ കൂടി ഒൻലൈൻ ആക്കിയപ്പോൾ ആശ്വാസം ഇരട്ടിയായി.എന്നാലും നമ്മുടെ ഉള്ളിൽ ക്ലാസിന്റെ മുന്നിൽ നിന്ന് ഗാർജിക്കാൻ ആഗ്രഹിക്കുന്ന ഒരു മൃഗം ഉണ്ടല്ലോ..?.ഗൂഗിൾ മീറ്റ് വന്നപ്പോൾ ഇത്തിരി ആ വഴിക്ക് ഒഴുക്കി വിട്ടു.. അപ്പോഴാണ്‌ "മാഷേ നിങ്ങള് ടീച്ചർമാർ എല്ലാരും ഒന്നിച്ചു ക്ലാസ് വച്ചാൽ ഡാറ്റ തികയില്ല,അപ്പനും അമ്മയ്ക്കും പണിയുമില്ല." "ഇവിടെ ഒട്ടും റേഞ്ച് കിട്ടില്ല മാഷേ ഒരു ടവറ് വന്നാലേ"... ഇല്ല എന്നിലെ മാഷിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്‌കൂളിനേ കഴിയൂ...

വയർ ഉരുണ്ട് ഫുഡ്ബോളായി..!
      ഒരു വിധം തുറന്ന് തുടങ്ങിയപ്പോൾ വീട്ടിൽ കിട്ടിയ കെട്ടിയോനെ അങ്ങ് തീറ്റിക്കുകയാണ് അവൾ, കിറ്റ് വിതരണവും ഭക്ഷണപ്പൊതിയുമായി വാളണ്ടിയർ പിള്ളേർ നാട് നീളെ ബൈക്കിൽ പാഞ്ഞു പോകുന്നുണ്ട്..അവരില്ലെങ്കിൽ എന്റെ പന്തയിൽ വിശപ്പും ഒരുപാട് മനുഷ്യരെ തിന്നു തീർക്കുമായിരുന്നു.ഏറ്റവും സന്തോഷം തോന്നിയത് ഈ ചോറും കൊണ്ട് ഓടുന്ന പിള്ളേർ നമ്മുടെ ഫുട്‌ബോൾ മൈതാനിയിൽ ആവേശം ഉണർത്തുന്നവർ തന്നെയാണ്.പി പി ഈ കിറ്റുമിട്ട് മരുന്നടിക്കാൻ പോയവരും നഗരത്തിൽ ആളുകളെ ദഹിപ്പിക്കാൻ പോയവരുമുണ്ട്. അതിന്റെ ഫോട്ടോകൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വരുന്നുമുണ്ട്.എന്തായാലും എനിക്കും അമ്പൂരിയിൽ കോവിദ് കേന്ദ്രത്തിൽ ജോലി കിട്ടിതോടെ ഞാനും ഹാപ്പിയായി.പക്ഷേ ആ പിള്ളേരെക്കാണുമ്പോൾ നല്ല അസൂയ തോന്നുന്നുണ്ട്..പുറത്തേക്ക് എത്തിനോക്കുന്ന വയറ്റിൽ ഒന്നു തടവിക്കൊണ്ട് മൈതാനം തുറന്നെങ്കിലെന്ന് ഫുട്‌ബോൾപ്രേമി ആഗ്രഹിക്കുന്നുണ്ട്...

കഥാകൃത്തിനെ കോവിഡ് ബാധിക്കില്ലല്ലോ..?

    ഇങ്ങനെ അടച്ചിരിക്കാൻ ഏറ്റവും ഇഷ്ടം കഥാകൃത്തിനും അവന്റെ അടിമയായ വായനക്കാരനുമാണ്.ഈ കാലം അവർ അങ്ങ് ആസ്വാദിച്ചു എന്നു വേണം പറയാൻ.വാങ്ങി വച്ചതും സമ്മാനം കിട്ടിയതുമായ പുസ്തകങ്ങൾ വായിച്ച് തീർക്കുന്നു. ചവറ്റു കുട്ടിയിലിട്ട കഥയുടെ ത്രെഡ്‌ പോലും തിരിച്ചെടുത്ത് എഴുതി നോക്കുന്നു.ചിലതൊക്കെ വല്ലാതെ തൃപ്തിപ്പെടുത്തുന്ന സാഹചര്യത്തിൽ ഇനിയും അടച്ചിട്ടെങ്കിലെന്ന് ആ സ്വാർത്ഥൻ ചിന്തിക്കുന്നത് കണ്ടിട്ട് എനിക്ക് തന്നെ ഒരു ഇരുമ്പ് കമ്പിക്ക് ആ തലയിൽ ഒന്നു പൊട്ടിക്കാൻ തോന്നി.അതേ കഥാകൃത്ത് തന്നെ "അയ്യോ ഈ മനുഷ്യർ ഇനി എന്ത് കഴിക്കും അവരെ കാണാതെ ഞാനിനി എന്തോചെയ്യും" എന്നൊക്കെ ചിന്തിച്ച് ഒറ്റ വരിപോലും എഴുതാനാകാതെ കുറേ നാള് ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് കുറ്റബോധമുണ്ടായി..

   വളരെ നാള് മുൻപേ വായനയെ ഡിജിറ്റൽ വേദിയിലേക്ക് മാറ്റി നട്ട കഥാകൃത്ത് ഈ കാലത്ത് ഏറെ പ്രയാസപ്പെട്ടില്ല എന്നുവേണം പറയാൻ.ട്രൂ കോപ്പിയും wtp ലൈവും magzster ആപ്പും ചേർന്ന് വായനയിൽ കുറഞ്ഞിരിക്കാൻ സമ്മതിച്ചില്ല.സൂമും ഗൂഗിൾ മീറ്റും പിന്നെ ക്ലബ്ബ് ഹൗസിലും കക്ഷി ചേർന്നിട്ടുണ്ട്. കഥാചർച്ചകളും തർക്കങ്ങളും ഇപ്പൊ വെർച്വൽ വേദിയിലായാണ്ട് ആള് ലൈം ലൈറ്റിൽ തന്നെയാണ്.കോവിഡിന്റെ രണ്ട് തരംഗങ്ങൾക്കിടയിൽ ഒരു കഥാസമാഹാരം വന്നു.അത് അയാളുടെ ഭാര്യ അടുക്കളയിൽ വച്ച് പ്രകാശനവും നടത്തി. വീടൊക്കെ എത്ര വലിയ വേദിയാണെ ന്ന് ടിയാനിപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും..

     ജീവിതത്തെ അങ്ങനെയൊന്നും അടച്ചിടാൻ ആർക്കും കഴിയില്ലെന്ന് തോന്നിയ കാലമാണിത്. മനുഷ്യന്റെ അടിസ്ഥാന വിഷയങ്ങളിലേക്ക് തന്നെയാണ് ഇപ്പഴും സകലരും നോക്കുന്നതെന്നും, ഏറ്റവും സർഗാത്മകമായി ജീവിതത്തെ നോക്കുന്നവർക്ക് തുറന്നുകടക്കാൻ നൂറായിരം വഴിയുണ്ടെന്നും ഞാനുമിപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങി അത്ര തന്നെ..


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636