Tuesday 24 August 2021

വൈദ്യരത്നം

വൈദ്യരത്നം.

      നൂറ്റിയഞ്ചിന്റെ മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ കാക്കിയും തൊപ്പിയും കണ്ടപ്പോൾ രത്നൻ ആത്മഹത്യചെയ്തിട്ടുണ്ടാകുമെന്ന് അജിതൻ ഊഹിച്ചു.രത്നന്റെ മരണമോ,ആ മുറിയിൽ നിന്നും അവന്റെ ഇറങ്ങിപ്പോക്കോ അജിതന്റെ ഉള്ളിലെപ്പോഴുമുണ്ടായിരുന്നു.വിരമിക്കൽ ദിവസത്തിന്റെ ചടങ്ങുകൾ വേണ്ടെന്ന് വാശിപിടിച്ചത് നന്നായെന്ന് അയാൾക്കപ്പോൾ തോന്നി.അല്ലെങ്കിൽ കോളേജിലെ നാലഞ്ചു പേരെങ്കിലും ഒപ്പം വരും, അവരെ സത്കരിക്കണം, ചിലപ്പോൾ ഒറ്റയാനായി ലോഡ്ജ് ജീവിതത്തിന്റെ കഥകൾ പറയേണ്ടതായും വന്നേക്കാം.അതിനെല്ലാമുപരി രത്‌നനെ  സഹമുറിയനായി കണ്ടെത്തിയാലുള്ള വിശദീകരണങ്ങൾ വേറെയും.

    "സാറിതെന്തോന്നാ ചിന്തിച്ചു നിക്കണത്? നമ്മളെ രത്‌നൻ റോഡില് വീണു കിടക്കുകയായിരുന്നു. അവന്റെ കമ്പനിക്കാരും പോലീസും വന്നിട്ടുണ്ട്, സാറുചെന്നവരോട് രണ്ട് വാക്കെങ്കിലും പറ." അലവിക്കുട്ടി അജിതനെ വാക്കിലും കൈയിലും കൊരുത്ത് നൂറ്റിയഞ്ചിന്റെ ഉള്ളിലേക്കിട്ടു.

    അകത്ത് ആയുർകമ്പനി പ്രതിനിധികളും രണ്ട് പോലീസുകാരും.കട്ടിലിൽ ചാരിയിരിക്കുന്ന രത്‌നന്റെ അരയുടെ താഴേക്ക് പുതപ്പിച്ചിട്ടുണ്ട്.മുഖത്തിന് ഒരു കോണലും കുറച്ച് മുറിവുകളും. മൂലയിൽ അടുക്കിവച്ചിട്ടുള്ള ലേഹ്യങ്ങളും തൈലവും കമ്പനിയുടെ പേരുള്ള ബാഗും പരിശോധിക്കുന്ന ഒരു ചെറുപ്പക്കാരൻ.അലവിക്കുട്ടി അജിതനെ 'ചോദിക്ക് സാറേന്ന്..' പിന്നെയും നോക്കി.മുറിയാകെ രത്നന്റെ റബ്ബർ ഷൂസ് അഴിച്ചു വച്ചതിന്റെ രൂക്ഷഗന്ധം.കട്ടിലിന്റെ അടിയിലുണ്ടായിരുന്ന തലേന്നത്തെ മദ്യക്കുപ്പി ഉരുട്ടിയെറിഞ്ഞ് ഒരു പൂച്ച പുറത്തേക്ക് പാഞ്ഞു. മരുന്നുകളും ബാഗും ബില്ലുമായി കമ്പനിക്കാർ പുറത്തേക്കിറങ്ങി.അലവിക്കുട്ടി അവരെ തടഞ്ഞു.

      "കൊറേക്കൊല്ലം നിങ്ങളുടെ മരുന്നുംകൊണ്ട് നടന്നതല്ലേ, എണീറ്റ് നിക്കാൻ കഴിയാതവന്നപ്പോൾ ഇവിടെ ഇട്ടിട്ട് പോകാനൊന്നും പറ്റത്തില്ല.എനിക്ക് വാടക തന്നോണ്ടിരുന്നത് കമ്പനിയാണല്ലോ. ഇനിയിപ്പോൾ അതൊക്കെ അങ്ങ്‌ നിർത്തിയ സ്ഥിതിക്ക് ആളെക്കൂടെ കൊണ്ടുപോണം.അതല്ലേ സാറേ ന്യായം..?" അലവിക്കുട്ടി പോലീസിനെയും അജിതനെയും ചേർത്ത് ചോദിച്ചു.അവരൊന്നിച്ച് 'അതേന്ന്' തലയാട്ടി.

      പോലീസുകാർ തൊപ്പി ശരിയാക്കി എഴുന്നേറ്റു."ബോഡി വീട്ടിലെത്തിക്കാൻ കമ്പനി ഏർപ്പാട് ചെയ്യണം" കേസുകെട്ട് തീർപ്പാക്കി ജീപ്പുവേഗത്തിൽ പുറത്തേക്ക് നടക്കുന്ന അവർക്കുനേരെ അലവിക്കുട്ടി പല്ലുകടിച്ചു.രത്നന്റെ കണ്ണിൽ ഭയം.കമ്പനിക്കാർ കട്ടിലിന്റെ കോണുകളിലായിട്ടിരുന്നു. ചെറുപ്പക്കാരൻ മാത്രം മാറിനിന്നു.രത്നന്റെ ഇടതുകൈ അപ്പോൾ നിലത്തേക്ക് വീണു.അലവിക്കുട്ടി അതെടുത്ത് പുതപ്പിനുള്ളിൽ വച്ചു.അജിതൻ അപ്പോൾ കാക്കിയൻ 'ബോഡി'പ്രയോഗത്തിന്റെ സാധുതയെക്കുറിച്ച് ചിന്തിച്ചു.

      "നാളെ ഈ ചെറുപ്പക്കാരൻ കമ്പനിവണ്ടിയുമായി വരും ,നിങ്ങള് കൂടെ.." കമ്പനിക്കരാർ അലവിക്കുട്ടി സമ്മതിച്ചു.ചെറുപ്പക്കാരൻ ബാഗും മരുന്നുകളും മൂലയിലേക്ക് വച്ചു.രത്നന്റെ നോട്ടം അലവിക്കുട്ടിയിലേക്ക് നീണ്ടു. 
      "എന്റെ വാടകയും തന്ന്, നിന്നെ വീട്ടിക്കൊണ്ടാക്കിയിട്ടേ ഞാനിവന്മാരെ വിടൂ..." കമ്പനിയുമായി താൻ ഉടമ്പടിയുണ്ടാക്കിയെന്ന് അലവിക്കുട്ടി ചിരിച്ചു.രത്നന്റെ മുഖത്തും ചിരിയുടെ വിളർച്ച.

     കഴിഞ്ഞ ദിവസം രാത്രിയിൽ, തന്നെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച രത്നന്റെ മുഖത്ത്‌ നോക്കാൻ പോലും അജിതന് കഴിഞ്ഞില്ല.ആ മുഖത്തുള്ള മുറിവുകളിൽ ആഴമുള്ള ഒന്ന് ഇസ്തിരിപ്പെട്ടികൊണ്ട് അജിതനുണ്ടാക്കിയതാണ്.ആറു വർഷമായി മുറിപങ്കിടുന്നു, ഇന്നേവരെ ഇങ്ങനെയുണ്ടായിട്ടില്ല.

      ഒരാഴ്ച മുമ്പാണ് രത്നൻ അജിതന്റെ ജോലിസ്ഥലത്തേക്ക് ബാഗും തൂക്കിച്ചെന്നത്.ലേഹ്യവും അരിഷ്ടവും തൈലങ്ങളും മേശകളിലേക്ക് നിരത്തി.തമിഴും സ്ത്രൈണതയും ചിരിയും ചേർത്ത് തകർത്ത കച്ചവടം.കുണുങ്ങിയ നടപ്പിൽ സഹപ്രവർത്തകരുടെ ഭിന്നകൗതുകം.വയറിളകിയതും ഛർദ്ദിക്കാൻ വന്നതും ചേർത്ത് പിറ്റേന്നുമുതൽ പരാതികൾ.കൈയിൽ കിട്ടിയാൽ തല്ലുമെന്ന ഭീഷണികൾ.ദ്രാഷാദിലേഹ്യം സേവിച്ച വിളർച്ചക്കാരി ആശുപത്രിയിലുമായി.കച്ചവടത്തിനിടയിൽ രത്‌നൻ വിദൂര പരിചയം പോലും കാട്ടിയില്ല, എന്നാലും കൂട്ടുപ്രതിയെന്ന തോന്നൽ അജിതനുണ്ടായി. അതെല്ലാം പറഞ്ഞു നോക്കിയിട്ടും രത്നനിൽ കൂസലില്ല.

       "നാളെയും ഞാൻ വരുന്നുണ്ട്"
       "അതൊന്നും വേണ്ട" പെട്ടെന്നാണ് ആക്രമണമുണ്ടായത്.ആറരയടിക്കാരന്റെ കൈയ്ക്കും ചുവരിനുമിടയിൽ അജിതൻ ശ്വാസം കിട്ടാതെ കുഴങ്ങി.കൈയിൽ കിട്ടിയതുകൊണ്ട് അടിച്ചതാണ്. ഈ വയസിനിടയിൽ ആദ്യമായാണ് അജിതൻ ഒരാളുമായി തല്ലുണ്ടാക്കുന്നത്.ബാഗും തൂക്കി രാത്രിയിൽ രത്നൻ ഇറങ്ങിപ്പോയതാണ്.പക്ഷേ, വെളുപ്പിന് മുറിനിറഞ്ഞ വളിനാറ്റം അടുത്ത കട്ടിലിൽ രത്നന്റെ സാന്നിധ്യമറിയിച്ചിരുന്നു.ഇന്നും രത്നന്റെ കമ്പനിറിച്ചാർജ്ജിംഗ് കേട്ടാണ് അജിതന് ഉണരേണ്ടിവന്നത്. 
     
       "ക്ളോസ് ദി നെഗറ്റീവ്, 
        റീച്ച് ദി പോസിറ്റീവ്, 
        സ്ക്രൂ ദി ഹെഡ് ആന്റ് റീഹാഷ്"ആവർത്തിച്ച് പറഞ്ഞുകൊണ്ട് മുറിയിലൂടെ എക്സിക്യൂട്ടീവ് സ്റ്റൈലിൽ നടക്കുന്ന രത്നൻ.ഒരേസമയം കസ്റ്റമറാകും വില്പനക്കാരനുമാകും.പലതരം കസ്റ്റമേഴ്‌സ് അതിൽ വിവിധ ഭാഷകൾ സംസാരിക്കുന്നവർ.ഒഴുക്കൻ താളത്തിൽ ഇംഗ്ലീഷ് തമിഴ് തെലുങ്കുകളിൽ മരുന്നുകളും,കഴിക്കേണ്ട വിധവും പഠിപ്പിക്കുന്ന എക്സിക്യൂട്ടീവ്.എത്ര നെഗറ്റീവ് കസ്റ്റമറിനെയും പോസിറ്റീവാക്കുന്ന ഉത്തരങ്ങൾ.പ്രസന്ന ഭാവം,ശബ്ദവ്യതിയാനം, ചിരി.ഒടുവിൽ പ്രോഡക്ട് നൽകി നന്ദിയും പറഞ്ഞുള്ള മടക്കം.ആ ഏകാംഗ നാടകം തീരുമ്പോൾ,വീണ്ടും റീച്ചാർജ്ജിംഗ്
      "ക്ളോസ് ദി നെഗറ്റീവ്, 
       റീച്ച് ദി പോസിറ്റീവ്, 
       സ്ക്രൂ ദി ഹെഡ് ആന്റ് റീഹാഷ്"മുഴക്കത്തിലുള്ള കൈകൊട്ടലിന്റെ അകമ്പടിയോടെ മഴയുടെ താളത്തിൽ ആ പറച്ചിൽ മുറുകി മുറുകി വരും.അതിന്റെ പാരമ്യത്തിൽ വച്ച് പെട്ടെന്ന്‌ വാതിൽ തുറന്ന് ഒറ്റപ്പോക്ക്.

     രത്നൻ കട്ടിലിന്റെ താഴേക്ക് വീഴുന്നതിന്റെ ശബ്ദത്തിലാണ് അജിതന്റെ ചിന്തകളഴിഞ്ഞത്.നേരം
വളരെ വൈകിയിരുന്നു.നാളെ രത്നനെ വീട്ടിലാക്കാൻ ഒപ്പമുണ്ടാകണമെന്ന് അജിതന് തോന്നി.താൻ ഇതുപോലെ വീണുപോയാൽ ആരാണ് തിരക്കിവരിക.? 'ബോഡി' എവിടേക്ക് കൊണ്ടുപോകും.?. ചോദ്യങ്ങളിൽ തൂങ്ങി അജിതന്റെ മനസ് പിന്നെയും യാത്ര തുടങ്ങി.

       ഞായറായാൽ രത്നൻ ലോഡ്ജിന്റെ മുറ്റവും അടിച്ചുവാരി വൃത്തിയാക്കും.ഇക്കാലത്തിനിടയിൽ വീട്ടിൽ പോകുന്നതിനെക്കുറിച്ചോ, വീട്ടുകാരെക്കുറിച്ചോ അവർ തമ്മിൽ സംസാരിച്ചിട്ടില്ല. മുറിക്കുള്ളിലും പുറത്തുമുള്ള സകല കക്കൂസും കുളിമുറിയും വൃത്തിയാക്കിയിടും.എതിർപ്പ് അവഗണിച്ച് അജിതന്റെ തുണികളും അലക്കിയിടും. ചിലപ്പോൾ അലവിക്കുട്ടിയും ഒപ്പം ചേരും.
       മൂന്നുമണിയോടെ രത്നൻ വേറെ മനുഷ്യനാകും.ഒരു കുപ്പിയും സ്വയമുണ്ടാക്കിയ ഇറച്ചിയുമായി ഒരിരുപ്പ്, ആറ് അല്ലെങ്കിൽ ഏഴിനോട് അടുപ്പിച്ച് കുപ്പി തീർക്കും.പിന്നീട്‌ കമ്പനിയുടെ കണക്കുകൾ എഴുതിക്കൂട്ടലാണ്.ബില്ലുകൾ പാസ്സായൽ ഫോണിലാകും.
         മറുപുറത്ത് മിണ്ടാനാകാത്ത ഒരാളായിരിക്കണം.ഒരു കാര്യം സംസാരിച്ച് എസ് എം എസിൽ മറുപടി വരാൻ കാത്തിരിക്കും.ചിരിയും സുരക്ഷാനിർദേശങ്ങളും ആശ്വസിപ്പിക്കലുമായി പത്തുമണി.അതും കഴിഞ്ഞാൽ മൂടിപ്പുതച്ച് കിടക്കുന്ന രത്നക്കുന്നിൽ നിന്നും കരച്ചിലുകൾ ഇറങ്ങിവരും.രത്‌നനെ കേന്ദ്രപാത്രമാക്കി എഴുതിയ 'വൈദ്യരത്നം' എന്ന കഥ, അജിതൻ മൂന്നോ നാലോ പതിപ്പുകളിലേക്കയച്ചു. മറുപടി കിട്ടാതായപ്പോൾ ഇപ്പോഴും തിരുത്തിയെഴുതുകയാണ്.

     "സാറിന് ഒറ്റയ്ക്ക് കിടത്താൻ കഴിയൂലെന്ന് എനിക്കറിയാം" കഞ്ഞിയുമായി അലവിക്കുട്ടി വന്നുകയറിയത് അജിതൻ അറിഞ്ഞില്ല.അലവിക്കുട്ടി രത്നനെ ഉയർത്താൻ ശ്രമിക്കുന്നു. 
      അഞ്ച് വർഷം ബാക്കിയുള്ളപ്പോൾ അജിതൻ സ്വയം വിരമിച്ചതിന്റെ ഒരു കാരണമിതാണ്. നടുറോഡിൽ പോലും ഓരോന്ന് ചിന്തിച്ച് നിന്നുപോകുന്നു.രണ്ട് തവണയാണ് വണ്ടി തട്ടാതെ കഴിച്ചിലായത്.പടികൾ കയറാൻ കഴിയുന്നില്ല.കുട്ടികളോട് ദേഷ്യമുണ്ടാകുന്നു. അതുമാത്രമല്ല രത്നനെ എത്രയും വേഗം മുറിയിൽ നിന്നൊഴിവാക്കി മനസിലിട്ടുവച്ച കഥകൾ പൂർത്തിയാക്കണം. ഇല്ലെങ്കിൽ അതെല്ലാം ഈ ഭ്രാന്തൻ മറവി തിന്നുതീർക്കും.ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു കഥ മതി, അല്ല ഒരു കഥയെങ്കിലും വേണം.

      "ഒന്നു കൈവയ്ക്കു സാറേ.." അലവിക്കുട്ടി കിതപ്പിനിടയിൽ അജിതനെ ക്ഷണിച്ചു.രത്നന്റെ 'ബോഡി' ഒരു കട്ടിലിൽ ഒതുങ്ങുന്നില്ല.അജിതൻ തന്റെ കട്ടിലും അതിനോട് ചേർത്തിട്ടു.അലവിക്കുട്ടി രത്നന്റെ തുണികളെല്ലാം ഒരു ബാഗിൽ തിരുകി വയ്ക്കുന്നു.ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും കൈയിൽ തടഞ്ഞ ഒരു സ്വർണ വളയിലൂടെ അലവിക്കുട്ടി രത്നനെ നോക്കുന്നു.വളയത്തിനുള്ളിലെ രത്നൻ എന്തൊക്കെയോ പറയാനും ശ്രമിക്കുന്നുണ്ട്.

     "നാളെ വണ്ടി കൊണ്ടുവരുന്നത് രത്നന് പകരം കമ്പനി പണിക്കെടുത്ത പയ്യനാണ്.ഈ സുരേഷ് ഗോപി മൂന്നുനാലു ലക്ഷം രൂപ കമ്പനിക്ക് കൊടുക്കാനുണ്ട്.."അലവിക്കുട്ടി പിന്നെയും എന്തൊക്കെയോ പറയുന്നു.
       
       സത്യത്തിൽ,രത്നനെ കണ്ടാൽ സുരേഷ് ഗോപിയുടെ ഛായയുണ്ട്.മിണ്ടിപ്പോയാൽ കിളിനാദം, ഗോപിയാൻ ഇമേജ് ഒലിച്ചുപോകും.ആക്ഷനിൽ താരമാണെന്ന് ഇന്നലെ തെളിയിച്ചു.രത്നന്റെ ചുണ്ടിലേക്ക് നീണ്ട കഞ്ഞിയിൽ അല്പം ചിരിയുപ്പും അജിതൻ ചേർത്തു.കവിളിൽ ഒലിച്ചിറങ്ങിയത് മറ്റേ കൈയുയർത്തി തുടയ്ക്കാൻ രത്നൻ ശ്രമിക്കുന്നു.
         ഒരു വശം പൂർണമായും തളർന്നിരിക്കുന്നു.രത്നൻ ഒന്നെന്ന് വിരലുയർത്തി,ഒരു ബക്കറ്റ് അലവിക്കുട്ടി കട്ടിലിന്റെ അടിയിലേക്ക് നീക്കിവച്ചു.രത്നനും ഉറങ്ങിയില്ല.അജിതൻ കഥയുമായി ഇരുന്നെങ്കിലും ഒരു വരിയും പുതിയതായി ഉണ്ടായിവന്നില്ല.മുഖ്യപാത്രത്തിന്റെ ബോഡിയും ഭാവിയും ഒരു ചോദ്യമായി.

      അലവിക്കുട്ടി വരുന്നതിന് മുമ്പ് രത്നന്റെ മുഖമൊന്ന് കഴുകാനുള്ള ശ്രമം അജിതൻ നടത്തി. കട്ടിലിനടിയിൽ വച്ചിരിക്കുന്ന ബക്കറ്റിൽ വീഴാതെ മഞ്ഞമൂത്രയട്ട തറയിലൂടെ പതിയെ ഒഴുകിവന്നു. കാറിലേക്ക് മാറ്റുമ്പോൾ അജിതനോട്, തനിക്ക് തൂറണമെന്നു പറയാനാണ് രത്നൻ ശ്രമിച്ചത്. വണ്ടിയിലിരിക്കുമ്പോൾ അജിതന്റെ നേർക്ക് രണ്ടെന്ന് വിരലുയർത്തിയത് ചെറുപ്പക്കാരനും കണ്ടു..

    "ഒറ്റ മണിക്കൂറിൽ ദേ അവിടെ എത്തും. നിങ്ങളെ സെറ്റിലാക്കി, ഈ മരുന്നുമായി കമ്പനിയിൽ ചെല്ലാനാണ് പറഞ്ഞിട്ടുള്ളത്.."രത്നൻ രണ്ടെന്നാവശ്യപ്പെട്ട വിരലുകൾ നിരാശയോടെ താഴ്‌ത്തി.

     "ക്ളോസ് ദി നെഗറ്റീവ്, റീച്ച് ദി പോസിറ്റീവ് സ്ക്രൂ ദി ഹെഡ് ആന്റ് റീഹാഷ്" ഇതാണ് നമ്മളെ കമ്പനി പഠിപ്പിച്ചത്.ചെറുപ്പക്കാരന്റെ പറച്ചിലിൽ അലവിക്കുട്ടി അത്ഭുതം കൂറുന്നു.രത്നന്റെ ചുണ്ടിൽ പരിഹാസം.അജിതന്റെ ഉള്ളിലെ കഥയിൽ തനിയാവർത്തനമുള്ള  ട്വിസ്റ്റുണ്ടായി. ചെറുപ്പക്കാരൻ കമ്പനിപ്പെരുമ ബ്രാഞ്ചുകളായും മരുന്നുകളാക്കിയും ആവേശത്തോടെ ഇറക്കിവിടുന്നു. ശമ്പളത്തിന്റെ കാര്യങ്ങളിലെത്തിയപ്പോൾ ഒരല്പം ശ്രദ്ധപാളി, വണ്ടി കുഴിയിലിറങ്ങി ഒപ്പം രത്നന്റെ വളിപൊട്ടി.ഉള്ളിൽ ആ നാറ്റം ഒന്നു കറങ്ങിയിട്ട് പുറത്തേക്കോടി.

     "വിൽവ്യാധി ബെസ്റ്റാ.."ചെറുപ്പക്കാരൻ കമ്പനി മരുന്നറിവ് തമാശയിൽ കലർത്തി വിട്ടു.
അതിനിടയിൽ രത്നന്റെ വീട്ടിലേക്ക് കമ്പനിവണ്ടി കയറിച്ചെന്നു.ഒരേ മുഖമുള്ള രണ്ടാൺകുട്ടികൾ ആദ്യവും, പിന്നാലെ വന്നത് രത്നന്റെ ഭാര്യയുമായിരിക്കും.അലവിക്കുട്ടി പുറത്തിറങ്ങി അവർക്ക് നേരെ നടന്നു.അജിതന്റെ കൈയിൽ രത്നൻ പ്രതീക്ഷയോടെ തൊട്ടു.

      "സാറേ,ഞാൻ കാര്യം പറഞ്ഞപ്പോൾ അവര് ഒരുമാതിരി..." അലവിക്കുട്ടിയുടെ ദേഷ്യം മാറിയിട്ടില്ല. വീടിന്റെ പുറകിൽ നിന്നൊരാൾ നടന്നു വരുന്നു.അതുകണ്ടിട്ട് രത്നന്റെ ചുണ്ട് അല്പംകൂടെ കോടിപ്പോയി.എന്തൊക്കെയോ പിറുപിറുക്കുന്നു.അജിതൻ ആ മനുഷ്യന്റെ അടുത്തേക്ക് നടന്നു. കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ തലയിലെ കെട്ടഴിച്ച് തോളിലിട്ട്, ചായ്പ്പിൽ തൂങ്ങിയ ഉടുപ്പെടുത്ത് അയാൾ പുറത്തേക്ക് നടന്നു.പോകുന്നതിനിടയിൽ കാറിന്റെ പിൻസീറ്റിലേക്ക് ചരിഞ്ഞൊന്ന് നോക്കി. രത്നന്റെ തല കുനിഞ്ഞു.ചെറുപ്പക്കാരൻ ഫോണിലെന്തോ തമാശകൾ ആസ്വദിച്ചു ചിരിക്കുകയായിരുന്നു.

     "ഇവിടാരെക്കാണിക്കാൻ കൊണ്ടുവന്നത്, അയാള് കുടിച്ചും പെണ്ണുപിടിച്ചും കെടന്ന ലോഡ്ജിന്റെ മുന്നിലും ഞാനെത്ര പ്രാവശ്യം വന്നിട്ടുണ്ട്. ആ മനുഷ്യൻ ഈ പിള്ളേരെയും കൊണ്ട് വന്നില്ലെങ്കിൽ എന്റെ ഗതിയെന്തായിരുന്നു..." അവർ കുട്ടികളെ തന്നിലേക്ക് ചേർത്തുനിർത്തി.

     "അച്ഛൻ ആ കലുങ്കിന്റെ മോളില്ക്കാണും ,നിങ്ങൾ ഈ വെള്ളം കൊണ്ട് കൊട്.." ഒരേ മുഖമുള്ള കുട്ടികൾ അതുമായി റോഡിലേക്ക് നടന്നു.അവർ കാറിനുള്ളിലേക്ക് നോക്കി,കണ്ണാടിയിൽ തൊട്ടു. ചെറുപ്പക്കാരൻ അവരെ നോക്കി കണ്ണുരുട്ടി.രത്നനെ അവരും കണ്ടിട്ടുണ്ടാകും.
        ആ സ്ത്രീ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി,പിന്നാലെ ഒരു കൂട്ടം തുണികൾ ബാഗോടെ വീടിന്റെ പുറത്തേക്ക് വന്നുവീണു.ചുവന്ന പട്ടുസാരിയും വിവാഹഫോട്ടോയും അജിതൻ ശ്രദ്ധിച്ചു. ചെറുപ്പകാലത്ത് രത്നൻ സുരേഷ്ഗോപിയേക്കാൾ സുന്ദരനായിരുന്നു.'മറ്റൊന്നുമാകില്ല, നിന്റെ പെണ്ണു പറയുന്നതാണ് ശരിയായ നീ' അജിതന് കഥയിലെഴുതാൻ നല്ലൊരു വരിയുണ്ടായി.

     "എന്തായി സാറെ.."അലവിക്കുട്ടി പാഞ്ഞുചെന്ന് അജിതന്റെ തോളിൽ തൊട്ടു.അവർ വണ്ടിയിലേക്ക് നടക്കുമ്പോൾ, കുടയും നെഞ്ചിൽ അമർത്തിപ്പിടിച്ച് തലകുനിഞ്ഞ ഒരു പെൺകുട്ടി നടന്നു വരുന്നു. കാറിനുള്ളിലേക്ക് അത്ഭുതത്തോടെ നോക്കുന്നു.വാതിൽ വലിച്ചു തുറക്കാൻ ശ്രമിക്കുന്നത് കണ്ട്, ചെറുപ്പക്കാരൻ പുറത്തിറങ്ങി കച്ചവടച്ചിരിയോടെ തുറന്നു കൊടുക്കുന്നു.
പെൺകുട്ടി രത്നനെ തൊട്ടു.വീട്ടിനുള്ളിൽ പാത്രങ്ങൾ വീഴുന്ന ശബ്ദം.'ഉമേന്ന്...' നീണ്ട ഒരു വിളി. പെൺകുട്ടി അകത്തേക്ക് ഓടിപ്പോയി.ചെറുപ്പക്കാരന്റെ മുഖത്ത് നിരാശ.പെൺകുട്ടിക്ക് രത്നന്റെ നിറവും ഉയരവും ഭംഗിയുമുണ്ടായിരുന്നു.

     കാറിലേക്ക് കയറിയ അലവിക്കുട്ടി എന്തൊക്കെയോ പിറുപിറുക്കുന്നു.തല കുനിച്ചിരിക്കുന്ന രത്നന്റെ മുണ്ടിലേക്ക് കണ്ണീര് വീണ് പൂക്കുന്നു.പൂക്കലിന് ഏങ്ങലുകളുടെ പശ്ചാത്തല സംഗീതം.

   "ഇനി എങ്ങനാ.? എനിക്ക് കമ്പനിയിൽ..."
   "ഫാ, പുല്ലേ വണ്ടിയെടുക്കെടാ..." അജിതൻ സുരേഷ് ഗോപിയെ അനുകരിച്ചു. 
   "അലവി, ഇനിമുതൽ നിന്റെ വാടക ഞാൻ തരും.." അലവി അത് കേട്ടോ എന്നറിയില്ല.വീടിന്റെ ഇടതുവശത്തെ ജനാലയിൽ ആ പെൺകുട്ടി ഫോണും ചെവിയിൽ ചേർത്ത് നിൽക്കുന്നു.രത്നന്റെ ബാഗിനുള്ളിൽ നിന്നും അതിന്റെ വിതുമ്പലുകൾ കേൾക്കാം..

     കമ്പനിവണ്ടി പുറത്തേക്കിറങ്ങുമ്പോൾ കലുങ്കിന് മുകളിൽ ബീഡിയും വലിച്ചിരിക്കുന്ന ആ മനുഷ്യൻ നെഞ്ചിൽ കൈ ചേർത്ത് എന്തിനാണ് എഴുന്നേറ്റ് നിന്നത്.?.കുട്ടികൾ പിന്നിലെ വയലിന് അഭിമുഖമായി ഇരിക്കുന്നു.അങ്ങ്‌ ദൂരെ അസ്തമയം.ആ മനുഷ്യൻ വെള്ളം കുടിച്ച പാത്രം കുട്ടികളുടെ ഇടയിൽ കമഴ്ത്തി വച്ചിട്ടുണ്ട്.

     വണ്ടി മൂന്നാമത്തെ വളവ് കഴിഞ്ഞപ്പോൾ രത്നനിൽ ഒന്നിടവിട്ട് കുറേ വളികളുണ്ടായി. കാറിനുള്ളിൽ തീട്ടത്തിന്റെ രൂക്ഷ ഗന്ധം നിറഞ്ഞു.രത്നൻ മുന്നിലേക്ക് കമഴ്ന്നു വീഴുന്നു.
         "തൂറിപ്പോയെന്നു തോന്നുന്നു".അജിതൻ രത്നനെ തൊട്ടുനോക്കി.തണുപ്പ്.
         "ടാ, അലവീ...." ആ വിളിയിൽ ചെറുപ്പക്കാരനും കാര്യം മനസിലായി.കമ്പനിവണ്ടി വീണ്ടും  വീടിന്റെ മുറ്റത്ത് കണ്ട ഒരേമുഖമുള്ള കുട്ടികൾ അകത്തേക്ക് കയറി നിന്നു.മതിലിനോട് ചേർന്ന ഒരിടത്ത് കൂട്ടിയിട്ട തീയിൽ ആ ചുവന്ന പട്ടിന്റെ ബാക്കി അജിതൻ കണ്ടു.വിവാഹ ഫോട്ടോയിൽ നിന്നുള്ള പുകചുറ്റിയതാകാം ആ സ്ത്രീ കണ്ണ് തുടയ്ക്കുന്നു.ആ മനുഷ്യൻ പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അജിതൻ തടഞ്ഞു നിർത്തി.

     "പോയി..."
      "ഉം" 
        ഒരു വാക്കിനും മൂളലിനുമിടയിൽ വലിയ മാറ്റങ്ങളുണ്ടായി.ആ സ്ത്രീയും മനുഷ്യനും കാറിന്റെ പിന്നിലേക്ക് വേഗത്തിൽ നടക്കുന്നു.മുഖത്ത് വിഷാദം വന്നിട്ടുണ്ട്. പെൺകുട്ടി വാതിലുവരെ വന്നിട്ട് രത്നനെ എല്ലാവരും ചേർന്ന് എടുത്തിറക്കുന്നതു കണ്ടിട്ട് വേഗത്തിൽ അകത്തേക്ക് പോയി.ഒരേ മുഖമുള്ള കുട്ടികൾ മൂക്കുപൊത്തി.ആ സ്‌ത്രീ അവരെ ഓടിച്ചുവിട്ടു.
      
      കിണറ്റിനോട് ചേർന്ന അലക്കുകല്ലിലിരുത്തി അലവിയും ആ മനുഷ്യനും രത്നനെ കുളിപ്പിക്കുന്നു. ചെറുപ്പക്കാരൻ മൂക്കുപൊത്തി കമ്പനിവണ്ടി വൃത്തിയാക്കുന്നത് കണ്ട കുട്ടികൾ ചിരിപൊത്തി നിൽക്കുന്നു.അജിതൻ ചാരിയിരിക്കുന്ന ചുവരിലെ ജനാലയുടെ അപ്പുറത്ത് ആ പെൺകുട്ടിയുടെ ഞരക്കം.ബാഗിനുള്ളിലെ രത്നന്റെ ഫോണെടുത്ത് തന്റെ പോക്കറ്റിലിട്ടിട്ട്, ജനാലയോട് ചേർന്നുനിന്ന അജിതൻ ഒന്നു ചുമച്ചു.പെൺകുട്ടി ഇറങ്ങി വന്ന് ബാഗു വാങ്ങി,അവർക്കിടയിൽ വേദനയിട്ട ഒരു നോട്ടമുണ്ടായി.തനിക്കിനി ആരെന്ന അജിതന്റെ കടം 'കഥ'യ്ക്ക് ഉത്തരമുണ്ടായോ.?
       അകത്തെ മുറിയിൽ വിരിച്ചിട്ട വാഴയിലയോട് ചേർത്ത് വിളക്ക് വയ്ക്കുന്ന ആ സ്ത്രീ.അജിതൻ പുറത്തേക്ക് നടക്കുമ്പോൾ ചെറുപ്പക്കാരന്റെ തെറികേട്ട കുട്ടികൾ വീടിന്റെ പിന്നിലേക്ക് ഓടി. ഇരുണ്ട ജനാലയോട് ചേർന്നു നിൽക്കുന്ന പെൺകുട്ടിയെ അജിതൻ വീണ്ടും വീണ്ടും നോക്കി.

    ചുവന്ന പട്ടുസാരി വെന്തുതീരാത്ത ഭാഗത്ത് ചിതയൊരുക്കാനുള്ള സ്ഥലം നിരപ്പാക്കുന്ന ആ മനുഷ്യൻ, തലയിലെ തോർത്തഴിച്ച് അജിതനോട് എന്തോ പറയാനുള്ള ശ്രമം നടത്തി.പ്രതീക്ഷിച്ച നോട്ടമെത്താതെ നിരാശനായി, നെഞ്ചിലെ ഉഷ്ണത്തിലേക്ക് ആ തോർത്തുവീശി.  

    തലകുനിച്ച് റോഡരികിലൂടെ വളരെ വേഗത്തിൽ നടക്കുന്ന അജിതന്റെ ഒപ്പമെത്താൻ അലവിക്കുട്ടി ഓടാൻ തുടങ്ങി.ചെറുപ്പക്കാരന്റെ കമ്പനിവണ്ടി എതിർദിശയിലേക്ക് നിശബ്ദമായി പോകുന്നതും അലവിക്കുട്ടി കണ്ടു.അജിതന്റെ കരച്ചിൽ നിരത്തിലേക്ക് തെറിച്ചു വീഴുന്നുണ്ട്.   
     പോക്കറ്റിൽ കിടന്ന രത്നന്റെ ഫോണിലേക്ക് അപ്പോൾ ഒരു വിളിയുടെ വിതുമ്പലിറങ്ങി വന്നു. ഉമയെന്ന പേര് വായിച്ച അജിതൻ,സ്‌നേഹത്തോടെ ആ പെൺകുട്ടിയോട് 'മോളേന്ന്' സംസാരിച്ചു തുടങ്ങി..!!

സാങ്കേതികമായ ഒരടിക്കുറിപ്പ്‌.
          പ്രിയ വായനക്കാരാ, ഈ കഥ ഞാനെഴുതിയതല്ല.നൂറ്റിയഞ്ച് വൃത്തിയാക്കുന്നതിനിടയിൽ കണ്ണാടിയുടെ പിന്നിലിരുന്ന് കിട്ടിയതാണ്.ശ്രീമാൻ അലവിക്കുട്ടിയോടും കാര്യങ്ങൾ തിരക്കി. അത്തരത്തിലൊരു സംഗതിയെക്കുറിച്ചോ,അജിതനെന്ന വ്യക്തിയെപ്പറ്റിയോ അറിയില്ല, എന്നാണ്  അദ്ദേഹം പ്രതികരിച്ചത്.നിങ്ങൾ 'വൈദ്യരത്നം' വായിക്കണമെന്ന് എനിക്ക് തോന്നി.എഴുതിയവന്റെ അടയാളപ്പെടുത്തലെന്ന നിലയിൽ ഈ പതിപ്പിലേക്ക് അയയ്ക്കുകയായിരുന്നു.
 

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment