Tuesday 24 August 2021

ഹിറ്റ്ലറും തോറ്റകുട്ടികളും..!

ഹിറ്റ്‌ലറും തോറ്റകുട്ടിയും..!

    മാധവൻകുട്ടി സാറ് ഉടൻ ചെയ്യേണ്ടതായുള്ള ആത്മഹത്യയെക്കുറിച്ച് ഭാര്യ,സതി അടുക്കളയിൽ മനോരാജ്യം കാണുകയായിരുന്നു.സമീപകാലത്താണ് അവർക്ക് ഇത്തരമൊരു വിചിത്രമായ സ്വഭാവമുണ്ടായത്.പരിചിതരോ ബന്ധുക്കളോ കൊല്ലപ്പെടുകയോ അപകടങ്ങളിൽ മരിക്കുകയോ, ഇനിയതുമല്ലെങ്കിൽ ആത്മഹത്യചെയ്യുന്നതായോ ഭാവനചെയ്യും.തുടർന്ന് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെയും തന്റെയും പ്രതികരണങ്ങൾ സസൂക്ഷ്മം വിലയിരുത്തും. എന്നിട്ട് 'അയ്യോ! ഞാനിതെന്താണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.?' എന്ന മറുചിന്തയും.ഒടുവിൽ 'പരേതരുടെ' ദീർഘായുസിനായി പ്രായശ്ചിത്ത പ്രാർത്ഥനയോടെയാണ് അത് അവസാനിപ്പിക്കുക. 

    മുറ്റത്തുനിന്നും മാധവൻകുട്ടി സാറിന്റെ പതിവ് തെറിവിളികൾ കേട്ട സതി,സങ്കല്പ ചടങ്ങുകളെല്ലാം തത്കാലത്തേക്ക് നിർത്തിവച്ച്, നിരാശയുള്ള മുഖവുമായി മുൻവശത്തെ വാതിലോളം വന്നുനിന്നു.

    വ്യാഴാഴ്ച്ചകളിൽ പലതരം പപ്പടങ്ങളുമായി വിൽപ്പനക്കെത്തുന്ന മുടിനീട്ടി വളർത്തിയ ചെറുപ്പക്കാരനായ, സോളമന്റെ കഴുത്തിൽ എത്തിപ്പിടിക്കാൻ മാധവൻകുട്ടി സാർ ശ്രമിക്കുന്നു.ആ കുറുകിയ കൈകളെ തട്ടിമാറ്റി മുറ്റത്ത് നിന്നും വേഗത്തിൽ നടക്കുന്ന സോളമൻ.പുല്ലിലും മണൽവിരിച്ച വഴിയിലും തെറിച്ചുവീണ തന്റെ പപ്പടങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ട് നിരത്തിൽ ഭയത്തോടെ ഓടിമറയുന്ന ചെറുപ്പക്കാരൻ.

     നിലവിളിച്ച് ആളെക്കൂട്ടാനോ,പിടിച്ചുമാറ്റാനോ സതിക്ക് തോന്നില്ല.ആ മതിൽക്കെട്ടിനുള്ളിൽ 'സാറി'ന്റെ നിയമപ്രകാരം ജീവിക്കാൻ തുടങ്ങിയിട്ട് ഒരു ഡസൻ വർഷങ്ങൾ കഴിയുന്നു. 'സർ'പ്പേടിയിൽ അയൽക്കാരാരും കടന്നുവരാറില്ല.'പിരിവുകാരും നായ്ക്കളും പ്രവേശിക്കരുത്' ഒരു വലിയ ബോർഡ് ഗേറ്റിൽ തൂക്കിയിട്ടുണ്ട്.ഗേറ്റിൽ മാത്രമല്ല വീട്ടിലെ സകലതിലും മാധവൻകുട്ടി സാറിന്റെ അരുതുകളുടെ നീണ്ട പട്ടിക സൂക്ഷിച്ചുനോക്കിയാൽ കാണാം. അതുമാത്രമല്ല ഇതേ രംഗങ്ങൾ മാസത്തിൽ, മൂന്നിൽ കുറയാതെ സതി ആവർത്തിച്ചു കാണുന്നുണ്ട്. 'ഇന്നിര' പപ്പടക്കാരൻ സോളമനെന്നുമാത്രം,അതും സാറു മറന്ന പന്ത്രണ്ടാം വിവാഹവാർഷിക ദിനത്തിൽ.

     ഇതൊക്കെയാണെങ്കിലും മാധവൻകുട്ടി സാറിന് ഭ്രാന്തൊന്നുമില്ല.നഗരത്തിലെ ഏറ്റവും വലിയ സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്, അതിലേറെ ശാന്തിനികേതനിൽ നിന്നും ബിരുദങ്ങൾ നേടിയ പ്രതിഭയുള്ള വിദ്യാർഥിയും.വായ തുറന്നാൽ 'ശാന്തിനികേതൻ നിറങ്ങൾ' ആരുടെ മുന്നിലും ആ മനുഷ്യൻ കോരിയൊഴിക്കും.ഏറെയൊന്നും വായ തുറക്കാറില്ല എന്നതാണ്‌ മറ്റൊരു പ്രതീക്ഷ.

    ഇവരല്ലാതെ ആ കോട്ടയിൽ അല്പകാലമുണ്ടായിരുന്ന മറ്റൊരു ജീവി,എവിടുന്നോ വന്നുകയറിയ ചാരനിറമുള്ള ഒരു പട്ടിയായിരുന്നു.മാധവൻകുട്ടി സാർ കാഞ്ഞിരത്തിന്റെ പട്ട ചോറിൽ കുഴച്ചു വച്ചതും തിന്ന് ആ പാവം രണ്ടുനാൾ ഉറങ്ങിപ്പോയന്നല്ലാതെ മറ്റൊന്നുമുണ്ടായില്ല.ഒടുവിൽ ഇത്തിരി മീനിന്റെ മണമെങ്കിലും കിട്ടാതെ വന്നപ്പോൾ സതിയെപ്പോലെ ഗതികെട്ട ജീവിതത്തിന് അത് തയാറായില്ല.വീടിന്റെ പിന്നിലെ പാടവും കടന്ന് അതങ്ങ്‌ പോയി.ഒന്നോ രണ്ടോ തവണ അത് കുരച്ചു, മാധവൻകുട്ടി സാറിന്റെ അതിരിൽ മൂത്രിച്ചു.അയൽ വീടുകളിലെ മീൻമണം രുചിച്ചാണ് സതി ചില ഉച്ചനേരങ്ങളിൽ ഉണ്ണാനിരിക്കുക.മാധവൻകുട്ടി സാർ ശുദ്ധ സസ്യാഹാരിയായിരുന്നു.

    പപ്പടക്കാരൻ ഓടിയ ദിക്കിലേക്ക് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മാധവൻകുട്ടി സാർ വീട്ടിലേക്ക് കയറി.തീൻമേശയിൽ സതി ഒരുക്കിവച്ചിരുന്ന പായസത്തിന്റെ കാരണം ശ്രദ്ധിക്കാതെ ഊണുപൊതിയുമായി തിടുക്കത്തിൽ നടന്നു.നിലത്തു കിടന്ന ഒരു പപ്പടപ്പൊതി ആ പോക്കിനൊപ്പം നിരത്തിലേക്ക് ചവിട്ടിത്തെറിപ്പിച്ചു.ഗേറ്റ് ശബ്ദത്തിൽ വലിച്ചടച്ച് താഴിട്ടു.ആവർത്തിച്ചഭിനയിക്കുന്ന ദുരന്തനാടകത്തിന്റെ അന്ത്യരംഗത്തിലെന്ന പോലെ സതി നിർവികാരയായി നിന്നു.

    നിരത്തിൽ നിന്നും ഒരു ചൂടൻ കാറ്റ് കയറി വന്നത് സാറിന് പകരമായിരിക്കാം.മേശവിരിക്കും അടുക്കിവച്ചിരുന്ന വിവിധനിറമുള്ള പേപ്പറുകൾക്കും അത് ചിറക് മുളപ്പിച്ചു.മാധവൻകുട്ടി സാറിന്റെ ഏറെ പ്രിയപ്പെട്ട കാപ്പിക്കപ്പ് നിലത്തു വീണുചത്തു.സ്‌കൂളിലെ കലോത്സവത്തിന് കുട്ടികളുടെ നെഞ്ചിൽ പതിക്കുന്ന നമ്പറുകൾ എഴുതിയിരുന്ന പേപ്പറുകളാണവ.ജയിലധികാരിയെപ്പോലെ ആ നമ്പറുകൾ മാധവൻകുട്ടി സാറുതന്നെയാണ് എല്ലാ വർഷവും തയാറാക്കുന്നത്.അതിലേക്ക് നോക്കിയൊന്ന് ചിരിച്ചിട്ട്, സതി മുൻവാതിലും ചാരി അടുക്കളയിലേക്ക് പോയി.ചിതയ്ക്കരികിൽ  നിർത്തി വച്ചിരിക്കുന്ന സങ്കൽപ്പ ചടങ്ങുകൾ സാവധാനം പൂർത്തിയാക്കി.

   താനില്ലെങ്കിൽ സ്കൂളങ്ങ്‌ മുങ്ങിപ്പോകുമെന്നാണ് മാധവൻകുട്ടി സാറിന്റെ ചിന്ത.സ്‌കൂളിനും അതൊക്കെ ഇഷ്ടമാണ്.ചരിത്രത്തിൽ ഒരു ബിരുദാനന്തര ബിരുദവും അടുത്തിടെ കൂട്ടിച്ചേർത്തത്, സാമൂഹ്യശാസ്ത്രത്തിന്റെ ഒഴിവിലേക്ക് ഒരാളുടെ പ്രതിസന്ധി പരിഹരിക്കാനാണ്. അക്കാലത്തിറങ്ങിയ ഒരു സിനിമയെ അനുകരിച്ച് മാധവൻകുട്ടി സാറിന് 'ഹിറ്റ്ലർ' എന്ന പേര് ചരിത്രം പഠിപ്പിച്ചതിന്റെ ഭാഗമായി വന്നതല്ല. പ്രഥമ അധ്യാപിക സൂസന്ന ഏ.പിക്ക് പോലും മാധവൻകുട്ടി സാറിനെ പേടിയാണ്.നെറ്റിയിലേക്ക് വീണ മുടി,പഴുതാര മീശ,കുറുകിയ ശരീരം, അത്രയോളം തന്നെ നീണ്ട ആ ചൂരൽ.സാറിനെ മറികടന്ന് സ്‌കൂളിന്റെ മതിലിനടിക്കുന്ന നിറം പോലും അവിടെ തീരുമാനിക്കപ്പെട്ടിരുന്നില്ല.അങ്ങനെയും ഒരനുഭവവുമുണ്ട്.

    ഒരു ചാറ്റൽ മഴയോടൊപ്പം വന്ന കാറ്റ് മുൻവശത്തെ വാതിൽ തുറന്നിട്ടപ്പോഴാണ് സതിക്ക് മുറ്റത്ത് ചിതറിക്കിടക്കുന്ന സോളമന്റെ പപ്പടങ്ങളെക്കുറിച്ച്‌ ഓർമ്മ വന്നത്.മതിലിൽ സംശയത്തോടെ നാലഞ്ച് കാക്കകൾ, ഇല്ല ഹിറ്റ്ലറിന്റെ മുറ്റത്ത് അവയും വന്നിരിക്കില്ല.വീടിന്റെ പല കോണുകളിൽ തൂക്കിയിട്ടിരിക്കുന്ന കാക്കയുടെ പാതി ചിറക്, ഇടയ്ക്കിടെ പൊട്ടുന്ന ഓലപ്പടക്കം, പാതി ചിറകിന്റെ ഉടമയുൾപെടെ കൊല്ലപ്പെട്ട നൂറോളം കാക്കകൾ.മഞ്ഞ നിറമുള്ള കവണയുമായി ആ കുറുകിയ മനുഷ്യൻ പൂന്തോട്ടത്തിന്റെ ഒരു കോണിലുണ്ടാകുമെന്ന ഭയം അവയുടെ ചരിഞ്ഞനോട്ടങ്ങളിലുണ്ട്.  

     പപ്പടത്തിന്റെ പാക്കറ്റുകൾ അടുക്കാൻ തുടങ്ങിയപ്പോൾ ചിരിയുമായി സോളമന്റെ തല ഗേറ്റിൽ.
സതിയുടെ മറുചിരി 'താഴിട്ട ഗേറ്റിന്റെ കിളിവാതിൽ തുറന്നു കിടക്കുന്നെന്ന്' സോളമനോട് സൂചിപ്പിക്കുന്നു.മസാലരുചിയുള്ള സോളമന്റെ പപ്പടങ്ങൾ ഊണിൽ സതിക്ക് ആശ്വാസമായിരുന്നു. അടുക്കിയ കവറുകൾക്കായി സോളമൻ കൈനീട്ടി.

     "വരൂ.." സതി വീട്ടിനുളിലേക്ക് നടന്നു.കൃത്യമായ തുക നീട്ടുമ്പോൾ സോളമന്റെ നുണക്കുഴിയിൽ നിറഞ്ഞ ചിരി.
     "എന്തിനാണ് സാറ് തന്നെയും തല്ലാൻ നോക്കിയത്..?"ആ തല്ലലിൽ ഒട്ടും പുതുമയില്ലെന്നും, 'ആദ്യമായി കാണുന്ന സോളമനുമായി എന്തായിരിക്കും സാറിന്റെ പ്രശ്നം' എന്ന കൗതുകവും അവരുടെ ചോദ്യത്തിലുണ്ടായിരുന്നു..
    "സാറെന്നെയും പഠിപ്പിച്ചതാ..." സോളമന്റെ ചിരിയുടെ ആഴമല്പം കുറഞ്ഞതും,നെറ്റിയിലെ നീണ്ട മുറിവിൽ ചുളവുണ്ടായതും സതി ശ്രദ്ധിച്ചു.
    "സ്‌കൂളിലിന്ന് കലോത്സവത്തിന്റെ ടെൻഷനുണ്ടാകും അതാണ് സാറിങ്ങനെ" ഒരല്പം ആശ്വാസം, ന്യായീകരണവും ചേർത്ത്  സതി സോളമന്റെ നേർക്കയച്ചുനോക്കി..
     "ഇന്നും അതേ നശിച്ച കലോത്സവദിനമാണോ..." സോളമൻ പാതിയിൽ നിർത്തി,അവന് തൊണ്ടയിടറി.ആകാശം വല്ലാതെ കറുത്തതും അവന്റെ മുഖത്തു നിന്നും ഒരു തുള്ളി പടിയിലേക്ക് വീണതും സതി കണ്ടു.

      "ഇരിക്ക് ഇനിയിത് തോർന്നിട്ട് പോകാം."മുറ്റത്ത് 'അതേ'യെന്ന താളത്തിൽ മഴ വന്നുവീണു. സതി അടുപ്പിൽ ചായയ്ക്ക് വച്ച വെള്ളത്തിന്റെ തിളനില നോക്കി,സോളമന്റെ ഉള്ളു കണ്ടു.മഴയിലേക്ക് കണ്ണു നീട്ടിയിരിക്കുന്ന സോളമന്റെ കൈ,കവിളിലെ നനവ് മായ്ക്കുന്നത് അവർ നോക്കി. ചായയുമായി വരുമ്പോൾ നിലത്ത് പൊട്ടിക്കിടന്ന ചില്ലുകളിൽ കാലുവയ്ക്കാതെ കവച്ചു കടക്കാൻ സതി പ്രത്യേകം ശ്രദ്ധിച്ചു.ചായ വാങ്ങുമ്പോൾ സോളമന്റെ കൈ വിറയ്ക്കുന്നു.സതി അവനെ തൊട്ടു,ഒരു പുഞ്ചിരി.ആകാശത്ത് ഒരു കൊള്ളിയാൻ.കണ്ണടച്ച് വിരലുകൾ ചെവിയിൽ ചേർത്ത് കൊള്ളിയാൻ കാത്തിരിക്കുന്ന സതിയിൽ കൗമാരത്തിന്റെ മിന്നൽ.സോളമന്റെ നുണക്കുഴി മെല്ലെ വിടർന്നു.

    "സാറിന്റെ ഒപ്പം കഴിഞ്ഞിട്ടും ഇതിനെയെല്ലാം ഭയമാണോ..?" സോളമന്റെ കഥയിലേക്ക് കടന്നു ചെല്ലാൻ സതിക്ക് അതൊരു അവസരമായി.
     "അന്ന് ആ നശിച്ച കലോത്സവത്തിന് എന്താണുണ്ടായത്..?"സതി മഴയിലേക്ക് നോക്കി. സോളമന്റെ കവിളിനുള്ളിൽ കാപ്പിയുടെ ചൂട് സംശയിച്ചു നിന്നു,കണ്ണുകൾ പിന്നെയും പെയ്യുന്നു. സതി അവന്റെ നെറ്റിയിലൂടെ നീണ്ടമുടിയിൽ പതിയെ തലോടി.തൊണ്ടമുഴയിൽ തട്ടി ചൂടൻ കാപ്പി ആഴത്തിലേക്ക് ഒഴുകി.

  "ഹിറ്റ്ലർ, അതാണ് മാധവൻകുട്ടി സാറിന്റെ ഇരട്ടപ്പേര്, ഞാനൊരിക്കലും അങ്ങനെ വിളിച്ചിരുന്നില്ല." കഥയെ പ്രോത്സാഹിപ്പിക്കാൻ സതിയുടെ കണ്ണുകൾ വിടർന്നു. 'ഹിറ്റ്ലർ മാധവൻകുട്ടി ' അവരുടെ ചുണ്ടുകൾ അതാവർത്തിച്ചു.

      "അന്നും കലോത്സവത്തിന്റെ ചാർജ്ജ് സാറിനായിരുന്നു.ഞാനന്ന് പത്തില്.ഒപ്പമിരിക്കുന്ന ആരെക്കാളും മൂന്നു വയസ്സിന്റെ കൂടുതൽ പാകത എനിക്ക് വന്നിരുന്നു.എട്ടും ഒമ്പതും കടന്നുകൂടാൻ വൈകി.അന്നും ഇതേ വെള്ളിയാഴ്ച്ച തന്നെ.ഉച്ചയ്ക്ക് ഒരു മണിക്കൂർ ഇടവേള കിട്ടി. വേദിയിലെ മൈക്ക് എന്തു ശബ്ദവും വിഴുങ്ങാൻ കാത്ത് കിടക്കുന്നു.അതിൽ 'ഹിറ്റ്ലർ മാധവാന്ന്' ആരോ നീട്ടിക്കോരി ഒഴിച്ചിട്ട് ഓടിക്കളഞ്ഞു.സ്‌കൂളിന്റെ തൂണിനും അതുകേട്ട് നിർത്തലില്ലാതെ ചിരി. 

        കവിതാ മത്സരത്തിലെ അവസാനവരിയിൽ തൂങ്ങി ഞാനപ്പോൾ പത്ത് ബിയിൽ,അല്ല വേദി നമ്പർ ആറിൽ,ഞാൻ മാത്രമല്ല അവളുമുണ്ടായിരുന്നു..." സോളമൻ ഒരു കള്ളച്ചിരിയോടെ അടുത്ത കവിൾ കാപ്പിനിറച്ചു. അതിനെയും കവിളിനുള്ളിൽ അല്പനേരം നിർത്തി.സതിയുടെ നോട്ടം അവന്റെ തൊണ്ടമുഴയിലേക്ക് ഊർന്നിറങ്ങി.

     "മുഖ്യവേദിയിലെ മൈക്കിന്റെ മുന്നിലേക്ക് സൂസന്ന ടീച്ചറാണ് എന്നെയന്ന് കൊണ്ടുനിർത്തിയത്.  ഞാൻ പാടിയത് അവൾക്കു വേണ്ടിയായിരുന്നു.." സോളമൻ അടുത്ത കവിള് നിറയ്ക്കാൻ കാപ്പിക്കപ്പ് അടുപ്പിച്ചു.അരുതെന്ന് സതിയുടെ ആഗ്രഹം ചുണ്ട് പ്രാർത്ഥിച്ചു.കാപ്പിക്കപ്പ് താണു. കവിളിൽ നിറഞ്ഞു നിന്ന ആ പാട്ട് പുറത്തു വന്നു.അവന്റെ മുന്നിലപ്പോൾ പാട്ട് കേൾക്കാനുള്ള 'ഒരുവൾ' നിൽക്കുന്നതായി സതിക്ക് തോന്നി.അത്ര സുന്ദരമായിരുന്നു ആ നേരം സോളമന്റെ മുഖം. 
      "മഞ്ഞലയിൽ മുങ്ങിത്തോർത്തി, 
       മധുമാസ ചന്ദ്രിക വന്നു.
       നിന്നെമാത്രം കണ്ടില്ലല്ലോ നീ മാത്രം..."സോളമന്റെ പാട്ട് നിന്നു. ബാക്കിയുള്ള കാപ്പി ഒറ്റവലിക്ക് കുടിച്ചു.കവിളിലും തൊണ്ടയിലും കാപ്പിയുടെ വേഗത.കാപ്പിക്കപ്പ് പിടിച്ചുവാങ്ങിയ സതി അടുക്കളയിലേക്ക് ഓടി.ഒരു പാത്രത്തിൽ പപ്പടവും പൂക്കളുടെ ഡിസൈനുള്ള ഗ്ളാസു നിറയെ പായസവുമായി വന്നിരുന്നപ്പോഴും സോളമൻ കുനിഞ്ഞ അതേ ഇരിപ്പ്.സതി അവന്റെ മുഖം പിടിച്ചുയർത്തി,കണ്ണിലും ഭീകരമായ മഴ.

       "പിന്നെന്തുണ്ടായി.."സതിയുടെ വാക്കുകളിൽ പതർച്ച.
       "മൈക്ക് ഊരിയെടുത്തു, സാറെന്റെ കവിളിൽ തല്ലി."സ്‌കൂളിന്റെ തരിച്ചുള്ള നില്പും പാട്ടുകേട്ടു നിന്നവളുടെ വീഴ്ചയും സതി സങ്കല്പിച്ചുനോക്കി.പപ്പടത്തിന്റെ ഒരു പാതി അവർ സോളമന്റെ നേർക്ക് നീട്ടി.
       "തിളച്ചതല്ലേ എന്റെ പ്രായം,ഞാനും കൈ..."മഴയുടെ തണുപ്പ്.സോളമന് തല കുനിഞ്ഞു. അവന്റെ നെറ്റിയിലെ ആഴമുള്ള മുറിവിന്റെ പാടിലേക്ക് സതിയുടെ വിരലുകൾ നീണ്ടുചെന്നു..
       "ഇതെങ്ങനെ..?"
       "അതൊരിക്കൽ ജയിലിൽ വച്ച്..." വിഷയം മാറ്റാനാണ് മുറിവിലേക്ക് തിരിച്ചതെങ്കിലും,ആ കഥ അപകടകരമായ ഒരു വളവിലേക്കാണ് പോകുന്നതെന്ന് സതി ഊഹിച്ചു.
       "ക്ഷമ പറയാൻ ക്ഷയരോഗിയായ അമ്മ വന്നിട്ടും, ആരൊക്കെ പറഞ്ഞിട്ടും ഹിറ്റ്ലർ യുദ്ധം അവസാനിപ്പിക്കാൻ തയാറായില്ല.തർക്കം മൂത്തപ്പോൾ അമ്മയെ 'എടീ...'യെന്ന് വിളിച്ചത് എനിക്കും സഹിച്ചില്ല. ഞാൻ സാറിന്റെ ഉടുപ്പിൽ ചുറ്റിപ്പിടിച്ചു.ദിവസം കൃത്യമായി ഓർമ്മയില്ല.രംഗങ്ങൾ മറക്കാൻ കഴിയുന്നില്ല.അതൊരു ഇളംനീലയിൽ വെള്ളവരയുള്ള ഉടുപ്പായിരുന്നു.അന്നു തന്നെ ഞാൻ സ്കൂള് വിട്ടു..."

      സതി കൃത്യമായി ആ ദിവസം ഓർത്തെടുത്തു.തന്റെ ശരീരവും മാധവൻകുട്ടി സാറുമായി രതിസുഖമുണ്ടാക്കിയ അവസ്സാനത്തെ ദിവസം.ഓരോ തവണ താഴ്ന്നു വരുമ്പോഴും "എടീ,എടീ.." എന്ന് പുലമ്പുന്നുണ്ടായിരുന്നു.ബട്ടൻസുകൾ അടർന്നു പോയ ആ ഇളംനീല ഉടുപ്പ് മുറ്റത്തിട്ട് തീയെരിച്ചത് രതിക്ക് ശേഷമാണ്.അന്നു തുടങ്ങി രണ്ട് മുറിയിലെ കട്ടിലുകൾ,അതിൽ ചുളിവു വീഴാത്ത കിടക്കവിരികൾ, വീട്ടിനുള്ളിലേക്ക് വീശുന്ന ഭീകരമായ മൗനം.സതി ഒന്നിളകിയ ശേഷം സോളമന്റെ അരികിലേക്ക് നീങ്ങിയിരുന്നു.

     "പട്ടാളത്തിൽ ചേരാൻ ഒരു സ്വഭാവസർട്ടിഫിക്കറ്റിന് ഒരിക്കൽ കൂടെ ഞാനാ സ്‌കൂളിൽ പോയിരുന്നു.സൂസന്ന ടീച്ചർ എഴുതിത്തുടങ്ങിയ സർട്ടിഫിക്കറ്റ് ഹിറ്റ്ലർ കീറിയെറിഞ്ഞു.പിന്നീട് ഒന്നിനും ഞാനവിടെ പോയിട്ടില്ല.അമ്മ മരിച്ചപ്പോൾ ഞാൻ കരഞ്ഞു.കഞ്ചാവ് കടത്തിയ കേസിൽ ഞാനും ജയിലിലായപ്പോൾ എന്നെക്കാണാൻ ആ സൂസന്ന ടീച്ചറെയും കൂട്ടിയാണ് ഹിറ്റ്ലർ വന്നത്. എന്നെ നോക്കി അയാൾ ഉറക്കെയുറക്കെ ചിരിച്ചു.പക്ഷേ,സൂസന്ന ടീച്ചർ കരഞ്ഞു." പായസത്തിന്റെ ഗ്ളാസ് സോളമന്റെ ചുണ്ടിനു മുന്നിൽ മടിച്ചുനിൽക്കുന്നു.

       "അവളോ..?"സതിക്ക് ആ ചോദ്യം പൂർത്തിയാക്കാനായില്ല.സോളമന്റെ 'അവൾ' ഒരിക്കലും ആത്മഹത്യ ചെയ്യാതിരിക്കാനുള്ള പത്ത് കാരണങ്ങളെക്കുറിച്ച് അവർ സങ്കല്പിച്ചു.സോളമൻ പോകാനെഴുന്നേറ്റു.സതി അവനെ തടഞ്ഞു.നനഞ്ഞ കണ്ണിലും നെറ്റിയിലെ മുറിവിലും പലതവണ തൊട്ടു..
       "ഇനിയും കരയുന്നവർ വിഡ്ഢികളാണ്.എല്ലാ മാസവും വരക്കൂട്ടുമായി ശാന്തിനികേതനിലേക്ക്    ഹിറ്റ്ലറിന്റെ ഒരു പോക്കുണ്ട്, ഇത്തവണ ഋതുക്കളാണ് അവർക്ക് പ്രദർശന വിഷയം.ഒരു വാരം ഈ കോട്ടയിൽ ഞാനൊറ്റയാകും,സ്വതന്ത്രയും.സോളമൻ വരണം.ആ പാട്ട് നമുക്ക് പൂർത്തിയാക്കണം. വരുമ്പോൾ ഒരല്പം മീനും കരുതുമോ..?"

    വൈകാതെ, ഇനിയും പെയ്യുമെന്ന താളത്തിൽ മഴ തോർന്നുതുടങ്ങി.ഗേറ്റിന്റെ കിളിവാതിലൂടെ കടന്നുപോകുന്ന സോളമൻ പപ്പടത്തിന്റെ ചില പൊതികൾ മുറ്റത്തേക്ക് വിതറിയത് ഹിറ്റ്ലറിന്റെ തൃപ്തിക്കും,തന്നെ ചോദ്യംചെയ്യലിലേക്ക് ഇറക്കി നിർത്താതിരിക്കാനുമെന്ന് സതി ഉള്ളിൽ വായിച്ചു. സ്നേഹപ്പെട്ട ചിലതൊന്നും നഷ്ടങ്ങളേ ആകുന്നില്ലല്ലോ,നല്ല വിലയിരുത്തലും നടത്തി.

   ഒരു തണുത്ത കാറ്റ് അടുക്കള വാതിലിലൂടെ കയറി വീടിനെ ഇക്കിളിപ്പെടുത്തി.ചിതറിക്കിടക്കുന്ന പേപ്പറുകളിൽ മാധവൻകുട്ടി സാറിന്റെ അരുത് കണ്ടിട്ടും അവർ അടുക്കിവച്ചു.പൊട്ടിയ കപ്പിന്റെ ചില്ലുകൾ മതിലിനോട് ചേർത്തിട്ടു.സോളമനെതിരായി സാക്ഷിയാകുമായിരുന്ന ഗേറ്റിന്റെ കിളിവാതിലും പൂട്ടിയിട്ടു.നിലത്തുകിടന്ന് 'പ്രേമ ചകോരി'ന്ന് അവരെ കളിയാക്കിയ പപ്പടങ്ങളിൽ ചവിട്ടാതെ അടുക്കളയിലേക്ക് നടന്നു. 

     തോൾസഞ്ചിയും കുറേ സർട്ടിഫിക്കറ്റുകളും ഇന്നിട്ടിരുന്ന ഉടുപ്പും മുറ്റത്ത് കൂട്ടിയിട്ട് കത്തിക്കുന്ന മാധവൻകുട്ടി സാറിന്റെ ചിതയിലേക്കാണ് സതി ഇറങ്ങിച്ചെന്നത്.അയാൾ തീയുടെ മുകളിലേക്ക് കൈ നീട്ടിപ്പിടിച്ച് പ്രതിജ്ഞപോലെ എന്തൊക്കെയോ ഉറക്കെയുറക്കെ വിളിച്ചു പറയുന്നുണ്ട്.  അതിനെതിരെ മതിലിന്റെ അപ്പുറത്ത് നിന്നും കാക്കകളുടെ കോറസ്.‌

     "ഒരു പീറപ്പെണ്ണിന് മിമിക്രി കാണിക്കാൻ ഈ മാധവൻകുട്ടിയോ.അതിലും ഭേദം രാജിവെച്ചങ്ങ്‌ പോകുന്നതായിരിക്കും.കൈയടിക്കാനും ചിരിക്കാനും കുറേയെണ്ണം.ആ സൂസന്നയായിരുന്നെങ്കിൽ." ഇനിയും കത്തിത്തീരാത്ത തന്റെ പഴഞ്ചൻ തോൾസഞ്ചിയുടെ ഒരു ഭാഗം തീയിലേക്ക് നീക്കിയിട്ടിട്ട്, മാധവൻകുട്ടി സാറ് ഉറക്കെയുറക്കെ വഴക്കിടുന്നത് സ്‌കൂളിനോടോ വീടിനോടോയെന്നെ സംശയം സതിക്കുണ്ടായി.

    മാനേജർക്ക് രാജിക്കത്തു നൽകിയശേഷം, നമ്മുടെ ഹിറ്റ്ലർ മാധവൻകുട്ടി 'ഒരു പീറപ്പെണ്ണിന്റെ മിമിക്രിയെന്നും' പുലമ്പിക്കൊണ്ട് തന്റെ കട്ടിലിലേക്ക് പടയുമായി ഇരച്ചുകയറുമോ ? അതോ, ആ സ്‌കൂളിന്റെ കടുത്ത ഉത്തരത്തിൽ കെട്ടിത്തൂങ്ങിച്ചാകുമോ.?. 
       സോളമൻ പാതിയിൽ നിർത്തിയ 'കളിത്തോഴൻ' സിനിമയിലെ ആ പാട്ടിന്റെ താളത്തിന് ചീരയരിയുന്ന സതിയുടെ ഇപ്പോഴുള്ള ചിന്ത അതാണ്..!! 

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636
 


No comments:

Post a Comment