Sunday 26 June 2016

കഥ ആകാശവാണീ...

ആകാശവാണീ വാർത്തകൾ വായിക്കുന്നത്
ശ്രീ ജ്ഞാനപ്രകാശ്....!!

വായനാദിനത്തിന്റെ തിരക്കിനിടയിലാണ് ജ്ഞാനപ്രാകശത്തിന്റെ വിളിവന്നത്.

"ഹലോ എന്നെ  മനസിലായോ,സുഖാണോ ? വിഷ്ണൂന്റെ കല്യാണാണ് വരുവോ ,കുറച്ച് പൈസ ഞാൻ തരാനുണ്ട്  എനിക്കൊന്ന് കാണാൻ തോന്നുന്നു ഇനി ചിലപ്പോൾ..."

ഞാൻ "വായനയും പുതുതലമുറയും" എന്ന പ്രസംഗ മത്സരത്തിനിടയിലായിരുന്നു.

"ഞാൻ വരാം...ഞാൻ തിരിച്ചു വിളിക്കാട്ടോ  " ഇതായിരുന്നു എന്റെ മറുപടി.

പതിവുപോലെ നിലമ്പൂർ- തിരുവനന്തപുരം തീവണ്ടി കൊല്ലത്തെത്തിയപ്പോൾ പുലർച്ചെ ഏഴായിരുന്നു ദേശാഭിമാനിയുടെ  പ്രാദേശിക കോളത്തിൽ കണ്ടവാർത്ത  എന്നെ തീവണ്ടിയിൽ നിന്നുവലിച്ചിറക്കി.

സ്വത്ത് തർക്കത്തിൽപ്പെട്ട്   എസ് എൻ കോളേജിന്റെ ഇടതുവശത്തുള്ള മൂന്നു നില കൊട്ടിടത്തിന്റെ  ഏറ്റവും അടിയിലത്തെ നിര "വോൾഗാ" ലോഡ്ജായിരുന്നു. കോടതിയുടെ ക്ഷമ നശിച്ച് മരണം കാത്തുകിടന്ന ആ കെട്ടിടം ഞങ്ങൾക്ക് ലക്ഷ്വറി അപ്പാർട്ട്മെന്റായിരുന്നു.

നഗരത്തിലെ സമ്പന്നരുടെ  പബ്ലിക്ക് സ്കൂളിലെ അദ്ധ്യാപകൻ, അനാഥാലയം പിന്തള്ളിയ പൂർവ്വവിദ്യാർഥി ഇതായിരുന്നു എന്റെ വിലാസം

പി എസ് സി പഠിക്കുന്ന കുറച്ചു കുട്ടികൾ, അയമോദകം ഗുളിക വിൽക്കുന്ന പാലക്കാട്ടുകാരൻ മാണിക്ക്യൻ, തട്ടുകട നടത്തുന്ന കരീമിക്ക, കഥയെഴുത്തുകാരൻ ജയപ്രകാശ് കാറ്റാടി, പിന്നെ കോളേജിലെ നാലഞ്ചു പിള്ളേരുടെ കുടിമുറി, അതുകഴിഞ്ഞാൽ   രണ്ട് കട്ടിലിടാവുന്ന, ജനലിലും ജാളികളിലും കൊതുകുവലകെട്ടിയ,മറ്റുമുറികളിൽ നിന്നും തെളിഞ്ഞ നിറമുള്ള  എന്റെ  മുറി...ഒടുവിലത്തെ ഇടുങ്ങിയ മുറിയിൽ ജ്ഞാനപ്രാകാശും രണ്ടുമക്കളും ആ മുറിയിലാണ് ഈ വാർത്തയുടെ വേരുകൾ.

സുഹൃത്തുക്കളുമായി മുറിയൊരുക്കുന്നതിനിടയിൽ അടുത്ത് മുറിയിൽ നിന്ന് പഴയ സ്റ്റൗകത്തിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. എനിക്കും കൂട്ടുകാർക്കും ചുടുവെള്ളവും പിന്നെ വിലകുറഞ്ഞ റം തീർക്കാൻ  സോഡകഴിഞ്ഞപ്പോൾ കൂജയിലെ വെള്ളവും തന്നു പകരം അറുപത് ആ മുറിയിലേക്കും കൊടുത്തൂ.

നിരങ്ങിപ്പോകാനുള്ള വണ്ടിയും , ഒരു മുളവടിയും ജ്ഞാനപ്രാകാശം എന്നോട് ചിരിച്ചു. മുറിയിൽ ഒരു കാവി മുണ്ടും ഏതോ സ്കൂളിന്റെ  ഉടുപ്പുമിട്ട് ഒരു ചെക്കൻ കിടക്കുന്നുണ്ടായിരുന്നു.

ആഴ്ച്ചയിൽ മുപ്പത്തിനാലുവരെ പിരീഡ്കളുള്ള അടിമപ്പണിചെയ്യുന്ന സ്വകാര്യസ്കൂളിലെ അദ്ധ്യാപകർക്ക് ശനി അലക്കാനും ഞായർ ഉറങ്ങാനുമാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നും രാവിലെ മുറിയുടെ വാതിലിൽ തലേദിവസത്തെ പത്രം ഉറക്കെ വായിക്കുന്നതുകേട്ടണ് ഞാനുണരാറുള്ളത്

"ആകാശവാണീ വാർത്തകൾ വായിക്കുന്നത് ശ്രീ ജ്ഞാനപ്രകാശ്....
ജൂണിൽ മഴകനക്കും.."

ഞായറാഴ്ച്ചകളിൽ വാർത്തമുഴുവൻ കേട്ടുകിടക്കും വാർത്തകഴിഞ്ഞാലും കിടക്കും പിന്നെ കുളിച്ച് തുണിയൊക്കെ മടക്കിക്കഴിയുമ്പോൾ പ്രഭാതഭക്ഷണം മറക്കാൻ കഴിയും അല്ലെങ്കിലും ഒരു ചായയ്ക്കപ്പുറം അതിന് കനമുണ്ടായിരുന്നില്ല.
വനിതാ ഹോട്ടലിപ്പോയി ഇരട്ടപ്പൊതിയൂണ്  വാങ്ങിവന്നപ്പോഴാണ്, ഒരു കുപ്പി റമ്മും പിന്നെ ചിക്കനും ചപ്പാത്തിയുമായി കൂട്ടുകാരെത്തിയത് ഇടയ്ക്ക് മൂത്രപുരയിലേക്കു ഇറങ്ങിയപ്പോഴാണ്   ചോറുപൊതി വാതിലിൽ തൂക്കിയിട്ടത് കണ്ടത്, അതൊടുത്ത് ചവറു വീപ്പയിലേക്ക് എറിയാൻ  ജ്ഞാനേട്ടൻ സമ്മതിച്ചില്ല "കളയല്ലേ മോനേ ഞാൻ തിന്നോളാം" പിറ്റേന്നും വാർത്തകേട്ടാണുണർന്നത്

"ആകാശവാണീ വാർത്തകൾ വായിക്കുന്നത് ശ്രീ ജ്ഞാനപ്രകാശ്
ലോട്ടറികൾ നിർത്തുന്നൂ...."
പിന്നെ വാർത്തകേട്ടില്ല.

ലോഡ്ജു നോക്കിനടത്തണ സ്വാമിദാസ് ജ്ഞാനപ്രകാശിന്റെ സ്റ്റൗവും പാത്രങ്ങളും പുറത്തേക്ക് വലിച്ചെറിയുന്ന ശബ്ദം കേട്ടാണ് ഞാനിറങ്ങിയത്.

" സാറേ  ആകെ മുന്നുറുരൂപയാ അതെങ്കിലും തരാൻ പറ്റില്ല ഈ ചെറ്റകൾക്ക്....കുടിക്കാനൊക്കെ ഉണ്ട് ഒരാൾടെ മുറിയിൽ ഇപ്പൊ രണ്ടാളാ ചെലപ്പോ മൂന്നും.. "

എന്റെ മുറിക്ക് അറുനൂറ് രൂപയായിരുന്നു അഞ്ചുമാസത്തെ മുന്നേ വാങ്ങിയിരുന്നു. ജ്ഞാനം എന്നോട് അറുന്നൂറ് കടം വാങ്ങിയിരുന്നു ഇപ്പൊ മുന്നൂറും.  പാത്രവും സ്റ്റൗവും ഞാൻ എടുത്തുവയ്ക്കാൻ സഹായിച്ചു.

അന്ന് മഴ തകർത്തുപെയ്തു മുറിയിലാകെ ഓടയിലെ വെള്ളം കയറി, ജ്ഞാനേട്ടൻ എന്റെ മുറിയിലേക്ക് നീന്തിവന്നു അവിടെയും മുട്ടൊപ്പം വെള്ളമായിരുന്നു.   അരക്കുപ്പി റമ്മും കടലയും ജ്ഞാനത്തിന്റെ  കഥകൾ എനിക്കുപറഞ്ഞുതന്നു.

"സി എൽ സി കാഷ്യൂസ് എന്ന് കേട്ടിട്ടുണ്ടോ അതിലെ മാനേജരായിരുന്നു ഞാൻ ഈ ലോഡ്ജും, സാറു ജോലി ചെയ്യണ സ്കൂളും എല്ലാം സി എൽ സീടെയാ. അന്ന് ബാങ്കിൽ പൈസായിടാൻ പോകുന്ന വഴീല് എന്റെ സ്കൂട്ടറിൽ ലോറി തട്ടി ഞാൻ കിടപ്പിലായി ആശുപത്രീ കിടന്ന് ചികിത്സയ്ക്കെന്നും പറഞ്ഞ് അവൾ എല്ലാം ഒപ്പിട്ടുവാങ്ങി.  രണ്ട് കുട്ടികളേം എന്നേം ആശുപത്രീൽ ഇട്ടിട്ട് അവൾ പോയി പിന്നെ എല്ലാരും ഞങ്ങളെ മറന്നു ലോട്ടറി വിറ്റ് ഇതുവരെ പിടിച്ചു നിന്നു.  ഒരുത്തനെ ഞാൻ പൊള്ളാച്ചില് ഒരു ഐ റ്റി ഐ യിലാക്കി ഇവനിനി പഠിക്കണില്ലെന്നാ പറേണത് എന്താവൂന്ന് അറിഞ്ഞൂടാ.."

എനിക്ക് ജോലികിട്ടി മലബാറിലേക്ക് പോകും മുന്നേ ഒരു സുഹൃത്തുമുഖേനെ ഇളയ ചെക്കനെ ഒരു തുണിക്കടയിലാക്കി, മൂത്ത ചെക്കൻ നാട്ടിലെ ഒരു വർക്ക്ഷോപ്പിൽ ജോലിയായെന്നും കല്യാണം കഴിച്ചെന്നും, ജ്ഞാനത്തിനെ അവിടേക്ക് കൊണ്ടുപോയെന്നും സ്വാമിപറഞ്ഞൂ, അടുത്തിടെ ഇളയചെക്കൻ ഫോൺചെയ്തപ്പോൾ വിവാഹക്കാര്യവും പറഞ്ഞു.

പിന്നെ ഞാൻ ജ്ഞാനത്തെക്കുറിച്ചറിയുന്നത് ഈ വാർത്തയിലാണ്.
ലോഡ്ജിലെത്തുമ്പോൾ സ്വാമിയാണ് പറഞ്ഞത്

"മക്കൾ ഇയാളെ ഇവിടെ കൊണ്ടാക്കി നാലുമാസായി, കൃത്യമായി വാടകയും എത്തിക്കാറുണ്ട് ഇപ്പൊ അവരൊക്കെ നല്ല നെലേലാ..ഇന്നലെ മഴയായിരുന്നില്ലേ...."

അപ്പൊഴും എന്റെ ഉള്ളിലിരുന്ന് ജ്ഞാനപ്രകാശ് വാർത്തകൾ വായിക്കുകയായിരുന്നു.

"ആകാശവാണീ വാർത്തകൾ വായിക്കുന്നത്
ശ്രീ ജ്ഞാനപ്രകാശ്...
ലോഡ്ജ് മുറിയിൽ വൃദ്ധൻ മുങ്ങി മരിച്ചനിലയിൽ....."

രതീഷ് .കെ . എസ്
ജി എച്ച് എസ് എസ് എടക്കര.

Thursday 23 June 2016

അൽ അമീൻ കഥ

അൽ അമീൻ..!

തനിക്ക് പേരിട്ടവർക്കുതെറ്റിയെന്ന് തടവറയുടെ തണുപ്പിലിരുന്നവൻ ചിന്തിച്ചു.

ഭിക്ഷയ്ക്കിരുത്തിയ ബാപ്പുവിന്റെ കണ്ണുവെട്ടിച്ച് കൽക്കട്ടയിലെ തിരക്കുള്ള തീവണ്ടിയിൽ കേറി ആസാമിലെത്തിയതും, ഗ്രാമത്തിനുപുറത്തെ പന്നിവളർത്തലുകാരന്റെ തുകൽ സഞ്ചിയുമായ് മഹാരാഷ്ട്രയിലേക്ക് കള്ളവണ്ടികേറിയതും, ബോംബേ തെരുവിൽ കള്ളും കഞ്ചാവും നുണഞ്ഞ് പെണ്ണിന്റെ രുചിയറിഞ്ഞു തുടങ്ങിയതും എത്രപെട്ടന്നായിരുന്നു ഞാൻ വളർന്നത്.

ചുവന്നതെരുവിലെ  കൊച്ചുപെണ്ണിന്റെ യോനിയിൽ മൂർച്ചയുള്ള കുഞ്ഞുകത്തി കടത്തിവിട്ടപ്പോൾ തനിക്കുണ്ടായ വികാരമെന്തായിരുന്നു. നാലാൾ കൂടുന്നതിനുമുന്നേ ആസാമിലേക്ക് രാത്രിതന്നെ ഓടിപ്പോന്നത് ജീവിതം തിരിച്ചുപിടിക്കാനായിരുന്നോ.?ഇല്ല പഞ്ചമിയെന്ന മൂന്നുകുട്ടികളുടെ അമ്മയുടെ മൂന്നാമത്തെ കിടപ്പുകാരനായതും അവളുടെ മൂത്തമകൾ കാഞ്ചനയെന്ന പതിമൂന്ന് കാരിയെ കിടക്കയിലേക്ക് വലിച്ചിട്ടത് കണ്ടുവന്ന കാഞ്ചനയോട് തെറ്റി ഒടുവിൽ കേരളത്തിലേക്ക് നാടുവിട്ടതും  എന്നിൽ ഒരു മാറ്റവും ഉണ്ടാക്കില്ലല്ലോ...?

സിമന്റ് പണിക്കാർക്കൊപ്പം കഴിഞ്ഞനാളുകളിൽ കാശും തിരുകി മാംസദാഹം തീർക്കാൻ കറങ്ങിനടന്നത്, എന്തു നാടാണിത് ശരീരത്തിന് വല്ലാതെ വിലകല്പിക്കുന്നവർ.

എനിക്കിനിയും മനസിലാകാത്തതിതാണ് നോട്ടുകെട്ടുകളുമായ് വന്നവർ മൂർച്ചയുള്ള കത്തി തന്നിട്ട് "നിന്റെ രീതി"പോലെ ചെയ്യാൻ പറഞ്ഞതെന്തിനാണ്...?
പലതവണ നിലവിളിച്ചിട്ടും ആരുമൊന്നെത്തിനോക്കാത്തതെന്തേ...?

എനിക്ക് "അൽ അമീൻ" എന്നുപേരിട്ടവർ എന്തു വിഡ്ഡികളാണ്.
ഈ തടവറപോലെ ഇരുട്ടുള്ളൊരു  പേരിട്ടിരുന്നെങ്കിൽ....!!

(അൽ അമീൻ വിശ്വസ്ഥൻ എന്ന് അർഥം)

രതീഷ് കെ. എസ്
ജി എച്ച് എസ് എസ്
എടക്കര.

Monday 13 June 2016

കുറിപ്പ്...മണ്ണില്ലാ വിദ്യാലയങ്ങൾ...

മണ്ണില്ലാത്ത വിദ്യാലയങ്ങൾ...!!

ജൂണിൽ പുതുമഴപെയ്ത് മണ്ണിന്റെ മണം ക്ലാസ് മുറിയിൽ പടർന്നപ്പോൾ കോശി മാഷ്...കൊയ്തുപാട്ടു പാടുകയായിരുന്നു....

ഇനി ക്ലാസ് മുറികളിലേക്ക് മണ്ണിന്റെ മണം കടന്നു വരില്ല. സ്കൂളിന്റെ ഭൗതികസാഹചര്യം വർദ്ധിപ്പിക്കുന്ന തിരക്കിലാണെല്ലാവരും മുറ്റം നിരപ്പാക്കി വെഡ്ലോക്ക് പതിക്കണം, പലനിറത്തിൽ പൂക്കളുടെ ഡിസൈനിൽ ആകർഷണീയമായ വിധം...

പതിയിരിക്കുന്ന അപകടമോർത്താൽ പറയാതെ വയ്യ.....
വിദ്യാലയവികസനം മുറ്റത്ത് കോൺക്രീറ്റ് കട്ട പതിക്കലായി  മാറിയിരിക്കുന്നു....

മണ്ണിലേക്ക് ഒരു തുള്ളിപോലും ഇറങ്ങിപ്പോകരുത്, ചെളിവെള്ളം കെട്ടി നിൽക്കരുത്...മുക്കുറ്റിയും തുമ്പയും , തൊട്ടാവാടിയും മുളയ്ക്കരുത്, പൊടിപറക്കരുത്, കുട്ടിയുടെ ഇന്ദ്രിയങ്ങൾ മണ്ണിന്റെ ഗന്ധമറിയരുത്....മണ്ണ് കാലിൽ പതിയരുത് , മണ്ണ് അകറ്റി നിർത്തേണ്ടതാണല്ലോ.....

മണ്ണിനെ മനസിൽ നിന്നും ശരീരത്തിൽ നിന്നും അകറ്റി നിർത്തുന്ന സംസ്കാരമുള്ള   തലമുറയെ വാർത്തെടുത്തിട്ടെന്തുകാര്യം...

ഒരു വിദ്യാലയത്തിൽ പരീക്ഷാജോലിയ്ക്ക് എത്തിയപ്പോൾ കണ്ട ചിത്രം നോവിച്ചു....!!

മണ്ണില്ലാ മുറ്റങ്ങൾ
ഉണ്ണികൾക്ക് നന്മയുണ്ടാക്കില്ല.

എതിർക്കാം....
നമ്മുടെ വിദ്യാലയത്തിൽ നിന്നും മണ്ണിനെ മാറ്റി നിർത്തില്ലാ എന്ന് പ്രതിജ്ഞ ചെയ്യാം.

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Sunday 12 June 2016

കഥ ഉറങ്ങാത്ത സുലേഖ

ഉറങ്ങാത്ത സുലേഖ...!

ആണവ കരാറുപോലെ,
ആയുധക്കടത്തുപോലെ അതീവരഹസ്യമായിട്ടാണ് അവർ സ്വന്തം സ്വർഗത്തിലേക്ക് യാത്രതിരിച്ചത്.  അവൾ   അയാളിൽ ഒരു  എഴുത്തുകാരനപ്പുറം  പ്രണയത്തിന്റെ എഴുതാപ്പുറങ്ങൾ വായിച്ചുകൊണ്ടേയിരുന്നു... തങ്ങളെ അറിയാത്ത നീലഗിരിക്കുന്നിന്റെ അടിവാരത്തിലേക്ക് കുതിച്ചുപായുന്ന തീവണ്ടിയിൽ വിരലുകൾ കോർത്തിരുന്നു. പിന്നിട്ട വഴികളിൽ അവളുടെ സ്വപ്നങ്ങൾ ചിതറിക്കിടപ്പുണ്ടായിരുന്നു. ശീതികരിച്ച മുറിയുടെ കിടക്കയിൽ അവൾ എഴുത്തുകാരന് തന്റെ കഥതുറന്നുകൊടുത്തു.

എഴുത്തുകാരന്റെ നായകന്മാരെപ്പോലെ തന്റെ ബഷീറിക്ക ചിരിച്ചിരുന്നെങ്കിൽ, ഇഷ്ടനിറം തിരഞ്ഞെടുക്കാൻ തന്നെ അനുവദിച്ചിരുന്നെങ്കിൽ, വരുമാനം കവർന്നെടുത്ത് കറവപ്പശുവാക്കാതിരുന്നെങ്കിൽ, കാമത്തിനുവേണ്ടി മാത്രം പ്രാപിക്കാതിരുന്നെങ്കിൽ, ഈ എഴുത്തുകാരനെപ്പോലെ തന്റെ ചെവിയിൽ പതിയെ കടിച്ചെങ്കിൽ...

സുലേഖ കഥപറഞ്ഞുകൊണ്ടേയിരുന്നു..തനിക്ക് ഉറക്കം നഷ്ടപ്പെട്ടതിന്റെ,യൂസഫ് നബിയുടെ ചരിത്രം വായിച്ച വാപ്പച്ചി തനിക്കീ പേരിട്ടതിന്റെ , മക്കൾ നഷ്ടമായതിന്റെ, ....പിന്നെ സുലേഖ കരഞ്ഞുകൊണ്ടേയിരുന്നു...

അപ്പോഴും
ആ കിടക്കയുടെ മറുകരയിൽ തണുപ്പിലും വിയർത്ത ശരീരവുമായി  എഴുത്തുകാരൻ തന്റെ സങ്കല്പ ലോകത്ത്  "സുലേഖ ഉറങ്ങാറില്ല " എന്ന കഥ എഴുതുകയായിരുന്നു.

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Tuesday 7 June 2016

ഉണ്ണിമോൾ ,രണ്ടാം തരം മലാപ്പറമ്പ

ഉണ്ണിമോൾ രണ്ടാം തരം
മലാപറമ്പ.....!!

മാഷേ
ഈ സ്കൂളു പൂട്ട്യോ..?
ഉം.
എന്തിനാ പൂട്ടിയത്..?
കുട്ട്യോളില്ല.
ഇവിടിനി എന്താ വരണത്?
ശവപ്പറമ്പ്
കുട്ടികളെ കുഴിച്ചിടണതാണോ..?
ഉം.
പിന്നെ ഉണ്ണിമോൾ ചോദിച്ചിട്ടേയില്ല...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Saturday 4 June 2016

അലി കവിത

അലി...!!

കറുപ്പിന്റെ
കലാപത്തിലെ
കരുത്തുള്ള
ഇടി....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.