Thursday 22 November 2018

കാശിനെട്ടും കബ്രാളും.

കബ്രാളും കാശിനെട്ടും..!!

" അങ്ങ് പറങ്കി നാട്ടീന്ന് കൊല്ലം തങ്കശ്ശേരിയിൽ  കപ്പലിറങ്ങിയ നീലക്കണ്ണുള്ള കബ്രാള് സായിപ്പ് നമ്മുടെ കുണ്ടറയിലും എത്തി.
അപ്പോൾ നിന്റെ അമ്മൂമ്മ പൊന്നമ്മ രാവിലെ എഴുന്നേറ്റ് ചുട്ട് തല്ലിയ
അണ്ടിപ്പരിപ്പും വിറ്റ് ചന്തയിൽ ഇരിക്കുകയായിരുന്നു.പരിപ്പിന്റെ മണം കേട്ട് കബ്രാൾ സായിപ്പ് നിന്റെ അമ്മൂമ്മയോട് ചോദിച്ചു
"വാട്ട് ഈസ് ദിസ് പൊന്നമ്മ"
ഇംഗ്‌ളീഷ് അറിയാത്ത നിന്റെ അമ്മുമ്മ പറഞ്ഞു..
'കാശിന് എട്ട് സായിപ്പേന്ന്" അപ്പോൾ സായിപ്പ് പറയുവാ...
" ഓ, ദിസ് ഈസ് കാഷ്യുനട്ട് " അന്നുമുതലാണ് നമ്മടെ നാട്ടിലെ അണ്ടിപ്പരിപ്പിന് കാഷ്യുനട്ടെന്ന് പേര് വന്നത്.
ആ സായിപ്പിന്റെ  ഓർമ്മയ്ക്കായി തുടങ്ങിയതാണ് ഇന്ന് ഞാൻ ജോലി ചെയ്യുന്ന കബ്രാള് കമ്പനി..."

ചരിത്രവും മിത്തും ചേർന്ന ഈ കഥപറയാൻ ദത്തന് ഇന്ന് ഒരു താത്പര്യവുമുണ്ടായിരുന്നില്ല...
ഏതു പൊട്ടക്കഥകേട്ടാലും കുലുങ്ങിച്ചിരിക്കുന്ന അമ്മാളുവിവിനെ
ആശുപത്രി നിയന്ത്രണരേഖയിൽ നിർത്തിയതുപോലെ.
അല്ലെങ്കിൽ ഒരേ കഥ തന്നെ പലതവണ കേട്ട് അവൾക്കും മടുപ്പ് തോന്നിയിട്ടുണ്ടാകും. ഐ സി യൂവിൽ നിന്ന്
ആരെങ്കിലും ഒന്ന് പുറതത്തേക്ക് വന്നിരുന്നെങ്കിൽ കബ്രാളിന്റെ താക്കോൽ ഏല്പിച്ചു മടങ്ങാമായിരുന്നെന്ന് ദത്തൻ ആഗ്രഹിച്ചു...

കഴിഞ്ഞ മൂന്ന് മണിക്കൂറായി അവർ അവിടെ ഇരിക്കുന്നു.
അൽവാരീസ് കബ്രാളും പൊന്നമ്മയെന്ന ദത്തന്റെ അമ്മയും ഇപ്പോൾ  ചരിത്രത്തിന്റെയോ കഥയുടെയോ ചില  ഭാഗങ്ങൾ മാത്രം..
സൈനു മുതലാളിയുടെ ആത്മഹത്യയോടെ ദത്തൻ കഴിഞ്ഞ കുറേ കാലമായി തുറക്കുകയും അടക്കുകയും ചെയ്തിരുന്ന സ്ഥാപനത്തിനും ഒടുവിലെ പൂട്ട് വീണിരിക്കുന്നു.
സൈനു ഇല്ലാതെ  അയാൾക്ക് ഇനി അവിടെ എന്താണ്.?
അതുമല്ല ഒരു സ്ഥിരജോലി കിട്ടുന്നത്  വരെ ഇടത്താവളം അതായിരുന്നല്ലോ ദത്തനും  സൈനുവുമായുള്ള കരാറ്.

തപാൽ ആഫീസിൽ നിന്ന് നിയമന ഉത്തരവ് നേരിട്ട് കൈപ്പറ്റി,
അമ്മാളുവിനെ സ്‌കൂളിൽ നിന്ന് കൂട്ടി, ആശുപത്രിയിൽ ചെന്ന് ഹഫ്സത്തിനെ താക്കോലും ഏൽപ്പിച്ച് പോരുമ്പോൾ ഒരല്പം വൈകാനിടയുണ്ടെന്ന് രേവതിയോട് മുൻകൂട്ടി പറഞ്ഞത് നന്നായയെന്ന് ദത്തന്  തോന്നി.
നാളെ  അവധിയില്ലേ ഒരല്പം വൈകിയാലും പ്രശ്നമില്ല..
എത്രയായാലും ശരി കാത്തിരുന്ന് അവരെ നേരിൽ കണ്ട് ഒരാശ്വാസവാക്കെങ്കിലും പറയാതെ പോകുന്നത് നന്ദികേടാവില്ലേ...?

അമ്മാളുവിന് ഗൃഹപാഠമായി കിട്ടിയ  കാഷ്യുനട്ടെന്ന വാക്കിൽ പിടിച്ച് കഥ പറയാൻ തുടങ്ങിയതാണ്. അവൾ കഥയിൽ നിന്നിറങ്ങി നിലത്ത് മുട്ടുകുത്തിയിരുന്ന്  ബെഞ്ചിൽ വച്ച് നാലുവരി
പകർത്തിയെഴുതുന്നത് ആശുപത്രിയിൽ ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ട്.
അവളെയും ദത്തനെയും നോക്കി ചിലർ ചിരിക്കുന്നു. ലോകത്ത് മറ്റാരും എഴുതാത്തത് എന്ന ഭാവമാണ് ആ രണ്ടാം ക്ലാസുകാരിക്ക്.മറ്റുള്ളവരുടെ നോട്ടങ്ങൾ പതിയെ പിൻവലിഞ്ഞപ്പോൾ ശ്രദ്ധ എഴുത്തിൽ മാത്രമായി...

കബ്രാളിന്റെ ബോർമ്മയിൽ ഒരു ചാക്കണ്ടിയെങ്കിലും വറുത്തിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. അന്ന്
ദത്തനോട് ഊണു കഴിച്ചുവരാൻ പറഞ്ഞ് ഓഫീസ് മുറിയിലേക്ക് പോയ സൈനുവിന്റെ  മുഖത്ത് മരിക്കാനുള്ള തയാറെടുപ്പുകൾ ഉണ്ടായിരുന്നോ..? വിശപ്പില്ലാഞ്ഞിട്ടും
ഹോട്ടലിലേക്ക് ഇറങ്ങുമ്പോൾ ആ മുഖത്തേക്ക് ഒന്ന് നോക്കാമായിരുന്നില്ലേ..?
മരണത്തിന്റെ ലക്ഷണം തിരിച്ചറിഞ്ഞ് തടയാൻ കഴിയുമായിരുന്നെങ്കിലോ..?
അല്ല മരിക്കാൻ തീരുമാനിച്ചവരുടെ  ലക്ഷണങ്ങൾ എന്തൊക്കെയാവും..?
ഊണും കഴിഞ്ഞ് ബാർബർ ഷോപ്പിലും കയറി, മാനേജരുടെ മുറിയിൽ ഇരുന്ന് ഒരു ചെറിയ മായക്കവും കഴിഞ്ഞല്ലേ
തൊട്ടടുത്ത മുറിയിൽ അയാളെ  സഹായിച്ച മനുഷ്യന്റെ മരണം  അറിഞ്ഞത്.എത്ര രഹസ്യമായാണ് മരണം അയാളുടെ സൈനുവിനെ കടത്തിക്കൊണ്ട്  പോയത്..

ബാങ്കിൽ നിന്നുള്ള ജപ്തി നടപടികൾ ഓർമ്മിപ്പിക്കാനുള്ള ഫോൺ വിളിയാണ് തൂങ്ങി നിൽക്കുന്ന സൈനുവിനെ ദത്തന് ചൂണ്ടിക്കാണിച്ചു കൊടുത്തത്. ബാങ്ക് മാനേജർ അറിയിച്ച  ജപ്തിനടപടിയെക്കുറിച്ച് പറയാൻ ഓഫീസ് മുറിയിൽ മുട്ടുകയായിരുന്നെന്നാണ് അയാൾ പോലീസിനോട്  വിശദീകരിച്ചത്. മരണം നടന്നതിന്റെ
ശബ്ദമൊന്നും കേട്ടില്ലേ എന്ന് അവർ ആവർത്തിച്ചാവർത്തിച്ച് ചോദിച്ചു.
മരണം എത്ര നിശബ്ദമായാണ് അതിന്റെ ജപ്തിനടപടികൾ പൂർത്തിയാക്കുന്നതെന്ന് ഇവരെ എങ്ങനെ..?
സൈനു സ്‌കൂൾ കാലം മുതൽ എത്ര നിശ്ശബ്‌ദമാണെന്  ദത്തനല്ലേ അറിയൂ..

പൊന്നമ്മ എന്ന ദത്തന്റെ അമ്മയും
ഹസൻകോയ എന്ന സൈനുവിന്റെ വാപ്പയും മുതലാളി തൊഴിലാളി ബന്ധമായിരുന്നെങ്കിൽ, മീനാക്ഷി വിലാസം സ്‌കൂളിൽ ഒരേ ക്ളാസ് മുറിയിൽ ഒരേ ബെഞ്ചിൽ ദത്തനും സൈനുവും ഉറ്റ ചങ്ങാതികൾ...
സ്കൂള് വിട്ടാൽ സൈനു
കബ്രാളിന്റെ  ചുറ്റുമതിലിനോട് ചേർന്ന ഹസൻ കോയയുടെ  കൂറ്റൻ ബംഗ്ളാവിലേക്കോ, കമ്പനിക്കുള്ളിലേക്കോ സൈക്കിളോടിച്ച് പോകും.ദത്തൻ കബ്രാളിന്റെ മുന്നിലെ ആലിന്റെ ചുവട്ടിൽ
വലിയ നീലഗേറ്റിന്റെ കിളിവാതിൽ തുറക്കുന്നതും  അമ്മ ഇറങ്ങിവരുന്നതും നോക്കി നിൽക്കും.  ആ നാട്ടുകാർക്കെല്ലമുള്ള  ആജ്ഞകൾ പോലെ കബ്രാളിന്റെ ഉള്ളിൽ നിന്ന് ഓരോ തവണ സൈറൺ മുഴങ്ങുമ്പോഴും, ആലിന്റെ മുകളിൽ കയറി നിന്ന് ആ കൂറ്റൻ മതിൽ കെട്ടിനുള്ളിലെ കോട്ടയിലെ കാര്യങ്ങൾ നോക്കി കാണണമെന്ന് ദത്തൻ ആഗ്രഹിക്കാറുണ്ട്. എന്തിനാണ് ഇത്രയും വലിയ മതിൽ, ഇത്രയും പെണ്ണുങ്ങളും മൂന്നോ നാലോ ആണുങ്ങളും ചേർന്ന് അവിടെ എന്ത് വിപ്ലവമാണ്, ഇത്രയും വലിയ പുക തുപ്പൻ അവിടെ കത്തിക്കുന്നത് എന്തായിരിക്കും..?  ഈ കമ്പനി ഇല്ലാതിരുന്നെങ്കിൽ ഈ നാട്ടിലെ പെണ്ണുങ്ങൾ എന്തു ചെയ്‌ഹുമായിരുന്നു..? ചോദ്യങ്ങളെല്ലാം വാച്ചർ ചൊക്ളിയുടെ "അണ്ടിതപ്പൽ" കണ്ടത് മുതൽ കമ്പനി കുഴലിലെ പുക പോലെ ആവിയായി. ദത്തന് കബ്രാളിനോട് വല്ലാത്ത വെറുപ്പുണ്ടായി.കിളിവാതിലിലൂടെ പുറത്തേക്ക് വരുന്ന ഓരോ സ്ത്രീകളേയും ചൊക്ലി തല മുതൽ താഴേക്ക് തപ്പിനോക്കുന്നു, അവരെല്ലാം തല താഴ്ത്തി കൈകൾ ഇരു വശത്തേക്കും വിടർത്തി നിൽകളുന്നു. ചൊക്ളിയുടെ മുഖത്ത് ഒരു വൃത്തികെട്ട ചിരിയുണ്ടോ..?
അമ്മയുടെ ഊഴം വന്നപ്പോൾ ദത്തൻ കണ്ണടച്ച് നിന്നുപോയി.ചൊക്ലിയെ കൊല്ലാൻ ആഗ്രഹം വന്നെങ്കിലും ആ കൂറ്റൻ കോട്ടയ്ക്കുള്ളിൽ കടക്കാൻ ദത്തന് കഴിഞ്ഞിരുന്നില്ല.കബ്രാൾ സായിപ്പ് കൊണ്ടുവന്ന തോക്കിനെ എങ്ങനെ മറികടക്കും..?

അരയിലും ബ്രായ്ക്കുള്ളിലും ഒന്നോരണ്ടോ പരിപ്പ് കടത്തുന്നവർ മുതൽ ചോറ്റ് പാത്രത്തിൽ അരക്കിലോ വരെ  കടത്തുന്നവരും, ഒരു കിലോയെങ്കിലും തിന്ന് തീർത്ത് മുതലാളിയെ പറ്റിക്കുന്ന കൊതിച്ചികളും  അതിലുണ്ടെന്ന്  അമ്മയാണ് പറഞ്ഞ് കൊടുക്കുന്നത്..

" ഒന്നാ രണ്ടാ കൊണ്ട് പോയാളൊന്നും കൊഴപ്പമില്ല, ഇങ്ങനെ പാത്രം നെറച്ച്‌ എടുത്താ പാവം മൊതലാളി.."
അന്നു മുതൽ മറ്റൊരു സംശയം തുടങ്ങി, തിന്നു തോൽപ്പിക്കുന്നവരെ ചൊക്ലി എങ്ങനെ കണ്ടെത്തും..?  മുന്നൂറ് ആളും ഓരോ കിലോ തിന്നാൽ..?
ദത്തൻ ഒരു വഴിക്കണക്കിന് കാരണം കണ്ടെത്തി..

കല്യാണം കഴിഞ്ഞിട്ടും ജോലിയൊന്നും കിട്ടാതെ അലഞ്ഞു നടന്ന നാളിൽ കബ്രാളിൽ ഒരു  മാനേജർ പോസ്റ്റ് ബാല്യകാല സുഹൃത്തിനായി ഒഴിച്ചിടാൻ സൈനു കാണിച്ച മനസ് വളരെ വലുതല്ല...?
ആ പോസ്റ്റിലിരുന്നപ്പോൾ ചൊക്ലിക്ക് പകരം വന്ന ബാദുഷയുടെ തപ്പൽ എന്നും നോക്കിയുറപ്പിക്കേണ്ട  ഉത്തരവാദിത്തം ദത്തനായി. അങ്ങനെയാണ് തിന്നു തോല്പിക്കുന്നവരെ കീഴടക്കുന്ന "കുപ്ലിക്കൽ" രീതി മനസിലായത്. അതുമല്ല പരിപ്പ് തിന്നുന്നവരുടെ "വായ നോക്കാൻ " ഒരാളും.പരിപ്പ് തിന്നാൻ കൊതി തോന്നുന്നവർ മുറുക്കാൻ ശീലിക്കും.ദത്തന്റെ അമ്മ മുറുക്കാൻ തുടങ്ങിയത് കമ്പനിയിൽ ചേർന്നത് മുതലായിരുന്നു. ഇപ്പോഴും ആ ആലിന്റെ ചുവട്ടിൽ കുട്ടികൾ കാത്തു നിൽക്കുന്നുണ്ട് അവർക്കുവേണ്ടി ആരെങ്കിലും അരയിലോ ബ്രായിലോ ഒന്നോ രണ്ടോ പരിപ്പ് തിരുകുന്നുണ്ടാകും.ആരംഭത്തിൽ ചെന്ന് തൊടുന്ന വൃത്തങ്ങൾ. ഇങ്ങനെ അരക്കെട്ടിലും ബ്രായ്ക്കുള്ളിലും കയറിവരുന്ന പരിപ്പുകളുടെ രുചി അറിയുന്ന ദത്തന് ആ തപ്പലിനെ തള്ളിക്കളയാനെ കഴിയൂ...

ഇങ്ങനെ ചോർന്ന് പോയ ഓരോ പരിപ്പും സൈനുവിന്റെ കടബാധ്യത കൂട്ടിയിട്ടുണ്ടോ...? മുങ്ങാൻ തുടങ്ങിയ  കബ്രാളിൽ മറ്റൊരു ഭാരമായി  ദത്തനായി ഒരുക്കിയ മാനേജർ പോസ്റ് സൈനുവിന്റെ തെറ്റായ തീരുമാനമല്ലേ..?
സൈനുവിന്റെ മാമ സുലൈമാൻ സഖാവിന്റെ നേതൃത്വത്തിൽ മൃതശരീരവും വഹിച്ച്  ബോർഡിന്റെ ആഫീസിന് മുന്നിൽ നടത്തിയ ഉപരോധത്തിൽ  എങ്ങനെയാണ് ഇത്ര വലിയ ആൾക്കൂട്ടം വന്നത്..?  പങ്കെടുത്ത മുതലാളിമാരിൽ നല്ലൊരു ശതമാനത്തിനും സൈനുവിന്റെ അതേ മുഖമായിരുന്നില്ലേ..? ഇവരെല്ലാം ഇതൊന്ന് നടത്തിക്കൊണ്ട് പോകാൻ തങ്ങളുടെ വീടും കമ്പനിയും ബാങ്കിൽ പണയപ്പെടുത്തിയവരായിരിക്കുമോ..?

കുറച്ച് മാസങ്ങൾ മുൻപ് പൂട്ടിക്കിടന്ന കബ്രാളിനെ തമിഴ് നാട്ടിലെ ഒരു തീപ്പെട്ടക്കമ്പനി മുതലാളിക്ക് കൊടുക്കാൻ സൈനു ശ്രമിച്ചതിന്റെ ആന്ന് ബന്ധുവായിരുന്നിട്ടു പോലും  സുലൈമാൻ സഖാവിന്റെ നേതൃത്വത്തിൽ കമ്പനിയുടെ മുന്നിൽ നടത്തിയ സമരം, ഓഫീസ് മുറിയിൽ മാമയും മരുമകനും നടത്തിയ വാക്കേറ്റം, കൈയാങ്കളി എന്തിനായിരുന്നു.
നാട്ടിലെ കമ്പനികളിൽ മിക്കതും നാടുവിടാൻ തുടങ്ങിയിരുന്നില്ലേ.? ചിലരൊക്കെ രക്ഷപെട്ടത് അങ്ങനെയല്ലേ.
കേന്ദ്രത്തിന്റെ പുതിയ ബാങ്കിംഗ് നിയമത്തിന്റെ പേരിൽ
ഒരു കത്തുപോലും കൊടുക്കാതെ സ്വന്തം വീട്ടിൽ നിന്നിറക്കാൻ ആളുവന്നപ്പോൾ സുലൈമാൻ സഖാവ് പോലും നോക്കി നിന്നതല്ലേയുള്ളൂ . മാമയെന്ന നിലയിൽ വാടക വീട് ഒരുക്കിയതും സഖാവ് തന്നെ.
ഹസ്സൻ കോയയുടെ ബംഗ്ളാവിൽ നിന്ന് വാടക വീട്ടിലേക്ക് സൈനു മാറിയതിന്റെ അനായിരുന്നു. ദത്തന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങ്. വൈകിട്ട് ആളൊക്കെ ഒഴിഞ്ഞപ്പോൾ ഒരു പുതിയ കമ്പനിയുടെ  ഫ്രിഡ്ജുമായി അമ്മാളുവിനെക്കാൾ എട്ടു വയസ്സ് കൂടുതലുള്ള ഒറ്റ മകൾ ജെന്നത്തിനെയും കൊണ്ട് സൈനു വന്നിരുന്നു.ചെറിയ പെട്ടി ഓട്ടോയിൽ ഞെങ്ങി ഞെരുങ്ങി വന്നപ്പോൾ കാറെവിടെ  എന്ന് ചോദിക്കാൻ തുടങ്ങിയതാണ്‌.
പുതിയ വീട് ജെന്നത്ത് ആവേശത്തോടെ നോക്കുന്നതും, അമ്മാളു അവൾക്ക് അതൊക്കെ കാണിച്ച്  കൊടുക്കുന്നതും സൈനു നോക്കിയിരിക്കുന്നതും കണ്ടപ്പോൾ  ചോദിക്കാൻ തോന്നിയില്ല...

വീട്ടിൽ നിന്നിറങ്ങുമ്പോൾ സൈനുവിന്റെ കണ്ണ് നിറഞ്ഞിരുന്നോ..? 
അറിയില്ല,എന്നാൽ കൃത്യമായി പറഞ്ഞാൽ അതിന് പതിനൊന്ന് ദിവസം മുൻപ് കബ്രാളിന്റെ ആഫീസ് മുറിയിലിരുന്ന്  കരയുന്നത് ദത്തൻ കണ്ടിരുന്നു. ജെന്നത്തിന്റെ സ്‌കൂളിലെ സെന്റോഫ് പരിപാടിയിൽ വിളമ്പാനും അദ്ധ്യാപകർക്ക് ഗിഫ്റ്റായി കൊടുക്കാനും പത്ത് പാക്കറ്റ് പരിപ്പ്  അവൾ ചോദിച്ചിരുന്നു. നിലവിൽ ഉണ്ടായിരുന്ന സ്റ്റോക്ക് തന്നെ അടുത്ത  കടകളിലും ബാറിലും കുറഞ്ഞ വിലയ്ക്ക് വിറ്റിട്ടാണ് വ്യാഴാഴ്ച പലിശക്കാരൻ ചെട്ടിയാരെ ഒരുവിധത്തിൽ സമാധാനിപ്പിച്ച് വിട്ടത്..കുടിശ്ശിക ഇനിയും നിൽക്കുന്നതുകൊണ്ട് തോട്ടണ്ടി സ്റ്റോക്കിസ്റ്റുകൾ കൊടുക്കുന്നില്ല.
ഒരു കാലത്ത് ആഫ്രിക്കയിൽ നിന്ന് വന്ന തോട്ടണ്ടി  കബ്രാളിന്റെ ഗോഡൗണിൽ ഇറക്കിയിട്ടെ കൊല്ലത്തെ ആർക്കെങ്കിലും കിട്ടിയിരുന്നുള്ളൂ. അതൊക്കെ ഒരു കാലം. അടുത്ത കമ്പനിയിലെ കൂട്ടുകാരനോട്   ഇടത്തരം നിലവാരമുള്ള പരിപ്പ് വാങ്ങി കബ്രാളിന്റെ കവറിൽ നിറയ്ക്കുന്ന സൈനു കരയുകയായിരുന്നു.അതെല്ലാം അന്ന് ജന്നത്തിന്റെ ക്ലാസിൽ എത്തിച്ചത് ദത്തൻ ആയിരുന്നു. ഫസ്റ്റ് ക്വാളിറ്റി കൊടുത്തില്ലെന്ന് പറഞ്ഞ് ഇംഗ്ലീഷ് ടീച്ചർ കളിയാക്കിയത്തിന്റെ പേരിൽ കുറെ ദിവസം ജെന്നത്ത്  സൈനുവിനോട് മിണ്ടിയില്ലത്രേ..

ഹസ്സൻകോയയുടെ മക്കളൊക്കെ തീയേറ്ററും ചെരുപ്പ് കമ്പനിയും ഹോട്ടലും വീതിച്ചപ്പോൾ കബ്രാളിന്റെ താക്കോൽ സൈനുവിന്റെ മുന്നിലെ വഴിയായി. അല്ലെങ്കിലും സൈനുവിന് ഒന്നും പിടിച്ചുവാങ്ങാൻ കഴിവില്ലായിരുന്നു.. അവിടെ ജോലി കിട്ടി രാവിലെ ഇറങ്ങുമ്പോൾ രേവതിയുടെ വക സ്ഥിരം കമന്റ് ദത്തൻ ഓർത്തു...

" അമ്മയ്ക്കും മോനും അണ്ടികമ്പനീടെ പുക കിട്ടിയില്ലെങ്കിൽ ഉറക്കം കിട്ടില്ല."
ശരിയാണ് മരണം വരെ അമ്മ കമ്പനിയിൽ പോകുമായിരുന്നു.മാമന്മാർ എത്ര എതിർത്തിട്ടും അമ്മ പോയിരുന്നു..
അമ്മയുടെ മരണത്തിന് സൈനു വന്നിരുന്നു,ചിതയിലേക്ക് എടുത്ത അമ്മയുടെ തലയുടെ ഭാഗത്ത്  സൈനുവായിരുന്നു.അയാൾ അന്നും  കരഞ്ഞു. കബ്രാളിന് അന്ന് അവധിയായിരുന്നു. ആന്ന് സയറൺ കേട്ടില്ല..

പി എസ് സി എഴുതി നടന്നകാലത്ത്  വണ്ടിക്കൂലി വാങ്ങാൻ പലതവണ ആ ആലിന്റെ ചുവട്ടിൽ ചെന്ന് നിന്നിട്ടുണ്ട്..
മിക്ക പരീക്ഷകളിലും ചരിത്രമൊഴികെ മറ്റ്  ചോദ്യങ്ങൾ അണ്ടിക്കമ്പനിയുടെ കൂറ്റൻ മതിലുപോലെ മുന്നിൽ വന്ന് നിൽക്കും..
അതിനിടയിൽ അമ്മയുടെ സഹോദരൻ ദാസൻ ഗൾഫിൽ നിന്ന് വന്ന് ഒറ്റമകൾ രേവതിയെ ദത്തനെ ഏൽപ്പിക്കുകയായിരുന്നു.ഗൾഫിലെ ജ്യൂസ്സ് കടയിലേക്ക് കടത്താൻ പറ്റിയ ഒരു മരുമകൻ, ദാസൻ മാമൻ അതിന് പരമാവധി ശ്രമിച്ചു നടന്നില്ല. അങ്ങനെ നിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് കബ്രാളിന്റെ ഈ കോട്ടയിൽ ദത്തൻ ഒളിച്ചത്.. ദത്തന്റെ കഥയെല്ലാം കേട്ട് സൈനു ഒറ്റ വാക്കിൽ നിയമന ഉത്തരവ് നൽകി
"അളിയാ നീ നാളെമുതൽ കമ്പനിയിൽ വാ" കണക്ക് പുസ്തകം തുറന്ന ആദ്യ ദിവസം തന്നെ  കഴുത്തറ്റം മുങ്ങിയ കബ്രാളിന്റെ  ചരിത്രവും വർത്തമാനവും ദത്തന് വ്യക്തമായതാണ്. എന്നിട്ടും  എല്ലാ ശനിയാഴ്ചയും പണിക്കാരുടെ കണക്ക് തീർക്കുമ്പോൾ ചിന്തിക്കും സൈനുവിന് ഇതെങ്ങനെ കഴിയുന്നു..?
പൂട്ടിയിടാൻ തീരുമാനിച്ച അന്നുപോലും കണക്ക് തീർത്താണ് എല്ലാവരേയും മടക്കിയത്..
ആന്ന് ബാദുഷ്യ്ക്ക് പകരം ഗേറ്റിൽ നിന്ന സൈനു ഓരോരുത്തരോടും.
ക്ഷമ ചോദിക്കും വിധം ഉടൻ തുറക്കും എന്നൊക്കെ പറയുന്നുണ്ടായിരുന്നു...

" കഴിഞ്ഞില്ലേ അച്ഛാ ഇനി നമുക്ക് പോകാം"  അമ്മാളുവിന്റെ വാക്കുകൾ ചിന്തകളിൽ നിന്ന് ദത്തനെ ഉണർത്തി. അകത്ത് നിന്നാരും ഇനി വരുമെന്ന് തോന്നുന്നില്ല.. ഐ സി യുവിന്റെ വാതിലിലെ കിളിവാതിലുപോലെ ഉള്ള കണ്ണാടി ചില്ലിലൂടെ അകത്തേക്ക് നോക്കി..
സ്‌കൂളിൽ നിന്ന് വന്ന അതേ വേഷത്തിൽ ജന്നത്ത് ജനലിലൂടെ  പുറത്തേക്ക് നോക്കി ആരെയോ പ്രതീക്ഷിച്ച് നിൽക്കുന്നു. ഹഫ്സത്ത് ഫോണിൽ ആരെയോ വിളിക്കുന്നു. ആത്മഹത്യചെയ്യാൻ മുറിച്ച അവരുടെ കൈയിലെ കെട്ടിലേക്ക് ദത്തൻ നോക്കി..
ഉള്ളിൽ മറ്റാരും ഇല്ലെന്ന് ഉറപ്പായപ്പോൾ അയാൾ അകത്തേക്ക് കയറി.
ജെന്നത്തിന്റെ മുഖത്ത് ചിരിപോലെ എന്തോ ഒന്ന്. പോക്കറ്റിൽ കിടക്കുന്ന  കബ്രാളിന്റെ  താക്കോലിന് ഒരു ചെറിയ ചൂട് അയാൾക്ക് തോന്നി.കണക്കെഴുതിയ പുസ്തകവും താക്കോലും കട്ടിലിന്റെ അരികിൽ വയ്ക്കുമ്പോൾ ഹഫ്സത്ത് ചെറുതായി വിങ്ങി...

" വില്ലേജ് ആഫീസിലാ ജോലി കിട്ടിയത് തിങ്കൾ ജോയിൻ ചെയ്യണം ഇതിവിടെ.." ദത്തൻ പതിയെ നിർത്തി ഹഫ്സത്തിന്റെ മുഖത്ത് സന്തോഷവും വേദനയും നിറഞ്ഞ ഒരു ഭാവം..

" അവിടം കൊണ്ട് ഒരാളെങ്കിലും രക്ഷപെട്ടല്ലോ, രേവതിയുടെ ഭാഗ്യം  കോഴിക്കോട്ട് നിന്ന് ആരും ഇതുവരെ വന്നില്ല, ഞങ്ങൾ ഇനി എവിടേക്ക്..?" പറയാൻ തുടങ്ങിയത് നിർത്തിയിട്ട്, അമ്മാളുവിനെ ഹഫ്സത്ത് അടുത്തേക്ക് വിളിച്ചു, അവൾ  കട്ടിലിന്റെ അരിക് ചേർന്ന് നിന്നു..

" അമ്മാളുവിനോട് ഞാനൊരു കാര്യം ചോദിക്കട്ടെ, ഒരു പത്ത് ദിവസം വാർഷിക  പരീക്ഷ കഴിയുന്നത് വരെ ഈ ഇത്തയെ നിന്റെ പുതിയ വീട്ടിൽ നിർത്താമോ..?"
"ഉം" എന്ന് അമ്മാളു തലയാട്ടി, ദത്തന്റെ ഹൃദയം അണ്ടിതല്ലൽ യൂണിറ്റിലെന്ന പോലെ നിർത്താതെ താളമിട്ടു.ഹഫ്സത്ത് അമ്മാളുവിനെ ചേർത്ത് നെറ്റിയിൽ ഉമ്മ വച്ചു...

പെട്ടെന്ന് കബ്രാൾ തുറന്ന് തൊഴിലാളികൾ
ഇറങ്ങിവരുന്നത് പോലെ കുറെ ആളുകൾ  അകത്തേക്ക് കയറിവന്നു, ഹഫ്സത്ത് 'ഉപ്പാന്ന്' വിളിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു.പർദ്ദയും വെളുത്ത കുപ്പായങ്ങളും കണ്ട് അമ്മാളു മാറിനിന്നു.. അതിൽ തലമൂത്ത ഒരാൾ "ഇയാളാരെന്ന" ഭാവത്തിൽ ദത്തനെ നോക്കി..

"ഇക്കാടെ മാനേജരാണ് കമ്പനിയുടെ കണക്ക് ഏൽപ്പിക്കാൻ വന്നതാ.." വന്നവർ ഏതോ അനിഷ്ടം കണ്ടതുപോലെ ദത്തനെ നോക്കി.

" മാനേജരും ആനയും അമ്പാരിയും ഒക്കെ ഉണ്ടായിരുന്നു എന്നിട്ടും ആശുപത്രിയിൽ പൈസ അടയ്ക്കാൻ കോഴിക്കോട് നിന്ന് ഞങ്ങള് വരേണ്ടി വന്നില്ലേ..?" തലമൂത്ത ആൾ ഇതു പറയുമ്പോൾ അമ്മാളുവും ദത്തനും പുറത്തേക്ക് ഇറങ്ങി..

ആശുപത്രിയുടെ മുൻവശത്തെ കടയിൽ നിന്ന് അമ്മാളു നാരങ്ങവെള്ളം കുടിക്കുമ്പോൾ വന്നവരുടെ വണ്ടികൾ ഗേറ്റ്  കടന്നുപോയി..
വണ്ടികളിൽ സ്‌കൂൾ യൂണിഫോമിൽ ഒരു കുട്ടിയെയും വെളുത്ത ചുരിദാരിൽ ഒരു യുവതിയെയും ദത്തന്റെ കണ്ണുകൾ തിരഞ്ഞു..ബ്ളാക്ക് ആന്റ് വൈറ്റ് ടി വി യിലെ നിറങ്ങൾ പോലെ എല്ലാം ഉള്ളിൽ മറഞ്ഞ് നിൽക്കുന്നു...

വീട്ടിലേക്ക്
പോകുന്നവഴി കബ്രാളിന്റെ മുന്നിൽ ദത്തൻ ഒരല്പനേരം ബൈക്ക് നിർത്തി..

.....അങ്ങ് പറങ്കി നാട്ടീന്ന്   കൊല്ലം തങ്കശ്ശേരിയിൽ  കപ്പലിറങ്ങിയ നീലക്കണ്ണുള്ള കബ്രാള് സായിപ്പ് നമ്മുടെ കുണ്ടറയിലും എത്തി.
അപ്പോൾ നിന്റെ അമ്മൂമ്മ പൊന്നമ്മ രാവിലെ എഴുന്നേറ്റ് ചുട്ട് തല്ലിയ
അണ്ടിപ്പരിപ്പും വിറ്റ് ചന്തയിൽ ഇരിക്കുകയായിരുന്നു. പരിപ്പിന്റെ മണം.." ഈ കഥ വേണ്ടെന്ന് അമ്മാളു  പല തവണ പറഞ്ഞിട്ടും ദത്തൻ നിർത്തിയില്ല...

കബ്രാളിന്റെ നീല നിറത്തിലെ ഗേറ്റിലെ കിളിവാതില് തുറന്ന് പൊന്നമ്മ ഇറങ്ങി വന്നു, ചൊക്ലി മാറ്റി നിന്നു.
ബൈക്കിന്റെ മുന്നിലേക്ക് നീട്ടിയൊന്ന് തുപ്പിയ ശേഷം  അരയിൽ തിരുകിയിരുന്ന രണ്ട് പരിപ്പ് അമ്മാളുവിന്റെ വായിൽ വച്ചു കൊടുത്തിട്ട് അകത്തേക്ക് അതേ വേഗത്തിൽ പോയി..

പെട്ടെന്ന് കബ്രാളിന്റെ
ഉള്ളിൽ നിന്ന് കരച്ചിൽ പോലെ ഒന്നുരണ്ട് സൈറണുകൾ മുഴങ്ങി. ആൽമരത്തിന്റെ വേരിൽ തൂങ്ങി ദത്തൻ മുകളിലേക്ക് കയറിത്തുടങ്ങി..

കബ്രാൾ ആകാശത്തേക്ക് തുപ്പിയ പുക ഒന്നു മാറിയപ്പോൾ, പീലിംഗ് സെക്ഷനിൽ  പൊന്നമ്മയുടെ മുന്നിൽ സൈനു മീനാക്ഷി വിലാസം സ്‌കൂളിലെ അതേ യൂണിഫോമിട്ട്  കൈ നീട്ടി നിൽക്കുന്നു.ഓഫീസ് മുറിയിൽ ഇരുന്ന് ഹസൻ കോയയും നീല കണ്ണുകളുള്ള കബ്രാള് സായിപ്പും ചുരുട്ട് വലിക്കുന്നു.സായിപ്പിന്റെ തോക്ക് ആരോ ഒരാൾ ആകാശത്തേക്ക് ചൂണ്ടിപ്പിടിച്ചിരിക്കുന്നു
നീണ്ട ഗോഡൗണിൽ, ആഫ്രിക്കയിൽ  
നിന്ന് കപ്പൽവഴി വന്ന തോട്ടണ്ടിചാക്ക് ചൊക്ലി എണ്ണുന്നു. അതിനിടയിൽ അയാൾ ഇതൊക്കെ ഒളിച്ചിരുന്നു കാണുന്ന ദത്തനെ
കമ്പനിയിലെ പെണ്ണുങ്ങൾക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു.
അവരെല്ലാം ദത്തനെ നോക്കി സന്തോഷത്തോടെ കൈകൾ വീശികാണിച്ച്‌ ചിരിച്ചു...

പക്ഷെഅമ്മാളു മാത്രം താഴെ നിന്ന് അച്ഛനോട് ഇറങ്ങി വരാൻ വിളിച്ചു പറഞ്ഞ് കരഞ്ഞു.
അവൾക്ക് ഗൃഹപാഠമായി ഇനിയും  വഴിക്കണക്കുകളുണ്ടായിരുന്നു...!!

കെ എസ് രതീഷ്, പന്ത
( ഗുൽമോഹർ009)

Sunday 18 November 2018

കബ്രാളും കാശിനെട്ടും..!!

കബ്രാളും കാശിനെട്ടും..!!

"തങ്കശ്ശേരിയിൽ കബ്രാള് സായിപ്പ് കുണ്ടറയിൽ വണ്ടിയിറങ്ങി, അപ്പോൾ നിന്റെ പൊന്നമ്മ മുത്തശ്ശി അവിടെ ഒരു കുറ്റനിറയെ  അണ്ടിപ്പരിപ്പും വിറ്റ് ഇരിക്കുകയായിരുന്നു, സായിപ്പ് ചോദിച്ചു "വാട്ട് ഈസ് ദിസ് പൊന്നമ്മ"
നിന്റെ ഇംഗ്‌ളീഷ് അറിയാത്ത മുത്തശ്ശി പറഞ്ഞു..
'കാശിന് എട്ട് സായിപ്പേന്ന്" അപ്പൊ സായിപ്പ് പറയുവാ...
" ഓ ദിസ് ഈസ് കാഷ്യുനട്ട് " അങ്ങനെയാണ് നമ്മളെ കശുവണ്ടിക്ക് കാഷ്യുനട്ടെന്ന് പേര് വന്നത്...

ദത്തന് ഇത്തവണ കഥപറയാൻ ഒരു താത്പര്യവുമുണ്ടായിരുന്നില്ല. അമ്മാളുവാണെങ്കിൽ ഏതു കഥകേട്ടാലും കുലുങ്ങിച്ചിരിക്കും.
ആശുപത്രിയുടെ അന്തരീക്ഷം അവളുടെ ചിരിക്കും നിയന്ത്രണരേഖ വരച്ചത് പോലെയുണ്ട് അല്ലെങ്കിൽ പലതവണ കേട്ട് ഈ കഥയവൾക്ക് മടുത്തിട്ടുണ്ടാകും..

Sunday 4 November 2018

മോമോസാപ്പിയൻസ്

മോമോസാപ്പിയൻസ്...!

പ്രതിഷേധക്കാർ
അടിച്ചുതകർത്ത  വാതിലിന്റെ മുന്നിൽ  ചിതറിക്കിടന്ന കല്ലുകൾ സൈറ പതിയെ കാലുകൊണ്ട് നീക്കിയിട്ടു, എന്നിട്ട് വാതിലിൽ ഒന്നു രണ്ട് തവണ മുട്ടിനോക്കി...
ജനാല ചില്ലുകൾ പൂർണമായും തകർത്തിരിക്കുന്നു. അതിന്റെ  വിടവിലൂടെ സൈറ വീടിനുള്ളിലേക്ക്  നോക്കി.
അകത്ത് ഇരുട്ടും‌ നിശബ്ദതയും ദാമ്പത്യം പ്രാപിച്ചതുപോലെ.
വിമലിന്റെ ബൈക്ക് വന്നവർ  മറിച്ചിട്ട് കത്തിച്ചിരിക്കുന്നു, അതിൽ നിന്നിപ്പോഴും പുകയുയരുന്നുണ്ട്..

ഓമന ടീച്ചറിന്റെ ഡയറി സൈറ തന്നോട് ചേർത്ത് പിടിച്ചു..
തനിക്ക് ഒട്ടും പരിചയമില്ലാത്ത ഈ ദമ്പതികളെ രക്ഷിക്കാൻ ഈ ഡയറിയിലെ കുറിപ്പുകൾക്ക്  കഴിയുമോ..?
ജാമ്യം കിട്ടിയ അവരെ ഇവിടേക്ക്  വിടരുതായിരുന്നു.
ആൾക്കൂട്ട മനശാസ്ത്രം അടുത്തറിഞ്ഞിട്ടും   താൻ അത് ശ്രദ്ധിക്കാതെ
പോയതിൽ സൈറയ്ക്ക് കുറ്റബോധം തോന്നി..
ഇനി നാട്ടുകാർക്ക് മുൻപിൽ വിമലിന്റെയും‌ മിത്രയുടേയും‌ നിരപരാധിത്വം തെളിയിക്കാൻ തനിക്കേ  കഴിയൂ.
താൻ അത് ചെയ്യുമെന്ന് ഓമനടീച്ചർ പ്രതീക്ഷിച്ചിരുന്നിരിക്കാം.
സൈറ വീണ്ടും പലതവണ വാതിലിൽ മുട്ടി.‌. ആരോ ഒരാൾ
റോഡിൽ ബൈക്ക് നിർത്തി തന്നെ നോക്കി വളരവേഗത്തിൽ ഓടിച്ച് പോയത് കണ്ട്
അവൾക്ക് ഭയം തോന്നി.
കവലയിൽ കൂടി നിന്നിരുന്നത് ഈ വീട് ആക്രമിച്ചവരായിരിക്കാം. അവരിലൊരാളാകാം ഇത്..
എങ്കിൽ ഏതു നിമിഷവും ഒരാക്രമണം.?

പാഡുമായി കുളിമുറിയിലേക്ക്  കയറിപ്പോയ മിത്രയെക്കണ്ട് വിമലിന്റെ ഇടത് പുരികം ചോദ്യരൂപത്തിൽ പതിയെ ഉയർന്നു..
മുറിയിലെ ഇരുട്ട്  തന്റെ  ജീവിതത്തിലേക്കും വ്യാപിക്കുന്നത്  അയാളറിഞ്ഞു..
വിമലിന്റെ കരച്ചിൽ വാതിലിനോട്  ചേർന്ന് നിന്ന സൈറയ്ക്ക് കേൾക്കാമായിരുന്നു.
കുളിമുറിയിൽ നിന്നിറങ്ങിവന്ന മിത്ര വിമലിന് മുഖം കൊടുക്കാതെ
വയറ്റിൽ കൈ ചേർത്ത് കട്ടിലിന്റെ ഒരരിക്  ചേർന്ന് കമഴ്ന്ന് കിടന്നു..

വാതിലിൽ  വീണ്ടും
മുട്ടൽ കേട്ടപ്പോൾ   ഇനിയെന്ത് സംഭവിക്കാൻ എന്ന ധൈര്യത്തിൽ മിത്ര വാതിൽ തുറന്നു..
ആൾക്കൂട്ടത്തിന്റെ തെറിവിളിയും‌ പൊട്ടിക്കലും കഴിഞ്ഞിരുന്നു.. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരല്പം മുൻപ് ചുവന്ന് തുടുത്ത് ഒരു നീറ്റലായി ഒഴുകിപ്പോയി..
വാതിലിന്റെ പുറത്ത് സൈറ  തന്റെ കഴുത്തിൽ തൂക്കിയിരുന്ന കാർഡ്  കാണിക്കാനെ‌ന്ന വിധം കൈയിലെടുത്തു..
ഈ കാർഡില്ലെങ്കിലും അവരെ തിരിച്ചറിയാൻ മിത്രയ്ക്ക് കഴിയും.
മികച്ച വാർത്താവതാരക
എന്നതിലുപരി കേരളത്തിലെ പലവിഷയങ്ങളിലെ നിലപാട് പറയുന്ന സൈറയെക്കുറിച്ച് വിമലും മിത്രയും പലതവണ ചർച്ച ചെയ്തിട്ടുണ്ട്.
അതുമല്ല തങ്ങളെ  ജാമ്യത്തിലെടുക്കാൻ കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തക വന്നതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല,
കൂടാതെ
മിത്രയ്ക്കുമുണ്ട്  ജേണലിസത്തിൽ
ഒരു മാസ്റ്റർ ബിരുദം..

സൈറയെ സന്ദർശകർക്കുള്ള മുറിയിൽ ഇരുത്തി മിത്ര അടുക്കളയിലേക്ക് പോയി.
അകത്തെ ഇരുട്ടിൽ സ്റ്റൗവിന്റെ നേരിയ വെളിച്ചം മാത്രം.
വിമൽ എതിർ വശത്ത് വന്നിരുന്ന് ചുമ അഭിനയിച്ചപ്പോഴാണ്
സൈറയുടെ ശ്രദ്ധ അയാളിലേക്ക് വീണത്..

"കറണ്ടൊക്കെ അവർ കട്ട് ചെയ്തു. വാതിൽ തുറക്കാത്തതിനാൽ കൊന്നില്ല, ഇനി കൊല്ലാതെ വിട്ടിട്ടും‌ കാര്യമില്ല" വിമലിനോട്  സൈറ മറുപടി പറയാൻ‌ തുടങ്ങുമ്പോൾ മിത്ര നീട്ടിപ്പിടിച്ച ചായയുടെ ആവി സൈറയുടെ  മുഖത്തേക്ക് വീഴാൻ തുടങ്ങിയിരുന്നു..

"ഓമനടീച്ചറെ ഞങ്ങള് കൊന്നിട്ടില്ലെന്ന് നിങ്ങള് മാത്രം വിശ്വസിച്ചിട്ടെന്തിനാ,
ഇതിലും നല്ലത് ജയിൽ കെടന്ന് ചാകുന്നതായിരുന്നു.. "
വിമൽ വേഗം അകത്തെ മുറിയിലേക്ക് പോയി.
മിത്ര നിലത്ത് സൈറയ്ക്ക് എതിർവശത്തായി ഇരുന്നു..
ജനാലയുടെ പൊട്ടിയ ഭാഗത്തൂടെ വന്ന മഴയുടെ ദൂതനായ കാറ്റ് മെഴുകു തിരി വെട്ടത്തെ കെടുത്തി..
വീണ്ടും കൊളുത്താനെഴുന്നേറ്റ മിത്രയെ സൈറ തടഞ്ഞു. ഇരുട്ട് സത്യമുള്ളതാണെന്ന് സൈറ തിരിച്ചറിഞ്ഞിട്ട് കാലമേറെയായിരിക്കുന്നു.
അകത്തെ മുറിയിൽ സിഗരറ്റ് ലൈറ്റർ തെളിക്കുന്ന ശബ്ദത്തിന്
പിന്നാലെ സിഗരറ്റിന്റെ ചെറിയ വെട്ടവും പുകയുടെ മണവും വേഗങ്ങളുടെ ഊഴമനുസരിച്ച് ഇറങ്ങിവന്നു.
ക്രമം തെറ്റിവന്ന ചുമകേട്ട് മിത്ര ദീർഘമായി ഒന്ന് നിശ്വസിച്ചു..

"വിമലേട്ടന്റെ  സ്വന്തം ക്ലാസിലെ കുട്ടിയാണ് ആദ്യം  കയ്യേറ്റം ചെയ്യാൻ തുടങ്ങിയത് അതിന്റെ നീറ്റലാണ്
നാട്ടിലേക്കൊന്ന് വിളിക്കാൻ പോലും കഴിഞ്ഞില്ല ഫോണുള്ള ബാഗ് ബഹളത്തിൽ ആരോ കൊണ്ടുപോയി ഏട്ടന്റേത് ആരോ എറിഞ്ഞ് പൊട്ടിച്ചു..."

ഇതുപറഞ്ഞ  മിത്രയുടെ മുഖം കാണാൻ സൈറയ്ക്ക് തോന്നി,  തന്റെ
മൊബൈലിന്റെ ലോക്ക് തുറന്ന്
സ്ക്രീൻ വെളിച്ചത്തോടെ 'ഫോൺ വിളിക്കൂ ' എന്ന സൂചനയിൽ മിത്രയുടെ നേർക്ക് നീട്ടി...

"നമ്പരൊന്നും ഓർമ്മയില്ല, എല്ലാം ഫോണിൽ അല്ലേ...??"
സൈറ മിത്രയുടെ അടുത്ത് നിലത്തിറങ്ങിയിരുന്നു..

"ഇത്തവണ ഉറപ്പിച്ചപ്പോൾ ഞങ്ങൾ ഒരുപാട് സന്തോഷിച്ചിരിന്നു"
അകത്തു നിന്ന് വിമലിന്റെ ഒരു  ചുമ‌ 'സ്വകാര്യതയിലേക്ക്  മറ്റൊരാൾ വേണ്ടാ' എന്നർഥത്തിൽ  ഇറങ്ങിവന്നതുകേട്ട് മിത്ര ജനിക്കാനിരുന്ന കുഞ്ഞിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് നിർത്തി..

ക്രൈം ടൈംസിൽ ഓമനടീച്ചർ കൊലക്കേസ് ചെയ്യണമെന്ന്
ചീഫ് പറഞ്ഞ് രണ്ടാം ദിനമാണ് ഓമനടീച്ചർ രജിസ്റ്റർ ചെയ്ത പാഴ്സൽ സൈറയ്ക്ക് കിട്ടുന്നത്.
പാഴ്സൽ വാങ്ങിവച്ച് ജയിലിൽ ചെ‌‌ന്ന് പ്രതികളായ വിമൽ- മിത്ര ദമ്പതികളുടെ വിവരങ്ങൾ ശേഖരിച്ച‌‌ത് വല്ലാത്ത വാശിയോടെയാണ്.
ഒരിക്കലും തന്നിലെ പത്രക്കാരിയല്ല അത് ചെയ്തത്,  പ്രിയപ്പെട്ട
ഓമനടീച്ചറുടെ പൊതിച്ചോറ് തിന്ന പന്ത്രണ്ടാം‌ ക്ലാസുകാരിയായിട്ടാണ്... പത്രക്കാരിയുണ്ടെന്ന് പറഞ്ഞ് വഴിതെളിച്ച അദ്ധ്യാപികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവർ ഒരിക്കലും രക്ഷപെടാൻ പാടില്ലെന്ന്  അവൾ തീരുമാനിച്ചിരുന്നു...
പോലീസിന് കിട്ടിയ ആത്മഹത്യാ കുറിപ്പ് മാത്രം മതിയായിരുന്നു പരമാവധി ശിക്ഷവാങ്ങിക്കൊടുക്കാൻ.
എങ്കിലും അവരെ അങ്ങനെ വിടാൻ സൈറ തയാറായിരുന്നില്ല.
ക്രൈം ടൈംസിന്റെ സ്വാഭാവിക ശൈലിയിൽ പൂർണ താല്പര്യത്തോടെ കൊലപാതകത്തിന് എല്ലാ എരിവും പുളിയും ചേർത്ത് തിരക്കഥയും ഒപ്പിച്ചു..
അതിനിടയിലാണ് പാഴ്സലഴിച്ചത് ഓമനടീച്ചറുടെ രസികൻ  ചലഞ്ചിന്റെ കുറിപ്പുകളായിരുന്നു..

ഒരേസമയം ക്രൈം ടൈംസിന് സ്റ്റോറി, ഓമനടീച്ചർ തന്നെ ഏല്പിച്ച 'പ്രതികളെ' രക്ഷിക്കാനുള്ള ചുമതല,
നാട്ടുകാരുടെ മുന്നിൽ വിമൽ-മിത്ര ദമ്പതികളുടെ നിരപരാധിത്വം
സൈറ ആകെ കുഴങ്ങിരുന്നു..

ഏറ്റവും പ്രിയപ്പെട്ട ഒരാൾ കത്തെഴുതിവച്ചിട്ട് ആത്മഹത്യ ചെയ്യുക, കത്തിൽ പരാമർശിക്കുന്ന 
പ്രതികളെ രക്ഷിക്കാൻ പ്രിയ ശിഷ്യയ്ക്ക് തെളിവയച്ചു കൊടുക്കുക..
സൈറ ഉഗ്രനൊരൂരാക്കുടുക്ക് അഴിക്കാൻ‌ ശ്രമിക്കുകയായിരുന്നു...

ജനാലയിലെ ചില്ലുപൊട്ടിയ ഭാഗത്തിലൂടെ  ഒരു പൂച്ച അകത്തേക്ക് നോക്കി.
മിത്രയുടെ നോട്ടം കണ്ട് സൈറ അതിനെ ഓടിക്കാൻ ആംഗ്യം കാണിച്ചു..
കുറച്ചു നേരം അവരെത്തന്നെ നോക്കിയിട്ട് അത് തിരിച്ചുപോയി..
വാതിലിൽ ശക്തിയായി ആരോ ഇടിക്കുന്നത് കേട്ട് വിമൽ  വാതിൽ തുറന്നു..
പ്രകാശൻ കലികൊണ്ട് വല്ലാതെ  വിറയ്ക്കുന്നു.
അകത്ത് സൈറയെക്കൂടെ കണ്ടപ്പോൾ അയാൾക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല..

" ഇവറ്റകളെ രക്ഷിക്കാൻ നോക്കിയാൽ വഴീക്കെടന്ന് ചാകാനായിരിക്കും നിന്റേം ഗതി, പ്രകാശന് ഇനി മേലും കീഴും നോക്കാനില്ല, ഒന്നൂല്ലേലും നിനക്ക്  രണ്ട് കൊല്ലം തിന്നാനും ഉടുക്കാനും തന്നവളല്ലേ ചത്ത് തലയ്ക്കു മുകളിൽ നിൽക്കണത്,
ദേ ഇതിനെക്കൂടെ കൊന്ന് തിന്നോളീൻ " ഇതും പറഞ്ഞ്
അമ്മുവിനെ വീടിനുള്ളിലേക്ക് ഇറക്കിനിർത്തിയിട്ട് അയാൾ കാറിൽ കയറിപ്പോയി...

ഇരുട്ടിൽ പതറി നിന്ന കുട്ടി ഒന്നുരണ്ട് മിനിട്ടുകൾ
മിത്രയുടെ അടുത്തേക്ക് ചെന്നിരുന്നു. മിത്രയുടെ കൈയിൽ പതിയെ തൊട്ടശേഷം വയറ്റിൽ തടവി ആംഗ്യം കാണിച്ചു..

"അമ്മു, ഓമനടീച്ചറിന്റെ കുട്ട്യാ,
ഇതിന് മിണ്ടാനൊന്നും ഒക്കത്തില്ല. ഇതിനെ ഇവിടേല്പിച്ചാ ഓമനടീച്ചർ സ്കൂളിലേക്ക് പോകണത്. വിശക്കണൊണ്ട് ഞാനിതിന് വല്ലതും കൊടുക്കട്ടേ..."മിത്രയുടെ സംസാരത്തിൽ സൈറയുടെ മുഖത്ത് വരുന്ന മാറ്റങ്ങൾ വിമൽ ശ്രദ്ധിക്കുക യായിരുന്നു..

അകത്ത് മിത്ര ഏതോ
പൊതി തുറന്നപ്പോൾ പുളിച്ചനാറ്റം പുറത്തേക്ക് വ്യാപിച്ചു...

"അതൊന്നും ആ മിണ്ടാപ്രാണിയെ തീറ്റിക്കണ്ട"
വിമൽ ഒറ്റ വരിയിൽ നിർത്തി പിന്നീട് ബിസ്ക്കറ്റിന്റെ കവർ പൊട്ടിക്കുന്ന ശബ്ദം കേട്ടു...

"ഓമനടീച്ചറെ കൊന്നിട്ട് ഞങ്ങൾക്ക് എന്തോന്ന് കിട്ടാനാണ്..? 
ആ തള്ളയ്ക്ക് മുഴുത്തവട്ടാണ് ഈ പ്രകാശൻ കൊന്ന് കെട്ടിത്തൂക്കിയതായിരിക്കും,
അതിന് ഞങ്ങളെ പേരെന്തിനെഴുതിയതെന്നാണ് ഞങ്ങളെ സംശയം..
സ്കൂളിലും കുറേ ആയി 
അവർ ഓരോന്ന് കാട്ടിക്കുട്ടുന്നു.‌‌ മനുഷ്യന് സഹിക്കണതിന് ഒരു പരിധിയൊക്കെയുണ്ട്.പെണ്ണല്ലേന്ന് ഓർത്തിട്ടാണ്,ഞാൻ അവരെ അവഗണിക്കുന്നുപോലും. അല്ലെങ്കിലും പരിഗണിക്കാൻ പറ്റിയ ഒരു..." 
വാക്കുകൾ കിട്ടാതെയായപ്പോൾ
കെട്ടുപോയ  സിഗരറ്റിൽ വീണ്ടും തീകൊടുത്ത് വിമൽ വലിക്കാൻ തുടങ്ങി.. സ്കൂളിലെ ഏതൊക്കെയോ കാര്യങ്ങൾ അയാൾ തുടർച്ചയായി പറയുമ്പോൾ,
സൈറ ഡയറിയിൽ  ഓമന ടീച്ചർ കുറിച്ചിട്ട വിമലിനെക്കുറിച്ചുള്ള ഭാഗം ഓർത്തെടുക്കുകയായിരുന്നു..

..വിമൽ എന്റെ ചലഞ്ചിലെ രസകരമായ പാർട്ടാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന രൂപം അയാൾക്കുണ്ട്..
ഏറ്റവും‌ രസകരമായ സംഗതിയെന്തെന്നാൽ എല്ലാം പുരുഷന്മാരെയും പോലെ അയാൾക്കും പെണ്ണിന് ശരീരമേയുള്ളു.
ഞാനയ്യാളെ പീഡിപ്പിക്കാൻ പോകുന്നു..
എന്റെ പീഡനത്തിന് മതിയായ കാരണങ്ങൾ അക്കമിട്ട് പറയാം. അതൊന്നും നിങ്ങളുടെ ന്യായപരിധിയിൽ പെടാനിടയില്ല..

ഒന്ന്. അയാളെ ഞാൻ അതിയായി പ്രണയിക്കുന്നു, അല്ല അയാൾക്ക് ഞാനഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ശരീരമുണ്ട്...

രണ്ട്. കഴിഞ്ഞ മൂന്ന് കൊല്ലമായി എന്നെ ഒന്ന് പരിഗണിക്കാൻ പോലും അയാൾക്ക് കഴിഞ്ഞിട്ടില്ല,
അതുമല്ല സ്കൂളിലെ പലരെയും മതിയായ രീതിയിൽ പരിഗണിക്കുന്നത് ഒളിഞ്ഞും തെളിഞ്ഞും ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ മറ്റെല്ലാവരെയും‌  പോലെ ഞങ്ങൾക്കും അവസരം കിട്ടിയിട്ടുണ്ട് അയാൾ എന്നെ തീർത്തും‌ അവഗണിക്കുകയായിരുന്നു.
സ്കൂളിലെ ഒന്ന് രണ്ട്  പ്രവർത്തനങ്ങളിൽ കൂട്ടാളിയാക്കിയപ്പോൾ
അയാളുടെ മുഖത്ത് വന്ന ഭാവവ്യത്യാസം‌ ഞാൻ കണ്ടതാണ്...

മൂന്ന്. അയാളും മിത്രയും ചേർന്ന് എന്റെ മുന്നിൽ ആസ്വദിക്കുന്ന ദാമ്പത്യത്തിൽ എനിക്ക് കടുത്ത അസൂയയുണ്ട്. ഈ ചലഞ്ചല്ലാതെ എനിക്കതിൽ മറ്റൊന്നും ചെയ്യാനാകില്ല...

നാല്. അലക്കുകല്ലിൽ വച്ച് അയാൾ മിത്രയെ ചുംബിച്ചത് എനിക്ക് തീരെ സഹിക്കാനായിട്ടില്ല.മഴയുള്ളപ്പോൾ അടുക്കളപ്പുറത്ത് വന്ന് ഒന്നിച്ച്  പുറത്തേക്ക് നോക്കി നിൽക്കുന്നത് മറ്റുചിലർക്ക് അസഹ്യമാണെന്ന് ഒരദ്ധ്യാപകനെന്ന നിലയിൽ അയാൾക്ക് മനസിലാക്കാവുന്നതേയുള്ളൂ...

അഞ്ച്. കുട്ടികൾ എനിക്കിട്ട മോമോ എന്നപേര് അയാൾ രഹസ്യമായി സഹപ്രവർത്തകരോട് സംസാരിക്കുന്നത് ഞാൻ കേട്ടു.
ഒരു തവണ എന്നെ അത് വിളിക്കാനും അയാൾ തയാറായി..

ആറ്. ഇതൊന്നും എന്റെ പീഡനത്തിന് മതിയായ കാരണങ്ങളായി നിങ്ങൾക്ക് തോന്നിയില്ലെങ്കിൽ എനിക്ക് അതിൽ ഒട്ടും ഖേദമില്ല, നിങ്ങളുടെ ചിന്ത
അങ്ങനെയാണെങ്കിൽ ഒരു കാരണവുമില്ലാതെ
ആദ്യമായി ഒരു പുരുഷനെ പീഡിപ്പിക്കുന്ന ത്രില്ലിലാണ് ഞാൻ....

"ഞങ്ങൾക്ക് പറയാനുള്ളത് ആരുകേൾക്കും‌"
വിമലിന്റെ പറച്ചിൽ ഒരു കരച്ചിലിന്റെ വക്കോളം‌ എത്തിയിട്ടും‌ സൈറ   ഓമനടീച്ചറുടെ ത്രില്ലിന്റെ കാര്യമോർത്ത് ചിരിയമർത്താൻ ശ്രമിച്ചു.  അവൾക്ക്  അതിന് കഴിയാതായപ്പോൾ വിമൽ ദേഷ്യപ്പെട്ട് പുറത്തേക്ക് ഇറങ്ങിപ്പോയി..

" നിങ്ങളും‌ ഞങ്ങളെ കളിയാക്കാൻ വന്നതാണോ...? പിന്നെന്തിന് ജാമ്യത്തിലെടുത്തത് അവിടെക്കെടന്ന് ചത്തോട്ടേന്ന് കരുതിക്കൂടേ..?"
മിത്ര കരച്ചിലമർത്തി.
അമ്മുവിനെ സൈറയുടെ മുന്നിലേക്ക് തള്ളി നീക്കി നിർത്തി..

"വിമലേട്ടൻ ഇത്രയൊക്കെ  പറഞ്ഞിട്ടും നിങ്ങൾക്ക് ചിരിയാണോ വന്നത് ?" 

മിത്രയുടെ ചോദ്യങ്ങൾക്ക് ഓമന ടീച്ചറുടെ ഡയറി വായിക്കാൻ കൊടുത്താലോയെന്ന് സൈറ ചിന്തിച്ചു..
മിത്രയെ ചേർത്തു പിടിച്ച് നിലത്തിരുന്നു. അമ്മുവിനെ മടിയിലിരുത്തി...

"നിങ്ങളാണെ മാഡം ഞങ്ങള് ഓമന ടീച്ചറെ ഒരു വാക്കുകൊണ്ട്
പോലും ദ്രോഹിച്ചിട്ടില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായിട്ട് പുതിയ കാറിന്റെ പേരിൽ ആ പ്രകാശൻ ഓമന ടീച്ചറെ കൊല്ലാതെ കൊല്ലുന്നു. അതിലായിരിക്കും..."

മിത്ര പരിഭവത്തിന്റെ താളുകൾ പതിയെ  മറിക്കുമ്പോൾ,
മിത്രയെക്കുറിച്ച്  ഓമന ടീച്ചർ അക്കമിട്ട് നിരത്തിയ കാരണങ്ങൾ സൈറ ഓർത്തു..

...  വിശന്നിരിക്കു‌ന്നവളുടെ മുന്നിൽ വെറുപ്പോളം ഭക്ഷിച്ചു എന്നതാണ്  മിത്രയെ  ഞാൻ ചലഞ്ചിൽ ഉൾപ്പെടുത്താൻ കാരണം
അതിൽ ചിലത് മാത്രമേ അക്കമിട്ട് പറയാനാകൂ.
ഒരു പെണ്ണ് മറ്റൊരുത്തിയെ വേദനിപ്പിക്കുന്നതിന്റെ   കാരണങ്ങളെക്കുറിച്ച് ഭൂമിയിലൊരാളും‌ ഇന്നേവരെ  ഗവേഷണം നടത്തിയിട്ടില്ലാത്തതിനാൽ ഞാനും ആ സാഹസത്തിന് മുതിരുന്നില്ല..

ഒന്ന്. മിത്രയുടെ വലിയ മുലകളിൽ എന്റെ  പ്രകാശൻ താല്പര്യപൂർവ്വം നോക്കുന്നതിനും കണ്ണുകൊണ്ട് വലിച്ചുകുടിക്കുന്നതിനും ഞാൻ പലതവണ ദൃക്സാക്ഷിയാണ്..

രണ്ട്. ബെഡ് റൂമിൽ വെളിച്ചത്തിൽ വിമലുമായി വേഴ്ച്ചയിൽ ഏർപ്പെടുന്നത് തൊട്ടടുത്ത വീട്ടിലെ കിടപ്പുറിയിൽ പതിവായി
വീട്ടിൽ വരാത്ത ഭർത്താവുള്ള ഒരുത്തിക്ക് സഹിക്കാനാകില്ലെന്നും,
അവൾ പലതവണ ജനലിന്റെ സമീപത്ത് ഒളിച്ചിരുന്ന് അടുത്ത വീട്ടിലെ ഞരക്കങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നും അവൾ ഓർക്കണമായിരുന്നു...

മൂന്ന്. രണ്ടാമത്തെ കാരണത്തിൽ ഒരല്പം കൂടെ വിശദീകരണം തരാൻ ഞാനാഗ്രഹിക്കുന്നു.
എത്ര തവണ ആവശ്യപ്പെട്ടിട്ടും  ബെഡ് റൂമിൽ മൊബൈൽ ഫോണിന്റെ  വെളിച്ചം പോലും കിട്ടാത്തവളുടെ മുന്നിൽ നിറവെളിച്ചത്തിൽ അതും‌ ഉറക്കെ ശബ്ദമുണ്ടാക്കി ശരീരം പങ്കിടുന്നത് ശിക്ഷാർഹമാണ്....

നാല്.ഇനിയും കാരണങ്ങൾ നിരത്താൻ ആഗ്രഹമുണ്ട്, പക്ഷേ തൊട്ടടുത്ത വീട്ടിലെ പെണ്ണിന്റെ
ഇരട്ടപ്പേര് ഭർത്താവ് പറയുമ്പോൾ മുഖം പൊത്തി ചിരിച്ചവളെ വെറുതേ വിടാൻ  ഞാനാഗ്രഹിക്കുന്നില്ല.
അതുകൊണ്ട് എന്റെ ചലഞ്ചിൽ മിത്രയെ ഉൾപ്പെടുത്തുന്നു.
അങ്ങനെയവൾ എന്റെ  പ്രകാശന്റെ മുന്നിൽ നെഞ്ചുവിരിച്ച് നടക്കണ്ട....

"...ആ തള്ളേടെ ശിഷ്യയല്ലേ, നിയൊക്കെ ഇങ്ങനേ വരൂ,  ഇത്രയും സഹിച്ചവരുടെ മുന്നിൽ നിനക്കൊക്കെ എങ്ങനെ ചിരിക്കാൻ തോന്നുന്നു...?
ഇപ്പൊ ഇറങ്ങിക്കോണം പോകുമ്പോൾ ദേ ഈ കൊച്ചിനേം... "
മിത്രയുടെ അലർച്ചകേട്ട് വിമൽ മുറിക്കുള്ളിലേക്ക് പാഞ്ഞു വന്നു.
അമ്മുവിനെയും‌ എടുത്ത് സൈറ വീടിന് പുറത്തിറങ്ങി...

കവലയിൽ നിന്ന് തിരിഞ്ഞ്
പോകുമ്പോൾ പുതിയ കാറിന്റെ മുൻ സീറ്റിൽ പ്രകാശൻ ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നു..
അമ്മു രണ്ട് തവണ തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടടുത്ത ഐക്രീം കടയുടെ മുന്നിലേക്ക് സൈറ സ്കൂട്ടർ ചേർത്തു നിർത്തി..
പിങ്ക് നിറത്തിൽ മഞ്ഞിന്റെ ഒരു കൊച്ചു കുന്ന് അമ്മു തിന്ന് തീർക്കുമ്പോൾ. കടയിലിരുന്ന് സൈറ പ്രകാശനെ നോക്കി അയാളപ്പോഴും‌ ഉറക്കത്തിന്റെ സുഖത്തിലാണ്...

"...പ്രകാശന് ഒരിക്കലും
എന്റെ ചലഞ്ചിലിടമില്ല,
അയാളെ പീഡിപ്പിക്കാൻ ഈ നാട്ടിലെ പെണ്ണുങ്ങളെപ്പോലെ
എനിക്കും മതിയായ കാരണങ്ങളില്ല. അതുകൊണ്ട് ഞാൻ എന്റെ ചലഞ്ച് എന്നിൽ അവസാനിപ്പിക്കുന്നു.
കൊല്ലുക എന്നത് പ്രകാശനെ സംബന്ധിച്ച് ഒരു ശിക്ഷയേ ആകില്ല
അയാൾ ഒരു പെണ്മകളുമായി ജീവിക്കട്ടേ..."

തന്റെ മുന്നിലെ മഞ്ഞുമലയുടെ അടിവാരമെത്തിയെന്ന് കാണിക്കാൻ അമ്മു‌
സ്പൂണുകൊണ്ട് പാത്രത്തിൽ മുട്ടി ശബ്ദമുണ്ടാക്കി..
മുന്നിലിരുന്ന പേപ്പറുകൊണ്ട് അമ്മുവിന്റെ കവിളിൽ പറ്റിയ ക്രീം മായ്ച്ചപ്പോൾ മൂടിക്കിടന്ന ഒരു കുഞ്ഞ് ചിരി തെളിഞ്ഞുവന്നു...
പ്രകാശൻ കാറിലിരുന്ന് എന്തോ കണക്കുകൂട്ടുന്നു. ഇടയ്ക്ക്
ചെവിയിൽ തിരുകിയ പേനയെടുത്ത് എന്തൊക്കെയോ കുറിക്കുന്നു..
സൈറയപ്പോഴാണ്
വിമൽ-മിത്ര അഭിമുഖത്തിൽ താൻ  ഒന്നും‌ കുറിച്ചെടുത്തില്ലെന്ന് ഓർത്തത്...

ഓഫീസിലേക്ക് വണ്ടിയോടിക്കുമ്പോൾ അമ്മു തന്റെ കൈ ഇരു വശത്തേക്കും വിടർത്തി ചാറ്റൽ മഴ ആസ്വദിക്കുകയായിരുന്നു‌...
പത്തരയ്ക്കുള്ള ക്രൈം സ്റ്റോറിയുടെ സ്റ്റോറീബോർഡ്
ഒരു മണിക്കൂർ മുൻപെങ്കിലും എഡിറ്ററുടെ മുന്നിലെത്തിക്കണമെന്ന ഒറ്റ  ചിന്തയിലായിൽ സൈറ വണ്ടിയ്ക്ക് വേഗത കൂട്ടി..
ക്രൈം ന്യൂസിൽ കൊലപാതക പരമ്പരകളുടെ ചേരുവകൾ  ഒട്ടും കുറയരുത്.
ഓമന ടീച്ചർ ഒടുവിലെഴുതിയ വാക്കുകൾ പാലിക്കുകയും വേണം...

" ഈ മോമോയ്ക്ക് അവരെയൊന്ന്  ചലഞ്ച് ചെയ്യണമെന്നേയുള്ളു,
നീയവരെ രക്ഷിക്കാൻ നോക്കണം അങ്ങനെ നീയും ഈ ചലഞ്ചിന്റെ ഭാഗമാകും...."

സൈറ തയാറാക്കിയ  ഓമനടീച്ചറുടെ 
മോമോചലഞ്ചിന്റ സ്റ്റോറിബോർഡ് തിരുത്തുകളില്ലാതെ ഡെസ്കിലെത്തുമ്പോൾ..
വിമലും മിത്രയും മറ്റൊരുഗ്രൻ ചലഞ്ചിന്റെ വള്ളിപുള്ളികൾ തയാറാക്കുകയായിരുന്നു....!!

കെ എസ് രതീഷ്, പന്ത
( ഗുൽമോഹർ 009)