Sunday 4 November 2018

മോമോസാപ്പിയൻസ്

മോമോസാപ്പിയൻസ്...!

പ്രതിഷേധക്കാർ
അടിച്ചുതകർത്ത  വാതിലിന്റെ മുന്നിൽ  ചിതറിക്കിടന്ന കല്ലുകൾ സൈറ പതിയെ കാലുകൊണ്ട് നീക്കിയിട്ടു, എന്നിട്ട് വാതിലിൽ ഒന്നു രണ്ട് തവണ മുട്ടിനോക്കി...
ജനാല ചില്ലുകൾ പൂർണമായും തകർത്തിരിക്കുന്നു. അതിന്റെ  വിടവിലൂടെ സൈറ വീടിനുള്ളിലേക്ക്  നോക്കി.
അകത്ത് ഇരുട്ടും‌ നിശബ്ദതയും ദാമ്പത്യം പ്രാപിച്ചതുപോലെ.
വിമലിന്റെ ബൈക്ക് വന്നവർ  മറിച്ചിട്ട് കത്തിച്ചിരിക്കുന്നു, അതിൽ നിന്നിപ്പോഴും പുകയുയരുന്നുണ്ട്..

ഓമന ടീച്ചറിന്റെ ഡയറി സൈറ തന്നോട് ചേർത്ത് പിടിച്ചു..
തനിക്ക് ഒട്ടും പരിചയമില്ലാത്ത ഈ ദമ്പതികളെ രക്ഷിക്കാൻ ഈ ഡയറിയിലെ കുറിപ്പുകൾക്ക്  കഴിയുമോ..?
ജാമ്യം കിട്ടിയ അവരെ ഇവിടേക്ക്  വിടരുതായിരുന്നു.
ആൾക്കൂട്ട മനശാസ്ത്രം അടുത്തറിഞ്ഞിട്ടും   താൻ അത് ശ്രദ്ധിക്കാതെ
പോയതിൽ സൈറയ്ക്ക് കുറ്റബോധം തോന്നി..
ഇനി നാട്ടുകാർക്ക് മുൻപിൽ വിമലിന്റെയും‌ മിത്രയുടേയും‌ നിരപരാധിത്വം തെളിയിക്കാൻ തനിക്കേ  കഴിയൂ.
താൻ അത് ചെയ്യുമെന്ന് ഓമനടീച്ചർ പ്രതീക്ഷിച്ചിരുന്നിരിക്കാം.
സൈറ വീണ്ടും പലതവണ വാതിലിൽ മുട്ടി.‌. ആരോ ഒരാൾ
റോഡിൽ ബൈക്ക് നിർത്തി തന്നെ നോക്കി വളരവേഗത്തിൽ ഓടിച്ച് പോയത് കണ്ട്
അവൾക്ക് ഭയം തോന്നി.
കവലയിൽ കൂടി നിന്നിരുന്നത് ഈ വീട് ആക്രമിച്ചവരായിരിക്കാം. അവരിലൊരാളാകാം ഇത്..
എങ്കിൽ ഏതു നിമിഷവും ഒരാക്രമണം.?

പാഡുമായി കുളിമുറിയിലേക്ക്  കയറിപ്പോയ മിത്രയെക്കണ്ട് വിമലിന്റെ ഇടത് പുരികം ചോദ്യരൂപത്തിൽ പതിയെ ഉയർന്നു..
മുറിയിലെ ഇരുട്ട്  തന്റെ  ജീവിതത്തിലേക്കും വ്യാപിക്കുന്നത്  അയാളറിഞ്ഞു..
വിമലിന്റെ കരച്ചിൽ വാതിലിനോട്  ചേർന്ന് നിന്ന സൈറയ്ക്ക് കേൾക്കാമായിരുന്നു.
കുളിമുറിയിൽ നിന്നിറങ്ങിവന്ന മിത്ര വിമലിന് മുഖം കൊടുക്കാതെ
വയറ്റിൽ കൈ ചേർത്ത് കട്ടിലിന്റെ ഒരരിക്  ചേർന്ന് കമഴ്ന്ന് കിടന്നു..

വാതിലിൽ  വീണ്ടും
മുട്ടൽ കേട്ടപ്പോൾ   ഇനിയെന്ത് സംഭവിക്കാൻ എന്ന ധൈര്യത്തിൽ മിത്ര വാതിൽ തുറന്നു..
ആൾക്കൂട്ടത്തിന്റെ തെറിവിളിയും‌ പൊട്ടിക്കലും കഴിഞ്ഞിരുന്നു.. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരല്പം മുൻപ് ചുവന്ന് തുടുത്ത് ഒരു നീറ്റലായി ഒഴുകിപ്പോയി..
വാതിലിന്റെ പുറത്ത് സൈറ  തന്റെ കഴുത്തിൽ തൂക്കിയിരുന്ന കാർഡ്  കാണിക്കാനെ‌ന്ന വിധം കൈയിലെടുത്തു..
ഈ കാർഡില്ലെങ്കിലും അവരെ തിരിച്ചറിയാൻ മിത്രയ്ക്ക് കഴിയും.
മികച്ച വാർത്താവതാരക
എന്നതിലുപരി കേരളത്തിലെ പലവിഷയങ്ങളിലെ നിലപാട് പറയുന്ന സൈറയെക്കുറിച്ച് വിമലും മിത്രയും പലതവണ ചർച്ച ചെയ്തിട്ടുണ്ട്.
അതുമല്ല തങ്ങളെ  ജാമ്യത്തിലെടുക്കാൻ കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തക വന്നതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല,
കൂടാതെ
മിത്രയ്ക്കുമുണ്ട്  ജേണലിസത്തിൽ
ഒരു മാസ്റ്റർ ബിരുദം..

സൈറയെ സന്ദർശകർക്കുള്ള മുറിയിൽ ഇരുത്തി മിത്ര അടുക്കളയിലേക്ക് പോയി.
അകത്തെ ഇരുട്ടിൽ സ്റ്റൗവിന്റെ നേരിയ വെളിച്ചം മാത്രം.
വിമൽ എതിർ വശത്ത് വന്നിരുന്ന് ചുമ അഭിനയിച്ചപ്പോഴാണ്
സൈറയുടെ ശ്രദ്ധ അയാളിലേക്ക് വീണത്..

"കറണ്ടൊക്കെ അവർ കട്ട് ചെയ്തു. വാതിൽ തുറക്കാത്തതിനാൽ കൊന്നില്ല, ഇനി കൊല്ലാതെ വിട്ടിട്ടും‌ കാര്യമില്ല" വിമലിനോട്  സൈറ മറുപടി പറയാൻ‌ തുടങ്ങുമ്പോൾ മിത്ര നീട്ടിപ്പിടിച്ച ചായയുടെ ആവി സൈറയുടെ  മുഖത്തേക്ക് വീഴാൻ തുടങ്ങിയിരുന്നു..

"ഓമനടീച്ചറെ ഞങ്ങള് കൊന്നിട്ടില്ലെന്ന് നിങ്ങള് മാത്രം വിശ്വസിച്ചിട്ടെന്തിനാ,
ഇതിലും നല്ലത് ജയിൽ കെടന്ന് ചാകുന്നതായിരുന്നു.. "
വിമൽ വേഗം അകത്തെ മുറിയിലേക്ക് പോയി.
മിത്ര നിലത്ത് സൈറയ്ക്ക് എതിർവശത്തായി ഇരുന്നു..
ജനാലയുടെ പൊട്ടിയ ഭാഗത്തൂടെ വന്ന മഴയുടെ ദൂതനായ കാറ്റ് മെഴുകു തിരി വെട്ടത്തെ കെടുത്തി..
വീണ്ടും കൊളുത്താനെഴുന്നേറ്റ മിത്രയെ സൈറ തടഞ്ഞു. ഇരുട്ട് സത്യമുള്ളതാണെന്ന് സൈറ തിരിച്ചറിഞ്ഞിട്ട് കാലമേറെയായിരിക്കുന്നു.
അകത്തെ മുറിയിൽ സിഗരറ്റ് ലൈറ്റർ തെളിക്കുന്ന ശബ്ദത്തിന്
പിന്നാലെ സിഗരറ്റിന്റെ ചെറിയ വെട്ടവും പുകയുടെ മണവും വേഗങ്ങളുടെ ഊഴമനുസരിച്ച് ഇറങ്ങിവന്നു.
ക്രമം തെറ്റിവന്ന ചുമകേട്ട് മിത്ര ദീർഘമായി ഒന്ന് നിശ്വസിച്ചു..

"വിമലേട്ടന്റെ  സ്വന്തം ക്ലാസിലെ കുട്ടിയാണ് ആദ്യം  കയ്യേറ്റം ചെയ്യാൻ തുടങ്ങിയത് അതിന്റെ നീറ്റലാണ്
നാട്ടിലേക്കൊന്ന് വിളിക്കാൻ പോലും കഴിഞ്ഞില്ല ഫോണുള്ള ബാഗ് ബഹളത്തിൽ ആരോ കൊണ്ടുപോയി ഏട്ടന്റേത് ആരോ എറിഞ്ഞ് പൊട്ടിച്ചു..."

ഇതുപറഞ്ഞ  മിത്രയുടെ മുഖം കാണാൻ സൈറയ്ക്ക് തോന്നി,  തന്റെ
മൊബൈലിന്റെ ലോക്ക് തുറന്ന്
സ്ക്രീൻ വെളിച്ചത്തോടെ 'ഫോൺ വിളിക്കൂ ' എന്ന സൂചനയിൽ മിത്രയുടെ നേർക്ക് നീട്ടി...

"നമ്പരൊന്നും ഓർമ്മയില്ല, എല്ലാം ഫോണിൽ അല്ലേ...??"
സൈറ മിത്രയുടെ അടുത്ത് നിലത്തിറങ്ങിയിരുന്നു..

"ഇത്തവണ ഉറപ്പിച്ചപ്പോൾ ഞങ്ങൾ ഒരുപാട് സന്തോഷിച്ചിരിന്നു"
അകത്തു നിന്ന് വിമലിന്റെ ഒരു  ചുമ‌ 'സ്വകാര്യതയിലേക്ക്  മറ്റൊരാൾ വേണ്ടാ' എന്നർഥത്തിൽ  ഇറങ്ങിവന്നതുകേട്ട് മിത്ര ജനിക്കാനിരുന്ന കുഞ്ഞിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് നിർത്തി..

ക്രൈം ടൈംസിൽ ഓമനടീച്ചർ കൊലക്കേസ് ചെയ്യണമെന്ന്
ചീഫ് പറഞ്ഞ് രണ്ടാം ദിനമാണ് ഓമനടീച്ചർ രജിസ്റ്റർ ചെയ്ത പാഴ്സൽ സൈറയ്ക്ക് കിട്ടുന്നത്.
പാഴ്സൽ വാങ്ങിവച്ച് ജയിലിൽ ചെ‌‌ന്ന് പ്രതികളായ വിമൽ- മിത്ര ദമ്പതികളുടെ വിവരങ്ങൾ ശേഖരിച്ച‌‌ത് വല്ലാത്ത വാശിയോടെയാണ്.
ഒരിക്കലും തന്നിലെ പത്രക്കാരിയല്ല അത് ചെയ്തത്,  പ്രിയപ്പെട്ട
ഓമനടീച്ചറുടെ പൊതിച്ചോറ് തിന്ന പന്ത്രണ്ടാം‌ ക്ലാസുകാരിയായിട്ടാണ്... പത്രക്കാരിയുണ്ടെന്ന് പറഞ്ഞ് വഴിതെളിച്ച അദ്ധ്യാപികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവർ ഒരിക്കലും രക്ഷപെടാൻ പാടില്ലെന്ന്  അവൾ തീരുമാനിച്ചിരുന്നു...
പോലീസിന് കിട്ടിയ ആത്മഹത്യാ കുറിപ്പ് മാത്രം മതിയായിരുന്നു പരമാവധി ശിക്ഷവാങ്ങിക്കൊടുക്കാൻ.
എങ്കിലും അവരെ അങ്ങനെ വിടാൻ സൈറ തയാറായിരുന്നില്ല.
ക്രൈം ടൈംസിന്റെ സ്വാഭാവിക ശൈലിയിൽ പൂർണ താല്പര്യത്തോടെ കൊലപാതകത്തിന് എല്ലാ എരിവും പുളിയും ചേർത്ത് തിരക്കഥയും ഒപ്പിച്ചു..
അതിനിടയിലാണ് പാഴ്സലഴിച്ചത് ഓമനടീച്ചറുടെ രസികൻ  ചലഞ്ചിന്റെ കുറിപ്പുകളായിരുന്നു..

ഒരേസമയം ക്രൈം ടൈംസിന് സ്റ്റോറി, ഓമനടീച്ചർ തന്നെ ഏല്പിച്ച 'പ്രതികളെ' രക്ഷിക്കാനുള്ള ചുമതല,
നാട്ടുകാരുടെ മുന്നിൽ വിമൽ-മിത്ര ദമ്പതികളുടെ നിരപരാധിത്വം
സൈറ ആകെ കുഴങ്ങിരുന്നു..

ഏറ്റവും പ്രിയപ്പെട്ട ഒരാൾ കത്തെഴുതിവച്ചിട്ട് ആത്മഹത്യ ചെയ്യുക, കത്തിൽ പരാമർശിക്കുന്ന 
പ്രതികളെ രക്ഷിക്കാൻ പ്രിയ ശിഷ്യയ്ക്ക് തെളിവയച്ചു കൊടുക്കുക..
സൈറ ഉഗ്രനൊരൂരാക്കുടുക്ക് അഴിക്കാൻ‌ ശ്രമിക്കുകയായിരുന്നു...

ജനാലയിലെ ചില്ലുപൊട്ടിയ ഭാഗത്തിലൂടെ  ഒരു പൂച്ച അകത്തേക്ക് നോക്കി.
മിത്രയുടെ നോട്ടം കണ്ട് സൈറ അതിനെ ഓടിക്കാൻ ആംഗ്യം കാണിച്ചു..
കുറച്ചു നേരം അവരെത്തന്നെ നോക്കിയിട്ട് അത് തിരിച്ചുപോയി..
വാതിലിൽ ശക്തിയായി ആരോ ഇടിക്കുന്നത് കേട്ട് വിമൽ  വാതിൽ തുറന്നു..
പ്രകാശൻ കലികൊണ്ട് വല്ലാതെ  വിറയ്ക്കുന്നു.
അകത്ത് സൈറയെക്കൂടെ കണ്ടപ്പോൾ അയാൾക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല..

" ഇവറ്റകളെ രക്ഷിക്കാൻ നോക്കിയാൽ വഴീക്കെടന്ന് ചാകാനായിരിക്കും നിന്റേം ഗതി, പ്രകാശന് ഇനി മേലും കീഴും നോക്കാനില്ല, ഒന്നൂല്ലേലും നിനക്ക്  രണ്ട് കൊല്ലം തിന്നാനും ഉടുക്കാനും തന്നവളല്ലേ ചത്ത് തലയ്ക്കു മുകളിൽ നിൽക്കണത്,
ദേ ഇതിനെക്കൂടെ കൊന്ന് തിന്നോളീൻ " ഇതും പറഞ്ഞ്
അമ്മുവിനെ വീടിനുള്ളിലേക്ക് ഇറക്കിനിർത്തിയിട്ട് അയാൾ കാറിൽ കയറിപ്പോയി...

ഇരുട്ടിൽ പതറി നിന്ന കുട്ടി ഒന്നുരണ്ട് മിനിട്ടുകൾ
മിത്രയുടെ അടുത്തേക്ക് ചെന്നിരുന്നു. മിത്രയുടെ കൈയിൽ പതിയെ തൊട്ടശേഷം വയറ്റിൽ തടവി ആംഗ്യം കാണിച്ചു..

"അമ്മു, ഓമനടീച്ചറിന്റെ കുട്ട്യാ,
ഇതിന് മിണ്ടാനൊന്നും ഒക്കത്തില്ല. ഇതിനെ ഇവിടേല്പിച്ചാ ഓമനടീച്ചർ സ്കൂളിലേക്ക് പോകണത്. വിശക്കണൊണ്ട് ഞാനിതിന് വല്ലതും കൊടുക്കട്ടേ..."മിത്രയുടെ സംസാരത്തിൽ സൈറയുടെ മുഖത്ത് വരുന്ന മാറ്റങ്ങൾ വിമൽ ശ്രദ്ധിക്കുക യായിരുന്നു..

അകത്ത് മിത്ര ഏതോ
പൊതി തുറന്നപ്പോൾ പുളിച്ചനാറ്റം പുറത്തേക്ക് വ്യാപിച്ചു...

"അതൊന്നും ആ മിണ്ടാപ്രാണിയെ തീറ്റിക്കണ്ട"
വിമൽ ഒറ്റ വരിയിൽ നിർത്തി പിന്നീട് ബിസ്ക്കറ്റിന്റെ കവർ പൊട്ടിക്കുന്ന ശബ്ദം കേട്ടു...

"ഓമനടീച്ചറെ കൊന്നിട്ട് ഞങ്ങൾക്ക് എന്തോന്ന് കിട്ടാനാണ്..? 
ആ തള്ളയ്ക്ക് മുഴുത്തവട്ടാണ് ഈ പ്രകാശൻ കൊന്ന് കെട്ടിത്തൂക്കിയതായിരിക്കും,
അതിന് ഞങ്ങളെ പേരെന്തിനെഴുതിയതെന്നാണ് ഞങ്ങളെ സംശയം..
സ്കൂളിലും കുറേ ആയി 
അവർ ഓരോന്ന് കാട്ടിക്കുട്ടുന്നു.‌‌ മനുഷ്യന് സഹിക്കണതിന് ഒരു പരിധിയൊക്കെയുണ്ട്.പെണ്ണല്ലേന്ന് ഓർത്തിട്ടാണ്,ഞാൻ അവരെ അവഗണിക്കുന്നുപോലും. അല്ലെങ്കിലും പരിഗണിക്കാൻ പറ്റിയ ഒരു..." 
വാക്കുകൾ കിട്ടാതെയായപ്പോൾ
കെട്ടുപോയ  സിഗരറ്റിൽ വീണ്ടും തീകൊടുത്ത് വിമൽ വലിക്കാൻ തുടങ്ങി.. സ്കൂളിലെ ഏതൊക്കെയോ കാര്യങ്ങൾ അയാൾ തുടർച്ചയായി പറയുമ്പോൾ,
സൈറ ഡയറിയിൽ  ഓമന ടീച്ചർ കുറിച്ചിട്ട വിമലിനെക്കുറിച്ചുള്ള ഭാഗം ഓർത്തെടുക്കുകയായിരുന്നു..

..വിമൽ എന്റെ ചലഞ്ചിലെ രസകരമായ പാർട്ടാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന രൂപം അയാൾക്കുണ്ട്..
ഏറ്റവും‌ രസകരമായ സംഗതിയെന്തെന്നാൽ എല്ലാം പുരുഷന്മാരെയും പോലെ അയാൾക്കും പെണ്ണിന് ശരീരമേയുള്ളു.
ഞാനയ്യാളെ പീഡിപ്പിക്കാൻ പോകുന്നു..
എന്റെ പീഡനത്തിന് മതിയായ കാരണങ്ങൾ അക്കമിട്ട് പറയാം. അതൊന്നും നിങ്ങളുടെ ന്യായപരിധിയിൽ പെടാനിടയില്ല..

ഒന്ന്. അയാളെ ഞാൻ അതിയായി പ്രണയിക്കുന്നു, അല്ല അയാൾക്ക് ഞാനഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ശരീരമുണ്ട്...

രണ്ട്. കഴിഞ്ഞ മൂന്ന് കൊല്ലമായി എന്നെ ഒന്ന് പരിഗണിക്കാൻ പോലും അയാൾക്ക് കഴിഞ്ഞിട്ടില്ല,
അതുമല്ല സ്കൂളിലെ പലരെയും മതിയായ രീതിയിൽ പരിഗണിക്കുന്നത് ഒളിഞ്ഞും തെളിഞ്ഞും ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ മറ്റെല്ലാവരെയും‌  പോലെ ഞങ്ങൾക്കും അവസരം കിട്ടിയിട്ടുണ്ട് അയാൾ എന്നെ തീർത്തും‌ അവഗണിക്കുകയായിരുന്നു.
സ്കൂളിലെ ഒന്ന് രണ്ട്  പ്രവർത്തനങ്ങളിൽ കൂട്ടാളിയാക്കിയപ്പോൾ
അയാളുടെ മുഖത്ത് വന്ന ഭാവവ്യത്യാസം‌ ഞാൻ കണ്ടതാണ്...

മൂന്ന്. അയാളും മിത്രയും ചേർന്ന് എന്റെ മുന്നിൽ ആസ്വദിക്കുന്ന ദാമ്പത്യത്തിൽ എനിക്ക് കടുത്ത അസൂയയുണ്ട്. ഈ ചലഞ്ചല്ലാതെ എനിക്കതിൽ മറ്റൊന്നും ചെയ്യാനാകില്ല...

നാല്. അലക്കുകല്ലിൽ വച്ച് അയാൾ മിത്രയെ ചുംബിച്ചത് എനിക്ക് തീരെ സഹിക്കാനായിട്ടില്ല.മഴയുള്ളപ്പോൾ അടുക്കളപ്പുറത്ത് വന്ന് ഒന്നിച്ച്  പുറത്തേക്ക് നോക്കി നിൽക്കുന്നത് മറ്റുചിലർക്ക് അസഹ്യമാണെന്ന് ഒരദ്ധ്യാപകനെന്ന നിലയിൽ അയാൾക്ക് മനസിലാക്കാവുന്നതേയുള്ളൂ...

അഞ്ച്. കുട്ടികൾ എനിക്കിട്ട മോമോ എന്നപേര് അയാൾ രഹസ്യമായി സഹപ്രവർത്തകരോട് സംസാരിക്കുന്നത് ഞാൻ കേട്ടു.
ഒരു തവണ എന്നെ അത് വിളിക്കാനും അയാൾ തയാറായി..

ആറ്. ഇതൊന്നും എന്റെ പീഡനത്തിന് മതിയായ കാരണങ്ങളായി നിങ്ങൾക്ക് തോന്നിയില്ലെങ്കിൽ എനിക്ക് അതിൽ ഒട്ടും ഖേദമില്ല, നിങ്ങളുടെ ചിന്ത
അങ്ങനെയാണെങ്കിൽ ഒരു കാരണവുമില്ലാതെ
ആദ്യമായി ഒരു പുരുഷനെ പീഡിപ്പിക്കുന്ന ത്രില്ലിലാണ് ഞാൻ....

"ഞങ്ങൾക്ക് പറയാനുള്ളത് ആരുകേൾക്കും‌"
വിമലിന്റെ പറച്ചിൽ ഒരു കരച്ചിലിന്റെ വക്കോളം‌ എത്തിയിട്ടും‌ സൈറ   ഓമനടീച്ചറുടെ ത്രില്ലിന്റെ കാര്യമോർത്ത് ചിരിയമർത്താൻ ശ്രമിച്ചു.  അവൾക്ക്  അതിന് കഴിയാതായപ്പോൾ വിമൽ ദേഷ്യപ്പെട്ട് പുറത്തേക്ക് ഇറങ്ങിപ്പോയി..

" നിങ്ങളും‌ ഞങ്ങളെ കളിയാക്കാൻ വന്നതാണോ...? പിന്നെന്തിന് ജാമ്യത്തിലെടുത്തത് അവിടെക്കെടന്ന് ചത്തോട്ടേന്ന് കരുതിക്കൂടേ..?"
മിത്ര കരച്ചിലമർത്തി.
അമ്മുവിനെ സൈറയുടെ മുന്നിലേക്ക് തള്ളി നീക്കി നിർത്തി..

"വിമലേട്ടൻ ഇത്രയൊക്കെ  പറഞ്ഞിട്ടും നിങ്ങൾക്ക് ചിരിയാണോ വന്നത് ?" 

മിത്രയുടെ ചോദ്യങ്ങൾക്ക് ഓമന ടീച്ചറുടെ ഡയറി വായിക്കാൻ കൊടുത്താലോയെന്ന് സൈറ ചിന്തിച്ചു..
മിത്രയെ ചേർത്തു പിടിച്ച് നിലത്തിരുന്നു. അമ്മുവിനെ മടിയിലിരുത്തി...

"നിങ്ങളാണെ മാഡം ഞങ്ങള് ഓമന ടീച്ചറെ ഒരു വാക്കുകൊണ്ട്
പോലും ദ്രോഹിച്ചിട്ടില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായിട്ട് പുതിയ കാറിന്റെ പേരിൽ ആ പ്രകാശൻ ഓമന ടീച്ചറെ കൊല്ലാതെ കൊല്ലുന്നു. അതിലായിരിക്കും..."

മിത്ര പരിഭവത്തിന്റെ താളുകൾ പതിയെ  മറിക്കുമ്പോൾ,
മിത്രയെക്കുറിച്ച്  ഓമന ടീച്ചർ അക്കമിട്ട് നിരത്തിയ കാരണങ്ങൾ സൈറ ഓർത്തു..

...  വിശന്നിരിക്കു‌ന്നവളുടെ മുന്നിൽ വെറുപ്പോളം ഭക്ഷിച്ചു എന്നതാണ്  മിത്രയെ  ഞാൻ ചലഞ്ചിൽ ഉൾപ്പെടുത്താൻ കാരണം
അതിൽ ചിലത് മാത്രമേ അക്കമിട്ട് പറയാനാകൂ.
ഒരു പെണ്ണ് മറ്റൊരുത്തിയെ വേദനിപ്പിക്കുന്നതിന്റെ   കാരണങ്ങളെക്കുറിച്ച് ഭൂമിയിലൊരാളും‌ ഇന്നേവരെ  ഗവേഷണം നടത്തിയിട്ടില്ലാത്തതിനാൽ ഞാനും ആ സാഹസത്തിന് മുതിരുന്നില്ല..

ഒന്ന്. മിത്രയുടെ വലിയ മുലകളിൽ എന്റെ  പ്രകാശൻ താല്പര്യപൂർവ്വം നോക്കുന്നതിനും കണ്ണുകൊണ്ട് വലിച്ചുകുടിക്കുന്നതിനും ഞാൻ പലതവണ ദൃക്സാക്ഷിയാണ്..

രണ്ട്. ബെഡ് റൂമിൽ വെളിച്ചത്തിൽ വിമലുമായി വേഴ്ച്ചയിൽ ഏർപ്പെടുന്നത് തൊട്ടടുത്ത വീട്ടിലെ കിടപ്പുറിയിൽ പതിവായി
വീട്ടിൽ വരാത്ത ഭർത്താവുള്ള ഒരുത്തിക്ക് സഹിക്കാനാകില്ലെന്നും,
അവൾ പലതവണ ജനലിന്റെ സമീപത്ത് ഒളിച്ചിരുന്ന് അടുത്ത വീട്ടിലെ ഞരക്കങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നും അവൾ ഓർക്കണമായിരുന്നു...

മൂന്ന്. രണ്ടാമത്തെ കാരണത്തിൽ ഒരല്പം കൂടെ വിശദീകരണം തരാൻ ഞാനാഗ്രഹിക്കുന്നു.
എത്ര തവണ ആവശ്യപ്പെട്ടിട്ടും  ബെഡ് റൂമിൽ മൊബൈൽ ഫോണിന്റെ  വെളിച്ചം പോലും കിട്ടാത്തവളുടെ മുന്നിൽ നിറവെളിച്ചത്തിൽ അതും‌ ഉറക്കെ ശബ്ദമുണ്ടാക്കി ശരീരം പങ്കിടുന്നത് ശിക്ഷാർഹമാണ്....

നാല്.ഇനിയും കാരണങ്ങൾ നിരത്താൻ ആഗ്രഹമുണ്ട്, പക്ഷേ തൊട്ടടുത്ത വീട്ടിലെ പെണ്ണിന്റെ
ഇരട്ടപ്പേര് ഭർത്താവ് പറയുമ്പോൾ മുഖം പൊത്തി ചിരിച്ചവളെ വെറുതേ വിടാൻ  ഞാനാഗ്രഹിക്കുന്നില്ല.
അതുകൊണ്ട് എന്റെ ചലഞ്ചിൽ മിത്രയെ ഉൾപ്പെടുത്തുന്നു.
അങ്ങനെയവൾ എന്റെ  പ്രകാശന്റെ മുന്നിൽ നെഞ്ചുവിരിച്ച് നടക്കണ്ട....

"...ആ തള്ളേടെ ശിഷ്യയല്ലേ, നിയൊക്കെ ഇങ്ങനേ വരൂ,  ഇത്രയും സഹിച്ചവരുടെ മുന്നിൽ നിനക്കൊക്കെ എങ്ങനെ ചിരിക്കാൻ തോന്നുന്നു...?
ഇപ്പൊ ഇറങ്ങിക്കോണം പോകുമ്പോൾ ദേ ഈ കൊച്ചിനേം... "
മിത്രയുടെ അലർച്ചകേട്ട് വിമൽ മുറിക്കുള്ളിലേക്ക് പാഞ്ഞു വന്നു.
അമ്മുവിനെയും‌ എടുത്ത് സൈറ വീടിന് പുറത്തിറങ്ങി...

കവലയിൽ നിന്ന് തിരിഞ്ഞ്
പോകുമ്പോൾ പുതിയ കാറിന്റെ മുൻ സീറ്റിൽ പ്രകാശൻ ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നു..
അമ്മു രണ്ട് തവണ തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടടുത്ത ഐക്രീം കടയുടെ മുന്നിലേക്ക് സൈറ സ്കൂട്ടർ ചേർത്തു നിർത്തി..
പിങ്ക് നിറത്തിൽ മഞ്ഞിന്റെ ഒരു കൊച്ചു കുന്ന് അമ്മു തിന്ന് തീർക്കുമ്പോൾ. കടയിലിരുന്ന് സൈറ പ്രകാശനെ നോക്കി അയാളപ്പോഴും‌ ഉറക്കത്തിന്റെ സുഖത്തിലാണ്...

"...പ്രകാശന് ഒരിക്കലും
എന്റെ ചലഞ്ചിലിടമില്ല,
അയാളെ പീഡിപ്പിക്കാൻ ഈ നാട്ടിലെ പെണ്ണുങ്ങളെപ്പോലെ
എനിക്കും മതിയായ കാരണങ്ങളില്ല. അതുകൊണ്ട് ഞാൻ എന്റെ ചലഞ്ച് എന്നിൽ അവസാനിപ്പിക്കുന്നു.
കൊല്ലുക എന്നത് പ്രകാശനെ സംബന്ധിച്ച് ഒരു ശിക്ഷയേ ആകില്ല
അയാൾ ഒരു പെണ്മകളുമായി ജീവിക്കട്ടേ..."

തന്റെ മുന്നിലെ മഞ്ഞുമലയുടെ അടിവാരമെത്തിയെന്ന് കാണിക്കാൻ അമ്മു‌
സ്പൂണുകൊണ്ട് പാത്രത്തിൽ മുട്ടി ശബ്ദമുണ്ടാക്കി..
മുന്നിലിരുന്ന പേപ്പറുകൊണ്ട് അമ്മുവിന്റെ കവിളിൽ പറ്റിയ ക്രീം മായ്ച്ചപ്പോൾ മൂടിക്കിടന്ന ഒരു കുഞ്ഞ് ചിരി തെളിഞ്ഞുവന്നു...
പ്രകാശൻ കാറിലിരുന്ന് എന്തോ കണക്കുകൂട്ടുന്നു. ഇടയ്ക്ക്
ചെവിയിൽ തിരുകിയ പേനയെടുത്ത് എന്തൊക്കെയോ കുറിക്കുന്നു..
സൈറയപ്പോഴാണ്
വിമൽ-മിത്ര അഭിമുഖത്തിൽ താൻ  ഒന്നും‌ കുറിച്ചെടുത്തില്ലെന്ന് ഓർത്തത്...

ഓഫീസിലേക്ക് വണ്ടിയോടിക്കുമ്പോൾ അമ്മു തന്റെ കൈ ഇരു വശത്തേക്കും വിടർത്തി ചാറ്റൽ മഴ ആസ്വദിക്കുകയായിരുന്നു‌...
പത്തരയ്ക്കുള്ള ക്രൈം സ്റ്റോറിയുടെ സ്റ്റോറീബോർഡ്
ഒരു മണിക്കൂർ മുൻപെങ്കിലും എഡിറ്ററുടെ മുന്നിലെത്തിക്കണമെന്ന ഒറ്റ  ചിന്തയിലായിൽ സൈറ വണ്ടിയ്ക്ക് വേഗത കൂട്ടി..
ക്രൈം ന്യൂസിൽ കൊലപാതക പരമ്പരകളുടെ ചേരുവകൾ  ഒട്ടും കുറയരുത്.
ഓമന ടീച്ചർ ഒടുവിലെഴുതിയ വാക്കുകൾ പാലിക്കുകയും വേണം...

" ഈ മോമോയ്ക്ക് അവരെയൊന്ന്  ചലഞ്ച് ചെയ്യണമെന്നേയുള്ളു,
നീയവരെ രക്ഷിക്കാൻ നോക്കണം അങ്ങനെ നീയും ഈ ചലഞ്ചിന്റെ ഭാഗമാകും...."

സൈറ തയാറാക്കിയ  ഓമനടീച്ചറുടെ 
മോമോചലഞ്ചിന്റ സ്റ്റോറിബോർഡ് തിരുത്തുകളില്ലാതെ ഡെസ്കിലെത്തുമ്പോൾ..
വിമലും മിത്രയും മറ്റൊരുഗ്രൻ ചലഞ്ചിന്റെ വള്ളിപുള്ളികൾ തയാറാക്കുകയായിരുന്നു....!!

കെ എസ് രതീഷ്, പന്ത
( ഗുൽമോഹർ 009)

No comments:

Post a Comment