Sunday 20 October 2019

ഉങ്ങ്...!!

*ഉങ്ങ്..!!

ഉങ്ങിന്റെ ഒരു പോട്ടിലിരുന്ന പൊട്ടിയമ്മ കുഞ്ഞമ്പീന്ന്  നീട്ടി വിളിച്ചു. അതുകേട്ട്
ഉണ്ണിക്കൃഷ്ണന് കാലിലൂടെ നൂണുകയറിയ ചോനനുറുമ്പിനൊപ്പം മേലാകെ രോമം എഴുന്നേറ്റ് വന്നു. ആറ്റിന്റെ തണുപ്പിനെ പിടിച്ചു വാങ്ങിയോടി വന്ന കാറ്റിൽ കൊച്ചുവേലു ആശാന്റെ കാജാബീഡി മണത്തു. കുഞ്ഞമ്പിക്ക് എന്തെന്നില്ലാത്ത കുളിര് തോന്നി. ഉങ്ങിന്റെ ചുവട്ടിലെ നനവിൽ കുഴിച്ചപ്പോൾ കിട്ടിയ ഞാഞ്ഞുളിനെ ചൂണ്ടയിൽ കോർക്കാൻ തുടങ്ങിയപ്പോൾ അത് നാണത്താൽ തല കുനിച്ചു. വാലിൽ നിന്ന് കൊരുത്തപ്പോൾ ഇക്കിളിപ്പെട്ടതുപോലെ അത് കുഞ്ഞമ്പിയെ നോക്കി ചിരിച്ചു..
ചൂണ്ടയെ തെറ്റാതെ ഉള്ളിലാക്കിപ്പോൾ  'ഈ കൊരുപ്പിൽ സിലോപ്പി കറുത്തതാ വെളുത്തതാ അതോ *കൂരല് മതിയാ..?' എന്ന് ചോദിച്ച ഞാഞ്ഞൂളിന്റെ മുകളിൽ ആഞ്ഞൊന്ന് തുപ്പിയിട്ട്  ഉണ്ണിക്കൃഷ്ണൻ ആറ്റിലേക്ക് നീട്ടിയെറിഞ്ഞു...

"വാലിച്ചോണ്ട് പോകാൻ നേരം എറിയടിക്കണം, കങ്കുസിന്റെ തുമ്പിലെ നോട്ടം മാറ്റരുത്, ചുമ്മാ വെപ്രാളം കാണിക്കരുത്, കിട്ടണ മീനിനെ കവട്ട കമ്പിൽ കൊരുത്തിട്ടിട്ടെ അടുത്ത കൊരുപ്പിൽ നോക്കാൻ പാടുള്ളൂ." കൊച്ചുവേലു ആശാന്റെ ചൂണ്ടൽ പാഠങ്ങൾ അയാളുടെ ഉള്ളിലുണരാൻ തുടങ്ങി. ഇരുപത്തിയാറു കൊല്ലം കഴിഞ്ഞിരിക്കുന്നു ഇങ്ങനെ ആറ്റിന്റെ കരയിൽ ഒന്നിരുന്നിട്ട്.  മുട്ടിനൊക്കെ ഒരു തരിപ്പുണ്ട്, എന്നിട്ടും അയാൾ ഇരുന്നു. ഒരു കൊർണയെങ്കിലും കൊത്തിയെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചു.ധരിച്ചിരുന്ന വെളുത്ത ഉടുപ്പ് അയാൾ അഴിച്ചുവച്ചു.  കൊത്താൻ നിക്കണ മീനിന് ഇനി  തന്റെ നിഴലിനെ പോലും കാണാനാകില്ല. "എളം തുണിയൊന്നും ഇട്ടോണ്ട് ചൂണ്ടയ്ക്ക് വരല്ലേ കുഞ്ഞമ്പി മീൻ നിന്നെ കാണും " ആശാൻ ഉള്ളിൽ ഉറപ്പിച്ചതൊന്നും മറന്നിട്ടില്ല. ചൂണ്ട ഒന്നു രണ്ട് തവണ അനങ്ങി, എറിയടിക്കാൻ ശ്രദ്ധകിട്ടിയില്ല. കരയിലേക്ക് വലിച്ചു, കൊരുപ്പ് മീൻ കൊണ്ടുപോയിരിക്കുന്നു. വീണ്ടും കൊരുത്ത്‌ എറിയാൻ തുടങ്ങിയപ്പോൾ ഉങ്ങിന്റെ അപ്പുറത്ത്  നിന്ന് ആശാന്റെ പതിവ് തെറി കേട്ടു...

"ഒരു *കൊർണപോലും കൊത്തണില്ലല്ല കേറി പോ മായിരുങ്ങളെ" ആറ്റിൽ കുളിക്കാനിറങ്ങിയ ശ്യാമളയും കൊച്ചും ആശാനെ പ്രാകിയിട്ട് കയറിപ്പോകുന്ന രംഗങ്ങൾ ഉണ്ണിക്കൃഷ്ണന്റെ ഉള്ളിൽ തെളിഞ്ഞു വന്നു.."മീനിനെ കള്ളം പഠിക്കാതെ എണീറ്റ് പോടാ തള്ളേക്കെട്ടി" ആശാന്റെ മുന്നിൽ നിന്ന് ഓടിവന്ന കുഞ്ഞമ്പിയുടെ കലങ്ങിയ കണ്ണും, കരച്ചിലും കണ്ടിട്ട്."കൊച്ചുവേലു പുണ്ടച്ചിമോനെ നീ എന്റെ പിള്ളേ പളള് വിളിച്ചാ.." പൊട്ടിയമ്മ ഇങ്ങനെ എത്ര വിളിച്ച്  കൂവിയാലും  ആശാന് കേൾക്കില്ല. ആശാൻ നീട്ടി വിളിക്കണ പള്ളുകളൊന്നും പൊട്ടിയമ്മയുടെ ചെവിയിലും കേറില്ല.നാട്ടുകാർ പറയണത് അവർ രണ്ടാളും കേൾക്കില്ല. ചിലപ്പോൾ കൊച്ചുവേലു ചൂണ്ട പൊട്ടിച്ചോണ്ട് പോയ വലിയ നെട് മീനിന്റെ കാര്യം പറയുമ്പോൾ, റബ്ബർ വെട്ടാൻ പോയപ്പോൾ തോമസ് മാപ്പിള തന്റെ മൊലയിൽ പിടിച്ചതിനെപ്പറ്റിയാകും പൊട്ടിയമ്മ പറയുക. രണ്ടാളും രണ്ടും കേൾക്കില്ല, എന്നിട്ടും അവർക്ക് കുഞ്ഞമ്പിയെ മാത്രം നന്നായി കേൾക്കാമായിരുന്നു. കുഞ്ഞമ്പിയുടെ ആവശ്യങ്ങളും അറിയാമായിരുന്നു..അല്ലെങ്കിൽ അവൻ കേരള പാഠവലി ഉറക്കെ വായിക്കുമ്പോൾ ആശാനും പൊട്ടിയമ്മയും മുന്നിൽ വന്നിരിക്കുന്നതെന്തിനാകും..? രണ്ടാളും എത്ര നേരം വേണമെങ്കിലും ഉറങ്ങാതെയിരിക്കും, ചിരിക്കും. കുഞ്ഞമ്പിയുടെ വളർച്ചയുടെ അടിസ്ഥാനം അതായിരുന്നു. പക്ഷേ ആശാനും പൊട്ടിയമ്മയും രണ്ടവസരങ്ങളിൽ ഇത്തിരിയെങ്കിലും ശബ്ദം ചെവിയിൽ വീണിരുന്നുവെങ്കില്ലെന്ന്  ആഗ്രഹിച്ചിരുന്നു..

അന്നൊരുച്ചയ്ക്ക് ശകുന്തളപ്പെണ്ണ് ഇറയത്ത് കുത്തിയിരുന്ന് ചുട്ട ആഞ്ഞിലിക്കുരു തിന്നുകയായിരുന്നു."ശകുന്തളപ്പെണ്ണേ നീ *ഊശിയാടി"ന്ന് ആശാൻ അത് അവളെ ചിരിപ്പിക്കാൻ ചോദിച്ചതായിരുന്നു.. "ഇല്ലപ്പാന്നും" പറഞ്ഞ് ആ പെണ്ണ് കണ്ണും നിറച്ച്  ആറ്റിന്റെ കരയിലേക്ക് ഒറ്റ ഓട്ടം. അതത്രെ ശ്രദ്ധിക്കാതെ ആശാൻ കുടിലിന്റെ അകത്ത് ഉച്ചമയക്കത്തിലായിരുന്ന പൊട്ടിയമ്മയുടെ കൂടെ പനമ്പായിൽ കേറിക്കിടന്നു.ആറ്റിന്റെ അക്കരെ നിന്ന് ശ്യാമളയും കൊച്ചും വിളിച്ചു കൂവിയതോ, ശകുന്തളപ്പെണ്ണ് മുങ്ങിച്ചത്തതോ അവർ അറിഞ്ഞില്ല.അക്കരെ നിന്ന് നീന്തിവന്ന ശ്യാമളയുടെ കെട്ടിയോൻ മുങ്ങിച്ചത്ത പെണ്ണിന്റെ പ്രേതം,  ചാണകം മെഴുകിയ തറയിൽ കൊണ്ടു വച്ചിട്ട് ചാരിവച്ചിരുന്ന മുള വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ആശാൻ പൊട്ടിയുടെ മുകളിൽ നിന്ന് ഇറങ്ങിയത്. വിയർപ്പും തുടച്ച് ഉങ്ങിന്റെ ചോട്ടിൽ ചെന്നിരുന്ന ആശാനെ എല്ലാരും ചീത്ത വിളിച്ചു. പൊട്ടിയമ്മ ശകുന്തകളയുടെ അരികിൽ വീണ് കിടന്നു. ഉങ്ങിന്റെ ചോട്ടിൽ ശകുന്തളപ്പെണ്ണിന്റെ പ്രേതം കുഴിച്ചിടാൻ നേരം ആകെ സാക്ഷിയായി നിന്നത് കുഞ്ഞമ്പിയുടെ അമ്മ ലീല മാത്രം.അന്ന് ലീലയുടെ ഉള്ളിൽ ആറാം മാസം പിന്നിട്ട കുഞ്ഞമ്പിയും ആശാന്റെ അന്നത്തെ കരച്ചിലും കുഴിവെട്ടുന്ന ശബ്ദവും കേട്ടിരിക്കണം.രണ്ട് പിള്ളേരുടെ തള്ളയായ ഖദീജയേയും ഗൾഫിൽ നിന്ന് അവളുടെ കെട്ടിയോൻ അയച്ച പണ്ടങ്ങളുമായി നാടുവിട്ട സനലിന്റെ വിത്ത് വയറ്റിലായെന്ന് ഉറപ്പിച്ചതിന്റെ വിഷമത്തിലാണ് ശകുന്തള ഇതു ചെയ്തതെന്ന് കൂട്ടുകാരി ലീലയ്ക്കല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. *'പുറുത്തിച്ചക്കയും പപ്പങ്ങയും കൊറെ തിന്നാതിയെടി അതങ്ങ് കലങ്ങിപ്പോവും' ഇങ്ങനെ  ലീല ശകുന്തളയെ ഉപദേശിച്ചിരുന്നു. അത് അവൾ ചെയ്തിട്ടുണ്ടാകില്ല. കാരണം  സനലണ്ണനെ അവൾക്ക് അത്ര ഇഷ്ടമായിരുന്നു. അന്നുമുതലാണ് ആശാൻ ചാക്രി ജോസഫിന്റെ ഷാപ്പിൽ ചെന്ന് ചാരായം കുടിക്കാൻ തുടങ്ങിയത്. പൊട്ടിയമ്മ ആശാനുള്ള  പനമ്പരമ്പ് എറയത്ത് വിരിച്ചത്...

അതൊക്കെ എല്ലാരും മറന്ന് വർഷങ്ങൾ കഴിഞ്ഞാണ്‌ ഉള്ളിൽ ഇത്തിരി ശബ്ദം എത്തിയെങ്കിലെന്ന് രണ്ടാൾക്കും വീണ്ടും തോന്നിയത്. അതും കുഞ്ഞമ്പിയുടെ കരച്ചിൽ കണ്ടിട്ട്. ഗ്രാമസഭയിൽ പട്ടയത്തിന്റെ ചർച്ച വന്നപ്പോൾ ആറ്റിന്റെ തീരത്ത് ആകെയുള്ള ആറര സെന്റിന് പട്ടയം കിട്ടണമെന്ന് ലീല കഠിനമായി വാദിച്ചു. വലിയ പ്രമാണിമാരായിട്ടും സെൽവന്റെ കൂടെ ഇറങ്ങിപ്പോയ ലീലയെ വീട്ടുകാരാരും തിരിഞ്ഞു നോക്കിയിട്ടില്ല. അവളുടെ അമ്മയും സഹോദരനും ഗ്രാമസഭയിൽ ഇരിപ്പു ണ്ടായിരുന്നു. "ആണും ആരും തുണയില്ലാത്ത എനിക്കും മോനും ആ ആറര സെന്റല്ലേയുള്ളൂ അതിന് പട്ടയം വേണം" "നെനക്ക് ആണിന്റെ കൊറവാണെങ്കിൽ അത് ഞാനേറ്റെന്ന്" പറഞ്ഞ തോമസ് മാപ്ലയ്ക്ക് ലീലയുടെ വക കൂറ്റൻ ഒരു ചവിട്ട്. മാപ്ല നെഞ്ചും തടവി റബ്ബർ വിള വഴി ഓടടാ ഓട്ടം. ഗ്രാമസഭകൂടിയവർ പിന്നാലെ കൂകി വിളിച്ചു. ലീലയുടെ അമ്മയും സഹോദരനും ഇതൊക്കെ കണ്ടിട്ടും ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി..

പിറ്റേന്നു പകൽ, ഉങ്ങിൽ ഉടുതുണിപോലും ഇല്ലാതെ  തൂങ്ങി നിൽക്കുന്ന ലീലയുടെ പ്രേതം  കാണാനാണ് തലേന്ന് ഗ്രാമ സഭയിലിരുന്ന് കൂക്കി വിളിച്ചവർ ഒന്നിച്ചു കൂടിയത്.സംശയത്തിന്റെ പേരിൽ തോമസ് മാപ്ലയെ അറസ്റ് ചെയ്‌തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ വെറുതേ വിട്ടു. നൂറ് ഏക്കറില്ലെങ്കിലും റബ്ബറുള്ള മാപ്ലയെ ഊക്കൻ തൊമ്മിപ്പോലീസായാലും എന്തോന്ന് ചെയ്യാൻ.? കുടിലിന്റെ തൊട്ട് ചാരി നിക്കണ ഉങ്ങിൽ ഒരുത്തി തൂങ്ങിയതിനെപ്പറ്റി പോലീസ്‌ എത്ര ചോദിച്ചിട്ടും പൊട്ടിയമ്മയും ആശാനും ഒന്നും പറഞ്ഞില്ല. അവരതിന് എന്തെങ്കിലും കേട്ടിട്ട് വേണ്ടേ..?
ആശാന്റെ നെഞ്ചത്ത്  ബൂട്ടിന്റെ പാട് വീഴുന്ന ഒരു ചവിട്ടും, *ചെവള പുകയുന്ന മാതിരി ഒരടിയും തൊമ്മിപ്പോലീസിന്റെ വക സമ്മാനം. നെഞ്ചും തടവിയിരിക്കുന്ന കൊച്ചു വേലുവിനെ കണ്ടിട്ട് "രാത്രി പയങ്കര തീട്ടം നാറ്റമായ്ര്ന്ന് ഏമാനേന്ന്" പൊട്ടിയമ്മ പലതവണ കരഞ്ഞു പറഞ്ഞു നോക്കി..
തൂങ്ങി നിന്ന ലീലേടെ കാലിലൂടെ ഒലിച്ചിറങ്ങിയ തീട്ടത്തിന്റെ നാറ്റമല്ലാതെ മറ്റൊന്നും ചോദിച്ചവർക്ക് കിട്ടിയില്ല. പോലീസും നാട്ടുകാരും പോയിക്കഴിഞ്ഞ് ലീലേടെ പ്രേതവും ആശാൻ കുഴിച്ചിട്ടു. ഉങ്ങിന്റെ ചോട്ടിൽ രണ്ട് കൂട്ടുകാരികൾ വർഷങ്ങൾക്ക് ശേഷം ഒരുപാട് രഹസ്യങ്ങളുമായി ഒന്നിച്ചു..
ആരും ഏറ്റെടുക്കാനില്ലാതെ ആറ്റിന്റെ കരയിലിരുന്ന് കരഞ്ഞ കുഞ്ഞമ്പിയെ പൊട്ടിയമ്മ കുളിപ്പിച്ചു. കുടിലിൽ കൊണ്ടുവന്ന് *വാട്ടുകപ്പയും ആറ്റുമീനും കൊടുത്തു. അവിടെ വല്ലപ്പോഴും എച്ചില് തിന്നാൻ വരുന്ന തവിട്ട് നിറമുള്ള  പട്ടിയെ ഉങ്ങിന്റെ ചോട്ടിൽ ആശാൻ അന്ന്  കെട്ടിയിട്ടു. കൊരയെങ്കിലും ചെവിയിൽ വീഴും എന്ന വിചാരിച്ചിട്ടല്ല, ഉങ്ങിൽ തൂങ്ങി ചാവാൻ ഒരുത്തിക്കും തോന്നാതിരിക്കാൻ വേണ്ടി മാത്രം. അങ്ങനെ ആ പട്ടിയും കുഞ്ഞമ്പിയും അന്നുമുതൽ അവർക്ക് മക്കളായി...

"മീന് കൊത്താതെ മാറി നിന്നാ; കനം കൊറഞ്ഞ ചരലും മണ്ണും ഒരു പിടി വാരി ചൂണ്ട വീണ വശത്തോട്ട് എറിയണം." ആശാൻ ഉള്ളിലിരുന്ന് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ഉണ്ണിക്കൃഷ്ണൻ മണലും ചരലും ചേർന്ന ഒരു പിടി വാരി ആറ്റിലേക്ക് എറിഞ്ഞു. അറിയാതെ പിടിയിൽ പെട്ടുപോയ ഒരു വലിയ കല്ല് ആറ്റിൽ വീണ് വലിയ ശബ്ദം ഉണ്ടാക്കി. ഉണ്ണികൃഷ്ണന്റെ തലയുടെ ഇടതുഭാഗത്ത് ചെറിയ വേദന തോന്നി..
"മിസ്റ്റർ രൂപേഷ് താങ്കളുടെ ഫാദർ അല്ലെ അസിസ്റ്റന്റ് എൻജിനിയർ ഉണ്ണിക്കൃഷ്ണൻ ? കറന്റ് കട്ട് ചെയ്യുന്ന പ്രോസസിൽ എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ലേ..?"
കോടതി വിധിയനുസരിച്ച് പൊളിക്കാൻ ഉത്തരവായ ഫ്‌ളാറ്റ്‌ സമുശ്ചയത്തിൽ രൂപേഷിനും ഒന്നുണ്ടായിരുന്നു. അതിനുവേണ്ടി അരുണിമയുടെ  സ്ഥലം ഭൂപണയ ബാങ്കിൽ ഈട് വച്ചതിന്റെ അടവ് പകുതിപോലും ആയിട്ടില്ല. വൈദ്യുതി ബന്ധം മുറിക്കാനുള്ള നോട്ടീസ് ഓഫീസിൽ കിട്ടിയപ്പോഴാണ് ഫ്‌ലാറ്റിൽ ചെന്ന് മകനെയും മരുമോളേയും ഉപദേശിക്കാൻ ഉണ്ണിക്കൃഷ്ണന് തോന്നിയത്.
അവർ സാധനങ്ങൾ കാർഡ്ബോഡ് പെട്ടികളിൽ നിറയ്ക്കുമ്പോഴാണ് അസോസിയേഷൻ സെക്രട്ടറി  വാതിലിൽ വന്നു നിന്ന് ഇങ്ങനെ ചോദിച്ചത്‌..അരുണിമ കുഞ്ഞൂട്ടന്റെ ഒരു കളിപ്പാട്ടം നിലത്തേക്ക് എറിഞ്ഞുടച്ചു. മൂന്ന് ദിവസമായി സമരപ്പന്തലിൽ കുഞ്ഞൂട്ടനും ഏതോ പ്ലക്ക് കാർഡും പിടിച്ച് ഇരിക്കുന്നത് ടി വിയിൽ കണ്ടിട്ട് രൂപേഷിന്റെ അമ്മ; ജയന്തി ഭയങ്കര കരച്ചിലായിരുന്നു.
അവർ ഉണ്ണിക്കൃഷ്ണന്റെ സമാധാനം കെടുത്തിയപ്പോഴാണ് കുഞ്ഞിനെ വീട്ടിലേക്ക് കൂട്ടിവരാം എന്നുറപ്പ് കൊടുത്തത്.

സർക്കാരിന് പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസരത്തിൽ വൈദ്യതി ബോർഡിലെ ഒരു അസിസ്റ്റൻറ് എഞ്ചിനിയർക്ക് എന്ത് ചെയ്യാൻ പറ്റും.?നോട്ടീസ് ഒട്ടിക്കാൻ ചെന്നപ്പോൾ ചീത്ത വിളിയും ചെരുപ്പുമാലയും സമ്മാനിച്ചാണ് അവിടുത്തെ താമസക്കാർ മടക്കിയത്. ജീപ്പിൽ കയറുവോളം രൂപേഷോ അരുണിമയോ, കുഞ്ഞൂട്ടനോ ആ കൂട്ടത്തിൽ ഉണ്ടാകാരുതെ എന്ന പ്രാർത്ഥനയായിരുന്നു..ചെരുപ്പ് മാല പുറത്തേക്ക് എറിഞ്ഞ് തിരിഞ്ഞതും കുഞ്ഞൂട്ടന്റെ മുഖത്ത് തന്നെ നോട്ടം വീണു. പൂവ് പോലെ കോർത്ത ചെരുപ്പുകളിൽ അവന്റേതും ഉണ്ടാകുമോ..? ഇന്ന് കറന്റ് കട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ കല്ലേറുണ്ടായി ഒരേറ് കൃത്യം തലയുടെ ഇടത് ഭാഗത്ത് തന്നെ കൊണ്ടിരുന്നു..ആ കല്ലിന്റെ ഉടമ ആരാകും..?

"റിവറിന്റെ കരയിലെ ഡെയ്ഞ്ചർ സ്ഥലത്ത് അതും ആ പട്ടിക്കാട്ടിൽ രൂപേഷ് വീട് വയ്ക്കാൻ പോകുവാന്നോ..? നിങ്ങടെ പാരമ്പര്യം പോലെ കൊച്ചിനെയും ചൂണ്ടയിടാൻ പഠിപ്പിച്ചാൽ മതിയോ..?" എന്നൊക്കെ ചോദിച്ച അരുണിമയുടെ ആയിരിക്കുമോ..?
"പട്ടയം പോലും കിട്ടാത്ത ആറര സെന്റിൽ ഞാനെന്ത് ചെയ്യാനാണപ്പാ, പിന്നെ കൊച്ചുവേലു അപ്പുപ്പന്റെയും പൊട്ടിയമ്മുമ്മയുടെയും കഥയൊക്കെ അരുണിമയുടെ വീട്ടുകാരെക്കൂടെ അറിയിച്ച് നാറ്റിക്കാൻ ആണോ...?" രൂപേഷ് എറിയുന്നവർക്കൊപ്പം കൂടില്ല എന്നാണ്  ഉണ്ണിക്കൃഷ്ണന്റെ വിശ്വാസം. എന്തായാലും എറികിട്ടിയ ഭാഗത്തിന് നല്ല പെരുപ്പുണ്ട്. ഒരു വേദന പതിയെ താഴേക്ക്‌ വ്യാപിക്കുന്നുണ്ട്..

ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ ഉങ്ങിന്റെ ചോട്ടിൽ ഒന്നുരണ്ട് മിന്നാമിനുങ്ങുകളെ കത്തിച്ച് വച്ചിട്ട് പൊട്ടിയമ്മ ചോദിച്ചു.
"കൊത്തൊണ്ടാടാ  കുഞ്ഞമ്പി"
"ഉം"
"എര തീർന്നാടാ കുഞ്ഞമ്പി"
"ഉം"
"വാട്ട് കപ്പ തിന്നാൻ *പൊരിയാണി എല പറിക്കട്ടാടാ കുഞ്ഞമ്പി"
"ഉം"
"വല്ലോം പോയി തിന്നിറ്റ് വാടാ മൈത്താണ്ടി" ആശാന്റെ ദേഷ്യം കണ്ട് പൊട്ടിയമ്മ ചൂണ്ടൽ മുടക്കാൻ ആറ്റിൽ ഒരു വലിയ കല്ലെടുത്തിട്ടു. അവർ തമ്മിൽ കുഞ്ഞമ്പിയെ ചിരിപ്പിക്കാൻ ഗുസ്തി പിടിക്കണതും കണ്ട് ചിരി പൊട്ടി ഇരിക്കുമ്പോൾ ഒരു ടോർച്ച് വെട്ടം ആറ്റിലേക്ക് കുത്തനെ വന്നു വീണു . പൊട്ടിയമ്മയും ആശാനും ഉങ്ങിന്റെ പിന്നിൽ ചെന്നൊളിച്ചിരുന്നു. ഉങ്ങിനെ സംശയിക്കുന്ന വിധം പിന്നെയും ടോർച്ച് വെട്ടങ്ങൾ കൂടി കൂടി വന്നു. ആരൊക്കെയോ ഓടി വരുന്നതിന്റെ ശബ്ദങ്ങൾ. പൊട്ടിയമ്മയും  ആശാനും ഉങ്ങിന്റെ ഒരു  വലിയ പോട്ടിൽ കയറി ഒളിച്ചു.ആശാന്റെ കൈയിൽ നിന്ന് വീണ ബീഡി ഉണ്ണിക്കൃഷ്ണൻ ചുണ്ടിൽ ചേർത്ത് ആഞ്ഞ് വലിച്ചു..
"അച്ഛ്ൻ ഇതെന്ത് പണിയാ കാണിച്ചത്, വെറുതെ ആളുകളെ പേടിപ്പിക്കാൻ, കുഞ്ഞൂട്ടൻ എന്തിയേ..? "
രൂപേഷ് ഉണ്ണിക്കൃഷ്ണന്റെ മടിയിൽ കിടക്കുന്ന കുഞ്ഞൂട്ടനെ വലിച്ചെടുത്തു..
"ഒരു കൊർണപോലും കൊത്തണില്ലല്ല കേറി പോ മായിരുങ്ങളെ" കുഞ്ഞമ്പിയുടെ ഉള്ളിലിരുന്ന് ആശാൻ എല്ലാരേയും പള്ള് പറഞ്ഞു...!!

അടിക്കുറിപ്പ്‌
1. ഉങ്ങ്, ഒരു കാട്ടുമരം തണൽ മാത്രം
2.കൂരല് ഒരിനം മീൻ
3. വെപ്രാളം തിടുക്കം
4. കൊരണ ഒരിനം പൊടി മീൻ
5.ഊശി അധോവായു
6.പൂർത്തി, പൈനാപ്പിൾ, പപ്പായ
7.ചെവള, കവിൾ
8.വാട്ടുകപ്പ, ഉണക്ക മരച്ചീനി
9. പൊരിയണി, വട്ടയില

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)