Saturday 24 June 2017

കഥാക്രുത്ത്

കഥാക്രുത്ത്...!!
( മിനിക്കഥ)

ഒടുവിലത്തെ തന്റെ കഥയുമെഴുതി, ഇനിയെഴുതാൻ ഈ മലയാളമണ്ണിൽ   ഒരുവനുമില്ലെന്നുറപ്പിച്ച അയാൾ തന്റെ വിരലുകൾ മുറിക്കാനിരുന്നു...

ഇന്നലെ കൊന്ന കഥാകൃത്തിന്റെ ജഡം ചീഞ്ഞു തുടങ്ങിയതേയുള്ളു, കൂലിക്കിരുന്ന്  എഡിറ്റർക്ക് ഊമക്കത്തുകളും വിമർശനങ്ങളും എഴുതിത്തന്നവർക്കുള്ള ചെക്കുകൾ ഒപ്പിട്ട് പോസ്റ്റുചെയ്തു.  പതിപ്പുകളിലെ എഡിറ്റർമാർക്കെല്ലാം സ്യൂട്ട് റൂം ബുക്ക് ചെയ്തിട്ടുണ്ട്, പ്രമുഖനായ കഥാകാരൻ ടിപ്പർ തട്ടി മരിച്ചെന്ന  പത്രവാർത്ത നാളെയുണ്ടാകും,  ഡ്രൈവറുടെ 'സക്സസ്' മെസ്സേജ് ഫോണിൽ വന്നുകഴിഞ്ഞു.

താൻ തന്നെ രൂപം കൊടുത്ത സാഹിത്യചിട്ടിഫണ്ടിന്  പുരസ്കരിക്കാൻ ഇനി താൻ മാത്രം അവശേഷിക്കുന്നു,  ഇനി ഉള്ളിലെ കഥാകാരനെയും വകവരുത്തുക, എന്നിട്ട്
ഏക ലൗവ്യനായി വിരലുകൾ മുറിക്കുക..

വലിയൊരലർച്ചയോടെ
വാതിലിൽ പുതിയൊരുപതിപ്പ് വന്നുവീണു, കത്തിവലിച്ചെറിഞ്ഞ് അയാളതിലേക്കുവീണു.

പ്രിയ കഥാകൃത്തേ ഇത് നിന്നെക്കുറിച്ചല്ലെന്നൊരു കഥ ആരോ എഴുതിയിരിക്കുന്നു...!!

കെ.എസ്. രതീഷ്
(ഗുൽമോഹർ 009)

Thursday 22 June 2017

തീവ്രാവായ്പ്പിൻ...!!

തീവ്രവായ്പ്പിൻ....!!

പുസ്തകത്തിലേക്ക് പ്രകാശം വീണപ്പോൾ ഞാൻ ഞെട്ടിപ്പോയി.., എല്ലാവരും ഉറങ്ങിയതിനു ശേഷമാണ് ചുരിദാറിന്റെ പാന്റിനുള്ളിൽ ഒളിപ്പിച്ച നോവൽ* പുറത്തെടുത്തത്...
അയാൾ എന്നെ നോക്കി ചിരിക്കുന്നു, എനിക്ക് ചിരിക്കാനായില്ല, കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായതൊന്നും, ഇയാൾക്ക് പറഞ്ഞാൽ മനസിലാകുമോ...?  നോവലിൽ നിന്ന് പതിയെ കണ്ണെടുത്ത് അയാളെ നോക്കി, അയാൾ   നോട്ടം മാറ്റി, തോക്ക് തുടയ്ക്കുന്ന തിരക്കിലാണ്, നേർത്ത ഒരു ചുവന്ന തുണികൊണ്ട്   തോക്കിന്റെ പൊടിതുടയ്ക്കുന്നു...അയാളുടെ കവിളിലും ഗായത്രി ടീച്ചർക്കുള്ളതുപോലുള്ള ഭംഗിയുള്ള നുണക്കുഴിയുണ്ട്, മറ്റുള്ളപോലീസുകാർ അകത്തെന്തോ കളിയിലായിരുന്നു, അശ്ലീല ചുവയുള്ള സംസാരവും ചിരികളും.... സമരത്തിനിടയിൽ കസ്റ്റഡിയിലെടുത്ത കുട്ടികളെ മാത്രമേ ഈ സ്റ്റേഷനിൽ എത്തിച്ചുള്ളു. എല്ലാവരും ഭക്ഷണം കഴിഞ്ഞ് സുഖമായി ഉറങ്ങുന്നു...

അല്ലെങ്കിലും ഞാൻ സമരപന്തലിൽ ആദ്യായിട്ടാവന്നത് അതും സ്കൂളുവിട്ടുവരുന്നവഴി വീടിന്റെ താക്കോലുവാങ്ങാൻ..അമ്മ ആവശ്യപ്പെട്ടപ്പോൾ അഞ്ചുമിനിട്ട് അവിടെ ഇരിക്കാൻ തോന്നി, ജയശീലൻ മാമന്റെ മകൾ സുധയുമായി കല്ലുകൾ കൊണ്ട് സെറ്റ് കളിച്ചു.. അരമണിക്കുറുകൊണ്ട് എല്ലാം മാറി...കൂളിം ഗ്ലാസൊക്കെ വച്ച ആ സുന്ദരൻ പോലീസ് മൈക്കിലൂടെ എന്തോ വിളിച്ചു പറഞ്ഞു..ഇതിനിടയിൽ സമരപ്പന്തലൊന്ന് ഇളകി, എന്നെയും വലിച്ചോടുന്നതിനിടയിൽ, സമരക്കാരെ സഹായിക്കാൻ വന്ന ഒരു സ്ത്രീ അമ്മയുടെ കൈ പിടിച്ചുവലിച്ചു...എത്ര വലിച്ചിട്ടും ഞങ്ങൾക്ക് വിട്ടുപോകാനായില്ല...
അമ്മ കേറിയ വണ്ടിയിൽ എനിക്ക് കേറാനും പറ്റീലാ...അടുത്ത വണ്ടിയിൽ മിക്കവരും എന്റെ പ്രായക്കാരായിരുന്നു..
വല്ലതും തിന്ന് കുറച്ചുനേരം കിടക്കാമെന്ന് കരുതിയിട്ട് താക്കോൽ വാങ്ങാൻ വന്നതാ  വിശന്ന് ചാകുന്ന അവസ്ഥയായി...കൈയിൽ മുറുകെപ്പിടിച്ച ഈ നോവലൊഴികെ ബാക്കിയെല്ലാം ആ സമരപ്പന്തലിൽ വീണുപോയി.ഇനീപ്പോ എന്തെടുത്ത് സ്കൂളിൽ പോകും.എല്ലാം ശരിയാക്കാം ആര്യ വി പി യുടെ നോട്ടുബുക്ക് ഞാനെങ്ങനെ തിരികെക്കൊടുക്കും...?

ഞാൻ ആ പോലീസുകാരനെ നോക്കി...ഇരട്ടക്കുഴൽ എന്റെ നേർക്ക് ഉന്നം പിടിച്ച് അയാളിരിക്കുന്നു.അയാളുടെ കവിളിൽ നുണക്കുഴി തെളിഞ്ഞിരിപ്പുണ്ട്...എനിക്ക് ഭയം തോന്നിയില്ല. കാരണം ചിരിക്കുമ്പോഴല്ലാതെ ഈ ഭൂമിയിൽ ഒരാളുടെ കവിളിലും നുണക്കുഴിവിരിയാറില്ലെന്ന് ഞാൻ വിശ്വസിച്ചു...ചിരിക്കുന്ന ഒരാൾക്കെങ്ങനെ വെടിയുതിർക്കാനാകും..?
ഞാൻ നോവൽ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു..മുഖം കുനിച്ചു....

"എന്തേ തീവ്രവാദിയ്ക്ക് പേടിയുണ്ടോ..?"

"ഞാൻ തീവ്രവാദിയുമല്ല, സമരത്തിനും വന്നതല്ല..."

" നിന്റെ പേരിലെ കേസ് പ്രധാനമന്ത്രിയെ വധിക്കാനെത്തിയ തീവ്രവാദികളുടെ കുട്ടിനേതാവ് എന്നാണല്ലോ...?"

അയാൾ തോക്ക് താഴ്ത്തി , സമീപത്തെ ചുവരിൽ ചാരിവച്ചു...

"എന്താ ഇത്ര ഗൗരവത്തിൽ വായിക്കാൻ...തീവ്രവാദികൾ വായിക്കോ...?"

ഞാനൊന്നും മിണ്ടീല, എനിക്ക് കരച്ചിൽ സഹിക്കാൻ ആയില്ല, എത്രവലിയ കെണിലാ ഞാൻ പെട്ടിരിക്കുന്നത്, പ്രധാനമന്ത്രിയെ കൊല്ലാൻ വന്നവരിൽ ഒന്നാം പ്രതി...ഗായത്രി ടീച്ചറോട് ഞാനെന്ത് മറുപടി പറയും...? അയാളിപ്പോൾ മറ്റൊരു തോക്കെടുത്ത് ഒരു മഞ്ഞ തുണികൊണ്ട് തുടയ്ക്കുന്ന തിരക്കിലാണ്...ഇന്ന് അവിടെ എത്രപേരെ കൊന്നിട്ടുണ്ടാകും...? അമ്മയെ വലിയ നീല വണ്ടിയിൽ കേറ്റിപ്പോകുന്നത് ഞാൻ കണ്ടതാണല്ലോ...? കഴിഞ്ഞകൊല്ലം അപ്പൻ മരിച്ചതിൽ പിന്നേ വെടിയേൽക്കാൻ മറ്റൊരു നെഞ്ച് എന്റെ വീട്ടിലില്ല... അയാളിപ്പോൾ തോക്കു ചൂണ്ടുന്നത് ചുവരിലെ ഗാന്ധിചിത്രത്തിനുനേരെയാണ്, കവിളിലിപ്പോൾ ആ നുണക്കുഴി തെളിയുന്നില്ല...

അറിയാതെ വന്ന ചുമയെന്ന് ചതിച്ചു...അയാൾ തോക്ക് എന്റെനേർക്ക് തിരിച്ചു. ചച്ചാജി രക്ഷപെട്ടൂ ഞാൻ ബുക്കുകൊണ്ട് നെഞ്ച് മറച്ചു പിടിച്ചു...ഓരോ താളും തുരന്ന് നെഞ്ചിലേക്ക് വരുന്ന വെടിയുണ്ടയെ കണ്ണുകൾ ഇറുക്കിയടച്ച് കാത്തിരുന്നു... ബുള്ളറ്റിനിത്ര വൈകാൻ കഴിയുമോ..? തുറക്കുമ്പോൾ അയാളെന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്നു....

"തീവ്രവാദികൾക്ക് അപ്പോൾ തോക്കിനെപേടിയുണ്ടല്ലേ...?"
ഓരോ തവണ എന്നെ തീവ്രവാദിയെന്നുവിളിക്കുമ്പോഴും അയാളുടെ കവിളിൽ ആ കുഴികൾക്ക് ആഴമേറുന്നതായി തോന്നി...കൈയിലിരുന്ന ഗ്ലാസ് എന്റെ സമീപത്തേക്ക് നിക്കിവച്ചിട്ട് അയാൾ തന്റെ കസേരയിൽ ചെന്നിരുന്നു...

"കുടിച്ചോളൂ, എന്നിട്ട് ഉറക്കെ വായിക്കൂ, തെറ്റുന്നോന്ന് ഞാൻ നോക്കട്ടേ..."
ഗായത്രി ടീച്ചറുടെ അതേ വാക്കുകൾ.....കാലുകൾ മേശയിൽ കയറ്റിവച്ച്, തൊപ്പി മേശയിൽ ഊരിവച്ച്, കസേരയിൽ ചാരിയിരുന്ന്,  അയാൾ കേൾക്കാൻ തുടങ്ങി... വായിക്കാൻ ശബ്ദം പുറത്തേക്കുവരുന്നില്ല...എങ്കിലും വിറച്ചു വിറച്ചു വായന തുടങ്ങി....

"...ഒരു വലിയ ചിത്രശലഭം ചെടിത്തലപ്പുകളിൽ നിന്നും ചെടിത്തലപ്പുകളിലേക്ക്..."

"ന്റെ തീവ്രവാദി അത് മൂന്നാം അദ്ധ്യായം തുടക്കം മുതൽ വായിക്ക്...പുരുഷന്റെ കണ്ണുകൾ തുടങ്ങി....."

എനിക്ക് അത്ഭുതം തോന്നി...ഈ പോലീസുകാരന് ഈ പുസ്തകം കാണാപാഠമാണോ...?
ഞാൻ വായിക്കുന്നതൊക്കെ ഇയാൾ കേൾക്കുന്നുണ്ടോ,? വായനയ്ക്കിടയിലും ചിന്തയതായിരുന്നു.കൂർക്കം വലി ഉയരുന്നുണ്ട് ഉറക്കത്തിലും എന്തുഭംഗ്യാ പോലീസുകാരന്...
ഞാൻ ശബ്ദം താഴ്ത്തി തഴ്ത്തി വായനനിർത്തി....

ഏഴു ബിയുടെ അസംബ്ലിയ്ക്ക് ഇനി മൂന്ന് ദിവസം, അതും വായനദിനത്തിൽ.
മുനമ്പ് ഹൈസ്കൂളിലെ  വായനശാല ഒരൊറ്റ അലമാരയിലൊതുങ്ങുമെങ്കിലും,
അതു കൈകാര്യം ചെയ്യണ ഗായത്രി ടീച്ചർ ഒരു നിറഞ്ഞ വായനശാലയായിരുന്നു....എന്തു പറഞ്ഞാലും ആ പുസ്തകത്തിൽ ഇങ്ങനെ, മറ്റേ പുസ്തകത്തിൽ അങ്ങനേന്നൊക്കെ പറയും..എന്തോരം കഥകളാ അവരു പറയണത്...

ഗോശ്രീ പാലത്തിലൂടെ കടമക്കുടീം കടന്ന് വെളുത്ത സ്കൂട്ടറിൽ ഗായത്രി ടീച്ചറുടെ വരവ് എന്തു ഭംഗിയാണെന്നോ...ഒരീസം എന്നേം അമ്മേം ചാത്തനാട് മുതൽ വീടിന്റെ മുന്നിലെ വഴിവരെ കൊണ്ടുപോയി വിട്ടു.അമ്മേടേം, ടീച്ചറുടേം ഇടയിലിരുന്ന ഞാൻ മണങ്ങളുടെ വലിയൊരു അകലം അറിഞ്ഞു..പിന്നൊരിക്കൽ എന്നെ മാത്രം കൊണ്ടുവരുമ്പോൾ ഒരു കുഴിൽ വണ്ടിചാടി, ഞാൻ ടീച്ചറെ കെട്ടിപ്പിടിച്ചു...വയറ്റത്ത് കെട്ടിപ്പിടിച്ചപ്പോൾ ആ കവിളിൽ വിരിഞ്ഞ നുണക്കുഴീടെ ഭംഗി ഹാവൂ...പിന്നെ ഞാൻ എന്റെ വിരലിലും വയറ്റിലും ഞാൻ മാറി മാറി നോക്കി...നഖത്തിനിടയിലെ   കറുത്തനിറത്തോട് വല്ലാത്ത വെറുപ്പുതോന്നി.

"ന്നെ ഇക്കിളിയാക്കല്ലേ പാറൂട്ടീ...."
ചിരിയോടെ അവരു പറഞ്ഞപ്പോൾ എനിക്കും നാണം തോന്നി....

അവരു വന്ന്,
" ന്റെ പാറൂ നീ ഈ ബുക്കൊന്ന് അവതരിപ്പിക്കണേ...ഏഴുബി യുടെ അഭിമാന പ്രശ്നാട്ടോ.."

ഈ ചോദ്യത്തിൽ ഞാനല്ല മുനമ്പ് സ്കൂളിലെ ഏതു കുഴിമടിയനും സമ്മതിച്ചുപോകും....

"വായന കേൾക്കണില്ലല്ലോ...
ന്തേ നിർത്തിയോ...?" അയാളുണർന്നു...ഞാൻ ഒരദ്ധ്യായം വായിക്കാൻ തുടങ്ങി...

"കണ്ണാടി പുഞ്ചിരിച്ചു...
നാല്പതുകഴിഞ്ഞിട്ടും നിന്റെ അഴകുകുറഞ്ഞിട്ടില്ല..."

"അമ്പടീ തീവ്രവാദീ ഇതിനിടയ്ക്ക് ഈ ഏഴാം അദ്ധ്യായത്തിലെത്തിയോ?  നിനക്കറിയോ ഈ പുസ്തകം എനിക്ക് മന:പാഠാട്ടോ..."

കളവ് കണ്ടുപിടിച്ചതിന്റെ ജാള്യത്തിൽ ഞാനിരുന്നു..

"അങ്ങ് കേരളത്തിന്റെ വടക്കേയറ്റത്ത്, പേരിനൊപ്പം ദൈവമുള്ളൊരു നാട്ടിൽ, ആ നാടിനുവേണ്ടി രണ്ടുപേർ  സമരം നടത്തിയ കഥപറയുന്ന നോവലാട്ടോ ഇത്, ഇത് നിനക്കാരാ തന്നത്...നീ മുനമ്പ് സ്കൂളിലാണോ...? അവിടെയൊരു ഗായത്രി ടീച്ചറെ അറിയാമോ..?"
അയാൾ കസേര എന്റെ നേർക്ക് തിരിച്ചിട്ടൂ....

"ഇനി പറയൂ...
എന്തിനായിരുന്നു നിങ്ങടെ സമരം..?" ഞാനൊന്നും മിണ്ടീലാ അല്ലെങ്കിലും സമരവുമായി എനിക്കെന്ത് ബന്ധം,...

അയാൾ തുടച്ചു വച്ച ഒരുതോക്കെടുത്ത് എന്റെ നേർക്ക് നീട്ടി....
ആകെ ഇരുപത്തിയഞ്ച് കിലോമീറ്റർ ദൂരമുള്ള നിന്റെ വൈപ്പിന് ചുറ്റും എത്ര വാതക സംഭരണികളുണ്ടെന്നറിയോ..? ഇനി ഒന്നൂടെ വന്നാലും അതിനൊരു കുഴപ്പോം ഉണ്ടാകൂലാ നിങ്ങളെ ആരോ ഇളക്കിവിട്ടതാ പ്രധാനമന്ത്രിവരണ പരിപാടി കുളമാക്കാൻ ...." ഞാൻ അയാളെ രൂക്ഷമായി നോക്കി....

വയനാട്ടീന്ന് സമരം ജയിപ്പിക്കാൻ വന്ന ടീച്ചറുമാർ പറഞ്ഞല്ലോ...ഒരു ചെറിയ തീപ്പെട്ടി വീണാൽ ഒരു മിനിറ്റിൽ ഞങ്ങളെ ദ്വീപ് മുഴുവൻ കത്തിപ്പോകൂന്ന്...അതൊക്കെ വിശദമായെഴുതിയ നാലഞ്ച് നോട്ടീസ് എന്റെ ബാഗിലുണ്ടാർന്നു, അത് ആ ബഹളത്തിനിടയിൽ പോയി,
ഇപ്പൊ തന്നെ വേനലായാൽ പൈപ്പിൽ ഒരു തുള്ളി വെള്ളോല്ലാ...പിന്നെ ഈ കമ്പനി കൂടെ വന്നാ ആരാ അവർക്ക് വെള്ളം കൊടുക്കണത്...ആറു ബീ യിലെ സുനിലിം ഷിയാജും ടാങ്കറുലോറി തട്ടിയാ മരിച്ചത് അതറിയോ...ഇനി ഈ കമ്പനികൂടെ വന്നാൽ ഞങ്ങൾക്ക് സ്കൂളിൽ പോകാൻ പറ്റോ...? " അന്ന് രാത്രി അമ്മയോടൊപ്പം കവലയിൽ നിന്നു  കേട്ടക്ലാസിലെ വിവരങ്ങൾ ഓർത്തെടുത്ത് ഞാൻ  വാദം നിരത്തി....

"ന്റെ പൊന്നു തീവ്രവാദീ, നിന്റെ അപ്പുപ്പന്റെ കാലം മുതൽ ആ ദ്വീപ് വ്യവസായത്തിന് എന്ന് പ്രഖ്യാപിച്ചതാ, ദേ ഈ കനത്തിലുള്ള ഇരുമ്പ് ടാങ്കിലാ ഗ്യാസ് നിറയ്ക്കണത്..."

അയാൾ ഞാൻ ചാരിയിരുന്ന ചുവര് അളന്നു കാണിച്ചു...

"പിന്നെ നിനക്കറിയോ, നമ്മുടെ എല്ലാരുടേം വീട്ടിൽ ഗ്യാസ് വരണത് അങ്ങ് മംഗലാപുരത്തൂന്നാ , എത്ര ടാങ്കറുകളാന്നോ ദിവസ്സോം ചീറിപായണത്...പിന്നെ കടലിൽ കുഴിച്ചിടണ ആ ടാങ്ക് സുനാമി വന്നാപ്പോലും പൊട്ടൂലെടീ പൊട്ടി തീവ്രവാദി...."

എനിക്ക് തീവ്രവാദിന്നൊള്ള ആ വിളിയിപ്പോൾ വല്ലാതെയിഷ്ടമാകുന്നു....

കടലൊക്കെ അവര് സ്വന്താക്കിയാൽ, ന്റെ അമ്മയ്ക്ക് മീൻ വിക്കാൻ പോകാൻ പറ്റോ..? എന്നും കരേ ചെന്ന് ആന്റപ്പൻ സാറിന്റെ ബോട്ടീന്ന് മീനും വാങ്ങി..കോട്ടുവള്ളി ചന്തേൽ ചെന്ന് വിറ്റാണ് ഞങ്ങള് ജീവിക്കണത്...അതറിയോ 0466 പോലീസ്കാരന്..."

അയാൾ ഉറക്കെ ചിരിച്ചു..
ഞാൻ അയാളുടെ ഉടുപ്പിലെ നമ്പർ വായിച്ചിരുന്നു.

"എന്റെ പേര്  വേണൂന്നാ....0466 ന്റെ നമ്പരും, ഞങ്ങൾ പോലീസുകാർക്ക് നമ്പരേയുള്ളൂ പേരില്ല...."

ഞാനും ചിരിച്ചു,
നീയെന്താ ചായ കുടിക്കാത്തത്...അയാൾ സമീപത്തിരുന്ന ഗ്ലാസിലേക്ക് വിരൽ ചൂണ്ടി, ഒറ്റവലിക്ക് ഞാനത് കുടിച്ചു...വല്ലാതെ തണുത്തെങ്കിലും രുചിയുള്ള ചായ,...അയാൾ പിന്നെയും ചിരിച്ചു....ഏതോ പേപ്പറും എടുത്ത് അയാൾ മറ്റേ മുറിയിലേക്ക് പോയി,

ഞാൻ നോവൽ വായിക്കാൻ തുടങ്ങി, പുരുഷനും സ്ത്രീയും എന്മജെയുടെ വിഷം തളിച്ച മണ്ണിലൂടെ ഞാൻ  നടന്നൂ....ദോവയാനിയേയും പുരുഷന്റെയും സ്ഥാനത്ത് വേണുപ്പോലീസിനെയും ഗായത്രിയേയും ഒട്ടിച്ചുവച്ചു....
വായനാദിനവും, വഴിയിൽ കളഞ്ഞ സ്കൂൾ ബാഗും, അമ്മയും പേലിസ് സ്റ്റേഷന്റെ വരാന്തയും, കൂടെയുള്ള സമപ്രായക്കരും വേണുപ്പോലീസും ഗായത്രിദേവിയും എല്ലാം മാഞ്ഞുപോയി....

വിഷം തളിച്ചമണ്ണിൽ പുഴുക്കളേക്കാൾ മനുഷ്യർ നരകിക്കുന്ന ഭൂമിയിലേക്ക് എന്റെ മനസ് പറിച്ചു നട്ടു...

നീലകണ്ഠനും, ദേവയാനിയും ഗുഹയിലേക്ക് മടങ്ങിപ്പോകുന്നതും നോക്കിയിരിക്കുന്ന എന്നെനോക്കി അയാൾ ചിരിയോടെ നിൽക്കുന്നു. കൈയിൽ സമരപ്പന്തലിൽ ഞാൻ കൈവിട്ട ബാഗും..

"എങ്ങനുണ്ട് നോവൽ..? എവിടെന്നാ ഇപ്പൊ ഈ പുസ്തകം കിട്ടിയത്....?" നീണ്ടമൗനമായിരുന്നു എന്റെ മറുപടി....

"ഞാനും ഗായത്രിയും ഇവിടേക്ക് സ്ഥലം മാറിവന്നിട്ട് അഞ്ചുവർഷാകുന്നു.നിന്റെ സ്കൂളിലാ അവളിപ്പോൾ...? ഗായത്രിയെ അറിയോ...?"
അതിനും ഞാനൊന്നും മിണ്ടിയില്ല...

"അവൾക്കും നിന്നെപ്പോലെ തീവ്രവദി സ്വഭാവാട്ടോ...? ഈ ബാഗ് നിന്റെയാണോ ..? ഇതിൽ ഗായത്രീടെ കൈപ്പടയുണ്ടല്ലോ.. ?"
എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല...അയാൾ ബാഗ് എന്റെ നേർക്കു നീട്ടി, ഞാനത് വാങ്ങി മടിയിലേക്ക് വച്ചു....

ഞാൻ അയാളുടെ അടുത്തേക്ക് നീങ്ങിയിരുന്നു...

ഗായത്രി ടീച്ചറെന്റെ ക്ലാസ് ടീച്ചറാ.ഇത് വായനാദിനത്തിന്റെ അസംബ്ലീല് അവതരിപ്പാൻ ടീച്ചർ തന്നതാ...."

അയാളും ചിരിച്ചു,
പിന്നെ എന്റെ തലയിൽ പതിയെ തലോടി...
എന്നെ ചേർത്തുനിർത്തി നെറ്റിയിൽ ചുംബിച്ചു...
ഗായത്രി ടീച്ചറുടെ അതേ ഗന്ധം ഞാൻ ചേർന്നു നിന്നുപോയി....

"മാറിനിക്കെടാ നായേ, കുഞ്ഞുങ്ങളെ
തല്ലിക്കൊല്ലാൻ നോക്കിയതുപോരാഞ്ഞിട്ട് ഇതിപ്പോകൂടെ കിടാക്കാനും  വേണോ.? ഇതൊരു പോലീസ് സ്റ്റേഷനല്ലേ..."

ഇരച്ചുകയറിവന്ന മെമ്പറും പാർട്ടിക്കാരും, വേണുപ്പോലീസിനെ തല്ലി, അകത്തുണ്ടായിരുന്ന പോലീസുകാരും ഓടിയെത്തി ആകെ ബഹളമായി..

ഞാൻ എന്മകജെ വീണ്ടും അരയിലൊളിപ്പിച്ചു.

വേണുപ്പോലീസും ഗായത്രി ടീച്ചറും എന്മകജെയിലേക്ക് കടക്കുന്നു..
കുന്നുകളും പുഴകളും ചാലുകളും നിറഞ്ഞ നാട്. വയലുകളിൽ നിന്ന് എപ്പോഴും വെളുത്ത കൊറ്റികൾ പറന്നുപൊങ്ങുന്ന നാട്....
കുത്തനൊരു മലയിറക്കം കഴിഞ്ഞാൽ കിളി വിളിച്ചുപറയും...
സ്വർഗായി സ്വർഗായീന്ന്....!!

* എന്മകജെ അംബികാസൂതൻ മാങ്ങാട് നോവൽ

കെ എസ് രതീഷ്
( ഗുൽമോഹർ009)