Friday 27 May 2016

കഥ രഘുപതിയമ്മാൾ...!

രഘുപതിയമ്മാൾ...!!

കാഷ്വാലിറ്റിയുടെ മുന്നിലെ ചിത്രഗുപ്തൻ ചോദിച്ചു. "രോഗിയുടെ പേരെന്താണ്" അമ്മായിയപ്പൻ തന്ന പ്രവേശനപാസിലെ പേര് ഞാൻ ഓർത്തെടുത്തു.

"രഘുപതിയമ്മാൾ"

വാർഡ് മൂന്ന് ബെഡ് പത്തിൽ  കിടക്കുന്ന ഭാര്യയുടെ അടുത്തേക്ക് ഞാൻ നടന്നു  മോർച്ചറിയുടെ സമീപം ഇടതുവശത്തൂടെ നടന്നാൽ മൂന്നാം വാർഡായി....

ഞാൻ ചെല്ലുമ്പോൾ ഭാര്യയുടെ ചുറ്റും ബന്ധുക്കളായിരുന്നു, സമീപത്തെകട്ടിലിൽ നോക്കി മൂക്കുപൊത്തി എന്തൊക്കെയോ പറയുന്നു, പുതച്ചുമൂടിയ ആ ശരീരം അനങ്ങുന്നുണ്ട്, ബെഡിന്റെ അരികിൽ വച്ച ബ്രഡ് ഒരു മെലിഞ്ഞ കൈ വന്ന് കൊണ്ടുപോകുന്നു.

"തൂറിക്കിടന്നാലും തീറ്റിക്കൊരുകുറവുമില്ല പാണ്ടിത്തള്ളയ്ക്ക്"

അറ്റൻഡർ ബാക്കി റൊട്ടികഷ്ണങ്ങൾ ചവറ്റു കൂനയിലേക്ക് വലിച്ചെറിഞ്ഞിട്ട് പുതപ്പുമാറ്റി, മദമിളകിയ ആനയെക്കണ്ട് ചിതറിയോടുമ്പോലെ ബന്ധുക്കൾ പുറത്തേക്കോടി രൂക്ഷമായ മലത്തിന്റെ ഗന്ധം ഭാര്യ നിർത്താതെ ശർദ്ധിക്കാൻ തുടങ്ങി. വീൽച്ചെയറിൽ ആ പുതച്ചുമൂടിയ ശരീരത്തെ തള്ളിയിട്ട് ആ ജീവനക്കാരി പിറുപിറുത്ത് പോകുമ്പോൾ റൊട്ടികഷ്ണം  വൃദ്ധ ആർത്തിയോടെ തിന്നുന്നുണ്ടായിരുന്നു.

എന്റെ അമ്മ ആ കട്ടിലിനു ചുറ്റും ഗന്ധമുള്ള ലോഷൻ ഒഴിക്കുന്നു. അമ്മായി  ഭാര്യ ശർദ്ധിച്ച ബക്കറ്റുമായി പോയി...അരമണിക്കൂർ കഴിഞ്ഞ കുളിപ്പിച്ച വൃദ്ധയെ കട്ടിലി പുതപ്പിച്ച് കിടത്തീട്ട് പോയി.

ഭാര്യയുടെ കിടക്കയും വൃദ്ധയുടെ  കിടക്കയും തമ്മിൽ ഞാനിരിക്കുന്ന അകലമുണ്ടായിരുന്നു.
മെഡിക്കൽ കോളേജിൽ സേവാഭാരതി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണവുമായി വന്ന ഒരു തമിഴത്തിയാണ് രഘുപതി അമ്മാളുടെ കഥപറഞ്ഞത്....

രഘുപതി അമ്മാൾ, പതിനാലാം വയസിൽ മധുരൈ മീനാക്ഷി ക്ഷേത്രത്തിലെ കാര്യപ്രമാണി സന്താനപ്രഭുവിനെ സംബന്ധം ചെയ്തു...അതിൽ കനകം എന്നൊരു മകളുണ്ടായി, ഒരിക്കൽ തഞ്ചാവൂരിലേക്ക് ക്ഷേത്രാവിശ്യത്തിനുപോയ സന്താനം  തിരികെ വന്നില്ല. അതിനുശേഷം അമ്മാൾ, ഭാര്യമരിച്ചുപോയ ചിട്ടിയുടമ ചിന്നസാമിയെ കെട്ടി അതിൽ ആണ്ടി ,കറുപ്പ് എന്ന രണ്ടാണ്മക്കളും ഉണ്ടായി, മൂത്തമകൾ കനകത്തെ തഞ്ചാവൂരിലേക്ക് കെട്ടിച്ചു വിട്ടു ,ആണ്ടി നാഗർകോവിലിൽ വെങ്കലപ്പാത്രങ്ങൾ വിൽക്കുന്നു, കറുപ്പ് ചിന്നസാമിയോടൊപ്പം സുന്ദരം ഫൈനാൻസ് നടത്തുന്നു. ഒരിക്കൽ പത്മനാഭപുരം ക്ഷേത്രത്തിൽ എത്തിയ അവർ  രഘുപതിയമ്മാളെ ഉപേക്ഷിച്ചുപോയി...

ഈ കഥകളൊക്കെ അവരോട് പറഞ്ഞത് അമ്മാൾ തന്നെയായിരുന്നു  ഓർമ്മവരുമ്പോൾ ഈ കഥ ആവർത്തിക്കുമത്രേ...
ആശുപത്രിയിൽ  ലഭിക്കുന്ന ബ്രെഡും ആരെങ്കിലും വാങ്ങിക്കൊടുക്കുന്ന സൗജന്യപൊതിയുമാണ് ആശ്രയം. മൂന്ന് ദിവസത്തിലൊരിക്കൽ ഈ വാർഡിൽ വരുന്ന വിജയ എന്ന അറ്റൻഡർ ഒന്ന് കുളിപ്പിക്കാറുണ്ട്.

ഭാര്യ നല്ല മയക്കത്തിലായിരുന്നു കട്ടിലിന്റെ സമീപത്ത് വച്ചിരുന്ന ഓറഞ്ചുപൊതിയിൽ നിന്നും ഒരെണ്ണം അമ്മാളുടെ കൈ എടുക്കുന്നത് ഞാൻ കണ്ടു മറ്റാരും കാണാതിരിക്കാൻ ഞാൻ ആ രംഗം എന്റെ ഇരുപ്പിൽ മറച്ചു....

നേരം വൈകി ബന്ധുക്കളെല്ലാം ഒഴിഞ്ഞുപോയിരിക്കുന്നു.
വാർഡിൽ എല്ലാവരും ഉറങ്ങാനുള്ള തയാറെടുപ്പുകൾ, സ്ത്രീകളുടെ വാർഡായതിനാൽ പുറത്ത് എങ്കിലും ഭാര്യയുടെ കിടക്കയുടെ സമീപം തന്നെ പായവിരിച്ചു കിടക്കാൻ തുടങ്ങുമ്പോഴാണ്....
കട്ടിലിനു താഴെ ചാരിയിരുന്ന് അമ്മാൾ പറഞ്ഞത്...

"ഉങ്കളെ പാത്ത ആണ്ടിപയ്യൻ പളനി മാതിരിയിറുക്ക്.."

രഘുപതിയമ്മാൾ ഞങ്ങളുടെ ഓറഞ്ചുപൊതി തീർത്തുകൊണ്ടിരിക്കുകയായിരുന്നു...

ഞാൻ ചിരിച്ചു മൊബൈലിന്റെ വെളിച്ചത്തിൽ ശബ്ദം പുറത്തുവരാത്ത ആ ചിരി ഞാൻ കണ്ടു....
പിന്നെ അമ്മാൾ കഥപറയാൻ തുടങ്ങി
കരയാൻ തുടങ്ങി. ഇതിനിടയിലും അവിടാകെ പരതി എന്തൊക്കെയോ എടുത്ത് കഴിക്കുന്നുണ്ടായിരുന്നു. ഗ്രില്ലിനിടയിലൂടെ ഫ്ലാസ്ക്ക് തുറന്ന് അതിലെ ചൂടുവെള്ളം ഞാൻ ഒഴിച്ചുകൊടുത്തു.
ആ വാർഡിലെ കിടക്കകളിൽ ചിലതിൽ നിന്നും കരച്ചിലുകൾ ഉയരുന്നുണ്ടായിരുന്നു...
അമ്മാൾ ഇനിയും തീറ്റ നിർത്തിയിട്ടില്ല, ഞങ്ങൾ
രാത്രി കഴിച്ചശേഷം കളായാൻ ബാക്കിവച്ച ഊണുപൊതിയിലാണ് അമ്മാളിപ്പോൾ.
ഞാൻ ഉറക്കത്തിലേക്ക് വീഴുമ്പോഴും അമ്മാൾ "തീറ്റ" നിർത്തിയില്ല...

ഉറക്കത്തിനിടയിൽ
വരാന്തയിൽ നിന്നും കൂട്ടകരച്ചിൽ കേട്ടാണുണർന്നത് വാർഡിൽ ആരോ മരിച്ചിരിക്കുന്നു വെള്ളപുതച്ച് സ്ട്രെച്ചറിൽ ആരെയോ കൊണ്ടുപോകുന്നു.പിന്നെ ഉറങ്ങാനായില്ല മരണം കടന്നുപോയ പാതയിൽ എങ്ങനെ കിടന്നുറങ്ങും...?

പിറ്റേന്നു മുതൽ അമ്മാൾ എന്നോട് വല്ലാതെ അടുക്കാൻ തുടങ്ങി, അന്ന് ബ്രെഡ് വിതരണക്കാർ അമ്മാളുടെ പങ്ക് എന്റെ കൈയിലാണ് ഏല്പിച്ചത് , ഉച്ചയ്ക്ക് ഊണുവാങ്ങാൻ പോയപ്പോൾ. സൗജന്യപ്പൊതിവാങ്ങാനും അമ്മാൾ പറഞ്ഞു. ഓരോ തവണയും വാർഡിലേക്ക് കടക്കുന്നത് അമ്മാളുടെ പാസിന്റെ ബലത്തിലായിരുന്നു. അന്ന് ആ തമിഴത്തി വൈകിയാണെത്തിയത് കൊഴിഞ്ഞു തീരാറായ അമ്മാളുടെ മുടി ചീകിക്കൊടുത്തു ,രാവിലെ ദോശവാങ്ങിയ പൊതിയിൽ ഇട്ടിരുന്ന റബ്ബർബാന്റ് ഞാൻ കൊടുത്തപ്പോൾ അവർ ചിരിച്ചു...
അമ്മാളുടെ വിരലിൽ നാലോളം വെങ്കലമോതിരങ്ങളുണ്ടായിരുന്നു, കാതിൽ കുഞ്ഞു പൊട്ടുപോലെ രണ്ട് കമ്മലുകൾ , കഴുത്തിൽ കറുത്തനൂലിൽ ഒരു മണിത്താലി, അവരെ സൂക്ഷിച്ചുനോക്കുന്ന എന്നോട് തമിഴത്തി ചോദിച്ചു...

"ഇപ്പൊ എപ്പടിയിറുക്ക്" അമ്മാളെ അവർ ഒരുക്കുകയായിരുന്നു ക്ഷേത്രനടയിൽ വിശന്ന് അവശയായി ചിതലരിച്ചുകിടന്ന  അമ്മാളെ ആശുപത്രിയിലെത്തിച്ചത് അവരായിരുന്നു പത്തോളം ദിവസം പത്മനാഭന്റെ മുന്നിൽ പട്ടിണികിടന്നൂത്രേ...

രാവിലത്തെ ഡോക്ടറുടെ വിസിറ്റും ,ഡോകടറാകാൻ പഠിക്കുന്ന കുട്ടികളുടെ ക്ലാസും ഓരോബെഡിലും അവർ സംസാരിക്കുന്നു ഭാര്യയെ പരിശോദിച്ച് രണ്ടുദിവസം കഴിഞ്ഞാൽ പോകാമെന്നും പറഞ്ഞു.
അമ്മാൾ പുതപ്പിനുള്ളിൽ തന്നെ ഡോക്ടർ പതിയെ പുതപ്പ് മാറ്റി എന്തോകുറിപ്പെഴുതി, വാർഡിലെ നേഴ്സിനെ കാണിച്ചു.

"ഇതിപ്പൊ ആറെണ്ണം കഴിഞ്ഞു ഡോകടർ ആ ഗ്രൂപ്പ് ഷോട്ടേജാണ് ഇനിയും ഡോണർ ഇല്ലാതെ"

എല്ലാരും പോയിക്കഴിഞ്ഞ് ഞാൻ നേഴ്സിനോട് കാര്യങ്ങൾ തിരക്കി...

അമ്മാളുടെ അവസ്ഥ വളരെ മോശമാണ് രക്തത്തിൽ അളവ് വല്ലാതെ കുറയുന്നു,ഇന്ന് മൂന്ന് ഡോസ് എങ്കിലും കൊടുക്കണം ഇനി ബാങ്കിൽ നിന്നും കിട്ടില്ലാത്രേ...

"എനിക്കും അമ്മാൾക്കും ഒരേ രക്തമായിരുന്നു"

ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാനിറങ്ങുമ്പോൾ പുതപ്പിനടിയിൽ അനക്കമുണ്ടായിരുന്നില്ല നേഴ്സിനോട് അമ്മാളുടെ ഡോണർ കാർഡും വാങ്ങിയാണ് ഞാൻ പുറത്തിറങ്ങിയത് , ബാങ്കിൽ അപേക്ഷപൂരിപ്പിച്ച് രക്തവും കൊടുത്ത് കാർഡും വാങ്ങി വാർഡിലെത്തുമ്പോൾ. അടുത്ത കട്ടിലിൽ നിന്നാഹാരം എടുത്തതിന് അമ്മാളെ ഒരു കുട്ടിരുപ്പുകാരി ശകാരിക്കുകയായിരുന്നു. എന്തോ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി.

നേഴ്സിന്റെ കൈയിൽ ബ്ലെഡ് ബാങ്കിലെ കാർഡും കൊടുത്ത് തിരികെ ബെഡിലെത്തുമ്പോൾ നിറമില്ലാത്ത രക്തവുമ്മായി നേഴ്സ് എത്തിയിരുന്നു...

അമ്മാളോട് ഞാൻ കാണിക്കുന്ന സഹതാപം ബന്ധുക്കളിൽ പലരുടെ മുഖത്തും ഒരു ചിരിപോലെ നിൽക്കുന്നുണ്ടായിരുന്നു.
ഭാര്യ മുന്നറിയിപ്പും തന്നു

"മാഷേ ഇതു പണിയാകുമേ..."

പെട്ടെന്ന്
രക്തം കയറ്റുന്നതിനിടയിൽ വല്ലാതെ വിറച്ച് ഉറക്കെക്കരഞ്ഞ് അമ്മാൾ കട്ടിലിൽ നിന്നും താഴേക്ക് ഊർന്നു വീണു , ഞാൻ ഭയന്ന് നിലവിളിച്ചു നേഴ്സിംഗ് റൂമിലേക്ക് പാഞ്ഞു ചെന്ന് അറിയിച്ചു. അവരുടെ നിർവികാരത കണ്ട് എനിക്ക് ദേഷ്യം വന്നു ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞ് കട്ടിലിനടുത്തേക്ക് ഓടി, കട്ടിലിനുതാഴെ മലവും രക്തവും കലർന്ന് അമ്മാൾ കിടക്കുന്നു, ഞാൻ വീണ്ടും നേഴ്സിന്റെ റൂമിലേക്ക് ഓടി, വല്ലാതെ കയർത്തു എന്റെ ഭാവം കണ്ടിട്ടാകും ഒന്നുരണ്ടുപേർ വന്ന് ഡ്രിപ്പ് മാറ്റി, അറ്റൻഡർ അവരെ രൂപത്തിൽ  എടുത്തുകിടത്തി പുതപ്പും മൂടി.

"നാളെ അവർ വന്ന് കുളിപ്പിക്കും ഇതിവിടെ പതിവാ, ഈ തള്ളയ്ക്ക് ...." അവർ നിർത്തി.
എല്ലാവരും പോയപ്പോൾ തലയുടെ ഭാഗത്തെ പുതപ്പ് ഞാൻ പതിയെ മാറ്റി അമ്മാൾ ഉണർന്നു കിടക്കുന്നു കൈയിൽ ഒരു ബ്രെഡും.
നാളെത്തന്നെ ഈ ആശുപത്രി വിടാൻ ഭാര്യയും അമ്മയും തീരുമാനിച്ചിരുന്നു.

രാത്രി ഭക്ഷണത്തോടൊപ്പം ഡെറ്റോളും വാങ്ങിവരാൻ അമ്മ പറഞ്ഞു. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഉറങ്ങിക്കഴിഞ്ഞു. ഞാനും പുതപ്പുമായ് പുറത്തിറങ്ങി അമ്മാളുടെ കൈ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. രാത്രിയും ഞാൻ ശ്രദ്ധിച്ചു അമ്മാളുടെ കൈ പുറത്തേക്കുവരുന്നില്ല..
ഞാൻ നേഴ്സുമാരുടെ മുറിയിലേക്കുപോയി

"രഘുപതി അമ്മാളുടെ കൈ പുറത്തുവരുന്നില്ല..."

എന്നെ തുറിച്ചുനോക്കിയ അവരോട് പറഞ്ഞു

"പതിനൊന്നാം ബെഡിലെ രോഗി അനങ്ങുന്നില്ല ഒന്ന് വന്ന് നോക്കണം"

രാവിലത്തെ പ്രകടനം അവിടെ ചർച്ചയായിരിക്കുന്നു.നൈറ്റ് ഡ്യൂട്ടിയിലിരുന്ന ഒരു പി ജി മെഡിക്കൽ വിദ്ധ്യാർഥിയും മൂന്ന് നേഴ്സുമാരും വന്നുപരിശോധിച്ചു, മരണം സ്ഥിരീകരിച്ചു.

"വെള്ളത്തുണിവാങ്ങണം മോർച്ചെറിയിലേക്ക് മാറ്റണം ഒന്നുരണ്ടിടത്ത് ഒപ്പിടാനുണ്ട്..."

ഞാൻ എല്ലാം ചെയ്തു. മോർച്ചെറിയിലേക്ക് കയറ്റുന്നതിനിടയിൽ ആ പൊട്ടുകമ്മലുകളും വെങ്കലമോതിരങ്ങളും, കറുത്ത ചരടിൽ കെട്ടിയ മണിത്താലിയും തന്നു
ഒരു നേഴ്സ് ചിലകടലാസുകളിൽ  ഒപ്പിടാൻ പറഞ്ഞു...

പളനി എന്നപേരിൽ ഒപ്പിട്ട എന്റെ കീശയിൽ അപ്പോഴും രഘുപതിയമ്മാൾ എന്നെഴുതിയ പ്രവേശന പാസ് ഉണ്ടായിരുന്നു....!!

രതീഷ് കെ എസ്
മലയാളം അദ്ധ്യാപകൻ
ജി എച്ച് എസ് എസ് എടക്കര

Saturday 14 May 2016

കത്ത്

കൊണ്ടോട്ടി ആർ.ഓ ട്രീസ,
എന്ന സ്ത്രീയോട്......!!

ഞാൻ രതീഷ്, സ്നേഹിക്കാൻ ആരുമില്ലാത്ത അവസ്ഥ ശരിക്കറിഞ്ഞ ജീവിതം പൊരുതിനേടിയ , താങ്കളുടെ കീഴിൽ പ്രിസൈഡിംഗ് ഓഫീസറായി നിയമിതനായ എടക്കര ഹയർ സെക്കണ്ടറിയിലെ അദ്ധ്യാപകൻ....

ഒരു പെൺകുഞ്ഞിന്റെ പിതാവാകുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. എന്റെ ഭാര്യ രണ്ടാമതും ഗർഭിണിയായപ്പോൾ, വല്ലാതെ ശർദ്ദിച്ചപ്പോൾ , പെൺകുഞ്ഞായിരിക്കും എന്ന് പലരും പറഞ്ഞപ്പോൾ എന്നിലുമേറെ ഈ ഭൂമിയിൽ മറ്റാരും സന്തോഷിച്ചിട്ടുണ്ടാകില്ല.
കഴിഞ്ഞ 12 തീയതി മുതൽ അവൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് എന്റെ മകനും പനി കാരണം അഡ്മിറ്റ് ചെയ്തിരിക്കുന്നു.
അവരെ ആ അവസ്ഥയിൽ വിട്ടിട്ടാണ് നിങ്ങളുടെ ക്ലാസ് കൊണ്ടോട്ടിയിൽ ഞാൻ കേട്ടത്. അന്നുമുതൽ ഇതിൽ നിന്ന് ഒന്ന് ഒഴിവായി കിട്ടാൻ പലരെയും വിളിച്ചു. എല്ലാവരും തിരക്കിലാണത്രേ.

ഇന്ന് ഒരു സംഭവമുണ്ടായി എന്റെ ഭാര്യ രക്തം ശർദ്ദിക്കുന്നു,ഉറങ്ങാൻ പോലും ആകുന്നില്ല  പിന്ന ചെറിയ രക്തസ്രാവവും...

ഡോക്ടർ മാരും എന്നെ അടിയന്തിരമായി കാണണമെന്ന് അറിയിച്ചു. ബന്ധുക്കളിൽ പലരും എന്നെ കുറ്റം പറയുന്നു . അതൊന്നും എനിക്ക് പ്രശ്നമല്ല  അവളുടെ ശബ്ദത്തിൽ വല്ലാത്ത പതർച്ച....

നിലമ്പൂർ ആർ ഓ, നിലമ്പൂർ ഡെപ്യൂട്ടി തഹസീൽദാർ , കൊണ്ടോട്ടി പി ആർ ഓ
എല്ലാവരെയും വിളിച്ചു...
നിസഹായതയും കനിവും നിറഞ്ഞ വാക്കുകൾ.

പക്ഷേ നിങ്ങളുടെ വാക്കുകൾ...ഞാൻ മറക്കില്ല നിങ്ങളെപ്പോലെ ഒരു സ്ത്രീയെയും വെറുത്തിട്ടില്ല....

"ഇതൊക്കെ ലോകത്തിൽ എല്ലായിടത്തും ഉള്ളതാ...
നിങ്ങളുടെ ഭാര്യയ്ക്ക് ബന്ധുക്കളില്ലേ ? ഗർഭം വലിയൊരു സംഭവമൊന്നുമല്ലല്ലോ ? ജോലികിട്ടിയപ്പോൾ ഒപ്പിട്ടുകൊടുത്തതൊക്കെ ഓർമ്മയുണ്ടോ ?
എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല നാളെ കളക്ടരുടെ ഉത്തരവ് കിട്ടിയാലേ..."

പ്രിയ സഹോദരീ
ഞാൻ നാളെ വരില്ല,
എന്റെ ഭാര്യയെക്കാളും അവളുടെ വയറ്റിലെ എന്റെ കുഞ്ഞിനെക്കാളും വലുതല്ല ഈ ജാനാധിപത്യപ്രക്രിയ...!!

എന്ന്
രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Monday 9 May 2016

കവിത മാതൃദിനം

മാതൃദിനം...!

അമ്മയെ
ഫോണിൽ കിട്ടുന്നില്ല
മാതൃദിനാശംസ
അറിയിക്കാനായിരുന്നു.
ഭാഗ്യം
വൃദ്ധസദനത്തിലെ
വാർഡൻ
വിളിക്കുന്നു,
ചിതാഭസ്മം
ഏറ്റുവാങ്ങാൻ
ഞാൻ മറന്നൂത്രേ...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.

കവിത.... ഭോഗങ്ങളെല്ലാം...!

ഭോഗങ്ങളെല്ലാം
ക്ഷണപ്രഭാ ചഞ്ചലം..!

വളരെ നീണ്ട
മുഴുത്ത ലിംഗമായിരുന്നു
ഗോപിപിള്ളയ്ക്ക്.
ഭോഗിക്കാൻ കൊതിച്ച് എടിയേന്നൊന്നു നീട്ടിവിളിച്ചപ്പോൾ
അടുക്കളപ്പുറത്ത്  കരിക്കലത്തിന്റെ മൂട്ടിൽ
ചകിരികൊണ്ട് ചുരണ്ടിക്കേൾപ്പിച്ചു.
പതിമൂന്ന് പെറ്റിട്ടും കമലമ്മയെ ഗോപിപ്പിള്ള സ്നേഹിച്ചു.
പിന്നെയും വിളിച്ചപ്പോൾ
പുറ്റിങ്ങലമ്മയ്ക്ക് പൊങ്കാലയായിരുന്നു,
പിന്നെ കാവിൽ കൊടിയേറ്റം,
പിന്നെ മൂത്തകുട്ടീടെ നാലാം പുത്രീടെ ചോറൂണ്,
പിന്നെ അവൾക്ക് ഉറവപൊട്ടി,
പിന്നെയും
പിന്നെയും
പിന്നെയും ഗോപിപ്പിള്ളവിളിച്ചു....
അപ്പൊഴും പൊങ്കാലകൾ തീർന്നില്ല.
ഒടുവിൽ
ഒന്നു നീട്ടിമുള്ളീട്ട്
രണ്ടു വൻകരകൾക്കിടയിൽ
ഗോപിപ്പിള്ള മുഴുത്ത തന്റെ ലിംഗം മുറിച്ചെറിഞ്ഞു.
അതൊരു ഭ്രാന്തൻ തിരമാലയായ് കരയിലേക്ക്
അടിച്ചുകേറി.
സുനാമി
സുനാമി
സുനാമി...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.