Tuesday 21 November 2017

പെഡഗോഗി ഓഫ് പൊട്ടടിയൻ

പെഡഗോഗി ഓഫ്* പൊട്ടടിയൻ...!

"കള്ള സൂറേ യ്യ് വണ്ടി നെറ്ത്തണൊണ്ടാ, ന്റെ പൊട്ടൻ ആടെ
വീണേടക്കണ കണ്ടില്ലേന്ന്...."

അയിഷുമ്മ റഷീദിന്റെ തലമുടിയിൽ പിടിച്ചു, ആബിദയെ തല്ലാൻ കൈയോങ്ങി. റഷീദ് കാറ് റോഡിന്റവശം ചേർത്തു നിർത്തി. ആയിഷുമ്മ കോടതിവളപ്പിൽ പൊട്ടടിയൻ വീണുകിടക്കുന്നിടത്തേക്ക് ഇറങ്ങിയോടി, കൂടെയിറങ്ങാൻ തുടങ്ങിയ ഹനീഫയെ റഷീദ് തടഞ്ഞു.വാഹനം പതിയെ കോടതിവളപ്പ് വിട്ട് നിരത്തിലേക്ക് നീങ്ങി.ആബിദ കാറിന്റെ പുറകിലൂടെ നോക്കുമ്പോൾ പൊട്ടടിയനും അയിഷൂമ്മയും കോടതിവളപ്പിൽ നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിലെ ചായക്കടയിലെ ബെഞ്ചിലിരിക്കുന്നു....

'സ്റ്റെത് കോം' എന്ന വാട്സ് ആപ്പ് കൂട്ടായ്മയിൽ പൊട്ടടിയനെക്കുറിച്ചുവന്ന വാർത്തകണ്ട് ആബിദ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ചു....

"ഈ ഉമ്മാക്ക് ഇതെന്തിന്റെ കേടാന്ന്,
നാടൊട്ടുക്ക് ആ പൊട്ടന്റെ വിഷയം അറിഞ്ഞിക്കാ, സൽമ്മാന്റെ വീട്ടുകാരോട് ഇനി എന്ത് പറയും റബ്ബേ,.." അവൾ ഹനീഫയെ നോക്കി....

"..കുഞ്ഞാണിന്റെ കാര്യത്തിൽ കൊയപ്പോന്നുണ്ടാവൂലാ, ഹസ്നേടെ വാപ്പ കാര്യറിഞ്ഞ് വിളിച്ചിരുന്ന്  നിക്കാഹിന്  മുന്നേം അതങ്ങ് തീർത്താളാൻ പറഞ്ഞീനിം..."
ഹനീഫ ആബിദയെ നോക്കി....

"അളിയാക്കാ ങ്ങളത് വിടാളാ, പത്തൂപ്പത് കൊല്ലത്തെ പയ്ക്കോള്ള കഥേല്ലേന്ന്...ഓരായി ഓരെ പാടായി, ഉമ്മേനെ സൂക്ഷിച്ചോളീൻ ആ പന്ത്രണ്ടാപ്പൊട്ടന്റ പേരീന് എയ്താൻ ചാൻസൊണ്ട്, ന്നെ പീട്യേല് എറക്കീൻ കണക്കെടിപ്പിന് ആഡിറ്റര് വരേന്ന് പറഞ്ഞ്, ങ്ങള് വല്ലോം പായ്ച്ച് പീട്യേലേക്ക് പോന്നോളീൻ..."

ഹനീഫ ആയിഷാഗോൾഡ്  ബസാറിൽ ഇറങ്ങി .ആബിദ അടക്കിവച്ചിരുന്ന കരച്ചിൽ  തുറന്നുവിട്ടു...

'ആബി, യ്യ് മോങ്ങാതിരുന്നോ, അന്റെ തല തച്ചൊടയ്ക്കും ഞാൻ..."
കാറിനുള്ളിൽ പെട്ടെന്നൊരു മൗനം തലയുയർത്തി.

"ആ പൊലച്ചി മൈത്രിക്ക് സ്കൂളീന്ന് തൊടങ്ങിയതാ എന്നോടിത്ര...."

"അന്നോട് ചെലക്കാണ്ടിരിക്കാനല്ലേ ആബി പറഞ്ഞത്, ഹനീഫ പറഞ്ഞത് യ്യ് കേട്ടില്ലേ, ആയിഷാ ഗോൾഡിന്റെ പരസ്യോള്ള ഒരു പത്രത്തിലും ഈ വാർത്തവരൂലാ, സൽമ്മാന്റെ വാപ്പ അന്റെ കെട്ട്യോന്റെടുത്ത് പറഞ്ഞത് നി കേട്ടില്ലേ, വിരലോണ്ട് വീമ്പിളെക്കണ ജാതികള ഏനക്കേട് പെട്ടെന്ന് തീർന്നോളും അത് വരേ പൊരേ കുത്തിർന്നോ..."
കാറിന്റെ എഞ്ചിനൊപ്പം ആബിദയും മുരണ്ട് മുരണ്ട് ഉറങ്ങി....

ആൽമ്മരത്തിന്റെ ചുവട്ടിലെ ബെഞ്ചിലിരിക്കാതെ നിലത്ത് കുത്തിയിരുന്ന് ബന്ന് തിന്നുന്ന പൊട്ടടിയനെ നോക്കി അയിഷുമ്മ ചിരിച്ചു...
അയിഷുമ്മ ഒന്ന് ചിരിക്കാൻ പൊട്ടടിയൻ കാത്തിരിക്കും,  എന്നിട്ട് പൊകയില കറപറ്റിയ മോണ മാനം മുട്ടെ വലിച്ചുതുറക്കും..
അരമണിക്കൂർ മുന്നേ കോടതിയിൽ വാദിയും പ്രതിയുമായി നിന്നവർ ഒന്നിച്ചിരുന്ന് ചിരിച്ചുമറിയുന്നത് കണ്ട് വക്കിലന്മാർക്കും ചിരിപൊട്ടി.
അതിലൊരുത്തൻ വിളിച്ചുചോദിച്ചു...

...എന്താണുമ്മ നിങ്ങളെക്കൊണ്ട് ഏഴരലക്ഷം പിഴയടപ്പിക്കാൻ കൂട്ടുനിന്നോനോടൊരു പഞ്ചായത്ത്..."

"ഓ എന്തേനു ഒരു ലച്ചപ്രഫൂനെക്കണ്ടാ മയിസ്രേട്ടേ...നേരം ഇത്തറിം ആയിട്ടൊരു കാലിച്ചേയേന്റെ കാര്യം നോക്കാനാളൊണ്ടാന്ന്, കൊടിം തൂക്കി പൊരേ വന്ന് കൂക്കിവിളിച്ചോരൊക്കെ എവിടേനീം..."പൊട്ടടിയൻ ചിരി നിർത്തീലാ, അയിഷുമ്മേടെ കയ്യിലിരുന്ന ബന്നിന്റെ കഷ്ണം നിലത്തുവീണു, പൊട്ടടിയൻ അതെടുത്ത് വേഗം വായിലാക്കി, തന്റെ ഗ്ലാസിലെ പൊടികലർന്ന ചായ അവന്റെ ഗ്ലാസിലേക്ക് അയിഷുമ്മ ഒഴിച്ചുകൊടുത്തു...
കടക്കാരനോട് അയിഷുമ്മ വർത്താനം പറയുന്നതിനിടയിൽ, ഒരു വിറകുകൊള്ളിയും എടുത്ത് പൊട്ടടിയൻ കോടതിവളപ്പിലേക്ക് ദൂരെനിന്നു നടന്നുവരുന്ന മൈത്രിയെ ലക്ഷ്യമാക്കി ഓടി...അവൾ കോടതിവരാന്തയിലൂടെ കെട്ടിടത്തിനുള്ളിലേക്ക് ഓടി....
ഓടിയോടി പത്തിരുപത് കൊല്ലം പിന്നിലേക്കോടി....
പൊറ്റാട്ടിൻ പറമ്പിലെ ചാമ്പമരത്തിന് ചുറ്റും ഓടി, മുപ്പത് പോത്തുനിൽക്കണ തൊഴുത്തിന് ചുറ്റും ഓടി, പാതളം വരെ താഴ്ച്ചയിള്ള കിണറ്റിന് ചുറ്റും ഓടി,... പൊറ്റാട്ടിൻ മുറ്റത്ത് കൊത്തങ്കല്ലിൽ തർക്കിച്ച് ഞാൻ തള്ളിയിട്ട ആബിദേടെ കരച്ചിൽ കേട്ട് എന്നെ   ഓടിച്ചുകൊണ്ടിരുന്ന പൊട്ടടിയൻ തിരിച്ചോടി...
അയാൾ അവളെയും വാരിയെടുത്ത് വീട്ടിലേക്ക് കേറുമ്പോൾ പറങ്കിമാവിൽ ചാരിയിരുന്ന് കിതപ്പിനൊപ്പം അന്ന് ഞാൻ ഉറക്കെച്ചിരിച്ചു, കോടതിവരാന്തയിൽ  കിതപ്പിനൊപ്പം ഇന്ന്  കരച്ചിൽ വരുന്നുണ്ടെനിക്ക്...

പെരുമ്പടം കോളനീല് പൊട്ടടിയൻ ഇരുട്ട് വീണാലും ഉണ്ടാവൂലാ, പൊറ്റാട്ടിലെ അയിഷുമ്മാന്റെ അടിമേന്ന് പറയണതാവും ശരി, വെള്ളിച്ചിയമ്മായി എണിക്കുമുന്നേ ചാലിയാറ് നീന്തി പൊട്ടടിയൻ പൊറ്റാട്ടിലെ മുപ്പത് പോത്തുകളുമായി അകമ്പാടം വനത്തിൽ കേറീട്ടുണ്ടാകും, ജി യൂ പി സ്കൂളിലെ വഴീലെ തോടും ചാടിക്കടന്ന് ആബിദേം തോളിലിരുത്തി എന്റെ മുന്നിലൂടെ എക്സ്പ്രസ് വേഗത്തിൽ പോകും, പോണവഴിക്ക് എന്റെ തലയിൽ ഒരു കിഴുക്കും, ഹും...എന്നൊരാട്ടും. തോളിലിരിക്കണ അവൾക്ക് ചെരുപ്പൊരാഭരണമായപ്പോൾ എനിക്കത് വലിയൊരു സ്വപ്നമായിരുന്നു...ഓടിക്കിതച്ച് ജീ യൂ പി ലെത്തുമ്പോൾ പിള്ളാരെല്ലാം വട്ടത്തിൽ നിന്ന് അവളുടെ തട്ടത്തിലെ അത്തർ മണത്തു നോക്കണുണ്ടാകും, നീണ്ടതെങ്കിലും ചുരുണ്ടമുടിം, മെഴുക്ക് മുഖവും, വിയർത്തൊട്ടിയ ഉടുപ്പും കാരണം ക്ലാസിലെ ഒരെറ്റയെണ്ണം എനിക്ക് കൂട്ടില്ല, സ്കൂളിലെത്തിയാൽ ആബിദയ്ക്കും നൂറ് കൂട്ട്, അവളുടെ മണത്തിനെ പുകഴ്ത്തിപ്പറഞ്ഞ ആരിഫിനോട് ഒരിക്കൽ ഞാൻ പറഞ്ഞു,

"ഓൾടെ യഥാർഥമണം ചന്തീലാണ്, ബാക്കിയെല്ലാം അത്തർ പൂശീതാ..."

പൊട്ടടിയന്റെ തോളത്തെ മണം അവിടെയെങ്കിലും പറ്റിയിട്ടുണ്ടാകും എന്ന പ്രതീക്ഷയായിരുന്നു എനിക്ക്....

ഒരാഗസ്റ്റ് പതിനഞ്ചിന് കൊടിയുയർത്താൻ പോകുന്നവഴീൽ വച്ചാണ് എനിക്കും അവൾക്കും വയസറിവുണ്ടായത്...
പറങ്കിമാവിന്റെ ചുവട്ടിൽ വയറ്റിൽ കൈയമർത്തിപ്പിടിച്ച് നിലവിളിച്ച് ഞാൻ കരയുമ്പോൾ, വേദനകടിച്ചമർത്തി തോളിലിരുന്ന് അവൾ പൊറ്റാട്ടിലേക്ക് പോയി...
അവളുടെ പിന്നിലും പൊട്ടടിയന്റെ തോളിലും കറുത്തചുവപ്പ് തെളിഞ്ഞുവന്നു...പിന്നെ പൊട്ടടിയന്റെ തോൾ ഒഴിഞ്ഞു കിടന്നു, റഷീദിക്കാടെ സൈക്കിളിലും, സൽമാന്റെ സൈക്കിളിലും അവളങ്ങനെ സ്കൂളിലേക്ക് പോയപ്പോൾ...
എനിക്കൊരു മാറ്റവുമുണ്ടായില്ല, വിയർപ്പുകൊണ്ട് ക്ലാസ്മുറികളിൽ ഞാൻ അന്നും അന്യയായി...

പൊട്ടടിയന് ഒരിറ്റിരിക്കാൻ കഴിവില്ല, എപ്പൊഴും പണിയിലാകും,പാതളം വരെ താണുപോകുന്ന കിണറ്റിൽ നിന്ന് വെള്ളം കോരും, തൊഴുത്തെല്ലാം വൃത്തിയാക്കും, തെങ്ങും കവുങ്ങും ഒക്കെ കയറിയിറങ്ങും , പറമ്പ് വൃത്തിയാക്കും, അതിരിൽ കല്ലടുക്കും....വൈകിയാൽ ചാലിയാറ് നീന്തിപോത്തുകളുമായി മടങ്ങിവരും തലയിൽ ചുമട് വിറകോ, പുല്ലോ ഉണ്ടാകും...ഞങ്ങടെ കോളനിയിൽ കറണ്ട് വന്നില്ല, ആബിദേടെ കൂടിരുന്ന് കൊത്തങ്കല്ലു കളിയും വായനേം കഴിഞ്ഞ് പൊട്ടടിയന്റൊപ്പം ഞാനും കോളനിയിലേക്ക് പോകും, അയിഷുമ്മാടെ മുറീലെ ലൈറ്റ് അണഞ്ഞാൽ അടുക്കളപ്പുറത്തുചെന്ന് സൂറാബി കൊടുക്കണത് മുഴുവനും തിന്നും...
പാത്രം കഴുകി തൊഴുത്തിൽ വച്ച് ഒറ്റ നടപ്പാണ്. കൂടെയെത്താൻ പുസ്തകങ്ങളുമായി ഞാനോടും..വെള്ളിച്ചിയമ്മായി വിളക്ക് കെടുത്തീട്ടുണ്ടാകും,എന്റെ വീട്ടിലേക്ക് പിന്നെ കണ്ണടച്ചൊരോട്ടമാണ്...

കോളനീൽ പ്രമോട്ടർമാർ വന്നതുമുതൽ നിലമ്പൂരുള്ള റസിഡൻഷ്യൽ സ്കൂളിന്റെ അകത്തായി എട്ടാം ക്ലാസ് മുതലെന്റെ പഠിത്തം, ചെരുപ്പും ഉടുപ്പും സ്വന്താകാൻ തുടങ്ങി...
ആബിദ എരുമമുണ്ടയിൽ കന്യാസ്ത്രീമാർ നടത്തുന്ന ഇംഗ്ലീഷ് മീഡിയത്തിലും ചേർന്നു...

ഊണിനും ഉറക്കത്തിനുമിടയിലെ നാലം പിരീഡിൽ ഗിരിജന്മാഷാണ് അടിമത്തം നിർത്തലാക്കിയ എബ്രഹാം ലിങ്കണെക്കുറിച്ച് പറഞ്ഞത്...വെടിയേറ്റ് മരിച്ച ചരിത്രമറിയാതെ ആയിഷുമായിൽ നിന്ന് പൊട്ടടിയനെ മോചിപ്പിക്കാനുള്ള കത്തെഴുതാൻ എനിക്ക് മോഹമുണ്ടായി, ലിങ്കൺ സായ്വ് കോളനിയിൽ വരുന്നതും അയിഷുമ്മയിൽ നിന്നും.ആബിദയിൽ നിന്നും പൊട്ടടിയനെ മോചിപ്പിക്കണതും പലതവണ സ്വപ്നം കണ്ടു....പത്താം തരത്തിൽ ഫസ്റ്റ് ക്ലാസ് വാങ്ങിയപ്പോൾ ചരിത്രത്തിലെ ചിത്രങ്ങൾ എനിക്ക് വ്യക്തമായിരുന്നു...
കോളനിയിൽ ആദ്യമായി ഫസ്റ്റ്ക്ലാസ് വാങ്ങിയവൾക്ക് ആയിഷാ ഗോൾഡ് ബസാറും പ്രമോട്ടർമാരും പഞ്ചായത്തും ചേർത്തൊരുക്കിയ ചടങ്ങിൽ എനിക്ക് മാലയിട്ടുതന്നത് ആയിഷുമ്മയായിരുന്നു. ജന്മശത്രുവിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രം പിറ്റേന്ന് പത്രത്തിൽ വന്നപ്പോഴും എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല...ക്ലാസ് വാങ്ങിയ എന്നെക്കാളും ഗോൾഡ് ബസാറിനെയും.ആയിഷുമ്മയേയും ഡിസ്റ്റിംഗ്ഷൻ വാങ്ങിയ ആബിദയേയും പുകഴ്ത്താനായിരുന്നു. പ്രമോട്ടർക്കും നേരം, യോഗം തിരണതിനിടയിൽ  മൈത്രി പി ടി എന്ന് ആകെ രണ്ട് തവണ പറഞ്ഞു, പഞ്ചായത്ത് മെമ്പർ ആദിവാസീന്ന് മാത്രം...
എം ഈ എസിൽ പി ഡി സി കഴിഞ്ഞ് അവൾ മൈസൂർക്ക് ഡോക്ടറാകാൻ പോയി, ഞാൻ ആലുവായിൽ നിയമത്തിന്റെ വഴിയിലും...ഒരവധിയ്ക്ക് ആബിദേന്റെ കോളേജിൽ നിന്ന് വന്നവർ കോളനീൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, വന്നവരൊക്കെ തുണിയും മരുന്നും വിതരണം നടത്തി...സൽമാനും പൊട്ടടിയനും കുറേ ആണുങ്ങളും പുഴയിൽ ചൂണ്ടയിടാനും കാടുകയറിയിറങ്ങാനും പോയി...എല്ലാത്തിനും മുന്നിൽ പൊട്ടടിയൻ
അതിലൊരുത്തൻ എന്നോട് ഒലിപ്പിച്ച് വന്നു, നിയമത്തിന്റെ പഠനാന്ന് കേട്ടപ്പോൾ ഒരല്പം അകലം വച്ച് നിന്നു....
കോളനിയിൽ നടക്കണ ഈ മാറ്റങ്ങളൊന്നും വെള്ളിച്ചിയമ്മായീടെ പൊര അറിഞ്ഞതേയില്ല..
പതിവുപോലെ വിളക്ക് കെട്ട പുരയുടെ വരാന്തയിൽ പൊട്ടടിയൻ വന്ന് കിടക്കും, ചിലപ്പോൾ പൊറ്റാട്ടിന്റെ തൊഴുത്തിന്റെ ഒരുവശത്താകും കിടപ്പ്..
മെമ്പർ വാസവന്റെ സഹാത്താൽ അനീഷ് മഞ്ചേരിയുടെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി, ദേശീയ പാർട്ടിയുടെ സംസ്ഥാനകമ്മറ്റിയംഗം നോട്ടറി, അനീഷ് മഞ്ചേരി കേരളരാഷ്ട്രീയ രംഗത്ത് അയാളുടെ പാർട്ടിയെപ്പോലെ ചുവടുറപ്പിക്കാൻ വല്ലാതെ ശ്രമിക്കുന്നതിനാൽ കേസുകളൊക്കെ ഒത്തിരിയുണ്ടാകും, ചിലതെല്ലാം ഞാനും വാദിച്ചു...ആയിടയ്ക്കാണ് ലിങ്കണ് എഴുതാനുറച്ച കത്ത് ഓർത്തെടുത്തത് വെള്ളിച്ചിയമ്മായി ഒരാഴ്ച്ച  കിടപ്പിലായിരുന്നു.., ഒരുപരാതി എഴുതി വിരലൊപ്പ് വാങ്ങി, പൊട്ടടിയന്റെ കുറച്ച് ചിത്രങ്ങളുമായി പോലീസിൽ കൊടുത്തു. അതിന്
വഴിയിൽ വച്ച് റഷീദിക്ക....
"എച്ചിലുതിന്ന് വളർന്ന പട്ടിപ്രയോഗം" വല്ലാതെ എന്നെ പ്രകോപിപ്പിച്ചു...
കോടതീൽ ഒരു പരാതി സമർപ്പിക്കാൻ പറഞ്ഞത് അനീഷ് മഞ്ചേരിയാണ്...പോലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷണം വന്നതിനോടൊപ്പം ആ പറമ്പിൽ ഒരു കുഞ്ഞ് വീടും, പൊട്ടടിയനിൽ സാരമായ മാറ്റവും കണ്ടുതുടങ്ങി, ഹനീഫയുടെ പഴയ ഉടുപ്പും മുണ്ടും ഇട്ട് സ്റ്റേഷനിൽ വന്ന പൊട്ടടിയൻ എന്നെനോക്കി പല്ലിറുമി...
പിറ്റേന്ന് മുഖത്ത് നീരുമായി വെള്ളിച്ചിയമ്മായി എന്നെ കാണാനും വന്നിരുന്നു, അയിഷുമ്മാനെ കോടതി കേറ്റ്യാൽ പൊട്ടടിയൻ വനത്തിലെ അയണിമരത്തിൽ കെട്ടിത്തൂങ്ങി ചാവൂന്ന് പറഞ്ഞൂത്രേ....
വക്കീലാഫീസിൽ കേസ് തീർക്കാന്ന് പറയാൻ തുടങ്ങിയ എന്നോട്, ഗുമസ്ഥൻ ഗണേശൻ  പൊറ്റാട്ടിലേക്ക് അനീഷ് മഞ്ചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജാഥയെക്കുറിച്ച് പറഞ്ഞു തുടങ്ങി....കളക്ടർക്ക് പരാതികൊടുത്തതും, കോളനിയിൽ പാർട്ടിയുടെ യോഗം സംഘടിപ്പിച്ചതും, ഒന്നും ഞാനറിഞ്ഞല്ല. പിന്നീട് അതിൽ നിന്നൊന്നും മാറി നിൽക്കാനും കഴിഞ്ഞില്ല, കോളനിയുടെ രക്ഷകനായ അനീഷ്മഞ്ചേരിയുടെയും സി കെ ജാനുവിന്റെയും ചിത്രങ്ങൾക്കൊപ്പം എന്റെയും ചിത്രം അച്ചടിച്ച ഫ്ലെക്സ് കോളനിയിൽ, പാർട്ടി കൊടിമരത്തിന്റെ ചുവട്ടിൽ സ്ഥാപിച്ചു...

"ഞ്ഞി ഈടെ ഇരിപ്പാണാ, എണീറ്റ് വാ പെണ്ണെ, പൊട്ടൻ അന്നെ ഇനി ഒന്നും ചെയ്യൂലാ....യ്യ് പോയി ഒരു വണ്ടി വിളിച്ചോണ്ട് വാ...."

അയിഷുമ്മ ഇതും പറഞ്ഞ്  പൊട്ടടിയന്റെ കൈപിടിച്ച് കോടതിവളപ്പിൽ നിന്ന് പുറത്തേക്കിറങ്ങി....
കാറുമായെത്തുമ്പോൾ പൊട്ടടിയന് ബദാം കായകൾ കല്ലുകൊണ്ടിടിച്ച് പൊട്ടിച്ച് അയിഷുമ്മ  കൊടുക്കുന്നു....

മൈത്രി മുൻ സീറ്റിൽ കയറി, പൊട്ടടിയൻ കാല് കുന്തിച്ച് നിലത്തിരിക്കാൻ നോക്കി, അയിഷുമ്മ അവനെ സീറ്റിൽ ശരിക്ക് പിടിച്ചിരുത്തി,...."

"ഏയ് ലച്ചോന്നും എന്നെക്കൊണ്ട് കൂട്ട്യാ കൂടുലപെണ്ണേ,  ഒരു പന്ത്രണ്ട് സെന്റും പയേ പൊരേണ്ട്...അത് യ്യ് ഈ പൊട്ടന്റെ പേരിലാക്കിത്തരണം , അതൊന്ന് കോടതീലും ഞ്ഞീ പറയണം..."

മൈത്രി കരച്ചിലടക്കാൻ ശ്രമിച്ചു...

"അന്ന്
അറുപത്താടിലെ വെള്ളപ്പൊക്കത്തീന്ന് ഈനെ രച്ചിക്കാൻ അദ്രുമാനിക്ക നോക്കീതാ ഓര് ഒലിച്ച് പോയി, ഓരെ പോത്തുകളേം കൊണ്ട് ഈ പൊട്ടൻ പൊറ്റാട്ടിലേക്ക് കേറിവന്ന്...ഓനെന്ന് ഉമ്മാന്നും വിളിച്ചില്ല ഓനെ ഞാൻ പുള്ളേന്നും കൂട്ടീലാ..ഓനും ഞാനും വെശർത്തേന്റെ ഫലാണ് പൊറ്റാട്ടിന്റെ സ്വത്ത് അയിലൊരംശം ഓന്റെ തന്നാ അതിപ്പൊ കോടതിപറഞ്ഞാലും ഇല്ലേലും അതന്നാ....
വെള്ളിച്ചിനേം ഓനേം ആ പൊരേലാക്കണം യ്യ്,  ഓന് കാർഡൊന്നൂല്ലാ, പിന്നെങ്ങനാണ് നാളെ നേരം വെളുക്കുമ്പം മയിസ്രേട്ട് പറേണപോലെ പാസൂക്കിൽ ഏഴ് ലച്ചം ഞാനിടണത്....?"

അയിഷുമ്മ ഒന്ന് നിർത്തി

  " ഞ്ഞിള്ള കാലം  പൊട്ടന്റെ പൊരലേ വയ്പ്പുകാരിയാ പൊറ്റാട്ടിലെ ആയിഷ...അതു മത്യാവോ മാളോർക്ക്..."

കാറിന്റെ ചില്ലുകൾക്കപ്പുറത്തെ പറമ്പുകളിൽ നിറഞ്ഞു നിൽക്കുന്ന കൊഴുത്ത പുല്ലുകളിലായിരുന്നു അപ്പൊഴും പൊട്ടടിയന്റെ നോട്ടം...
അയിഷുമ്മയ്ക്കെതിരേ എബ്രഹാം ലിങ്കണെഴുതിയ കത്ത് ചെറിയ കഷ്ണങ്ങളാക്കി  പുറത്തേക്ക് പറത്തിവിടുകയായിരുന്നു
ഞാൻ...!

*പെഡഗോഗി ഓഫ് ഒപ്രസ്ഡ്
മർദ്ദിതരുടെ വിമോചനശാസ്ത്രം- പൗലോ ഫ്രയർ

കെ എസ് രതീഷ്
( ഗുൽമോഹർ 009)

Tuesday 7 November 2017

തിങ്കളും താരങ്ങളും..!!

തിങ്കളും താരങ്ങളും...!!

ടീ,
ഗൗരിപ്പെണ്ണേ
ഗൃഹപാഠത്തിന്റെ പേരിൽ
എന്നെ മാഷുമാരെല്ലാചേർന്ന് തല്ലീട്ടൊണ്ട്
( ആ ഗോപീടെ ബുക്കുനോക്കി പകർത്തിവച്ച് അവരെ പറ്റിച്ചു. )

വർത്താനം പറഞ്ഞേന്
പെണ്ണുങ്ങളുടെ എടേൽ പിടിച്ചിരുത്തീട്ടുണ്ട്
( അവിടിരിക്കാൻ ഞാൻ പിന്നേം ഉച്ചത്തിൽ വർത്താനിച്ചൂ, പുളി, മാങ്ങ, ഞാവൽ ധാരാളം അവളുമാർ തിന്നാൻ തന്നു )

സ്റ്റോറീന്ന്
പാൽപ്പൊടിയും
കളർചോക്കും കട്ടതിന്റെ പേരിലെന്നെ പുറത്ത് നിർത്തി
(പിന്നേം പിന്നേം കട്ടു, കളർ ചോക്കുകൊണ്ട് അവരെക്കുറിച്ച് നാലു മുട്ടൻ തെറിയെഴുതിവച്ചു, സുമതീടീച്ചറുടെ തടിച്ച മു.., ജയദേവൻ സാറിന്റെ അ..., ജോർജ്ജിന്റെ ച,...)

കഞ്ഞിപ്പൊരേടെ പിന്നീന്ന് കിട്ട്യബീഡീം
മുറിഞ്ഞ ചൂരലിന്റെ കഷ്ണോം കത്തിച്ച് വലിച്ചേന്റെ പേരിൽ വീട്ടുകാരെ വിളിപ്പിച്ചു...
( അപ്പന്റെ ബീഡി പിന്നേം ഞാൻ കട്ടെടുത്തു അവരെ നോക്കി വട്ടത്തിലന്ന് പുകവിട്ടൂ, വൃത്തത്തിന്റെ ആരവും വ്യാസവും വലുതായി വലുതായി...)

ഒരുത്തിക്ക് കത്തുകൊടുത്തേന്
കള്യാക്കിയവരെ ഞാൻ തല്ലി, ഡെസ്റ്ററുകൊണ്ടെറിഞ്ഞ്
(ഒറ്റനിലക്കെട്ടിടത്തിന്റെ ഓടൊക്കെ  പൊട്ടിച്ചു...)

പ്രോഗ്രസ് കാർഡിൽ കള്ളൊപ്പിട്ടപ്പോഴും
വല്യന്വേഷണമൊക്കെ പുറപ്പെടുവിച്ചു....
( അമ്മേടെ കാലിൽ വീണ് ഞാൻ നന്നായി അഭിനയിച്ചു, സാക്ഷികൂറുമാറി, ഞാൻ ജയിച്ചു)

കൊല്ലപ്പരീക്ഷയ്ക്ക്
അടുത്തിരിക്കണതും, ഡെസ്കിനടിയിലിരുന്നതും ചേർത്തെഴുതി ഞാൻ പാസായീ...
എന്നിട്ടും ഞാനിപ്പൊ മാഷായി
ജീവിക്കണില്ലേ.?

എനിക്കെല്ലാം
ഒറ്റനിലക്കെട്ടിടമായിരുന്നു.
കുതിച്ചുചാട്യാലും
ചാവൂലാല്ലോ ?
ഇല്ലെങ്കിലും ഞാനവറ്റകളെയല്ലേ കൊല്ലൂ.

'അഖിലാണ്ടമണ്ടന്മാർ അണിയിച്ചൊരുക്കി,
അതിനുള്ളിലൊരുവന്റെ മണ്ടയ്ക്ക് കൊട്ടീ..'

ദേ,
ഗൗരിപ്പെണ്ണേ ഞാനിപ്പൊഴും സ്കൂളിന്റെ പ്രാർഥന തെറ്റിച്ചേപ്പാടൂ..
എന്നിട്ടും ഞാൻ ജയിച്ചില്ലേ....!!

കെ എസ് രതീഷ്
(ഗുൽമോഹർ 009)

ഉത്തമന്റെ പ്രോഗ്രസ് കാർഡ്...!!

ഉത്തമന്റെ പ്രോഗ്രസ് കാർഡ്...!!

ഉത്തമേട്ടന്റെ പ്രതിമ
നഗരസഭയുടെ കവാടത്തിലാകണമെന്നും, അല്ല,
അത് നിർത്തേണ്ടത് നഗരമധ്യത്തിലാകണമെന്നും വലിയ തർക്കം നടന്നിട്ടും അതിലൊരാൾ പോലും ആംബുലൻസിൽ കയറാൻ മനസുകാണിച്ചില്ല. വായനശാലയിലെ   പിള്ളേർ ആ സമ്മതപത്രം പൊക്കിപ്പിടിച്ച് വന്നില്ലായിരുന്നെങ്കിൽ പറമ്പിന്റെ മൂലയിലെരിഞ്ഞു തീർന്നേനെ, ഇതിപ്പോൾ മെഡിക്കൽ കോളേജിൽ എത്തിക്കണം. വണ്ടിവാടകകൊടുക്കാൻ പോലും കാശില്ല. നന്ദു വിശന്ന് കുഴഞ്ഞമട്ടാണ്.

വണ്ടി സ്കൂളിന്റെ പുറത്തെ മതിലിനോട് ചേർത്തുനിർത്താൻ ഡ്രൈവറുചെക്കനോട് ഞാൻ പറഞ്ഞു... അനുശോചന സമ്മേളനത്തിന്റെ കൂറ്റൻ ഫ്ലെക്സിന്റെ തണലിൽ വാഹനം നിർത്തി, സ്കൂൾ മുറ്റത്തെ പുതിയ വേദിയിൽ അനുശോചനയോഗം തുടങ്ങിയതേയുള്ളൂ.വണ്ടിവാടകയ്ക്കും മടങ്ങിവരാനും  ആരോടെങ്കിലും ഇത്തിരി കാശ് കടം വാങ്ങിക്കണം...
ഗേറ്റിൽ പോലും യോഗത്തിനെത്തിയവരുടെ വലിയതിരക്ക്. ഉത്തമേട്ടന്റെ സമ്പാദ്യത്തിൽ ആദ്യമായി എനിക്ക് അഭിമാനം തോന്നി, യോഗം തീരുവോളം കാത്തുനിൽക്കാൻ ആംബുലൻസിലെ ചെക്കന് സന്മനസുതോന്നാൻ അവൾ ഉള്ളുരുകി പ്രാർഥിച്ചു.

വെട്ടത്തൂർ സ്കൂളിന് ജീവനുണ്ടായിരുന്നെങ്കിൽ എന്റെ ശാപമേറ്റ് എന്നേ നിലം പൊത്തുമായിരുന്നു...
ഉത്തമേട്ടന്റെ ചിരിക്കുന്ന മുഖമുള്ള ഒരു ഫ്ലെക്സ് ബോർഡ് നാലഞ്ചുപേർ ചേർന്ന് ഗേറ്റിന്റെ വശത്ത് സ്ഥാപിക്കുന്നു...
ചരിഞ്ഞ സൗമ്യമായ ചിരി...
വർഷങ്ങൾക്കുമുന്നേ ജയന്തിടീച്ചർ പ്രസവാവധിയെടുത്തപ്പോൾ എമ്പ്ലോയ്മെന്റിൽ നിന്നും വിളിച്ചതാണെന്നെ, വന്നുകേറിയതിന്റെ മൂന്നാം ദിനം മുതൽ സ്കൂളിന്റെ നിത്യബ്രഹ്മചാരിയും,
സർവ്വസമ്മതനും വർഷങ്ങൾക്കുമുന്നേ വിവാഹപ്രായത്തിന്റെ അതിരുകൾ പിന്നിട്ട ഉത്തമനായ ഉത്തമൻ മാഷിന്റെ ഇണയെ എന്നിൽ അവർ കണ്ടെത്തുകയായിരുന്നു...
ആരാധന തോന്നിക്കണസ്വഭാവവും ഉത്തമേട്ടന്റെ അമ്മയുടെ മരണവും എന്റെ സമ്മതത്തിനാക്കം കൂട്ടി,
വിൽക്കാച്ചരക്ക് വിലകുറച്ച് വിൽക്കാനുള്ള വിവാഹാവസരം എന്റെ അമ്മയും ആങ്ങളയും നാത്തൂന്മാരും നന്നായി ഉപയോഗിച്ചു...വേനലവധിയുടെ ആലസ്യത്തിൽ തുളസിമാലകൾ ഞങ്ങളെ ഒരുമിപ്പിച്ചു....

ഫ്രീസറിന്റെ തണുപ്പിൽ ഉത്തമേട്ടനങ്ങനെ ഉറങ്ങുമ്പോൾ...
ഞാൻ കാലുനിവർത്തിയിട്ട് അനുശോചനവേദിയിലേക്ക് നോക്കി സമാന്തരമായി ചാരിയിരുന്നു....
ആൾക്കൂട്ടത്തിലേക്ക് അദ്ധ്യക്ഷനങ്ങനെ പെയ്യുകയാണ്....

"ഡൽഹീന്ന് അവാർഡ് വാങ്ങിക്കാൻ പോയ ദിവസങ്ങളിലാണ് എനിക്ക് മാഷിനെ ഏറ്റവും മനസിലാക്കാൻ കഴിഞ്ഞത്, തുണിസഞ്ചിയിൽ കണ്ണാടിയും വായിക്കേണ്ടബുക്കും ഒരു ഡയറിയും, ഒരു മൊബൈൽ ഫോണുപോലുമില്ലാത്ത ആ മനുഷ്യനെന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു...
തികഞ്ഞ ഗാന്ധിയന്റെ ചിന്തകളിൽ എപ്പോഴും സ്കൂളിന്റ് ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു...
കഴിഞ്ഞ ജൂണിലെ ഒരു രാത്രി ഞാനോർത്തുപോകുകയാണ്...
നനഞ്ഞൊലിച്ച് വീടിന്റെ മുറ്റത്ത് നനഞ്ഞൊലിച്ച് നിന്ന്...

'പ്രസിഡന്റേ നമ്മടെ യൂ .പി കെട്ടിടത്തിന്റെ ഒരു വശം വീണ്, മറ്റൊള്ളതും ചോർന്നൊലിക്കണ്.
എന്തേലും ഉടനേ ചെയ്യണം. നമ്മളെ മക്കള് എവിടിരുന്ന് പഠിക്കും....' കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞോണ്ടുള്ള ആപോക്ക് എന്റെ ഓർമ്മയിൽ നിന്ന് മാഞ്ഞുപോയിട്ടില്ല.
പറയാൻ തുടങ്ങിയാൽ എണ്ണിയെണ്ണിപറയാനുണ്ടാകും ഇവിടെ കൂടിയ എല്ലാർക്കും....ഈ സ്കൂള് ഉത്തമൻ മെമ്മോറിയലാക്കാനുള്ള കർമ്മ പദ്ധതി ഞങ്ങൾ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്...."
പ്രസിഡന്റ് കണ്ണാടി മുഖത്ത് ചേർത്തുവച്ചു...

ഇനി നിങ്ങളോട് സംസാരിക്കാൻ ഉത്തമന്മാഷിന്റെ സുഹൃത്തും സഹപ്രവർത്തകയുമായ വിലാസിനിദേവി ടീച്ചറെ ക്ഷണിക്കുന്നു....

കൂടിയിരുന്നവരുടെ ഏങ്ങലുകൾ മുഴുവൻ നെഞ്ചിലേറ്റുവാങ്ങി വിലാസിനി ടീച്ചർ മൈക്കിനടുത്തേക്ക് നടന്നു,പീയുണ മണിയേട്ടൻ മൈക്ക് അല്പം താഴ്ത്തിക്കൊടുത്തു....

ആസ്മയുടെ ആധി സഹിക്കാനാകാനാകാതെ ഇവനേം കൊണ്ട് നാടൊട്ടുക്ക് ഓടണ ദിവസായിരുന്നു പ്രസിഡന്റിൽ നിന്ന് ഉത്തമേട്ടൻ മെഡലുവാങ്ങിയത്...പ്രസിഡന്റ് പറഞ്ഞത് സത്യാ ഉത്തമേട്ടന്റെ ഹൃദയം വലിയൊരു സ്കൂളാണ് മണിയൊച്ചയും, കൃത്യമായ പിരീഡുകളുമായി അത് തിരിച്ചുവച്ചിട്ടുള്ളതാണ്..നാലാം ദിവസം വീട്ടിലെത്തുമ്പോൾ പ്രസിഡന്റ് കൊടുത്ത സാക്ഷ്യപത്രം ചുരുട്ടി വാതിലിന്റെ പിടിയിൽ വച്ചിട്ടുണ്ടായിരുന്നു. അത്താഴത്തിനും, കിടക്കാൻ നേരത്തും പ്രസിഡൻഷ്യൽ ചടങ്ങിന്റെ ആവേശത്തിലായിരുന്നു അദ്ദേഹം....

"രാവിലെ നേരത്തേ പോകണം സീതേ, മുറ്റത്ത് നട്ട ചെടികൾക്കൊക്കെ നല്ല വാട്ടമുണ്ട്, ആ മണിയൻ ഒരിറ്റ് വെള്ളം കൊടുക്കില്ല....
വേനലല്ലേ വരണത്, അല്പം നനവ് കിട്ടീലെങ്കിൽ വാടിപ്പോകും..."
ശ്വാസത്തിന്റെ താളം അപ്പൊഴും ശരിയാതെ വലയുന്ന നന്ദൂനെ ഞാൻ ചേർത്തുപിടിച്ചു....
പുറത്ത് അപ്പോൾ വല്ലാതെ മഴപെയ്യുന്നത് പോലെ തോന്നി...

വിലാസിനി ടീച്ചർ മൈക്ക് അല്പം കൂടെ താഴ്ത്തി....
സാരിത്തുമ്പ്കൊണ്ട് കണ്ണ് തുടച്ചു...

"പ്രസിഡന്റ് പറഞ്ഞത് പോലൊന്നുമല്ലാ, എനിക്കെന്റെ നേരാങ്ങളെയാ നഷ്ടായത്..കഴിഞ്ഞ മാർച്ചിൽ കാറ് തട്ടി ചോരയിൽ കുളിച്ച് കിടന്ന എന്റെ ജയേട്ടനെ വരിയെടുത്തോണ്ട് ഉത്തമൻ ഓടിയ ഓട്ടോണ്ട്, ഇരുപത്തിമൂന്ന് ദിവസം ഒരിടത്തേക്കും പോകാതെ നിന്ന് നോക്കിയത് കണ്ട് എന്റേം കൊച്ചിന്റേം കണ്ണ് നെറഞ്ഞുപോയി, അന്ന് തൊട്ട് എന്റെ അമലക്കൊച്ച് എളേച്ചാന്നാ ഉത്തമനെ വിളിക്കണത്, അവള് ആ മുറീല് കരഞ്ഞ് ബോധം കെട്ട് കെടപ്പൊണ്ട്....
വീട് പണി മൊടങ്ങീട്ട് എന്റെ ജയേട്ടൻ ഒരബദ്ധം കാണിച്ചത് നിങ്ങൾക്ക് ഓർമ്മയുണ്ടല്ലോ,...പിറ്റേന്ന് ഒരഞ്ച് ലക്ഷേം കൊടുത്തിട്ട് ഉത്തമൻ  " ന്റെ പെങ്ങളെ വിധവയാക്കല്ലേ ജയാന്ന്" പറഞ്ഞ വാക്ക് ഈ ചെവീൽ മൊഴങ്ങി നിൽക്കേണ്....
പെട്ടെന്ന് വിലാസിനിദേവി പിന്നിലേക്ക് മറിഞ്ഞു, പ്രസിഡന്റും മണിയനും ചേർന്ന് താങ്ങി, ടീച്ചർ മാർ വന്ന് താങ്ങിക്കൊണ്ടുപോയി....

"ഇനീം കൊറേ സമയോണ്ടാവൂല്ലേ ചേച്ചീ, ഇന്നലെ രാത്രീം ഓട്ടോണ്ടാർന്ന് ഒന്നും ശരിക്ക് കഴിച്ചില്ല..." ഡ്രൈവർ ചെക്കൻ പൊതിയഴിച്ചപ്പോൾ വണ്ടിനിറയെ ബിരിയാണിമണം, നന്ദൂന്റെ നോട്ടം കണ്ട് ഡാഷ്ബോഡിൽ നിന്നെടുത്ത ഒരു പേപ്പർ പ്ലേറ്റിൽ കുറച്ചെടുത്ത് അവനുനേരെ നീട്ടി, കൈയിലിരുന്ന നാരങ്ങ നിലത്തിട്ട് അവനത് വാങ്ങികഴിക്കാൻ തുടങ്ങി, വിശപ്പിനെക്കാൾ മരണോന്നും കുഞ്ഞുങ്ങൾക്കില്ലല്ലോ...? കരയാതിരിക്കാൻ ഞാൻ ചുണ്ട് കടിച്ചമർത്തി....
വിലാസിനിദേവി സൃഷ്ടിച്ച ഏങ്ങലലകൾ കുറേനേരം വേദിയിൽ തങ്ങിനിന്നു, ആ ഓടിട്ടപഴയ വീട്ടിലേക്ക് ഞാൻ വലതുകാൽ വച്ച് കേറുമ്പോൾ ഉള്ള അവസ്ഥതന്നെയാണിന്നും, അടുക്കളയോട് ചേർന്ന ചായ്പ്പ് വീണിട്ടും ഈ അഞ്ചുലക്ഷത്തിന്റെ കനമൊന്നും ഞാൻ കണ്ടില്ല, നന്ദൂന് അച്ഛനെയൊന്ന് കാണാൻ കിട്ടാറില്ല, അവനെക്കൊണ്ട് മാഷേന്ന് വിളിപ്പിക്കണതിന്റെ യുക്തിയും ഞാനിതുവരെ ചോദ്യം ചെയ്തിട്ടില്ല...ഇരുപത്തിമൂന്ന് ദിവസം പോയിട്ട് ഒരു രണ്ട് ദിവസം  എന്റെപ്രസവസമയത്ത് പോലും കൂടെ നിന്നില്ല,.ഒറ്റദിവസം പോലും ദീപാരധനമുടക്കിയിട്ടില്ല കൂടെ കൂട്ടും, മടക്കം ഞങ്ങൾ മാത്രാകും..ക്ഷേത്രഭാരവാഹിയും സ്റ്റാഫ് സെക്രട്ടറിയുമായ രാമദാസന് വഴിപാട് കൗണ്ടറിലിരുന്ന് എന്തെങ്കിലും വിശേഷം പറയാനുണ്ടാകും..

വഴിപാട് കൗണ്ടറിന്റെ അതേശബ്ദത്തിൽ യോഗസ്ഥലത്ത് രാമദാസൻ വിളിച്ചുപറയുന്നു....

ഉത്തമൻ സാറിന്റെ സ്കൂളിൽ സ്റ്റസ്ഫ് സെക്രട്ടറിയാവാൻ എനിക്കെന്തർഹത,...ഇവിടെ സ്റ്റാഫിന്റെ ഇടയിൽ ഒരു വഴക്കുണ്ടായിട്ടുണ്ടോ..? ഒരു വിവാഹോ, പ്രസവോ പാലുകാച്ചോ വന്നാൽ ആരാ കാര്യം നടത്തണത് ഞാനാണോ...?
'നീയാ കണക്കൊക്കെ ശര്യാക്ക് ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാന്നും' പറഞ്ഞ് ചിരിച്ചോണ്ട് ഒറ്റപ്പോക്കാ..ഈ സ്കൂളീവന്ന പാവപ്പെട്ട പെണ്ണിന് ജീവിതം കൊടുത്തതും, അവര് ഒരുമിച്ച് ദീപാരാധനയ്ക്ക് മുടങ്ങാതെ വരണതും....നമ്മുടെ വിഷ്ണുത്തുകാവിലെ കൗണ്ടറിലിരുന്ന് ഞാൻ കാണണതല്ലേ, ദേവിയ്ക്ക് കൊടിമരോം, ചുറ്റമ്പലോം, അമ്പത് മുത്തുക്കുടയും ഈ വർഷം വന്നത് എങ്ങനാന്നാ...? ഞാൻ നിർത്താണ് ഇനിം പറഞ്ഞാൽ വിലാസിനിടീച്ചറെപ്പോലെ ഞാനും കരഞ്ഞുപോകും..."

രാമദാസ് ചുളിവില്ലാത്ത തൂവലയെടുത്ത് മുഖം തുടച്ചു....

ഡ്രൈവർ ചെക്കൻ വലിച്ചുവിട്ട പുകയേറ്റ് നന്ദു ഒന്നുരണ്ട് തവണ ചുമച്ചു....

"അതിന് വലിവിന്റെ കൊഴപ്പോണ്ട്, അതാട്ടോ..."
ചെക്കൻ സിഗരറ്റ് വലിച്ചെറിഞ്ഞ് ക്ഷമചോദിക്കും വിധം എന്നെനോക്കി....

"ഈ മനുഷ്യനെക്കുറിച്ച്
ഇവരീപ്പറയണതൊക്കെ ശരിയാണോചേച്ചി..."

ഞാൻ അർദ്ധസമ്മതത്തിൽ തലകുലുക്കി...

"എങ്കിലും സത്യോന്ന് പറഞ്ഞാൽ എല്ലാർക്കുംസത്യാവണോന്നില്ലാട്ടോ..." ആംബുലൻസിലെ സ്റ്റിരിയോയിൽ പതിഞ്ഞശബ്ദത്തിൽ ഒരു പാട്ട് വച്ചു...

അടുത്തായി വിദ്യാർഥി പ്രതിനിഥി, വർഗീസ് ഫിലിപ്പ് നിങ്ങളോട് സംസാരിക്കും...

" എനിക്ക് പ്രസംഗിക്കാനൊന്നും അറിയുലാട്ടോ, എന്നാലും ഉത്തമൻസാറില്ലാത്ത സ്കൂളിനെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയണില്ല, എനിക്കെന്നെല്ല ഇവിടാർക്കും പറ്റൂന്ന് തോന്നണില്ല, ടോയിലെറ്റിൽ സിഗരറ്റ് വലിച്ചേന് പുറത്താക്കിയപ്പോൾ , അപ്പനെന്നെ കൊപ്രാക്കളത്തിൽ വിട്ടപ്പോൾ അവിടെന്ന് വിളിച്ചോണ്ട് വന്ന് ക്ലാസിലിരുത്തി, സ്കൂൾ ലീഡറാക്കി, ജില്ലാ ഫുഡ്ബോൾ ടീമിലെത്തിച്ചത് മാഷാണ്, പുതിയ ഫുഡ്ബോൾബൂട്ട്  വാങ്ങിത്തരാന്നും പറഞ്ഞ് പോയമാഷിനെ...."
വർഗീസ് കരഞ്ഞോണ്ട് വേദീന്ന് ഇറങ്ങിയോടി ഇതുകേട്ടുനിന്ന നന്ദു, നിലത്തു കിടന്ന നാരങ്ങ ഉത്തമേട്ടന്റെ അടുത്തേക്ക് തട്ടിനീക്കി, എന്നിട്ട് പുറത്തേക്ക് നോക്കിയിരുന്നു....

പ്രിയപ്പെട്ടവരേ ഒരെച്ചെമ്മിന്റെ ഒരു ടെൻഷനുമില്ലാതെ കഴിഞ്ഞ നാലുകൊല്ലം ഞാനിവിടെ ജോലിചെയ്തു...
ഉത്തമന്മാഷില്ലാത്ത ഈ വെട്ടത്തൂരിനെക്കുറിച്ച് എനിക്കും ചിന്തിക്കാനാകില്ല....

നന്ദിപറയാൻ തുടങ്ങിയപ്പോൾ തന്നെ വേദിയിലും സദസിലും നിരത്തിയ കസേരകളുടെ നിറം വ്യക്താകാൻ തുടങ്ങി...
വിലാസിനി ടീച്ചറെ വഹിച്ച ജയദേവിന്റെ കാറിൽ മറ്റ് നാല് അദ്ധ്യാപികമാരും ഗേറ്റ് കടന്നപ്പോൾ ഞാൻ ചെക്കനോട് വേഗം വണ്ടിയെടുക്കാൻ പറഞ്ഞു....

"എന്താ ചേച്ചി, എന്താപറ്റിയത്..."

സീത വിരലിൽ കിടന്ന മോതിരം ഊരി ഡ്രൈവർ ചെക്കനുകൊടുത്തു....

"എവിടേലും പണയവച്ച് വാടകയെടുത്തിട്ട് ബാക്കിയുണ്ടെങ്കിൽ തന്നാമതി...."

ഒരു ചിരിയോടെ അയാളത് മടക്കിക്കൊടുത്തു,...

"ഇതിപ്പൊ ഈ ശരീരം മെഡിക്കൽ കോളേജിൽ പഠിക്കാൻ കൊടുക്കണം അത്രേല്ലേയുള്ളൂ..ചേച്ചി സമാധാനിക്ക്, ടൗണിൽ ഇറങ്ങിക്കോ.രണ്ട് ദിവസം കഴിഞ്ഞ് എന്നെ വിളിക്ക് രേഖകളൊക്കെ ഞാൻ എത്തിക്കാം.കാശിന് ആവശ്യോണ്ടെങ്കിൽ എനിക്ക് കിട്ടണേന്ന് ചോദിക്കാനും മടിക്കണ്ട...."

ടൗണിൽ ഇറക്കി ആ വാഹനം തിരക്കിലേക്ക് മറയുമ്പോൾ...
ഉത്തമന്റെ പ്രോഗ്രസ് കാർഡിൽ ഭൂമിയിലെ സർവ്വവിഷയങ്ങൾക്കും നൂറിൽ നൂറുവാങ്ങിയ കള്ളികൾക്ക് താഴെ ചുവന്ന് ചരിഞ്ഞ വരകൾക്കിടയിൽ നന്ദുവും സീതയുമുണ്ടായിരുന്നു....!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)