Monday 29 February 2016

കവിത എന്റെ അജ്ഞാത ജഡം

എന്റെ അജ്ഞാത ജഡം..!

ആൾക്കൂട്ടം
ആകാംഷ
എന്റെപൂമുഖത്ത്  അജ്ഞാത ജഡം.
വെടിയേറ്റ നെറ്റി,
പാതിവെന്ത കണ്ണ്,
മീൻ കൊത്തിയ ചുണ്ട്,
തുന്നിക്കെട്ടിയ നാവ്,
ഇടതുനെഞ്ചിൽ കറുത്തപാട്,
മുറിച്ചെടുത്ത പെരുവിരൽ,
ഇതെന്റേതുതന്നെ
ആൾക്കൂട്ടത്തിലെഞാൻ
മറ്റാരുംകാണാതെയാതണുപ്പിൽ
കയറിയൊളിച്ചു.
എനിക്ക്
അജ്ഞാതമായ ജഡം..!

രതീഷ് കെ എസ്സ്
ജി എച്ച് എസ് എസ് എടക്കര.

കവിത കഥ

കഥ...!

ഞാനൊരു കഥപറയട്ടെ
അയ്യാൾ കഥപറയുകയായിരുന്നു
കഥയില്ലാത്തവൻ
മണ്ണാങ്കട്ടയും കരിയിലയും
കാശിക്കുപോയി
അല്ല മക്കയ്ക്ക്പോയി
അല്ല വത്തിക്കാനിലേക്ക്
കഥമാറ്റിയവന്റെ
കഥകഴിഞ്ഞു
കാശിയാണിവിടെ സ്വീകാര്യം..!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Wednesday 24 February 2016

കവിത പേരിനു തീയിട്ടവർ

പേരിനു"തീ"യിട്ടവർ..!

അന്ന്
മലയാളം ക്ലാസ്സിൽ
'മതവും മദ'വുമായിരുന്നു ചിന്ത.
പിന്നെയത്,
പേരിന്റെവേരിലുറച്ച മതമായ്.

'ഒരുപേരിലെന്തിരിക്കുന്നു' ?
ഹരിയും ഹാഫിസും ഹെലനും
"മതമാണുഞങ്ങൾക്ക് പേരിട്ടത്".

അവളെരുത്തി
'അഞ്ജലി'യോടെമൊഴിഞ്ഞു
"എന്റെ വാലിൽ ജാതിക്കുരുവുണ്ട്."

മാഷിനാരാ പേരിട്ടത്
ആ പേരിലാരാ 'തീ'യിട്ടത്
രതീഷിൽ 'തീ' യുണ്ടെന്നവൻ.

മാഷൊരിത്തിരി തീ തരൂ
നമുക്കീപേരിനൊക്കെ തീകൊടുക്കാം,
വെന്തമതത്തിന്റെ രുചി
ഹാ കൊതിയാകുന്നു,
ഈ മതപ്പോരിനും തീകൊടുക്കാൻ.

രതീഷ് കെ എസ്സ്
ജി എച്ച് എസ് എസ് എടക്കര

( ക്ലാസ്സിൽ നടന്ന 'മതവും പേരും മനുഷ്യസൗഹാർദ്ദവും' ചർച്ചയിൽ കേട്ടത്)

Tuesday 23 February 2016

കഥ ബ്രോക്കിംഗ് നാണ്വേട്ടൻ

ബ്രോക്കിംഗ് നാണ്വേട്ടൻ..!

ഈ രഹസ്യങ്ങൾ ഇനിയും പറയാതെ വയ്യ

നാട്ടിലെ എന്റേതുൾപ്പെടെ പതിനായിരം കല്യാണങ്ങളും നടത്തീത് ഈ നാണ്വേട്ടന
ഭാവിസ്വപ്നങ്ങൾ ആ കഷണ്ടിത്തലയന്റെ കഷത്തെ ഡയറീലാ

മെലിഞ്ഞ് കറുത്ത് ഉയരം കുറഞ്ഞ ഞാൻ ഈ പെണ്ണിനെ കെട്ടീതും അവൾ സുന്ദരനായ ഈ കുട്ടിയെ പെറ്റതും ആരുടെ കാരുണ്യാ..?

വല്ലാത്ത കണ്ണാഅതിയാന്റേത്  ഈ ഗ്രാമത്തിന്റെ കണ്ണ്.

സീതപ്പെണ്ണുമായ് വിവാഹത്തിന് മുന്നേ  എന്റെ രഹസ്യം അറിയുന്ന അതിയാൻ എന്റെ കയ്യീന്ന് കമ്മീഷൻ പറ്റീട്ടാ  കല്യാണം നടത്തീത് ആ ഭീഷണി ഇന്നും നിക്കുന്നു എന്നെയും അവളേം കാണുമ്പോ അതിയാന്റെ ഒരു ചിരി.

മുക്കിലെ ജാനമ്മ കുറിക്കമ്പനി നടത്തീതും പിന്ന നാട്ടാരെ പറ്റിച്ച് മുങ്ങിയതും അല്ലേ നിങ്ങൾക്കറിയൂ ആദ്യത്തെ കുറികിട്ടിയത് ആർക്കാന്നോ
ഈ നാണ്വേട്ടനാ പിന്നാർക്കും കാശുകിട്ടില ജാനമ്മക്കുറീസിലെന്നെ ചേർപ്പിച്ചതും ഇതിയാനാ.

ആന്റപ്പന്റെ മോളുടെ ശവം തോട്ടത്തിൽ ആദ്യം കണ്ടതും മദിരാശീന്ന് വന്ന സൈദിന്റെ മോനുമായ് ലൗവാണെന്ന് പറഞ്ഞതും അവരെത്തമ്മിൽ തല്ലിച്ചതും നാണ്വേട്ടനാ.

വറീതിന്റെ ഷാപ്പിൽ കള്ളിൽ ആസ്പിരിൻ ഗുളിക കലക്കണത് നാട്ടിൽ പ്രചരിപ്പിച്ചതും പിന്നെ അതൊക്കെ ചുമ്മാതാണെന്ന് പറഞ്ഞതും നാണ്വേട്ടനാ അന്നുമുതൽ ഇതിയാനെന്തിനാ വറീത് വെടിയിറച്ചിയും സ്പെഷ്യൽ കള്ളും കൊടുക്കണത് പലതവണ ഞാൻ ഷാപ്പിന്റെ പിന്നിലിരുന്ന് മൂക്കറ്റം തിന്നണത് ഞാൻ കണ്ടിട്ടുണ്ട് .

പാറപൊട്ടിച്ച കുളത്തീന്ന് തുമ്പിപിടിക്കാൻ പോയ അമ്മിണീടെ ജഡം ആദ്യം കണ്ടതാരാ..? അതൊക്കെ തണുത്തിട്ട് ജോർജ്ജ് മൊതലാളി എന്തിനാ നാണൂന്റെ വീട് പണിയാൻ നാലുലോഡ് കല്ല് സൗജന്യം ചെയ്തത്...?
പിന്നെ ക്വാറി തൊറന്നപ്പോ എംസാന്റും കിട്ടീലോ...?

നാരയണനും കുടുഃമ്പവും വാഴത്തോട്ടത്തിൽ വാഴമരുന്ന് കുടിച്ച് ചത്തപ്പോ പറഞ്ഞത് കേക്കണോ..
"തുഷ്ടൻ കുട്ടികളേം മിച്ചം വച്ചിലല്ലാ" ബാങ്ക് കാരുവന്ന് നോട്ടീസ് പതിപ്പിച്ചപ്പോ ബാങ്കിനെ കുറ്റം പറഞ്ഞ് ലോണു തരപ്പെടുത്തീത് ക്ലർക്ക് സുധാകരൻ പറഞ്ഞാ ഞാനറിഞ്ഞത് .

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുഖ്യ അനൗൺസർ നാണ്വേട്ടനായിരുന്നു
വലതൻ ആയിരത്തൊന്നും വറീതിന്റെ ഷാപ്പിലെ കോളും. എടതൻ ആയിരത്തൊന്നും പരീതിന്റെ കോയിക്കറിയും  സത്യം പറയാല്ലോ വോട്ടിടണ അന്ന് കൊല്ലത്ത് ഇതിയാൻ എന്റെ അനിയനേം കൊണ്ട് പെണ്ണ് കാണാൻ പോയിരുന്നു സത്യം.

ഭദ്രകാളി ക്ഷേത്രചുമരിൽ ഹജ്ജ് കമ്മറ്റീടെ നോട്ടീസ് ചോദ്യം ചെയ്യാൻ പ്രേരിപ്പിച്ചത് ഇയ്യാളാ...
പിന്നെ നാണിത്തള്ളേടെ പശൂനെ ജമാത്ത് പള്ളീലേക്ക് കയറൂരി വിട്ടതും നാണ്വേട്ടന
എന്തിനാന്ന് ചോദിച്ചപ്പോ...
"മേത്തന്മാർ തല്ലിക്കൊന്നാ നമ്മക്കും കിട്ടൂലേടാ രണ്ട് കഷ്ണം എറച്ചി".

നീ ആയോണ്ട് പറയേണ് നല്ലൊരു കല്യാണം നടത്താൻ മറ്റൊരാളില്ലാഞ്ഞിട്ടാ...
ഇല്ലെങ്കിൽ ചോറ്റിൽ വെഷം കലക്കി സതിച്ചേച്ചി തന്നെ ഇതിയാനെ കൊന്നേനേ...

കുറിപ്പ്
ഈ കഥയും  വാർത്താ ചാനലുമായ് ആരെങ്കിലും ചേർത്തുവായിച്ചാൽ അത് എന്റെ കുറ്റമല്ല.

രതീഷ് കെ എസ്സ്
ജി എച്ച് എസ് എസ് എടക്കര.

Friday 19 February 2016

കവിത പ്രണയയാനം

പ്രണയായനം...!!

ഞാൻ
രത്നാകരൻ
പ്രണയം കളവുകളാക്കിയവൻ

അപഹരിക്കുന്നതിന്റെ
പുത്തൻ രീതിശാസ്ത്രങ്ങൾ
വലപലതോരോന്നിനും
രുചിഭേതമോരോപൂവിനും

ഒരിക്കൽ
വലതേടി ഒരുവളെത്തുന്നു
കനമില്ലാത്ത ഭാണ്ഡമെനിക്കഴിക്കുന്നു
ചുണ്ടിൽ വിഷം ചേർത്തെന്നെ
ചുംബിക്കുന്നു
ദംശനമേറ്റഞാൻ മയങ്ങുന്നു

"ഇരചേർന്നതിലെവിടെയും
പ്രണയമുണ്ടോ....?

"ചിലചൂരും ചൂടും ബാക്കി"

മരച്ചുവട്
ചൂണ്ടി ഒരു "നയം" ചൊല്ലി പ്രണയമാവോളം
വാത്മീകത്തിലിരിക്കുക.

പിന്നെ
ഒരുവേളപഴക്കമേറിയ
വത്മീകത്തിൻ ഇരുൾതുരന്നീ
കവിതവന്നൂ
പ്രണയായനം...!

രതീഷ് കെ എസ്

Sunday 14 February 2016

"ചേലകർമ്മം...! കവിത

"ചേലകർമ്മം...!

മതത്തിന്റെ കരിമണൽ ചേർത്തവർ മൂർച്ചകൂട്ടുന്നു
മുന്നിൽ
പെൺശതകോടിപ്പട
നാലാൾ ചേർന്നാലും
ഒരു പെൺകാലാൾ വീഴില്ലത്രേ
രതിയുടെ പടനിലത്തിൽ
ഒറ്റക്കൊമ്പുള്ള കുതിര"
തലകുനിച്ച് യജമാനന്റെ ശുഷ്കവഴികാണുന്ന കഴുതയാക്കാൻ മുഖപ്പട്ടചേർക്കണം
കറിക്കത്തിയാൽ രസചരടിൽ
ചിലരാസമാറ്റം വരുത്തണം
തോറ്റപടയെ പിന്നിലൂടെ വെട്ടാം
ബംഗ്ലാ ചുവയുള്ള "പരദേശിപ്പെണ്ണിന്റെ" പാട്ടണ്
പ്രശ്നം
ലോകൈക്യത്തിന്റെ
മുഖത്ത് അവൾ "ലജ്ജ"യില്ലാതെ തുപ്പി
"മതം പെണ്ണിനെതിരായി വന്നപ്പോൾ"
നിന്നെ
ക്ഷണ്ഡീകരിച്ചതാരാണ്..?
ചേലകർമ്മം
ചേലകർമ്മം....!!

രതീഷ് കെ എസ്

Saturday 6 February 2016

കഥ - ഭ്രൂണഹത്യ

"ഭ്രൂണഹത്യ...!

എന്റെ പ്രിയ സുഹൃത്തിന്..

അന്നൊരു ഞായറായിരുന്നു ആദ്യത്തെ കുട്ടിക്ക് മൂന്ന് വയസ്സുതികഞ്ഞ മൂന്ന് ദിവസ്സമായിരിക്കുന്നു പള്ളിപിരിഞ്ഞതുമുതൽ പിടക്കോഴിയെ പിന്തുടരുന്നപൂവനായ് അവൻ അടുത്ത കുട്ടിയെന്ന ആവശ്യം ഇരുവരുടെ മുന്നിലും ചോദ്യോത്തരവേദിയായിട്ട് കുറച്ചായി "ഋതു"ക്കളുടെ ആനുകൂല്യം കിട്ടിയ നല്ലൊരു ഞായർ...
ഉച്ചയുറക്കത്തിന് കുട്ടാക്കാത്ത കുട്ടിയെ പതിവിലുപരി ലാളിക്കുന്നതു കണ്ടപ്പോൾ സക്കറിയ എന്ന പൂവന് ലീനയെന്ന പിടയുടെ ഉള്ളറിയാൻ കഴിഞ്ഞു...
അടുത്തകുട്ടിയവളുടെയും ആവശ്യമായിരുന്നു അടുത്തിരിന്ന് മകനേയും ലീനയേയും ആ പൂവൻ പ്രണയിക്കാൻ തുടങ്ങി...
മകനുറങ്ങിയത് അവരുടെ മുഖത്തുണർന്ന ചിരിയായി...

മേലുകഴുകാൻ പ്രണയത്തിന്റെ ആദ്യനാളുകൾ പോലെ ഷവറിന്റെ താഴെ ഒരുമിച്ചു നിന്നപ്പോൾ പിന്നെ നനവുണങ്ങാതെ കിടക്കയിൽ വലിഞ്ഞു മുറുകുമ്പോ അവർ ഏതോ പ്രാർഥനയാകുകയായിരുന്നു..
മായാത്ത ചിരിയുമായ് ഉമ്മറത്തെ വാതില്പടിയിൽ കൊക്കൊരുമി ഇരിക്കുമ്പോൽ അവർ തമ്മിൽ അടുത്ത പെൺകുഞ്ഞിന് പേരു തിരയുകയായിരുന്നു....
അവൾക്ക് എത്ര പേരിട്ടിട്ടും കൊതിതീരുന്നില്ല അത്രയായിരുന്നു "അവളവർക്ക്" മീര, സീത, ജാനകി ,ജന്നിഫർ ,റിഥിക .റയാന...
പേരിടീലും ജ്ഞാനസ്നാവും കഴിപ്പിച്ച് കുഞ്ഞുടുപ്പിട്ടവൾ കുപ്പിവളയിട്ടവൾ ഇരുവരുടെ ഒരു സ്വപ്നമായ്....

ഗേറ്റിലാരോ ശക്തിയായ് അടിക്കുന്നത് കേട്ടാണവരുണർന്നത് പെറ്റിക്കോട്ട് മാത്രമിട്ട് ശരീരമാകെ ചോരയൊലിപ്പിച്ച്  അടുത്ത വീട്ടിലെ മിന്നൂസ് ഓടിവന്ന് ചേച്ചിയമ്മേന്ന് വിളിച്ച് ലീനയുടെ മടിയിലൊറ്റ വീഴ്ച്ചയായിരുന്നു.....

ഭർത്താവുപേക്ഷിച്ച പൂക്കടക്കാരി പുഷ്പവല്ലിയുടെ ആദ്യഭർത്താവിന്റെ സമ്മാനമായിരുന്നു മിനിമോൾ ( പുഷ്പേച്ചി പലതവണ പറഞ്ഞ വാക്കുകളാണിത്)
കുടിച്ച് ബോധം കെട്ട പുതിയ ഭർത്താവിന്റെ പരാക്രമങ്ങൾ അടുക്കളയിൽ ഒളിച്ചുനിന്ന് മിനിമോൾ പറയുമ്പോൾ ഞാൻ കരയുകയായിരുന്നു...
അവളുട കണ്ണിൽ തീയായിരുന്നു കയ്യിൽ കറിക്കത്തിയും പിടിച്ച് ലീന അടുത്ത വീട്ടിലേക്ക് ഒറ്റയോട്ടമായിരുന്നു ഫ്രിഡ്ജിന്റെ മറവിൽ മിനിമോളും ഉമ്മറത്തെ തൂണിൽ ഞാനും മരവിച്ചിരുന്നു മുഖത്തും മാക്സിയിലും ചോരയൊലിപ്പിച്ചുവന്ന ലീന
മിനിമോളുമായ് കിടപ്പുമുറിയുടെ വാതിലടയ്ക്കും മുന്നേ എന്നോട് കയർത്ത ശബ്ദത്തിൽ പറഞ്ഞൂ...

എനിക്കവളെ ഒന്ന് ഉറക്കണം
കൈയ്യിൽ കറിക്കത്തിയും കപ്ലത്തിന്റെ ഒരുകായും മിനിമോൾക്ക് കപ്ലം വല്യ ഇഷ്ടായിരുന്നു...

വാതിൽ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ട്
ഞാൻ തടവറയിലേക്ക് നടന്നു

നന്ദി
ഈ കത്ത് രഹസ്യമാക്കി വയ്ക്കുന്ന
നിനക്ക്...!!

രതീഷ് കെ എസ്സ്

Thursday 4 February 2016

ഓർമ്മ - നിനക്ക് അതു തന്നെ വേണം..

"നിനക്ക് അതു തന്നെ വേണം...!

മതവും ദൈവവും ഇല്ലാതിരുന്ന ഞാൻ കെട്ടിയത്  കർത്താവിന്റെ പ്രിയ ദാസിയെ....
വ്യാഴം തുടങ്ങി ഞായർ വരെ കുറുബാന തിരക്കലായിരുന്നു എന്റെ പരുപാടി...

കമ്യൂണിസ്റ്റ് കാരന്റെ പങ്കാളിയ്ക്ക് വിശ്വാസമാകാമെന്ന് ഏതോ മന്ത്രി പുംഗവൻ പറഞ്ഞു കേട്ടു...
സത്യം പറയാല്ലോ അവളുമായ് പള്ളിയിൽ പോക്ക് 'എന്റെ അവിശ്വാസ ജീവിതത്തിനേറ്റ അടിയായിരുന്നു" കൊല്ലത്ത് അദ്ധ്യാപകനായ് ജോലിയിലിരിക്കെയാണ് അതുണ്ടായത് കൊല്ലത്ത് കടപ്പാക്കടയിലെ മാതാവ് പള്ളിയിൽ അവൾ കയറിപ്പോയിട്ട് മണിക്കൂറൊന്നായി...
പുറത്ത് ദ്വാരപാലകന്റെ വേഷത്തിൽ വഴിപോക്കരെയും നോക്കിനിന്ന എനിക്ക് പരിചയമുള്ള ഒരു മുഖം പള്ളിയിൽ നിന്നിറങ്ങിവരുന്നത് കണ്ട് ഞാൻ ഞെട്ടി
എട്ടിലും ഒൻപതിലും പത്തിലും കോശവിഭജനവും പ്രത്യുൽപ്പാദനവും പഠിപ്പിച്ച
"സുന്ദരീന്ന്" കളിയാക്കി വിളിക്കണ ചിത്ര ടീച്ചർ
കാണിക്കവഞ്ചിയിലെ മാതാവിന്റെ പിന്നിൽ ഞാൻ അഭയം പ്രാപിച്ചൂ...
എന്റെ ഉള്ളിൽ പത്താം തരത്തിൽ ശ്രീജി തന്ന പണിയായിരുന്നു...

"അളിയാ നിനക്ക് ആ പാട്ടറിയോ സുന്ദരി സുന്ദരീ...
ഒന്നൊരുങ്ങിവാ..."

"അറിയാമോന്നാ...ന്നാ പിടിച്ചോളിയാ...
സുന്ദരീ...
സുന്ദരീ..."

ഏയ് ഓട്ടോയിലെ മോഹൻലാലിനെ അനുകരിച്ച് വച്ച് തട്ടി...

പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ലാ...
പിന്നിലൂടെ ടീച്ചറുവന്നതും തമിഴൻ പി ടി സാറും പിന്നെ ആരൊക്കെയോ പൊതിരെ തല്ലീതും...
ഇപ്പൊഴും മനസ്സീന്ന് മാഞ്ഞിട്ടില്ലാ...

ഞാൻ അറിയാതെ മാതാവിന്റെ രൂപത്തിലെ കാലിൽ തൊട്ടൂ....
കാട്ടിക്കൊടുക്കല്ലേ മാതാവേ ഉള്ളുരുകിപ്രാർഥിച്ചു..

അല്ലെങ്കിലും എന്റെ പ്രാർഥന ആരുകേൾക്കാൻ

"എടാ...തക്കാളിക്കുട്ടാ"
സ്കൂളിലെ ഇരട്ടപ്പേരു പേരുകേട്ട്
നോക്കുമ്പോൾ...
കയ്യിൽ ഒരു കൂട് മെഴുകുതിരിയും ജപമാലയുമായി ചിത്ര ടീച്ചർ...

"നീ എന്താ ഇവിടെ നീ എസ് എഫ് ഐക്കാരനല്ലേ...
പ്രാർഥിക്കോ...?

പറഞ്ഞു തീർക്കാതെ കവിളിൽ ഒരു നുള്ളും തലോടലും പിന്നെ "മെഴുകുതിരി കത്തിക്കെടാ" എന്ന ആജ്ഞയും
വിശേഷം ചോദിക്കലും

"നിനക്കിപ്പൊ എന്താ ജോലി ? ഇപ്പൊഴും കൊടിപിടുത്താണോ..?
ഫുട്ബോൾ കളിയുണ്ടോ? ആട്ടെ നിന്റെ കല്യാണം..?
അമ്മയും അനിയനും ചേച്ചിയും എന്തു ചെയ്യുന്നു ?
പിന്നെ നിന്റെ കൂട്ടുകാരൻ ജോസെവിടെ..?
ആ റസീനെയെക്കാണാറുണ്ടോ..?"
ഈ ടീച്ചറിതൊന്നും മറന്നില്ലേ മാതാവിന്റെ മുന്നിൽ അനുസരണയുള്ള പത്താം ക്ലാസ്സുകാരനായ്  ഉത്തരങ്ങൾ പറഞ്ഞൂ..

"ടീച്ചറേ ഞാനിപ്പോ  പരവൂർ ഗവ: ഹൈസ്കൂളിലെ  മാഷാണ് കഴിഞ്ഞ വർഷം പി എസ് സി കിട്ടി...

ഇതു പറഞ്ഞു തീർന്നതും ഉള്ളിൽ നിറഞ്ഞ  അത്ഭുതവും ചിരിയും സഹിക്കാനാകതെ ഒറ്റയിരുത്തവും പൊട്ടിച്ചിരിയുമായിരുന്നു പ്രിയ ടീച്ചർ...

ചിരിച്ചു എന്നെ നോക്കി വീണ്ടും വീണ്ടും ചിരിച്ചു
പിന്നെ ഇടയ്ക്ക് പറഞ്ഞൂ...

"ഇതാ മോനെ വിധീന്ന് പറയണത് നിനക്ക് അതു തന്നെ വേണം..
അല്ലാ പറയ് എന്താ നിനക്ക് കുട്ടികളിട്ട പേര്..."
പിന്നെയും ചിരി നീണ്ടൂന്ന് മാത്രല്ല
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം തികയുന്നതിന് മുന്നേ നവവരന്റെ ജീവശാസ്ത്രം വധുവിന്  കിട്ടീ..

തേങ്ങ മോഷ്ടിച്ചതും
പാൽ പ്പൊടി കട്ടതും സുന്ദരീന്നുള്ള പാട്ടും റസീനയോടുള്ള വിവാഹഭ്യർഥനയും
പ്രത്യുല്പാദനം പഠിപ്പിക്കുന്നതിനിടയിലെ എന്റെ സംശയം ചോദിക്കലും
ജോസും ഞാനും "ഒരു" സിനിമ കാണാൻ പോയതും

മടങ്ങിപ്പോകാൻ നേരം ഉരുകിയൊലിച്ചു നിന്ന എന്റെ നെറ്റിയിൽ അമർത്തിയൊരുമ്മതന്നിട്ട് പറഞ്ഞൂ...
"നീ ആ പാട്ട് നിന്റെ കെട്ടിയോൾക്ക് പാടികൊടുക്കോ..."

ഇന്നും പള്ളിപ്പോകാൻ അവൾ വിളിക്കുമ്പോൾ എന്നെ കളിയാക്കിച്ചിരിക്കുന്നതായ് എനിക്ക് തോന്നാറുണ്ട്...!!

കുറിപ്പ്...
അപേക്ഷ
ഇതിലെ "ഞാൻ " ഞാനല്ല ..!

രതീഷ് കെ എസ്സ്