Thursday 4 February 2016

ഓർമ്മ - നിനക്ക് അതു തന്നെ വേണം..

"നിനക്ക് അതു തന്നെ വേണം...!

മതവും ദൈവവും ഇല്ലാതിരുന്ന ഞാൻ കെട്ടിയത്  കർത്താവിന്റെ പ്രിയ ദാസിയെ....
വ്യാഴം തുടങ്ങി ഞായർ വരെ കുറുബാന തിരക്കലായിരുന്നു എന്റെ പരുപാടി...

കമ്യൂണിസ്റ്റ് കാരന്റെ പങ്കാളിയ്ക്ക് വിശ്വാസമാകാമെന്ന് ഏതോ മന്ത്രി പുംഗവൻ പറഞ്ഞു കേട്ടു...
സത്യം പറയാല്ലോ അവളുമായ് പള്ളിയിൽ പോക്ക് 'എന്റെ അവിശ്വാസ ജീവിതത്തിനേറ്റ അടിയായിരുന്നു" കൊല്ലത്ത് അദ്ധ്യാപകനായ് ജോലിയിലിരിക്കെയാണ് അതുണ്ടായത് കൊല്ലത്ത് കടപ്പാക്കടയിലെ മാതാവ് പള്ളിയിൽ അവൾ കയറിപ്പോയിട്ട് മണിക്കൂറൊന്നായി...
പുറത്ത് ദ്വാരപാലകന്റെ വേഷത്തിൽ വഴിപോക്കരെയും നോക്കിനിന്ന എനിക്ക് പരിചയമുള്ള ഒരു മുഖം പള്ളിയിൽ നിന്നിറങ്ങിവരുന്നത് കണ്ട് ഞാൻ ഞെട്ടി
എട്ടിലും ഒൻപതിലും പത്തിലും കോശവിഭജനവും പ്രത്യുൽപ്പാദനവും പഠിപ്പിച്ച
"സുന്ദരീന്ന്" കളിയാക്കി വിളിക്കണ ചിത്ര ടീച്ചർ
കാണിക്കവഞ്ചിയിലെ മാതാവിന്റെ പിന്നിൽ ഞാൻ അഭയം പ്രാപിച്ചൂ...
എന്റെ ഉള്ളിൽ പത്താം തരത്തിൽ ശ്രീജി തന്ന പണിയായിരുന്നു...

"അളിയാ നിനക്ക് ആ പാട്ടറിയോ സുന്ദരി സുന്ദരീ...
ഒന്നൊരുങ്ങിവാ..."

"അറിയാമോന്നാ...ന്നാ പിടിച്ചോളിയാ...
സുന്ദരീ...
സുന്ദരീ..."

ഏയ് ഓട്ടോയിലെ മോഹൻലാലിനെ അനുകരിച്ച് വച്ച് തട്ടി...

പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ലാ...
പിന്നിലൂടെ ടീച്ചറുവന്നതും തമിഴൻ പി ടി സാറും പിന്നെ ആരൊക്കെയോ പൊതിരെ തല്ലീതും...
ഇപ്പൊഴും മനസ്സീന്ന് മാഞ്ഞിട്ടില്ലാ...

ഞാൻ അറിയാതെ മാതാവിന്റെ രൂപത്തിലെ കാലിൽ തൊട്ടൂ....
കാട്ടിക്കൊടുക്കല്ലേ മാതാവേ ഉള്ളുരുകിപ്രാർഥിച്ചു..

അല്ലെങ്കിലും എന്റെ പ്രാർഥന ആരുകേൾക്കാൻ

"എടാ...തക്കാളിക്കുട്ടാ"
സ്കൂളിലെ ഇരട്ടപ്പേരു പേരുകേട്ട്
നോക്കുമ്പോൾ...
കയ്യിൽ ഒരു കൂട് മെഴുകുതിരിയും ജപമാലയുമായി ചിത്ര ടീച്ചർ...

"നീ എന്താ ഇവിടെ നീ എസ് എഫ് ഐക്കാരനല്ലേ...
പ്രാർഥിക്കോ...?

പറഞ്ഞു തീർക്കാതെ കവിളിൽ ഒരു നുള്ളും തലോടലും പിന്നെ "മെഴുകുതിരി കത്തിക്കെടാ" എന്ന ആജ്ഞയും
വിശേഷം ചോദിക്കലും

"നിനക്കിപ്പൊ എന്താ ജോലി ? ഇപ്പൊഴും കൊടിപിടുത്താണോ..?
ഫുട്ബോൾ കളിയുണ്ടോ? ആട്ടെ നിന്റെ കല്യാണം..?
അമ്മയും അനിയനും ചേച്ചിയും എന്തു ചെയ്യുന്നു ?
പിന്നെ നിന്റെ കൂട്ടുകാരൻ ജോസെവിടെ..?
ആ റസീനെയെക്കാണാറുണ്ടോ..?"
ഈ ടീച്ചറിതൊന്നും മറന്നില്ലേ മാതാവിന്റെ മുന്നിൽ അനുസരണയുള്ള പത്താം ക്ലാസ്സുകാരനായ്  ഉത്തരങ്ങൾ പറഞ്ഞൂ..

"ടീച്ചറേ ഞാനിപ്പോ  പരവൂർ ഗവ: ഹൈസ്കൂളിലെ  മാഷാണ് കഴിഞ്ഞ വർഷം പി എസ് സി കിട്ടി...

ഇതു പറഞ്ഞു തീർന്നതും ഉള്ളിൽ നിറഞ്ഞ  അത്ഭുതവും ചിരിയും സഹിക്കാനാകതെ ഒറ്റയിരുത്തവും പൊട്ടിച്ചിരിയുമായിരുന്നു പ്രിയ ടീച്ചർ...

ചിരിച്ചു എന്നെ നോക്കി വീണ്ടും വീണ്ടും ചിരിച്ചു
പിന്നെ ഇടയ്ക്ക് പറഞ്ഞൂ...

"ഇതാ മോനെ വിധീന്ന് പറയണത് നിനക്ക് അതു തന്നെ വേണം..
അല്ലാ പറയ് എന്താ നിനക്ക് കുട്ടികളിട്ട പേര്..."
പിന്നെയും ചിരി നീണ്ടൂന്ന് മാത്രല്ല
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം തികയുന്നതിന് മുന്നേ നവവരന്റെ ജീവശാസ്ത്രം വധുവിന്  കിട്ടീ..

തേങ്ങ മോഷ്ടിച്ചതും
പാൽ പ്പൊടി കട്ടതും സുന്ദരീന്നുള്ള പാട്ടും റസീനയോടുള്ള വിവാഹഭ്യർഥനയും
പ്രത്യുല്പാദനം പഠിപ്പിക്കുന്നതിനിടയിലെ എന്റെ സംശയം ചോദിക്കലും
ജോസും ഞാനും "ഒരു" സിനിമ കാണാൻ പോയതും

മടങ്ങിപ്പോകാൻ നേരം ഉരുകിയൊലിച്ചു നിന്ന എന്റെ നെറ്റിയിൽ അമർത്തിയൊരുമ്മതന്നിട്ട് പറഞ്ഞൂ...
"നീ ആ പാട്ട് നിന്റെ കെട്ടിയോൾക്ക് പാടികൊടുക്കോ..."

ഇന്നും പള്ളിപ്പോകാൻ അവൾ വിളിക്കുമ്പോൾ എന്നെ കളിയാക്കിച്ചിരിക്കുന്നതായ് എനിക്ക് തോന്നാറുണ്ട്...!!

കുറിപ്പ്...
അപേക്ഷ
ഇതിലെ "ഞാൻ " ഞാനല്ല ..!

രതീഷ് കെ എസ്സ്

No comments:

Post a Comment