Tuesday 26 February 2019

"ബുദ്ധ ബാർബർ"

"ബുദ്ധബാർബർ..!!"

"ദാമ്പത്യം കത്രികപോലെ വിരുദ്ധ വിശുദ്ധമായിരിക്കണം"
(കിംഗ്‌സ് ഹെയർ സ്റ്റൈൽ, സുജനപാൽ, കണ്ടള)

നിങ്ങളെന്തിനാണ് അയാൾ എഴുതിയിട്ട ഈ വാക്കുകളിൽ കുരുങ്ങിക്കിടക്കുന്നത്.ഇന്ന്
കിംഗ്‌സ് ഹെയർ സ്റ്റൈലിൽ വന്നുകൂടിയവർക്ക് എന്തൊക്കെയാവും   സുജനപാൽ എഴുതി വച്ചിട്ടുണ്ടാകുക..?  തന്നെ കൊല്ലാൻ ശ്രമിച്ച ഒരാൾക്ക്  ഏക സമ്പാദ്യമായ ബാർബർ ഷോപ്പും അതിരിക്കുന്ന നാലരസെന്റ് പുരയിടവും ആധാരം ചെയ്ത് അയാൾ അപ്രത്യക്ഷമാകുക. അയാളുമായി ബന്ധപ്പെട്ടവരെയെല്ലാം  ഇന്ന് പകൽ ഇവിടെ എത്തിക്കണമെന്ന് ഒരു കത്തിലൂടെ നാടുവിട്ടുപോയ ആൾ എന്നോട്  ആവശ്യപ്പെടുക. അവർക്കെല്ലാം ബാർബർ ഷോപ്പിന്റെ വിവിധയിടങ്ങളിൽ കത്തുകൾ എഴുതി വിവിധഭാഗങ്ങളിൽ ഒളിച്ചുവയ്ക്കുക. അതിൽ ആദ്യം കിട്ടുന്ന  കത്തിന്റെ ഒടുവിലെ വരിയിൽ അടുത്ത ആളുടെ കത്ത് ഇരിക്കുന്ന ഇടം രേഖപ്പെടുത്തുക . ഒരുമാതിരി ഒളിച്ചുകളിയുടെ ശൈലി. അയാളുടെ നിലപാട് തീർത്തും ദുരൂഹമായി നിങ്ങൾക്കും തോന്നുന്നില്ലേ...?

എട്ടു ദിവസത്തെ വിശ്വസനീയമായ അന്വേഷണങ്ങൾക്ക്
ഒടുവിൽ കണ്ടള സ്റ്റേഷനിലെ പോലീസ് അറിയിച്ച വിവരങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്..

1.ടിയാൻ സന്യാസം സ്വീകരിക്കാനാണ് സാധ്യത.തിരിച്ചറിയൽ രേഖപോലും എടുക്കാതെയാണ് പോയിരിക്കുന്നത്.
കണ്ടള എസ് ഐയുടെ വിലാസത്തിൽ ലഭിച്ച കത്തിലെ കൈപ്പട ടിയാന്റെ തന്നെയെന്ന് തെളിഞ്ഞിട്ടുണ്ട്. ടിയാന്റെ തിരോധാനവുമായി മറ്റാർക്കും ബന്ധമില്ലെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്.

2. ടിയാന്റെ തൊഴിലിടമായ കിംഗ്‌സ് ബാർബർ ഷോപ്പിൽ നടത്തിയ തിരച്ചിലിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട ചില കുറിപ്പുകളും ചരിത്ര രേഖകളും, യാത്രാ ഭൂപടവും കിട്ടിയിട്ടുണ്ട്..കൂടാതെ അവിടത്തെ ഒരു ചുവരിൽ ബുദ്ധന്റെ വലിയ ചിത്രം ഒട്ടിച്ചിരുന്നു. ബുദ്ധമുഖമുള്ള കത്രിക ബുദ്ധന്റെ ചിത്രം പതിച്ച തുണികൾ.
മുറ്റത്ത് പുതുതായി നട്ട ആൽമരം ടിയാന്റെ ഇവയെല്ലാം ബുദ്ധമത താല്പര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്...

3. ബുദ്ധമത സങ്കല്പത്തിൽ ഒരു പലായനം സാധ്യതയുണ്ട്.

4.ടിയാൻ പോലീസ് സ്റ്റേഷനിലേക്ക് എഴുതിയ കത്ത് കണ്ടല തീവണ്ടിയാഫീസിന്റെ സമീപത്തെ  പെട്ടിയിൽ നിന്ന് ശേഖരിച്ചതാണെന്ന് പോസ്റ്റുമാൻ സാക്ഷ്യപ്പെടുത്തുന്നു..

5.തീവണ്ടികൾക്ക് സിഗ്‌നൽ നല്കുന്ന യശോദ എന്ന ജീവനക്കാരി 
ആറു നാല്പതിന്റെ ഹിമസാഗർ എക്സ്പ്രസിൽ ഒരു കാഷായ വേഷധാരി കയറിപ്പോയതായും കണ്ടിരുന്നു..

6.കഴിഞ്ഞ ഒന്നാര വർഷമായി ടിയാൻ സ്വന്തം മുടി താടി എന്നിവ ക്ഷൗരം ചെയ്യാറില്ലെന്നും. ചിലപ്പോൾ ദിവസങ്ങളോളം കടയടച്ച് ധ്യാനത്തിലിരിക്കാറുണ്ടെന്നും. അടുത്തിടെ  ചില കാഷായാ ധാരികൾ വന്നുപോകാറുണ്ടെന്നും സമീപവാസികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

7. കഴിഞ്ഞ ആറുമാസങ്ങളായി വീട്ടുമായിട്ടുള്ള സകല ബന്ധങ്ങളും മുറിച്ച രീതിയിലാണെന്നും.മക്കളെപ്പോലും കാണാൻ വരാറില്ലെന്നും ടിയാന്റെ ഭാര്യയിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്..

അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം കിട്ടിയതിന്റെ  അടുത്ത ദിവസമാണ് ഞങ്ങൾ കിംഗ്‌സ് സ്റ്റൈലിൽ ഒത്തുകൂടിയത്.രായൻ കടതുറന്ന്  മുടിവെട്ട് തുടങ്ങിയിരിക്കുന്നു...

ഞങ്ങൾ എന്നുപറഞ്ഞാൽ,
കണ്ടളയുടെ രാഷ്‌ട്രീയം ശ്രീമാൻ കണ്ടള ജയൻ. നമ്മുടെ 'ദിവ്യ ബാർബർ' സുജനപാലിനെ  കവലയിലിട്ട് ക്രുരമായി മർദ്ദിച്ച രാജേന്ദ്രൻ എന്ന രായൻ. സുജനപാലിനൊപ്പം ഒരു ഡസൻ വർഷം പിന്നിട്ട ശ്രീമതി സുകുമാരി പി എസ് അവരുടെ ഇരട്ട പെണ്മക്കളായ രാഗിണി രുഗ്മിണി. കണ്ടളയുടെ സാമ്പത്തിക സ്രോതസായി വാഴ്ത്തപ്പെട്ട സർവ്വശ്രീ മഞ്ഞുമാറ്റി പ്രശോഭൻ. മഞ്ഞു മാറ്റിയ്ക്ക് വെല്ലുവിളിയായി ഉയർന്നു വരുന്ന ന്യുജെൻ ബാങ്കിന്റെ മൈക്രോ ഫിനാൻസ് പിരിവുകാരൻ നിർമ്മൽ കുമാർ കെ പി. മഞ്ഞുമാറ്റിയുടെ ഒറ്റമകനും കഥാനായകൻ പിന്തുടർന്ന ആത്മീയ മാർഗത്തിൽ  ആകൃഷ്ടനായ മിസ്റ്റർ സനോരാജ് എന്ന ഈ ഞാനും..

അന്നേ ദിവസം കിംഗ്‌സിലെത്തിയ ആദ്യത്തെ കസ്റ്റമറിന്റെ തലയിൽ രായൻ കത്രികവയ്ക്കും മുൻപ് കണ്ടല ജയൻ തടഞ്ഞു. ഭർത്താവിന്റെ സ്വത്ത്
രായാനെപ്പോലെ ഒരാളുടെ കൈകളിലെത്തുന്നത് സുകുമാരി എന്നല്ല ഈ ഭൂമിമലയാളത്തിൽ ആരും സമ്മതിക്കാനിടയില്ല. കലിതുള്ളുന്ന സുകുമാരിയെയും നിർമമാനായി നിൽക്കുന്ന രായനേയും ചുറ്റും കൂടിയ ആളുകളെയും കണ്ട് അപകട അന്തരീക്ഷം തിരിച്ചറിഞ്ഞ കസ്റ്റമർ കഴുത്തിൽ ചുറ്റിയ നീല സാറ്റൻ തുണി എടുത്തുമാറ്റി ഇറങ്ങിപ്പോയി...

ചന്തക്കത്രികയ്ക്ക് കീഴിൽ സുജനപാൽ  സൂക്ഷിച്ചിരുന്ന ആദ്യത്തെ കത്ത്
ഒരെതിർപ്പുമില്ലാതെ രായൻ കണ്ടല ജയനെ എൽപ്പിച്ചു. നാലായി മടക്കിയ കത്തിന്റെ പുറത്ത് ഉരുണ്ട അക്ഷരത്തിൽ ജയൻ എന്ന പേര് എഴുതിയിരുന്നു..

ബഹുമാന്യനായ കണ്ടള ജയൻ..

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച താങ്കൾക്ക്  എന്റെ അഭിവാദ്യങ്ങൾ അറിയിക്കട്ടെ...
ഈ ഫലത്തോടെ പഞ്ചായത്ത് ഭരണം താങ്കളുടെ പാർട്ടിക്ക് ലഭിക്കുമെന്ന് കേൾക്കുന്നു. സുസ്ഥിരമായ പഞ്ചായത്ത് ഭരണത്തിനും താങ്കളുടെ ശോഭനമായ രാഷ്ട്രീയ ഭാവിക്കും എന്റെ എല്ലാവിധ ആശംസകളും...

തിരഞ്ഞെടുപ്പിൽ  വോട്ടു ചെയ്യാനോ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനോ കഴിയാത്ത ഞാൻ എന്തിന് താങ്കൾക്ക് കത്തെഴുത്തണം എന്നായിരിക്കും ജയന്റെ  ഇപ്പോഴത്തെ ചിന്ത. പഞ്ചായത്ത് പ്രസിഡന്റ് ആകാൻ സാധ്യതയുള്ള താങ്കൾ ഇന്ന് കിംഗ്‌സ് ഹെയർ സ്റ്റൈലിൽ വന്നവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം  കണ്ടെത്താൻ കഴിയുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു..

താങ്കൾക്കു മുൻപ് ഈ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി ഉയർന്നു കേട്ട നാലുപേരുകളിൽ ഏറ്റവും സാധ്യതയുണ്ടായിരുന്ന ഒരാൾ ഇന്ന് ജീവനോടെ ഇല്ല. എതിർ കക്ഷിയുടെ വാളിന് ഇരായായി എന്ന് താങ്കളുടെ പാർട്ടി പോലും വിശ്വസിക്കുന്ന ആ അദ്ധ്യാപകന്റെ ആത്മശാന്തിക്കായി ഞാനും പ്രാർത്ഥിക്കുന്നു..

പഞ്ചായത്ത് കെട്ടിടത്തിന്റെ പിന്നിലെ ഒരേക്കർ ഇരുപത്തിയാറ് സെന്റിൽ ഉയർന്നു വരുന്ന കെട്ടിടത്തിന്റെ ആധാരം ഇപ്പോഴും നാടുവിട്ടു പോയിയെന്ന് എതിർ കക്ഷികൾ പോലും വിശ്വസിക്കുന്ന മുൻ ബ്രാഞ്ച് കമ്മറ്റിയംഗത്തിന്റെ പേരിൽ തന്നെയല്ലേ...? അതീവ രഹസ്യമായി താങ്കളുണ്ടാക്കിയ ആ പ്രമാണം ഭദ്രമായി താങ്കളുടെ ലോക്കറിൽ ഇരിപ്പില്ലേ...? അയാളുടെയും ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം..

കണ്ടള പഞ്ചായത്ത് പ്രസിഡന്റ്
ആകാനുള്ള അർഹത താങ്കൾക്ക് മാത്രമാണെന്ന് എനിക്കു വിശ്വാസമുണ്ട്.

രായനെ ഞാൻ ഈ മുടിവെട്ട് സ്ഥാപനം ഏല്പിക്കുന്നു..രായനുള്ള കത്ത്  കണ്ണാടിയുടെ ഇടതു വശത്തെ കബോർഡിൽ ഇന്ദുപ്പ് കല്ലിന്റെ താഴെ ഇരുപ്പുണ്ട്.

വിപ്ലവാഭിവാദ്യങ്ങളോടെ
സുജനപാൽ

കണ്ടല ജയന്റെ വെളുത്ത
വസ്ത്രത്തിന്റെ പല ഭാഗങ്ങളിൽ വിയർപ്പു തുള്ളികൾ രൂപപ്പെട്ടു തുടങ്ങിയപ്പോൾ സുകുമാരി എഴുന്നേറ്റ് ജനാലകൾ തുറന്നിട്ടു..
വർഷങ്ങളായി തുറക്കാതിരുന്ന ആ ജാലകങ്ങളിൽ സകുടുംബം കഴിഞ്ഞിരുന്ന രണ്ട് പല്ലി മൂന്ന് പാറ്റ എന്നിവർ ചുവരിൽ തൂക്കിയ അംബേദ്കർ, ബുദ്ധ ചിത്രങ്ങളുടെ കീഴിൽ അഭയം പ്രാപിച്ചു..

കത്ത്  രായന് നൽകുമ്പോൾ, തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്റെ പ്രസംഗം കേട്ട് ബാർബർ ഷോപ്പിൽ വാതിലിൽ നിർമമാനായി  നിന്ന സുജനപാൽ അന്നു രാത്രി വീട്ടിലേക്ക് കയറിവന്ന്
"സുജനപാൽ എന്നാവാക്കിന്റെ അർത്ഥമറിയൂ ഇനി മുതൽ താങ്കൾ സുജനപാൽ ആയിരിക്കട്ടെ " എന്നുപറഞ്ഞതും.  "കഞ്ചാവായോ സ്വാമി" എന്ന് താൻ  കളിയാക്കിയതും ഓർമ്മ വന്നു.

കണ്ടള ജയന് ക്ഷൗരം ചെയ്തമുറിവിൽ ഇന്തുപ്പ് കല്ല് ഉരച്ച നീറ്റലുണ്ടായി.
നാലായി മടക്കിയ കത്തിന്റെ പുറത്ത്
ശ്രീ രാജേന്ദ്രൻ എന്ന് വ്യക്തമായി എഴുതിയിരുന്നു...

പ്രിയപ്പെട്ട രാജേന്ദ്രൻ...

എന്റെ ആഗ്രഹമനുസരിച്ച്
നീ ഇന്ന് രാവിലെ  കടത്തുറന്ന് മുടിവെട്ടാൻ തുടങ്ങിയിട്ടുണ്ടാകും. സുകുമാരി ആളുകളെ കൂട്ടി വന്ന് തടഞ്ഞിട്ടുമുണ്ടാകും.
ആ പ്രശ്‌നങ്ങൾ എല്ലാം ഉടൻ പരിഹരിക്കപെടും.

നീ നാട്ടിലും ഞാൻ ബോംബെയിലും പോയി മുടിവെട്ട് പഠിച്ചതല്ല നിന്റെ കട പൂട്ടിപ്പോകാൻ കാരണം.
അലസതയും, കുടികൂട്ടുമാണ്. അല്ലെങ്കിൽ ആരെങ്കിലും അന്നം തരുന്ന കടയിലിരുന്ന് കമ്പനി കൂടി മദ്യപിക്കുമോ..?
താൻ തല്ലിയ ഒരാൾ എന്തിനാണ് നിന്റെ പേരിൽ ഈ സ്വത്ത് എഴുതിവച്ചത് എന്നല്ലേ രാജാ നിന്റെ സംശയം...

നിന്റെ ഭാര്യ സുധയോടൊപ്പം വന്ന
അഖിലിനും നിഖിലിനും സൗജന്യമായി  മുടിവെട്ടിക്കൊടുത്തു അതല്ലേ നീ എന്നെ തല്ലാൻ കാരണം...?
"ഞാനും സുധയും തമ്മിൽ എന്ത് "
തല്ലുന്നതിനിടയിൽ  അതല്ലേ നീ എന്നോട്  ആവർത്തിച്ച് ചോദിച്ചത്.
അതിൽ ഒരു സത്യമുണ്ട് എട്ടാം തരത്തിൽ സുധയോട് തോന്നിയ പ്രണയം എന്നിൽ ഇനിയും കെട്ടുപോയിട്ടില്ല. സുധയ്ക്കായി എഴുതിയ കത്ത് സുകുമാരിയുടെ പുസ്തകത്തിൽ മാറിവച്ചതും. സുകുമാരിയുടെ വീട്ടുകാരെ
ഭയന്ന് നാടുവിട്ടതും  മറ്റാർക്കും അറിയില്ല. ജീവിതത്തിൽ ആദ്യമായി കിട്ടിയ പ്രണയലേഖനവുമായി സുകുമാരി എന്നെയും കാത്തിരുന്നപ്പോൾ ഇതൊന്നുമറിയാത്ത സുധ നിന്റെ മക്കൾക്ക് അമ്മയായി. എനിക്ക് എന്റെ പ്രണയം മറക്കാൻ കഴിയുന്നില്ല. നിങ്ങൾക്കു കൂടെ  വേണ്ടിയാണ് എന്റെ ഈ യാത്ര....

പ്രിയ രാജേന്ദ്രൻ എനിക്ക് നീ ചെയ്യേണ്ടത് ഇത്രമാത്രം. ദിവസ വരുമാനത്തിൽ നിന്ന് ഇരുന്നൂറ് രൂപയെങ്കിലും സുകുമാരിയെ എല്ലിക്കണം.
ആഴ്ച്ചയിൽ അഞ്ഞൂറ് രൂപ മഞ്ഞുമാറ്റി പ്രശോഭനും കൊടുക്കണം.

നിനക്കും, സുധയ്ക്കും  അഖിലിനും നിഖിലിനും ജീവിത വിജയാശംസകൾ...
സുകുമാരിക്കുള്ള
കത്ത് പുറത്തെ ചുവരിലെ മമ്മൂട്ടിയുടെ പരസ്യ ചിത്രത്തിന്റെ പുറകിൽ വച്ചിട്ടുണ്ട് അത് നീ തന്നെ അവൾക്ക് നൽകുക...

എന്ന്
സ്നേഹപൂർവ്വം
സുജനപാൽ.

തന്റെ പേരെഴുതിയ  കത്തുമായി  നിൽക്കുന്ന രായന്റെ മുന്നിൽ  കലി തുള്ളിയ സുകുമാരിയെ രുഗ്മിണി രാഗിണികൾ ഭയത്തോടെ നോക്കി.
ഉടൻ കണ്ടള ജയൻ ഇടപെട്ട് സ്ഥിതി ശാന്തമാക്കി. സുകുമാരി ബഞ്ചിലിരുന്ന് കത്ത് വായിക്കാൻ തുടങ്ങുമ്പോൾ രായൻ ചുവരിലെ ബുദ്ധ ചിത്രത്തിലേക്ക് തൊഴു കൈകളോടെ നിന്നു..

ഏറ്റവും പ്രിയപ്പെട്ട സുകുമാരിക്ക്..

ഞാനൊരു പരാജയപ്പെട്ട
ഭർത്താവാണെന്ന് നിന്നെ എഴുതി അറിയിക്കേണ്ടതിന്റെ ആവശ്യമില്ലല്ലോ..
നിനക്ക് മാത്രമറിയുന്ന രഹസ്യമായിരിക്കട്ടെ.
രാഗിണി രുഗ്മിണികളുടെ ഭാവിയോർത്ത്
നീ ഒരു വിവാഹം കഴിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
വർഷങ്ങൾക്ക് മുൻപ് നിന്റെ പുസ്തകത്തിൽ വച്ച ആ കത്ത് രായന്റെ ഭാര്യ സുധയ്ക്കുള്ളതായിരുന്നു.
സുധയോട് തോന്നിയ പ്രണയം നിന്നിൽ കണ്ടെത്താൻ എനിക്ക് ഇനിയും  കഴിയുന്നില്ല. എന്നുമാത്രമല്ല. നിർമ്മൽക്കുമാറിനും നിനക്കുമിടയിൽ സംഭവിച്ചതൊന്നും ചോദ്യം ചെയ്യാൻ പോലും ഞാൻ ആർഹനല്ല..

രാജേന്ദ്രനെ ഞാൻ ഈ കട ഏൽപ്പിക്കുന്നു.
നിർമ്മൽ കുമാറിന്റെ വായ്പ പ്രശ്നം പ്രശോഭൻ തീർക്കും. പ്രശോഭന് നല്കാനുള്ള തുക രാജേന്ദ്രന്റെ ബാധ്യതയാണ്. ദിവസ വരുമാനത്തിൽ ഒരു പങ്ക് രാജേന്ദ്രൻ നിന്നെ ഏല്പിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്...

ഒട്ടും വേദന തോന്നണ്ട നിർമ്മൽ കുമാറിനെ നിനക്ക് വിവാഹം കഴിക്കാം പക്ഷെ രാഗിണി രുഗ്മിണികൾക്ക് അയാൾ
നല്ല പിതാവായിരിക്കുമോ എന്ന ഭയം എനിക്കുണ്ട്...

എന്ന്
ഖേദപൂർവ്വം
സുജനപാൽ

കുറിപ്പ്: പ്രശോഭന് നൽകാനുള്ള കത്ത് മുറ്റത്ത് നീ തന്നെ നട്ട പനിനീർ ചെടിയുടെ ചുവട്ടിൽ വച്ചിട്ടുണ്ട്..

സുകുമാരി പുറത്തേക്ക്
പോകുന്നതുകണ്ട് രായനും കണ്ടള ജയനും പുറത്തേക്കിറങ്ങി. ഈ ഒളിച്ചുകളിയുടെ രീതിശാസ്ത്രമറിഞ്ഞു തുടങ്ങിയ ഞാൻ അവിടെത്തന്നെ നിന്നു. കത്ത് പുറത്തെടുക്കുമ്പോൾ സുകുമാരിയുടെ വിരലിൽ  മുള്ളുകൊണ്ടു. രാണ്ടാമത്തെ ശ്രമവും പരാജയപ്പെടുന്നത് കണ്ടപ്പോൾ നിർമ്മൽക്കുമാർ അവരെ സഹായിക്കാനായി മുന്നോട്ട് നീങ്ങി.. സുകുമാരി അയാളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. മുറിഞ്ഞ വിരലിന്റെ രക്തക്കറ കത്തിൽ ഒന്നുരണ്ട് പാടുകൾ ഉണ്ടാക്കി. മുഖത്ത് നോക്കാതെയാണ് അവൾ ആ കത്ത് പ്രശോഭന് കൈമാറിയത്.

പ്രശോഭൻ കത്ത് വായിക്കാൻ തുടങ്ങിയപ്പോൾ സുകുമാരി രാഗിണി രുഗ്മിണികളുമായി വീട്ടിലേക്ക് നടന്നു തുടങ്ങിയിരുന്നു. മുറ്റത്ത് നിന്ന പനിനീർ ചെടിയുടെ ഒരു കമ്പ് രുഗ്മിണി പിടിച്ചിരുന്നു..

എടോ മഞ്ഞുമാറ്റി...

നിന്നെ എനിക്ക് അങ്ങനെ വിളിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നു. ഇല്ലെങ്കിൽ ക്ഷമിക്കൂ..
അതൊക്കെ പോട്ടെ നിന്നെ വിളിച്ചു വരുത്തിയത് മറ്റു ചിലതു പറയനാണ്
നീ കരുതുന്ന വിധം നിന്റെ മകനും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല.
ഒടുവിലെ രാത്രിയിലും അവന്റെ മുറിയിൽ ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ നീ മറഞ്ഞ് നിന്ന് ശ്രദ്ധിക്കുന്നത് കണ്ടിരുന്നു.
ബിസിനസ് പഠനം ഉപേക്ഷിച്ച് സാമൂഹ്യജീവിത പഠനം അവനെക്കൊണ്ട് എടുപ്പിച്ചത് ഞാനാണെന്ന് കരുതുന്നുണ്ടോ.
എങ്കിൽ നിനക്ക് തെറ്റി, അതിനു പിന്നിൽ
നിന്റെ പിതാവ്  അതായത്
നമ്മുടെ ചന്ദ്രോത്ത് മാഷാണ്.

കഴിഞ്ഞ വർഷം ഡിസംബറിൽ ദുബായിയിൽ നിന്ന് ജോലി നഷ്ടമായി വന്ന മൊയ്‌ദൂന്റെ മകനെ വിമാനത്താവളത്തിൽ നിന്നുതന്നെ  നീയും നിന്റെ ശിങ്കിടികളും
ചേർന്ന് മുതലും പലിശയും തരാത്തതിന്റെ പേരിൽ  പൊക്കിയത് ഓർക്കുന്നോ...?
ആ ചെക്കൻ ആത്മഹത്യ ചെയ്തതിന്റെ രാണ്ടാമത്തെ ദിവസം ചന്ദ്രോത്ത് മാഷിന്റെ തളർന്നുപോയ ഇടതു കൈ ഉയർത്തി കഷം വടിക്കുമ്പോൾ അദ്ദേഹം എന്നോട്  പറഞ്ഞതാണ്  ഇതെല്ലാം..

നിങ്ങൾ പൂട്ടിയിട്ട മുറിയിൽ
മൊയ്‌ദുന്റെ ചെക്കൻ തൂങ്ങി ചത്തതും  അവനെ നിങ്ങൾ പറമ്പിന്റെ അങ്ങെതലയ്ക്കൽ കൊണ്ട് കെട്ടിത്തൂക്കിയതും.
കാട്ടിലിൽ കിടന്ന ചന്ദ്രോത്ത് മാഷ് കാത് കൂർപ്പിച്ച് കണ്ടെത്തിയിരുന്നു.
മാഷിന്റെ ഏകാസന്തത്തിയായ നീ ഈ വഴിക്ക് പോകാൻ കാരണം കണ്ടെത്താനാകാതെയാണ് ആ മനുഷ്യൻ മരിച്ചത്. നീ ഭയക്കരുത് ഈ രഹസ്യം എനിക്കൊപ്പം ഇല്ലാതെയാകും..

മഞ്ഞ് വിട്ടൊഴിയും മുൻപ് പലിശപിരിക്കാൻ കാപ്പിത്തൊഴിലാളികളുടെ വീട്ടു പടിക്കൽ എത്തുന്ന നിനക്ക് "മഞ്ഞുമാറ്റി" എന്ന  പേരിട്ടത് ഞാനല്ല. നിന്റെ പിതാവായ  ചന്ദ്രോത്ത് മാഷുത്തന്നെയാണ്..
നിന്റെ സ്വഭാവം സനോരജിനും വരാതിരിക്കാനാണ് അവനെക്കൊണ്ട് ചന്ദ്രോത്ത് മാഷ് സാമൂഹ്യജീവ ശാസ്‌ത്രം എടുപ്പിച്ചത്.ഞാൻ ആ മനുഷ്യനെ അനുസരിക്കുകയായിരുന്നു..

ഇനി പറയുന്നത് ഒരല്പം
ബിസിനസാണ് ഞാൻ ഈ കട രായനെ ഏൽപ്പിക്കുന്നു..
നീ കുറച്ച് തുക നിർമ്മൽ കുമാറിന് നൽകണം. ആഴ്ച്ചയിൽ ഒരു തുകയായി അവൻ അടിച്ചുതീർക്കും.പിന്നെ ഈ നിർമ്മൽ നാട്ടിൽ നിൽക്കുന്നത് നിനക്കും നല്ലതാകില്ല. നാട്ടിലെ പെണ്ണുങ്ങൾക്ക് വളരെ സ്വീകര്യമായും രഹസ്യമായും  പലിശയിളവ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അവൻ നാട്ടിൽ ഈ  നിന്ന് പോകണം..

ചന്ദ്രോത്ത് മാഷ് പറഞ്ഞ രഹസ്യങ്ങൾ എന്നോടൊപ്പം പോകുന്നു. നിന്റെ മകനെക്കുറിച്ച്  ഇനി  ആകുലത വേണ്ട.

ഇനിയുള്ള കത്ത്  നിന്റെ മകനുള്ളതാണ് രായന്റെ മുന്നിലെ കണ്ണാടിയുടെ ഇടതു വശത്തിരിപ്പുണ്ട്...

എന്ന്
വിശ്വസ്തതയോടെ
കെ പി സുജനപാൽ

ഒരു കുഞ്ഞിന്റെ തലമുടിയിൽ രായൻ കത്രിക വയ്ക്കാൻ തുടങ്ങുകയായിരുന്നു.
കണ്ടള ജയൻ അതിന്റെ അമ്മയോട് പുതുതായി പഞ്ചായത്ത് അനുവദിച്ച കിണറിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സന്തോഷ വാർത്തയും പറയുകയായിരുന്നു..
അവരുടെ കണ്ണിൽ കിണർ നിറഞ്ഞ് വരികയും എനിക്ക് മഞ്ഞുമാറ്റിയെന്ന എന്റെ അപ്പൻ നാലായി മടക്കിയ ആ കത്ത് തരികയും ചെയ്തു.നിർമ്മൽ കുമാറിനെയും കൂട്ടി കാറിൽ കയറി വേഗത്തിൽ ഓടിച്ചുപോയി. എന്റെ കത്തിൽ  പേരുണ്ടായിരുന്നില്ല..

നിനക്ക്..

നിങ്ങൾ കരുത്തുന്നത് പോലെ
ബുദ്ധനാകാൻ എനിക്ക് ഭ്രാന്തുണ്ടെന്ന്   നിനക്ക് തോന്നുന്നുണ്ടോ..?..

പിന്നെയൊന്നും എനിക്ക് വായിക്കാൻ  കഴിഞ്ഞില്ല.
മുടിവെട്ടിക്കഴിഞ്ഞ്  കഴുത്തിന്റെ ഭാഗത്തെ രോമം വടിക്കാൻ കത്തി വയ്ക്കുമ്പോൾ കണ്ണാടിയിൽ തെളിയുന്ന
അയാളുടെ അപൂർവ്വമായ  ചിരിമാത്രം എനിക്ക് ഓർമ്മവന്നു...!!

കെ എസ് രതീഷ്‌, പന്ത
(ഗുൽമോഹർ009)

Friday 22 February 2019

എന്റെ മോൻ പൊതുവിദ്യാലയത്തിൽ ഒന്നാം തരം പൂർത്തിയാക്കുമ്പോൾ..!!

എന്റെ മോൻ
പൊതുവിദ്യാലയത്തിൽ ഒന്നാം തരം പൂർത്തിയാക്കുമ്പോൾ..!!

വലിയ ആശങ്കകൾ ഉണ്ടായിരുന്നു പൊതുവിദ്യാലയത്തിൽ ഒന്നാം തരത്തിൽ
ചേർക്കുമ്പോൾ. മലപ്പുറത്തും നെയ്യാറിലുമായി അവൻ ഒന്നാം തരം പൂർത്തിയാക്കാൻ പോകുന്നു..
തൊണ്ണൂറ് ശതമാനവും ഞാൻ തൃപ്തനാണ്...

ഇതിനിടയിൽ സ്‌കൂളിലെ കുളത്തിൽ ചെന്ന് എത്തിനോക്കിയതിന് ഉൾപ്പെടെ മൂന്ന് തവണ അവന് കുഞ്ഞ് അടികിട്ടി. കുറെ പെൻസിൽ കളഞ്ഞു. ചിലത്‌ കുട്ടികൾക്ക് കൊടുത്തു. ഒരു വാച്ച് എവിടെയോ പോയി.. ഒരു കുട്ടിയുടെ പേന എടുത്തുകൊണ്ട് വന്നു, പിറ്റേന്നു തന്നെ തിരികെ കൊടുത്തു.
നല്ല ചങ്ങാതിമാരെ കിട്ടി.ഒന്നുരണ്ട് മാജിക്ക് പടിച്ചു.

ഇന്ന് പഠനോത്സവത്തിൽ കവിത ചൊല്ലി, വഞ്ചിപ്പാട്ട് പാടി, ജീപ്പിനെക്കുറിച്ച് പ്രസംഗിച്ചു. അക്ഷരങ്ങൾ കൂട്ടി വായിക്കുനുണ്ട്. പിന്നെ കള്ളക്കഥകൾ ഒപ്പിച്ച് പറയുന്നുണ്ട്.ഗോലികളി തുടങ്ങി. വീട്ടിലും സ്‌കൂളിലും വാ തോരാതെ സംസാരിക്കുന്നു...

ഇടയ്ക്ക് സ്‌കൂളിൽ അദ്ധ്യാപകർ ലീവ് ആയ അവസരത്തിൽ ചെന്ന് പരിഭവിക്കേണ്ടി വന്നു. അവർ അതൊക്കെ വേഗം പരിഹരിക്കാൻ ശ്രമിച്ചു..
ആംഗലേയ പഠനത്തിൽ ഒരല്പം ആകുലത ഇനിയുമുണ്ട്. അടുത്ത കൊല്ലം പുതിയ കെട്ടിടത്തിൽ ഇരുന്ന് അവന് പഠിക്കാം എന്നൊക്കെ കരുതുന്നു.
ഇപ്പൊ ഇരുന്ന് പറ്റിക്കുന്ന മുറി ആകെ ചെറുതാണ് നല്ല ചൂടും..

മലപ്പുറത്തെ ദിവ്യ ടീച്ചറും, നെയ്യാറിലെ കല ടീച്ചറും, മിനി ടീച്ചറും തന്നെ താരങ്ങൾ.
ദിവ്യ ടീച്ചറോട് ഒരല്പം അടുപ്പം കൂടുതൽ എന്നു തോന്നുന്നു..രണ്ടാം തരത്തിലെ പുസ്തകം വന്നുവെന്ന് കേൾക്കുന്നു.
എന്തായാലും ഇനിയും അവിടെ തന്നെ തുടരുന്നു. എല്ലാവരോടും സ്നേഹമുള്ള കുട്ടിയായിരുന്നാൽ മതി...!!

കെ എസ് രതീഷ്‌, പന്ത
(ഗുൽമോഹർ 009)

Sunday 17 February 2019

നവഭാവന ഡോ കെ അയ്യപ്പപ്പണിക്കർ

നവഭാവന
ഡോ കെ അയ്യപ്പപ്പണിക്കർ പുരസ്കാരം സ്നേഹത്തോടെ നിരസിക്കുന്നു...!!

രണ്ട് ദിവസമായി
വല്യ ത്രില്ലിൽ ആയിരുന്നു.
ഡോ കെ അയ്യപ്പപ്പണിക്കരുടെ പേരിൽ ഒരു പുരസ്കാരം ഉണ്ടെന്ന് അറിഞ്ഞപ്പോൾ.
ചങ്ങാതി നല്ലൊരു പോസ്റ്റർ ഡിസൈൻ ചെയത് തന്നു.
മുഖപുസ്തകത്തിലും വാട്‌സ് ആപ്പിലും ഇടുകയും ചെയ്തു.
ഭാര്യയോടും അമ്മയോടും പറഞ്ഞു..
ആകെ അഭിനന്ദന പ്രവാഹം. ഞാൻ ആകെ കുളിറുകോരി ഇരിക്കുകയായിരുന്നു..
ഒരു ചങ്ക് പറയുകയുകയും ചെയ്തു...

"മാഷേ പുതിയ ഒരു ഷെൽഫ് ചെയ്തോ, ഈ സമ്മാനമൊക്കെ പുറത്തിരുന്നാൽ ചീത്തയാകും.."

പക്ഷെ ഇന്നലെ മുതൽ ചില എഴുത്തുകാരും ചങ്ങാതികളും വിളിക്കാൻ തുടങ്ങി..
"രതീഷേ നിനക്കിത് വേണോ.." ആദ്യമൊക്കെ അസൂയ എന്നാ തോന്നിയത്. നെറ്റിലും മുഖപുസ്തകത്തിലും ശരിക്ക് ഈ പുരസ്കാരത്തെക്കുറിച്ച് തിരഞ്ഞു. പ്രമുഖർ വേദിയിൽ വന്ന് സമ്മാനിതരാകുന്നു, മറ്റുള്ളവർക്ക് അവാർഡ് സമ്മാനിക്കുന്നു..

പക്ഷെ മൂന്ന് കഥ/ കവിത അയച്ചവർക്കും അവാർഡ്, ചിലർക്ക് സഹായ ദാനം ഇടാൻ അകൗണ്ട് നമ്പർ കൊടുക്കുന്നു..
പിന്നെ ഒരേ അവാർഡ് അഞ്ചിൽ കൂടുതൽ ആളുകൾക്ക്..
എനിക്ക് ആകെ വിഷമമായി...

അങ്ങനെയാണ് പുസ്തകം അയയ്ക്കാൻ പറഞ്ഞവരെ/ അവാർഡ് പ്രഖ്യാപിച്ചവരെ  നേരിൽ വിളിച്ചത് അവർക്കും വ്യക്തതയില്ല. അല്ല എന്നെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല...

ഇതൊരു ചാരിറ്റി ട്രസ്റ്റ് ആണ്, മുൻ നിരയിൽ എത്താൻ കഴിയാത്ത എഴുത്തുകാരെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക.അവരിൽ നിന്ന് ഫണ്ട് സമാഹരിച്ച് ചാരിറ്റി നടത്തുക...

പക്ഷെ എന്റെ പക്ഷം മറ്റൊരു രീതിയിൽ ആണ്. ചാരിറ്റി ഞാൻ ചെയ്യുന്നുണ്ട് അതുകൊണ്ട് തുക കൊടുത്ത് ഈ പ്രോത്സാഹനം ഞാൻ ആഗ്രഹിക്കുന്നില്ല...
എന്റെ കഥ/ പുസ്തകം അർഹതയുണ്ടെങ്കിൽ അത് നിലനിൽക്കുന്നതെങ്കിൽ മാത്രം എന്നെ അംഗീകരിച്ചാൽ മതി.
അത്തരം അംഗീകാരങ്ങൾക്ക് മത്സരങ്ങൾക്ക് ഞാൻ ഇനിയും ശ്രമിക്കും..
ചാരിറ്റി ചെയ്ത് സാഹിത്യ പുരസ്കാരം താൽപര്യമില്ല..

എന്നെപ്പോലെയുള്ളവർക്ക് ഇത്തരം അംഗീകാരങ്ങൾ വലിയ പ്രോത്സാഹനമാണ് നല്കുന്നത്.പ്ലീസ് പ്രലോഭിപ്പിക്കരുത്

കേരളത്തിൽ സാഹിത്യമത്സരങ്ങൾക്കും, പതിപ്പുകൾക്കും പാഞ്ഞമില്ലാത്തതിനാൽ
ഇനിയും അവയിൽ പങ്കെടുക്കും. വിജയിക്കാൻ ശ്രമിക്കും..

ദയവ് ചെയ്ത് ഇങ്ങനെയാണ് പുരസ്‌കാരമെങ്കിൽ പുസ്തകം, കഥ അയയ്ക്കാൻ ആവശ്യപ്പെടരുത്..
തപാലിൽ അവയൊക്കെ എത്തിക്കാൻ ചിലവുണ്ട് അതുമല്ല ഇങ്ങനെ കാശ് കൊടുത്ത് വാങ്ങിക്കാൻ സാമ്പത്തിക ശേഷിയുള്ള ആളുമല്ല..

ഒടുവിൽ പറയട്ടെ
ഡോ അയ്യപ്പപ്പണിക്കാരെപ്പോലെ ഒരാളുടെ പേരിൽ അവാർഡ് നൽകുമ്പോൾ അതിനെ ഇത്ര നിസാരമായി കാണരുത്

എല്ലാ ആശംസകളും...!!

കെ എസ് രതീഷ്‌, പന്ത
( ഗുൽമോഹർ 009)

Saturday 9 February 2019

കുമ്പള

"പെണ്ണിറങ്ങിപ്പോയ വീടും കുമ്പളങ്ങിയിലെ രാവുകളും...!!

( കുമ്പളങ്ങി നൈറ്റ്‌സ് , സിനിമാക്കുറിപ്പ്)

പത്തു വർഷങ്ങൾക്ക് ശേഷം ഒരു സിനിമ കണ്ട ആവേശത്തിൽ തീയേറ്ററിൽ എഴുന്നേറ്റ് നിന്ന് ആർത്തുവിളിച്ചു,
ഉറക്കെ കൈയടിച്ചു,
കൈയിലിരുന്ന ഒരു മാസിക ചെറു കഷ്ണങ്ങളായി വലിച്ചു കീറി എറിഞ്ഞു..
ചുറ്റും ഇരുന്നവർ എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.
തീയേറ്റർ സൂക്ഷിക്കുന്ന ഗാർഡ് വന്ന് എന്തൊക്കെയോ പറഞ്ഞു.
നിലത്ത് കിടന്ന പേപ്പറിന്റെ കഷ്ണങ്ങൾ പെറുക്കാൻ തുടങ്ങിയപ്പോൾ ഗാർഡ് ഒപ്പം ചേർന്നു.. "ഇങ്ങനെ ഒരു സിനിമ കണ്ടാ ആരാ ഇതൊക്കെ ചെയ്തുപോകാത്തത് അല്ലേ മോനെ..?"
എനിക്ക് സന്തോഷം സഹിക്കാൻ കഴിയാതെ ആയിരിക്കുന്നു..
ഓരോ ഫിലിം ഫെസ്റ്റ് കഴിയുമ്പോഴും ഞാൻ ചിന്തിക്കാറുണ്ട് കടൽ കടന്ന് വരുന്ന അല്ലെങ്കിൽ മല കടന്ന് വരുന്ന ഏതെങ്കിലും സംവിധായകന്റെ കൈയിലാകും നമ്മുടെ രജത ചകോരം. ഒന്നുറപ്പ് ഇത്തവണ അത് നമ്മുടെ മധു സി നാരായണന്റെ കൈവശമിരിക്കും..

ആകെ ഡാർക്ക് സീനിലാണ് നമ്മുടെ നെപ്പോളിയന്റെ മക്കൾ കഴിയുന്നത് നരകം പോലുള്ള ആ വീട്ടിലേക്ക് ഒരവധിക്കാലത്ത് ഏറ്റവും ഇളയവൻ
വരുന്നതോടെയാണ് സിനിമയിലേക്ക് ഒരു ചൂണ്ടൽ കൊളുത്തിൽ പെട്ട മീനുപോലെ നമ്മൾ കുടുങ്ങുന്നത്...
പിന്നെ ആ ഡാർക്ക് സീൻ മാറ്റി "തീട്ടപറമ്പിലേക്ക് "ഒരു നിലാവ് തെളിയുന്നത് വരെയുള്ള ദൃശ്യങ്ങളെ. സിനിമയുടെ എല്ലാ സൗന്ദര്യങ്ങളും  ഒത്തിണക്കി മധു അവതരിപ്പിക്കുന്നു.

ഇതിന്റെ കഥ/ ഇതിവൃത്തം
അങ്ങനെ പറയാൻ കഴിയുമെന്ന് തോന്നുന്നില്ല, അതൊരു അനുഭവമാണ്. എങ്കിലും വാക്കിന്റെ  പരിമിതിയിൽ പറഞ്ഞാൽ. അപ്പൻ മരിച്ച് അമ്മ ഇറങ്ങിപ്പോയ നാല് ആണ്മക്കളുടെ വാതിലോ ജാലകങ്ങളോ കക്കൂസോ ഇല്ലാത്ത വീട്ടിലേക്ക്  മൂന്ന് പെണ്ണുങ്ങൾ കയറിവരുന്നതും അവിടെ സമാധാനത്തിന്റെ നിലാവ് തെളിയുന്നതുമാണ് ഈ കഥ, മലയാള സിനിമയുടെ ചരിത്രത്തിലൊരിടത്തും "തന്തയില്ലായ്മയുടെ ജൈവിക പരിസരം" ഇങ്ങനെ അവതരിപ്പിക്കപ്പെട്ടുകാണില്ല...

കുമ്പളങ്ങിയുടെ രാവുകൾ മുഴുവൻ പെണ്ണിന്റെ കഥകളാണ്
നെപ്പോളിയൻ മരിച്ചതല്ല നാലു മക്കളുടെ അമ്മ ഇറങ്ങിപ്പോയതോടെയാണ് ആ വീട് അനാഥമായത്.
എന്നാൽ ഷമ്മിയെന്ന മരുമകന്റെ 'ആശ്രയത്തിൽ ' കഴിയുന്ന സിമിയും ബേബിയും അമ്മയും പറയുന്നത് പെണ്ണിന്റെ ഭയവും പ്രതിക്ഷേധവും അടിയറവുകളുമുള്ള മറ്റു ചില കഥകളാണ്...
ഇസ്തിരിപ്പണി ചെയ്യുന്നവന്റൊപ്പം ഇറങ്ങിപ്പോന്ന പെണ്ണിൽ
പ്രണയത്തിലൂടെ  വസന്തം തീർക്കാൻ ഇറങ്ങിപ്പോന്നവളുടെ കഥയാണ്..
ഇനിയുമുണ്ട് ബോബിയുടെ 'വിനായകൻ ലുക്കുള്ള' സുഹൃത്തിനെ പ്രണയിക്കുന്നവൾ, കാലിൽ നൃത്തവും ഹൃദയത്തിൽ സംഗീതവുമുള്ള മുക്കുവനെ 'ബോയ് ഫ്രണ്ട് 'ആയി ക്ഷണിക്കുന്ന ആ ആഫ്രിക്കൻ  സഞ്ചാരിണി ഇവരുടെയും കഥയാണ്‌.
അങ്ങനെ കുമ്പളങ്ങി രാവുകൾ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന കഥ മുഴുവൻ പെണ്ണിന്റേതാണ്.കുമ്പളങ്ങിയിലെ പെണ്ണ് പുനർ നിർമ്മിക്കപ്പെടുന്നത് മറ്റൊരു തലത്തിലാണ്.. പെണ്ണിന് സ്വാതന്ത്ര്യം കൊടുക്കുന്ന ഫാമിലിയെന്ന് ഷമ്മി പറയുന്നതും കട്ടിലിന്റെ അടിയിൽ കയറിൽ മുറുക്കി കിടത്തുന്നതും തമ്മിൽ വലിയ പൊരുത്തക്കേട് കാണാം അതിനെ ചോദ്യം ചെയ്യുന്ന പെണ്ണുങ്ങൾ അവതരിപ്പിക്കുന്നത് വിമോചനത്തിന്റെ  സൂപ്പർ കഥയല്ലേ...?

ഇതുവരെയുള്ള സിനിമയിലെ  പ്രണയ സങ്കല്പങ്ങളെ മുഴുവൻ മറിച്ചിട്ടുന്ന  പ്രണയമാണ്‌ കുമ്പളങ്ങിയിലെ നിലാവിൽ ജൈവ പരിസ്ഥിതിയിൽ  വിടരുന്നത്...
ഇസ്തിരിപ്പണിക്കാരന്റെ ഒപ്പം ശാപവും പേറി ഇറങ്ങിപ്പോന്ന സാധാ പ്രണയത്തിലേക്കല്ല, ബോണിയെ ഡേറ്റിങ്ങിന് ക്ഷണിക്കുന്ന ഷമ്മിയുടെ മുന്നിൽ ചുംബിക്കുന്ന ആഫ്രിക്കൻ സൗന്ദര്യത്തിലേക്കല്ല നിങ്ങൾ ചെന്നുനോക്കേണ്ടത്
ബോബി-ബേബിയും, അവരുടെ സുഹൃത്തക്കളും അനുഭവിപ്പിക്കുന്ന പ്രാണയത്തിലേക്കാണ്...
ബോബിയുടെ പിന്നാലെ സ്‌കൂൾ കാലം മുതൽ ബേബിയാണ് താരം.
പ്രണയത്തെ, തന്റെ പുരുഷനെ അവൾ കണ്ടെത്തുന്നത്. നോക്കു
"ഊളയെ പ്രണയിച്ച പെണ്ണിനെ"
നമ്മൾ അറിയാതെ ഇഷ്ടപ്പെട്ട് പോകും. ആരോഗ്യമുള്ള ശരീരത്തിനും, നല്ലൊരു മനസിനും അപ്പുറം അവന്റെ "ഫ്രീക്കോ, മണ്ടപ്പോ" ഒന്നും വിഷയമല്ല...
"യേശുപോലും അവൾക്ക് അറിയാവുന്ന ടീം" ആയി മാറുന്നു..
പ്രണയിക്കാൻ മാത്രമല്ല അത് തടയാൻ വന്നാലുള്ള പോം വഴിയും അവൾ കണ്ടെത്തുന്നു. "എടി പോടീന്ന്" വിളിച്ചാൽ പ്രതികരിക്കുന്നു.
തന്റെ കാമുകൻ പല തന്തയ്ക്ക് ജനിക്കുന്നത് "ടെക്നിക്കലി പോസിബിൾ അല്ലെന്ന്" അവൾ ഷമ്മിയുടെ മുഖത്ത് നോക്കി പറയുന്നു...
ബേബിയുടെ സ്‌കൂട്ടറിന്റെ മുന്നിലാണെങ്കിലും നിഴലുപോലെ നിന്ന് പ്രണയിക്കുന്ന സുഹൃത്തിനോട് ബോബി ചോദിക്കുന്നുണ്ട്... "കുട്ടിക്ക് ഈ ബാഹ്യസൗന്ദര്യത്തിലൊന്നും വലിയ വിശ്വാസം ഇല്ലല്ലേ..?"
പക്ഷെ കാമുകന്റെ വിനായകൻ ലുക്കിൽ ആ ചോദ്യം ഒന്നുമല്ലാതായി മാറുന്നു...
പിന്നെ ബോബിയുടെ കൂട്ടുകാരനുമുണ്ട് പ്രണയത്തെക്കുറിച്ച് പറയാൻ...
"മച്ചാ നീ പോലും എനിക്ക് വില തന്നിട്ടില്ല, നമ്മക്ക് ഒരല്പം വില തന്നത്, അവളാ, അത് ചായ കുടിക്കാൻ ഒന്നുമല്ല കെട്ടാൻ തന്നെണ്.."
കുമ്പളങ്ങിയിലെ പ്രണയത്തിന്റെ സൗന്ദര്യം ഇവിടെ പൂർണമാകുന്നു.അതു മാത്രമല്ല  പ്രണയം ഒരു ചായ കുട്ടുപോലെ നിസാരമായി കണ്ട ബോബിയെയാണ് നമ്മുടെ ബേബിമോൾ പ്രണയത്തിന്റെ വശ്യതയാൽ ഒതുക്കുന്നത്..
കൂട്ടുകാരന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൂട്ടുന്ന സജിയിലും പ്രണയമില്ലെന്ന് പറയാൻ ആകില്ല...

കുമ്പളങ്ങി തികച്ചും ജൈവിക പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമയാണ്.
ഇക്കോ ടൂറിസ്റ്റ് ഗ്രാമം എന്ന സങ്കല്പത്തിൽ മാത്രമല്ല. ഒരു ചെരുപ്പ് പോലും ഇല്ലാതെ
മണ്ണിൽ ഇറങ്ങി നിൽക്കുന്ന നായികാ നായകന്മാർ, അവരുടെ താമസ ഇടങ്ങൾ, വേഷം, ഭക്ഷണം ഭാഷണം.
അങ്ങനെ എവിടേക്ക് നോക്കിയാലും ജൈവിക സിനിമയെ കാണാം..
തീട്ടപ്പറമ്പ് കടന്ന് പട്ടിയും പൂച്ചയും ഉൾപ്പെടെ എന്തും വലിച്ചെറിയുന്ന നെപ്പോളിയന്റെ മക്കൾ താമസിക്കുന്ന വീട് നോക്കു..
തുരുത്തിന്റെ, തീരദേശത്തിന്റെ ഒരു കെട്ടി എഴുന്നള്ളിപ്പുകളും ഇല്ലാത്ത ഭാഷനോക്കു..
വെള്ളമടിച്ച് ബോബി സജിയെ വിളിക്കുന്നത്
'എടോ ജേഷ്ട്ട വാടോ" എന്നാണ് ഭ്രാന്തയത്
'കിളിപോയി നിൽപ്പാണ്" കാമുകി ബോബിയെ സമാധാനിപ്പിക്കുന്നത്" ഞാൻ ചളിയടിച്ചതല്ലേ"എന്നാണ്..സജിക്ക് "പ്രകസനം"എന്തെന്ന് അറിയില്ല എങ്കിലും "ഷോ " എന്തെന്ന് അറിയാവുന്ന സജിയുടെ സ്വാഭികവും തുരുത്തിന്റെ തിരുത്തില്ലാത്ത ഭാഷ ഒപ്പിയെടുക്കാൻ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കർ എത്ര അധ്വാനിച്ചിരിക്കും.?
കൈയടിക്കാതെ വയ്യാട്ടോ. ഇങ്ങനെ
അലങ്കാരമോ അഹങ്കാരമോ ഇല്ലാത്ത ഭാഷയാണ് കുമ്പളങ്ങിയുടേത്..

തൊഴിലിന്റെ രാഷ്‌ട്രീയമാണ്
കുമ്പളങ്ങിയെ വേറിട്ട് നിർത്തുന്ന മറ്റൊരു പ്രധാനയിടം.
എവിടെയോ അഡ്മിഷൻ കിട്ടിയപ്പോൾ "നിനക്ക് മീൻ പിടിക്കുന്നവരെ പുച്ഛം." എന്ന് ബോബിയെക്കൊണ്ട് പറയിക്കുന്ന സംവിധായകൻ ഷമ്മിയുടെ പാർലറിലോ, സജിയുടെ വലയിലോ, ഗിരിജ ഹോം സ്റ്റേയിലോ..എന്നുവേണ്ട ഇസ്തിരിപ്പണിയിലോ ഒരിറ്റ് മായം കലർത്തുന്നില്ല..അതിലും രസം "നിനക്ക് മീൻ പിടിച്ചാൽ പോരേടോ"
എന്ന സ്റ്റാറ്റസ് നോക്കുന്ന ബോബിയോട് കാമുകിയെക്കൊണ്ട് പറയിക്കുന്നുണ്ട്...
ലോട്ടറിക്കാരനും, ഒസിയും,പബ്ബും അതതിന്റെ തനിമയിൽ വരുന്നു എന്നതാണ് സത്യം. ഷമ്മിയുടെ ബാർബർ ഷോപ്പിലാണ് ഒരല്പം ആഢ്യ രൂപം വരുന്നത്...

ഇനി ചോദിക്കും ഇതിനെന്താ
ആണുങ്ങളില്ലേന്ന് പുരുഷബോധങ്ങളെ ആൺ ഭ്രാന്തിനെ വലയിട്ട് പിടിച്ച്‌ പോലീസിൽ ഏല്പിക്കലും അവന് ഭ്രാന്തെന്ന് തുറന്ന് പറയുന്ന സിനിമയാണ് കുമ്പളങ്ങി രാവുകളിൽ എനിക്ക് കാണാൻ ആയത്.
ഷമ്മി എത്ര ഭയപ്പെടുത്തിയിട്ടും "ചേട്ടൻ അവളെ എടി പോടീന്ന് വിളിക്കരുതെന്ന് " കൊതുക് ബാറ്റ് തല്ലി തകർത്ത് സിമി പറയുന്നുമുണ്ട്.. "നീ ഒള്ള ജീവനും കൊണ്ട് എങ്ങോട്ടെങ്കിലും ഓടിക്കോ" എന്നുപറയുന്ന ബോബിയുടെ നിലപാട് അല്ല നമ്മുടെ ബേബിയ്ക്ക്..
കരുത്തിന്  അപ്പുറം കരുതുന്ന പുരുഷന്മാർ മാത്രമേ ഈ സിനിമയിൽ നമ്മളെ സ്വാധീനിക്കുന്നുള്ളൂ.. അതുകൊണ്ടാണ് തമിഴന്റെ വീട് പൂവിട്ടു നിൽക്കുന്നത് കണ്ട് സജി അവന്റെ പെണ്ണിന്റെ കാലിൽ വീഴുന്നത്...

മാനുഷിക ബന്ധങ്ങൾക്ക്
പുതിയ മാനം നൽകുന്ന സിനിമയാണ് കുമ്പളങ്ങി..."How many mummy's and daddy's you have i need complete details before sun rises" ഇതാണ് നെപ്പോളിയന്റെ മക്കളുടെ ആവസ്ഥ എങ്കിലും,
ആ ബന്ധങ്ങളുടെ ഉൾക്കരുത്ത് വെളിവാക്കുന്ന ഇടങ്ങൾ സംവിധായാകൻ ബോധപൂർവ്വം സൃഷ്ടിക്കുന്നുണ്ട്...

"അത് കൂടെ എടുത്തോ ഇവിടെ പ്ലാസ്റ്റിക്‌ ഒന്നും ഇടാൻ പാടില്ലെന്നും" തികഞ്ഞ വൈകാരിക നിമിഷത്തിൽ പോലും നായികയെക്കൊണ്ട് പറയിക്കുന്നുണ്ട്..
ലഹരിയെ/ കഞ്ചാവിന്റെ ദൂഷ്യം എഴുതിക്കാണിക്കാതെ ട്രോളി കൊള്ളുന്നുണ്ട്.. മക്കളെ നോക്കാതെ പ്രാർത്ഥനയിൽ മുഴുകുന്ന തള്ളയെ "കിളിപാറി"യെന്ന് തള്ളിപ്പറയുന്നുണ്ട്...

കുമ്പളങ്ങിയുടെ ക്യാമറ കൈകാര്യം ചെയ്തവനിലും എഡിറ്ററിലും ഇനി ലോക സിനിമ മാതൃകൾ തിരയും എന്നത് നിസംശയം പറയാം.
ആ ക്യാമറയിൽ അനാവശ്യമായ ഒരു ഷോട്ട്പോലും കടന്നുവരുന്നില്ല... ഫുട്‌ബോൾ പാരയിൽ  കുത്തി പൊട്ടിക്കുമ്പോൾ അതിൽ ഒരു ച്യൂയിയിംഗം ഉണ്ടെങ്കിൽ ആ പരിസരത്ത് ബൂമറിന്റെ കവറും ക്യാമറ തെളിയിക്കും.
വെള്ളത്തിൽ താഴ്ന്നുപോകുന്ന കുഞ്ഞും തിരിഞ്ഞ് പോകുന്ന അമ്മയും മുതൽ, ക്യാമറ ഒപ്പിയെടുക്കുന്ന ഓരോ വസ്തുവും കഥപറയുന്നുണ്ട്. ആകാശ കാഴ്ചകൾ കാണിക്കുന്ന കുമ്പളങ്ങിയെ നേരിട്ട് കാണാൻ കൊതി തോന്നിപ്പോകും.
ഒപ്പിയെടുത്തവയെ പഴുതില്ലാതെ തുന്നിപ്പിടിപ്പിച്ച എഡിറ്ററും വല്ലാതെ സൂക്ഷമത കാണിക്കുന്നുണ്ട്...
കുമ്പളങ്ങിയുടെ ഒരു അഡാർ പരസ്യത്തിനും ഈ ക്യാമറക്കാരനോട് നന്ദി പറയേണ്ടി വരും..

ഇനി ഏത് ആംഗിളിൽ കണ്ടാലും ലോക സിനിമയ്ക്ക് മുന്നിൽ നിവർന്ന് നിന്ന് ഉത്തരം പറയാൻ കുമ്പളങ്ങി നൈറ്റ്‌സ് നമ്മളെ പ്രാപ്തരാക്കുന്നുണ്ട്...
പിന്നെ അവർക്ക് നമ്മുടെ ഭാഷയാണ് പ്രശ്നമെങ്കിൽ ഒട്ടും പേടിക്കണ്ട "ഡ്യുഡ്" ഇതിന് സബ് ടൈറ്റിലും തയാറാക്കുന്നുണ്ട്.
മൊത്തത്തിൽ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ഈ ഡാർക്ക് ടീം...

പുതു തലമുറയിൽ സിനിമയ്ക്ക് പ്രതീക്ഷകളുണ്ട്. ഫഹദും, സൗബിനും, ആൻ ബെന്നും,സോനുവും..
അഭിനയത്തെ ജീവിതമാക്കാൻ ശീലിച്ചിരിക്കുന്നു..
മലയാള പ്രേക്ഷകർക്കും ഈ സിനിമ കാണാൻ കഴിഞ്ഞില്ലെങ്കിൽ ഇനി അത് ലോക ഭൂപടത്തിൽ ഫെസ്റ്റുകളിൽ വിജയം നേടിവരുമ്പോൾ ഒരു നിരാശയായി ഭവിക്കാൻ സാധ്യതയുണ്ട്.

മധു സി നാരായൻ,
ശ്യാം പുഷ്‌കർ, ഷൈജു ഖാലിദ്, ഷൈജു ശ്രീധർ, ദിലീഷ് പോത്തൻ, നസ്രിയ, സെഞ്ച്വറി ഫിലിംസ് നിങ്ങൾ എന്റെ സിനിമാ ലോകത്തിന്റെ അഭിമാനമാണ്.

എനിക്ക് ഇനി നിവർന്നിരുന്ന് ലോക സിനിമയോട് പറയാൻ കഴിയും എന്റെ ഭാഷയിലെ  കുമ്പളങ്ങി നൈറ്റ്‌സ്
ലോക സിനിമയ്ക്കുള്ള  ഉത്തരമാണ്....!!

കെ എസ് രതീഷ്‌, പന്ത
( ഗുൽമോഹർ009)