Saturday 9 February 2019

കുമ്പള

"പെണ്ണിറങ്ങിപ്പോയ വീടും കുമ്പളങ്ങിയിലെ രാവുകളും...!!

( കുമ്പളങ്ങി നൈറ്റ്‌സ് , സിനിമാക്കുറിപ്പ്)

പത്തു വർഷങ്ങൾക്ക് ശേഷം ഒരു സിനിമ കണ്ട ആവേശത്തിൽ തീയേറ്ററിൽ എഴുന്നേറ്റ് നിന്ന് ആർത്തുവിളിച്ചു,
ഉറക്കെ കൈയടിച്ചു,
കൈയിലിരുന്ന ഒരു മാസിക ചെറു കഷ്ണങ്ങളായി വലിച്ചു കീറി എറിഞ്ഞു..
ചുറ്റും ഇരുന്നവർ എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.
തീയേറ്റർ സൂക്ഷിക്കുന്ന ഗാർഡ് വന്ന് എന്തൊക്കെയോ പറഞ്ഞു.
നിലത്ത് കിടന്ന പേപ്പറിന്റെ കഷ്ണങ്ങൾ പെറുക്കാൻ തുടങ്ങിയപ്പോൾ ഗാർഡ് ഒപ്പം ചേർന്നു.. "ഇങ്ങനെ ഒരു സിനിമ കണ്ടാ ആരാ ഇതൊക്കെ ചെയ്തുപോകാത്തത് അല്ലേ മോനെ..?"
എനിക്ക് സന്തോഷം സഹിക്കാൻ കഴിയാതെ ആയിരിക്കുന്നു..
ഓരോ ഫിലിം ഫെസ്റ്റ് കഴിയുമ്പോഴും ഞാൻ ചിന്തിക്കാറുണ്ട് കടൽ കടന്ന് വരുന്ന അല്ലെങ്കിൽ മല കടന്ന് വരുന്ന ഏതെങ്കിലും സംവിധായകന്റെ കൈയിലാകും നമ്മുടെ രജത ചകോരം. ഒന്നുറപ്പ് ഇത്തവണ അത് നമ്മുടെ മധു സി നാരായണന്റെ കൈവശമിരിക്കും..

ആകെ ഡാർക്ക് സീനിലാണ് നമ്മുടെ നെപ്പോളിയന്റെ മക്കൾ കഴിയുന്നത് നരകം പോലുള്ള ആ വീട്ടിലേക്ക് ഒരവധിക്കാലത്ത് ഏറ്റവും ഇളയവൻ
വരുന്നതോടെയാണ് സിനിമയിലേക്ക് ഒരു ചൂണ്ടൽ കൊളുത്തിൽ പെട്ട മീനുപോലെ നമ്മൾ കുടുങ്ങുന്നത്...
പിന്നെ ആ ഡാർക്ക് സീൻ മാറ്റി "തീട്ടപറമ്പിലേക്ക് "ഒരു നിലാവ് തെളിയുന്നത് വരെയുള്ള ദൃശ്യങ്ങളെ. സിനിമയുടെ എല്ലാ സൗന്ദര്യങ്ങളും  ഒത്തിണക്കി മധു അവതരിപ്പിക്കുന്നു.

ഇതിന്റെ കഥ/ ഇതിവൃത്തം
അങ്ങനെ പറയാൻ കഴിയുമെന്ന് തോന്നുന്നില്ല, അതൊരു അനുഭവമാണ്. എങ്കിലും വാക്കിന്റെ  പരിമിതിയിൽ പറഞ്ഞാൽ. അപ്പൻ മരിച്ച് അമ്മ ഇറങ്ങിപ്പോയ നാല് ആണ്മക്കളുടെ വാതിലോ ജാലകങ്ങളോ കക്കൂസോ ഇല്ലാത്ത വീട്ടിലേക്ക്  മൂന്ന് പെണ്ണുങ്ങൾ കയറിവരുന്നതും അവിടെ സമാധാനത്തിന്റെ നിലാവ് തെളിയുന്നതുമാണ് ഈ കഥ, മലയാള സിനിമയുടെ ചരിത്രത്തിലൊരിടത്തും "തന്തയില്ലായ്മയുടെ ജൈവിക പരിസരം" ഇങ്ങനെ അവതരിപ്പിക്കപ്പെട്ടുകാണില്ല...

കുമ്പളങ്ങിയുടെ രാവുകൾ മുഴുവൻ പെണ്ണിന്റെ കഥകളാണ്
നെപ്പോളിയൻ മരിച്ചതല്ല നാലു മക്കളുടെ അമ്മ ഇറങ്ങിപ്പോയതോടെയാണ് ആ വീട് അനാഥമായത്.
എന്നാൽ ഷമ്മിയെന്ന മരുമകന്റെ 'ആശ്രയത്തിൽ ' കഴിയുന്ന സിമിയും ബേബിയും അമ്മയും പറയുന്നത് പെണ്ണിന്റെ ഭയവും പ്രതിക്ഷേധവും അടിയറവുകളുമുള്ള മറ്റു ചില കഥകളാണ്...
ഇസ്തിരിപ്പണി ചെയ്യുന്നവന്റൊപ്പം ഇറങ്ങിപ്പോന്ന പെണ്ണിൽ
പ്രണയത്തിലൂടെ  വസന്തം തീർക്കാൻ ഇറങ്ങിപ്പോന്നവളുടെ കഥയാണ്..
ഇനിയുമുണ്ട് ബോബിയുടെ 'വിനായകൻ ലുക്കുള്ള' സുഹൃത്തിനെ പ്രണയിക്കുന്നവൾ, കാലിൽ നൃത്തവും ഹൃദയത്തിൽ സംഗീതവുമുള്ള മുക്കുവനെ 'ബോയ് ഫ്രണ്ട് 'ആയി ക്ഷണിക്കുന്ന ആ ആഫ്രിക്കൻ  സഞ്ചാരിണി ഇവരുടെയും കഥയാണ്‌.
അങ്ങനെ കുമ്പളങ്ങി രാവുകൾ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന കഥ മുഴുവൻ പെണ്ണിന്റേതാണ്.കുമ്പളങ്ങിയിലെ പെണ്ണ് പുനർ നിർമ്മിക്കപ്പെടുന്നത് മറ്റൊരു തലത്തിലാണ്.. പെണ്ണിന് സ്വാതന്ത്ര്യം കൊടുക്കുന്ന ഫാമിലിയെന്ന് ഷമ്മി പറയുന്നതും കട്ടിലിന്റെ അടിയിൽ കയറിൽ മുറുക്കി കിടത്തുന്നതും തമ്മിൽ വലിയ പൊരുത്തക്കേട് കാണാം അതിനെ ചോദ്യം ചെയ്യുന്ന പെണ്ണുങ്ങൾ അവതരിപ്പിക്കുന്നത് വിമോചനത്തിന്റെ  സൂപ്പർ കഥയല്ലേ...?

ഇതുവരെയുള്ള സിനിമയിലെ  പ്രണയ സങ്കല്പങ്ങളെ മുഴുവൻ മറിച്ചിട്ടുന്ന  പ്രണയമാണ്‌ കുമ്പളങ്ങിയിലെ നിലാവിൽ ജൈവ പരിസ്ഥിതിയിൽ  വിടരുന്നത്...
ഇസ്തിരിപ്പണിക്കാരന്റെ ഒപ്പം ശാപവും പേറി ഇറങ്ങിപ്പോന്ന സാധാ പ്രണയത്തിലേക്കല്ല, ബോണിയെ ഡേറ്റിങ്ങിന് ക്ഷണിക്കുന്ന ഷമ്മിയുടെ മുന്നിൽ ചുംബിക്കുന്ന ആഫ്രിക്കൻ സൗന്ദര്യത്തിലേക്കല്ല നിങ്ങൾ ചെന്നുനോക്കേണ്ടത്
ബോബി-ബേബിയും, അവരുടെ സുഹൃത്തക്കളും അനുഭവിപ്പിക്കുന്ന പ്രാണയത്തിലേക്കാണ്...
ബോബിയുടെ പിന്നാലെ സ്‌കൂൾ കാലം മുതൽ ബേബിയാണ് താരം.
പ്രണയത്തെ, തന്റെ പുരുഷനെ അവൾ കണ്ടെത്തുന്നത്. നോക്കു
"ഊളയെ പ്രണയിച്ച പെണ്ണിനെ"
നമ്മൾ അറിയാതെ ഇഷ്ടപ്പെട്ട് പോകും. ആരോഗ്യമുള്ള ശരീരത്തിനും, നല്ലൊരു മനസിനും അപ്പുറം അവന്റെ "ഫ്രീക്കോ, മണ്ടപ്പോ" ഒന്നും വിഷയമല്ല...
"യേശുപോലും അവൾക്ക് അറിയാവുന്ന ടീം" ആയി മാറുന്നു..
പ്രണയിക്കാൻ മാത്രമല്ല അത് തടയാൻ വന്നാലുള്ള പോം വഴിയും അവൾ കണ്ടെത്തുന്നു. "എടി പോടീന്ന്" വിളിച്ചാൽ പ്രതികരിക്കുന്നു.
തന്റെ കാമുകൻ പല തന്തയ്ക്ക് ജനിക്കുന്നത് "ടെക്നിക്കലി പോസിബിൾ അല്ലെന്ന്" അവൾ ഷമ്മിയുടെ മുഖത്ത് നോക്കി പറയുന്നു...
ബേബിയുടെ സ്‌കൂട്ടറിന്റെ മുന്നിലാണെങ്കിലും നിഴലുപോലെ നിന്ന് പ്രണയിക്കുന്ന സുഹൃത്തിനോട് ബോബി ചോദിക്കുന്നുണ്ട്... "കുട്ടിക്ക് ഈ ബാഹ്യസൗന്ദര്യത്തിലൊന്നും വലിയ വിശ്വാസം ഇല്ലല്ലേ..?"
പക്ഷെ കാമുകന്റെ വിനായകൻ ലുക്കിൽ ആ ചോദ്യം ഒന്നുമല്ലാതായി മാറുന്നു...
പിന്നെ ബോബിയുടെ കൂട്ടുകാരനുമുണ്ട് പ്രണയത്തെക്കുറിച്ച് പറയാൻ...
"മച്ചാ നീ പോലും എനിക്ക് വില തന്നിട്ടില്ല, നമ്മക്ക് ഒരല്പം വില തന്നത്, അവളാ, അത് ചായ കുടിക്കാൻ ഒന്നുമല്ല കെട്ടാൻ തന്നെണ്.."
കുമ്പളങ്ങിയിലെ പ്രണയത്തിന്റെ സൗന്ദര്യം ഇവിടെ പൂർണമാകുന്നു.അതു മാത്രമല്ല  പ്രണയം ഒരു ചായ കുട്ടുപോലെ നിസാരമായി കണ്ട ബോബിയെയാണ് നമ്മുടെ ബേബിമോൾ പ്രണയത്തിന്റെ വശ്യതയാൽ ഒതുക്കുന്നത്..
കൂട്ടുകാരന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൂട്ടുന്ന സജിയിലും പ്രണയമില്ലെന്ന് പറയാൻ ആകില്ല...

കുമ്പളങ്ങി തികച്ചും ജൈവിക പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമയാണ്.
ഇക്കോ ടൂറിസ്റ്റ് ഗ്രാമം എന്ന സങ്കല്പത്തിൽ മാത്രമല്ല. ഒരു ചെരുപ്പ് പോലും ഇല്ലാതെ
മണ്ണിൽ ഇറങ്ങി നിൽക്കുന്ന നായികാ നായകന്മാർ, അവരുടെ താമസ ഇടങ്ങൾ, വേഷം, ഭക്ഷണം ഭാഷണം.
അങ്ങനെ എവിടേക്ക് നോക്കിയാലും ജൈവിക സിനിമയെ കാണാം..
തീട്ടപ്പറമ്പ് കടന്ന് പട്ടിയും പൂച്ചയും ഉൾപ്പെടെ എന്തും വലിച്ചെറിയുന്ന നെപ്പോളിയന്റെ മക്കൾ താമസിക്കുന്ന വീട് നോക്കു..
തുരുത്തിന്റെ, തീരദേശത്തിന്റെ ഒരു കെട്ടി എഴുന്നള്ളിപ്പുകളും ഇല്ലാത്ത ഭാഷനോക്കു..
വെള്ളമടിച്ച് ബോബി സജിയെ വിളിക്കുന്നത്
'എടോ ജേഷ്ട്ട വാടോ" എന്നാണ് ഭ്രാന്തയത്
'കിളിപോയി നിൽപ്പാണ്" കാമുകി ബോബിയെ സമാധാനിപ്പിക്കുന്നത്" ഞാൻ ചളിയടിച്ചതല്ലേ"എന്നാണ്..സജിക്ക് "പ്രകസനം"എന്തെന്ന് അറിയില്ല എങ്കിലും "ഷോ " എന്തെന്ന് അറിയാവുന്ന സജിയുടെ സ്വാഭികവും തുരുത്തിന്റെ തിരുത്തില്ലാത്ത ഭാഷ ഒപ്പിയെടുക്കാൻ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കർ എത്ര അധ്വാനിച്ചിരിക്കും.?
കൈയടിക്കാതെ വയ്യാട്ടോ. ഇങ്ങനെ
അലങ്കാരമോ അഹങ്കാരമോ ഇല്ലാത്ത ഭാഷയാണ് കുമ്പളങ്ങിയുടേത്..

തൊഴിലിന്റെ രാഷ്‌ട്രീയമാണ്
കുമ്പളങ്ങിയെ വേറിട്ട് നിർത്തുന്ന മറ്റൊരു പ്രധാനയിടം.
എവിടെയോ അഡ്മിഷൻ കിട്ടിയപ്പോൾ "നിനക്ക് മീൻ പിടിക്കുന്നവരെ പുച്ഛം." എന്ന് ബോബിയെക്കൊണ്ട് പറയിക്കുന്ന സംവിധായകൻ ഷമ്മിയുടെ പാർലറിലോ, സജിയുടെ വലയിലോ, ഗിരിജ ഹോം സ്റ്റേയിലോ..എന്നുവേണ്ട ഇസ്തിരിപ്പണിയിലോ ഒരിറ്റ് മായം കലർത്തുന്നില്ല..അതിലും രസം "നിനക്ക് മീൻ പിടിച്ചാൽ പോരേടോ"
എന്ന സ്റ്റാറ്റസ് നോക്കുന്ന ബോബിയോട് കാമുകിയെക്കൊണ്ട് പറയിക്കുന്നുണ്ട്...
ലോട്ടറിക്കാരനും, ഒസിയും,പബ്ബും അതതിന്റെ തനിമയിൽ വരുന്നു എന്നതാണ് സത്യം. ഷമ്മിയുടെ ബാർബർ ഷോപ്പിലാണ് ഒരല്പം ആഢ്യ രൂപം വരുന്നത്...

ഇനി ചോദിക്കും ഇതിനെന്താ
ആണുങ്ങളില്ലേന്ന് പുരുഷബോധങ്ങളെ ആൺ ഭ്രാന്തിനെ വലയിട്ട് പിടിച്ച്‌ പോലീസിൽ ഏല്പിക്കലും അവന് ഭ്രാന്തെന്ന് തുറന്ന് പറയുന്ന സിനിമയാണ് കുമ്പളങ്ങി രാവുകളിൽ എനിക്ക് കാണാൻ ആയത്.
ഷമ്മി എത്ര ഭയപ്പെടുത്തിയിട്ടും "ചേട്ടൻ അവളെ എടി പോടീന്ന് വിളിക്കരുതെന്ന് " കൊതുക് ബാറ്റ് തല്ലി തകർത്ത് സിമി പറയുന്നുമുണ്ട്.. "നീ ഒള്ള ജീവനും കൊണ്ട് എങ്ങോട്ടെങ്കിലും ഓടിക്കോ" എന്നുപറയുന്ന ബോബിയുടെ നിലപാട് അല്ല നമ്മുടെ ബേബിയ്ക്ക്..
കരുത്തിന്  അപ്പുറം കരുതുന്ന പുരുഷന്മാർ മാത്രമേ ഈ സിനിമയിൽ നമ്മളെ സ്വാധീനിക്കുന്നുള്ളൂ.. അതുകൊണ്ടാണ് തമിഴന്റെ വീട് പൂവിട്ടു നിൽക്കുന്നത് കണ്ട് സജി അവന്റെ പെണ്ണിന്റെ കാലിൽ വീഴുന്നത്...

മാനുഷിക ബന്ധങ്ങൾക്ക്
പുതിയ മാനം നൽകുന്ന സിനിമയാണ് കുമ്പളങ്ങി..."How many mummy's and daddy's you have i need complete details before sun rises" ഇതാണ് നെപ്പോളിയന്റെ മക്കളുടെ ആവസ്ഥ എങ്കിലും,
ആ ബന്ധങ്ങളുടെ ഉൾക്കരുത്ത് വെളിവാക്കുന്ന ഇടങ്ങൾ സംവിധായാകൻ ബോധപൂർവ്വം സൃഷ്ടിക്കുന്നുണ്ട്...

"അത് കൂടെ എടുത്തോ ഇവിടെ പ്ലാസ്റ്റിക്‌ ഒന്നും ഇടാൻ പാടില്ലെന്നും" തികഞ്ഞ വൈകാരിക നിമിഷത്തിൽ പോലും നായികയെക്കൊണ്ട് പറയിക്കുന്നുണ്ട്..
ലഹരിയെ/ കഞ്ചാവിന്റെ ദൂഷ്യം എഴുതിക്കാണിക്കാതെ ട്രോളി കൊള്ളുന്നുണ്ട്.. മക്കളെ നോക്കാതെ പ്രാർത്ഥനയിൽ മുഴുകുന്ന തള്ളയെ "കിളിപാറി"യെന്ന് തള്ളിപ്പറയുന്നുണ്ട്...

കുമ്പളങ്ങിയുടെ ക്യാമറ കൈകാര്യം ചെയ്തവനിലും എഡിറ്ററിലും ഇനി ലോക സിനിമ മാതൃകൾ തിരയും എന്നത് നിസംശയം പറയാം.
ആ ക്യാമറയിൽ അനാവശ്യമായ ഒരു ഷോട്ട്പോലും കടന്നുവരുന്നില്ല... ഫുട്‌ബോൾ പാരയിൽ  കുത്തി പൊട്ടിക്കുമ്പോൾ അതിൽ ഒരു ച്യൂയിയിംഗം ഉണ്ടെങ്കിൽ ആ പരിസരത്ത് ബൂമറിന്റെ കവറും ക്യാമറ തെളിയിക്കും.
വെള്ളത്തിൽ താഴ്ന്നുപോകുന്ന കുഞ്ഞും തിരിഞ്ഞ് പോകുന്ന അമ്മയും മുതൽ, ക്യാമറ ഒപ്പിയെടുക്കുന്ന ഓരോ വസ്തുവും കഥപറയുന്നുണ്ട്. ആകാശ കാഴ്ചകൾ കാണിക്കുന്ന കുമ്പളങ്ങിയെ നേരിട്ട് കാണാൻ കൊതി തോന്നിപ്പോകും.
ഒപ്പിയെടുത്തവയെ പഴുതില്ലാതെ തുന്നിപ്പിടിപ്പിച്ച എഡിറ്ററും വല്ലാതെ സൂക്ഷമത കാണിക്കുന്നുണ്ട്...
കുമ്പളങ്ങിയുടെ ഒരു അഡാർ പരസ്യത്തിനും ഈ ക്യാമറക്കാരനോട് നന്ദി പറയേണ്ടി വരും..

ഇനി ഏത് ആംഗിളിൽ കണ്ടാലും ലോക സിനിമയ്ക്ക് മുന്നിൽ നിവർന്ന് നിന്ന് ഉത്തരം പറയാൻ കുമ്പളങ്ങി നൈറ്റ്‌സ് നമ്മളെ പ്രാപ്തരാക്കുന്നുണ്ട്...
പിന്നെ അവർക്ക് നമ്മുടെ ഭാഷയാണ് പ്രശ്നമെങ്കിൽ ഒട്ടും പേടിക്കണ്ട "ഡ്യുഡ്" ഇതിന് സബ് ടൈറ്റിലും തയാറാക്കുന്നുണ്ട്.
മൊത്തത്തിൽ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ഈ ഡാർക്ക് ടീം...

പുതു തലമുറയിൽ സിനിമയ്ക്ക് പ്രതീക്ഷകളുണ്ട്. ഫഹദും, സൗബിനും, ആൻ ബെന്നും,സോനുവും..
അഭിനയത്തെ ജീവിതമാക്കാൻ ശീലിച്ചിരിക്കുന്നു..
മലയാള പ്രേക്ഷകർക്കും ഈ സിനിമ കാണാൻ കഴിഞ്ഞില്ലെങ്കിൽ ഇനി അത് ലോക ഭൂപടത്തിൽ ഫെസ്റ്റുകളിൽ വിജയം നേടിവരുമ്പോൾ ഒരു നിരാശയായി ഭവിക്കാൻ സാധ്യതയുണ്ട്.

മധു സി നാരായൻ,
ശ്യാം പുഷ്‌കർ, ഷൈജു ഖാലിദ്, ഷൈജു ശ്രീധർ, ദിലീഷ് പോത്തൻ, നസ്രിയ, സെഞ്ച്വറി ഫിലിംസ് നിങ്ങൾ എന്റെ സിനിമാ ലോകത്തിന്റെ അഭിമാനമാണ്.

എനിക്ക് ഇനി നിവർന്നിരുന്ന് ലോക സിനിമയോട് പറയാൻ കഴിയും എന്റെ ഭാഷയിലെ  കുമ്പളങ്ങി നൈറ്റ്‌സ്
ലോക സിനിമയ്ക്കുള്ള  ഉത്തരമാണ്....!!

കെ എസ് രതീഷ്‌, പന്ത
( ഗുൽമോഹർ009)

No comments:

Post a Comment