Tuesday 5 February 2019

സിറാത്ത്

സിറാത്ത്...!!

"പ്രായോന്നും ഞാൻ നോക്കത്തില്ല,  ദേഹത്തെങ്ങാനും  തൊട്ടാൽ പുതിയ കത്തി കെളവന്റെ പള്ളയ്ക്ക് ഇരിക്കും" ഇതും ചിന്തിച്ച് സി‌ത്താര ബാഗിൽ കരുതിയിരുന്ന കത്തിയുടെ തണുത്ത പിടിയിൽ തൊട്ടു..

"ആർ ഏ സി ഒക്കെ ശരിയാണ്, കാലിൽ വീണിട്ട് ഒരു ടിക്കറ്റ്‌ ഒപ്പിച്ചതെങ്കിലും ടി ടി ആർ ചെയ്തത് വല്ലാത്ത പണിയായിപ്പോയി.ഒരു സീറ്റില് മൂന്നാള് എങ്ങനെ ശരിയാകും ?
അതും താടിം തൊപ്പീം ഇട്ട് ബിൻലാദനെപ്പോലെ ഈ സാധനത്തിന്റെ ഒപ്പം.."
നുസ്രത്തിന്റെ  കാല് മൂന്നാം വട്ടവും സിത്താരയുടെ ദേഹത്ത് തട്ടിയപ്പോൾ നിസ്സഹായതയുള്ള ഒരു ചിരിയോടെ  റാവുത്തര് അവളെ നോക്കി.
നുസ്രത്തിനെ തന്നിലേക്ക് അല്പം കൂടെ ചേർത്തിരുത്തി. മൊബൈലിലെ കുഞ്ഞ് വെട്ടത്തിൽ അവരുടെ ഇരുത്തം സി‌ത്താര പാളിനോക്കി. നെഞ്ചിലൂടെയുള്ള റാവുത്തരുടെ ചുറ്റിപിടുത്തമോ, തടവലോ ആ കുട്ടിയെ ഒട്ടും അസ്വസ്ഥമാക്കാത്തതിൽ സിത്താരയ്ക്ക് അത്ഭുതം തോന്നി..

"ഈ കെളവൻ ഈ കൊച്ചിന്റെ ആരായിരിക്കും, നെറം പോലും തമ്മിൽ ചേരണില്ല, മൊബൈലും കുത്തിപ്പിടിച്ചിരിക്കണ ഈ പെണ്ണിന് കെളവന്റെ മനസിലിരുപ്പ് അറിയാൻ പറ്റുമോ.." സിത്താരയുടെ ഉള്ളിലെ മുറുമുറുപ്പുകൾ തീവണ്ടിയുടെ കിതപ്പിനൊപ്പം ഒപ്പം പാഞ്ഞു...

നുസ്രത്തിന്റെ കൈയിലെ ഫോണ് നിലത്ത് വീണപ്പോഴാണ് അവൾ ഉറക്കമായെന്ന് പുറത്തേക്ക് നോക്കിയിരുന്ന റാവുത്തരറിഞ്ഞത്..
കുട്ടിയെ പതിയെ സീറ്റിൽ കിടത്തി ഫോൺ  കുനിഞ്ഞെടുത്ത്  തോളിൽ കിടന്ന ഒരു തുണി നിലത്ത് വിരിച്ച്, കിടത്തുന്ന രംഗങ്ങൾ സി‌ത്താര ആകാംഷയോടെ  നോക്കിയിരുന്നു..
റാവുത്തരുടെ ഒരു കാലിന് എന്തോ എന്തോ പിഴവുണ്ടെന്ന് സിത്താര ശ്രദ്ധിച്ചു.കുട്ടിയുടെ കാലിൽ  അയാൾ ചുവപ്പും മഞ്ഞയും കലർന്ന സോക്സുകൾ ധരിപ്പിക്കുന്നു. ചെറിയ മുഴപ്പുള്ള നെഞ്ചിലും വയറ്റിലും തടവുന്നു. കുനിഞ്ഞിരുന്ന് കവിളിലും നെറ്റിയിലും ഉമ്മവയ്ക്കുന്നു.
ആ കാഴ്ചയിൽ നിന്ന് ഇറങ്ങിയോടാൻ
സി‌ത്താര തന്റെ കണ്ണുകൾ തീവണ്ടിക്ക് പുറത്തെ ഇരുട്ടിലേക്ക്  ഇറക്കി വിട്ടു..

പതിനാലുകാരിയായ  മകളെയും വിവാഹാം വേർപെടുത്തിയ കാലത്ത് കൂടെ കൂട്ടിയ സുഹൃത്തിനെയും ഒരേകട്ടിലിൽ കാണേണ്ടിവന്ന അമ്മയുടെ ചിത്രം, ഒന്ന് മിണ്ടാനോ കാരയാനോ ആകാതെ മൂന്നാളുകൾ ഒന്നിച്ച് കഴിയുന്ന ഒരു വീടിന്റെ ചിത്രം.പുറത്തെ ഇരുട്ടിട്ട ഫ്രയിമിൽ തെളിയാൻ തുടങ്ങി....

ബാലേട്ടന്റെ ലോകം റിസർച്ചും കുടിക്കൂട്ടും മാത്രമായപ്പോൾ ആ ബന്ധം മുറിക്കാൻ ഒട്ടും പ്രയാസം തോന്നിയിരുന്നില്ല.
ലോകം അറിയുന്ന ശാസ്ത്രപ്രതിഭയ്ക്ക് കൂടെ കിടക്കുന്ന പെണ്ണിന്റെ മനസ് അറിയാത്ത അവസ്ഥ. ക്രയോജനിക്ക് വിദ്യയിൽ പരീക്ഷണങ്ങൾ വിജയിച്ച ബാലേട്ടൻ സ്വന്തം വീടിനെ യാന്ത്രികമാക്കി..
"നമുക്ക് പിരിയാമോ"
എന്ന് " ചോദിച്ചപ്പോൾ "ഉം" എന്ന് മാത്രം ഉത്തരം തന്ന് ഇറങ്ങിപ്പോയി. തന്റെ "ഏറ്റവും പരാജയപ്പെട്ട കണ്ടെത്തലായിരുന്നു  ദാമ്പത്യമെന്ന് " ഇടയ്ക്ക് പറയുമായിരുന്നു. കഴിഞ്ഞ വർഷത്തെ രത്ന പുരസ്‌കാര പട്ടികയിലും ബാലേട്ടനുണ്ടായിരുന്നു. ഏതായാലും ആ മെഡലിന് അയാലോട് ഒരു പരിഭവുമില്ലാതെ വീടിന്റെ ഒരു  കോണിൽ പൊടിപിടിച്ച് ഇരിക്കാൻ
കഴിയുമായിരിക്കും പക്ഷെ തനിക്കോ..?

അതിന്റെ പിന്നാലെയാണ് ഈ ശ്രീനിവാസൻ കയറിവന്നത്. ഒരേ ബാങ്കിൽ മാനേജരും അസിസ്റ്റന്റ് മാനേജരും രണ്ടാളും വിവാഹമോചിതർ.. സഹപ്രവർത്തകരും സ്വാഭാവിക സാഹചര്യങ്ങളും ഒത്ത് വന്നപ്പോൾ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയെന്ന് മാത്രം..അങ്ങനെ ഒട്ടും ആഗ്രഹിക്കാതെ വന്നതല്ല ആരെയും മോഹിപ്പിക്കുന്ന രൂപവും ഭാഷയും അയാൾക്കുണ്ടായിരുന്നു, ബാങ്കിൽ മാറ്റരും ഇല്ലാത്ത സമയങ്ങളിൽ തനിക്കും, വീട്ടിൽ  ഞാനില്ലാത്തപ്പോൾ എന്റെ മകൾക്കും തെറ്റ് പറ്റിയിരുന്നു...

ശ്രീനിവാസനെ ഒറ്റയ്ക്ക് പ്രതിയാക്കാൻ കഴിയുമോ...? നീതുവിനെക്കുറിച്ച് സ്‌കൂളിൽ നിന്ന് കിട്ടിയ പരാതികളിൽ കാര്യമുണ്ടെന്ന് നല്ല ബോധ്യം വന്നതാണ്. ഒരദ്ധ്യാപകനുമായി അവളുടെ ഫോണിലെ സ്വകാര്യ സംസാരങ്ങൾ  മുഴുവൻ വായിച്ച് മുന്നോ നാലോ തവണ അവളെയും അയാളെയും വിലക്കിയതുമാണ്..
എത്രപേരുമായി ചാറ്റ് അതിൽ ഏതോ ഒരു സോണിദാസ്  രാത്രിയുൾപ്പെടെ രണ്ടിൽ കൂടുതൽ പ്രാവശ്യം  വീട്ടിൽ വന്നുപോയതിന്റെ  തെളിവുകൾ.
ബാങ്കിന്റെ വളർച്ചയിൽ ശ്രദ്ധിച്ച് മകൾ വളർന്നത് അറിയാൻ പറ്റിയില്ല..

ശ്രീനിവാസനോട് രഹസ്യമായും പരസ്യമായും ഒഴിവായി തരണമെന്ന് പറഞ്ഞു നോക്കി.നീതുവിനോടും ബാങ്കിലെ കൂട്ടുകാരോടും കാരണം ബോധിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ കടുത്ത  വഴി തിരഞ്ഞെടുത്തത്‌.സ്വന്തം വിഷയം  വേറെ ഒരാളുടെ അനുഭവമാക്കി പുതിയ സ്‌ക്യൂരിട്ടിയായും ഡ്രൈവറായും ജോലി നോക്കുന്ന റിട്ടയർ പട്ടാളക്കാരനോട്  പറഞ്ഞപ്പോഴാണ്....

"കൊന്ന് കളയണം ഇതിലൊന്നും ഒരപ്പീലും ഇല്ല മാഡം, ഇവനെയൊന്നും
പോലീസിൽ കൊടുക്കരുത്, ആ കൊച്ചിന്റെ ഭാവിയെ ബാധിക്കില്ലേ.
ഒന്നോ രണ്ടോ ലക്ഷം കൊടുത്താ ഇരു ചെവി അറിയാതെ തീർത്ത് തരണ പിള്ളേരുണ്ട്..." അറവ് രാജേഷ് എന്ന തിരുവനന്തപുരത്തെ ബ്രോക്കറുടെ നമ്പർ ഒപ്പിച്ച് തന്നതും ആ പട്ടാളക്കാരൻ തന്നെ. സ്ഥലം മാറ്റം വാങ്ങി പോയ ശ്രീനിവാസനെ സ്‌ക്യൂരിട്ടിക്കാരന് നേരിട്ട് അറിയാത്തത് ഭാഗ്യം. ബ്രാഞ്ചിൽ നിന്ന് പോയെങ്കിലും താനില്ലാത്ത അവസരം നോക്കി അയാൾ വരുന്നുണ്ട് പുറത്ത് വച്ചും നീതുവിനെ കാണുന്നുണ്ട്..

"ശ്രീനിയങ്കിളിനെ ഞാൻ സ്നേഹിക്കുന്നു" നീതു മുഖത്ത് നോക്കാതെയാണ് ഇത് പറഞ്ഞത്..

റാവുത്തരുടെ കാലിൽ സി‌ത്താര അറിയാതെ തട്ടി.അതൊഴിവാക്കാൻ കാലുകൾ പിന്നിലേക്ക് വലിച്ചപ്പോഴും ഒന്നു രണ്ട് തവണ ആവർത്തിച്ചു.റാവുത്തരുടെ  മുഖത്ത് വികാരമില്ലാതെ ചിരി.
അയാളുടെ നോട്ടം മറ്റു ബെർത്തുകളിൽ ഉറങ്ങിക്കിടക്കുന്നവരെയും നിലത്ത് കിടക്കുന്ന കുഞ്ഞിനെയും കടന്ന്  സിത്താരയുടെ നേർക്ക് എത്തുമ്പോൾ അവൾ മുഖം വെട്ടിത്തിരിച്ചു..

അയാൾ വെളുത്ത പാന്റ്‌സിന്റെ ഒറ്റക്കാൽ മുകളിലേക്ക് വലിച്ച് കയറ്റി സെറ്റ് കാലിലെ സ്ക്രൂ അഴിച്ച് സീറ്റിനടിയിലേക്ക് വയ്ക്കുന്നത് സി‌ത്താര കൗതുകത്തോടെ നോക്കിയിരുന്നു.മുട്ടിന് മുകളിൽ വച്ച് മുറിച്ച ഭാഗത്ത് നല്ല കറുപ്പ് നിറം. സിത്താര കാലുകൾ മുന്നിലേക്ക്  നീട്ടിവച്ചു.
റാവുത്തർ നിലത്ത് മുസല്ല വിരിച്ച് നിസ്കരിക്കുന്നു.
കൈകൾ ഊന്നി സീറ്റിലേക്ക് കയറിയപ്പോൾ സി‌ത്താര കാലുകൾ പിൻ വലിക്കാൻ നോക്കി..

"ഇരുന്നോട്ടെ ഇനിയും ഏട്ടു മണിക്കൂർ പോകാണുള്ളതല്ലേ..? അഞ്ച് മണിയെങ്കിലും ആകും അവിടെത്താൻ അതു കഴിഞ്ഞിട്ടാ ഞങ്ങൾക്ക് ഇറങ്ങാനുള്ളത്...."

"ടി ടി ആറിന്റെ മുന്നിൽ നിന്ന് താൻ പറഞ്ഞഞ്ഞപ്പോൾ തന്നെ ഇയാൾ ഇതൊക്കെ മനസിൽ പദ്ധതിയിട്ടുകാണും, ഇപ്പൊ  ഏത് ഒറ്റക്കാലനും ഒറ്റകൈയനും പൂ പറിക്കുന്നത് പോലെ പെണ്ണിനെ..."പുറത്തേക്ക് നോക്കി സി‌ത്താര ആരോടെന്നില്ലാതെ പിറുപിറുത്തു. ഇതൊന്നും കേൾക്കാതെ ഇരുട്ടിൽ തിളങ്ങുന്ന തെസ്‌ബിയിൽ എന്തൊക്കെയോ ദുവചെയ്ത് റാവുത്തര് കുനിഞ്ഞിരുന്നു..

"ഉറങ്ങിയാൽ ഇയാൾക്ക് ചിലപ്പോൾ എന്നെ വേഗം കീഴടക്കാൻ കഴിയും.
ഉണർന്നിരുന്ന് മുന്നിലെ വേട്ടക്കാരനുമായി സംവദിക്കുക തന്നെ.."ഫാനിന്റെ സ്വിച്ചിന്റെ ഭാഗത്തെ കൊളുത്തിൽ തൂക്കിയിട്ട ആർ സി സിയുടെ പേരുള്ള കവറിൽ നോക്കി സി‌ത്താര ഉറക്കത്തെ ഒഴിവാക്കാനുള്ള സംഭാഷണത്തിന് തുടക്കമിട്ടു..

"എത്രകാലമായി കുഞ്ഞിന് ഈ രോഗം തുടങ്ങിയിട്ട്" റാവുത്തരുടെ മുഖത്ത് വിരിഞ്ഞ ഭയം ആഇരുട്ടിലും സി‌ത്താര വായിച്ചെടുത്തു...

"നുസുമോൾക്കല്ല, എനിക്കാ പ്രശ്നം,ഇനി ഏറെ പോവൂലെന്ന ഇപ്പൊ കിട്ടിയ  റിപ്പോർട്ട്.."

തീവണ്ടി ഏതോ സ്റ്റേഷനിൽ ഒരു ഞരക്കത്തോടെ നിന്നു. കുപ്പിവെള്ളക്കാരന്റെ നിയത താളത്തിലുള്ള കരച്ചിലിന് ഇരുപത് രൂപ കൊടുത്ത് അതിന്റെ  മൂടി സ്വാതന്ത്രമാക്കി ചുണ്ടുകൾക്കിടയിലൂടെ സി‌ത്താര ഒഴുക്കിവിട്ടു.വെള്ളത്തിന്റെ തണുപ്പ് ഒരു നീറ്റലുപോലെ ഉള്ളിലേക്ക് ഇറങ്ങിപ്പോയി..
കൈകൾ ഊന്നി നിലത്തിറങ്ങിയിരുന്ന്  കുട്ടിയെ തടവുകയും ചുംബിക്കുകയും ചെയ്യുന്ന ബിൻലാദനിൽ സിത്തതാരയ്ക്കിപ്പോൾ തന്റെ അച്ഛൻ കേശവദാസൻ നായരെ കാണാൻ കഴിയുന്നുണ്ട്. ആ കുട്ടി കിടന്നുകൊണ്ട് അയാൾ ഇരിക്കുന്നിടത്തേക്ക് പതിയെ നീങ്ങുന്നു. റാവുത്തർ ആ കുട്ടിയെ ചേർന്ന് കിടക്കുന്നത് കണ്ട് സിത്താരയുടെ കണ്ണ് നനഞ്ഞു...

"സീറ്റിൽ കിടത്താല്ലോ, ഏതായാലും നമ്മകൾക്ക് കിടക്കാൻ കഴിയില്ല..." സിത്താരയുടെ മടിയിൽ തലവച്ച് കിടക്കുന്ന നുസ്രത്തിന്റെ  മുഖത്ത് വിരിയുന്ന ചിരികണ്ട്  റാവുത്തരെ നോക്കി  സിത്താര  ചിരിച്ചു...

"അവളങ്ങനാ സ്വപ്നത്തിൽ ചിരിക്കും, പാട്ടു പാടും, ദേ ചിലപ്പോൾ  എന്റെ വിരൽ എടുത്ത് കടിക്കും..."
പെട്ടെന്ന് സി‌ത്താര  ഹാന്റ് ബാഗും എടുത്ത് ടോയിലേറ്റിലേക്ക് ഓടി, ഓട്ടത്തിനിടയിൽ തല വശത്തെ ബർത്തിൽ തട്ടി. മടങ്ങിവന്ന സിത്തതാരയുടെ മുഖത്തെ  ഭാവം കണ്ട് റാവുത്തർക്ക്  ബാക്കി പറയാൻ തോന്നിയില്ല.. സിത്താരയുടെ വിരലിൽ പിടിച്ച് ലോലിപോപ്പ് പോലെ നുസ്രത്ത്  വായിലേക്ക് കൊണ്ടുപോകുന്നത് കണ്ടിട്ടും തടയാൻ ആകുന്നില്ല.
കുഞ്ഞ് പല്ലിന്റെ കടി കിട്ടിയിട്ടും സിത്താര അടിവയറ്റിൽ ഉയർന്ന വേദനയിലായിരുന്നു ...

ഒരുവന്റെ ചെറിയ വേദനകൾക്ക് പരിഹാരമായി മറ്റൊരാൾ തന്റെ  വലിയ വേദനകൾ പറയുന്നത് റാവുത്തരും ശീലിച്ചിരുന്നു..
കഴിഞ്ഞ കാലങ്ങൾ പഞ്ചാര മിഠായിലെ കുരുക്കുകൾ പോലെ അയാൾ സിത്താരയുടെ മുന്നിൽ അഴിക്കാൻ തുടങ്ങി...

ബാംഗൂരിൽ നിന്ന് കള്ളവണ്ടികയറി മലബാറിലെ ഉത്സവ പറമ്പുകളിൽ പഞ്ചാരമിഠായി വിലക്കുന്നകുതിനിടയിൽ   അസ്മാബിയെ കണ്ട് നിക്കാഹ് കഴിച്ചു ജഹാംഗീർ ജനിച്ച നാളിൽ ഒരു പനി അസ്മാബിയെ അങ്ങ്  കൊണ്ടുപോയി..

റാവുത്തരുടെ കണ്ണിൽ കഥയുടെ ആരംഭത്തിൽ ഉണ്ടായിരുന്ന തിളക്കം മങ്ങുന്നത്  സി‌ത്താര ശ്രദ്ധിച്ചു...

നാട്ടിലെ കുട്ടികളുടെ സ്വന്തം "മിഠായി കാക്ക"മോനെ വളർത്തി  സീനത്തിനെ കൊണ്ട് കെട്ടിച്ച് നുസ്രത്തിന്റെ ജനനത്തിൽ എത്തിയപ്പോൾ
അയാളുടെ ചുണ്ടിൽ ചിരിയുടെ നിഴൽ വന്നതും സി‌ത്താര കണ്ടു...

ഗൾഫിലെ മോഹങ്ങളുമായി വിമാന താവളത്തിലെക്ക് പുറപ്പെട്ട കുടുംബത്തിന് സംഭവിച്ച അപകടവും മുറിച്ചുമാറ്റിയ കാലും
കാർന്നു തിന്നുന്ന ക്യാൻസറും ഏതോ ചടങ്ങ് പോലെ റാവുത്തർ പറഞ്ഞൊപ്പിച്ചു..

പക്ഷെ ഒറ്റയ്ക്ക് സ്കൂള് വിട്ട് വന്ന നുസുമോളെ ഇടവഴിയിൽ ഓട്ടോക്കാരൻ ഉപദ്രവിച്ച കാര്യം പറഞ്ഞപ്പോൾ അയാൾ വല്ലാതെ വിറച്ചു. നിലത്തെ  നിസ്കാരപായയിലേക്ക് അയാൾ വലിച്ചെറിഞ്ഞതുപോലെ ചെന്നു വീണു....
സിത്തതാരയുടെ ഇരിക്കാനുള്ള പ്രയാസം കണ്ട്  നിലത്തെ നിസ്കാരപായയിലേക്ക്  നുസ്രത്തിനെ എടുത്ത് കിടത്തി...

സിത്തതാരയ്ക്ക് അടിവയറ്റിലെ വേദന സകല നിയന്ത്രണങ്ങളും വിട്ടു. മൂന്ന് പേർ  ഒരു രാവും പകലും.അതിനിടയിൽ  ഇതുണ്ടായെങ്കിൽ..? ഇത്രയും ഓർത്ത് സി‌ത്താര രാവുത്തരെ നോക്കി. അയാൾ നുസ്രത്തിന്റെ കാലുകൾ കൈയിലെടുത്ത് പതിയെ തടവുന്നു...

"ഇന്ന് മൃഗശാലയും കടലും ഒന്ന് കാണിച്ചു, ആ പൊരി വെയിലത്ത് ഇവൾ ഭയങ്കര ഓട്ടമായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ കാലുവേദന തുടങ്ങി.ഇപ്പൊ ചെറുതായി പനിയിക്കുന്നുണ്ട്. ഇനി ചിലപ്പോൾ എനിക്ക് ഇതൊന്നും കാണിക്കാൻ..."
അയാൾ ബാക്കി പറയരുതെന്ന് സി‌ത്താര ആഗ്രഹിച്ചപ്പോൾ രാവുത്തരുടെ തൊണ്ട ഇടറി...

റാവുത്തർ സീറ്റിലേക്ക് ഇഴഞ്ഞു കയറിയപ്പോൾ.സി‌ത്താര കാലുകൾ അല്പം മടക്കി മുട്ടിൽ തല ചേർത്തിരുന്നു.
അറവ് രാജേഷിന്റെ വാക്കുകൾ അവൾ ഓർത്തു..

"നിന്നെക്കെ കെട്ടി തിന്നാനും കുടിക്കാനും തന്നോനെ കൊല്ലാൻ ക്വട്ടേഷനും കൊണ്ട് വന്ന നിന്നെ വെറുതെ വിടാൻ പാടില്ലാത്തതാണ്, പിന്നെ ഇപ്പഴത്തെക്ക് പോട്ട് നമ്മക്ക് മൊതലായി നിന്റെ കഴപ്പും തീർന്നല്ല അല്ലെ..."

ഒറ്റപ്പെട്ട കായൽ തീരത്തെ ആ വീട് സിത്താരയുടെ മുന്നിൽ തെളിഞ്ഞു.. നേതാവിനെ കാണിക്കാം  ഡീൽ സംസാരിക്കാം എന്നൊക്കെപ്പറഞ്ഞാണ് അവിടെ ചെന്നത് മുറിയിൽ കയറിയതും,
ഒരുത്തൻ കൈയിലും കാതിലും കിടന്ന ആഭരണങ്ങൾ അഴിച്ചു.ഒരുത്തൻ ഉടുത്തിരുന്നത് വലിച്ച് കീറി, മറ്റവന് കട്ടിലിൽ പിടിച്ച് കിടത്താനായിരുന്നു തിടുക്കം. തുണിയഴിച്ചവനായിരുന്നു വേഗത, എതിർക്കാതെയുള്ള കിടപ്പ് കണ്ടപ്പോൾ മൂന്നാൾക്കും വല്ലാത്ത ആവേശം,  കൈയിൽ ഇറുകികിടന്ന വളയും ഒരു മോതിരവും കാൽ വിരലിൽ കിടന്ന മിഞ്ചിയും  മുറിവുകളും ബാക്കിയായി...

അറവ് എന്നൊക്കെയാണ് പേരെങ്കിലും കൈയിൽ നിന്ന് പിടിച്ച് വാങ്ങിയ കാശിൽ നിന്ന് ഒരു ചുരിദാറും, ഭക്ഷണവും വാങ്ങിത്തന്ന് മെയിൻ റോഡിൽ കൊണ്ട് വിട്ടിട്ടാണ് പോയത്.എത്ര ചോദിച്ചിട്ടും ഫോൺ  തന്നില്ല.ബാഗിനുള്ളിലെ രഹസ്യ അറയിലിരുന്ന ഏ ടി എം കാർഡ് അവർ കണ്ടെത്തിയില്ല.പകൽ മുഴുവൻ ഒരാത്മഹത്യയെ മുന്നിൽ കണ്ട് അലഞ്ഞു നടന്നു. സമയം കളയാൻ കരകൗശല മേളയിൽ കയറി, ആകെ കൗതുകം തോന്നിയത് ഈ കത്തിയോട് , വീതിയുള്ള കത്തിയുടെ പിടിയിൽ ശ്രീനിവാസനുള്ള ഉത്തരമുണ്ടെന്ന ഭ്രാന്തൻ തോന്നൽ..
അല്ലെങ്കിൽ ഏതെങ്കിലും തീവണ്ടി ആ രാത്രി തന്നെ എന്റെ നേർക്ക് ഒരു ചോദ്യം പോലെ പാഞ്ഞ് വരുമായിരുന്നു..
കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല, കിട്ടിയ വണ്ടിക്ക് നാട്ടിലേക്ക് പുറപ്പെട്ടു..

തന്റെ ചിന്തകളെല്ലാം അറിഞ്ഞതുപോലെ സീറ്റിനടിയിൽ ഊരിവച്ചിരുന്ന രാവുത്തരുടെ കാല് പുറത്തേക്ക് വന്ന് അവളെ നോക്കി പതുങ്ങി നിൽക്കുന്നു..
സി‌ത്താര കാലുകൊണ്ട് അതിനെ ഉള്ളിലേക്ക് തള്ളിവിട്ടു.ഏതോ പുഴയുടെ മുകളിലൂടെയാണ് താനിപ്പോൾ  യാത്ര ചെയ്യുന്നതെന്നറിയിക്കാൻ ഒരല്പം കാറ്റും കുളിരും തീവണ്ടി ഉള്ളിലേക്ക് വലിച്ചെടുത്തു.രണ്ട് സ്റ്റോപ്പ്‌ കഴിഞ്ഞാൽ ഇറങ്ങാനുള്ള സ്റ്റേഷൻ ആകുമെന്ന് സി‌ത്താര ഉള്ളിൽ കണക്ക് കൂട്ടി..

വിരലിൽ നിന്ന് ഊർന്ന് വീഴാൻ തുടങ്ങുന്ന തെസ്‌ബി, ഏതാണ്ട്  കാൽ മുട്ടോളം വളഞ്ഞ കഴുത്ത്, കഷണ്ടി കാട്ടിക്കൊടുക്കും വിധം നിലത്ത് ഊർന്നുവീണ അയാളുടെ തൊപ്പി. റാവുത്തർ ഉറക്കത്തിന്റെ വലിയ യാത്രയിലാണെന്ന് സിത്തതാരയെ ഓർമ്മിപ്പിച്ചു..

ഉള്ളിൽ വന്ന തണുപ്പ് നുസ്രത്തിനെ വിറപ്പിക്കുന്നുണ്ട്.
പാലത്തിന്റെ ഏതാണ്ട് പകുതിയിൽ വച്ച് ആ കത്തി സി‌ത്താര പുറത്തേക്ക് എറിഞ്ഞു..വേഗമുണങ്ങുന്ന മുറിവുണ്ടാക്കി ശ്രീനിവാസനായി കരുതിയ ആ തെറ്റുത്തരം  താണുപോയിരിക്കും. നുസ്രത്തിന്റെ കാലുകൾ പുറത്തേക്ക് വന്ന് തണുപ്പിനോട് പരിഭവിക്കുന്നു..സി‌ത്താര
നിലത്തേക്ക് ഇറങ്ങി അവളുടെ കാലുകൾ തടവിക്കൊടുത്തു.കുറച്ച് നേരം ചേർന്ന് കിടന്നു.ഒന്ന് മയങ്ങാൻ തുടങ്ങുമ്പോൾ തനിക്കിറങ്ങാനുള്ള സ്റ്റേഷന്റെ തൊട്ട് മുൻപുള്ളതിൽ തീവണ്ടി  ഞരക്കത്തോടെ നിന്നു..
ഞെട്ടിയുണർന്നു നോക്കുമ്പോൾ റാവുത്തർ തന്നെ നോക്കിയിരിക്കുന്നു..

വളരെ വേഗം അറവ് സംഘം ബാക്കിയാക്കിയ വളയും മോതിരവും മിഞ്ചിയും ഊരിയെടുത്ത് സി‌ത്താര റാവുത്തർക്ക് നേരെ നീട്ടി.
ഏതോ സ്വപ്നം കണ്ടതുപോലെ റാവുത്തർ അവളെ നോക്കിയിരുന്നു.
വാങ്ങുന്നില്ലെനായപ്പോൾ നിലത്ത് ഇറങ്ങി സീറ്റിനടിയിൽ വച്ച കുട്ടിയുടെ ബാഗിൽ  അതെല്ലാം ഭദ്രമായി വച്ചു. ഹാൻഡ് ബാഗിൽ നിന്ന് ഒരു ചെറിയ പുസ്തകം എടുത്ത് ബാങ്കിലെ വിലാസവും നമ്പരും എഴുതി മടക്കി അയാൾക്ക് നേരെ നീട്ടി...

"നുസുമോളെ ഏൽപ്പിക്കാൻ ഒരിടം ഇല്ലെന്ന പേടി വേണ്ട..."

സ്റ്റേഷനിൽ ഇറങ്ങാൻ തുടങ്ങുമ്പോൾ റാവുത്തർ വാതിലോളം ചെന്നു..
തിരിഞ്ഞ് നോക്കാതെ ഇരുട്ടിലേക്ക് മറയുന്ന സിത്താരരയെ അയാൾ നോക്കി നിന്നു..

"ഉപ്പാ മുടി ഏഴായി കീറിയാൽ എങ്ങനാ മനുഷ്യർക്ക് അതിൽ കൂടി നടക്കാൻ പറ്റനണത് ഇത് കള്ളക്കഥ കള്ളക്കഥ.."
നുസ്രത്ത് ഉറക്കത്തിൽ
തർക്കിക്കുന്നത് കേട്ട് രാവുത്തർക്ക് ചിരിവന്നു...!!

കെ എസ് രതീഷ്‌, പന്ത
( ഗുൽമോഹർ 009)

No comments:

Post a Comment