Sunday 3 February 2019

പ്രണയ കവിത

മഴ നനയാപ്പെണ്ണ്...!!

പെണ്ണേ,
നീ അറിഞ്ഞോ
ഇന്നിവിടെ ആ പഴയ മഴ പെയ്യുന്നുണ്ട്.
വാ നമുക്ക് ഈ ഇറയത്ത്
ഇത്തിരി നേരം  ഇരിക്കാം
മഴയുടെ കുളിരേറ്റ്
പാതി നനഞ്ഞ
കൈകോർത്തിരിക്കണം
ഞാനപ്പോൾ വിയർക്കുന്നുണ്ടാകും
നീ ചിരിക്കും
ഇടയ്ക്ക് കൊള്ളിയാൻ
മിന്നലിൽ നീ എന്നെ മുറുക്കെ പുണരും
മുന്നിലേക്ക് നീട്ടിയിട്ട നമ്മുടെ
കാലിലെ വിരലുകൾ തമ്മിലൊന്നുരസും,
നമ്മുടെയുളളിൽ തീയുണരും,
നീ കേൾക്കാത്ത ശബ്ദത്തിൽ
ഞാൻ ചിലതു ചോദിക്കും,
മഴയുടെ താളത്തിൽ
നീ ചിരിക്കും
നീ അകത്തേക്ക് ഇടയ്ക്കിടെ
നോക്കുന്നുണ്ടായിരുന്നു,
വീണ്ടുമൊരു കൊള്ളിയാൻ
നീ വീണ്ടും ചേർന്നിരിക്കും
മഴ വല്ലാതെ കൂടും
നിന്റെ ചുണ്ടുകൾ വിറതുടങ്ങും,
കണ്ണുകൊണ്ടകത്തേക്ക് നീ വിളിക്കും,
ഞാൻ കാണാത്ത രൂപത്തിലിരിക്കും,
നിന്റെ ചുണ്ടെന്റെ തോളത്തു ചേർന്നിരിക്കും,
ഇടിനാദത്തിൽ നീ ഭയക്കും
എന്റെ ശരീരത്തിൽ
കൂണുകളായി രോമാഞ്ചം മുളയ്ക്കും
പിന്നേയും നിന്റെ കണ്ണുകളെന്നെ വലിക്കും,
മഴയുറയ്ക്കും,
ഒരു മിന്നലുയർത്തിയ ഭയത്തിൽ
കിടക്കയിലേക്ക് നമ്മളോടും
പെയ്ത്തിന്റെ താളത്തിൽ
നമ്മളു പെയ്യും
മഴ തോരുന്നുണ്ടോയെന്ന് നോക്കാൻ
നീ മുടികെട്ടി പുറത്തിറങ്ങും

പെണ്ണേ,
ഇന്നിവിടെ നല്ല മഴ പെയ്യുന്നു
നീ നനയുന്നുണ്ടോ....!

കെ എസ് രതീഷ്,പന്ത
( ഗുൽമോഹർ 009)

No comments:

Post a Comment