Sunday 27 January 2019

കിന്ദമൻ

കിന്ദമൻ..!!

ഇതിപ്പോൾ കഥാകൃത്ത് ചത്തുപോയാലും അയാൾ എഴുതാൻ തുടങ്ങിയ കഥയ്ക്ക് വളരാതിരിക്കാൻ പറ്റുമോ..?
ക്ലെമാക്‌സ് കിട്ടിയില്ല എന്ന ഒറ്റ കാരണം പറഞ്ഞ് ഞങ്ങളെ അയാൾ ഏതാണ്ട് അവഗണിച്ച മട്ടിലാണ്.
ഞങ്ങളാണെങ്കിലോ ആദ്യമായി ഒരു കഥയിൽ കയറിപ്പറ്റിയതിന്റെയും കഥ പറയുന്നതിന്റെയും ത്രില്ലിലുമായിരുന്നു.. അതൊക്കെ മാറ്റിവച്ച് വടക്ക് എവിടെയോ സാഹിത്യ കാർണിവെല്ലിന് പോയ അതിയാന്റെ മനസിലിരുപ്പ് എനിക്ക് അറിയില്ല...

ഞങ്ങളെ നിങ്ങൾക്ക്  ഒരു  കഥാകാരന്റെ കുറിപ്പടികളിലെ വെറും സൂചനകളായി തോന്നിയേക്കാം..
ഗുളികയുടെ പത്തെണ്ണം വരുന്ന ഒരു പാക്കറ്റ്, ആർത്തവകാലത്ത് പെണ്ണിനെ സഹായിക്കുന്ന ഒരു നാപ്കിൻ, ഇനി അവൾക്ക് ഗർഭം ഉണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന ഒരു പരീക്ഷണ കിറ്റ്,
പകുതി തീർന്ന പത്ത് രൂപയുടെ കറുത്ത പേന,തേയ്മാനം വന്ന ഒറ്റക്കാലൻ  ഷൂസ്.വേളാങ്കണ്ണി മാതാവിന്റെ രൂപത്തിലുള്ള എണ്ണ കുപ്പി. ഇതൊക്കെ നിങ്ങളും അവഗണിച്ചേക്കാം..
എന്നിരുന്നാലും  കഥാകൃത്തിന്റെ എഴുത്ത് പുസ്തകത്തിൽ ഞങ്ങളുടെ പേരിന് താഴെ അയാൾ എഴുതിയിട്ട ചില സൂചനകളിലൂടെ സ്വയം ഒരു  കഥയാവാനുള്ള എളിയ ശ്രമമാണ്..

കിന്ദമൻ എന്നൊരു പുരാണ കഥാപാത്രത്തിന്റെ പേര് തലക്കെട്ടായി
എഴുതിയ ശേഷം  ഗൂഗിളിലും, നാട്ടിലും സ്വന്തം വീട്ടിലും അയാൾ  ഞങ്ങളെപറ്റിയുള്ള വിവരങ്ങൾ  ശേഖരിച്ചതിൽ കാര്യമായ പൊരുത്തക്കേട് തോന്നണ്ട.പുതിയ രീതിയിൽ കഥപറയാനുള്ള ഏതെങ്കിലും ഒരു പരീക്ഷണമായിരിന്നിരിക്കാം.
മഹാഭാരത കഥയിൽ  പാണ്ഡു അമ്പയ്ത് കൊന്ന കിന്ദമൻ മുനിയുടെ കഥയുമായി ഞങ്ങൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ചിന്തിക്കേണ്ട ഉത്തരവാദിത്തം ഇതൊക്കെ കേട്ടത്തിന് ശേഷം നിങ്ങൾ തന്നെ തീരുമാനിക്കു...

'ലെവിത്ര' എന്നാണ് എന്റെ പേര്, നിങ്ങൾക്ക് എന്നെ ലെവി എന്ന് വിളിക്കാം. കിടപ്പറയിൽ പുരുഷന്മാർക്ക് സമയം ദീർഘിപ്പിച്ചു കിട്ടാൻ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലാണ് ഞാൻ. കഥയിലെ നായകന്റെ ആവസ്ഥ എന്നിലൂടെ പറയാനുള്ള പദ്ധതിയായിരുന്നു കഥാകൃത്തിന്. ലെവിത്ര എന്നെഴുതിയതിന് താഴെ  അയാൾ എന്തൊക്കെയോ എഴുതിയിട്ടുണ്ട് അതും എന്റെ ചില സ്വാഭാവിക ഊഹങ്ങളും ചേർത്ത്  നിങ്ങളോട് പറയാം...

കോവിൽ തോട്ടം പഞ്ചായത്ത് ഏര്യായിലെ കൃഷി ഓഫീസർ നന്ദൻ 38 വയസ്. ഇവനാണ് നമ്മുടെ കഥാ നായകൻ..
അവന്റെ ഒരു ചങ്ങാതിയുമൊത്ത് (ദിനേശ് 38 വയസ്) അമ്പലപ്പറമ്പിനോട് ചേർന്ന് ഫുട്‌ബോൾ മൈതാനത്ത് ഇരിക്കുമ്പോൾ ദിനേശന്റെ ഭാര്യ അവരുടെ മൂന്നാമത്തെ ആൺ കുട്ടിയുമായി (നവീൻ ഒന്നര വയസ്) വരുന്നു..
കുട്ടിയുടെ കൈവശം മഞ്ഞയിൽ നീലപ്പുള്ളികളുള്ള ബലൂണുണ്ട് അത് നന്ദൻ നഖം കൊണ്ട് തൊടുന്നു. വലിയ ശബ്ദത്തിൽ അത് പൊട്ടുന്നു,
കൂട്ടുകാരന്റെ ഭാര്യ ഞെട്ടുന്നു. കുഞ്ഞ് കരയുന്നു. ഇതുകണ്ട് നന്ദൻ ഉറക്കെ ഭ്രാന്തനെപ്പോലെ ചിരിക്കുന്നു.
കൂട്ടുകാരനും ഭാര്യയും മുഖത്തോട് മുഖം നോക്കുന്നു.
( പ്രിയ വായനക്കാരാ നിങ്ങൾ കരുത്തുന്നുണ്ടാകും വരികളിൽ "ഉന്നു" എത്രതവണ ഇങ്ങനെ ആവർത്തിക്കുന്നു എന്ന്, ഞാൻ ആദ്യഭാഗത്ത് തന്നെ പറഞ്ഞില്ലേ ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എന്റെ മലയാളത്തിനോട് നിങ്ങളിത്ര കണിശത പാടില്ല, അതുമല്ല ഇങ്ങനെയൊക്കെ തന്നെയാണ് കഥാകൃത്ത് എഴുതിയിട്ടുള്ളത് ഞാനത് മനഃപാഠമാക്കിയെന്നതാണ് വസ്തുത..)

ഇനിയാണ് എനിക്ക് പറയാനുള്ള നാടകീയ രംഗങ്ങൾ.കൂട്ടുകാരന്റെ ഭാര്യയുടെ കൈയിൽ നിന്ന് കുട്ടിയെയും പിടിച്ചുവങ്ങി നന്ദൻ അമ്പലത്തിന്റെ കിഴക്കേമൂലയിലെ ഒരു കടയിലേക്ക് ഓടുന്നു.
കൂട്ടുകാരനും ഭാര്യയും അതിന് പിന്നാലെ ഓടുന്നു. നന്ദൻ കടയിൽ നിന്ന് ബലൂണുകൾ വാങ്ങിക്കുന്നത് കാണുന്ന കൂട്ടുകാരനും ഭാര്യയും ആശ്വാസത്തോടെ മുഖത്തോട് മുഖം നോക്കുമ്പോഴും കുഞ്ഞ് കരച്ചിൽ നിർത്തിയിരുന്നില്ല.
അമ്മയെ നോക്കി വല്ലാതെ കരയുന്ന കുട്ടിയെ കൈമാറുമ്പോൾ
"നിങ്ങൾക്കിതുപോലെ  മൂന്ന് നാലെണ്ണമില്ലേ ഒന്നിനെ ഞങ്ങൾക്ക് തന്നൂടെ " എന്ന് നന്ദൻ പറഞ്ഞതാണ് ദിനേശനെ പ്രകോപിപ്പിച്ചത്.
തുടർന്ന്
ചങ്ങാതികൾ തമ്മിൽ  കൈയാങ്കളി ഉണ്ടാവാനും, ഞാൻ അടങ്ങിയ പത്ത് ഗുളികയുടെ പൊതി പുറത്തേക്ക് തെറിക്കാനും, ആലിന്റെ ചുവട്ടിൽ നാട്ടുകാരുടെ ചവിട്ടേറ്റ് കിടക്കാനും കാരണം..

കഴിഞ്ഞ ഒരു മണിക്കൂറായി നന്ദൻ  ആലിന്റെ ചുവട്ടിലെ  അത്താണികല്ലിൽ കുനിഞ്ഞ് അതേ ഇരുപ്പാണ്.
ഭാര്യയെ വീട്ടിലാക്കി ദിനേശൻ  നിരത്തിലൂടെ നടന്നു വരുന്നുണ്ട്.
അരികിലെത്തിയ അയാൾ നന്ദന്റെ തോളിൽ കൈവയ്ക്കുന്നു.
നന്ദൻ മുഖം ഉയർത്തിനോക്കുന്നു. നെറ്റിയിലെ ചെറിയ മുറിവിൽ ആ കൂട്ടുകാരൻ പതിയെ തൊടുമ്പോൾ നന്ദന്റെ കണ്ണ് നിറഞ്ഞ് ഒഴുകുന്നു.
അവർ  ആലിംഗനം ചെയ്യുമ്പോൾ വളരെ മുകളിൽ നിന്ന്  ഒരാലില എന്റെ കാഴ്‌ച്ചയെ മറച്ചുകൊണ്ട് വീണു.
ഏറെ നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഒരു വൃദ്ധയുടെ ശബ്ദം ഞാൻ കേട്ടു.

"നന്ദൻ സാറേ ഇന്ന് വാസന്തിയെ ചേർക്കാൻ കൊണ്ട് വരാൻ പറഞ്ഞിരുന്നു..."

"തങ്കമ്മണിയമ്മ  വീട്ടിലേക്ക് പൊയ്ക്കോളിൻ കുട്ടനെ പിന്നിൽ  കെട്ടിയിട്ടുണ്ട്, സുധയോ, സജീന്ദ്രനോ അവിടെ ഉണ്ടാകും..."
പിന്നെയും മിനിറ്റുകൾ നീണ്ട നിശ്ശബ്ദത

" ഞാനും ഇതുപോലെ സുധയെ എവിടേലും ചേർക്കാൻ കൊണ്ട് പോകേണ്ടി വരുമോ ദിനേശാ" ഇത് നന്ദന്റെ ഡയലോഗ്‌ ആകാനാണ് സാധ്യത..
ഒരു ചെറിയ കാറ്റു വന്ന് എന്റെ കാഴ്‌ച്ചയെ മറച്ചിരുന്ന  ആലിലയെപ്പറത്തിമാറ്റി,
അത്താണിക്കല്ലിൽ ദിനേശൻ നന്ദനെ നോക്കിയിരിക്കുന്നു...
നിരത്തിലൂടെ ഒരു വൃദ്ധ ഒരാടിനെയും വലിച്ച്  നടന്ന് നീങ്ങുന്നു..
സുധ എന്നത് നന്ദന്റെ ഭാര്യയാണെന്നും, കുട്ടൻ കൃഷി ഓഫീസറുടെ സ്വന്തം ആടാണെന്നും, സജീന്ദ്രൻ സമീപത്തെ മൃഗാസ്പത്രിയിലെ ജീവനക്കാരനാണെന്നുമുള്ള  സൂചനകൾ കഥാകൃത്തിന്റെ ആ കുറിപ്പിലുണ്ട്.
പക്ഷെ ഇതൊക്കെ എങ്ങനെ ഏകോപിപ്പിക്കണം എന്നെനിക്ക് അറിയില്ല...

നന്ദനും സുധയും ദാമ്പത്യത്തിന്റെ  പതിനൊന്ന് വർഷം പിന്നിടുന്നു.മൂന്നാം കൊല്ലം മുതൽ ഒരു കുഞ്ഞുണ്ടാകാൻ തുടങ്ങിയ ചികിത്സകളാണ്. ഒട്ടുമിക്ക വൈകുന്നേരങ്ങളിലും
ഈ ആലിന്റെ ചുവട്ടിലിരുന്ന് നന്ദൻ മക്കളില്ലായ്മയുടെ വേദനകൾ പങ്കിടും.
അതിനെല്ലാം ആശ്വാസവാക്കുകളും പുതിയ  വഴികളുമായിഈ കൂട്ടുകാരനുണ്ടാകും...
രണ്ട് ദിവസം മുൻപ് വൈദ്യപാരമ്പര്യമുള്ള ദിനേശനുമായി അമ്പലപ്പറമ്പിൽ  നിന്ന് പിഴുതെടുത്ത തവരയിലയും കുടങ്ങലും അത്താണി കല്ലിന്റെ ഇടതുവശത്ത് ഉണങ്ങികിടക്കുന്നുണ്ട്.. ഇതോടെ എന്റെ ചുറ്റിലും കഥാകൃത്ത്  എഴുതിയിട്ടവ കഴിഞ്ഞു..
ചിന്തയോ ഭാവനയെ നിങ്ങൾക്കൊപ്പം വളർന്നിട്ടില്ല എന്നതു തന്നെയാണ് ഞങ്ങളുടെ ചുറ്റിലുമുള്ള കഥകളൊന്നും വളരാത്തതിന് കാരണമെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു....

കോവിൽ തോട്ടം പഞ്ചായത്തും കൃഷിയാഫീസും സ്‌കൂളും,മൃഗാസ്പത്രിയും
എന്നുവേണ്ട ആ നാട്ടിലെ സകലതും വർഷങ്ങൾക്ക് മുൻപ് കോയിലധികാരിയായിരുന്ന നന്ദന്റെ മുതുമുത്തച്ഛന്റെ വകയായിരുന്നു.
ആ തറവാട്ടിലെ ഇങ്ങെതലമുറയിലെ നന്ദന്റെ  വീട്ടിന്റെ പിന്നാമ്പുറത്ത്
എങ്ങനെയാണ് വേളാങ്കണ്ണിയിലെ മാതാവിന്റെ രൂപത്തിലുള്ള കുപ്പി ?
ഈ  ട്വിസ്റ്റാണ് കഥപറയാൻ അയാൾ എന്നെ തിരഞ്ഞെടുക്കാൻ കാരണം.
മരുന്ന് ഫലിക്കാത്തിടത്ത് മന്ത്രം അതാണല്ലോ നാട്ടിലെ രീതി.
ഉരുളികമഴ്‌ത്ത്‌ ഉൾപ്പെടെ പരിചിതമായ എല്ലാം ചെയ്‌തിട്ടും
മാറി മാറി മരുന്നുകൾ കഴിച്ചിട്ടും നിരാശയുടെ താരാട്ട് മാത്രമേ ആ ദമ്പതികൾക്ക് പാടാൻ കഴിഞ്ഞുള്ളു..
നിങ്ങൾ എന്നെയൊന്ന് കാര്യമായി ശ്രദ്ധിക്കണം.
മുൻപ് മരുന്ന് കുറിപ്പടിയുടെ രൂപത്തിൽ കഥപറഞ്ഞ 
ലെവിയെപ്പോലെയല്ല ഞാനിത്തിരി കൂടിയ ഇനമായതിനാൽ എന്റെ ഭാഷയിൽ തികഞ്ഞ സാഹിത്യവാസന നിങ്ങൾക്ക് പ്രതീക്ഷിക്കാം..
അല്ലെങ്കിലും വലിയ പ്രതീക്ഷകളും വിശ്വാസവുമാണ് മിക്ക ആളുകളെയും എന്നെപ്പോലെയുള്ളവരുടെ അടുത്ത് എത്തിക്കുന്നത്...
ദൈവവിശ്വാസം എത്ര വലിയ ഭാവനയാണെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ..?
നൂറ്റിഅൻപത് രൂപയുടെ അഞ്ച് കുപ്പിയാണ് അന്ന് നന്ദൻ വാങ്ങിയത് അതുകൂടാതെ നേർച്ചയായി തല മൊട്ടയടിച്ചു. ഒരു കുരിശുമാല വാങ്ങി കഴുത്തിലിട്ടു, മാതാവിന്റെ രൂപക്കൂട് മുതൽ പഴയ പള്ളിവരെയുള്ള ആ ചൂടൻ മണലിൽ മുട്ടിലിഴഞ്ഞു. പള്ളിമുറ്റത്തെ  വേപ്പ് മരത്തിൽ തൊട്ടില് കെട്ടി. അന്നവിടെ എത്തിയ സത്യക്രിസ്ത്യാനികൾ പോലും ഇത്ര വിശ്വാസത്തോടെ പ്രാർത്ഥന നടത്തിയിട്ടുണ്ടാകില്ല.  ഈ പ്രാർത്ഥന കേൾക്കുമെന്ന് യേശുവിന്റെ അമ്മയായ  എനിക്കുപോലും തോന്നിപ്പോയി.
സുഹൃത്ത്‌ ദിനേശൻ തന്നെയായിരുന്നു ഈ യാത്രയിലെ സാരഥി. മടക്കയാത്രയിൽ അയാൾ തന്റെ മൂന്ന് കുട്ടികൾക്കും  വിമാനവും, പുല്ലാങ്കുഴലും വാങ്ങിയപ്പോൾ സുധ കരഞ്ഞുപോയി...

" ന്റെ സുധേ അടുത്ത കൊല്ലം നമ്മടെ കൊച്ചിനെ മൊട്ടയടിക്കാൻ  ഇവിടെ കൊണ്ട് വരുമ്പോൾ ഈ ദിനേശൻ വാങ്ങിയതിനെക്കാളും ഐറ്റംസ് വാങ്ങിക്കണാം"
ഇത് പറയുന്ന നന്ദന്റെ വിശ്വാസം കണ്ട് വിശുദ്ധമാതാവായ  ഞാൻ പോലും ആ ബാഗിന്റെ  മുകളിലിരുന്ന് സ്വർഗത്തിലേക്ക് നോക്കി ' ന്റെ കർത്താവേന്ന് ' ഉറക്കെ വിളിച്ചുപോയി. സുധ കണ്ണ് തുടച്ച് നന്ദന്റെ നെഞ്ചിൽ ചേർന്നിരുന്നു എങ്കിലും ദിനേശൻ വാങ്ങിയ പുല്ലാങ്കുഴലിലായിരുന്നു അവളുടെ നോട്ടം. നന്ദൻ  കഴുത്തിൽ കിടന്ന ജപമാലയിലും അവളുടെ തലയിലും വിരലോടിച്ച് എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. വിശ്വാസം ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും എന്നല്ലേ വേദവാക്യം...

തുടർന്നുള്ള രാത്രികളിൽ വിശ്വാസം കത്തിക്കയറുകയായിരുന്നു..
കിടക്കും മുൻപ് കുളിച്ച്‌ ഒരുങ്ങി നൂൽ ബന്ധമില്ലാതെ നിന്ന് അവർ പരസ്‌പരം
നെറ്റിയിലും നെഞ്ചിലും എന്റെ ഉള്ളിലെ എണ്ണ തൊട്ട് കുരിശുവരയക്കണതും രതിയിലേർപ്പെടുന്നതും കണ്ടിട്ട് എനിക്ക് തന്നെ നാണം തോന്നി. ഒരിക്കൽ അവരുടെ അതീവ രഹസ്യഭാഗത്തും കുരിശ് വരയ്ക്കുന്നത് കണ്ട് ഞാനങ്ങ്  വല്ലാതെ ചൂളിപ്പോയി. ഇതൊന്നും കഥാകൃത്തിന്റെ കുറിപ്പിൽ  ഇല്ലാട്ടോ,
വായിക്കുന്നോർക്ക് സുഖം കിട്ടാനും, ഏതെങ്കിലും പതിപ്പിൽ അച്ചടിച്ച് വന്നാൽ ചിത്രം വരയ്ക്കുന്ന ആളിന് നല്ലൊരു അവസരമാകട്ടെന്ന്  കരുതി ഒരല്പം കടത്തി പറഞ്ഞതാ...
അഞ്ചാം കുപ്പിയിൽ എത്തിയപ്പോൾ സുധ ഒരഞ്ച്  ആർത്തവവൃത്തം പൂർത്തിയാക്കിയിട്ടുണ്ടാകും..
തീരെ  നിരാശയോടെയാണ് അടുത്ത രാത്രിയിലെ കുരിശ് വരകൾ,
ചില ദിവസങ്ങളിൽ  രതി പകുതിയിൽ നിർത്തി ആ ദമ്പതികൾ ഉറങ്ങുന്നത് കണ്ട്  ഒറ്റപുത്രനാണെങ്കിലും  എനിക്ക് യേശുവിനോട് വല്ലാത്ത ദേഷ്യം തോന്നി..
നിങ്ങൾക്ക് സംശയം
വേണ്ട എന്റെ പുത്രൻ തന്നെയാണ് ഈ  പ്രാർത്ഥന കേൾക്കേണ്ടത്.
ഞാൻ മധ്യസ്ഥത വഹിക്കുന്നെന്ന് മാത്രം.
ഇപ്പൊ ഞാൻ ഏതാണ്ട് ഒഴിവാക്കപ്പെട്ട രീതിയിലാണ്. ഈ അടുത്ത കാലത്ത് കുപ്പിയിൽ പകുതിയോളം വരുന്ന എണ്ണയിൽ  സുധ ചമ്മന്തിക്ക്  കടുക് വറുത്തു.കഥാകൃത്ത് ആകെ വേളാങ്കണ്ണി യാത്രമാത്രമേ എനിക്ക് തന്നിരുന്നുള്ളൂ. എനിക്ക് ഇങ്ങനെയൊക്കെ നിങ്ങളോട് പറയണമെന്ന് തോന്നി..

പൊതുവെ കഥയിലായാലും കാര്യത്തിലും അതീവ രഹസ്യസ്വഭാവമുള്ള ഞങ്ങൾക്ക് താഴെ കഥാകൃത്ത് കൂടുതൽ ഒന്നും കുറിച്ചിട്ടിട്ടില്ല... മാൻകൈന്റ് കമ്പനിയുടെ "പ്രേഗഗാന്യുസ്സി"ന്റെ  ഉപയോഗം നിങ്ങൾക്ക് അറിയാല്ലോ..?
അതിൽ തെളിയുന്ന രണ്ട് വരകൾ മക്കളില്ലാത്ത  ദമ്പതികൾ എത്ര ആവേശത്തോടെയാണ് കാണുന്നത്..."മാൻ കൈന്റ് " "പ്രഗഗാ ന്യുസ്സ്" ഇതൊക്കെ ഏതൊക്കെയോ വലിയ താല്പര്യത്തോടെ ഗൂഗിളിൽ തിരഞ്ഞ് അതിയാൻ കണ്ടെത്തിയതാണ്.അതിന് എന്തെങ്കിലും ആർഥാന്തരങ്ങൾ ഉണ്ടാകും. "ഗർഭത്തിന്റെ സത് വാർത്ത" എന്ത് കലക്കൻ പേരല്ല..?
ഒറ്റ വരായിട്ട നമ്മുടെ പ്രേഗ്ഗയെ സുധ ഓരോ തവണയും വല്ലാത്ത വേദനയോടെ ടോയിലെറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്യും എന്നിട്ട് അവിടിരുന്ന് കരച്ചില് തന്നെ.
അതാ ആ കുന്ത്രാണ്ടത്തിന്റെ  കഥ കൂടെ ഞാനങ്ങ് പറഞ്ഞത്. അതും ശരിയാ ഞാൻ ഞാൻ എന്ന് ആവർത്തിക്കുന്നതല്ലാതെ ഞാൻ ആരാണെന്ന് വെളിപ്പെടുത്തിയില്ലല്ലോ...?

ഇരുന്നൂറ്റി മുപ്പത് എം എം നീളവും,
നാല്പത് എം എം വീതിയും ഒരു പൊതിയിൽ ഏഴ് എണ്ണവും മുള്ളതും ചിറകുകളോട് കൂടിയതുമായ വലിയൊരു കമ്പനി വിപണിയിൽ ഇറക്കുന്ന തീണ്ടാരി തുണിയാണ് ഞാൻ.
പ്രേഗാ ന്യുസിൽ വര തെളിഞ്ഞില്ലെങ്കിൽ അടുത്ത രക്തപ്രവാഹത്തെ സുധ കാത്തിരിക്കും. അത് എത്ര വൈകുമോ അത്രയും പ്രതീക്ഷയും അവളുടെ മുഖത്തുണ്ടാകും. പ്രതീക്ഷകളെ നീറ്റിച്ച് ചോർച്ചയെത്തുമ്പോൾ നിരാശയോടെ അവൾ എന്റെ അരികിൽ എത്താറുണ്ട്..
ആ വൃത്തം പൂർത്തിയായി വരുമ്പോൾ  സുധയുടെ മുഖത്ത് പ്രതീക്ഷയുടെ  വെള്ളിവെട്ടം കാണാം..

ആ പ്രതീക്ഷയിലാണ് ബാങ്കിലെ ജോലി കളഞ്ഞ് അവൾ വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങിയത്.
ഇതൊക്കെ മനസിൽ കരുതിയിട്ടാകും ഞങ്ങളെ കഥാകൃത്ത് തിരഞ്ഞെടുത്തത് അതുകൊണ്ടാകും ഡയറിയിൽ
ഒന്നും കുറിച്ചിടാതെ ഞങ്ങളുടെ പേരുകൾ മാത്രം എഴുതിവച്ചത്...

സി.പി. സുധ എന്ന എഴുത്തുകാരിയെ അല്ലെങ്കിൽ മക്കളില്ലാത്ത ഒരു സ്‌ത്രീയെ കൂടുതൽ തെളിവോടെ അവതരിപ്പിക്കാൻ ആയിരിക്കും അവളുടെ തന്നെ സ്വകാര്യ ഡയറിയിലെ മഷി തീരാറായ കറുത്ത പേനയായ എന്നെ  കഥാകൃത്ത് തിരഞ്ഞെടുത്തത്.. വലിയ ട്വിസ്റ്റ് ഒന്നുമല്ല ഒരു തരം ചാരപ്രവർത്തനം
കറുപ്പ്, തീരാറായ മഷി ഇതൊക്കെ ശ്രദ്ധിക്കണം ഇതൊന്നും വെറുതെ പറയുന്നതല്ല. എഴുത്തുകാരനെ ധിക്കരിച്ച് ഇത്തരത്തിൽ ഒരു നീക്കത്തിന് കഥതന്തുക്കൾ തയാറായതിന് ഞാൻ ഇപ്പോഴും എതിരാണ്.
എങ്കിലും ജനാധിപത്യ വിശ്വാസിയായ എനിക്ക്  ഭൂരിപക്ഷത്തിന്റെ നിലപാടിന് ഒപ്പം നിൽക്കേണ്ടിവന്നു എന്നു മാത്രം..

സുധ നിങ്ങൾക്ക് നന്ദന്റെ ഭാര്യയായിരിക്കാം പക്ഷെ എനിക്ക്  സി പി സുധ എന്നാൽ നാളെ സാഹിത്യലോകം കണ്ടെടുക്കുന്ന ഒരു കഥാകൃത്താണ്. കഥാരചനയിൽ വലിയ പരീക്ഷണങ്ങൾ നടത്തുന്ന അവൾ ഈ വിഷയം കേട്ടാൽ പുച്ഛിച്ച് തള്ളും. ചിലപ്പോൾ എന്റെ അസ്ഥിത്വപ്പോലും അവർ ചോദ്യം ചെയ്തേക്കാം..

സി പി സുധ കുട്ടികളെ കിട്ടാനാണ് ബാങ്കിലെ ജോലി കളഞ്ഞ്‌ അവധിയിൽ പ്രവേശിച്ചതെന്ന നന്ദന്റെയോ, എന്റെ സഹപ്രവർത്തകരുടെയോ നിലപാടിനോട് എനിക്ക് യോജിക്കാൻ കഴിയില്ല.
നന്ദനെ സുഹൃത്തുക്കൾ വിളിക്കുന്ന 'കുറ്റിയണ്ടി' എന്ന ഇരട്ടപ്പേരിലുള്ള ഒരു ആക്ഷേപഹാസ്യ കഥയാണ് അവൾ ഒടുവിൽ എഴുതിയത്. ആ കഥയിൽ മക്കൾ ഇല്ലാത്ത നായികയ്ക്ക് നിരന്തരം  കുട്ടികളുണ്ടാക്കുന്ന അയൽക്കാരനോട് പ്രണയമാണ്. ഇത്തരം വിഷയങ്ങൾ കഥാകൃത്തിനോട് ഒന്ന് സംസാരിക്കാൻ ഇരിക്കവെയാണ് അയാളുടെ ഈ ഒളിച്ചോട്ടം.
ടെക്നോ ടിപ്പ് എന്ന പേരിൽ സീറോ പോയിന്റ് സിക്സ് വിഭാഗത്തിലെ ഞാൻ തന്നെയാണ് സി പി സുധയുടെ എഴുത്തിന്റെ രഹസ്യതാക്കോൽ. സുധയുടെ വീട്ടമ്മ മുഖം മൂടി അവളെക്കുറിച്ചുള്ള അറിവുകളുടെ കൂറ്റൻ  മഞ്ഞുമലയുടെ ഒരറ്റം എന്നു മാത്രമാണെന്നാണ് എനിക്ക് വെളിപ്പെടുത്താനുള്ളത്..മക്കളും മുല ചുരത്തലും കടുക് വറുക്കലുമാണ് പെണ്ണെന്ന നിലപാടിനെ ഞാൻ തീർത്തും അവഗണിക്കുന്നു...

പുത്ര ദുഖത്താൽ നീറി നീറി കഴിയുന്ന വെറുമൊരു  വീട്ടമ്മയായി എന്റെ സി പി സുധയെ  താഴ്ത്തിക്കെട്ടാനുള്ള കഥാകൃത്തിന്റെ നിലപാടിനോട് പോലും എനിക്ക് വിയോജിപ്പുണ്ട്. എന്നെങ്കിലും സി പി സുധയുടെ ഒരു കഥ അയാൾക്ക് വായിക്കാൻ കഴിയട്ടെ അങ്ങനെ കാലം അയാളോട് കണക്ക് ചോദിക്കട്ടെ...

ചെരിപ്പു വംശതത്തിൽ വളരെ പാരമ്പര്യവും ഉയർന്ന വിലയും അതിനൊത്ത ഗുണവും ഒത്തിണങ്ങിയതെങ്കിലും എന്റെ  ഇണയിൽ ഒന്നിനെ വാലിൽ മുറിവുള്ള ഒരു തെരുവ് നായ മൂന്ന് മാസം മുൻപ് കടിച്ചുകൊണ്ടുപോയി
നന്ദനെന്നല്ല ആർക്കായാലും ഒറ്റക്കാലൻ ഷൂസിനെ അവഗണിക്കാനെ കഴിയു..
എങ്കിലും ആ വീട്ടുമുറ്റത്ത് എന്നെ ഇപ്പോഴും അയാൾ സൂക്ഷിക്കുന്നു. അതിന്റെ കാരണം എനിക്കുപോലും  വ്യക്തമല്ല.
നിങ്ങൾക്കെന്നെ ലീ എന്നോ, കൂപ്പർ എന്നോ അവരണ്ടും ചേർത്ത് ലീകൂപ്പർ എന്നോ വിളിക്കാം. കഥപറയാനായി ഇണയെപ്പിരിഞ്ഞ എന്നെ  തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് അമിത സന്തോഷമോ
ആ പേനത്താനെപ്പോലെ വിയോജിപ്പോ ഇല്ല. എങ്കിലും കഴിഞ്ഞ കുറേക്കാലം നന്ദനൊപ്പം നടന്നതിന്റെ അനുഭവത്തിൽ നിന്ന് എനിക്ക് എന്തെങ്കിലും പറയാനാകുമെന്ന് കഥാകൃത്ത് കരുതിയിട്ടുണ്ടാകും. എന്നാൽ എനിക്ക്
ആകെ നിങ്ങളോട് പങ്കുവയ്ക്കാനുള്ളത്   ചില സംശയങ്ങളാണ്..

മുൻപ് എങ്ങും ഇല്ലാത്ത വിധം പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷിക്കാൻ ചങ്ങാതിയായ ദിനേശനെ മാത്രമായി ആ രാത്രിയിൽ നന്ദൻ ക്ഷണിച്ചതെന്തിനാണ്...? അതിന്റെ പിന്നിൽ എന്തെങ്കിലും ഗൂഢമായ താൽപര്യങ്ങൾ ഉണ്ടായിരിക്കില്ലേ...?
ടൈസ്റ്റ്യൂബ് ശിശു, ദത്തെടുക്കൽ തുടങ്ങിയ ഒട്ടനവധി വഴികൾ ഉണ്ടായിട്ടും  ഒരിക്കലും ദിനേശൻ ആ ദമ്പതികൾക്ക് ആ വഴികൾ  ഉപദേശിക്കാത്തതിന് കാരണം എന്തായിരുന്നു..?
ദിനേശൻ വീട്ടിലേക്ക്  വരുന്നതിന് കൃത്യം ഒന്നര മണിക്കൂർ മുൻപ് നന്ദൻ ഡൽഹിയിലേക്ക് പുറപ്പെട്ടത്തിന്റെ  ലക്ഷ്യം എന്തായിരുന്നു....?
നന്ദന്റെ യാത്ര അറിഞ്ഞിട്ടും ദിനേശനെ സൽകരിക്കാൻ ഒരുങ്ങിനിന്ന ഒരു സുധയുടെ ധാർമ്മികത...?
അവളുടെ "കുറ്റിയണ്ടി" എന്ന കഥയിലെ പരിഹാസം, അയൽക്കാരൻ ഇവരൊക്കെ ആരാണ്..? അതിലെല്ലാം ഉപരി നമ്മുടെ വിവാഹിതനും യുവാവുമായ  കഥാകൃത്തിന്റെ മുറിയിലേക്ക്  കുഞ്ഞുങ്ങളുടെ കാരച്ചിലോ ചിരിയോ  കടന്നുവരാത്തത് എന്താണ്...?

ഒന്നുറപ്പ് ഇതുപോലെ ആശങ്കകളിൽ പെട്ടതിനാലാകും  ആ കുറിപ്പടിയുടെ അവസാനഭാഗത്ത്
എന്റെ പേരെഴുതി അതിനു താഴെ ചുവപ്പ് നിറത്തിൽ  കുറച്ച്  കുത്തുകളിട്ട്  ഒരു ചോദ്യ ചിഹ്നവും ചേർത്ത്
കഥാകൃത്ത് പാലക്കാട് കാർണിവെല്ലിലേക്ക്  പലായനം ചെയ്തത്..!!

കെ എസ് രതീഷ്‌,പന്ത
( ഗുൽമോഹർ 009)

No comments:

Post a Comment