Friday 11 January 2019

ക്ലാപ്പ്..!!

ക്ലാപ്പ്..!!

കഥ കഴിഞ്ഞു എന്നല്ല അയാൾ എന്റെ കഥകഴിച്ചു എന്ന് പറയുന്നതാകും ശരി. എന്റെ ജീവിതത്തിലെ ആദ്യത്തെ കഥയായിരുന്നു അത് ഒരുപക്ഷേ അവസാനത്തെയും.
തീരെ ദയയില്ലാതെയാണ് അയാൾ അതിനോട്.എഴുത്തിലോ വായനായിലോ തീരെ താത്പര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ അയാൾക്ക് കൈവന്നനേട്ടങ്ങൾ കണ്ടപ്പോൾ ആ വഴിക്ക് ഒന്ന് ശ്രമിച്ചതിൽ തെറ്റ് പറയാൻ കഴിയുമോ..?

എവിടെ ചെന്നാലും ആളുകൾ അയാളെ തിരിച്ചറിയുന്നു. പത്രങ്ങളിലും പതിപ്പുകളിലും സ്ഥിരമായി ആയാളുടെ ചിത്രം സഹിതം എന്തൊക്കെയോ അച്ചടിച്ച് വരുന്നു..നാട്ടിലെ വായനശാലകളും വിദ്യാലയങ്ങളും അയാൾക്കായി സ്വീകരണങ്ങളും ക്ലാസുകളും ഒരുക്കുന്നു.
നിറയെ ആരാധകർ, ഒറ്റക്കൊല്ലത്തിൽ മൂന്ന് പുസ്തകങ്ങൾ.അതിൽ രണ്ടെണ്ണം എനിക്കും തന്നു, അല്ല വാങ്ങിപ്പിച്ചു എന്ന് പറയുന്നതാകും നല്ലത്.അതിൽ നിന്നുള്ള അയാളുടെ വരുമാനം. അതിൽ അച്ചടിച്ച അയാളുടെ ചിത്രം. അതൊന്നും
വായിച്ചിട്ടില്ല എങ്കിലുംനെഞ്ചിൽ ചേർത്തുവച്ച് വായനാദിനത്തിൽ ഫോട്ടോയെടുത്തു.അതിലെല്ലാമുപരി
എന്റെ ഉള്ളിൽ പോലും  അയാൾ ഒരു താരമായിമാറിയിരുന്നു.

ഒരേ നാട്ടിൽ,ഒരേ കാലത്ത്  ജനിച്ച ഞങ്ങൾ.അന്ന് ബാല്യ കൗമാരങ്ങളിൽ പഠനത്തിലെന്നല്ല,
മറ്റൊന്നിലും അയാൾ എന്നെ തോല്പിച്ചിട്ടില്ല.
പക്ഷെ അയാൾ ഇങ്ങനെ  നുണകളെഴുതാൻ തുടങ്ങിയതു മുതൽ അയാൾ വല്ലാതെ വളർന്നുപോയി.
പേരിനൊപ്പം ഞങ്ങളുടെ നാടിനെ വാലുപോലെ  ചേർക്കാൻ തുടങ്ങിയതു മുതൽ ഈ നാടുപോലും അയാളുടെ പേരിൽ അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു.
അയാളുടെ കഥാപാത്രങ്ങളിൽ പലരേയും എനിക്ക് നേരിട്ട് അറിയാം. വായനയോ അക്ഷരമോ സ്വന്തമായിട്ടില്ലാത്ത ഈ സാധുക്കളെക്കുറിച്ച് ഇയാൾ എന്തൊക്കെയാണ് എഴുതിയിരിക്കുന്നത്.ഈ അടുത്ത കാലത്ത് അച്ചടിച്ചുവന്ന ഒരു കഥയിൽ എന്റെ രൂപത്തിലുള്ള ഒരാളെയും കഥാപാത്രമാക്കിയിരിക്കുന്നു..

മൂന്ന് കൊല്ലം മുൻപ് ഞങ്ങൾ ഒന്നിച്ച് തുടങ്ങിയ ഫേസ് ബുക്കിൽ ഇതുവരെ എനിക്ക് ആയിരം സൗഹൃദം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് അകൗണ്ടുകളും
ഒരു പേജുമായി സൈബറിടത്തിലും അയാൾക്ക് അന്തർ ദേശിയ പൗരത്വമുണ്ട്..
അയാളുടെ ചിന്തകളും ചിത്രങ്ങളും എത്ര താല്പര്യത്തോടെയാണ് ആളുകൾ സ്വീകരിക്കുന്നത്.ട്വിറ്ററും ഇൻസ്റ്റാഗ്രാമും അങ്ങനെ അയാൾ ചെന്നെത്താത്ത  ഇടമില്ല. ഞാൻ ഒന്നുമായില്ല, എനിക്ക് ഒന്നിനുമാകുന്നില്ല. അങ്ങനെയാണ്  അയാളുടെ വഴിയേ  പോകാൻ തീരുമാനിച്ചത്. എന്റെ ആഗ്രഹം
കേട്ടപ്പോൾത്തന്നെ ആയാൾ തോളിൽ തട്ടി അഭിനന്ദിച്ചു. അപ്പോൾ എനിക്ക് അയാളോട് വല്ലാത്ത ആദരവ് തോന്നി. അന്നുമുതലാണ് അയാളുടെ  യാത്രകളിലും സദസിലും നീ എന്നെയും  കാണാൻ തുടങ്ങിയത്...

ശുഷ്കമായ സദസ്സുകളിൽ അയാളെ കേട്ടിരിക്കുക, പ്രമുഖർക്കൊപ്പം അയാളുടെ ചിത്രങ്ങൾ ഫോണിൽ പകർത്തുക, അയാളുടെ പുസ്തകങ്ങൾ വിതരണം ചെയ്യുക.അങ്ങനെ ഞാനും സാഹിത്യലോകത്ത് സജീവമാകുകയായിരുന്നു.
ആരെങ്കിലും എന്നെക്കുറിച്ച്  'ഇതാരാണ്' എന്ന് ചോദിച്ചാൽ അയാൾ ഒന്ന് ചിരിക്കും. എന്നിട്ട്...
"നാളെ കഥാലോകം ശ്വാസമടക്കി വായിക്കാൻ പോകുന്ന എഴുത്തുകാരനാണ്.."
ഇത് കേട്ട് ചോദ്യകർത്താവ് എന്നെ ആരാധനയോടെ നോക്കുമ്പോൾ എന്റെ ഉള്ളിൽ നിറയുന്ന  കുളിര്.അതൊക്കെ കഴിഞ്ഞ കഥകൾ ഇതിൽ ചിലതെല്ലാം നിന്നോട് പലതവണ പറഞ്ഞതാണ്..

നാലു ദിവസം മുൻപ് നീ എന്റെ ഫേസ് ബുക്ക് പേജിൽ കണ്ടിരുന്നില്ലേ?
ഒരു അവാർഡിന്റെ വാർത്ത, അതാണ് ഞങ്ങളുടെ യാത്രയ്ക്കും എന്റെ കഥയ്ക്കും കാരണം.നീ ആ വാർത്ത ശ്രദ്ധിച്ചില്ലേ..?
കേരളത്തിലെ എല്ലാപത്രങ്ങളിലും വന്നിരുന്നു. വാർത്തയുടെ വസ്തു വാട്‌സ് ആപ്പിൽ  എഴുതി ചിത്രം സഹിതം അയാൾ എഡിറ്റന്മാർക്ക് അയച്ചതേയുള്ളൂ,
മിക്കതിലും ചിത്രവും വാർത്തയും വന്നു.
അത് അയാൾ എന്നെക്കൊണ്ട് പരമാവധി പങ്കിടിയിച്ചു..

"എഴുത്തതുകാരുടെ പറുദീസായാണ് കോഴിക്കോട്, അവാർഡ് വാങ്ങിക്കാൻ നീ എനിക്കൊപ്പം വരുന്നു."
യാത്രയെക്കുറിച്ച് അയാൾ എനിക്ക് ഫോണിൽ ഇങ്ങനെ ഒരു സന്ദേശമയച്ചു. കാര്യമായ തിരക്കുകളും മുൻ നിശ്ചയിച്ച ചില പരിപാടികളും   ഉണ്ടായിരുന്നു,എന്നിട്ടും യാത്രയുടെ അന്ന് വളരെ നേരത്തെ അയാളെയും കാത്ത് തീവണ്ടിയാഫീസിൽ ഞാനെത്തി...
"ജനറൽ കൂപ്പയിൽ രണ്ട് ടിക്കറ്റ് എടുക്കുക"ഫോണിൽ വീണ്ടും സന്ദേശമെത്തി. നീണ്ടനിരയിൽ അരമണിക്കൂറോളം നിന്ന് ടിക്കറ്റ് എടുത്തു..
"അഞ്ചാം പ്ലാറ്റ് ഫോമിൽ എത്തുക" വീണ്ടും സന്ദേശമെത്തുമ്പോൾ ഫോൺ  കൈയിലിരുന്ന് വിറച്ചു. നീങ്ങിത്തുടങ്ങിയ തീവണ്ടിയിലെ നിൽക്കാൻ പോലും ഇടമില്ലാത്ത  കൂപ്പയിലേക്ക് ഞങ്ങൾ ചാടിക്കയറുകയായിരുന്നു.. ഉള്ളിലെത്തിയപ്പോൾ അയാളെക്കണ്ട് സീറ്റിലിരുന്ന ഒരു സ്‌ത്രീ ആദരവോടെ എഴുന്നേറ്റു .അയാൾ അവിടെ ഇരുന്നു. ഞാനും സ്‌ത്രീയും അയാൾക്ക് അരികിൽ നിന്നു.. നീണ്ട പത്ത് മണിക്കൂർ ഇതേ നിൽപ്പാണല്ലോ എന്ന് ചിന്തിച്ചു തുടങ്ങിയപ്പോൾ അയാളുടെ കണ്ണുകൾ എന്നോട് ഇവ്വിധം ഓർമ്മിപ്പിച്ചു.
" ഈ കൂപ്പയിൽ നിനക്ക് കഥ കിട്ടും, ഇവിടെയാണ് കഥകളുള്ളത്.."

വളരെ വേഗം ഉറക്കാത്തത്തിലേക്ക് വഴുതി വീണ അയാളുടെ തല ആ സ്‌ത്രീ തങ്ങുന്നു..
അവർ എന്തോ ഓർത്ത് കരയുകയായിരുന്നു. അത്ഭുതത്തോടെ അവരെ നോക്കിയപ്പോൾ 
" നിങ്ങൾ കഴിഞ്ഞ ലക്കത്തിൽ വന്ന ഈ മനുഷ്യന്റെ സുചിത്ര വായിച്ചിട്ടില്ല അല്ലെ " എന്നോട് അവർ ചെവിയിൽ രഹസ്യമായി ചോദിച്ചു. സീറ്റിൽ ചാരിനിന്ന് ഉറക്കത്തിലേക്ക് ഒരു ചുവട് വച്ചപ്പോൾ അയാളുടെ വിരലുകൾ വന്ന് വിളിച്ചുണർത്തി. അതോടെ
എന്റെ കണ്ണും കാതും കഥ തിരഞ്ഞ് കൂപ്പയിലലഞ്ഞ് നടന്നു. 
ചയകാപ്പി എന്നിവയ്ക്ക്  പ്രത്യേക താളം ചിട്ടപ്പെടുത്തി തിരക്കിനിടയിൽ വന്നുപോകുന്ന  ചായക്കാരന്റെ പിന്നാലെയാണ് ആദ്യം പുറപ്പെട്ടത്. അരികിൽ വന്ന അയാൾ ഒരു ചവിട്ടും, ആ സ്റ്റീൽ പാത്രത്തിലെ ചൂട് ചായയിൽ നിന്ന് നാലു തുള്ളികളും കാലിൽ വീഴ്‌ത്തിയിട്ട് പോയി.തീവണ്ടിയിലെ ക്ളീഷേ
പാട്ടുകാരൊന്നും വന്നില്ല,യാചകരൊക്കെ ഈ കൂപ്പയിലെ സഹയാത്രക്കാർ.
ഉറക്കം എല്ലാ മാന്യതകളും തെറ്റിച്ച് യാത്ര തുടങ്ങി. അയാളുടെ ചെരുപ്പുകൾ തലയിണയാക്കി ഞാനും ആരാധികയും നിലത്ത് കിടന്നു..

കോഴിക്കോട്ട് തീവണ്ടിയാഫീസിലെ ആറാം പ്ലാറ്റ്ഫോമിൽ കാശ് കൊടുത്ത് ഉപയോഗിക്കുന്ന ശൗചാലയത്തിന്റെ സൂക്ഷിപ്പുകാരന്റെ മേശയിൽ വായിച്ച് മടക്കി വച്ചിരിക്കുന്ന കഥാസമാഹാരത്തിന്റെ  പുറം ചട്ടയിലെ ചിത്രത്തിലും അയാൾ. ആ ആനുകൂല്യം എന്റെ ശൗചക്രീയക്കും കിട്ടി. മടങ്ങാൻ തുടങ്ങുമ്പോൾ ആയാൾ തന്റെ പുതിയ പുസ്തകത്തിൽ ഒപ്പിട്ട് ശൗചാലയന് നൽകി. ശൗചാലയന്റെ കണ്ണുകൾ നിറഞ്ഞു.
എന്റെ നേർക്ക് നോക്കിയ ശൗചാലനോട്  അയാൾ പറഞ്ഞ് വാക്കുകൾ കേട്ട് എനിക്ക് ഒരു തവണകൂടി  മൂത്രമൊഴിക്കണമെന്ന് തോന്നി.
" അടുത്ത് നിനക്ക് ഒപ്പിട്ട് തരാൻ ഇയാളുടെ കൈയിലും ഒരു പുസ്തകമുണ്ടാകും"
ആ പുണ്യഭൂമിയിൽ വച്ച്  ശൗചാലയൻ എന്നെ ആലിംഗനം ചെയ്തു.അതിനിടയിൽ ചെവിയിൽ "ഈ മനുഷ്യന്റെ ബയോടോയിലെറ്റ് പോലെ ഒരു കഥയെഴുതു" എന്നെന്നോട് രഹസ്യമായി പറഞ്ഞു.. ഞങ്ങൾ മേൽപ്പാലം കടന്ന് പ്രധാനനിരത്തിൽ എത്തിയിട്ടും ശൗചാലയൻ അതേ നിൽപ്പായിരുന്നു.എനിക്ക് അയാളെക്കുറിച്ച് കഥയെഴുതണമെന്നും
ബയോ ടോയിലെറ്റിന്റെ   ഇതിവൃത്തം എന്തായിരിക്കുമെന്നും  ?ചിന്തിക്കുന്നതിനിടയിലാണ്  കടൽക്കരയിലെ ആ കൊച്ചു ഹോട്ടലിൽ നിന്ന് പ്രതൽ കഴിച്ചത്.
എല്ലാവർക്കും ഇലയിൽ വിളമ്പുന്ന ആ കടയിൽ അയാൾക്ക് മാത്രം സ്ഫടികപാത്രത്തിൽ. വിളമ്പാനും കഴിപ്പിക്കാനും മത്സരിക്കുന്ന
മൂന്ന് സ്‌ത്രീകൾ,  അതിൽ വികലാംഗയായവൾക്ക് വല്ലാത്ത ആവേശം.
കഴിച്ച് കൈകഴുകുന്നതിനിടയിൽ അഞ്ഞുറിന്റെ ഒരു നോട്ട് അയാൾ എന്റെ കീശയിൽ തിരുകി."എന്നിൽ നിന്ന് ഈ സാധുക്കൾ പണം വാങ്ങില്ല".
അതും പറഞ്ഞ്‌ അയാൾ പുറത്തേക്ക് നടന്നു.അതിന്റെ കാരണം മനസിലായത് പണം വാങ്ങിക്കുന്ന കൗണ്ടറിനോട് ചേർന്ന് ചുവരിൽ ക്രിസ്തുവിന്റെ ചിത്രത്തിന്റെ വലതുവശത്ത് ഒരു പഴയ പത്രത്തിന്റെ വാരാന്ത്യപതിപ്പ് മനോഹരമായി ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നത് കണ്ടപ്പോഴാണ്.
ഹോട്ടൽ കുടുംബ ശ്രീ എന്ന തലക്കെട്ട്, അതിന് താഴെ അയാളുടെ പേര്,
നടുവിൽ  വികലാംഗയായ ഒരു സ്‌ത്രീയുടെ അമൂർത്ത ചിത്രം.എത്ര നിർബ്ബന്ധിച്ചിട്ടും അവർ പണം വാങ്ങിയില്ല. മണൽ പരപ്പിലൂടെ കടൽ ലക്ഷ്യമാക്കി നടക്കുന്ന അയാളെ ചൂണ്ടി ആ വികലാംഗ അപൂർണ്ണമായ ഒരു ചോദ്യം ചോദിച്ചു...
"അദ്ദേഹത്തിന്റെ..? "
"സഹായിയാണ്"എന്ന് ഞാൻ മറുപടി പൂരിപ്പിച്ചു. അവർ എന്നെ തൊഴുകൈകളോടെ നോക്കി നിന്നു.
ഞാൻ അയാൾക്ക് പിന്നാലെ ഓടാൻ തുടങ്ങി...

കടൽ ശാന്തമായിരുന്നു.
ദൂരക്കാഴ്ചയിൽ അയാൾ കടലിന് മുകളിലൂടെ നടക്കുന്നത് പോലെ തോന്നി.
മണൽ തിട്ടയിലിരുന്ന് അയാൾ എന്നോട് ഹോട്ടൽ കുടുംബശ്രീയുടെ കഥപറഞ്ഞു തന്നു.വികലാംഗയായ ഹോട്ടലുടമയെ നായികയാക്കി ഒരു കഥ  എഴുതാനുള്ള എന്റെ ആഗ്രഹം ആ മണലിൽ ഒരു കുഞ്ഞ് കുഴിയുണ്ടാക്കി സംസ്കരിച്ചു..
അയാൾ പറഞ്ഞ  കഥയുടെ അവസാനഭാഗത്ത് നായികയോട്
"..കടൽ നിരന്തര ചോദ്യമാണെന്നും കര ലളിതമായ ഉത്തരമാണെന്നും "
പറഞ്ഞ് കടലിലേക്ക് ഇറങ്ങിപ്പോകുന്ന നായകമുണ്ടായിരുന്നു.
നിനക്കറിയോ
ഇന്നുവരെയും അതിന്റെ അർത്ഥം എനിക്ക് മനസിലായിട്ടില്ല.
കടലിനെ നോക്കി അയാൾ പറയുന്നതൊന്നും മനസിലാക്കാൻ കഴിയാതെ വന്നപ്പോൾ എന്റെ മനസ്  കടൽക്കരയിൽ കഥ തിരഞ്ഞ് അലഞ്ഞു നടന്നു.ആളുകൾ വലിച്ചെറിഞ്ഞ കുപ്പിവെള്ളത്തിന്റെ ബോട്ടിലുകൾ വലിയൊരു ചാക്കിൽ നിറയ്ക്കുന്ന തുപ്പുകാരന്റെ പിന്നാലെ ഞാൻ ആർത്തിയോടെ പാഞ്ഞു.
വലിയ ഒരു പാരിസ്ഥിതിക വിഷയവും വിശപ്പും ചെറിയ വരുമാനമുള്ള തൊഴിലും ചേർത്ത് എഴുതിയാൽ..? എനിക്ക് ഒരു കഥ വന്ന് നിറയാൻ തുടങ്ങിയപ്പോൾ തുണിസഞ്ചിയിൽ നിന്ന് ഒരു സ്റ്റീൽ കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന അയാൾ എന്നെ നോക്കി ചിരിച്ചു.
ആ ചിരിയിൽ എന്റെ കഥാതന്തുക്കളെല്ലാം കരിഞ്ഞുപോയി.മണൽ തിട്ടയിലെ ഒരു ഭാഗത്ത് പ്ലാസ്റ്റിക്ക് നിരോധിച്ചു എന്ന ബോർഡിൽ ചൂണ്ടി അയാൾ എന്റെ 'മിനറൽ വാട്ടർ' എന്ന കഥയ്ക്ക് പൂർണവിരാമമിട്ടു...

എവിടേക്ക് എന്നു പറയാതെ എഴുന്നേറ്റ് നടന്ന അയാൾക്ക് പിന്നാലെ സ്വപ്നത്തിലെന്നപോലെ ഞാനും നടന്നു..
"ആദ്യകളി തുടങ്ങാൻ ഇനിയും ഒരു
മണിക്കൂറുണ്ട്"
കൈരളി ശ്രീ തീയേറ്ററിനോട്  അടുത്തപ്പോൾ അയാൾ പറഞ്ഞു. തീയേറ്ററിന്റെ സമീപത്തെ കടയിൽ നിന്ന് ഏതൊക്കെയോ പതിപ്പുകൾ അയാൾ തിരഞ്ഞെടുത്തു. ആ ലക്കം അയാളുടെ മുഖചിത്രത്തോടെ ഇറങ്ങിയ പതിപ്പിൽ നോക്കി അയാൾ ചിരിച്ചു. അതിൽ ഒന്ന് ഞാനും എടുത്തു.. ആ കടക്കാരൻ എന്നെയും അയാളെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു...
തീയേറ്ററിനുള്ളിലെ പടവിലിരുന്ന് ഞാൻ പതിപ്പ് തുറന്ന് വായിക്കുമ്പോൾ അയാൾ കൗണ്ടറിന്റെ മുന്നിൽ രൂപപ്പെട്ട വരികളിലേക്ക് നോക്കി.
ഒരു തീയേറ്ററിന്റെ ഒരു വരി റോഡ് വരെ നീണ്ടതാണ്. മാറ്റതിൽ ആറോ ഏഴോ ആളുകൾ.
എന്നോട് ആ വരണ്ട വരിയിൽ നിൽക്കാൻ പറഞ്ഞു. കഴിഞ്ഞ മാസം കണ്ണൂര് പോകാൻ തീവണ്ടി സമയം കാത്തിരിക്കേണ്ടിവന്നപ്പോൾ  ഈ സിനിമ കണ്ടതാണ്.
സർക്കാരിന്റെ തീയേറ്റർ എന്ന ഒറ്റ കാരണത്തിലാകും ഇതിപ്പോഴും ഇവിടെ കളിക്കുന്നത്....

നീണ്ടതും കുറുകിയതുമായ വരികളിലെ എല്ലാവരുടെയും നോട്ടം ഒറ്റ ക്ളാപ്പിൽ ആ സ്‌ത്രീകൾ വലിച്ചെടുത്തു.
തീരെ വ്യക്തമാകാത്ത
ഭാഷയിൽ അവർ എന്തൊക്കെയോ തമ്മിൽ സംസാരിക്കുന്നു.
വരികൾക്ക് നേരെ മുന്നിൽ വന്ന് ഓരോ അഭ്യാസപ്രകടനങ്ങൾ നടത്തുന്നു..ഞാൻ അയാളെ ശ്രദ്ധിച്ചു.ഇന്ന് വാങ്ങിയ പതിപ്പുകളിൽ ഒന്നിൽ തലകുമ്പിട്ട് അയാൾ ഇരിക്കുന്നു... വരികൾക്ക് മുന്നിലെ കിളിവാതിൽ ഇനിയും തുറന്നിട്ടില്ല.എനിക്ക് മുന്നിൽ കഥയുടെ കൂറ്റനൊരു വാതിൽ തുറന്ന് കിട്ടിയതുപോലെ തോന്നി.
അവർ അമ്മയും മകളും ആയിരിക്കാം അല്ലെങ്കിൽ സഹോദരികൾ. മഞ്ഞയും പച്ചയും നിറത്തിലുള്ള ചുരിടാറുകളാണ് വേഷം.ശരീരപ്രകൃതിയിൽ മാത്രമെ ചെറിയ വ്യത്യാസമുള്ളു.ഒരേ രീതിയിൽ തലമുടി കെട്ടിയിരിക്കുന്നു.അരയിൽ കറുത്ത ഒരു തുണി രണ്ടാളും കെട്ടിയിട്ടുണ്ട്.
മൂത്തവൾ കാണിക്കുന്നവയെല്ലാം കൂടുതൽ തെളിവോടെ ഇളയവൾ ചെയ്യുന്നു.. കാരണം മറിച്ചിലുകൾക്കിടയിൽ ചുരിദാരിന്റെ മുകൾ വശം താഴ്ന്ന് തുടയുടെ ഭാഗം കണ്ടപ്പോൾ ഇളയവൾ ചമ്മലോടെ നിലത്ത് ഇരുന്നു. അവളുടെ
മുന്നിലും പിന്നിലും ഒരു നനവ് കറപോലെ തെളിഞ്ഞ് കാണാം..
അവൾക്ക് പകരം മൂത്തവൾ ആ കാരണം മരിച്ചിൽ ആവർത്തിച്ചു.
ചുരിദാറിന്റെ ഇരുവശത്തും വിടവുള്ള ഭാഗം ഒരു പ്രത്യേക രീതിയിൽ മൂത്തവൾ കുരുക്കിട്ടിരുന്നു.ഇളയവൾ ഒരു ചെറിയ വളയത്തിലൂടെ തന്റെ ശരീരം കടത്തുമ്പോൾ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.ഇതാ ഇവരാണ് എന്റെ ആദ്യകഥയിലെ നായികമാർ. ഞാൻ അയാളെ ഒളികണ്ണിട്ട് നോക്കി. അയാളിപ്പോഴും പതിപ്പിൽ തന്നെ. അയാളുടെ കണ്ണിലോ കാതിലോ ഈ കാഴ്ച്ചയോ ക്ളാപ്പോ ചെന്നുവീഴറുതെന്ന് ഞാൻ മനസിൽ പ്രാർത്ഥിച്ചു.
മുന്നിൽ നീട്ടിപ്പിടിച്ച ഇളയവളുടെ പാത്രത്തിലേക്ക് ഞാനിട്ട നൂറിന്റെ നോട്ടിൽ അയാളും അവളും അസ്വഭാവിമായി നോക്കി. വളരെ വേഗം പതിപ്പിലേക്ക് ആയാളും അടുത്ത ആളുടെ മുന്നിലേക്ക് അവളും നീങ്ങി.

ഞാനെന്റെ കഥയ്ക്ക് പേരിടാൻ തുടങ്ങി.
തീയേറ്ററിന്റ പേര് ചേർത്ത് കൈരളി-ശ്രീ എന്ന ചിന്തവന്നു. പിന്നെ ഇളയവൾ കടന്ന വളയവും ജീവിതവും ചേർത്ത് ഒരു പേര് ചിന്തിച്ചു..ഒരേ രീതിയിലുള്ള മുടിയെക്കുറിച്ച് ചിന്തിച്ചു. ഇളയവളുടെ നനവ് പുരണ്ട പിൻഭാഗം ഓർമ്മവന്നു. അന്യനാട്ടിലെ വിശപ്പിന്റെ കാര്യങ്ങൾ ഓർത്തു.
വരികൾക്ക് മുന്നിലെ കിളി വാതിൽ തുറന്ന് ആളുകൾ നീങ്ങാൻ തുടങ്ങിയപ്പോഴാണ് എനിക്ക് ആ പേര് കിട്ടിയത്  "ക്ലാപ്പ്" ഞാൻ ആദ്യകഥയുടെ പെരുറപ്പിച്ചു..
ഇനി കഥ എഴുതുമ്പോൾ ഈ ദൃശ്യം ഒന്നു  ഓർമ്മിക്കാൻ വേണ്ടി ഫോണിൽ അവരുടെ ചിത്രങ്ങൾ പകർത്തി.ഫോണിന്റെ ഊർജ്ജം മുഴുവൻ തീരാനായിരിക്കുന്നു എന്ന മുന്നറിയിപ്പ് സന്ദേശം ചുവന്ന നിറത്തിൽ സ്‌ക്രീനിൽ തെളിഞ്ഞു...

തീയേറ്ററിന്റെ കോണുകളിൽ
ഒന്നോ രണ്ടോ ആളുകൾ ഇണകളോടൊപ്പം സ്വസ്ഥമായി കൈകോർത്തിരിക്കാൻ വന്ന രണ്ട് ജോഡികൾ.സ്‌ക്രീനിൽ തെളിഞ്ഞ തന്റെ പേര്  അയാൾ എന്നെ ചൂണ്ടിക്കാണിച്ചു.ഞാൻ ആവേശത്തോടെ കൈയടിച്ചു.എന്റെ ക്ലാപ്പ് സിനിമയാകുമ്പോൾ  എന്റെ പേര് വലിയ അക്ഷരത്തിൽ സ്‌ക്രീനിൽ തെളിയുന്നത് ഞാൻ ഭാവന ചെയ്തു.
മൊബൈലിൽ പകർത്തിയ ചിത്രം എടുത്ത് നോക്കുമ്പോൾ ഫോണിന്റെ സ്‌ക്രീന് മരണമുഖത്തെ ഇരുട്ട്. ഞാൻ അയാളെ നോക്കി.അയാൾ എന്റെ ബാഗിലെ പതിപ്പ് എടുത്ത് പുതിയ കഥ കാണിച്ചു തന്നു.എന്നിട്ട് പ്രൊജക്ടർ റൂമിലേക്ക് എന്നെ അയച്ചു.ആൾക്കുട്ടത്തിനും ആരാവത്തിനും മുകളിൽ ഒറ്റപ്പെട്ടുപോകുന്ന തീയേറ്ററിലെ ചിത്രപ്രദർശകന്റെ കഥ പ്രൊജക്ടർ റൂമിലിരുന്ന് ഞാൻ ആ ചിത്രപ്രദർശകന് വായിച്ചു കേൾപ്പിച്ചു.തീയേറ്ററിനുള്ളിലെ എഴുത്തുകാരനെ നേരിൽ കാണാൻ ചിത്രപ്രദർശകൻ പോകുമ്പോൾ ഫോണിലുയർന്ന ഊർജ്ജത്തിൽ  എന്റെ ക്ളാപ്പിലെ കഥാപാത്രങ്ങളെ ഒന്നു രണ്ട് തവണ കൂടി നോക്കി..

പുരസ്കാരദാന വേദിയിലേക്ക് ടാക്സിയിലാണ് പോയത്.സംഘാടകർ ഞങ്ങളെകാത്തു നിൽക്കുകയായിരുന്നു.ഞാൻ ഇറങ്ങി വാതിൽ തുറന്നിട്ടെ അയാൾ ഇറങ്ങിയുള്ളൂ.. സംഘാടകർ വന്ന് അയാളെ സദസ്സിന്റെ മുൻ നിരയിലേക്ക് കൊണ്ടുപോയി.. നാലഞ്ച് വരി പിറകിലാട്ടണ് എനിക്ക് ഇരിപ്പിടം ശരിയായത്. അരികിലായി ഇരിക്കുന്ന എന്നെ അയാൾക്ക് കാണാം.കൈകൊണ്ട് ഫോട്ടോ എടുക്കണം എന്ന് അയാൾ കാണിച്ചു.ഞാനെപ്പോൾ അടുത്ത തവണ പുരസ്കാരം ലഭിക്കാൻ പോകുന്ന എന്റെ "ക്ളാപ്പിൽ" തന്നെയായിരുന്നു.. മുത്തവളെയും ഇളയവളെയും ഞാൻ ഒന്നുരണ്ട് തവണ വലുതാക്കി നോക്കി..കൈയിലെ ചരട്, മൂത്തവളുടെ നെറ്റിയിലെ സിന്ദൂരം.
ഇളയവളുടെ കാൽ വിരലിലെ മോതിരം...
ക്ലാപ്പിൽ അവരെ പൂർണമായി ഒപ്പിയെടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.തീയേറ്ററിൽ അഭ്യാസം കാണിക്കാൻ വന്നവളെ കണ്ട് പ്രണയിക്കുന്ന,വിവാഹം കഴിക്കുന്ന കോടീശ്വര പുത്രൻ. പണവും ജാതിയും സ്റ്റാറ്റസുകളും തമ്മിൽ കൊമ്പ് കോർക്കുന്ന ജീവിത ഗാന്ധിയായ എന്റെ ക്ലാപ്പ്.
ഇതിനിടയിൽ സദസിൽ കൈയടി ഉയർന്നതോ,അയാൾ പുരസ്കാരം വാങ്ങിയതോ ഞാനറിഞ്ഞില്ല..

മടക്കയാത്രയിൽ മുഴുവൻ ഫോട്ടോ കിട്ടാത്തതിന്റെ നീരസം  അയാളുടെ മുഖത്തതുണ്ടായിരുന്നു.
പക്ഷെ എനിക്ക് ക്ളാപ്പിന് കലക്കൻ ഒരു ക്ളൈമാക്‌സ് കിട്ടിയ ആവേശത്തിലായിരുന്നു. മുഖത്ത് ആ ആവേശം വരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.ഒരു തെറ്റുകാരന്റെ ഭാവത്തിൽ തലകുനിച്ചിരുന്നു. സംഘാടകരുടെ ക്യാമറാമാൻ പകർത്തിയ നല്ല ഉഗ്രൻ ചിത്രം ഒരു ദിവസം കഴിഞ്ഞ്അയാളുടെ ഫേസ്‌ബുക്ക് പേജിൽ കണ്ടു.ഫോട്ടോ വൈകി ഇട്ടത്തിന്റെപരിഭാവമായിരുന്നു അയാളുടെ ആരാധകർക്ക്. അത് പരിഹരിക്കാൻ ഞാൻ നാട്ടിലെ വായനശാലയുടെ പേരിൽ എന്റെ കാശ് ചിലവാക്കി വലിയൊരു ഫ്ലെക്സ് അച്ചടിപ്പിച്ചു. അയാൾക്ക് അത്  ഇഷ്ടപ്പെട്ടുകാണണം..
അല്ലെങ്കിൽ എന്റെ ഫോണിലേക്ക് ഇങ്ങനെ ഒരു മെസ്സേജ്‌ വരില്ല...

"തനിക്കും ഇതുപോലെ നാട്ടിൽ തലയുയർത്തി നിൽക്കേണ്ട..? താൻ എന്നാ ഒരു കഥ എഴുതുന്നത്?" ഇത് കേൾക്കേണ്ട താമസം മൂന്ന് രാവും മൂന്ന് പകലും ഇരുന്ന്  പകർത്തിയെഴുതിയ  ക്ലാപ്പുമെടുത്ത് അയാളുടെ വീട്ടിലേക്ക് ഓടി..
ഒന്നുരണ്ട് പത്രാധിപന്മാരും എഴുത്തുകാരുമായി അയാൾ ഏതോ ചർച്ചയിലായിരുന്നു. പത്രാധിപരെ കണ്ട്  "ക്ലാപ്പ് " അച്ചടിച്ച് വരുമ്പോൾ പതിപ്പിലേക്ക് ഏതു ചിത്രം കൊടുക്കും എന്ന സംശയത്തിലായിരുന്നു ഞാൻ...

ഏതു ധൈര്യത്തിലാണ് അവരുടെ മുന്നിലേക്ക് ക്ലാപ്പ് വച്ചു നീട്ടിയത് എന്നറിയില്ല. എന്തായാലും
എല്ലാം വെറും രണ്ട് മിനുട്ടിൽ കഴിഞ്ഞു.
ആർത്തവം വന്ന ഇളയവൾക്ക് പാഡും പുത്തൻ ചുരിദാറുമായി നിൽക്കുന്ന എന്റെ കോടീശ്വരപുത്രനെ അവർ കളിയാക്കി.
പിതാവിനെ വെല്ലുവിളിച്ച്
അവൾക്കൊപ്പം തെരുവിൽ സർക്കസ് കാണിക്കുന്ന എന്റെ നായകനെതിരേ അവർ കൂകി വിളിച്ചു..

"ലോക്കൽ ഒരെഴുത്തുകാരനാണ്, ഇടയ്ക്ക് ഇങ്ങനെ ഓരോന്ന് എഴുതിക്കൊണ്ട് വരും, നമുക്ക് ഉപേക്ഷിക്കാൻ പറ്റുമോ.."

അവരുടെ സംഭാഷണം പൂർണമായി കേൾക്കാൻ ഞാൻ നിന്നില്ല.
പുറത്തേക്ക് ഇറങ്ങുമ്പോൾ എന്റെ ഇളയവളും നായകനും അയാളുടെ പൂന്തോട്ടം നനയ്ക്കുന്നത് പോലെ തോന്നി. അയാളെ എന്നല്ല ആരെയും
കുറ്റപ്പെടുത്താനൊന്നും അല്ല കേട്ടോ ഇതൊക്കെപ്പറഞ്ഞത്.
ഞാനെന്താ ഒരു  കഥ എഴുതാത്തതെന്ന്
നീ ചോദിച്ചപ്പോൾ ഇങ്ങനെ ഒന്നോർത്തതെന്ന് മാത്രം...!!

കെ എസ് രതീഷ്, പന്ത
( ഗുൽമോഹർ 009)

No comments:

Post a Comment