Friday 23 September 2016

കഥ അരുവക്കോട്ടിലെ കുംഭങ്ങൾ

അരുവക്കോട്ടെ കുംഭങ്ങൾ..!!

അമ്മിക്കല്ലിൽ അരച്ച്,
മൺച്ചട്ടിയിൽ മീൻകറി ഞങ്ങളുടെ ദൗർബല്യമായിരുന്നു, മൂന്നരക്കാരന്റെ ആക്രമണത്തിൽ  മീൻ കറിയുടെ മണം കുറച്ചുകാലം ഇല്ലാതെയായി.  കരകൗശല മേളയിലേക്ക് ഞങ്ങളെ എത്തിച്ചതും മൺച്ചട്ടിയിലെ മീൻ കറിയായിരുന്നു. കടകളിലൊന്നിലും അവളുടെ ചട്ടിമുട്ടിനോക്കൽ പരിക്ഷണം വിജയിച്ചില്ല.  ഒടുവിൽ അരുവാക്കോട് കുംഭങ്ങൾ എന്ന ഫ്ലെക്സ് വലിച്ചുകെട്ടി, അതിനുതാഴെ നിരത്തിവച്ചിരിക്കുന്ന ചട്ടിയുടെ മുഴക്കം അവളുടെ മുഖം പ്രകാശിപ്പിച്ചു...

ആളുകളാരും തിരിഞ്ഞുപോലും നോക്കാത്ത, നീലപ്പുക്കളുള്ള മഞ്ഞ സാരിയും , കറുത്ത ബ്രാ തെളിഞ്ഞുകാണുന്ന ഇളം ചുവപ്പ് ബ്ലൗസും ധരിച്ച വില്പനക്കാരിയുടെ വിളിച്ചുപറയൽ കേട്ട് അവളുടെ നെറ്റിചുളിഞ്ഞു...

"അരുവാക്കോട് പെണ്ണിന്റെ ചന്തിക്കൊത്ത കുംഭങ്ങൾ അരക്കെട്ടുപോലത്തെ കൂജകൾ...കൈപോലുള്ള കയിലുകൾ...."

"മോളേ നെനക്ക് എന്തര് കലോ കൊടോ...?"
നാടിന്റെ ഭാഷയുടെ താളം അവളുടെ സകല നാട്യങ്ങളെയും ഉടച്ചുകളഞ്ഞു...
കൈയിലിരുന്ന ചട്ടി നീട്ടികാണിച്ച്
"ചട്ടിയമ്മച്ചീ ഒര് ചട്ടി..!"
ചിരിയണപൊട്ടിയെങ്കിലും മകന് ഒരു ചുംബനമായി ഞാനത് തടഞ്ഞു...അതു തുടച്ച് കളഞ്ഞ് അവനും...

"പിള്ളേ തിരോന്തരത്ത് എവിടെ, ഇവിടെ എന്തര് ഏർപ്പാട്...?"

"എന്റെ കെട്ട്യോന് ഇവിടേണ് ജോലി സാറാണ്" എന്നെ ചൂണ്ടിക്കാണിച്ചവൾ പറഞ്ഞൂ.

എന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ അവർ നോക്കിയിരുന്നു....ചട്ടിപൊതിയിമ്പോഴും, കവറിലാക്കുമ്പോഴും, പറഞ്ഞതിന്റെ പകുതിവിലയിൽ തരുമ്പോഴും അവരെന്നെ ഇത്തരത്തിൽ നോക്കാൻ കാരണമെന്താണ് ? ഞാൻ കൊടുത്താ കാശെടുത്ത് എന്റെ മകനെ ഉഴിഞ്ഞ് കൃഷ്ണരൂപത്തിന്റെ മുന്നിൽ വച്ചതെന്തിനെന്ന് എനിക്ക് മനസിലായില്ല...
പതിവുതെറ്റിച്ച് വാർത്തപോലും കാണാതെ കട്ടിലിലിരുന്ന് ഞാൻ ചിന്തിക്കുകയായിരുന്നു.

"ഈ ചട്ടികൊള്ളാട്ടോ ആ തള്ള പറഞ്ഞതുപോലെ നല്ല ചട്ടിയാ..." അവൾ മീൻ മണത്തോടൊപ്പം ചട്ടിമാഹാത്മ്യം വിളമ്പുകയായിരുന്നു.

"നാളെ കുറച്ചൂടെ ഐറ്റം വാങ്ങണോന്നുണ്ടായിരുന്നു ലക്ഷ്മിയേടത്തിയാ പറഞ്ഞത് അവരത്ര ശരിയല്ലന്ന് അരുവാക്കോടില്ലേ അത് മറ്റേപ്പണീടെ കേന്ദ്രാന്ന്..അതാ ആ തള്ള നിങ്ങളെ നോക്കി ചിരിച്ചതും കാശ് കൊറച്ച് തന്നതും.."
മീൻ കറിയുടെ ആലസ്യത്തിൽ ഞാനന്ന് ഒരു സ്വപ്നം കണ്ടു നൂറ്റൊന്ന് കുടങ്ങളുടെ മുകളിൽ കൃഷ്ണ വേഷത്തിൽ  മോനിരിക്കുന്നു...ഞാൻ വലിയൊരു കുടത്തിൽ ചുരുണ്ടുകൂടി കിടക്കുന്നു, ഒരു വലിയ മൺചട്ടിയിൽ അവളുടെ കറിക്കത്തിയും നാലഞ്ച് മീനുകളും പച്ചമുളകും അവളും പൊന്തിക്കിടക്കുന്നു..വില്പനക്കാരി ഉറക്കെച്ചിരിക്കുന്നു..
പിന്നെയും പിന്നെയും മണ്ണുകൊണ്ടുണ്ടാക്കിയ സ്വപ്നങ്ങൾ ഞാൻ മെനഞ്ഞുകൊണ്ടേയിരുന്നു..

പിറ്റേന്ന് സ്റ്റാഫ് റൂമിൽ അരുവാക്കോടും എന്റെ സ്വപ്നവും അടുത്ത ചങ്ങാതിയോടുപറഞ്ഞു...അരുവാക്കോടിന്റെ ഉല്പത്തി മുതൽ ആ വിടുവായൻ പറയാൻ തുടങ്ങി മണ്ണും പെണ്ണും കുഴഞ്ഞ ആ നാടിന്റെ ചരിത്രം മദജലം പേറി അന്യനാട്ടുകാർപോലും എത്തിയത്, മൺകലച്ചക്രം നിലച്ചിട്ടും, പെണ്ണിൽ കുഴഞ്ഞത് സാമൂഹ്യപ്രവർത്തകരും മിഷണറിമാരും മോചനത്തിന്റെ ബപതീസ്മയുമായ്* എത്തിയത്. പിന്നെ ആ ഗ്രാമത്തിൽ മണ്ണും പെണ്ണും കുഴഞ്ഞില്ല..."അവിടിപ്പോ അതിനൊള്ള സ്കോപ്പൊന്നും ഇല്ലല്ലോ മാഷേ സദാചാരപ്പോലീസ് നാട് വാണീടും കാലത്ത് മാനുഷ്യരെന്തുചെയ്യും.." അശ്ലീല ചിരിയോടെ അയാൾ നിർത്തി...

സർവ്വവിജ്ഞാനിയായ ഗൂഗിളിന്റെ ഭൂപടത്തിൽ അരുവാക്കോട് തിരക്കിയപ്പോൾ "നിങ്ങൾ തെറ്റായ വിവരമാണ് തിരയുന്നത് " എന്ന് ഇംഗ്ലീഷിൽ മറുപടിയും കിട്ടി..ഒരു ചിരിയോടെയാണെങ്കിലും ചങ്ങാതി അരുവാക്കോടിലേക്കുള്ള വഴിവിവരിച്ചു..

അരുവാക്കോട് കുംഭങ്ങൾ എന്നെഴുതിയ ഫ്ലെക്സിൽ അവർ കിടക്കുകയായിരുന്നു മറ്റു സ്റ്റാളുകൾ ഒഴിഞ്ഞുപോയിരുന്നു...
അതേ സാരിയും വേഷവും...

"പിള്ളെക്കെന്തര് കലോ കൊടോ..."എന്റെ മുഖം കണ്ട് അവർ സംസാരം നിർത്തി...
വായനാമുറിയിൽ ഒരു മൺകൂജയിൽ കുടിവെള്ളം പലതവണ ഞാൻ ഭാവന ചെയ്തതാണ്, ഒരു കൂജയിലേക്ക്* വിരൽചൂണ്ടി അവർ എന്റെ മുഖത്തൂന്ന് കണ്ണെടുത്തില്ല...
അതെടുത്ത് അതിലെ വെള്ളം കളഞ്ഞ് തുടച്ചുതന്നു...

"പിള്ളവരൂന്ന് നിരീച്ച് ഞാൻ ഇന്നലെ വീട്ടീ പോയില്ലാട്ടാ...രണ്ട് പെണ്ണുങ്ങളാ എനിക്ക് ഇവിടന്ന് ഒന്നര മയിലേ ഒള്ളൂ...വരണേ മക്കളേ...!!"

എന്തിനാണ് അവർ പറഞ്ഞവഴിയിലേക്ക് കാർ തിരിച്ചതെന്ന് എനിക്കറിയില്ല..മുന്നിൽ ഒരു ചിരിവെട്ടവും നോട്ടത്തിന്റെ കുരുക്കും ഉണ്ടായിരുന്നു.

ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരി കാറിന് കൈ കാണിച്ചു....

"ഇതാണ് നമ്മളെ വീട് കേറി ഇരിക്കാൻ പറഞ്ഞ് അമ്മ കുളിച്ചോണ്ടിപ്പവരും.."

എന്റെ രുചിയറിയുന്നപോലെ ഏലയ്ക്കയിട്ടകാപ്പിയും ഏത്തയ്ക്ക വറുത്തതും പ്ലേറ്റിൽ നിരത്തിയിരുന്നു..ആർത്തിയോടെ തിന്നുമ്പോഴും എന്റെ രുചിയറിഞ്ഞതിലെ ആശ്ചര്യം മാറുന്നില്ല...

കുളിച്ച് നിറം മങ്ങിയ പട്ടുസാരിയും ഉടുത്തുവന്ന ആ രൂപം എന്റെ ഓർമ്മയിലെവിടയോ ഉണ്ടായിരുന്നു...

എങ്കിലും അതിനൊന്നും അവിടിപ്പോ സ്കോപ്പില്ല മാഷേ...സദാചാരപോലീസ്സിന്റെ....ഭയത്തിന്റെ തരം താണരൂപം എന്നിലുണർന്നു...

"മക്കള് വാ നമ്മക്ക് മേലെ പോയിരിക്കാം..."അവർ കോവണികേറിക്കഴിഞ്ഞു...ഞാനും. മുകളിലത്തെ മുറിയിൽ എന്റെ അച്ഛന്റെ വലിയൊരു ചിത്രമുണ്ടായിരുന്നു. കട്ടിലിലിരുന്ന എന്നെ മടിയിൽ കിടത്തി...
കാൽശതം പഴക്കമുള്ള
മൺകുടം പോലുള്ള ഒരു കഥപറഞ്ഞു.
കൃഷ്ണൻ നീലിയെ പ്രേമിച്ചു...
നീലിയെ കൃഷ്ണന്റെ ഭാര്യാവീട്ടുകാർ പായയിൽ കെട്ടി മൈസൂർക്ക് പോണലോറിയിൽ ഇട്ടു...ലോറിക്കരൻ ചങ്ങാതിയുടെ സഹായത്തിൽ അരുവാക്കോടിൽ അരക്കെട്ടുറപ്പുള്ള പുതിയൊരു പെണ്ണുവന്നു...കൃഷ്ണനും മഴപോലെ വന്നുപോയീ...

നൂറ്റൊന്ന് കുടത്തിനുള്ള മണ്ണ് കുഴയ്ക്കാനുള്ള കണ്ണുനീരിൽ അമ്മ കഥനിർത്തി...

ഞാൻ ആ സ്വപ്നം കാണുകയായിരുന്നു കുടങ്ങളുടെ മുകളിൽ കുഞ്ഞു കൃഷ്ണൻ വലിയൊരു കുടത്തിൽ ഞാനുറങ്ങുന്നു ചട്ടിയിൽ കറിക്കത്തിയും മീനും മുളകും അവളും പൊന്തിക്കിടക്കുന്നു....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.

Wednesday 21 September 2016

കവിത അവൾ വനം കണ്ടു

അവൾ വനം കണ്ടൂ....!!

അവൾക്ക്
കണ്ണുണ്ടായിരുന്നില്ല കാഴ്ച്ചയുണ്ടായിരുന്നു...

കാടിന്റെ കവിളിലെ
കരിയിലയിലൂടെ
പാദരക്ഷയില്ലാതെ പതിയെ നടന്നു..
ചീവിടും മലമുഴക്കിയും
അവളുടെ ചെവിയിലൂടെ പറന്നു..
ഒരാറിന്റെ ആഴം നാവിലുറുന്നുണ്ടായിരുന്നു..
ചന്ദനവും ചമ്പകവും ഗന്ധമായ് പൂത്തുനിന്നു..
കാറ്റൊരുകുളിരായ് അവളിലൂറിയിറങ്ങി...
സൗഹൃദത്തിന്റെ ഒരു വള്ളിയിൽതൂങ്ങി...
ഉൾക്കണ്ണാൽ അവൾ
കാടുകൾ
കാണുകയായിരുന്നു
ഞാനും നീയുംകാണാത്ത കാട് ....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര

(അന്ധയായ എൻ എസ് എസ് വിദ്യാർഥിനി രമ്യയ്ക്കും അവളുടെ ചങ്ങാതി മുനവിറയ്ക്കും...
പ്രിയ മമ്മുസ് മാഷിനും അവരുടെ കാടറിവ് യാത്രയ്ക്കും...🙏🏿🙏🏿🙏🏿🙏🏿💐💐💐💐

Saturday 17 September 2016

കവിത സൗമ്യയും കവിയും

സൗമ്യയും കവിയും...!!

പ്രഭാതം
വീട്
കവി, പത്രം, ചാരുകസേര,
ശാന്തം സുന്ദരം.

കയറുമായി ഒരുത്തി ഉമ്മറത്ത്   നിൽക്കുന്നു.
കണ്ണിലും ചുണ്ടിലും മുറിവ്.

നീ ആരാ...?

ഞാൻ സൗമ്യ
ടീവിയിൽ നെഞ്ചുപെട്ടിക്കരഞ്ഞ
സുമതീടെ മോൾ, മുറിക്കയ്യൻ കൊന്നിട്ട, ഷൊർണൂർ വണ്ടീലെ പെണ്ണ്.

നീയെന്താ ഇവിടെ ?
കവിയെന്തേ എന്നെക്കുറിച്ച് എഴുതാത്തത്...?
സുപ്രീം കോടതി പറഞ്ഞല്ലോ
ജീവപര്യന്തമാക്കീന്ന്.
പട്ടിക്കും പശൂനും നീ എഴുതിയതോ...?
(...........................നീണ്ടമൗനം)

നീ വന്നതെന്തേ..?
നിന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ.
ഞാൻ ആരെയും ഒന്നിനെയും ചോദ്യം ചെയ്യാറില്ലല്ലോ..?

അതേ നീ ആരെയും ഒന്നിനെയും  തൂക്കിലേറ്റാറുമില്ലല്ലോ.. ബോൾഷേവിക്കുകാരനല്ലേ...?

ഒറ്റകൈയ്ക്ക് കരുത്തില്ലല്ലോ..?
നീ കണ്ടില്ലേ അവന്റെ മുറികൈയിലായിരുന്നു ശതം താളുകളുള്ള കേസുകെട്ട് പിടിച്ചിറങ്ങിവന്നത്.

നീയെന്തിനാ തീവണ്ടീന്ന് ചാടിയത് ?
മുറികയ്യാൽ   കുത്തിവീഴ്ത്തിയതല്ലേ.

ആരുകണ്ടു..?
ഭാര്യ നാലുതവണ അടുക്കളപ്പുറത്ത്  വീണതുകാണാത്ത നീയാണോ... ?

അവന്റെ ലിംഗത്തിന് മുറിവില്ലല്ലോ.?
യോനിയത്ര മൂർച്ചയില്ലല്ലോ.

തലയിൽ മുറിവുണ്ടാക്കിയത് നീയല്ലേ...?
കിടത്താനവൻ കല്ലിട്ടിടിച്ചതല്ലേ..

തെളിവില്ലല്ലോ..?
ഞാനെന്തിന് തെളിയിക്കണം

ഇറക്കിവിടെടാ...
നിന്റെ ഉള്ളിലെ ചാമിയെ .
ഞാൻ ഇറങ്ങിനടന്നു.
മൂവാണ്ടന്റെ തുഞ്ചത്താകാല്ലേ..?
ഞാൻ കഴുത്തുവച്ചു,
അവൾ കുരുക്കിട്ടു,
ഞാൻ കുരുങ്ങിച്ചത്തു,
അവൾ കുലുങ്ങിച്ചിരിച്ചു.

ഞാൻ,
സൗമ്യ
സുമതീടെ മകൾ, തുണിക്കടയിൽ പണിയെടുത്ത,
മുറികയ്യൻ കൊന്നിട്ട,
ഷൊർണൂർ വണ്ടീലെ പെണ്ണ്.
ഞാൻ വരുന്നുണ്ടോരോ
ഊരിലും
നമുക്ക് നാമേ പണിവത് ന്യായം...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.

Tuesday 13 September 2016

കവിത മണ്ണെണ്ണ വിളക്കിന്റെ ചോദ്യങ്ങൾ

മണ്ണെണ്ണ വിളക്കിന്റെ ചോദ്യങ്ങൾ..!!

മൊബൈലിന്റെ കാലത്ത് ആരെങ്കിലും
പ്രണയലേഖനമെഴുതുമോ?
സ്വീകരിക്കാനാളിത്ത ഒരു കത്ത് തികഞ്ഞഭ്രാന്തല്ലേ..?
വിശപ്പും മാനവുമല്ലാതെ
ഈ വീട്ടിൽ വിൽക്കാനെന്തുണ്ടായിരുന്നു?
ആ കീറസഞ്ചിയിൽ
മുഷിഞ്ഞ പുസ്തകത്തിനിടയിൽ
ആ പ്രണയക്കുറിപ്പെത്രകാലം
വീർപ്പുമുട്ടിയിട്ടുണ്ടാകും..?
കൂട്ടുകാരിയോട് വീമ്പിളക്കി
പ്രണയനാടകം കളിച്ചതെന്തിവൾ ?
അല്ലെങ്കിലും വിദ്യാലയമുറ്റത്തെ സമ്മേളനത്തിൽ ആ കത്ത് വായിക്കപ്പെട്ടാൽ ഇവൾക്കെന്ത് ?
എന്റെ കത്തലടക്കാൻ
കൂട്ടിവച്ചതെടുത്ത്
അവളവളെ കത്തിച്ചതെന്തിന്?
അല്ലെങ്കിലും ഈ പെണ്ണിന് മുഴുഭ്രാന്തുതന്നെ അവരൊക്കെ അദ്ധ്യാപകരല്ലേ....?
തിരിയില്ലാതെ വെളിച്ചമുള്ള ഇലക്ട്രിക്ക് ബൾബുകൾ
അവരോട്
ഒരു മണ്ണെണ്ണ വിളക്കെന്തുപറയാൻ.?.!!

(പ്രണയലേഖനം കണ്ടുപിടിച്ചതിന്റെ അപമാനം താങ്ങാതെ ആത്മഹത്യചെയ്തവൾക്ക്)

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.

കഥ പരിണാമം

പരിണാമം...!!

മുണ്ടകൻ പാടമായിരുന്നനാൾ അയ്യാൾ വിളക്കുമാടത്തിൽ കാവലായിരുന്നു, നിലത്തിനുമുകളിൽ കൂറ്റൻ വ്യാപരകേന്ദ്രമുയർന്നപ്പോൾ അയ്യാൾ അതിനും കാവൽ നിന്നു, കുടവയറും വലിയമീശയും അയ്യാളെ    ഒരു തുണിക്കടയിൽ മാവേലിയാക്കി, മെലിഞ്ഞുണങ്ങിയ അയ്യാളോട് തുണിക്കടമുതലാളി ഇത്തവണ വാമനനാകാൻ ആജ്ഞാപിച്ചു...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.

Wednesday 7 September 2016

കഥ ബാലൻസ് ഷീറ്റുകൾ

ബാലൻസ് ഷീറ്റുകൾ..!

ജൂൺ ആദ്യവാരം മാഷെന്നെ വിളിച്ചിരുന്നു
" നീ ഇപ്പൊ മലപ്പുറത്തല്ലേ അമ്മുനും  അവിടെ ജോലി ശരിയാക്കിട്ടൊ നിന്റെ നമ്പർ അവൾക്ക് കൊടുത്തു. അവൾ വിളിച്ചോ?  തമ്മിൽ കണ്ടോ?  " പിന്നെ എന്തൊക്കെയോ പറഞ്ഞു ഓർത്തെടുക്കാൻ ആകുന്നില്ല  അല്ലെങ്കിലും മറവി നല്ലൊരു രക്ഷാമാർഗമാണ് .  അശ്വതി വിളിച്ചില്ല മാഷോട് അവളുടെ നമ്പർ വാങ്ങാൻ ഒരുമനഃപ്രയാസം...

പിന്നെ ഇന്നാണ് മാഷ് വിളിക്കുന്നത്  " എടാ അമ്മുന്റെ കുട്ടി ഇന്ന് കാലത്ത് മരിച്ചു അവളെ അറിയിച്ചിട്ടില്ല അവളിപ്പോൾ നിലംപൂർ ബസ് സ്റ്റോപ്പിൽ നിൽപ്പുണ്ട് ഒന്നും അറിയിച്ചിട്ടില്ല മനക്കരുത്തില്ലാത്ത പെണ്ണാ"   സുഹൃത്തിന്റെ വിവാഹ ചട ങ്ങിലായിരുന്നു ഞാൻ. സ്റ്റോപ്പിൽ എന്നെ കാത്ത് നിൽക്കുകയായിരുന്നു , ചിരിയും മുൻ സീറ്റിൽ ഇരുപ്പും     അവൾക്ക് ഒരു മാറ്റവുമുണ്ടായിരുന്നില്ല.

"എന്താ മാഷേ പഴേ കൂട്ടുകാരിയെ കണ്ടിട്ട് ഒരു ഉഷാറില്ലാത്തത് എവിടാ ആ ചിരി"

വിജയകൃഷ്ണൻ മാഷ് ഉള്ളിലിരുന്ന് ശാസിക്കുന്നുണ്ടായിരുന്നു "മനക്കരുത്തില്ലാത്ത പെണ്ണാ ഒന്നും അറിയിച്ചിട്ടില്ല"

"ഞാനും ഗസറ്റഡ് ഒന്നുമല്ലേലും ഹയർ സെക്കന്ററിയിൽ തന്നാട്ടോ, വാട്സപ്പിലൊക്കെ സാഹിത്യോം രാഷ്ട്രീയോം നീ അടിച്ചുവിടാറുള്ളത്  കാണാറുണ്ട്  ഇപ്പൊ നിന്റെ നാവിനെന്താ പറ്റിയത് "

വാഹനം നാടുകാണി ചുരം കയറുകയായിരുന്നു...
മരവിപ്പിക്കുന്ന തണുപ്പിലും ഞാൻ വിയർത്തു...
ഞാൻ മറവിയുടെ വിഴുപ്പ് തുറക്കുകയായിരുന്നു....

പത്താം തരം കഴിഞ്ഞാൽ ഒരു കൈതൊഴിൽ  അതിനപ്പുറം ഞാനും  സ്വപ്നം കണ്ടിരുന്നില്ല....ഡിസ്റ്റിങ്ഷൻ വാങ്ങിയ ചെക്കനെ പഠിപ്പിക്കാനും അനാഥമന്ദി രക്കാർക്ക് നിർവാഹമില്ല, എങ്കിൽ കൂട്ടിനേക്കാൾ വളർന്ന കിളിയെ തുറന്നുവിടുക , അവർ തീരുമാനിച്ചു.
ഹോട്ടലും ബസും ബാറും മാറി മാറി പരീക്ഷിച്ചെങ്കിലും പഠനത്തെ  ബാധിക്കാതെ മുന്നോട്ട് പോകാൻ എനിക്ക്  കഴിഞ്ഞില്ല , സായാഹ്‌ന പത്രം വിറ്റു തളർന്നപ്പോൾ അതിലൊരു മാർഗം കണ്ണിലുടക്കി "സെപ്ടിക്ക് ക്ളീനിംഗ് വിളിക്കുക  "നമ്പർ സഹിതം . ആകുന്ന തമിഴിൽ പറഞ്ഞൊപ്പിച്ചു കാശും കണ്ടീഷനും ,പഠിക്കുന്ന പട്ടണത്തിനുപുറത്ത് ഏതു ദിവസവും തയാർ.. പകലിൽ പ്ലസ്‌ടുകാരന്റെയും രാത്രിയിൽ തോട്ടിയുടെയും ഭാഗം ഞാൻ നന്നായി അഭിനയിച്ചു.

അന്ന് കാണിയാപുറത്ത് ഒരു വീട്ടിലായിരുന്നു, പണികഴിഞ്ഞാൽ ലോഷനും സോപ്പും വീട്ടുകാർ തരുന്ന പതിവുണ്ട് , അത്‌ കൈപ്പറ്റാൻ മലം കൂടുതൽ പറ്റാത്ത ഞാനും . വീട്ടിനുപിന്നിലെ മങ്ങിയവെളിച്ചത്തിലും ക്ലാസ്സിലെ ഉറക്കം തുങ്ങിയെ അദ്ധ്യാപകന്റെ മകളും ക്ലാസ് ലീഡറുമായ പെൺകുട്ടി  തിരിച്ചറിഞ്ഞു...അവളുടെ അപ്പന്റെ നോട്ടവുമായപ്പോൾ ടാങ്കിൽ നിന്നും ശേഖരിച്ച മലത്തിൽ മുങ്ങിച്ചാകാൻ എനിക്ക്  തോന്നി.

സയൻസ് ഗ്രുപ്പിലെ ഗണിതവും ഭൗതികവും എന്നെ ജീവിതത്തിൽ ഒരിക്കലും കേൾക്കാത്ത കൊമേഴ്‌സ് ഗ്രുപ്പിലെത്തിച്ചു, ഇനിയിപ്പോ അവിടെയും രക്ഷയില്ല. ഒരാഴ്ച്ച രണ്ടുവേഷവും അഴിച്ചുവച്ച് ഞാൻ ഒറ്റയായി...താമസിക്കുന്ന ചേരിയിൽ വിജയകൃഷ്ണൻ  മാഷിന്റെ കാറ് വന്നത് പാണ്ടികൾക്ക് അത്ഭുതമായിരുന്നെങ്കിലും വന്നവർ  എന്നെയും കയാറ്റിപ്പോയപ്പോൾ അവർക്ക് ഒന്നും മനസ്സിലായിരുന്നില്ല.

മാഷിന്റെ വീടിന്റെ ഒരു മുറിയിലാണ് പിന്നെ ഞാൻ കൊമേഴ്‌സ് പഠിച്ചത് . അഞ്ജലിയും അശ്വതിയും മാഷിന്റെ ഭാര്യ നിർമ്മല റ്റീച്ചറും ആ വീട്ടിലെ മറ്റുമുറികളായിരുന്നു...
പുസ്തകം യൂണിഫോം കാൽക്കുലേറ്റർ എന്റെ ബാലൻസ് ഷിറ്റുകൾ വളരെപ്പെട്ടന്ന് റ്റാലിയാകുകയാരുന്നു...
എന്റെ പേരിന്റെ വാലിൽ തൂങ്ങി പലരും ജാരസാന്താനങ്ങളെപ്പോലെ കാഥകളുണ്ടാക്കി ഞാൻ കേട്ടിട്ടും കേട്ടിട്ടും കേൾക്കാൻ കൊതിച്ചുകൊണ്ടിരുന്നു..തെരുവുപട്ടി കൊഴുക്കുന്നപോലെ ഞാൻ കൊഴുത്തു,
സ്‌കൂളിൽ  മാളുപോലും ഒന്നാമതാകാൻ ശ്രമിച്ചു പരാജയം സമ്മതിച്ചു, മാളു പലതവണ കാറിന്റെ പിൻ സീറ്റിൽ ക്ഷണിച്ചെങ്കിലും   നിർമ്മല ടിച്ചറുടെ ബന്ധു സന്തോഷിന്റെ നോട്ടം എന്നെ മുൻ സീറ്റിൽ ഉറപ്പിച്ചിരുത്തി ,എങ്കിലും അവളുടെ ചുണ്ട് എന്റെ ചെവിയിൽ തൊട്ടു തൊട്ടില്ല എന്നപോലിരുന്നു....സന്തോഷിനെ അവൾക്കിഷ്ടല്ലായിരുന്നു...

'എന്താ മിസ്റ്റർ ഇത്ര ഗൗരവം കല്പറ്റവരെ മിണ്ടതിരിക്കാനാണോ ഭാവം ഇപ്പോഴും സന്തോഷ് മാമനെ ഭയാ...അതോ ഗുരുവിനെ ഓർത്തിട്ടാണോ കാലം ഒത്തിരിയായില്ലേ മാഷേ ?  നമ്മുടെ
മാഷും നിർമ്മല ടിച്ചറും പിരിഞ്ഞുട്ടോ ചേച്ചിയും അമ്മയും കൊല്ലത്ത് തന്നെ. ഞാനും പപ്പയും വയനാട്ടിലേക്ക് പോന്നു.. ഡിവോഴ്‌സ് കിട്ടാൻ എന്റെ പപ്പയുടെ ജാരസന്ധതി വേഷമായി കോടതിയിൽ കെട്ടിനിർത്തിയത് തന്നെയാട്ടോ , അന്ന് തന്നെക്കൊണ്ട് മലയാളം എടുപ്പിച്ചത് നമ്മളെ പിരിക്കാനായിരുന്നു , എനിക്കാണെങ്കിൽ നിന്നോട്  മുടിഞ്ഞ പ്രേമോം..ഡിഗ്രിക്ക് തന്നെ എന്നെ കെട്ടിച്ചു നാലു കൊല്ലം മുന്നേ ഈ വഴിയിൽ ഒരപകടത്തിൽ എന്റെ ആളും പോയി , ഇപ്പൊ ഞാനും എട്ടുവയസുകാരൻ മോനും  ആകെ തകർന്ന നമ്മുടെ മാഷും..എനിക്ക് ഭയം തോന്നുന്നെടോ എന്റെ പപ്പയ്ക്ക് എന്തെങ്കിലും ആയാൽ നാലുവർഷമായി ആശുപത്രിയിൽ നിന്നും ആശുപത്രിയിലേക്ക് കൂട്ടുമാറുന്ന മോനും ഞാനും എന്തു ചെയ്യും ?"

തേയിൽ കാടുകൾ പിന്നിട്ട് ഞാൻ പായുകയായിരുന്നു....

എന്തിനാ ഇത്ര തിടുക്കം ആ വളവിൽ ഒന്ന് നിർത്തു..ഇവിടാ നാല് വർഷം മുമ്പ്....നല്ലതുപോലെ മദ്യപിക്കുമായിരുന്നു...."

അവളിറങ്ങി തേയില കമ്പനിയുടെ പടികെട്ടിൽ ഇരുന്നു ഞാനും...

"താൻ വരും എന്ന് പപ്പ പറഞ്ഞപ്പോൾ തുടങ്ങിയ ആഗ്രഹാട്ടോ കുറച്ച് നേരം ഇരിക്കേണമെന്നും സംസാരിക്കണമെന്നും ഭാര്യ, കുട്ടി വല്ലതും പറയു പ്ലി്‌സ് "

എന്റെ ബാലൻസ് ഷീറ്റിലെ ഇടപാട്ടുകൾ അവൾ ഓഡിറ്റ് ചെയ്തു....എന്റെ തിടുക്കം കാണാതെ തോളിൽ ചാരി കരയാൻ തുടങ്ങി , കണ്ണു തുടയ്ക്കാൻ ശ്രമിച്ച എന്റെ കൈയിൽ ആർത്തിയോടെ ചുംബിച്ചു...തേയിലത്തോട്ടപണിക്കാരുടെ നോട്ടങ്ങൾക്കുമുന്നിൽ അവൾ മറിയില്ല  ചേർത്തു നിർത്താനെ എനിക്കും കഴിഞ്ഞുള്ളു...കല്പറ്റ ടൗണ് വരെ ആരും മിണ്ടിയില്ല....ഇറങ്ങാൻ തുടങ്ങിയപ്പോൾ....

"അതെ മാഷെന്തായാലും മലയാളം മെടുത്തത് നന്നായിട്ടോ ഞങ്ങൾ രണ്ടാളും കൊമേഴ്‌സ് പഠിച്ചിട്ടും പഠിച്ചിട്ടും ബാലൻസ്  ഷീറ്റുകൾ ശരിയാകുന്നില്ല ,തനിക്കെന്തെങ്കിലും സംഭവിക്കും മുന്നേ ആരുടെ എങ്കിലും കൈയിൽ ഏൽപ്പിക്കാൻ പപ്പ ശ്രമിക്കുന്നത് എന്നെ പെണ്ണുകാണിക്കാനാ പ്രിയ ശി ഷ്യന്റെ തേരിൽ ഈ യാത്ര ഗുരുനാഥൻ ഏർപ്പാടാക്കിയത്,
  ബി എഡ് ചേരാൻ പണമില്ലാതെ  ഞാനൊരു മോതിരം തന്നിരുന്നു ഓർക്കുന്നുണ്ടോ...?
.ഇനി കാണുമ്പോ ഈ ചെറു വിരലിന്റെ പാകത്തിന് ഒരു മോതിരം വാങ്ങിത്തരണം...ഒന്ന് റ്റാലിയാകുമോ എന്ന് നോക്കാനാ...."

ടൗണിൽ മാഷുണ്ടായിരുന്നു...
പുറപ്പെടാനൊരുങ്ങി ചുവന്ന ഒറ്റക്കണ്ണനും....
പതിനൊന്നാം തരത്തിലെ
ബാലൻസ് ഷീറ്റിന്റെ അടിസ്‌ഥാന തത്വങ്ങൾ ഞാനോർത്തു....
വാങ്ങിയവ ലാഭത്തിന്റെ പട്ടികയിലും കൊടുത്തവ നഷ്ടത്തിന്റെ പട്ടികയിലും ചേർക്കുക...
മടക്ക യാത്രയിൽ കമ്പനി പടിയിൽ കണ്ണു നിറഞ്ഞത്  ബാലൻസ് ഷീറ്റിന്റെ ഏതു ഭാഗത്ത് ചേർക്കണമെന്നറിയില്ലായിരുന്നു.....!!!

രതീഷ് കൃഷ്ണൻ
ജി എച്ച് എസ് എസ്
എടക്കര
മലപ്പുറം