Friday 23 September 2016

കഥ അരുവക്കോട്ടിലെ കുംഭങ്ങൾ

അരുവക്കോട്ടെ കുംഭങ്ങൾ..!!

അമ്മിക്കല്ലിൽ അരച്ച്,
മൺച്ചട്ടിയിൽ മീൻകറി ഞങ്ങളുടെ ദൗർബല്യമായിരുന്നു, മൂന്നരക്കാരന്റെ ആക്രമണത്തിൽ  മീൻ കറിയുടെ മണം കുറച്ചുകാലം ഇല്ലാതെയായി.  കരകൗശല മേളയിലേക്ക് ഞങ്ങളെ എത്തിച്ചതും മൺച്ചട്ടിയിലെ മീൻ കറിയായിരുന്നു. കടകളിലൊന്നിലും അവളുടെ ചട്ടിമുട്ടിനോക്കൽ പരിക്ഷണം വിജയിച്ചില്ല.  ഒടുവിൽ അരുവാക്കോട് കുംഭങ്ങൾ എന്ന ഫ്ലെക്സ് വലിച്ചുകെട്ടി, അതിനുതാഴെ നിരത്തിവച്ചിരിക്കുന്ന ചട്ടിയുടെ മുഴക്കം അവളുടെ മുഖം പ്രകാശിപ്പിച്ചു...

ആളുകളാരും തിരിഞ്ഞുപോലും നോക്കാത്ത, നീലപ്പുക്കളുള്ള മഞ്ഞ സാരിയും , കറുത്ത ബ്രാ തെളിഞ്ഞുകാണുന്ന ഇളം ചുവപ്പ് ബ്ലൗസും ധരിച്ച വില്പനക്കാരിയുടെ വിളിച്ചുപറയൽ കേട്ട് അവളുടെ നെറ്റിചുളിഞ്ഞു...

"അരുവാക്കോട് പെണ്ണിന്റെ ചന്തിക്കൊത്ത കുംഭങ്ങൾ അരക്കെട്ടുപോലത്തെ കൂജകൾ...കൈപോലുള്ള കയിലുകൾ...."

"മോളേ നെനക്ക് എന്തര് കലോ കൊടോ...?"
നാടിന്റെ ഭാഷയുടെ താളം അവളുടെ സകല നാട്യങ്ങളെയും ഉടച്ചുകളഞ്ഞു...
കൈയിലിരുന്ന ചട്ടി നീട്ടികാണിച്ച്
"ചട്ടിയമ്മച്ചീ ഒര് ചട്ടി..!"
ചിരിയണപൊട്ടിയെങ്കിലും മകന് ഒരു ചുംബനമായി ഞാനത് തടഞ്ഞു...അതു തുടച്ച് കളഞ്ഞ് അവനും...

"പിള്ളേ തിരോന്തരത്ത് എവിടെ, ഇവിടെ എന്തര് ഏർപ്പാട്...?"

"എന്റെ കെട്ട്യോന് ഇവിടേണ് ജോലി സാറാണ്" എന്നെ ചൂണ്ടിക്കാണിച്ചവൾ പറഞ്ഞൂ.

എന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ അവർ നോക്കിയിരുന്നു....ചട്ടിപൊതിയിമ്പോഴും, കവറിലാക്കുമ്പോഴും, പറഞ്ഞതിന്റെ പകുതിവിലയിൽ തരുമ്പോഴും അവരെന്നെ ഇത്തരത്തിൽ നോക്കാൻ കാരണമെന്താണ് ? ഞാൻ കൊടുത്താ കാശെടുത്ത് എന്റെ മകനെ ഉഴിഞ്ഞ് കൃഷ്ണരൂപത്തിന്റെ മുന്നിൽ വച്ചതെന്തിനെന്ന് എനിക്ക് മനസിലായില്ല...
പതിവുതെറ്റിച്ച് വാർത്തപോലും കാണാതെ കട്ടിലിലിരുന്ന് ഞാൻ ചിന്തിക്കുകയായിരുന്നു.

"ഈ ചട്ടികൊള്ളാട്ടോ ആ തള്ള പറഞ്ഞതുപോലെ നല്ല ചട്ടിയാ..." അവൾ മീൻ മണത്തോടൊപ്പം ചട്ടിമാഹാത്മ്യം വിളമ്പുകയായിരുന്നു.

"നാളെ കുറച്ചൂടെ ഐറ്റം വാങ്ങണോന്നുണ്ടായിരുന്നു ലക്ഷ്മിയേടത്തിയാ പറഞ്ഞത് അവരത്ര ശരിയല്ലന്ന് അരുവാക്കോടില്ലേ അത് മറ്റേപ്പണീടെ കേന്ദ്രാന്ന്..അതാ ആ തള്ള നിങ്ങളെ നോക്കി ചിരിച്ചതും കാശ് കൊറച്ച് തന്നതും.."
മീൻ കറിയുടെ ആലസ്യത്തിൽ ഞാനന്ന് ഒരു സ്വപ്നം കണ്ടു നൂറ്റൊന്ന് കുടങ്ങളുടെ മുകളിൽ കൃഷ്ണ വേഷത്തിൽ  മോനിരിക്കുന്നു...ഞാൻ വലിയൊരു കുടത്തിൽ ചുരുണ്ടുകൂടി കിടക്കുന്നു, ഒരു വലിയ മൺചട്ടിയിൽ അവളുടെ കറിക്കത്തിയും നാലഞ്ച് മീനുകളും പച്ചമുളകും അവളും പൊന്തിക്കിടക്കുന്നു..വില്പനക്കാരി ഉറക്കെച്ചിരിക്കുന്നു..
പിന്നെയും പിന്നെയും മണ്ണുകൊണ്ടുണ്ടാക്കിയ സ്വപ്നങ്ങൾ ഞാൻ മെനഞ്ഞുകൊണ്ടേയിരുന്നു..

പിറ്റേന്ന് സ്റ്റാഫ് റൂമിൽ അരുവാക്കോടും എന്റെ സ്വപ്നവും അടുത്ത ചങ്ങാതിയോടുപറഞ്ഞു...അരുവാക്കോടിന്റെ ഉല്പത്തി മുതൽ ആ വിടുവായൻ പറയാൻ തുടങ്ങി മണ്ണും പെണ്ണും കുഴഞ്ഞ ആ നാടിന്റെ ചരിത്രം മദജലം പേറി അന്യനാട്ടുകാർപോലും എത്തിയത്, മൺകലച്ചക്രം നിലച്ചിട്ടും, പെണ്ണിൽ കുഴഞ്ഞത് സാമൂഹ്യപ്രവർത്തകരും മിഷണറിമാരും മോചനത്തിന്റെ ബപതീസ്മയുമായ്* എത്തിയത്. പിന്നെ ആ ഗ്രാമത്തിൽ മണ്ണും പെണ്ണും കുഴഞ്ഞില്ല..."അവിടിപ്പോ അതിനൊള്ള സ്കോപ്പൊന്നും ഇല്ലല്ലോ മാഷേ സദാചാരപ്പോലീസ് നാട് വാണീടും കാലത്ത് മാനുഷ്യരെന്തുചെയ്യും.." അശ്ലീല ചിരിയോടെ അയാൾ നിർത്തി...

സർവ്വവിജ്ഞാനിയായ ഗൂഗിളിന്റെ ഭൂപടത്തിൽ അരുവാക്കോട് തിരക്കിയപ്പോൾ "നിങ്ങൾ തെറ്റായ വിവരമാണ് തിരയുന്നത് " എന്ന് ഇംഗ്ലീഷിൽ മറുപടിയും കിട്ടി..ഒരു ചിരിയോടെയാണെങ്കിലും ചങ്ങാതി അരുവാക്കോടിലേക്കുള്ള വഴിവിവരിച്ചു..

അരുവാക്കോട് കുംഭങ്ങൾ എന്നെഴുതിയ ഫ്ലെക്സിൽ അവർ കിടക്കുകയായിരുന്നു മറ്റു സ്റ്റാളുകൾ ഒഴിഞ്ഞുപോയിരുന്നു...
അതേ സാരിയും വേഷവും...

"പിള്ളെക്കെന്തര് കലോ കൊടോ..."എന്റെ മുഖം കണ്ട് അവർ സംസാരം നിർത്തി...
വായനാമുറിയിൽ ഒരു മൺകൂജയിൽ കുടിവെള്ളം പലതവണ ഞാൻ ഭാവന ചെയ്തതാണ്, ഒരു കൂജയിലേക്ക്* വിരൽചൂണ്ടി അവർ എന്റെ മുഖത്തൂന്ന് കണ്ണെടുത്തില്ല...
അതെടുത്ത് അതിലെ വെള്ളം കളഞ്ഞ് തുടച്ചുതന്നു...

"പിള്ളവരൂന്ന് നിരീച്ച് ഞാൻ ഇന്നലെ വീട്ടീ പോയില്ലാട്ടാ...രണ്ട് പെണ്ണുങ്ങളാ എനിക്ക് ഇവിടന്ന് ഒന്നര മയിലേ ഒള്ളൂ...വരണേ മക്കളേ...!!"

എന്തിനാണ് അവർ പറഞ്ഞവഴിയിലേക്ക് കാർ തിരിച്ചതെന്ന് എനിക്കറിയില്ല..മുന്നിൽ ഒരു ചിരിവെട്ടവും നോട്ടത്തിന്റെ കുരുക്കും ഉണ്ടായിരുന്നു.

ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരി കാറിന് കൈ കാണിച്ചു....

"ഇതാണ് നമ്മളെ വീട് കേറി ഇരിക്കാൻ പറഞ്ഞ് അമ്മ കുളിച്ചോണ്ടിപ്പവരും.."

എന്റെ രുചിയറിയുന്നപോലെ ഏലയ്ക്കയിട്ടകാപ്പിയും ഏത്തയ്ക്ക വറുത്തതും പ്ലേറ്റിൽ നിരത്തിയിരുന്നു..ആർത്തിയോടെ തിന്നുമ്പോഴും എന്റെ രുചിയറിഞ്ഞതിലെ ആശ്ചര്യം മാറുന്നില്ല...

കുളിച്ച് നിറം മങ്ങിയ പട്ടുസാരിയും ഉടുത്തുവന്ന ആ രൂപം എന്റെ ഓർമ്മയിലെവിടയോ ഉണ്ടായിരുന്നു...

എങ്കിലും അതിനൊന്നും അവിടിപ്പോ സ്കോപ്പില്ല മാഷേ...സദാചാരപോലീസ്സിന്റെ....ഭയത്തിന്റെ തരം താണരൂപം എന്നിലുണർന്നു...

"മക്കള് വാ നമ്മക്ക് മേലെ പോയിരിക്കാം..."അവർ കോവണികേറിക്കഴിഞ്ഞു...ഞാനും. മുകളിലത്തെ മുറിയിൽ എന്റെ അച്ഛന്റെ വലിയൊരു ചിത്രമുണ്ടായിരുന്നു. കട്ടിലിലിരുന്ന എന്നെ മടിയിൽ കിടത്തി...
കാൽശതം പഴക്കമുള്ള
മൺകുടം പോലുള്ള ഒരു കഥപറഞ്ഞു.
കൃഷ്ണൻ നീലിയെ പ്രേമിച്ചു...
നീലിയെ കൃഷ്ണന്റെ ഭാര്യാവീട്ടുകാർ പായയിൽ കെട്ടി മൈസൂർക്ക് പോണലോറിയിൽ ഇട്ടു...ലോറിക്കരൻ ചങ്ങാതിയുടെ സഹായത്തിൽ അരുവാക്കോടിൽ അരക്കെട്ടുറപ്പുള്ള പുതിയൊരു പെണ്ണുവന്നു...കൃഷ്ണനും മഴപോലെ വന്നുപോയീ...

നൂറ്റൊന്ന് കുടത്തിനുള്ള മണ്ണ് കുഴയ്ക്കാനുള്ള കണ്ണുനീരിൽ അമ്മ കഥനിർത്തി...

ഞാൻ ആ സ്വപ്നം കാണുകയായിരുന്നു കുടങ്ങളുടെ മുകളിൽ കുഞ്ഞു കൃഷ്ണൻ വലിയൊരു കുടത്തിൽ ഞാനുറങ്ങുന്നു ചട്ടിയിൽ കറിക്കത്തിയും മീനും മുളകും അവളും പൊന്തിക്കിടക്കുന്നു....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.

No comments:

Post a Comment