Wednesday 5 October 2016

കഥ മിഖായേൽ

മിഖായേൽ...!

ഇൻക്വസ്റ്റ് തയാറാക്കിയ പോലീസുകാരൻ പേര് മിഖായേൽ എന്നെഴുതിയപ്പോൾ എനിക്ക് അയാളോട് ആദരവ് തോന്നി, മഞ്ഞനിറത്തിൽ എന്തോ ശർദ്ധിച്ച ശവത്തിന്റെ  ചുണ്ടിലും ചിരിയുണരുന്നതുപോലെ തോന്നി.മൈക്കിളിന് മിഖായേൽ എന്നുവിളിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. നാളെ പത്രങ്ങളൊക്കെ മിഖായേൽ പേരിലാകും മരണത്തെക്കുറിച്ച് പറയുക.  പോളയത്തോട് പൊതുസ്മശാനത്തിൽ ചടങ്ങുകൾ കഴിഞ്ഞ് ശവശരീരം കണ്ടവനും ആ മുറിയിലെ താമസക്കാരനുമായ എന്നെ  വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്താൻ പറഞ്ഞിരുന്നു. മരണത്തിലെന്തോ ദുരൂഹതപോലും. മരണം സത്യമാണെന്ന് ഇവർക്ക് അറിയില്ലല്ലോ..!

നഗരത്തിലെ വലിയൊരു സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സ്റ്റേഷന്റെ മുന്നിലൊരുക്കിയ പന്തലിൽ " കുട്ടികളും വർദ്ധിക്കുന്ന പീഡനങ്ങളും നിയങ്ങളും  " എന്ന വിഷയത്തിൽ എസ് ഐ ക്ലാസ് എടുക്കുകയായിരുന്നു...

"പ്രിയപ്പെട്ട കുട്ടികളേ നിങ്ങൾ ജീവിതത്തിന്റെ വസന്തത്തിലാണ്......കേൾക്കാവുന്ന പരിധിയിൽ ഞാൻ കാത്തിരുന്നു ഞങ്ങൾക്കിടയിലെ ദുരൂഹത വ്യക്തമാക്കാൻ...

ഒരു ഡിസംബറിലാണ് ആ പൂച്ചക്കണ്ണൻ എന്റെ ജീവിതത്തിലേക്കുവന്നത് പൊട്ടിയ നെറ്റിയും, ഒക്കത്ത് ഒരു ചെമ്പൻ മുടിയുള്ള പെൺകുട്ടിയും, കൈയിൽ വെളുത്ത കന്നാസ്സിൽ നീല നിറമുള്ള മണ്ണെണ്ണയും. മുന്നിൽ ഒരു ഓലകണ്ണടയും ഫിറ്റുചെയ്ത് അവനും.

ആനാഥമന്ദിരം ഞാനില്ലെങ്കിൽ അവധിക്കാലങ്ങളിൽ അനാഥമാകുമായിരുന്നു. ആരും വാരാനില്ലെങ്കിലും ഞാൻ പലരേയും കാത്തിരുന്നു. അമ്മവരുന്നത് സങ്കല്പിക്കാൻ അന്നെനിക്ക് എന്തിഷ്ടായിരുന്നു...
"ഓലത്തുമ്പത്തിരുന്നൂഞ്ഞാലാടും ചെല്ലപൈങ്കിളീ...എന്ന താളമായിരുന്നു സ്വപ്നങ്ങൾക്കെല്ലാം..
അവിടേക്കാ ഈ നശിച്ചകൂട്ടം അനുവാദം ചോദിക്കാതെ കേറിവന്നത്.

"സാറന്മാരൊന്നും ഇല്ലേ..?" പ്രതീക്ഷിച്ചിരുന്ന ചോദ്യം അഞ്ചാം ക്ലാസുകാരനെ പരിശീലിപ്പിച്ചിരുന്ന ഉത്തരം ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു...

"വാർഡൻ സാർ സൂപ്രണ്ടിനെ കാണാൻ പോയിരിക്കുന്നു വരാൻ വൈകും ചേർക്കാനാണെങ്കിൽ ക്രിസ്തുമസ് കഴിഞ്ഞുവരിക നിർത്തീട്ട് പോകാനാണെങ്കിൽ ആ ചുവന്ന ബുക്കിൽ അഡ്രസും ഫോൺ നമ്പരും എഴുതീട്ട് പോകാം.." കേൾക്കുന്നതിനിടയിൽ അവർ ആ ബുക്കിൽ എഴുതിതുടങ്ങിയിരുന്നു. മണ്ണെണ്ണമണമുള്ള അവർ ആ  പൂച്ചക്കണ്ണനെ എന്റെ അടുത്തിരുത്തീട്ട് തിരിഞ്ഞുപോലും നോക്കാതെ നടന്നുപോയി പോയി...മൂന്നുപേർക്കും ഒരേ നിറവും പൂച്ചക്കണ്ണുകളുമായിരുന്നു...

ഞാൻ പിന്നെയും കാത്തിരിപ്പിന്റെ പുതിയ ചിത്രങ്ങൾ ആ നീണ്ടവഴിയിൽ വരച്ചിടാൻ തുടങ്ങി...

"എനിക്ക് വിശക്കുന്നു...." എനിക്കും വിശക്കുന്നുണ്ടായിരുന്നു....അമ്മ കുളിപ്പിക്കാൻ തുടങ്ങിയാൽ എനിക്ക് വിശക്കാറില്ല.. ആകെ നിറയുന്ന സ്വപ്നങ്ങളായിരുന്നല്ലോ..

ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു..പിന്നാലെ പൂച്ചയെപ്പോലെ അവനും.

രാവിലെ  സെന്തിൽക്കുമാർ വന്ന് എന്തെങ്കിലും ഉണ്ടാക്കിവച്ചിട്ടുപോകും..
അയാളുവന്നാൽ ഞാൻ അപ്രത്യക്ഷനാകും. ബ്രിന്റോ എന്ന ചെക്കൻ പോയാൽ അയാളുടെ നോട്ടം എന്റെ നേർക്കാകും......എത്ര കുളിച്ചാലും ആ നാറ്റം പോകില്ല പിന്നിലൂടെ ഒലിക്കുന്നവഴുവഴുപ്പ്... പട്ടിക്കുടിന്റെ പിന്നിലെ ഇരുട്ടും ഗന്ധവും എനിക്ക് സുരക്ഷിതമായിരുന്നു....
ഇനി അയാൾക്ക് വെളുത്ത് പൂച്ചക്കണ്ണുള്ള ഈ തത്തമ്മച്ചുണ്ടനാകും ഇര...

വലിച്ചുവാരിത്തിന്ന്
ശക്തിമാൻ കാണാൻ  കൂട്ടാക്കാതെ ടീവിയുടെ മുന്നിൽ കിടന്നുറങ്ങുന്ന അവനെക്കണ്ട് എനിക്ക് ചിരിവന്നു..എപ്പൊഴോ ഞാനും ഉറക്കത്തിലായി.. കറണ്ടിന്റ മീറ്റർ എടുക്കാൻ വരണ ആളിന്റെ ശബ്ദം എന്നെ ഉണർത്തി... കഴിഞ്ഞതിന്റെ അങ്ങേമാസം എന്നെ നോക്കി  ചിരിച്ചിരുന്നു.  കുറച്ചുകാലം വഴിയിലേക്കു നോക്കി  വരച്ചചിത്രങ്ങൾക്കെല്ലാം ആ മുഖമായിരുന്നു...ഇത്തവണ "മാമനെന്തേ" ചിരിക്കാതിരുന്നത്..?

ആ പൂച്ചക്കണ്ണനിപ്പൊഴും ഉറക്കം തന്നെ...പിന്നെയും റോഡിലേക്കു തുറക്കുന്ന മുല്ലപ്പൂക്കൾ വീണുകിടക്കുന്ന വഴിയിൽ ഞാൻ കാത്തിരിപ്പിന്റെ ചിത്രം വരയ്ക്കാൻ തുടങ്ങുമ്പോഴാണ്...അവൻ പിന്നെയും...
"അതേ എവിടാ എന്റെ മുറി..."
എനിക്ക് ചിരിവന്നു. "മുറിയൊന്നൂല്ല്യാ...വാ കിടക്കണ സ്ഥലം കാണിക്കാം.. " റോട്ടറി ക്ലബ് സംഭാവന ചെയ്ത ഇരുമ്പിലെ ആറുപത് ഇരുനിലകട്ടിലുകൾ ഞാൻ കാണിച്ചു അവൻ  കൗതുകത്തോടെ നോക്കിനിന്നു...എന്തു ഭംഗിയാ ഈ ചെക്കനെ കാണാൻ ആ സെന്തിലിതിനെ കൊല്ലും ഉറപ്പ്... എന്റെ ഉയരം, എന്റെ വണ്ണം..
മറ്റൊന്നും ഞാനുമായി ചേരുന്നില്ല....
മണ്ണെണ്ണമണമുള്ള ആ അമ്മ എഴുതിയതൊന്നും എനിക്ക് വായിക്കാൻ ആയില്ല കൂട്ടക്ഷരം ഭഗവനേ ഇവറ്റകൾ സായിപ്പുമാരാ....
ഇതിനിടയിൽ അവനെന്റെ പേരുചോദിച്ചൂ....
"കൃഷ്ണൻ കണ്ണനെന്നുവിളിക്കും...നിന്റെയോ..?
"മിഖായേൽ " പിറ്റേന്ന് സെന്തിലുവരും മുന്നേ അവൻ എന്റെ സ്വപ്നവഴിയിലെ ആരോ ആയി..സെന്തിലിന്റെ "കണ്ണാ കണ്ണാ" വിളികേട്ടാൽ പൂജിക്കാനാണെന്നുതോന്നും..അയാളുടെ പൂജാവിധികളും അവന്റെ വീട്ടുകാര്യങ്ങളും മന്ദിരത്തിന്റെ ചിട്ടവട്ടങ്ങളുമായ് അന്നും കഴിഞ്ഞു...
ഉറക്കത്തിൽ അവൻ എന്നെ കെട്ടിപ്പിടിച്ചു....ഞാൻ ഉറങ്ങിയിരുന്നില്ല...എന്തായിരിക്കും മിഖായേലിന്റെ വീട്ടിൽ ഇന്ന് സംഭവിച്ചിരിക്കുക...ഫ്രെഡിയങ്കിൾ പുതിയ ഭാര്യയെ കൊണ്ടുവന്നിട്ടുണ്ടാകോ..? അവന്റെ അമ്മ മണ്ണെണ്ണയിൽ....? ആർക്കറിയാം.. അന്ന് മണ്ണെണ്ണമണമുള്ള ഒരു കട്ടിൽ സ്വപ്നം കണ്ടു..
പിറ്റേന്ന് സെന്തിലായിരുന്നു ഞങ്ങളെ  ഉണർത്തിയത് അയാളുടെ നോട്ടം മുഴുവനും അവനിലായിരുന്നു. കൈയിൽ ചുവന്ന  ബുക്കും....നീ എവിടാർന്നെടാ തെണ്ടീന്നും പറഞ്ഞ് എനിക്ക് ഒറ്റചവിട്ടും...മൂന്നിസ്സം കണ്ടുപിടിക്കാൻ പറ്റാത്തതിന്റെ ദേഷ്യം തീർത്തതാ..."മോൻ വാ അങ്കിളിനെ സഹായിക്ക്...."
അവനേം കൊണ്ടയാൾ നടന്നു...ഞാനും പിന്നാലെ കൂടി അടുക്കളയിൽ കയറാതെ പരിസരത്ത് തീക്കൊള്ളിയേറ്റ പൂച്ചയെപ്പോലെ ഞാൻ ചുറ്റിത്തിരിഞ്ഞു....ഭാഗ്യോന്ന് പറഞ്ഞാ മതീല്ലോ ഒരു വാർഡൻ പെട്ടെന്ന് കയറിവന്നു..മിഖായേലിന്റെ പേരും വിവരവും ചേർക്കുന്നതിനിടയിൽ..
മൈക്കിളെന്ന് വിളിച്ചതും അവന്റെ നെറ്റിചുളിഞ്ഞു....മൈക്കിൾ അല്ലാ മിഖായേൽ അവന്റെ തിരുത്തലിന് കരുത്തുപോരായിരുന്നു.ബൈബിളിലെ മിഖായേൽ പ്രവാചകന്റെ പുസ്തകത്തിലൂടെ അവൻ മൈക്കിളും - മിഖായേലും തമ്മിലുള്ള അകലം പറഞ്ഞു തന്നു. വലിയ പുസ്തകങ്ങളിൽ പേരുള്ള ഞങ്ങളങ്ങനെ ഒന്നായീ...

.."പത്രങ്ങൾ എവിടേടാ...." രാവിലെ വരുന്ന പത്രങ്ങൾ എടുത്ത് സൂക്ഷിച്ചുവയ്ക്കാനേ എനിക്കറിയൂ.
...നാലുദിവസത്തെ  പത്രത്തിൽ മിഖായേലിന്റെ അമ്മയുടെ കത്തിക്കരിഞ്ഞ ശരീരമുണ്ടായിരുന്നെന്ന് അറിഞ്ഞത് ക്രിസ്തുമസ് കഴിഞ്ഞിട്ടാണ്..

എത്രപെട്ടെന്ന് ക്രിസ്തുമസ് കഴിഞ്ഞത്....സെന്തിലിന്റെ പ്രശ്നം അവൻ "രഹസ്യഭാഗത്തെകടി"യോടെ  തീർത്തുതന്നത്.... ഏഴ് എട്ട് ഒൻപത്...എത്രപെട്ടെന്നാ വർഷങ്ങൾ ഞങ്ങൾ ചവിട്ടിയോടിച്ചത്...മൈക്കിളും കണ്ണനും ചേർന്ന എം ബി സഖ്യം മന്ദിരത്തിലെ നേതാക്കന്മാരായത്...രാത്രി തേങ്ങയിടാനും, സിനിമാ പോസ്റ്റർ പറിക്കാനും, അടുത്ത കല്യാണമണ്ഡപത്തിൽ ഇറങ്ങി മദ്യക്കുപ്പി പെറുക്കിവിറ്റ് സിനിമകാണാനും..സുഗന്ധി സ്വീറ്റ്സിൽ നിന്നും ജിലേബിയുടെ പൊടിവാങ്ങിത്തിന്നാനും....വാട്ടർ ടാങ്കിന്റെ മുകളിൽ കേറി നിന്ന് മുപ്പതടി താഴേക്ക് മൂത്രിക്കാനും...എം കെ എന്ന് വലിയ ഇംഗ്ലീഷ് അക്ഷരത്തിൽ എഴുതാനും...ഹാവൂ..ഓർമ്മകൾക്ക് ചിതകളില്ലെന്ന് ചുള്ളിക്കാട് പറഞ്ഞതെത്ര സത്യാ....

പത്തിൽ തോറ്റ മൈക്കിൾ ഐ ടി ഐ യിൽ പ്ലംബിംഗ് പഠിക്കാൻ പോയതുമുതലാണ് ഞങ്ങൾക്കിടയിൽ അകലത്തിന്റെ സമയമുണ്ടായത്...ഇതിനിടയിൽ തന്റെ അനുജത്തിയെക്കുറിച്ചറിഞ്ഞതും...ഒരു കൂട്ടബലാത്സംഗത്തിന്റെ ഇരയുടെ പേരിലായിരുന്നു...അവളെക്കാണാൻ ക്ലാസുകട്ടുചെയ്ത് ആശുപത്രിയിൽ ചെന്നത് ഓർക്കുന്നു...
അതേ നിറം പൂച്ചക്കണ്ണ് ചെമ്പൻ മുടി....
അമ്മ ആത്മഹത്യചെയ്തതിന്റെ പിറ്റേന്ന് കഞ്ചാവുകേസും ചേർത്ത്  അപ്പൻ ജയിലിലായി അപ്പന്റെ അമ്മയും ഇവളുമായിരുന്നു താമസിച്ചിരുന്നത്...അടുത്ത വീട്ടിലെ ചെക്കന്മാർ ചേർന്നാണ് എട്ടിൽ പഠിക്കുന്ന ഇവളെ... മിഖായേലിൽ  പിന്നെ ആകെ മാറ്റങ്ങളായിരുന്നു...മന്ദിരത്തിൽ നിന്നും ചാടിപ്പോയി അവനുപോകാനൊരിടമുണ്ടല്ലോ...? എന്നെ കൂട്ടീല അതായിരുന്നു എന്റെ വിഷമം..പിന്നെ ഞാൻ ബി എ പാസായീ ബി എഡ് എടുത്തൂ...നല്ലൊരു സ്കൂളിൽ ജോലി കിട്ടി...ഞാനെന്നിട്ടും ഒറ്റയ്ക്കായിരുന്നു മൂന്ന് ദിവസം മുന്നേ എന്റെ മുറിയിലേക്ക് അവൻ വരുന്നതുവരെ...പഴയതുപോലെ മിണ്ടാറില്ല ചിരിക്കാറില്ല..എന്തുപറ്റിയെന്ന് ചോദിക്കാൻ പോലും എനിക്കായില്ല...പെങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ....

"ആ കൂത്തിച്ചിക്കിപ്പോ ഹോട്ടലു നിരങ്ങാൻ മൊതലാളിമാരുണ്ടല്ലോ ? നീ എന്തിനാ അവളെക്കുറിച്ചോർക്കണത് നിനക്ക് ഞാനില്ലേ.."  പിന്നെ ഞാനൊന്നും ചോദിച്ചില്ല.... നഗരത്തിലേക്കു തുറക്കുന്ന വാതിലുള്ള  മുറിയിലിരുന്ന്. എന്നെ തേടിവരുന്ന ചിത്രം കുറച്ചുനാളുകളായി വരയ്ക്കുന്നു...

പൊതുസ്മശാനത്തിൽ ചിതകെട്ടിട്ടുണ്ടാകുമോ...?
എസ് ഐ പറഞ്ഞു കൊണ്ടേയിരുന്നു നാളെയുടെ വാഗ്ദാനങ്ങളെ കഴുകൻ കണ്ണുകൾ റാഞ്ചിയെടുക്കാതിരിക്കട്ടേ....

ആ പിന്നിലെ നിരയിൽ മിഖായേലും കൃഷ്ണനും ദുരൂഹതകളോടെ ഇരിക്കുന്നുണ്ടായിരുന്നു ....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.

No comments:

Post a Comment