Saturday 22 October 2016

കവിത തീവണ്ടിയിലെ പെണ്ണുങ്ങൾ....

ഒരു
തീവണ്ടിയിലെത്ര പെണ്ണുങ്ങൾ ?
ചോദ്യം നിസാരമായിരിക്കും,
നിലമ്പൂർ - ഷൊർണൂർ
ഗോവിന്ദചാമി കയറിയതെവിടെ നിന്നെന്നറിയില്ല....
ഇന്നലെ രാത്രി അവൾക്ക് നോവുതുടങ്ങി
മലബാറും തിരുവിതാംകൂറും
കൂകിപായുന്ന ഈ തീവണ്ടിതിന്നുന്നത് ക്ലോക്കിലെ ചെറിയവന്റെ ഒരു ചുറ്റിത്തിരിയലാണ്
ഇരുട്ട് മാറിവരുന്നു..
കൂപ്പയിൽ ഞാനും ഇരുട്ടും
പിന്നെ ചിലന്തികളും മാത്രം
വെളിച്ചം
വീണുതുടങ്ങിയത് കറുപ്പുടുത്ത ആ പെണ്ണിന്റെ കണ്ണുകളിലായിരുന്നു എതിർവശത്തൊരുവളുണ്ടെന്ന് ഞാൻ അറിഞ്ഞതേയില്ല....
മഞ്ഞ ലെഗിൻസ് ധരിച്ചെത്തിയ ഒരുവൾ,
മടക്കിപ്പിടിച്ച പത്രത്തിൽ
ലെഗിൻസ് ധരിച്ചവർക്ക് ക്ഷേത്രപ്രവേശനമില്ലെന്ന് നീട്ടിയെഴുതിയത് അവൾ വായിക്കുന്നില്ല....
സീറ്റിനടിയിൽ ഒരിളക്കം...
മുടിപാറി മുഖം മുറിഞ്ഞ ഒരുത്തി...
ഒരു മുല്ലപൂമണം പടർത്തി മറ്റൊരുത്തി...
പിന്നാലെ മണമില്ലാതെ ഒരുവൻ....
ഒരു ചുവന്ന സാരിക്കാരി ബ്ലൗസിനുള്ളിലെ മൊബൈൽ   പ്രയാസ്സപ്പെട്ട് എടുക്കാൻ ശ്രമിക്കുന്നു....
സീറ്റിനുമുകളിൽ ഒരു നമ്പർ കുറിച്ചിടുന്നു...
ഇതാ അടുത്തിരുന്നവൾ ഒരു പാത്രത്തിൽ നിന്നും ആരോ പുഴുങ്ങിയ പുട്ട് പ്രാകിക്കഴിക്കുന്നു....
മുകളിലെ ജീൻസിട്ട പെണ്ണ് കാതിൽ തിരുകിയതിനോട് കിന്നാരം പറയുന്നു...
സെറ്റുസാരിക്കാരി സരസ്വതിയുടെ കുഞ്ഞു പുസ്തകത്തിൽ നോക്കിപിറുപിറുക്കുന്നതെന്തായിരുക്കും....
കടന്നുപോയ വനിതാപോലീസിന്റെ ചന്തിയിൽ നിന്നും കണ്ണ് മടങ്ങിവരാൻ മടികാണിക്കുന്നു....
വിരലിനിടയിൽ തിരുകിയ കല്ലുകൾ കൂട്ടിമുട്ടിച്ച് ഒരുത്തി പാടുന്നു...
അവളുടെ സാരിയിൽ
കംഗാരുവിനെപ്പോലെ ചെമ്പൻ മുടിയുള്ള കുഞ്ഞുപെണ്ണ് നിർത്താതെ കരയുന്നു....
ഒറ്റയ്ക്കിരിക്കുന്ന വലിയ ചുവന്നപൊട്ടിട്ടവൾ ആ കുഞ്ഞിനെ ശാസിക്കുന്നു എങ്കിലും ബാഗിലെ ബിസ്ക്കറ്റുപൊതി നൽകുന്നു...
നെറ്റിനിറയെ സിന്ദൂരമിട്ടവളുടെ
താലിയെവിടെയെന്ന് ആഭരണക്കൂട്ടത്തിൽ തിരയുകയായിരുന്നു ഞാൻ..
ഇതാ ഒരുത്തി കറിക്ക് നുറുക്കുന്നു....
ഇവൾക്ക് വിരലുകളില്ലേ....?

തീവണ്ടി
പതിയെ നീങ്ങുന്നു എല്ലാവരും
എന്നെ നോക്കുന്നു....

എല്ലാവരുടേയുംചോദ്യം..
എവിടേക്കാണ്...?

എനിക്കൊരു മകളുണ്ടായി...!!

ഷൊർണൂർ
ഇറങ്ങി അടുത്ത കൂപ്പയിൽ കയറിയാത്ര തുടരൂ...!!

രതീഷ് കെ എസ്‌
ജി എച്ച് എസ്‌ എസ്‌
എടക്കര😎

No comments:

Post a Comment